ചൊവ്വാഴ്ച, സെപ്റ്റംബർ 05, 2006

മനോരമ ഓണ്‍ലൈന്‍ ഓണക്കാഴ്‌ച്ച - എം.കെ.വിനോദ്കുമാര്‍

മാവേലി നാടുവാണിടുംകാലം
എം.കെ.വിനോദ്കുമാര്‍

ആ കാലം എന്നായിരുന്നിരിക്കാം? ആയിരത്താണ്ടുകള്‍ക്കപ്പുറത്തുനിന്ന്‌ ഒരോര്‍മ്മയുടെ നാളം നന്മയുടെ പ്രകാശം പകര്‍ന്ന്‌ നമ്മിലൂടെയും കടന്നുപോകുന്നു. മഹാബലി എന്ന രാജാവിന്റെ ഭരണകാലം കേരളനാട്ടില്‍ നിറച്ച ഐശ്വര്യസമൃദ്ധിയെപ്പറ്റി തലമുറകള്‍ക്കു പാടി മതിയാവുന്നില്ല ഇപ്പോഴും.
"മാവേലി നാടുവാണിടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും;
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം;
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല."
എന്നതാണ്‌ ഇപ്പോഴത്തെ തലമുറയില്‍ ഏറെ പ്രചരിച്ചുനില്‍ക്കുന്ന കവിവചനം.

ആ ഐശ്വര്യഭരണത്തില്‍ അസൂയപൂണ്ട ദേവന്മാര്‍ക്കുവേണ്ടി വാമനന്‍ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതും തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ മഹാബലി ആണ്ടിലൊരിക്കലെത്തുന്നതും മലയാളനാട്‌ എത്ര തലമുറകളിലേക്കു പകര്‍ന്ന കഥയാണ്‌.

മാവേലിയെത്തുന്ന ഓ‍ണ നാളുകളുടെ ആഹ്ലാദത്തെപ്പറ്റി ഏറെ പുരാതനമെന്നു കരുതുന്ന മഹാബലിചരിതം ഓണപ്പാട്ടില്‍ ഇങ്ങനെ വര്‍ണിക്കുന്നു:
"ഇല്ലങ്ങള്‍തോറുമലങ്കരിച്ചു
ചെത്തിയടിച്ചു മെഴുകിത്തേച്ചു
നല്‍ത്തറയിട്ടു കളമെഴുതി
തുമ്പമലരാദി പുഷ്പങ്ങളു-
മന്‍പോടണിയറതന്നില്‍ ചാര്‍ത്തി
പത്തുനാള്‍മുമ്പുവന്നത്തംതൊട്ട-
ങ്ങെത്രയും ഘോഷങ്ങളെന്നേ വേണ്ടൂ
ആര്‍ത്തുവിളിച്ചുമലങ്കരിച്ചും
ഉത്രാടമസ്‌തമിച്ചീടുംനേരം
മഹാദേവനെയുമെഴുന്നള്ളിച്ചു
നാമോര്‍ വൃദ്ധന്‍മാര്‍ മറ്റുള്ളോരും
ആകെക്കുളിച്ചവരൂണ്‍കഴിഞ്ഞൂ."
ജീവിത രീതികളുടെ ഭാഗമായി ആഘോഷച്ചടങ്ങുകളില്‍ വ്യത്യാസങ്ങള്‍ പലതു വന്നിട്ടുണ്ടാകാമെങ്കിലും ആചാര സങ്കല്‍പ്പങ്ങളിലും ഒത്തുചേരലുകളുടെ ആഹ്ലാദത്തിലും ഒാ‍ണം ഇന്നും ഒാ‍ണമായിത്തന്നെ നിലകൊള്ളുന്നു.

വെറും ഊണല്ല; ഇത്‌ ഓ‍ണസദ്യ
എം.കെ.വിനോദ്കുമാര്‍

കാണംവിറ്റും ഓണം ഉണ്ണണം എന്നാണു ചൊല്ല്‌. ഓ‍ണത്തിന്റെ ഊ‍ണ്‌ വെറും ഉൌ‍ണല്ല. വിഭവങ്ങള്‍ ഇരുപതിനടുത്തുവരും. ചോറ്‌, പരിപ്പ്‌, നെയ്യ്‌, പച്ചടി, കിച്ചടി, അവിയല്‍, സാമ്പാര്‍, കാളന്‍, ഓലന്‍, തോരന്‍, എരിശേരി, നാരങ്ങ, മാങ്ങ, ഇഞ്ചി, ഉപ്പേരി, പപ്പടം, പഴം, പ്രഥമന്‍, പാല്‍പ്പായസം, മോര്‌, പഴം നുറുക്ക്‌ എന്നിങ്ങനെ പോകുന്നു ഓണസദ്യയുടെ വിഭവങ്ങള്‍. ഉപ്പേരി നാലു തരമുണ്ടാവണം. ശര്‍ക്കര പുരട്ടിയുംവെള്ള ഉപ്പേരിയും(ഏത്തയ്ക്കാ)നിര്‍ബന്ധം. പപ്പടം വലുതും ചെറുതുമുണ്ടാവണം. പഴംപ്രഥമന്‍ പലേടത്തും ഒഴിവാക്കാനാവാത്ത വിഭവമാണ്‌. അതില്ലെങ്കില്‍ അടയോ, പാലടയോ വേണം.

കാളന്‍
ഓണത്തിനു കാളനുണ്ടാക്കുമ്പോള്‍ കുറുകിയിരിക്കണം. ഇല്ലെങ്കില്‍ അതു പുളിശേരിയായിപ്പോകും. പശുവിന്‍പാലുകൊണ്ടുള്ള തൈര്‌, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ്‌, പച്ചമുളക്‌, കറിവേപ്പില, ജീരകം, നാളികേരം, ഏത്തക്കായ്‌, ചേന എന്നിവയൊക്കെ കുറുക്കു കാളനില്‍ ഉണ്ടാവണം. കടുകു വറക്കുമ്പോള്‍ നെയ്യുതന്നെ ഉപയോഗിക്കണം.വടക്കന്‍ ചിട്ടയനുസരിച്ചാണുകാളന്‍ നന്നായി കുറുകേണ്ടത്‌. എറിഞ്ഞാല്‍ ചുമരില്‍ പറ്റിയിരിക്കണമെന്നത്രേ തത്വം. തെക്കന്‍ചിട്ടയില്‍ കാളന്‍ ഇത്രയും കുറുക്കേണ്ട. തിരുവിതാംകൂറില്‍ കാളനെ പുളിശ്ശേരിയാക്കുന്നവരും ഉണ്ട്‌.

ഓ‍ലന്‍
വിഭവങ്ങളിലെ 'മിതവാദി'യാണ്‌ ഓ‍ലന്‍. ശരിക്കും മലയാളി. കാളന്റെ ശക്‌തി കുറയ്ക്കാനാണ്‌ ഓ‍ലനെന്നു പഴമക്കാര്‍ പറയും. മറ്റൊരു കറിയുടെ രുചി അറിയണമെങ്കില്‍ ഓ‍ലന്‍ അല്‍പം കൂട്ടി നാക്കു ശുദ്ധിയാക്കണമത്രേ. വെള്ളരിക്കയും മത്തങ്ങയുമൊക്കെ ഓ‍ലനുണ്ടാക്കാന്‍ ഉപയോഗിക്കാം. നേര്‍ത്ത രീതിയില്‍ നുറുക്കിയ കഷണത്തില്‍ വെളിച്ചെണ്ണ മാത്രം ഒഴിച്ചു വേവിക്കുക. അങ്ങനെയായിരുന്നു ആദ്യകാലത്ത്‌. പില്‍ക്കാലത്ത്‌ ഓ‍ലനില്‍ വന്‍പയറും തേങ്ങാപ്പാലുമൊക്കെ ചേര്‍ന്നു തുടങ്ങി.

പഴം നുറുക്ക്‌
പഴം നുറുക്കാണ്‌ ഉത്രാട പാച്ചിലില്‍ പലരും മറന്നുപോകുന്ന ഇനം. ഏത്തപ്പഴം രണ്ടോ മൂന്നോ ആയി മുറിച്ച്‌ ആവിയില്‍ വേവിച്ച്‌ അല്‍പം ശര്‍ക്കര മുകളില്‍ വിതറിയാല്‍ പഴം നുറുക്കു റെഡി.വടക്കന്‍ചിട്ടയനുസരിച്ചുള്ളതാണ്‌ ഈ‍ ഇനം. പഴംനുറുക്കു മുണ്ടിലിട്ടു വീശി വെള്ളം കളഞ്ഞാല്‍ തിന്നാന്‍ പാകമാവും. അത്‌ ഉപ്പേരിക്കൊപ്പം കൂട്ടിക്കുഴച്ച്‌....തേനും നെയ്യും മേമ്പൊടിയാക്കുന്നവരും കുറവല്ല.

അവിയല്‍
അവിയലില്‍ ഏത്തക്കായ്‌, ചേന, പടവലങ്ങ, പച്ചപ്പയര്‍, വഴുതനങ്ങ, വെള്ളരി, മുരിങ്ങക്ക, പച്ചമാങ്ങ, പച്ചമുളക്‌, കറിവേപ്പില, ജീരകം, നാളികേരം, വെളിച്ചെണ്ണ എന്നിവ ചേരണം. പച്ചമാങ്ങ ഇല്ലെങ്കില്‍ തൈരായാലും മതി.

എരിശേരി
എരിശേരിയില്‍ ഏത്തക്കായ്‌, ചേന, കുരുമുളകു പൊടി, മുളകുപൊടി, ഉപ്പ്‌, മഞ്ഞള്‍പ്പൊടി, നാളികേരം, വെളിച്ചെണ്ണ, നെയ്യ്‌, ജീരകം, കടുക്‌, മുളക്‌, കറിവേപ്പില എന്നിവയുണ്ടാകണം.

പഴം പ്രഥമന്‍
ഏത്തപ്പഴം, ശര്‍ക്കര, നാളികേരം, നെയ്യ്‌, ജീരകപ്പൊടി, ഏലക്കാപ്പൊടി, പശുവിന്‍ പാല്‍ എന്നിവയാണു പഴം പ്രഥമന്റെ ചേരുവകള്‍ .

വിളമ്പിന്റെ രീതി
വിഭവങ്ങള്‍ തയ്യാറായാല്‍ മാവേലി മന്നനു വിളക്കുവച്ച്‌ വിളമ്പുകയാണ്‌ ആദ്യം ചെയ്യുക. വിളമ്പുന്നതിന്റെ രീതി പല പ്രദേശങ്ങളിലുംപലതരത്തിലാണ്‌. ഉണ്ണാന്‍ ആവണപ്പലകയില്‍ കിഴക്കോട്ടു തിരിഞ്ഞ്‌ ഇരിക്കണമെന്നാണു പഴമക്കാരുടെ ചിട്ട. ഇലയുടെ നാക്ക്‌ ഇടത്തോട്ടു വേണം.ഇലയുടെ ഇടതുവശത്തുനിന്നു വലത്തോട്ടുവേണം വിളമ്പ്‌. ഉപ്പ്‌, നാരങ്ങ, മാങ്ങ, ഇഞ്ചി, തോരന്‍, ഓലന്‍, അവിയല്‍,കിച്ചടി, പച്ചടി, എന്നിങ്ങനെ.ഇലയുടെ ഇടതുവശത്തു താഴെ ഉപ്പേരികള്‍, പഴം, പപ്പടം, പഴം നുറുക്‌ക്‍എന്നിവയും. ചോറ്‌, പരിപ്പ്‌, നെയ്യ്‌, സാമ്പാര്‍, കാളന്‍, പ്രഥമന്‍, പാല്‍പ്പായസം, മോര്‌ എന്നിങ്ങനെയാണ്‌ ഉൌ‍ണിന്റെയൊരു രീതി.ചില സ്ഥലത്തു സാമ്പാറു കഴിഞ്ഞാല്‍ പ്രഥമന്‍ വിളമ്പാറുണ്ട്‌. മറ്റു ചിലയിടങ്ങളില്‍ പരിപ്പു കഴിഞ്ഞാല്‍ കാളന്‍, സാമ്പാര്‍ എന്നാണു രീതി.ഓ‍രോ സ്ഥലത്തും വ്യത്യസ്‌തമാണ്‌ ഓ‍ണസദ്യ.കൊല്ലംപ്രദേശങ്ങളില്‍ ഓ‍ണത്തിനു മരച്ചീനി വറുക്കും. എള്ളുണ്ടയും അരിയുണ്ടയും ഉണ്ടാക്കും. കളിയടയ്ക്ക എന്ന പ്രത്യേക വിഭവവും കൊല്ലം, ഓ‍ണാട്ടുകര, മധ്യതിരുവിതാംകൂര്‍ മേഖലകളിലുണ്ട്‌.മധ്യതിരുവിതാംകൂറില്‍ ഓണത്തിന്‌ അടയുണ്ട്‌. നേദിച്ച പൂവടയുടെ സ്വാദ്‌ ഒന്നു വേറേതന്നെയാണെന്ന്‌ ആരും സമ്മതിക്കും. അത്തം മുതല്‍ ഓ‍ണസദ്യയൊരുക്കുന്ന പാരമ്പര്യം ചിലരെങ്കിലും തുടരുന്നുണ്ട്‌. അത്തം മുതല്‍ പത്തുനാളും വിഭവസമൃദ്ധമായ സദ്യ ഒരുക്കിയ സ്ഥാനത്ത്‌ ഇപ്പോള്‍ തിരുവോണസദ്യമാത്രമാണു മിക്കയിടത്തും.അച്ചാറുകള്‍ക്കു പുറമേ പച്ചടി, ഇഞ്ചിക്കറി മുതലായ ഇനങ്ങളും ഭരണികളില്‍ നിറഞ്ഞിരുന്ന കാലവും അതോടെ ഇല്ലാതായി.

ഓ‍ണത്തെപ്പറ്റി ഒട്ടേറെ ഐതീഹ്യങ്ങള്‍
എം.കെ.വിനോദ്കുമാര്‍

ഒരു കാലത്തു കൊച്ചിക്കടുത്തുള്ള തൃക്കാക്കര വാണിരുന്ന മഹാബലി പെരുമാള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാള്‍ ആഘോഷിക്കുന്നതിനായി ചിങ്ങത്തിലെ അത്തം നാളില്‍ ജനങ്ങളെ ക്ഷേത്രസന്നിധിയില്‍ വിളിച്ചുവരുത്തുകയും ആഘോഷങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നുവത്രെ. ഇന്നും കൊച്ചി രാജാവ്‌ നടത്തി പ്പോരുന്ന അത്തച്ചമയം ഇതാണെന്നു കരുതപ്പെടുന്നു. ഈ ഉത്സവാ ഘോഷമാണു പിന്നീടു തിരുവോണമായി പരക്കെ ആഘോഷിച്ചു തുടങ്ങിയതത്രെ.

ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ചിങ്ങമാസത്തിലെ ആഘോഷം ക്രമേണ ദേശീയോത്സവമായി വളര്‍ന്നുവെന്നാണ്‌ മറ്റൊരു വിശ്വാസം.എന്നാല്‍, തിരുവോണം വിളവെടുപ്പ്‌ ഉത്സവം ആണെന്ന്‌ ചില സാമൂഹിക ശാസ്‌ത്രജ്ഞര്‍ കരുതുന്നു.
ജന്മിമാരും അടിയാന്മാരും വ്യത്യാസങ്ങള്‍ മറന്നു സമഭാവനയോടുകൂടി കഴിയുകയും, പരസ്പരം സ്നേഹസന്ദര്‍ശനങ്ങള്‍
നടത്തുകയും ഒരേ വേദിയില്‍ ഒത്തുചേരുകയും ചെയ്യുവാന്‍ ഉപകരിച്ചിരുന്ന ഈ കാര്‍ഷികോത്സവ പരിപാടി ക്രമേണ
ദേശീയോത്സവമായി എന്നതാണ്‌ ഇവരുടെ നിഗമനം. 'ഓ‍ണം' എന്ന ശബ്ദം 'ശ്രാവണം' എന്ന സംസ്കൃത പദത്തിന്റെ സംക്ഷിപ്‌ത രൂപമാണെന്ന്‌ ചില പണ്ഡിതന്മാര്‍ കരുതുന്നു..'ശ്രാവണം' ചിങ്ങമാസമാണ്‌. പക്ഷേ, ഇതിനു ബുദ്ധമതവുമായി സുദൃഢബന്ധം ഉണ്ടെന്നു ചരിത്രപണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. ബുദ്ധഭിക്ഷുക്കളായ ശ്രവണന്മാരെ സംബന്ധിച്ചുള്ളതാണ്‌ ശ്രാവണം. ബുദ്ധഭിക്ഷുവായി ദീക്ഷ സ്വീകരിച്ചു ശ്രവണന്മാരായി മാറുന്ന യുവഭിക്ഷുക്കള്‍ക്ക്‌ അവരുടെ ദീക്ഷയുടെ പ്രതീകമായി ഒരു മഞ്ഞവസ്‌ത്രംകൂടി നല്‍കുക പതിവുണ്ടായിരുന്നു.ഈ സംഭവത്തെ അനുസ്മരിക്കുന്നതാണ്‌ ഓ‍ണക്കാലത്തു കുട്ടികള്‍ ഉടുക്കുന്ന മഞ്ഞക്കോടിയെന്നും വാദമുണ്ട്‌.

സമഭാവനയുടെ ഓ‍ണസങ്കല്‍പം
എം.കെ.വിനോദ്കുമാര്‍

മലയാളിയുടെ ദേശീയോല്‍സവത്തിനു മലയാളദേശത്തുതന്നെ വ്യത്യസ്‌ത ആഘോഷ രീതികളാണ്‌.ഒാ‍ണക്കളികളും ചടങ്ങുകളും സദ്യയും എല്ലാം വൈവിധ്യമയം. മാവേലി പ്രജകളെ കാണാന്‍ വരുന്നുവെന്ന വിശ്വാസമാണ്‌ ഇൌ‍ വൈവിധ്യങ്ങളെ കോര്‍ത്തു നിര്‍ത്തുന്ന വള്ളി. സമസ്‌ത ജീവജാലങ്ങളെയും സമഭാവനയോടെ കാണുന്നതാണ്‌ ഒാ‍ണസങ്കല്‍പ്പത്തിന്റെ മുഖ്യസൗന്ദര്യം. തിരുവിതാംകൂറില്‍ തിരുവോണനാളില്‍ കാലികളെ എണ്ണ തേച്ചു കുളിപ്പിച്ച്‌ അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ത്ത മിശ്രിതം കൊണ്ടുണ്ടാക്കിയ പൊട്ട്‌ തൊടുവിക്കും. അരി വറുത്തു തേങ്ങയും ശര്‍ക്കരയും ചേര്‍ത്തു തിരുമ്മി തൂശനിലയില്‍ വീടിന്റെ നാലുമൂലയിലും വച്ച്‌ കുട്ടനാട്ടുകാര്‍ ഉറുമ്പുകളെ ഉൌ‍ട്ടും. അരിമാവില്‍ കൈമുക്കി കതകിലും ജനലിലും പതിപ്പിച്ചു പല്ലിക്ക്‌ ഒാ‍ണസമ്മാനംനല്‍കുന്നത്‌ മധ്യ തിരുവിതാംകൂറിലെ ചടങ്ങുകളില്‍ പെടുന്നു. .ഉത്രാടം മുതല്‍ ഏഴുനാളിലാണു കുട്ടനാട്ടുകാരുടെ ഒാ‍ണം.

ഹനുമാന്‍ പണ്ഡാരം
തിരുവിതാംകൂറിലെ തിരുവോണ നാളിലെ കൗതുകമായിരുന്ന ഹനുമാന്‍ പണ്ഡാരം ഇപ്പോള്‍ ഏതാണ്ട്‌ അപ്രത്യക്ഷമാ യിരിക്കുന്നു. ഹനുമാന്റെ വേഷമണിഞ്ഞെത്തുന്ന പണ്ഡാരത്തിന്റെ മുഖ്യലക്ഷ്യം കുട്ടികളെ പേടിപ്പിച്ചു വരുതി പഠിപ്പിക്കുകയാണ്‌.

കുട്ടികളുടെ കുസൃതികളും മറ്റും അച്ഛനമ്മമാര്‍ നേരത്തേതന്നെ പണ്ഡാരവേഷം കെട്ടുന്നയാളോടു പറഞ്ഞുകൊടുക്കും. രാവിലെ ഇലത്താളവുമായി വേഷവുമണിഞ്ഞ്‌ എത്തുന്ന പണ്ഡാരം കുട്ടികളുടെ അനുസരണക്കുറവ്‌ വിളിച്ചുപറയും വിട്ടുകാര്‍ നല്‍കുന്ന ദക്ഷിണയും വാങ്ങി പണ്ഡാരം പോയാല്‍ കുട്ടിക്ക്‌ ആശ്വസിക്കാം. (അല്‍പ്പസമയം കഴിഞ്ഞു വികൃതി പിന്നേയും തുടങ്ങാം ഇനി അടുത്ത ഒാ‍ണത്തിനല്ലേ പണ്ടാരം വരു.....)

നന്തുണിപ്പാട്ട്‌
അത്തം നാളില്‍ നന്തുണിപ്പാട്ടിന്റെ ഇൌ‍ണം നിറയുമായിരുന്നു, തെക്കന്‍ തിരുവിതാംകൂറിലെ ഗ്രാമങ്ങളില്‍. പുലര്‍ച്ചെ തന്നെ നാടന്‍ ശീലുകളുടെ ശ്രുതിമാധുര്യവുമായി, കയ്യില്‍ കാഴ്ച താംബുലവും ഒരുക്കി നന്തുണിപ്പാട്ടുകാരനെത്തും. ഒപ്പം ഏറ്റുപാട്ടക്കാരനുമുണ്ടാവും. വീടുകളിലെ കാരണവന്‍മാര്‍ക്കു കെട്ടുവെറ്റിലയും പുകയിലയും കാഴ്ചവച്ചു തിരിയിട്ട വിളക്കിനു മുന്നില്‍ കിഴക്കോട്ടിരുന്നാണ്‌ പാട്ട്‌. മുറം നിറയെ നെല്ലും രണ്ടു നാളികേരവും ദക്ഷിണയായി വെള്ളിനാണയവും ചിലര്‍ കോടിമുണ്ടും നല്‍കും. ഇപ്പോള്‍ നന്തുണിപ്പാട്ടും പോയ്മറഞ്ഞിരിക്കുന്നു.

ദക്ഷിണ കേരളത്തിലെ ആദിവാസികള്‍ അത്തത്തിനു മലദൈവങ്ങള്‍ക്കു പൂവും ചന്ദനവും ചോതിക്കു കാലാട്ടു തമ്പുരാനു കരനെല്ലുകുത്തി വെള്ളനിവേദ്യവും സമര്‍പ്പിക്കും. പൂവിളിയും തുമ്പി തുള്ളലും, ചാട്‌ എയ്ത്തും, സ്‌ത്രീകള്‍ക്കു വള്ളികളില്‍ ഉൌ‍ഞ്ഞാല്‍ കെട്ടിയാട്ടവും പുരുഷന്‍മാര്‍ക്കു തോറ്റംപാട്ടുമൊക്കെയായി ഒാ‍ണം വന്നുനിറയും. വട്ടോല തെറ്റി കുട കെട്ടി തേനും തിനയും നാട്ടരചനു കാഴ്ചയുമായി എല്ലാവരും ഒന്നിച്ചു കിടന്നുറങ്ങും. അരചനെ മുഖംകാട്ടി ഒാ‍ണക്കാഴ്ച വച്ചാല്‍ പിന്നെ കൈ നിറയെ വെള്ളിപ്പണം. ഉൌ‍രുകാര്‍ക്കു കോടി, വയറുനിറയെ ശാപ്പാട്‌....കോഴിക്കോട്ടെ പ്രാന്തപ്രദേശങ്ങളിലെ ഒാ‍ണാഘോഷത്തില്‍ അമ്പെയ്ത്ത്‌ എന്നൊരു വിനോദവും ഉള്‍പ്പെടുന്നു. അത്തം മുതല്‍ പത്തുനാള്‍ ആണ്‌ ഇൌ‍ കായിക വിനോദം. പച്ചമുളകൊണ്ടു നിര്‍മിച്ച വില്ലും തെങ്ങോല കൊണ്ടുണ്ടാക്കിയ അമ്പും വാഴത്തടയുടെ ചെപ്പുംഉപയോഗിച്ചാണ്‌ ഇൌ‍ കളി. ഏതെങ്കിലും ഒഴിഞ്ഞ പറമ്പില്‍ എയ്ത്തുകളം. ഇരുചേരികളായി പിരിഞ്ഞ്‌, ഇരുഭാഗത്തിനും ലഭിച്ച അമ്പ്‌ തൂക്കിനോക്കി വിജയിയെ നിശ്ചയിക്കും.

കുമ്മാട്ടി
തൃശൂരിലെ ഒാ‍ണദിനങ്ങള്‍ക്കു നിറം പകരുന്നതു കുമ്മാട്ടിയാണ്‌. വടക്കുംനാഥനെ സ്‌തുതിച്ച്‌ അമ്പലത്തില്‍ തേങ്ങ ഉടച്ചാണ്‌ കുമ്മാട്ടി കളിക്കിറങ്ങുക. ഇവര്‍ ദേഹം മുഴുവന്‍ കുമ്മാട്ടിപ്പുല്ല്‌ അല്ലെങ്കില്‍ പര്‍പ്പടകപുല്ല്‌ എന്ന പ്രത്യേക പുല്ലുമെടഞ്ഞു ദേഹം മുഴുവന്‍ പൊതിയും. വളരെ രഹസ്യമായിട്ടാണ്‌ ഇതു ചെയ്യുന്നത്‌. ആളെ തിരിച്ചറിയാതിരിക്കനാണിത്‌. കുമ്മാട്ടിക്കു പല മുഖങ്ങളുണ്ട്‌. തള്ള, കാട്ടാളന്‍, കൃഷ്ണന്‍, ഹനുമാന്‍ എന്നിങ്ങനെ....ശിവന്റെ ഭൂതഗണങ്ങളുമായാണ്‌ ഇവരുടെ വരവെന്നാണ്‌ വിശ്വാസം.

തുമ്പിതുള്ളല്‍
തൃശൂരിലെ മറ്റൊരു ഒാ‍ണക്കളിയാണ്‌ തുമ്പിതുള്ളല്‍. പെണ്‍കുട്ടികള്‍ മാത്രം മുടിയഴിച്ചിട്ട്‌ ആടിത്തുള്ളി സ്വതന്ത്രമായി പറക്കുന്ന തുമ്പിയുടെ പ്രതീകമാണിത്‌. മുടിയാട്ടത്തിന്റെ രൂപഭേദം. തുമ്പിതുള്ളല്‍ പല രൂപത്തില്‍ തിരുവിതാംകൂര്‍ ഉള്‍പ്പെടെ കേരളത്തില്‍ ഒട്ടുമിക്ക പ്രദേശങ്ങളിലും പ്രചാരത്തിലുണ്ട്‌.

പുലിക്കൂട്ടം
തൃശൂരില്‍ നാലാം ഒാ‍ണത്തിനു നഗരത്തിലിറങ്ങുന്ന പുലിക്കൂട്ടം നഗരത്തെ കാടാക്കും. വരയന്‍പുലികളുടെ വേഷംകെട്ടി ദേഹം നിറയെ ചായംതേച്ചു പുലികള്‍ നിരത്തിലിറങ്ങും. കൊട്ടിനൊപ്പം പാടിത്തിമര്‍ക്കും. ഉത്തരേന്ത്യയില്‍നിന്നു കേരളത്തിലേക്ക്‌ എത്തിയ പഠാണികളാണ്‌ പുലിക്കളി ഇവിടെ എത്തിച്ചതെന്നു കരുതപ്പെടുന്നു. അവരുടെ പഞ്ചയെടുക്കല്‍ എന്ന കളിയുമായി ഇതിന്‌ അത്രയേറെ സാമ്യമുണ്ട്‌.

ഒാ‍ണപ്പൊട്ടന്‍
ഉത്തര കേരളത്തിലെ ഒാ‍ണത്താറും ഒാ‍ണപ്പൊട്ടനുമെക്കെ ഒാ‍ണദിനങ്ങളിലെ അതിഥികള്‍. ദൈവത്തിന്റെ പ്രതീകവും ദൈവദാസനുമൊക്കെയെന്നു വിശ്വസിക്കപ്പെടുന്ന ഇൌ‍ അതിഥികള്‍ക്കൊപ്പം, ചിലയിടങ്ങളില്‍ പാട്ടിന്റെ ഇൌ‍രടി, ചിലമ്പൊലി ഒക്കെയുണ്ടാകും. എന്നാലും ഒാ‍ണപ്പൊട്ടന്‍ കമാന്ന്‌ ഒരക്ഷരം ഉച്ചരിക്കില്ല.

കന്നുതെളി
കൊയ്ത്തു കഴിഞ്ഞു നിരപ്പാക്കിയ പാടത്ത്‌ അവിട്ടം ദിനത്തില്‍ കര്‍ഷകര്‍ പരിപോഷിപ്പിച്ചു മിടുക്കരാക്കിയ കന്നുകളെ ഇറക്കി നടത്തുന്ന കന്നുതെളി മത്സരം പ്രധാനമായും പാലക്കാടിന്റെ ഒാ‍ണാഘോഷത്തിലെ സവിശേഷതയാണ്‌. കാളകളെ ഒാ‍ടിക്കാന്‍ വിദഗ്ധനായ ഒരു കന്നുതെളിക്കാരനുമുണ്ടാകും. വിജയികള്‍ക്കു സമ്മാനവും. കരിമ്പനയുടെ ഇളമ്പോല കൊണ്ടുണ്ടാക്കിയ തലപ്പന്തും പാലക്കാടിന്റെ മറ്റൊരു സവിശേഷതയാണ്‌. പനയോലത്തണ്ട്‌ ചീകിയെടുത്ത്‌ ഉള്ളില്‍ കല്ലുവെച്ച്‌, അപ്പച്ചെടിയുടെ ഇലകളുംവെച്ച്‌ കനംകൂട്ടി ഉണ്ടാക്കുന്ന തലപ്പന്ത്‌ തലയ്ക്കു ചുറ്റും വലംകൈ കൊണ്ട്‌ വീശി ആകാശത്തേക്ക്‌ എറിയും. പോയിന്റുകള്‍ കണക്കാക്കി വിജയിയെ നിശ്ചയിക്കും.

ഒാ‍ണത്തല്ല്‌
കുന്നംകുളത്തുകാരുടെ ഒാ‍ണവിനോദങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ ഒാ‍ണത്തല്ല്‌. ഒാ‍ണസദ്യ കഴിഞ്ഞ്‌ കയ്യാങ്കളിക്കെത്തുന്ന ഒാ‍ണത്തല്ലുകാരന്‍ മെയ്യനക്കി ഹയ്യത്തടാ' എന്നു വിളിച്ചുകൂവി നിലത്തുചാടി ഗോദയിലെത്തുന്നു. പിന്നെ തല്ല്‌. പറഞ്ഞെതുക്കാനും പിടിച്ചുമാറ്റാനും റഫറിമാര്‍ (ചായിക്കരന്‍മാര്‍). തല്ലി ജയിക്കുന്നവന്‍ വിജയി എന്നു പ്രത്യേകം പറയേണ്ടല്ലോ. ചാവക്കാട്ടും ഒാ‍ണത്തല്ലുണ്ട്‌.

കൈകൊട്ടിക്കളി
കൈകൊട്ടിക്കളി സ്‌ത്രീകളുടെ സ്വന്തമാണ്‌. ദേശഭേദമില്ലാതെ മിക്കയിടത്തും ഇതുണ്ട്‌. വീടുകളിലെ അകത്തളങ്ങളിലോ മുറ്റത്തു പൂക്കളത്തിനു ചുറ്റുമോ വട്ടത്തില്‍നിന്നു സ്‌ത്രീകള്‍ ചുവടുവെച്ചു പാട്ടുപാടി കൈകൊട്ടിക്കൊണ്ടു കളിക്കുന്നതാണിത്‌. പാര്‍വതീ പരമേശ്വര സംവാദമോ നളദമയന്തിക്കഥയോ ഒക്കെ നിറഞ്ഞ പദങ്ങളില്‍ ആവേശത്തോടെ ആടിത്തിമര്‍ക്കുന്നു. ഇതിനു പ്രാദേശികഭേദമില്ല.വടംവലി, തണുങ്ങിനു പിടുത്തം, തുടങ്ങിയ ഒാ‍ണക്കാലവിനോദങ്ങള്‍ക്കും പ്രാദേശികഭേദമില്ല.വര്‍ഷത്തില്‍ ഒരു സീസണില്‍ മാത്രം ചീട്ടുകളിക്കുന്നവരുടെ ഒാ‍ണക്കളിയും കേരളത്തിലെവിടെയും ഒരുപോലെതന്നെ. ഒാ‍ണാഘോഷത്തിലെ പ്രാദേശിക ഭേദങ്ങളുടെ അതിര്‍വരമ്പുകളലിഞ്ഞ്‌ ഇപ്പോള്‍ എല്ലാം എല്ലായിടത്തും, അല്ലെങ്കില്‍ എന്തെങ്കിലും എവിടെയെങ്കി ലു മൊക്കെ എന്നായിട്ടുണ്ട്‌.

വഞ്ചിപ്പാട്ടിന്റെ ഓ‍ണത്താളം
എം.കെ.വിനോദ്കുമാര്‍

വഞ്ചിപ്പാട്ടിന്റെ 'നതോന്നത'യില്ലാതെ മധ്യതിരുവിതാംകൂറില്‍ ഒാ‍ണത്താളം മുറുകില്ല. ചമ്പക്കുളം മൂലം വള്ളംകളിയോടെ തുടങ്ങുന്ന ജല വിനോദം മാലക്കര, ഇറപ്പുഴ, പാണ്ടനാട്‌-തിരുവന്‍വണ്ടൂര്‍ എന്നിങ്ങനെ ഒാ‍ണനാളുകളില്‍ അതിന്റെ പാരമ്യത്തിലെത്തി ഉതൃട്ടാതി നാളില്‍ ആറന്മുളയിലെ ജലോല്‍സവത്തോടെ സമാപിക്കും. ആറന്മുള പാര്‍ഥ സാരഥിയുടെ പള്ളിയോടങ്ങള്‍ പമ്പയിലൂടെ പാടിത്തുഴഞ്ഞു നീങ്ങുന്ന തു കാണാതെ എന്ത്‌ ഒാ‍ണം?! തിരുവോണ നാള്‍ പുലരുമ്പോള്‍ കാട്ടൂര്‍ ഇല്ലത്തുനിന്നു ഭഗവാനുള്ള കാഴ്ചകളുമായി ക്ഷേത്രക്കടവിലെത്തുന്ന തിരുവോണത്തോണിയെ വരവേല്‍ക്കാന്‍ പള്ളിയോടങ്ങളുള്ള എല്ലാ കരകളില്‍നിന്നും ആളുകള്‍ എത്തും; ചുണ്ടന്‍വള്ളങ്ങളില്‍ തിരുവോണ ത്തോണിക്ക്‌ അകമ്പടി സേവിച്ചും കരയില്‍ കാഴ്ചക്കാരായും.

വള്ളസദ്യ
ഒാ‍ണക്കാലം ആറന്മുളയില്‍ വള്ളസദ്യകളുടെയും കാലമാണ്‌. ഭഗവാനുള്ള വഴിപാടായി ആളുകള്‍ പള്ളിയോടങ്ങള്‍ക്കു നല്‍കു ന്നതാണ്‌ വള്ളസദ്യ.ചുണ്ടന്‍വള്ളം തുഴഞ്ഞെത്തുന്ന കരക്കാരെ ദക്ഷിണനല്‍കി സ്വീകരിച്ച്‌ ഭഗവല്‍സന്നിധിയില്‍ സദ്യവിളമ്പി ആദരിക്കുന്ന ചടങ്ങാണിത്‌. കൊടിയും കുടയും അമരച്ചാര്‍ത്തും മാലയും കന്നക്കുമിളയും ഒക്കെയണിഞ്ഞ്‌ പള്ളിയോടങ്ങള്‍ പാടിത്തുഴഞ്ഞെത്തുന്ന കാഴ്ചയില്‍ മനംനിറഞ്ഞ്‌ മധ്യതിരുവിതാംകൂര്‍ ഒാ‍ണത്തെ വരവേല്‍ക്കുന്നു. അലങ്കാരപൂര്‍ണതയില്‍ പള്ളിയോടം പ്രപഞ്ചത്തിന്റെ പ്രതീകംതന്നെയെന്നാണു സങ്കല്‍പ്പം.അമരത്തിനിരുവശവുമുള്ള കന്നക്കുമിളകള്‍ (പള്ളിയോട ത്തിന്റെ കര്‍ണാഭരണം) സൂര്യചന്ദ്രന്മാരാണ്‌.അമരച്ചാര്‍ത്തിലെ ഒന്‍പതു കുമിളകള്‍ നവഗ്രഹങ്ങള്‍.അമരക്കാര്‍ നാലുപേര്‍ വേദങ്ങളെ പ്രതിനിധീകരിക്കുന്നു.അണിയത്ത്‌ എട്ടു പ്രധാന തുഴക്കാര്‍ അഷ്ടദിക്പാലരെയും.ശുഭ്രവസ്‌ത്രധാരികളായ നില ക്കാരും തുഴച്ചില്‍ക്കാരും തലയില്‍ക്കെട്ടും താളവുമായി പമ്പയിലൂടെയങ്ങനെ എത്തുമ്പോള്‍ പ്രപഞ്ചം അവരുടെ കാല്‍ക്കീഴില്‍ തന്നെ. ഒാ‍ണത്തിന്റെ ഒാ‍ളവും അവിടെത്തന്നെ.

ഊഞ്ഞാല്‍
എം.കെ.വിനോദ്കുമാര്‍

ഊ‍ഞ്ഞാലിനരികില്‍ ഊ‍ഴംകാത്തുനില്‍ക്കുന്ന കാലമൊക്കെ പോയെങ്കിലും ഉൌ‍ഞ്ഞാല്‍ ഇന്നും ഒാ‍ണാഘോഷത്തിലെ അവശ്യ ഘടകമാണ്‌.ചുണ്ണാമ്പുവള്ളി എന്നുകൂടി അറിയപ്പെട്ടിരുന്ന ഉൌ‍ഞ്ഞാല്‍ വള്ളികള്‍ ഉപയോഗിച്ചിരുന്നു പണ്ടൊക്കെ.അതിന്റെ സ്ഥാനത്തു ചകിരിക്കയറും കഴിഞ്ഞ്‌ പ്ലാസ്റ്റിക്ക്‌ കയറുകള്‍ സ്ഥാനം പിടിച്ചു തുടങ്ങിയിരിക്കുന്നു.ഉൌ‍ഞ്ഞാലിലെ ഇരിപ്പിടമായി തെങ്ങിന്റെ മടല്‍ ഉപയോഗിക്കുന്നതും ഇപ്പോള്‍ അപൂര്‍വകാഴ്ചയായിരിക്കുന്നു. ഉൌ‍ഞ്ഞാല്‍പ്പടിയില്‍ ഒരാള്‍ ഇരുന്നും മറ്റൊരാള്‍നിന്നും ഇരട്ട(പെട്ട) യാടുന്ന കാഴ്ച ഇപ്പോഴെവിടെയുണ്ട്‌? ഉൌ‍ഞ്ഞാല്‍പ്പടിയിലെ ഇരിപ്പില്‍ നിന്ന്‌ ആട്ടം നിര്‍ത്താതെതന്നെ നില്‍പ്പിലേക്കു മാറാനുള്ള വൈദഗ്ധ്യം ഇപ്പോള്‍ എത്ര കുട്ടികള്‍ക്കുണ്ട്‌?പിന്നില്‍നിന്ന്‌ ഉൌ‍ഞ്ഞാലാട്ടുന്നയാള്‍ ഇരിക്കുന്നയാളിനെ മടലോടെ പൊക്കി ക്കൊണ്ട്‌ ഉൌ‍ഞ്ഞാല്‍ ക്കീഴിലൂടെ മുന്നിലേക്കോടുന്ന ദൃശ്യം പഴയകാലത്തെ ഒാ‍ണത്തിന്റേതായി മാറിക്കഴിഞ്ഞു.പുഷ്പമാലകളാല്‍ അലംകൃതമായ ഒാ‍ണഉൌ‍ഞ്ഞാലുകളുടെ സ്ഥാനത്ത്‌ ഇരുമ്പുസ്റ്റാന്‍ഡില്‍ തൂങ്ങിയാടുന്ന സ്ഥിരം ചങ്ങലയൂഞ്ഞാലുകളാണു പലേടത്തും. ഫ്ലാറ്റിന്റെ മച്ചില്‍ രണ്ടു കൊളുത്തുണ്ടെങ്കില്‍ മരച്ചില്ലപോലും വേണ്ടല്ലോ ഉൌ‍ഞ്ഞാലാട്ടത്തിന്‌.സങ്കല്‍പ്പങ്ങള്‍ കീഴ്മേല്‍ മറിയുന്നു; ഉൌ‍ഞ്ഞാല്‍ ചൊരുക്കി തലകറങ്ങുമ്പോഴത്തെ ഭ്രമക്കാഴ്ചകള്‍പോലെ...

വസന്തം നിറയും പൂക്കളം
എം.കെ.വിനോദ്കുമാര്‍

ഒാ‍ണം നിറങ്ങളുടെ വസന്തമാണ്‌; നിറമേഴും നിറയുന്ന തുമ്പയുടെ തൂവെണ്മ , ചെമ്പരത്തിച്ചോപ്പ്‌.... പിന്നെ കണ്ണിനുകണ്ടുനിറയാന്‍ നിറങ്ങളുടെ ഉല്‍സവമൊരുക്കി അരളി, മുക്കുറ്റി, മന്ദാരം, പിച്ചി, തെച്ചി, ശംഖുപുഷ്പം, താമര...അങ്ങനെയങ്ങനെ...തൊടിയിലും വേലിയിലും പ്രകൃതി വിളമ്പുന്നഒാ‍ണപ്പൂക്കള്‍ തേടിപ്പോകാന്‍ പൂവിളി ഉയരുകയാ യി.അതിനകമ്പടിയായി ഇളംവെയിലില്‍ ചിറകു തിളക്കി ഒാ‍ണത്തുമ്പികളുടെ തുള്ളല്‍ . അത്തം മുതല്‍ പത്തുനാള്‍ മുറ്റം അലങ്കരിക്കുന്ന പൂക്കളത്തിനായി കുന്നുകളും താഴ്‌വരകളും കുറ്റിക്കാടുകളും ഇടത്തോടുകളുംകടന്ന്‌... പൂവേ... പൊലി പൂവേ.....ഒാ‍ണത്തിനായുള്ള അണിഞ്ഞൊ രുങ്ങലോ അലങ്കാരമോ മാത്രമല്ല പൂക്കളം. ഒാ‍ണത്തപ്പനെ കളത്തിനു നടുവില്‍ കുടിയിരുത്തി ഭക്‌തിപൂര്‍വം ചെയ്യുന്ന പൂജ കൂടിയാണ്‌. പൂക്കളത്തിന്റെ സങ്കല്‍പ്പത്തിലും സംവിധാനത്തിലും പ്രാദേശിക ഭേദങ്ങളേറെയാണ്‌.

ദേശവ്യത്യാസമില്ലാതെ മിക്കയിടത്തും അത്തംനാളില്‍ ചെറിയ പൂക്കളത്തില്‍ തുടങ്ങി തിരുവോണത്തിലേക്കു ക്രമേണ കളത്തിന്റെ വലിപ്പമേറുന്ന രീതിയാണുള്ളത്‌. തുമ്പക്കുടവും മുക്കുറ്റിയുമാണ്‌ ആദ്യദിവസത്തെ കളത്തിനു കൂടുതലായും ഉപയോഗിക്കുക. ഒാ‍രോ ദിവസവും ഇടുന്ന കളത്തിനു പ്രത്യേക ദേവസങ്കല്‍പ്പവുമുണ്ട്‌. ശിവന്‍, വിഷ്ണു, ബ്രഹ്മാവ്‌ എന്നിങ്ങനെ....മൂലം ദിവസം മൂല തിരിച്ചിടണം എന്നൊരു ചൊല്ലുണ്ട്‌ വടക്കന്‍ കേരളത്തില്‍. കോണ്‍- ത്രികോണ ആകൃതികളിലാവും അന്നത്തെ കളം. ശംഖുപുഷ്പം, കുരുത്തോല, ചെത്തി, കോളാമ്പി എന്നിങ്ങനെ തൊടിയില്‍ ലഭ്യമാകുന്നവ മാത്രം ഉപയോഗിച്ചിരുന്നിടത്ത്‌ തൊടികളും തോടുകളും ജൈവവേലികളും ഇല്ലാതായതോടെ അത്തരം നിര്‍ബ്ബന്ധങ്ങളെ കാലം അസാധ്യമാക്കുന്നു.നഗരങ്ങളില്‍ ചായപ്പൊടികളാല്‍ കളംതീര്‍ക്കുന്നതും ഇപ്പോള്‍ കാണാം. ഗ്രാമപ്രദേശങ്ങളില്‍പോലും നിറംചേര്‍ത്ത ഉപ്പുപരലുകളും മറ്റും കളത്തിനായി ഉപയോഗിക്കുന്നു.പൂക്കള്‍ കിട്ടാത്ത നാട്ടിലും പൂക്കളത്തിന്റെ സങ്കല്‍പ്പത്തെ സാക്ഷാത്കരിച്ച്‌ മലയാളി നാടിന്റെ സുഗന്ധ സുകൃതങ്ങള്‍ മനസ്സില്‍ നിറയ്ക്കുന്നു.ഒാ‍ണം വര്‍ണച്ചിറകുകള്‍ വിടര്‍ത്തിയെത്തുന്ന ചിങ്ങമാസശലഭവുമാണ്‌.

കടപ്പാട്‌ : മനോരമ ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: