ശനിയാഴ്‌ച, ഓഗസ്റ്റ് 12, 2006

ദൈവത്തിനും മുകളില്‍?

ദൈവത്തിനും മുകളില്‍?
സ്വാമി സൂക്ഷ്മാനന്ദ

ശബരിമലയിലെ 'അഷ്‌ടമംഗല്യപ്രശ്നവും തുടര്‍ന്നുള്ള സംഭവങ്ങളും ഒരു 'മെഗാസീരിയലായി' പരിണമിച്ചിരിക്കുകയാണ്‌. ദിവസവും പുതിയ കണ്ടെത്തലുകളും പുതിയ കഥാപാത്രങ്ങളും വേണ്ടുവോളം കടന്നുവരുന്നതിനാല്‍ തുടര്‍ 'എപ്പിസോഡുകള്‍'ക്കായി എല്ലാ കേന്ദ്രങ്ങളിലും ആളുകള്‍ വളരെ ആകാംക്ഷയോടെയാണ്‌ കാത്തിരിക്കുന്നത്‌.

കോടിക്കണക്കിന്‌ ജനങ്ങള്‍ തങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരവും ശാന്തിയും തേടിയെത്തുന്ന അയ്യപ്പസന്നിധാനം ഇപ്പോള്‍ പ്രശ്‌നപൂര്‍ണമാണ്‌. പൊതുവില്‍ പ്രശ്‌നങ്ങളില്ലാതിരുന്ന സമയത്ത്‌ നടത്തിയ പ്രശ്‌നപരിഹാര ക്രിയകളാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്‌ധികള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുള്ളത്‌. കാര്യങ്ങള്‍ ഇങ്ങനെപോയാല്‍ അയ്യപ്പ സന്നിധിയിലേക്ക്‌ പോകുന്ന ഭക്തജനങ്ങള്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കായി ഇനി ജ്യോതിഷ സന്നിധാനം തേടി നടക്കേണ്ടിവരുമെന്നാണു തോന്നുന്നത്‌. എന്നാല്‍, ജ്യോത്സ്യനെ കാണുംമുന്‍പ്‌ അദ്ദേഹത്തിന്റെ ബന്‌ധുക്കളില്‍ ആരെങ്കിലും സമീപനാളുകളില്‍ മരിച്ചിട്ടുണ്ടോ എന്നത്‌ കൃത്യമായി അന്വേഷിച്ചറിയേണ്ടതുണ്ട്‌. കാരണം, മരണമുണ്ടായിട്ടുണ്ടെങ്കില്‍ അവിടെ 'പുല ബ്രാന്‍ഡില്‍'പ്പെട്ട അശുദ്ധിയുണ്ടാകാന്‍ ഇടയുള്ളതുകൊണ്ട്‌ പോകുന്നവര്‍കൂടി അശുദ്ധമാകുമെന്നല്ലാതെ ജ്യോത്സ്യരെ കാണുന്നതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഒരു കാര്യവുമില്ല. അരവണയും ഉണ്ണിയപ്പവും വാങ്ങി പടിയിറങ്ങാമെന്നേയുള്ളൂ.

മുന്‍കാല പ്രാബല്യത്തോടെ പൂര്‍വശുദ്ധി പുനഃസ്ഥാപിക്കുന്ന പ്രഗല്‍ഭരായ തന്ത്രിമാര്‍ ഉള്ളപ്പോള്‍ സ്‌ത്രീകള്‍ക്ക്‌ ശബരിമലയിലും അഹിന്ദുക്കള്‍ക്ക്‌ തളിപ്പറമ്പ്‌ ക്ഷേത്രത്തിലും പ്രവേശിക്കുന്നതിനും പുലയുള്ള ജ്യോത്സ്യനെ അയ്യപ്പസന്നിധാനത്തിലെത്തി പ്രശ്‌നപരിഹാരക്രിയകള്‍ നടത്തുന്നതിനും എന്തിന്‌ അനുവദിക്കാതിരിക്കണം എന്ന ഒരു സംശയമുണ്ട്‌. കാരണം, തന്ത്രിമാര്‍ ശുദ്ധികലശം നടത്തിയാല്‍ എല്ലാം ശുദ്ധമാകുമെങ്കില്‍ നിത്യവും അത്താഴപൂജയ്ക്കുശേഷം തന്ത്രിമാരുടെ ഈ ശുദ്ധികലശക്രിയകള്‍കൂടി നിത്യപൂജയിലെ അവസാന ഇനമായി ഉള്‍പ്പെടുത്തിയാല്‍ പോരേ?

ദൈവവും ദൈവസന്നിധിയില്‍ എത്തുന്ന ഭക്തജനങ്ങളും ഒഴികെ മറ്റുള്ള കക്ഷികള്‍ എല്ലാം ആത്യന്തികമായി ലക്ഷ്യമിടുന്നത്‌ ക്ഷേത്രവരുമാനമാണല്ലോ. ശബരിമലയില്‍ത്തന്നെ എല്ലാ പ്രശ്‌നങ്ങള്‍ക്കും യഥാര്‍ത്ഥ പ്രശ്‌നമായിരിക്കുന്നത്‌ അവിടത്തെ വരുമാനവുമായി ബന്‌ധപ്പെട്ട സംഗതികളാണെന്നാണ്‌ പറയപ്പെടുന്നത്‌. അല്ലാതെ അഷ്‌ടമംഗല്യപ്രശ്‌നമല്ല. വരുമാനത്തെ സംബന്‌ധിച്ച്‌ ക്ഷേത്രഭാരവാഹികള്‍ക്കും തന്ത്രിമാര്‍ക്കും ഒരു 'മതാതീത' കാഴ്ചപ്പാടാണുള്ളതെന്നത്‌ തീര്‍ച്ചയായും വലിയ കാര്യംതന്നെ. ഒരു മതേതര രാജ്യമായ ഭാരതത്തില്‍ 'മതാതീത വരുമാനം' എന്ന ആശയം ആദ്യമായി കണ്ടെത്തിയത്‌ തന്ത്രിമാരാണെന്ന്‌ തോന്നുന്നു. ഒരുപക്ഷേ, ഈ ആശയം ശരിക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുകൊണ്ടാവാം ഒരു ചലച്ചിത്രനടിക്ക്‌ തളിപ്പറമ്പിലെ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ പ്രവേശിക്കാനും അതുവഴി 'അശുദ്ധി' ഉണ്ടാക്കാനും അവസരം നല്‍കാന്‍ ബന്‌ധപ്പെട്ടവര്‍ക്ക്‌ കഴിഞ്ഞത്‌.

വ്യക്തിയുടെ നല്ലകാലവും ദോഷകാലവും നിര്‍ണയിക്കാനും വ്യക്തിയുടെ പൊതുവിലുള്ള കാര്യങ്ങള്‍ പറയാനും ജ്യോതിഷത്തിന്‌ കുറച്ചൊക്കെ കഴിയുന്നുണ്ടെന്നത്‌ വസ്തുതയാണ്‌. ഈ വസ്തുതയുടെ ബലത്തില്‍ ദൈവത്തിന്റെ അതൃപ്‌തിയും ഇഷ്‌ടാനിഷ്‌ടങ്ങളും പറയുന്ന 'പ്രശ്‌നപദ്ധതി' ഇവിടെയല്ലാതെ ലോകത്ത്‌ മറ്റ്‌ എവിടെയെങ്കിലും നിലനില്‍ക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടില്ല.
ദൈവത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പറയുന്ന ജ്യോത്സ്യന്മാരും ദൈവത്തെ പരിശുദ്ധരാക്കുന്ന തന്ത്രിമാരും ദൈവത്തിനു മുകളിലാണെന്ന ഒരു തോന്നല്‍ വലിയ അദ്ധ്വാനമൊന്നും കൂടാതെ സാധാരണക്കാരനില്‍ അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കുന്നുണ്ട്‌. ഇതാണ്‌ അവര്‍ രഹസ്യമായി ലക്ഷ്യമിടുന്നതെങ്കില്‍ അത്‌ നിലവിലുള്ള ദൈവസങ്കല്‍പത്തിന്‌ വളരെ വിനാശകരമാണ്‌. കാരണം ദൈവം അകവും പുറവും തിങ്ങിവിങ്ങുന്നതാണ്‌. അത്‌ സര്‍വതിനും മുകളിലാണ്‌ - മുകളിലായിരിക്കണം. ജ്യോത്സ്യന്മാര്‍ ദൈവത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പറയുകയും തന്ത്രിമാര്‍ ദൈവത്തെ പരിശുദ്ധന്മാരാക്കുകയും ചെയ്യുമ്പോഴുള്ള അപകടമിതാണ്‌. ദൈവം സര്‍വതിലും മുകളിലാണെന്ന സങ്കല്‍പത്തിനുപകരം ജ്യോത്സ്യന്മാരും തന്ത്രിമാരും ദൈവത്തിനു മുകളിലാണെന്ന തോന്നലാണുണ്ടാക്കുന്നത്‌. ഇത്‌ ദാര്‍ശനികമായി കുറ്റകരമാണ്‌. എന്നാല്‍, ഇതൊക്കെ ലീഗലായും മോറലായും കുറ്റമായി കാണാനുള്ള വികാസം നമ്മുടെ സമൂഹത്തിലുണ്ടാവാന്‍ ഇനിയും കാത്തിരിക്കണം.

ഒരേ തരത്തിലുള്ള ഗ്രഹനിലയ്ക്ക്‌ പത്തു ജ്യോത്സ്യന്മാര്‍ പത്തുരീതിയിലാണ്‌ ഫലം പറയുക. ഉദാഹരണത്തിന്‌ ശനി രണ്ടാംഭാവത്തില്‍ നിന്നാല്‍ കൈകളില്‍ ലോഹങ്ങള്‍ വരുമെന്നാണ്‌ ഒരു ഫലം. ഇവിടെ ലോഹമെന്നാല്‍ സ്വര്‍ണ്ണവും വെള്ളിയുമെന്നാണ്‌ പരക്കെയുള്ള ഒരു ഭാഷ്യം. എന്നാല്‍, അങ്ങനെയല്ല, കൈകളില്‍ വിലങ്ങ്‌ വീഴുമെന്നാണ്‌ മറ്റൊരു ഭാഷ്യം. ചുരുക്കത്തില്‍ രണ്ടിലെ ശനിക്ക്‌ പരസ്‌പരവിരുദ്ധങ്ങളായ നിരവധി ഫലങ്ങളാണ്‌ ഓരോരുത്തരും പ്രവചിക്കുന്നത്‌.
2+2 എന്നത്‌ ലോകത്ത്‌ എവിടെയും ഏതു മതവിശ്വാസി കൂട്ടിയാലും 4 എന്നുതന്നെയായിരിക്കും ഉത്തരം. എന്നാല്‍, രണ്ടാംഭാവത്തില്‍ നില്‍ക്കുന്ന ശനിയുടെ ഫലം അപ്രകാരം ലോകസമ്മതമല്ലായെന്നുളളത്‌ ജ്യോത്സ്യന്മാര്‍ക്കുപോലും അറിവുള്ള വസ്തുതയാണ്‌. ഈ വസ്തുതകള്‍കൊണ്ടാണ്‌ ജ്യോതിഷത്തിന്‌ അത്‌ ശാസ്‌ത്രമാണെന്ന അംഗീകാരം നഷ്‌ടമാകുന്നത്‌.

മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ദൈവത്തെ ബാധിക്കുന്നതല്ല. ബാധിക്കാന്‍ പാടുള്ളതുമല്ല. ഇത്‌ ദൈവത്തെ സംബന്‌ധിച്ച കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബാലപാഠമാണ്‌. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനെയാണ്‌ ബാധിക്കുക. ശബരിമലയിലെ സാഹചര്യങ്ങളുമായി ബന്‌ധപ്പെട്ട്‌ നോക്കിയാല്‍ ഒരുപക്ഷേ, ഒരു വിഭാഗം മനുഷ്യരുടെ പ്രവര്‍ത്തനം മറ്റൊരു വിഭാഗം മനുഷ്യരുടെ വരുമാനത്തെ ബാധിച്ചെന്നിരിക്കും. അതു ദൈവത്തെ, സാക്ഷാല്‍ അയ്യപ്പനെ ബാധിക്കുന്നതല്ല. ദൈവത്തെ അതിലേക്ക്‌ വലിച്ചിഴയ്ക്കുന്നതും നീതീകരിക്കാനാവുന്നതല്ല. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ ദൈവത്തെ ബാധിക്കുകയാണെങ്കില്‍ പിന്നെന്തു ദൈവം?
ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വാസ്തവത്തില്‍ പ്രശ്‌നമല്ല. പ്രശ്‌നങ്ങളുടെ പരിഹാരമാണ്‌ ഏറ്റവും വലിയ പ്രശ്‌നം. ഇന്ന്‌ മനുഷ്യന്‍ അഭിമുഖീകരിക്കുന്നത്‌ ഈ പരിഹാരപ്രശ്‌നങ്ങളെയാണ്‌. ഇപ്പോള്‍ ശബരിമലയും.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: