തിങ്കളാഴ്‌ച, ജൂൺ 12, 2006

ഒരു കവിതക്കാരി, രാഷ്‌ട്രപതി, രണ്ടു മുഖ്യമന്ത്രിമാര്‍

ഒരു കവിതക്കാരി, രാഷ്‌ട്രപതി, രണ്ടു മുഖ്യമന്ത്രിമാര്‍
ഇരവി

ഒത്തിരി ഹോംവര്‍ക്ക്‌ ചെയ്ത്‌ ബോറടിച്ചപ്പോഴാണ്‌ അമൃത അടുക്കളയിലേക്കു ചെന്നത്‌. അമ്മ തിരക്കിലാണ്‌. പാത്രത്തിലേക്ക്‌ പൈപ്പില്‍ നിന്നു വീഴുന്ന വെള്ളം തറയിലൊഴുകി നടക്കുന്നത്‌ അമ്മ അറിയുന്നില്ല. അതു നോക്കിനില്‍ക്കാന്‍ അമൃതയ്ക്ക്‌ രസം തോന്നി. പെട്ടെന്നത്‌ കണ്ടുപിടിച്ച അമ്മ ദേഷ്യപ്പെട്ടു.
"ആ ടാപ്പ്‌ അടയ്ക്കാന്മേലേ? സ്വപ്‌നം കാണുവാണോ?"
"ഹായ്‌ എന്താ രസം!"
വളഞ്ഞുപുളഞ്ഞൊഴുകിപ്പോകുന്ന വെള്ളത്തില്‍ നിന്ന്‌ കണ്ണെടുക്കാതെ അമൃത പറഞ്ഞു.
"അത്രരസമാണേല്‍ നീ പോയിരുന്ന്‌ അതിനെപ്പറ്റി എഴുത്‌."
"അതിന്‌ എനിക്ക്‌ മലയാളത്തില്‍ എഴുതാനറീല്ലല്ലോ!"
ഇംഗ്ലീഷ്‌ മീഡിയത്തില്‍ രണ്ടാംക്‌ളാസില്‍ പഠിക്കു ന്ന അമൃത ദുഃഖം അറിയിച്ചപ്പോള്‍ അമ്മ പറഞ്ഞു :
"നിനക്കറിയാവുന്ന ഭാഷയിലെഴുതിക്കോ"
അമൃത ഓടി മുറിയില്‍ച്ചെന്ന്‌ ഡയറിയും മുറിപ്പെന്‍സിലുമെടുത്ത്‌ എഴുതി:
"ഓ വാട്ടര്‍"
യൂ ആര്‍ നോണ്‍ എവ്‌രിവേര്‍
ഇവന്‍ ദ മിന്നൂ നോസ്‌ യൂ
വൈ യു ആര്‍ ലൈക്‌ എ സ്‌നേക്‌...."

എഴുതിക്കഴിഞ്ഞ്‌ തലക്കുറിയും നല്‍കി. "വാട്ടര്‍". അതു കവിതയാണെന്ന വിചാരമൊന്നും അവള്‍ക്കില്ലായിരുന്നു. എങ്കിലും ആദ്യത്തെ അനുമോദനം അമ്മയുടെ ഉമ്മ. അച്ഛനറിഞ്ഞപ്പോള്‍ പിന്നെയും പ്രോത്സാഹനങ്ങള്‍. അങ്ങനെ രണ്ടാം സ്റ്റാന്‍ഡേര്‍ഡില്‍ വച്ച്‌ അമൃതാസഞ്ജീവിന്റെ ആദ്യ കവിത ജനിച്ചു.
അച്ഛനും അമ്മയ്ക്കും ഡല്‍ഹിയില്‍ ജോലിയായിരുന്നപ്പോഴാണ്‌ ഡല്‍ഹിയില്‍ വച്ച്‌ മേല്‌പറഞ്ഞവിധത്തില്‍ അമൃതയില്‍ കവിതയുടെ ആദ്യനാമ്പുകള്‍ തിരിനീട്ടിയത്‌.
ഡയറിത്താളുകളില്‍ അമൃതയുടെ അക്ഷരങ്ങള്‍ പിച്ചവച്ചു നടക്കവേ ഒരുദിവസം ടിവിയില്‍ കണ്ടു : മുത്തങ്ങയിലെ ആദിവാസികളുടെ കഷ്‌ടപ്പാടുകളും ദുരിതങ്ങളും അവരുടെ നിസ്സഹായമായ ചെറുത്തുനില്‍പ്പുകളും. എല്ലാവരും മറന്നെങ്കിലും അമൃതയുടെ മനസ്സില്‍ നിന്ന്‌ ആ ദൃശ്യങ്ങള്‍ മാഞ്ഞില്ല. സ്‌നേഹവാത്സല്യങ്ങളുടെ ധാരാളിത്തത്തില്‍ താന്‍ ജീവിക്കുമ്പോള്‍ തനിക്കുചുറ്റും യാതനകളുടെ ഒരുലോകമാണല്ലോ ഉള്ളത്‌ എന്നറിഞ്ഞപ്പോള്‍ അവള്‍ വല്ലാതെ അസ്വസ്ഥയായി.
ആ കുരുന്നു മനസ്സിലൂറിയ കണ്ണീരും അമര്‍ഷവും വാക്കുകളിലേക്ക്‌ ആവാഹിച്ചപ്പോള്‍ "മുത്തങ്ങ" എന്ന കവിതയായി. "ഇന്ത്യന്‍ എക്‌സ്‌പ്രസി"ല്‍ കവിത പ്രസിദ്ധീകരിച്ചുവന്നപ്പോഴാണ്‌ താന്‍ വികാരപ്രകടനം നടത്തുന്ന മാധ്യമം കവിതയാണെന്ന തിരിച്ചറിവ്‌ അമൃതയ്ക്കുണ്ടായത്‌. അമൃതയുടെ പ്രസിദ്ധീകരിച്ച ആദ്യത്തെ കവിതയായിരുന്നു അത്‌.

പിന്നെ മറ്റൊരു പത്രവാര്‍ത്ത. ഇന്ത്യന്‍ പഞ്ചാബ്‌ ചീഫ്‌ മിനിസ്റ്റര്‍ ക്യാപ്‌ടന്‍ അമരീന്ദര്‍സിംഗ്‌ പാകിസ്ഥാന്‍ പഞ്ചാബ്‌ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ അവിടത്തെ ചീഫ്‌ മിനിസ്റ്റര്‍ പര്‍വീസ്‌ ഇലാഹി, സുല്‍ത്താന്‍ എന്ന വെള്ളക്കുതിരയെ സമ്മാനിച്ചു. അതിര്‍ത്തിനിയമങ്ങളുടെ കുരുക്കുകളില്‍പ്പെട്ട്‌ ആറുമാസക്കാലം സുല്‍ത്താന്‌ ബന്‌ധനത്തില്‍ കഴിയേണ്ടിവന്നു. അതിന്റെ ഫലമായി സമ്മാനക്കുതിര അവശനും മുടന്തനുമായി. ഈ പത്രവാര്‍ത്ത അമൃതയെ കഠിനമായി ദുഃഖിപ്പിച്ചു. മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളില്‍ ക്രൂരമായൊരു മറുവശംകൂടി ഉണ്ടെന്നറിഞ്ഞത്‌ അവള്‍ക്കു സഹിക്കാന്‍ കഴിഞ്ഞില്ല. "ടെയ്‌ല്‌ ഒഫ്‌ എ ഹോഴ്‌സ്‌ ആന്‍ഡ്‌ ടൂ ചീഫ്‌ മിനിസ്റ്റേഴ്‌സ്‌" എന്ന കവിതയില്‍ അവളുടെ വികാരവിക്ഷോഭങ്ങള്‍ ഒതുക്കിയപ്പോള്‍ തെല്ലൊരാശ്വാസം തോന്നി. വേര്‍ഡ്‌സ്‌വര്‍ത്തിയന്‍ ടച്ചുള്ള ആ കവിതയില്‍ അമൃതയുടെ സഹാനുഭൂതിയും പ്രതിഷേധവും ഒത്തുചേര്‍ന്നു...
സ്റ്റേറ്റ്‌സ്‌മാന്‍ പത്രത്തിന്റെ ഡല്‍ഹി എഡിഷനില്‍ വന്ന ഈ കവിതയുടെ പിന്നാലെ അമൃതയെത്തേടി ഒരഭിനന്ദനമെത്തി. പാകിസ്ഥാന്‍ പഞ്ചാബ്‌ മുഖ്യമന്ത്രി പര്‍വീസ്‌ ഇലാഹിയില്‍ നിന്ന്‌.
അഭിനന്ദനത്തിനൊപ്പം തന്റെ സംസ്ഥാനത്തില്‍ സര്‍ക്കാര്‍ അതിഥിയായി താമസിക്കാന്‍ അമൃതയ്ക്കും കുടുംബത്തിനുമുള്ള ക്ഷണംകൂടി കത്തിലുണ്ടായിരുന്നു. ഒട്ടും താമസിയാതെ ഇന്ത്യന്‍ പഞ്ചാബ്‌ മുഖ്യമന്ത്രി ക്യാപ്‌ടന്‍ അമരീന്ദര്‍സിംഗിന്റെ സ്‌നേഹവാത്സല്യങ്ങളും കത്തിന്റെ രൂപത്തില്‍ അവളുടെ കൈയിലെത്തി. ഈ കത്തിലും അമൃതയ്ക്കും കുടുംബത്തിനും പഞ്ചാബിലെ ഔദ്യോഗികാതിഥിയായി താമസിക്കാന്‍ ക്ഷണമുണ്ടായിരുന്നു!

ഇക്കഴിഞ്ഞ അവധിക്കാലത്ത്‌ അമൃത അച്ഛനമ്മമാര്‍ക്കൊപ്പം ഇന്ത്യന്‍ പഞ്ചാബ്‌ സന്ദര്‍ശിച്ചു. ഒപ്പം അവള്‍ ഒത്തിരി ഇഷ്‌ടപ്പെടുകയും അവളുടെ പല കവിതകള്‍ക്കും വിഷയവുമായ രാഷ്‌ട്രപതി എ.പി. ജെ. അബ്‌ദുള്‍കലാമിനെയും. ഡല്‍ഹിയില്‍ താമസിച്ചുകൊണ്ട്‌ സ്വന്തം കവിതകള്‍ രാഷ്‌ട്രപതിക്ക്‌ ഫാക്‌സ്‌ ചെയ്തു. പിറ്റേദിവസം പ്രൈവറ്റ്‌ സെക്രട്ടറി വിളിച്ചു പറഞ്ഞു: "രാഷ്‌ട്രപതിക്ക്‌ കവിത ഇഷ്‌ടപ്പെട്ടു. കാണാന്‍ ആഗ്രഹിക്കുന്നു"
രാഷ്‌ട്രപതി ഭവനില്‍ അമൃതയ്ക്ക്‌ സ്‌നേഹോഷ്‌മളമായ സ്വീകരണമാണ്‌ ലഭിച്ചത്‌. അച്ഛനും അമ്മയ്ക്കുമൊപ്പം ചെന്നുകയറുമ്പോള്‍ രാഷ്‌ട്രപതി, ടിവി സ്ക്രീനില്‍ അദ്ദേഹം ഇംഗ്ലീഷില്‍ പരിഭാപ്പെടുത്തിയ തിരുക്കുറള്‍ കാണുകയായിരുന്നു. അമൃത അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചു. രാഷ്‌ട്രപതി ഭവനില്‍ അവര്‍ക്കായി ഒരുക്കിയ ചായ സത്കാര ത്തില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ആസ്ഥാനത്ത്‌ സന്ദര്‍ശകമുറിയില്‍ അദ്ദേഹത്തിന്റെ വിളിയും കാത്തിരുന്നപ്പോള്‍ മുഖ്യമന്ത്രി വി. ഐ.പി സംഘവുമായി ഇറങ്ങിവരുന്നു. അദ്ദേഹം മേറ്റ്വിടേക്കോ പോവുകയാവുമെന്ന്‌ വിചാരിച്ച്‌ അമൃത നിരാശപ്പെട്ടു. എന്നാല്‍ സര്‍ഗ്‌ഗാത്‌മകതയുടെ ആതിഥേയനാകാന്‍ കൊതിച്ച മുഖ്യമന്ത്രി, വി. ഐ.പികളുമായി വന്നത്‌ അവളെ സ്വീകരിക്കാനായിരുന്നുവെന്നറിഞ്ഞ്‌ അവള്‍ അദ്ഭുതപ്പെട്ടു. അകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അദ്ദേഹം അമൃതയുടെ അച്ഛനോട്‌ ദേഷ്യപ്പെടുന്നുണ്ടായിരുന്നു: "നിങ്ങള്‍ എന്റെ അതിഥികളല്ലേ? ആരു പറഞ്ഞു ലോഡ്ജില്‍ താമസിക്കാന്‍?"

അമൃതയും കുടുംബവും ഗവണ്‍മെന്റിന്റെ ഔദ്യോഗികാതിഥികളായി രണ്ടാഴ്ചപഞ്ചാബില്‍ താമസിച്ചു.
ഈയിടെ അമൃതയെ നോവിച്ച ഒരു വാര്‍ത്ത "ഔട്ട്‌ലുക്കില്‍"ല്‍ വന്നു. ദാന്തുവാ ഗ്രാമത്തിലെ പെണ്‍ഭ്രൂണഹത്യയെക്കുറിച്ചാണത്‌. ഇതിനെ ആസ്‌പദമാക്കി "സെയിലന്റ്‌ ക്രൈ ഒഫ്‌ ദാന്തുവാ വില്ലേജ്‌" എന്ന പേരിലെഴുതിയ കവിത സ്റ്റേറ്റ്‌ സ്്‌മാന്‍ പത്രത്തിനയച്ചിരിക്കുകയാണ്‌ അമൃത.
ദുഃഖവും അമര്‍ഷവും ദേഷ്യവുമൊക്കെ സര്‍ഗ്‌ഗാത്‌മകമാക്കുന്ന മകളുടെ സ്വപ്‌നങ്ങള്‍ക്ക്‌ വിഹരിക്കാനാവും അച്ഛന്‍ സഞ്ജീവ്‌ എന്‍.സി.സി റോഡില്‍ കാവും കുളവും അമ്പലവുമൊക്കെയുള്ള ഉളിയനാട്‌ എന്ന സ്ഥലത്ത്‌ സ്ഥലംവാങ്ങി വീടു വച്ചത്‌.
ഇംഗ്ലീഷിലാണ്‌ കവിത എഴുതുന്നതെങ്കിലും മലയാളവും കേരള സംസ്കാരവും പ്രത്യേകിച്ച്‌ താലപ്പൊലിപോലുള്ള അനുഷ്ഠാനങ്ങളും അമൃത ഇഷ്‌ടപ്പെടുന്നു. അച്ഛന്‍ സഞ്ജീവ്‌ സെക്രട്ടേറിയറ്റില്‍ അണ്ടര്‍സെക്രട്ടറിയായും അമ്മ ബീന പഞ്ചായത്ത്‌ വകുപ്പിലും ജോലിനോക്കുന്നു.അമൃതാ സഞ്ജീവ്‌ പട്ടം ആര്യാ സെന്റര്‍ സ്കൂളിലെ 7-ാ‍ം ക്‌ളാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌.


കടപ്പാട്‌ : കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: