ഞായറാഴ്‌ച, ഓഗസ്റ്റ് 20, 2006

ബ്ലോഗുലകം - സി.പി.ബിജു (മാതൃഭൂമി ഓണ്‍ലൈന്‍‌)

ബ്ലോഗുലകം

വിദേശത്തു ജീവിക്കുന്ന മലയാളിയുടെ പുതിയ തലമുറ മാതൃഭാഷയ്ക്ക്‌ പുനര്‍ജന്മം നല്‍കുകയാണ്‌. ഇല്ല, മലയാളം മരിക്കുന്നില്ല,
മരിക്കുകയുമില്ല. അതിവേഗം പടര്‍ന്നുപിടിക്കുന്ന 'ബ്ലോഗുകള്‍' എന്ന പുതിയ മാധ്യമത്തില്‍ മലയാളം സ്ഥാനം നേടിക്കഴിഞ്ഞു. സൈബര്‍
ലോകത്ത്‌ സ്വന്തമായി വേദിയുണ്ടാക്കി ആത്മാവിഷ്ക്കാരം നല്‍കുന്ന പുതിയ കാലത്തിന്റെ 'ബുലോഗ' വാസികളെ പരിചയപ്പെടുക

സി.പി.ബിജു

കാക്കത്തൊള്ളായിരം ഡിജിറ്റല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരുപാട്‌ കമ്പ്യൂട്ടറുകളില്‍ അങ്ങിങ്ങായി കിടന്നിരുന്ന ബിറ്റ്‌സുകളെയും ബൈറ്റ്‌സുകളെയും കണ്ടപ്പോള്‍ ദൈവത്തിന്‌ ഒരു കൗതുകം. എന്നാല്‍, ഇവര്‍ക്കു കൂട്ടുകാരെ കൊടുത്താലോ, ദൈവം ചിന്തയിലാണ്ടു. 'ഇ മെയിലുകള്‍ ഉണ്ടാവട്ടെ!' ദൈവത്തിന്റെ ഗര്‍ജനം കേട്ട്‌ കമ്പ്യൂട്ടര്‍ ഡിസ്കുകള്‍ കിടുങ്ങി. അങ്ങനെ ആദ്യത്തെ ഇ മെയില്‍ പോലൊരു മെസ്സേജ്‌ 1965-ല്‍ ഒരു കമ്പ്യൂട്ടറില്‍നിന്നു മറ്റൊന്നിലേക്ക്‌ ചീറിപ്പാഞ്ഞു.
ആല്‍മരത്തില്‍നിന്നു വേരുകള്‍ ഇറങ്ങിവരുംപോലെ ഒരു കമ്പ്യൂട്ടറില്‍ അനവധി കമ്പ്യൂട്ടറുകള്‍ ഘടിപ്പിച്ച അതികായന്‍ കമ്പ്യൂട്ടറായിരുന്നു മെയിന്‍ ഫ്രെയിമുകള്‍.
ഈ മെയിന്‍ ഫ്രെയിമുകള്‍ 'ബുദ്ധി' സ്വന്തമാക്കിവെച്ചിരുന്നു. അതില്‍ ഘടിപ്പിച്ച ബുദ്ധിയില്ലാ കമ്പ്യൂട്ടറുകള്‍, കുറച്ചു വിവരം തരുമോ എന്നുചോദിച്ച്‌ അയച്ച
സനേ്ദശങ്ങളാണത്രെ ആദ്യത്തെ ഇ മെയില്‍ സനേ്ദശങ്ങള്‍...

ബ്ലോഗിങ്ങിന്റെ ഉത്‌പത്തിയും വികാസവും വിവരിക്കുന്ന ഒരു ബ്ലോഗ്‌ പോസ്റ്റിന്റെ തുടക്കമാണിത്‌. കുഞ്ഞിപ്പെണ്ണ്‌ എന്ന പേരില്‍ മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്ന ഇവര്‍ അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറായി ജോലിചെയ്യുന്നു.

ഇന്റര്‍ നെറ്റ്‌ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ അതിവേഗം പടര്‍ന്നു വ്യാപിക്കുന്ന മാധ്യമ തരംഗമാണ്‌ ബ്ലോഗിങ്‌. മലയാളം ബ്ലോഗിങ്ങും ഏറെ ശക്തവും വ്യാപകവുമായിക്കഴിഞ്ഞു.

എന്താണ്‌ ബ്ലോഗിങ്‌ എന്നു മനസ്സിലാക്കണമെങ്കില്‍ ഇന്റര്‍ നെറ്റിനെയും ഇ മെയിലിനെയും കുറിച്ചുള്ള പ്രാഥമിക ജ്ഞാനമെങ്കിലും വേണം. ഇന്റര്‍ നെറ്റിലൂടെ സാധിക്കുന്ന ഒരു ആശയവിനിമയ, പ്രസിദ്ധീകരണ രീതിയാണ്‌ ബ്ലോഗിങ്‌. അത്‌ ആത്മാവിഷ്കാരത്തിനുള്ള ഒരുപാധിയാണ്‌. അനന്തമായ സൈബര്‍ പ്രപഞ്ചത്തിലേക്കു തുറന്നുവെച്ച ഒരു സ്വകാര്യ ഡയറിയാണ്‌. ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനുമുള്ള ഒരു മാധ്യമവും വേദിയുമാണ്‌. ഇന്റര്‍ നെറ്റ്‌ കണക്ഷനുണ്ടെങ്കില്‍ ഒരു പൈസപോലും ചെലവാക്കാതെ ഇതൊക്കെ സാധ്യമാവുന്നു.

ഇന്റര്‍ നെറ്റിലൂടെ പ്രാപിക്കാനാവുന്ന അതീത ലോകത്ത്‌ നമുക്കോരോരുത്തര്‍ക്കും സ്വന്തം ഇടമുണ്ടാക്കാനും അവിടെ ആത്മപ്രകാശനം നടത്താനുമുള്ള രീതിയാണ്‌ ബ്ലോഗിങ്‌. അതിനു കാര്യമായ സാങ്കേതികജ്ഞാനമൊന്നും ആവശ്യമില്ല. ഇ മെയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആര്‍ക്കും ബ്ലോഗുചെയ്യാനുമാവും. ഇ മെയില്‍ രജിസ്റ്റര്‍ ചെയ്ത്‌ സ്വന്തം വിലാസം സ്ഥാപിച്ചെടുക്കുന്നതുപോലെ ആര്‍ക്കും എളുപ്പത്തില്‍ ബ്ലോഗ്‌ തുടങ്ങാവുന്നതേയുള്ളൂ. ബ്ലോഗര്‍, യാഹു തുടങ്ങി ബ്ലോഗ്‌ രജിസ്റ്റര്‍ ചെയ്യാവുന്ന സൈറ്റുകള്‍ അനവധിയുണ്ട്‌. ഒന്നോ രണ്ടോ മിനിറ്റുകൊണ്ട്‌ ആര്‍ക്കും സ്വന്തമായി ബ്ലോഗു തുടങ്ങാം. ഒരാള്‍ക്ക്‌ നിരവധി ഇ മെയില്‍ ഐഡികള്‍ ഉണ്ടാക്കാവുന്നതുപോലെ നിരവധി ബ്ലോഗുകളും തുടങ്ങാം. സ്വന്തം പേരുവിവരങ്ങള്‍ വെളിപ്പെടുത്താനോ മറച്ചുവെക്കാനോ സ്വാതന്ത്ര്യമുണ്ട്‌. മലയാളത്തില്‍ ബ്ലോഗുചെയ്യുന്ന പ്രമുഖരായ വക്കാരിമഷ്ടാ, കുഞ്ഞിപ്പെണ്ണ്‌ തുടങ്ങി പലരും അജ്ഞാതരായി കഴിയാന്‍ ഇഷ്ടപ്പെടുന്നവരാണ്‌. അതേസമയം ഉമേഷ്‌, സിബു, അരവിന്ദന്‍, ജ്യോതിര്‍മയി, അതുല്യ തുടങ്ങിയവരൊക്കെ സ്വന്തം പേരില്‍ത്തന്നെ ബ്ലോഗുചെയ്യുന്നു. വിശാലമനസ്കന്‍, പെരിങ്ങോടന്‍, ശനിയന്‍,
കുറുമാന്‍, കല്ലേച്ചി തുടങ്ങി ഒട്ടേറെപ്പേര്‍ കളിപ്പേരുകളിലാണ്‌ ബ്ലോഗുചെയ്യുന്നതെങ്കിലും തികഞ്ഞ അജ്ഞാതവാസക്കാരല്ല.

സ്വന്തമായി ബ്ലോഗു തുടങ്ങിക്കഴിഞ്ഞാല്‍ സൈബര്‍ ലോകത്ത്‌ നാമൊരു വേദി സ്വന്തമാക്കിക്കഴിഞ്ഞു. അവിടെ ആത്മപ്രകാശനത്തിനായി എന്തും ചെയ്യാം. കഥകള്‍ പറയാം, കവിതകളെഴുതാം, പാട്ടുകള്‍ പാടാം, ചിത്രങ്ങള്‍ വരയ്ക്കാം, ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാം, വീഡിയോ ദൃശ്യങ്ങളവതരിപ്പിക്കാം, ചര്‍ച്ചകള്‍ നടത്താം അങ്ങനെയങ്ങനെ. ബ്ലോഗില്‍ നമ്മുടെ രചനകള്‍ നല്‍കുന്നതിന്‌ 'പോസ്റ്റ്‌' എന്നു പറയുന്നു.

പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ അമേരിക്കയില്‍ ബ്ലോഗിങ്‌ ശക്തമായിത്തുടങ്ങിയത്‌. അവിടെ സ്വാത്‌മോര്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന
ജസ്റ്റിന്‍ ഹാള്‍ ആദ്യത്തെ ബ്ലോഗര്‍മാരിലൊരാളാണ്‌. ബ്രാഡ്‌ഫിറ്റ്‌സ്‌ പാര്‍ക്ക്‌, ജോണ്‍ കാര്‍മാക്ക്‌ തുടങ്ങിയവരും ആദ്യകാല ബ്ലോഗര്‍മാരില്‍പ്പെടുന്നു. അമേരിക്കയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബ്ലോഗര്‍മാര്‍ കാര്യമായ സ്വാധീനം ചെലുത്തിയതോടെയാണ്‌ ബ്ലോഗിങ്ങിന്റെ സാധ്യതകളെയും പ്രാധാന്യത്തെയും കുറിച്ച്‌ ലോകം കൂടുതലറിഞ്ഞത്‌.മുംബൈ സ്ഫോടനങ്ങള്‍ക്കു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത്‌ ബ്ലോഗുകള്‍ക്കു നിരോധനമേര്‍പ്പെടുത്തിയിരുന്നു. 153 ഇന്റര്‍ നെറ്റ്‌ സേവനദാതാക്കള്‍ 17 വെബ്‌ സൈറ്റുകള്‍ തടഞ്ഞു. ഈ സംഭവം വന്‍ പ്രതിഷേധമുയര്‍ത്തി. ബ്ലോഗിങ്ങിന്‌ രാജ്യത്തു കൂടുതല്‍ പ്രചാരം കിട്ടാനും ഈ നിരോധനം സഹായിച്ചു. എല്ലാ നിരോധനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമപ്പുറത്ത്‌ സ്വാതന്ത്ര്യത്തിന്റെ ഒരു പുതുലോകമുയര്‍ത്തുകയാണ്‌ ബ്ലോഗിങ്‌. മിക്കയിടത്തും ബ്ലോഗര്‍മാര്‍ സഭ്യതയുടെയും ആത്മനിയന്ത്രണത്തിന്റെയും തികഞ്ഞ മര്യാദകള്‍ പാലിക്കുന്നുണ്ട്‌. സ്വയം നിയന്ത്രണത്തിന്റെയും സൗഹൃദത്തിന്റെയും ഒരു സുരഭില ലോകമാണ്‌ മലയാളികളുടെ ബ്ലോഗുലകം. ടെലിവിഷന്‍ ചാനലായാലും പത്ര പ്രസിദ്ധീകരണങ്ങളായാലും വെബ്‌പോര്‍ട്ടലുകളായാലും അതിനൊക്കെ എഡിറ്റര്‍മാരും
നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ ബ്ലോഗിങ്ങില്‍ ഇത്തരമൊരു കേന്ദ്രീകൃത നിയന്ത്രണമില്ല. നമ്മുടെ ബ്ലോഗില്‍ നമുക്കിഷ്ടമുള്ള എന്തും പ്രസിദ്ധീകരിക്കാം. അത്‌ വാര്‍ത്തയോ വിമര്‍ശനമോ ആകാം, കഥയോ കവിതയോ ആകാം, ജ്യോതിഷമോ ടെക്‌നോളജിയോ ആകാം. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന സമാനഹൃദയര്‍ അവിടേക്ക്‌ എത്തിച്ചേരും. ബ്ലോഗുവായിക്കുന്ന സന്ദര്‍ശകര്‍ക്ക്‌ കമന്റുകള്‍ രേഖപ്പെടുത്താനും അവസരമുണ്ട്‌. നമ്മുടെ ബ്ലോഗില്‍ ഒരാളെഴുതിയ കമന്റ്‌ നമുക്കിഷ്ടപ്പെട്ടില്ലെങ്കില്‍ അതു നീക്കം ചെയ്യാനും കമന്റുകള്‍ നിയന്ത്രിക്കാനും കഴിയും. ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ മാധ്യമ പ്രസ്ഥാനമായ ഗൂഗ്ല്‌ ആണ്‌ ബ്ലോഗര്‍മാര്‍ക്കു പ്രോത്സാഹനവും സൗകര്യവും നല്‍കുന്നത്‌. ഏറ്റവും വലിയ പ്രസ്ഥാനമായിരിക്കുമ്പോള്‍ കുത്തകയുടെ സ്വഭാവം ഒട്ടു പ്രകടിപ്പിക്കാതിരിക്കുകയും കുത്തകകളെ തകര്‍ക്കുകയും ചെയ്യുന്ന ഗൂഗ്‌ളിന്റെ ബ്ലോഗര്‍ എന്ന സംവിധാനമാണ്‌ ലോകത്തേറ്റവുമധികം ബ്ലോഗര്‍മാര്‍ ഉപയോഗിക്കുന്നത്‌.

'ബ്ലോഗര്‍ ഡോട്ട്‌ കോം' എന്ന സൈറ്റില്‍ സൈന്‍ അപ്ചെയ്താല്‍ മൂന്നു സ്റ്റെപ്പുകളിലൂടെ ആര്‍ക്കും ഒരു ബ്ലോഗ്‌ ഉണ്ടാക്കാം. ഇന്റര്‍നെറ്റില്‍ വരമൊഴി ഡൗണ്‍ ലോഡ്‌ ചെയ്താല്‍ മലയാളത്തില്‍ കമ്പോസുചെയ്യാനും കഴിയും. മലയാളം ബ്ലോഗിങ്‌ തുടങ്ങാന്‍ ഇത്രയേ വേണ്ടൂ. എന്തെങ്കിലും സംശയങ്ങളുണ്ടായാല്‍ അതു പരിഹരിക്കാന്‍ സഹായഹസ്തങ്ങളുമായി മുതിര്‍ന്ന ബ്ലോഗര്‍മാര്‍ ബൂലോഗത്ത്‌ എപ്പോഴുമുണ്ട്‌. നാളത്തെ പ്രസിദ്ധീകരണങ്ങളും മാധ്യമങ്ങളുമായി വികസിക്കാനിടയുള്ള ബ്ലോഗുകളുടെ ലോകം നവാഗതര്‍ക്കായി കാത്തിരിക്കുകയാണ്‌.

ഇറാഖ്‌ യുദ്ധകാലത്ത്‌ ബാഗ്ദാദില്‍നിന്ന്‌ റിവര്‍ബെന്‍ഡ്‌ എന്ന പേരില്‍ 24 കാരിയായൊരു യുവതി ബാഗ്ദാദ്‌ ബേണിങ്‌ എന്നൊരു ബ്ലോഗ്‌ തുടങ്ങിയിരുന്നു. മറ്റൊരു
മാധ്യമത്തിലും വരാത്ത ഒട്ടനവധി വിവരങ്ങള്‍ ആ ബ്ലോഗിലൂടെ പുറത്തുവന്നിരുന്നു. ഈ അജ്ഞാത യുവതിയുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ വായിക്കാന്‍ ലോകമെമ്പാടുമുള്ളവര്‍ ഇന്റര്‍നെറ്റിലെത്തിയിരുന്നു.

സുനാമി ഉണ്ടായപ്പോള്‍ മുംബൈയിലെ മൂന്നുപേര്‍ ചേര്‍ന്ന്‌ 'സുനാമി ഹെല്‍പ്പ്‌' എന്നൊരു ബ്ലോഗ്‌ തുടങ്ങി. സുനാമി വാര്‍ത്തകള്‍ നല്‍കുക, ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, സഹായങ്ങള്‍ എത്തിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. മറ്റൊരു മാധ്യമത്തിനും സാധിക്കാത്ത വിധം അതിവിപുലമായ വിധത്തില്‍ സുനാമി വാര്‍ത്തകള്‍ നല്‍കാന്‍ ആ ബ്ലോഗിനു കഴിഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പേരാണ്‌ ആ ബ്ലോഗിലെത്തിയത്‌.

ഇപ്പോള്‍ ഇസ്രായേല്‍ ലെബനനില്‍ നടത്തുന്ന കടന്നാക്രമണങ്ങളെക്കുറിച്ച്‌ കാര്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്‌ ബ്ലോഗുകള്‍. ലബനനില്‍ കഴിയുന്ന നിരവധി സാധാരണക്കാര്‍ സ്വന്തം ബ്ലോഗുകളിലൂടെ ദുരിതവിവരണങ്ങള്‍ നല്‍കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഇത്ര വിപുലമായി പ്രവര്‍ത്തിക്കാനാവില്ല. ലബനനില്‍ യുദ്ധദുരിതമനുഭവിക്കുന്ന സനാ അല്‍ഖലീല്‍ എന്ന ചിത്രകാരിയുടെ ബ്ലോഗില്‍നിന്നുള്ള വിവരങ്ങള്‍ മലയാളത്തിലെ പ്രസിദ്ധീകരണങ്ങളില്‍പ്പോലും വന്നുകഴിഞ്ഞു.

ദുരന്ത കേന്ദ്രങ്ങളില്‍നിന്നു വാര്‍ത്തയെത്തിക്കാനുള്ള സംവിധാനമല്ല ബ്ലോഗ്‌. മുഖ്യമായും അത്‌ ഒരു ആത്മാവിഷ്കാര മാധ്യമമാണ്‌. സൈബര്‍ സ്പേസിലെ ഇന്ത്യന്‍ സംഗീത കൂട്ടായ്മയായ 'ബ്ലോഗ്‌സ്വര' നല്ലൊരുദാഹരണം. ലോകത്തിന്റെ പല ഭാഗങ്ങളിലായി കഴിയുന്ന സംഗീത പ്രേമികളുടെ ഇന്റര്‍നെറ്റ്‌ കൂട്ടായ്മയാണ്‌ ബ്ലോഗ്‌സ്വര. മലയാളിയായ പ്രദീപ്‌ സോമസുന്ദരമാണ്‌ ബ്ലോഗ്‌സ്വരയിലെ ഒരു പ്രമുഖന്‍. അദ്ദേഹത്തിന്റെ ബ്ലോഗ്‌ 'പ്രദീപ്‌ കി ആവാസ്‌ സുനോ'. തമിഴ്‌നാട്ടുകാരനായ സെന്തിലും പ്രദീപുമാണ്‌ ബ്ലോഗ്‌ സ്വരയുടെ തുടക്കക്കാര്‍. ലോകത്തിന്റെ ഒരു ഭാഗത്തിരുന്ന്‌ ഒരാള്‍ പാട്ടെഴുതി ബ്ലോഗില്‍
പോസ്റ്റുചെയ്യുന്നു. മറ്റേതോ ലോകത്തിരുന്ന്‌ അതു വായിക്കുന്നയാള്‍ സംഗീതം പകരുന്നു. ഇതുരണ്ടും കൂട്ടിച്ചേര്‍ത്ത്‌ ചിട്ടപ്പെടുത്തുന്നത്‌ മൂന്നാമതൊരാള്‍. ഇനിയും, അത്‌ സ്വന്തം വീട്ടിലിരുന്നു പാടി റെക്കോഡ്‌ ചെയ്ത്‌ ബ്ലോഗിലിടുന്നത്‌ നാലാമതൊരാളാവും.

കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇപ്പോഴും ഭയന്നുനില്‍ക്കുന്നവരുണ്ട്‌. സാങ്കേതിക വൈദഗ്ദ്ധ്യവും അനായാസം ഇംഗ്ലീഷ്‌ കൈകാര്യം
ചെയ്യാന്‍ കഴിവുമുണ്ടെങ്കിലേ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാനാവൂ എന്ന്‌ അവര്‍ ഭയക്കുന്നു. ടെലിവിഷനോ മൊബെയില്‍ ഫോണോ ഉപയോഗിക്കാന്‍ വേണ്ട സാങ്കേതിക ജ്ഞാനമേ ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്‌ ആവശ്യമുള്ളൂ. ഇന്റര്‍നെറ്റിന്റെ സ്വാഭാവിക ഭാഷ ഇംഗ്ലീഷ്‌ തന്നെ. എങ്കിലും ഇന്ന്‌ മലയാളമുള്‍പ്പെടെ മിക്ക ലോകഭാഷകളും അതിനു വഴങ്ങും. ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും ഭാഷാപണ്ഡിതരും ചേര്‍ന്ന്‌ ഉണ്ടാക്കിയ യൂണികോഡ്‌ സംവിധാനത്തിനു വഴങ്ങുന്ന ഫോണ്ടില്‍ മലയാളം ടൈപ്പുചെയ്യണമെന്നുമാത്രം. മലയാളം കീബോര്‍ഡ്‌ വഴങ്ങാത്തവര്‍ക്ക്‌ ഇംഗ്ലീഷ്‌ കീബോര്‍ഡിലും മലയാളം എഴുതാം. ചാലക്കുടിയിലെ തലോറില്‍ നിന്ന്‌ അമേരിക്കയിലെത്തി ജോലി ചെയ്യുന്ന സിബു സി.ജെ. രൂപം നല്‍കിയ വരമൊഴി സോഫ്റ്റ്‌ വെയര്‍ ഉപയോഗിച്ചാണ്‌ ഇംഗ്ലീഷ്‌ കീബോര്‍ഡില്‍ മലയാളം ടൈപ്പുചെയ്യുന്നത്‌. മലയാളം ബ്ലോഗുകാര്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത്‌ വരമൊഴിയാണ്‌.

ഇന്റര്‍നെറ്റ്‌ ഒരുക്കുന്ന അതീത സൈബര്‍ലോകത്ത്‌ നമുക്കോരോരുത്തര്‍ക്കും ഓരോ ഡയറി നീക്കി വെച്ചിരിക്കുന്നതാണ്‌ ബ്ലോഗ്‌ എന്നു പറയുന്നത്‌. ഈ ഡയറിയില്‍ നമുക്കു സര്‍ഗാവിഷ്കാരം നടത്താം. സമാനഹൃദയര്‍ നമ്മുടെ ഡയറി സന്ദര്‍ശിച്ച്‌ വായിച്ചുകൊള്ളും. അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കും. പ്രോത്സാഹിപ്പിക്കും. കുറ്റവും കുറവുകളും തിരുത്തി നിര്‍ദേശങ്ങള്‍ തരും.

മലയാളം ബ്ലോഗുകള്‍ പ്രചാരത്തിലായിട്ട്‌ ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. അമേരിക്കയിലും ഗള്‍ഫിലുമുള്ള കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാരാണ്‌ മലയാളം ബ്ലോഗിങ്ങിനെ താലോലിച്ചു വളര്‍ത്തുന്നത്‌. ബ്ലോഗിങ്ങിന്റെ ലോകം ഇംഗ്ലീഷില്‍ ബ്ലോഗോസ്ഫിയര്‍ എന്നാണറിയപ്പെടുന്നത്‌. മലയാളത്തിലാകട്ടെ ഇത്‌ 'ബുലോഗ'മാണ്‌. അവിടെ 'ബ്ലോഗുന്ന'വരെ 'ബ്ലോഗ'ന്മാരെന്നും 'ബ്ലോഗിനി'കളെന്നും വിളിക്കുന്നു. അഞ്ഞൂറില്‍ താഴെ ബ്ലോഗര്‍മാരേ ഉള്ളൂവെങ്കിലും വിഷയ വൈവിധ്യം കൊണ്ടും സ്നേഹസൗഹൃദങ്ങള്‍ കൊണ്ടും അതിസമ്പന്നമാണ്‌ 'ബുലോഗം'.

കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാര്‍, ആര്‍ട്ടിസ്റ്റുകള്‍, ഗവേഷണ വിദ്യാര്‍ഥികള്‍, ജേണലിസ്റ്റുകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, കര്‍ഷകര്‍
എന്നിങ്ങനെ 'ബുലോഗത്തെ' പ്രജാവൈവിധ്യവും ശ്രദ്ധേയം തന്നെ. ആഗസ്ത്‌ ആദ്യവാരത്തിലെ നിരീക്ഷണമനുസരിച്ച്‌ നിത്യേന നാലഞ്ചുപേരെങ്കിലും ബൂലോഗത്ത്‌ ഹരിശ്രീ കുറിക്കുന്നു.

'വക്കാരിമഷ്ടാ' എന്ന പേരില്‍ മലയാളത്തില്‍ ബ്ലോഗുന്നത്‌ ജപ്പാനിലുള്ള ഒരു ഗവേഷണ വിദ്യാര്‍ഥിയാണ്‌. തന്നെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ 'വക്കാരി' വെളിപ്പെടുത്തുന്നില്ല. "ജപ്പാനിലെത്തി കുറെക്കാലത്തേക്ക്‌ ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ കുറേശ്ശെ മനസ്സിലായിത്തുടങ്ങി... വക്കാരിമഷ്ടാ" ജാപ്പനീസ്‌ ഭാഷയില്‍ വക്കാരിമഷ്ടാ എന്നു പറഞ്ഞാല്‍ 'മനസ്സിലായി' എന്നര്‍ഥം. ബുലോഗത്തെ സജീവ സാന്നിധ്യങ്ങളിലൊന്നാണ്‌ വക്കാരിയുടേത്‌. സ്വന്തം ബ്ലോഗില്‍ എഴുതുന്നതിനേക്കാള്‍ കമന്റുകളെഴുതുന്നതാണ്‌ ഏറെ പ്രിയം. അതുകൊണ്ട്‌ ബുലോഗത്തെവിടെയുമുണ്ട്‌ വക്കാരിയുടെ സാന്നിധ്യം.

പത്തനംതിട്ടയിലെ ഇലന്തൂരില്‍നിന്ന്‌ അമേരിക്കയിലെ ഒറിഗോണിലെത്തി ജോലിചെയ്യുന്ന കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍ ഉമേഷ്‌ പി. നായര്‍ക്ക്‌ ബുലോഗത്ത്‌ ഒരു ആചാര്യന്റെ സ്ഥാനമാണുള്ളത്‌. ഭാരതത്തിന്റെ ശാസ്ത്ര പൈതൃകത്തെപ്പറ്റി അഭിമാനിക്കുന്ന ഉമേഷ്‌ അതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഗുരുകുലം എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. ഭാരതീയ ഗണിതം, ജ്യോതിശ്ശാസ്ത്രം, ഛന്ദശ്ശാസ്ത്രം തുടങ്ങി പലതും. അതിവിപുലമായ ഒരു അക്ഷരശ്ലോകസമാഹാരവുമുണ്ട്‌ ഗുരുകുലത്തില്‍. സുഭാഷിതത്തില്‍ സംസ്കൃത, മലയാള ശ്ലോകങ്ങള്‍ അര്‍ഥം വിശദീകരിച്ച്‌ പ്രസിദ്ധീകരിക്കുന്നു. കാളിദാസന്റേതുള്‍പ്പെടെയുള്ള ശ്ലോകങ്ങള്‍ക്ക്‌ നാലും അഞ്ചും പരിഭാഷകളാണ്‌ കമന്റുകളായി എത്തുന്നത്‌. റഷ്യനില്‍നിന്നും ഇംഗ്ലീഷില്‍നിന്നുമുള്ള കവിതാവിവര്‍ത്തനങ്ങളുമുണ്ട്‌ ഉമേഷിന്റെ ബ്ലോഗില്‍.

'ദേവരാഗം' എന്ന പേരില്‍ ബ്ലോഗുചെയ്യുന്ന ദേവാനന്ദ്‌ പിള്ള കുണ്ടറ സ്വദേശിയാണ്‌. 'ആയുരാരോഗ്യം' എന്ന ബ്ലോഗില്‍ വൈദ്യശാസ്ത്ര സംബന്ധമായലേഖനങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുന്നു. 'തണുപ്പന്‍' എന്ന ബ്ലോഗര്‍ റഷ്യയില്‍നിന്നാണ്‌ ബുലോഗത്തെത്തുന്നത്‌. പാലക്കാട്ടുനിന്ന്‌ പുണെയിലെത്തി ജോലി ചെയ്യുന്ന ഷിജു അലക്സിന്റെ 'അനന്തം അജ്ഞാതം അവര്‍ണനീയം' എന്ന ബ്ലോഗില്‍ അതിസങ്കീര്‍ണമായ ജ്യോതിശ്ശാസ്ത്ര വിവരങ്ങള്‍ വളരെ ലളിതമായി ചിത്രങ്ങളുടെയും ഗ്രാഫിക്കുകളുടെയും സഹായത്തോടെ വിവരിക്കുന്നു.

നെയ്യാറ്റിന്‍കരയിലെ കര്‍ഷകനായ ചന്ദ്രശേഖരന്‍ ബുലോഗത്തെ മുതിര്‍ന്ന അംഗങ്ങളിലൊരാളാണ്‌. റബ്ബറും തെങ്ങും ഉള്‍പ്പെടെ കേരളത്തിലെ കാര്‍ഷിക
മേഖലയെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ ഇവിടെയുണ്ട്‌.

പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍ എന്ന ബ്ലോഗില്‍ മലയാളത്തിലെ വിവിധ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളെ കണിശമായി വിശകലനം ചെയ്യുന്നു. ഉമേഷ്‌, മഞ്ജിത്ത്‌,
കുട്ട്യേടത്തി, ഏവൂരാന്‍, കുറുമാന്‍, വക്കാരിമഷ്ടാ എന്നിവരാണ്‌ ഈ ബ്ലോഗിലെ മുഖ്യ സഹകാരികള്‍. 'കറിവേപ്പില' എന്ന പേരില്‍ രുചികരമായ പാചകക്കുറിപ്പുകള്‍ എഴുതി ചിത്രം സഹിതം പ്രസിദ്ധീകരിക്കുന്നത്‌ കണ്ണൂരിലെ ഒരു വീട്ടമ്മ. ബാംഗ്ലൂരില്‍ അധ്യാപികയായ ജ്യോതിര്‍മയിയുടെ 'ജ്യോതിര്‍ഗമ' എന്ന ബ്ലോഗില്‍ സംസ്കൃത ശ്ലോകങ്ങളും കവിതകളുമാണ്‌ ഏറെ. ഡല്‍ഹിയില്‍നിന്നു ബ്ലോഗ്‌ ചെയ്യുന്ന പാര്‍വതിയുടെ 'മഴവില്ലും മയില്‍പ്പീലിയും' എന്ന ബ്ലോഗില്‍ നിറയെ കഥകളും കവിതകളുമാണ്‌.

പത്രപ്രവര്‍ത്തകനായ എന്‍.പി.രാജേന്ദ്രന്റെ ബ്ലോഗില്‍ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങള്‍ വായിക്കാം.

കലേഷ്‌കുമാറിന്റെ 'സാംസ്കാരികം' എന്ന ബ്ലോഗില്‍ മലയാളത്തിലെ പത്രമാധ്യമങ്ങളില്‍നിന്നുള്ള പ്രമുഖ ലേഖനങ്ങളും കുറിപ്പുകളും മറ്റും ഉദ്ധരിക്കുന്നു. ബൂലോഗത്തെ സൂപ്പര്‍ഹിറ്റുകള്‍ വിശാലമനസ്കന്റെയും അരവിന്ദന്റെയും പോസ്റ്റുകളാണ്‌. തൃശ്ശൂര്‍ കൊടകരയില്‍നിന്ന്‌ ദുബായിലെത്തി ജോലിചെയ്യുന്ന സജീവ്‌
എടത്താടനാണ്‌ വിശാലമനസ്കന്‍ എന്ന പേരില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നത്‌. പത്തനംതിട്ടയിലെ വെണ്ണിക്കുളത്തുനിന്ന്‌ ഗള്‍ഫിലെത്തി ജോലിചെയ്യുന്നു അരവിന്ദന്‍. സ്വന്തം ഗ്രാമത്തില്‍നിന്നും ജീവിതത്തില്‍നിന്നുമുള്ള അതീവ രസകരമായ ചെറു സംഭവങ്ങളാണ്‌ അത്യാകര്‍ഷകമായ ഭാഷയില്‍ തികഞ്ഞ ആഖ്യാനപാടവത്തോടെ ഇവര്‍ അവതരിപ്പിക്കുന്നത്‌. പലപ്പോഴും ഇവരുടെ പ്രയോഗങ്ങളും നര്‍മഭാവനകളും വി.കെ.എന്‍. സാഹിത്യത്തോടു കിടപിടിക്കുന്നു. വിശാല മനസ്കന്റെ ബ്ലോഗില്‍ ഏറ്റവും ചുവടെ കാണുന്നതിങ്ങനെ: "എടത്താടന്‍ മുത്തപ്പന്‍ ഈ ബ്ലോഗിന്റെ നാഥന്‍!"

വിശാലമനസ്കന്റെ 'കൊടകര പുരാണം' ബുലോഗത്തിനു പുറത്തും ഇന്റര്‍നെറ്റില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്‌. ബുലോഗ ഗ്രന്ഥശാലയില്‍ ഇപ്പോള്‍ രണ്ടു പുസ്തകങ്ങളുണ്ട്‌. പെരിങ്ങോടന്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന നീട്ടിയത്തു രാജ്‌നായരുടെ 'പെരിങ്ങോടന്റെ കഥകളും' 'കൊടകര പുരാണവും'. ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ സമാഹാരമാണ്‌ ഇതു രണ്ടും.

ഇന്റര്‍നെറ്റിന്റെ അതിവിശാല പ്രപഞ്ചത്തില്‍ അവിടവിടെ ചിതറിക്കിടക്കുന്ന മലയാളം ബ്ലോഗുകളെ തപ്പിയെടുത്ത്‌ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനുള്ള ശ്രമങ്ങളാണ്‌ കേരള ബ്ലോഗ്‌ റോള്‍, തനി മലയാളം ബുലോഗചുരുള്‍ തുടങ്ങിയവ. അമേരിക്കയിലുള്ള ഏവൂരാന്‍, ശനിയന്‍ എന്നീ ബ്ലോഗര്‍മാര്‍, ഗള്‍ഫിലെ അനിലന്‍ തുടങ്ങിയവരാണ്‌ ഇത്തരം ഏകീകരണത്തിനു വേണ്ട സാങ്കേതിക പ്രവൃത്തികള്‍ ചെയ്യുന്നത്‌. ഗള്‍ഫില്‍ ജോലിചെയ്യുന്ന തൃശ്ശൂര്‍ സ്വദേശി വിശ്വപ്രഭ, കൊച്ചിയിലെ അതുല്യ തുടങ്ങിയവരും ബുലോഗ കൂട്ടായ്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി കാര്യമായി പ്രവര്‍ത്തിക്കുന്നു.

ഇന്റര്‍നെറ്റില്‍ മലയാളം എഴുതാം എന്ന താത്‌പര്യമാണ്‌ മിക്ക ബ്ലോഗര്‍മാരെയും ഇവിടേക്ക്‌ ആകര്‍ഷിച്ചത്‌. ചിക്കാഗോയില്‍നിന്നു ബ്ലോഗെഴുതുന്ന 'സൊലീറ്റയുടെ
മമ്മി'യും ഡാഡിയും ഉള്‍പ്പെടെ മിക്കവരുടെയും പ്രചോദനം മലയാളത്തോടുള്ള സ്നേഹംതന്നെ. മലയാളം മരിച്ചു, മരിക്കും എന്നൊക്കെയുള്ള വിലാപങ്ങള്‍ക്കു ചുട്ട മറുപടിയാണ്‌ ലോകമെമ്പാടുമുള്ള മലയാളികള്‍, പ്രത്യേകിച്ച്‌ യുവാക്കള്‍ നമ്മുടെ ലിപിയോടും ഭാഷയോടും പ്രകടിപ്പിക്കുന്ന സ്നേഹം. മൈക്രോസോഫ്റ്റും മോട്ടോറോളയുമൊക്കെപ്പോലുള്ള വന്‍സ്ഥാപനങ്ങളില്‍ ജോലിചെയ്ത്‌ എല്ലാ സുഖസമ്പത്തുകളോടുംകൂടി ഗള്‍ഫിലും അമേരിക്കയിലും കഴിയുന്നവരാണു മിക്കവരും. കടുത്ത ജോലിത്തിരക്കുകളും ടെന്‍ഷനുകളുമുള്ളവര്‍. അതിനിടയില്‍ അവര്‍ സമയം കണ്ടെത്തി മലയാളത്തില്‍ ബ്ലോഗെഴുതുന്നു. കാളിദാസകൃതികള്‍ വായിച്ചു ചര്‍ച്ചചെയ്യുന്നു. മലയാളം ശരിയായി പ്രയോഗിക്കേണ്ടതെങ്ങനെ എന്നു സംശയം വരുമ്പോള്‍ കുട്ടികൃഷ്ണമാരാരുടെ പുസ്തകം തേടിപ്പിടിച്ചു വായിക്കുന്നു. ബുലോഗ മലയാളികള്‍ക്കു സംശയം തീര്‍ക്കാനായി മാരാരുടെ കൃതിയില്‍നിന്ന്‌ വിപുലമായി ഉദ്ധരിക്കുന്നു. നാട്ടില്‍നിന്ന്‌ ഏറെയകന്ന്‌ ഭാഷയോടോ സാഹിത്യത്തോടോ പുലബന്ധം പോലുമില്ലാത്ത, ജോലിചെയ്ത്‌ തിരക്കിട്ട ജീവിതം നയിക്കുന്ന കമ്പ്യൂട്ടര്‍ പ്രൊഫഷനലുകളും സാങ്കേതിക വിദഗ്ദ്ധരുമൊക്കെയാണ്‌ ബൂലോഗത്തിന്റെ
ശക്തിസ്രോതസ്സുകള്‍.

തികഞ്ഞ അനൗപചാരികതയും സ്വാതന്ത്ര്യവും പരസ്പര ബഹുമാനവും സ്നേഹവുമാണ്‌ ബുലോഗത്തു സൗരഭ്യം ചൊരിയുന്നത്‌. ആ സ്നേഹസൗഹൃദങ്ങളാണ്‌ ലോകത്തെമ്പാടും ബൂലോഗസംഗമങ്ങള്‍ നടത്താന്‍ 'ബുലോഗവാസി'കളെ പ്രചോദിപ്പിച്ചത്‌. ചിക്കാഗോയിലും ഷാര്‍ജയിലും ദുബായിലും ഹൈദരാബാദിലും ബാംഗ്ലൂരിലും കൊച്ചിയിലുമൊക്കെ ബുലോഗ സംഗമങ്ങള്‍ നടന്നുകഴിഞ്ഞു. പരമാവധി സ്വാതന്ത്ര്യവും പരമാവധി സ്വകാര്യതയും ഒരേ സമയത്ത്‌ അനുവദിക്കുന്ന ഒരു ധീര നൂതന ലോകമായി ബ്ലോഗുകളുടെ പ്രപഞ്ചം വികസിക്കുകയാണ്‌.

ശ്രദ്ധയാകര്‍ഷിച്ച ഏതാനും മലയാളം ബ്ലോഗ്ഗുകള്‍

http://kodakarapuranams.blogspot.com http://malayalam.usvishakh.net/blog
http://arkjagged.blogspot.com http://suryagayatri.blogspot.com
http://jyothisasthram.blogspot.com http://sakshionline.blogspot.com
http://boologaclub.blogspot.com/

വിവിധവിഷയങ്ങള്‍ സംബന്ധിച്ച ബ്ലോഗ്ഗുകള്‍

കഥകള്‍: http://kathakal.blogspot.com
അക്ഷരശ്ലോകം:http://aksharaslokam.blogspot.com
കാര്‍ട്ടൂണ്‍: http://kumarnm.blogspot.com/
പ്രവാസിജീവിതം: http://sgkalesh.blogspot.com/
ടെക്നോളജി:http://linux-n-malayalam.blogspot.com/
നോസ്റ്റാള്‍ജിയ: http://thulasid.blogspot.com/
നോവല്‍ : http://anazkk.spaces.live.com/
കൃഷി: http://kaarshikam.blogspot.com/
ഭാഷാഗവേഷണം: http://varamozhi.blogspot.com/
പുസ്തകപരിചയം: http://indulekha.blogspot.com/
ദേവാലയചരിത്രം: http://stmarysprakkanam.blogspot.com/
ആരോഗ്യം:http://arogyam.blogspot.com/
വാര്‍ത്താവിമര്‍ശനം:http://visvaasyatha.blogspot.com/


കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍

2 അഭിപ്രായങ്ങൾ:

യാമിനിമേനോന്‍ പറഞ്ഞു...

ഈ പോസ്റ്റ് പുതിയ ബ്ലോഗ്ഗറായ എനിക്ക് ബ്ലോഗ്ഗുകളെപറ്റി അറിയുവാന്‍ വളരെയധികം ഉപകാരപ്പെട്ടു.

അഭിനന്ദനങ്ങള്‍

siyad 4s പറഞ്ഞു...

ഈ പോസ്റ്റ് ബ്ലോഗുകളെപ്പറ്റി ശരിയായ അറിവ് നൽകാൻ എന്നെ സഹായിച്ചു
അഭിനന്ദനങ്ങൾ