ബുധനാഴ്‌ച, ഫെബ്രുവരി 25, 2009

തര്‍ക്കത്തിലെ ലിംഗഭേദം

(കടപ്പാട്: മാതൃഭൂമി സ്ത്രീ സ്റ്റോറി)

എന്തിനെക്കുറിച്ചും തര്‍ക്കിക്കാന്‍ മനുഷ്യര്‍ക്കൊരു ജന്മവാസനയുണ്ട്. സഹജമായ ഈ വാസന സ്ത്രീകള്‍ക്ക് കൂടുതലാണെന്നാണ് പൊതുവിശ്വാസം. ഒരു കലഹത്തില്‍ പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ സ്ത്രീകളിഷ്ടപ്പെടുമ്പോള്‍ വല്ലഭന് മൗനമാണ് പ്രിയം. യഥാര്‍ത്ഥത്തില്‍ ലിംഗഭേദം തര്‍ക്കസാമര്‍ത്ഥ്യത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടോ? ഉണ്ടെന്നാണ് വിവാഹജീവിതത്തിലെ സമ്മര്‍ദങ്ങളെക്കുറിച്ച് പഠനം നടത്തിയ അമേരിക്കന്‍ മനശ്ശാസ്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലേറ്റുമുട്ടിയാല്‍ വൈകാരികമായതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് പ്രവണതയുണ്ടെന്ന് ''സൈക്കോ സോമാറ്റിക്ക് മെഡിസിനി''ല്‍ പ്രസിദ്ധീകരിച്ച എലൈന്‍സി എക്കറ്റിന്റെ ലേകനത്തില്‍ പറയുന്നു.

തര്‍ക്കങ്ങളില്‍ നിന്ന് തന്ത്രപരമായി പിന്മാറുന്ന സ്വഭാവം പുരുഷന്മാര്‍ കാണിക്കുമ്പോള്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അത് പൊക്കിക്കൊണ്ടുവന്ന് പറഞ്ഞുതീര്‍ക്കാനും തങ്ങളുടെ ഭാഗം ശരിയെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുകയുമാണ് സ്ത്രീകള്‍ ശ്രമിക്കുക. നിശ്ശബ്ദതയെ ശരണം പ്രാപിക്കുന്ന ഭര്‍ത്താവും തന്റെ ഭാഗം മാത്രം ശരിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഭാര്യയും തങ്ങള്‍ക്കിടയിലെ ബന്ധം വഷളാക്കാന്‍ മാത്രമേ സഹായിക്കൂ.

ജോണ്‍ ഗ്രേയുടെ 'പുരുഷന്മാര്‍ ചൊവ്വയില്‍ നിന്ന്, സ്ത്രീകള്‍ ശുക്രനില്‍ നിന്ന്' ('Men are from Mars, Women are from Venus') എന്ന പുസ്തകത്തില്‍ ആണുങ്ങളുടെ പിന്‍വാങ്ങല്‍ പ്രവണതയെക്കുറിച്ച് ഭംഗിയായി വിവരിക്കുന്നുണ്ട്. ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ചൊവ്വക്കാര്‍ ഗുഹകളില്‍ അഭയം തേടുമെന്നും പിന്നീടവര്‍ പുറത്തിറങ്ങുകയേ ഇല്ലെന്നും അദ്ദേഹം പറയുന്നു. കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കാത്തിടത്തോളം അത് കീറാമുട്ടിയായിത്തന്നെ കിടക്കും. ഏറ്റുമുട്ടലിനേയും തര്‍ക്കങ്ങളേയും ഭയക്കുന്ന ഇവര്‍ അതു സംബന്ധിച്ച ഏതൊരു ചര്‍ച്ചയും ഇഷ്ടപ്പെടുന്നില്ല.
''ഞാന്‍ തര്‍ക്കത്തില്‍ ജയിക്കില്ല, പറയാനേറെയുണ്ടെങ്കിലും എനിക്കത് പറഞ്ഞു ഫലിപ്പിക്കാനാവില്ല.. ഭാര്യയോട് തര്‍ക്കിച്ച് ജയിക്കാനുമാവില്ല'', ഇതാണ് ഇത്തരക്കാരായ മിക്ക ഭര്‍ത്താക്കന്മാരുടേയും നിലപാട്.

ഒരു പ്രശ്‌നത്തെക്കുറിച്ച് കലഹമാരംഭിക്കുന്ന ദമ്പതിമാര്‍ അഞ്ചു മിനിറ്റ് കഴിയുമ്പോഴേക്കും തര്‍ക്കം തങ്ങളുടേതായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയും കാര്യം വഷളാക്കുകയും ചെയ്യുമെന്ന് ഗ്രേ പറയുന്നു. സ്ത്രീകള്‍ ഒരു വിഷയം അവതരിപ്പിക്കുകയും അതെപ്പറ്റി വളഞ്ഞ രീതിയില്‍ ചോദ്യങ്ങളും വാദമുഖങ്ങളുമുന്നയിച്ച് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. എല്ലാക്കാര്യത്തിലും അംഗീകാരം ആഗ്രഹിക്കുന്ന പുരുഷന്‍ ഇതില്‍ ഒരു നിരാകരണധ്വനി കേള്‍ക്കുന്നു. വെല്ലുവിളിക്കപ്പെട്ടതായി തോന്നുന്ന പുരുഷന്‍ തന്റെ ഭാഗത്തെ ശരി കണ്ടെത്താനുള്ള ശ്രമത്തില്‍ ഇണയ്ക്ക് വേണ്ട പരിഗണനയും സ്നേഹവും നല്‍കാന്‍ മറക്കുന്നു. സ്നേഹവും പരിഗണനയും നിഷേധിക്കപ്പെടുന്നത് സ്ത്രീയെ കൂടുതല്‍ മുറിവേല്‍പ്പിക്കുന്നു. ഇത് അവളുടെ സ്വരത്തില്‍ കൂടുതല്‍ നിരാശയും നിരാകരണവും ചേര്‍ക്കുന്നു. ഈ വിഷമവൃത്തത്തില്‍ ഇണകളിരുവരും തങ്ങള്‍ പറഞ്ഞ കാര്യത്തെയല്ല, അവതരിപ്പിച്ച രീതിയെയാണ് പങ്കാളി എതിര്‍ത്തതെന്ന് തിരിച്ചറിയാതാവുകയും ചെയ്യുന്നു.

സ്ത്രീയുടെ വികാരത്തെ പുരുഷന്‍ വ്രണപ്പെടുത്തുമ്പോഴും തിരിച്ച് പുരുഷനെ സ്ത്രീ അംഗീകരിക്കാതിരിക്കുമ്പോഴുമാണ് കലഹങ്ങള്‍ വഷളാകുന്നത്. സ്ത്രീകളപ്പോള്‍ ഇച്ഛാഭംഗം പ്രകടിപ്പിക്കുകയും പുരുഷന്മാര്‍ പ്രതിരോധം രക്ഷാകവചമാക്കുകയും ചെയ്യും.

ഏറെക്കാലത്തെ തന്റെ അനുഭവം വെച്ച് പുരുഷന്മാര്‍ക്ക് പിന്‍വാങ്ങല്‍ പ്രവണത കൂടുതലാണെന്ന് കേരളത്തിലെ ഒരു മാര്യേജ് കൗണ്‍സിലര്‍ പറയുന്നു. തര്‍ക്കിച്ച് ഭാര്യ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭര്‍ത്താവ് ഒഴിഞ്ഞുമാറി നിന്ന് പ്രശ്‌നമില്ലാതാക്കാന്‍ ശ്രമിക്കും. ഞാനിടപെടില്ലെന്ന പുരുഷന്റെ വാശി കാര്യം കുളമാക്കാന്‍ മാത്രമേ സഹായിക്കൂ. സ്വന്തം ഭാഗം മാത്രം ശരിയാണെന്ന് ഭര്‍ത്താവ് വിചാരീക്കുന്നതെന്നും തനിക്ക് പറയാനുള്ളതൊന്നും അങ്ങേര്‍ കേള്‍ക്കുന്നില്ലെന്നും സ്ത്രീ പരാതിപ്പെടുന്നു.