ഞായറാഴ്‌ച, ഏപ്രിൽ 30, 2006

ഇടുക്കി ഡാമിന്‌ 30 വയസ്സ്‌

ഇടുക്കി ഡാമിന്‌ 30 വയസ്സ്‌
ഒ.എന്‍. രാജഗോപാല്‍
തൊടുപുഴ: ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച്‌ ഡാമായ ഇടുക്കി മുപ്പതാം വയസ്സിലേക്ക്‌. അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്‌ നമ്പൂതിരിപ്പാടായിരുന്നു ഡാമിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്‌.
1976 ഫെബ്രുവരി 12 ന്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്‌ധി ഈ ജലവൈദ്യുത പദ്‌ധതി രാഷ്‌ട്രത്തിന്‌ സമര്‍പ്പിക്കുകയുംചെയ്‌തു. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും, 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 മീറ്റര്‍ ഉയരത്തില്‍ പെരിയാറിന്‌ കുറുകെയാണ്‌ അണക്കെട്ട്‌ നിര്‍മ്മിച്ചത്‌. 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച്‌ കിടക്കുന്ന കൃത്രിമ തടാകത്തില്‍ 20,000 ലക്ഷം ടണ്‍ ഘന അടി വെള്ളമാണ്‌ തടഞ്ഞ്‌ നിറുത്തിയിട്ടുള്ളത്‌. 780 മെഗാവാട്ട്‌ ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊര്‍ജോല്‌പാദനകേന്ദ്രം മൂലമറ്റത്താണ്‌. നാടുകാണി മലയുടെ മുകളില്‍നിന്ന്‌ 750 മീറ്റര്‍ അടിയിലുള്ള ഭൂഗര്‍ഭ വൈദ്യുതനിലയം രാജ്യത്തെ ഏറ്റവും വലുതുമാണ്‌.
ആദ്യഘട്ടത്തില്‍ 15000 തൊഴിലാളികള്‍ ജോലിചെയ്‌ത പദ്ധതി നിര്‍മ്മാണത്തിനിടയില്‍ 84 പേര്‍ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ല്‍ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്‌ളിയു. ജെ. ജോണ്‍ ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയില്‍ കൊലുമ്പന്‍ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടര്‍ന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പന്‍ കുറവന്‍ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകള്‍ക്കിടയിലൂടെ ഒഴുകിയ പെരിയാര്‍ ജോണിനെ ആകര്‍ഷിച്ചു. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോണ്‍ എന്‍ജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.
1937 ല്‍ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എന്‍ജിനിയര്‍മാര്‍ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിര്‍മ്മിക്കാന്‍ വിവിധ പഠന റിപ്പോര്‍ട്ടുകളില്‍ ശുപാര്‍ശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങള്‍ നടത്തിയിരുന്നു. 1961-ല്‍ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ല്‍ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിര്‍മ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോര്‍ഡ്‌ ഏറ്റെടുത്തു.
പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവന്‍ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറില്‍ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാന്‍ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാന്‍ കുളമാവിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മര്‍ദ്ദവും ശക്തിയുമെല്ലാം താങ്ങാന്‍ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിര്‍മ്മിച്ചത്‌. ഇന്ത്യയിലെ ആദ്യത്തെ ഈ ആര്‍ച്ച്‌ ഡാം പണിതത്‌ കോണ്‍ക്രീറ്റ്‌ കൊണ്ടാണ്‌. 168.9 മീറ്റര്‍ ഉയരമുണ്ട്‌. മുകളില്‍ 365.85 മീറ്റര്‍ നീളവും 7.62 മീറ്റര്‍ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു സവിശേഷത.

അഭിപ്രായങ്ങളൊന്നുമില്ല: