വ്യാഴാഴ്‌ച, ഓഗസ്റ്റ് 06, 2009

ചൈനീസ് മുന്നേറ്റവും കലാപക്കൊടികളും

ലേഖകന്‍: എന്‍.ഹരിദാസ്
കടപ്പാട്: കേരള കൌമുദി


സാമ്പത്തിക ഉദാരവത്കരണം എന്ന കമ്മ്യൂണിസ്റ്റു വിരുദ്ധ ആശയം സ്വീകരിച്ചുകൊണ്ടാണ് ചൈനയുടെ സാമ്പത്തിക മുന്നേറ്റം. സാമ്പത്തിക സ്വാതന്ത്യ്രവും രാഷ്ട്രീയ സ്വാതന്ത്യ്രവും ഒരുപോലെ നിഷേധിച്ചു മുന്നേറിയ സോവിയറ്റ് യൂണിയന്റെ പതനം 1989-ല്‍ ആയിരുന്നു. എന്നാല്‍ അതിനും 6 വര്‍ഷം മുമ്പുതന്നെ ചൈനയുടെ ഉദാരവത്കരണത്തിന്റെ പിതാവായ ഡെംഗ്സിയാവോ പിംഗ് സാമ്പത്തിക ഉദാരവത്കരണം ചൈനയില്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞിരുന്നു. 1976-ല്‍ മാവോസേതുംഗ് അന്തരിച്ചു. തുടര്‍ന്നുണ്ടായ അധികാര വടംവലിയില്‍ മാവോയുടെ പത്നിയുള്‍പ്പെടെയുള്ള യാഥാസ്ഥിതികരെ തോല്‍പ്പിച്ചാണ് പരിഷ്കരണ വാദികള്‍ അധികാരം പിടിച്ചെടുത്തത്. മാവോ ജീവിച്ചിരുന്ന കാലത്ത് ഇവര്‍ക്ക് തല പൊക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഉദാരവത്കരണംമൂലം ചൈനയ്ക്കുണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വളര്‍ച്ച അഭൂതപൂര്‍വമാണ്.


സാമ്പത്തികരംഗത്ത് ഉദാരവത്കരണം കാരണം സമ്പത്ത് കുമിഞ്ഞുകൂടുമ്പോള്‍ ചൈനീസ് ഭരണകൂടത്തിന്റെ ആയുസ്സും കരുത്തും വര്‍ദ്ധിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. 1989-ല്‍ സോവിയറ്റ് യൂണിയന്‍ പ്രതിവിപ്ളവത്തില്‍ തകര്‍ന്ന് ഛിന്നഭിന്നമായപ്പോള്‍ അതിന്റെ ശക്തമായ അലയൊലികള്‍ ചൈനയിലാകമാനം ആഞ്ഞടിച്ചു. ചൈനയിലുടനീളം പട്ടണങ്ങളില്‍ പ്രത്യേകിച്ചും വമ്പിച്ച പ്രക്ഷോഭങ്ങളും പ്രകടനങ്ങളും അരങ്ങേറി. എന്നാല്‍ തലസ്ഥാന നഗരിയായ ബെയ്ജിംഗിലെ രാജകീയ മൈതാനമായ ടിയാനന്‍മെന്‍ ചതുഷ്ക്കോണത്തില്‍ രക്തരൂഷിതമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം മാത്രമാണ് പുറംലോകം അറിയുന്നത്. ടിയാനന്‍മെന്‍ മൈതാനത്തു നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ സര്‍ക്കാര്‍ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്തി. 1300-ല്‍ അധികം വിദ്യാര്‍ത്ഥികളാണ് ആ മൈതാനത്ത് അന്ന് ടാങ്കിനും തോക്കിനുമിരയായത്. ചൈനയിലുടനീളം അനേകം പട്ടണങ്ങളില്‍ അക്രമാസക്തമായ പ്രകടനങ്ങള്‍ നടന്നു - അതെല്ലാം പുറംലോകമറിയാതെ തന്നെ അടിച്ചമര്‍ത്തി? ടിയാനന്‍മെന്‍ സംഭവം മാത്രം ഉടനേ ലോകമറിഞ്ഞു - ലോകമനസ്സാക്ഷി ഞെട്ടിത്തരിച്ചു നിന്നു. സാമ്പത്തികാവകാശങ്ങള്‍ അനുവദിച്ചുകൊടുത്തത് ചൈനയെ സോവിയറ്റ് മാതൃകയിലുള്ള തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നത് സത്യമാണ്. എന്നാല്‍, ചൈനയിലെ ജനങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയാവകാശങ്ങളോ മൌലികാവകാശങ്ങളോ ലഭിച്ചിട്ടില്ലായെന്ന വസ്തുത ജനങ്ങളെപ്പോലെ തന്നെ അവിടത്തെ അധികാരികളെയും അലട്ടുക തന്നെ ചെയ്യുന്നു.


റഷ്യയും കാനഡയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വിസ്തൃതമായ രാജ്യം ചൈനയാണ്. ഒരുകാലത്ത് വിയറ്റ്നാമും കംബോഡിയയും ലാവോസും ബര്‍മ്മയും കൂടി ചൈനയുടെ ഭാഗമായിരുന്നു - പിന്നീട് കൈവിട്ടുപോയി. തിബറ്റും സിംജിയാംഗും ഒരിക്കലും ചൈനയുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നില്ല. ഇപ്പോള്‍ ലഹള പൊട്ടിപ്പുറപ്പെട്ടത് മുസ്ളിങ്ങള്‍ അധിവസിക്കുന്ന സിംജിയാംഗിലാണ്. രണ്ടാംലോക മഹായുദ്ധത്തിന്റെ മറവില്‍ സിംജിയാംഗ് പ്രവിശ്യ പിടിച്ചെടുക്കുവാന്‍ ചിയാംഗ് കൈഷക് ഒരു ശ്രമം നടത്തിയപ്പോള്‍ അമേരിക്ക അതിനെ തടഞ്ഞു. 1949-ല്‍ അധികാരം പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റു ഭരണാധികാരികളാണ് സിംജിയാംഗ് പട്ടാളത്തെ അയച്ച് കീഴടക്കിയത്. അതിനു മുമ്പ് സ്വയംഭരണത്തില്‍ കഴിഞ്ഞിരുന്ന ഒരു മുസ്ളിം പ്രദേശമായിരുന്നു സിംജിയാംഗ്. സിംജിയാംഗും തിബറ്റും കൂടിയാല്‍ ഇന്ത്യയുടെ മുക്കാല്‍ വലിപ്പം വരും. ഉഗര്‍ വംശജര്‍ ഒരു കോടി വരുമെന്ന് ചൈനയും അല്ല അവര്‍ രണ്ടുകോടിയിലധികമുണ്ടെന്ന് വംശീയ നേതാവ് റൂബിയ കബീറും അവകാശപ്പെടുന്നു. ഈ മാസം നടന്ന പ്രക്ഷോഭത്തില്‍ 200-ലധികം ഉഗര്‍ വംശജര്‍ വെടിയേറ്റു മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, മരിച്ചവരുടെ സംഖ്യ വളരെ വലുതാണെന്നും മരിച്ചവരും കാണാതായവരുമായി 10000-ലധികംപേര്‍ വരുമെന്നും റൂബിയ പ്രസ്താവിച്ചിരിക്കുന്നു. ഏതായാലും ഉഗര്‍ വംശജര്‍ ചൈനീസ് മേല്‍ക്കോയ്മയെയും ഭരണകൂടത്തെയും വെല്ലുവിളിച്ചുകൊണ്ട് രക്തരൂഷിതമായ ഒരു പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.


തിബറ്റിലെ പ്രക്ഷോഭം, ബെയ്ജിംഗ് ഒളിമ്പിക്സിനെ ഒട്ടുമല്ല നിറംകെടുത്തിയത്. തിബറ്റുകാര്‍ക്ക് സ്വയംഭരണം അനുവദിച്ചുകൊണ്ടുള്ള കരാര്‍ ചൈന ലംഘിച്ചപ്പോള്‍ 1957-ല്‍ ദലൈലാമ ഇന്ത്യയില്‍ അഭയം തേടി. ആ അഭയാര്‍ത്ഥിയെ നെഹ്റുവും ചീനാ പ്രധാനമന്ത്രി ചൌ എന്‍ ലായിയും ഒരുമിച്ചു പ്രേരിപ്പിച്ച് തിബറ്റിലേക്കയച്ചു. 1959-ല്‍ വീണ്ടും ആ ദലൈലാമ ചീനപ്പട്ടാളത്തെ പേടിച്ച് ജീവനും കൊണ്ടോടി ഇന്ത്യയിലേക്ക് - അങ്ങനെ തിബറ്റിന്റെ സ്വയംഭരണം ജലരേഖയാവുകയും തിബറ്റ് ചൈനയുടെ കോളനിയായി മാറുകയും ചെയ്തു. എല്ലാം ബലപ്രയോഗത്തിലൂടെ തിബറ്റും സിംജിയാംഗുംപോലെ പുകഞ്ഞുകൊണ്ടിരിക്കുന്നു.
സാമ്പത്തിക ഉദാരവത്കരണം ബെയ്ജിംഗ് ഭരണകൂടത്തെ ഒരു തകര്‍ച്ചയില്‍ നിന്ന് തത്കാലം രക്ഷപ്പെടുത്തിയെന്നത് ശരിയാണ്. ടിബറ്റിലെ ലാമമാര്‍ ഒറ്റപ്പെട്ട അശക്തരായ ഒരു സന്യാസിവര്‍ഗ്ഗമാണ്. എന്നാല്‍ സിംജിയാംഗിലെ ഉഗര്‍ മുസ്ളീങ്ങള്‍ അയല്‍പക്കത്ത് ശക്തരായ കുലബന്ധവും മതബന്ധവുമുള്ളവരാണ്. തലസ്ഥാനമായ ഉറുബിയിലെ പ്രക്ഷോഭവും വെടിവയ്പുമെല്ലാം പ്രതിവിപ്ളവകാരികളുടെ ഗൂഢാലോചനയുടെ ഫലം മാത്രമാണെന്ന പഴയ ചൈനീസ് പല്ലവി ചൈനാ സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ആവര്‍ത്തനംകൊണ്ട് പുറംലോകത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ പറ്റുമോ? ഉണ്ണുവാനും ഉടുക്കുവാനും പ്രാര്‍ത്ഥിക്കുവാനും രസിക്കുവാനുള്ള അവകാശത്തെ മൌലികാവകാശമായി കണക്കാക്കുന്നത് ചൈന മാത്രമാണ്. ഇതൊന്നും അവകാശങ്ങളല്ല. മനുഷ്യ ശരീരത്തിന്റെ ആവശ്യങ്ങളാണ്. അഭിപ്രായ സ്വാതന്ത്യ്രം - സംഘടനാ സ്വാതന്ത്യ്രം, അവസര സമത്വം, വിദ്യാഭ്യാസ സ്വാതന്ത്യ്രം, മതസ്വാതന്ത്യ്രം തുടങ്ങിയവയാണ് മനുഷ്യന്റെ അവകാശങ്ങള്‍ - രാഷ്ട്രീയാവകാശങ്ങള്‍. ചൈനയില്‍ സാമ്പത്തിക സ്വാതന്ത്യ്രമുണ്ട് - പക്ഷേ, രാഷ്ട്രീയ സ്വാതന്ത്യ്രമില്ല. ഈ നിലപാടില്‍ കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് എത്രകാലം മുന്നോട്ടുപോകാനാവും?
ജനാധിപത്യത്തിനും സ്വയം ഭരണത്തിനും വേണ്ടിയുള്ള തിബറ്റിന്റെയും സിംജിയാംഗിലെയും പ്രക്ഷോഭങ്ങള്‍ വലിയ അപകട സൂചനകളാണ് ബെയ്ജിംഗ് ഭരണകൂടത്തിന് നല്‍കുന്നത്-എന്നാല്‍ അധികാരത്തിലെ പാര്‍ട്ടിയുടെ കടുംപിടിത്തം അയയുന്ന ലക്ഷണമൊന്നും കാണുന്നുമില്ല.