തിങ്കളാഴ്‌ച, സെപ്റ്റംബർ 11, 2006

അലെന്‍ഡെ: ഓര്‍മ്മദിനം - അഡ്വ. എ. സമ്പത്ത്‌ (എക്‌സ്‌. എം.പി)

അലെന്‍ഡെ: ഓര്‍മ്മദിനം
അഡ്വ. എ. സമ്പത്ത്‌ (എക്‌സ്‌. എം.പി)

"അവര്‍ക്കെന്റെ ശവം മാത്രമേ കൊണ്ടുപോകാന്‍ കഴിയൂ". ചിലിയുടെ വിമോചകനും വിപ്‌ളവകാരിയുമായിരുന്ന സാല്‍വഡോര്‍ അലന്‍ഡെയുടെ അവസാന വാക്കുകളാണിത്‌. തന്റെ സുഹൃത്തുക്കളോട്‌ ഈ വാക്കുകള്‍ പറയുമ്പോഴും അലന്‍ഡെയും കൂട്ടരും ജനറല്‍ അഗസ്റ്റോപിനോഷെ അഗാര്‍ട്ടോയുടെ നേതൃത്വത്തിലുള്ള പട്ടാള മേധാവിത്വത്തോട്‌ ധീരമായി പൊരുതുകയായിരുന്നു. ജീവന്റെ ചെറുതുടിപ്പ്‌ അവശേഷിക്കുവോളം ശത്രുവിന്‌ കീഴടങ്ങാന്‍ കൂട്ടാക്കാത്ത അലന്‍ഡെ ഒടുവില്‍ 13 വെടിയുണ്ടകള്‍ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വഹിച്ചു. 1973 സെപ്‌തംബര്‍ 11ന്‌ രാവിലെ ചിലിയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ അരങ്ങേറിയ ആ രക്തസാക്ഷിത്വത്തിന്റെ വിപ്‌ളവ സ്‌മരണകള്‍ ഉണര്‍ത്തുന്ന ദിവസമാണിന്ന്‌.

സെപ്‌തം. 11ന്‌ ചരിത്രത്തിന്‌ ഓര്‍മ്മപ്പെടുത്താന്‍ മറ്റനേകം സംഭവങ്ങള്‍ കൂടിയുണ്ടായിരിക്കാം. എന്നാല്‍ സാല്‍വഡോര്‍ അലെന്‍ഡെ എന്ന ധീര രക്തസാക്ഷിയുടെ സ്‌മരണകള്‍ക്ക്‌ അനന്യമായ മറ്റൊരു സവിശേഷതകൂടി അടിവരയിട്ട്‌ പറയാനുണ്ട്‌. അമേരിക്കന്‍ ഭൂഖണ്‌ഡത്തില്‍ എന്നല്ല ലോകത്തുതന്നെ ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയില്‍ നടന്ന വോട്ടെടുപ്പിലൂടെ അധികാരത്തില്‍ എത്തിയ ആദ്യ മാര്‍ക്‌സിസ്റ്റ്‌ സഖ്യ പ്രസിഡന്റുകൂടിയാണ്‌ അലന്‍ഡെ എന്ന വിപ്‌ളവകാരി. അലന്‍ഡെയുടെ ചരിത്രം ചിലിയുടെ വിമോചന ചരിത്രവുമാണ്‌.
പഴയ സ്‌പാനിഷ്‌ കോളനിയായിരുന്ന ചിലി 1810 ലാണ്‌ സ്വതന്ത്രമാവുന്നത്‌. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭകാലം മുതല്‍ക്കേ അമേരിക്കന്‍ വ്യവസായ കുത്തകകള്‍ അതിസമ്പന്നമായ ചിലിയോട്‌ അതിതാത്‌പര്യം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു.

ചിലിയിലെ സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ ചെറുക്കാനായി 1933 ലാണ്‌ 'പോപ്പുലര്‍ യൂണിറ്റി' രൂപീകരിച്ചത്‌. 1952 ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ഡോ. സാല്‍വഡോര്‍ അലന്‍ഡെ ആദ്യമായി മത്സരിച്ചു, പരാജയപ്പെട്ടു. വലതുപക്ഷ സഖ്യത്തിന്റെ കാര്‍ലോസ്‌ ഇബാനെസ്‌ വിജയിയായി. 6 കൊല്ലത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജോര്‍ജ്‌ അലെസാന്ദ്രിറോഡ്രിഗ്‌സിനോട്‌ വെറും 32,000 വോട്ടുകള്‍ക്കാണ്‌ അലന്‍ഡെ തോറ്റത്‌ പോപ്പുലര്‍ യൂണിറ്റിയുടെ വളര്‍ച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കണ്ണിലെ കരടായി മാറി. 1964 ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ക്രിസ്‌ത്യന്‍ ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥിയായ എഡ്വേര്‍ഡ്‌ ഫ്രീക്കായിരുന്നു വിജയിയെങ്കിലും യഥാര്‍ത്ഥമത്സരം 'പോപ്പുലര്‍ യൂണിറ്റി'യും യു. എസ്‌. സാമ്രാജ്യത്വ താത്‌പര്യങ്ങളും തമ്മിലായിരുന്നു. ഒരുകോടി ഡോളര്‍ ആ തിരഞ്ഞെടുപ്പിലേക്കായി സി. ഐ. എ ഒഴുക്കി.

70 ലെ തിരഞ്ഞെടുപ്പില്‍ ഡോ. സാല്‍വഡോര്‍ അലന്‍ഡെ (നാലാമത്തെ) മത്സരത്തിനെത്തിയപ്പോള്‍ അലന്‍ഡെ വിരുദ്ധ ശക്തികളെ യോജിപ്പിച്ചു നിറുത്താനായി യു.എസ്‌. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സബ്‌ കമ്മിറ്റിയായ "40 കമ്മിറ്റി"യുടെ ഒരു പ്രത്യേകയോഗംതന്നെ അന്നത്തെ സെക്രട്ടറി ഒഫ്‌ സ്റ്റേറ്റ്‌ ആയിരുന്ന ഹെന്‍റി കിസിംഗര്‍ വിളിച്ചുകൂട്ടി.

ചിലിയില്‍ സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ല്‌ അക്ഷരാര്‍ത്ഥത്തില്‍ യു. എസ്‌ കുത്തകകളുടെ കൈയിലായിരുന്നു.
1928 മുതല്‍ 70 വരെ വെറും 30 ദശലക്ഷം ഡോളറിന്റെ നിക്ഷേപം കൊണ്ട്‌ 4,100 ദശലക്ഷം ഡോളറിന്റെ ലാഭമാണ്‌ ചെമ്പ്‌ ഖാനന വ്യവസായങ്ങളിലേര്‍പ്പെട്ട യു. എസ്‌ കുത്തകകള്‍ കൊയ്‌തത്‌. എത്രമാത്രം ഖാനനം ചെയ്യണമെന്നും വിലയും കൂലിയും എത്രയായിരിക്കണമെന്നും അവരാണ്‌ തീരുമാനിച്ചിരുന്നത്‌. അവരായിരുന്നു "സൂപ്പര്‍ ഗവണ്‍മെന്റ്‌".
70 സെപ്‌തം. 4ന്‌ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ അലന്‍ഡെ 36 ശതമാനം വോട്ട്‌ നേടി മുന്നിലെത്തി. നാഷണല്‍ പാര്‍ട്ടിയുടെ ജോര്‍ജ്‌ അലെസാന്ദ്രിക്ക്‌ 35 ശതമാനവും. തിരഞ്ഞെടുപ്പില്‍ പകുതിയിലേറെ വോട്ട്‌ ഒരു സ്ഥാനാര്‍ത്ഥിയും നേടാത്തതുകൊണ്ട്‌ കോണ്‍ഗ്രസ്‌ (ചിലിയന്‍ പാര്‍ലമെന്റ്‌) ചേര്‍ന്ന്‌ ഏറ്റവും കൂടുതല്‍ വോട്ട്‌ ലഭിച്ച രണ്ടുപേരില്‍ നിന്ന്‌ ഒരാളെ പ്രസിഡന്റായി അവരോധിക്കണമെന്നാണ്‌ ചട്ടം. സാധാരണഗതിയില്‍ ഏറ്റവും കൂടുതല്‍ വോട്ട്‌ നേടിയ ആളെത്തന്നെ പ്രസിഡന്റായി പ്രഖ്യാപിക്കും- അങ്ങനെയല്ലാതെ ഒരു സംഭവം ചിലിയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. 200 അംഗ കോണ്‍ഗ്രസില്‍ പോപ്പുലര്‍ യൂണിറ്റി സഖ്യത്തിന്‌ 88 അംഗങ്ങളുണ്ടായിരുന്നു. ഭൂരിപക്ഷത്തിന്‌ 13 പേരുടെ കുറവ്‌. അപ്പോള്‍ സി. ഐ. എ വലതുപക്ഷ പാര്‍ലമെന്റംഗങ്ങളെ വിലയ്ക്കെടുക്കാനായി ശ്രമം. എന്നാല്‍ അലന്‍ഡെയെ അംഗീകരിക്കാന്‍ തന്നെ ക്രിസ്‌ത്യന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഐകകണ്ഠ്യേന തീരുമാനിച്ചതോടെ നവംബര്‍ 4ന്‌ അദ്ദേഹം പ്രസിഡന്റായി അവരോധിതനാകുമെന്ന്‌ ഉറപ്പായി. തുടര്‍ന്ന്‌ സൈന്യത്തിനുള്ളില്‍ കലാപം സൃഷ്‌ടിക്കാനായി പരിശ്രമം. കരസേനാധിപനായ ജനറല്‍ റെനേഷ്‌ നിഡറിനെ ഒക്‌ടോബറില്‍ കൊലപ്പെടുത്തി. ഒക്‌ടോബര്‍ 24ന്‌ ചിലിയന്‍ കോണ്‍ഗ്രസ്‌ അലന്‍ഡെയെ പ്രസിഡന്റായി അംഗീകരിച്ചതോടെ 90,000 പേര്‍ വരുന്ന സൈന്യത്തിലെ "തിരഞ്ഞെടുക്കപ്പെട്ട ചില വ്യക്തികളുമായി" ബന്‌ധം സ്ഥാപിച്ച്‌ ഒരു അട്ടിമറി നടത്താനായി സി.ഐ. എയുടെ അടുത്ത ഉന്നം.


അലന്‍ഡെ അധികാരമേല്‍ക്കുന്ന സമയത്ത്‌ 57 ശതമാനം ഭൂമി 626 വന്‍കിട എസ്റ്റേറ്റ്‌ ഉടമകളുടെ കൈയിലായിരുന്നു. 790000 വരുന്ന ചെറുകിട കര്‍ഷകര്‍ക്കാകട്ടെ വെറും 0.6 ശതമാനം കൃഷി ഭൂമിയും. ആകെ ദേശീയ സമ്പത്തിന്റെ 20 ശതമാനവും ഏറ്റവും പണക്കാരായ 5 ശതമാനം കൈയടക്കിയിരുന്നപ്പോള്‍ ഏറ്റവും പാവപ്പെട്ട 20 ശതമാനത്തിന്‌ 5 ശതമാനംപോലും ലഭിച്ചിരുന്നില്ല. അമേരിക്കന്‍ താത്‌പര്യങ്ങള്‍ ഹനിക്കപ്പെടുന്നതും ചിലി എന്ന 'സ്വര്‍ണഖനി' നഷ്‌ടപ്പെടുന്നതും യു. എസ്‌ ഗവണ്‍മെന്റിന്‌ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

വലതുപക്ഷ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക്‌ സി. ഐ. എ പരസ്യമായി സഹായങ്ങള്‍ നല്‍കി. അങ്ങനെ സൈനിക മേധാവികളെ പാട്ടിലാക്കാനായി. 1973 ജൂണില്‍ ഒരു അട്ടിമറിശ്രമം നടന്നുവെങ്കിലും പരാജയപ്പെട്ടു. ആഗസ്റ്റില്‍ ഒരു ദശലക്ഷം ഡോളര്‍കൂടി ചെലവഴിച്ചുകൊള്ളാന്‍ സി. ഐ. എക്ക്‌ അനുമതി കിട്ടി. തുടര്‍ന്ന്‌ സെപ്‌തംബര്‍ ആദ്യം മുതലേ അട്ടിമറിക്കുള്ള എല്ലാ പടക്കോപ്പുകളും ഒരുക്കിത്തുടങ്ങി.

സെപ്‌തംബര്‍ 9ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ നിക്‌സണ്‌, ചിലിയില്‍ നടക്കാന്‍ പോകുന്ന അട്ടിമറിയുടെ പ്‌ളാനുകളെ സംബന്‌ധിച്ച്‌ വിവരം ലഭിച്ചു. സെപ്‌തംബര്‍ 11ന്‌ അട്ടിമറിക്കുള്ള അരങ്ങേറ്റം കുറിക്കുകയായി.

രാവിലെതന്നെ യുദ്ധ പ്രതീതിയായിരുന്നു തലസ്ഥാനത്ത്‌. ചീറിപ്പാഞ്ഞുപോകുന്ന യുദ്ധവിമാനങ്ങളും റോക്കറ്റുകളും. ടാങ്കറുകള്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക്‌ ഇരച്ചുനീങ്ങി. ബോംബുസ്ഫോടനങ്ങള്‍. ഇടനാഴികളില്‍ സൈനികര്‍ പ്രത്യക്ഷപ്പെട്ടു. ഏഴര മണിയോടെ ജനറല്‍ പിനോഷെ അലന്‍ഡെയുടെ കൊട്ടാരത്തിലേക്ക്‌ ഫോണ്‍ ചെയ്‌ത്‌ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. "ഞാന്‍ രാജിവയ്ക്കുകയില്ല; വേണ്ടിവന്നാല്‍ മരണത്തെ വരിക്കാനും തയ്യാറാണ്‌". അലന്‍ഡെ മറുപടി നല്‍കി. തുരുതുരെ ശത്രുസൈന്യം ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടേയിരുന്നു. ചെറുത്തുനില്‌പുകള്‍ക്കൊടുവില്‍ അലന്‍ഡെ തന്റെ അടുത്ത സുഹൃത്തുക്കളെ അവസാനമായി വിളിച്ചറിയിച്ചു: "അവര്‍ക്കെന്റെ ശവം മാത്രമേ കൊണ്ടുപോകാന്‍ കഴിയൂ." അവസാനംവരെ അലന്‍ഡെയോടൊപ്പം 40 ചെറുപ്പക്കാരും ചങ്കുറപ്പോടെ പൊരുതിനിന്നു. അവരില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വെടിയുണ്ടകള്‍ ഒന്നൊന്നായി ഏറ്റുവാങ്ങി ആ രാഷ്‌ട്രത്തലവന്‍ രക്തസാക്ഷിത്വം വരിച്ചു. ആ വീരരക്തസാക്ഷിത്വത്തിന്‌ ഇന്ന്‌ 33 വര്‍ഷം തികയുകയാണ്‌.


കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍.കോം

അഭിപ്രായങ്ങളൊന്നുമില്ല: