തിങ്കളാഴ്‌ച, മാർച്ച് 13, 2006

രാഷ്‌ട്രീയ പ്രബുദ്ധതയും പഴത്തൊലിയും

രാഷ്‌ട്രീയ പ്രബുദ്ധതയും പഴത്തൊലിയും
എസ്‌.എസ്‌. സതീശ്‌
രാഷ്‌ട്രീയ അതികായനായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോന്‍ 1957-ല്‍ കൊടകരയില്‍ സി.ജി. ജനാര്‍ദ്ദനനോട്‌ തോറ്റു. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായിരുന്നു പനമ്പിള്ളി. എസ്‌.ആര്‍.പി നേതാവായി മാറിയ ജനാര്‍ദ്ദനന്‍ അന്ന്‌ പി. എസ്‌.പിയിലാണ്‌. ഫലം പുറത്തുവന്നപ്പോള്‍ പ്രതികരണം ആരാഞ്ഞ പത്രലേഖകരോട്‌ പനമ്പിള്ളി പരിഹാസത്തോടെയും ഒട്ടൊരു നിരാശയോടെയും പറഞ്ഞത്‌ "രാഷ്‌ട്രീയത്തിലെ ഒരു പഴത്തൊലിയില്‍ ചവിട്ടി ഞാന്‍ വീണുപോയി" എന്നാണ്‌.
രാഷ്‌ട്രീയ പ്രബുദ്ധതയില്‍ ഒരു മത്‌സരം നടത്തിയാല്‍ ഒന്നാംസമ്മാനം തന്നെ വേണമെന്ന്‌ മലയാളി ശഠിക്കും. ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ പിറവിയെക്കുറിച്ചും മറ്റും വാചാലരാകും. പഴത്തൊലിയെക്കുറിച്ചൊക്കെ ഇങ്ങനെ പറയിപ്പിക്കുന്നത്‌ എന്തെന്ന്‌ ചോദിച്ചാല്‍ മാത്രമേ ഉത്തരം കിട്ടാതെ വരൂ.
ആര്‍. ശങ്കര്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍ തുടങ്ങി മാരാരിക്കുളത്ത്‌ വി.എസ്‌. അച്യുതാനന്ദന്‍ വരെ പരാജയപ്പെട്ടത്‌ ഓര്‍മ്മിപ്പിക്കുന്നത്‌ പുറത്തു പറയാന്‍ കൊള്ളാത്ത കാരണങ്ങളാല്‍ സംസ്ഥാനത്ത്‌ സങ്കുചിതമായിപ്പോകുന്ന രാഷ്‌ട്രീയ പ്രബുദ്ധതയുടെ അശ്‌ളീല ചിത്രമാണ്‌.
ചിന്തിക്കാനും നിഗമനങ്ങളില്‍ എത്താനും പരസഹായം വേണ്ടെന്ന്‌ ഭാവിക്കുന്ന മലയാളിയെ ജാതിയും മതവും മുതല്‍ സഹതാപവും പ്രചരണ കോലാഹലവും വരെ സ്വാധീനിക്കാറുണ്ടെന്നതാണ്‌ സത്യം. അടിയന്തരാവസ്ഥയിലെ ഏകാധിപത്യ വാഴ്ചയ്ക്കെതിരെ ഉത്തരേന്ത്യയിലെ നിരക്ഷരരായ ഗ്രാമീണര്‍ പോലും പ്രതികരിച്ചപ്പോള്‍ അച്ചടക്കം വന്നതിന്റെ ആഹ്‌ളാദ മൂര്‍ച്ഛയിലായിരുന്നു മലയാളി എന്നതും ചരിത്രം. തമിഴനെയോ തെലുങ്കനെയോ പോലെ വെള്ളിത്തിരയിലെ താരത്തിളക്കം കണ്ട്‌ ഭ്രമിച്ചിട്ടില്ലെന്ന വീമ്പിന്റെ കഥയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ കഴിഞ്ഞു.
തിരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയത്തേക്കാള്‍ പ്രധാനമാണ്‌ മതമെന്ന സത്യം പ്രബുദ്ധ കേരളം അംഗീകരിച്ചിട്ട്‌ കാലമേറെയായി. ജാതിയും ഇടപെടുന്നുണ്ട്‌. രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കും അതില്‍ സംശയമില്ല. അപൂര്‍വമായി മാത്രമേ രാഷ്‌ട്രീയ നേതൃത്വങ്ങളുടെ കണക്കുകൂട്ടലുകളെ മറികടന്നുകൊണ്ട്‌ ജനം ജാതിയുടെയും മതത്തിന്റെയും അവിഹിതവും ശുദ്ധവുമായ ആഹ്വാനങ്ങളെ നിലംപരിശാക്കിയിട്ടുള്ളൂ.
മരിച്ച സാമാജികന്റെ ഭാര്യയുടെയോ മക്കളുടെയോ കണ്ണീരിനും തേങ്ങലിനും വോട്ട്‌ ചെയ്യുന്ന ഏര്‍പ്പാട്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍ പണ്ടേയുണ്ട്‌. ഗോത്ര വികാരത്തിന്റെ അദൃശ്യ സ്വാധീനവും ആ സമ്മതിദാനത്തിലുണ്ടാകും.
സഹതാപത്തിന്റെ ഈ രാഷ്‌ട്രീയവും കേരളത്തിന്റെ പ്രബുദ്ധതയിലേക്ക്‌ കടന്നുവന്നു കഴിഞ്ഞു. കരച്ചിലിനും തേങ്ങലിനുമൊക്കെ നിയമ നിര്‍മ്മാണ സഭയില്‍ എന്ത്‌ പ്രസക്‌തി? അസുഖകരമായ ഒരു ചോദ്യമാണ്‌ അത്‌.
രാജീവ്‌ഗാന്‌ധിയുടെ കാര്യത്തിലെന്നപോലെ സഹതാപം സാര്‍ത്ഥകമായ സന്ദര്‍ഭങ്ങളുമുണ്ട്‌.
പ്രചരണ കോലാഹലം വിധിയെഴുത്തില്‍ ചെലുത്തുന്ന സ്വാധീനമാണ്‌ ഏറ്റവും അപഹാസ്യം. ശബളാഭമായ പോസ്റ്ററുകളും നാടുനീളെയുള്ള ചുവരെഴുത്തുകളും മണ്‌ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്കുള്ള സ്വാധീനത്തിന്റെയും ജനപിന്തുണയുടെയും അടയാളങ്ങളായി പരിഗണിച്ചാല്‍ എന്തു ചെയ്യും? ഏതു കാര്യത്തിനും പ്രൊഫഷണലുകളുടെ സേവനം വിലയ്ക്കു വാങ്ങാന്‍ കിട്ടുന്ന കാലമാണ്‌. പ്രചരണം കൊഴുപ്പിക്കാന്‍ കള്ളപ്പണത്തിന്റെ ഊര്‍ജ്ജം മാത്രം മതി. ജയിച്ചാല്‍ ഭാവിയില്‍ ബുദ്ധിമുട്ടാകുമെന്ന്‌ തോന്നുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സ്ഥാപിത താത്‌പര്യക്കാരായ കള്ളപ്പണക്കാര്‍ ഇതൊക്കെ ചെയ്യാറുമുണ്ട്‌. മണ്‌ഡലത്തിലെമ്പാടും ബഹുവര്‍ണ്ണ പോസ്റ്ററുകള്‍ കണ്ടില്ലെങ്കില്‍ ആ സ്ഥാനാര്‍ത്ഥിയോടൊപ്പം ആളില്ലെന്ന മുന്‍വിധിയില്‍ എത്തുകയാണ്‌ ഇപ്പോള്‍ പതിവ്‌. വിമത ഗ്രൂപ്പ്‌ ഇടഞ്ഞു നില്‍ക്കുകയാണെന്ന അഭ്യൂഹം പോസ്റ്ററുകള്‍ക്ക്‌ പണം മുടക്കിയവര്‍ തന്നെ പ്രചരിപ്പിച്ചുകൊള്ളും. മാധ്യമങ്ങളില്‍ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും ചിലപ്പോള്‍ ആ അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
ഓസോണ്‍ പാളിയെപ്പോലെ തുളവീണ നിലയിലാണ്‌ മലയാളിയുടെ രാഷ്‌ട്രീയ പ്രബുദ്ധത. നഗ്‌ന നേത്രങ്ങള്‍ക്കു കാണാനാവില്ല. ആ തുള വലുതാകാതെ നോക്കേണ്ടതുണ്ട്‌. ഇല്ലെങ്കില്‍ ദുരന്തമായിരിക്കും ഫലം.

കടപ്പാട്‌: കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: