തിങ്കളാഴ്‌ച, ഫെബ്രുവരി 13, 2006

കൊച്ചുവാഴത്തോപ്പില്‍ പിന്നേയും വന്ന പച്ചപ്പനന്തത്ത

കൊച്ചുവാഴത്തോപ്പില്‍ പിന്നേയും വന്ന പച്ചപ്പനന്തത്ത
എം.ഡി. രാജേന്ദ്രന്‍

ശശി പറവൂര്‍ സംവിധാനം ചെയ്‌ത 'നോട്ടം' എന്ന ചലച്ചിത്രത്തിലെ "പച്ചപ്പനന്തത്തേ..." എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ഈവര്‍ഷത്തെ സംസ്ഥാന അവാര്‍ഡ്‌. അരനൂറ്റാണ്ടുമുമ്പ്‌ ഈ ഗാനം രചിച്ച പൊന്‍കുന്നം ദാമോദരന്റെ മകനും പ്രശസ്‌ത ഗാനരചയിതാവുമായ എം.ഡി. രാജേന്ദ്രന്‍ അച്ഛനെ ഓര്‍ത്തുകൊണ്ട്‌...
അന്‍പത്തിരണ്ട്‌ വര്‍ഷംമുമ്പ്‌ എഴുതിയ ഒരു ഗാനത്തിന്‌ ഇപ്പോള്‍ അവാര്‍ഡ്‌ ലഭിക്കുന്നത്‌ അത്ഭുതകരമാണ്‌. എന്റെ അച്ഛന്‍ പൊന്‍കുന്നം ദാമോദരന്‍ എഴുതിയ "പച്ചപനംതത്തേ........" എന്ന പാട്ട്‌ കാലത്തെ അതിജീവിക്കുന്നുവെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഈ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ എന്റെ വിശ്വാസത്തിന്‌ കൂടുതല്‍ ബലം നല്‍കുന്നു.

കേരള കലാവേദിയുടെ 'നമ്മളൊന്ന്‌' എന്ന നാടകത്തിനു വേണ്ടിയാണ്‌ അച്ഛന്‍ ഈ ഗാനം എഴുതിയത്‌. 'നോട്ടം' എന്ന സിനിമയ്ക്കു വേണ്ടി സംവിധായകന്‍ ശശി പറവൂര്‍ ഈ ഗാനം അന്വേഷിച്ചെത്തുമ്പോള്‍ പാട്ടിന്റെ മുഴുവന്‍ വരികളും ആര്‍ക്കും അറിയുമായിരുന്നില്ല. ഈ ഗാനത്തിന്റെ കൈയെഴുത്ത്‌ പ്രതിയും ഉണ്ടായിരുന്നില്ല. എന്നാല്‍, അമ്മ കെ.ജി. കുഞ്ഞിക്കുട്ടി വര്‍ഷങ്ങള്‍ക്കുമുമ്പേ എഴുതി സൂക്ഷിച്ചിരുന്ന അച്ഛന്റെ ഗാനസമാഹാരത്തിന്റെ ബുക്കില്‍ നിന്നാണ്‌ ഈ പാട്ട്‌ കണ്ടെത്തിയത്‌. അടര്‍ന്നുവീഴാറായ ഒരു പേജില്‍ അമ്മയുടെ കൈയക്ഷരത്തില്‍ കുറിച്ചിട്ടിരുന്ന വരികള്‍!

രണ്ടുവര്‍ഷം മുമ്പ്‌ മരിച്ചുപോയ അമ്മ നിധിപോലെ സൂക്ഷിച്ച ബുക്കില്‍ നിന്നാണ്‌ ഈ ഗാനം പുനര്‍ജ്ജനിച്ചത്‌.

കവിതകള്‍ക്ക്‌ ലക്ഷ്യബോധമുണ്ടാവണമെന്ന്‌ ശഠിച്ച ഗായകനും ചിത്രകാരനും എഴുത്തുകാരനും ഒക്കെയായ ഒരു കമ്മ്യൂണിസ്റ്റുകാരന്‌ ലഭിച്ച അംഗീകാരമാണ്‌ ഈ പുരസ്കാരം. പക്ഷേ, ഈ അംഗീകാരത്തെക്കുറിച്ച്‌ അറിയാനും പറയാനും അമ്മയില്ലാതെപോയി എന്നൊരു ദുഃഖമുണ്ട്‌.
"അക്കാണും മലവെട്ടി വയലാക്കി
ആരിയന്‍ വിത്തെറിഞ്ഞു.
അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ
ഈണമാണെന്‍ കിളിയേ....."
വിസ്‌മൃതിയിലേക്ക്‌ മറഞ്ഞുപോകുമായിരുന്ന ഈ നല്ല പാട്ട്‌ വീണ്ടും മലയാളി പാടിത്തുടങ്ങുമ്പോള്‍ കളഞ്ഞുപോയതെന്തോ തിരിയെ കിട്ടുന്ന സുഖം അറിയുന്നു. കുമാരനാശാനായിരുന്നു അച്ഛന്റെ ഇഷ്‌ട കവി. കവിതയിലൂടെ സാമൂഹ്യ പരിവര്‍ത്തനം സാധ്യമാക്കിയ ആശാനോളം പോന്ന കവി ലോകത്തെങ്ങും ഉണ്ടായിട്ടില്ലെന്നാണ്‌ അച്ഛന്‍ വിശ്വസിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ മക്കളായ എം.ഡി. രത്‌നമ്മയുടെയും എം.ഡി. അജയഘോ ഷിന്റെയും എന്റെയുമൊന്നും സാഹിത്യത്തെ അച്ഛന്‍ അംഗീകരിച്ചിരുന്നുമില്ല!

"കൊയ്യുന്ന കൊയ്ത്തരിവാളിന്‌
കിക്കിളി പെയ്യുന്ന പാട്ടാണ്‌."
അച്ഛന്റെ പ്രത്യയശാസ്‌ത്രം കവിതകളില്‍ എക്കാലവും നിറഞ്ഞുനിന്നു. കമ്മ്യൂണിസ്റ്റുകാരനായതിന്റെ പേരില്‍ അദ്ധ്യാപക ജോലി നഷ്‌ടപ്പെട്ടതും പാലിയം സമരത്തിന്റെ പേരില്‍ തേക്കിന്‍കാട്‌ മൈതാനിയില്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടവും ഇങ്ങനെ ഒരു സംഭവ ബഹുലമായ ജീവിതമായിരുന്നു അച്ഛന്റേത്‌. പട്ടിണി കിടന്നും പാര്‍ട്ടിക്കുവേണ്ടി പ്രയത്‌നിച്ച അച്ഛന്‌ കവിതകള്‍ എന്നും ആവേശമായിരുന്നു. ഇ.എം.എസ്‌., എ.കെ.ജി, ജോസഫ്‌ മുണ്ടശ്ശേരി, കെ. കരുണാകരന്‍, വയലാര്‍, പി. ഭാസ്കരന്‍, ഒ.എന്‍.വി, എന്‍.വി. കൃഷ്‌ണവാരിയര്‍, പ്രേംജി, ചെറുകാട്‌, കുട്ടികൃഷ്‌ണ മാരാര്‍, വെയിലോപ്പിള്ളി തുടങ്ങിയ വന്‍സുഹൃത്ത്‌ വലയമായിരുന്നു അച്ഛനുണ്ടായിരുന്നത്‌. വള്ളത്തോളിന്റെ മഗ്‌ദലന മറിയം യുക്തിഭദ്രമല്ലെന്ന വാദം ഉയര്‍ത്തിയ മുണ്ടശ്ശേരി മാഷ്‌ അച്ഛനെക്കൊണ്ട്‌ മറ്റൊരു മഗ്‌ദലനമറിയം എഴുതിച്ചിരുന്നു. 'സാഹസികനും ധീരനുമായ വിപ്‌ളവകാരി' - അച്ഛനെക്കുറിച്ചുള്ള എല്ലാ ഓര്‍മ്മകളും ഈ വിളിപ്പേര്‌ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

ഇ.കെ. നായനാര്‍ തന്റെ ദീര്‍ഘദൂരയാത്രകളില്‍ അച്ഛനെഴുതിയ "ഇരുനാഴി മണ്ണിനായി ഉരുകുന്ന കര്‍ഷകന്‍" എന്ന ഗാനം ഒപ്പമുള്ളവരെക്കൊണ്ട്‌ പാടിക്കുമായിരുന്നുവെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. തീവണ്ടിയാത്രയ്ക്കിടയിലും, ആള്‍ത്തിരക്കിനിടയിലും കവിതയെഴുതാനാവുമായിരുന്നു അച്ഛന്‌.
" ജനഗണമന പാടുമ്പോള്‍
ജയ ജയാരവമുയരുമ്പോള്‍
പെരുവഴിയേ നീളുമൊ
രാ ജാഥ കണ്ടോ....."

എന്ന വരികള്‍ സീതാറാം മില്ലിലെ തൊഴിലാളികള്‍ നടത്തിയ ജാഥ കണ്ട്‌ തേക്കിന്‍കാട്‌ മൈതാനിയിലിരുന്ന്‌ എഴുതിയതാണ്‌. അച്ഛന്റെ പാട്ടുകള്‍ ഒരിക്കല്‍ നിഷേധിച്ചിരുന്ന ആകാശവാണിയില്‍ പിന്നീട്‌ എഴുതി തയ്യാറാക്കി അവതരിപ്പിക്കാന്‍ എനിക്ക്‌ കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു വിപ്‌ളവ സിനിമയ്ക്ക്‌ പാട്ടെഴുതാന്‍ അച്ഛന്‌ അവസരം ലഭിച്ചിരുന്നു. എന്നാല്‍, ചില ലോബികള്‍ ഇടപെട്ട്‌ ആ അവസരം മുടക്കി. പിന്നെ അച്ഛന്‍ ചലച്ചിത്രഗാന രചയിതാവായത്‌ ഇപ്പോഴാണ്‌, മരിച്ച്‌ 13 വര്‍ഷങ്ങള്‍ കഴിഞ്ഞ്‌!

ചെറുപ്പത്തില്‍ യേശുദാസിന്റെ ഗാനമേള വീടിനടുത്ത്‌ എവിടെയുണ്ടെങ്കിലും ഞങ്ങളെ അച്ഛ ന്‍ കേള്‍ക്കാനായി കൊണ്ടുപോകും. അന്നൊക്കെ അച്ഛന്റെ പാട്ടുകള്‍ യേശുദാസ്‌ എന്നു പാടുമെന്ന്‌ ഞങ്ങള്‍ ചോദിച്ചിട്ടുണ്ട്‌.

"ഒരു ദിവസം ദാസപ്പന്‍ എന്റെ പാട്ടും പാടും" എന്നായിരുന്നു അച്ഛന്റെ മറുപടി. "പച്ചപ്പനന്തത്തേ" എന്ന പാട്ടിലൂടെ അച്ഛന്റെ മറുപടി സത്യമായി ഭവിച്ചു.

(ആകാശവാണി തൃശൂര്‍ നിലയത്തിലെ പ്രോഗ്രാം അനൌണ്‍സറാണ്‌ എം.ഡി. രാജേന്ദ്രന്‍).
തയ്യാറാക്കിയത്‌:ആര്‍. അഭിലാഷ്‌

കടപ്പാട്‌ : കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: