തിങ്കളാഴ്‌ച, ജൂൺ 19, 2006

വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് കേരള കൌമുദി ഓണ്‍ലൈന്‍ പ്രസിദ്ധീ‍കരിച്ച ലേഖനങ്ങള്‍

മനസ്സിനെ സരസ്വതിയാക്കാന്‍
വിഷ്‌ണുനാരായണന്‍ നമ്പൂതിരി
വായന കുറയുന്നു എന്നു പലര്‍ക്കും പരാതി. ആഡിയോ ടേപ്പുകളും ടിവി സ്ക്രീനുകളും വഴി നേരിട്ടെത്തുന്ന വിവരങ്ങള്‍ ചൂടാറാതെ വിഴുങ്ങുന്നതല്ലേ എളുപ്പവും നല്ലതും, ഈ തിരക്കുപിടിച്ചകാലത്ത്‌ - എന്ന്‌ ചിലര്‍ക്കെങ്കിലും സംശയം. എഴുത്തുകാര്‍ക്ക്‌, ആരും തങ്ങളുടെ വാക്കിനെ കേള്‍ക്കുന്നില്ലല്ലോ എന്ന ചിരപുരാതനമായ ദുഃഖം.

വിദ്യ എന്നാലെന്ത്‌? ഇത്‌ ഉറപ്പായാല്‍ പ്രശ്നം കുറെ ലളിതമാകും. വിവരങ്ങളാണോ വിദ്യ? എങ്കില്‍ അത്‌ കുറെ വാരിവലിച്ചുകൂട്ടി ഓര്‍ത്തുവയ്ക്കാനായാല്‍ വിദ്യാഭ്യാസമായി. അതോ, സ്വയം വിവരങ്ങള്‍ ആര്‍ജിക്കുവാനും വിവേചിച്ച്‌ അവയെ അടുക്കാനും ഉള്‍ക്കൊള്ളാനുമുള്ള പ്രാപ്‌തി നേടുവാനും ഉതകുന്ന തയ്യാറെടുപ്പാണോ വിദ്യാഭ്യാസം? എങ്കില്‍ കണ്ടും കേട്ടും മാത്രം ഇരുന്നാല്‍ പോരാ. അഞ്ച്‌ ഇന്ദൃയങ്ങളും ആറാം ഇന്ദൃയമായ മനസ്സും ചുറ്റുപാടുകളിലേക്ക്‌ മലര്‍ക്കെത്തുറക്കുവാന്‍ നാം തയ്യാറാകണം. മനസ്സിനെ നിരന്തരം തുടച്ചുമിനുക്കി ചാര്‍ജ്‌ ചെയ്ത്‌ പ്രവര്‍ത്തനസജ്ജമാക്കണം. അതുതന്നെയാണ്‌ വിദ്യയുടെ സ്വരൂപം. സരസ്വതി ഒരുവസ്തുതയോ സംഭവമോ അല്ല - ഒരു പ്രക്രിയയാണ്‌, പ്രവാഹമാണ്‌. "വാഗ്‌വൈസരസ്വതീ" എന്ന്‌ വേദം. ആ പേരിന്റെ അര്‍ത്ഥം തന്നെ "തുടരേ ഒഴുകുന്നവള്‍" എന്നാണെന്ന്‌ അല്‌പം ചിന്തിച്ചാലറിയാം.

വായന എങ്ങനെ മനസ്സിനെ 'സരസ്വതി'യാക്കുന്നു? ബുദ്ധിയും വികാരവും മാത്രമല്ല, കല്‌പനാശക്തിയും (myth making) ചേര്‍ന്നതാണ്‌ മനോവ്യാപാരം. കാര്യകാരണങ്ങളെ വച്ചുകൊണ്ട്‌ പൂര്‍വാപരബന്‌ധം നിര്‍ണയിക്കുക മാത്രമാണ്‌ ബുദ്ധി ചെയ്യുന്നത്‌. അതിനടിയിലുള്ള അനുഭൂതികളെ, നന്മതിന്മകളെ, സൌന്ദര്യവൈരൂപ്യങ്ങളെ ഒക്കെ നാം ഉള്‍ക്കൊള്ളുന്നത്‌ വികാരംകൊണ്ടാകുന്നു. കവികള്‍ ഇതിനെ ഹൃദയം എന്നു വിളിക്കുന്നു. ഇവയ്ക്കും അടിയില്‍, ഇവയുടെ ശാശ്വതമായ അംശങ്ങളെ തേടിയിറങ്ങുവാന്‍ കെല്‌പുള്ള വ്യാപാരമാണ്‌ ഉള്‍ക്കാഴ്ച (insight) സത്യസ്‌നേഹാദിമൂല്യങ്ങള്‍ ഉദാഹരണം. ഉള്‍ക്കാഴ്ചയെ പോഷിപ്പിക്കുന്നത്‌ കല്‌പനാശക്തിയാണെന്ന്‌ പാശ്ചാത്യരില്‍ ഷെല്ലിയെപ്പോലെ ചുരുക്കംചിലര്‍ തിരിച്ചറിഞ്ഞു. ഭാരതീയ ചിന്തകര്‍ക്ക്‌ ഇതു പണ്ടേ സമ്മതമാണ്‌. അന്തര്‍ദര്‍ശനമാണ്‌ മേറ്റ്ല്ലാറ്റിനെക്കാളും അടിസ്ഥാനപരം, നിര്‍ണായകം; അതുള്ളവനേ ഋഷിയാകൂ; ഋഷിയല്ലാത്തവന്‍ സ്രഷ്‌ടാവല്ല എന്ന്‌ നിസ്സംശയം നാമറിയുന്നു.

ഇതിനുള്ള ക്രിയകള്‍ ആണ്‌ മനനവും നിദിധ്യാസവും. മനസ്സുകൊണ്ടു ചെയ്യുന്ന തീവ്രമായ കര്‍മ്മമാണ്‌ മനനം - അതു ചെയ്യുന്നവന്‍ മനുഷ്യന്‍. അങ്ങനെ കടഞ്ഞെടുത്തതിനെ നിരന്തരമായി ധ്യാനത്താല്‍ അലിയിച്ച്‌ സ്വത്വത്തില്‍ ചേര്‍ക്കുന്ന ക്രിയയാണ്‌ നിദിധ്യാസം. പഠനം (ശ്രവണം), മനനം, നിദിധ്യാസം എന്ന ക്രമത്തിലാണ്‌ പഴയ വിദ്യാഭ്യാസം. ഇപ്പോള്‍ കുട്ടികള്‍ ഒടുക്കത്തേതു രണ്ടും വിട്ടുകളഞ്ഞ മട്ടാണ്‌. ആദ്യത്തേതും (വായനകൂടി) വിട്ടുകളയാമെന്നാണ്‌ മീഡിയാവാദികളുടെ നിലപാടെന്നു തോന്നുന്നു.

ഇതു കഷ്‌ടമാണ്‌. കാരണം, വായിക്കുന്ന സമയം നാം വിവരം ശേഖരിക്കുകമാത്രമല്ല ചെയ്യുന്നത്‌. വര്‍ണങ്ങളും ലിപികളും മനസ്സിന്റെ സുസൂക്ഷ്‌മ സിംബലുകളാണ്‌ - എല്ലാവര്‍ക്കും കൈവശമാക്കാവുന്ന സാര്‍വത്രിക ബിംബങ്ങളാണ്‌. അവയുടെ പരിചയവും പ്രയോഗവും വഴി മനസ്സ്‌, മുന്‍പറഞ്ഞ കല്‌പനാവൈഭവത്തെ പുഷ്‌ടിപ്പെടുത്താനുള്ള വ്യായാമമാണ്‌ നേടുന്നത്‌. ഇതു ചെറിയ കാര്യം അല്ലല്ലോ. "മനസ്സിന്റെ വ്യായാമമാണ്‌ സംസ്കാരം" എന്ന്‌ നിര്‍വചിക്കുവാന്‍പോലും (Culture is the exercise of mind) സി.ഇ.എം ജോഡിനെപ്പോലുള്ളവര്‍ക്കു മടിയില്ല. ഇക്കാലത്ത്‌ വായിക്കാന്‍ മടികാട്ടുന്ന ഒരു പൌരസമൂഹം സംസ്കാരവിമുഖമായിരിക്കും; ക്രൂരമായിരിക്കും. സ്ക്രീനില്‍ കണ്ണുനട്ടുവളരുന്ന തലമുറ ഒരുവേള ആശയസമ്പന്നം ആയെന്നുവരാം; പക്ഷേ, എന്നും മൂല്യദരിദ്രം ആയിരിക്കും.
ഭാഷയുടെ തലംകടന്ന്‌, അക്കങ്ങളുടെയും ശാസ്‌ത്രസിംബലുകളുടെയും സമവാക്യങ്ങളുടെയും തലത്തിലേക്ക്‌ - ശുദ്ധമായ സയന്‍സിലേക്ക്‌ - ചെന്നാല്‍, ഈ പറഞ്ഞതിന്റെ പ്രസക്തി ഏറിയേറി വരുന്നതുകാണാം.
ആകയാല്‍, വായന വേണ്ടെന്നുവയ്ക്കാന്‍ വരട്ടെ; അതൊരു വരദാനമാണ്‌, ഐശ്വര്യത്തിന്റെ വാഗ്‌ദാനവും.

വായന പൂത്തുകയറിയ വഴി
വേദനിച്ച വായനാനുഭവം
എം.വി. ദേവന്‍

വീട്ടിലും പുറത്തുമെല്ലാം ബാല്യത്തില്‍ ഞാന്‍ ഏകാകിയായിരുന്നു. വയസ്സുകൊണ്ട്‌ എന്നെക്കാളും വളരെ മുതിര്‍ന്നവരാണ്‌ സഹോദരങ്ങള്‍. ഇളയവരാകട്ടെ എനിക്കുശേഷം വളരെ വൈകിപ്പിറന്ന കുഞ്ഞുങ്ങളും. കൂട്ടുകൂടാനും ഉല്ലസിക്കാനും അയല്‍പക്കങ്ങളിലും സമപ്രായക്കാരായി ആരുമില്ലായിരുന്നു. ഈ ഏകാന്തതയാണ്‌ എന്നെ വായനയുടെയും വരയുടെയും ലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയത്‌. കുഞ്ഞുന്നാളിലേ ഞാന്‍ വരച്ചുതുടങ്ങിയിരുന്നു.

അന്നൊക്കെ സന്‌ധ്യാസമയങ്ങളില്‍ ഞങ്ങളുടെ വീട്‌ ഒരു വായനശാലപോലെയാകും. അവിടെ അമ്മാമ്മയും അമ്മയും അച്ഛനും ഞങ്ങള്‍ സഹോദരങ്ങളുമെല്ലാം ഉണ്ടാകും. സഹോദരങ്ങള്‍ സമീപത്തുള്ള ഗ്രന്ഥശാലകളില്‍ നിന്നെടുത്ത കവിതകളിലും കഥകളിലും മുഴുകുമ്പോള്‍ അച്ഛനും അമ്മയും രാമായണമോ മഹാഭാരതമോ ആയിരിക്കും വായിക്കുന്നത്‌. അമ്മാമ്മയുടെ മടിയില്‍ക്കിടന്ന്‌ കുട്ടിയായ ഞാന്‍ ഇതെല്ലാം അങ്ങനെ സാകൂതം കേട്ടിരിക്കും.
ഒരിക്കല്‍ എന്റെ മൂത്ത ജ്യേഷ്ഠന്‍ നാരായണന്‍ ഗ്രന്ഥശാലയില്‍ നിന്ന്‌ കുമാരനാശാന്റെ 'വിചിത്രവിജയം' നാടകം കൊണ്ടുവന്നു. എന്തും ഉറക്കെ വായിക്കുന്ന സ്വഭാവമാണ്‌ ചേട്ടന്റേത്‌. ആശാന്റെ നാടകത്തിലെ കഥാപാത്രങ്ങളെ വൈകാരികമായി ഉള്‍ക്കൊണ്ട്‌ വായിച്ചപ്പോള്‍ അകക്കോലായില്‍ അമ്മാമ്മയുടെ മടിയില്‍ കിടക്കുകയായിരുന്ന ഞാന്‍ അതില്‍ അകമഴിഞ്ഞ്‌ ലയിച്ചു. അതിലെ കഥാപാത്രങ്ങളെ വൈകാരികമായി തന്നെ ഉള്‍ക്കൊണ്ട ഞാന്‍ ഒരു സന്ദര്‍ഭത്തില്‍ വേദന താങ്ങാനാവാതെ പൊട്ടിക്കരഞ്ഞുപോയി. ആ വേദന സ്വയം വായിച്ചനുഭവിക്കാനുള്ള മോഹമാണ്‌ എന്നെ വീട്ടിനടുത്തുള്ള ഗ്രന്ഥശാലകളിലേക്ക്‌ നയിക്കുന്നത്‌. അന്നെനിക്ക്‌ എട്ടോ ഒമ്പതോ വയസ്സ്‌ വരും. അതിനുശേഷം ഞാന്‍ ആശാന്റെ എല്ലാ കവിതകളും വായിച്ചുതീര്‍ത്തു. അതോടൊപ്പം ചങ്ങമ്പുഴയുടെയും വള്ളത്തോളിന്റെയുമെല്ലാം കവിതകള്‍ ഹൃദിസ്ഥമാക്കിയ ഞാന്‍ നാലപ്പാട്ട്‌ നാരായണമേനോന്റെ 'പാവങ്ങള്‍' എന്ന കൃതിയും വായിച്ചുതീര്‍ത്തു.

'പാവങ്ങള്‍' വായിക്കുമ്പോള്‍ ഞാന്‍ ആറാം ക്‌ളാസിലായിരുന്നു. വീട്ടില്‍ വച്ച്‌ വായിച്ചുതീര്‍ന്നതിന്റെ ബാക്കി വായിക്കുന്നത്‌ സ്കൂളില്‍ കൊണ്ടുപോയായിരിക്കും. അല്‌പം ഇടവേള കിട്ടുമ്പോഴെല്ലാം വായനയിലേക്ക്‌ മുഴുകുമായിരുന്നു. പിന്നീട്‌ ദസ്തയേവിസ്കിയുടെ 'കുറ്റവും ശിക്ഷയും' തുടങ്ങി പ്രമുഖ എഴുത്തുകാരുടെ മിക്ക പ്രധാന കൃതികളും സ്കൂള്‍ ജീവിതത്തിനിടെ വായിച്ചു. ഈ പരന്ന വായനയാണ്‌ എന്റെ ചിത്രങ്ങള്‍ക്ക്‌ മുഴുപ്പും മുഗ്ദ്ധതയും നല്‍കിയത്‌.
പാവങ്ങളിലെ പ്രണയജോടികളായ കൊസാത്തും മരിയൂസും എന്റെ കാന്‍വാസിന്‌ വിഷയമായത്‌ അങ്ങനെയാണ്‌. വായനയിലൂടെയും വരയിലൂടെയും ഇവിടംവരെ എത്തിച്ചേര്‍ന്ന ഞാന്‍ പക്ഷേ, പുതിയ തലമുറയിലെ കുട്ടികളെ ഓര്‍ത്ത്‌ ഖേദിച്ചുപോകുകയാണ്‌.
അവര്‍ക്ക്‌ ഒന്നിനും സമയമില്ല. അവരില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന പുസ്തകഭാരങ്ങള്‍ കാണുമ്പോള്‍ കഷ്‌ടംതോന്നുന്നു. അതുതന്നെ പൂര്‍ണമായി പഠിച്ചുതീര്‍ക്കാന്‍ കഴിയാത്ത ഇവര്‍ എങ്ങനെ നാളെ തന്റേടമുള്ള പൌരന്മാരായി മാറും. ഭരിക്കുന്നവര്‍ ഇത്‌ മുന്‍കൂട്ടി കണ്ടില്ലെങ്കില്‍ എന്തോ അപകടത്തെയാണ്‌ നമ്മള്‍ ക്ഷണിച്ചുവരുത്തുന്നത്‌.

കണ്ണേട്ടന്‌ നന്ദിയോടെ...അക്ബര്‍ കക്കട്ടില്‍
കുട്ടിക്കാലത്തേയുള്ള പുസ്തകവായനയിലൂടെയാണ്‌ ഞാന്‍ എഴുത്തിന്റെ ലോകത്തേക്ക്‌ കടന്നുവരുന്നത്‌. പുസ്‌തക വായനയ്ക്ക്‌ നിമിത്തമായത്‌ ഗ്രാമീണനും സാധാരണക്കാരനുമായ ഒരു സാധു മനുഷ്യനായിരുന്നു - കക്കട്ടിലുള്ള കണ്ണേട്ടന്‍.

കോഴിക്കോട്ട്‌ വടകരയിലെ തുണ്ടിപ്പറമ്പത്തുവീട്ടിലെ ഒരംഗമായിരുന്നു കണ്ണേട്ടന്‍. അക്ഷരസ്‌നേഹികളുടെ കുടുംബമായിരുന്നു അത്‌. അവരില്‍ പലരും ഗ്രന്ഥശാലാ പ്രവര്‍ത്തകരുമാണ്‌. അന്ന്‌ കക്കട്ടിലുള്ള 'വട്ടോളി ദേശീയ വായനശാല'യുടെ പ്രവര്‍ത്തകരും അംഗങ്ങളുമാണ്‌ അവര്‍. കണ്ണേട്ടന്‍ പക്ഷേ, ഇവരില്‍ നിന്നെല്ലാം വേറിട്ടുനിന്നു. വായിക്കാന്‍ മോഹമുണ്ടെങ്കിലും ഗ്രന്ഥശാലയില്‍ അംഗമൊന്നുമായില്ല. അല്‌പം പിടിവാശിയും തന്നിഷ്‌ടങ്ങളുമായി കുടുംബത്തില്‍ നിന്ന്‌ വിട്ടകന്ന്‌ ഒരു ഏകാന്തജീവിതമാണ്‌ നയിച്ചത്‌. അരയില്‍ എപ്പോഴും ഒരു മടിശ്ശീല കാണും. അതില്‍ നിറയെ തന്റെ ശവസംസ്കാരത്തിനുള്ള പണം കരുതിയിരിക്കുകയാണ്‌.
കണ്ണേട്ടന്‌ ഒരു മോഹമേ ഉണ്ടായിരുന്നുള്ളൂ. മരിക്കുംമുമ്പ്‌ എങ്ങനെയും 'ഇന്ദുലേഖ' ഒന്നു വായിക്കണം. വായനശാലയില്‍ അംഗവുമല്ല. അങ്ങനെയാണ്‌ എന്നെ സമീപിക്കുന്നത്‌. സമീപിക്കുകയായിരുന്നില്ല, വിടാതെ പിന്തുടര്‍ന്ന്‌. എങ്ങനെയും ഞാന്‍ ഇന്ദുലേഖ സംഘടിപ്പിച്ചുകൊടുക്കണം. അന്ന്‌ ഞാന്‍ ഏഴാം ക്‌ളാസിലോ എട്ടാം ക്‌ളാസിലോ ആണ്‌. അതുമിതുമൊക്കെ വായിക്കുമെന്നല്ലാതെ ഇഷ്‌ടംപിടിച്ച വായനയൊന്നുമല്ല.

ഒടുവില്‍ കണ്ണേട്ടന്റെ നിര്‍ബന്‌ധത്തിനു വഴങ്ങി ഞാന്‍ വട്ടോളി വായനശാലയിലെ അംഗമായി 'ഇന്ദുലേഖ' സംഘടിപ്പിച്ചു. ഒരു കൊച്ചുകുഞ്ഞിന്‌ തേന്‍മിഠായി കിട്ടുമ്പോലെ കണ്ണേട്ടന്‍ അത്‌ ഒറ്റയിരുപ്പിന്‌ വായിച്ചുതീര്‍ത്തു. തിരികെ തരുമ്പോള്‍ അതു ഞാന്‍ വായിച്ചിട്ടുമാത്രമേ ഗ്രന്ഥശാലയില്‍ കൊടുക്കാവൂ എന്ന്‌ നിര്‍ബന്‌ധിതനായി അപേക്ഷിക്കുംപോലെയായിരുന്നു. അങ്ങനെയാണ്‌ ഞാന്‍ ആദ്യമായി വായനയുടെ സുഖസല്ലാപങ്ങള്‍ അനുഭവിച്ചറിയുന്നത്‌. അതെന്റെ പിന്നീടങ്ങോട്ടുള്ള നല്ല വായനയുടെ തൊടുകുറിയായി മാറുകയും ചെയ്തു.
ഇന്ദുലേഖ വായിച്ചുതീര്‍ന്നപ്പോള്‍ ബാലനായ എന്റെ മനസ്സിലേക്ക്‌ ഒരു സങ്കല്‌പനായിക കടന്നുവരികയായിരുന്നു. സാരിയുടെ കസവിനെപ്പോലും നാണിപ്പിക്കുന്ന നിറമുള്ള ഐശ്വര്യവതിയായ ഒരു പെണ്ണ്‌. അത്‌ സ്വപ്‌നങ്ങളിലും എഴുത്തിലുമെല്ലാമുള്ള എന്റെ സൌന്ദര്യസങ്കല്‌പങ്ങള്‍ക്ക്‌ മൂര്‍ത്തവും അമൂര്‍ത്തവുമായ ഭാവങ്ങള്‍ പകരുകയും ചെയ്തു.

അമ്മയില്‍ നിന്ന്‌ കിട്ടിയത്‌
ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
ബാല്യത്തിലേ വായന ഉണര്‍ത്തിവിട്ട ചില തീക്ഷ്‌ണമായ തിരിച്ചറിവുകള്‍ ഇന്നും എന്നെ വിടാതെ പിന്തുടരുകയാണ്‌. നേരുംനെറിയുമായി വന്ന മണ്‍വിളക്കുപോലെയായിരുന്നു അത്‌. അതുവരെ കാണാത്ത ദീപപ്രഭയില്‍ മയങ്ങിപ്പോയ ഞാന്‍ ദുഃസ്വപ്‌നങ്ങള്‍ കണ്ട്‌ പനിപിടിച്ച്‌ ഉറങ്ങിയതിന്റെ, ഓര്‍മ്മകള്‍ മറക്കാനാവില്ല. വായനയുടെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ എന്റെ ബാല്യകാല സ്‌മരണകളാണവ. പറവൂരിലെ തറവാടിനടുത്തുള്ള 'മഹാത്‌മ' വായനശാലയുടെ ചുറ്റുവട്ടങ്ങളിലേക്കു നോക്കുമ്പോള്‍ അത്‌ ഇന്നും തെളിഞ്ഞുവരാറുണ്ട്‌.

മൂന്നാം ക്‌ളാസില്‍ പഠിക്കുമ്പോഴേ ഞാന്‍ വായിച്ചുതുടങ്ങിയിരുന്നു. പക്ഷേ, വായിക്കാന്‍ വേണ്ടിയായിരുന്നില്ല 'മഹാത്‌മ' വായനശാലയില്‍ പോയിത്തുടങ്ങിയത്‌. എന്റെ അമ്മ വീട്ടിലെ നല്ലൊരു വായനക്കാരിയായിരുന്നു. അമ്മ പറയുന്ന പുസ്തകങ്ങള്‍ എടുക്കാന്‍വേണ്ടിയാണ്‌ വായനശാലയില്‍ പോയിത്തുടങ്ങിയത്‌. കഥയും കവിതകളുമെല്ലാം അമ്മയ്ക്കിഷ്‌ടമായിരുന്നു. അതുവരെ ഞാന്‍ ബാലസാഹിത്യങ്ങളൊന്നും വായിച്ചിട്ടില്ല. അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ വായിക്കാന്‍ തുടങ്ങിയതുമുതല്‍ ആദ്ധ്യാത്‌മരാമായണം വായിച്ചുതുടങ്ങി. അമ്മയാണ്‌ സഹായി. അതുവഴി, അന്നുമുതലേ ഞാന്‍ കവിതകള്‍ വായിച്ചറിയാന്‍ തുടങ്ങി. ആശാന്റെ കവിതകള്‍ അല്‌പം പ്രയാസമായിരുന്നു. ഭാവനയ്ക്ക്‌ പരിമിതിയുണ്ടെങ്കിലും എല്ലാം ഗ്രഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വായിച്ചു. എന്റെ വായനയുടെ അളവറിഞ്ഞ അമ്മ (അംബുജാക്ഷി അമ്മ) എനിക്ക്‌ വായനശാലയില്‍ അംഗത്വം എടുത്തുതന്നു. അന്ന്‌ '25' പൈസയാണ്‌ മാസവരി. ഏകദേശം ലോവര്‍ പ്രൈമറി പൂര്‍ത്തിയാക്കുമ്പോഴേക്കും ഞാന്‍ പ്രമുഖ കവികളുടെ പ്രധാനപ്പെട്ട കവിതകള്‍ മുഴുവന്‍ വായിച്ചുകഴിഞ്ഞു.

ഫ്രഞ്ച്‌, റഷ്യന്‍, ഇംഗ്ലീഷ്‌, ബംഗാളി കഥകളുടെ പരിഭാഷകള്‍ ഏറെ വായിച്ചിട്ടുണ്ട്‌. അങ്ങനെയാണ്‌ ദസ്തയേവിസ്കിയുടെ 'കുറ്റവും ശിക്ഷയും' വായിക്കാന്‍ ഇടയായത്‌. അതുവരെ അറിയാത്ത ഒരു ലോകം 'കുറ്റവും ശിക്ഷയും' എന്റെ മുന്നിലേക്കു തുറന്നിട്ടു. ഒരു കുറ്റവാളിയുടെ വിഭ്രാന്തമായ മാനസികലോകം അതോടെ ആദ്യമായി അടുത്തറിയുകയാണ്‌. കുറ്റവും കുറ്റബോധവും പശ്ചാത്താപവുമായി കടന്നുപോകുന്ന ആ കഥ എന്നെ വല്ലാത്ത മാനസികസംഘര്‍ഷത്തിലാക്കി. രണ്ടുദിവസംകൊണ്ട്‌ വളരെ ക്‌ളേശിച്ച്‌ ഞാനത്‌ ഒറ്റയിരുപ്പിന്‌ വായിച്ചുതീര്‍ത്തു. അന്നുരാത്രി ദുഃസ്വപ്‌നങ്ങള്‍ കണ്ട്‌ ഞാനുറങ്ങിയില്ല. പനിപിടിച്ച്‌ ഒരാഴ്ച കിടന്നു. റഫ്കോള്‍ നിക്കോഫ്‌ എന്ന കഥാനായകന്റെ മാനസിക പിരിമുറുക്കങ്ങള്‍ എന്നെ അത്രയ്ക്കും ഗ്രസിച്ചിരുന്നു. കൊലപാതകം നടത്തിയശേഷം പശ്ചാത്താപഭാരവുമായി 'ഞാന്‍ കുറ്റം ചെയ്തു' എന്ന്‌ ഏറ്റുപറഞ്ഞ്‌ സ്വയം ശിക്ഷിതനാകുന്ന ആ നിമിഷങ്ങള്‍ എന്നെ ഇന്നും വല്ലാതെ പിന്തുടരുകയാണ്‌. നിക്കോഫിന്‍ പാപബോധങ്ങള്‍ വായിച്ചറിഞ്ഞപ്പോഴുണ്ടാക്കിയ വൈകാരികാഘാതങ്ങള്‍, കുറ്റബോധത്തെ തുടര്‍ന്നുണ്ടാകുന്ന മാനസിക വൈകല്യങ്ങള്‍ എന്റെ ജീവിതം മുഴുവന്‍ പിന്തുടരുകയാണ്‌. കുറ്റം ചെയ്യലിനും ഏറ്റുപറച്ചിലിനും ഇടയിലുള്ള ആ വഴി എന്റെയും വഴികളായി മാറുകയായിരുന്നു. തെറ്റുകള്‍ തുറന്നുപറഞ്ഞ്‌ മാനസികശിക്ഷ ലഘൂകരിക്കാന്‍ ഞാന്‍ പഠിച്ചത്‌ അങ്ങനെയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: