ശനിയാഴ്‌ച, മാർച്ച് 14, 2009

മര്യാദ നഷ്ടമാകുന്ന യുവത്വം !

(കടപ്പാട്: ജിഷ.ജി.നായര്‍, മലയാളമനോരമ കാമ്പസ് ലൈന്‍)


കൂട്ടുകുടുംബ വ്യവസ്ഥകളോടൊപ്പം ഇന്നത്തെ യുവത്വത്തിന്റെ സമൂഹത്തില്‍ നിന്നും മാഞ്ഞു പോകുന്നത് ഒരു വ്യക്തിക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങളായ മര്യാദ, വിനയം മുതലായവ കൂടിയാണ്. അത്യാവശ്യം നുണയും കുശുമ്പും ഏഷണി പറച്ചിലും ചെറിയ ചെറിയ പാരവയ്പുകളും ഉണ്ടായിരുന്നുവെങ്കില്‍ കൂടി പഴയ കൂട്ടുകുടുംബത്തില്‍ യുവാക്കള്‍ സാമാന്യ മര്യാദകളും മറ്റുളളവരോട് എങ്ങനെ മാന്യമായി പെരുമാറണമെന്നും സ്വന്തം വീട്ടില്‍ നിന്നു പഠിച്ചു. അന്ന് യുവതലമുറയെ മര്യാദയുടെയും മര്യാദകേടിന്റെയും വഴിതെളിച്ചു നല്ല രീതിയില്‍ നയിക്കുവാന്‍ ഒരു മുത്തശ്ശിയുണ്ടായിരുന്നു.

ഇന്ന് മലയാളികള്‍ക്ക് നഷ്ടമാകുന്നത് ഇത്തരമൊരു മുത്തശ്ശിയെയാണ്; മുത്തശ്ശിക്കഥകളും ഗുണപാഠങ്ങളുമാണ്. നമ്മുടെ പുതുതലമുറ ആവശ്യത്തിലധികം പഠിപ്പുളളവരാണ്. ഒരു പക്ഷേ, തെന്നിന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനു അവകാശപ്പെടുവാനാകാത്ത വിധം നമ്മുടെ കുട്ടികള്‍ വിദ്യാസമ്പന്നരും സ്വന്തമായി ജോലി നോക്കുന്ന നിലയില്‍ സ്വാശ്രയരുമാണ്. പക്ഷേ. ചില നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ചിലവ നഷ്ടപ്പെടുന്നു എന്ന പ്രകൃതിതത്വം കടമെടുത്താല്‍ നമുക്ക് നഷ്ടമാകുന്നത് മനുഷിക മൂല്യങ്ങള്‍ തന്നെയാണ്.

ഒരു സമൂഹത്തില്‍ മനോഹരമായി, ഫാഷനബിളായി വസ്ത്രം ധരിച്ച്, ഇംഗീഷ് മാത്രം സംസരിച്ച് പൊങ്ങച്ചം കാണിക്കുന്ന, തങ്ങള്‍ സമൂഹത്തിലെ ഉയര്‍ന്ന തലത്തിലുളളവര്‍ എന്ന് വിചാരിച്ച് അഭിനയിക്കുന്ന യുവത്വത്തിന്റെ ഒരു കൂട്ടം. ഒരു മനുഷ്യന്‍ പാലിക്കേണ്ട മര്യാദപോലും പലപ്പോഴും ഇവര്‍ക്കറിയാതെ പോകുന്നു അല്ലെങ്കില്‍ ഇവര്‍കാണിക്കാതെ പോകുന്നു എന്നത് ഈ യുവത്വത്തിനിടയില്‍ ഇന്ന് പരക്കെ കാണുന്ന ഒരു പ്രവണത.
ഇവയില്‍ നിന്നും മാറി നടക്കുന്ന ഒറ്റപ്പെട്ട ചിലര്‍ ഇന്നും സാമാന്യ മര്യാദ കാത്തു സൂക്ഷിക്കുന്നുണ്ട്. അല്പം പ്രായക്കൂടുതലുളളവരെ പേരുചൊല്ലിവിളിക്കുക എന്ന നിസ്സാരസംഗതിയില്‍ നിന്നു തുടങ്ങുന്നു മര്യാദകേടുകള്‍.

കൂട്ടുകുടുംബം അണുകുടുംബമായി മാറുമ്പോള്‍ മാതാപിതാക്കളും കുട്ടികളും തമ്മിലുളള ആശയവിനിമയം ഫലപ്രദമാകാതെയാവുന്നത് ഒരു കാരണമാവാം, നാടോടുന്നതിനൊപ്പം നടുവേ ഓടാന്‍ ശ്രമിക്കുന്ന ബദ്ധപ്പാടിനിടയില്‍ സ്വാര്‍ത്ഥതയും സാങ്കേതിക വിദ്യയും കൈമുതലാക്കുന്ന യുവതലമുറ അടിസ്ഥാന മൂല്യങ്ങള്‍ക്ക് അധികം ശ്രദ്ധപതിപ്പിക്കുന്നില്ല എന്നത് ഇനിയൊരു കാരണമാവാം. സ്നേഹം, മര്യാദ, ആത്മാര്‍ത്ഥത മുതലായവ നഷ്ടമാകുന്ന ലോകമാണിതെങ്കിലും ഒരുങ്ങി ചമഞ്ഞ് സുന്ദരിയായി സമൂഹത്തിലിറങ്ങിയാലും മാനുഷിക മര്യാദയ്ക്കും മൂല്യങ്ങള്‍ക്കും എളിമയ്ക്കും ലാളിത്യത്തിനുമെല്ലാം പൊതു ജനം വിലകല്പിക്കുമെന്ന് നമ്മുടെ യുവതലമുറ തിരിച്ചറിയേണ്ടതല്ലേ?