ചൊവ്വാഴ്ച, ഫെബ്രുവരി 07, 2006

സത്യവതി

സത്യവതി
ഡി. ദയാനന്ദന്‍
(പുരാരേഖാ ഗവേഷകന്‍ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ്‌, ഫോര്‍ട്ട്‌, തിരുവനന്തപുരം)

മുനിയുടെ ശാപത്താല്‍ മത്സ്യമായി കഴിഞ്ഞിരുന്ന സമയത്താണ്‌ അദൃകയ്ക്ക്‌ ഒരു പെണ്‍കുട്ടി ജനിച്ചത്‌. അവളെ മുക്കുവരാജാവ്‌ കാളി എന്നു പേരിട്ട്‌ വളര്‍ത്തി.
മത്സ്യത്തിന്റെ വയറ്റില്‍ പിറന്നതുകൊണ്ടാകണം അവള്‍ക്ക്‌ മത്സ്യത്തിന്റെ ഗന്‌ധമായിരുന്നു! അതുകൊണ്ട്‌ അവളെ മത്സ്യഗന്‌ധി എന്നും വിളിച്ചിരുന്നു. പിന്നീട്‌ അവള്‍ക്ക്‌ സത്യവതി എന്നും പേരു ലഭിച്ചു. അവളുടെ വളര്‍ത്തച്ഛനായ മുക്കുവന്‍ ഒരു തോണിക്കാരനായിരുന്നു. യാത്രക്കാരെ തോണിയില്‍ കയറ്റി അക്കരെയും ഇക്കരെയും എത്തിക്കുകയായിരുന്നു അയാളുടെ ജോലി. കാളിയും അച്ഛനെ ജോലിയില്‍ സഹായിച്ചുപോന്നു.
കാലം കുറെ കഴിഞ്ഞു. അവള്‍ യൌവനയുക്തയായി. അപ്‌സരസ്സിന്റെ പുത്രിയായതുകൊണ്ടാകാം അവള്‍ക്ക്‌ നല്ല സൌന്ദര്യമുണ്ടായിരുന്നു. യുവത്വം ആ സൌന്ദര്യത്തിന്റെ മാറ്റുകൂട്ടി.
അങ്ങനെയിരിക്കെ പരാശരന്‍ എന്ന മുനി അതുവഴി വന്നു. അദ്ദേഹത്തെ തോണിയില്‍ കയറ്റി അക്കരെ കടത്തിയത്‌ കാളിയായിരുന്നു. കാളിയെ കണ്ടപ്പോള്‍ പരാശരന്‌ അവളില്‍ അനുരാഗമുണ്ടായി. അദ്ദേഹം അവളോട്‌ പ്രേമാഭ്യര്‍ത്ഥന നടത്തി. അവള്‍ പലതും പറഞ്ഞ്‌ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ഒടുവില്‍ പകലാണെന്ന ന്യായം പറഞ്ഞ്‌ അവള്‍ മുനിയെ പിന്തിരിപ്പിക്കാന്‍ നോക്കി. ഉടനെ പരാശരന്‍ കൃത്രിമമായ ഒരു മൂടല്‍മഞ്ഞ്‌ സൃഷ്‌ടിച്ചു! അതിനുള്ളില്‍വച്ച്‌ അവളെ പരിഗ്രഹിക്കുകയും ചെയ്‌തു. കാളി ഗര്‍ഭിണിയാവുകയും ഉടന്‍തന്നെ പ്രസവിക്കുകയും ചെയ്‌തു. തന്റെ ഇംഗിതം സാധിപ്പിച്ചതിന്റെ പാരിതോഷികമായി മുനി ഒരു വരം കൊടുത്തു. അവളുടെ കന്യാകത്വം നഷ്‌ടപ്പെടില്ല എന്നായിരുന്നു വരം!
മാത്രമല്ല, പരാശരന്‍ സത്യവതിയെ പരിഗ്രഹിച്ച മാത്രയില്‍ത്തന്നെ അവളുടെ ശരീരത്തില്‍നിന്ന്‌ മത്സ്യത്തിന്റെ ഗന്‌ധം മാറി പകരം കസ്‌തൂരിയുടെ പരിമളം ഉണ്ടാകുകയും ചെയ്‌തു!
കാളി പ്രസവിച്ച കുട്ടിയും ഒരു അത്ഭുതശിശുവായിരുന്നു. സാധാരണ കുട്ടികളെപ്പോലെ ശൈശവമോ ബാല്യമോ ഒന്നും ആ കുട്ടിക്ക്‌ ഉണ്ടായിരുന്നില്ല. പിറന്നുവീണയുടന്‍ തന്നെ ആ കുട്ടി യൌവ്വനയുക്തനായി. പരിഗ്രഹിച്ച ഉടനെ പരാശരന്‍ യാത്രയായതുപോലെ പിറന്നു വീണയുടന്‍ യൌവ്വനയുക്തനായ ആ മകനും അവളെ വിട്ട്‌ തപസ്സ്‌ ചെയ്യാന്‍ വനത്തിലേക്കു പോയി. സ്‌മരിച്ചാലുടന്‍ വന്നെത്തിക്കൊള്ളാമെന്ന്‌ അമ്മയ്ക്ക്‌ വാക്കുകൊടുക്കാനും ആ പുത്രന്‍ മറന്നില്ല.
കാളി പ്രസവിച്ച ആ കുട്ടിയുടെ പേര്‌ കൃഷ്‌ണന്‍ എന്നായിരുന്നു. ഈ കൃഷ്‌ണനാണ്‌ പിത്ക്കാലത്ത്‌ വേദവ്യാസന്‍ എന്ന പേരില്‍ പ്രസിദ്ധനായ മഹാഭാരത കര്‍ത്താവ്‌.
ഇങ്ങനെ ഭര്‍ത്താവും മകനും ഉപേക്ഷിച്ചുപോയ കാളി പിന്നെയും അച്ഛനെ സഹായിച്ചുകൊണ്ട്‌ കാലം കഴിച്ചുപോന്നു. ചന്ദ്രവംശരാജാവായ ശന്തനു ഭാര്യയുടെ വേര്‍പാടുമൂലം ദുഃഖിച്ചു കഴിയുന്ന കാലമായിരന്നു അപ്പോള്‍. ഗംഗാദേവിയായിരുന്നു ശന്തനുവിന്റെ ഭാര്യ. അവര്‍ തമ്മില്‍ വിവാഹ സമയത്തുണ്ടാക്കിയ കരാര്‍ ശന്തനു ലംഘിച്ചതുകൊണ്ട്‌ ഗംഗാദേവി ശന്തനുവിനെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു.
ഈ ശന്തനു മഹാരാജാവ്‌ ഒരു ദിവസം മൃഗയാവിനോദത്തിനായി വനത്തിലെത്തി. അപ്പോള്‍ സവിശേഷമായ ഒരു ഗന്‌ധം ശന്തനുവിന്‌ അനുഭവപ്പെട്ടു. കസ്‌തൂരിഗന്‌ധിയായി മാറിയ കാളിയുടെ ശരീരത്തില്‍നിന്ന്‌ പ്രസരിച്ച വാസനയായിരുന്നു അത്‌. ആ ഗന്‌ധത്തിന്റെ ഉത്ഭവം അന്വേഷിക്കണമെന്ന്‌ രാജാവിന്‌ തോന്നി. അദ്ദേഹം നടന്നുനടന്ന്‌ മുക്കുവരാജാവിന്റെ വീട്ടിലെത്തി. അവിടെ അദ്ദേഹം കസ്‌തൂരിയുടെ ഗന്‌ധം പ്രസരിപ്പിച്ചുകൊണ്ടിരുന്ന സത്യവതിയെ കണ്ടു. ദര്‍ശനമാത്രയില്‍ത്തന്നെ അദ്ദേഹം അവളില്‍ അനുരക്തനായി. അദ്ദേഹം മുക്കുവരാജാവിനോട്‌ വിവാഹാഭ്യര്‍ത്ഥന നടത്തി. മുക്കുവരാജാവിന്‌ മകളെ ശന്തനുവിന്‌ വിവാഹം കഴിച്ചു കൊടുക്കുന്നതില്‍ വളരെ സന്തോഷമായിരുന്നു. എങ്കിലും അദ്ദേഹം ഒരു വ്യവസ്ഥ മുന്നോട്ടുവച്ചു. ശന്തനുവിന്‌ സത്യവതിയില്‍ ഉണ്ടാകുന്ന പുത്രന്‍ അടുത്ത കിരീടാവകാശിയാകണം! അതായിരുന്നു വ്യവസ്ഥ. ശന്തനുവിന്‌ പക്ഷേ ആ വ്യവസ്ഥ സ്വീകാര്യമായിരുന്നില്ല. കാരണം, അദ്ദേഹത്തിന്‌ ഗംഗാദേവിയില്‍ പിറന്ന ഒരു പുത്രനുണ്ടായിരുന്നു, ദേവവ്രതന്‍. അനന്തരാവകാശിയായി മറ്റൊരു പുത്രനെ സങ്കല്‌പിക്കാന്‍ ശന്തനുവിന്‌ ആകുമായിരുന്നില്ല. അതുകൊണ്ട്‌ അദ്ദേഹം മുക്കുവരാജാവിനോട്‌ യാത്ര പറഞ്ഞ്‌ കൊട്ടാരത്തിലേക്ക്‌ യാത്രയായി.
കൊട്ടാരത്തിലെത്തിയ ശന്തനു അത്യന്തം പരിക്ഷീണനായി കാണപ്പെട്ടു. ബുദ്ധിമാനായ ദേവവ്രതന്‍ വൃദ്ധനായ മന്ത്രി മുഖേന അച്ഛന്റെ ദുഃഖകാരണം മനസ്സിലാക്കി. ഉടന്‍തന്നെ മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം മുക്കുവരാജാവിന്റെ വീട്ടിലേക്ക്‌ പുറപ്പെട്ടു. അവിടെയെത്തിയ ദേവവ്രതന്‍ അച്ഛനുവേണ്ടി സത്യവതിയെ ആവശ്യപ്പെട്ടു. തനിക്ക്‌ രാജ്യാവകാശം വേണ്ടെന്നു പ്രതിജ്ഞ എടുത്തു!
അതുകൊണ്ടും മുക്കുവരാജാവ്‌ തൃപ്‌തനായില്ല. ദേവവ്രതന്‌ മക്കളുണ്ടാകുമ്പോള്‍ ആ മക്കള്‍ രാജ്യത്തിന്‌ അവകാശമുന്നയിക്കും എന്ന ന്യായം അയാള്‍ പറഞ്ഞു. അത്‌ കേള്‍ക്കേണ്ട താമസം, താന്‍ ആജീവനാന്തം ബ്രഹ്‌മചാരിയായിരിക്കുമെന്ന്‌ ദേവവ്രതന്‍ സത്യം ചെയ്‌തു. സന്തുഷ്‌ടനായ മുക്കുവരാജാവ്‌ മകളെ കൊടുത്തു. പുത്രന്റെ മഹാത്യാഗം കണ്ട്‌ ശന്തനു മഹാരാജാവ്‌ അദ്ദേഹത്തെ അനുഗ്രഹിച്ച്‌ ഭീഷ്‌മര്‍ എന്ന പേരും കൊടുത്തു. ഈ ഭീഷ്‌മരാണ്‌ മഹാഭാരതം കഥയില്‍ പാണ്‌ഡവന്മാരെയും കൌരവന്മാരെയും വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്‌.
ശന്തനുവിന്‌ സത്യവതിയില്‍ വിചിത്രവീര്യനെന്നും ചിത്രാംഗദനെന്നും രണ്ടു മക്കളുണ്ടായി. അതില്‍ ചിത്രാംഗദന്‍ ഒരു ഗന്‌ധര്‍വ്വനുമായുണ്ടായ ഏറ്റുമുട്ടലില്‍ അകാലമൃത്യു പ്രാപിച്ചു. വിചിത്രവീര്യന്‍ കാശിരാജാവിന്റെ മക്കളായ അംബികയെയും അംബാലികയെയും ഭാര്യമാരായി സ്വീകരിച്ചു. രണ്ടു ഭാര്യമാരുമായും രമിച്ചുകഴിഞ്ഞ വിചിത്രവീര്യന്‍ രാജയക്ഷ്‌മാവ്‌ പിടിപെട്ട്‌ അകാലചരമമടഞ്ഞു.
വംശം അന്യം നിന്നുപോകുമെന്ന ഘട്ടമായി. സത്യവതി ഭീഷ്‌മരെ വിളിച്ച്‌ അംബികയുടെയും അംബാലികയുടെയും ഭര്‍ത്താവായിരിക്കണമെന്ന്‌ അപേക്ഷിച്ചു. എന്നാല്‍, ഭീഷ്‌മര്‍ വിവാഹം കഴിക്കില്ല എന്ന പ്രതിജ്ഞയെ ലംഘിക്കാന്‍ തയ്യാറായില്ല. സത്യവതി അപ്പോള്‍ തന്റെ ആദ്യജാതനായ വ്യാസനെ ഓര്‍ത്തു. സ്‌മരണമാത്രയില്‍ എത്തിക്കൊള്ളാമെന്ന്‌ വാക്കുകൊടുത്തിട്ടാണല്ലോ അദ്ദേഹം വനത്തില്‍ പോയത്‌. ഉടന്‍തന്നെ വ്യാസന്‍ എത്തി. അദ്ദേഹം വംശം നിലനിറുത്തുന്നതിനുവേണ്ടി അംബികയിലും അംബാലികയിലും പുത്രോല്‌പാദനം നടത്തി. അംബികയുടെ പുത്രനാണ്‌ കൌരവന്മാരുടെ പിതാവായ ധൃതരാഷ്‌ട്രര്‍, അംബാലികയുടേത്‌ പാണ്‌ഡവപിതാവായ പാണ്‌ഡുവും.
പാണ്‌ഡുവിന്റെ അകാലനിര്യാണം സത്യവതിക്കേറ്റ ഒരു ആഘാതമായിരുന്നു. പിന്നീട്‌ ജീവിച്ചിരിക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. സത്യവതി പുത്രഭാര്യമാരോടൊപ്പം വനത്തില്‍ പോയി തപസ്സ്‌ ചെയ്യുകയും ഒടുവില്‍ പരമപാദം പ്രാപിക്കുകയും ചെയ്‌തു.

കടപ്പാട്‌ : കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: