ചൊവ്വാഴ്ച, ജനുവരി 17, 2006

വരിക ഭവാൻ

വരിക ഭവാൻ
പ്രൊഫ. എം.ആര്‍. സഹൃദയന്‍ തമ്പി,
സെക്രട്ടറി, കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റിയൂട്ട്‌, തോന്നയ്ക്കല്‍.

മഹാകവി കുമാരനാശാന്റെ ചരമവാര്‍ഷികദിനമാണ്‌ ഇന്ന്‌. മലയാളക്കരയുടെ മഹാകവി പല്ലനയാറ്റില്‍ 'അന്തമില്ലാതുള്ളൊരാഴത്തിലേക്ക്‌' ആണ്ടുപോയത്‌ 1923 ജനുവരി 17 വെളുപ്പിന്‌ 5 മണിയോടടുപ്പിച്ചായിരുന്നു.

"എത്ര മഹാര്‍ഹങ്ങളുത്തമഗ്രന്ഥങ്ങ-
ളത്ര സംഭാവ്യങ്ങളായിരുന്നു
ശ്രേഷ്ഠമാം മസ്തിഷ്കം ചേറ്റിലഴുക്കാക്കി-
കഷ്‌ടം നീ പാഴായ്‌ കളഞ്ഞുവല്ലോ.
ആശാന്റെ ആകസ്‌മികമരണം അറിഞ്ഞ്‌ ദുഃഖിതനായ സരസകവി മൂലൂര്‍ എസ്‌. പദ്‌മനാഭപ്പണിക്കര്‍ എഴുതിയ 'തീവ്രരോദനം' എന്ന വിലാപകാവ്യത്തിലെ വരികളാണിത്‌.

ശ്രീനാരായണധര്‍മ്മ പരിപാലനയോഗത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന ഭാരിച്ച ഉത്തരവാദിത്വം വഹിച്ച അവസരത്തിലാണ്‌ ആശാന്റെ കനപ്പെട്ട പല കൃതികളും പിറന്നത്‌. ജാതി സംബന്‌ധമായ സാമൂഹികാസമത്വങ്ങള്‍ സാധാരണമനുഷ്യന്റെ ജീവിക്കാനുള്ള അവകാശംപോലും നിഷേധിച്ചിരുന്ന കാലഘട്ടത്തിലാണ്‌ ആശാന്റെ ജനനം. യുഗപുരുഷനായ ശ്രീനാരായണഗുരുവിന്റെ സ്‌നേഹവാത്സല്യങ്ങളും ശിക്ഷണവും ലഭിക്കുവാന്‍ ഇടവന്നത്‌ അദ്ദേഹത്തിന്റെ ഭാഗ്യമാണ്‌. കുമാരനിലെ കവിയെ കണ്ടറിഞ്ഞതും ഗുരുതന്നെ. അദ്ദേഹത്തിന്റെ അനുഗ്രഹംകൊണ്ടാണ്‌ ഡോ. പല്‍പുവിന്റെ സഹായം ലഭിച്ചത്‌. കുമാരനിലെ സംഘാടകനെയും തേരാളിയെയും പല്‍പുവും കണ്ടെത്തി.

ഭാരതീയ തത്വചിന്തയിലും ബൌദ്ധികദര്‍ശനങ്ങളിലും ലഭിച്ച അവഗാഹം അദ്ദേഹത്തിന്റെ കവിതയ്ക്ക്‌ ദാര്‍ശനികമാനങ്ങള്‍ നല്‍കി. എങ്കിലും അത്‌ സാധാരണക്കാരോട്‌ സംവദിക്കുന്നതായിരുന്നു.

കാലത്തെ കടന്നുചിന്തിച്ച കവിയാണ്‌ കുമാരനാശാന്‍. 'പാരതന്ത്യ്‌രം മാനികള്‍ക്ക്‌ മൃതിയെക്കാള്‍ ഭയാനകം' എന്നു പാടിയ അദ്ദേഹം തന്നെയാണ്‌ 'ജാതിമദിരാന്ധരടിച്ചു തമ്മിലന്തപ്പെടും തനയരെന്തിനയേ സ്വരാജ്യം' എന്നു വിലപിച്ചത്‌. പ്രജാസഭമെമ്പറായും എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ അതു പറയിപ്പിക്കുന്നതരത്തിലായിരുന്നിരിക്കണം. ചാതുര്‍വര്‍ണ്യത്തിന്റെ പ്രചാരകന്മാരോടും മേലാളന്മാരോടും മയമില്ലാത്ത ഭാഷയാണ്‌ അദ്ദേഹം പ്രയോഗിച്ചിട്ടുള്ളത്‌. പഴകി ദ്രവിച്ച ആചാരനൂലുകളില്‍ ജനതയെ കെട്ടിയിടാന്‍ സാദ്ധ്യമല്ലയെന്ന്‌ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സാമൂഹിക ഘടനയെ മാറ്റിമറിച്ച പരിണാമത്തിന്‌ ആശാന്‍ കവിത ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. കാലത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളിയ ചാതുര്‍വര്‍ണ വ്യവസ്ഥകളെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ 'വരികഭവാന്‍' എന്ന 'കരുണ'യിലെ ആശാന്‍ വചനം നാം ആശാനോടുതന്നെ പറഞ്ഞുപോകും.

തൊണ്ണൂറ്റഞ്ചു യാത്രക്കാരുടെ 'കപ്പാസിറ്റി' മാത്രം അനുവദിച്ചിട്ടുള്ള റെഡീമര്‍ ബോട്ട്‌ 130 - ല്‍പ്പരം പേരെ കയറ്റിയ ശപിക്കപ്പെട്ട രാത്രിയിലെ റെഡീമര്‍ യാത്രക്കാരനായിരുന്നു മഹാകവി കുമാരനാശാന്‍. 1923 ജനുവരി 17 വെളുപ്പിന്‌ 5 മണിയോടടുപ്പിച്ച്‌ പല്ലനയില്‍ വളവുതിരിയവേ റെഡീമര്‍ മുങ്ങി. രണ്ടാംദിവസം ആശാന്റെ മൃതദേഹം കിട്ടി.

മഹാകവിയുടെ സ്‌മരണ ശാശ്വതീകരിക്കുന്നതിനായി 1958 ല്‍ പ്രമുഖ സാഹിത്യകാരനും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി തറക്കല്ലിടുകയും മുന്‍ മുഖ്യമന്ത്രിയും ക്രാന്തദര്‍ശിയുമായ ആര്‍. ശങ്കര്‍ ഉദ്ഘാടനം ചെയ്ത്‌ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്ത തോന്നയ്ക്കല്‍ ആശാന്‍ സ്‌മാരകം ഇന്ന്‌ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റിയൂട്ടായി വളര്‍ന്നു. അത്‌ കേരള സര്‍വകലാശാലയുടെ ഒരു ഗവേഷണ കേന്ദ്രമായി അംഗീകരിക്കുന്നു. ഈ സ്‌മാരകത്തിന്റെ സമഗ്രവികസനത്തിനായി ഒട്ടനവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത്‌ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ്‌. ഇതിന്റെ മുന്‍വശത്തുള്ള സ്വാതന്ത്യ്‌രകവാടം കടന്നുവരുന്ന തീര്‍ത്ഥാടകന്‍ ഹരിതഭംഗിയുടെ ദൃശ്യവിസ്‌മയത്തിലേക്കാണ്‌ പ്രവേശിക്കുക. പ്രസിദ്ധ ശില്‍പി കാനായികുഞ്ഞിരാമന്‍ നിര്‍മ്മിക്കുന്ന ആശാന്‍ പ്രതിമയുടെയും കാവ്യശില്‍പത്തിന്റെയും സ്വാതന്ത്യ്‌രശില്‍പത്തിന്റെയും പണികള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന രീതിയില്‍ ധൃതിയില്‍ പുരോഗമിക്കുന്നു. ആശാന്‍ കവിതകള്‍ ശ്രവണമനോഹരമായി സംഗീതാവിഷ്കാരം നടത്തി കാസറ്റിലും സിഡിയിലുമാക്കി സാധാരണക്കാരന്റെ കാതിലെത്തിക്കുന്നതിനുള്ള സംരംഭവുമാരംഭിച്ചുകഴിഞ്ഞു. വിപുലമായ ഒരു ഹെറിറ്റേജ്‌ മ്യൂസിയവും ഇവിടെ സജ്ജമാകുന്നു.

കുമാരനാശാന്‍ ജീവിച്ച അന്തരീക്ഷത്തില്‍ താമസിച്ച്‌ സൃഷ്‌ടികള്‍ നടത്തുന്നതിനായി ആഗ്രഹാവേശങ്ങളോടെവരുന്ന സാഹിത്യനായകന്മാര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ട സൌകര്യങ്ങള്‍ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു. ആശാന്‍ സ്‌മാരകം ഇനിയും വളരണം വളര്‍ത്തണം. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ കൂടുതലായുള്ള ശ്രദ്ധയും സാംസ്കാരികകാര്യതത്‌പരരായ മഹാജനങ്ങളുടെ ആശയും ആവേശവും ഈ ലക്ഷ്യത്തിലെത്താന്‍ സഹായകരമാകുമെന്ന്‌ പ്രത്യാശിക്കട്ടെ.

കടപ്പാട്‌: കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: