ബുധനാഴ്‌ച, ഓഗസ്റ്റ് 09, 2006

സങ്കല്‍പവും യാഥാര്‍ത്ഥ്യവും

സങ്കല്‍പവുംയാഥാര്‍ത്ഥ്യവും
കെ സുദര്‍ശന്‍

പ്‌ളസ്‌ വണ്ണിനു പഠിക്കുന്ന ഒരു പയ്യന്‍ ഈയിടെ അവന്റെ അച്ഛനോട്‌ ചോദിച്ചു:
"യാഥാര്‍ത്ഥ്യവും സങ്കല്‍പവും തമ്മിലുള്ള വ്യത്യാസമെന്താണ്‌? അച്ഛനറിയാമോ?" അച്ഛന്‍ ആദ്യമൊന്നു പരുങ്ങി. പിന്നെ, ലളിതമായിട്ട്‌ പറഞ്ഞുകൊടുത്തു.
"യാഥാര്‍ത്ഥ്യം എന്നു പറഞ്ഞാല്‍ ശരിക്കും ഉള്ളത്‌. സങ്കല്‍പം എന്നു പറഞ്ഞാല്‍, നമ്മള്‍ വിചാരിക്കുന്നത്‌."
"ശരിക്കും ഉള്ളതു തന്നെയാണ്‌ നമ്മള്‍ വിചാരിക്കുന്നതുമെങ്കിലോ?
പയ്യന്‍ സീരിയസ്സായിട്ട്‌ നില്‍ക്കുകയാണ്‌. ഉപായത്തില്‍ രക്ഷപ്പെടാമെന്ന്‌ വിചാരിക്കണ്ട. അച്ഛന്‍ ഒരു നിമിഷം ആലോചിച്ചിട്ടു പറഞ്ഞു.
"മോന്‍ പോയി അമ്മയോട്‌ പറയണം; മോന്റെ സ്കൂളില്‍ പുതിയതായി വന്ന ഇംഗ്ലീഷ്‌ സാറ്‌ സ്‌മാര്‍ട്ടാണെന്ന്‌. കാണാന്‍ ഫിലിം സ്റ്റാറിന്റെ കൂട്ടിരിക്കുമെന്ന്‌. എന്നിട്ടു പറയണം, അമ്മയോട്‌ സംസാരിക്കണമെന്ന്‌. ആ സാറ്‌ പറഞ്ഞുവെന്ന്‌!
അതിനുശേഷം ഇതേ കാര്യം തന്നെ ചേച്ചിയോടും അവതരിപ്പിക്കണം. നമുക്കവരുടെ പ്രതികരണം എങ്ങനെയുണ്ടെന്ന്‌ നോക്കാം."
ആദ്യം അമ്മയുടെ അടുത്തേക്കാണ്‌ മകന്‍ പോയത്‌. ഭംഗിയായിത്തന്നെ കാര്യങ്ങള്‍ അവതരിപ്പിച്ചു. അതുകേട്ടതും, അമ്മ അങ്ങ്‌ പൂത്തുലഞ്ഞ ഇലഞ്ഞിപോലെയായി.
"സത്യം?"
"സത്യം."
"എന്നെ കാണണമെന്ന്‌ സാറ്‌ പറഞ്ഞോ?"
"പറഞ്ഞെന്നേ....."
"സംസാരിക്കണമെന്നു പറഞ്ഞോ?"
"യേസ്‌."
"അപ്പോള്‍, ഞാന്‍ ഉദ്ദേശിക്കുന്ന ആളുതന്നെ! പുള്ളി ഇടയ്ക്കിടയ്ക്ക്‌ എന്നെ നോക്കുന്നുണ്ടായിരുന്നു!"
അമ്മയുടെ മുഖത്തിപ്പോള്‍ നാണത്തിന്റെ ചെമ്പരത്തി.
"എവിടെ താമസിക്കുന്നു പുള്ളി?"
"ങാ....!"
"കല്യാണം കഴിച്ച ആളല്ലെന്ന്‌ തോന്നുന്നു...."
"അതൊന്നും അറിയില്ല. എന്തായാലും അമ്മയെ കാണണമെന്ന്‌ പറയുന്നതു കേട്ടു."
പയ്യന്‍ വല്ലവിധവും അവിടന്ന്‌ രക്ഷപ്പെടുകയായിരുന്നു.
അടുത്ത ഊഴം ചേച്ചിയുടേതാണ്‌. അമ്മയുടെയല്ലേ മോള്‌!
സാറ്‌ കാണണമെന്ന്‌ പറഞ്ഞതായി അറിയിച്ചതേയുള്ളൂ.
വിപ്രലംഭ ശൃംഗാരമായിരുന്നു. പിന്നെ വയലാറു പറഞ്ഞതുപോലെ.
"റിയലി?"
"റിയലി?"
"പ്രോമിസ്‌"
"പ്രോമിസ്‌."
"ഞാന്‍ എന്‍ജിനീയറിംഗിന്‌ പഠിക്കുവാണെന്ന്‌ പറഞ്ഞോ നീ?"
"പറഞ്ഞു."
"പ്‌ളസ്‌ ടൂവിന്‌ എ പ്‌ളസ്‌ ഉണ്ടായിരുന്നെന്ന്‌ പറഞ്ഞോ?"
" അതു പറഞ്ഞില്ല."
" എനിക്ക്‌ ഇംഗ്ലീഷ്‌ എന്നു പറഞ്ഞാല്‍ ഭ്രാന്താണെന്ന്‌ പറഞ്ഞോ?"
" അതും പറഞ്ഞില്ല."
"ഛേ! അതൊക്കെ പറയണ്ടേ...."
" എന്തിന്‌?"
" ഒരു ഇംപ്രഷന്‍ ബില്‍ഡ്‌ ചെയ്യാന്‍. പോട്ടെ. ആ സാറ്‌ കാറിലാണോ വരുന്നത്‌?"
" സാറ്‌ ഫോര്‍ഡ്‌ ഐക്കോണിലാണ്‌ വരുന്നത്‌." പയ്യനും വിട്ടുകൊടുത്തില്ല.
"ഹായ്‌! അപ്പോള്‍ നല്ല രസമായിരിക്കും!"
ഒരു ചുമ കേട്ടു. ചുമച്ചുപോയതാണ്‌. ഗത്യന്തരമില്ലാതെ. തുടര്‍ന്ന്‌ അച്ഛന്‍ അടുത്ത മുറിയിലേക്ക്‌ പോകുന്നതും കണ്ടു.
ഭാര്യയുടെയും മകളുടെയും ആകാംക്ഷാഭരിതമായ അന്വേഷണങ്ങള്‍ ' ആസ്വദിച്ചുകൊണ്ട്‌' അപ്പുറത്ത്‌ നില്‍ക്കുകയായിരുന്നു അദ്ദേഹം.
തൃപ്‌തിയായി!
മകന്‍ വീണ്ടും അച്ഛന്റെയടുത്തെത്തി.
അച്ഛന്‍ മിണ്ടുന്നില്ല.
മുഖത്ത്‌ ഗൗരവം കൂടുകെട്ടിയിരിക്കുന്നു. പെട്ടെന്ന്‌ അദ്ദേഹം മുഖമുയര്‍ത്തി.
" ഇപ്പോള്‍ മനസ്സിലായോ സങ്കല്‍പവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം?"
മകന്‍ പിതാവിനെ സൂക്ഷിച്ചുനോക്കി. അതിന്റെ പൊരുള്‍ തിരിയാത്തതുപോലെ.....
അച്ഛന്‍ ഒന്നുകൂടി വിശദീകരിച്ചു.
"ഞാന്‍ ഇത്ര നാളും സങ്കല്‍പിച്ചിരുന്നതെന്താ?"
വിശ്വസ്തയായ ഒരു ഭാര്യയും വിദ്യാസമ്പന്നയായ ഒരു മകളും എനിക്കുണ്ടെന്ന്‌. അവര്‍ അങ്ങേയറ്റം സംസ്കാരമുള്ളവരാണെന്ന്‌ അല്ലേ... എന്നാല്‍ യാഥാര്‍ത്ഥ്യമെന്താ?
നമ്മളോടൊപ്പം ഈ വീട്ടിലുള്ളത്‌ രണ്ട്‌ 'വഷളു'കളാണ്‌!
രണ്ട്‌ അറുവഷളുകള്‍.
ഇതാണ്‌ യാഥാര്‍ത്ഥ്യവും സങ്കല്‍പവും തമ്മിലുള്ള വൈരുദ്ധ്യം!
രണ്ടും രണ്ട്‌ 'ഭൂഖണ്‌ഡ'ങ്ങളാണ്‌. അവ ഒരു കാലത്തും പൊരുത്തപ്പെടില്ല.
ഇഷ്‌ട കാമുകന്‍ പിന്നീട്‌ ഭര്‍ത്താവായി വരുമ്പോള്‍ സംഭവിക്കുന്നത്‌ ഇതു തന്നെ.
സിനിമാ നിരൂപകന്‍ പിന്നീട്‌ സ്വന്തമായിട്ട്‌ സിനിമ എടുക്കുമ്പോള്‍ സംഭവിക്കുന്നതും ഇതുതന്നെ.
സമരത്തലവന്മാര്‍ ഭരണത്തലവന്മാരാകുമ്പോഴും ഇതു തന്നെയാണിഷ്‌ടാ സംഭവിക്കുന്നത്‌!
ഇതൊന്നും ഇവരുടെയാരുടെയും കുറ്റമല്ല.
'സങ്കല്‍പ'ത്തിന്റെ കുഴപ്പമാണ്‌. ചിലര്‌ പറയുന്നത്‌ കേട്ടിട്ടില്ലേ....
"ഞാന്‍ നിങ്ങളെക്കുറിച്ച്‌ ഇങ്ങനെയല്ല വിചാരിച്ചത്‌."
നമ്മളു പറഞ്ഞോ അയാളോട്‌ ' ഇങ്ങനെ' വിചാരിക്കാന്‍.
എനിക്ക്‌ ഈയിടെ ഒരു ലോണ്‍ എടുക്കേണ്ടിവന്നു.
മൂന്നു സഹപ്രവര്‍ത്തകരുടെ ജാമ്യം വേണം തുക കിട്ടാന്‍. അതൊരു പ്രശ്നമായിട്ടു തോന്നിയേയില്ല. എത്രയോ പേര്‍ക്ക്‌ ഞാന്‍ ജാമ്യം നിന്നിരിക്കുന്നു. ചില ' അപകടകാരി' കള്‍ക്കുപോലും നിന്നിട്ടുണ്ട്‌. ഒരു അനിഷ്‌ട സംഭവവും ഉണ്ടായിട്ടില്ല. പക്ഷേ, സ്വന്തം കാര്യം വന്നപ്പോഴാണ്‌ കളി കാര്യമായത്‌.
പലര്‍ക്കും 'ക്വാട്ട' കഴിഞ്ഞുപോയത്രെ.
ചിലര്‍ക്ക്‌ ഇനി ജാമ്യം നിന്നൂടപോലും. ഡോക്‌ടര്‍ പറഞ്ഞുകാണും! വേറെ ചിലര്‍ക്ക്‌ 'പിടിത്തം' ഉണ്ടെന്ന്‌. ഒന്ന്‌ രണ്ടുപേര്‍ വയസ്സുകൂട്ടിപ്പറഞ്ഞും രക്ഷപ്പെട്ടു.
വിദഗ്‌ദ്‌ധമായിട്ട്‌ ഒഴിയുകയാണ്‌ ഓരോരുത്തരും....
ജാമ്യം മാത്രമല്ല, ചോദിച്ചാല്‍ കിഡ്‌നി വരെ തരുമെന്ന്‌ വിചാരിച്ചിരുന്നവരാണ്‌ ഈ 'ഞഞ്ഞാപിഞ്ഞ' പറയുന്നത്‌.
ഒടുവില്‍, ഒരു പ്രതീക്ഷയുമില്ലായിരുന്ന ചിലരാകട്ടെ, സഹായിക്കുകയും ചെയ്തു.
അതുകൊണ്ട്‌ സഹായിക്കുമെന്ന്‌ പ്രതീക്ഷയുള്ളവരോട്‌ ഒരിക്കലും സഹായം ചോദിക്കരുത്‌. ആ പ്രതീക്ഷയില്‍ സത്യത്തിന്റെ തന്മാത്രയെങ്കിലുമുണ്ടെങ്കില്‍ അവര്‍ ചോദിക്കാതെ സഹായിച്ചിരിക്കും. ഇല്ലെങ്കില്‍ പഴയ പ്രതീക്ഷ അങ്ങനെ നിന്നോട്ടെ. ചോദിച്ചിരുന്നെങ്കില്‍ സഹായിക്കുമായിരുന്നു എന്ന്‌ ആശങ്കപ്പെട്ടുകൊണ്ട്‌. അതാണ്‌ ചങ്ങമ്പുഴ പറഞ്ഞത്‌.
" എങ്കിലും ചന്ദ്രികേ, നമ്മള്‍ കാണും
സങ്കല്‍പലോകമല്ലീയുലകം!"

കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: