ചൊവ്വാഴ്ച, ജനുവരി 17, 2006

വിജനമാകുന്ന വായനശാലകൾ

വിജനമാകുന്ന വായനശാലകൾ
പി. സുജാതൻ

ജന്‌മനാട്ടിലെ ഗ്രന്ഥാലയത്തിന്‌ ചന്തമുള്ള ഒരു കെട്ടിടം ഉണ്ടായി. വിശാലമായ മുറികള്‍. നല്ല വായുസഞ്ചാരമുള്ള ഹാള്‍. പുസ്തകങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ തേക്ക്‌ അലമാരകള്‍.മൂന്ന്‌ ദശാബ്‌ദംമുമ്പ്‌ ഗ്രാമത്തില്‍ ഒരു വായനശാലയും കലാകായിക വിനോദ ക്‌ളബ്ബും രൂപീകരിക്കാന്‍ സമപ്രായക്കാരെയുംകൂട്ടി അലഞ്ഞുനടന്നപ്പോള്‍ ഒരു ഓലപ്പുരകെട്ടാന്‍ പെട്ടപാട്‌ ഓര്‍മ്മയുള്ളതുകൊണ്ട്‌ നൂതന വാസ്തുവിദ്യാമാതൃകയില്‍ നിര്‍മ്മിച്ച ഈ ഗ്രന്ഥാലയത്തില്‍ കയറിയപ്പോള്‍ ചെറിയ അദ്ഭുതവും അഭിമാനവും ആഹ്‌ളാദവും തോന്നി. എം.പിയും എം. എല്‍. എയും വികസന ഫണ്ടില്‍നിന്ന്‌ തുക അനുവദിച്ചാണ്‌ ഗ്രന്ഥാലയം പണിഞ്ഞത്‌. ഇരുവരുടെയും പേര്‌ വലിയ അക്ഷരത്തില്‍ കെട്ടിടത്തിനുമുന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. കൊള്ളാം. ഗ്രാമീണരെ വിജ്ഞാനികളാക്കുന്നത്‌ വികസനം തന്നെയാണ്‌.ലഭ്യമായ എല്ലാ പത്രമാസികകളും വായനാമുറിയിലുണ്ട്‌. പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ വാര്‍ഷിക ധനസഹായം ലഭിക്കുന്നു. അനൌപചാരിക വിദ്യാഭ്യാസത്തിന്‌ നാട്ടില്‍ ഉയര്‍ന്ന ഒരു സരസ്വതീമന്ദിരം എന്ന നിലയില്‍ ഗ്രന്ഥശാലയ്ക്കുള്ളില്‍ കടക്കുമ്പോള്‍ മനസ്സില്‍ ഒന്നുതൊഴുതു.

പൊതുപ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്നിലുള്ള യുവാക്കളുടെ ഒരു കമ്മിറ്റിയാണ്‌ ഗ്രന്ഥാലയം ഭരിക്കുന്നത്‌. ഉള്ളില്‍ അല്‌പം രാഷ്‌ട്രീയമൊക്കെയുണ്ട്‌. എങ്കിലും അവര്‍ക്കിടയില്‍ കക്ഷിരാഷ്‌ട്രീയത്തിന്റെ ദുര്‍മുഖ വൈരങ്ങളില്ല.
വിജനവും ശ്‌മശാനമൂകവുമാണ്‌ പുതിയ വായനശാലയുടെ പരിസരം. പകല്‍ മുഴുവന്‍ തുറന്നിടുന്നില്ല. വൈകുന്നേരം മൂന്നുമണിക്കൂര്‍ തുറന്നുവച്ചാല്‍ പതിവായി വരുന്ന വിരലിലെണ്ണാവുന്നത്ര വായനക്കാര്‍ എത്തും. പുതിയതും പഴയതുമായ പുസ്തകങ്ങളെല്ലാം ഭദ്രമായി അലമാരകളില്‍ ഉറങ്ങുന്നു. രാവിലെ എത്തിയ പത്ര ങ്ങള്‍ ചിലത്‌ തുറന്നുനോക്കിയിട്ടുപോലുമില്ല. "വായിക്കുന്നവര്‍ വളരെ കുറവാണ്‌. പുസ്തകം എടുത്തുകൊണ്ടുപോകുന്ന നാലഞ്ചുപേരുണ്ട്‌. ജോലിക്ക്‌ അപേക്ഷ അയയ്ക്കാന്‍ വിജ്ഞാപനപ്പരസ്യം ഉള്ള പഴയ പത്രങ്ങള്‍ തേടി യുവാക്കള്‍ എത്തും." പാര്‍ട്ട്‌ടൈം ലൈബ്രേറിയനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ തന്റെ നല്ല സായാഹ്‌നസേവനം പാഴായിപ്പോകുന്നതില്‍ ദുഃഖിച്ചു. ഗ്രാമത്തിലെ വീടുകളിലെല്ലാം അവശ്യഗ്രന്ഥങ്ങളുണ്ടാകാം. പത്രവും ടെലിവിഷനും കമ്പ്യൂട്ടറും ഗ്രാമീണരുടെ അറിവിന്റെ ലോകം വികസിപ്പിക്കുന്നു. ഗ്രാമീണ ഗ്രന്ഥശാലയെ ആശ്രയിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍ വളരെ ചുരുക്കമാണ്‌.

വായിക്കുന്നവര്‍ കുറഞ്ഞിട്ടൊന്നുമല്ല. വിദ്യാര്‍ത്ഥികള്‍ക്ക്‌ പാഠ്യവിഷയങ്ങള്‍തന്നെ വായിച്ചാല്‍ തീരാത്തത്ര വിപുലം. പാഠ്യേതര വായനയ്ക്കുള്ള സമയം ലഭിക്കാത്ത തരത്തില്‍ ട്യൂഷനും എന്‍ട്രന്‍സ്‌ കോച്ചിംഗും. റിട്ടയേഡ്‌ പ്രൊഫസര്‍ക്ക്‌ വൈകുന്നേരം അമ്പലത്തിലെ ദീപാരാധന തൊഴാന്‍ പോകണം. അമ്മയ്ക്കും ചേച്ചിക്കും ടിവി സീരിയല്‍ മുടങ്ങാതെ കാണണം. ബി.ടെക്‌ കഴിഞ്ഞ അനിയന്‌ സ്‌പോക്കണ്‍ ഇംഗ്‌ളീഷ്‌ ക്‌ളാസ്സുണ്ട്‌. പിന്നെ ആര്‍ക്കാണ്‌ ഗ്രാമീണ ഗ്രന്ഥാലയം കൊണ്ട്‌ ആവശ്യം? അലങ്കരിച്ചുവച്ച ശവപ്പെട്ടിപോലെ അതങ്ങനെ നില്‍ക്കുന്നു. പുസ്തകങ്ങള്‍ അതിനുള്ളില്‍ നിത്യനിദ്രയിലാണ്‌. അതിലൊരു പുസ്തകത്തിന്റെ പേര്‌ ' ഇനി ഞാന്‍ ഉറങ്ങട്ടെ' എന്നാണല്ലോ.

വായിക്കാനുള്ളതാണ്‌ ഗ്രന്ഥങ്ങളെന്ന്‌ ഗ്രന്ഥാലയം പണിയാന്‍ ധനസഹായം ചെയ്‌ത ജനപ്രതിനിധികളും കരുതുന്നില്ല. പുസ്തകങ്ങളുടെ ഒരു തടവുമുറി പണിഞ്ഞ്‌ അതിനുമേല്‍ സ്വന്തം പേരെഴുതി വയ്ക്കണമെന്നേ അവര്‍ ആഗ്രഹിച്ചിട്ടുള്ളൂ ഇഷ്‌ടപ്പെടാത്തതിനെ ചുട്ടുകളയുമായിരുന്നു മുമ്പ്‌. രാമായണം തീയിട്ട നാടാണിത്‌. ചെകുത്താന്റെ വചനങ്ങളും മാലാഖയുടെ മുഖവും കത്തിക്കാം. പുസ്തകങ്ങള്‍ പ്രജ്ഞയെ തീപിടിപ്പിക്കുമെന്നതുകൊണ്ട്‌വായിക്കപ്പെടാന്‍ അവസരമുണ്ടാക്കാതെ മനോഹരമായ കെട്ടിടങ്ങള്‍ പണിഞ്ഞ്‌ അതില്‍ പൂട്ടിവച്ചാല്‍ സര്‍വ്വം ഭദ്രം. ആരെങ്കിലും എടുത്തുവായിച്ചാലല്ലേ കുഴപ്പം. അതിന്‌ ഒരിക്കലും അവസരമുണ്ടാകാത്ത തരത്തില്‍ സാമൂഹ്യ ജീവിത ചലനങ്ങളെ സമയപ്പട്ടികയില്‍ തളച്ചിടാം. തീപിടിപ്പിക്കുന്ന വാര്‍ത്താവിവരങ്ങളെ പരസ്യക്കമ്പോളത്തിന്റെ താത്‌പര്യപ്രകാരം വെള്ളമൊഴിച്ചു കെടുത്താം. തീ കെടുത്തുന്ന കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടിരിക്കാം.

എന്തെന്നാല്‍ ബാങ്കുകളാണ്‌ നാടുഭരിക്കുന്നത്‌. ലോകബാങ്ക്‌, ഏഷ്യന്‍ വികസന ബാങ്ക്‌, ദേശസാല്‍കൃത ബാങ്ക്‌, ഷെഡ്യൂള്‍ഡ്‌ ബാങ്ക്‌ തുടങ്ങി കാര്യങ്ങള്‍ മുന്‍കൂട്ടി ഗ്രഹിക്കാന്‍ കഴിഞ്ഞവര്‍ വോട്ടുബാങ്കും ഉണ്ടാക്കിക്കഴിഞ്ഞു. പുസ്തകം വായിച്ച്‌ തലതിരിഞ്ഞുപോയാല്‍ ലോക ബാങ്ക്‌ മുതല്‍ വോട്ടുബാങ്കുവരെ പൊളിയും. അതുകൊണ്ട്‌ ഉത്കൃഷ്‌ട ഗ്രന്ഥങ്ങള്‍ക്ക്‌ ഗ്രാമീണ ഗ്രന്ഥാലയങ്ങളില്‍ നിത്യശാന്തി.

കടപ്പാട്‌: കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: