തിങ്കളാഴ്‌ച, സെപ്റ്റംബർ 11, 2006

ആവശ്യമുണ്ട്‌: കഥാകൃത്തിനെ - സലിന്‍ മാങ്കുഴി

ആവശ്യമുണ്ട്‌: കഥാകൃത്തിനെ
സലിന്‍ മാങ്കുഴി

ഓണം വിശേഷാല്‍പ്രതി എന്നാല്‍, മുഖ്യമായും കഥകളുടെ വിശേഷാല്‍പ്രതിയാണ്‌ നാം മലയാളികള്‍ക്ക്‌. കഥയെ നമ്മുടെ ഏറ്റവും വലിയ ആഘോഷമായ ഓണവുമായി ബന്‌ധിപ്പിക്കാന്‍ കെ. ബാലകൃഷ്‌ണനെപ്പോലെയുള്ള മലയാളത്തിലെ പ്രതിഭാധനന്മാരായ എഡിറ്റര്‍മാര്‍ പണ്ടുപണ്ടേ തീരുമാനിച്ചു. ഓണപ്പതിപ്പില്‍ കഥയെഴുതുകയെന്നത്‌ എഴുത്തിന്റെ വളര്‍ച്ചയ്ക്കുള്ള അംഗീകാരമായും നാഴികക്കല്ലായും നമ്മുടെ എഴുത്തുകാര്‍ കാണുകയും ചെയ്തു.

ഓണപ്പതിപ്പില്‍ അച്ചടിച്ച, വായിച്ച ഒരു കഥയെങ്കിലും എഴുത്തുകാരന്റെയും വായനക്കാരന്റെയും മനസ്സില്‍ പറ്റിച്ചേര്‍ന്നു കിടപ്പുണ്ടാകും. ഓണം അതിനാല്‍ ഓണപ്പതിപ്പിലെ കഥകളുടെയും കൂടി ഒരു സ്വകാര്യ അനുഭവമാണ്‌. ഒന്നാലോചിച്ചാല്‍ ഓണം തന്നെ മനോഹരവും ഭാവനാപൂര്‍ണവുമായ ഒരു കഥയല്ലേ? മഹാബലി ലക്ഷണം തികഞ്ഞ ദുരന്തകഥാപാത്രമല്ലേ?
പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം? ഓണപ്പതിപ്പുകളുടെ പൂക്കളമായിരുന്ന കഥകളോട്‌ വിടപറഞ്ഞ്‌ ചില പ്രമുഖ ഓണപ്പതിപ്പുകള്‍ ഇക്കുറി ആദ്യമായി ഓണം ആഘോഷിച്ചു. 'മാതൃഭൂമി'യുടെയും 'മലയാള'ത്തിന്റെയും ഓണപ്പതിപ്പുകളില്‍ കഥയില്ല. ഏതാനും മാസം മുന്‍പിറങ്ങിയ 'ഭാഷാപോഷിണി' വിശേഷാല്‍പ്രതിയും കഥകള്‍ക്കുമുന്നില്‍ 'നോ എന്‍ട്രി' ബോര്‍ഡ്‌ തൂക്കി.


കഥയില്ലെങ്കിലും കഥാകൃത്തുക്കള്‍ മറ്റുചില കുറിപ്പുകളുമായി അണിനിരക്കാറുണ്ട്‌. പുതിയ പരീക്ഷണം. വളരെ 'ടച്ചിംഗാ'യുള്ള അനുഭവക്കുറിപ്പുകളും ഉണ്ട്‌. കഥയില്ലെങ്കിലും (?) കഥയോട്‌ അടുക്കാന്‍ ശ്രമിച്ചതു കൊണ്ടാണവ ടച്ചിംഗ്‌ ആയത്‌. എന്താണിങ്ങനെയൊരു മാറ്റം?

ഏത്‌ കഥയുടെ ഡി.എന്‍.എ ടെസ്റ്റ്‌ നടത്തിയാലും അനുഭവത്തിന്റെ പിതൃത്വം തെളിയിക്കാനാവും. പക്ഷേ, ഇക്കുറി പത്രാധിപന്മാര്‍ കഥാകാരന്മാരോട്‌ ആവശ്യപ്പെട്ടത്‌ ആ ബീജം അതേപടിയിങ്ങ്‌ തന്നാല്‍ മതിയെന്നാണ്‌. കഥാകാരന്മാര്‍ കൊടുക്കുകയും ചെയ്തു. അനുഭവങ്ങളെ കഥയാക്കി കുളമാക്കണ്ടെന്നുള്ള ഒരു സൂചനയല്ലേ പത്രാധിപന്മാര്‍ പ്രകടിപ്പിച്ചത്‌? അങ്ങനെയാണെങ്കില്‍ അതില്‍ പ്രതിസ്ഥാനത്ത്‌ നമ്മുടെ ബഹുമാന്യ കഥാകാരന്മാര്‍ തന്നെയല്ലേ? നല്ല ഒരു കഥ അയച്ചാല്‍ പത്രാധിപര്‍ക്കെന്നല്ല സാക്ഷാല്‍ ബ്രഹ്‌മന്‍ വിചാരിച്ചാലും അത്‌ ചവറ്റുകൊട്ടയില്‍ ഇടാന്‍ സാധിക്കില്ല. അതാണ്‌ കഥയുടെ മാജിക്കല്‍ റിയലിസം.

"കഴിഞ്ഞ വര്‍ഷം ഞാനയച്ച ഓണക്കഥ ഓണപ്പതിപ്പിനുശേഷം ആഴ്ചപ്പതിപ്പിലെ കവര്‍സ്റ്റോറിയായി അച്ചടിച്ചു. അത്‌ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഓണപ്പതിപ്പില്‍ അടിച്ചിരുന്നെങ്കില്‍ അത്‌ കൂട്ടത്തില്‍പ്പെട്ട്‌, ആരുമറിയാതെ പോകുമായിരുന്നു. എഡിറ്ററാണ്‌ അങ്ങനെയൊരു ഉചിതമായ തീരുമാനം എടുത്ത്‌ കഥയെ രക്ഷിച്ചത്‌"-കഥാകൃത്ത്‌ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ഈ അനുഭവം പറയുന്നത്‌ ഓണപ്പതിപ്പിലെ കഥവെള്ളപ്പാച്ചിലില്‍ നല്ല കഥകള്‍പെട്ട്‌ ഒഴുകാതിരിക്കുന്നതാണ്‌ കഥയ്ക്കും കഥാകാരനും ഗുണമെന്നാണ്‌.

"പുതിയ എഴുത്തുകാര്‍ വളരെക്കുറച്ചുമാത്രമേ എഴുതുന്നുള്ളൂ. അതും ടൈംബൗണ്ടായി എഴുതാന്‍ പറ്റുന്നുമില്ല. അപ്പോള്‍ എന്തെങ്കിലും തട്ടിക്കൂട്ടി എഴുതി ഓണപ്പതിപ്പില്‍ അച്ചടിക്കുന്നതിനെക്കാള്‍ നന്ന്‌ എഴുതാതിരിക്കുന്നതല്ലേ? നല്ല കഥകളെ കണ്ടെത്താനും അവതരിപ്പിക്കാനുമാകാത്തത്‌ പലപ്പോഴും നല്ല എഡിറ്റര്‍മാരില്ലാത്തതുകൊണ്ടാണ്‌"-സന്തോഷ്‌ പറഞ്ഞു.

"നല്ല കഥകള്‍ മുന്നറിയിപ്പുകളില്ലാതെ ഇനിയും വരും. ഒറ്റയ്ക്ക്‌ നില്‍ക്കുകയും ചെയ്യും. എന്തായാലും ഇക്കുറി ഞാന്‍ ഓണപ്പതിപ്പിലേക്ക്‌ കഥകളൊന്നും അയച്ചില്ല. അത്‌ നന്നായെന്നു തോന്നുന്നു"-സന്തോഷ്‌ ഏച്ചിക്കാനം പറഞ്ഞു.
ഓണപ്പതിപ്പുകളില്‍നിന്ന്‌ കഥകളെ ഒഴിവാക്കിയതിനെ 'ഭീകരപ്രശ്ന'മായി കഥാകാരി കെ.എ. ബീനയും കാണുന്നില്ല.
"ഓണപ്പതിപ്പില്‍ വരുന്ന കഥകള്‍ ഇന്ന്‌ സീരിയസായി വായിക്കപ്പെടുന്നില്ല. ഏഴും എട്ടും കഥകള്‍ നിശ്ചിത സമയത്തിനുള്ളില്‍ എഴുതേണ്ടിവരുമ്പോള്‍ എത്ര ക്രിയേറ്റീവായ എഴുത്തുകാരനാണെങ്കിലും കഥ പലപ്പോഴും തട്ടിക്കൂട്ടലാകും. അതിനെ കഥയുടെ അപചയമായി വ്യാഖ്യാനിക്കപ്പെടുകകൂടി ചെയ്യുമ്പോള്‍ എഴുതാതിരിക്കുന്നതല്ലേ ഉചിതം"-കെ.എ. ബീന ചോദിക്കുന്നു.

പ്രശ്നവുമായി ഈ ലേഖകന്‍ സമീപിച്ചപ്പോള്‍ പല അള്‍ട്രാ മോഡേണ്‍ കഥാകൃത്തുക്കളും കിടന്ന്‌ ഉരുണ്ടുകളിച്ചു. കഥ എഴുതിക്കലിന്റെ പത്രാധിപന്മാര്‍ക്ക്‌ തങ്ങളെ വേണ്ടാതായി എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ അവരില്‍ ചിലര്‍ അന്നുരാത്രി രണ്ടു ലാര്‍ജ്‌ കൂടുതല്‍ വിഴുങ്ങിക്കാണും. അതിനുംമുന്‍പേ വായനക്കാര്‍ക്കാണ്‌ തങ്ങളെ വേണ്ടാതായത്‌ എന്നറിയാതെ അവര്‍ സുഖമായി ഉറങ്ങിക്കാണും.

ഓണപ്പതിപ്പുകളില്‍നിന്ന്‌ കഥകളെ ഒഴിവാക്കിയതുപോലെ വരുംവര്‍ഷത്തില്‍ കവിതകളെയും ഒഴിവാക്കിയെന്നിരിക്കും. കഥയും കവിതയും ഒഴിവാക്കപ്പെട്ടാലും ഓണപ്പതിപ്പ്‌ പതിവിന്‍പടി പുറത്തിറങ്ങും. പൊന്നു കഥാകൃത്തുക്കളേ, കവികളേ എഴുതിയെഴുതി വായനക്കാരന്റെ ഹൃദയത്തിലേക്ക്‌ കയറുന്നില്ലെങ്കില്‍ നിങ്ങളുടെ കഞ്ഞിയില്‍ പാറ്റ വീണതുതന്നെ!

കൂട്ടത്തില്‍പ്പെട്ട്‌ നല്ല കഥകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നു പറയുന്നവരോട്‌ തിരിച്ചു ചോദിക്കാനുള്ളത്‌ കൂട്ടത്തില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള കെല്‌പും ഗരിമയും അല്ലേ നല്ല സൃഷ്‌ടികളുടെ സാമുദ്രികലക്ഷണം? അതോ, താരതമ്യേന 'സേഫ്‌' ആയ സീസണില്‍ കഥ 'റിലീസ്‌' ചെയ്ത്‌ ശ്രദ്ധിക്കപ്പെടുന്നതോ? ഓണപ്പതിപ്പിലെ കഥകള്‍ ആരും വായിക്കുന്നില്ലെന്നു പറയുന്നതാണോ അതോ പുതിയ വിഷയങ്ങളൊന്നും കഥയില്‍ വരാത്തതുകൊണ്ട്‌ വായനക്കാരന്‍ പേജുകള്‍ വെറുതേ മറിച്ചു മടക്കിവയ്ക്കുന്നുവെന്ന്‌ സമ്മതിക്കുന്നതോ ഉചിതം?

എന്തായാലും ഓണപ്പതിപ്പുകള്‍ നാലാം ഓണം കഴിയുമ്പോള്‍ മലയാളികള്‍ വലിച്ചെറിയില്ലെന്ന്‌ പലരുടെയും ബുക്ക്‌ ഷെല്‍ഫില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന പഴയ ഓണപ്പതിപ്പുകള്‍ നട്ടെല്ലുറപ്പോടെ പറയുന്നു. മലയാളത്തിലെ പല പ്രമുഖ കഥകളും ഓണപ്പതിപ്പിലൂടെ വായിച്ച ഒരു സാഹിത്യചരിത്രം മലയാളിക്കുണ്ട്‌. അപ്പോള്‍ നല്ല കഥകള്‍ കൊടുക്കാന്‍ കഴിയാത്ത കഥാകാരന്മാരെ ഇക്കുറി ചില പത്രാധിപന്മാര്‍ രക്ഷിക്കുകയല്ലേ ഉണ്ടായത്‌.

മലയാളിക്ക്‌ കഥ മടുത്തിട്ടില്ല. ഒരു സിനിമ കാണുമ്പോള്‍ എന്തെല്ലാം ഹൈഡെഫനിഷന്‍ സാങ്കേതികവിദ്യയുണ്ടെങ്കിലും അതിനിടയില്‍ ഒരു കഥ അന്വേഷിക്കുന്നവനാണ്‌ മലയാളി. കഥമാത്രം അന്വേഷിച്ച്‌ അന്‍പതിനടുത്ത്‌ ടെലിവിഷന്‍ സീരിയലുകള്‍ ദിനേന കണ്ടുവിടുന്ന സമൂഹമാണ്‌ നമ്മുടേത്‌. എന്തിന്‌ ഒരു പത്രവാര്‍ത്ത പോലും സൂക്ഷ്‌മമായി നോക്കിയാല്‍ അതില്‍ കഥയുടെ 'സ്‌ട്രക്ചര്‍' ഇല്ലേ? കല്യാണക്കാസറ്റ്‌ എഡിറ്റ്‌ ചെയ്യുമ്പോള്‍പ്പോലും കഥയുടെ ഒരു 'ഫോര്‍മാറ്റ്‌' പിന്തുടരുന്ന മലയാളിക്ക്‌ യഥാര്‍ത്ഥ കഥയോട്‌ ഒരു 'അവര്‍ഷന്‍' തോന്നാനുള്ള കാരണം ആരാണുണ്ടാക്കിയത്‌? കഥാകാരന്മാരോ പത്രാധിപന്മാരോ വായനക്കാരോ? ഉത്തരം ഒരു ക്‌ളൂവും ഇല്ലാതെ ആരും പറയും.

നല്ല കഥകള്‍ ഇല്ലെന്നു പറഞ്ഞ്‌ ഓണപ്പതിപ്പുകള്‍ക്ക്‌ അവയെ ഒഴിവാക്കാന്‍ എളുപ്പമാണ്‌. നല്ല കഥ ഇല്ലെന്നു കഥാകാരന്മാര്‍പോലും സമ്മതിക്കുമ്പോള്‍ അതുമാത്രമേയുള്ളൂ പോംവഴി. ഫീച്ചറോ ചരിത്രമോ അനുഭവമോ അച്ചടിക്കാന്‍ കഥയുടെ അതിരുതോണ്ടി സ്ഥലം കണ്ടെത്തിയാലും അതത്ര എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്ത്‌ സ്വന്തം പേരില്‍ പോക്കുവരവ്‌ സംഘടിപ്പിക്കാന്‍ പറ്റില്ല സാര്‍. എളുപ്പത്തില്‍ പൊളിച്ചുമാറ്റാവുന്ന ഒന്നല്ല മലയാളിയുടെ ജീവിതത്തിലുള്ള കഥയുടെ അടിത്തറ.

ഒന്നുതീര്‍ച്ച: പരസ്‌പരം കൂടിയാലോചിക്കാതെ വ്യത്യസ്തകേന്ദ്രങ്ങളിലിരുന്ന്‌ ചില പ്രമുഖ പത്രാധിപന്മാര്‍ ഇത്തവണ ഓണപ്പതിപ്പിന്‌ കഥകള്‍ വേണ്ടെന്നോ പേരിനുമതിയെന്നോ തീരുമാനിക്കുമ്പോള്‍ വ്യക്തമാവുന്നത്‌ നമ്മുടെ കഥാകൃത്തുക്കളുടെ റീഡബിലിറ്റിയില്‍ അവര്‍ക്കുള്ള വിശ്വാസമില്ലായ്‌മ തന്നെയാണ്‌. കഥയെ ആധുനികവും ഉത്തരാധുനികവും ഉത്തരോത്തരാധുനികവും ആക്കുന്നതിന്റെ ഭാഗമായി അതിനെ ആദ്യം ലേഖനപ്പരുവത്തിലാക്കി. പിന്നെ ആ ലേഖനത്തെത്തന്നെ മുഴുനീള ബോറടിയാക്കി. ഇറങ്ങിപ്പോയിനെടാ എന്ന്‌ പത്രാധിപന്മാര്‍ പറയുകയും ചെയ്തു. ഇതല്ലേ ഉണ്ടായത്‌? ഒന്നുതീര്‍ച്ച: നല്ലൊന്നാന്തരം കൊട്ടാണ്‌ കഥയില്ലാത്ത കഥാകൃത്തുക്കള്‍ക്ക്‌ പത്രാധിപന്മാര്‍ കൊടുത്തിരിക്കുന്നത്‌. ചുട്ടുപൊള്ളുന്ന ഒരു മുന്നറിയിപ്പ്‌.

എന്നുവച്ച്‌ കഥ മരിക്കുമോ? ഒരിക്കലുമില്ല. കഥയില്ലാതെ പിന്നെന്തു ജീവിതം? സാഹിത്യം, കല, പ്രപഞ്ചം എല്ലാം കഥയല്ലേ?

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍.കോം

അഭിപ്രായങ്ങളൊന്നുമില്ല: