ബുധനാഴ്‌ച, ഫെബ്രുവരി 15, 2006

പ്രണയത്തിന്റെ ഈണം

പ്രണയത്തിന്റെ ഈണം

പ്രണയത്തിന്‌ ഈണമുണ്ടോ! ഇമ്പമാര്‍ന്ന ഈണത്തിന്‌ വാക്കുകളേ ക്കാളേറെ ശക്‌തിയുണ്ട്‌; മനസ്സിനെ കീഴടക്കാന്‍. അപ്പോള്‍ തീര്‍ച്ചയായും പ്രണയത്തിന്‌ ഈണമുണ്ട്‌. പക്ഷേ, അത്‌ എല്ലാവരിലും ഒന്നുപോലെയല്ല സംഭവിക്കുന്നത്‌. ഇന്ത്യന്‍ സംഗീതം രാഗനിബദ്ധമാണ്‌. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാ നിയിലും ഒരേ രാഗപദ്ധതികള്‍തന്നെ. രണ്ടിന്റെയും അടിസ്ഥാനം ഭക്‌തിയാണ്‌. ഭക്‌തിയും പ്രണയവും ബന്ധപ്പെട്ടിരി ക്കുന്നതുപോലെ രാഗങ്ങളിലുമുണ്ട്‌ ഭക്‌തി ഭാവവും പ്രണയഭാവവും. പ്രണയം സ്ഫുരിക്കുന്ന രാഗങ്ങള്‍ എന്ന്‌ ആരും രാഗങ്ങളെ വേര്‍തിരിച്ചി ട്ടില്ലെങ്കിലും രാഗങ്ങള്‍ക്കുള്ളിലെ പ്രണയഭാവം പല സംഗീതജ്ഞരും സംഗീത സംവിധായകരും കണ്ടെത്തിയിട്ടുണ്ട്‌. അവര്‍ ചാലിച്ചുതന്ന രാഗത്തേന്‍ നമ്മുടെ മനസ്സിലും പ്രണയത്തിന്റെ ആര്‍ദ്രത അലിയിച്ചു തന്നിട്ടുണ്ട്‌.

ശൃംഗാരരസം തുളുമ്പുന്ന രാഗങ്ങളാണ്‌ കാംബോജിയും യദുകുല കാംബോജിയും എന്ന്‌ ആചാര്യന്മാര്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇരയിമ്മന്‍തമ്പിയുടെ അതിപ്രശസ്‌തമായ ശൃംഗാരകൃതി 'പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദസുഖത്തെ...' കാംബോജി രാഗത്തിലാണ്‌ ചിട്ടപ്പെടുത്തിയിട്ടുള്ളത്‌. മനോഹരങ്ങളായ സിനിമാഗാനങ്ങളും ഈ രാഗത്തിലുണ്ടായിട്ടുണ്ട്‌. കമലദളം എന്ന ചിത്രത്തില്‍ രവീന്ദ്രന്‍ ഒരുക്കി യേശുദാസും ചിത്രയും പാടിയ 'പ്രേമോദാരനായ്‌ അണയൂ നാഥാ...'
രാഗത്തിന്റെ എല്ലാ വശ്യതയും ഉള്‍ച്ചേര്‍ന്ന ഗാനമാണ്‌.

കൈതപ്രത്തിന്റെ അര്‍ഥസംപുഷ്ടമായ വരികള്‍ ഗാനത്തിന്‌ മിഴിവേകുന്നു.
ദേവലോകമുണരും
നീരാഗമാകുമെങ്കില്‍
കാളിന്ദി പോലുമാ നീലരാഗ -
മോലുന്ന ചേലിലൊഴുകും...
തുടങ്ങിയ വരികള്‍ പാട്ടിന്റെ ലയവും ഭാവനയുടെ സാരള്യവും ചേര്‍ന്നതാണ്‌. കൈതപ്രം തന്നെ എഴുതിയ രവീന്ദ്രന്റെ 'സമയം മനോഹരം..ഃഋദയം വിമോഹിതം...' (ചിത്രം: എഴുത്തച്‌'ന്‍) എന്ന ഗാനവും കാംബോജിയില്‍ ഒരുക്കിയതാണ്‌. ദക്ഷിണാമൂര്‍ത്തിയുടെ പ്രശസ്‌തമായ 'കാട്ടിലെ പാഴ്മുളം തണ്ടില്‍' കാംബോജിയില്‍ ചിട്ടപ്പെടുത്തിയതാണ്‌. സ്വാതിതിരുനാളിന്റെ ശൃംഗാരരസപ്രദമായ അനേകം പദവര്‍ണങ്ങളും ജാപളികളും പദങ്ങളും യദുകുല കാംബോജിയില്‍ സൃഷ്ടിച്ചിട്ടുണ്ട്‌.
'കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ...' എന്ന പ്രശസ്‌ത കീര്‍ത്തനം ഈ രാഗത്തിലുള്ളതാണ്‌.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രണയഗാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്‌ മോഹനത്തിലും കല്യാണിയിലുമാണ്‌ എന്നു പറയാം. മലയാള സിനിമാസംഗീതത്തിന്റെ ആചാര്യനായ ദേവരാജന്‍ മാഷ്‌ എണ്‍പതോളം ഗാനങ്ങള്‍ മോഹനരാഗത്തില്‍ ഒരുക്കിയിട്ടുണ്ട്‌. കല്യാണിയും ഒട്ടേറെ സംഗീതസംവിധായകര്‍ക്ക്‌ പ്രിയപ്പെട്ട രാഗമാണ്‌. മേളകര്‍ത്താ രാഗമായ (സമ്പൂര്‍ണ രാഗം) കല്യാണിയുടെ ജന്യരാഗമാണ്‌ മോഹനം. ശൃംഗാരരസപ്രദമായ മോഹിനിയാട്ടത്തില്‍ മോഹനം നന്നായി ഉപയോഗിക്കാറുണ്ട്‌.
'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി;
'കരിമുകില്‍ കാട്ടിലെ...',
'മഞ്ഞള്‍ പ്രസാദവും...',
'ചന്ദനലേപസുഗന്ധം' തുടങ്ങിയ ഗാനങ്ങള്‍ മോഹനത്തില്‍ ചിട്ടപ്പെടുത്തിയതാണ്‌.
കല്യാണിയിലാണ്‌ ദേവരാജന്‍ മാഷിന്റെ ഏറ്റവും മനോഹര ഗാനങ്ങളിലൊന്നായ 'സ്വര്‍ണചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കില്‍' എന്ന ഗാനം ഒരുക്കിയത്‌. 'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍' എന്ന എസ്‌. ജാനകിയുടെ ഗാനവും കല്യാണിയാണ്‌. ഹിന്ദോളം (ചന്ദനമണിവാതില്‍, വെണ്‍ചന്ദ്രലേഖയൊ രപ്സരസ്‌ത്രീ...), സിംഹേന്ദ്രമധ്യമം (എന്റെ കടിഞ്ഞൂല്‍), ദര്‍ബാരി കാനഡ (അഴകേ), ശഹാന (സ്വപ്നങ്ങള്‍), ബേഗഡ (ഇന്നലെ നീയൊരു), ഭൈരവി (താമസമെന്തേ വരുവാന്‍) തുടങ്ങിയ രാഗങ്ങളുടെ പ്രണയഭാവം സംഗീതസംവിധായകര്‍ ചുരന്നെടുത്തത്‌ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. ഹിന്ദോളത്തിന്റെ ഹിന്ദുസ്ഥാനി രൂപമായ 'മാല്‍കൌസിലാണ്‌ ബാബുരാജിന്റെ പ്രശസ്‌തമായ 'പ്രാണസഖീ' ഒരുക്കിയത്‌.

കടപ്പാട്‌ : മനോരമ ഓണ്‍ലൈന്‍
ലിങ്ക്‌

അഭിപ്രായങ്ങളൊന്നുമില്ല: