ബുധനാഴ്‌ച, സെപ്റ്റംബർ 13, 2006

സാലറി. കോമിലെ രാമദാസ്‌ വൈദ്യന്മാര്‍ - തോമസ്‌ ജേക്കബ്‌

സാലറി. കോമിലെ രാമദാസ്‌ വൈദ്യന്മാര്‍
തോമസ്‌ ജേക്കബ്‌

കോഴിക്കോടിന്റെ ചിരിയായിരുന്നു രാമദാസ്‌ വൈദ്യര്‍. കലാ-സാഹിത്യകാരന്‍ മാരുടെയെല്ലാം ബന്ധുവായിരുന്ന ആ ബഹുരസി കനേക്കുറിച്ച്‌ മുമ്പൊരിക്കല്‍ ഈ പംക്‌തിയില്‍ എഴുതിയിരുന്നു. ആ വൈദ്യരോട്‌ ദാമ്പത്യത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഭാര്യ നിര്‍മല ചോദിച്ചു:
- ഞാന്‍ 25 വര്‍ഷമായി നിങ്ങളെ സേവിക്കുന്നു. നിങ്ങള്‍ എനിക്കെന്തു തരുന്നു?
രാമദാസ്‌ വൈദ്യര്‍ ഗാഢചിന്തയുടെ കഷായം കുടിച്ച്‌ ഇത്തിരി നേരം കണ്ണടച്ചപ്പോള്‍ നിര്‍മലയുടെ ചോദ്യത്തിന്‌ അസ്സലൊരു ഉത്തരം കിട്ടി. അദ്ദേഹം ഭാര്യയെ അരികില്‍ വിളിച്ചു പറഞ്ഞു:
- ഭാര്യേ, നിനക്ക്‌ ഞാന്‍ പെന്‍ഷന്‍ അനുവദിച്ചിരിക്കുന്നു. പ്രശസ്‌ത സേവനത്തിനുള്ള പെന്‍ഷന്‍! മാസം ആയിരം രൂപ.
അങ്ങനെ വിശിഷ്ട സേവനത്തിനു ഭര്‍ത്താവില്‍നിന്ന്‌ പെന്‍ഷന്‍ സ്വീകരിക്കുന്ന, ഒരു പക്ഷേ ലോകത്തിലെതന്നെ, ആദ്യ വനിതയായി നിര്‍മല. ആദ്യ അഞ്ചു വര്‍ഷത്തേക്കാണ്‌ ആയിരം രൂപ. അതുകഴിഞ്ഞ്‌, പെന്‍ഷന്‍ വര്‍ധനയുണ്ടാകും. ഒരു ലക്ഷം രൂപ വൈദ്യര്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമായിട്ടു. പാസ്ബുക്കും ചെക്ക്‌ ബുക്കും ഭാര്യയുടെ കയ്യില്‍കൊടുത്തിട്ടു പറഞ്ഞു:
- ഇതിന്റെ പലിശ മാസാമാസം കൃത്യമായി വാങ്ങിക്കൊള്ളണം. ആ ആയിരം രൂപയാണ്‌ പെന്‍ഷന്‍.
(രാമദാസ്‌ വൈദ്യര്‍ മറ്റേ ലോകത്തേക്കു പോയതിനാല്‍ പെന്‍ഷന്‍ വര്‍ദ്ധനയുണ്ടായില്ലെന്നു മാത്രമല്ല, ബാങ്കുപലിശ കുറഞ്ഞതിനാല്‍ ഉള്ള പെന്‍ഷനില്‍ത്തന്നെ പാറ്റ വീഴുകയും ചെയ്‌തു.)
ഈ പെന്‍ഷന്‍കാര്യം മാളോര്‌ അറിഞ്ഞപ്പോള്‍ പൊല്ലാപ്പായെന്നും വൈദ്യര്‍ പറഞ്ഞിട്ടുണ്ട്‌. കല്യാണം കഴിക്കാമോയെന്നു ചോദിച്ചുകൊണ്ട്‌ വരാന്‍ തുടങ്ങി, പെണ്ണുങ്ങളുടെ കത്തുകള്‍.
"നിങ്ങള്‍ കല്യാണം കഴിച്ചാല്‍ ഞങ്ങള്‍ക്കും കിട്ടുമല്ലോ പെന്‍ഷന്‍" എന്നായിരുന്നുവത്രെ പെണ്‍ന്യായങ്ങള്‍!
വൈദ്യരുടെ "ചങ്ങായി" മാരും പ്രശ്നമുണ്ടാക്കിത്തുടങ്ങി. അവരുടെ ഭാര്യമാര്‍ പെന്‍ഷന്‍ ഡിമാന്‍ഡ്‌ വച്ച്‌ വീട്ടില്‍ സമരം തുടങ്ങിയത്രെ!
പത്തുകൊല്ലം മുമ്പുനടന്ന ഈ പെന്‍ഷന്‍ തമാശ ഇപ്പോള്‍ ഓര്‍ത്തെടുത്തതിനു കാരണം അമേരിക്കയിലെ മാസച്ചുസെറ്റ്സില്‍ പ്രവര്‍ത്തിക്കുന്ന സാലറി. കോം നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ടാണ്‌. വീട്ടമ്മമാരുടെ ജോലിഭാരം കണക്കാക്കി അവരുടെ ശമ്പളം നിര്‍ണയിക്കുകയാണ്‌ സാലറി. കോം ചെയ്‌തത്‌. അതുവരെ ലോകമാലോചിക്കാത്ത (കോഴിക്കോട്ടെ ആ രസികന്‍ വൈദ്യരൊഴിച്ച്‌) ഒരു സംഗതിയാണല്ലോ അത്‌!
ഒന്നാലോചിച്ചു നോക്കിയാല്‍ കാര്യം ശരിയാണെന്ന്‌ നമുക്കും ബോധ്യപ്പെടേണ്ടതാണ്‌. വീട്ടമ്മയുടെ ജോലിയുടെ യഥാര്‍ഥഭാരമെന്തെന്ന്‌ വീട്ടമ്മയല്ലാത്ത ആര്‍ക്കും മനസ്സിലാവില്ല എന്നതാണ്‌ അക്കാര്യത്തിന്റെയൊരു ദുരന്തം. ഒരു വേഷത്തില്‍, ഒരേ ദിവസം എന്തൊക്കെ വേഷങ്ങളാണ്‌ ആ അമ്മ വീട്ടില്‍ ആടുന്നത്‌! ആ വീടൊരു ഓഫിസായി സങ്കല്‍പ്പിക്കാമെങ്കില്‍ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസറും ജനറല്‍ മാനേജരും ഹ്യൂമന്‍ റിസോഴ്സസ്‌ മാനേജരും, അക്കൗണ്ടന്റും മുതല്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററും പ്രൈവറ്റ്‌ സെക്രട്ടറിയും പ്യൂണുമൊക്കെ ആ ഒറ്റയാള്‍ മാത്രമല്ലേ? വീട്ടുനോട്ടക്കാരിയുടെയും അധ്യാപികയുടെയും അലക്കുകാരിയുടെയും പാചകക്കാരിയുടെയുമൊക്കെ വേഷങ്ങള്‍ എത്ര നൊടിയിടയ്ക്കുള്ളിലാണ്‌ വീട്ടമ്മ മാറിമാറിയണിയുന്നത്‌. പരിഭവമോ പരാതിയോ ഇല്ലാതെ, തിരിച്ച്‌ സ്നേഹവും കരുതലുമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാതെ....
സാലറി. കോമിലെ രാമദാസ്‌ വൈദ്യന്മാര്‍ ചിന്തിച്ചപ്പോള്‍ വീട്ടമ്മമാര്‍ പ്രതിഫലം അര്‍ഹിക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടു. എങ്കില്‍ ആ പ്രതിഫലം എത്രയായിരിക്കണം? അവര്‍ കാര്യമായ സര്‍വേ നടത്തിയപ്പോള്‍, പത്തു ജോലികളെങ്കിലും വീട്ടമ്മ തനിച്ചു ചെയ്യുന്നുണ്ടെന്നു മനസ്സിലാക്കി. അങ്ങനെയെങ്കില്‍ ആ ജോലികളുടെ മൊത്തം ശമ്പളം വീട്ടമ്മയ്ക്ക്‌ ലഭിക്കേണ്ടതാണെന്നും അവര്‍ തീരുമാനിച്ചു. അതു പ്രകാരം വീട്ടമ്മയ്ക്കു ലഭിക്കേണ്ട പ്രതിവര്‍ഷ ശമ്പളം....
(എന്റെ സുഹൃത്തുക്കളെ, പുരുഷകേസരികളെ, ഭര്‍തൃശിങ്കങ്ങളെ, സ്വന്തം കീശയില്‍ അമര്‍ത്തിപ്പിടിച്ച്‌ കാര്യമായൊന്നു ഞെട്ടാന്‍ തയ്യാറെടുത്തോളൂ.)
.. 61, 69, 566 രൂപ! അഥവാ ഒരു വര്‍ഷം 1, 34, 121 ഡോളര്‍.
ഇനി നമ്മുടെ ഈ ശമ്പളക്കാരി വീട്ടമ്മ വീട്ടിനു പുറത്തെവിടെങ്കിലും ഉദ്യോഗസ്ഥ കൂടിയാണെങ്കില്‍ പ്രതിവര്‍ഷ ശമ്പളത്തില്‍ തകര്‍പ്പന്‍ വര്‍ധനയുണ്ട്‌. എത്രയെന്നോ? 39, 50, 296 രൂപ കൂടി! അതായത്‌ നമ്മള്‍ കൊടുക്കേണ്ട ശമ്പളം 1, 01, 19, 862. അത്രയും കൊടുക്കുമ്പോള്‍ അതില്‍ ഒരു കോടി എടുത്തിട്ട്‌ ഭാര്യ നമ്മളോട്‌ ഒരു വി. കെ. എന്‍ കഥാപാത്രത്തിന്റെ സ്റ്റെയിലില്‍ പറയും: ആ ചില്ലറ കയ്യില്‍ വച്ചോളൂ. കീപ്പ്‌ ദ ചേഞ്ച്‌.
(കണക്കുകളെല്ലാം അമേരിക്കന്‍ നിരക്കിലാണേ! ഇവിടെയാവുമ്പോള്‍ ശ്ശി കുറയും)
അമേരിക്കന്‍ സര്‍വേക്കാരുടെ കണക്കു പ്രകാരം ഉദ്യോഗസ്ഥവനിതകള്‍ ആഴ്ചയില്‍ ശരാശരി 44 മണിക്കൂര്‍ ഓഫിസില്‍ ജോലി ചെയ്യുമ്പോള്‍ വീട്ടില്‍ ജോലിചെയ്യുന്നത്‌ 49.8 മണിക്കൂറാണ്‌. അതേ സമയം, മുഴുവന്‍ സമയ വീട്ടമ്മ ജോലി ചെയ്യുന്നത്‌ ആഴ്ചയില്‍ ശരാശരി 91.6 മണിക്കൂര്‍! ഇതുപ്രകാരമാണ്‌ ശമ്പളം കണക്കാക്കിയത്‌. അമേരിക്കയില്‍ മണിക്കൂറു കണക്കിനാണല്ലോ ശമ്പളം.
ഈ സര്‍വേയ്ക്കു വേണ്ടി സാലറി. കോം 400 വീട്ടമ്മമാരുടെ അഭിപ്രായം ശേഖരിച്ചു. ഒരുപാട്‌ കണക്കുകൂട്ടി. (ആണുങ്ങളുടെ തെറി കുറെ കേട്ടുകാണാനും വഴിയുണ്ട്‌.)
കഥക്കൂട്ടു വായിക്കുന്ന വീട്ടമ്മമാരെ, നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഭര്‍ത്താവ്‌ തരേണ്ട ശമ്പളം കണക്കുകൂട്ടാനൊരുങ്ങുകയാണോ? ബുദ്ധിമുട്ടേണ്ട. സാലറി. കോം തയ്യാറാക്കിയ www.mom.salary.com എന്ന വെബ്സൈറ്റ്‌ സന്ദര്‍ശിച്ചാല്‍ മതി. എത്ര കുട്ടികള്‍, എവിടെ താമസിക്കുന്നു, ജോലിഭാരം തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആ സൈറ്റില്‍ നിന്ന്‌ സ്വശമ്പളം കണക്കുകൂട്ടിയറിയാന്‍ എളുപ്പമാണത്രെ. ആ ശമ്പളത്തുകയ്ക്ക്‌ ഒരു സാങ്കല്‍പ്പിക ചെക്കും സൈറ്റില്‍ നിന്ന്‌ ലഭിക്കും.
വിശാലഹൃദയനായ ഒരു ഭര്‍ത്താവിന്റെ ആത്മഗതം ഇപ്പോള്‍ത്തന്നെ എനിക്കു കേള്‍ക്കാം.
- അതു പോലെ എത്ര ചെക്ക്‌ വേണം നിനക്ക്‌, ഭാര്യേ... ഇതാ പിടി. ഒരു ഡസന്‍ വണ്ടിച്ചെക്കുകള്‍.
ഇങ്ങനെയുള്ള ,"സ്നേഹസമ്പന്ന" ഭര്‍ത്താക്കന്‍മാരുടെ പഴ്സില്‍ നിന്ന്‌ പലപ്പോഴായി കാശടിച്ചു മാറ്റുന്ന കലയില്‍ ഡോക്ടറേറ്റ്‌ ഉള്ള എത്രയോ വീട്ടമ്മമാര്‍ നമുക്കു ചുറ്റുമുണ്ടല്ലോ. എന്നിട്ട്‌ നാലഞ്ചു മാസം കഴിഞ്ഞ്‌ സ്വന്തം വീട്ടിലേക്കൊരു യാത്ര നടത്തി, തിരിച്ചുവരുമ്പോള്‍ "എന്റെ അമ്മച്ചി തന്നതാ കേട്ടോ, ഇങ്ങോട്ടു പോരുമ്പോള്‍" എന്നും പറഞ്ഞ്‌ അതേ രൂപ "വൈറ്റ്‌" ആക്കി പരസ്യപ്പെടുത്താനും അറിയാവുന്നവര്‍ അവര്‍!
ചുമ്മാതാണോ, രാമദാസ്‌ വൈദ്യര്‍ അങ്ങനെയൊരു ലൈനെടുത്തത്‌ കണക്കുകൂട്ടിയപ്പോള്‍ ലാഭം പെന്‍ഷന്‍ കൊടുക്കുന്നതാണെന്നു തോന്നിക്കാണും വൈദ്യര്‍ക്ക്‌.

(മലയാള മനോരമയുടെ എഡിറ്റോറിയില്‍ ഡയറക്ടറാണ്‌ ലേഖകന്‍)

കടപ്പാട് : മനോരമ ഓണ്‍ലൈന്‍