വ്യാഴാഴ്‌ച, ഫെബ്രുവരി 26, 2009

കഥ രമണനെങ്കില്‍ സദാനന്ദന് കെടാത്ത ആവേശം

(കടപ്പാട്: മാതൃഭൂമി)

കാനനച്ഛായയിലാടുമേയ്ക്കാനായി രമണന്റെ കൂടെപ്പോകാന്‍ വെമ്പുന്ന ചന്ദ്രികയുടെ പ്രണയം ഈണത്തില്‍ പാടിയ ശേഷം കെടാമംഗലം ഒന്നു നിര്‍ത്തും. ഹാര്‍മോണിയത്തിലൂടെ പ്രണയത്തിന്റെ ഒരു തൊട്ടുതലോടല്‍ കടന്നുപോകും. സില്‍ക്ക് ജുബയുടെ കൈ ഒന്ന് മേലോട്ടുവലിച്ച് അദ്ദേഹം തുടരും.

നിന്നെയൊരിക്കല്‍ ഞാന്‍
കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ....

രമണന്റെ കഥകേട്ട് സദസ്സ് എല്ലാം മറന്നിരിക്കും. 'രമണനാ'യിരുന്നു കെടാമംഗലത്തിന്റെ മാസ്റ്റര്‍പീസ്. 3602 വേദികളില്‍ ഈ രംഗങ്ങള്‍ പാടിയും പറഞ്ഞും കെടാമംഗലം ജൈത്രയാത്ര നടത്തിയത് ആസ്വാദകരുടെ ആവേശം അലകടലാക്കിയാണ്. ഹാര്‍മോണിയവും ക്ലാരിനറ്റും തബലയും തീര്‍ത്ത പശ്ചാത്തലസംഗീതത്തിന്റെ ശ്രുതിമാധുര്യത്തില്‍ സദസ്സിന്റെ നിശ്ശബ്ദതയും കീറിമുറിച്ച് കെടാമംഗലം വേദിയില്‍ ജ്വലിച്ചുകയറുകയായിരുന്നു പതിവ്.

60 വര്‍ഷം മുമ്പാണ് അദ്ദേഹം ചങ്ങമ്പുഴയുടെ 'രമണന്‍' എന്ന ആരണ്യകാവ്യം അവതരിപ്പിച്ചു തുടങ്ങിയത്. അസുഖബാധിതനാകുന്ന 2007വരെ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റും ഇതായിരുന്നു. 1937ല്‍ ചങ്ങമ്പുഴ രചിച്ച കാവ്യപുസ്തകത്തിന്റെ വിറ്റുവരവ് വര്‍ദ്ധിച്ചത് കഥാപ്രസംഗവേദിയില്‍ ഇത് അവതരിപ്പിച്ചതോടെയാണെന്ന് കെടാമംഗലം പറയുമായിരുന്നു. രമണന്‍ കേട്ടുമതിവരാത്തവര്‍ കെടാമംഗലത്തിന്റെ വിവിധ വേദികളില്‍ എത്തിയിരുന്നതും കൗതുകമായിരുന്നു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പാട്ടും പറച്ചിലും അംഗവിക്ഷേപങ്ങളും പ്രണയച്ചുവയുള്ള വര്‍ത്തമാനങ്ങളും ഹാസ്യാത്മകതകയും ഒക്കെ കേരളത്തിലാകമാനം ഒരുകാലഘട്ടത്തില്‍ വന്‍ ആരാധനാവൃന്ദത്തെ സൃഷ്ടിച്ചിരുന്നു. പ്രണയത്തിന്റെ ഭാവസ്പര്‍ശങ്ങള്‍ രമണനിലൂടെ വരച്ചു കാട്ടിയതോടൊപ്പം അവഗണിക്കപ്പെട്ടവരുടെ രോഷപ്രകടനവും ഇതിലൂടെ ജനമനസ്സുകളിലെത്തിച്ചു. സാമൂഹികവ്യവസ്ഥയിലെ അസമത്വങ്ങള്‍ക്കുനേരെയും അദ്ദേഹം വിരല്‍ചൂണ്ടി.

കഥാപ്രസംഗവേദിയില്‍ നിത്യഹരിതനായകനായിരുന്ന കെടാമംഗലം, കാല്‍നൂറ്റാണ്ടോളം മലയാളചലച്ചിത്ര രംഗത്തിന്റെ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു.
മലയാള സിനിമയിലെ നിത്യഹരിതനായകന്‍ പ്രേംനസീറിനോടൊപ്പം 'മരുമകളി'ല്‍ അഭിനയിച്ച കെടാമംഗലം, മധു നായകനായിരുന്ന 'ഹൃദയം ഒരു ക്ഷേത്രം' വരെ നാല്പത് ചിത്രങ്ങളില്‍ വേഷമിട്ടു. ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഏതാണ്ട് നൂറോളം സിനിമാഗാനങ്ങളുടെ രചയിതാവുകൂടിയാണ് സദാനന്ദന്‍.

'മരുമകള്‍' പ്രേംനസീറിന്റെയും സദാനന്ദന്റെയും ആദ്യ ചിത്രമായിരുന്നു. ചിത്രത്തില്‍ നസീര്‍ നായകനും കെടാമംഗലം വില്ലനുമായിരുന്നു. പോള്‍ കല്ലുങ്കലായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. ഇതിലെ ചില ഹാസ്യരംഗങ്ങള്‍ എഴുതിയതും സദാനന്ദനായിരുന്നു. 'തസ്‌കരവീരനാ’യിരുന്നു രണ്ടാമത്തെ ചിത്രം. പക്ഷിരാജാ പ്രൊഡക്ഷന്‍സിന്റെ 'മലൈകള്ളന്‍' എന്ന തമിഴ് ചിത്രം കെടാമംഗലം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയായിരുന്നു. രാഗിണി ആദ്യമായി നായികയായി വേഷമിട്ടത് ഇതിലാണ്. ആദ്യം ചിത്രത്തിലെ നായകവേഷമാണ് പക്ഷിരാജ സ്റ്റുഡിയോ ഉടമ ശ്രീരാമലു കെടാമംഗലത്തിന് വാഗ്ദാനംചെയ്തിരുന്നത്. പിന്നീട് സത്യനെ നായകനാക്കി. നായികയുടെ അച്ഛന്റെ വേഷത്തിലാണ് കെടാമംഗലം രംഗത്തെത്തിയത്. 'ദേവലോക'ത്തില്‍ നസീര്‍ നായകനും കെടാമംഗലം ഉപനായകനുമായിരുന്നു.

'ഗുരുവായൂരപ്പന്‍' എന്ന പേരില്‍ ഇറങ്ങിയ രണ്ട് സിനിമകളിലും കെടാമംഗലം അഭിനയിച്ചിട്ടുണ്ട്. ആദ്യം ഇറങ്ങിയ ചിത്രം കെടാമംഗലം തിരക്കഥയെഴുതിയതാണ്. മെരിലാന്റ് നിര്‍മ്മിച്ച 'ഗുരുവായൂരപ്പനി'ല്‍ കെടാമംഗലം കഥപറയുന്ന രീതിയിലാണ് സിനിമ.
'അംബ അംബിക അംബാലിക'യില്‍ വില്ലടിച്ചാന്‍ പാട്ടുകാരന്റെ വേഷമാണ് സദാനന്ദന്‍േറത്. 'ഒരു ഞെട്ടില്‍ മൂന്ന് പൂക്കള്‍' എന്ന സിനിമയില്‍ കെടാമംഗലം നായകനായി വേഷമിട്ടെങ്കിലും റിലീസായില്ല. സ്വാമി അയ്യപ്പന്‍, അരപ്പവന്‍ തുടങ്ങിയ സിനിമകളും പ്രധാനമാണ്.
12 തിരക്കഥകള്‍ എഴുതി. മധു ഡബിള്‍ റോളില്‍ അഭിനയിച്ച വിപ്ലവകാരി, പ്രതികാരം എന്നിവ ഇതില്‍പ്പെടും. 'അരപ്പവന്‍' എന്ന സിനിമ നഷ്ടത്തിലായെങ്കിലും രാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സത്യന്‍ ജനഹൃദയങ്ങളില്‍ ഇടംനേടി.അരപ്പവനിലൂടെ സാധാരണക്കാരുടെ കഥ സിനിമയിലെത്തിക്കാന്‍ തനിക്ക് കഴിഞ്ഞതായി കെടാമംഗലം പറയുമായിരുന്നു. ചിത്രത്തിന്റെ ഔട്ട്‌ഡോര്‍ ജോലികള്‍ ജന്മനാടായ കെടാമംഗലത്തുതന്നെയായിരുന്നു.

തമിഴിലും കെടാമംഗലത്തിന്റെ ഒരു സൂപ്പര്‍ഹിറ്റുണ്ട്. തീയറ്ററുകളില്‍ ബോക്‌സ്ഓഫീസ് വിജയം നേടി തുടര്‍ച്ചയായി 150 ദിവസം ഓടിയ 'കൈരാശി', കെടാമംഗലം എഴുതിയതാണ്. തമിഴില്‍ ജമിനി ഗണേശനും ബി. സരോജാദേവിയുമായിരുന്നു നായികാനായകന്മാര്‍. ഹിന്ദിയില്‍ ഇത് 'ജൂല' എന്ന പേരിലിറക്കിയപ്പോള്‍ സുനില്‍ ദത്തും വൈജയന്തിമാലയും പ്രാണുമൊക്കെ അഭിനയിച്ചു.
കെടാമംഗലം ഗാനരചന നടത്തിയിട്ടുള്ള ചിത്രങ്ങളില്‍ കൂടുതലും പാടിയിട്ടുള്ളത് പി.ബി. ശ്രീനിവാസനാണ്. യേശുദാസ്, പി. ലീല, എസ്. ജാനകി എന്നിവരും കെടാമംഗലത്തിന്റെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. അരപ്പവനിലെ 'വാടിക്കരിയുന്ന പൂവേ നിന്റെ വാസന തീരുകയല്ലേ' എന്ന ഗാനം അക്കാലത്ത് മലയാളികളുടെ ചുണ്ടുകളില്‍ നിറഞ്ഞുനിന്നിരുന്നു.

ചലച്ചിത്രരംഗത്തുനിന്ന് കെടാമംഗലം സ്വയം പിന്മാറുകയായിരുന്നു. കഥപറച്ചിലിനോടായിരുന്നു അന്നും എന്നും സദാനന്ദന് കമ്പം. അഭിനയിച്ചാലും പണം കിട്ടാന്‍ പിറകെ നടക്കണം എന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. കഥാപ്രസംഗത്തിന് തീയതി കൊടുത്താല്‍ കൃത്യമായി എത്തിച്ചേരണമെന്ന് വന്നപ്പോള്‍ രണ്ടും ഒന്നിച്ചുകൊണ്ടുപോകാന്‍ കെടാമംഗലത്തിന് കഴിയാതെവന്നു.

കെ.പി.എ.സി. കേരളത്തിലെ നാടകരംഗത്ത് സജീവമാകുംമുമ്പേ കെടാമംഗലം കൃഷ്ണാനന്ദ സംഗീതസഭ എന്ന നാടക ട്രൂപ്പ് ഉണ്ടാക്കിയിരുന്നു. 'സന്ദേശം' ആയിരുന്നു ആദ്യം നാടകം. ഗുരു ഗോപിനാഥിന്റെ കീഴില്‍ നൃത്തം അഭ്യസിച്ച സദാനന്ദന്‍, അതിനുശേഷമാണ് നാടകത്തിലിറങ്ങിയത്. സ്വദേശം, സമാഗമം, സ്വര്‍ഗ്ഗരാജ്യം മുതലായ നാടകങ്ങള്‍ ഒട്ടേറെ വേദി പിന്നിട്ടതാണ്. ആലപ്പുഴ മേദിനിയും കെടാമംഗലവും ചേര്‍ന്നാണ് അവതരണഗാനം ആലപിച്ചിരുന്നത്.
കഥാപ്രസംഗത്തോടൊപ്പം നാടകവും സിനിമയുമായി ബന്ധപ്പെട്ടുനിന്നപ്പോള്‍ ആ രംഗത്തെ ഒട്ടേറെപ്പേരുമായി സൗഹൃദം പുലര്‍ത്താനും ഈ വലിയ കലാകാരന് കഴിഞ്ഞിട്ടുണ്ട്. സത്യന്‍, നസീര്‍, സെബാസ്റ്റ്യന്‍ ജോസഫ്, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍, വൈക്കം മണി, അക്ബര്‍ ശങ്കരപിള്ള, തിക്കുറിശ്ശരി, ജി.കെ.പിള്ള, കൊട്ടാരക്കര ശ്രീധരന്‍ നായര്‍,.... അഭിനയലോകത്തെ അതികായന്മാരുമായി അടുത്ത ബന്ധം കെടാമംഗലത്തിനുണ്ടായിരുന്നു.

സിനിമയുടെ തിരക്കിനിടയില്‍ മദ്രാസില്‍വച്ചായി സദാനന്ദന്റെ വിവാഹം. സിനിമാനടി ശാന്തിയുടെ സഹോദരി പൊന്നമ്മയാണ് ഭാര്യ. ഏറ്റുമാനൂര്‍ സ്വദേശിയായ ഇവരുടെ ആലോചന കൊണ്ടുവന്നത് എസ്.പി. പിള്ളയായിരുന്നു. കല്യാണത്തിന് സത്യനും നസീറുമൊക്കെ പങ്കെടുത്തിരുന്നു.

1944 ജനവരി 18ന് 19-മത്തെ വയസ്സില്‍ പൊന്നുരുന്നിയില്‍ ചങ്ങമ്പുഴയുടെ 'വാഴക്കുല' എന്ന കഥ അവതരിപ്പിച്ച് കഥാപ്രസംഗരംഗത്ത് കാലൂന്നിയ കെടാമംഗലം 2007 മെയ് 7ന് വൈപ്പിന്‍കരയിലെ അണിയില്‍ ക്ഷേത്രത്തിലാണ് അവസാനമായി 'വ്യാസന്റെ ചിരി' എന്ന കഥ പറഞ്ഞത്. രോഗബാധിതനായ ശേഷം 2008 ഫിബ്രവരിയില്‍ പറവൂര്‍ അംബേദ്ക്കര്‍ പാര്‍ക്കില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ 25 മിനിറ്റോളം കഥാപ്രസംഗം അവതരിപ്പിക്കുകയുമുണ്ടായി. കാഥികനായിരുന്നപ്പോള്‍ത്തന്നെ നാല്പതിലേറെ സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

'മരുമകള്‍' എന്ന സിനിമയില്‍ പ്രേംനസീറിനോടൊപ്പം അഭിനയിച്ചായിരുന്നു തുടക്കം. കെടാമംഗലം കഥയും സംഭാഷണവും എഴുതിയ ജമിനി ഗണേശന്‍ അഭിനയിച്ച 'കൈരാശി' എന്ന സിനിമ തമിഴ്‌നാട്ടില്‍ 150 ദിവസം തുടര്‍ച്ചയായി ഓടിയ സൂപ്പര്‍ ഹിറ്റായിരുന്നു. സുനില്‍ദത്തും വൈജയന്തിമാലയും അഭിനയിച്ച് ഹിന്ദിയില്‍ 'ജുല' എന്ന പേരിലും ഇതിന്റെ പതിപ്പ് ഇറങ്ങിയിരുന്നു.
വടക്കന്‍ പറവൂരിനടുത്ത് കെടാമംഗലത്ത് മനയത്ത് അയ്യപ്പന്റെയും പാര്‍വ്വതിയുടെയും മകനായി 1923ല്‍ ഉത്രട്ടാതി നക്ഷത്രത്തിലാണ് ജനനം. നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്‌കൃത സ്‌കൂളില്‍ ഡോ. പി.ആര്‍. ശാസ്ത്രിയുടെ ശിക്ഷണത്തില്‍ സംസ്‌കൃതശാസ്ത്രപഠനം നടത്തി. ആജീവനാന്തം കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കെടാമംഗലം സിപിഐയില്‍ നിന്നു.
കേരള സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ്, കൊച്ചി ദേവസ്വം ബോര്‍ഡിന്റെ 'കലാരത്‌നനം', സാഹിത്യ ദീപികയുടെ 'കലാതിലകം', കലാപ്രവീണ്‍, കുവൈറ്റ് മലയാളി അസോസിയേഷന്റെ 'കല', കെ.എസ്. ഉണ്ണിത്താന്‍ സ്മാരക അവാര്‍ഡ്, കേസരി അവാര്‍ഡ്, ബോധിനി അവാര്‍ഡ്, കാഥികരത്‌നനം പുരസ്‌കാരം, കാമ്പിശ്ശേരി പുരസ്‌കാരം തുടങ്ങി 250 ഓളം കീര്‍ത്തിമുദ്രകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഗുരുവായൂര്‍ ദേവസ്വംകമ്മിറ്റി അംഗം, പുരോഗമന കഥാപ്രസംഗ കലാസംഘടന സംസ്ഥാന പ്രസിഡന്റ്, കഥാപ്രസംഗ അക്കാദമി ചെയര്‍മാന്‍, യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി, കേരള സര്‍വ്വകലാശാലാ (കഥാപ്രസംഗം പാര്‍ട്ട്‌ടൈം കോഴ്‌സ്) വിസിറ്റിംഗ് പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.