തിങ്കളാഴ്‌ച, ഫെബ്രുവരി 13, 2006

വ്യായാമം എന്തിന്‌, എങ്ങനെ?

വ്യായാമം എന്തിന്‌, എങ്ങനെ?

അമിതഭാരം നിയന്ത്രിക്കുന്നതില്‍ വ്യായാമത്തിനുള്ള പങ്ക്‌ വളരെ വലുതാണ്‌. എന്നാല്‍ അത്‌ എങ്ങനെ ചെയ്യണമെന്നോ എന്തിനു ചെയ്യണമെന്നോ മനസിലാക്കിയില്ലെങ്കില്‍ വ്യായാമം ദൂഷ്യഫലമാവും ഉണ്ടാക്കുക. ശരിയായ വ്യായാമം ചെയ്യാന്‍ നിങ്ങള്‍ ഒരു ബോഡി ബില്‍ഡറോ കായികതാരമോ ഒന്നും ആവണമെന്നില്ല.

വ്യായാമം ചെയ്യുന്നത്‌ അമിതഭാരം കുറയ്ക്കാന്‍ മാത്രമല്ല, മറിച്ച്‌, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ്‌ പരമമായ ലക്ഷ്യം. സുഹൃത്തുക്കളോ പരിചയക്കാരോ ചെയ്യുന്നതു കണ്ടാണ്‌ നല്ലൊരു ശതമാനം ആളുകളും വ്യായാമം എന്തെന്ന്‌ മനസിലാക്കുന്നത്‌. അവര്‍ ചെയ്യുന്നത്‌ അതേ പടി ആവര്‍ത്തിക്കുകയാവും ചെയ്യുന്നത്‌. എന്നാല്‍, ഇങ്ങനെ ശരിയായ രീതിയില്‍ മനസിലാക്കാതെ ചെയ്യുന്ന വ്യായാമം ദൂഷ്യഫലമാണ്‌ ഉണ്ടാക്കുന്നതെന്ന്‌ വിദഗ്ധരുടെ പഠനങ്ങള്‍ തെളിയിക്കുന്നു. പരുക്കേറ്റ്‌ വ്യായാമം തന്നെ ചെയ്യാനാവാത്ത അവസ്ഥയില്‍ കൊണ്ടെത്തിക്കുകയാവും ഫലം. തെറ്റായ വ്യായാമമുറകള്‍ ശരീരത്തില്‍ ഉളുക്ക്‌, ചതവ്‌, മുറിവ്‌, പൊട്ടല്‍ എന്നു വേണ്ട തളര്‍ച്ച തന്നെ ബാധിക്കാനിടയാക്കും. ഇത്തരം അവസ്ഥയിലേക്ക്‌ ചെന്നെത്തുന്നതിനു പല കാരണങ്ങളുണ്ട്‌. ശരിയായ മേല്‍നോട്ടം ഇല്ലാത്തത്‌ അതിലൊന്നു മാത്രം. മരുന്നുകളുടെ ഉപയോഗം, എല്ലുകളുടെ വളര്‍ച്ചക്കുറവ്‌ തുടങ്ങിയ കാരണങ്ങളും പരുക്കുകളില്‍ ചെന്നെത്തിക്കും.

എങ്ങനെ തുടങ്ങാം

വ്യക്‌തമായ അറിവുള്ള ഒരു പരിശീലകന്‍ ഉണ്ടെങ്കില്‍ തുടക്കത്തില്‍ അത്‌ ഏറെ ഗുണം ചെയ്യും. വ്യായാമം ശീലമാക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ പല കാര്യങ്ങവുണ്ട്‌. ആദ്യമായി ഒരു ഡോക്ടറെ സമീപിച്ച്‌ നിങ്ങളുടെ ആരോഗ്യ സ്ഥിതിയെ പറ്റി മനസിലാക്കി ഉപദേശം തേടുക. നിങ്ങള്‍ക്ക്‌ നാല്‍പതിനു മുകളില്‍ പ്രായമുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ യോജിച്ച വ്യായാമമുറകള്‍ എന്തെന്നു മനസിലാക്കി മാത്രം വ്യായാമം ചെയ്‌തു തുടങ്ങുക.

ഒരു വ്യായാമമുറകളും എന്ത്‌ ഗുണമാണ്‌ ഉണ്ടാക്കുക എന്ന തിരിച്ചറിവ്‌ ഉണ്ടാക്കി മാത്രം തുടങ്ങുക. കായികതാരങ്ങള്‍ ചെയ്യുന്ന വ്യായാമമുറകളും ഭാരം കുറയ്ക്കാനോ ആരോഗ്യം നിലനിര്‍ത്താനോ ചെയ്യുന്ന വ്യായാമങ്ങളും തമ്മില്‍ വല്യ അന്തരമുണ്ടെന്ന്‌ മനസിലാക്കണം. ഒരോന്നിനും ഒരോ തരം ലക്ഷ്യമാണുള്ളത്‌. ശ്വാസമെടുക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന മാര്‍ഗങ്ങള്‍ നോക്കാതിരിക്കുകയാണ്‌ നല്ലത്‌. ശരിയായി ശ്വസിക്കുക. കഠിനമായ വ്യായാമമുറകള്‍ ചെയ്യുമ്പോള്‍ ശരിയായ രീതിയില്‍ ശ്വസിച്ചില്ലെങ്കില്‍ രക്‌തസമ്മര്‍ദം ഉയരാനിടയാക്കും.

ശരീരത്തിലെ പ്രധാന മസിലുകള്‍ക്കെല്ലാം ഒരേ പോലെ വ്യായാമം നല്‍കുക. തോളിന്റെ മുന്നിലും പിന്നിലും ഒരേ പോലെ വ്യായമം ലഭിക്കണം. ഒരു പ്രത്യേക കണക്കില്‍ ഭാരമെടുക്കുന്നതും നല്ലതാണ്‌. എന്നാല്‍ എടുക്കുന്ന ഭാരത്തിനു വ്യക്‌തമായ ഒരു കണക്കുണ്ടാവണം. ഒരേ വ്യായാമം തന്നെ തുടര്‍ച്ചയായി ചെയ്‌തു മുഴുവന്‍ സമയം അതിനായി മാറ്റിവയ്ക്കരുത്‌. പലതരത്തിലുള്ള വ്യായാമമുറകള്‍ ചെയ്യാന്‍ സമയം കണ്ടെത്തണം. തിരക്കു കൂട്ടരുത്‌. ഭാരമെടുക്കുമ്പോള്‍ ചെറിയ തോതില്‍ എടുത്തു തുടങ്ങണം. ക്രമേണ അത്‌ കൂട്ടികൊണ്ടുവരാം.

സ്ഥിരമായി വ്യായാമം ചെയ്യണം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇതിനായി മാറ്റിവയ്ക്കണം. മസിലുകളുടെ വളര്‍ച്ചയ്ക്ക്‌ മൂന്നു ദിവസത്തെ വ്യായാമം സഹായിക്കും. രണ്ടു ദിവസം ചെയ്‌താല്‍ നിലവിലുള്ള അവസ്ഥ നിലനിര്‍ത്തി പോകുകയുമാകാം. ഷൂസ്‌ ധരിച്ച്‌ വ്യായാമം ചെയ്യുന്നതാണ്‌ കൂടുതല്‍ നല്ലത്‌. ഭാരമുയര്‍ത്തുമ്പോഴും മറ്റും തെന്നിവീഴാതിരിക്കാനും വെയ്റ്റ്‌ കാലില്‍ മുട്ടി പരുക്കേല്‍ക്കാതിരിക്കാനുമൊക്കെ ഇതു സഹായിക്കും.

കടപ്പാട്‌ : മനോരമ ഓണ്‍ലൈന്‍.കോം

ലിങ്ക്‌

അഭിപ്രായങ്ങളൊന്നുമില്ല: