ശനിയാഴ്‌ച, ഫെബ്രുവരി 28, 2009

അമ്മയാവാന്‍ ഒരുങ്ങുക

(ഇന്ന് വിദ്യാഭ്യാസം നമ്മുടെ കേരളത്തിലെങ്കിലും സാര്‍വ്വത്രികമായെങ്കിലും പല വിഷയങ്ങളെ കുറിച്ചും അജ്ഞത നിലനില്‍ക്കുന്നതായി കാണാം. ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും വ്യക്തമായ ഒരു ധാരണ ലഭിക്കുന്നതിന് ഉതകുന്നതാണ് മാതൃഭൂമി സ്ത്രീ പംക്തിയില്‍ സി.പി.ബിജു എഴുതിയ അമ്മയാവാന്‍ ഒരുങ്ങുക എന്ന ലേഖനം. ഒരു റഫറന്‍സിന് പ്രസ്തുത ലേഖനം ഇവിടെ കിടക്കട്ടെ. മാതൃഭൂമിയോടും സി.പി.ബിജുവിനോടും കടപ്പാട്.)

അമ്മയാവാന്‍ ഒരുങ്ങുക
--------------------------------

ജീവിതത്തിലെ ഏറ്റവും സവിശേഷതയാര്‍ന്ന കാലഘട്ടമാണ് ഗര്‍ഭകാലം. ആഹ്ലാദവും ആകുലതകളും ജാഗ്രതയും പരിഭ്രമവുമൊക്കെ നിറഞ്ഞ ജീവിത ഘട്ടം. കഴിഞ്ഞ തലമുറയിലുള്ളവര്‍ക്ക് മൂന്നോ നാലോ പ്രസവം സാധാരണമായിരുന്നു. അതിനു മുന്‍പത്തെ തലമുറയിലാകട്ടെ എട്ടോ പത്തോ പന്ത്രണ്ടോ പ്രസവിക്കുന്നതു പോലും ഒരു സംഭവമല്ലായിരുന്നു. ഗര്‍ഭധാരണവും പ്രസവവും കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള, ഗൗരവമേറിയ കാര്യമാണ് എന്ന ബോധ്യം വന്നതോടെ ഗര്‍ഭകാല പരിചരണം കൂടുതല്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും ക്രമീകരിക്കാനും തുടങ്ങി. ഒന്നോ രണ്ടോ തവണ മാത്രം പ്രസവിക്കുക എന്നത് പൊതുരീതിയായതോടെ ഗര്‍ഭം നേരത്തേ തന്നെ ആസൂത്രണം ചെയ്യാനും ആവശ്യമായ ക്രമീകരണങ്ങള്‍ എടുക്കാനും ഇപ്പോള്‍ മിക്കവരും ശ്രദ്ധിക്കാറുണ്ട്. അത്തരം പ്ലാനിങ്ങുകള്‍ ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും കാര്യത്തില്‍ തികച്ചും ആവശ്യവുമാണ്.

വിവാഹ ശേഷം എത്രകാലം കഴിഞ്ഞു വേണം ഗര്‍ഭധാരണം എന്ന് യഥാസമയം തീരുമാനമെടുക്കണം. ഗര്‍ഭധാരണത്തിനു മുമ്പു തന്നെ അതിനു വേണ്ടി ശാരീരികമായും മാനസികമായും തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണ്. അമ്മയുടെ പ്രായം, പ്രസവശേഷം വിശ്രമത്തിന് സമയം കണ്ടെത്താനുള്ള സാഹചര്യങ്ങള്‍ എന്നിവയെല്ലാം കണ്ടറിഞ്ഞാവണം ഗര്‍ഭവും പ്രസവവും പ്ലാന്‍ ചെയ്യുന്നത്.

പ്രസവം എപ്പോള്‍


ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയും കാര്യത്തില്‍ അമ്മയുടെ പ്രായം വളരെ പ്രധാനമാണ്. 22 വയസ്സിനും 26 വയസ്സിനും ഇടയില്‍ ആദ്യ പ്രസവം നടക്കുന്നതാണ് ഏറ്റവും നല്ലത്. 30 വയസ്സുവരെ ആയാലും പലര്‍ക്കും പ്രശ്‌നങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാല്‍ ആദ്യ പ്രസവം 30നു ശേഷമാകുന്നത് ചില വൈഷമ്യങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസം, ജോലി, തുടങ്ങി ഏറെ പ്രാധാന്യമുള്ള ജീവിത പ്രശ്‌നങ്ങളുമായി കഴിയുന്നവരാണ് നമ്മുടെ യുവതികളിലേറെയും. പലരുടെയും വിവാഹം നടക്കുന്നതു തന്നെ 26 ഓ 28ഓ വയസ്സു കഴിയുമ്പോഴാവും. അതുകൊണ്ടു തന്നെ 26 വയസ്സിനു മുമ്പു പ്രസവിക്കാന്‍ പലര്‍ക്കും കഴിയാതെ പോകാറുണ്ട്. എങ്കിലും ഇത് 30 വയസ്സിനപ്പുറത്തേക്കു നീളാതെ ശ്രദ്ധിക്കാനായാല്‍ നല്ലത്. അങ്ങനെ കഴിയാത്തവര്‍ പ്രസവത്തിനു മുമ്പു തന്നെ ഡോക്ടറെ കണ്ട് ആരോഗ്യ സാഹചര്യങ്ങള്‍ വിലയിരുത്തുകയും പ്രശ്‌നങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് നന്നായിരിക്കും.

21-22 വയസ്സിനു മുമ്പ് പ്രസവിക്കുന്നതും ആരോഗ്യകരമല്ല. ആര്‍ത്തവം തുടങ്ങി ഏതാനും മാസം കഴിയുന്നതോടെ ഗര്‍ഭധാരണ ശേഷി കൈവരുമെങ്കിലും പെണ്‍കുട്ടിയുടെ ശരീരവും മനസ്സും ഗര്‍ഭപ്രസവങ്ങള്‍ക്ക് ഒരുങ്ങിയിട്ടുണ്ടാവില്ല. സ്ത്രീ മാനസിക വളര്‍ച്ചയും പക്വതയും നേടിയ ശേഷം മാത്രം പ്രസവത്തിനൊരുങ്ങുന്നതാണ് നല്ലത്. അരക്കെട്ടിന്റെ വളര്‍ച്ച പൂര്‍ത്തിയായി യോനീ കവാടം ശരിയായ വികാസം നേടുന്നത് 21-22 വയസ്സോടെ മാത്രമാണ്. അതുകൊണ്ടാണ് 21-22 വയസ്സിനു ശേഷം മതി പ്രസവം എന്നു പറയുന്നത്. ശാരീരിക വളര്‍ച്ച പൂര്‍ത്തിയാകുന്നതിനു മുമ്പു പ്രസവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്നീട് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുമിടയുണ്ട്.

ഗര്‍ഭധാരണം എങ്ങനെ


അണ്ഡാഗമനത്തോടടുത്ത ദിവസം ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോളാണ് ഗര്‍ഭധാരണം നടക്കുന്നത്. വളര്‍ച്ച പൂര്‍ത്തിയായ അണ്ഡം അണ്ഡാശയത്തില്‍ നിന്ന് പുറത്തു വന്ന് ഫാലോപ്പിയന്‍ നാളിയിലെത്തുന്നതിനെയാണ് അണ്ഡാഗമനം അഥവാ ഓവുലേഷന്‍ എന്നു പറയുന്നത്. 28 ദിവസത്തെ ക്രമമായ ആര്‍ത്തവചക്രമുള്ള സ്ത്രീകളില്‍ ആര്‍ത്തവാരംഭത്തിനു ശേഷം 14-ആം ദിവസമാണ് അണ്ഡാഗമനം. ലൈംഗിക ബന്ധത്തിന്റെ ഫലമായി എത്തുന്ന കോടിക്കണക്കിന് പുംബീജങ്ങളില്‍ ഒരെണ്ണം അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണമായി മാറി വളര്‍ച്ച തുടരുന്ന പ്രക്രീയയാണ് ഗര്‍ഭധാരണം. ഓരോ സ് ‌ഖലനത്തിലൂടെയും ഉള്ളിലെത്തുന്ന കോടിക്കണക്കിന് ബീജങ്ങളില്‍ ഒരെണ്ണം മാത്രമേ അണ്ഡവുമായി ചേരുകയുള്ളൂ. ഓവുലേഷനോടടുത്ത ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴാണ് ഗര്‍ഭധാരണം നടക്കുന്നത്. അണ്ഡത്തിന് ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ. എന്നാല്‍ പുരുഷബീജത്തിന് മൂന്നു ദിവസം വരെ ആയുസ്സുണ്ട്. അതിനാല്‍ ഓവുലേഷനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും ബീജം ഉള്ളില്‍ തങ്ങി നിന്ന് അണ്ഡാഗമനം ഉണ്ടാകുമ്പോള്‍ അതിനോടു ചേര്‍ന്ന് ഗര്‍ഭധാരണം നടന്നു എന്നു വരാം. ഓവുലേഷന്റെ ദിവസം കൃത്യമായി മനസ്സിലാക്കാന്‍ പലപ്പോഴും അത്ര എളുപ്പമല്ല. അതു കൊണ്ടു തന്നെ ഗര്‍ഭധാരണം വളരെ കൃത്യമായി കണക്കാക്കാന്‍ വിഷമമാണ്.

ഗര്‍ഭ നിര്‍ണയം


പെണ്‍കുട്ടി രാവിലെ ഓക്കാനിക്കുന്നതു കാണുമ്പോള്‍, അവള്‍ ഗര്‍ഭിണിയാണ് എന്നു തീരുമാനിക്കുന്നതാണ് സിനിമകളിലും മറ്റും കാണാറുള്ള പതിവു ദൃശ്യം. എന്നാല്‍ ഓക്കാനവും ഛര്‍ദിയും പോലുള്ള പ്രഭാതാസ്വസ്ഥതകളൊക്കെ തുടങ്ങുന്നത് ഗര്‍ഭം രണ്ടു മാസത്തോളം പിന്നിട്ട ശേഷം മാത്രമായിരിക്കും. പതിവായുള്ള ആര്‍ത്തവം മുടങ്ങുന്നതാണ് ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണം. കൃത്യമായ ആര്‍ത്തവമുള്ളവര്‍ക്ക് ഇത് എളുപ്പം തിരിച്ചറിയാന്‍ കഴിയും. ആര്‍ത്തവം മുടങ്ങിയതായി കണ്ടാല്‍ എട്ടു പത്തു ദിവസത്തിനകം എച്ച്.സി.ജി. പരിശോധനയിലൂടെ ഗര്‍ഭധാരണം ഉറപ്പാക്കാവുന്നതാണ്. ഈ പരിശോധനക്കുള്ള കിറ്റ് മരുന്നുകടകളില്‍ വാങ്ങാന്‍ കിട്ടും. കിറ്റില്‍ ഒന്നോ രണ്ടോ തുള്ളി മൂത്രം ഇറ്റിച്ച് അഞ്ചു മിനിറ്റിനകം ഫലം അറിയാം.

സ്വയം പരിശോധിച്ച് ഗര്‍ഭനിര്‍ണയം നടത്തിക്കഴിഞ്ഞാലും അധികം വൈകാതെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകള്‍ നടത്തി അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യാവസ്ഥകള്‍ ഉറപ്പാക്കേണ്ടതാണ്.

തുടര്‍ച്ചയായി രണ്ടു തവണ ആര്‍ത്തവം മുടങ്ങിയാല്‍ ഉടന്‍ വൈദ്യ പരിശോധന നടത്താനാണ് മുന്‍പ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നവര്‍ പലപ്പോഴും അത്രയും കാത്തിരിക്കാറില്ല. ആദ്യ തവണ ആര്‍ത്തവം മുടങ്ങുമ്പോള്‍ തന്നെ മിക്കവരും പരിശോധനകള്‍ നടത്തി കാര്യം ഉറപ്പാക്കാറുണ്ട്. കഴിവതും നേരത്തെ ഇത് ഉറപ്പാക്കുന്നതു തന്നെയാണു നല്ലത്.


ഗര്‍ഭം എത്രകാലം


പത്തും തികഞ്ഞ് പ്രസവിക്കുന്നു എന്നാണല്ലോ പൊതുവെ പറയാറുള്ളത്. പത്തു മാസം അഥവാ നാല്പത് ആഴ്ചയാണ് ഗര്‍ഭകാലം എന്നാണ് സങ്കല്പം. അവസാനമായി ആര്‍ത്തവം വന്ന ദിവസം മുതലാണ് ഗര്‍ഭകാലം കണക്കാക്കാറുള്ളത്. എന്നാല്‍ ഈ ആര്‍ത്തവം മുതല്‍ അണ്ഡാഗമനം വരെയുള്ള 14 ദിവസം ഗര്‍ഭദിനങ്ങളല്ല. അവസാന ആര്‍ത്തവം കഴിഞ്ഞ് 14-ആം ദിവസം പുറത്തു വരുന്ന അണ്ഡവും ബീജവും ചേരുമ്പോഴാണല്ലോ ഗര്‍ഭധാരണം നടക്കുക. അണ്ഡ ബീജസംയോഗം മുതല്‍ പ്രസവിക്കുന്നതു വരെയുള്ള കാലയളവ് ഏകദേശം 266-270 ദിവസമാണ്.

പ്രസവം എന്ന്


അണ്ഡവും ബീജവുമായി ചേരുന്നത് എന്നായിരിക്കും എന്നു കൃത്യമായി കണ്ടെത്താന്‍ അത്ര എളുപ്പമല്ല. അതുകൊണ്ട് അവസാന ആര്‍ത്തവത്തിന്റെ തുടക്ക ദിവസത്തെ അടിസ്ഥാനമാക്കിയാണ് പ്രസവത്തീയതി കണക്കാക്കുന്നത്. അവസാന ആര്‍ത്തവത്തിന്റെ തുടക്കദിവസം മുതല്‍ നാല്പത് ആഴ്ച പൂര്‍ത്തിയാകുന്ന ദിവസം എന്നുപറയാം. ഇങ്ങനെ കണക്കാക്കുന്ന ദിവസത്തെ പ്രതീക്ഷിത പ്രസവദിനം എന്നാണു പറയുന്നത്. അവസാന ആര്‍ത്തവം തുടങ്ങിയ ദിവസത്തോട് ഒന്‍പതു കലണ്ടര്‍ മാസവും ഏഴു ദിവസവും കൂട്ടിയാണ് പ്രതീക്ഷിത പ്രസവ ദിനം കണക്കാക്കുന്നത്.

അവസാന ആര്‍ത്തവം തുടങ്ങിയത് ആഗസ്ത് 15-നാണ് എന്നു കരുതുക. അതിനോട് ഒമ്പതു കലണ്ടര്‍ മാസം ചേര്‍ക്കുമ്പോള്‍ മെയ് 15 എന്നു കിട്ടും. ഇതിനോട് ഏഴു ദിവസം കൂടി കൂട്ടിയാല്‍ മെയ് 22 ആയി. പ്രതീക്ഷിത പ്രസവ ദിനം മെയ് 22 എന്നു കിട്ടും. അവസാന ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ പ്രതീക്ഷിത പ്രസവദിനം കണക്കാക്കാവുന്നതാണ്.

തടിയും തൂക്കവും


ഗര്‍ഭധാരണത്തിനൊരുങ്ങുമ്പോള്‍ത്തന്നെ ഭാവിമാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ ഉറപ്പാക്കേണ്ടതാണ്. ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടെന്നും വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങളൊന്നുമില്ല എന്നും ഉറപ്പു വരുത്തണം. പ്രസവത്തിനു മുമ്പ് പൊണ്ണത്തടിയുള്ള സ്ത്രീകള്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അത്രയധികമില്ല. എന്നാല്‍ ഇത്തരക്കാരുടെ എണ്ണം കൂടി വരികയാണ്. മുമ്പ് ഗര്‍ഭിണികളില്‍ വിളര്‍ച്ചവ്യാപകമായിരുന്നു. ഇപ്പോള്‍ സ്ത്രീകളില്‍ വിളര്‍ച്ചയുടെ തോതില്‍ ഗണ്യമായ കുറവു കാണുന്നുണ്ട്.

ഗര്‍ഭകാലത്ത് ശരിയായ ഭക്ഷണവും വിശ്രമവും മതിയായ വ്യായാമവും വേണം. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് അമ്മയുടെ തടിയും തൂക്കവും കൂടി വരും. ഗര്‍ഭകാലത്തു നടത്തുന്ന ഓരോ പരിശോധനയിലും ഗര്‍ഭിണിയുടെ തൂക്കം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. ഗര്‍ഭം പൂര്‍ത്തിയാവുമ്പോഴേക്ക് 10-12 കിലോ വരെ തൂക്കം കൂടേണ്ടതാണ്. ഇതില്‍ ആദ്യത്തെ മൂന്നു മാസം തൂക്കം കൂടുന്നത് അത്ര പ്രകടമായിരിക്കില്ല. ഈ കാലത്ത് ഗര്‍ഭസ്ഥശിശുവിന്റെ ശാരീരിക വളര്‍ച്ച സാവധാനത്തിലായിരിക്കും. അതുകൊണ്ടാണ് ഗര്‍ഭിണിക്ക് പ്രകടമായ തൂക്കക്കൂടുതല്‍ അനുഭവപ്പെടാത്തത്. മൂന്നാം മാസം മുതല്‍ ഓരോആഴ്ചയും ഗര്‍ഭിണിയുടെ ശരീര ഭാരം 200 മുതല്‍ 400 വരെ ഗ്രാം വീതം കൂടിക്കൊണ്ടിരിക്കും. ഗര്‍ഭകാലത്ത് 8-9 കിലോയെങ്കിലും തൂക്കം കൂടാത്ത ഗര്‍ഭിണികളുടെ കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

പരിശോധനകള്‍ എപ്പോള്‍


ഗര്‍ഭനിര്‍ണയത്തിനുളള പരിശോധന സ്വയം നടത്തിയാലും ആദ്യ മാസത്തില്‍ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകള്‍ നടത്തുന്നതാണു നല്ലത്. ഗര്‍ഭധാരണം ഉറപ്പാക്കിയല്ലോ, ഇനി പതുക്കെ മതി പരിശോധന എന്നു തീരുമാനിക്കുന്നത് ആരോഗ്യകരമല്ല. മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തവര്‍ മാസത്തിലൊരിക്കല്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തണം. ഏഴുമാസം വരെ ഇങ്ങനെ, മാസത്തിലൊരിക്കല്‍ ഡോക്ടറെ കാണണം. തുടര്‍ന്ന്, എട്ട് ഒമ്പത് മാസങ്ങളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഡോക്ടറെ സന്ദര്‍ശിക്കണം. അവസാനമാസത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡോക്ടറെ സന്ദര്‍ശിക്കേണ്ടതാണ്.

മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഈ ക്രമം മതിയാവില്ല. അവര്‍ പ്രശ്‌നത്തിന്റെ സ്വഭാവത്തിനനുസരിച്ച്് ഡോക്ടറുടെ നിര്‍ദേശപ്രകാരം കൂടുതല്‍ തവണ പരിശോധനകള്‍ നടത്തേണ്ടി വരും. ഗര്‍ഭധാരണത്തിനു മുമ്പു തന്നെ പ്രമേഹം, പ്രഷര്‍, അപസ്മാരം തുടങ്ങി എന്തെങ്കിലും പ്രശ്‌നങ്ങളുള്ളവര്‍ നേരത്തെ ഡോക്ടറെ കണ്ട് ഉപദേശം തേടിയ ശേഷം മാത്രം ഗര്‍ഭധാരണത്തിനൊരുങ്ങുന്നതാണു നല്ലത്.


വ്യായാമും വിശ്രമവും


ഗര്‍ഭകാലത്ത് വേണ്ടത്ര വിശ്രമവും വ്യായമവും ഉറപ്പാക്കേണ്ടതാണ്. ഏറ്റവും പ്രധാനം തികഞ്ഞ മനസ്സുഖത്തോടെ കഴിയുക എന്നതു തന്നെ. സ്‌ട്രെസ്സും ടെന്‍ഷനും കര്‍ശനമായി ഒഴിവാക്കേണ്ട വേളയാണ് ഗര്‍ഭകാലം. ഗര്‍ഭകാലമാണല്ലോ എന്നു കരുതി എല്ലാ ജോലികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത് നല്ലതല്ല. വീട്ടിലെ അത്യാവശ്യം ജോലികളൊക്കെ ഗര്‍ഭിണിക്കു ചെയ്യാവുന്നതാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലത്. ഗര്‍ഭിണികള്‍ക്കായി ചിട്ടപ്പെടുത്തിയിട്ടുള്ള വ്യായാമക്രമങ്ങളുണ്ട്. വീട്ടു ജോലികളും മറ്റും ചെയ്യുന്നവര്‍ക്ക് പ്രത്യേക വ്യായാമം വേണ്ടിവരില്ല. വ്യായാമം ചെയ്യണം എന്നുള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.
ഗര്‍ഭകാലത്ത് വേണ്ടത്ര ഉറങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ എട്ടുമണിക്കൂര്‍ ഉറങ്ങണം. അഞ്ചാറു മാസമാകുന്നതോടെ ഉറക്കും അല്പം വര്‍ധിപ്പിക്കണം. ആറു മാസം പിന്നിട്ടാല്‍ രാത്രിയിലെ എട്ടു മണിക്കൂര്‍ ഉറക്കത്തിനു പുറമേ പകല്‍ രണ്ടു മണിക്കൂര്‍ ഉറങ്ങുകയോ തികഞ്ഞ വിശ്രമം എടുക്കുകയോ വേണം.

ഭക്ഷണം ചിട്ടയോടെ


ഗര്‍ഭംധരിക്കാന്‍ തീരുമാനിക്കുമ്പോള്‍ മുതല്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധയും ചിട്ടയും പിലര്‍ത്തേണ്ടതാണ്. പാല്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, മത്സ്യം തുടങ്ങിയവയൊക്കെ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭിണികള്‍ മറ്റുള്ളവരെക്കാള്‍ 300 കിലോ കലോറി അധിക ഊര്‍ജത്തിനു വേണ്ട ഭക്ഷണ പാനീയങ്ങള്‍ നിത്യവും കഴിക്കണമെന്നാണ് നിര്‍ദേശിക്കാറുള്ളത്. കൃത്രിമ ഭക്ഷണങ്ങളും ഹീനഭക്ഷണങ്ങളും പമാവധി ഒഴിവാക്കുന്നതാണു നല്ലത്. നല്ല പാല്‍ നിത്യവും കഴിക്കേണ്ടതാണ്. വായ്ക്ക് രുചിയില്ല, കഴിക്കാന്‍ തോന്നുന്നില്ല എന്നൊക്കെ പറഞ്ഞ് പല ഗര്‍ഭിണികളും ഭക്ഷണങ്ങള്‍ ഒഴിവാക്കാറുണ്ട്. ഇത് അപകടകരമായ പ്രവണതയാണ്. സ്വന്തം ആരോഗ്യത്തിനു വേണ്ടി മാത്രമല്ല ജനിക്കാന്‍ പോകുന്ന ഓമനക്കുഞ്ഞിനു വേണ്ടിക്കൂടിയാണ് ഭക്ഷിക്കുന്നത് എന്ന ധാരണയോടെ മികച്ച ഭക്ഷണം വേണ്ടത്ര കഴിക്കാന്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം.

ഗര്‍ഭകാല പരിചരണം


ആധുനിക വൈദ്യശാസ്ത്രം ഗര്‍ഭകാലത്തെ മൂന്ന് ഘട്ടങ്ങളായാണ് തിരിക്കുന്നത്. മൂന്നു മാസം വീതമുള്ള മൂന്ന് ത്രൈമാസ ഘട്ടങ്ങള്‍. എന്നാല്‍ ശാസ്ത്രം പുരോഗമിച്ചതോടെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച, ഗര്‍ഭിണിക്കുവേണ്ട പരിചരണം എന്നിവയെയൊക്കെ ആഴ്ചക്കണക്കില്‍ കൂടുതല്‍ വിശദമായി പറയാമെന്നായി. എന്നാല്‍ സാധാരണയായി മിക്കവരും ഗര്‍ഭത്തെക്കുറിച്ചു പറയാറുള്ളത് മാസക്കണക്കിലാണ്. മൂന്നു മാസം പിന്നിട്ടാല്‍ ആദ്യഘട്ടമായി എന്നും അഞ്ചാം മാസത്തോടെ വയറ് വലുതായി ഗര്‍ഭം പ്രത്യക്ഷമായിത്തുടങ്ങുമെന്നും ഏഴുമാസമാകുമ്പോഴേക്ക് കുഞ്ഞിന്റെ ചലനങ്ങള്‍ പുറമേനിന്ന് അറിയായറാകുമെന്നുമൊക്കെയുള്ള നാട്ടുധാരണകള്‍ ഇങ്ങനെ മാസക്കണക്കിലുള്ളതാണല്ലോ.

2 അഭിപ്രായങ്ങൾ:

ബിജു കോട്ടപ്പുറം പറഞ്ഞു...

വളരെ മനോഹരമായ രചന. ഗര്‍ഭിണികള്‍ കുടം പുളി, നാരങ്ങാ അച്ചാര്‍, ബദാം പരിപ്പ് എന്നിവയൊക്കെ കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ സാര്‍?

meera renish പറഞ്ഞു...

thyroid problem affected the pregnancy,pls replay me.