തിങ്കളാഴ്‌ച, ജൂൺ 12, 2006

കൊച്ചുകേരളം എന്ന്‌ പറയാതിരിക്കൂ...

കൊച്ചുകേരളം എന്ന്‌ പറയാതിരിക്കൂ...
പി.ടി. കുഞ്ഞുമുഹമ്മദ്‌

ഹലോ... കേള്‍ക്കാമോ? പിന്നെന്തൊക്കെ? ലാല്‍ അഭിനയിക്കുന്ന സിനിമാ പ്രോജക്‌ട്‌ ഏതുവരെയായി? ഇപ്പോള്‍ ലൊക്കേഷനിലാണോ?
.അല്ലല്ല, ഞാന്‍ ഇപ്പോള്‍ ഗുരുവായൂരാണ്‌. ഷൂട്ടിംഗ്‌ 18-ാ‍ം തീയതിയേ തുടങ്ങുകയുള്ളൂ. തിരക്കഥ പൂര്‍ത്തിയായെങ്കിലും ഒരു ചെറിയ ഡിസ്കഷനുവേണ്ടി വന്നതാണ്‌.
എവിടെയാ ലൊക്കേഷന്‍?
.ഒറ്റപ്പാലം. പന്ത്രണ്ടുദിവസം അവിടെയാ. പിന്നെ സെപ്‌തംബറിലേ മോഹന്‍ലാലിന്‌ ഡേറ്റുള്ളൂ.
മോഹന്‍ലാല്‍ പ്രായമുള്ള ഒരു കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നതെന്ന്‌ കേട്ടു?
.പ്രവാസി മലയാളിയുടെ കഥയാണ്‌. മോഹന്‍ലാല്‍ 35, 50, 65, 80 എന്നീ പ്രായങ്ങളിലുള്ള വേഷമിടുന്നുണ്ട്‌. പട്ടണം റഷീദാണ്‌ കോസ്റ്റ്യൂം. മേക്കപ്പിനും പ്രാധാന്യമുണ്ട്‌.
പ്രവാസികള്‍ക്കുവേണ്ടിയുള്ള താങ്കളുടെ ടിവി പരിപാടിയിലൂടെയാണോ ഈ സ്‌പാര്‍ക്ക്‌ ഉണ്ടായത്‌?
ണാലുപേരുകൂടിയാല്‍ ആദ്യം ചര്‍ച്ചചെയ്യേണ്ട വിഷയമാണ്‌ പ്രവാസികാര്യം. പക്ഷേ ഇവിടെ അന്താരാഷ്‌ട്ര പ്രശ്‌നങ്ങളാണ്‌ ചര്‍ച്ച ചെയ്യപ്പെടുന്നത്‌. കേരളത്തിലെ പത്തുവീടെടുത്താല്‍ അതില്‍ ആറെണ്ണം പ്രവാസി മലയാളിയുടേതായിരിക്കും. അല്ലെങ്കില്‍ അവരുമായി ഒരു ബന്‌ധമെങ്കിലും ഉണ്ടായിരിക്കും. കേരളത്തിന്റെ നിലനില്‌പുതന്നെ പ്രവാസികളെ ആശ്രയിച്ചാണ്‌. അവരുടെ പ്രശ്‌നമാണ്‌ കേരളീയരുടെ പ്രശ്‌നം. കേരളീയര്‍ ആ പ്രശ്‌നത്തില്‍നിന്ന്‌ ഒളിച്ചോടിപ്പോവുകയാണ്‌.

അങ്ങനെയങ്ങ്‌ തീര്‍ത്ത്‌ പറയാന്‍ പറ്റുമോ?
.പിന്നല്ലാതെ, ഒരുതരം അപകര്‍ഷ ബോധമാണ്‌ നമുക്ക്‌. ധാരാളം തെറ്റായ ധാരണകളും. പല സന്ദര്‍ഭങ്ങളിലും 'നമ്മുടെ കൊച്ചുകേരളം' എന്നു പറയാറില്ലേ? എന്ത്‌ കൊച്ച്‌? നാലുകോടി ജനസംഖ്യയുള്ള ദേശം എങ്ങനെ കൊച്ചാകും? അങ്ങനെയാണെങ്കില്‍ 50 ലക്ഷം ജനസംഖ്യയുള്ള കുവൈറ്റ്‌ എന്തുകൊണ്ട്‌ കൊച്ചു കുവൈറ്റ്‌ ആയില്ല? 25 ലക്ഷംപേര്‌ മാത്രമുള്ള ഇസ്രായേല്‍ എന്തേ കൊച്ചിസ്രായേല്‍ ആയില്ല? രണ്ടുകോടിയുള്ള ഇറാക്ക്‌ കൊച്ചിറാക്ക്‌ ആവാത്തതെന്താ? കുടിയാന്‌മാരുടെ സ്വഭാവമാണ്‌ മലയാളികള്‍ക്ക്‌. അവന്‌ അവന്റെ വീട്ടിലെ കാര്യങ്ങള്‍ ഒരു പ്രശ്‌നമേയല്ല. വര്‍ത്തമാനം പറയുന്നത്‌ മുഴുവനും ജന്‌മിയുടെ വീട്ടിലെ കാര്യങ്ങളാണ്‌. പ്രവാസി പ്രശ്‌നങ്ങള്‍ക്ക്‌ പരമപ്രാധാന്യം നല്‍കി പരിഹരിച്ചില്ലെങ്കില്‍ വലിയ വിപത്തായിരിക്കും ഉണ്ടാകാന്‍ പോകുന്നത്‌.

ഈ സിനിമയിലെ കഥാപാത്രത്തിന്‌ ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാമ്യമുണ്ടോ?
.ഇന്നുരാവിലെ സൌദി അറേബ്യയില്‍ നിന്ന്‌ ഒരാള്‍ എന്നെ വിളിച്ചിരുന്നു. കഥയെക്കുറിച്ച്‌ കേട്ടറിഞ്ഞ്‌ വിളിച്ചതാണ്‌. മലപ്പുറത്തെ വലിയിടത്ത്‌ വാഹിദിന്റെ ജീവിതമല്ലേ കഥയാക്കിയതെന്ന്‌ ചോദിച്ചു. ഞാന്‍ അതിശയിച്ചുപോയി. എന്റെ കഥാപാത്രത്തിന്റെ പേര്‌ വലിയിടത്ത്‌ മൂസ എന്നാണ്‌. എന്റെ സുഹൃത്ത്‌ ജനാര്‍ദ്ദനന്‍ എന്നോട്‌ പറഞ്ഞു അയാളുടെ ഒരു സുഹൃത്തിന്റെ വാപ്പേടെ അതേ കഥയാണിതെന്ന്‌. കഥാപാത്രവും ഈ വ്യക്തിയും ജനിച്ചതുപോലും ഒരു ദിവസം! മൂന്ന്‌ അനുഭവങ്ങള്‍ ഇത്തരത്തിലെനിക്കുണ്ടായി. യാദൃച്ഛികം എന്നു പറഞ്ഞാല്‍ പോര, മലയാളിയുടെ ജീവിതത്തിലേക്ക്‌ ഇറങ്ങിച്ചെന്ന കഥ എന്നെനിക്കുറപ്പ്‌.

എത്ര വര്‍ഷമായി ഈ സ്‌പാര്‍ക്ക്‌ ഉണ്ടായിട്ട്‌?
.കഴിഞ്ഞ നാലുവര്‍ഷമായി ഈ വിഷയം എന്റെ മനസ്സില്‍ കിടന്നുനീറുകയാണ്‌. നല്ല കഥയും കെട്ടുറപ്പുള്ള തിരക്കഥയും പാകപ്പെട്ടുവരാന്‍ ഇത്രയും സമയം എടുത്തു.
കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമുള്ള മോഹന്‍ലാലിന്റെ അഭിപ്രായമെന്തായിരുന്നു?
.'പരദേശി'- എന്ന ചിത്രത്തിന്റെ പേരു തന്നെ ലാലിന്‌ ഇഷ്‌ടപ്പെട്ടെന്നാണ്‌ തോന്നുന്നത്‌. കഥ ആശ്ചര്യത്തോടെയാണ്‌ ലാല്‍ കേട്ടിരുന്നത്‌. "ഈ പ്രശ്‌നങ്ങളൊക്കെ നമ്മള്‍ എങ്ങനെ അറിയാതെ പോയി?" എന്നാണ്‌ ലാല്‍ ചോദിച്ചത്‌.
റിലീസിംഗ്‌ എന്നത്തേക്കായിരിക്കും?
നവംബര്‍-ഡിസംബര്‍ ആകുമെന്നാണ്‌ ഇപ്പോഴത്തെ കണക്കുകൂട്ടല്‍.
ശരി. ഓള്‍ ദ ബെസ്റ്റ്‌.
ഠാങ്ക്‌ യൂ.


കടപ്പാട്‌ : കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: