ഞായറാഴ്‌ച, സെപ്റ്റംബർ 24, 2006

നവരാത്രി മണ്‌ഡപത്തിലെ പൂര്‍ണസരസ്വതി (ഡോ. എം.ജി. ശശിഭൂഷണ്‍)

നവരാത്രി മണ്‌ഡപത്തിലെ പൂര്‍ണസരസ്വതി
ഡോ. എം.ജി. ശശിഭൂഷണ്‍

തിരുവനന്തപുരത്തെ നവരാത്രി ദിനങ്ങള്‍ ഭക്തിസാന്ദ്രമാക്കി നവരാത്രി മണ്‌ഡപത്തില്‍ വാഗീശ്വരിയായ പൂര്‍ണസരസ്വതിയുടെ ദിവ്യസാന്നിദ്ധ്യം. കൂട്ടിന്‌ കുമാരസ്വാമിയും കുണ്ടണിമങ്കയും.
തിരുവിതാംകൂര്‍ രാജവംശത്തില്‍നിന്ന്‌ കമ്പരാമായണത്തിന്റെ രചയിതാവായ കമ്പറിലേക്ക്‌ നീളുന്ന ചരിത്രസ്‌മൃതികളിലേക്കുള്ള തിരനോട്ടം കൂടിയാണ്‌ തിരുവനന്തപുരത്തെ നവരാത്രി ആഘോഷം. കമ്പര്‍ പൂജിച്ചിരുന്ന സരസ്വതി വിഗ്രഹമാണ്‌ നവരാത്രി മണ്‌ഡപത്തില്‍ ദര്‍ശനപുണ്യം പകരുന്ന സരസ്വതി അമ്മന്‍.
സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ്‌ നവരാത്രി സദസ്‌ സ്ഥിരമായി തിരുവനന്തപുരത്താകുന്നത്‌.
തിരുവിതാംകോട്‌ (പില്‍ക്കാലത്ത്‌ തിരുവിതാംകൂര്‍) രാജാവായിരുന്ന കുലശേഖരപെരുമാളിന്റെ സാന്നിദ്ധ്യത്തിലാണ്‌ നവരാത്രി സദസുകള്‍ ആദ്യം നടന്നത്‌. സരസ്വതിവിഗ്രഹം പ്രതിഷ്ഠിച്ചതു പദ്‌മനാഭപുരത്തായതിനാല്‍ (കല്‍കുളം) നവരാത്രി മണ്‌ഡപവും സരസ്വതിദേവാലയത്തിനുമുന്നിലായി. കുലശേഖരപ്പെരുമാളിന്‌ പദ്‌മനാഭപുരത്ത്‌ എത്താന്‍ കഴിയാതെവരുമ്പോള്‍ സരസ്വതിവിഗ്രഹം രാജാവിന്റെ ആസ്ഥാനത്തേക്കുകൊണ്ടുവരും. ശുചീന്ദ്രത്തും തിരുവനന്തപുരത്തും മാവേലിക്കരയിലും നവരാത്രിമണ്‌ഡപങ്ങള്‍ അങ്ങനെയാണുണ്ടായത്‌.
സ്വാതിതിരുനാളിന്റെ കാലത്ത്‌ ആസ്ഥാനവിദ്വാന്മാരുടെ എണ്ണം കൂടി. നവരാത്രി കാലത്ത്‌ ഇവരെ പദ്‌മനാഭപുരത്തുകൊണ്ടുപോയി ഊട്ടിപാര്‍പ്പിക്കാന്‍ ക്‌ളേശമുണ്ടായതിനാല്‍ സംഗീതസദസ്‌ തിരുവനന്തപുരത്ത്‌ നടക്കട്ടെ എന്ന്‌ മഹാരാജാവ്‌ കല്‍പിച്ചിരിക്കാം.

പുറത്തേക്കു എഴുന്നള്ളിക്കുമ്പോള്‍ സരസ്വതിഅമ്മനെ അനുഗമിക്കുവാന്‍ വെള്ളിക്കുതിരപ്പുറത്ത്‌ കുമാരകോവിലിലെ വേലായുധസ്വാമിയും പണ്ടുമുതലേ ഉണ്ടായിരുന്നു. മുന്നൂറ്റിമങ്ക തോഴിയാകട്ടെ എന്ന്‌ തീരുമാനിച്ചത്‌ സ്വാതിതിരുനാളായിരിക്കണം. വള്ളിയെന്ന കാട്ടുജാതിക്കാരിയെ തിരുമണം നടത്താന്‍ വേലായുധസ്വാമിക്ക്‌ പദ്‌മനാഭപ്പെരുമാളില്‍നിന്ന്‌ അനുവാദം വാങ്ങിത്തരാം എന്നുപറഞ്ഞാണ്‌ മുന്നൂറ്റിമങ്ക ശുചീന്ദ്രത്തുനിന്ന്‌ പുറപ്പെട്ടത്‌. വഴിനീളെ പൂജയും വഴിപാടുകളും സ്വീകരിച്ച്‌ ദേവീദേവന്മാര്‍ മൂന്നാംദിവസമാണ്‌ തിരുവനന്തപുരത്ത്‌ എത്തുന്നത്‌. തിരുവനന്തപുരത്തു എത്തുമ്പോള്‍ വിവാഹക്കാര്യം പറയാനെന്ന വ്യാജേനെ പദ്‌മനാഭസ്വാമിയുടെ അടുത്തെത്തുന്ന മുന്നൂറ്റിമങ്ക വള്ളിയെന്ന കുറത്തിയെ തിരുമണം നടത്താന്‍ വേലായുധസ്വാമിക്ക്‌ അനുവാദം നല്‍കരുതെന്നു പദ്‌മനാഭസ്വാമിയോടു ഏഷണി പറയും. മുന്നൂറ്റിമങ്കയെ തിരുവനന്തപുരത്തുകാര്‍ കുണ്ടണിമങ്ക എന്നുപറയുന്നതിന്റെ കാരണം ഇതാണ്‌. കുണ്ടണി എന്നാല്‍ ഏഷണി എന്നര്‍ത്ഥം.

യാത്രയിലെ അശുദ്ധി പത്‌മതീര്‍ത്ഥത്തില്‍ നീരാടിയാണ്‌ സരസ്വതിയമ്മന്‍ മാറ്റുന്നത്‌. അതുകഴിഞ്ഞ്‌ കുലശേഖരപ്പെരുമാള്‍ നേരിട്ടുവന്ന്‌ ദേവിയെ സ്വീകരിച്ച്‌ നവരാത്രി മണ്‌ഡപത്തിലേക്ക്‌ ആഘോഷപൂര്‍വം ആനയിക്കും. മുന്നൂറ്റിമങ്ക ചെന്തിട്ടയിലെ ക്ഷേത്രത്തിലും വേലായുധസ്വാമി ആര്യശാല ക്ഷേത്രത്തിലും പിന്നീട്‌ വിശ്രമിക്കും.
ഒരടിയോളം ഉയരമുള്ള സരസ്വതിദേവിയുടെ പഞ്ചലോഹവിഗ്രഹത്തെയാണ്‌ പിന്നീടുള്ള ഒന്‍പതുദിവസവും തിരുവനന്തപുരത്തുകാര്‍ ആരാധിക്കുന്നത്‌. ഈ സരസ്വതിവിഗ്രഹം സാക്ഷാല്‍ കമ്പര്‍പൂജിച്ചതാണെന്നാണ്‌ ഐതിഹ്യം. രാമായണം തമിഴില്‍ വിരചിക്കുമ്പോള്‍ നേരിട്ട തടസ്സങ്ങളെല്ലാം കമ്പര്‍ക്കു പരിഹരിച്ചുകൊടുത്തത്‌. സരസ്വതി അമ്മനാണെന്നുകൂടി തമിഴര്‍ പറയും. കമ്പര്‍ക്കുശേഷം അദ്ദേഹത്തിന്റെ മകന്‍ അംബികാപതിയായിരുന്നു വിഗ്രഹത്തിന്റെ സംരക്ഷകന്‍. വിഗ്രഹം തിരുവിതാംകോടിന്‌ ലഭിച്ചത്‌ സംഗ്രാമധീര രവിവര്‍മ്മ (1299 - 1314)യുടെ കാലത്തായിരുന്നുവത്രേ. ഉദയമാര്‍ത്താണ്‌ഡവര്‍മ്മയുടെയോ (1314 - 1344) സര്‍വംഗനാഥ ആദിത്യവര്‍മ്മയുടെയോ (1376 - 1383) കാലത്താകാം വിഗ്രഹം പദ്‌മനാഭപുരത്തു എത്തിയത്‌.

വിഗ്രഹശാസ്‌ത്ര ലക്ഷണങ്ങള്‍വച്ച്‌ നോക്കുമ്പോഴും ഒട്ടേറെ സവിശേഷതകള്‍ ഈ സരസ്വതി അമ്മനുണ്ട്‌. അര്‍ക്ഷമാലയ്ക്കും അമൃതുനിറച്ച ജലപാത്രത്തിനും പകരം ശംഖും ചക്രവുമാണ്‌ സരസ്വതിഅമ്മന്റെ പിന്‍കൈകളില്‍. മുന്‍കൈകള്‍ അഭയവരദമുദ്രകളിലും. വരദമുദ്രയോടുകൂടിയ കൈയില്‍ ഗ്രന്ഥവും ഉണ്ട്‌. സരസ്വതിഅമ്മന്‍ എന്നുഭക്തന്മാര്‍ പറയുമെങ്കിലും ലക്ഷ്‌മിയും സരസ്വതിയും ദുര്‍ഗ്‌ഗയും ദേവിയില്‍ സമന്വയിക്കുന്നതായി വിഗ്രഹത്തിന്റെ ചിഹ്‌നങ്ങള്‍ സൂചിപ്പിക്കുന്നു. ധ്യാനമന്ത്രങ്ങളിലെ വാഗീശ്വരിയാണ്‌ ഈ സരസ്വതി. വാഗീശ്വരിയായ സരസ്വതിയെ പൂര്‍ണസരസ്വതി എന്നും പറയാം. ശൈവചൈതന്യമാണ്‌ ഈ സരസ്വതിക്ക്‌. ബ്രഹ്‌മാവിന്റെ പത്‌നിയില്‍നിന്ന്‌ വ്യത്യസ്തമായ ഈ ദേവീസങ്കല്‍പത്തെയാണ്‌ കൊല്ലൂരിലെ മൂകാംബികാക്ഷേത്രത്തില്‍ ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച്‌ പൂജിച്ചതും. തമിഴ്‌ശൈലിയിലാണ്‌ വിഗ്രഹത്തിന്റെ നിര്‍മ്മാണം. പില്‍ക്കാലചോഴശൈലി എന്നും പറയാം. കമ്പര്‍ പൂജിച്ചിരുന്ന വിഗ്രഹമെന്ന ഐതിഹ്യത്തിന്‌ ചരിത്രത്തിന്റെ പിന്‍ബലവുമുണ്ട്‌.വിജയദശമി കഴിഞ്ഞുവരുന്ന ദിവസമാണ്‌ ദേവീദേവന്മാര്‍ നാഞ്ചിനാട്ടേക്ക്‌ മടങ്ങുന്നത്‌. ദുഃഖത്തോടെയാണ്‌ മടക്കയാത്ര. പദ്‌മനാഭസ്വാമി പിരിയുന്നതാണ്‌ ദുഃഖകാരണം.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍.കോം

അഭിപ്രായങ്ങളൊന്നുമില്ല: