തിങ്കളാഴ്‌ച, ഏപ്രിൽ 24, 2006

എം.കെ.അര്‍ജുനനു സപ്‌തതി; പാട്ടിന്റെ പാതി നൂറ്റാണ്ടും

എം.കെ.അര്‍ജുനനു സപ്‌തതി; പാട്ടിന്റെ പാതി നൂറ്റാണ്ടും
സ്വന്തം ലേഖകന്‍

കണ്ണീരിലെഴുതിയ അര്‍ജുന സംഗീതം.
ഹൃദയമുരുകി കരയില്ലെങ്കില്‍ കദനം നിറയുമൊരു കഥ പറയാം.
ഫോര്‍ട്ടുകൊച്ചിയിലെ ഒരു കൊച്ചു വീട്ടില്‍ നിന്ന്‌ ആ കഥ തുടങ്ങുന്നു. ജനിക്കും മുന്‍പു തന്നെ ഒന്‍പതു സഹോദരങ്ങളെ നഷ്ട മായ, ആറു മാസം പ്രായമുള്ളപ്പോള്‍ അച്നെ നഷ്ടമായ, പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനാവാതെ പലഹാരം വിറ്റ്‌ അഷ്ടിക്കു വക കണ്ടെത്തേണ്ടി വന്ന ബാലന്റെ കഥ. ആ ബാലന്‍ മലയാള സംഗീതത്തിന്റെ ആചാര്യനായ മാറിയ കഥ പിന്നാലെ പറയാം. കണ്ണീരിന്റെ നനവും വിശപ്പിന്റെ നീറ്റലും കൂടിച്ചേര്‍ന്ന ബാല്യകാലം. ഈണങ്ങളുടെ ലോകത്ത്‌ അരനൂറ്റാണ്ടു പൂര്‍ത്തിയാക്കുന്ന സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്റെ മനസില്‍ ഒരു വിങ്ങലായി ഇന്നും ആ കഥകള്‍ ബാക്കിയുണ്ട്‌.

ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത്‌ കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു അര്‍ജുനന്‍. ആസ്പിരിന്‍വാള്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന അച്ന്‍ മരിക്കുമ്പോള്‍ കുറെ ജീവിതപ്രാരാംബ്ദങ്ങള്‍ മാത്രമാ യിരുന്നു കുടുംബത്തിന്റെ സമ്പാദ്യം. മക്കളെ പോറ്റാന്‍ പകലന്തിയോളം പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാന്‍ രണ്ടാം ക്ലാസ്സില്‍ അര്‍ജുനന്‍ പഠനം നിര്‍ത്തി. പലഹാരമുണ്ടാക്കി കൊണ്ടുനടന്നു വിറ്റ്‌ തന്റെയും സഹോദരങ്ങളുടെയും വിശപ്പടക്കാന്‍ പാടുപെട്ടു. വീടുകളില്‍ ജോലിക്കു നിന്നു. ചുമട്‌ എടുത്തു. കൂലിപ്പണി ചെയ്‌തു.

അന്ന്‌ ഫോര്‍ട്ട്‌ കൊച്ചിയിലുണ്ടായിരുന്ന രാമന്‍വൈദ്യന്‍ എന്നൊരു സാമൂഹികപ്രവര്‍ത്തകനാണ്‌ ഈ‍ ദുരിതങ്ങളില്‍ നിന്നു എം.കെ. അര്‍ജുനനെ രക്ഷിച്ചത്‌. പഴനിയിലെ ഒരു ആശ്രമത്തിന്റെ അനാഥാലയ ത്തിലേക്ക്‌ അര്‍ജുനനെയും ജ്യേഷ്ഠന്‍ പ്രഭാരകരനെയും രാമന്‍വൈദ്യനാണ്‌ കൊണ്ടുപോയത്‌. രണ്ടുപേരെങ്കിലും പട്ടിണിയില്‍ നിന്നു രക്ഷപ്പെടുമെല്ലോ എന്നു കരുതി അമ്മ കണ്ണീരോടെ ആ മക്കളെ യാത്രയാക്കി.

നാരായണസ്വാമി എന്നൊരാളായിരുന്നു ആശ്രമത്തിന്റെ അധിപന്‍. ആശ്രമത്തില്‍ എല്ലാ ദിവസവും ഭജനയുണ്ട്‌. അര്‍ജുനനും പ്രഭാകരനും അതില്‍ എന്നും പങ്കുചേരുമായിരുന്നു. കുട്ടികളുടെ സംഗീതവാസന മനസിലാക്കിയ നാരായണസ്വാമി അവര്‍ക്കുവേണ്ടി ഒരു സംഗീതാധ്യാപകനെ ഏര്‍പ്പാടാക്കി. അങ്ങനെ ഏഴു വര്‍ഷം. ആശ്രമത്തില്‍ അന്തേവാസികള്‍ കൂടുതലായതോടെ ഇരുവര്‍ക്കും ഫോര്‍ട്ടുകൊച്ചിയിലേക്കു മടങ്ങേണ്ടി വന്നു. വീണ്ടും കുടുംബഭാരം. സംഗീതകച്ചേരികള്‍ നടത്തിയും കൂലിവേല ചെയ്‌തും ഒരു വിധത്തില്‍ മുന്നോട്ടു നീങ്ങി. ഇടയ്ക്കു ഒരു സായിപ്പിന്റെ ബംഗ്ലാവില്‍ കാവല്‍ക്കാരനായും ജോലി ചെയ്‌തു. സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം അതിനു കഴിഞ്ഞില്ല. എങ്കിലും പല ഗുരുക്കന്‍മാരുടെ കീഴിലായി തബലയും വായ്പ്പാട്ടും ഹാര്‍ണമോണിയവും അഭ്യസിച്ചു.

ഹാര്‍മോണിയം വായന പിന്നീട്‌ തൊഴിലാക്കി മാറ്റി. കൊച്ചുനാടക ട്രൂപ്പുകള്‍ക്കു വേണ്ടിയായിരുന്നു തുടക്കം. കോഴിക്കോട്‌ നിന്നുള്ള 'കലാകൌമുദി ട്രൂപ്പുകാര്‍ ഒരു നാടകത്തിനു ഈണം പകരാന്‍ ക്ഷണിച്ചതോടെയാണ്‌ പുതിയൊരു ജീവിതത്തിനു തുടക്കമാകുന്നത്‌. "തമ്മിലടിച്ച തമ്പുരാക്കള്‍.... എന്ന ഗാനത്തിനാണ്‌ ആദ്യമായി ഈ‍ണം പകര്‍ന്നത്‌. ഈ‍ ഗാനം വിജയിച്ചതോടെ കൂടുതല്‍ അവസരങ്ങളായി. നിരവധി നാടകങ്ങള്‍ക്ക്‌ ഈണം പകര്‍ന്നു. ഇതിനിടയ്ക്കു എം.കെ. അര്‍ജുനന്‍ തന്റെ ജീവിതപങ്കാളിയെയും കണ്ടെത്തി. 1961ലായിരുന്നു വിവാഹം. ഭാര്യയുടെ പേര്‌ ഭാരതി.

നാടകരംഗത്തു പ്രവര്‍ത്തിക്കവേ, ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെട്ടതാണ്‌ സിനിമയില്‍ അര്‍ജുനന്‍മാസ്റ്റര്‍ക്ക്‌ അവസരമൊരുക്കിയത്‌. 1968ല്‍ 'കറുത്ത പൌര്‍ണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത്‌ തന്റെ പേര്‌ എഴുതിച്ചേര്‍ക്കാന്‍ അര്‍ജുനന്‍മാസ്റ്റര്‍ക്കു കഴിഞ്ഞു. തന്റെ ജീവിതം പകര്‍ത്തിയെഴുതിയ പോലെ പി. ഭാസ്കരന്‍ പാട്ടെഴുതി കൊടുത്തപ്പോള്‍ ഹൃദയമുരുകി എം.കെ. അര്‍ജുനന്‍ ഈണം പകര്‍ന്നു.
"ഹൃദയമുരുകി നീ കരയില്ലെങ്കില്‍
കദനം നിറയുമൊരു കഥ പറയാം...

അഭിപ്രായങ്ങളൊന്നുമില്ല: