ജയപ്രകാശ് നാരായണ്‍ 104
പാറശ്ശാല ശിവാനന്ദന്
സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ വക്താവായിരുന്ന ജയപ്രകാശ് നാരായണന്റെ 104-ാമത് ജന്മവാര്ഷിക ദിനമാണ് ഇന്ന്. ഗാന്ധിയില്‍ നിന്ന് മാര്‍ക്സിലേക്കും മാര്‍ക്സില്‍ നിന്ന് ഗാന്ധിയിലേക്കും സഞ്ചരിച്ച അദ്ദേഹത്തിന്റെ അപൂര്വമഹിമയാര്ന്ന ജീവിതത്തിലൂടെ
ഇരുപതാംനൂറ്റാണ്ട് സംഭാവന ചെയ്ത മഹാരഥന്മാരായ രാഷ്ട്രീയ ചിന്തകരില്‍ പ്രമുഖനായ ജയപ്രകാശ് നാരായണന്റെ നൂറ്റിനാലാമത് ജന്മവാര്ഷിക ദിനമാണിന്ന്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്കെതിരായി ചിന്തിക്കുകയും പാര്‍ട്ടി വ്യവസ്ഥയെയും ബാലറ്റ് പെട്ടിയിലൂടെ അധികാരം കൈയാളുന്നതിനെയും എതിര്‍ക്കുകയും ചെയ്തിരുന്ന ആളാണ് ജെ.പി. രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരകേന്ദ്രീകരണം സോഷ്യലിസം എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഒരു വിലങ്ങുതടിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. മാനവപുരോഗതിക്കും സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള ഒരു രാഷ്ട്രീയ ചിന്തയുടെ നിരന്തരമായ അന്വേഷണമായിരുന്നു ജെ.പിയുടെ ജീവിതം.
ജയപ്രകാശിന്റെ ജീവിതം ഇന്ത്യയിലെ സാധാരണക്കാരനുവേണ്ടിയുള്ള സേവനത്തിന്റെയും സമ്പൂര്‍ണ സമര്‍പ്പണത്തിന്റെയും ചരിത്രമാണ്. മാര്‍ക്സിസത്തില്‍നിന്ന് സോഷ്യലിസത്തിലേക്കും സോഷ്യലിസത്തില്‍നിന്ന് 'സര്‍വോദയ'ത്തിലേക്കും അവസാനം സമ്പൂര്‍ണ വിപ്ളവത്തിലേക്കുമായിരുന്നു ജെ.പിയുടെ ചിന്തയും പ്രവൃത്തിയും പ്രയാണം നടത്തിക്കൊണ്ടിരുന്നത്.
1902 ഒക്ടോബര്‍ 11ന് ബീഹാറിലെ സിതബ്ദിയ ഗ്രാമത്തില്‍ ജനിച്ച ജെ.പിയുടെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത് ഒരു 'ദേശീയവാദി'യായിട്ടായിരുന്നു. ഗോപാലകൃഷ്ണ ഗോഖലെയായിരുന്നു അദ്ദേഹത്തെ ആദ്യം സ്വാധീനിച്ച ദേശീയ നേതാവ്. എന്നാല്‍ ജയപ്രകാശിനെ ഏറെ ആകര്‍ഷിച്ചിരുന്നത് ഗാന്ധിജിയുടെ ലാളിത്യമാര്‍ന്ന ജീവിതശൈലിയാണ്. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിലാകൃഷ്ടനായി കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച ജെ.പി പിന്നീട് ഇന്റര്‍മീഡിയറ്റ് പാസായി ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോവുകയും ചെയ്തു. പഠനച്ചെലവിന് കാശ് കണ്ടെത്താനായി ഫാക്ടറികളിലും പാടങ്ങളിലും ഹോട്ടലുകളിലുമെല്ലാം പണിയെടുത്തിരുന്നു. 1929-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന സ്ഥാപകനേതാവായി.
വ്യക്തിയുടെ നന്മ സാമൂഹ്യവളര്‍ച്ചയ്ക്ക് അനുപേക്ഷണീയമാണെന്ന് വിശ്വസിച്ചിരുന്ന ജെ.പി. ഭൗതിക വാദത്തിനുമപ്പുറത്തുള്ള ഒരു പന്ഥാവിലൂടെ സമൂഹനന്മയെ ലക്ഷ്യമാക്കിയാണ് സഞ്ചരിച്ചിരുന്നത്. ഗാന്ധിസത്തിനുവേണ്ടി വൈരുദ്ധ്യാത്മക ഭൗതികവാദം അദ്ദേഹം ഉപേക്ഷിക്കുകയാണുണ്ടായത്. 1954-ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച ജെ.പി തന്റെ ജീവിതം ഭൂദാന്‍ പ്രസ്ഥാനത്തിന് സമര്‍പ്പിക്കുകയും പിന്നീട് 1956-ല്‍ 'സര്‍വോദയ' ആശ്രമം സ്ഥാപിക്കുകയും ചെയ്തു. ജനാധിപത്യ സോഷ്യലിസത്തിന്റെ ഉദാത്തവും യഥാര്‍ത്ഥവുമായ രൂപമായിരുന്നു സര്‍വോദയ.
1975-ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജെ.പി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ തടങ്കലിലായി. ജനതാപാര്‍ട്ടി സ്ഥാപിച്ചുകൊണ്ട് തന്റെ ജീവിതാവസാന കാലങ്ങളില്‍ വീണ്ടും പാര്‍ട്ടിയിലും അധികാരരാഷ്ട്രീയത്തിലും ജെ.പി പ്രവേശിച്ചത് അടിയന്തരാവസ്ഥയ്ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് പ്രതിപക്ഷകക്ഷികളെ ഒന്നിപ്പിച്ചുനിറുത്താനുള്ള ആഗ്രഹത്തോടെയായിരുന്നു. 1977 മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അതിനുവേണ്ടി സജീവമായി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
നാഗന്മാരുടെ സ്വയംഭരണാവകാശത്തെ അംഗീകരിച്ചുകൊണ്ട് നാഗാലാന്‍ഡ് സംസ്ഥാനം രൂപവത്കരിക്കാനും ബംഗ്ളാദേശിലെ ജനങ്ങള്‍ സ്വാതന്ത്യ്രത്തിനായി പൊരുതിയപ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കാനും ആദ്യം ശബ്ദമുയര്‍ത്തിയത് ജെ.പി യായിരുന്നു. ഷേക് അബ്ദുള്ളയെ തടവിലാക്കിയപ്പോള്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ട ജയപ്രകാശിന്റെ മുന്നിലാണ് 1972 ഏപ്രില്‍ 16-ന് ചമ്പല്ക്കൊള്ളത്തലവനും കൂട്ടരും ആയുധം വച്ച് കീഴടങ്ങിയത്. 1979 ഒക്ടോബര്‍ 8ന് അന്തരിച്ച ജെ.പിയുടെ സമ്പൂര്‍ണ വിപ്ളവത്തിന്റെ കാതല്‍ ഗാന്ധിയന്‍ സത്യഗ്രഹംതന്നെയായിരുന്നു. പുതിയ ഒരു സാമൂഹ്യക്രമത്തിനുവേണ്ടിയുള്ള യത്നത്തില്‍ അമൂല്യമായ ഒരു രാഷ്ട്രീയ മീമാംസയുടെ കരടുരേഖ അവശേഷിപ്പിച്ചുകൊണ്ടാണ് ജയപ്രകാശ് നാരായണ്‍ യാത്രയായത്.
കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍.കോം
ഞായറാഴ്ച, ഒക്ടോബർ 08, 2006
ശനിയാഴ്ച, ഒക്ടോബർ 07, 2006
വേദനകളെ മുത്താക്കുവാന്‍(ഡോ. എം.വി. പിള്ള)
വേദനകളെ മുത്താക്കുവാന്‍
ഡോ. എം.വി. പിള്ള
രോഗം ഭേദമാക്കാനുള്ള വ്യഗ്രത രോഗിയെത്തന്നെ ഇല്ലാ താക്കുന്നു. ആധുനികവൈദ്യശാസ്ത്രത്തിനെതിരെ നിലവിലുള്ള ശക്തമായ വിമര്‍ശനങ്ങളിലൊന്നാണിത്. സ്പെഷ്യലിസ്റ്റുകളും സൂപ്പര്‍ സ്പെഷ്യലിസ്റ്റുകളും അവയവങ്ങളെയും രോഗങ്ങളെയും മാത്രം ലക്ഷ്യമിടുന്നുവെന്നും അവയുടെ താവളമായ മനുഷ്യനെന്ന വ്യക്തിയുടെ സമഗ്രതയില്‍ ശ്രദ്ധിക്കുന്നില്ലെന്നുമാണ്പരാതി. ആയിരം മരം ചേര്‍ന്നാലും വനം ആകില്ലെന്ന പഴമൊഴി പരാതിക്കാര്‍ ഉദ്ധരിക്കുന്നു.
മാറാരോഗങ്ങളോ മാരകരോഗങ്ങളോ പിടിപെടുന്നവരില്‍ രോഗവിമുക്തി അസാദ്ധ്യമാണെന്നുറപ്പായിക്കഴിഞ്ഞാ ല്‍ അവര്‍ക്ക് നല്‍കേണ്ടത് സമഗ്രമായ സാന്ത്വനപരിചരണമാണ്. ഈ പരിചരണത്തിന്റെ ശാസ്ത്രമാണ് പാലിയേറ്റീവ് കീയര്‍.
വികസിതരാജ്യങ്ങളിലെ ആധുനിക ചികിത്സാസംവിധാനങ്ങളുടെ ഏറ്റവും ശക്തമായ ശാഖയായി സാന്ത്വനചികിത്സാ സേവനരംഗം വളര്ന്നുര്വരുന്നു. രോഗലക്ഷണങ്ങളുടെ അടിസ്ഥാനമായ രോഗം ഭേദപ്പെടുത്താന്‍ കഴിയാതെ വരുമ്പോള്‍ രോഗത്തിന്റെ സര്‍വലക്ഷണങ്ങളെയും അതുനിമിത്തമുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളെയും ഫലപ്രദമായി മൂടിവയ്ക്കുന്നതാണ് ഈ ചികിത്സാരീതിയുടെ ലക്ഷ്യം. Palliate or cloak എന്ന വാക്കില്‍ നിന്നുദ്ഭവിച്ച സാന്ത്വനചികി ത്സ മലയാളത്തിന്റെ പ്രിയപ്പെട്ട കവിയുടെ വാക്കുകളിലുണ്ട്.
"മൂടുകഹൃദന്തമേ
മുഗ്ദ്ധഭാവനയാലീ
മൂകവേദനകളെ
മുഴുവന്‍ മുത്താകട്ടെ..."
(ജി)
വിശ്വവിഖ്യാതരായ മൂന്ന് വനിതാഡോക്ടര്‍മാരാണ് പാശ്ചാത്യരാജ്യങ്ങളില്‍ ഇന്നുനിലവിലുള്ള ആധുനിക പാലിയേറ്റീവ് കീയറിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലുകള്‍. 1940 കളില്‍ ലണ്ടനിലെ സെയ്ന്റ് ലൂക്ക്സ് ഹോസ്പീസില്‍ നഴ്സായി സന്നദ്ധസേവനമനുഷ്ഠിച്ച സിസിലിസാണ്ടേഴ്സ് ആസന്നമരണരായി കഴിയുന്ന രോഗികളെ പരിചരിച്ചതില്നിന്ന് നേടിയ അനുഭവപരിജ്ഞാനവും ആത്മസംതൃപ്തിയുമാണ് ഇതിന് തുടക്കംകുറിച്ചത്. ഇതേ കാലഘട്ടത്തില്‍ ചിക്കാഗോയില്‍ മനോരോഗവിദഗ്ദ്ധയായിരുന്ന ഡോ. എലിസബ ത്ത് കൂബ്ളര്‍ റോസ് ആസന്നമരണരായി കഴിയുന്ന രോഗികളുടെ മനോനിലയെപ്പറ്റി പ്രസിദ്ധീകരിച്ച പഠനങ്ങള്‍ ശാസ്ത്രലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റുകയായിരുന്നു. മാരകരോഗങ്ങളുടെ സാന്ത്വനചികിത്സയില്‍ ഈ നിരീക്ഷണങ്ങള്‍ക്കുള്ള സ്വാധീനം പില്ക്കാലത്ത് നിര്‍ണായകമായിത്തീര്‍ന്നു.
നിലവിലുള്ള പാലിയേറ്റീവ് കീയര്‍ സംവിധാനങ്ങളിലെ പ്രമുഖഘടകമായ സമഗ്രവേദന നിവാരണത്തിന് ഗവേഷണയത്നങ്ങളിലൂടെ വിലയേറിയ സംഭാവനകള്‍ നല്കിയ മറ്റൊരു വനിതാഡോക്ടറുണ്ട്. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിലെ ഡോ. കാത്തലീന്ഫോളി. വേദനയുടെ ചികിത്സയില്‍ ലോകത്തെ മികച്ച വിദഗ്ദ്ധയായി അറിയപ്പെടുന്ന ഡോ. ഫോളി കേരളത്തിലെ പാലിയേറ്റീവ് കീയര്‍ സംരംഭങ്ങളുടെ അഭ്യുദയകാംക്ഷിയും മാര്‍ഗ്ഗദര്‍ശിയും കൂടിയാണ്.
പാലിയേറ്റീവ് കീയര്‍ പ്രത്യേകപരിശീലനം ലഭിച്ച ഒരുസംഘം വിദഗ്ദ്ധരുടെ കൂട്ടായ പ്രവര്‍ത്തനമാണ്. മികവുറ്റ സമഗ്രപരിചരണത്തിലൂടെ ജീവിതാന്ത്യംവരെ സ്വസ്ഥവും സജീവവുമായ ദിനചര്യ പുലര്‍ത്താന്‍ രോഗിയെ പ്രാപ്തനാക്കുന്നതുകൂടാതെ, രോഗിയെ ശുശ്രൂഷിക്കുന്ന ബന്ധുമിത്രാദികളുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും രോഗിയുടെ നിര്യാണത്തെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന മാനസികാസ്വാസ്ഥ്യങ്ങള്‍ പരിഹരിക്കാനും പാലിയേറ്റീവ് കീയര്‍ ശ്രദ്ധിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഈ ചികിത്സാരംഗത്തുണ്ടായ പുരോഗതി അദ്ഭുതാവഹമായിരിക്കുന്നു. അമേരിക്കയിലെ ഏഴ് സ്പെഷ്യാലിറ്റി ബോര്‍ഡുകള്‍ ഈ ശാസ്ത്രശാഖയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുകയും ഇതിനെ സിലബസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലോകപ്രശസ്തിനേടിയ 20 കാന്‍സര്‍ സെന്ററുകള്‍ ഒത്തുചേര്ന്നാരംഭിച്ച നാഷണല്‍ കോംബ്രിഹെന്‍സീവ് കാന്‍സര്‍ നെറ്റ്വര്‍ക്ക് (എന്‍.സി.സി.എന്‍) സമഗ്രമായ പാലിയേറ്റീവ് കീയറിനുള്ള ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2006 സെപ്തംബറില്‍ പുറത്തിറക്കി.
പാലിയേറ്റീവ് കീയര്‍ നാളെ
കാന്‍സര്‍രോഗികളുടെ വേദനനിവാരണത്തിനും സമഗ്രമായ സാന്ത്വനപരിചരണത്തിനും ആരംഭിച്ച പാലിയേറ്റീവ് കീയര്‍ പുതിയ മേഖലകളിലേക്ക് നീങ്ങുന്ന ദൃശ്യമാണ് നാളെയുടെ സവിശേഷത. എല്ലാത്തരം മാറാരോഗങ്ങളുടെയും സമഗ്രചികിത്സയില്‍ പാലിയേറ്റീവ് കീയറിനുള്ള സ്ഥാനം പ്രകടമായിത്തുടങ്ങിയിരിക്കുന്നു.
ജീവിതാന്ത്യംവരെ നീക്കിവയ്ക്കാതെ, ചികിത്സിച്ചുഭേദമാക്കാന്‍ കഴിയാത്ത രോഗങ്ങളുടെ ശുശ്രൂഷയില്‍ തുടക്കം മുതല്‍ പാലിയേറ്റീവ് കീയര്‍ ടീമിനെക്കൂടി ഉള്‍പ്പെടുത്തുന്നതാണ് പുത്തന്‍പ്രവണത.
വിദഗ്ദ്ധപരിശീലനം ലഭിച്ച ഡോക്ടര്‍, മനോരോഗവിദഗ്ദ്ധര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റ്, ഡയേറ്റെഷ്യന്‍ സോഷ്യല്‍വര്‍ക്കര്‍ തുടങ്ങിയവരുള്‍പ്പെട്ട പാലിയേറ്റീവ് കീയര്‍ ടീം മാറാരോഗങ്ങളുടെ ചികിത്സയില്‍ തുടക്കംമുതല്‍ സജീവമായി ഇടപെടുകയാണെങ്കില്‍ ചികിത്സയുടെ മുഖ്യചുമതലയുള്ള ഡോക്ടറുടെയും നഴ്സിന്റെയുമൊക്കെ അദ്ധ്വാനഭാരവും പരിചരിക്കുന്ന ബന്ധുമിത്രാദികളുടെ ആയാസവും പിരിമുറുക്കവും മറ്റും ഗണ്യമായി ഒഴിവാക്കാമെന്നും സാന്ത്വനം കൂടുതല്‍ ഫലപ്രദമാകുമെന്നും ആധുനികപഠനങ്ങള്‍ വെളിവാക്കുന്നു.
കേരളത്തില്‍
സ്വന്തം നേട്ടങ്ങളുടെ തടവറയില്‍ ബന്ധനസ്ഥനാവുന്നവന്റെ വിധിവൈപരീത്യമാണ് കേരളത്തിലെ വൃദ്ധരെ കാത്തിരിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ആയുര്‍ദൈര്‍ഘ്യം മാറാരോഗങ്ങളോടുമല്ലടിക്കുന്ന വലിയൊരു ജനവിഭാഗത്തെ സൃഷ്ടിച്ചിരിക്കുന്നു. നിരവധി രോഗങ്ങള്‍ക്കടിപ്പെട്ട് നിത്യദുരിതമനുഭവിക്കുന്നവരുടെ സംഖ്യ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതേയുള്ളൂ. മരണം അതിന്റെ സ്വാഭാവികമായ ആഗമനം അറിയിക്കുന്നതുവരെ രോഗിക്ക് സമഗ്രവും ഫലപ്രദവുമായ സാന്ത്വനചികിത്സയും പരിചരണവും നല്‍കുകയാണ് കേരളത്തിലെ പാലിയേറ്റീവ് കീയര്‍ പ്രവര്‍ത്തകരുടെ ദൗത്യം.
വികസിതരാജ്യങ്ങള്‍ക്കൊപ്പം പാലിയേറ്റീവ് കീയറിന് ഇന്ത്യയില്‍ നാന്ദികുറിച്ചത് കേരളം ആണെന്നതില്‍ നമുക്ക് അഭിമാനിക്കാം. കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന പ്രസ്തുതകേന്ദ്രം ഏഷ്യയിലെ മികച്ച സംവിധാനങ്ങളിലൊന്നായി ലോകാരോഗ്യസംഘടനയുടെ പ്രശംസനേടിയിട്ടുണ്ട്.
ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ പാലിയേറ്റീവ് കീയര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഈ കേന്ദ്രം നേതൃത്വം നല്കി. ഇന്ത്യയൊട്ടാകെ ലോകോത്തരനിലവാരത്തിലുള്ള പാലിയേറ്റീവ് കീയര്‍ സംവിധാനങ്ങള്‍ നിലനിറുത്താന്‍ രൂപംകൊണ്ട 'പാലിയം ഇന്ത്യ'യുടെ വേരുകളും മലയാളമണ്ണില്‍ത്തന്നെ.
കടപ്പാട്: കേരളകൗമുദി ഓണ്‍ലൈന്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)