തിങ്കളാഴ്‌ച, മേയ് 25, 2009

യഥാര്‍ഥ നേതാവ് !

സ്വയം നയിക്കാനും സ്വന്തം ജീവിതത്തില്‍ മാറ്റം വരുത്താനും കഴിയുന്നവര്‍ക്കു മാത്രമേ മറ്റുള്ളവരെ നയിക്കാനും അവരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനും കഴിയുകയുള്ളൂ. നേതൃത്വത്തിന്റെ അടിസ്ഥാനം അധികാരമല്ല, സ്വയേഛയാണ്. മറ്റുള്ളവര്‍ അലക്കിത്തേച്ചുനല്‍കുന്ന വസ്ത്രമിട്ടു വെളുക്കെച്ചിരിച്ച് പട്ടിണിപ്പാവങ്ങളേയും ജനങ്ങളേയും പറ്റിക്കുന്നതല്ല നേതൃത്വഗുണം. കര്‍ത്തവ്യങ്ങളും കുറ്റങ്ങളും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചു നേതാവ് ചമയുന്നതും ശരിയല്ല. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേട് അപകടകരമാണ്. ആദ്യം അവനവന്റെ തന്നെ നേതാവാകുക. എപ്പോഴും കര്‍മ്മ സന്നദ്ധരായിരിക്കുക എന്നതാണ് നേതാവിന്റെ പ്രധാന ഗുണം.

സൂനാമി വന്നപ്പോള്‍ ആന്‍ഡമാനിലെ പോര്‍ട്ട്ബ്ളെയര്‍ തുറമുഖത്ത് നാലു നില കപ്പലിനുള്ളിലായിരുന്നു ഞാനും കുടുംബവും. ആ പ്രതിസന്ധിയില്‍ ഒരു വാക്കുകൊണ്ടു പോലും രക്ഷയിലേക്ക് നയിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അന്നേരം, നമുക്കും പുറത്തേക്കു പോകാം എന്നു പറഞ്ഞതു കേട്ട് എന്റെ ഒപ്പം വന്നവര്‍ ആ ദുരന്തത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. നേതൃത്വ പരിശീലന ക്യാംപുകളുടെ കാലമാണിത്. എന്നാല്‍ പരിശീലനം സൃഷ്ടിക്കുന്നത് നേതാക്കളെയല്ല, ഗുമസ്തന്‍മാരെയാണ്.

പരിശീലിപ്പിക്കുന്നവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച ആ വഴിക്ക് കുട്ടികളെ വളച്ചൊടിക്കുന്നു എന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. വിടരാന്‍ നില്‍ക്കുന്ന പൂമൊട്ടിനെ ബലം പ്രയോഗിച്ച് വിരിയിക്കുന്നതു പോലെയാണിത്. മറിച്ച് ശരിയായ പാതകള്‍ കാട്ടിക്കൊടുത്ത് പ്രചോദിപ്പിക്കുകയും സ്വയം ചിന്തിക്കാനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തുകയും ചെയ്യുക എന്നതാണ് ശരിയായ രീതി. സ്വാഭാവികമായി ഒരു പൂമൊട്ട് വിരിയുന്നതു പോലെയാണിത്. അത്തരം പൂക്കള്‍ സമൂഹത്തിന് അര്‍പ്പിക്കാനുള്ളതാണ്. മറ്റുള്ളവരെപ്പോലെയാകാനല്ല, സ്വയം കണ്ടെത്തി ആ നിലയില്‍ തലയുയര്‍ത്തി നിന്നു മുന്നേറാനാണ് പരിശീലിക്കേണ്ടത്. അപ്പോഴാണ് യഥാര്‍ഥ നേതാവ് പിറക്കുന്നത്.
ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍
(കടപ്പാട്:മലയാളമനോരമ)