ചൊവ്വാഴ്ച, ഓഗസ്റ്റ് 22, 2006

ഉസ്‌താദ്‌ ബിസ്‌മില്ലാഖാന്‍- സംഗീത മഹാഗുരു

ഉസ്‌താദ്‌ ബിസ്‌മില്ലാഖാന്‍- സംഗീത മഹാഗുരു

ഡോ.കെ. രാജീവ്‌

ഷെഹ്‌നായ്‌ എന്നാല്‍ ബിസ്‌മില്ലാഖാനാണ്‌; ബിസ്‌മില്ലാഖാന്‍ എന്നാല്‍ ഷെഹ്‌നായ്‌ ആണ്‌.

ഉസ്‌താദ്ബിസ്‌മില്ലാഖാന്‍ ഷെഹ്‌നായ്‌ വായിക്കുമ്പോള്‍ ആ കരിങ്കുഴലിലൂടെ ഒഴുകിയെത്തുന്നത്‌ അദ്ദേഹത്തിന്റെ വ്യക്‌തിത്വമാണ്‌. പ്രസാദത്താല്‍ വികസ്വരമായ മുഖം, പ്രസന്നശീലം, ബാല്യകൗതുകം തിളങ്ങുന്ന നോട്ടം, ആഹ്‌ളാദം തുളുമ്പുന്ന നാടന്‍വര്‍ത്തമാനശൈലി - ഇതൊക്കെക്കലര്‍ന്ന ആ കുഴലൂത്തുകാരനെയും അദ്ദേഹത്തിന്റെ സംഗീതത്തെയും ഒരിക്കലെങ്കിലും കാണുകയും കേള്‍ക്കുകയും ചെയ്‌തവര്‍ക്ക്‌ സ്‌നേഹിക്കാതെ വയ്യ. ശിശുസഹജമായ ആര്‍ജവവും ആത്‌മാര്‍ത്ഥമായ വിനയവും ഒത്തിണങ്ങിയ ആ വ്യക്‌തിത്വം മണ്‍മറഞ്ഞ ഒരു മഹാസംസ്കാരത്തിന്റെ സുഗന്‌ധം ചൊരിയുന്നു.

ഇന്ത്യയിലെന്നല്ല വിദേശരാജ്യങ്ങളിലും സംഗീതവേദികളില്‍ ഷെഹ്‌നായിക്കു സ്ഥാനക്കയറ്റം നേടിക്കൊടുത്തതിന്റെ ബഹുമതി പൂര്‍ണമായും ബിസ്‌മില്ലാഖാനുള്ളതാണ്‌. അര്‍ദ്ധശാസ്‌ത്രീയ സംഗീതത്തിന്റെ അനന്തനിധിയാണ്‌ ബിസ്‌മില്ല. ധുന്‍, തുമൃ തുടങ്ങിയവ അവതരിപ്പിക്കുമ്പോള്‍ ബിസ്‌മില്ലയുടെ ഷെഹ്‌നായ്‌ അത്യപൂര്‍വമായ ആവേശവും ചൈതന്യവും കൈവരിക്കുന്നു. മണ്ണിന്റെ ഊര്‍ജം കലര്‍ന്നതാണ്‌ ആ വാദനം. തുമൃയിലെ ബനാറസ്‌ അംഗ്‌ എന്നറിയപ്പെടുന്ന ശൈലിയുടെ അംഗീകൃത ഗുരുക്കന്‍മാരില്‍ ഒരാളാണ്‌ ബിസ്‌മില്ലാഖാന്‍.

1916- ല്‍ ബീഹാറില്‍ ഷെഹ്‌നായ്‌ വാദകരുടെ ഒരു കുടുംബത്തിലാണ്‌ ബിസ്‌മില്ല പിറന്നത്‌. അമറുദ്ദീന്‍ എന്നായിരുന്നു കുഞ്ഞിന്‌ പിതാക്കള്‍ നല്‍കിയ പേര്‌. ബസ്‌മില്ല എന്നത്‌ പിന്നീട്‌ സ്വയം സ്വീകരിച്ച പേരാണ്‌. ധുമറൂണിലെ രാജസേവകനായിരുന്ന ബിസ്‌മില്ലയുടെ പിതാവ്‌ ഒരു നല്ല ഷെഹ്‌നായ്‌ വാദകനായിരുന്നു. കുടുംബാംഗങ്ങള്‍ പലരും ഷെഹ്‌നായ്‌ വാദകരായിരുന്ന ആ കുടുംബത്തില്‍ പിറന്നുവീണതു മുതല്‍ ബിസ്‌മില്ല ശ്രവിച്ചത്‌ കുഴലിന്റെ അനുസ്യൂതമായ മധുരസംഗീതമാവണം. അതിനാല്‍ത്തന്നെ ആ ബാലന്‍ തിരഞ്ഞെടുത്തതും ഷെഹ്‌നായിയുടെ വഴി തന്നെയായി.

ബിസ്‌മില്ലയുടെ അമ്മാവനായ അലിബക്ഷ്‌ കാശിവിശ്വനാഥ ക്ഷേത്രത്തിലെ ആസ്ഥാനവിദ്വാനായിരുന്നു. അദ്ദേഹമാണ്‌ ബിസ്‌മില്ലയെ ഷെഹ്‌നായിയിലെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചത്‌. ശിഷ്യനെ അദ്ദേഹം വായ്പ്പാട്ടും അഭ്യസിപ്പിച്ചു. വാദ്യസംഗീതത്തില്‍ പൂര്‍ണത നേടുവാന്‍ വായ്പ്പാട്ട്‌ നന്നായി അഭ്യസിക്കേണ്ടതുണ്ടെന്ന്‌ ബിസ്‌മില്ല അമ്മാവനില്‍ നിന്ന്‌ മനസ്സിലാക്കി.

പ്രായത്തില്‍ കവിഞ്ഞ ആത്‌മാര്‍ത്ഥതയോടെ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയ ബിസ്‌മില്ലയ്ക്ക്‌ എതിര്‍പ്പു നേരിടേണ്ടിവന്നത്‌ സ്വന്തം അച്ഛനില്‍ നിന്നുതന്നെയായിരുന്നു. സംഗീതംമൂലം മകന്റെ സ്കൂള്‍ പഠിപ്പു മുടങ്ങുന്നത്‌ ഇഷ്‌ടപ്പെടാത്ത അച്ഛന്‍ യാഥാസ്ഥിതിക വിദ്യാഭ്യാസത്തിന്റെ വഴിയിലേക്കു പുത്രനെ കൊണ്ടുവരാന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷേ, നിര്‍ബന്‌ധബുദ്ധിയായ ബാലന്‍ കുഴലിന്റെ വഴിവിട്ട്‌ മാറി ഒഴുകാന്‍ ഒട്ടും കൂട്ടാക്കിയില്ല. ഉത്തമസംഗീതജ്ഞനാവുക എന്ന ലക്ഷ്യത്തിലേക്ക്‌ മനസ്സുതിരിച്ചു വിട്ടുകഴിഞ്ഞ കുട്ടിയെ സാധാരണ വിദ്യാഭ്യാസത്തിന്റെ കുറ്റിയില്‍ കെട്ടാന്‍ സാദ്ധ്യമല്ലെന്ന്‌ ആ പിതാവ്‌ മനസ്സിലാക്കി. ബിസ്‌മില്ലയുടെ സ്കൂള്‍ പഠിപ്പ്‌ അങ്ങനെ അവസാനിച്ചു. പിന്നീടുള്ള വര്‍ഷങ്ങള്‍ സംഗീത സാധനയ്ക്കായി ഉഴിഞ്ഞുവച്ചതായിരുന്നു. ഗംഗയുടെ കരയില്‍ കഴിച്ചുകൂട്ടിയ ബാല്യവും കൗമാരവുമൊക്കെ റിയാസിന്റെ - സാധനയുടെ - കാലഘട്ടമായിരുന്നു. വാരാണസിയിലെ പ്രസിദ്ധ സംഗീതസമ്മേളനങ്ങള്‍ക്കെത്തുന്ന മഹാസംഗീതജ്ഞരുടെ പാട്ടുകേള്‍ക്കുക, സ്വയം സാധന ചെയ്യുക - ഇതുതന്നെയായിരുന്നു ബിസ്‌മില്ലയുടെ നിത്യയജ്ഞം. പലപ്പോഴും ഗംഗയുടെ കരയില്‍ ഒരു പള്ളിയില്‍ തനിച്ചിരുന്ന്‌ ബിസ്‌മില്ല ഗാനസാധകം നടത്തി. ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും സംഗീതമെന്നു തിരിച്ചറിഞ്ഞ ആ ഉപാസകന്‍ എന്നും സന്‌ധ്യയ്ക്കു കാശിയിലെ വിശ്വനാഥക്ഷേത്രത്തില്‍ നാദാര്‍ച്ചനയ്ക്കെത്തിയിരുന്നു. ഭക്‌തിയുടെ ഈറ്റില്ലമായ ഈ പുണ്യനഗരം ബിസ്‌മില്ലയുടെ അടിസ്ഥാന വീക്ഷണങ്ങളെ ബാല്യം മുതല്‍ വളരെയേറെ സ്വാധീനിച്ചു. വ്യത്യസ്‌ത വിശ്വാസങ്ങളുടെ നേര്‍ക്ക്‌ ഉദാരമായ സൗഹാര്‍ദ്ദം പുലര്‍ത്താനും അതിന്റെ ഫലമായി മാത്രം ഉണ്ടാകുന്ന ശാന്തി ഉള്ളുനിറച്ച്‌ അനുഭവിക്കാനും ബിസ്‌മില്ലയ്ക്ക്‌ കഴിഞ്ഞു.

ആദ്യകാലത്ത്‌ സഹോദരനായ ഷംസുദ്ദീന്‍ ഖാനോടൊപ്പം ആയിരുന്നു ബിസ്‌മില്ല കച്ചേരികള്‍ നടത്തിയിരുന്നത്‌. അവിചാരിതമായി ജ്യേഷ്ഠനെ മരണം അപഹരിച്ചപ്പോള്‍ നൊന്തുപോയ അനുജന്റെ കൊച്ചുമനസ്സ്‌ സംഗീതത്തില്‍ നിന്നുപോലും ഉള്‍വലിഞ്ഞുപോയി. കാലം പക്ഷേ, ആ മുറിവുണക്കിയ ശേഷമാണ്‌ ബിസ്‌മില്ല വീണ്ടും ഷെഹ്‌നായി കൈയിലെടുത്തത്‌.

പ്രശസ്‌തി മെല്ലെ ആ കുഴലൂത്തുകാരനെ തേടിയെത്തി. സ്വദേശത്തും വിദേശത്തും ബിസ്‌മില്ലാഖാന്റെ കച്ചേരികള്‍ക്ക്‌ സംഗീതപ്രിയര്‍ കാത്തിരിക്കാന്‍ തുടങ്ങി. എഡിന്‍ബറോയിലെ സംഗീതോത്സവം, ലിവര്‍പൂളിലെ കോമണ്‍വെല്‍ത്ത്‌ സംഗീത സമ്മേളനം തുടങ്ങിയ അന്താരാഷ്‌ട്ര സംഗീതസമ്മേളനങ്ങള്‍ ബിസ്‌മില്ലയെ ക്ഷണിച്ചുകൊണ്ടുപോയി. അവിടൊക്കെ ഖാന്‍ സാഹബിന്റെ ഷെഹ്‌നായ്‌ അതിന്റെ മാസ്‌മരിക മാധുര്യത്താല്‍ ശ്രോതാക്കളെ ഹര്‍ഷപുളകിതരാക്കി.

ബിസ്‌മില്ലയുടെ വാദനം സൗമ്യവും മൃദുലവും സാന്ത്വനക്ഷമവുമാണ്‌. അഭിനന്ദനീയമായ ശ്വാസ നിയന്ത്രണം സ്വരങ്ങളെ സൂക്ഷ്‌മതയോടെ അവതരിപ്പിക്കാനുള്ള കഴിവിനെ അങ്ങേയറ്റം ഫലപ്രദമാക്കുന്നു. അനായാസമാണ്‌ അദ്ദേഹത്തിന്റെ വാദനരീതി. തികഞ്ഞ കൈയടക്കത്തോടെയാണ്‌ അദ്ദേഹം ആലാപും സ്വരപ്രസ്‌താരവും താനുകളും അവതരിപ്പിക്കുന്നത്‌. ഭംഗിയും ചിട്ടയുമുള്ള അടുക്ക്‌ അവയ്ക്കുണ്ട്‌. വ്യാപ്‌തിയിലും വൈദഗ്ദ്ധ്യത്തിലും ഒന്ന്‌ മറ്റൊന്നിനെ നിഷ്‌പ്രഭമാക്കാതെ, വസ്‌തുനിഷ്ഠമായ ഒരടുക്ക്‌. ചാരുതയേറിയ ഭാവവും കാച്ചിക്കുറുക്കിയ മധുരിമയും ചേര്‍ന്ന കാവ്യാത്‌മകത തുളുമ്പി നില്‍ക്കുന്ന ഒരു ശൈലി

'ഭാരത രത്‌നം' വരെയുള്ള അംഗീകാരത്തിന്റെ മഹാ കുംഭാഭിഷേകങ്ങള്‍ ഏറെ നടന്നിട്ടും അതൊന്നും ബിസ്‌മില്ലാഖാന്‍ എന്ന മനുഷ്യനെയോ കലാകാരനെയോ തെല്ലും ബാധിച്ചില്ല. വാരാണസിയിലെ ഇടുങ്ങിയ തെരുവുകളുടെ മദ്ധ്യത്തിലെ പഴയ വീട്ടില്‍ നിന്നു മാറിപ്പാര്‍ക്കുന്നതിനെപ്പറ്റി ഓര്‍ക്കാന്‍പോലും ബിസ്‌മില്ലയ്ക്കു കഴിഞ്ഞില്ല. ആ, വലിയ മനുഷ്യന്റെ വേരുകള്‍ ഈ മണ്ണിന്റെ ആഴങ്ങളിലേക്കു പടര്‍ന്നിരുന്നു.

കേരളകൌമുദിയില്‍ വന്ന വാര്‍ത്തകള്‍:

ഉസ്താദ്‌ ബിസ്‌മില്ലാഖാന്‍ രാഗരത്നം മിഴിയടച്ചു
വാരാണസി: ഭാരതം ലോക സംഗീതത്തിന്‌ സമര്‍പ്പിച്ച മഹാവാദ്യത്തിന്റെ ഹൃദയം നിലച്ചു. ഷെഹ്‌നായിയെ മനുഷ്യന്റെ തീവ്രവികാരങ്ങളും സംഗീതത്തിന്റെ അലൗകികഭാവങ്ങളും പ്രതിഫലിപ്പിക്കുന്ന വാദ്യമാക്കിയ ഉസ്താദ്‌ ബിസ്‌മില്ലാഖാന്‍ നാദപ്രപഞ്ചത്തിന്റെ അപാരതകളിലേക്ക്‌ മറഞ്ഞു.
വാരാണസിയില്‍ ഇന്നലെ പുലര്‍ച്ചെ ഹൃദയസ്തംഭനംമൂലം അന്തരിക്കുമ്പോള്‍ 91 വയസ്സായിരുന്നു അദ്ദേഹത്തിന്‌.
പ്രായത്തിന്റെ അവശതകള്‍ അലട്ടിയിരുന്ന ഉസ്താദ്‌ ബിസ്‌മില്ലാഖാനെ കഴിഞ്ഞ വ്യാഴാഴ്ചയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പിന്നീട്‌ നില അല്‌പം മെച്ചപ്പെട്ടെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ അദ്ദേഹം ഗുരുതരാവസ്ഥയിലായി. ഒന്നേമുക്കാല്‍ മണിയോടെ ഉണ്ടായ ഹൃദയസ്തംഭനം സംഗീതത്തിലെ ആ മഹാഗുരുവിന്റെ ജീവിതത്തിനു വിരാമമിട്ടു.ഭൗതികദേഹം വാരാണസിയിലെ ഹരസരായിയിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചു. അവിടെ ബിസ്‌മില്ലാഖാന്‌ അന്ത്യപ്രണാമം അര്‍പ്പിക്കാന്‍ ആരാധകരും സാധാരണക്കാരും പ്രവഹിച്ചു.
ഇന്നലെ വൈകിട്ട്‌ ഭൗതികദേഹം ദുഃഖസാന്ദ്രമായ അന്തരീക്ഷത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ഉസ്താദ്‌ ബിസ്‌മില്ലാഖാന്‌ അഞ്ചു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ട്‌. അദ്ദേഹത്തോടുള്ള ആദരസൂചകമായി കേന്ദ്ര ഗവണ്‍മെന്റ്‌ ഇന്നലെ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

സരസ്വതിയില്‍ ലയിച്ച സംഗീതം
ക്ഷേത്രനഗരമായ കാശിയും പുണ്യനദിയായ ഗംഗയും വാഗ്‌ദേവി സരസ്വതിയും ഉസ്താദ്‌ ബിസ്‌മില്ലാഖാന്റെ ആത്‌മാവില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. ബീഹാറിലെ പഴയ നാട്ടുരാജ്യമായ ധുംറാവോയിലെ പുരാതന മുസ്ലിം കുടുംബത്തില്‍ ജനിച്ച ബിസ്‌മില്ലാഖാനെ കാശിയിലെത്തിച്ചത്‌ സംഗീതമാണ്‌. കൊട്ടാരം സംഗീതജ്ഞരുടെ കുടുംബത്തില്‍ 1916 മാര്‍ച്ച്‌ 21ന്‌ ജനനം. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഷെഹ്‌നായി വാദകനായിരുന്ന അമ്മാവന്‍ അലിബക്‌സ്‌ വിലായത്തിന്റെ അടുത്ത്‌ സംഗീതം അഭ്യസിക്കാനാണ്‌ ബിസ്‌മില്ലാഖാന്‍ വാരാണസിയിലെത്തിയത്‌. പിന്നെ സംഗീതത്തിന്റെ ഗംഗാ പ്രവാഹത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
ഷെഹ്‌നായി എന്ന വാദ്യത്തെ കല്യാണ മണ്‌ഡപത്തില്‍നിന്ന്‌ ക്‌ളാസിക്കല്‍ കച്ചേരിയുടെ ആഢ്യത്വത്തിലേക്ക്‌ അദ്ദേഹം ഉയര്‍ത്തി. ആ ഉപാസനയും തപസും അംഗീകാരത്തിന്റെ നിരവധി മുദ്രകള്‍ ബിസ്‌മില്ലാഖാന്‌ ചാര്‍ത്തിക്കൊടുത്തു. പദ്‌മശ്രീ, പദ്‌മഭൂഷണ്‍, പദ്‌മവിഭൂഷണ്‍, ഭാരതരത്‌നം- നാലു സിവിലിയന്‍ ബഹുമതികളും നല്‍കി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചു. ഭാരതരത്‌നം ലഭിച്ച മൂന്നു സംഗീതജ്ഞരില്‍ ഒരാള്‍ ബിസ്‌മില്ലാഖാനാണ്‌. പണ്‌ഡിറ്റ്‌ രവിശങ്കറും എം.എസ്‌. സുബ്ബലക്ഷ്‌മിയുമാണ്‌ മറ്റു രണ്ടുപേര്‍.
പക്ഷേ ഈ പ്രശസ്തിയും സംഗീതത്തിലൂടെ കൈവരുമായിരുന്ന ഭൗതികസമൃദ്ധിയും സരസ്വതി ഭക്തനായ ബിസ്‌മില്ലാഖാനെ പ്രലോഭിപ്പിച്ചില്ല. സൈക്കിള്‍ റിക്ഷയായിരുന്നു ഇഷ്‌ട വാഹനം. അമേരിക്കയില്‍ ചെല്ലാന്‍ അവിടെ ബനാറസ്‌ തന്നെ സൃഷ്‌ടിച്ചുതരാം എന്ന്‌ വാഗ്‌ദാനം വന്നപ്പോള്‍ "എന്റെ ഗംഗയെ അവിടെക്കൊണ്ടുവരാന്‍ നിങ്ങള്‍ക്ക്‌ കഴിയില്ലല്ലോ" എന്നായിരുന്നു ആ സംഗീത താപസന്റെ മറുപടി.

അവസാന ആഗ്രഹം നിറവേറ്റാതെ...
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ചുവപ്പു കോട്ടയും അവിടെ തടിച്ചുകൂടിയ ജനങ്ങളും ഒരിക്കല്‍ ബിസ്‌മില്ലാഖാന്റെ ഷെഹ്‌നായി സംഗീതത്തിന്റെ മാസ്‌മരികതയില്‍ ലയിച്ചുപോയി.... ഇന്ത്യയുടെ ആദ്യ സ്വാതന്ത്യ്‌രദിനത്തില്‍.
അതുപോലെ ഇന്ത്യാഗേറ്റില്‍ ഷെഹ്‌നായി വായിക്കണമെന്നത്‌ ബിസ്‌മില്ലാഖാന്റെ വലിയൊരു അഭിലാഷമായിരുന്നു. ഒരുപക്ഷേ, അവസാനത്തെ ആഗ്രഹം...
ഇന്ത്യന്‍ ജനതയെ തലമുറകളായി ഷെഹ്‌നായിയുടെ മാന്ത്രികതയ്ക്കു കീഴ്പ്പെടുത്തിയ അദ്ദേഹത്തിന്‌ ഇന്ത്യാഗേറ്റിലെ ഷെഹ്‌നായി വായന അവിസ്‌മരണീയമാക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ആ ആഗ്രഹം നിറവേറ്റാനാവാതെയാണ്‌ അദ്ദേഹം വിടവാങ്ങിയത്‌. ആഗസ്റ്റ്‌ 9ന്‌ തീരുമാനിച്ചിരുന്ന ആ പരിപാടി സുരക്ഷാകാരണങ്ങളാല്‍ ഒഴിവാക്കുകയായിരുന്നു.
എന്നാല്‍ താന്‍ മുസല്‍മാനായതുകൊണ്ട്‌ ഇന്ത്യാഗേറ്റില്‍ ഷെഹ്‌നായി വാദനത്തിനുള്ള അവസരം നിഷേധിച്ചു എന്ന്‌ അദ്ദേഹം സങ്കടം പറഞ്ഞിരുന്നു. പിന്നീട്‌ അദ്ദേഹം അത്‌ തിരുത്തിപ്പറയുകയും ചെയ്‌തു.
"സംഗീതത്തിന്‌ ജാതിയില്ല. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും എനിക്ക്‌ സ്‌നേഹം മാത്രമേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ അഞ്ചു ദശകങ്ങള്‍ക്കിടയില്‍ ഉന്നതമായ നാലു സിവിലിയന്‍ പുരസ്കാരങ്ങളും നല്‍കി രാഷ്‌ട്രം എന്നെ ആദരിച്ചു. മുസ്ലിം എന്ന നിലയില്‍ എനിക്ക്‌ യാതൊരു വേര്‍തിരിവും അനുഭവിക്കേണ്ടിവന്നിട്ടില്ല", എന്നാണദ്ദേഹം പറഞ്ഞത്‌.

കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: