ചൊവ്വാഴ്ച, സെപ്റ്റംബർ 12, 2006

പരിപൂര്‍ണ കലാനിധി - പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ

പരിപൂര്‍ണ കലാനിധി
പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ

എഴുപതില്‍പ്പരം സംവത്സരക്കാലം കേരളത്തിലെ സാംസ്കാരികാന്തരീക്ഷത്തെ ജ്വലിപ്പിച്ച പരിപൂര്‍ണ കലാനിധിയായിരുന്നു ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍. സ്വന്തം ആത്‌മാവിന്റെ ശില്‌പശാലയെ പ്രപഞ്ച സീമയോളം വികസ്വരമാക്കാന്‍ ആ ദിവ്യപുരുഷന്റെ ജീവിതത്തിനു സാധിച്ചു. വേദാന്ത സമ്പ്രദായത്തിലും സിദ്ധാന്ത സമ്പ്രദായത്തിലുമുള്ള ശാസ്‌ത്രങ്ങളില്‍ അഗാധവൈദുഷ്യം. യോഗമാര്‍ഗ്‌ഗത്തില്‍ നിര്‍വികല്‌പ സമാധിവരെയുള്ള സിദ്ധി. 'അദൃഷ്‌ട ശ്രുതപൂര്‍വനാമാവായ' ഏതോ ഒരു അവധൂത ഗുരുവില്‍നിന്ന്‌ 'ദൃഷ്‌ടിദീക്ഷാ' പൂര്‍വകമായ ആത്‌മോപദേശം. ശ്രീചട്ടമ്പിസ്വാമി തിരുവടികള്‍ സിദ്ധാന്ത സമ്പ്രദായത്തിലെ പരമാചാര്യനായിരുന്നു. അതുകൊണ്ടാണ്‌ അവിടുത്തേക്ക്‌ സന്യാസത്തിന്റെ ബാഹ്യലക്ഷണങ്ങളായ കാഷായം, കമണ്‌ഡലു, മുതലായവ ഇല്ലാതിരുന്നത്‌. ബാഹ്യചടങ്ങുകളിലൊന്നും ശ്രദ്ധിക്കാതെ 'ജ്ഞാനം സന്യാസലക്ഷണം' എന്ന തത്വത്തെ പ്രായോഗികമാക്കിയ യതിവര്യനാണ്‌ ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍.

നാഗര്‍കോവിലിനടുത്ത്‌ പടിവീശ്വരം എന്ന സ്ഥലത്തുവച്ച്‌ പ്രാകൃതനായ ഒരവധൂതന്‍ മഹാവാക്യതത്വമോതി ശ്രീചട്ടമ്പിസ്വാമി തിരുവടികളെ അനുഗ്രഹിച്ചു-
ദിദ്യതേ ഹൃദയഗ്രന്ഥി:
ഛിദ്യന്തേ സര്‍വസംശയാ:
ക്ഷീയന്തേ ചാസ്യകര്‍മ്മാണി- എന്ന സ്‌മൃതിവാക്യത്തിന്റെ പൊരുള്‍ അവിടുന്ന്‌ അനുഭവിച്ചറിഞ്ഞു. "ജഗദഖിലമഹം' എന്ന ഭാവത്തില്‍ അവിടുന്ന്‌ എത്തിച്ചേര്‍ന്നു. അങ്ങനെ വിദ്യാധിരാജനായി- ചട്ടമ്പിസ്വാമിയായി. ജ്ഞാനലബ്‌ധിക്ക്‌ കാരണമായ സാധനാചതുഷ്‌ടയ സമ്പത്ത്‌ ഇരുപത്തെട്ടാമത്തെ വയസ്സില്‍ത്തന്നെ സ്വാമി തിരുവടികള്‍ നേടിക്കഴിഞ്ഞിരുന്നു. ബ്രഹ്‌മം മാത്രമേ സത്യവും നിത്യവുമായിട്ടുള്ളൂ എന്നും മറ്റുള്ളതെല്ലാം അസത്യവും അനിത്യവും ആണെന്നറിയുന്നതാണ്‌ സാധനാ ചതുഷ്‌ടയത്തിലെ ഒന്നാമത്തേതായ നിത്യാനിത്യ വസ്തുവിവേകം. വൈരാഗ്യം, ശമാദിഷള്‍ക്കം, മുമുക്ഷുത്വം എന്നിവയാണ്‌ സാധനാചതുഷ്‌ടയത്തിലെ മറ്റ്‌ മൂന്നുപാധികള്‍. ഇവ വേണ്ടവണ്ണം നേടിക്കഴിയുമ്പോള്‍ വസ്തുബോധരൂപമായ ജ്ഞാനം പൂര്‍ണമാകുന്നു. അതുകൊണ്ടാണ്‌ അദ്ദേഹം വിദ്യാധിരാജനും പരിപൂര്‍ണ കലാനിധിയും ആയത്‌. വിജ്ഞാനത്തിന്റെ എല്ലാ മണ്‌ഡലങ്ങളെയും സ്വാംശീകരിക്കുവാന്‍ സ്വാമി തിരുവടികള്‍ക്ക്‌ കഴിഞ്ഞുവെന്നത്‌ ഒരപൂര്‍വസിദ്ധിയാണ്‌.

മുപ്പതാമത്തെ വയസ്സില്‍ ശിഷ്യര്‍ക്ക്‌ മഹാവാക്യതത്വോപദേശം നല്‍കത്തക്കവണ്ണം ചട്ടമ്പി സ്വാമികളുടെ ബ്രഹ്‌മജ്ഞാനം പൂര്‍ണത പ്രാപിച്ചിരുന്നുവെന്നാണ്‌ നമ്മള്‍ മനസ്സിലാക്കേണ്ടത്‌. ഈ ഒരു ജന്മം കൊണ്ടുമാത്രം നേടിയെടുത്ത ഒരു സിദ്ധി വിശേഷമല്ല അത്‌. കഴിഞ്ഞ പല ജന്മങ്ങളില്‍ തുടര്‍ന്നുപോന്ന മനസ്സിന്റെ ഋഷിത്വം ഈ ജന്മത്തില്‍ മൂന്നു പതിറ്റാണ്ടുകൂടിക്കഴിഞ്ഞപ്പോള്‍ പൂര്‍ണത നേടി എന്നതാണ്‌ സത്യം. അതുകൊണ്ടുതന്നെയായിരിക്കണം ചട്ടമ്പി സ്വാമികളുടെ സമാധിയെ അനുസ്‌മരിച്ച്‌ ശ്രീനാരായണഗുരു "ശുകവര്‍ത്‌മനാ ആഭാതി', 'പരമവ്യോമ്‌നി' എന്ന്‌ രേഖപ്പെടുത്തിയത്‌:സന്യാസികള്‍ അണിയുന്ന കാഷായം, കൈയിലേന്തുന്ന കമണ്‌ഡലു, ജലപാത്രം തുടങ്ങി മറ്റുതരത്തിലുള്ള വേഷാദികള്‍ കൊണ്ട്‌ പ്രകടമാക്കുന്ന യമിഭാവമല്ല ചട്ടമ്പിസ്വാമികളുടേത്‌. മറിച്ച്‌ ആര്‍ഷാദിയാണ്‌ മുനിമാര്‍ക്ക്‌ ഭൂഷണമെന്ന്‌ തെളിയിച്ച മഹാനാണ്‌ സ്വാമി തിരുവടികള്‍. ആര്‍ഷം, ദൈവം, പൗരുഷം എന്ന്‌ തത്വജ്ഞാനം മൂന്നു തരത്തിലുണ്ട്‌.

ദേവന്മാരുടെ അനുഗ്രഹംമൂലം ലഭിക്കുന്ന തത്വജ്ഞാനം ആണ്‌ 'ദൈവം'. ഗുരുനാഥന്മാരില്‍ നിന്നും ശാസ്‌ത്രാഭ്യാസനത്തില്‍ നിന്നും ലഭിക്കുന്ന തത്വജ്ഞാനം 'പൗരുഷം'. യോഗീശ്വരന്മാരുടെ സമാധിയില്‍ നിന്ന്‌ ഉണ്ടാകുന്ന ബുദ്ധിയുടെ ചൈതന്യ വിശേഷത്താല്‍ സിദ്ധിക്കുന്ന തത്വജ്ഞാനം 'ആര്‍ഷ'വും. ഇതിന്‌ 'പ്രാതിഭം' എന്നും പേരുണ്ട്‌. പ്രാതിഭജ്ഞാനം സര്‍വജ്ഞതയ്ക്ക്‌ കാരണമാകും. "പ്രാതിഭത്വാദ്‌ സര്‍വം" എന്ന്‌ പതഞ്ജലി സൂതം.

മിക്ക സന്യാസിമാര്‍ക്കും പൗരുഷജ്ഞാനമാണുണ്ടാവുക. ചട്ടമ്പിസ്വാമികള്‍ക്കുണ്ടായിരുന്നത്‌ ആര്‍ഷജ്ഞാനമാണ്‌. തന്മൂലമാണ്‌ അദ്ദേഹം സര്‍വജ്ഞനായിത്തീര്‍ന്നതും. 'സര്‍വജ്ഞം' എന്ന്‌ ശ്രീനാരായണഗുരു വിശേഷിപ്പിച്ചിരിക്കുന്നത്‌ ഇവിടെ സ്‌മര്‍ത്തവ്യമാണ്‌. കായത്തില്‍ കാഷായവും കൈയില്‍ കമണ്‌ഡലവുമായി യമിഭാവത്തില്‍ നടക്കുന്നതല്ല സന്യാസമെന്നും ആര്‍ഷാദികളായ തത്വജ്ഞാന ലബ്‌ധിയാണ്‌ സന്യാസിക്കുണ്ടായിരിക്കേണ്ടതെന്നും സ്വാമി തിരുവടികള്‍ തെളിയിച്ചു. ബാഹ്യമായ സന്യാസവേഷമല്ല, ആന്തരികമായ തത്വജ്ഞാനമായിരുന്നു സ്വാമികളുടെ സന്യാസത്തിന്റെ അടിത്തറ. ചോദകന്‍, മോദകന്‍, മോക്ഷദന്‍ എന്ന്‌ സന്യാസി ഗുരുക്കന്മാര്‍ മൂന്നുതരത്തിലാണ്‌. അദ്ധ്യാത്‌മ മാര്‍ഗ്‌ഗത്തിലേക്ക്‌ ശിഷ്യനെ പ്രചോദിപ്പിക്കുന്ന ഗുരുവാണ്‌ ചോദകന്‍. ബ്രഹ്‌മതത്ത്വം ഉപദേശിച്ച്‌ അദ്ധ്യാത്‌മമാര്‍ഗ്‌ഗത്തിലേക്ക്‌ ശിഷ്യന്‌ സന്തോഷം ജനിപ്പിക്കുന്ന ഗുരു മോദകന്‍. മന്ത്രോപദേശംകൊണ്ട്‌ ബ്രഹ്‌മസാക്ഷാത്കാരം ബോധ്യപ്പെടുത്തി മായാബന്‌ധങ്ങളില്‍ നിന്ന്‌ ശിഷ്യനെ മുക്തനാക്കുന്ന ഗുരു മോക്ഷദന്‍. ചട്ടമ്പിസ്വാമികള്‍ മോക്ഷദനായ ഗുരുവാണ്‌.

ചട്ടമ്പിസ്വാമികള്‍ എങ്ങനെയാണ്‌ ദുഷ്‌ടമൃഗങ്ങളെയും മറ്റു തിര്യക്കുകളെയും സ്വാധീനമാക്കുന്നതെന്ന്‌ പലരും അദ്ഭുതപ്പെട്ടിട്ടുണ്ട്‌. പലരും സ്വാമി തിരുവടികളോട്‌ ചോദിച്ചിട്ടും ഉണ്ട്‌. ഇതില്‍ ഒരു രഹസ്യവും അദ്ഭുതവും ഇല്ലെന്ന്‌ സ്വാമി തിരുവടികള്‍ അവരോടൊക്കെ പറയുകയും ചെയ്തിട്ടുണ്ട്‌. അവയെ നാം സ്‌നേഹിക്കുന്നുവെന്ന്‌ അവയ്ക്ക്‌ ബോധ്യം വരണം. എങ്കില്‍ അവയും നമ്മെ സ്‌നേഹിക്കും. പ്രപഞ്ചമൊന്നാകെ ഒറ്റ മനസ്സാണെന്നും മനസ്സിനും മനസ്സിനും ഇടയ്ക്ക്‌ ശൂന്യമായ അന്തരീക്ഷമില്ലെന്നും സ്‌നേഹഭാവം തിര്യക്കുകള്‍ക്കും മനസ്സിലാകും എന്നുമായിരുന്നു സ്വാമിതിരുവടികള്‍ പറഞ്ഞുതന്നത്‌. അഹിംസാസിദ്ധിയുള്ളവരുടെ മുന്‍പില്‍ ജന്മനാ വൈരികളായ ദുഷ്‌ടമൃഗങ്ങള്‍ പോലും വിരോധം മറന്ന്‌ ശാന്തമനസ്കരായിത്തീരും. "അഹിംസാ പ്രതിഷ്ഠായാം തല്‍സന്നിധൗവൈരര്യാഗം" എന്ന്‌ അഹിംസാ സിദ്ധിയുടെ ഫലത്തെപ്പറ്റി യോഗശാസ്‌ത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ അഹിംസാ സിദ്ധിയെ പ്രാപിച്ച സ്വാമിതിരുവടികളുടെ മുന്‍പില്‍ കീരി, പാമ്പ്‌, പൂച്ച, എലി, പശു, പുലി മുതലായ ജാത്യാ പരസ്‌പര വൈരമുള്ള ജന്തുക്കള്‍പോലും തങ്ങളുടെ വൈരത്തെ മറന്ന്‌ സൗഭ്രാത്ര നിര്‍വിശേഷമായ സൗഹാര്‍ദ്ദത്തോടുകൂടി വര്‍ത്തിച്ചത്‌. സര്‍വ്വജ്ഞനായ സ്വാമി തിരുവടികളുടെ മുന്‍പില്‍ ആജന്മശത്രുക്കളായ എല്ലാ ജീവജാലങ്ങളും ബന്‌ധുക്കളായി മാറുന്നു.

കാവിമുണ്ടുടുക്കാതെയും യോഗദണ്‌ഡെടുക്കാതെയും ഒരു സാധാരണക്കാരനെപ്പോലെ ജീവിച്ച അസാധാരണ യോഗിയായിരുന്നു ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: