വെള്ളിയാഴ്‌ച, ഡിസംബർ 02, 2005

അറിയാത്ത പ്രണയത്തിന്റെ ആത്മകഥ

അറിയാത്ത പ്രണയത്തിന്റെ ആത്മകഥ
ശങ്കര്‍ ഹിമഗിരി

ശ്വാസനാളത്തില്‍ ഒരു ഹിമപര്‍വ്വതം ഞെരുങ്ങുന്നതുപോലെ. എങ്ങനെ വിശ്വസിക്കും, തീവണ്ടിയിലെ ഈ പാട്ടുകാരി എന്റെ സഹപാഠിയെന്ന്‌. ഒരു പാട്ടു മൂളുന്നത്ര ലാഘവത്തോടെ അവള്‍ പറഞ്ഞിട്ടു പോയി:
"നമ്മള്‍ ഒരുമിച്ചു പഠിച്ചിട്ടുണ്ട്‌."
ആകാശത്ത്‌ വേനല്‍മഴയുടെ വെള്ളിടിമുഴക്കം. മേഘങ്ങളില്ലാതെ മേല്‍ക്കാഴ്ചകള്‍ മഴയില്‍ ഇരുണ്ടു. പ്രതിഷേധത്തിന്റെ മുഴക്കംപോലെ മഴ അമര്‍ന്നുപെയ്യുന്നു. നിരനിരയായി തീവണ്ടിജാലകങ്ങള്‍ അടഞ്ഞു.
അവസാനമില്ലാത്ത ഏതോ ഇരുള്‍ഗുഹയിലൂടെ യാത്രികരെയുംകൊണ്ട്‌ ആ ട്രെയിന്‍ അലറിപ്പായുകയാണെന്നു തോന്നി. അകത്ത്‌, നാട്ടുവിശേഷങ്ങളുടെ തുടര്‍ച്ച മുറിഞ്ഞു. പെട്ടെന്ന്‌ ആര്‍ക്കും ഒന്നും പറയാനില്ലാതായി. മഴ ഭൂമിയെ വിഴുങ്ങി.
മഴയുടെ കാറ്റും തണുപ്പും കടന്ന്‌ എന്റെ ഓര്‍മ്മകളിലേക്ക്‌ ആ പാട്ടു മാത്രം ഒഴുകിക്കൊണ്ടിരുന്നു:
'അക്കരയ്ക്കു യാത്രചെയ്യും സീയോന്‍ സഞ്ചാരീ....'
എവിടെയാണ്‌ ഇവള്‍ ഒപ്പം പഠിച്ചിട്ടുണ്ടെന്നു പറഞ്ഞത്‌? സ്കൂളില്‍? കോളേജില്‍? കോളേജില്‍ ഒരുമിച്ചു പഠിച്ചവരെ മറക്കാന്‍ കാലമായില്ല. ഓര്‍മ്മയിലേക്ക്‌ സ്കൂള്‍പഠനകാലത്തെ മടക്കിവിളിക്കാന്‍ ശ്രമിക്കുമ്പോള്‍ കാഴ്ചകള്‍ക്കു തെളിച്ചം പോരാ. മുഖങ്ങള്‍ക്ക്‌ പരിചയം പോരാ.
തിരുവനന്തപുരത്തെത്തുമ്പോള്‍ സന്‌ധ്യയാണ്‌. അവളുടെ പാട്ട്‌ പിന്നെ കേട്ടതേയില്ല. മന:പൂര്‍വ്വം ഒഴിഞ്ഞുമാറുന്നതാകാം.
ഇടുങ്ങിയ തുരങ്കത്തിലൂടെ മലവെള്ളപ്പാച്ചില്‍പോലെ പുറത്തേക്കു തിരക്ക്‌. അതിനിടയിലും കണ്ണുകള്‍ പരതുന്നുണ്ട്‌, പാട്ടുകാരിയെ. സ്റ്റേഷനു പുറത്ത്‌, കല്‍ച്ചുമരില്‍ ചാരി, ആ ഹാര്‍മോണിയത്തിന്മേല്‍ വിരല്‍ച്ചിത്രമെഴുതി അവള്‍.
ഞാന്‍ മുന്നില്‍ നിന്നു. അവള്‍ മുഖത്തേക്കുതന്നെ സൂക്ഷിച്ചുനോക്കുകയാണ്‌. പഴയ സഹപാഠിക്കു മുന്നില്‍ ഭിക്ഷക്കാരിയായി നില്‍ക്കേണ്ടിവരുന്നതിന്റെ സങ്കടമല്ല, ഏതോ ദൂരതീരത്തുവച്ച്‌ അപ്രതീക്ഷിതമായി പഴയൊരു പരിചയത്തെ കണ്ടെടുക്കുന്നതിന്റെ കൌതുകം, ആ വിടര്‍ന്ന കണ്ണുകളില്‍.
"ഓര്‍മ്മവരുന്നില്ല; അല്ലേ? ഒരുപാടു കാര്യങ്ങളൊന്നും മനസ്സിലില്ലാത്തതുകൊണ്ടായിരിക്കും, പഴയതെല്ലാം എനിക്ക്‌ അതുപോലെ ഓര്‍മ്മയുണ്ട്‌."
കുറ്റപ്പെടുത്തലിന്റെ മുന നെഞ്ചില്‍ കൊണ്ടു. എന്നിട്ടും ഓര്‍മ്മിക്കാന്‍ കഴിയുന്നില്ലല്ലോ. പാറിവീണ മുടിച്ചുരുളുകള്‍ ഒതുക്കിവയ്ക്കുമ്പോള്‍ പച്ചകുത്തിയ ആ വലതുകൈത്തണ്ട പിന്നെയും ശ്രദ്ധിച്ചു. പക്ഷേ....
"ശ്രീ സീതാറാം എല്‍.പി. സ്കൂള്‍. നാലാം ക്‌ളാസ്സ്‌. ഓര്‍മ്മയുണ്ടോ?"
മഴ ഒതുങ്ങി. കാഴ്ചകള്‍ തെളിയുകയാണ്‌. ഞാന്‍ പഴയ നാലാം ക്‌ളാസ്സുകാരനാവുന്നു. തറയോടു പാകിയ വരാന്തകള്‍. വിശാലമായ ക്‌ളാസ്‌മുറികള്‍. മണിമുഴക്കം. മുറ്റത്ത്‌ വലിയൊരു നെല്ലിമരം. പുല്ലുപടര്‍ത്തിയ മൈതാനം. സ്കൂള്‍ അസംബ്‌ളി. ഞാന്‍ ക്‌ളാസ്‌ ലീഡറായി....
ക്‌ളാസ്സില്‍ ടീച്ചറില്ലാത്തപ്പോള്‍ സംസാരിക്കുന്നവരെ ശിക്ഷിക്കാനുള്ള അധികാരം ലീഡര്‍ക്ക്‌. കണക്കു നോട്ട്ബുക്കിന്റെ പിന്‍പേജില്‍ നിരനിരയായി പേരുകള്‍. രമേഷ്‌, സായ, ശോഭ, ലീല, പ്രദീപ്‌, മണികണ്ഠന്‍, അജിത്‌, അപര്‍ണ്ണ....
അപര്‍ണ്ണ!
ഇത്‌ അപര്‍ണ്ണയാണ്‌. ഓര്‍മ്മയുണ്ട്‌, ക്‌ളാസ്സില്‍ സംസാരിക്കുന്ന കുറ്റത്തിന്‌ ലീഡറുടെ ചൂരലടി ഏറ്റുവാങ്ങാന്‍ മിക്കപ്പോഴും മുന്നില്‍നില്‍ക്കുന്ന സ്വര്‍ണ്ണത്തലമുടിക്കാരി. നീട്ടിയ വലതുകൈത്തണ്ടയില്‍ പച്ചകുത്തിയ ചിത്രങ്ങള്‍.
"അപര്‍ണ്ണ?"
"അപ്പോള്‍ മറന്നിട്ടില്ല!"
"പക്ഷേ...."
തീവണ്ടിയിലെ പാട്ടുകാരിയോട്‌ അപരിചിതനായ ചെറുപ്പക്കാരന്റെ വര്‍ത്തമാനം ശ്രദ്ധിച്ചിട്ടാകാം, ഓട്ടോറിക്ഷാക്കാരും ഒന്നുരണ്ട്‌ ടാക്‌സിഡ്രൈവര്‍മാരും അടുത്തേക്കുവന്നു.
അവള്‍ക്ക്‌ ചിലരെ പരിചയമുണ്ടെന്നു തോന്നി. എനിക്ക്‌ വെപ്രാളം.
"നമുക്ക്‌ ഒരു കാപ്പികുടിക്കാം."
തിരുവനന്തപുരം നഗരം അന്ന്‌ ഒട്ടും പരിചയമില്ല. സ്റ്റേഷനു വെളിയില്‍, കോര്‍പറേഷന്‍ വക സി.പി. സത്രത്തോടു ചേര്‍ന്ന്‌ വലിയൊരു വെജിറ്റേറിയന്‍ ഹോട്ടലുണ്ടായിരുന്നു. നാലുപേര്‍ക്ക്‌ ഭക്ഷണത്തിനിരിക്കാവുന്ന, ചെറിയ മാര്‍ബിള്‍ മേശ. അവള്‍ ഒരുവശത്തിരുന്ന്‌, ഹാര്‍മോണിയം അടുത്ത കസേരയില്‍ വച്ചു. ഞാന്‍ എതിരെ.
"വിശ്വസിക്കാന്‍ പറ്റുന്നില്ല, ഞാന്‍ പഴയ അപര്‍ണ്ണയാണെന്ന്‌- അല്ലേ?"
ഒന്നും പറഞ്ഞില്ല.
യാത്രയില്‍ പെയ്‌ത മഴ ഈ നഗരത്തെയും നനച്ചുകുതിര്‍ത്തിരുന്നു. അതിന്റെ അലങ്കോലമെല്ലാമുണ്ട്‌, ഹോട്ടലില്‍. തറയാകെ ചെളിയില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍. നനവ്‌. തണുത്ത അന്തരീക്ഷത്തില്‍ ശബ്‌ദങ്ങള്‍ക്ക്‌ മുഴക്കം. അവളില്‍ നിന്ന്‌ മുഖംതിരിക്കാനെന്നോണം, ഭിത്തിയില്‍ തൂക്കിയിട്ട വിലവിവരപ്പട്ടിക മന:പാഠമാക്കുകയാണ്‌ ഞാന്‍. ചായ: 2.00, ഉഴുന്നുവട: 2.50, കാപ്പി: 3.50....
"എന്നോട്‌ ഒന്നും ചോദിക്കാനില്ലേ?"
"ചായയോ കാപ്പിയോ?"
അപര്‍ണ്ണ ചിരിച്ചു. അവള്‍ പരിഹസിക്കുകയാണെന്നു തോന്നി.
സപ്‌ളൈയര്‍ വന്നപ്പോള്‍ അവള്‍തന്നെയാണ്‌ രണ്ടു ചായ ഓര്‍ഡര്‍ ചെയ്‌തത്‌. നഗരം അവളുടെ സ്വന്തമാണെന്നും ഞാന്‍ അതിഥിയാണെന്നും എഴുതിവയ്ക്കുന്നതുപോലെ, അത്രയും അധികാരത്തോടെയായിരുന്നു അത്‌.
"എന്താ ഇവിടെ?" ചോദിച്ചത്‌ അപര്‍ണ്ണ.
"ഒരു പരീക്ഷ."
"വീട്‌ അവിടെനിന്നു മാറിയോ?"
"ഇല്ല."
വക്കൊടിഞ്ഞ സ്റ്റീല്‍ ടംബ്‌ളറിലേക്ക്‌ കമിഴ്ത്തിയടച്ച ചെറിയ ഗ്‌ളാസ്സില്‍ ചായ വന്നു. കയ്ക്കുന്ന ചായ.
"എന്നെ ശരിക്കും ഓര്‍മ്മവരുന്നുണ്ടോ?"
"ഉവ്വ്‌. സെക്കന്‍ഡ്‌ ബെഞ്ചില്‍, ഇടത്തേയറ്റത്തായിരുന്നു തന്റെ സീറ്റ്‌. ക്‌ളാസ്സില്‍ വര്‍ത്തമാനം പറയുന്നതിന്‌ എപ്പോഴും ലീഡറുടെ അടി വാങ്ങുമായിരുന്നു."
"എന്നെക്കുറിച്ച്‌ എന്താ ഒന്നും ചോദിക്കാത്തത്‌?"
പറഞ്ഞുകേള്‍ക്കാന്‍ അത്രയൊന്നും സുഖമുള്ളതാകാനിടയില്ലാത്ത അവളുടെ കഥ. അത്‌ ചോദിക്കുന്നതെങ്ങനെ?
"അപര്‍ണ്ണയ്ക്ക്‌ സങ്കടമായെങ്കിലോ...."
"സങ്കടം?" പരിഹാസത്തിന്റെ ശരംതൊടുക്കുന്നതുപോലുള്ള ഒരു ചിരിയില്‍ അവള്‍ മേറ്റ്ല്ലാം മായ്ച്ചുകളഞ്ഞു. അതോ സ്വയം പരിഹസിച്ചതോ?
"പറയ്‌."
അപര്‍ണ്ണ, മറ്റാരുടെയോ ജീവിതകഥ ഒട്ടും വികാരസ്‌പര്‍ശമില്ലാതെ പറയുന്നതുപോലെ സ്വന്തം ജീവിതം തുറന്നു.
മഹാരാഷ്‌ട്രക്കാരനായിരുന്നു അപര്‍ണ്ണയുടെ അച്ഛന്‍. അമ്മ മലയാളിയും. ആലത്തൂരില്‍, (പാലക്കാട്‌) ശ്രീ സീതാറാം എല്‍.പി സ്കൂളില്‍ അപര്‍ണ്ണ പഠിക്കാനെത്തുമ്പോള്‍ അമ്മയ്ക്ക്‌ സര്‍ക്കാര്‍ ജോലിയുണ്ട്‌.
അമ്മമ്മയോടൊപ്പം താമസം, സ്കൂളില്‍ നിന്ന്‌ അത്രയൊന്നും അകലത്തല്ലാതെ പെരുങ്കുളം ഗ്രാമത്തില്‍.
നാലാംക്‌ളാസ്സിലെ പരീക്ഷ കഴിഞ്ഞ അവധിക്കാലത്ത്‌ അമ്മമ്മ മരിച്ചു. വിവരമറിയിച്ചിട്ടും വരാതിരുന്ന അച്ഛനെത്തിരഞ്ഞ്‌ അമ്മ മുംബെയിലേക്കു പോയപ്പോള്‍ അപര്‍ണ്ണയെ അയല്‍വീട്ടില്‍ നിറുത്തുകയായിരുന്നു.
അമ്മയെ കാത്തിരുന്ന നാളുകള്‍. അന്ന്‌ ടെലിഫോണൊന്നും എല്ലായിടത്തുമില്ല. എന്തെങ്കിലും വിവരമറിയണമെങ്കില്‍ കത്തു വരണം.
കാത്തിരിപ്പിനൊടുവില്‍ അമ്മയുടെ കത്ത്‌:
'മോളേ,
അച്ഛന്‌ നല്ല സുഖമില്ല. അമ്മയ്ക്ക്‌ ഇവിടെ നിന്നേ പറ്റൂ. ഇങ്ങോട്ടുപോരുന്ന ഒരാളുടെ കൂടെ മോളെ ട്രെയിനില്‍ കയറ്റിവിടണമെന്ന്‌ അമ്മ അവിടത്തെ അങ്കിളിന്‌ കത്തെഴുതിയിട്ടുണ്ട്‌. പേടിക്കരുത്‌. സ്റ്റേഷനില്‍ അമ്മ കാത്തുനില്‍ക്കാം....'
അവിടെച്ചെന്നപ്പോഴാണ്‌ കത്തില്‍ അമ്മയെഴുതിയതെല്ലാം വെറും കള്ളമെന്നു മനസ്സിലായത്‌. അച്ഛന്‌ മുംബെയില്‍ വേറെ ഭാര്യയും രണ്ടു കുട്ടികളും.
അമ്മ അന്വേഷിച്ചു ചെല്ലുമ്പോള്‍ അച്ഛന്‍ ബിസിനസ്‌ ടൂറിലായിരുന്നു. അച്ഛന്‌ നാട്ടില്‍ ഒരു കുടുംബമുണ്ടെന്ന്‌ ആ സ്‌ത്രീക്ക്‌ അറിഞ്ഞുകൂടാ. നാട്ടില്‍ നിന്നെത്തിയ ബന്‌ധുവെന്ന മേല്‍വിലാസത്തില്‍ അച്ഛന്‍ വരുന്നതുവരെ അമ്മ ആ വീട്ടില്‍ത്തന്നെ കഴിഞ്ഞു.
ഒടുവില്‍ അച്ഛന്‍ വന്നു.
ആ സ്‌ത്രീയുടെ മുന്നില്‍വച്ച്‌ അച്ഛന്‍ അമ്മയോടു ചോദിച്ചു:
"നീയേതാടീ?"
"നിങ്ങള്‍ക്ക്‌ എന്നെ അറിഞ്ഞുകൂടേ?"
"ഇല്ല."
"നിങ്ങളുടെ മകള്‍ അപര്‍ണ്ണയെ?"
"മകളോ! എനിക്കോ? എന്റെ കുട്ടികള്‍ ഇതാ എന്റെ കൂടെയുണ്ട്‌."
പടിക്കു പുറത്താക്കി, ഗേറ്റ്‌ കുറ്റിയിടുമ്പോള്‍ അവര്‍ കേള്‍ക്കാതെ അച്ഛന്‍ പറഞ്ഞത്രേ:
"ക്ഷമിക്കൂ."
അമ്മ ക്ഷമിച്ചു. ആത്‌മഹത്യയായിരുന്നു അത്‌. നാട്ടില്‍ മറ്റാരുമില്ല. മറുനാട്ടിലുമില്ല.
അമ്മ ഉപേക്ഷിക്കപ്പെട്ടതിന്റെ പിറ്റേന്നാണ്‌ ഞാന്‍ മുംബെയില്‍ തീവണ്ടിയിറങ്ങിയത്‌. അമ്മ ഒന്നും പറഞ്ഞില്ല. ചെറിയൊരു ലോഡ്ജിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ഭക്ഷണം വാങ്ങിത്തന്നു. രാത്രിയില്‍ പാട്ടുപാടിയുറക്കി. അമ്മയുടെ അവസാനത്തെ പാട്ടാണ്‌ അതെന്ന്‌ അറിഞ്ഞതേയില്ല.
രാവിലെ. അമ്മയുടെ ശരീരം മഞ്ഞുപോലെ തണുത്തിരുന്നു. കണ്ണിനു മീതെ ഈച്ചകളും ഉറുമ്പുകളും പരതിനടന്നു. കട്ടിലിലെ വിരിപ്പു മാറ്റിയപ്പോള്‍ അമ്മയെഴുതിയ കത്ത്‌ ആരുടെയോ കയ്യില്‍ കിട്ടി. കഥയെല്ലാം അതിലുണ്ടായിരുന്നു; വിറയ്ക്കാതെ, നിവര്‍ന്നുനില്‍ക്കുന്ന അക്ഷരങ്ങളില്‍.
ആരും പരിചയക്കാരില്ലാത്ത ഒരു പത്തുവയസ്സുകാരിയെ മഹാനഗരം എങ്ങനെ സ്വീകരിച്ചെന്ന്‌ ഞാന്‍ പറഞ്ഞുതരണോ?
അപര്‍ണ്ണ എന്നൊരു പെണ്‍കുട്ടിയെ ആ യാത്രയില്‍ കാണേണ്ടിയിരുന്നില്ലെന്നും കഥകളൊന്നും അറിയേണ്ടിയിരുന്നില്ലെന്നും തോന്നി.
ഇനി എന്തു ചോദിക്കാന്‍? ഒരു ചായകൂടി കുടിച്ച്‌ യാത്രപറയാം. എനിക്ക്‌ അത്ഭുതമായിരുന്നു, ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം അപര്‍ണ്ണ പഴയ നാലാംക്‌ളാസ്സുകാരനെ തിരിച്ചറിഞ്ഞതെങ്ങനെ?
ആ വിസ്‌മയം ഊഹിച്ചിട്ടെന്നപോലെ അവള്‍ പറഞ്ഞു:
"നാലാംക്‌ളാസ്സില്‍ വച്ച്‌ എനിക്ക്‌ ലൌ ലെറ്റര്‍ തന്നയാളല്ലേ! അങ്ങനെ മറക്കാന്‍ പറ്റുമോ? പിന്നെ, ഒന്നുരണ്ടു തവണ ഞാന്‍ ടിവിയില്‍ കണ്ടിട്ടുണ്ട്‌, ആരെയോ ഇന്റര്‍വ്യൂ ചെയ്യുന്നതായിട്ട്‌."
ആദ്യത്തെ പ്രണയക്കുറിപ്പിന്റെ തമാശയും അപര്‍ണ്ണതന്നെ ഓര്‍മ്മിപ്പിച്ചു. പ്രദീപിന്റെ ഒരു തമാശയായിരുന്നു അത്‌. ക്‌ളാസ്സില്‍ മുതിര്‍ന്നവന്‍. ടീച്ചര്‍മാരെ പേടിയില്ലാത്തവന്‍. ക്‌ളാസ്‌ ലീഡറാകാന്‍ പറ്റാഞ്ഞതിന്റെ കുശുമ്പു തീര്‍ത്തത്‌ ഇങ്ങനെ.
ഉച്ചയൂണു കഴിഞ്ഞ്‌ തിരിച്ചുവന്നപ്പോള്‍ അപര്‍ണ്ണയുടെ സ്കൂള്‍ബാഗിനകത്ത്‌ ഒരു കടലാസു തുണ്ട്‌: ഐ ലൌ യൂ.
അര്‍ത്ഥമെന്തെന്ന്‌ അറിഞ്ഞുകൂടെങ്കിലും അപരിചിതമായ ആ കടലാസുകഷണത്തില്‍ എന്തോ അപകടമുണ്ടെന്ന്‌ അവള്‍ക്കു തോന്നി. കടലാസു കഷണം ഹെഡ്‌മിസ്‌ട്രസിനു മുന്നില്‍ ഹാജരാക്കപ്പെട്ടു.
നാലാം ക്‌ളാസ്സുകാരാണ്‌ സ്കൂളിലെ സീനിയേഴ്‌സ്‌. അതുകൊണ്ട്‌ പ്രതി അതേ ക്‌ളാസ്സില്‍ത്തന്നെ!
അപ്പോഴാണ്‌ കേസിന്‌ സാക്ഷിയുണ്ടായത്‌: ശോഭ. ചോറ്റുപാത്രം കഴുകി, ക്‌ളാസ്സിലേക്ക്‌ തിരിച്ചെത്തുമ്പോള്‍ ഞാന്‍ അപര്‍ണ്ണയുടെ സീറ്റിനടുത്ത്‌ പരുങ്ങിനില്‌പുണ്ട്‌. ചോദ്യംചെയ്യല്‍. ചൂരലടി. കടലാസിലെ കയ്യക്ഷരവുമായി എല്ലാവരുടെയും അക്ഷരം ഒത്തുനോക്കല്‍.
കുറ്റം തെളിയിക്കപ്പെട്ടു. കത്തെഴുതിയത്‌ പ്രദീപ്‌. അപര്‍ണ്ണയുടെ ബാഗില്‍ ആ കത്ത്‌ നിക്ഷേപിച്ചത്‌ ഞാന്‍! പ്രദീപ്‌ അതിസമര്‍ത്ഥമായി എന്നെ പറ്റിക്കുകയായിരുന്നു.
തികച്ചും സാധാരണമായ ഭാവത്തില്‍ അവന്റെ ചോദ്യം: "ഒരു സാധനം തന്നാല്‍ അത്‌ അപര്‍ണ്ണയുടെ ബാഗില്‍ വയ്ക്കാന്‍ ധൈര്യമുണ്ടോ, നിനക്ക്‌?"
"പിന്നെന്താ."
"എങ്കില്‍ ഈ കടലാസ്‌ കൊണ്ടുവയ്ക്ക്‌."
തുറന്നുനോക്കിയപ്പോള്‍ എന്തോ ഒരുവരി എഴുതിയിട്ടുണ്ട്‌. I എന്നും തചഠ എന്നും മാത്രം മനസ്സിലായി. അതിനിടയ്ക്ക്‌ മറ്റൊരു വാക്കുകൂടിയുണ്ട്‌. അതെന്തെന്ന്‌ പിടികിട്ടിയില്ല. ഒരു വാക്കല്ലേ, കുഴപ്പമില്ല!
പക്ഷേ, നിരപരാധിത്വം തെളിയിക്കപ്പെടുമ്പോഴേക്കും കിട്ടേണ്ടതു മുഴുവന്‍ എനിക്കു കിട്ടിയിരുന്നു.
"ഒന്നും മറന്നിട്ടില്ല. ഓര്‍ത്തുവയ്ക്കാന്‍ അതൊക്കെയേയുള്ളൂ എനിക്ക്‌."
"ഞാന്‍ അതൊക്കെ മറന്നു."
"സാരമില്ല. നമ്മുടെ സ്കൂളില്‍ പിന്നെ പോയിട്ടുണ്ടോ?"
"പഴയ സീതാറാം സ്കൂള്‍ വിറ്റു. ഇപ്പോള്‍ അത്‌ ഹോളി ഫാമിലി കോണ്‍വെന്റ്‌ ആണ്‌."
"ആ നെല്ലിമരമോ?"
"അറിഞ്ഞുകൂടാ."
ചായയുടെ കാശ്‌ അപര്‍ണ്ണ നിര്‍ബന്‌ധപൂര്‍വ്വം കൊടുത്തു.
ഇരമ്പുന്ന നഗരം. ഇനി എങ്ങോട്ടെന്ന്‌ അപര്‍ണ്ണയോടു ചോദിച്ചില്ല. അതിനു മുമ്പേ അവള്‍ പറഞ്ഞു:
"എന്റെ ജീവിതം ട്രെയിനിലാണ്‌. പാളങ്ങള്‍ എങ്ങോട്ടൊക്കെ നീളുന്നുവോ, ഞാനും അങ്ങോട്ടൊക്കെ."
ഒരു നീര്‍ക്കണം അപ്പോള്‍ ആദ്യമായി അപര്‍ണ്ണയുടെ കണ്ണില്‍ നിറഞ്ഞു. കണ്ണീര്‍ തുടയ്ക്കാന്‍ കയ്യുയര്‍ത്തിയപ്പോള്‍ വലതുകൈത്തണ്ടയിലെ പച്ചകുത്തിയ പാട്‌ പിന്നെയും കണ്ണില്‍ക്കൊണ്ടു.
യാത്ര പറഞ്ഞില്ല. അപര്‍ണ്ണ തിരിഞ്ഞുനോക്കാതെ തിരക്കില്‍ മറഞ്ഞു.
ട്രെയിന്‍ യാത്രകളില്‍ മറ്റാരൊക്കെയോ ആ പാട്ടുമായി വന്ന്‌ ഭിക്ഷയാചിക്കുന്നതു കണ്ടു. അപര്‍ണ്ണയെ മാത്രം കണ്ടില്ല.

കടപ്പാട്‌: കേരള കൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: