ഞായറാഴ്‌ച, ഏപ്രിൽ 30, 2006

'ലക്ഷ്‌മണരേഖ' ഓര്‍മ്മയായി

'ലക്ഷ്‌മണരേഖ' ഓര്‍മ്മയായി
ഇന്‍ഡോര്‍: അത്യപൂര്‍വമായേ ആ 'ലക്ഷ്‌മണരേഖ' കടന്ന്‌ പന്തു ഗോള്‍വലയത്തിലേക്ക്‌ കുതിച്ചിട്ടുളളൂ. കണ്ണഞ്ചിക്കുന്ന റിഫ്‌ളക്‌സുകളും അവിശ്വസനീയ സെയ്‌വുകളുമായി ഒരു വ്യാഴവട്ടക്കാലത്തിലേറെക്കാലം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്രോസ്ബാറിനടിയില്‍ വിരാജിച്ച ശങ്കര്‍ ലക്ഷ്‌മണ്‍, ശനിയാഴ്ച വിധിയുടെ അനിവാര്യമായ പെനാല്‍റ്റി സ്‌ട്രോക്കിനു മുന്നില്‍ കീഴടങ്ങി. 72-ാ‍ം വയസ്സിലായിരുന്നു ഹോക്കി ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറുടെ അന്ത്യം.
ഇന്ത്യയുടെ രണ്ടു ഒളിമ്പിക്‌ സ്വര്‍ണ വിജയങ്ങളില്‍ (മെല്‍ബണ്‍ 1956, ടോക്കിയോ 1964) പങ്കാളിയായ ലക്ഷ്‌മണ്‍ ക്രൂരമായ അവഗണനയും നിരന്തര രോഗപീഡകള്‍ക്കുമൊടുവിലാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. അര്‍ജുന അവാര്‍ഡും പത്‌മശ്രീയും നേടിയ ഈ ലോകോത്തര ഗോള്‍കീപ്പറുടെ വാര്‍ദ്‌ധക്യം ദുരിതമയമായിരുന്നു. ഇന്‍ഡോറിനടുത്ത്‌ മോവില്‍ മിക്കവാറും അജ്ഞാതനായി അന്ത്യദിനങ്ങള്‍ ചെലവിട്ട ലക്ഷ്‌മണിന്റെ വലംകാല്‍ മുറിച്ചു നീക്കേണ്ട അവസ്ഥയിലായിരുന്നുവെന്ന്‌ പേരക്കുട്ടി വിക്രം പറഞ്ഞു. വിധി ഏതായാലും, നിശ്ശബ്‌ദമായ പാദപതനങ്ങളോടെ വന്ന്‌ അനിവാര്യമായ ആ ദുരന്തത്തില്‍ നിന്നും ലക്ഷ്‌മണെ രക്ഷിച്ചു.
മദ്‌ധ്യപ്രദേശ്‌ സ്‌പോര്‍ട്‌സ്‌ മന്ത്രാലയം കനിഞ്ഞു നല്‍കിയ 25000 രൂപയാണ്‌ ചികിത്‌സാ ചെലവുകള്‍ക്ക്‌ ലക്ഷ്‌മണു ലഭിച്ച ഏക സഹായം. ലക്ഷ്‌മണിന്റെ ദുരന്തകഥ ശ്രദ്‌ധയില്‍പ്പെടുത്തിയിട്ടും ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ തിരിഞ്ഞു നോക്കിയില്ലെന്ന്‌ വിക്രം പറയുന്നു. അദ്‌ദേഹം ജീവിച്ചിരിപ്പുള്ള കാര്യം പോലും മറന്ന മട്ടിലാണ്‌ പലരും പെരുമാറിയത്‌. മുന്‍ മധ്യപ്രദേശ്‌ രഞ്ജി ക്രിക്കറ്റ്‌ താരവും കുടുംബസുഹൃത്തുമായ രമേഷ്‌ പവാര്‍ മുന്‍കൈയെടുത്ത്‌ ലക്ഷ്‌മണിന്‌ പ്രകൃതി ചികിത്‌സാ സൌകര്യം ലഭ്യമാക്കിയതോടെ സ്ഥിതിഗതികള്‍ അല്‌പം മെച്ചപ്പെട്ടുവരികയായിരുന്നു.
മറാത്താ ലൈറ്റ്‌ ഇന്‍ഫന്‍ട്രിയില്‍നിന്ന്‌ ഓണററി ക്യാപ്‌ടനായി 1979 ല്‍ വിരമിച്ച ശങ്കര്‍ ലക്ഷ്‌മണ്‍ ഒരു കാലത്ത്‌ ലോക ഹോക്കിയിലെ ഏതു മികച്ച സ്‌ട്രൈക്കറുടെയും പേടിസ്വപ്‌നമായിരുന്നു. 1956 ല്‍ പാകിസ്ഥാനെ തോല്‍പ്പിച്ച്‌ ഒളിമ്പിക്‌ സ്വര്‍ണം നേടിയ ബല്‍ബീര്‍സിംഗിന്റെ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ലക്ഷ്‌മണ്‍ പിന്നീട്‌ രണ്ട്‌ ഒളിമ്പിക്‌സുകളില്‍ കൂടി ഇന്ത്യക്കു കളിച്ചു. 1960 ല്‍ റോമില്‍ പാകിസ്ഥാനോട്‌ ഫൈനലില്‍ തോറ്റ ഇന്ത്യയ്ക്ക്‌ 64 ല്‍ സ്വര്‍ണം വീണ്ടെടുത്തുകൊടുത്തത്‌ ലക്ഷ്‌മന്റെ ഉജ്ജ്വല പ്രകടനമാണ്‌. പാകിസ്ഥാന്റെ ആപല്‍ക്കാരിയായ ഫോര്‍വേഡ്‌ മുനീര്‍ അഹമ്മദ്‌ ധറിനു മുന്നില്‍ ലക്ഷ്‌മണ്‍ ഉയര്‍ത്തിയ കോട്ട ഹോക്കി ചരിത്രത്തിലെതന്നെ സുവര്‍ണ അദ്‌ധ്യായങ്ങളിലൊന്നായി നിലനില്‍ക്കുന്നു.
"ശങ്കര്‍ ലക്ഷ്‌മണേയും ജോഗീന്‌ദര്‍ സിംഗിനേയും ഞങ്ങള്‍ക്കു തരൂ. ഇന്ത്യയെ തോല്‍പ്പിച്ചു തരാം" മത്‌സരത്തിനു മുന്‍പ്‌ പാകിസ്ഥാന്‍ സംഘത്തലവന്‍ മേജര്‍ ജനറല്‍ മൂസ പറഞ്ഞു. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ്‌ അശ്വനികുമാര്‍ മൂസക്ക്‌ നല്‍കിയ മറുപടിയും പ്രസിദ്‌ധമായിരുന്നു." അതിന്‌ ഇനിയുമൊരു യുദ്‌ധം വേണ്ടിവരും നിങ്ങള്‍ക്ക്‌."
1968 ലെ മെക്‌സിക്കോ ഒളിമ്പിക്‌സിലേക്കും ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും വിനയപൂര്‍വം അതു നിരസിക്കുകയായിരുന്നു ലക്ഷ്‌മണ്‍. യാദൃച്ഛികമാകാം, ഇന്ത്യന്‍ ഹോക്കിയുടെ പതനത്തിന്റെ തുടക്കവും ആ ഗെയിംസോടെയായിരുന്നു.

ഇടുക്കി ഡാമിന്‌ 30 വയസ്സ്‌

ഇടുക്കി ഡാമിന്‌ 30 വയസ്സ്‌
ഒ.എന്‍. രാജഗോപാല്‍
തൊടുപുഴ: ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച്‌ ഡാമായ ഇടുക്കി മുപ്പതാം വയസ്സിലേക്ക്‌. അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്‌ നമ്പൂതിരിപ്പാടായിരുന്നു ഡാമിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്‌.
1976 ഫെബ്രുവരി 12 ന്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്‌ധി ഈ ജലവൈദ്യുത പദ്‌ധതി രാഷ്‌ട്രത്തിന്‌ സമര്‍പ്പിക്കുകയുംചെയ്‌തു. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും, 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 മീറ്റര്‍ ഉയരത്തില്‍ പെരിയാറിന്‌ കുറുകെയാണ്‌ അണക്കെട്ട്‌ നിര്‍മ്മിച്ചത്‌. 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച്‌ കിടക്കുന്ന കൃത്രിമ തടാകത്തില്‍ 20,000 ലക്ഷം ടണ്‍ ഘന അടി വെള്ളമാണ്‌ തടഞ്ഞ്‌ നിറുത്തിയിട്ടുള്ളത്‌. 780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊര്‍ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌. നാടുകാണി മലയുടെ മുകളില്‍നിന്ന്‌ 750 മീറ്റര്‍ അടിയിലുള്ള ഭൂഗര്‍ഭ വൈദ്യുതനിലയം രാജ്യത്തെ ഏറ്റവും വലുതുമാണ്‌.
ആദ്യഘട്ടത്തില്‍ 15000 തൊഴിലാളികള്‍ ജോലിചെയ്‌ത പദ്ധതി നിര്‍മ്മാണത്തിനിടയില്‍ 84 പേര്‍ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ല്‍ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്‌ളിയു. ജെ. ജോണ്‍ ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയില്‍ കൊലുമ്പന്‍ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടര്‍ന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പന്‍ കുറവന്‍ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകള്‍ക്കിടയിലൂടെ ഒഴുകിയ പെരിയാര്‍ ജോണിനെ ആകര്‍ഷിച്ചു. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോണ്‍ എന്‍ജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.
1937 ല്‍ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എന്‍ജിനിയര്‍മാര്‍ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിര്‍മ്മിക്കാന്‍ വിവിധ പഠന റിപ്പോര്‍ട്ടുകളില്‍ ശുപാര്‍ശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങള്‍ നടത്തിയിരുന്നു. 1961-ല്‍ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ല്‍ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിര്‍മ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോര്‍ഡ്‌ ഏറ്റെടുത്തു.
പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവന്‍ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറില്‍ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാന്‍ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാന്‍ കുളമാവിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മര്‍ദ്ദവും ശക്തിയുമെല്ലാം താങ്ങാന്‍ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിര്‍മ്മിച്ചത്‌. ഇന്ത്യയിലെ ആദ്യത്തെ ഈ ആര്‍ച്ച്‌ ഡാം പണിതത്‌ കോണ്‍ക്രീറ്റ്‌ കൊണ്ടാണ്‌. 168.9 മീറ്റര്‍ ഉയരമുണ്ട്‌. മുകളില്‍ 365.85 മീറ്റര്‍ നീളവും 7.62 മീറ്റര്‍ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു സവിശേഷത.

വ്യാഴാഴ്‌ച, ഏപ്രിൽ 27, 2006

എന്തുകൊണ്ട്‌ വോട്ട്‌ ചെയ്യുന്നില്ല

എന്തുകൊണ്ട്‌ വോട്ട്‌ ചെയ്യുന്നില്ല
സുകുമാര്‍ അഴീക്കോട്‌
തിരഞ്ഞെടുപ്പ്‌ നേര്‍ക്കുനേരിലാണ്‌. വോട്ടവകാശമുള്ളവരെല്ലാം വോട്ടു ചെയ്യുക എന്നതാണ്‌ ഈ മാസത്തെ 'യുഗധര്‍മ്മം.' സ്ഥാനാര്‍ത്ഥികളും കക്ഷികളും മാത്രമല്ല, വലിയ പത്രങ്ങളും ഈ ആഹ്വാനം നടത്തിക്കൊണ്ടിരിക്കുന്നു.

ഞാന്‍ വോട്ട്‌ ചെയ്യാതായിട്ട്‌ നാലു ദശാബ്‌ദമായിക്കാണണം. ഞാന്‍ പാര്‍ലമെന്റിലേക്ക്‌ മത്സരിച്ച, 1962-ലെ രണ്ടാം ലോക്‌സഭയിലേക്കുനടന്ന തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തിരുന്നു. അടുത്ത തിരഞ്ഞെടുപ്പിലും വോട്ടുചെയ്ത ഓര്‍മ്മയുണ്ട്‌. പിന്നെ ഒരിക്കലും വോട്ടറായി വേഷം കെട്ടിയിട്ടില്ല. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടുചെയ്യാന്‍ ഉദ്ദേശ്യമില്ല. പലരും ഇതുസംബന്‌ധിച്ച്‌ ചോദിക്കുന്നതുകൊണ്ട്‌ ഒരു വിശദീകരണം നടത്തുകയാണ്‌.

ഇന്ത്യക്കാര്‍ക്ക്‌ വോട്ടവകാശം ലഭിച്ചത്‌ ഭരണഘടനവഴിയാണ്‌. അങ്ങനെ 1952-ല്‍ ഒന്നാമത്തെ ലോക്‌സഭ രൂപംകൊണ്ടു. നാലു ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മാത്രമേ ഞാന്‍ വോട്ട്‌ ചെയ്തുള്ളൂ. പതിന്നാലാം ലോക്‌സഭയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.
മൂന്നാം ലോക്‌സഭാഘട്ടത്തില്‍ അന്യാദൃശവും അസാധാരണവുമായ ഒരു മഹാസംഭവപരമ്പര നടന്നു. 1962-ല്‍ ജയിച്ചിരുന്നെങ്കില്‍ എനിക്ക്‌ ഈ നാടകീയ സംഭവങ്ങളുടെ ദൃക്‌്‌സാക്ഷിയാകാന്‍ കഴിഞ്ഞേനേ! മൂന്നാം ലോക്‌സഭ മൂന്നു പ്രധാനമന്ത്രിമാരുടെ വരവുകണ്ടു- ജാവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്‌ത്രി, ഇന്ദിരാഗാന്‌ധി. ആദ്യത്തെ രണ്ടു പേരും മൂന്നാം ലോക്‌സഭാകാലത്ത്‌ ചരമമടഞ്ഞവരാണ്‌.ഇന്ദിരാഗാന്‌ധിയുടെ ആഗമനത്തോടെ കോണ്‍ഗ്രസിലെ ഗാന്‌ധി-നെഹ്‌റുയുഗം അവസാനിച്ചു. ഏത്‌ മാര്‍ഗ്‌ഗവും അധികാരം നേടുക എന്ന ലക്ഷ്യം സാധിക്കാന്‍ സ്വീകരിക്കാം എന്ന പുതിയ രാഷ്‌ട്രീയ നീതിശാസ്‌ത്രം കോണ്‍ഗ്രസ്‌ അംഗീകരിക്കുന്നത്‌ അന്നുതൊട്ടാണ്‌. ആ യുഗത്തിന്റെ തേര്‍വാഴ്ചയാണ്‌ ഇന്ന്‌. കാമരാജ്‌ തുടങ്ങി പലരും കോണ്‍ഗ്രസ്‌ വിട്ടു. ഞാനും കക്ഷിവിട്ടു. ദൈനംദിന രാഷ്‌ട്രീയം വിട്ടു, തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പുപ്രചരണവും ഒഴിവാക്കി, വോട്ടു ചെയ്യലും നിറുത്തി. 'പാവനം' ആയ വോട്ടവകാശം ഞാന്‍ മടക്കിവച്ചത്‌ അങ്ങനെയാണ്‌.

അപ്രകാരം വോട്ടുചെയ്യാതെ പിന്മാറിയിരിക്കുന്നത്‌ ശരിയാണോ, ഭരണഘടന ലക്ഷ്യംവയ്ക്കുന്ന രാഷ്‌ട്രനീതിയുടെ ലംഘനമല്ലേ അത്‌ എന്നൊക്കെയുള്ള വ്യാകുലതകളും ക്ഷോഭപൂര്‍ണങ്ങളുമായ ചോദ്യങ്ങളും ആശങ്കകളും മറുവശത്തുനിന്ന്‌ ഉയരുന്നത്‌ കേള്‍ക്കുന്നുണ്ട്‌.

വോട്ടു ചെയ്യാതിരിക്കുന്നതില്‍, ഇന്ത്യന്‍ അവസ്ഥയില്‍, രണ്ട്‌ പ്രധാന ദോഷങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന്‌ മറുവശത്തുനിന്ന്‌ പറഞ്ഞുകേള്‍ക്കുന്നു. ഒന്ന്‌ ആശയവൈവിദ്ധ്യം, രണ്ടാമത്തേത്‌ തത്വലംഘനം. ഞാന്‍ വോട്ട്‌ ചെയ്യാറില്ലെങ്കിലും മറ്റുള്ളവരെ വോട്ടു ചെയ്യുന്നതിന്‌ പ്രേരിപ്പിക്കുന്ന വ്യക്തിയാണ്‌. അതായത്‌, ആരും വോട്ട്‌ ചെയ്യരുതെന്ന്‌ ഒരിക്കലും ഞാന്‍ പ്രസ്താവിച്ചിട്ടില്ല. താന്‍ ചെയ്യുന്നത്‌ മറ്റുള്ളവര്‍ ചെയ്യണമെന്ന്‌ നിര്‍ബന്‌ധിക്കാത്തതും മറ്റുള്ളവര്‍ ചെയ്യണമെന്ന്‌ പറയുന്നത്‌ സ്വയം നടപ്പിലാക്കാത്തതും ചിന്തയിലെ കടുത്ത പൂര്‍വാപരവൈരുദ്ധ്യമാണ്‌. മനുഷ്യജീവിതത്തില്‍ വാക്കും കര്‍മ്മവും തമ്മില്‍ പൊരുത്തം വേണ്ടല്ലോ. സ്വഭാവസ്ഥിരത എന്നുപറയുന്നത്‌ ഇതാണ്‌. ജീവിതത്തില്‍ അനുസരിക്കേണ്ട സത്യനിഷ്ഠയുടെ പ്രശ്നമാണ്‌ ഇത്‌.

വോട്ടു ചെയ്യണം എന്ന്‌ ഭരണഘടന നിര്‍ബന്‌ധം പിടിച്ചു കാണുന്നില്ല. വോട്ടുചെയ്യാനുള്ള യോഗ്യതയുള്ളവര്‍ക്കെല്ലാം അതിനുള്ള സൌകര്യം ഉണ്ടാകണമെന്നേ ഭരണഘടന ഉദ്ദേശിക്കുന്നുള്ളൂ. ഭരണഘടന വോട്ട്‌ സര്‍വജനീനമാണ്‌ എന്ന്‌ അനുശാസിക്കുമ്പോള്‍, കള്ളനും അഴിമതിക്കാരനും വോട്ട്‌ ചെയ്യണം എന്നല്ല അനുശാസിക്കുന്നത്‌. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ചില മഹാഭാഗങ്ങളുണ്ട്‌- സാര്‍വജനീനമായ നീതി, മതങ്ങളെ സമഭാവനയോടെ കാണുക, സാഹോദര്യം വളര്‍ത്തുക, ഉച്ചനീചത്വങ്ങള്‍ കുറച്ചുകൊണ്ട്‌ സാര്‍വാധിഷ്ഠിതമായ ഒരു സമൂഹവ്യവസ്ഥ സൃഷ്‌ടിക്കുക തുടങ്ങിയ ഉന്നതലക്ഷ്യങ്ങളാണ്‌ ഭരണഘടന അവതരിപ്പിച്ചുതന്നിട്ടുള്ളത്‌. ഇവയ്ക്കുവേണ്ടി നിലകൊള്ളുന്ന വിശ്വസ്തനായ നല്ല സ്ഥാനാര്‍ത്ഥിക്കാണ്‌ വോട്ട്‌ ചെയ്യേണ്ടത്‌. കുറ്റവാളികള്‍ എല്ലാം നിയമത്തിന്റെ പിടിയില്‍ പെടുന്നില്ല. അതിനാല്‍ അത്തരം കുറ്റക്കാര്‍ നല്ലവരാണെന്ന്‌ ധരിച്ച്‌ തിരഞ്ഞെടുപ്പില്‍ കയറിപ്പറ്റുന്നു. ചീത്ത സ്ഥാനാര്‍ത്ഥിക്ക്‌ വോട്ട്‌ ചെയ്യരുതെന്ന്‌ നെഹ്‌റു ഒന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്തുതന്നെ കോണ്‍ഗ്രസുകാരെ ഉപദേശിച്ചിരുന്നു.

നെഹ്‌റു വര്‍ണിച്ചതരത്തിലുള്ള കള്ളസ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ടുകൊടുക്കരുതെന്നേ ഞാന്‍ പ്രസംഗിച്ചിട്ടുള്ളൂ. "ചീത്ത വഴിയിലൂടെ ജയിക്കുന്നതിലും നല്ലത്‌, നല്ല വഴിയിലൂടെ തോല്‍ക്കുന്നതാണ്‌" എന്നും നെഹ്‌റു ഉദ്ബോധിപ്പിച്ചു. ഇന്ന്‌ ഇത്‌ ഏറ്റുപറയാന്‍ കോണ്‍ഗ്രസില്‍ ആരുമില്ല.നെഹ്‌റുവിന്റെ മാനദണ്‌ഡമനുസരിച്ച്‌ സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യതയില്ലാത്തവര്‍ക്ക്‌ വോട്ടുകൊടുക്കരുത്‌ എന്നത്‌ തിരഞ്ഞെടുപ്പിലെ ഏറ്റവും മൌലികമായ തത്വമാണ്‌. തിരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ക്ക്‌ ഈ തത്വം പരിപാലിക്കാന്‍ എപ്പോഴും സാധിക്കണമെന്നില്ല. വോട്ടര്‍ ആണ്‌ ഈ തത്വം പരിപാലിക്കുന്നതിനുള്ള പരമാധികാരം സ്വായത്തമായിട്ടുള്ള വ്യക്തി. ഈ ശക്തി പ്രയോഗിക്കണം എന്നാണ്‌ ഞാന്‍ തരംകിട്ടുമ്പോഴൊക്കെ ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

ആര്‍ക്ക്‌ വോട്ടുചെയ്യണമെന്ന തീരുമാനം ആത്യന്തികമായി വോട്ടറുടേതാണ്‌. നല്ലവരെന്ന്‌ കരുതുന്ന ആള്‍ക്ക്‌ അയാള്‍ വോട്ട്‌ നല്‍കണം. സ്ഥാനാര്‍ത്ഥികളെപ്പറ്റി നല്ലയാളെന്ന്‌ തോന്നിയില്ലെങ്കില്‍ തീര്‍ച്ചയായും വോട്ട്‌ ചെയ്യാതിരിക്കണം. സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ സ്വന്തമായ ഒരു പവിത്രതയുണ്ട്‌. എനിക്ക്‌ നല്ല അഭിപ്രായമില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിക്ക്‌ വോട്ടു നല്‍കണമെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല.
വോട്ട്‌ ചെയ്യാതിരിക്കുമ്പോള്‍ ഭരണഘടനാതത്വം ലംഘിക്കപ്പെടുന്നു എന്ന വാദത്തിന്റെ മറുവശവും ഇതില്‍ത്തന്നെയുണ്ട്‌. ആര്‍ക്കെങ്കിലും വോട്ട്‌ ചെയ്യുക എന്നതല്ല തത്വം; നല്ലയാള്‍ക്ക്‌ വോട്ട്‌ ചെയ്യുക എന്നതാണ്‌. നല്ലയാളെ തിരഞ്ഞെടുക്കുമ്പോഴാണ്‌ തിരഞ്ഞെടുപ്പ്‌ യഥാര്‍ത്ഥമായ തിരഞ്ഞെടുപ്പാകുന്നത്‌. ആരോ നിര്‍ബന്‌ധിച്ചതുകൊണ്ട്‌ ആരെയോ നിര്‍ദ്ദേശിക്കുന്നത്‌ തിരഞ്ഞെടുപ്പല്ല, ഇലക്ഷന്‍ അല്ല. അത്‌ പക്ഷപാതം മാത്രമാണ്‌.

വോട്ടിന്റെ പാവനത ഇതാണ്‌, ഇതേയുള്ളൂ. ജനാധിപത്യത്തില്‍ ജനങ്ങളുടെ നിര്‍വ്യാജമായ ക്ഷേമത്തിനുവേണ്ടി ഏത്‌ ഘട്ടത്തിലും ഉറച്ചുനില്‍ക്കുന്ന ഒരു വ്യക്തിയെ മനസ്സില്‍ക്കണ്ട്‌ അദ്ദേഹത്തിന്‌ വോട്ട്‌ നല്‍കുക എന്നത്‌ വിശുദ്ധമായ ഒരു കര്‍മ്മമാണ്‌. എന്റെ പാര്‍ട്ടിയുടെ പ്രതിനിധിക്ക്‌ വോട്ടുചെയ്യുമ്പോഴാണ്‌ വോട്ടിന്റെ പാവനത നഷ്‌ടപ്പെടുന്നത്‌. മറ്റു പ്രലോഭനങ്ങള്‍ക്ക്‌ വശംവദനായി സമ്മതിദാനം നടത്തുമ്പോഴും ലംഘിക്കപ്പെടുന്നതും പാവനതയാണ്‌.

ഇതാണ്‌ തത്വം. എങ്കില്‍ ആകെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ എന്റെ പ്രാതിനിധ്യമാനദണ്‌ഡങ്ങളോട്‌ ഇണങ്ങുന്ന ആരെയും ഞാന്‍ കാണുന്നില്ലെങ്കില്‍ എനിക്ക്‌ ഒരു വഴിയേയുള്ളൂ- അവര്‍ക്കാര്‍ക്കും വോട്ടു ചെയ്യാതിരിക്കുക. വോട്ടവകാശത്തിന്റെ വിശുദ്ധിയെ ഞാന്‍ അല്‌പം പരിരക്ഷിച്ചിരിക്കുന്നു. നല്ല സ്ഥാനാര്‍ത്ഥിയായി ആരെയും കാണുന്നില്ലെങ്കില്‍ എന്റെ കക്ഷിക്കാരനോ മതക്കാരനോ ജാതിക്കാരനോ എനിക്ക്‌ കാശു തന്നവനോ വോട്ടു കൊടുക്കുന്ന വ്യക്തി വോട്ടിന്റെ പരിശുദ്ധി കളയുന്ന അയാള്‍ ചെയ്തത്‌ വോട്ടല്ല, അഴിമതിയാണ്‌.

ഇന്ന്‌ നമ്മുടെ തിരഞ്ഞെടുപ്പിന്റെ വിശുദ്ധി എന്നു പറയുന്നത്‌ മിക്കവാറും നഷ്‌ടമായിക്കഴിഞ്ഞിരിക്കയാണ്‌. ക്രിമിനലുകള്‍ തിരഞ്ഞെടുക്കപ്പെടുന്നു. പ്രതിസ്ഥാനത്ത്‌ പോയാല്‍ കോടതി അനുവദിച്ച ആള്‍ മന്ത്രിയാവുന്നു. സ്‌ത്രീവിഷയത്തിലും ധനവിഷയത്തിലും സംഘടിതമായ അക്രമവും വ്യാപകമായ അനീതിയും നടത്തുന്നവരെന്ന്‌ നാടാകെ പുകില്‍ പരത്തിയവര്‍ രാഷ്‌ട്രീയക്കൂട്ടായ്‌മയുടെ പേരില്‍ ഭരണകൂടത്തിലെ നിര്‍ണായകശക്തികളായി മാറുന്നു. ജാതിയും മതവും തിരഞ്ഞെടുപ്പിലെ നിര്‍ണായകശക്തികളായി വിലസുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്‌ രാഷ്‌ട്രീയ ശരീരത്തിലെ ഈ അര്‍ബുദങ്ങള്‍ പരിശമിപ്പിക്കാന്‍ ഫലപ്രദമായ ഉപായങ്ങള്‍ ഉണ്ടെന്നുതോന്നുന്നില്ല. പൊലീസിനെ ഉപയോഗിച്ച്‌ തടയാവുന്ന ബാഹ്യങ്ങളായ ചില അക്രമങ്ങളെയും അടിപിടികളെയും കള്ളവോട്ടു തുടങ്ങിയവയെയും ഒരതിര്‍ത്തിവരെ അതിന്‌ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട്‌. അത്രയേ സമ്മതിക്കാന്‍ പാടുള്ളൂ. അതിനപ്പുറത്താണ്‌ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യേണ്ട പല ദോഷങ്ങളും കിടക്കുന്നത്‌.

സ്വയംവരത്തിന്‌ ഓടിക്കൂടിയെത്തിയ കോന്തന്മാരില്‍ ഒരുത്തനെയെങ്കിലും പരിണയിക്കണമെന്ന്‌ ഒരു ധര്‍മ്മശാസ്‌ത്രത്തിലും എഴുതിക്കണ്ടിട്ടില്ല. സ്വയംതോന്നി വരിക്കലാണ്‌ സ്വയംവരം. നേരത്തേ പ്രണയമുണ്ടായിട്ടുപോലും ദമയന്തി നളനെ വരിച്ച്‌ അബദ്ധത്തില്‍ കുടുങ്ങിയല്ലോ.
നമ്മുടെ തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലെ സ്വയംവരമാണ്‌. വരനെ തിരഞ്ഞെടുക്കാന്‍ രാജകുമാരിക്കുള്ള പരിപൂര്‍ണ സ്വാതന്ത്യ്‌രമാണ്‌-തിരഞ്ഞെടുക്കാതിരിക്കാനും. യഥാര്‍ത്ഥമായ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കാതിരിക്കാനുള്ള സ്വാതന്ത്യ്‌രവും അന്തര്‍ഭവിച്ചിട്ടുണ്ട്‌.

കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍

തിങ്കളാഴ്‌ച, ഏപ്രിൽ 24, 2006

എം.കെ.അര്‍ജുനനു സപ്‌തതി; പാട്ടിന്റെ പാതി നൂറ്റാണ്ടും

എം.കെ.അര്‍ജുനനു സപ്‌തതി; പാട്ടിന്റെ പാതി നൂറ്റാണ്ടും
സ്വന്തം ലേഖകന്‍

കണ്ണീരിലെഴുതിയ അര്‍ജുന സംഗീതം.
ഹൃദയമുരുകി കരയില്ലെങ്കില്‍ കദനം നിറയുമൊരു കഥ പറയാം.
ഫോര്‍ട്ടുകൊച്ചിയിലെ ഒരു കൊച്ചു വീട്ടില്‍ നിന്ന്‌ ആ കഥ തുടങ്ങുന്നു. ജനിക്കും മുന്‍പു തന്നെ ഒന്‍പതു സഹോദരങ്ങളെ നഷ്ട മായ, ആറു മാസം പ്രായമുള്ളപ്പോള്‍ അച്നെ നഷ്ടമായ, പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനാവാതെ പലഹാരം വിറ്റ്‌ അഷ്ടിക്കു വക കണ്ടെത്തേണ്ടി വന്ന ബാലന്റെ കഥ. ആ ബാലന്‍ മലയാള സംഗീതത്തിന്റെ ആചാര്യനായ മാറിയ കഥ പിന്നാലെ പറയാം. കണ്ണീരിന്റെ നനവും വിശപ്പിന്റെ നീറ്റലും കൂടിച്ചേര്‍ന്ന ബാല്യകാലം. ഈണങ്ങളുടെ ലോകത്ത്‌ അരനൂറ്റാണ്ടു പൂര്‍ത്തിയാക്കുന്ന സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്റെ മനസില്‍ ഒരു വിങ്ങലായി ഇന്നും ആ കഥകള്‍ ബാക്കിയുണ്ട്‌.

ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത്‌ കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു അര്‍ജുനന്‍. ആസ്പിരിന്‍വാള്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന അച്ന്‍ മരിക്കുമ്പോള്‍ കുറെ ജീവിതപ്രാരാംബ്ദങ്ങള്‍ മാത്രമാ യിരുന്നു കുടുംബത്തിന്റെ സമ്പാദ്യം. മക്കളെ പോറ്റാന്‍ പകലന്തിയോളം പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാന്‍ രണ്ടാം ക്ലാസ്സില്‍ അര്‍ജുനന്‍ പഠനം നിര്‍ത്തി. പലഹാരമുണ്ടാക്കി കൊണ്ടുനടന്നു വിറ്റ്‌ തന്റെയും സഹോദരങ്ങളുടെയും വിശപ്പടക്കാന്‍ പാടുപെട്ടു. വീടുകളില്‍ ജോലിക്കു നിന്നു. ചുമട്‌ എടുത്തു. കൂലിപ്പണി ചെയ്‌തു.

അന്ന്‌ ഫോര്‍ട്ട്‌ കൊച്ചിയിലുണ്ടായിരുന്ന രാമന്‍വൈദ്യന്‍ എന്നൊരു സാമൂഹികപ്രവര്‍ത്തകനാണ്‌ ഈ‍ ദുരിതങ്ങളില്‍ നിന്നു എം.കെ. അര്‍ജുനനെ രക്ഷിച്ചത്‌. പഴനിയിലെ ഒരു ആശ്രമത്തിന്റെ അനാഥാലയ ത്തിലേക്ക്‌ അര്‍ജുനനെയും ജ്യേഷ്ഠന്‍ പ്രഭാരകരനെയും രാമന്‍വൈദ്യനാണ്‌ കൊണ്ടുപോയത്‌. രണ്ടുപേരെങ്കിലും പട്ടിണിയില്‍ നിന്നു രക്ഷപ്പെടുമെല്ലോ എന്നു കരുതി അമ്മ കണ്ണീരോടെ ആ മക്കളെ യാത്രയാക്കി.

നാരായണസ്വാമി എന്നൊരാളായിരുന്നു ആശ്രമത്തിന്റെ അധിപന്‍. ആശ്രമത്തില്‍ എല്ലാ ദിവസവും ഭജനയുണ്ട്‌. അര്‍ജുനനും പ്രഭാകരനും അതില്‍ എന്നും പങ്കുചേരുമായിരുന്നു. കുട്ടികളുടെ സംഗീതവാസന മനസിലാക്കിയ നാരായണസ്വാമി അവര്‍ക്കുവേണ്ടി ഒരു സംഗീതാധ്യാപകനെ ഏര്‍പ്പാടാക്കി. അങ്ങനെ ഏഴു വര്‍ഷം. ആശ്രമത്തില്‍ അന്തേവാസികള്‍ കൂടുതലായതോടെ ഇരുവര്‍ക്കും ഫോര്‍ട്ടുകൊച്ചിയിലേക്കു മടങ്ങേണ്ടി വന്നു. വീണ്ടും കുടുംബഭാരം. സംഗീതകച്ചേരികള്‍ നടത്തിയും കൂലിവേല ചെയ്‌തും ഒരു വിധത്തില്‍ മുന്നോട്ടു നീങ്ങി. ഇടയ്ക്കു ഒരു സായിപ്പിന്റെ ബംഗ്ലാവില്‍ കാവല്‍ക്കാരനായും ജോലി ചെയ്‌തു. സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം അതിനു കഴിഞ്ഞില്ല. എങ്കിലും പല ഗുരുക്കന്‍മാരുടെ കീഴിലായി തബലയും വായ്പ്പാട്ടും ഹാര്‍ണമോണിയവും അഭ്യസിച്ചു.

ഹാര്‍മോണിയം വായന പിന്നീട്‌ തൊഴിലാക്കി മാറ്റി. കൊച്ചുനാടക ട്രൂപ്പുകള്‍ക്കു വേണ്ടിയായിരുന്നു തുടക്കം. കോഴിക്കോട്‌ നിന്നുള്ള 'കലാകൌമുദി ട്രൂപ്പുകാര്‍ ഒരു നാടകത്തിനു ഈണം പകരാന്‍ ക്ഷണിച്ചതോടെയാണ്‌ പുതിയൊരു ജീവിതത്തിനു തുടക്കമാകുന്നത്‌. "തമ്മിലടിച്ച തമ്പുരാക്കള്‍.... എന്ന ഗാനത്തിനാണ്‌ ആദ്യമായി ഈ‍ണം പകര്‍ന്നത്‌. ഈ‍ ഗാനം വിജയിച്ചതോടെ കൂടുതല്‍ അവസരങ്ങളായി. നിരവധി നാടകങ്ങള്‍ക്ക്‌ ഈണം പകര്‍ന്നു. ഇതിനിടയ്ക്കു എം.കെ. അര്‍ജുനന്‍ തന്റെ ജീവിതപങ്കാളിയെയും കണ്ടെത്തി. 1961ലായിരുന്നു വിവാഹം. ഭാര്യയുടെ പേര്‌ ഭാരതി.

നാടകരംഗത്തു പ്രവര്‍ത്തിക്കവേ, ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെട്ടതാണ്‌ സിനിമയില്‍ അര്‍ജുനന്‍മാസ്റ്റര്‍ക്ക്‌ അവസരമൊരുക്കിയത്‌. 1968ല്‍ 'കറുത്ത പൌര്‍ണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത്‌ തന്റെ പേര്‌ എഴുതിച്ചേര്‍ക്കാന്‍ അര്‍ജുനന്‍മാസ്റ്റര്‍ക്കു കഴിഞ്ഞു. തന്റെ ജീവിതം പകര്‍ത്തിയെഴുതിയ പോലെ പി. ഭാസ്കരന്‍ പാട്ടെഴുതി കൊടുത്തപ്പോള്‍ ഹൃദയമുരുകി എം.കെ. അര്‍ജുനന്‍ ഈണം പകര്‍ന്നു.
"ഹൃദയമുരുകി നീ കരയില്ലെങ്കില്‍
കദനം നിറയുമൊരു കഥ പറയാം...

വിദേശികള്‍ക്ക്‌ 'പൂരക്കാഴ്ച'യുമായി ഇലക്ഷന്‍ ടൂറിസം

വിദേശികള്‍ക്ക്‌ 'പൂരക്കാഴ്ച'യുമായി ഇലക്ഷന്‍ ടൂറിസം
അനീഷ്‌ ആര്‍. നായര്‍
കൊച്ചി: തിരഞ്ഞെടുപ്പും തൃശൂര്‍ പൂരവും തമ്മില്‍ എന്തു ബന്‌ധം? നമുക്ക്‌ ഒന്നുമില്ലായിരിക്കാം. പക്ഷേ, വിടേശികള്‍ക്ക്‌ രണ്ടും തീരാത്ത വര്‍ണക്കാഴ്ചകളുടെ കൌതുകമാണെന്ന്‌ കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു.
വെറുതെ പറയുകയല്ല, ഇലക്ഷന്‍ സീസണ്‍ 'പ്രത്യേക പാക്കേജ്‌' ആക്കി ടൂറിസ്റ്റുകളെ പ്രചരണക്കാഴ്ചകള്‍ കാണാന്‍ കൊണ്ടുവന്നതിന്റെ വിജയാനുഭവം സാക്ഷ്യപ്പെടുത്തുക കൂടി ചെയ്യുമ്പോള്‍ കേരളത്തില്‍ വോട്ടെടുപ്പ്‌ അസ്സല്‍ പൂരക്കാഴ്ച തന്നെയെന്ന്‌ സമ്മതിക്കേണ്ടിവരും!
തിരഞ്ഞെടുപ്പിന്റെ 'വില്‌പനസാധ്യത' കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തിരിച്ചറിഞ്ഞത്‌ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകാലത്താണ്‌. അന്ന്‌ കേരളത്തിലുണ്ടായിരുന്ന ചില വിടേശസഞ്ചാരികള്‍ക്ക്‌ മൈക്കും പാട്ടും കൊട്ടും കുരവയുമായുള്ള പ്രചരണം കണ്ടപ്പോള്‍ കൌതുകം. ഇതെന്തു പൂരം!
ഓപ്പറേറ്ററോടു ചോദിച്ചപ്പോഴാണ്‌ ഇതും 'ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യഘടകമാണെന്ന്‌' പലരും തിരിച്ചറിഞ്ഞത്‌. പ്രകടനങ്ങളുടെ വര്‍ണപ്പൊലിമയും മുദ്രാവാക്യങ്ങളുടെ മേളപ്പെരുക്കവും അടുത്തുകാണുകയും കേള്‍ക്കുകയും വേണമെന്ന്‌ ആവശ്യപ്പെട്ടവര്‍ക്ക്‌ പ്രത്യേകം ഗൈഡിനെ വിട്ടുകൊടുത്തു. എല്ലാവരും ഹാപ്പി.
അങ്ങനെയാണ്‌ 'ഇലക്ഷന്‍ ടൂറിസം' എന്ന പദ്ധതിയുടെ തുടക്കം. "മുന്നണിരാഷ്‌ട്രീയമെന്ന വലിയ കൌതുകം ഇന്ത്യയില്‍ എങ്ങനെ പ്രാവര്‍ത്തികമാകുന്നു എന്നു കാണാന്‍ താത്‌പര്യമുള്ള ധാരാളം വിടേശികളുണ്ട്‌. അവരെ ലക്ഷമിട്ടാണ്‌ ഇലക്ഷന്‍ ടൂറിസം എന്ന ലിമിറ്റഡ്‌ പീരിഡ്‌ പദ്ധതി. പരീക്ഷണം നൂറു ശതമാനം വിജയം." തിരുവനന്തപുരം ആസ്ഥാനമായുള്ള 'കോകോഹോള്‍' ടൂര്‍ കമ്പനിയുടെ മാനേജര്‍ രഞ്ജിത്‌ കുമാര്‍ പറയുന്നു. ഇലക്ഷന്‍ സീസണില്‍ സംസ്ഥാനത്തെത്തിയ വിടേശികളില്‍ മിക്കവര്‍ക്കും മുന്നണി രാഷ്‌ട്രീയത്തിന്റെ ഉള്ളുകള്ളികള്‍ അത്ര പിടികിട്ടുന്നില്ലെങ്കിലും പ്രചരണത്തിലെ വീറും വാശിയും നിറപ്പകിട്ടും കാണുമ്പോള്‍ ഒരുകാര്യം നല്ല തിട്ടം: 'ഫൈറ്റ്‌ ഈസ്‌ ഇന്ററസ്റ്റിംഗ്‌!'
ഇലക്ഷന്‍ പാക്കേജില്‍ ഇംഗ്‌ളണ്ടില്‍ നിന്ന്‌ കേരളത്തിലെത്തിയ ജോണ്‍ ബ്‌ളാക്കിന്‌ ഒന്നാംഘട്ട കാഴ്ചകള്‍ കണ്ടു മതിയായിട്ടില്ല. "ഇവിടെ പ്രചരണം വളരെ കളര്‍ഫുള്‍ ആണ്‌. വോട്ടുചോദിക്കലിന്‌ നല്ല അടുപ്പവുമുണ്ട്‌." കുടുംബസമേതം എത്തിയ ബ്‌ളാക്ക്‌ പറയുന്നു.
തിരുവനന്തപുരത്ത്‌ ഈസ്റ്റ്‌ മണ്‌ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബി. വിജയകുമാറിനെ ജോണ്‍ ബ്‌ളാക്ക്‌ നേരില്‍ക്കണ്ടു സംസാരിച്ചിരുന്നു. ഇനി, കൊച്ചിയിലെ കാഴ്ചകള്‍ കൂടി കണ്ട്‌ മടങ്ങിപ്പോകും.
അമേരിക്കയില്‍ നിന്ന്‌ തിരഞ്ഞെടുപ്പു കാഴ്ചകള്‍ കാണാനെത്തിയ സോഫിയയ്ക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ കൊടിതോരണങ്ങളിലെ നിറപ്പകിട്ടാണ്‌. മുദ്രാവാക്യങ്ങളും ഉശിരന്‍. രണ്ടാം ഘട്ട പോളിംഗിന്റെ 'ഹരം' കൂടി കണ്ടിട്ടേ സോഫിയ മടക്കമുള്ളൂ. വിടേശ ടൂറിസ്റ്റുകളെ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിക്കുന്ന ബിസിനസില്‍ പുതിയൊരു സീസണ്‍ സാധ്യത തുറന്നുകിട്ടിയ ആഹ്‌ളാദത്തിലാണ്‌ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍.

കടപ്പാ‍ട് : കേരളകൌമുദി ഓണ്‍ലൈന്‍

ഞായറാഴ്‌ച, ഏപ്രിൽ 23, 2006

താരാമതിയുടെ ഗാനമന്ദിരം

താരാമതിയുടെ ഗാനമന്ദിരം
മൂന്നു നൂറ്റാണ്ടായി ശൂന്യമായും പാഴായും കിടന്ന താരാമതി ഗാനമന്ദിരത്തിനു പുനര്‍ജന്മമാവുമ്പോള്‍...

ഒ.വി. ഉഷ
----------------

ആന്ധ്രപ്രദേശത്തെ ഗോല്‍ക്കൊണ്ട സുല്‍ത്താന്മാരില്‍ ഏഴാമനായിരുന്നു എ.ഡി. 1614-ല്‍ ജനിച്ച അബ്ദുള്ള കുത്തുബ്‌ ഷാ. അദ്ദേഹത്തിന്റെ ഭരണകാലം 1626 മുതല്‍ '72 വരെയായിരുന്നു. കലാരസികനായിരുന്ന ഇദ്ദേഹത്തിന്റെ ആസ്ഥാനത്ത്‌, ഗോല്‍ക്കൊണ്ട കോട്ടയില്‍ കലാകാരന്മാരും കലാകാരികളുമായി ഇരുപതിനായിരം പേരാണുണ്ടായിരുന്നതത്രെ. ഈ ജനസഞ്ചയത്തിനിടയ്ക്ക്‌ വേറിട്ടുനിന്നു താരാമതി. പ്രതിഭയുടെ പ്രഭാവംകൊണ്ട്‌ 'സംഗീതസരസ്വതി' എന്ന വിശേഷണം കിട്ടിയ അവരോട്‌ സുല്‍ത്താനുണ്ടായിരുന്ന ആദരവിന്റെ തെളിവാണ്‌ സുല്‍ത്താന്‍ നിര്‍മിച്ചുനല്‍കിയ ഗാനമന്ദിരം. ഗോല്‍ക്കൊണ്ട കോട്ടയില്‍നിന്ന്‌ അധികം ദൂരെയല്ലാതെ ഒരു കുന്നിന്‍പുറത്ത്‌ കാര്യമായി ഇടിച്ചില്‍ തട്ടാതെ നാനൂറുകൊല്ലത്തോളമായിട്ടും അതു നിലനില്‍ക്കുന്നു.

അബ്ദുള്ളയുടെ മുത്തച്ഛനായ മുഹമ്മദ്‌ കൂലി കുത്തുബ്‌ ഷായ്ക്ക്‌ ഭാഗ്‌മതി എന്ന സ്ത്രീയോടുണ്ടായിരുന്ന സ്നേഹാദരങ്ങള്‍ എങ്ങനെയോ അങ്ങനെയായിരുന്നു അബ്ദുള്ളയ്ക്ക്‌ താരാമതിയോട്‌ എന്നാണ്‌ പറയുന്നത്‌. ഭാഗ്‌മതിയും കലാകാരിയായിരുന്നു. മുഹമ്മദ്‌ കൂലി കുത്തുബ്‌ ഷാ അവരെ ആദരിക്കപ്പെടുന്നവള്‍ എന്നര്‍ഥം വരുന്ന ഹൈദര്‍ ബീഗമാക്കി. ഭാഗ്യനഗര്‍ എന്ന പഴയ നഗരം ഹൈദരാബാദ്‌ ആയത്‌ ഹൈദര്‍ബീഗം കാരണമാണ്‌.

അബ്ദുള്ളയും മുത്തച്ഛനെപ്പോലെ കവിതയും സംഗീതവും ആസ്വദിച്ചു. ഉറുദുവില്‍ അദ്ദേഹം കവിതയെഴുതാറുമുണ്ടായിരുന്നു. മുന്നൂറ്റന്‍പതു കൊല്ലം മുന്‍പ്‌ ഗോല്‍ക്കൊണ്ട കോട്ടയ്ക്കകത്ത്‌ കടന്നുപോയ സായാഹ്നങ്ങള്‍ പലതും സംഗീതസാന്ദ്രമായിരുന്നു. പറഞ്ഞു കേള്‍ക്കുന്നതിങ്ങനെയാണ്‌: കോട്ടയുടെ ഉച്ചിയില്‍ അകത്തളത്തില്‍ ഉയര്‍ന്ന മഞ്ചത്തില്‍ അബ്ദുള്ള കുത്തുബ്‌ ഷാ ഇരിക്കുന്നു. കല്‍ച്ചുമരുകളെ അലങ്കരിക്കുന്ന കസവുപാകിയ വിരികളില്‍ പോക്കുവെയില്‍ തിളങ്ങുന്നു. തൂക്കുവിളക്കില്‍ നൂറുതിരികള്‍ തെളിയുകയാണ്‌. വാതിലുകളില്‍ പട്ടുതിരശ്ശീലകളില്‍ ഓളമിടുന്ന ഇളം കാറ്റ്‌. ഷിരാസില്‍നിന്നുള്ള വീഞ്ഞു പകര്‍ന്ന വെള്ളിക്കോപ്പയില്‍ സുല്‍ത്താന്‍ പതുക്കെ തട്ടുന്നു. സുല്‍ത്താനു മാത്രമായുള്ള ഒരു സംഗീതസായാഹ്നത്തിന്റെ ആരംഭമാണതു കുറിക്കുക.

ഒരു നാഴിക ദൂരെ (വായുമാര്‍ഗം അളന്നാല്‍) മറ്റൊരു കുന്നുണ്ട്‌. അതിന്റെ നിറുകയിലാണ്‌ താരാമതിയുടെ ഗാനമന്ദിരം. സുല്‍ത്താന്‍ കൊടുത്ത അടയാളം സേവകരിലൂടെ പകര്‍ന്നു പകര്‍ന്ന്‌ നിമിഷങ്ങള്‍ക്കുള്ളില്‍ താരാമതിക്കു കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ, താരാമതി ഈ അടയാളം പ്രതീക്ഷിച്ച്‌ താളമേളക്കാരെക്കൂട്ടി ഒരുക്കത്തോടെ ഇരിക്കയാവും. താരാമതി ഇപ്പോള്‍ സുല്‍ത്താനു വേണ്ടി ഗാനമന്ദിരത്തിലിരുന്നു പാടിത്തുടങ്ങുകയാണ്‌. അന്നത്തെ വാസ്തുശില്‍പികളുടെ ഉള്‍ക്കാഴ്ചയും വൈദഗ്‌ധ്യവും കൊണ്ട്‌ ഈ സംഗീതം സുല്‍ത്താന്‌ ഗോല്‍ക്കൊണ്ടയുടെ ഉയരത്തിലിരുന്നു കേള്‍ക്കാന്‍ കഴിയുമായിരുന്നത്രെ. പലപ്പോഴും അവര്‍ സുല്‍ത്താന്‍ രചിച്ച വരികള്‍ക്ക്‌ ഈണം കൊടുത്തു. ഒരു രചന ഇങ്ങിനെ:

"പ്യാലേ, പ്യാലേ, യൂം പീനാ
ദുനിയാമേ, ദുനിയാമേ
യഹീ കുഛ്‌ ഹായ്‌ ജീനാ...."

-എന്താണ്‌ ഈ ലോകത്തിലെ ജീവിതം, നിറയുകയും ഒഴിയുകയും ചെയ്യുന്ന പാനഭാജനങ്ങള്‍ പോലെ-

ദൂരെയെങ്കിലും അടുത്തെന്നപോലെ, അടുത്തെന്നു തോന്നിച്ചാലും ദൂരെയായി, താരാമതിയുടെ പാട്ടും തബലയുടെ താളവും സിതാറിന്റെയും തംബുരുവിന്റെയും നാദധാരകളും സാന്ധ്യാകാശത്തിലൂടെ വന്ന്‌ സുല്‍ത്താനു ചുറ്റും നിറയുകയായി. ഗോല്‍ക്കൊണ്ടയിലെയും ഗാനമന്ദിറിലെയും 'അക്കൂസ്റ്റിക്സ്‌' ചരിത്രത്തിന്റെ ഈ അവകാശവാദത്തെ ശരിവെക്കുന്നു. ഗാനമന്ദിറില്‍നിന്ന്‌ സുല്‍ത്താന്റെ ഗോല്‍ക്കൊണ്ടയിലെ പള്ളിയറയിലേക്ക്‌ ഭൂമിക്കടിയിലൂടെ ഒരു തുരങ്കം ഉണ്ടായിരുന്നുവെന്നും ചന്ദൃകാചര്‍ച്ചിതമായ പല രാത്രികളിലും താരാമതി പാടിയും നൃത്തച്ചുവടുകള്‍ വെച്ചും ഈ തുരങ്കം വഴി പള്ളിയറയിലെത്താറുണ്ടായിരുന്നുവെന്നുമാണ്‌ ജനങ്ങള്‍ കരുതുന്നത്‌.

താരാമതിയുടെ ഗാനമന്ദിരം കുത്തുബ്‌ ഷാഹി വാസ്തുശെയിലിയിലുള്ള ഒരു 'ബാരാദരി'-'ബാരഹ്‌' എന്നാല്‍ പന്ത്രണ്ട്‌, 'ദര്‍' കവാടവും-യാണ്‌. ചുണ്ണാമ്പും ചാന്തും ഉപയോഗിച്ചാണ്‌ ഇതു പണിതിരിക്കുന്നത്‌. ഗോല്‍ക്കൊണ്ടയുടെ തുടര്‍ച്ച എന്നാണിതിനെ വിശേഷിപ്പിക്കാറ്‌. താരാമതിയുടെ സംഗീതവ്യക്തിത്വത്തിനു മാത്രമല്ല ഈ ബാരാദരി അനശ്വരതയുടെ മുദ്ര ചാര്‍ത്തുന്നത്‌. സുല്‍ത്താന്‍ അബ്ദുള്ളയുടെ ലാവണ്യബോധത്തിനും സംഗീതത്തോടുണ്ടായിരുന്ന അഗാധ പ്രണയത്തിനുമാണ്‌.

ചുറ്റുവട്ടത്തുതന്നെ മറ്റൊരു കലാനിലയത്തിന്റെ അവശിഷ്ടമുണ്ട്‌. പ്രേമാവതി നൃത്യമന്ദിര്‍. താരാമതിയുടെ സഹോദരിയും നര്‍ത്തകിയുമായിരുന്നു പ്രേമാവതി. സുല്‍ത്താനു മുന്നേ തന്നെ മരിച്ചുപോയി ഈ നര്‍ത്തകി. അവരുടെ കല്ലറയില്‍ സുല്‍ത്താന്‍ കുറിച്ചു: "പ്രേമാവതി അനശ്വരമായ ഒരു സ്വര്‍ഗപുഷ്പമാണ്‌." (1662). കുത്തുബ്‌ ഷാഹി ശവകുടീരങ്ങള്‍ക്കിടയില്‍ സുല്‍ത്താന്റെ കല്ലറയോടടുത്തു കിടക്കുന്നു പ്രേമാവതിയുടെയും താരാമതിയുടെയും ശവകുടീരങ്ങള്‍.

ബാരാദരിയുടെ പുതുജന്മം

വാസ്തു വിദഗ്ദ്ധര്‍ പറയുന്നത്‌ ഓരോ കെട്ടിടത്തിനും മനുഷ്യശരീരത്തിനെന്നപോലെ യൌവനവും വാര്‍ധക്യവും വൃദ്ധിക്ഷയങ്ങളുമുണ്ടെന്നാണ്‌. സുല്‍ത്താനും ആ കാലഘട്ടത്തിലെ മുന്തിയ കലാസ്വാദകര്‍ക്കും വേണ്ടി സംഗീതം ചൊരിഞ്ഞ അതിന്റെ യൌവനാവസ്ഥയ്ക്കുശേഷം പന്ത്രണ്ടുകവാടങ്ങളുള്ള താരാമതി ഗാനമന്ദിരം മൂന്നു നൂറ്റാണ്ടായി ശൂന്യമായും പാഴായും കിടന്നു; രാജകീയ പ്രൌഢിയുടെ ഒരവശിഷ്ടമായി. ഒരു ഹെറിറ്റേജ്‌ മോണ്യുമെന്റ്‌ ആയും കള്‍ച്ചര്‍ കോംപ്ലക്സ്‌ ആയും ഇതിനു പുതുജന്മം കിട്ടുന്നത്‌ 2004-ല്‍ ആണ്‌.

മഹാനായ ഒരു കലാകാരന്റെ സ്വപ്നവും പ്രയത്നവുമാണ്‌ ആന്ധ്രാഗവണ്‍മെന്റിനെ ഈ പുനരുജ്ജീവനകര്‍മത്തിനു പ്രേരിപ്പിച്ചത്‌. 'കലാതപസ്വി'യും 'നടരാജ'നുമായ പദ്‌മശ്രീ ഡോ. രാമകൃഷ്ണയാണ്‌ നര്‍ത്തനകലയ്ക്കുവേണ്ടി ജീവിതമുഴിഞ്ഞുവെച്ച ആ കലാകാരന്‍. ഇബ്രാഹിം ബാഗിലെ ഗണ്ഡിപെറ്റ്‌ റോഡിലൂടെ കടന്നുപോയ അവസരങ്ങളിലൊക്കെ താരാമതിയുടെ ഈ കെട്ടിടം അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുമായിരുന്നു. ഏതാണ്ടൊരു വ്യാഴവട്ടക്കാലം മുന്‍പ്‌ സ്വാതന്ത്ര്യദിനം പ്രമാണിച്ചാണെന്ന്‌ തോന്നുന്നു ഗവര്‍ണരുടെ ഭവനത്തില്‍ ഒരൊത്തുചേരലിന്‌ ക്ഷണം കിട്ടിയിരുന്നു. അവിടെ ചെല്ലുക എന്ന ഉദ്ദേശ്യത്തിലാണിറങ്ങിയതെങ്കിലും ശക്തമായ ഒരുള്‍പ്രേരണ നിമിത്തം എത്തിച്ചേര്‍ന്നത്‌ ബാരാദരിയില്‍.

ഒരു വലിയ മഴ പെയ്തൊഴിഞ്ഞ സമയം. കെട്ടിടത്തിന്റെ ഭാഗങ്ങളില്‍നിന്നും അതു നില്‍ക്കുന്ന കുന്നിന്റെ ഉച്ചിയില്‍നിന്നും മഴവെള്ളം ഒലിച്ചുവീഴുന്നുണ്ടായിരുന്നു. ശബ്ദമില്ലാതെ, വിങ്ങലൊതുക്കി ആരോ കരയുന്ന പോലെയാണ്‌ രാമകൃഷ്ണയ്ക്ക്‌ തോന്നിയത്‌. പെട്ടെന്ന്‌ ആ സ്ഥലത്തോട്‌ എന്തെന്നില്ലാത്ത അടുപ്പം അനുഭവപ്പെട്ടു. മഴക്കാല സന്ധ്യയുടെ വിഷാദച്ഛവി കനക്കുംവരെ നടരാജരാമകൃഷ്ണ അതിനകത്ത്‌ എന്തൊക്കെയോ ചിന്തിച്ചിരുന്നു. ഇപ്പോള്‍ ഒറ്റത്തിരി പോലും തെളിയാതെ കിടക്കുന്ന ഈ ഗാനമന്ദിരം സംഗീതത്തിന്റെയും നൃത്തത്തിന്റെയും മികവാര്‍ന്ന അവസ്ഥകള്‍ക്കു സാക്ഷ്യം വഹിച്ചിരിക്കണം. നിറഞ്ഞ പ്രകാശവും സംഗീതവും താളത്തിന്റെ പെരുക്കങ്ങളും നിറഞ്ഞു നിന്ന ആ ഒരു കാലം അദ്ദേഹം സങ്കല്‍പിച്ചു. എത്ര സംഗീത വിരുന്നുകള്‍ നടന്നിരിക്കണം ഇവിടെ? അന്നത്തെ വലിയവരായിരുന്നിരിക്കണം കേള്‍വിക്കാര്‍. ഒരുപക്ഷേ, പുരുഷന്മാര്‍ മാത്രമുള്ള സദസ്സ്‌. സംഗീതത്തില്‍ ഒന്നാം സ്ഥാനത്ത്‌ നിലനിന്നുപോരാന്‍ താരാമതി ഏതളവില്‍ സംഗീതതപസ്യ അനുഷ്ഠിച്ചിരിക്കണം! കൊട്ടാരത്തിന്റെ ഏതൊക്കെ അന്തര്‍നാടകങ്ങളെ അതിജീവിച്ചിരിക്കണം! അന്നത്തെ ദിവസത്തിനുശേഷം അദ്ദേഹം പിന്നെയും ബാരാദരി സന്ദര്‍ശിച്ചു. ഒരു സന്ദര്‍ശനവേളയില്‍ ശാന്തമായ അന്തരീക്ഷത്തില്‍ ലയിച്ചിരിക്കവെ അത്യന്തം ഹൃദയസ്പര്‍ശിയായ നേര്‍ത്ത സംഗീതത്തിന്റെയും നൂപുരത്തിന്റെയും ഒലി അദ്ദേഹം കേട്ടു. ആരുടെയോ നിഴല്‍ അടുത്തുകൂടി കടന്നുപോയതുപോലെ. 'ഭാവനയായിരുന്നുവോ അതോ ഹാല്യൂസിനേഷനോ?' എന്ന്‌ അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ (ഒരിക്കല്‍ ഫോട്ടോഗ്രാഫര്‍ കെ.ആര്‍. വിനയന്‍ അദ്ദേഹത്തിന്റെ ഭാര്യ റെനിത, എന്റെ ഒരു സുഹൃത്ത്‌ സുഷ്മിത സിന്‍ഹ എന്നിവരോടൊപ്പം ഞാന്‍ ചെന്നുകണ്ടിരുന്നു) പറഞ്ഞു: "നേരു പോലെ അനുഭവപ്പെട്ടു എന്നേ പറയാനൊക്കൂ."

രാജാവിനു വേണ്ടി പാടിയും ആടിയും ഉപജീവനം കഴിച്ച സ്ത്രീകള്‍ എന്ന നിലയ്ക്ക്‌ അന്തസ്സാരശൂന്യമായ ജീവിതത്തിന്റെ ഉടമകളായിട്ടാണ്‌ അവരെ ജനം വീക്ഷിക്കുക. പക്ഷേ, നടരാജരാമകൃഷ്ണയുടെ കലാഹൃദയം സഹാനുഭൂതി കൊണ്ടു നിറഞ്ഞു. താരാമതിയുടെ കാലവും കലയും പെണ്മനസ്സിന്റെ വ്യാകുലതയും ബാരാദരിയില്‍ വെച്ചുണ്ടായ നിമിഷങ്ങളില്‍ ഒരു മിന്നല്‍പോലെ അനുഭവത്തില്‍ വരികയായിരുന്നു. ബാരാദരി എന്ന സംഗീത സ്മാരകത്തില്‍ ഒരു തിരിയെങ്കിലും തെളിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നദ്ദേഹം ആശിച്ചുപോയി. താരാമതിയെപ്പറ്റിയും സഹോദരി പ്രേമാവതിയെപ്പറ്റിയും ഗോല്‍ക്കൊണ്ട സുല്‍ത്താന്മാരെപ്പറ്റിയും കിട്ടാവുന്ന ചരിത്ര രേഖകളും കഥകളും വിവരങ്ങളും അദ്ദേഹം ശേഖരിച്ചു. അവയെ ആസ്പദമാക്കി രണ്ടു ലഘു നോവലുകള്‍ എഴുതി സ്വന്തമായി പണം ചെലവാക്കി അച്ചടിച്ചു വിതരണം ചെയ്തു. കുറെനാള്‍ മനസ്സില്‍ക്കിടന്ന്‌ താരാമതിയുടെ ഗാനമന്ദിരം ഒരു പദ്ധതിക്ക്‌ പ്രചോദനമായി. അങ്ങനെ മറവി മൂടിക്കിടന്ന പഴയ ബാരാദരി പുനരുദ്ധരിക്കുന്നതിനും അവിടം ഒരു സാംസ്കാരിക സമുച്ചയമാക്കുന്നതിനുമുള്ള ഒരു കരടുരൂപരേഖ അദ്ദേഹം തയ്യാറാക്കി. ആന്ധ്രപ്രദേശ്‌ ടൂറിസം ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷനെയും അതിന്റെ തലവന്‍ ആഞ്ജനേയ റെഡ്ഡിയെയും സമീപിച്ചു. പദ്ധതി ഏറെക്കുറെ സ്വീകരിക്കപ്പെട്ടു. ആവശ്യമായ മാറ്റങ്ങളോടെ അവരത്‌ നടപ്പാക്കുകയും ചെയ്തു. അങ്ങനെ ബാരാദരി വര്‍ത്തമാനകാല സാംസ്കാരിക ജീവിതത്തിലേക്ക്‌ കടന്നുവന്നു, 2004 ഫിബ്രവരിയില്‍.

അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു സ്വിച്ചോണ്‍കര്‍മം നടത്തിയപ്പോള്‍ ആയിരത്തഞ്ഞൂറു പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ വേദിക്കും പശ്ചാത്തലത്തില്‍ കുന്നിന്റെ ഉച്ചിയിലെ സ്മാരകത്തെ മാറിമാറിവരുന്ന വര്‍ണദീപ്തിയില്‍ കുളിപ്പിക്കുന്ന വൈദ്യുതദീപാലങ്കാരത്തിനും തുടക്കമായി.

തുറന്ന ഓഡിറ്റോറിയത്തിനു പുറമെ അണിയറകള്‍, ആറു ഫുഡ്‌കോര്‍ട്ടുകള്‍, പരിശീലനമുറി, അഞ്ഞൂറു പേര്‍ക്കിരിക്കാന്‍ പാകത്തില്‍ തിയേറ്റര്‍, വലിയ വിരുന്നുശാല, ആന്ധ്രപ്രദേശ്‌ ടൂറിസം വികസന കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലശൃംഖല 'പുന്നമി' (പൌര്‍ണമി)യുടെ ഒരു ശാഖ, താമസത്തിന്‌ ആറു സ്വീറ്റുകള്‍, ഇരുപത്തിനാലു മുറികള്‍ എന്നിങ്ങനെ പലവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. 87000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്‌ ഏഴേക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ സാംസ്കാരിക സമുച്ചയത്തിന്‌. താരാമതിയുടെ സ്മാരകത്തില്‍ മൂന്നു ദേശീയതല സാംസ്കാരികോത്സവങ്ങള്‍ നടക്കുന്നു-താരാമതി മ്യൂസിക്‌ ഫെസ്റ്റിവല്‍, പ്രേമാവതി ഡാന്‍സ്‌ ഫെസ്റ്റിവല്‍, ഗോള്‍ക്കൊണ്ട കള്‍ച്ചറല്‍ ഫെസ്റ്റിവല്‍. ശാസ്ത്രീയസംഗീതം, ശാസ്ത്രീയനൃത്തം, നാടകം, നൃത്തപരീക്ഷണങ്ങള്‍, കവ്വാലി, ബാലേ, സമകാലീന ഫ്യൂഷന്‍സ്‌ എന്നിങ്ങനെ അവതരിക്കപ്പെടുന്ന കലാരൂപങ്ങള്‍ ഏറെ. സാംസ്കാരിക വകുപ്പിന്റെ ഈ പരിപാടികള്‍ ഇല്ലാതിരിക്കുന്ന സമയങ്ങളില്‍ പല ഒത്തുചേരലുകള്‍ക്കും പരിപാടികള്‍ക്കും വേദിയായി പുറത്തുള്ള സംഘടനകള്‍ക്ക്‌ ഓഡിറ്റോറിയവും തിയേറ്ററുമൊക്കെ വാടകയ്ക്ക്‌ കൊടുക്കാറുണ്ട്‌. ധാരാളം സന്ദര്‍ശകര്‍ വന്നുപോകുന്നുമുണ്ട്‌. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും എണ്ണപ്പെട്ട കലാകാരന്മാരും കലാകാരികളും ഇവിടെ എത്തി.

ഒരു പൂ ചോദിച്ചു, പൂക്കാലംകിട്ടിയെന്നു പറഞ്ഞപോലെ നടരാജരാമകൃഷ്ണയുടെ 'ഒരു തിരിയെങ്കിലും...' എന്ന സങ്കല്‍പം താരാമതി ബാരാദരിയെ പ്രകാശധാരകളില്‍ കുളിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു.

കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍ , എം.കെ.പോള്‍, ചിന്ത.കോം
ലിങ്ക് :

ശനിയാഴ്‌ച, ഏപ്രിൽ 22, 2006

തടി വെച്ച്‌ തടി വെച്ച്‌ മുന്നോട്ട്‌

തടി വെച്ച്‌ തടി വെച്ച്‌ മുന്നോട്ട്‌
വിനോദ്‌ ജോണ്‍

നാരായണ്‍ ലക്ഷ്മി ബാലകൃഷ്ണനു ജൂബാ തയ്ക്കാനുള്ള തുണി വിരിച്ചിടുന്നത്‌ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍. തുണി വെട്ടുന്നതു മീറ്ററുകളോളം ഓടിനടന്നും! 142 കിലോ ഭാരവും ആറടി ഉയരവുമുള്ള നടന്‍ എന്‍. എല്‍. ബാലകൃഷ്ണനെ നായകനാക്കി ജൂബാക്കഥ രചിച്ചത്‌ വസത്രാലങ്കാരവിദഗ്ധന്‍ കൂടിയായ നടന്‍ ഇന്ദ്രന്‍സ്‌. കഥയ്ക്ക്‌ പരസ്യം നല്‍കുന്നതു കഥാനായകന്‍ തന്നെ."തടിയന്‍, തടിച്ചി..." തുടങ്ങിയ വിശേഷണങ്ങള്‍ കേട്ട്‌ മുഖത്ത്‌ ഇരുള്‍വീഴുന്നര്‍ക്കു ബാലേട്ടന്റെ നയം വെളിച്ചമാണ്‌. ഇത്തരം കഥകളില്‍ കഥാനായകര്‍ പലരും ചമ്മിപ്പോകുകയാണ്‌ പതിവ്‌. ഊതിവീര്‍പ്പിച്ച ബലൂണിന്‌ തുല്യനായ ബാലേട്ടനെ പക്ഷേ ഇത്തരം കഥകള്‍ ഇന്ദ്രന്‍സിന്റെ വലിപ്പത്തിന്റെയത്രപോലും ഏശാറില്ല. "ആനച്ചന്തം" തന്നെ വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കാന്‍ തുണയായതെന്നു ബാലേട്ടന്‍ പറയുന്നത്‌ അഭിമാനത്തോടെ. ഭക്ഷണകാര്യത്തില്‍ പ്രത്യേക നിയന്ത്രണമില്ല. പഴംചോറാണ്‌ ഇഷ്ടവിഭവം. വണ്ണവും വയറും ഇനിയും കൂടും എന്ന മുന്നറിയിപ്പോടെയാണ്‌ ഭാര്യ നളിനി ഓരോതവണയും പഴംചോറുപാത്രം നിറയ്്ക്കുന്നത്‌. നാലു നേരവും ഇറച്ചിയും മീനും കിട്ടിയാല്‍ ഹാപ്പി.

ഇതൊക്കെയാണെങ്കിലും രാവിലെ അല്‍പസമയം വ്യായാമത്തിനായി കണ്ടെത്താറുണ്ട്‌; ചെമ്പഴന്തിയിലെ ചെമ്മണ്‍പാതയിലൂടെ ട്രാക്ക്‌ സ്യൂട്ടുമിട്ട്‌ പ്രദര്‍ശന നടത്തത്തിനില്ലെന്നു മാത്രം. "പാരമ്പര്യസമ്പാദ്യ"മായ ഈ വലിയശരീരത്തില്‍ വില്ലന്‍രോ ഗങ്ങളൊന്നും കയറിപ്പിടിച്ചിട്ടില്ല. വണ്ണത്തിന്റെ പേരില്‍ സഹിക്കാവുന്ന ബുദ്ധിമുട്ടുകളേയുള്ളൂ എന്നു പറയുന്ന ബാലകൃഷ്ണന്റെ ചോദ്യം ഇന്ദ്രന്‍സിനെപ്പോലെ മെലിഞ്ഞായിരുന്നെങ്കില്‍ എന്തു ഫലം എന്നാണ്‌. എന്‍. എല്ലിനെപ്പോലെയല്ല എല്ലാവരുടെയും കാര്യം. "ദേണ്ടെടാ ഉരുണ്ടുരുണ്ടു വരുന്നു..." എന്നു കേള്‍ക്കുമ്പോള്‍ ആണ്‍കുട്ടികളാണെങ്കില്‍ മൈന്‍ഡ്‌ ചെയ്‌തില്ലെന്നു വരും, ചിലപ്പോള്‍ തകര്‍പ്പന്‍ ഡയലോഗിലൂടെ തിരിച്ചടിക്കും. പെണ്‍കുട്ടികളാണെങ്കിലാണു കഷ്ടം. മുഖം ചുവന്നിട്ടുണ്ടാകും; കണ്ണുംനിറയും. അമിതഭാരമുള്ളവര്‍, ശാരീരികവൈഷമ്യത്തേക്കാളേറെ നേരിടേണ്ടിവരുന്നത്‌ ഈ കളിയാക്കലാണ്‌. ഇതു വിഷാദരോഗത്തിനുവരെ കാരണമാകും. വണ്ണമുള്ളവരെല്ലാം പൊണ്ണത്തടിയന്മാരാണെന്ന ധാരണ തെറ്റാണ്‌. വ്യായാമത്തിലൂടെ ദൃഢമായ മാംസപേശികളുണ്ടാകുന്നതു സ്വാഭാവികം. പാരമ്പര്യഘടകങ്ങളാണു പലപ്പോഴും അമിതവണ്ണത്തിനു കാരണം. എന്നാല്‍ ചിലര്‍ക്കെങ്കിലും കയ്യിലിരിപ്പും വയറ്റിലിരിപ്പുമാണ്‌ കെണി.

അധ്വാനത്തിലൂടെ എരിഞ്ഞു പോകുന്നതിലുമേറെ കലോറിമൂല്യം കടക്കുന്നതിലൂടെ കൊഴുപ്പിന്റെ നിക്ഷേപം കുതിച്ചുകയറും. മദ്യസേവയും കാരണമാകാം. പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശ-കരള്‍ രോഗങ്ങള്‍, ഉദരഭാഗങ്ങളില്‍ അര്‍ബുദം, എല്ല്‌ തേയ്മാനം തുടങ്ങിയവ അമിതവണ്ണക്കാരെ കാത്തിരിക്കുന്നുണ്ടാവും. ഹൃദ്രോഗത്തിനു കാരണമാകുന്ന എല്‍. ഡി. എല്‍ (ചീത്ത കൊളസ്ട്രോള്‍) കൂടുമ്പോള്‍ രോഗസാധ്യത കുറയ്ക്കുന്ന എച്ച്‌. ഡി. എല്‍ (നല്ല കൊളസ്ട്രോള്‍) കുറയുകയാണു പതിവ്‌. നടക്കുമ്പോഴും പടി കയറുമ്പോഴും കിതപ്പും ശ്വാസംമുട്ടലും പിന്നാലെയുണ്ടാകും. തടി "സെന്‍സെക്സ്‌" പോലെ കുതിച്ചുകയറിയാല്‍ സെക്സിലുള്ള താല്‍പര്യം കുറയും. ഓരോ കിലോ മിതഭാരവും ആയുസിനെ നാലു മുതല്‍ ആറു മാസം വരെ കുറയ്ക്കുമെന്നും വൈദ്യശാസ്‌ത്രം പറയുന്നു. തടി കൂടുതലെങ്കില്‍ ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിക്കാന്‍ വൈകരുത്‌. പൊണ്ണത്തടിയുടെ പേരില്‍ പുറത്തിറങ്ങാതിരിക്കുന്നതാണു മണ്ടത്തരം. എന്‍. എലിന്റെ ഉപദേശം അമിതവണ്ണക്കാര്‍ക്ക്‌ നല്ലൊരു മരുന്നാണ്‌- ദുഃഖങ്ങള്‍ കൂട്ടുകാരുമായി പങ്കുവച്ച്‌ മനസിന്റെ പിരിമുറുക്കം ഇല്ലാതാക്കണം. അല്ലെങ്കിലാകും ഹാര്‍ട്ടും ലിവറുമെല്ലാം തകരാറിലാകുക.

ടി.കെ.രാമകൃഷ്ണന്‍ അനുസ്മരണങ്ങള്‍ - കേരള കൌമുദി

മുന്നണിപ്പടയാളി
എസ്‌. രമേശന്‍
കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, രാഷ്‌ട്രീയ രംഗങ്ങളില്‍ അനന്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തി എന്നതിലുപരി ആര്‍ദ്രമായ ഒരു മനസിന്റെ ഉടമകൂടിയായിരുന്നു ടി.കെ. രാമകൃഷ്‌ണന്‍. മനുഷ്യസ്‌നേഹത്തിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു അദ്ദേഹം.
എല്ലാ സമയത്തും ജനങ്ങള്‍ക്കൊപ്പം അദ്ദേഹം നിലകൊണ്ടു. തികഞ്ഞ ശുഭാപ്‌തിവിശ്വാസത്തോടെ ജീവിതത്തെ നോക്കിക്കാണാന്‍ ടി.കെയ്ക്ക്‌ കഴിഞ്ഞു.
തിരക്കിട്ട പത്രസമ്മേളന പരിപാടികള്‍ക്കിടയിലും ചടുലമായ ചോദ്യങ്ങളെ തികഞ്ഞ നര്‍മ്മത്തോടെയായിരുന്നു അദ്ദേഹം നേരിട്ടത്‌. 1996-2001 ലെ ഇടതുമുന്നണി ഭരണകാലത്ത്‌ സാംസ്കാരികവകുപ്പുമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരിക്കാന്‍ ഭാഗ്യമുണ്ടായ എനിക്ക്‌ ഇത്‌ നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഈ നര്‍മ്മബോധം കേരളത്തിലെ മൂന്നുനാലു ദശാബ്‌ദക്കാലത്തെ പത്രപ്രവര്‍ത്തകരില്‍പോലും അദ്ദേഹത്തോട്‌ ആരാധന ഉണര്‍ത്തുന്ന ഓര്‍മ്മയായി നിലനില്‍ക്കുന്നുണ്ട്‌.

തീരുമാനമെടുക്കാനുള്ള അദ്ദേഹത്തിന്റെ ആര്‍ജവത്വം ഒന്നുകൊണ്ടുമാത്രമാണ്‌ ഇന്ത്യയില്‍ ആദ്യമായി ഒരു ചലച്ചിത്ര അക്കാഡമിക്ക്‌ രൂപം നല്‍കുന്നതിനും തിരുവനന്തപുരത്ത്‌ ഒരു ചരിത്രഗവേഷണ കൌണ്‍സില്‍ സ്ഥാപിക്കുന്നതിനും തൃപ്പൂണിത്തുറയില്‍ പാരമ്പര്യഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപിക്കുന്നതിനും അദ്ദേഹത്തിന്‌ 1996-01 കാലഘട്ടത്തില്‍ സാധിച്ചത്‌.
ടി.കെയുടെ വേര്‍പാട്‌ കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിന്‌ തീര്‍ത്താല്‍ തീരാത്ത നഷ്‌ടം തന്നെയാണ്‌.
കൊച്ചി താലൂക്കിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംഘാടകന്‍ എന്ന നിലയിലാണ്‌ അദ്ദേഹം സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്‌. പാര്‍ട്ടിനിര്‍ദ്ദേശപ്രകാരം ആയിരുന്നു അദ്ദേഹം ആ പ്രവര്‍ത്തനം തുടങ്ങിയത്‌. ജീവിതത്തിന്റെ വലിയൊരു ഭാഗം ജയിലിലും ഒളിവിലുമായി കഴിയേണ്ടിവന്ന അദ്ദേഹത്തിന്‌ അതുകൊണ്ടുതന്നെ സ്വന്തം ജീവിതത്തെക്കുറിച്ച്‌ ആലോചിക്കാന്‍ സമയമുണ്ടായില്ല. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ്‌ വിവാഹം പോലും നടക്കുന്നത്‌. ഇത്‌ എപ്പോഴും അദ്ദേഹം ഓര്‍മ്മിക്കുമായിരുന്നു.

തന്റെ മുന്നില്‍വരുന്ന ഏതൊരു വ്യക്തിക്കും നിശ്ചയദാര്‍ഢ്യത്തില്‍ ഊന്നിയുള്ള മറുപടിയാണ്‌ ടി.കെ. നല്‍കിയത്‌. പരാതികളുമായി എത്തുന്നവര്‍ക്ക്‌ ആശ്വാസവും സന്ത്വനവും പകര്‍ന്നുനല്‍കുന്ന വാക്കുകള്‍ ടി.കെയില്‍നിന്നു കേള്‍ക്കാന്‍കഴിഞ്ഞു. മരണശയ്യയില്‍ കിടക്കുന്ന സമയത്തുപോലും അത്‌ അനുഭവവേദ്യമായി.
കേരളത്തിലെ സാംസ്കാരികവകുപ്പിന്‌ കീഴില്‍ മൂന്നു ദശാബ്‌ദക്കാലമായി ജോലി ചെയ്തുവന്ന ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. 96-01 ല്‍ ടി.കെ സാംസ്കാരികമന്ത്രിയായിരിക്കെയാണ്‌ അത്‌ അനുവദിച്ചത്‌. ആലപ്പുഴയ്ക്ക്‌ വടക്കുള്ള കലാകാരന്മാരിലും അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ അനുവദിച്ചത്‌ ടി.കെ തന്നെ.
ചങ്ങമ്പുഴയുടെ സഹധര്‍മ്മിണിക്കും വയലാറിന്റെ സഹധര്‍മ്മിണിക്കും പി.ജെ. ആന്റണിയുടെ സഹധര്‍മ്മിണിക്കും പ്രതിമാസം 2000 രൂപവീതം പ്രത്യേക പെന്‍ഷന്‍ അനുവദിച്ചു. ഈ തീരുമാനങ്ങളിലെല്ലാം പ്രകടമാവുന്നത്‌ അദ്ദേഹത്തിന്റെ വിശാലമായ മനസാണ്‌.
കമ്മ്യൂണിസ്റ്റുകാരനായി പ്രവര്‍ത്തന മണ്ഡലത്തില്‍ വ്യാപരിക്കുമ്പോള്‍ തന്നെ സംസ്കൃതത്തില്‍ അഗാധപാണ്‌ഡിത്യം നേടിയ വ്യക്തികൂടിയായിരുന്നു ടി.കെ. സംസ്കൃത പഠനകാലത്ത്‌ ടി.കെയുടെ സമകാലീകരായിരുന്നു എന്‍.വി. കൃഷ്‌ണവാര്യരും, പ്രൊഫ. എസ്‌. ഗുപ്‌തന്‍നായരും. സംസ്കൃതപാണ്‌ഡിത്യം ടി.കെയുടെ പ്രസംഗങ്ങളില്‍ പലപ്പോഴും പ്രതിബിംബിച്ചു.

പുരോഗമന സാഹിത്യസംഘത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ടി.കെ സംഘത്തിന്റെ ചുമതലവഹിച്ചിരുന്ന കാലത്താണ്‌ അതിന്റെ സാരഥികളായി വെയിലോപ്പിള്ളി ശ്രീധരമേനോനും പ്രൊഫ.എം.കെ. സാനുവും പ്രൊഫ. എം.എന്‍. വിജയനും മറ്റും വന്നത്‌.
തോന്നയ്ക്കല്‍ ആശാന്‍ സ്‌മാരകത്തെ ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പദവിയിലേക്ക്‌ ഉയര്‍ത്തിയതും തിരൂര്‍ തുഞ്ചന്‍ സ്‌മാരകം എം.ടിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്‌ കൈമാറിയതും ചെറായിയിലെ സഹോദരന്‍ സ്‌മാരകത്തിന്‌ സ്വന്തമായി കെട്ടിടവും പ്രവര്‍ത്തനഫണ്ടും അനുവദിച്ചതും കേരള കലാമണ്‌ഡലത്തെ ഡീംഡ്‌ യൂണിവേഴ്‌സിറ്റിയുടെ പദവിയിലേക്ക്‌ ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചതുമെല്ലാം സാംസ്കാരിക കാര്യങ്ങളിലുള്ള ടി.കെയുടെ പ്രതിബദ്ധതയ്ക്ക്‌ ഉത്തമോദാഹരണങ്ങളാണ്‌.
ടി.കെയുടെ ഒളിവുകാല ജീവിതാനുഭവങ്ങളില്‍നിന്ന്‌ രൂപപ്പെടുത്തിയ ജീവിതഗന്‌ധിയായ നോവലാണ്‌ 'കല്ലിലെ തീപ്പൊരികള്‍.' 1940-കളില്‍ ജയിലില്‍ കഴിയുമ്പോഴാണ്‌ ഇത്‌ രചിച്ചത്‌. ഇതിന്റെ മൂന്നു പതിപ്പുകളാണ്‌ കേരളത്തിലിറങ്ങിയത്‌.

കല്ലിലെ തീപ്പൊരി
എം.കെ. ഹരികുമാര്‍
സാധാരണക്കാരുടെ മനസ്സറിയാമായിരുന്ന അപൂര്‍വ്വം നേതാക്കളിലൊരാളായിരുന്നു ടി.കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ടി.കെ രാമകൃഷ്‌ണന്‍. താന്‍ ആര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവോ, അവരെ ജീവിതാന്ത്യംവരെയും കൈവിടാതെ അദ്ദേഹം കാത്തു സൂക്ഷിച്ചു. രോഗബാധിതനായി ആശുപത്രിയില്‍ കിടക്കുമ്പോഴും ടി.കെ തന്റെ ഉറ്റമിത്രങ്ങളോട്‌ പറഞ്ഞത്‌ മലയോരമേഖലയിലെ കര്‍ഷകരുടെ കാര്യം മറക്കരുതെന്നാണ്‌. "കര്‍ഷകര്‍ ആത്‌മഹത്യ ചെയ്യുകയാണ്‌. അവര്‍ക്ക്‌ മറ്റാരുമില്ല" ടി.കെ അതീവവേദനയോടെയാണ്‌ അതു പറഞ്ഞത്‌.
രോഗപീഡകള്‍ തന്റെ ശരീരത്തെ തളര്‍ത്തിക്കൊണ്ടിരുന്നപ്പോഴും ടി.കെ അതിജീവിച്ചത്‌ ഈ കര്‍ഷക പ്രേമത്തിലൂടെയായിരുന്നു.

തൃപ്പൂണിത്തുറ എരൂരില്‍ ജനിച്ച ടി.കെ നാട്‌ കേന്ദ്രീകരിച്ചാണ്‌ രാഷ്‌ട്രീയ, നാടക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്‌. സംസ്കൃതംകൂടി അഭ്യസിച്ചിട്ടുള്ള ടി.കെയില്‍ ഒരു കലാകാരനുണ്ടായിരുന്നു. സ്വാതന്ത്യ്‌ര സമ്പാദനത്തിനു മുമ്പുള്ള പ്രതിഭകളെയും പോലെ ടി.കെയും തന്റെ വിചാരപരമായ ഒരാവശ്യമായി രാഷ്‌ട്രീയത്തെ നോക്കി കണ്ടു.
1941 ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അംഗത്വമേറ്റെടുത്ത ശേഷം ടി.കെ ഒരു നവമാനവനായാണ്‌ ലോകത്തെ നോക്കി കണ്ടത്‌. തൊഴിലാളി വര്‍ഗത്തിന്റെ സ്വപ്‌നത്തിലും ജീവിതത്തിലും നിറഞ്ഞു നില്‍ക്കുന്ന ഒരു ലോകത്തെ പ്രവൃത്തി പഥത്തിലൂടെ അറിയാന്‍ അദ്ദേഹം ശ്രമിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ടി.കെ എഴുതിയ നോവലിന്റെ പേരില്‍പ്പോലും ആ പ്രത്യയശാസ്‌ത്ര ജീവിത സമീപനം വ്യക്തമായിരുന്നു- 'കല്ലിലെ തീപ്പൊരികള്‍.'
ഐ.സി.പി നമ്പൂതിരിയില്‍ നിന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗത്വം സ്വീകരിച്ച ടി.കെ എം.എല്‍.എ, മന്ത്രി എന്നീ പദവികളിലെത്തിയപ്പോഴും പാരമ്പര്യം വിട്ടില്ല. സാംസ്കാരിക മന്ത്രിയായും അദ്ദേഹം യശസുയര്‍ത്തി.
ശങ്കരാടി, കെ.എസ്‌ണമ്പൂതിരി തുടങ്ങിയ നാടക പ്രവര്‍ത്തകരോടൊപ്പം, അധികാരി വര്‍ഗത്തിനെതിരായി നാടകം കളിച്ച്‌ ഒളിവില്‍ പോകുവാന്‍ ടി.കെക്ക്‌ മാത്രമേ കഴിയൂ.

രാഷ്‌ട്രീയം ടി.കെയ്ക്ക്‌ ഒരു ഉപജീവനമാര്‍ഗമോ, ഒളിച്ചോട്ടമോ, ആര്‍ഭാട ജീവിതം കൈക്കലാക്കാനുള്ള കുറുക്കുവഴിയോ ഒന്നുമായിരുന്നില്ല. പകരം, തന്റെ ത്യാഗ മനോഭാവത്തിന്റെ വിനീതമായ ഒരു പ്രകടനപത്രികയായി രാഷ്‌ട്രീയത്തെ വീക്ഷിക്കാനും സാക്ഷാത്കരിക്കാനും ടി.കെയ്ക്ക്‌ കഴിഞ്ഞു.
ടി.കെയെപ്പോലൊരു കര്‍ഷക നേതാവ്‌ എറണാകുളം ജില്ലയിലില്ല. പൊതുവേ മധ്യവര്‍ഗ ജീവിതമൂല്യങ്ങള്‍ക്ക്‌ വേരോട്ടമുണ്ടായിരുന്ന എറണാകുളം ജില്ലയില്‍ കമ്മ്യൂണിസ്റ്റാശയങ്ങള്‍ പ്രചരിപ്പിക്കാനും അതിനുവേണ്ടി മരിക്കാനും ജനങ്ങളില്‍ ആശയപരമായ ആവേശമുണ്ടാക്കിയവരില്‍ ടി.കെ പ്രധാനിയാണ്‌.

ചങ്ങമ്പുഴയ്ക്ക്‌ ഒരു വിയോജനക്കുറിപ്പ്‌
എം.എസ്‌. സജീവന്‍
ചങ്ങമ്പുഴ കൃഷ്‌ണപിള്ളയോട്‌ വിഷാദകാവ്യരചന അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട ഒരു പതിനേഴുകാരന്‍ എരൂരിലുണ്ടായിരുന്നു. പിന്നീട്‌ കലയും സാഹിത്യവും രാഷ്‌ട്രീയവും ഒരുപോലെ കൈകാര്യം ചെയ്‌ത അദ്ദേഹം പ്രശസ്‌തനായി.
ടി.കെ. രാമകൃഷ്‌ണനിലെ സാംസ്കാരിക പ്രവര്‍ത്തകനെ ഉണര്‍ത്തിയത്‌ തൃപ്പൂണിത്തുറയിലെ മഹാത്‌മ ഗ്രന്ഥശാലയായിരുന്നു. ചങ്ങമ്പുഴ വിഷാദകാവ്യങ്ങളിലൂടെ പ്രശസ്‌തി നേടുന്ന കാലം. 1939 ല്‍ ഗ്രന്ഥശാലയില്‍ യോഗം ചേര്‍ന്നു. ചങ്ങമ്പുഴ വിഷാദകാവ്യരചന അവസാനിപ്പിക്കണമെന്ന്‌ യോഗം പ്രമേയം അവതരിപ്പിച്ച്‌ പാസാക്കി. ചങ്ങമ്പുഴയ്ക്ക്‌ പ്രമേയം അയച്ചുകൊടുക്കുകയും ചെയ്‌തു. അതിന്‌ മുന്നില്‍ നിന്നത്‌ 17 കാരനായ ടി.കെ.യായിരുന്നു.

പഠനകാലത്ത്‌ എഴുത്തില്‍ തല്‍പ്പരനായിരുന്നു. 'ത്യാഗഭവനം' എന്ന നാടകം ഇക്കാലത്ത്‌ എഴുതി. ചളിക്കവട്ടത്തെ ഒരു സമിതി നാടകം അവതരിപ്പിച്ചു. കരിങ്കല്‍ തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി ടി.കെ. പ്രവര്‍ത്തിക്കുമ്പോഴാണ്‌ സെക്രട്ടറിയായിരുന്ന സി.കെ. ദാമോദരന്‍ 1949 ല്‍ ലോക്കപ്പ്‌ മര്‍ദ്ദനമേറ്റ്‌ മരിച്ചത്‌. ഇതിലുള്ള രോഷമാണ്‌ 'കല്ലിലെ തീപ്പൊരികള്‍' എന്ന നോവല്‍ രചിക്കാന്‍ കാരണം. 1964 -66 കാലത്ത്‌ വിയ്യൂര്‍ ജയിലില്‍ കഴിയുമ്പോള്‍ രചിച്ച നോവല്‍ പിന്നീട്‌ നാടകമാക്കി അവതരിപ്പിച്ചു. 'ദേശദ്രോഹികള്‍' എന്ന നാടകവും എഴുതിയിട്ടുണ്ട്‌

ബുധനാഴ്‌ച, ഏപ്രിൽ 19, 2006

ചൂണ്ടു വിരലിലെ മായാമഷി

ചൂണ്ടു വിരലിലെ മായാമഷി
അനീഷ്‌ ആര്‍. നായര്‍
കൊച്ചി: തിരഞ്ഞെടുപ്പിന്റെ ആവേശം നാടെങ്ങും ഉയരുമ്പോള്‍ വോട്ടെടുപ്പിനുള്ള നിശ്ശബ്‌ദ സേവനത്തില്‍ മുഴുകിയിരിക്കുന്ന ഒരു കൂട്ടരുണ്ട്‌ - വോട്ടര്‍മാരുടെ ചൂണ്ടു വിരലില്‍ തൊടാനുള്ള മഷി നിര്‍മ്മിക്കുന്നവര്‍.
മൈസൂര്‍ പെയിന്റ്‌ ആന്റ്‌ വാര്‍ണിഷ്‌ ലിമിറ്റഡ്‌ ( എം. പി. വി. എല്‍) എന്ന സ്ഥാപനമാണ്‌ മഷി നിര്‍മ്മിക്കാന്‍ രാപകല്‍ പ്രവര്‍ത്തിക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേക്കും അടയാള മഷി ഈ സ്ഥാപനമാണ്‌ നിര്‍മ്മിക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ അടയാള മഷി നിര്‍മ്മിക്കാനുള്ള കുത്തകാവകാശം എം. പി. വി. എല്ലിനാണ്‌.
കേരളത്തിലേക്‌ക്‍ഇപ്രാവശ്യം 10 മില്ലിലിറ്ററിന്റെ അരലക്ഷം കുപ്പി മഷിക്ക്‌ ഓര്‍ഡര്‍ ലഭിച്ചതായി സ്ഥാപനത്തിന്റെ എം. ഡി. എം. വി. ഹേമന്ത്‌ കുമാര്‍ ' കേരള കൌമുദി' യോടു പറഞ്ഞു. ആസ്സാം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്‌, കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നായി ഇത്തവണ മൂന്നര ലക്ഷം കുപ്പിക്ക്‌ (വിയാല്‍) ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ മഷി ആവശ്യം വരുന്നത്‌ പശ്ചിമ ബംഗാളിലാണ്‌ - 1,40,000 വിയാല്‍.
1937 ല്‍ നാല്‍വാഡി കൃഷ്‌ണരാജ വൊഡയാറാണ്‌ എം. പി. വി. എല്‍ സ്ഥാപിച്ചത്‌. സ്വാതന്ത്യ്‌രത്തിനു ശേഷം ഇത്‌ ഒരു പൊതു മേഖലാസ്ഥാപനമാക്കി മാറ്റി. തിരഞ്ഞെടുപ്പ്‌ മഷി നിര്‍മ്മിക്കാന്‍ പ്രത്യേക പരിജ്ഞാനം നേടിയ സ്ഥാപനം 1962 മുതലാണ്‌ തിരഞ്ഞെടുപ്പിന്‍്‌ മഷി നല്‍കിത്തുടങ്ങിയത്‌. ' ഇലക്ഷനാവശ്യമായ മായ്ക്കാനാവാത്ത മഷി നിര്‍മ്മിക്കാനുള്ള അധികാരം എം. പി. വി. എല്ലിനു മാത്രമാണുള്ളത്‌.
ഐ. എസ്‌. ഒ 9001/2000 അംഗീകാരം നേടിയ കമ്പനി ആഫ്രിക്കന്‍ രാജ്യങ്ങള്‍, കാംഡ, കമ്പോഡിയ, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും മഷി കയറ്റി അയക്കുന്നുണ്ട്‌. വോട്ടര്‍മാര്‍ക്ക്‌ മാത്രമല്ല, പോളിയോ മരുന്ന്‌ കൊടുത്ത കുട്ടികളെ തിരിച്ചറിയാന്‍, ജനസാന്ദ്രത കണക്കെടുപ്പ്‌ എന്നിവയ്ക്കും മഷി ഉപയോഗിക്കുന്നുണ്ട്‌. 5 മില്ലി മഷി കൊണ്ട്‌ 350 വോട്ടര്‍മാരുടെയും 7.5 മില്ലി മഷി കൊണ്ട്‌ 450 വോട്ടര്‍മാരുടെയും വിരലില്‍ അടയാളപ്പെടുത്താന്‍ കഴിയും.
നാഷണല്‍ റിസര്‍ച്ച്‌ ഡെവലപ്‌മെന്റ്‌ കൌണ്‍സില്‍ മഷിയുടെ സാമ്പിളുകള്‍ അംഗീകരിച്ചതിനു ശേഷമാണ്‌ നിര്‍മ്മാണം തുടങ്ങിയത്‌. കമ്പനിയുടെ വിറ്റുവരവ്‌ 140 ലക്ഷം രൂപയാണ്‌.

വ്യാഴാഴ്‌ച, ഏപ്രിൽ 06, 2006

Indian bloggers shaping their own identity

ഇന്ത്യന്‍ ബ്ലോഗുകളെ കുറിച്ച് ഐ.ഏ.എന്‍.എസ് തയാറാക്കിയ വാര്‍ത്ത.

Indian bloggers shaping their own identity
By Frederick Noronha, Indo-Asian News Service


Bangalore, April 3 (IANS) Top advertising gurus do it. So do students. The word 'blog' has yet to be translated into any Indian language, but this unusual tool for cyber-communication is increasingly debating issues ignored by the mainstream media to shape an identity for itself.

Wikipedia, the volunteer-crafted cyber encyclopaedia, says: 'A blog...allows for easy creation of new pages...Automated templates take care of adding the article to the home page, creating the new full article page, and adding the article to the appropriate date-or category-based archive.'

Blogs aren't just flippant, as Rajesh Jain's weblog on emerging technologies shows - www.emergic.org. Prof Sadagopan has a weblog of 'ideas, trends and the cyberworld' at 123suds.blogspot.com. Dina Mehta's blog is widely watched too at radio.weblogs.com/0121664/.

Said Pakistan's Internet magazine SPIDER recently: 'With desi (South Asian) writers becoming an increasing pervasive presence in the literary world, it's not particularly shocking to find online communities composed almost exclusively of south Asian authors and bloggers.'

This Karachi-published journal pointed to examples like www.chowk.com, www.chowrangi.org and www.sepiamutiny.com as examples, calling the last a 'clever pun on the historical Sepoy Mutiny that has taken off in the blogosphere'.

'Blogging heralds a new freedom of expression...,' comments Computer Society of India's chief editor Gopal TV, whose otherwise staid and academic journal came out with a special issue on blogs this February.

Neha Viswanathan, London-based South Asia editor of the US-based blog-watch centre www.GlobalVoicesOnline.org, told IANS: 'India-based blogs have been around for some time. But the notion of Indian blogosphere by itself is a new one.'

She points to recent aggregators and sites like DesiPundit helping Indian blogosphere 'shape an identity for itself'.

Vishwanathan sees Indian blogs facing 'rank-competitiveness and high level of spite' besides being insular, thus disassociating itself from the rest of South Asia. On the plus side, she sees blogs emerging from smaller cities and 'languages other than English'.

Of course, one piece in the jigsaw is to get blogs working in Indian languages. There are just a handful now.

Indibloggies-indibloggies.org-in 2006 held a contest for the best 'desi' blogs. Voted the IndiBlog of the year by some 892 netizens was Mumbai journo Amit Varma's 'India Uncut'.

Other winners were Mumbai-based Tehelka journalist Sonia Faleiro (best topical IndiBlog), Jabberwock by Delhi-based journo Jai Arjun (best humanities IndiBlog), and The Scientific Indian by Selvakumar (best science/technology IndiBlog).

Winners included quaint but popular-in-cyberspace names like Digital Inspiration, Michael Parekh on IT, DesiPundit, Mall Road by Shivam Vij, Megha, Meenakshi Agarwal's food blog Hooked on Heat, ShutterBug nu, Sight Screen, and Lazy Geek.

On top too were DesiPundit (best group blog), Mumbai Blog (best Indic blog, in Hindi). Runners-up in Indian language solutions were Anup Shukla's Fursatiya, Kanndave Nitya (Kannada), Kalesh's World (Malayalam), Marathi Sahitya (Marathi), Disamaji Kahitari (Marathi), Mugamoodi (Tamil), Amazing Telugus (Telugu), among others.

Other attempts try to plumb the depth, variety and numbers of active Indian blogs in cyberspace.

indianbloggers.blogspot.com, started in times when Indian bloggers were hardly visible and needed to be kept track of, now comments: 'And boy, are they growing! I am not taking in any new submissions as of now...'

Another directory - india.blogstreet.com - lists some 2,270 blogs linked to this country. Most come from Mumbai, Chennai and expats in the US.

Vishwanathan says: 'More people are taking to this medium which offers so much potential for expression. In many ways it is bridging the divide between resident Indians and the diaspora.'

She finds it 'encouraging' to see blogs debating issues ignored by the mainstream media-like gender rights, cultural minorities, syncreticism, sexuality, volunteering.

ലിങ്ക്
ഇത് ശ്രദ്ധയില്‍ പെടുത്തിയതിന് ജോയ്ക്ക് പ്രത്യേക നന്ദി!