ശനിയാഴ്‌ച, ഏപ്രിൽ 22, 2006

ടി.കെ.രാമകൃഷ്ണന്‍ അനുസ്മരണങ്ങള്‍ - കേരള കൌമുദി

മുന്നണിപ്പടയാളി
എസ്‌. രമേശന്‍
കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, രാഷ്‌ട്രീയ രംഗങ്ങളില്‍ അനന്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തി എന്നതിലുപരി ആര്‍ദ്രമായ ഒരു മനസിന്റെ ഉടമകൂടിയായിരുന്നു ടി.കെ. രാമകൃഷ്‌ണന്‍. മനുഷ്യസ്‌നേഹത്തിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു അദ്ദേഹം.
എല്ലാ സമയത്തും ജനങ്ങള്‍ക്കൊപ്പം അദ്ദേഹം നിലകൊണ്ടു. തികഞ്ഞ ശുഭാപ്‌തിവിശ്വാസത്തോടെ ജീവിതത്തെ നോക്കിക്കാണാന്‍ ടി.കെയ്ക്ക്‌ കഴിഞ്ഞു.
തിരക്കിട്ട പത്രസമ്മേളന പരിപാടികള്‍ക്കിടയിലും ചടുലമായ ചോദ്യങ്ങളെ തികഞ്ഞ നര്‍മ്മത്തോടെയായിരുന്നു അദ്ദേഹം നേരിട്ടത്‌. 1996-2001 ലെ ഇടതുമുന്നണി ഭരണകാലത്ത്‌ സാംസ്കാരികവകുപ്പുമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരിക്കാന്‍ ഭാഗ്യമുണ്ടായ എനിക്ക്‌ ഇത്‌ നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഈ നര്‍മ്മബോധം കേരളത്തിലെ മൂന്നുനാലു ദശാബ്‌ദക്കാലത്തെ പത്രപ്രവര്‍ത്തകരില്‍പോലും അദ്ദേഹത്തോട്‌ ആരാധന ഉണര്‍ത്തുന്ന ഓര്‍മ്മയായി നിലനില്‍ക്കുന്നുണ്ട്‌.

തീരുമാനമെടുക്കാനുള്ള അദ്ദേഹത്തിന്റെ ആര്‍ജവത്വം ഒന്നുകൊണ്ടുമാത്രമാണ്‌ ഇന്ത്യയില്‍ ആദ്യമായി ഒരു ചലച്ചിത്ര അക്കാഡമിക്ക്‌ രൂപം നല്‍കുന്നതിനും തിരുവനന്തപുരത്ത്‌ ഒരു ചരിത്രഗവേഷണ കൌണ്‍സില്‍ സ്ഥാപിക്കുന്നതിനും തൃപ്പൂണിത്തുറയില്‍ പാരമ്പര്യഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപിക്കുന്നതിനും അദ്ദേഹത്തിന്‌ 1996-01 കാലഘട്ടത്തില്‍ സാധിച്ചത്‌.
ടി.കെയുടെ വേര്‍പാട്‌ കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിന്‌ തീര്‍ത്താല്‍ തീരാത്ത നഷ്‌ടം തന്നെയാണ്‌.
കൊച്ചി താലൂക്കിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംഘാടകന്‍ എന്ന നിലയിലാണ്‌ അദ്ദേഹം സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്‌. പാര്‍ട്ടിനിര്‍ദ്ദേശപ്രകാരം ആയിരുന്നു അദ്ദേഹം ആ പ്രവര്‍ത്തനം തുടങ്ങിയത്‌. ജീവിതത്തിന്റെ വലിയൊരു ഭാഗം ജയിലിലും ഒളിവിലുമായി കഴിയേണ്ടിവന്ന അദ്ദേഹത്തിന്‌ അതുകൊണ്ടുതന്നെ സ്വന്തം ജീവിതത്തെക്കുറിച്ച്‌ ആലോചിക്കാന്‍ സമയമുണ്ടായില്ല. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ്‌ വിവാഹം പോലും നടക്കുന്നത്‌. ഇത്‌ എപ്പോഴും അദ്ദേഹം ഓര്‍മ്മിക്കുമായിരുന്നു.

തന്റെ മുന്നില്‍വരുന്ന ഏതൊരു വ്യക്തിക്കും നിശ്ചയദാര്‍ഢ്യത്തില്‍ ഊന്നിയുള്ള മറുപടിയാണ്‌ ടി.കെ. നല്‍കിയത്‌. പരാതികളുമായി എത്തുന്നവര്‍ക്ക്‌ ആശ്വാസവും സന്ത്വനവും പകര്‍ന്നുനല്‍കുന്ന വാക്കുകള്‍ ടി.കെയില്‍നിന്നു കേള്‍ക്കാന്‍കഴിഞ്ഞു. മരണശയ്യയില്‍ കിടക്കുന്ന സമയത്തുപോലും അത്‌ അനുഭവവേദ്യമായി.
കേരളത്തിലെ സാംസ്കാരികവകുപ്പിന്‌ കീഴില്‍ മൂന്നു ദശാബ്‌ദക്കാലമായി ജോലി ചെയ്തുവന്ന ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. 96-01 ല്‍ ടി.കെ സാംസ്കാരികമന്ത്രിയായിരിക്കെയാണ്‌ അത്‌ അനുവദിച്ചത്‌. ആലപ്പുഴയ്ക്ക്‌ വടക്കുള്ള കലാകാരന്മാരിലും അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ അനുവദിച്ചത്‌ ടി.കെ തന്നെ.
ചങ്ങമ്പുഴയുടെ സഹധര്‍മ്മിണിക്കും വയലാറിന്റെ സഹധര്‍മ്മിണിക്കും പി.ജെ. ആന്റണിയുടെ സഹധര്‍മ്മിണിക്കും പ്രതിമാസം 2000 രൂപവീതം പ്രത്യേക പെന്‍ഷന്‍ അനുവദിച്ചു. ഈ തീരുമാനങ്ങളിലെല്ലാം പ്രകടമാവുന്നത്‌ അദ്ദേഹത്തിന്റെ വിശാലമായ മനസാണ്‌.
കമ്മ്യൂണിസ്റ്റുകാരനായി പ്രവര്‍ത്തന മണ്ഡലത്തില്‍ വ്യാപരിക്കുമ്പോള്‍ തന്നെ സംസ്കൃതത്തില്‍ അഗാധപാണ്‌ഡിത്യം നേടിയ വ്യക്തികൂടിയായിരുന്നു ടി.കെ. സംസ്കൃത പഠനകാലത്ത്‌ ടി.കെയുടെ സമകാലീകരായിരുന്നു എന്‍.വി. കൃഷ്‌ണവാര്യരും, പ്രൊഫ. എസ്‌. ഗുപ്‌തന്‍നായരും. സംസ്കൃതപാണ്‌ഡിത്യം ടി.കെയുടെ പ്രസംഗങ്ങളില്‍ പലപ്പോഴും പ്രതിബിംബിച്ചു.

പുരോഗമന സാഹിത്യസംഘത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ടി.കെ സംഘത്തിന്റെ ചുമതലവഹിച്ചിരുന്ന കാലത്താണ്‌ അതിന്റെ സാരഥികളായി വെയിലോപ്പിള്ളി ശ്രീധരമേനോനും പ്രൊഫ.എം.കെ. സാനുവും പ്രൊഫ. എം.എന്‍. വിജയനും മറ്റും വന്നത്‌.
തോന്നയ്ക്കല്‍ ആശാന്‍ സ്‌മാരകത്തെ ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പദവിയിലേക്ക്‌ ഉയര്‍ത്തിയതും തിരൂര്‍ തുഞ്ചന്‍ സ്‌മാരകം എം.ടിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്‌ കൈമാറിയതും ചെറായിയിലെ സഹോദരന്‍ സ്‌മാരകത്തിന്‌ സ്വന്തമായി കെട്ടിടവും പ്രവര്‍ത്തനഫണ്ടും അനുവദിച്ചതും കേരള കലാമണ്‌ഡലത്തെ ഡീംഡ്‌ യൂണിവേഴ്‌സിറ്റിയുടെ പദവിയിലേക്ക്‌ ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചതുമെല്ലാം സാംസ്കാരിക കാര്യങ്ങളിലുള്ള ടി.കെയുടെ പ്രതിബദ്ധതയ്ക്ക്‌ ഉത്തമോദാഹരണങ്ങളാണ്‌.
ടി.കെയുടെ ഒളിവുകാല ജീവിതാനുഭവങ്ങളില്‍നിന്ന്‌ രൂപപ്പെടുത്തിയ ജീവിതഗന്‌ധിയായ നോവലാണ്‌ 'കല്ലിലെ തീപ്പൊരികള്‍.' 1940-കളില്‍ ജയിലില്‍ കഴിയുമ്പോഴാണ്‌ ഇത്‌ രചിച്ചത്‌. ഇതിന്റെ മൂന്നു പതിപ്പുകളാണ്‌ കേരളത്തിലിറങ്ങിയത്‌.

കല്ലിലെ തീപ്പൊരി
എം.കെ. ഹരികുമാര്‍
സാധാരണക്കാരുടെ മനസ്സറിയാമായിരുന്ന അപൂര്‍വ്വം നേതാക്കളിലൊരാളായിരുന്നു ടി.കെ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ടി.കെ രാമകൃഷ്‌ണന്‍. താന്‍ ആര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവോ, അവരെ ജീവിതാന്ത്യംവരെയും കൈവിടാതെ അദ്ദേഹം കാത്തു സൂക്ഷിച്ചു. രോഗബാധിതനായി ആശുപത്രിയില്‍ കിടക്കുമ്പോഴും ടി.കെ തന്റെ ഉറ്റമിത്രങ്ങളോട്‌ പറഞ്ഞത്‌ മലയോരമേഖലയിലെ കര്‍ഷകരുടെ കാര്യം മറക്കരുതെന്നാണ്‌. "കര്‍ഷകര്‍ ആത്‌മഹത്യ ചെയ്യുകയാണ്‌. അവര്‍ക്ക്‌ മറ്റാരുമില്ല" ടി.കെ അതീവവേദനയോടെയാണ്‌ അതു പറഞ്ഞത്‌.
രോഗപീഡകള്‍ തന്റെ ശരീരത്തെ തളര്‍ത്തിക്കൊണ്ടിരുന്നപ്പോഴും ടി.കെ അതിജീവിച്ചത്‌ ഈ കര്‍ഷക പ്രേമത്തിലൂടെയായിരുന്നു.

തൃപ്പൂണിത്തുറ എരൂരില്‍ ജനിച്ച ടി.കെ നാട്‌ കേന്ദ്രീകരിച്ചാണ്‌ രാഷ്‌ട്രീയ, നാടക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്‌. സംസ്കൃതംകൂടി അഭ്യസിച്ചിട്ടുള്ള ടി.കെയില്‍ ഒരു കലാകാരനുണ്ടായിരുന്നു. സ്വാതന്ത്യ്‌ര സമ്പാദനത്തിനു മുമ്പുള്ള പ്രതിഭകളെയും പോലെ ടി.കെയും തന്റെ വിചാരപരമായ ഒരാവശ്യമായി രാഷ്‌ട്രീയത്തെ നോക്കി കണ്ടു.
1941 ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അംഗത്വമേറ്റെടുത്ത ശേഷം ടി.കെ ഒരു നവമാനവനായാണ്‌ ലോകത്തെ നോക്കി കണ്ടത്‌. തൊഴിലാളി വര്‍ഗത്തിന്റെ സ്വപ്‌നത്തിലും ജീവിതത്തിലും നിറഞ്ഞു നില്‍ക്കുന്ന ഒരു ലോകത്തെ പ്രവൃത്തി പഥത്തിലൂടെ അറിയാന്‍ അദ്ദേഹം ശ്രമിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ടി.കെ എഴുതിയ നോവലിന്റെ പേരില്‍പ്പോലും ആ പ്രത്യയശാസ്‌ത്ര ജീവിത സമീപനം വ്യക്തമായിരുന്നു- 'കല്ലിലെ തീപ്പൊരികള്‍.'
ഐ.സി.പി നമ്പൂതിരിയില്‍ നിന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗത്വം സ്വീകരിച്ച ടി.കെ എം.എല്‍.എ, മന്ത്രി എന്നീ പദവികളിലെത്തിയപ്പോഴും പാരമ്പര്യം വിട്ടില്ല. സാംസ്കാരിക മന്ത്രിയായും അദ്ദേഹം യശസുയര്‍ത്തി.
ശങ്കരാടി, കെ.എസ്‌ണമ്പൂതിരി തുടങ്ങിയ നാടക പ്രവര്‍ത്തകരോടൊപ്പം, അധികാരി വര്‍ഗത്തിനെതിരായി നാടകം കളിച്ച്‌ ഒളിവില്‍ പോകുവാന്‍ ടി.കെക്ക്‌ മാത്രമേ കഴിയൂ.

രാഷ്‌ട്രീയം ടി.കെയ്ക്ക്‌ ഒരു ഉപജീവനമാര്‍ഗമോ, ഒളിച്ചോട്ടമോ, ആര്‍ഭാട ജീവിതം കൈക്കലാക്കാനുള്ള കുറുക്കുവഴിയോ ഒന്നുമായിരുന്നില്ല. പകരം, തന്റെ ത്യാഗ മനോഭാവത്തിന്റെ വിനീതമായ ഒരു പ്രകടനപത്രികയായി രാഷ്‌ട്രീയത്തെ വീക്ഷിക്കാനും സാക്ഷാത്കരിക്കാനും ടി.കെയ്ക്ക്‌ കഴിഞ്ഞു.
ടി.കെയെപ്പോലൊരു കര്‍ഷക നേതാവ്‌ എറണാകുളം ജില്ലയിലില്ല. പൊതുവേ മധ്യവര്‍ഗ ജീവിതമൂല്യങ്ങള്‍ക്ക്‌ വേരോട്ടമുണ്ടായിരുന്ന എറണാകുളം ജില്ലയില്‍ കമ്മ്യൂണിസ്റ്റാശയങ്ങള്‍ പ്രചരിപ്പിക്കാനും അതിനുവേണ്ടി മരിക്കാനും ജനങ്ങളില്‍ ആശയപരമായ ആവേശമുണ്ടാക്കിയവരില്‍ ടി.കെ പ്രധാനിയാണ്‌.

ചങ്ങമ്പുഴയ്ക്ക്‌ ഒരു വിയോജനക്കുറിപ്പ്‌
എം.എസ്‌. സജീവന്‍
ചങ്ങമ്പുഴ കൃഷ്‌ണപിള്ളയോട്‌ വിഷാദകാവ്യരചന അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട ഒരു പതിനേഴുകാരന്‍ എരൂരിലുണ്ടായിരുന്നു. പിന്നീട്‌ കലയും സാഹിത്യവും രാഷ്‌ട്രീയവും ഒരുപോലെ കൈകാര്യം ചെയ്‌ത അദ്ദേഹം പ്രശസ്‌തനായി.
ടി.കെ. രാമകൃഷ്‌ണനിലെ സാംസ്കാരിക പ്രവര്‍ത്തകനെ ഉണര്‍ത്തിയത്‌ തൃപ്പൂണിത്തുറയിലെ മഹാത്‌മ ഗ്രന്ഥശാലയായിരുന്നു. ചങ്ങമ്പുഴ വിഷാദകാവ്യങ്ങളിലൂടെ പ്രശസ്‌തി നേടുന്ന കാലം. 1939 ല്‍ ഗ്രന്ഥശാലയില്‍ യോഗം ചേര്‍ന്നു. ചങ്ങമ്പുഴ വിഷാദകാവ്യരചന അവസാനിപ്പിക്കണമെന്ന്‌ യോഗം പ്രമേയം അവതരിപ്പിച്ച്‌ പാസാക്കി. ചങ്ങമ്പുഴയ്ക്ക്‌ പ്രമേയം അയച്ചുകൊടുക്കുകയും ചെയ്‌തു. അതിന്‌ മുന്നില്‍ നിന്നത്‌ 17 കാരനായ ടി.കെ.യായിരുന്നു.

പഠനകാലത്ത്‌ എഴുത്തില്‍ തല്‍പ്പരനായിരുന്നു. 'ത്യാഗഭവനം' എന്ന നാടകം ഇക്കാലത്ത്‌ എഴുതി. ചളിക്കവട്ടത്തെ ഒരു സമിതി നാടകം അവതരിപ്പിച്ചു. കരിങ്കല്‍ തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി ടി.കെ. പ്രവര്‍ത്തിക്കുമ്പോഴാണ്‌ സെക്രട്ടറിയായിരുന്ന സി.കെ. ദാമോദരന്‍ 1949 ല്‍ ലോക്കപ്പ്‌ മര്‍ദ്ദനമേറ്റ്‌ മരിച്ചത്‌. ഇതിലുള്ള രോഷമാണ്‌ 'കല്ലിലെ തീപ്പൊരികള്‍' എന്ന നോവല്‍ രചിക്കാന്‍ കാരണം. 1964 -66 കാലത്ത്‌ വിയ്യൂര്‍ ജയിലില്‍ കഴിയുമ്പോള്‍ രചിച്ച നോവല്‍ പിന്നീട്‌ നാടകമാക്കി അവതരിപ്പിച്ചു. 'ദേശദ്രോഹികള്‍' എന്ന നാടകവും എഴുതിയിട്ടുണ്ട്‌

അഭിപ്രായങ്ങളൊന്നുമില്ല: