വ്യാഴാഴ്‌ച, മാർച്ച് 09, 2006

നോവിക്കുന്ന വിട

നോവിക്കുന്ന വിട
എം.കെ. ഹരികുമാര്‍

സ്വന്തം പേരിലെന്നപോലെ ജീവിതത്തിലും അഭിനയത്തിലും എം.എസ്‌ മറ്റാര്‍ക്കുമറിയാത്ത വിലോലഭാവനകളെ കൂടെക്കൊണ്ടുനടന്നു. ആയിരത്തോളം നാടകങ്ങളിലും നാനൂറോളം സിനിമകളിലും അഭിനയിച്ച എം.എസ്‌ തന്റെ ജീവിതത്തെ നാട്യകലയുടെ ഒരു പാഠ്യഭാഗമാക്കിമാറ്റി. എം.എസിന്റെ വേഷങ്ങള്‍ നമ്മുടെ കലാരംഗത്ത്‌ ഒരു നൂതനമായ ശെയിലീവിശേഷമാണെന്നൊക്കെ പറഞ്ഞാല്‍, തെറ്റാകില്ലെന്ന്‌ കുറേവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ബോദ്ധ്യപ്പെടും.
തൃപ്പൂണിത്തുറയുടെ ശബ്‌ദം ഘനഗംഭീരമായിരുന്നു. എം.എസ്‌ എന്ന നാടക, സിനിമാ, സീരിയല്‍ നടന്‍ തൃപ്പൂണിത്തുറയുടെ ശബ്‌ദവുമായി എത്രയോകാലം വിരാജിച്ചു. ഇനിയും അത്‌ തുടരും, അദ്ദേഹം അഭിനയിച്ച സിനിമകളിലൂടെ. മിമിക്രി കലാകാരന്മാര്‍ എപ്പോഴും അനുകരിക്കാറുള്ള ശബ്‌ദമാണ്‌ നസീറിന്റെയും ഉമ്മറിന്റെയും മധുവിന്റെയും. അക്കൂട്ടത്തില്‍ അവര്‍ പവിത്രതയോടെ കൈകാര്യം ചെയ്ത ശബ്‌ദമായിരുന്നു എം.എസിന്റേത്‌. എം.എസിന്റെ ശബ്‌ദം അനുകരിച്ചവര്‍ക്ക്‌ കിട്ടിയ കൈയടി, എം.എസിന്റെ ആരാധകരുടേതുതന്നെയായിരുന്നു എന്ന വസ്തുതകൂടി മനസിലാക്കണം.

തിക്കുറിശ്ശി, ശങ്കരാടി തുടങ്ങിയ നടന്മാര്‍ക്കുശേഷം മലയാള സിനിമയില്‍ നാട്യകലയില്‍ സ്വതസിദ്ധമായ അഭിനയശെയിലിയുടെ ചതുരവടിവ്‌ നേടിയത്‌ എം.എസായിരുന്നു. എം.എസ്‌ ഏത്‌ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും തന്റെ കോപിഷ്‌ടമായ ശെയിലിയെ അതിലേക്ക്‌ സന്നിവേശിപ്പിച്ച്‌ മനുഷ്യത്വപരമാക്കുക സാധാരണമാണ്‌.

ഹാസ്യവേഷങ്ങള്‍ എം.എസ്‌ അവതരിപ്പിക്കാറില്ല. എന്നാല്‍ അദ്ദേഹം ഗൌരവത്തോടെ ചെയ്തവേഷങ്ങളെ ആംഗ്യചലനങ്ങളിലൂടെയും ശബ്‌ദവ്യതിയാനങ്ങളിലൂടെയും സ്വാദിഷ്‌ടമാക്കുന്നത്‌, അതില്‍നിന്ന്‌ സ്വാഭാവികമായി ഉയിര്‍കൊള്ളുന്ന നര്‍മ്മഭാവനയാണ്‌. 'യോദ്ധ' എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നേപ്പാളി അമ്മാവനായി അഭിനയിച്ചപ്പോള്‍ എം.എസ്‌ നല്‍കുന്ന ചില ശബ്‌ദസൂചികകള്‍ ആ കഥാപാത്രത്തിലെ ഹാസ്യഭാവത്തെ പുറത്തുകൊണ്ടുവരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രം സ്വയം പരിചയപ്പെടുത്തുമ്പോള്‍ നീയാരാണ്‌. ഹു ആര്‍ യു, നിങ്ങളാരാണ്‌. നിങ്ങള്‍ക്കെന്തുവേണം വാട്ട്‌ ഡു യു വാണ്ട്‌ എന്ന്‌ വളരെവേഗത്തില്‍ എം.എസ്‌ ചോദിക്കുമ്പോള്‍, അത്‌ കണ്ടിരിക്കുന്നവരുടെ ചുണ്ടില്‍ ഒരു ചിരി പടര്‍ന്ന്‌ പന്തലിക്കാതിരിക്കില്ല.

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പത്രം, അയ്യര്‍ ദ ഗ്രേറ്റ്‌, സാന്ത്വനം എന്നീ ചിത്രങ്ങളില്‍ എം.എസ്‌ പ്രധാന താരങ്ങള്‍ക്കൊപ്പം നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. ചെറിയ വേഷമാണ്‌ അദ്ദേഹം ചെയ്തിട്ടുള്ളതെങ്കില്‍പ്പോലും അതില്‍ പൂര്‍ണത കണ്ടെത്താന്‍ ഈ കലാകാരന്‌ അത്ഭുതസിദ്ധികളുണ്ടായിരുന്നു.
ചങ്ങനാശ്ശേരി 'ഗീഥാ'യുടെ 'ജ്യോതി' എന്ന നാടകത്തിലൂടെ തുടക്കംകുറിച്ച എം.എസ്‌ ജ്യോതിഷം, പാചകം, ആയുര്‍വേദം, വൈദ്യം, പൌരാണിക ശാസ്‌ത്രം, സംഗീതം തുടങ്ങിയ മേഖലകളില്‍ നിന്നെല്ലാം ഒരു വിജ്ഞാനദാഹിയായി ആവോളം അറിവുസമ്പാദിച്ചു.

കര്‍ണാടക സംഗീതത്തില്‍ നല്ല അറിവുനേടിയ അദ്ദേഹം ഒഴിവുസമയങ്ങളില്‍ പാടുകയും മറ്റ്‌ സംഗീതജ്ഞരുടെ കച്ചേരികളെ നിരൂപണം ചെയ്ത്‌ സംസാരിക്കുകയും ചെയ്തിരുന്നു. ഇടക്കാലത്ത്‌ പാചകരംഗത്തും സജീവമായിരുന്നു. സിനിമയില്‍ തിരക്കേറിയപ്പോള്‍ മേറ്റ്ല്ലാം ഉപേക്ഷിച്ച്‌ അദ്ദേഹം അതില്‍ നിലയുറപ്പിച്ചു.
സിനിമയില്‍ കിട്ടിയ ഇടവേളകളിലാണ്‌ എം.എസ്‌ സീരിയല്‍ രംഗത്തുമെത്തിയത്‌. ഏത്‌ മുരട്ടുവേഷത്തെയും മനുഷ്യനെ സ്വാധീനിക്കാന്‍ കഴിവുള്ള കഥാപാത്രമാക്കി മാറ്റാന്‍ എം.എസിന്‌ അനായാസമായി സാധിച്ചു. ഇത്ര പെട്ടെന്ന്‌ അദ്ദേഹം വിടപറയരുതായിരുന്നു.

സീരിയല്‍ രംഗത്ത്‌ തന്റേതായ ഒരു ആരാധകവൃന്ദത്തെ തന്നെ സൃഷ്‌ടിക്കാനായി. വില്ലന്‍ സ്വഭാവമുള്ള പ്രൊഫഷനിലും ഹാസ്യത്തിന്റെ ഭാവന കലര്‍ത്തുന്ന പുതിയ ഒരു രസതന്ത്രം അദ്ദേഹം പരീക്ഷിക്കുകയും ചെയ്തു. 'കാവ്യാഞ്ജലി', 'മന്ത്രകോടി' തുടങ്ങിയ സീരിയലുകളില്‍ കുടുംബപ്രേക്ഷകരുടെ പ്രിയതാരമായത്‌ പെട്ടെന്നാണ്‌.

എം.എസിന്റെ ബാല്യകാല സുഹൃത്തായിരുന്ന വര്‍ഗ്‌ഗീസ്‌ കാട്ടുപറമ്പിലാണ്‌ അദ്ദേഹത്തെ നാടകരംഗത്തെത്തിച്ചത്‌. തൃപ്പൂണിത്തുറ അത്തച്ചമയാഘോഷത്തില്‍ നിശ്ചലവേഷങ്ങള്‍ ചെയ്യാന്‍ മഠത്തില്‍പറമ്പില്‍ ശേഷന്‍ വെങ്കിടരമണശര്‍മ്മ എന്ന എം.എസ്‌ വളരെ പണ്ടേ സമയം കണ്ടെത്തിയിട്ടുണ്ട്‌.
ഒരു കലാകാരന്റെ നിഷേധവാസനയും തീക്ഷ്‌ണബോധവും എം.എസിനെ എപ്പോഴും വ്യത്യസ്തനാക്കിയിരുന്നു. ഉള്ളിലുള്ളത്‌ തുറന്നുപറഞ്ഞിരുന്ന അദ്ദേഹത്തിന്‌ സത്യം എപ്പോഴും ഒന്നേയുണ്ടായിരുന്നുള്ളൂ. തന്റെ കലാജീവിതത്തിന്റെ ബാഹ്യമായ ആവശ്യങ്ങള്‍ക്കുവേണ്ടിപ്പോലും ഒന്നു മയപ്പെടാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. തന്റെ ഉള്ളിലെ വന്യമായ പ്രതിഭയുടെ പ്രവാഹത്തില്‍ വെറുമൊരു സാക്ഷിയാകാന്‍ മാത്രമേ ശാരീരികമായി അദ്ദേഹത്തിന്‌ കഴിഞ്ഞുള്ളൂ.

നാടകത്തില്‍ അഭിനയിച്ച്‌ അദ്ധ്യാപക ജോലി നഷ്ടമായി
അടിയന്തരാവസ്ഥക്കാലത്ത്‌ നാടകത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന്‌ സ്കൂള്‍ അദ്ധ്യാപകന്റെ ജോലി നഷ്ടപ്പെട്ട ആളായിരുന്നു എം. എസ്‌. തൃപ്പൂണിത്തുറയെന്ന്‌ പ്രസിദ്ധ നാടകകൃത്തും സംവിധായകനുമായ എ. എന്‍. ഗണേഷ്‌ അനുസ്‌മരിച്ചു.
കോട്ടയം നാഷണല്‍ തിയേറ്ററിന്‌ വേണ്ടി 'നിശാഗന്ധി' എന്ന നാടകത്തില്‍ നടന്‍ അബൂബക്കറിന്‌ പകരമായി യോജിച്ച നടനെത്തേടി നടക്കുമ്പോഴാണ്‌ ഒരു സുഹൃത്ത്‌ എം. എസ്‌. തൃപ്പൂണിത്തുറയുടെ പേര്‌ നിര്‍ദ്ദേശിച്ചത്‌. റെയില്‍വേയില്‍ ജോലിയുള്ള ഒരു തമിഴ്‌ ബ്രാഹ്മണ കഥാപാത്രത്തെയായിരുന്നു അവതരി പ്പിക്കേണ്ടിയിരുന്നത്‌. നാടകത്തെപ്പറ്റിയും കഥാപാത്രത്തെപ്പറ്റിയും എം. എസുമായി സംസാരിച്ചു. അഭിനയത്തോടുള്ള ഭ്രമം മൂലം ലീവ്‌ പോലും എടുക്കാതെയാണ്‌ എം. എസ്‌ നാടകത്തില്‍ വേഷമിട്ടത്‌. അടിയന്തരാവസ്ഥക്കാലമായിരുന്നു അത്‌. അതോടെ അദ്ദേഹത്തിന്‌ ജോലിയും നഷ്ടപ്പെട്ടു.
പിന്നീട്‌ തനതായ ശെയിലിയും സ്ഥിര പ്രയത്നവും കൊണ്ട്‌ എം. എസ്‌. തൃപ്പൂണിത്തുറ രംഗം പിടിച്ചടക്കുകയായിരുന്നു.
ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. എം. എസിന്റെ മരണവാര്‍ത്ത ആദ്യം വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. - എ.എന്‍. ഗണേഷ്‌ പറഞ്ഞു.
എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും
"ഞാനും തൃപ്പൂണിത്തുറയും തമ്മില്‍ 35 വര്‍ഷത്തെ പരിചയമുണ്ട്‌. എപ്പോഴും ചിരിക്കുന്ന പ്രകൃതമായിരുന്നു. ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. എത്ര ഗൌരവമുള്ള പ്രശ്‌നത്തെയും അദ്ദേഹം ചിരിയോടെ നേരിടും", നടന്‍ ജനാര്‍ദ്ദനന്‍ അനുസ്‌മരിച്ചു.
പാചകവിദഗ്ദ്ധനായിരുന്നു അദ്ദേഹം. സദ്യകള്‍ക്കൊക്കെ ആളുകള്‍ അദ്ദേഹത്തിന്റെ അഭിപ്രായം ആരായുന്നത്‌ നേരില്‍ കണ്ടിട്ടുണ്ട്‌. പാചകത്തോട്‌ വല്ലാത്ത അഭിനിവേശമായിരുന്നു അദ്ദേഹത്തിന്‌. മറ്റുള്ളവരെ സഹായിക്കുന്നതിലും മുന്നിലുണ്ടാവും.
"എന്റെ ഭാര്യ മരിച്ചപ്പോള്‍ ആദ്യം വീട്ടിലെത്തിയത്‌ അദ്ദേഹമാണ്‌."- ജനാര്‍ദ്‌ദനന്‍ പറഞ്ഞു.
എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതമായിരുന്നു. റോള്‍ കിട്ടാന്‍ വേണ്ടി മറ്റുള്ളവരെ പ്രശംസിക്കാനൊന്നും അദ്ദേഹത്തെ കിട്ടില്ല. തനിക്ക്‌ പറ്റില്ലെന്ന്‌ തോന്നിയാല്‍ അക്കാര്യം തുറന്നുപറഞ്ഞ്‌ സ്ഥലം വിടും.
കണ്ടാല്‍ അല്‍പം പ്രായം തോന്നുമെങ്കിലും മരണം നേരത്തേയായില്ലേ എന്നൊരു സംശയം. തൃപ്പൂണിത്തുറയുടെ ആകസ്‌മിക നിര്യാണത്തില്‍ അഗാധമായ ദുഃഖമുണ്ട്‌, ജനാര്‍ദ്ദനന്‍ പറഞ്ഞു.

കുടുംബസദസ്സുകളില്‍ പ്രിയങ്കരനായ എം.എസ്‌
സീരിയലുകളിലൂടെ കുടുംബസദസ്സുകളില്‍ പ്രിയങ്കരനായ എം.എസ്‌. തൃപ്പൂണിത്തുറയുടെ 'കാവ്യാഞ്ജലി', 'മന്ത്രകോടി' എന്നീ പരമ്പരകള്‍ ഏറെ ശ്രദ്ധേയമാണ്‌. പൂഞ്ഞാര്‍ നവധാരയുടെ 'മോചനം' നാടകത്തിലെ അഭിനയത്തിന്‌ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയിട്ടുണ്ട്‌.
ഏലൂര്‍ ഫാക്‌ട്‌ സ്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച എം.എസ്‌ നാടകത്തില്‍ തിരക്കേറിയതോടെ ജോലി ഉപേക്ഷിച്ച്‌ ഉത്തരേന്ത്യന്‍ നാടക ട്രൂപ്പുകള്‍ക്കൊപ്പം ചേര്‍ന്നു. അക്കാലത്തുതന്നെ കര്‍ണാടക സംഗീതത്തില്‍ പാണ്‌ഡിത്യം നേടിയിരുന്നു. കച്ചേരികളും പതിവായിരുന്നു. പിന്നീട്‌ സിനിമയിലെത്തിയതോടെ സംഗീതത്തോടു തല്‍ക്കാലം വിടചൊല്ലി. ജ്യോതിഷം, വൈദ്യം, പാചകം എന്നീ രംഗങ്ങളിലും എം. എസ്‌. തൃപ്പൂണിത്തുറ വൈദഗ്ദ്ധ്യം നേടിയിരുന്നു.
മൂന്നാം മുറയാണ്‌ ആദ്യ ചിത്രം. നമ്പൂതിരി വേഷങ്ങള്‍ തന്‍മയത്വത്തോടെ അവതരിപ്പിക്കുന്നതില്‍ അസാമാന്യ ചാതുര്യം പ്രകടിപ്പിച്ച എം. എസിനെ തേടിയെത്തിയതില്‍ ഭൂരിഭാഗവും നമ്പൂതിരിവേഷങ്ങള്‍ തന്നെയായിരുന്നു. യോദ്ധയില്‍ മോഹന്‍ലാലിനൊപ്പവും അയ്യര്‍ ദ ഗ്രേറ്റില്‍ മമ്മൂട്ടിക്കൊപ്പവും പ്രാധാന്യമുള്ള വേഷം ചെയ്ത എം. എസ്‌ മലയാള ചലച്ചിത്രരംഗത്തെ ഒട്ടെല്ലാ പ്രമുഖര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്‌.
ശങ്കരാടിക്കു ശേഷം സ്വഭാവ വേഷങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്ത സഹനടനായിരുന്നു എം. എസ്‌. പൌരാണിക, ശാസ്ത്ര രംഗങ്ങള്‍ക്കൊപ്പം സമകാലീന കൃതികളിലും അവഗാഹം നേടിയിരുന്ന എം. എസ്‌. പ്രഭാഷണ കലയിലും ഒന്നാം നിരക്കാരനായിരുന്നു.
മിമിക്രി താരങ്ങള്‍ ഏറ്റവുമധികം അനുകരിച്ചുവന്ന ചലച്ചിത്രതാര ശബ്‌ദങ്ങളില്‍ ഒന്ന്‌ എം. എസ്‌. തൃപ്പൂണിത്തുറയുടേതായിരുന്നു. ഘനഗംഭീരമായ ആ ശബ്‌ദം കൊണ്ടു മാത്രം മിമിക്രി താരങ്ങള്‍ സദസ്സിന്റെ കൈയടി നേടിയിരുന്നു.

കടപ്പാട്‌ : കേരള കൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: