വെള്ളിയാഴ്‌ച, ഡിസംബർ 02, 2005

അറിയാത്ത പ്രണയത്തിന്റെ ആത്മകഥ

അറിയാത്ത പ്രണയത്തിന്റെ ആത്മകഥ
ശങ്കര്‍ ഹിമഗിരി

ശ്വാസനാളത്തില്‍ ഒരു ഹിമപര്‍വ്വതം ഞെരുങ്ങുന്നതുപോലെ. എങ്ങനെ വിശ്വസിക്കും, തീവണ്ടിയിലെ ഈ പാട്ടുകാരി എന്റെ സഹപാഠിയെന്ന്‌. ഒരു പാട്ടു മൂളുന്നത്ര ലാഘവത്തോടെ അവള്‍ പറഞ്ഞിട്ടു പോയി:
"നമ്മള്‍ ഒരുമിച്ചു പഠിച്ചിട്ടുണ്ട്‌."
ആകാശത്ത്‌ വേനല്‍മഴയുടെ വെള്ളിടിമുഴക്കം. മേഘങ്ങളില്ലാതെ മേല്‍ക്കാഴ്ചകള്‍ മഴയില്‍ ഇരുണ്ടു. പ്രതിഷേധത്തിന്റെ മുഴക്കംപോലെ മഴ അമര്‍ന്നുപെയ്യുന്നു. നിരനിരയായി തീവണ്ടിജാലകങ്ങള്‍ അടഞ്ഞു.
അവസാനമില്ലാത്ത ഏതോ ഇരുള്‍ഗുഹയിലൂടെ യാത്രികരെയുംകൊണ്ട്‌ ആ ട്രെയിന്‍ അലറിപ്പായുകയാണെന്നു തോന്നി. അകത്ത്‌, നാട്ടുവിശേഷങ്ങളുടെ തുടര്‍ച്ച മുറിഞ്ഞു. പെട്ടെന്ന്‌ ആര്‍ക്കും ഒന്നും പറയാനില്ലാതായി. മഴ ഭൂമിയെ വിഴുങ്ങി.
മഴയുടെ കാറ്റും തണുപ്പും കടന്ന്‌ എന്റെ ഓര്‍മ്മകളിലേക്ക്‌ ആ പാട്ടു മാത്രം ഒഴുകിക്കൊണ്ടിരുന്നു:
'അക്കരയ്ക്കു യാത്രചെയ്യും സീയോന്‍ സഞ്ചാരീ....'
എവിടെയാണ്‌ ഇവള്‍ ഒപ്പം പഠിച്ചിട്ടുണ്ടെന്നു പറഞ്ഞത്‌? സ്കൂളില്‍? കോളേജില്‍? കോളേജില്‍ ഒരുമിച്ചു പഠിച്ചവരെ മറക്കാന്‍ കാലമായില്ല. ഓര്‍മ്മയിലേക്ക്‌ സ്കൂള്‍പഠനകാലത്തെ മടക്കിവിളിക്കാന്‍ ശ്രമിക്കുമ്പോള്‍ കാഴ്ചകള്‍ക്കു തെളിച്ചം പോരാ. മുഖങ്ങള്‍ക്ക്‌ പരിചയം പോരാ.
തിരുവനന്തപുരത്തെത്തുമ്പോള്‍ സന്‌ധ്യയാണ്‌. അവളുടെ പാട്ട്‌ പിന്നെ കേട്ടതേയില്ല. മന:പൂര്‍വ്വം ഒഴിഞ്ഞുമാറുന്നതാകാം.
ഇടുങ്ങിയ തുരങ്കത്തിലൂടെ മലവെള്ളപ്പാച്ചില്‍പോലെ പുറത്തേക്കു തിരക്ക്‌. അതിനിടയിലും കണ്ണുകള്‍ പരതുന്നുണ്ട്‌, പാട്ടുകാരിയെ. സ്റ്റേഷനു പുറത്ത്‌, കല്‍ച്ചുമരില്‍ ചാരി, ആ ഹാര്‍മോണിയത്തിന്മേല്‍ വിരല്‍ച്ചിത്രമെഴുതി അവള്‍.
ഞാന്‍ മുന്നില്‍ നിന്നു. അവള്‍ മുഖത്തേക്കുതന്നെ സൂക്ഷിച്ചുനോക്കുകയാണ്‌. പഴയ സഹപാഠിക്കു മുന്നില്‍ ഭിക്ഷക്കാരിയായി നില്‍ക്കേണ്ടിവരുന്നതിന്റെ സങ്കടമല്ല, ഏതോ ദൂരതീരത്തുവച്ച്‌ അപ്രതീക്ഷിതമായി പഴയൊരു പരിചയത്തെ കണ്ടെടുക്കുന്നതിന്റെ കൌതുകം, ആ വിടര്‍ന്ന കണ്ണുകളില്‍.
"ഓര്‍മ്മവരുന്നില്ല; അല്ലേ? ഒരുപാടു കാര്യങ്ങളൊന്നും മനസ്സിലില്ലാത്തതുകൊണ്ടായിരിക്കും, പഴയതെല്ലാം എനിക്ക്‌ അതുപോലെ ഓര്‍മ്മയുണ്ട്‌."
കുറ്റപ്പെടുത്തലിന്റെ മുന നെഞ്ചില്‍ കൊണ്ടു. എന്നിട്ടും ഓര്‍മ്മിക്കാന്‍ കഴിയുന്നില്ലല്ലോ. പാറിവീണ മുടിച്ചുരുളുകള്‍ ഒതുക്കിവയ്ക്കുമ്പോള്‍ പച്ചകുത്തിയ ആ വലതുകൈത്തണ്ട പിന്നെയും ശ്രദ്ധിച്ചു. പക്ഷേ....
"ശ്രീ സീതാറാം എല്‍.പി. സ്കൂള്‍. നാലാം ക്‌ളാസ്സ്‌. ഓര്‍മ്മയുണ്ടോ?"
മഴ ഒതുങ്ങി. കാഴ്ചകള്‍ തെളിയുകയാണ്‌. ഞാന്‍ പഴയ നാലാം ക്‌ളാസ്സുകാരനാവുന്നു. തറയോടു പാകിയ വരാന്തകള്‍. വിശാലമായ ക്‌ളാസ്‌മുറികള്‍. മണിമുഴക്കം. മുറ്റത്ത്‌ വലിയൊരു നെല്ലിമരം. പുല്ലുപടര്‍ത്തിയ മൈതാനം. സ്കൂള്‍ അസംബ്‌ളി. ഞാന്‍ ക്‌ളാസ്‌ ലീഡറായി....
ക്‌ളാസ്സില്‍ ടീച്ചറില്ലാത്തപ്പോള്‍ സംസാരിക്കുന്നവരെ ശിക്ഷിക്കാനുള്ള അധികാരം ലീഡര്‍ക്ക്‌. കണക്കു നോട്ട്ബുക്കിന്റെ പിന്‍പേജില്‍ നിരനിരയായി പേരുകള്‍. രമേഷ്‌, സായ, ശോഭ, ലീല, പ്രദീപ്‌, മണികണ്ഠന്‍, അജിത്‌, അപര്‍ണ്ണ....
അപര്‍ണ്ണ!
ഇത്‌ അപര്‍ണ്ണയാണ്‌. ഓര്‍മ്മയുണ്ട്‌, ക്‌ളാസ്സില്‍ സംസാരിക്കുന്ന കുറ്റത്തിന്‌ ലീഡറുടെ ചൂരലടി ഏറ്റുവാങ്ങാന്‍ മിക്കപ്പോഴും മുന്നില്‍നില്‍ക്കുന്ന സ്വര്‍ണ്ണത്തലമുടിക്കാരി. നീട്ടിയ വലതുകൈത്തണ്ടയില്‍ പച്ചകുത്തിയ ചിത്രങ്ങള്‍.
"അപര്‍ണ്ണ?"
"അപ്പോള്‍ മറന്നിട്ടില്ല!"
"പക്ഷേ...."
തീവണ്ടിയിലെ പാട്ടുകാരിയോട്‌ അപരിചിതനായ ചെറുപ്പക്കാരന്റെ വര്‍ത്തമാനം ശ്രദ്ധിച്ചിട്ടാകാം, ഓട്ടോറിക്ഷാക്കാരും ഒന്നുരണ്ട്‌ ടാക്‌സിഡ്രൈവര്‍മാരും അടുത്തേക്കുവന്നു.
അവള്‍ക്ക്‌ ചിലരെ പരിചയമുണ്ടെന്നു തോന്നി. എനിക്ക്‌ വെപ്രാളം.
"നമുക്ക്‌ ഒരു കാപ്പികുടിക്കാം."
തിരുവനന്തപുരം നഗരം അന്ന്‌ ഒട്ടും പരിചയമില്ല. സ്റ്റേഷനു വെളിയില്‍, കോര്‍പറേഷന്‍ വക സി.പി. സത്രത്തോടു ചേര്‍ന്ന്‌ വലിയൊരു വെജിറ്റേറിയന്‍ ഹോട്ടലുണ്ടായിരുന്നു. നാലുപേര്‍ക്ക്‌ ഭക്ഷണത്തിനിരിക്കാവുന്ന, ചെറിയ മാര്‍ബിള്‍ മേശ. അവള്‍ ഒരുവശത്തിരുന്ന്‌, ഹാര്‍മോണിയം അടുത്ത കസേരയില്‍ വച്ചു. ഞാന്‍ എതിരെ.
"വിശ്വസിക്കാന്‍ പറ്റുന്നില്ല, ഞാന്‍ പഴയ അപര്‍ണ്ണയാണെന്ന്‌- അല്ലേ?"
ഒന്നും പറഞ്ഞില്ല.
യാത്രയില്‍ പെയ്‌ത മഴ ഈ നഗരത്തെയും നനച്ചുകുതിര്‍ത്തിരുന്നു. അതിന്റെ അലങ്കോലമെല്ലാമുണ്ട്‌, ഹോട്ടലില്‍. തറയാകെ ചെളിയില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍. നനവ്‌. തണുത്ത അന്തരീക്ഷത്തില്‍ ശബ്‌ദങ്ങള്‍ക്ക്‌ മുഴക്കം. അവളില്‍ നിന്ന്‌ മുഖംതിരിക്കാനെന്നോണം, ഭിത്തിയില്‍ തൂക്കിയിട്ട വിലവിവരപ്പട്ടിക മന:പാഠമാക്കുകയാണ്‌ ഞാന്‍. ചായ: 2.00, ഉഴുന്നുവട: 2.50, കാപ്പി: 3.50....
"എന്നോട്‌ ഒന്നും ചോദിക്കാനില്ലേ?"
"ചായയോ കാപ്പിയോ?"
അപര്‍ണ്ണ ചിരിച്ചു. അവള്‍ പരിഹസിക്കുകയാണെന്നു തോന്നി.
സപ്‌ളൈയര്‍ വന്നപ്പോള്‍ അവള്‍തന്നെയാണ്‌ രണ്ടു ചായ ഓര്‍ഡര്‍ ചെയ്‌തത്‌. നഗരം അവളുടെ സ്വന്തമാണെന്നും ഞാന്‍ അതിഥിയാണെന്നും എഴുതിവയ്ക്കുന്നതുപോലെ, അത്രയും അധികാരത്തോടെയായിരുന്നു അത്‌.
"എന്താ ഇവിടെ?" ചോദിച്ചത്‌ അപര്‍ണ്ണ.
"ഒരു പരീക്ഷ."
"വീട്‌ അവിടെനിന്നു മാറിയോ?"
"ഇല്ല."
വക്കൊടിഞ്ഞ സ്റ്റീല്‍ ടംബ്‌ളറിലേക്ക്‌ കമിഴ്ത്തിയടച്ച ചെറിയ ഗ്‌ളാസ്സില്‍ ചായ വന്നു. കയ്ക്കുന്ന ചായ.
"എന്നെ ശരിക്കും ഓര്‍മ്മവരുന്നുണ്ടോ?"
"ഉവ്വ്‌. സെക്കന്‍ഡ്‌ ബെഞ്ചില്‍, ഇടത്തേയറ്റത്തായിരുന്നു തന്റെ സീറ്റ്‌. ക്‌ളാസ്സില്‍ വര്‍ത്തമാനം പറയുന്നതിന്‌ എപ്പോഴും ലീഡറുടെ അടി വാങ്ങുമായിരുന്നു."
"എന്നെക്കുറിച്ച്‌ എന്താ ഒന്നും ചോദിക്കാത്തത്‌?"
പറഞ്ഞുകേള്‍ക്കാന്‍ അത്രയൊന്നും സുഖമുള്ളതാകാനിടയില്ലാത്ത അവളുടെ കഥ. അത്‌ ചോദിക്കുന്നതെങ്ങനെ?
"അപര്‍ണ്ണയ്ക്ക്‌ സങ്കടമായെങ്കിലോ...."
"സങ്കടം?" പരിഹാസത്തിന്റെ ശരംതൊടുക്കുന്നതുപോലുള്ള ഒരു ചിരിയില്‍ അവള്‍ മേറ്റ്ല്ലാം മായ്ച്ചുകളഞ്ഞു. അതോ സ്വയം പരിഹസിച്ചതോ?
"പറയ്‌."
അപര്‍ണ്ണ, മറ്റാരുടെയോ ജീവിതകഥ ഒട്ടും വികാരസ്‌പര്‍ശമില്ലാതെ പറയുന്നതുപോലെ സ്വന്തം ജീവിതം തുറന്നു.
മഹാരാഷ്‌ട്രക്കാരനായിരുന്നു അപര്‍ണ്ണയുടെ അച്ഛന്‍. അമ്മ മലയാളിയും. ആലത്തൂരില്‍, (പാലക്കാട്‌) ശ്രീ സീതാറാം എല്‍.പി സ്കൂളില്‍ അപര്‍ണ്ണ പഠിക്കാനെത്തുമ്പോള്‍ അമ്മയ്ക്ക്‌ സര്‍ക്കാര്‍ ജോലിയുണ്ട്‌.
അമ്മമ്മയോടൊപ്പം താമസം, സ്കൂളില്‍ നിന്ന്‌ അത്രയൊന്നും അകലത്തല്ലാതെ പെരുങ്കുളം ഗ്രാമത്തില്‍.
നാലാംക്‌ളാസ്സിലെ പരീക്ഷ കഴിഞ്ഞ അവധിക്കാലത്ത്‌ അമ്മമ്മ മരിച്ചു. വിവരമറിയിച്ചിട്ടും വരാതിരുന്ന അച്ഛനെത്തിരഞ്ഞ്‌ അമ്മ മുംബെയിലേക്കു പോയപ്പോള്‍ അപര്‍ണ്ണയെ അയല്‍വീട്ടില്‍ നിറുത്തുകയായിരുന്നു.
അമ്മയെ കാത്തിരുന്ന നാളുകള്‍. അന്ന്‌ ടെലിഫോണൊന്നും എല്ലായിടത്തുമില്ല. എന്തെങ്കിലും വിവരമറിയണമെങ്കില്‍ കത്തു വരണം.
കാത്തിരിപ്പിനൊടുവില്‍ അമ്മയുടെ കത്ത്‌:
'മോളേ,
അച്ഛന്‌ നല്ല സുഖമില്ല. അമ്മയ്ക്ക്‌ ഇവിടെ നിന്നേ പറ്റൂ. ഇങ്ങോട്ടുപോരുന്ന ഒരാളുടെ കൂടെ മോളെ ട്രെയിനില്‍ കയറ്റിവിടണമെന്ന്‌ അമ്മ അവിടത്തെ അങ്കിളിന്‌ കത്തെഴുതിയിട്ടുണ്ട്‌. പേടിക്കരുത്‌. സ്റ്റേഷനില്‍ അമ്മ കാത്തുനില്‍ക്കാം....'
അവിടെച്ചെന്നപ്പോഴാണ്‌ കത്തില്‍ അമ്മയെഴുതിയതെല്ലാം വെറും കള്ളമെന്നു മനസ്സിലായത്‌. അച്ഛന്‌ മുംബെയില്‍ വേറെ ഭാര്യയും രണ്ടു കുട്ടികളും.
അമ്മ അന്വേഷിച്ചു ചെല്ലുമ്പോള്‍ അച്ഛന്‍ ബിസിനസ്‌ ടൂറിലായിരുന്നു. അച്ഛന്‌ നാട്ടില്‍ ഒരു കുടുംബമുണ്ടെന്ന്‌ ആ സ്‌ത്രീക്ക്‌ അറിഞ്ഞുകൂടാ. നാട്ടില്‍ നിന്നെത്തിയ ബന്‌ധുവെന്ന മേല്‍വിലാസത്തില്‍ അച്ഛന്‍ വരുന്നതുവരെ അമ്മ ആ വീട്ടില്‍ത്തന്നെ കഴിഞ്ഞു.
ഒടുവില്‍ അച്ഛന്‍ വന്നു.
ആ സ്‌ത്രീയുടെ മുന്നില്‍വച്ച്‌ അച്ഛന്‍ അമ്മയോടു ചോദിച്ചു:
"നീയേതാടീ?"
"നിങ്ങള്‍ക്ക്‌ എന്നെ അറിഞ്ഞുകൂടേ?"
"ഇല്ല."
"നിങ്ങളുടെ മകള്‍ അപര്‍ണ്ണയെ?"
"മകളോ! എനിക്കോ? എന്റെ കുട്ടികള്‍ ഇതാ എന്റെ കൂടെയുണ്ട്‌."
പടിക്കു പുറത്താക്കി, ഗേറ്റ്‌ കുറ്റിയിടുമ്പോള്‍ അവര്‍ കേള്‍ക്കാതെ അച്ഛന്‍ പറഞ്ഞത്രേ:
"ക്ഷമിക്കൂ."
അമ്മ ക്ഷമിച്ചു. ആത്‌മഹത്യയായിരുന്നു അത്‌. നാട്ടില്‍ മറ്റാരുമില്ല. മറുനാട്ടിലുമില്ല.
അമ്മ ഉപേക്ഷിക്കപ്പെട്ടതിന്റെ പിറ്റേന്നാണ്‌ ഞാന്‍ മുംബെയില്‍ തീവണ്ടിയിറങ്ങിയത്‌. അമ്മ ഒന്നും പറഞ്ഞില്ല. ചെറിയൊരു ലോഡ്ജിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ഭക്ഷണം വാങ്ങിത്തന്നു. രാത്രിയില്‍ പാട്ടുപാടിയുറക്കി. അമ്മയുടെ അവസാനത്തെ പാട്ടാണ്‌ അതെന്ന്‌ അറിഞ്ഞതേയില്ല.
രാവിലെ. അമ്മയുടെ ശരീരം മഞ്ഞുപോലെ തണുത്തിരുന്നു. കണ്ണിനു മീതെ ഈച്ചകളും ഉറുമ്പുകളും പരതിനടന്നു. കട്ടിലിലെ വിരിപ്പു മാറ്റിയപ്പോള്‍ അമ്മയെഴുതിയ കത്ത്‌ ആരുടെയോ കയ്യില്‍ കിട്ടി. കഥയെല്ലാം അതിലുണ്ടായിരുന്നു; വിറയ്ക്കാതെ, നിവര്‍ന്നുനില്‍ക്കുന്ന അക്ഷരങ്ങളില്‍.
ആരും പരിചയക്കാരില്ലാത്ത ഒരു പത്തുവയസ്സുകാരിയെ മഹാനഗരം എങ്ങനെ സ്വീകരിച്ചെന്ന്‌ ഞാന്‍ പറഞ്ഞുതരണോ?
അപര്‍ണ്ണ എന്നൊരു പെണ്‍കുട്ടിയെ ആ യാത്രയില്‍ കാണേണ്ടിയിരുന്നില്ലെന്നും കഥകളൊന്നും അറിയേണ്ടിയിരുന്നില്ലെന്നും തോന്നി.
ഇനി എന്തു ചോദിക്കാന്‍? ഒരു ചായകൂടി കുടിച്ച്‌ യാത്രപറയാം. എനിക്ക്‌ അത്ഭുതമായിരുന്നു, ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം അപര്‍ണ്ണ പഴയ നാലാംക്‌ളാസ്സുകാരനെ തിരിച്ചറിഞ്ഞതെങ്ങനെ?
ആ വിസ്‌മയം ഊഹിച്ചിട്ടെന്നപോലെ അവള്‍ പറഞ്ഞു:
"നാലാംക്‌ളാസ്സില്‍ വച്ച്‌ എനിക്ക്‌ ലൌ ലെറ്റര്‍ തന്നയാളല്ലേ! അങ്ങനെ മറക്കാന്‍ പറ്റുമോ? പിന്നെ, ഒന്നുരണ്ടു തവണ ഞാന്‍ ടിവിയില്‍ കണ്ടിട്ടുണ്ട്‌, ആരെയോ ഇന്റര്‍വ്യൂ ചെയ്യുന്നതായിട്ട്‌."
ആദ്യത്തെ പ്രണയക്കുറിപ്പിന്റെ തമാശയും അപര്‍ണ്ണതന്നെ ഓര്‍മ്മിപ്പിച്ചു. പ്രദീപിന്റെ ഒരു തമാശയായിരുന്നു അത്‌. ക്‌ളാസ്സില്‍ മുതിര്‍ന്നവന്‍. ടീച്ചര്‍മാരെ പേടിയില്ലാത്തവന്‍. ക്‌ളാസ്‌ ലീഡറാകാന്‍ പറ്റാഞ്ഞതിന്റെ കുശുമ്പു തീര്‍ത്തത്‌ ഇങ്ങനെ.
ഉച്ചയൂണു കഴിഞ്ഞ്‌ തിരിച്ചുവന്നപ്പോള്‍ അപര്‍ണ്ണയുടെ സ്കൂള്‍ബാഗിനകത്ത്‌ ഒരു കടലാസു തുണ്ട്‌: ഐ ലൌ യൂ.
അര്‍ത്ഥമെന്തെന്ന്‌ അറിഞ്ഞുകൂടെങ്കിലും അപരിചിതമായ ആ കടലാസുകഷണത്തില്‍ എന്തോ അപകടമുണ്ടെന്ന്‌ അവള്‍ക്കു തോന്നി. കടലാസു കഷണം ഹെഡ്‌മിസ്‌ട്രസിനു മുന്നില്‍ ഹാജരാക്കപ്പെട്ടു.
നാലാം ക്‌ളാസ്സുകാരാണ്‌ സ്കൂളിലെ സീനിയേഴ്‌സ്‌. അതുകൊണ്ട്‌ പ്രതി അതേ ക്‌ളാസ്സില്‍ത്തന്നെ!
അപ്പോഴാണ്‌ കേസിന്‌ സാക്ഷിയുണ്ടായത്‌: ശോഭ. ചോറ്റുപാത്രം കഴുകി, ക്‌ളാസ്സിലേക്ക്‌ തിരിച്ചെത്തുമ്പോള്‍ ഞാന്‍ അപര്‍ണ്ണയുടെ സീറ്റിനടുത്ത്‌ പരുങ്ങിനില്‌പുണ്ട്‌. ചോദ്യംചെയ്യല്‍. ചൂരലടി. കടലാസിലെ കയ്യക്ഷരവുമായി എല്ലാവരുടെയും അക്ഷരം ഒത്തുനോക്കല്‍.
കുറ്റം തെളിയിക്കപ്പെട്ടു. കത്തെഴുതിയത്‌ പ്രദീപ്‌. അപര്‍ണ്ണയുടെ ബാഗില്‍ ആ കത്ത്‌ നിക്ഷേപിച്ചത്‌ ഞാന്‍! പ്രദീപ്‌ അതിസമര്‍ത്ഥമായി എന്നെ പറ്റിക്കുകയായിരുന്നു.
തികച്ചും സാധാരണമായ ഭാവത്തില്‍ അവന്റെ ചോദ്യം: "ഒരു സാധനം തന്നാല്‍ അത്‌ അപര്‍ണ്ണയുടെ ബാഗില്‍ വയ്ക്കാന്‍ ധൈര്യമുണ്ടോ, നിനക്ക്‌?"
"പിന്നെന്താ."
"എങ്കില്‍ ഈ കടലാസ്‌ കൊണ്ടുവയ്ക്ക്‌."
തുറന്നുനോക്കിയപ്പോള്‍ എന്തോ ഒരുവരി എഴുതിയിട്ടുണ്ട്‌. I എന്നും തചഠ എന്നും മാത്രം മനസ്സിലായി. അതിനിടയ്ക്ക്‌ മറ്റൊരു വാക്കുകൂടിയുണ്ട്‌. അതെന്തെന്ന്‌ പിടികിട്ടിയില്ല. ഒരു വാക്കല്ലേ, കുഴപ്പമില്ല!
പക്ഷേ, നിരപരാധിത്വം തെളിയിക്കപ്പെടുമ്പോഴേക്കും കിട്ടേണ്ടതു മുഴുവന്‍ എനിക്കു കിട്ടിയിരുന്നു.
"ഒന്നും മറന്നിട്ടില്ല. ഓര്‍ത്തുവയ്ക്കാന്‍ അതൊക്കെയേയുള്ളൂ എനിക്ക്‌."
"ഞാന്‍ അതൊക്കെ മറന്നു."
"സാരമില്ല. നമ്മുടെ സ്കൂളില്‍ പിന്നെ പോയിട്ടുണ്ടോ?"
"പഴയ സീതാറാം സ്കൂള്‍ വിറ്റു. ഇപ്പോള്‍ അത്‌ ഹോളി ഫാമിലി കോണ്‍വെന്റ്‌ ആണ്‌."
"ആ നെല്ലിമരമോ?"
"അറിഞ്ഞുകൂടാ."
ചായയുടെ കാശ്‌ അപര്‍ണ്ണ നിര്‍ബന്‌ധപൂര്‍വ്വം കൊടുത്തു.
ഇരമ്പുന്ന നഗരം. ഇനി എങ്ങോട്ടെന്ന്‌ അപര്‍ണ്ണയോടു ചോദിച്ചില്ല. അതിനു മുമ്പേ അവള്‍ പറഞ്ഞു:
"എന്റെ ജീവിതം ട്രെയിനിലാണ്‌. പാളങ്ങള്‍ എങ്ങോട്ടൊക്കെ നീളുന്നുവോ, ഞാനും അങ്ങോട്ടൊക്കെ."
ഒരു നീര്‍ക്കണം അപ്പോള്‍ ആദ്യമായി അപര്‍ണ്ണയുടെ കണ്ണില്‍ നിറഞ്ഞു. കണ്ണീര്‍ തുടയ്ക്കാന്‍ കയ്യുയര്‍ത്തിയപ്പോള്‍ വലതുകൈത്തണ്ടയിലെ പച്ചകുത്തിയ പാട്‌ പിന്നെയും കണ്ണില്‍ക്കൊണ്ടു.
യാത്ര പറഞ്ഞില്ല. അപര്‍ണ്ണ തിരിഞ്ഞുനോക്കാതെ തിരക്കില്‍ മറഞ്ഞു.
ട്രെയിന്‍ യാത്രകളില്‍ മറ്റാരൊക്കെയോ ആ പാട്ടുമായി വന്ന്‌ ഭിക്ഷയാചിക്കുന്നതു കണ്ടു. അപര്‍ണ്ണയെ മാത്രം കണ്ടില്ല.

കടപ്പാട്‌: കേരള കൌമുദി ഓണ്‍ലൈന്‍

വിളിപ്പേരുകള്‍ വരുന്നത്‌

വിളിപ്പേരുകള്‍ വരുന്നത്‌
കെ സുദര്‍ശന്‍

ഒരു നാടന്‍ ചായക്കട.
സപ്‌തതി മറികടന്ന ഒരു മൂപ്പിലാന്‍ കേറിവരുന്നു, അങ്ങോട്ട്‌. കടയില്‍ മിതമായ തിരക്കേയുള്ളൂ.
"ങാ, 'ബാസ്റ്റാര്‍ഡ്‌ മാമന്‍' വന്നല്ലോ.... എവിടായിരുന്നു, കാണാനില്ലല്ലോ ഈയിടെ?"
സപ്‌ളൈയറുടെ കുശലാന്വേഷണം. മൂപ്പിലാന്‍ ചിരിച്ചതേയുള്ളൂ.
"കഴിക്കണോ വല്ലോം?"
"വേണ്ട, ചായ മതി!"
"ബാസ്റ്റാര്‍ഡ്‌ മാമന്‌ ഒരു വിത്തൌട്ട്‌!"
പക്ഷേ, സമനില പോയത്‌ അടുത്തിരുന്ന ആള്‍ക്കാണ്‌. ഇത്രയും പ്രായമുള്ള ഒരാളെ 'ബാസ്റ്റാര്‍ഡ്‌' എന്നോ വിളിക്കുന്നത്‌! എന്നിട്ടും ആ മനുഷ്യന്‌ യാതൊരു ഭാവഭേദവുമില്ലതാനും!
ചായ വന്നു.
സാവധാനം അതു മൊത്തിക്കുടിച്ചിട്ട്‌ അദ്ദേഹം കൌണ്ടറിനടുത്തേക്കു നടന്നു.
'ഷഷ്ഠി' പൂര്‍ത്തിയാക്കിയ ഒരു ദേഹമായിരുന്നു കൌണ്ടറില്‍. ആ ദേഹം സപ്‌ളൈയറോടായി ചോദിക്കുന്നു.
"േ‍ടേയ്‌.... ബാസ്റ്റാര്‍ഡണ്ണന്റെ പറ്റ്‌ എത്ര?"
"ബാസ്റ്റാര്‍ഡ്‌ മാമന്‍ 2.50"
കാശു കൊടുത്തിട്ട്‌ ആ വയോധികന്‍ ഇറങ്ങിപ്പോയി.
സമനില പോയിരുന്ന ആള്‍ അടുത്തിരുന്നവരോടു ചോദിച്ചു:
"എന്തിനാ ആ മനുഷ്യനെ എല്ലാവരും തെറി വിളിക്കുന്നത്‌?"
"തെറിയോ! അത്‌ പുള്ളിക്കാരന്റെ സ്ഥാനപ്പേരാ...."
"ബാസ്റ്റാര്‍ഡ്‌ എന്നതോ?"
"മിസ്റ്റര്‍, അതൊരു സ്റ്റോറിയാണ്‌. ഞാന്‍ പറയാം."
ആ കഥ ഇങ്ങനെയായിരുന്നു:
ഈ മനുഷ്യന്റെ ഒറിജിനല്‍ പേര്‌ ബാഹുലേയന്‍ എന്നായിരുന്നു. കൊട്ടാരത്തിലെ പാറാവുകാരനായിരുന്നു, പണ്ട്‌. അന്ന്‌ ഒരു.... മുപ്പത്‌- മുപ്പത്തിരണ്ട്‌ വയസ്സ്‌. പോരാത്തതിന്‌ മുടിഞ്ഞ ആരോഗ്യവും!
പാറാവ്‌ എന്നു പറയുമ്പോള്‍ അറിയാമല്ലോ, ഡ്യൂട്ടിയുടെ ലൊക്കേഷന്‍ മാറിമാറി വരും. അങ്ങനെ ഒരിക്കല്‍ ആശാനെ കുളക്കടവില്‍ ഡ്യൂട്ടിക്കിട്ടു.
ലേശം 'ഡെയിഞ്ചര്‍' ഉള്ളതാണല്ലോ കുളക്കടവിലെ ഡ്യൂട്ടി. കുളം എന്നു പറയുമ്പോള്‍ നമ്മള്‍ വിചാരിക്കുന്നതു പോലെ ആമ്പലും ചാമ്പലുമായിട്ടു കിടക്കുന്ന കുളമല്ല.
രാജ്ഞി നീരാടാനെത്തുന്ന കുളം.
രാജ്ഞിയാകുമ്പോള്‍ സിംഗിള്‍ ആയിട്ടല്ലല്ലോ നീരാട്ട്‌. പത്തുപതിനേഴു തോഴിമാരും കൂടെക്കാണും.
ഒരാള്‍ മഞ്ഞളു തേയ്ക്കാന്‍. മറ്റേയാള്‍ ചന്ദനം ചാര്‍ത്താന്‍. പിന്നൊരാള്‌ വെള്ളം കോരിയൊഴിക്കാന്‍.... എന്നു വേണ്ട, കമ്പ്‌ളീറ്റ്‌ 'അഡല്‍റ്റ്‌സ്‌ ഒണ്‍ലി' കാഴ്ചകളാണ്‌. അവിടെയാണ്‌ ബാഹുലേയനദ്ദേഹത്തിന്‌ ഡ്യൂട്ടി കിട്ടിയിരിക്കുന്നത്‌.
അദ്ദേഹത്തിന്റെയൊരു ഭാഗ്യമേ!
പക്ഷേ, ചില ഭാഗ്യങ്ങള്‍ക്ക്‌ അനുഭവയോഗം കുറവായിരിക്കും. കൂടുതലും അപകടയോഗമായിരിക്കും.
ഇതും അതുപോലെയായിരുന്നു.
രാജ്ഞിയും തോഴിമാരും നീരാടിക്കൊണ്ടിരിക്കുമ്പോള്‍ യാതൊരു കാരണവശാലും പാറാവുകാരന്‍ തിരിഞ്ഞുനോക്കാന്‍ പാടില്ല.
അഥവാ നോക്കിപ്പോയാല്‍, പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടിവരില്ല! കഴുത്തിനു മീതെ തലയുണ്ടായിട്ടു വേണ്ടേ തിരിഞ്ഞുനോക്കാന്‍!
ബാഹുലേയന്‍ രാവിലെ ഡ്യൂട്ടിയില്‍ പ്രവേശിച്ചു. പരിസരം ആദ്യമേ വിസ്‌തരിച്ചു നിരീക്ഷിച്ചു.
ഹേയ്‌! ഇവിടെയെങ്ങും ആരുമില്ല.
ഫുള്‍ വിജനം.
അഥവാ ഒന്നു നോക്കിപ്പോയാലും ആരും അറിയാനൊന്നും പോകുന്നില്ല.
എന്നാലും വേണ്ട. എന്തിനു വെറുതെ....
പത്തുമണിയായപ്പോള്‍ ആരവം കേട്ടുതുടങ്ങി. സ്‌നാനസംഘം വരുന്നുണ്ട്‌.
അല്ലേ! മുലക്കച്ചയിലാണോ, വരവ്‌! ഈശ്വരന്മാരേ....
തല പോയതുതന്നെ....
ആരും അയാളെ ശ്രദ്ധിച്ചതേയില്ല. അരയന്നങ്ങളെപ്പോലെ അവര്‍ കടവിലേക്കു പോയി. പ്രതിമപോലെ നില്‍ക്കുകയാണ്‌ പാറാവദ്ദേഹം.
പിന്നില്‍, കളിചിരികള്‍....
വളകിങ്ങിണികള്‍....
നുണമഞ്ജരികള്‍....
ഒപ്പം, പ്രകോപനാത്‌മകമായ ചില സൌണ്ടുകളും!
'പാറാവ്‌' ദേഷ്യപ്പെട്ട്‌ ശ്വാസമെടുക്കുകയും വിടുകയും ചെയ്‌തുകൊണ്ടിരുന്നു. അല്ലാതെ എന്തു ചെയ്യാന്‍!
കുളിയുടെ അന്നത്തെ എപ്പിസോഡ്‌ അവിടെ പൂര്‍ണ്ണമായി.
മൂന്നു ദിവസമാണ്‌ പുള്ളിക്കാരന്‌ ഡ്യൂട്ടി.
രണ്ടാം ദിവസം.
ഗംഭീര കുളിയരങ്ങായിരുന്നു അന്നും. ബാഹുലേയന്‍ അന്നും കിഴക്കുനോക്കി നിന്നു.
മൂന്നാം ദിവസം. അന്നാണ്‌ ഡ്യൂട്ടിയുടെ സമാപനം.
നോക്കണോ വേണ്ടയോ? നോക്കിയാല്‍ നോക്കിയതു തന്നെ. കണ്ടാല്‍ കണ്ടതും തന്നെ! ആരറിയാന്‍? ഇവിടെങ്ങും ഒരു 'മാടനും' ഇല്ല.
അന്നും കൃത്യസമയത്തുതന്നെ 'മുലക്കച്ചകള്‍' എത്തി. അതും, പൂര്‍വ്വാധികം ലാവിഷായിട്ട്‌!
കടവിലെത്തിയതും അവര്‍ കാര്യപരിപാടികള്‍ ആരംഭിച്ചു.
സംയമനം എന്നൊരു വാക്കുണ്ട്‌. വാക്കത്തിയേക്കാള്‍ മൂര്‍ച്ചയുണ്ട്‌ അതിന്‌. മഹര്‍ഷിമാര്‍ക്കു പോലും പിടിച്ചിട്ടു കിട്ടാത്ത ഒന്നാണ്‌ ഈ സംയമനം.
പിന്നെ, പാവമൊരു ബാഹുലേയന്‍ കിടന്നുപിടിച്ചാല്‍ എവിടെക്കിട്ടാന്‍? പുള്ളിക്കാരന്‍ അന്തസ്സായിട്ടങ്ങ്‌ തിരിഞ്ഞുനോക്കി.
അപാാ‍ാ‍ാ‍രം!
വേഗം തലവലിച്ചുകളഞ്ഞു.
മതി! ധാരാളം!
സ്‌നാനകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അവര്‍ യാത്രയായി. എല്ലാം കണ്ടുകൊണ്ട്‌ ശാന്തമാനസനായി പാറാവുകാരന്‍ നില്‍ക്കുന്നു.
ഭാഗ്യം! ആരുമറിഞ്ഞില്ല. ഈ അസുലഭ സൌകര്യം പാഴാക്കിയിരുന്നെങ്കിലോ?
ഒരു കുതിരക്കുളമ്പടി. അടുത്ത നിമിഷം ഒരു ഭടന്‍ അവിടെ വന്നിറങ്ങി.
"തിരുമനസ്സ്‌ വിളിക്കുന്നു."
ചതിച്ചോ!
ചെല്ലുമ്പോള്‍ രാജന്‍ ആകെ രോഷാകുലനാണ്‌.
"നീ നമ്മുടെ നിയമം തെറ്റിച്ചു. ആരവിടെ? കുളിക്കടവിലേക്ക്‌ ഒളിച്ചുനോക്കിയ ഇവന്റെ ശിരസ്സ്‌ അറുത്തുകളയൂ...."
"മഹാരാജന്‍, അരുത്‌.... അടിയന്‍ ഒന്നു പറഞ്ഞോട്ടെ...."
ബാഹുലേയന്റെ അലമുറ കേട്ട്‌ തിരുമനസ്സ്‌ സ്‌തബ്‌ധനായിപ്പോയി. വേണ്ടാതീനം കാണിച്ചതും പോരാ....
"എന്താ നിനക്കു പറയാനുള്ളത്‌?"
ശ്വാസോച്ഛ്വാസം തത്കാലത്തേക്ക്‌ നിറുത്തിവച്ചിട്ട്‌ ബാഹുലേയന്‍ ഉണര്‍ത്തിക്കാന്‍ തുടങ്ങി:
"മഹാരാജന്‍, ഞാന്‍ അവിടെ നില്‍ക്കുമ്പോഴുണ്ടല്ലോ, 'ഠുംകോ' എന്നൊരു സൌണ്ട്‌. രാജ്ഞിക്ക്‌ എന്തോ പറ്റിയെന്നാ ഞാന്‍ വിചാരിച്ചത്‌. കാലുതെറ്റി വെള്ളത്തിലോ മറ്റോ.... ഹോ! പിന്നൊന്നും ഞാന്‍ ഓര്‍ത്തില്ല. അങ്ങനെ നോക്കിപ്പോയതാ.... മാപ്പാക്കണം."
അതു കേട്ടതും, തിരുമനസ്സ്‌ അറിയാതെ പറഞ്ഞുപോയി:
"യൂ.... ബാസ്റ്റാര്‍ഡ്‌...."
വളരെ ലോ ടോണിലാണ്‌ പറഞ്ഞതെങ്കിലും കേള്‍ക്കേണ്ടവരെല്ലാം അതു കേട്ടു.
ബാക്കി ഉറക്കെത്തന്നെ പറഞ്ഞു:
"ആരവിടെ, പറഞ്ഞുവിട്‌ ഇവനെ. മേലാല്‍ എന്റെ കണ്‍മുന്നില്‍ വന്നേക്കരുത്‌."
അന്നുമുതല്‍ ഇദ്ദേഹം 'ബാസ്റ്റാര്‍ഡ്‌ ബാഹുലേയന്‍' എന്നാണ്‌ അറിയപ്പെടുന്നത്‌. സര്‍ദാര്‍ വേലുപ്പിള്ള എന്നൊക്കെ പറയുന്നതു പോലെ!
കഥ തീര്‍ന്നു. ശ്രോതാവിന്‌ ഒരു സംശയം.
"രാജാവ്‌ അങ്ങനെ വിളിക്കാന്‍ കാരണം?"
"അതോ? അദ്ദേഹം എന്നും ഏതോ ഒരു കിളിവാതിലിലൂടെ കുളം നോക്കിയിരിക്കുന്നുണ്ടായിരുന്നു. അവിടെ ഒരു സൌണ്ടും കേട്ടില്ലെന്ന്‌ അദ്ദേഹത്തിന്‌ അറിയാമല്ലോ! ബാഹുലേയന്‍ പെട്ടെന്ന്‌ ഒരു കള്ളം പറഞ്ഞതുകേട്ടപ്പോള്‍ രാജാവ്‌ വിളിച്ചുപോയതാണ്‌."
ഇങ്ങനെയാണ്‌ ഓരോരുത്തര്‍ക്ക്‌ പേരിന്റെ കൂടെ ഓരോന്നു വന്നുചേരുന്നത്‌; മനസ്സിലായല്ലോ.

കടപ്പാട്‌: കേരളകൌമുദി ഓണ്‍ലൈന്‍

തീച്ചാമുണ്ഡി തന്ന നൊമ്പരക്കനല്‍

തീച്ചാമുണ്ഡി തന്ന നൊമ്പരക്കനല്‍
പി. ബാലചന്ദ്രന്‍

കഴിവതും യാത്രകള്‍ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന ചിന്താഗതിക്കാരനാണ്‌ ഞാന്‍. യാത്രചെയ്യാന്‍ അത്രയ്ക്കൊന്നും ഇഷ്‌ടമില്ല. എന്താണ്‌ കാരണമെന്നു ചോദിച്ചാല്‍ ഒരുത്തരമേ പറയാനുള്ളൂ: 'സെന്‍സ്‌ ഓഫ്‌ ഇന്‍സെക്യൂരിറ്റി!' അതാണ്‌ പ്രശ്‌നം.ഏതെങ്കിലും യാത്രയ്ക്കിടയില്‍ ഒരു കവര്‍ച്ചക്കാരന്‍ വന്ന്‌ എന്തെങ്കിലും കൊണ്ടുപോയതുകൊണ്ടോ, എന്തെങ്കിലും അപകടം സംഭവിച്ചിട്ടുള്ളതുകൊണ്ടോ ഒന്നുമല്ല ഈ പേടി. അത്‌ വളരെ മുമ്പേയുള്ള എന്റെയൊരു സ്വഭാവമാണ്‌.തനിച്ചുള്ള യാത്രകള്‍ തീരെയില്ല എന്നുതന്നെ പറയാം. ഒഴിവാക്കാന്‍ പറ്റാത്ത യാത്രകളുണ്ടാവുമല്ലോ. ഒരു സുരക്ഷിതവലയം പോലെ കൂടെ ആരെങ്കിലും വേണം. പിന്നെ ഞാന്‍ എല്ലാം മറന്ന്‌ ആ യാത്രയുടെ ഭാഗമായി മാറും.

ശരീരം എവിടെയോ ആകട്ടെ, മനസ്സുകൊണ്ടുള്ള ഒരു യാത്രയുണ്ടല്ലോ- അതാണ്‌ എന്റെ പ്രിയ യാത്ര. നാടകത്തിന്റെയും തിരക്കഥയുടെയുമൊക്കെ എത്രയോ മുഹൂര്‍ത്തങ്ങള്‍ ഇത്തരത്തിലുള്ള യാത്രകള്‍ നല്‍കുന്നു. ജീവിതത്തെ തേടി മനസ്സുകൊണ്ടുള്ള യാത്രകള്‍ മുഴുവന്‍ ജിജ്ഞാസയാണ്‌. റെയില്‍വേ സ്റ്റേഷനിലോ ബസ്‌ സ്റ്റാന്‍ഡിലോ നില്‍ക്കുമ്പോള്‍ വണ്ടി വൈകിവന്നാല്‍ ഞാന്‍ പരിഭവിക്കാറില്ല. പലപ്പോഴും എനിക്കുള്ള വണ്ടി വൈകണേ എന്ന്‌ ആഗ്രഹിക്കാറു പോലുമുണ്ട്‌.ഇത്തരം കാത്തുനില്‌പുകളില്‍ മനുഷ്യരുടെ ചേഷ്‌ടകളും മറ്റും ശ്രദ്ധിച്ചുനില്‍ക്കുക രസമുള്ള കാഴ്ചയാണ്‌. ദൂരെ ഒന്നോരണ്ടോ പേര്‍ കൂടിനില്‍ക്കുമ്പോള്‍ അവരുടെ ചേഷ്‌ടകളും സംസാരരീതിയുമൊക്കെ ഞാന്‍ ശ്രദ്ധിക്കും.കുറേ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്യമാണ്‌. നാഷണല്‍ സ്കൂള്‍ ഒഫ്‌ ഡ്രാമയും തൃശൂരിലെ സ്കൂള്‍ ഒഫ്‌ ഡ്രാമയും ചേര്‍ന്ന്‌ 'ഭാരതത്തെ കണ്ടെത്തുക' എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. അതിന്റെ പെയിലറ്റ്‌ പ്രോജക്‌ട്‌ നടപ്പാക്കുന്ന ടീമില്‍ ഞാനും അംഗമായിരുന്നു.കേരളത്തിലെ ക്ഷേത്രങ്ങള്‍, കാവുകള്‍, പള്ളികള്‍ തുടങ്ങിയവയുമായി ബന്‌ധപ്പെട്ടതാണ്‌ പ്രോജക്‌ട്‌. ഇവിടങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്‌ധപ്പെട്ട്‌ ജീവിതത്തിന്റെ പൊരുള്‍ തേടുന്നതാണ്‌ പരിപാടി.ആസാമില്‍ നിന്നുള്ള ഭട്ടാചാര്യയും ഒരു മഹാരാഷ്‌ട്രക്കാരനും ഞാനുംകൂടെ കേരളം മുഴുവന്‍ നടന്നു കണ്ടു. കേരളത്തെ മൊത്തത്തില്‍ ഞാന്‍ ആദ്യമായി കാണുന്നത്‌ അപ്പോഴാണ്‌.
ആ യാത്രയ്ക്കിടയിലാണ്‌ ആചാരപ്പെരുമയുടെയും ഐതിഹ്യപ്പഴമയുടെയും നാടെന്നു വിളിക്കാവുന്ന ഉത്തരമലബാറിലും എത്തിയത്‌. ജീവിതത്തിലെ ഏറ്റവും അവിസ്‌മരണീയമായ അനുഭവമാണ്‌ മലബാര്‍ കാഴ്ചകള്‍ എനിക്കു തന്നത്‌.തിരുവിതാംകൂറിലെയും മധ്യകേരളത്തിലെയും ജീവിതങ്ങളില്‍ നിന്ന്‌ എത്രയോ വ്യത്യസ്‌തമാണ്‌ അവിടത്തെ ജീവിതം! വിശ്വാസത്തിനും ഭക്തിക്കും അര്‍പ്പിക്കപ്പെട്ട ജീവിതങ്ങളാണ്‌ അവരുടേതെന്നു തോന്നിപ്പോയി.

പയ്യന്നൂരില്‍ ഞങ്ങളെത്തുമ്പോള്‍ തീച്ചാമുണ്‌ഡി തെയ്യത്തിന്റെ സമയം. അന്ന്‌ മലബാറിന്റെ തെയ്യങ്ങളില്‍ അത്യപൂര്‍വ്വമാണ്‌ തീച്ചാമുണ്‌ഡി. കോലം കെട്ടുന്നവന്‍ ഈശ്വരനായി മാറുന്ന തെയ്യങ്ങളെ ടൂറിസം വാരാഘോഷങ്ങളില്‍ മാത്രം കണ്ടുള്ള പരിചയമേ തിരുവിതാംകൂറുകാര്‍ക്കും മറ്റും ഇന്നുമുള്ളൂ.'തീച്ചാമുണ്‌ഡി' എന്നെ അമ്പരപ്പിക്കുകയും കരയിക്കുകയും ചെയ്‌തു. ഈ അനുഷ്ഠാനകലയുമായി ബന്‌ധപ്പെട്ട ചില കാര്യങ്ങളാണ്‌ പറയുന്നത്‌.

പകല്‍ മുഴുവന്‍ വിറകു കത്തിക്കും. അസഹ്യമായ ചൂട്‌. ഈ കനല്‍ ഇളക്കാന്‍ മെയ്ക്കരുത്തുള്ള പത്തുപന്ത്രണ്ടു പേരുണ്ടാകും. നീളമുള്ള മുളന്തണ്ടിന്റെ ഒരറ്റത്തു പിടിച്ച്‌ കനലൊന്ന്‌ ഇളക്കിയിട്ട്‌ അവര്‍ വേഗം ഓടിമാറും. കനല്‍ക്കൂനയുടെ പത്തടി ദൂരത്തുവരെയേ അവര്‍ ചെല്ലൂ. അവര്‍ക്ക്‌ ചൂടില്‍ നിന്ന്‌ രക്ഷ നല്‍കാന്‍ മാറിനു മുന്നില്‍ പച്ചോലകൊണ്ട്‌ മറ്റു ചിലര്‍ കവചം തീര്‍ക്കും. പക്ഷേ, തീക്കനലിളക്കാന്‍ വരുന്നവര്‍ക്ക്‌ രക്ഷ നല്‍കുന്ന പച്ചോല നിമിഷംകൊണ്ട്‌ കരിഞ്ഞുപോകും. അത്രയ്ക്കാണ്‌ കനല്‍ക്കൂനയുടെ ചൂട്‌! ഈ തീക്കുണ്‌ഡത്തിലേക്കാണ്‌ തീച്ചാമുണ്‌ഡി തെയ്യം ചാടുന്നത്‌! ചാടുന്നു എന്നു പറയുന്നതിനേക്കാള്‍ വീഴുന്നു എന്നു പറയുന്നതാണ്‌ ശരി.
തീച്ചാമുണ്‌ഡിയായി വേഷംകെട്ടുന്ന ആളിന്റെ അരയില്‍ മടല്‍പ്പൊളി (വഴുക) നീളത്തില്‍ കയര്‍ പോലെ കെട്ടിയിട്ടുണ്ടാവും. ഇതിന്റെ അറ്റം ഇരുവശങ്ങളിലുമായി വിശ്വസ്‌തരായവര്‍ പിടിച്ചിരിക്കും. ഇവരാണ്‌ തീച്ചാമുണ്‌ഡിയെ കനലിലേക്ക്‌ വലിച്ചിടുന്നതും തിരിച്ചെടുക്കുന്നതും.

വിശ്വസ്‌തരെന്നു പറയുന്ന ഇവര്‍ എല്ലാ അര്‍ത്ഥത്തിലും വിശ്വസ്‌തര്‍ തന്നെയായിരിക്കണം. വേഷംകെട്ടുന്ന ആളിനോടു മാത്രമല്ല, അനുഷ്ഠാനത്തോടും കര്‍മ്മത്തോടും വേണം, വിശ്വാസം. കനല്‍ക്കൂനയിലേക്ക്‌ തെയ്യക്കാരനെ ഇടുന്നതിന്റെയും വലിച്ചുകയറ്റുന്നതിന്റെയും ടൈമിംഗ്‌ പ്രധാനമാണ്‌. അതൊന്നു തെറ്റിയാല്‍....
കര്‍മ്മത്തിലൂടെ വേഷക്കാരന്‍ ഈശ്വരന്‍തന്നെയായി മാറുന്നു എന്ന വിശ്വാസത്തില്‍ പിടിച്ചാണ്‌ തീച്ചാമുണ്‌ഡി വേഷംകെട്ടുന്നത്‌. തീയില്‍ വീഴുന്ന ഈ അനുഷ്ഠാനത്തിന്‌ ആത്‌മാഹുതിയുടെ ഒരു ഭാവം കൂടിയുണ്ട്‌.പയ്യന്നൂരില്‍ തീച്ചാമുണ്‌ഡി വേഷംകെട്ടിയ കൃഷ്‌ണന്‍ മലയന്റെ വീടന്വേഷിച്ച്‌ ഞങ്ങള്‍ ചെല്ലുമ്പോഴാണ്‌ അറിഞ്ഞത്‌, വേഷംകെട്ടിയതിന്റെ മൂന്നാംനാളില്‍ അയാളെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയെന്ന്‌. പിന്നീടാണ്‌ വേദനിപ്പിക്കുന്ന ആ വിവരം അറിഞ്ഞത്‌. തീച്ചാമുണ്‌ഡിയായി വേഷംകെട്ടുന്ന എല്ലാവരുടെയും പിന്നീടുള്ള ജീവിതം മരുന്നിന്റെയും യാതനയുടെയും ലോകത്താണ്‌!

അത്യുഗ്രമായ ചൂടില്‍ കനലിലേക്ക്‌ ഭ്രാന്തമായ ആവേശത്തോടെ വീഴുന്ന ഇവരുടെയെല്ലാം രക്തത്തില്‍ വെളുത്ത രക്താണുക്കളുടെ എണ്ണം തീരെക്കുറവായിരിക്കും. ശരീരത്തിന്റെ പ്രതിരോധശക്തി നഷ്‌ടമായി, ഇവര്‍ നിത്യരോഗങ്ങളുടെ പിടിയിലാകും. ഇതിനു പുറമെ നിരന്തരം ഏല്‍ക്കുന്ന ചൂടു കാരണം ആന്തരാവയവങ്ങള്‍ക്കും സാരമായ കേടുവന്നിരിക്കും.തീച്ചാമുണ്‌ഡി വേഷം കെട്ടുന്നവരുടെ ഭാര്യമാര്‍ മിക്കവരും പതിച്ചികളാണെന്നും (വയറ്റാട്ടികള്‍) അറിഞ്ഞു. കനല്‍ക്കൂനയില്‍ നിന്നു ലഭിക്കുന്നത്‌ പുനര്‍ജ്ജന്മമാണ്‌. പ്രസവാനന്തര ശുശ്രൂഷപോലെ എത്രയോ ദിവസത്തെ പരിചരണത്തിനു ശേഷമാണ്‌ തെയ്യംകെട്ടുന്നയാള്‍ ഒന്നെഴുന്നേല്‍ക്കുന്നത്‌!

കൃഷ്‌ണന്‍ മലയന്റെ വീട്ടില്‍നിന്ന്‌ ഞങ്ങള്‍ പോയത്‌ തീച്ചാമുണ്‌ഡി വേഷംകെട്ടുന്ന മറ്റൊരാളുടെ വീട്ടിലേക്കാണ്‌. ഇടിഞ്ഞുവീഴാറായ ഒരു കൂരയില്‍ വെറുംനിലത്ത്‌ വിരിച്ചിട്ട കീറപ്പായയില്‍ എല്ലിന്‍കൂടുപോലെ അയാള്‍ കിടക്കുന്നു! വെള്ളമല്ലാതെ ഭക്ഷണമൊന്നും ഉള്ളിലേക്കിറക്കില്ല. ആന്തരാവയവങ്ങള്‍ തകര്‍ന്ന്‌, മരണവാതിലിന്റെ തൊട്ടടുത്താണ്‌ അയാള്‍. ഇന്നലെകളില്‍ ദൈവത്താറായി ആടിയ, ദൈവംതന്നെയായി മാറിയ മനുഷ്യന്‍! ഓരോ തവണ തീക്കുണ്‌ഡത്തിലേക്കു ചാടുമ്പോഴും തെയ്യക്കോലം ഭ്രാന്തമായി വിളിച്ചുചോദിക്കും, 'മതിയോ മതിയോ' എന്ന്‌. 'പോരാ' എന്ന്‌ വിളിച്ചുപറയും, കാവിന്നധികാരി.
പുരുഷാരങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ കനല്‍ക്കൂമ്പാരത്തിലേക്ക്‌ ദൈവത്തിന്റെ ആവേശമായി തീച്ചാമുണ്‌ഡി വീണ്ടും വീണ്ടും ചാടിക്കൊണ്ടിരിക്കും. അതു കണ്ട്‌ ആരാധനയുടെ വായ്ത്താരികളുമായി ജനക്കൂട്ടം. ഇപ്പോള്‍ ആ ആരവങ്ങളെവിടെ? പുരുഷാരമെവിടെ? പ്രാണന്‍ കൂടുവിട്ടുപോകാന്‍ ഒരു ശ്വാസത്തിന്റെ നിമിഷം മാത്രം അവശേഷിക്കുന്ന ആ പഴയ തീച്ചാമുണ്‌ഡി വേഷക്കാരനെ നോക്കിനിന്നപ്പോള്‍ ഉള്ളു പിടഞ്ഞു.

'എന്നെ ധരിച്ചാല്‍ ധരിച്ചവര്‍ക്കും എന്നെ കാണാനും കേള്‍പ്പാനും വന്ന ഏവര്‍ക്കും അവരുടെ കന്നുകാലികള്‍ക്കും പൈതങ്ങള്‍ക്കും നാളെമേലാക്കത്തിന്‌ മേലൈശ്വര്യത്തിനും ഗുണം വരണേ.... ഗുണം' എന്ന പ്രാര്‍ത്ഥനയോടെയാണ്‌ തീച്ചാമുണ്‌ഡി അഗ്‌നിയിലേക്കു ചാടുന്നത്‌.

കാണാനും കേള്‍ക്കാനും വന്നവര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും കാലികള്‍ക്കും നാള്‍ക്കുനാള്‍ ഗുണം വരാന്‍ അഗ്‌നിസ്‌നാനം ചെയ്‌ത ഒരുമനുഷ്യനാണ്‌ നരകിച്ചു മരിക്കാന്‍ കിടക്കുന്നത്‌! വിശ്വാസങ്ങളും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യം എന്നെ വല്ലാതെ ഉലച്ചു.
അവനവനിലേക്കു മാത്രം ചുരുങ്ങുന്ന ഇന്നത്തെ ജീവിതത്തില്‍ ഇവരെ ആരോര്‍മ്മിക്കാന്‍? സ്വന്തം സ്വത്വത്തില്‍ നിന്ന്‌ ദൈവത്തിന്റെ സ്വത്വത്തിലേക്കുള്ള യാത്ര. ഒടുവില്‍ ആരുടെയും തുണയില്ലാതെ ദാരുണമായ അവസാനയാത്ര....

അവിടെനിന്നു മടങ്ങുമ്പോള്‍ മനസ്സില്‍ മുഴങ്ങിയത്‌ തീച്ചാമുണ്‌ഡിയുടെ പ്രാര്‍ത്ഥനയായിരുന്നു: "സകല ലോകത്തിനും ഗുണം വരണേ ഗുണം...."

കടപ്പാട്‌: കേരളകൌമുദി ഓണ്‍ലൈന്‍