തിങ്കളാഴ്‌ച, ഫെബ്രുവരി 13, 2006

ചില ഇം‌പ്രഷൻ പ്രശ്നങ്ങൾ

പ്രഥമദര്‍ശനത്തില്‍ തന്നെ അനുരാഗം പൊട്ടിവിടര്‍ന്ന്‌ പുഷ്പിക്കുന്ന കാലം കഴിഞ്ഞു. കുഴപ്പം അനുരാഗത്തിനോ കാലത്തിനോ അല്ല മനുഷ്യര്‍ക്കു തന്നെയാണ്‌ എന്നാണ്‌ ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്‌. ആദ്യകാഴ്ചയില്‍ ഒരാളെ വിലയിരുത്താന്‍ കഴിയാത്ത വിധം ആളുകളുടെ വ്യക്‌തിത്വം സങ്കീര്‍ണമായിരിക്കുന്നുവത്രേ. ഫസ്റ്റ്‌ ഇംപ്രഷന്‍ ഈസ്‌ ദ്‌ ബെസ്റ്റ്‌ ഇംപ്രഷന്‍ എന്നത്‌ പഴഞ്ചൊല്ലിനെക്കാള്‍ കാലഹരണപ്പെട്ടതായി മാറിയിരിക്കുന്നു.

നന്നായി വേഷം ധരിച്ച്‌ സുഗന്ധം പൂശി മുഖത്ത്‌ നിറഞ്ഞ ചിരിയുമായി മുന്നില്‍ വരുന്നയാള്‍ മാന്യനാണെന്ന്‌ വിശ്വസിക്കുന്നവര്‍ ഇന്നു കുറവാണ്‌. കാഴ്ച പകര്‍ന്നു തരുന്ന നിഗമനങ്ങള്‍ പലപ്പോഴും വഴി തെറ്റിക്കുമെന്നു തന്നെയാണ്‌ മിക്കവരുടെയും അഭിപ്രായം. അതേ സമയം മറ്റുള്ളവരെ ഇംപ്രസ്‌ ചെയ്യാന്‍ നന്നായി വേഷം ധരിക്കണമെന്നതില്‍ ആര്‍ക്കും മറിച്ചൊരഭിപ്രായമില്ല. എന്നാല്‍ ഈ ഘടകങ്ങള്‍ക്കു മാത്രം വ്യക്‌തികളെ ആകര്‍ഷിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നാണ്‌ വിദ്യാര്‍ഥികളും പ്രൊഫഷനലുകളും പറയുന്നത്‌.

നല്ല വേഷവും ആകര്‍ഷണഘടകങ്ങളും ഓരാളോട്‌ സംസാരിക്കാന്‍ നമുക്ക്‌ പ്രചോദനമായേക്കാം. എന്നാല്‍ അതിന്റെ മാത്രം അടിസ്ഥാനത്തില്‍ വ്യക്‌തികളെ വിലയിരുത്താനും ബന്ധം സ്ഥാപിക്കാനും കഴിയില്ലെന്ന്‌ ഒരു പ്രമുഖ പേഴ്സനാലിറ്റി ട്രെയിനര്‍ പറയുന്നു. മുന്‍പ്‌ കാര്യങ്ങള്‍ ഏറെക്കുറെ അങ്ങനെയായിരുന്നു എന്നതാണ്‌ സത്യം. മാന്യമായി വേഷം ധരിച്ചാല്‍ മാന്യത കൈവന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്‌ അത്‌ പോയി. ആളുകള്‍ ബന്ധങ്ങള്‍ സ്ഥാപിക്കുമ്പോള്‍ വ്യക്‌തിത്വ സവിശേഷതകളെക്കുറിച്ചും ബോഡി ലാംഗ്വേജിനെക്കുറിച്ചുമൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നത്‌ വാസ്‌തവമാണ്‌. ആകര്‍ഷകമായ വ്യക്‌തിത്വമില്ലെങ്കില്‍ അതുണ്ടെന്ന്‌ അഭിനയിച്ചു ഫലിപ്പിക്കാന്‍ പ്രയാസമാണെന്നു തന്നെയാണ്‌ വിദഗ്ധര്‍ പറയുന്നത്‌.

ഇല്ലാത്ത വ്യക്‌തിത്വസവിശേഷതകള്‍ ഉണ്ടെന്നു കാണിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയാന്‍ പ്രയാസമില്ലത്രേ. സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ വ്യക്‌തിത്വത്തിന്റെ പ്രതിഫലനങ്ങള്‍ അറിയാന്‍ കഴിയും. അതിന്റെ അടിസ്ഥാനത്തില്‍ ഇംപ്രഷനുകള്‍ മാറിമറിയും. പ്രഥമദര്‍ശനത്തില്‍ മോശക്കരനെന്നു വിധിയെഴുതിയ പലരും പിന്നീട്‌ പത്തരമാറ്റുള്ള വ്യക്‌തിത്വത്തിന്റെ ഉടമകളാണെന്ന്‌ തിരിച്ചറിയുമ്പോള്‍ അത്‌ അംഗീകരിക്കാന്‍ മടിയില്ലാത്തവരാണ്‌ യുവതലമുറ.

കാഴ്ചയുടെ പൊലിമയ്ക്കപ്പുറമാണ്‌ യഥാര്‍ഥവ്യക്‌തിത്വത്തിന്റെ തനിമ നിലനില്‍ക്കുന്നത്‌ എന്നത്‌ പൊതുവേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. മാന്യന്‍മാരായി വേഷം ധരിച്ച പലരുടെയും മാന്യത ആ വേഷത്തിനപ്പുറത്തില്ലെന്നത്‌ കാലം തെളിയിച്ചു കഴിഞ്ഞു. പെരുവഴിയില്‍ അപകടത്തില്‍പെട്ടാലോ അതിക്രമമുണ്ടായാലോ ഒന്നു സഹായിക്കാനോ പ്രതിഷേധസ്വരമുയര്‍ത്താനോ ഇംപ്രഷന്‍ സൃഷ്ടിക്കുന്നവര്‍ക്ക്‌ സാധിക്കാറില്ലെന്നാണ്‌ പൊതുവേ ഉള്ള അഭിപ്രായം.

കടപ്പാട്‌ : മനോരമ ഓണ്‍ലൈന്‍.കോം
ലിങ്ക്‌:

അഭിപ്രായങ്ങളൊന്നുമില്ല: