ചൊവ്വാഴ്ച, മാർച്ച് 14, 2006

മധുരം മലയാളം - മാതൃഭൂമി ഓണ്‍ലൈന്‍

മധുരം മലയാളം - മാതൃഭൂമി ഓണ്‍ലൈന്‍

കുത്തനാശാരിയുടെ പേരു പറഞ്ഞാല്‍....

മലയാളിയുടെ സാമൂഹ്യ ജീവിതത്തിന്റെയും പദസ്വാധീനത്തിന്റെയും പാദമുദ്രകള്‍ പതിഞ്ഞുകിടക്കുന്ന കടംകഥകളില്‍ പദാര്‍ത്ഥഭേദങ്ങളുടെ അപൂര്‍വസുന്ദരങ്ങളായ പ്രയോഗങ്ങള്‍ കണ്ടെത്തുക കൌതുകകരമാണ്‌. 'അടിക്കാത്ത മുറ്റത്തെ ആയിരംവിളക്ക്‌' ആകാശവും നക്ഷത്രങ്ങളുമാണ്‌. ഇതിലെ 'അടി' മുറ്റമടിയാണ്‌. ഏഴരവെളുപ്പിനെഴുന്നേല്‍ക്കുന്ന മലയാളിമങ്കമാര്‍ ചൂലുകൊണ്ട്‌ മുറ്റത്തെ ചപ്പുചവറുകള്‍ തൂത്തുകളയുന്ന ജോലി. എന്നാല്‍, 'അടിയിലും മോളിലും തട്ടിട്ടിരിക്കുന്ന കുത്തനാശാരിയുടെ പേരുപറഞ്ഞാല്‍, നാടുതരാം, നഗരിതരാം, രാജാവിന്റെ മോളെതരാം' എന്നായാലോ? ഉത്തരം 'ആമ'യാണ്‌. പക്ഷേ, അടിപാറ നടുവടി തലകാട്‌ (ചേന) എന്നതിലെ അടിഭാഗം അഥവാ കീഴ്ഭാഗം ആണ്‌ ഇവിടെ 'അടി'യുടെ പ്രയോഗാര്‍ത്ഥം. 'കിണര്‍' ഉത്തരമാകുന്ന 'അടിയില്ലാത്തൊരു നീളം ഭരണി'യിലേയും 'പൂവന്‍കോഴി' ഉത്തരമാകുന്ന 'അടിമുള്ള്‌ നടുകാട്‌ തലപൂവി'ലേയും 'അടി'യും ഇതുതന്നെ. 'അടിക്കു കൊടുത്താല്‍ മുടിക്കു കാണാം' എന്ന തെങ്ങിനെപ്പറ്റിയുള്ള കടംകഥയിലെ അടിയും സമാനാര്‍ത്ഥത്തില്‍ തന്നെ. (കൊച്ചിലേ മെച്ചപ്പെടുത്തിയാല്‍ വലുതായാല്‍ തിളങ്ങും എന്ന ആലോചനാമൃതമായ ആശയവും ഈ കടംകഥയില്‍ കാണാം).

'അടികിട്ടിയാല്‍ കരയും ചെക്കന്‌ ആഹാരം വേണ്ടേ വേണ്ട' എന്നതിലെ അടി ചെണ്ടപ്പുറത്തുള്ള 'താഡന'മാണ്‌. കാലടിയില്ലാത്ത കോലുനാരായണനാര്‌' എന്ന ചോദ്യത്തിനുത്തരം പാമ്പാണ്‌. ഇതിലെ അടി, കാലടി അഥവാ പാദം ആണെന്നുമാത്രം. എന്നാല്‍ 'ഒരടി മുന്നോട്ടോടിയാല്‍ ഒരടി പിന്നോട്ടോടും' എന്നതിലെ അടി ഒരളവു മാനദണ്ഡം മാത്രമാണ്‌. പന്ത്രണ്ട്‌ ഇഞ്ച്‌ എന്ന ഒരടി. അങ്ങോട്ടുമിങ്ങോട്ടും അടിവെച്ചോടുന്നത്‌ അമ്മിക്കുട്ടി. ഭാഷയുടെ മര്‍മ്മമറിഞ്ഞ്‌ കെട്ടിയുണ്ടാക്കിയ കടംകഥകള്‍ മലയാളത്തിന്റെ തനിമയോലുന്നതും മറ്റൊരു ഭാഷയ്ക്ക്‌ കടംകൊടുക്കാന്‍ പറ്റാത്തതുമാണെന്നത്‌ ശ്രദ്ധേയമത്രേ!

-വത്സന്‍ അഞ്ചാംപീടിക

വാക്യഭേദം

തന്നറതാനേ തിണ്ടുമ്മല്‌


കണ്ണൂര്‍ ജില്ലയിലെ ചരിത്രപ്രസിദ്ധമായ പുരളിമലയുടെ താഴ്‌വാരത്ത്‌ പ്രായംചെന്നവര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്ന സംസാരഭാഷയാണിത്‌. പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയിലാണ്‌ കൂടുതലുള്ളത്‌. ശരിയായ പ്രയോഗം-തന്നറ്‌-വെള്ളം, ആനേ-മോനേ, തിണ്ടുമ്മല്‌-തിണ്ടിന്റെ മുകളില്‍, തിണ്ട്‌-കല്ലുകൊണ്ടോ, മണ്ണുകൊണ്ടോ ഉണ്ടാക്കുന്ന വരമ്പ്‌. 'മോനേ വെള്ളം വരമ്പില്‍ എടുത്തുവച്ചിട്ടുണ്ട്‌ '.

-സനേഷ്‌, മുഴക്കുന്ന്‌

പദപരിചയം

അക്കള

കോഴിക്കോട്‌ ജില്ലയിലെ വടകര താലൂക്കിലെ നാട്ടിന്‍പുറങ്ങളിലെ പഴമക്കാരായ ചില സ്ത്രീകള്‍ അടുത്തകാലംവരെ സംഭാഷണ വേളയില്‍ അപൂര്‍വമായി ഉപയോഗിച്ചിരുന്ന ഒരു പദമാണ്‌ 'അക്കള'. ഇന്നും ചിലര്‍ സംഭാഷണത്തില്‍ അപൂര്‍വമായി ഈ പദം ഉപയോഗിച്ചുകാണുന്നുണ്ട്‌. 'അക്കള' എന്ന പദത്തിനു അവര്‍ കല്‍പിക്കുന്ന അര്‍ത്ഥം എടോ, മോളേ എന്നൊക്കെയായിരിക്കാമെന്നു തോന്നുന്നു. ചില ഉദാഹരണങ്ങളിതാ: ഇഞ്ഞ്യേടാക്ലേപോണ്‌-നീ എവിടെക്കാണെടോ പോകുന്നത്‌. അല്ല ക്ലേ ഓന്റെബരുത്തേങ്ങനീണ്ട്‌ - അല്ലെടോ (അല്ല മോളെ) അവന്റെ അസുഖം എങ്ങിനെയുണ്ട്‌. ഇനിക്കെന്താക്ലെ പെരാന്താ-നിനക്കെന്താണെടോ ഭ്രാന്താണോ.

-ബാലന്‍ കുറുങ്ങോട്ട്‌, കുറിഞ്ഞാലിയോട്‌

പറഞ്ഞതും കേട്ടതും

മലയാളഭാഷയില്‍ മധുരിമ കണ്ടെത്തുന്ന ഒരുപാട്‌ മുഹൂര്‍ത്തങ്ങളുണ്ട്‌. ചില ഇരട്ടവാക്കുകള്‍ തിരിച്ചുപറയുമ്പോഴുണ്ടാകുന്ന വലിയ അര്‍ത്ഥവ്യത്യാസം അവയിലൊന്ന്‌ മാത്രമാണ്‌. അവയില്‍ ചിലത്‌.

പറഞ്ഞുതീര്‍ത്തു-തീര്‍ത്തുപറഞ്ഞു.
കാളവണ്ടി-വണ്ടിക്കാള
ചാടിപിടിച്ചു-പിടിച്ചുചാടി
പറഞ്ഞുകേട്ടു-കേട്ടുപറഞ്ഞു
കോഴിമുട്ട-മുട്ടക്കോഴി
മുങ്ങിക്കപ്പല്‍-കപ്പല്‍മുങ്ങി
കുടിവെള്ളം-വെള്ളംകുടി
കോഴി ഇറച്ചി-ഇറച്ചിക്കോഴി
വേട്ടമൃഗം-മൃഗവേട്ട
പറഞ്ഞുപോയി-പോയി പറഞ്ഞു
പറഞ്ഞുകേട്ടു-കേട്ടുപറഞ്ഞു.

-പി.പി. ഗോവിന്ദന്‍, കണ്ണപ്പിലാവ്‌, കണ്ണൂര്‍

പരിചയം

ബരു, ബട്ട

നാട്ടുഭാഷകള്‍ നാടുനീങ്ങുകയാണ്‌. പണ്ട്‌ നിത്യോപയോഗത്തില്‍ ഉണ്ടായിരുന്ന പല സാധനസാമഗ്രികളും ഇപ്പോഴില്ല. അത്തരം പേരുകള്‍ കേട്ടാല്‍ പുതുതലമുറ ആശ്ചര്യപ്പെടും. ചില വടക്കന്‍വാക്കുകള്‍:

കൊമ്മ (നെല്ല്‌ സൂക്ഷിക്കാന്‍ പത്തായത്തിന്‌ പകരം ഉപയോഗിച്ചിരുന്ന മുളകൊണ്ടുണ്ടാക്കിയ വലിയ കുട്ട)

ബരു (അടുപ്പിന്‌ മുകളില്‍ കെട്ടിയിരുന്ന നെല്ല്‌ ഉണക്കുന്നതിനുള്ള മുളംപായ)

ഊവ്വേണി (വയലില്‍ വെള്ളം
തേകാന്‍ മുക്കാലിയില്‍ കെട്ടുന്നത്‌)
ബട്ട (കഞ്ഞികുടിക്കാന്‍
ഉപയോഗിക്കുന്ന വലിയപാത്രം)

മങ്ങണം (കഞ്ഞികുടിക്കാനും മൂടിയായി ഉപയോഗിക്കാനും പറ്റുന്ന പാത്രം)

കുര്യ (ചോറ്‌ കോരിയിടാന്‍ ഉപയോഗിക്കുന്ന മുളകൊണ്ടുണ്ടാക്കിയ പാത്രം. കല്യാണത്തിനും മറ്റും കുര്യയില്‍ ചോറ്‌ നിറച്ച്‌ ഇലയിലേക്ക്‌ നേരിട്ട്‌ തട്ടിയിടും. കോരിയിടാന്‍ പ്ലേറ്റോ തവിയോ ഉപയോഗിക്കാറില്ല)

തെര്യ (വാഴയില കൊണ്ടോ വൈക്കോലുകൊണ്ടോ ഉണ്ടാക്കുന്ന ചുമ്മാട്‌. തലയില്‍ ഭാരം എടുക്കുമ്പോഴും മണ്‍കലത്തിനടിയിലും തെര്യ ഉപയോഗിക്കും)

-പ്രഭ അജാനൂര്‍

മലയാളം; ഇക്കേരിനായ്ക്കന്‍ വക

കേരളത്തിന്റെ ഏറ്റവും വടക്ക്‌ കാസര്‍കോട്‌ ജില്ല ഭാഷകളുടെ സങ്കലന സംസ്കാരകേന്ദ്രം.

അതിര്‍ത്തിഗ്രാമങ്ങളായ മഞ്ചേശ്വരം, ഹൊസങ്കടി, കുമ്പള, തലപ്പാടി, സ്വര്‍ഗ്ഗ, മിയാപദവ്‌ എന്നിവിടങ്ങളിലെല്ലാം ഒരവിയല്‍ ഭാഷാസംസ്കാരം തന്നെ.

മലയാളം, കന്നട, തുളു, കൊങ്കണി, ഹിന്ദുസ്ഥാനി, മറാഠി, ബ്യാരി എന്നീ സപ്തഭാഷകള്‍ കൂടാതെ, തമിഴുംഅറബിയും ഹിന്ദിയും തെലുങ്കുമൊക്കെ ഇപ്പോള്‍ വേണ്ടുവോളമുണ്ട്‌.

'ഊണ്‌ കഴിച്ചോ' എന്ന്‌ കാസര്‍കോടിന്റെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നൊരാള്‍ നിങ്ങളോട്‌ ചോദിക്കുമ്പോള്‍ അതേ ഗ്രാമത്തിലെ മറ്റ്‌ ചിലര്‍ പറയുന്ന ഭാഷ കേള്‍ക്കണോ.

ഊട്ട ആയ്ത്ത (കന്നട)
ജേവണ്‍ ജാലെ (മറാഠി)
കാനാകായാ (ഹിന്ദുസ്ഥാനി)
ഇന്ത്‌ ഹക്കല്‍ (അറബി)
ഒണശാ ആണ്ടാ (തുളു)
ജാവണ്‍ ജല്ലവേ (കൊങ്കണി)

ഇതെല്ലാം ഒരേചോദ്യം തന്നെ; ഊണ്‌ കഴിച്ചോ എന്ന്‌.
പണ്ട്‌ ഇക്കേരി നായ്ക്കന്മാരുടെ കൂടെ (ഇക്കിരീയന്‍ കാലത്ത്‌ എന്നൊരു ശെയിലിതന്നെയുണ്ട്‌) അവരുടെ കോട്ടകളുടെ കാവലിനും അനുബന്ധ ജോലികള്‍ക്കുമായി കര്‍ണാടകത്തില്‍ നിന്നും കുറെ ജാതി സമൂഹങ്ങള്‍ വന്നു. രാമക്ഷത്രിയ, കുമാരക്ഷത്രിയ, മാദിഗര്‍, അഗസറു, മല്ലറു, വാദ്യക്കാറു, കോട്ടിയാര്‍, കുറുമ്പറു, ശൌരേക്കാര്‍ തുടങ്ങിയവര്‍. ഇപ്പോഴും ദേശം കൊണ്ട്‌ മലയാളക്കാരാണെങ്കിലും ഭാഷയും ആചാരാനുഷ്ഠാനങ്ങളും കൊണ്ട്‌ കര്‍ണാടകക്കാരുമാണ്‌. പലരുടെയും ഭാഷ മലയാളവും കന്നടയും തുളുവും കൂടിക്കലര്‍ന്ന ഒരവിയല്‍ ഭാഷതന്നെ.

ചില ജാതിസമൂഹങ്ങള്‍ക്ക്‌ അവരുടെ സ്വന്തം ഭാഷയുണ്ട്‌. ഇന്ത്യയുടെ ഉത്തരദേശത്ത്‌ നിന്നും ഇവിടെ എത്തിയവരാണ്‌ യോഗികള്‍. യോഗികളില്‍ രണ്ട്‌ വിഭാഗമുണ്ട്‌. ചോയികളും യോഗികളും. ഇതില്‍ യോഗികളുടെ തെലുങ്ക്‌ കലര്‍ന്ന ഭാഷ ഇപ്പോള്‍ ഉപയോഗത്തിലില്ല. പക്ഷേ, പഴയ ആളുകള്‍ക്ക്‌ അറിയാം. ചില പ്രയോഗങ്ങള്‍ ഇതാ.

ചിരിക്കി = സ്ത്രീ
തിലുശുക = മനസ്സിലാവുക
ദൊങ്ക = കളവ്‌
ചെപ്പുക = പറയുക

പുതിയ തലമുറ ഈ ഭാഷ ഉപയോഗിക്കുന്നില്ല.

വ്യത്യസ്ത ഭാഷകളുടെ കൂടിച്ചേരലുകളിലൂടെ പുതിയ പുതിയ വാക്കുകള്‍ കാസര്‍കോടിന്‌ ഉണ്ടായിട്ടുണ്ട്‌. കന്നടയും തുളുവുമാണ്‌ മലയാളത്തോട്‌ കൂടിക്കലര്‍ന്ന്‌ പുതിയ വാക്കുകള്‍ക്ക്‌ രൂപംനല്‍കിയത്‌.

ഉദാ: ബെതത്തംസുഖമില്ലായ്മ. മുസ്‌ലിം സമൂഹത്തില്‍ ചില അറബി വാക്കുകള്‍ മലയാളീകരിച്ചു കഴിഞ്ഞു. സുബീക്ക്‌-രാവിലെ, സല്ലാജ-ഐസ്‌പെട്ടി, മുസീബത്ത്‌-ശല്യം തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്‌.

ഏത്‌ ഭാഷയായാലും മനസ്സിലാവണം. കൊയക്ക്‌ ആയാലെ പ്രശ്നമുള്ളൂ....." ഓ കൊയക്ക്‌ മനസ്സിലായില്ലെ".കൊയക്ക്‌-ബുദ്ധിമുട്ട്‌.

- പ്രഭ അജാനൂര്‍, മാണിക്കോത്ത്‌

പരിചയം

കുറത്തിയാട്ടം

കുറവന്‍, കുറത്തി, മുത്തിയമ്മ എന്നിവരാണ്‌ കുറത്തിയാട്ടത്തിലെ കഥാപാത്രങ്ങള്‍. ആണുങ്ങള്‍ സ്ത്രീവേഷം കെട്ടുന്നു. മൃദംഗവും കൈമണിയുമാണ്‌ വാദ്യങ്ങള്‍. പിന്‍പാട്ടുകാരുമുണ്ട്‌. അവര്‍ ആദ്യം ഗണപതിയേയും സരസ്വതിയേയും സ്തുതിച്ചുള്ള പാട്ടുകള്‍ പാടുന്നു. പിന്നീട്‌ കുറത്തികളുടെ നൃത്തമാണ്‌. മഹാവിഷ്ണുവിന്റെയും പരമശിവന്റെയും പത്നിമാരായി (ലക്ഷ്മിയും പാര്‍വതിയും) അഭിനയിക്കുന്ന ഇവര്‍ തമ്മിലുള്ള വാഗ്വാദങ്ങളും നൃത്തങ്ങളും കുറേ നേരത്തേയ്ക്കുണ്ടാകും. പാര്‍വതി വിഷ്ണുവിനെ കുറ്റംപറയുമ്പോള്‍ ലക്ഷ്മി ശിവന്റെ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കണക്കിന്‌ മറുപടി കൊടുക്കുന്നു. ഒടുവില്‍ സരസ്വതിയുടെ വേഷം ധരിച്ച മറ്റൊരു കുറത്തി വന്ന്‌ വഴക്ക്‌ അവസാനിപ്പിക്കുന്നു. പിന്നീട്‌ കുറവന്റെ പുറപ്പാടാണ്‌. അയാള്‍ ഞാണിന്മേല്‍കളി മുതലായി പലതും കാണിക്കുന്നു. ഒടുവില്‍ കുറവന്റെ അമ്മയായ മുത്തിയുടെ നൃത്തമാണ്‌. ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന നൃത്തവും പാട്ടുമാണ്‌ മുത്തിയുടെ കളികളിലുള്ളത്‌.

-വേലൂര്‍ പരമേശ്വരന്‍നമ്പൂതിരി, കുട്ടമ്പേരൂര്‍.

പദകൌതുകം

മന്നെ സുല്‍ത്താന്‍ മഹാരാജ

കേരളത്തിലെ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന സ്ഥാനപ്പേരാണിത്‌. ഇത്‌ ആദ്യമായി ഉപയോഗിച്ചത്‌ കൊല്ലവര്‍ഷം 933 ല്‍ ആയിരുന്നു. തിരുവിതാംകൂറില്‍ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയായിരുന്നു അന്നത്തെ രാജാവ്‌. മാര്‍ത്താണ്ഡവര്‍മ്മ രാജാവിനുശേഷം വന്നതാണ്‌ ഈ രാജാവ്‌.

ഇദ്ദേഹം ജനങ്ങള്‍ക്ക്‌ വേണ്ടി ഊട്ടുപുരകളും സത്രങ്ങളും നിര്‍മ്മിച്ചുകൊടുത്ത്‌ ജനങ്ങളുടെ ഇടയില്‍ നല്ല പ്രശസ്തി നേടി. ജനങ്ങള്‍ ധര്‍മ്മരാജാവെന്ന്‌ ഇദ്ദേഹത്തെ വിളിച്ചു. ഇത്‌ കൂടാതെ കര്‍ണ്ണാടക നവാബ്‌ മഹാരാജാവിനോടുള്ള ഭക്തിയും വാത്സല്യവും കാണിക്കാനായി 'മന്നെ സുല്‍ത്താന്‍ മഹാരാജ രാജ രാമ രാജാ ബഹദൂര്‍ ഷംഷര്‍ജംഗ്‌ ' എന്ന സ്ഥാനപ്പേരും കൊടുത്തു. അദ്ദേഹം അത്‌ 'ശ്രീപത്മനാഭ ദാസ വഞ്ചി ബാലരാമവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജ രാമരാജാ, ബഹദൂര്‍, ഷംഷര്‍, ജംഗ്‌' എന്ന്‌ ഉപയോഗിച്ചു തുടങ്ങി. രാജാക്കന്മാരുടെ പേരിന്റെ മുമ്പില്‍ അങ്ങനെ സ്ഥാനപ്പേരുകള്‍ സ്ഥലംപിടിച്ചു.

-റവ. ഡോ.ജി.എസ്‌. ഫ്രാന്‍സിസ്‌ തലശ്ശേരി.

പദപരിചയം

കോടതിക്കാര്യം

മജിസ്ട്രേട്ട്‌ കോടതികളില്‍ സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്ന ഇംഗ്ലീഷ്‌ വാക്കുകളുടെ മലയാള പദങ്ങള്‍.

ചാര്‍ജ്‌ ഷീറ്റ്‌: കുറ്റപത്രം.

ബെയിലബിള്‍ ഒഫന്‍സ്‌: ജാമ്യത്തില്‍ വിടാവുന്ന കുറ്റം.

നോണ്‍ബെയിലബിള്‍ ഒഫന്‍സ്‌: ജാമ്യമില്ലാത്ത കുറ്റം.

ബെയില്‍ ബോണ്ട്‌: ജാമ്യക്കച്ചീട്ട്‌.

നോണ്‍കോഗ്‌നൈസബിള്‍ ഒഫന്‍സ്‌: പോലീസിന്‌ നേരിട്ടെടുക്കാന്‍ പാടില്ലാത്ത കുറ്റം.

ക്ലയന്റ്‌: കക്ഷി.

ബിഫോര്‍ ദി കോര്‍ട്ട്‌: കോടതിസമക്ഷം.

ബ്രീച്ച്‌ ഓഫ്‌ ട്രസ്റ്റ്‌: വിശ്വാസവഞ്ചന.

കോമ്പീറ്റന്റ്‌ കോര്‍ട്ട്‌: അധികാരമുള്ള കോടതി.

കോമ്പൌണ്ടബിള്‍ ഒഫന്‍സ്‌: രാജിയാക്കാവുന്ന കുറ്റം.

-സുബ്രഹ്മണ്യന്‍ അമ്പാടി, വൈക്കം

കടപ്പാട്‌ : മാതൃഭൂമി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: