തിങ്കളാഴ്‌ച, ഏപ്രിൽ 24, 2006

വിദേശികള്‍ക്ക്‌ 'പൂരക്കാഴ്ച'യുമായി ഇലക്ഷന്‍ ടൂറിസം

വിദേശികള്‍ക്ക്‌ 'പൂരക്കാഴ്ച'യുമായി ഇലക്ഷന്‍ ടൂറിസം
അനീഷ്‌ ആര്‍. നായര്‍
കൊച്ചി: തിരഞ്ഞെടുപ്പും തൃശൂര്‍ പൂരവും തമ്മില്‍ എന്തു ബന്‌ധം? നമുക്ക്‌ ഒന്നുമില്ലായിരിക്കാം. പക്ഷേ, വിടേശികള്‍ക്ക്‌ രണ്ടും തീരാത്ത വര്‍ണക്കാഴ്ചകളുടെ കൌതുകമാണെന്ന്‌ കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു.
വെറുതെ പറയുകയല്ല, ഇലക്ഷന്‍ സീസണ്‍ 'പ്രത്യേക പാക്കേജ്‌' ആക്കി ടൂറിസ്റ്റുകളെ പ്രചരണക്കാഴ്ചകള്‍ കാണാന്‍ കൊണ്ടുവന്നതിന്റെ വിജയാനുഭവം സാക്ഷ്യപ്പെടുത്തുക കൂടി ചെയ്യുമ്പോള്‍ കേരളത്തില്‍ വോട്ടെടുപ്പ്‌ അസ്സല്‍ പൂരക്കാഴ്ച തന്നെയെന്ന്‌ സമ്മതിക്കേണ്ടിവരും!
തിരഞ്ഞെടുപ്പിന്റെ 'വില്‌പനസാധ്യത' കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തിരിച്ചറിഞ്ഞത്‌ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകാലത്താണ്‌. അന്ന്‌ കേരളത്തിലുണ്ടായിരുന്ന ചില വിടേശസഞ്ചാരികള്‍ക്ക്‌ മൈക്കും പാട്ടും കൊട്ടും കുരവയുമായുള്ള പ്രചരണം കണ്ടപ്പോള്‍ കൌതുകം. ഇതെന്തു പൂരം!
ഓപ്പറേറ്ററോടു ചോദിച്ചപ്പോഴാണ്‌ ഇതും 'ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യഘടകമാണെന്ന്‌' പലരും തിരിച്ചറിഞ്ഞത്‌. പ്രകടനങ്ങളുടെ വര്‍ണപ്പൊലിമയും മുദ്രാവാക്യങ്ങളുടെ മേളപ്പെരുക്കവും അടുത്തുകാണുകയും കേള്‍ക്കുകയും വേണമെന്ന്‌ ആവശ്യപ്പെട്ടവര്‍ക്ക്‌ പ്രത്യേകം ഗൈഡിനെ വിട്ടുകൊടുത്തു. എല്ലാവരും ഹാപ്പി.
അങ്ങനെയാണ്‌ 'ഇലക്ഷന്‍ ടൂറിസം' എന്ന പദ്ധതിയുടെ തുടക്കം. "മുന്നണിരാഷ്‌ട്രീയമെന്ന വലിയ കൌതുകം ഇന്ത്യയില്‍ എങ്ങനെ പ്രാവര്‍ത്തികമാകുന്നു എന്നു കാണാന്‍ താത്‌പര്യമുള്ള ധാരാളം വിടേശികളുണ്ട്‌. അവരെ ലക്ഷമിട്ടാണ്‌ ഇലക്ഷന്‍ ടൂറിസം എന്ന ലിമിറ്റഡ്‌ പീരിഡ്‌ പദ്ധതി. പരീക്ഷണം നൂറു ശതമാനം വിജയം." തിരുവനന്തപുരം ആസ്ഥാനമായുള്ള 'കോകോഹോള്‍' ടൂര്‍ കമ്പനിയുടെ മാനേജര്‍ രഞ്ജിത്‌ കുമാര്‍ പറയുന്നു. ഇലക്ഷന്‍ സീസണില്‍ സംസ്ഥാനത്തെത്തിയ വിടേശികളില്‍ മിക്കവര്‍ക്കും മുന്നണി രാഷ്‌ട്രീയത്തിന്റെ ഉള്ളുകള്ളികള്‍ അത്ര പിടികിട്ടുന്നില്ലെങ്കിലും പ്രചരണത്തിലെ വീറും വാശിയും നിറപ്പകിട്ടും കാണുമ്പോള്‍ ഒരുകാര്യം നല്ല തിട്ടം: 'ഫൈറ്റ്‌ ഈസ്‌ ഇന്ററസ്റ്റിംഗ്‌!'
ഇലക്ഷന്‍ പാക്കേജില്‍ ഇംഗ്‌ളണ്ടില്‍ നിന്ന്‌ കേരളത്തിലെത്തിയ ജോണ്‍ ബ്‌ളാക്കിന്‌ ഒന്നാംഘട്ട കാഴ്ചകള്‍ കണ്ടു മതിയായിട്ടില്ല. "ഇവിടെ പ്രചരണം വളരെ കളര്‍ഫുള്‍ ആണ്‌. വോട്ടുചോദിക്കലിന്‌ നല്ല അടുപ്പവുമുണ്ട്‌." കുടുംബസമേതം എത്തിയ ബ്‌ളാക്ക്‌ പറയുന്നു.
തിരുവനന്തപുരത്ത്‌ ഈസ്റ്റ്‌ മണ്‌ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബി. വിജയകുമാറിനെ ജോണ്‍ ബ്‌ളാക്ക്‌ നേരില്‍ക്കണ്ടു സംസാരിച്ചിരുന്നു. ഇനി, കൊച്ചിയിലെ കാഴ്ചകള്‍ കൂടി കണ്ട്‌ മടങ്ങിപ്പോകും.
അമേരിക്കയില്‍ നിന്ന്‌ തിരഞ്ഞെടുപ്പു കാഴ്ചകള്‍ കാണാനെത്തിയ സോഫിയയ്ക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ കൊടിതോരണങ്ങളിലെ നിറപ്പകിട്ടാണ്‌. മുദ്രാവാക്യങ്ങളും ഉശിരന്‍. രണ്ടാം ഘട്ട പോളിംഗിന്റെ 'ഹരം' കൂടി കണ്ടിട്ടേ സോഫിയ മടക്കമുള്ളൂ. വിടേശ ടൂറിസ്റ്റുകളെ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിക്കുന്ന ബിസിനസില്‍ പുതിയൊരു സീസണ്‍ സാധ്യത തുറന്നുകിട്ടിയ ആഹ്‌ളാദത്തിലാണ്‌ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍.

കടപ്പാ‍ട് : കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: