തിങ്കളാഴ്‌ച, ജനുവരി 16, 2006

ഇളയ രാജാ - കാലാതീതം സംഗീതം

സിനിമാഗാനരംഗത്ത്‌ ഇടയ്ക്കിടെ ഇതിഹാസങ്ങളുണ്ടാ കാറുണ്ട്‌. അവരുടെ കാലം കഴിഞ്ഞാലും രംഗത്തുനിന്ന്‌ പിന്മാറിയാലും കാലാതി വര്‍ത്തിയായ അവരുടെ സംഗീതം, സ്വാധീനം നിലനില്‍ക്കുക തന്നെ ചെയ്യും. തെന്നിന്ത്യ മുഴുവന്‍ ഇങ്ങനെ നിറഞ്ഞു നില്‍ക്കുന്ന ഇതിഹാസമാണ്‌ ഇളയരാജ. നാടന്‍ സംഗീതത്തിന്റെയും ക്ലാസിക്കൽ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും ആഴങ്ങള്‍ കണ്ടറിയുകയും അവയുടെ യുക്‌തമായ സമന്വയത്തിലൂടെ ആരാധക ഹൃദയങ്ങളില്‍ പാട്ടിനെ കുടിയിരു ത്തുകയും ചെയ്‌തതാണ്‌ അദ്ദേഹത്തിന്റെ പ്രത്യേകത. 'ഇളയരാജ' എന്ന പേരില്‍നിന്നുതന്നെ നമ്മുടെ ഉള്ളിലേക്ക്‌ ഒരായിരം പാട്ടുകളുടെ സമ്മിശ്രവികാരം നിറയുകയാണ്‌..

ഇലക്ട്രോണിക്‌ സംഗീതത്തെ ഇന്ത്യന്‍ ക്ലാ‍സിക്കൽ‍ സംഗീതത്തില്‍ സമഞ്ജസമായി സമ്മേളിപ്പിക്കുക എന്നതാണ്‌ ഇളയരാജയുടെ എടുത്തുപറയാവുന്ന സംഭാവന. കംപ്യൂട്ടറുകള്‍ ഇത്ര പ്രചാരം നേടുന്നതിന്‌ എത്രയോ കാലം മുമ്പുതന്നെ 'വിക്രം' എന്ന സിനിമയിലൂടെ അദ്ദേഹം നമ്മെ അതിന്റെ സ്വാധീനം പരിചയപ്പെടുത്തി. 'വെറ്റിവിഴാ', 'പുന്നകൈ മന്നന്‍', 'അഗ്നി നക്ഷത്രം', 'നായകന്‍' തുടങ്ങിയ എത്രയോ ചിത്രങ്ങളില്‍ തനതു സംഗീതത്തെ പാശ്ചാത്യസംഗീതപശ്ചാത്തലത്തിലൂടെ ഭാവഗാനങ്ങളായി നിലനിര്‍ത്തി. എത്രയോ വര്‍ഷം മുന്‍പ്‌ ഇളയരാജ നല്‍കിയ ഈണങ്ങള്‍ ആധുനിക ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ക്കുപോലും ഇണങ്ങുന്ന തായിരുന്നു എന്നത്‌ ഏതാണ്ടതേ ഈണങ്ങള്‍തന്നെ ഇന്നു കേള്‍ക്കേണ്ടിവരുമ്പോള്‍ നാമറിയുന്ന, ആ ഉള്‍ക്കാഴ്ച തിരിച്ചറിയുന്നു.

മലയാള സിനിമാഗാനങ്ങളിലെ 'ഇളയരാജ' സ്വാധീനം അടുത്തകാലത്തായി ഏറിവരികയാണെന്നത്‌ ഒരുപക്ഷേ ഏറെ ശ്രദ്ധിക്കപ്പെടാതെ പോയ സംഭവമാണ്‌. വന്‍ ഹിറ്റായ ഗാനമാണ്‌ 'നിറ'ത്തിലെ "മിഴിയറിയാതെ വന്നു നീ...." ഇളയരാജ കുറെ വര്‍ഷം മുന്‍പ്‌ ചെയ്‌ത " ഒരു രാഗം പാടലോട്‌ കാതില്‍ കേട്ടതോ... മനതോടു ഊഞ്ചലാട്‌ത്‌..." എന്ന യേശുദാസ്‌തന്നെ പാടിയ ഗാനം കേട്ടു നോക്കൂ. ഇതിന്റെ തനിപ്പകര്‍പ്പാണ്‌ "മിഴിയറിയാതെ..." എന്നു കാണാം. ഒരുപക്ഷേ അധികമാരും ഇതു തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. പഴയകാല ഹിന്ദി ഗാനങ്ങളും മറ്റും അതേ പകര്‍പ്പായി മലയാളത്തിലിറ ങ്ങാറുണ്ട്‌. എന്നാല്‍ ഇളയരാജയുടെ പ്രത്യേകത അതല്ല; അദ്ദേഹത്തിന്റെ ഈണവും ബിറ്റ്‌ മ്യൂസിക്കുകള്‍പോലും നല്‍കുന്ന ഭാവമാണ്‌, അന്തരീക്ഷമാണ്‌ പ്രധാനം. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പകര്‍ത്തുന്നവര്‍ അറിയാതെ ഉപയോഗിക്കുന്ന 'ബാക്ഗ്രൌണ്ട്‌' മ്യൂസിക്കും ശ്രദ്ധേയമാണ്‌.

ഇളയരാജയുടെ പ്രശസ്‌തമായ "നിന്നുക്കോരി... വരണം..." എന്ന 'അഗ്നിനക്ഷത്ര' ത്തിലെ ഗാനം മറ്റൊരു രൂപത്തില്‍ മലയാളത്തില്‍ വന്നു. ഇറങ്ങിയ കാലത്ത്‌ അപൂര്‍വമായ ക്ലാ‍സിക്കല്‍ ഭാവംകൊണ്ടും 'റോക്ക്‌' താളംകൊണ്ടും ശ്രദ്ധേയമായിരുന്ന ഗാനത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ സംഗീത സംവിധായകന്‍ ശ്രമിച്ചു എങ്കിലും അദ്ദേഹം ഇളയരാജ 'ഹാംഗ്‌ ഓവറില്‍' നിന്ന്‌ വിട്ടുപോകുന്നില്ലെന്നത്‌ ഇതിന്റെ പശ്ചാത്തല സംഗീതം ശ്രദ്ധിച്ചാല്‍ മനസിലാകും.ഇതേ അവസ്ഥതന്നെയാണ്‌ "കിളിച്ചുണ്ടന്‍ മാമ്പഴമേ...." എന്ന ഗാനത്തിനും. മാറ്റാന്‍ എത്ര ശ്രമിച്ചിട്ടും അതില്‍ പിന്തുടരുന്ന "കാര്‍മേഘ വര്‍ണന്റെ മാറില്‍..." എന്ന ഗാനത്തിന്റെ താളവും ഘടനയും നമുക്ക്‌ വ്യക്‌തമായി കാണാം.

"മണ്ണു തിന്ന കണ്ണനല്ലെ...." എന്ന വരി കഴിഞ്ഞ്‌ വേറൊരു ഭാവത്തിലേക്കു മാറി "ഗീതാര്‍ഥ സാഗരത്തില്‍...." എന്നയിടത്ത്‌ ഒരു രാഗം കൂടി പശ്ചാത്തലമായി നല്‍കിയിട്ടുണ്ട്‌. ഇതേ പാതയിലൂടെയല്ലാതെ വിദ്യാസാഗറിന്‌ "നീ വന്നെത്തിടും നാള്‍ എണ്ണിത്തുടങ്ങി..." എന്ന ഭാഗം ബന്ധിപ്പിക്കാനാവുന്നില്ല. കുറച്ചു വര്‍ഷം മുന്‍പ്‌ ഹിറ്റായ ശരത്തിന്റെ മായാമഞ്ചലില്‍.... (ഒറ്റയാള്‍ പട്ടാളം) എന്ന ഗാനത്തിനും ഉണ്ടായിരുന്നു ഇളയരാജ സ്വാധീനം. 'ദളപതിയിലെ' 'സുന്ദരീ.... കണ്ണാലൊരു സെയ്‌തി...." എന്ന ഗാനത്തിന്റെ രീതിതന്നെയാണ്‌ ഇതിനും. രണ്ടു ഗാനത്തിന്റെയും ചരണത്തില്‍ 'ഫ്‌ളൂട്ട്‌' പ്രത്യേക മൂഡിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍ ഇവയ്ക്ക്‌ വേര്‍തിരിക്കാനാവാത്ത സാമ്യമുണ്ട്‌; പാട്ടിന്റെ മൊത്തത്തിലുള്ള പിച്ചിനും താളത്തിനും.

കൂടാതെ എത്രയോ സിനിമാ ഗാനങ്ങളിലും ആല്‍ബങ്ങളിലും ഭക്‌തിഗാനങ്ങളിലുമൊക്കെ അറിയാതെ പിന്തുടരുന്ന ഇളയരാജ സ്വാധീനം കാണാം. എ. ആര്‍. റഹ്മാന്റെ ക്ലാ‍സിക്കല്‍ ഗാനങ്ങളിലും സെമി ക്ലാ‍സിക്കല്‍ ഗാനങ്ങളിലും ഇതു വളരെ പ്രകടമാണ്‌

കടപ്പാട്‌ : മനോരമ ഓണ്‍ലൈന്‍

ലിങ്ക്‌: http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=1137385271751&c=MalArticle&p=1009962625349&channel=MalMusic&count=8&colid=1009992851444

അഭിപ്രായങ്ങളൊന്നുമില്ല: