വെള്ളിയാഴ്‌ച, ഡിസംബർ 02, 2005

തീച്ചാമുണ്ഡി തന്ന നൊമ്പരക്കനല്‍

തീച്ചാമുണ്ഡി തന്ന നൊമ്പരക്കനല്‍
പി. ബാലചന്ദ്രന്‍

കഴിവതും യാത്രകള്‍ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന ചിന്താഗതിക്കാരനാണ്‌ ഞാന്‍. യാത്രചെയ്യാന്‍ അത്രയ്ക്കൊന്നും ഇഷ്‌ടമില്ല. എന്താണ്‌ കാരണമെന്നു ചോദിച്ചാല്‍ ഒരുത്തരമേ പറയാനുള്ളൂ: 'സെന്‍സ്‌ ഓഫ്‌ ഇന്‍സെക്യൂരിറ്റി!' അതാണ്‌ പ്രശ്‌നം.ഏതെങ്കിലും യാത്രയ്ക്കിടയില്‍ ഒരു കവര്‍ച്ചക്കാരന്‍ വന്ന്‌ എന്തെങ്കിലും കൊണ്ടുപോയതുകൊണ്ടോ, എന്തെങ്കിലും അപകടം സംഭവിച്ചിട്ടുള്ളതുകൊണ്ടോ ഒന്നുമല്ല ഈ പേടി. അത്‌ വളരെ മുമ്പേയുള്ള എന്റെയൊരു സ്വഭാവമാണ്‌.തനിച്ചുള്ള യാത്രകള്‍ തീരെയില്ല എന്നുതന്നെ പറയാം. ഒഴിവാക്കാന്‍ പറ്റാത്ത യാത്രകളുണ്ടാവുമല്ലോ. ഒരു സുരക്ഷിതവലയം പോലെ കൂടെ ആരെങ്കിലും വേണം. പിന്നെ ഞാന്‍ എല്ലാം മറന്ന്‌ ആ യാത്രയുടെ ഭാഗമായി മാറും.

ശരീരം എവിടെയോ ആകട്ടെ, മനസ്സുകൊണ്ടുള്ള ഒരു യാത്രയുണ്ടല്ലോ- അതാണ്‌ എന്റെ പ്രിയ യാത്ര. നാടകത്തിന്റെയും തിരക്കഥയുടെയുമൊക്കെ എത്രയോ മുഹൂര്‍ത്തങ്ങള്‍ ഇത്തരത്തിലുള്ള യാത്രകള്‍ നല്‍കുന്നു. ജീവിതത്തെ തേടി മനസ്സുകൊണ്ടുള്ള യാത്രകള്‍ മുഴുവന്‍ ജിജ്ഞാസയാണ്‌. റെയില്‍വേ സ്റ്റേഷനിലോ ബസ്‌ സ്റ്റാന്‍ഡിലോ നില്‍ക്കുമ്പോള്‍ വണ്ടി വൈകിവന്നാല്‍ ഞാന്‍ പരിഭവിക്കാറില്ല. പലപ്പോഴും എനിക്കുള്ള വണ്ടി വൈകണേ എന്ന്‌ ആഗ്രഹിക്കാറു പോലുമുണ്ട്‌.ഇത്തരം കാത്തുനില്‌പുകളില്‍ മനുഷ്യരുടെ ചേഷ്‌ടകളും മറ്റും ശ്രദ്ധിച്ചുനില്‍ക്കുക രസമുള്ള കാഴ്ചയാണ്‌. ദൂരെ ഒന്നോരണ്ടോ പേര്‍ കൂടിനില്‍ക്കുമ്പോള്‍ അവരുടെ ചേഷ്‌ടകളും സംസാരരീതിയുമൊക്കെ ഞാന്‍ ശ്രദ്ധിക്കും.കുറേ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്യമാണ്‌. നാഷണല്‍ സ്കൂള്‍ ഒഫ്‌ ഡ്രാമയും തൃശൂരിലെ സ്കൂള്‍ ഒഫ്‌ ഡ്രാമയും ചേര്‍ന്ന്‌ 'ഭാരതത്തെ കണ്ടെത്തുക' എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു. അതിന്റെ പെയിലറ്റ്‌ പ്രോജക്‌ട്‌ നടപ്പാക്കുന്ന ടീമില്‍ ഞാനും അംഗമായിരുന്നു.കേരളത്തിലെ ക്ഷേത്രങ്ങള്‍, കാവുകള്‍, പള്ളികള്‍ തുടങ്ങിയവയുമായി ബന്‌ധപ്പെട്ടതാണ്‌ പ്രോജക്‌ട്‌. ഇവിടങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്‌ധപ്പെട്ട്‌ ജീവിതത്തിന്റെ പൊരുള്‍ തേടുന്നതാണ്‌ പരിപാടി.ആസാമില്‍ നിന്നുള്ള ഭട്ടാചാര്യയും ഒരു മഹാരാഷ്‌ട്രക്കാരനും ഞാനുംകൂടെ കേരളം മുഴുവന്‍ നടന്നു കണ്ടു. കേരളത്തെ മൊത്തത്തില്‍ ഞാന്‍ ആദ്യമായി കാണുന്നത്‌ അപ്പോഴാണ്‌.
ആ യാത്രയ്ക്കിടയിലാണ്‌ ആചാരപ്പെരുമയുടെയും ഐതിഹ്യപ്പഴമയുടെയും നാടെന്നു വിളിക്കാവുന്ന ഉത്തരമലബാറിലും എത്തിയത്‌. ജീവിതത്തിലെ ഏറ്റവും അവിസ്‌മരണീയമായ അനുഭവമാണ്‌ മലബാര്‍ കാഴ്ചകള്‍ എനിക്കു തന്നത്‌.തിരുവിതാംകൂറിലെയും മധ്യകേരളത്തിലെയും ജീവിതങ്ങളില്‍ നിന്ന്‌ എത്രയോ വ്യത്യസ്‌തമാണ്‌ അവിടത്തെ ജീവിതം! വിശ്വാസത്തിനും ഭക്തിക്കും അര്‍പ്പിക്കപ്പെട്ട ജീവിതങ്ങളാണ്‌ അവരുടേതെന്നു തോന്നിപ്പോയി.

പയ്യന്നൂരില്‍ ഞങ്ങളെത്തുമ്പോള്‍ തീച്ചാമുണ്‌ഡി തെയ്യത്തിന്റെ സമയം. അന്ന്‌ മലബാറിന്റെ തെയ്യങ്ങളില്‍ അത്യപൂര്‍വ്വമാണ്‌ തീച്ചാമുണ്‌ഡി. കോലം കെട്ടുന്നവന്‍ ഈശ്വരനായി മാറുന്ന തെയ്യങ്ങളെ ടൂറിസം വാരാഘോഷങ്ങളില്‍ മാത്രം കണ്ടുള്ള പരിചയമേ തിരുവിതാംകൂറുകാര്‍ക്കും മറ്റും ഇന്നുമുള്ളൂ.'തീച്ചാമുണ്‌ഡി' എന്നെ അമ്പരപ്പിക്കുകയും കരയിക്കുകയും ചെയ്‌തു. ഈ അനുഷ്ഠാനകലയുമായി ബന്‌ധപ്പെട്ട ചില കാര്യങ്ങളാണ്‌ പറയുന്നത്‌.

പകല്‍ മുഴുവന്‍ വിറകു കത്തിക്കും. അസഹ്യമായ ചൂട്‌. ഈ കനല്‍ ഇളക്കാന്‍ മെയ്ക്കരുത്തുള്ള പത്തുപന്ത്രണ്ടു പേരുണ്ടാകും. നീളമുള്ള മുളന്തണ്ടിന്റെ ഒരറ്റത്തു പിടിച്ച്‌ കനലൊന്ന്‌ ഇളക്കിയിട്ട്‌ അവര്‍ വേഗം ഓടിമാറും. കനല്‍ക്കൂനയുടെ പത്തടി ദൂരത്തുവരെയേ അവര്‍ ചെല്ലൂ. അവര്‍ക്ക്‌ ചൂടില്‍ നിന്ന്‌ രക്ഷ നല്‍കാന്‍ മാറിനു മുന്നില്‍ പച്ചോലകൊണ്ട്‌ മറ്റു ചിലര്‍ കവചം തീര്‍ക്കും. പക്ഷേ, തീക്കനലിളക്കാന്‍ വരുന്നവര്‍ക്ക്‌ രക്ഷ നല്‍കുന്ന പച്ചോല നിമിഷംകൊണ്ട്‌ കരിഞ്ഞുപോകും. അത്രയ്ക്കാണ്‌ കനല്‍ക്കൂനയുടെ ചൂട്‌! ഈ തീക്കുണ്‌ഡത്തിലേക്കാണ്‌ തീച്ചാമുണ്‌ഡി തെയ്യം ചാടുന്നത്‌! ചാടുന്നു എന്നു പറയുന്നതിനേക്കാള്‍ വീഴുന്നു എന്നു പറയുന്നതാണ്‌ ശരി.
തീച്ചാമുണ്‌ഡിയായി വേഷംകെട്ടുന്ന ആളിന്റെ അരയില്‍ മടല്‍പ്പൊളി (വഴുക) നീളത്തില്‍ കയര്‍ പോലെ കെട്ടിയിട്ടുണ്ടാവും. ഇതിന്റെ അറ്റം ഇരുവശങ്ങളിലുമായി വിശ്വസ്‌തരായവര്‍ പിടിച്ചിരിക്കും. ഇവരാണ്‌ തീച്ചാമുണ്‌ഡിയെ കനലിലേക്ക്‌ വലിച്ചിടുന്നതും തിരിച്ചെടുക്കുന്നതും.

വിശ്വസ്‌തരെന്നു പറയുന്ന ഇവര്‍ എല്ലാ അര്‍ത്ഥത്തിലും വിശ്വസ്‌തര്‍ തന്നെയായിരിക്കണം. വേഷംകെട്ടുന്ന ആളിനോടു മാത്രമല്ല, അനുഷ്ഠാനത്തോടും കര്‍മ്മത്തോടും വേണം, വിശ്വാസം. കനല്‍ക്കൂനയിലേക്ക്‌ തെയ്യക്കാരനെ ഇടുന്നതിന്റെയും വലിച്ചുകയറ്റുന്നതിന്റെയും ടൈമിംഗ്‌ പ്രധാനമാണ്‌. അതൊന്നു തെറ്റിയാല്‍....
കര്‍മ്മത്തിലൂടെ വേഷക്കാരന്‍ ഈശ്വരന്‍തന്നെയായി മാറുന്നു എന്ന വിശ്വാസത്തില്‍ പിടിച്ചാണ്‌ തീച്ചാമുണ്‌ഡി വേഷംകെട്ടുന്നത്‌. തീയില്‍ വീഴുന്ന ഈ അനുഷ്ഠാനത്തിന്‌ ആത്‌മാഹുതിയുടെ ഒരു ഭാവം കൂടിയുണ്ട്‌.പയ്യന്നൂരില്‍ തീച്ചാമുണ്‌ഡി വേഷംകെട്ടിയ കൃഷ്‌ണന്‍ മലയന്റെ വീടന്വേഷിച്ച്‌ ഞങ്ങള്‍ ചെല്ലുമ്പോഴാണ്‌ അറിഞ്ഞത്‌, വേഷംകെട്ടിയതിന്റെ മൂന്നാംനാളില്‍ അയാളെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയെന്ന്‌. പിന്നീടാണ്‌ വേദനിപ്പിക്കുന്ന ആ വിവരം അറിഞ്ഞത്‌. തീച്ചാമുണ്‌ഡിയായി വേഷംകെട്ടുന്ന എല്ലാവരുടെയും പിന്നീടുള്ള ജീവിതം മരുന്നിന്റെയും യാതനയുടെയും ലോകത്താണ്‌!

അത്യുഗ്രമായ ചൂടില്‍ കനലിലേക്ക്‌ ഭ്രാന്തമായ ആവേശത്തോടെ വീഴുന്ന ഇവരുടെയെല്ലാം രക്തത്തില്‍ വെളുത്ത രക്താണുക്കളുടെ എണ്ണം തീരെക്കുറവായിരിക്കും. ശരീരത്തിന്റെ പ്രതിരോധശക്തി നഷ്‌ടമായി, ഇവര്‍ നിത്യരോഗങ്ങളുടെ പിടിയിലാകും. ഇതിനു പുറമെ നിരന്തരം ഏല്‍ക്കുന്ന ചൂടു കാരണം ആന്തരാവയവങ്ങള്‍ക്കും സാരമായ കേടുവന്നിരിക്കും.തീച്ചാമുണ്‌ഡി വേഷം കെട്ടുന്നവരുടെ ഭാര്യമാര്‍ മിക്കവരും പതിച്ചികളാണെന്നും (വയറ്റാട്ടികള്‍) അറിഞ്ഞു. കനല്‍ക്കൂനയില്‍ നിന്നു ലഭിക്കുന്നത്‌ പുനര്‍ജ്ജന്മമാണ്‌. പ്രസവാനന്തര ശുശ്രൂഷപോലെ എത്രയോ ദിവസത്തെ പരിചരണത്തിനു ശേഷമാണ്‌ തെയ്യംകെട്ടുന്നയാള്‍ ഒന്നെഴുന്നേല്‍ക്കുന്നത്‌!

കൃഷ്‌ണന്‍ മലയന്റെ വീട്ടില്‍നിന്ന്‌ ഞങ്ങള്‍ പോയത്‌ തീച്ചാമുണ്‌ഡി വേഷംകെട്ടുന്ന മറ്റൊരാളുടെ വീട്ടിലേക്കാണ്‌. ഇടിഞ്ഞുവീഴാറായ ഒരു കൂരയില്‍ വെറുംനിലത്ത്‌ വിരിച്ചിട്ട കീറപ്പായയില്‍ എല്ലിന്‍കൂടുപോലെ അയാള്‍ കിടക്കുന്നു! വെള്ളമല്ലാതെ ഭക്ഷണമൊന്നും ഉള്ളിലേക്കിറക്കില്ല. ആന്തരാവയവങ്ങള്‍ തകര്‍ന്ന്‌, മരണവാതിലിന്റെ തൊട്ടടുത്താണ്‌ അയാള്‍. ഇന്നലെകളില്‍ ദൈവത്താറായി ആടിയ, ദൈവംതന്നെയായി മാറിയ മനുഷ്യന്‍! ഓരോ തവണ തീക്കുണ്‌ഡത്തിലേക്കു ചാടുമ്പോഴും തെയ്യക്കോലം ഭ്രാന്തമായി വിളിച്ചുചോദിക്കും, 'മതിയോ മതിയോ' എന്ന്‌. 'പോരാ' എന്ന്‌ വിളിച്ചുപറയും, കാവിന്നധികാരി.
പുരുഷാരങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ കനല്‍ക്കൂമ്പാരത്തിലേക്ക്‌ ദൈവത്തിന്റെ ആവേശമായി തീച്ചാമുണ്‌ഡി വീണ്ടും വീണ്ടും ചാടിക്കൊണ്ടിരിക്കും. അതു കണ്ട്‌ ആരാധനയുടെ വായ്ത്താരികളുമായി ജനക്കൂട്ടം. ഇപ്പോള്‍ ആ ആരവങ്ങളെവിടെ? പുരുഷാരമെവിടെ? പ്രാണന്‍ കൂടുവിട്ടുപോകാന്‍ ഒരു ശ്വാസത്തിന്റെ നിമിഷം മാത്രം അവശേഷിക്കുന്ന ആ പഴയ തീച്ചാമുണ്‌ഡി വേഷക്കാരനെ നോക്കിനിന്നപ്പോള്‍ ഉള്ളു പിടഞ്ഞു.

'എന്നെ ധരിച്ചാല്‍ ധരിച്ചവര്‍ക്കും എന്നെ കാണാനും കേള്‍പ്പാനും വന്ന ഏവര്‍ക്കും അവരുടെ കന്നുകാലികള്‍ക്കും പൈതങ്ങള്‍ക്കും നാളെമേലാക്കത്തിന്‌ മേലൈശ്വര്യത്തിനും ഗുണം വരണേ.... ഗുണം' എന്ന പ്രാര്‍ത്ഥനയോടെയാണ്‌ തീച്ചാമുണ്‌ഡി അഗ്‌നിയിലേക്കു ചാടുന്നത്‌.

കാണാനും കേള്‍ക്കാനും വന്നവര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും കാലികള്‍ക്കും നാള്‍ക്കുനാള്‍ ഗുണം വരാന്‍ അഗ്‌നിസ്‌നാനം ചെയ്‌ത ഒരുമനുഷ്യനാണ്‌ നരകിച്ചു മരിക്കാന്‍ കിടക്കുന്നത്‌! വിശ്വാസങ്ങളും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യം എന്നെ വല്ലാതെ ഉലച്ചു.
അവനവനിലേക്കു മാത്രം ചുരുങ്ങുന്ന ഇന്നത്തെ ജീവിതത്തില്‍ ഇവരെ ആരോര്‍മ്മിക്കാന്‍? സ്വന്തം സ്വത്വത്തില്‍ നിന്ന്‌ ദൈവത്തിന്റെ സ്വത്വത്തിലേക്കുള്ള യാത്ര. ഒടുവില്‍ ആരുടെയും തുണയില്ലാതെ ദാരുണമായ അവസാനയാത്ര....

അവിടെനിന്നു മടങ്ങുമ്പോള്‍ മനസ്സില്‍ മുഴങ്ങിയത്‌ തീച്ചാമുണ്‌ഡിയുടെ പ്രാര്‍ത്ഥനയായിരുന്നു: "സകല ലോകത്തിനും ഗുണം വരണേ ഗുണം...."

കടപ്പാട്‌: കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: