ഞായറാഴ്‌ച, സെപ്റ്റംബർ 24, 2006

നമിക്കുക ബോധാനന്ദസ്വാമിയെ(സച്ചിദാനന്ദസ്വാമി)

നമിക്കുക ബോധാനന്ദസ്വാമിയെ
സച്ചിദാനന്ദസ്വാമി

ശ്രീനാരായണഗുരുവിന്റെ സന്യസ്തശിഷ്യന്മാരില്‍ പ്രമുഖനായ ദിവ്യശ്രീ ബോധാനന്ദസ്വാമികളുടെ 79-ാ‍മത്‌ മഹാസമാധിദിനം ഇന്ന്‌ അധികം ആരും അറിയാതെ കടന്നുപോകുകയാണ്‌. 1104 കന്നി 5 ന്‌ ഗുരുസമാധി, കന്നി 8 ന്‌ ബോധാനന്ദസമാധിയും. ഗുരുസമാധി മികവോടെ ആചരിച്ച ഗുരുഭക്തര്‍ ബോധാനന്ദസമാധിയെ സ്‌മരിക്കാറേയില്ല. ശ്രീനാരായണസൂര്യന്റെ ജാജ്വല്യമാനമായ യശോരാശിയില്‍ ബോധാനന്ദചന്ദ്രിക മുങ്ങിപ്പോയി എന്നതാണ്‌ സത്യം.

തൃശൂരിലെ ചിറക്കലില്‍ സാമാന്യം ഭേദപ്പെട്ട ഒരു തറവാട്ടില്‍ ജനിച്ച ആ പുണ്യപുരുഷന്‍ 18-ാ‍ംവയസ്സില്‍ സത്യാന്വേഷണനിരതനായും സര്‍വസംഗപരിത്യാഗിയായും ഇറങ്ങിത്തിരിച്ച ചരിത്രം ആരിലും രോമാഞ്ചച്ചാര്‍ത്തണിയിക്കുന്ന ദീപ്‌തമായ ഒരേടാണ്‌. ഭാരതമെമ്പാടും ചുറ്റിസഞ്ചരിച്ച ആ തപോധനന്‍ ഭാരതാരാമത്തിലെ പൂര്‍വരായ ഋഷീശ്വരന്മാരെപ്പോലെ ഹിമാലയസാനുക്കളില്‍ കഠിനമായ തപശ്ചര്യയില്‍ മുഴുകുകയും ഒടുവില്‍ സത്യസാക്ഷാത്കാരം നേടി ജീവന്മുക്തിപദത്തില്‍ ആരൂഢനാകുകയും ചെയ്തു. ശങ്കരാചാര്യ പരമ്പരയില്‍നിന്ന്‌ സന്യാസദീക്ഷ സ്വീകരിച്ച്‌ ബോധാനന്ദസ്വാമികളായി മാറി, കേരളത്തില്‍ മടങ്ങിയെത്തിയ സ്വാമികള്‍ അയിത്തവും അനാചാരവും ജാതിജന്യമായ അനീതിയും ദൂരീകരിക്കുവാന്‍ വേണ്ടി ഒരു വിപ്‌ളവപ്രസ്ഥാനത്തിന്‌ രൂപം നല്‍കി. കേരളം അതിനുമുന്‍പോ, അതിനുശേഷമോ ദര്‍ശിക്കാത്ത ഒരു വിപ്‌ളവപ്രസ്ഥാനമായിരുന്നു അത്‌. ധര്‍മ്മഭടസംഘം അഥവാ രഹസ്യസംഘം എന്നായിരുന്നു അതിന്റെ പേര്‌. വരേണ്യവര്‍ഗ്‌ഗത്തിന്റെ കരബലകല്‍പിതമാണ്‌ ജാതിഭേദമെന്ന്‌ സ്വാമികള്‍ കണ്ടിരുന്നു. അതിനെ നേരിടാന്‍ അതേപോലെ കരബലമാര്‍ജ്ജിക്കുക, പൊരുതുക ഇതായിരുന്നു ധര്‍മ്മഭടസംഘത്തിന്റെ മാര്‍ഗ്‌ഗം. കായികപരിശീലനം നേടിയ ഒരു ഡസന്‍ വരുന്ന യുവാക്കളെ തിരഞ്ഞെടുത്ത്‌ അര്‍ദ്ധരാത്രി സമയത്ത്‌ മിന്നിത്തിളങ്ങുന്ന നിലവിളക്കിന്റെ മുന്‍പില്‍ കുളിച്ച്‌ ഈറനായി തറ്റുടുത്ത്‌ കഠാരകൊണ്ട്‌ കൈമുറിച്ച്‌ രക്തംതൊട്ട്‌ സത്യം ചെയ്യുന്നു. "ജാതിയില്‍ ഞാന്‍ ആരുടെയും പിന്നിലല്ല. ജാതിഭേദത്തെ ഇല്ലായ്‌മ ചെയ്യുവാന്‍ ഞാന്‍ എന്റെ ജീവനെ ബലിയര്‍പ്പിക്കുന്നു".

ധര്‍മ്മഭടാംഗങ്ങള്‍ പഴയ കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ ധാരാളം യൂണിറ്റുകള്‍ ധര്‍മ്മഭടസംഘത്തിനുണ്ടാക്കി. കൊച്ചിയിലും മലബാറിലും സഞ്ചാരസ്വാതന്ത്യ്‌രം നേടിയെടുക്കുവാന്‍ വലിയ ത്യാഗവും സേവനവുമാണ്‌ ധര്‍മ്മഭടസംഘം നിര്‍വഹിച്ചത്‌. അനവധി സന്യാസിശിഷ്യന്മാരും ഗൃഹസ്ഥശിഷ്യന്മാരുമടങ്ങിയ ബോധാനന്ദസംഘം ഒരു വിപ്‌ളവ കൊടുങ്കാറ്റായി കേരളമെങ്ങും ചീറിയടിച്ച കാലത്താണ്‌ വിധി നിയോഗമെന്നോണം ആ പ്രസ്ഥാനം ശ്രീനാരായണഗുരുദേവപ്രസ്ഥാനത്തില്‍ വിലയംപ്രാപിച്ചത്‌. അന്ന്‌ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ചട്ടമ്പിസ്വാമികള്‍, വാഗ്ഭടാനന്ദന്‍, ബ്രഹ്‌മാനന്ദശിവയോഗി തുടങ്ങിയ കേരളീയ നവോത്ഥാനനായകന്മാരായ ആദ്ധ്യാത്മികാചാര്യന്മാരുടെ ഗണനയില്‍ ബോധാനന്ദസ്വാമികളും സ്‌മരിക്കപ്പെടുമായിരുന്നു.

ശിവഗിരി ശാരദാമഠം പ്രതിഷ്ഠാവേളയില്‍ ഗുരുദേവശിഷ്യ പരമ്പരയില്‍ വിലയംപ്രാപിച്ച ബോധാനന്ദസ്വാമികള്‍ അതേ ശാരദാമഠത്തില്‍വച്ചുതന്നെ ഗുരുദേവന്റെ അനന്തരഗാമിയായി ഗുരുദേവനാല്‍ അഭിഷിക്തനാകുകയും ചെയ്തു. ആ വേളയില്‍ ശ്രീസഹോദരന്‍ അയ്യപ്പന്‍ സ്വാമികള്‍ക്ക്‌ സമര്‍പ്പിച്ച മംഗളപത്രത്തില്‍
സാക്ഷാല്‍ ജ്ഞാനദയാസിന്‌ധുവ
കുഗുരുമൂര്‍ത്തിതന്‍
അനഘം ഗുണസംജാതം പകരും സ്വാമി
അങ്ങയില്‍
അങ്ങേടെയാജ്ഞാവാഹകന്മാര്‍ സ്വാമിന്‍! ഞങ്ങളശേഷവും
എന്നാണ്‌ സ്‌മൃതി അര്‍പ്പിച്ചത്‌.

തിരുവിതാംകൂര്‍ എസ്‌.എന്‍.ഡി.പി യോഗത്തിന്റെ സ്ഥാപകനായി ഗുരുദേവന്‍ അറിയപ്പെടുമ്പോള്‍ കൊച്ചി എസ്‌. എന്‍.ഡി.പി യോഗത്തിന്റെ സ്ഥാപകന്‍ (അന്ന്‌ കൊച്ചി തിയമഹാസഭ) ബോധാനന്ദസ്വാമികളാണ്‌. നീണ്ട 13 വര്‍ഷക്കാലം സ്വാമികള്‍ തന്നെയായിരുന്നു യോഗത്തിന്റെ പ്രസിഡന്റ്‌. ഗുരുദേവസ്ഥാപനങ്ങളോടും ക്ഷേത്രങ്ങളോടും ചേര്‍ന്ന്‌ ഗുരുദേവപ്രതിമ സ്ഥാപിക്കണമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ്‌ ബോധാനന്ദസ്വാമികളാണ്‌. ആ പ്രതിമ ശ്രീമൂര്‍ക്കോത്തുകുമാരന്റെ നേതൃത്വത്തില്‍ തലശ്ശേരി ജഗന്നാഥക്ഷേത്രാങ്കണത്തില്‍വച്ച്‌ ഗുരുദേവന്‍ സശരീരനായിരിക്കവെ ബോധാനന്ദസ്വാമികള്‍ തന്നെ സ്ഥാപിക്കുകയും ചെയ്തു. സാധുക്കളുടെ വിദ്യാഭ്യാസം, ഉദ്യോഗം, ജീവിതവൃത്തി എന്നിവയെ സഹായിക്കുന്നതിനുവേണ്ടി ആദ്യമായി ഒരു ബാങ്ക്‌ - കൊച്ചി നാഷണല്‍ ബാങ്ക്‌ സ്ഥാപിച്ചതും ബോധാനന്ദസ്വാമികള്‍ തന്നെ. ഗുരുദേവസന്ദേശങ്ങളുടെ സാക്ഷാത്കാരത്തിനും സ്വതന്ത്രചിന്തയ്ക്കുംവേണ്ടി ഒരു "ശ്രീനാരായണമതം" തന്നെ സ്വാമികള്‍ സ്ഥാപിക്കുവാനൊരുങ്ങി. എന്നാല്‍ സര്‍വമത സമന്വയമൂര്‍ത്തിയായ ഗുരുദേവന്റെ കല്‍പനപ്രകാരം സ്വാമികള്‍ മതസ്ഥാപന പ്രവൃത്തികളില്‍നിന്ന്‌ പിന്‍വാങ്ങി.

1928 ല്‍ ശിവഗിരിമഠം കേന്ദ്രമാക്കി ശ്രീനാരായണധര്‍മ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിക്കുവാന്‍ നേതൃത്വം കൊടുത്തതും സ്വാമികളാണ്‌. അദ്ദേഹം സ്ഥാപിച്ച തൃശൂര്‍ - കൂര്‍ക്കഞ്ചേരി ശ്രീനാരായണഭക്തപരിപാലനയോഗം അദ്വൈതാശ്രമം, മഹേശ്വരക്ഷേത്രാങ്കണത്തില്‍വച്ച്‌ സ്ഥാപിതമായ ശ്രീനാരായണധര്‍മ്മസംഘത്തിന്റെ ആദ്യ അദ്ധ്യക്ഷനായി ഗുരുദേവന്‍ നിയോഗിച്ചനുഗ്രഹിച്ചത്‌ ബോധാനന്ദസ്വാമികളെയാണ്‌. ഗുരുദേവന്റെ അനന്തരഗാമിയെന്നനിലയില്‍ 1926 ല്‍ എസ്‌. എന്‍.ഡി.പി യോഗത്തിന്റെ 23-ാ‍ം വാര്‍ഷികയോഗത്തില്‍ സ്വാമികളെയാണ്‌ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്‌. ആ യോഗത്തില്‍വച്ച്‌ ബോധാനന്ദസ്വാമികളെ എസ്‌. എന്‍.ഡി.പി യോഗത്തിന്റെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. സ്ഥിര അദ്ധ്യക്ഷന്‍ ഗുരുദേവന്‍ ആയിരുന്നുവല്ലോ. ഗുരുദേവന്റെ മഹാപരിനിര്‍വാണത്തിനുശേഷം അനന്തരഗാമി യോഗത്തിന്റെയും സ്ഥിരാദ്ധ്യക്ഷനാകുക ഇതായിരുന്നു അന്നത്തെ സങ്കല്‍പം. എന്നാല്‍ ആ മഹാഭാഗ്യം അനുഭവിക്കുവാന്‍ ശ്രീനാരായണപ്രസ്ഥാനത്തിനു സാധിച്ചില്ല. അതിനുള്ള കാരണങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നില്ല. ഗുരുദേവന്‍ മഹാസമാധി പ്രാപിച്ചതിന്റെ മൂന്നാംനാള്‍ സ്വാമികളും മഹാസമാധിസ്ഥനായല്ലോ.

ശ്രീനാരായണഭക്തലോകം ഗുരുദേവന്റെ ഈ അനന്തരഗാമിയെ വിസ്‌മരിക്കുവാന്‍ പാടില്ലാത്തതാണ്‌. "ബോധാനന്ദനോളം ത്യാഗം നമുക്കില്ലല്ലോ" എന്ന ഗുരുദേവവചനം നാമിവിടെ ഓര്‍ക്കുക. 1926 ല്‍ സ്വാമികള്‍ എസ്‌.എന്‍.ഡി.പി യോഗവാര്‍ഷികത്തില്‍ ചെയ്ത പ്രസംഗം സ്വാമികളെക്കുറിച്ചറിയുവാന്‍ ഒരു ആധികാരികരേഖയാണ്‌. അത്‌ ഒപ്പം ചേര്‍ക്കുന്നു.

രക്ഷാസൈന്യമായി പുറപ്പെടുക
ബോധാനന്ദസ്വാമികള്‍

കൊല്ലവര്‍ഷം 1101 മേടം 26-ാ‍ം തീയതി നടന്ന എസ്‌. എന്‍.ഡി.പി യോഗത്തിന്റെ 23-ാ‍ം വാര്‍ഷിക സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട്‌ ദിവ്യശ്രീബോധാനന്ദസ്വാമികള്‍ ചെയ്‌ത പ്രസംഗം: 78 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ സ്വാമികള്‍ മുന്നോട്ടുവച്ച ആശയങ്ങളുടെ പ്രസക്തി ഇന്നും വളരെ വലുതാണ്‌.
സ്വാമിതൃപ്പാദങ്ങളുടെ പാവനനാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഈ യോഗത്തിനു 23 വയസ്സുതികഞ്ഞിരിക്കുന്നു. നവയൗവനത്തിന്റെ സകലപ്രസരിപ്പുകളും നിരങ്കുശമായി പ്രകടിപ്പിക്കുന്നതിനുള്ള പ്രായത്തിലാണ്‌ യോഗം ഇപ്പോള്‍ എത്തിയിരിക്കുന്നത്‌. യോഗത്തിന്റെ വളര്‍ച്ചയ്ക്കൊത്ത്‌ സമുദായത്തിന്റെ വളര്‍ച്ചയുണ്ടായിട്ടില്ലാത്തതിനാലാണെന്നു തോന്നുന്നു യോഗം പ്രവര്‍ത്തകന്‍മാര്‍ ആഗ്രഹിക്കുന്ന വേഗത്തിലും ആവശ്യപ്പെടുന്ന ഒതുക്കത്തോടുകൂടിയും സമുദായം മുന്നോട്ടു കടന്നുവന്ന്‌ യോഗോദ്ദേശ്യങ്ങളെ നിറവേറ്റുവാന്‍ വിളംബിക്കുന്നത്‌. ഈ ശോച്യാവസ്ഥയ്ക്കുള്ള ഹേതുവെന്തെന്ന്‌ ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു.

യോഗം ആരംഭിച്ചത്‌ ഏതാണ്ട്‌ കാല്‍നൂറ്റാണ്ടുമുമ്പാണല്ലോ. അന്നത്തെ സമുദായസ്ഥിതിയും, സാമുദായികാദര്‍ശങ്ങളും ഇന്നു തുലോം ഭേദപ്പെട്ടുപോയിരിക്കുന്നു. ജാതിമതാദികാര്യങ്ങളില്‍ ഈഴവര്‍ അന്ന്‌ നിര്‍ബന്‌ധമുള്ള സമുദായക്കാരായിരുന്നു. മിശ്രഭോജനത്തിന്റെയോ മിശ്രവിവാഹത്തിന്റെയോ ശബ്‌ദം അന്ന്‌ ഈഴവര്‍ക്ക്‌ കര്‍ണശല്യങ്ങളായിരുന്നു. മതസിദ്ധാന്തങ്ങളില്‍ നല്ല സംശയവുമുണ്ടായി. അതുപുറത്തു മിണ്ടിപ്പോയാല്‍ അതൊരു മഹാപരാധമായി കരുതിവന്നു. കുടുമ മുറിക്കുന്നത്‌ കുറവുമാത്രമായിട്ട്‌ മാത്രമല്ല കുറ്റമായിട്ടും കരുതിവന്നു. മതസ്ഥാപനങ്ങളും മതാചാരങ്ങളും സവര്‍ണഹിന്ദുക്കളുടെ മൂശയില്‍ത്തന്നെ നാം വാര്‍ത്തെടുത്തുകൊണ്ടിരിക്കുന്നു. സവര്‍ണ ഹിന്ദുക്ഷേത്രങ്ങളില്‍ ഈഴവര്‍ പ്രവേശിച്ചാല്‍ ക്ഷേത്രത്തിന്‌ അശുദ്ധിയുണ്ടാകുന്നതുപോലെതന്നെ, പറയന്‍, പുലയന്‍ മുതലായ ജാതിക്കാര്‍ പ്രവേശിച്ചാല്‍ ഈഴവക്ഷേത്രങ്ങള്‍ക്കും അശുദ്ധംഭവിക്കുമെന്ന്‌ വിശ്വസിച്ചിരുന്നു. ഇങ്ങനെ ലോകത്തുള്ള മറ്റു മനുഷ്യ സമുദായങ്ങളോടൊന്നിനും തങ്ങള്‍ ലയിക്കാതേയും മറ്റു സമുദായങ്ങളെ തങ്ങളില്‍ ലയിപ്പിക്കാതേയും ഒരു പ്രത്യേക സമുദായമായി കഴിഞ്ഞുകൂടണമെന്നുള്ള ജാതി ജഡമായ ബുദ്ധിയും അതിനൊത്ത അഭിപ്രായങ്ങളും ആദര്‍ശങ്ങളുമായിരുന്നു അന്ന്‌ സമുദായത്തിനുണ്ടായിരുന്നത്‌. അതുകൊണ്ട്‌ അന്നുണ്ടായിരുന്ന എസ്‌. എന്‍.ഡി.പി യോഗം ഈഴവ സമുദായത്തിന്റെ മതം, വിദ്യാഭ്യാസം, ധനസ്ഥിതി, സമുദായാചാരം ഇവയെ പരിഷ്കരിച്ചുനന്നാക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള ഒരു പ്രത്യേക സാമുദായിക യോഗമായി രജിസ്റ്റര്‍ ചെയ്‌തതും ശ്രീനാരായണഗുരു സ്വാമി തൃപ്പാദങ്ങള്‍ അങ്ങനെയുള്ള ഒരു യോഗത്തിന്റെ സ്ഥിരാദ്ധ്യക്ഷസ്ഥാനം കൈയേറ്റു പ്രവൃത്തികള്‍ ആരംഭിച്ചതും അദ്ഭുതമല്ല.

സ്വാമി തൃപ്പാദങ്ങളുടെയും സമുദായത്തിന്റെയും ഇന്നത്തെ സാമുദായികാദര്‍ശങ്ങളും മതാദര്‍ശങ്ങളും അന്നത്തേതുതന്നെയോ? കഴിഞ്ഞ 25 സംവത്സരകാലത്തിനകം ലോകത്തിന്‌ ആകപ്പാടെ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ അദ്ഭുതകരങ്ങളാണ്‌. അദ്ഭുതകരങ്ങളല്ലെങ്കിലും സാരങ്ങളായ പല മാറ്റങ്ങളും സമുദായത്തില്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. മനുഷ്യരെ ജാതികളായി അകറ്റിനിറുത്തുന്ന കൃത്രിമവേലികള്‍ ലോകത്തിന്‌ അനര്‍ത്ഥകാരികളെന്ന്‌ ബുദ്ധിമാന്‍മാര്‍ സിദ്ധാന്തിക്കുന്നതിനെ ഈഴവസമുദായം വിശ്വസിച്ചുകഴിഞ്ഞിരിക്കുന്നു. തീണ്ടലും തൊടീലും കാരണഭൂതമായ ജാതിയെത്തന്നെ നശിപ്പിക്കണമെന്ന്‌ സമുദായവും യോഗവും ഇപ്പോള്‍ ആദര്‍ശലക്ഷ്യമായി അംഗീകരിച്ചിരിക്കുന്നത്‌. അന്യരുടെ അമ്പലവാതിലുകള്‍ തങ്ങള്‍ക്ക്‌ തുറന്ന്‌ തരണമെന്ന്‌ പ്രക്ഷോഭണം നടത്തുന്നതോടുകൂടി ഈഴവര്‍, തങ്ങളുടെ അമ്പലവാതിലുകള്‍ സമസ്തജാതിക്കാര്‍ക്കും നിര്‍ബാധം തുറന്നുകൊടുക്കുകയും ചെയ്‌തിരിക്കുന്നു. മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനുംകൂടി ഉത്സാഹം നടന്നുകൊണ്ടിരിക്കുന്നു. കുടുമ മുറിക്കുകയോ താടി വളര്‍ത്തുകയോ സ്വല്‌പം മേല്‍മീശമാത്രം വയ്ക്കുകയോ ചെയ്‌തുകണ്ടാല്‍ അതെല്ലാം അവനവന്റെ രുചിഭേദം പോലെയെന്നു സമാധാനപ്പെടത്തക്ക സഹനശക്തി സകലര്‍ക്കും ഇപ്പോള്‍ വന്നുകഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ അതിനെ പ്രവൃത്തിരൂപമായി പ്രത്യക്ഷപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ കൂട്ടത്തില്‍ ഹിന്ദുമത വിശ്വാസികളും ബുദ്ധമതവിശ്വാസികളും ആര്യസമാജക്കാരും ബ്രഹ്‌മസമാജക്കാരും ബ്രഹ്‌മവിദ്യാസംഘക്കാരും ഉണ്ട്‌. ഇവയെല്ലാറ്റിനെയുംകാള്‍ ക്രിസ്‌തുമതം നന്നെന്നും, മുഹമ്മദുമതം നന്നെന്നും അഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്നവരും ഉണ്ട്‌. വല്ല മതവും വേണമോ എന്നു സംശയിക്കുന്നവരും ഇല്ലാതില്ല. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ ഇങ്ങേയറ്റം വിഗ്രഹാരാധന മുതല്‍ അങ്ങേയറ്റം ബ്രഹ്‌മജ്ഞാനംവരെയുള്ള ഭിന്നരീതി വിശ്വാസങ്ങള്‍ക്കെല്ലാം മനുഷ്യസമുദായത്തില്‍ ഇടം കൊടുക്കാതെ നിര്‍വാഹമില്ലെന്ന്‌ നിങ്ങള്‍ സമ്മതിക്കുകയും നിങ്ങളുടെ ആ സമ്മതം പ്രവൃത്തിയില്‍ പ്രത്യക്ഷപ്പെടുത്തി തുടങ്ങുകയും ചെയ്‌തിരിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ്‌ ഒരുജാതി, ഒരുമതം, ഒരുദൈവം, മനുഷ്യന്‌ എന്നുള്ള മഹാദര്‍ശം സ്വാമിതൃപ്പാദങ്ങള്‍ പ്രഖ്യാപനം ചെയ്‌തിരിക്കുന്നത്‌. തൃപ്പാദങ്ങളുടെ ഈ ആദര്‍ശത്തിന്‌ വിരോധം പറയുവാന്‍ ഇതേവരെയുള്ള ഞങ്ങളുടെ പ്രസംഗങ്ങളും പ്രവൃത്തികളും നിമിത്തം നിങ്ങള്‍ക്ക്‌ വാദതടസ്സം നേരിട്ടിട്ടുണ്ട്‌. എന്നാല്‍ തത്വാവധാരണത്തിനുള്ള സംരംഭങ്ങളില്‍ മുന്‍പുപറഞ്ഞതും ചെയ്‌തതുമൊന്നും വാദതടസ്സമായി തീരുവാന്‍ പാടുള്ളതല്ല. അതിനാല്‍ ഈ "ഒരുജാതി, ഒരുമതം" എന്നുള്ള പ്രമാണത്തില്‍ അടങ്ങിയിരിക്കുന്ന തത്വത്തെയും ആ തത്വത്തിന്റെ പ്രായോഗികതയെയും കുറിച്ച്‌ നാം സാവധാനമായി ചിന്തിച്ചുനോക്കുവാനുള്ളതാകുന്നു.

ഒരുജാതി

ഭൂഗോളത്തിലുള്ള ബഹുകോടി ജനങ്ങളുടെയിടയില്‍ ഇന്നു പ്രചാരത്തില്‍ ഇരിക്കുന്നത്‌ മുഖ്യമായി നാലുമതങ്ങളാണ്‌. ജനസംഖ്യയുടെ കൂടുതല്‍ കുറവനുസരിച്ച്‌ ഇവയെ ക്രിസ്‌തുമതം, ബുദ്ധമതം, മുഹമ്മദുമതം, ഹിന്ദുമതം എന്നുക്രമീകരണം ചെയ്യാവുന്നതാകുന്നു. എല്ലാറ്റിലും ജനസംഖ്യ കുറഞ്ഞ ഹിന്ദുമതത്തില്‍ ഇന്ന്‌ 25 കോടി ജനങ്ങളുണ്ട്‌. നൂറില്‍പ്പരം കോടികളുള്ള ശേഷം മൂന്നുമതക്കാരും ജാതിവിഭാഗം അംഗീകരിക്കാത്ത മതക്കാരാകുന്നു. ജാതിവിഭാഗം അംഗീകരിച്ചിരിക്കുന്ന ഏകമതക്കാര്‍ ഹിന്ദുമതക്കാര്‍ മാത്രമാണ്‌. അവരില്‍ മാത്രമാണ്‌ അധഃകൃതരെന്നും അയിത്തജാതിക്കാരെന്നും അവര്‍ണരെന്നും ഒരു പ്രത്യേക വിഭാഗമായി നിന്നുകൊള്ളുവാന്‍ തക്കവണ്ണം പുറന്തള്ളപ്പെട്ടവരായി ഒരു മനുഷ്യവിഭാഗത്തെ നാം കാണുന്നത്‌. പരിശുദ്ധമായ ഹിന്ദുമതത്തില്‍ ജാതി ഇല്ലെന്ന പ്രഖ്യാപനം ചെയ്യുന്ന പണ്‌ഡിതന്‍മാര്‍ ഇപ്പോഴുമുണ്ട്‌. അവര്‍ പറയുന്നതായിരിക്കും ശരി. ഹിന്ദുമതക്കാരില്‍ ജാതിയുണ്ടെന്നുള്ളതിന്‌ സംശയമില്ല. ഹിന്ദുമതത്തെക്കാള്‍ സംഖ്യയിലും ശക്തിയിലും പ്രചാരത്തിലും മികച്ചുനില്‍ക്കുന്ന മറ്റു മൂന്നുവലിയ മതങ്ങളിലും ഇല്ലാത്തതാണെന്നും വേണ്ടാത്തതാണെന്നും പ്രഖ്യാപനം ചെയ്യുവാന്‍ നാം ലേശം മടിച്ചിട്ടാവശ്യമില്ല".

ഒരുമതം

ഒരു മതമെന്നുള്ള സ്വാമിതൃപ്പാദങ്ങളുടെ ആദര്‍ശവാക്യം മേല്‍പ്പറഞ്ഞ നാലുമതക്കാരും സമ്മതിക്കുന്നതല്ല. അതിനാല്‍ ഈ ഏകമതാദര്‍ശം കേവലം തൃപ്പാദങ്ങളുടെ ഒരു ദിവാസ്വപ്‌നമാണെന്നും അങ്ങനെ ഒരു കൃതയുഗാവസ്ഥ കലിമുറ്റിവരുന്ന ഭാവിയില്‍ സംഭവ്യമല്ലെന്നും സംശിക്കുന്നവര്‍ ധാരാളമുണ്ടെന്നും എനിക്കറിയാം. ലോകത്തില്‍ ഇന്നു പരിഷ്കാരലക്ഷണങ്ങളായി കാണുന്നവയെല്ലാം ഓരോ കാലത്ത്‌ ശാസ്‌ത്രജ്ഞന്‌മാരുടെയും തത്വചിന്തകന്‌മാരുടെയും ദിവാസ്വപ്‌നങ്ങള്‍ ഫലത്തില്‍ വന്നവ തന്നെയാണ്‌. ആകാശത്തില്‍ക്കൂടി കപ്പലോടിക്കാമെന്നും കമ്പിയില്ലാതെതന്നെ കമ്പിത്തപാല്‍ അയയ്ക്കാം എന്നും ബ്രിട്ടീഷ്‌ പാര്‍ലമെന്റിലെ പ്രസംഗങ്ങളും ലണ്ടന്‍ തിയേറ്ററില്‍ നാടകാഭിനയത്തില്‍ നടക്കുന്ന സംഗീതങ്ങളും സംഭാഷണങ്ങളും ചിരികളും കൈകൊട്ടുകളും ബ്രോഡ്കാസ്റ്റിംഗ്‌ വഴി കൊളമ്പിലും കൊല്‍ക്കത്തയിലുമുള്ള അവരവരുടെ ബംഗ്‌ളാവിലിരുന്നു സുഖമായി കേട്ടുരസിക്കാമെന്നും ഒരിക്കല്‍ ദിവാസ്വപ്‌നം കണ്ടിരുന്നത്‌ ഇന്ന്‌ യഥാര്‍ത്ഥ സംഭവങ്ങളായിത്തീര്‍ന്നില്ലേ? അതുപോലെതന്നെ ശ്രീനാരായണഗുരുസ്വാമി തൃപ്പാദങ്ങളുടെ ദിവാസ്വപ്‌നവും ഫലിച്ചേ തീരൂ.

സംഘടന, സമ്പത്ത്‌, സരസ്വതിപൂജ ഈ മൂന്നു സകാരങ്ങളാണ്‌ ഇന്നു ലോകത്തെ ഭരിക്കുന്നത്‌. സംഘടനകൊണ്ട്‌ സാമ്രാജ്യങ്ങള്‍ കീഴടക്കാമെന്ന്‌ ഈസ്റ്റിന്ത്യാ കമ്പനിക്കാര്‍ സംഘടനയില്ലാത്ത നമ്മുടെ സാമ്രാജ്യം പിടിച്ചടക്കി തെളിയിച്ചിരിക്കുന്നു. നമുക്ക്‌ ആരുടെയും സാമ്രാജ്യം പിടിച്ചടക്കണ്ട. സംഘടനയില്ലാത്ത തരം നോക്കി നമ്മുടെ സാമ്രാജ്യത്തില്‍ ആരും കൈയേറാതെ സൂക്ഷിച്ചുകൊണ്ടാല്‍ മതി. ആയിരത്തിനുമപ്പുറം എണ്ണാന്‍ തന്നെ നമ്മില്‍ പലര്‍ക്കും നിശ്ചയമില്ല. ലക്ഷമെന്നും കോടിയെന്നും കേട്ടാല്‍ തലചുറ്റും. തിരുവിതാംകൂര്‍ ഗവണ്‍മെന്റിനു രണ്ടുകോടി രൂപ മുതലെടുപ്പുണ്ട്‌. കണ്ണന്‍ദേവന്‍ മലകള്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ രണ്ടു കോടികള്‍ക്കപ്പുറമാണ്‌. നോക്കുക, സംഘടനയുടെ ശക്‌തി സമ്പത്തിനെ സഞ്ചയിക്കുന്ന വിധങ്ങള്‍. എന്നാല്‍ സംഘടനയും സംഘടനമുഖേന സമ്പത്തും ഉണ്ടാകണമെങ്കില്‍ ബാല്യം മുതല്‍ക്കെ നിരന്തരമായ സരസ്വതീപൂജ സ്‌ത്രീപുരുഷഭേദമെന്യേ നടത്തണം. ശാരദാപ്രതിഷ്ഠകൊണ്ട്‌ സങ്കല്‌പ രൂപമായി സ്വാമിതൃപ്പാദങ്ങള്‍ അതും നമുക്ക്‌ കാണിച്ചുതന്നു. ഒന്നുകൂടി തെളിയിച്ച്‌ അതിനെ പ്രവൃത്തിരൂപമായി കാണിച്ചുതരുവാന്‍ ഒരു മാതൃകാപാഠശാലയ്ക്ക്‌ ശിവഗിരിയില്‍ സന്നാഹങ്ങള്‍ കൂട്ടിവരുന്നു. സ്വാമിതൃപ്പാദങ്ങള്‍ കാണിച്ചുതന്ന സംഘടനയുടെയും സരസ്വതീപൂജയുടെയും സഹായത്തോടുകൂടി സമ്പല്‍ സഞ്ചയത്തിന്‌ ഒരു ബാങ്ക്‌ നമുക്ക്‌ ആരംഭിക്കാം. ജാതിബാധയാല്‍ പീഡിതരായ മനുഷ്യരെല്ലാം നമ്മോടു ചേരട്ടെ. ഈ വിധത്തില്‍ നമുക്ക്‌ ശക്‌തിയും ലോകത്തിന്‌ ശാന്തിയും വര്‍ദ്‌ധിപ്പിക്കുവാന്‍ ശ്രീനാരായണ പരമഹംസന്റെ കൊടിക്കീഴില്‍ ഒരു പുതിയ രക്ഷാസൈന്യമായി അണിനിരന്നു പുറപ്പെടാം.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍.കോം

അഭിപ്രായങ്ങളൊന്നുമില്ല: