ചൊവ്വാഴ്ച, മാർച്ച് 07, 2006

ചെമ്മനത്തിന് 'എയ്‌ററി പൂര്‍ത്തി'

ചെമ്മനത്തിന് 'എയ്‌ററി പൂര്‍ത്തി'
എം.കെ. ഹരികുമാര്‍
ചെമ്മനം ബ്രാന്‍ഡ്‌ ചിരിക്ക്‌ ഇന്ന്‌ എണ്‍പതു വയസ്‌ തികയുന്നു. അശീതി അഥവാ എണ്‍പത്‌ വയസ്‌ ചെമ്മനം ചാക്കോയ്ക്ക്‌ 'എയ്റ്റി പൂര്‍ത്തി' യാണ്‌. അവിടെയും ചെമ്മനത്തിന്റെ ഹാസ്യം വിടുന്നില്ല.

ജനാധിപത്യ സ്ഥാപനങ്ങളുടെ കാലമായപ്പോള്‍ സാമൂഹിക വൈകല്യങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ്‌ അനുഭവമെന്ന്‌ ചെമ്മനം വിലയിരുത്തുന്നു. ഈ വൈകല്യങ്ങളാകട്ടെ, ഇപ്പോഴും തെളിഞ്ഞുകാണാം; ഓരോന്നിലേക്കും സൂക്ഷ്‌മമായി ദൃഷ്‌ടി പായിക്കുകയേ വേണ്ടൂ.
1947-ല്‍ 'വിളംബരം' എന്ന കവിതാ സമാഹാരവുമായി കവിതാ രംഗത്തുവന്ന ചെമ്മനം ചാക്കോ തലമുറകളെയാണ്‌, തന്റെ കനമുള്ള വിമര്‍ശന ഹാസ്യരചനകള്‍കൊണ്ട്‌ സംശുദ്ധമാക്കിയത്‌. ഇപ്പോള്‍ ഇരുപത്തിയൊന്ന്‌ കവിതാ സമാഹാരങ്ങള്‍ ചെമ്മനത്തിന്റെ ക്രെഡിറ്റിലുണ്ട്‌. അടുത്ത ഒരു സമാഹാരം പണിപ്പുരയിലുമാണ്‌.എങ്ങനെയാണ്‌ ഈ വിമര്‍ശന ഹാസ്യാത്‌മകത ജീവിതത്തില്‍ നിലനിറുത്തുന്നതെന്ന്‌ ചോദിച്ചാല്‍ ചെമ്മനം ഇങ്ങനെ മറുപടി പറയും. " എനിക്കിത്‌ ജീവിത ലക്ഷ്യംപോലെയാണ്‌. മാത്രമല്ല, കാലഘട്ടത്തിന്റെ അവശ്യവുമാണ്‌. എന്റെ മനസ്സാക്ഷിയുടെ യജമാനനാണ്‌ ഞാന്‍. രാഷ്‌ട്രീയ മതാധികാര സ്ഥാപനങ്ങളെക്കാളെല്ലാം ഞാന്‍ ഇതിനെ വിലമതിച്ചു. സാമ്പ്രദായിക സ്ഥാപനങ്ങള്‍ക്ക്‌ വെളിയില്‍ മൂല്യങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍, നമുക്ക്‌ പരിഹാസത്തിന്റെയും വിമര്‍ശനത്തിന്റെയും അനേകം വാതായനങ്ങള്‍ തുറന്നുകിട്ടും."

"കാലത്തിനൊത്ത്‌
നീ മാറേണ്ട തൂലികേ
കാലത്തെ മാറ്റുവാന്‍ നോക്കൂ." എന്ന ചെമ്മനത്തിന്റെ വരികള്‍ പ്രസിദ്ധമാണ്‌.ചെമ്മനത്തിന്റെ എണ്‍പത്‌ മലയാള സാഹിത്യത്തിന്‌ ഓര്‍മ്മയുടെ പൂക്കാലമാണ്‌ തരുന്നത്‌.വ്യക്തികളെയും കക്ഷികളെയും പത്രങ്ങളെയും വിമര്‍ശിച്ച ചെമ്മനത്തിന്റെ ഏറ്റവും വലിയ സവിശേഷത നിര്‍ഭയമായി എഴുതാനുള്ള സിദ്ധിയാണ്‌. പഴയകാല കവിതകളുടെ പാരായണം കൊണ്ടും പഠനം കൊണ്ടും അദ്ദേഹം സൃഷ്‌ടിച്ച സാമ്രാജ്യമാണ്‌ തന്റെ ഇരുപത്തിയൊന്ന്‌ സമാഹാരങ്ങളിലായി അടുക്കിവച്ചിട്ടുള്ളത്‌.

ചെമ്മനം തന്റെ കവിതയില്‍ തൂവിയിട്ടിരിക്കുന്ന സംഗീതവും പ്രധാനമാണ്‌. നാടന്‍പാട്ടില്‍ നിന്നും പ്രാചീനകലകളെ കാവ്യകൃതികളില്‍ നിന്നും ചീന്തിയെടുത്തതാണ്‌ ചെമ്മനത്തിന്റെ സംഗീതബോധം. അത്‌ വിമര്‍ശന ഹാസ്യത്തിന്റെ ലയാത്‌മകമായ അവബോധമായി പരിണമിക്കുകയും ചെയ്യുന്നു. "എന്റെ ഹൃദയത്തിലെ സംഗീതമാണ്‌ എന്റെ കവിതകളിലുള്ളത്‌. അത്‌ ഞാന്‍ കൊണ്ടുവന്നതാണ്‌. കൊണ്ടുനടക്കുന്നതാണ്‌ എന്ന്‌ പറയാം." - ചെമ്മനം പറയുന്നു.

1926 മാര്‍ച്ച്‌ 7-ന്‌ വൈക്കത്ത്‌ മുതുകുളത്ത്‌ ചെമ്മനം കുടുംബത്തില്‍ യോഹന്നാന്‍ കത്തനാരുടെയും സാറയുടെയും മകനായി ജനിച്ച ചെമ്മനം പിറവം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. 1968 മുതല്‍ 86 വരെ കേരള സര്‍വകലാശാല പബ്‌ളിക്കേഷന്‍സ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ ഡയറക്‌ടര്‍ ആയി സേവനമനുഷ്ഠിച്ചു. 'ചെമ്മനം കവിത സമ്പൂര്‍ണ്ണം' എന്ന ബൃഹത്‌ സമാഹാരം ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ പ്രസിദ്ധീകരിച്ചത്‌.

സ്വാതന്ത്യ്‌രാനന്തര കാലത്തെ നമ്മുടെ ഭരണ നിര്‍വഹണ രംഗങ്ങളെ ചെമ്മനത്തെപ്പോലെ കവിതയിലൂടെ കടന്നാക്രമിച്ചവര്‍ വേറെ ആരുമില്ല. നാം മനുഷ്യത്വ രഹിതമായി എങ്ങനെയെല്ലാം മാറിപ്പോയി എന്നതിന്റെ രേഖ കൂടിയായി ചെമ്മനം കവിതകളെ വിലയിരുത്താവുന്നതാണ്‌.
കൈക്കൂലിയും അഴിമതിയും നിറഞ്ഞ ഓഫീസുകള്‍, കോണ്‍ക്രീറ്റ്‌ സൌധങ്ങള്‍ വിഴുങ്ങിയ കൃഷിയിടങ്ങള്‍, ജനാധിപത്യ പരിഷ്കരണ സിരാകേന്ദ്രങ്ങള്‍ തുടങ്ങി ചെമ്മനത്തിന്റെ കവിതയുടെ കാകദൃഷ്‌ടി പതിയാത്ത ഇടങ്ങളില്ല.

കടപ്പാട്‌ : കേരളകൌമുദി ഓണ്‍ലൈന്‍.കോം

1 അഭിപ്രായം:

Sreekumar Elanji പറഞ്ഞു...

1926 മാര്‍ച്ച്‌ 7-ന്‌ വൈക്കത്ത്‌ മുതുകുളത്ത്‌ ചെമ്മനം കുടുംബത്തില്‍ യോഹന്നാന്‍ കത്തനാരുടെയും സാറയുടെയും മകനായി ജനിച്ച ചെമ്മനം പിറവം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു.

മുതുകുളമല്ല,മുളക്കുളമാണു് ജന്മസ്ഥലം.പിറവം സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ അദ്ധ്യാപകനായിരുന്നു.ചെമ്മനം.