വെള്ളിയാഴ്‌ച, നവംബർ 25, 2005

മലയാളവും കേരള സർക്കാരുകളും

മലയാളവും കേരള സർക്കാരുകളും
പന്മന രാമചന്ദ്രൻ നായർ


1956 നവംബർ ഒന്നാം തീയതി ഏകകേരളം പിറന്നപ്പോൾ കേരളീയർ ആകമാനം എത്രയേറെ ആഹ്‌ളാദത്തിമിർപ്പോടെയാണതു കൊണ്ടാടിയത്‌! ഞാൻ അന്ന്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥിയാണ്‌. തലസ്ഥാനത്തെ ആഘോഷത്തിന്റെ ഭാഗമായി രാത്രി ഒന്നും രണ്ടും മണി വരെ നീണ്ട കലാപരിപാടിയാണ്‌ രണ്ടുദിവസം ചെന്തിട്ട ചിത്രാ തിയേറ്ററിൽ നടന്നത്‌. തിരുവനന്തപുരത്തെ കലാകാരന്മാരും സാംസ്കാരിക നായകരും വിദ്യാർത്ഥികളുമെല്ലാം അതിൽ പങ്കെടുത്തിരുന്നു. ഇതേ നവോന്മേഷം മറ്റു നഗരങ്ങളിലും നാട്ടിൻപുറങ്ങളിലുമെല്ലാം നിറഞ്ഞുനിന്നു. ഭാഷാസംസ്ഥാന രൂപവത്കരണത്തോടെ ഭാഷാപരമായും സാംസ്കാരികമായും വൻപിച്ച വികാസത്തിന്റെ നൂതനയുഗം പിറന്നിരിക്കുകയാണെന്ന്‌ കേരളീയർ സങ്കല്‌പിച്ചു.

ഈ സങ്കല്‌പം ഒട്ടെങ്കിലും സഫലമായോ? 'ഇല്ല' എന്നേ ഉത്തരമുള്ളൂ. കേരളത്തിൽ മലയാളഭാഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിന്ദയും അവഗണനയും, പരിതാപകരമാണ്‌. ഈ അവസ്ഥയുടെ മൂലകാരണം കേരള സർക്കാരുകൾ പുലർത്തിയ കടുത്ത മാതൃഭാഷാവഗണനയും, സർക്കാരിനെ വേണ്ടുംവഴിക്കു നയിക്കാൻ ബാദ്ധ്യസ്ഥരായ ജനപ്രതിനിധികളുടെയും മാദ്ധ്യമങ്ങളുടെയും സംസ്കാരനായകരുടെയും അക്ഷന്തവ്യമായ ഉത്തരവാദിത്വരാഹിത്യവുമാണ്‌. ഉത്തമകേരളീയ പൌരരെ വാർത്തെടുക്കാൻ പോന്നതായിരുന്നു, മുൻപത്തെ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി. സമുത്കൃഷ്‌ടമായ ഒരു സമഗ്ര വിദ്യാഭ്യാസപദ്ധതിയിലെ ഏറ്റവും പ്രധാനമായ ഭാഗമാണ്‌, പ്രാഥമിക വിദ്യാഭ്യാസം എന്ന്‌ അന്നത്തെ ഭരണകർത്താക്കൾ മനസ്സിലാക്കിയിരുന്നു. ഇന്നോ? വ്യാജമദ്യവ്യാപാരികളെയും കള്ളക്കടത്തുകാരെയും പോലെ പെട്ടെന്നു കള്ളപ്പണക്കാരാകാൻ പരക്കം പായുന്ന വിദ്യാഭ്യാസക്കച്ചവടക്കാരുടെ സർവതന്ത്ര സ്വതന്ത്ര വിഹാരമേഖലയാക്കി പ്രാഥമിക വിദ്യാഭ്യാസ മേഖലയെ കൈയൊഴിഞ്ഞിരിക്കുന്നു, കേരള സർക്കാരുകൾ.

പ്രൈമറി ക്‌ളാസിലെന്നല്ല, വിദ്യാഭ്യാസകാലത്ത്‌ ഒരിടത്തും മാതൃഭാഷയിലെ ഒരക്ഷരം പോലും എഴുതാനറിയണമെന്നില്ലാത്ത ഒരേ ഒരു ഭാരതീയ സംസ്ഥാനമാണ്‌ കേരളം. ഇവിടെ ഏതുദ്യോഗം നേടുന്നതിനും മാതൃഭാഷ അറിയായ്ക തടസ്സമേ അല്ല. എന്നാൽ, കേരളീയർക്ക്‌ കന്യാകുമാരി ജില്ലയിൽ ജോലി കിട്ടിയാൽ, അതു സ്ഥിരപ്പെടണമെങ്കിൽ അവിടത്തെ പത്താംതരത്തിന്റെ നിലവാരത്തിലുള്ള തമിഴ്പ്പരീക്ഷ ജയിച്ചിരിക്കണം.

കേരളം പിറന്നിട്ട്‌ അൻപതാം വർഷമായെങ്കിലും ഇവിടെ മാതൃഭാഷാ ബഹിഷ്കരണകേന്ദ്രങ്ങളായ പ്രീ-പ്രൈമറി, പ്രൈമറി വിദ്യാലയങ്ങൾ പെരുകിക്കൊണ്ടിരിക്കുന്നു! പണ്ടത്തെ പാഠപുസ്തകങ്ങളിലൂടെ ഇവിടത്തെ മുല്ലപ്പൂവും പിച്ചിപ്പൂവും ആമ്പലും താമരയും ചെമ്പരത്തിയുമൊക്കെ, ഈണത്തിൽ പാടി ഓമനിക്കാൻ കുഞ്ഞുങ്ങൾക്കു കഴിഞ്ഞിരുന്നു. അവർക്കു നിത്യപരിചിതങ്ങളായ തോടും പുഴയും പക്ഷികളും മൃഗങ്ങളുമൊക്കെയുള്ള പാട്ടുകളിലും കഥകളിലുമെല്ലാം ശിശുമനസ്സുകൾ ലയിച്ചു ചേർന്നിരുന്നു.

പ്രകൃതിസ്‌നേഹം, കുടുംബസ്‌നേഹം, സഹജീവിസ്‌നേഹം, ദേശാഭിമാനം, പാരമ്പര്യാഭിമാനം, സത്യസന്‌ധത, ത്യാഗശീലം ഇവയൊക്കെ വളർത്തുന്നവയായിരുന്നു അന്നത്തെ പാഠങ്ങളെല്ലാം. ഇപ്പോൾ പകരം കിട്ടിയിരിക്കുന്നതോ? കുഞ്ഞുങ്ങളോ അവരുടെ അച്ഛനമ്മമാരോ കണ്ടിട്ടില്ലാത്ത പൂക്കളെപ്പറ്റിയും പഴങ്ങളെപ്പറ്റിയുമൊക്കെയുള്ള ചില ആംഗലപ്പാട്ടുകളും കഥകളും! കേരള ജീവിതാന്തരീക്ഷവും സംസ്കാരവുമായി ഒരു ബന്‌ധവുമില്ലാത്ത ഈവക വിദേശസൃഷ്‌ടികൾ വായിക്കുമ്പോൾ കുഞ്ഞുങ്ങൾക്കോ അച്ഛനമ്മമാർക്കോ ആഹ്‌ളാദകരമായ എന്തെങ്കിലും ഒരനുഭൂതി ലഭിക്കുന്നുണ്ടോ, മിഥ്യാഭിമാനവിജൃംഭണമല്ലാതെ? ചുരുക്കത്തിൽ, നമ്മുടെ സംസ്കാരത്തനിമയോട്‌ ഒരു കൂറും തോന്നാത്തമട്ടിൽ കുഞ്ഞുങ്ങളെ മാനസികമായി ബഹുദൂരം ആട്ടിയകറ്റുന്ന നിഷേധാത്‌മക പരിപാടിയുടെ വിളയാട്ടമത്രേ ഇംഗ്ലീഷ്‌ മീഡിയം നഴ്‌സറി, പ്രൈമറി ക്‌ളാസുകളിൽ വിജയിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

കടപ്പാട്‌ : കേരളകൌമുദി ഓൺലൈൻ

അഭിപ്രായങ്ങളൊന്നുമില്ല: