ശനിയാഴ്‌ച, ജൂൺ 17, 2006

നാത്തുലാപാസ്‌ തുറക്കുമ്പോള്‍

നാത്തുലാപാസ്‌ തുറക്കുമ്പോള്‍
ജി. സുഭാഷ്‌

മറ്റ്‌ അയല്‍രാജ്യങ്ങളില്‍ ഇന്ത്യയുടെ സമാധാനത്തിന്‌ ഹാനികരമായ സംഭവങ്ങള്‍ തുടരവെ പഴയ ശത്രുതയും പരസ്‌പര വിശ്വാസമില്ലായ്‌മയും മാറ്റി സൌഹൃദപാതയിലേക്ക്‌ മുന്നേറുകയാണ്‌ ഇന്ത്യ - ചൈന ബന്‌ധം.
നാല്‌പത്തിനാലു കൊല്ലത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം സുഗമമാക്കാന്‍ നാത്തുലാപാത തുറക്കുന്നതിന്‌ അരങ്ങൊരുങ്ങി.
ഇന്ത്യയുടെ സിക്കിം സംസ്ഥാനത്തിനും ചൈനയുടെ ടിബറ്റന്‍ പ്രദേശത്തിനും മദ്ധ്യേയുള്ളതാണ്‌ പണ്ടത്തെ സില്‍ക്‌ റൂട്ടി (പട്ടുപാത)ന്റെ കണ്ണിയായ നാത്തുലാപാസ്‌. ' അത്യുന്നതങ്ങളിലെ' ഈ പാത സ്ഥിതിചെയ്യുന്നത്‌ സമുദ്രനിരപ്പില്‍നിന്ന്‌ 15000 അടി ഉയരത്തില്‍.
1962-ല്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന്‌ അടച്ചതാണ്‌ ഗ്യാങ്ങ്‌ടോക്കില്‍നിന്ന്‌ 52 കിലോമീറ്റര്‍ കിഴക്കുള്ള ഈ പാത. കഴിഞ്ഞ ഒക്‌ടോബര്‍ 2ന്‌ തുറന്ന്‌ ഔപചാരികമായി വ്യാപാര ഇടപാടുകള്‍ പുനരാരംഭിക്കാന്‍ പദ്ധതിയിട്ടതായിരുന്നു. എന്നാല്‍, തങ്ങളുടെ ഭാഗത്തുനിന്നുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അത്‌ മാറ്റി വയ്ക്കാന്‍ ചൈന ആവശ്യപ്പെട്ടു.

ഇന്ത്യയുടെയും ചൈനയുടെയും പ്രതിനിധികള്‍ ശനിയാഴ്ച ടിബറ്റിന്റെ തലസ്ഥാനമായ ലാസയില്‍ നാത്തുലാപാത തുറക്കാനുള്ള ചര്‍ച്ച നടത്താന്‍പോകുന്നു. വാണിജ്യമന്ത്രാലയത്തിലെ ആറംഗ ഉദ്യോഗസ്ഥ സംഘമാണ്‌ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌. വ്യാപാരം പുനരാരംഭിക്കാനുള്ള തീയതി ചര്‍ച്ചയില്‍ നിശ്ചയിക്കപ്പെടും.
ലോകത്ത്‌ ജനസംഖ്യയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങളായ ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്‌ധം വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പുമാകും അതെന്ന്‌ കരുതപ്പെടുന്നു.
ചരിത്രത്താളുകളില്‍ ഇടംനേടിയിരുന്നതാണ്‌ ചൈനയെ മദ്ധ്യ ഏഷ്യവഴി യൂറോപ്പുമായി ബന്‌ധിച്ചിരുന്ന സില്‍ക്‌ റൂട്ട്‌.

സിക്കിം പ്രദേശത്തിനുമേലുള്ള അവകാശവാദം ചൈന 2003ല്‍ ഉപേക്ഷിച്ചതാണെങ്കിലും അരുണാചല്‍ പ്രദേശിലെ വിശാലഭൂപ്രദേശം തങ്ങളുടേതാണെന്ന വാദഗതിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.
അരുണാചല്‍ - ചൈന അതിര്‍ത്തിപ്രദേശം 1030 കിലോമീറ്ററുണ്ട്‌. അതിര്‍ത്തിവേലിയില്ല. ചൈന അവിടെ ഇന്ത്യയുടെ 38000 ചതുരശ്രകിലോമീറ്റര്‍ പ്രദേശം കൈക്കലാക്കി നില്‍ക്കുകയാണെന്ന്‌ ചൂണ്ടിക്കാട്ടിയിട്ടുള്ള ഇന്ത്യന്‍ അധികൃതര്‍ അതില്‍നിന്ന്‌ പിന്മാറിയിട്ടുമില്ല. ഈ സാഹചര്യത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്‌ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ നാത്തുലാപാസ്‌ തുറക്കാന്‍ പോകുന്നത്‌.
ചൈനയില്‍നിന്ന്‌ പണ്ട്‌ പട്ട്‌, അസംസ്കൃത കമ്പിളി തുടങ്ങിയവ ഇന്ത്യയിലേക്ക്‌ വന്നിരുന്നു. ഷെറാരാജ്‌ എന്ന കൊച്ചു ഗ്രാമമാണ്‌ കച്ചവടകേന്ദ്രമായി നിലകൊണ്ടിരുന്നത്‌. ഇന്ത്യയില്‍നിന്ന്‌ തുണിത്തരങ്ങള്‍, വാച്ചുകള്‍, ഷൂസ്‌, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍, പുകയില, അരി, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങിയവ കയറ്റി അയയ്ക്കാനുമാകും ഇതുവഴി.

ഇന്ത്യ - ചൈന സൌഹൃദവര്‍ഷം ആചരിക്കപ്പെടുകയാണിപ്പോള്‍.
1962ലെ ഇന്ത്യ - ചൈന യുദ്ധവേളയില്‍ മഞ്ഞച്ചേര പുളച്ചുംകൊണ്ടു വരുന്നു നമ്മുടെ തായ്‌നാട്ടില്‍, ശാന്തി തകര്‍ത്ത്‌ ചോരകുടിക്കുന്നു.... എന്നെല്ലാം സ്കൂളുകളില്‍ കുട്ടികള്‍ പാടിയിരുന്നു. ചൈനയാണ്‌ ഇന്ത്യ സംശയത്തോടെ വീക്ഷിക്കേണ്ട രാജ്യം എന്ന്‌ കഴിഞ്ഞ വാജ്‌പേയി ഗവണ്‍മെന്റിന്റെ കാലത്ത്‌ പ്രതിരോധമന്ത്രി ജോര്‍ജ്ജ്‌ ഫെര്‍ണാണ്ടസ്‌ പ്രസ്താവിച്ചതാണ്‌. അതെല്ലാം ഇപ്പോള്‍ പഴങ്കഥ.
നേപ്പാളില്‍ രാജഭരണത്തിനെതിരായി നടന്ന കലാപവും തുടര്‍ന്ന്‌ നടന്നുവരുന്ന മാവോയിസ്റ്റ്‌ തീവ്രവാദി അക്രമങ്ങളും ഇന്ത്യ ആശങ്കയോടെയാണ്‌ വീക്ഷിക്കുന്നത്‌. മ്യാന്‍മറില്‍ ഭരണം നടത്തുന്ന സൈനിക നേതൃത്വം ഇന്ത്യയോട്‌ അനുകൂല മനോഭാവം ഉള്ളതല്ല. അനധികൃത നുഴഞ്ഞുകയറ്റവും വെടിവയ്‌പും ഇന്ത്യ - ബംഗ്‌ളാദേശ്‌ അതിര്‍ത്തിയില്‍ ഇടയ്ക്കിടെ തുടരുന്നു. പാകിസ്ഥാന്‍ ഭീകരരെ കടത്തിവിടാന്‍ തക്കം പാര്‍ത്തിരിക്കുന്നു. ശ്രീലങ്കയില്‍ തമിഴ്‌ പുലികള്‍ പോരാട്ടം ശക്തമാക്കിയതോടെ ശ്രീലങ്ക യുദ്ധത്തിന്റെ നിഴലിലായിരിക്കുന്നു. ദക്ഷിണേന്ത്യന്‍ മേഖല സുരക്ഷാ ഭീഷണിയിലും.

ആശങ്കയുടെ ഈ അന്തരീക്ഷത്തിലാണ്‌ പ്രത്യാശയുടെ വെള്ളിമേഘം പോലെ ഇന്ത്യ - ചൈന സൌഹൃദം ശക്തവും വിപുലവുമാക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ ആക്കം കൈവന്നിട്ടുള്ളത്‌.
പ്രതിരോധമന്ത്രി പ്രണബ്‌മുഖര്‍ജി കഴിഞ്ഞമാസം ചൈന സന്ദര്‍ശിച്ച്‌ ഇന്ത്യ - ചൈന പ്രതിരോധകാര്യ സഹകരണത്തിന്‌ ധാരണയുണ്ടാക്കിയത്‌ സുപ്രധാനവഴിത്തിരിവാണ്‌.
പെട്രോളിയം മന്ത്രി മുരളി ദേവ്‌റ ചൈനാ സന്ദര്‍ശനത്തിലാണിപ്പോള്‍. ഷാങ്ന്‍ഘായില്‍ വച്ച്‌ അദ്ദേഹം ഇന്നലെ ചൈനീസ്‌ പ്രസിഡന്റ്‌ ഹുജിന്റാവോയുമായി ചര്‍ച്ച നടത്തി. ബീജിംഗ്‌ ആസ്ഥാനമായുള്ള മേഖലാ സുരക്ഷാ വേദിയായ ഷാങ്ന്‍ഘായ്‌ സഹകരണ സംഘടനയുടെ അഞ്ചാമത്‌ ഉച്ചകോടി സമ്മേനളനത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായാണ്‌ മന്ത്രി മുരളിദേവ്‌റ ചെന്നിരിക്കുന്നത്‌.

അത്യുന്നതങ്ങളിലെ ചൂളംവിളിപ്പാത
നാത്തുലാപാസ്‌ എന്നാല്‍, 'ചൂളംവിളിക്കുന്ന പാത' എന്നര്‍ത്ഥം. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ങ്‌ടോക്കില്‍നിന്ന്‌ 55 കിലോമീറ്റര്‍ അകലെ സോംഗോ തടാകംവഴി കടന്നുപോകുന്നതാണ്‌ ഈ പാത. വര്‍ഷംമുഴുവന്‍ തണുത്തുറഞ്ഞ മഞ്ഞുമൂടിയ പ്രദേശം.
അപ്പുറത്ത്‌ ചൈനയുടെ പ്രദേശം, ഇപ്പുറത്ത്‌ ഇന്ത്യന്‍ മണ്ണ്‌. രണ്ടിനെയും വേര്‍തിരിക്കാന്‍ മുള്‍വേലി. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക്‌ അവിടെ അന്താരാഷ്‌ട്ര അതിര്‍ത്തിവരെ പോകാം. എല്ലാ ആഴ്ചയിലും ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ വിടേശി ടൂറിസ്റ്റുകള്‍ക്ക്‌ അവിടേക്ക്‌ പ്രവേശനമില്ല. അവര്‍ സോംഗോ തടാകം വരെ ചെന്ന്‌ മടങ്ങിക്കൊള്ളണം. അതിര്‍ത്തിക്കപ്പുറം ചൈനീസ്‌ പട്ടാളക്കാര്‍ ജാഗരൂകരായി കാവല്‍നില്‍ക്കുന്നതുകാണാം. ഇപ്പുറത്ത്‌ ഇന്ത്യന്‍ സൈനികരും.

പശ്ചിമ ബംഗാളിലെ സിലിഗുരിയിലും ജല്‍പായ്‌ഗുരിയിലും നാത്തുലാപാസ്‌ വഴി എളുപ്പമെത്താന്‍ ചൈനീസ്‌ വ്യാപാരികള്‍ക്ക്‌ സാദ്ധ്യമാകും.
നാത്തുലാപാസ്‌ തുറക്കുന്നതോടെ മാനസരോവര്‍ തീര്‍ത്ഥയാത്രയും എളുപ്പമാകും. ഇപ്പോള്‍ വളഞ്ഞുതിരിഞ്ഞ്‌ 15 ദിവസംകൊണ്ടാണ്‌ തീര്‍ത്ഥാടകര്‍ക്ക്‌ മാനസരോവറില്‍ എത്താനാകുന്നത്‌. നാത്തുലാപാസ്‌ വഴിയാണെങ്കില്‍ രണ്ടുദിവസംകൊണ്ട്‌ മാനസരോവറില്‍ എത്തിച്ചേരാം.
1961 വരെ ചൈനയ്ക്ക്‌ ബംഗാളിലെ കലിംപൊങ്ങില്‍ വ്യാപാരബന്‌ധ ഓഫീസ്‌ ഉണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ ചൈനീസ്‌ കോണ്‍സുലേറ്റും പീപ്പിള്‍സ്‌ ബാങ്ക്‌ ഒഫ്‌ ചൈനയുടെ ശാഖയും പ്രവര്‍ത്തിച്ചിരുന്നു.
നാത്തുലാപാസ്‌ തുറന്ന്‌ വ്യാപാരം ആരംഭിക്കുന്നതോടെ സിക്കിമിലെ തൊഴിലില്ലായ്‌മ ഗണ്യമായി കുറയുമെന്നാണ്‌ സിക്കിം ജനതയുടെ പ്രത്യാശ.

കടപ്പാ‍ട് : കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: