വെള്ളിയാഴ്‌ച, മാർച്ച് 09, 2007

കൊടകരപുരാണം നെറ്റില്‍ നിന്നും അച്ചിലേക്ക്‌

(കടപ്പാട് : മലയാള മനോരമ)

യാത്രകള്‍ മറക്കാനാകാത്ത അനുഭവങ്ങളാകണമെങ്കില്‍ പോകുന്നവഴിക്കു വണ്ടി ആക്സിഡന്റായി മിനിമം കയ്യോ കാലോ ഒടിയണം എന്നുണ്ടോ? അല്ലാതെയും യാത്രകള്‍ അനുഭവമാകാമെന്നതിന്റെ തെളിവാണു കൊടകരപുരാണം എന്ന മലയാളം ബ്ലോഗ്‌. തൃശൂര്‍ ജില്ലയിലെ കൊടകരയെന്ന ചെറു ഗ്രാമത്തിന്റെ ചരിത്രം, വര്‍ത്തമാനം, ജീവിതം എന്നിവയിലൂടെയുള്ള കൗതുകകരമായ, ചിരിയുണര്‍ത്തുന്ന യാത്രയാണ്‌ ഈ‍ ബ്ലോഗിലെ കുറിപ്പുകള്‍. ആര്‍.കെ നാരായണന്റെ മാല്‍ഗുഡിയുടെ ഒരു ചെറുമലയാളം പതിപ്പെന്ന പോലെ.

http://kodakarapuranams.blogspot.com എന്ന ഈ‍ മലയാളം ബ്ലോഗ്‌ ഇപ്പോള്‍ കൊടകരപുരാണം എന്നപേരില്‍ പുസ്‌തകരൂപത്തില്‍ പുറത്തിറങ്ങുകയാണ്‌. മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്‌ ലിറ്ററേച്ചര്‍. വിശാലമനസ്കന്‍ എന്നാണു കൊടകരപുരാണം ബ്ലോഗ്‌ കര്‍ത്താവിന്റെ തൂലികാനാമം. ശരിയായ പേര്‌ സജീവ്‌ എടത്താടന്‍. സജീവ്‌ സ്വയം പരിചയപ്പെടുത്തുന്നത്‌ ഇങ്ങനെ: വയസ്സ്‌ 35 (കണ്ടാല്‍ 45 തോന്നും), വീട്‌ കൊടകരേല്‌, ജോലി ജെബല്‍ അലീല്‌, ഡെയിലി പോയിവരും! - ലോകം ഒറ്റ ഗ്രാമമായി മാറുന്നുവെന്ന ഇപ്പോഴത്തെ തിയറിയും പ്രാക്ടിക്കലുംപ്രകാരം തൃശൂര്‍ ജില്ലയിലെ കൊടകരയില്‍നിന്നു കൂള്‍ കൂളായി ദുബായിലെ ജെബല്‍ അലീലിയിലെ ഓ‍ഫിസ്‌വരെ പോയി ജോലി ചെയ്‌ത്‌ , വൈകിട്ടു തിരിച്ചു വരാം. വേണമെങ്കില്‍ അതിനെ വിര്‍ച്വല്‍ റിയാലിറ്റി എന്നു വിളിച്ചോളൂ.ഗള്‍ഫിലിരുന്നു മലയാളി ഓ‍ര്‍മ്മിക്കുന്ന നാടിന്റെ പുരാണമാണ്‌ കൊടകരപുരാണവും. പണ്ടു പണ്ടു മുതലേ മലയാളിക്ക്‌ ഇത്തരത്തില്‍ ഗൃഹാതുരത്വം അനുഭവപ്പെട്ടിട്ടുണ്ട്‌. ഫോണ്‍ കണ്ടെത്തുംമുന്‍പ്‌ കത്തായും മൊബെയില്‍ ഫോണ്‍ വരുംമുന്‍പ്‌ ഐഎസ്ഡി കോളുകളായും മൊബെയില്‍ വന്നശേഷം എസ്‌എംഎസുകളായുമൊക്കെ പ്രകാശിപ്പിക്കപ്പെട്ട ഇത്തരം ഒാ‍ര്‍മകളുടെ സൈബര്‍കാല പതിപ്പാണ്‌ കൊടകരപുരാണം എന്ന ബ്ലോഗും അതിന്റെ പുസ്‌തക രൂപവും.ഗള്‍ഫിലെ സാധാരണക്കാരന്റെ തികച്ചും ഡ്രൈ ആയ ജീവിതത്തില്‍നിന്നുള്ള രക്ഷപ്പെടലായാണ്‌ ബ്ലോഗ്‌ തുടങ്ങിയതെന്നു സജീവ്‌ പറയുന്നു: ബോറടിക്കുമ്പോള്‍ കൊടകരയിലെ ജീവിതം ഓ‍ര്‍ക്കും. അവിടുത്തെ കഥകളും കഥാപാത്രങ്ങളും ഓ‍ര്‍മിക്കും. തന്നെത്താനേ ചിരിക്കും. അങ്ങനെയാണ്‌ ഇന്റര്‍നെറ്റില്‍ മലയാളം എഴുതാന്‍ പറ്റുമെന്നറിയുന്നത്‌. അങ്ങനെയെങ്കില്‍ എഴുതിക്കളയാമെന്നു തീരുമാനിച്ചു. പക്ഷേ, കഥയും കവിതയുമായി കാര്യമായി ഒരു ബന്ധവുമില്ലാത്ത ഞാന്‍ എന്തെഴുതാന്‍? എങ്കില്‍പിന്നെ കൊടകരക്കഥകള്‍ തന്നെയാകാമെന്നു നിശ്ചയിച്ചു.അങ്ങനെയാണ്‌ കൊടകരപുരാണം എന്ന ബ്ലോഗ്‌ പിറന്നത്‌.

ഇന്റര്‍നെറ്റിലെ മൂന്നൂറോളം മലയാളം ബ്ലോഗുകളില്‍ ഇന്നിപ്പോള്‍ എറ്റവും പോപ്പുലറാണ്‌ കൊടകരപുരാണം. ദിവസേന ആയിരക്കണക്കിനു ഹിറ്റ്‌. നൂറുകണക്കിനു പോസ്റ്ററുകള്‍. മൈക്രോസോഫ്റ്റിന്റെ കീഴിലുള്ള ഭാഷാ ഇന്ത്യയുടെ 2006 ലെ മികച്ച മലയാളം ബ്ലോഗിനുള്ള അവാര്‍ഡും കൊടകരപുരാണത്തിനു ലഭിച്ചു.പുസ്‌തകത്തിലും ബ്ലോഗിലുമുള്ള ചില രസകരമായ എന്‍ട്രികള്‍ ഇതാ. ഗള്‍ഫിലെത്തിയതിനെക്കുറിച്ച്‌ വിശാലമനസ്കന്റെ നിരീക്ഷണം ഇങ്ങനെ: നാട്ടില്‍ നിന്നാലൊന്നും എന്റെ മാവ്‌ പൂക്കില്ലെന്ന്‌ ബോധ്യമായപ്പോള്‍, അമ്പ്‌ പെരുന്നാളിന്റന്ന്‌ മാലപ്പടക്കം കയ്യില്‍ പിടിച്ചു പൊട്ടിക്കലും ഏറ്റുമീന്‍ പിടിക്കലും പഞ്ചഗുസ്‌തിയുമെല്ലാം ഉപേക്ഷിച്ച്‌ എന്നെ ഞാന്‍തന്നെ മുന്‍കയ്യെടുത്ത്‌ ദുബായിലേക്കുപറിച്ചു നടുവിച്ചു!!

കൊടകരയ്ക്കടുത്ത്‌ ഒരിടത്ത്‌ മീന്‍ കൊണ്ടുപോയ വണ്ടി മറിഞ്ഞതിനെക്കുറിച്ച്‌: പുലര്‍ച്ചെ അഞ്ചുമണിക്കടുത്ത്‌ മറിഞ്ഞ ചാള കയറ്റിയ 407 , ഒരു മണിക്കൂര്‍കൊണ്ട്‌ , പൊടിപോലുമില്ലാ കണ്ടുപിടിക്കാനെന്ന മട്ടില്‍ വൃത്തിയാക്കി 'മോറി' വച്ചത്‌ ചില്ലറക്കാര്യമാണോ? എനിവേ, അന്ന്‌ നാട്ടുകാര്‍ വിവരമറിഞ്ഞു. ഫ്രിഡ്ജില്ലാത്തതുകൊണ്ട്‌ , കൂട്ടാനും ഫ്രൈക്കും പുറമെ, ചാളത്തോരന്‍, ചാള ഉപ്പേരി, ചില്ലി ചാള, ചാള 65 എന്നു തുടങ്ങി ബട്ടര്‍ ചാള വരെ വച്ചുകഴിച്ചു! എയര്‍ഹോസ്റ്റസ്‌ 'മട്ടണ്‍ ഓ‍ര്‍ ചിക്കന്‍' എന്നു ചോദിച്ചപ്പോള്‍ മനസ്സില്‍വന്നത്‌ ഇങ്ങനെയാണത്രേ: എന്റെ പൊന്നു കൂടപ്പിറപ്പേ, രണ്ടിനോടും നമുക്ക്‌ ഒരേ ഭാവമാണ്‌ , ചെറുങ്ങനെയൊന്നു നിര്‍ബന്ധിച്ചാല്‍ ഞാന്‍ രണ്ടും കഴിക്കും. . .'.ഇത്തരത്തിലുള്ള നിരീക്ഷണങ്ങളും തൂലികാ ചിത്രങ്ങളുമാണ്‌ കൊടകരപുരാണത്തില്‍ നിറയെ.

നെറ്റില്‍ ബ്ലോഗായും പുസ്‌തകമായും ഇതു വായിക്കാം. വിശാലമനസ്കന്‍ പുസ്‌തകം സമര്‍പ്പിച്ചിരിക്കുന്നത്‌ ഇങ്ങനെ: ബൂലോഗ കൂടപ്പിറപ്പുകള്‍ക്ക്‌! (ബൂലോഗം എന്നാല്‍ മലയാളം ബ്ലോഗുകളുടെ നടത്തിപ്പുകാരുടെയും വായനക്കാരുടെയും ലോകം).

ബൂലോഗംമലയാളം ബ്ലോഗന്മാരുടെ കൂട്ടായ്മയാണ്‌ ബൂലോഗക്ലബ്‌-
http://boologaclub.blogspot.com സൂര്യനുകീഴെയുള്ള എന്തിനെക്കുറിച്ചും ബ്ലോഗന്മാര്‍ പ്രതികരിക്കുകയും ചര്‍ച്ച ചെയ്യുകയും അടിപിടി കൂടുകയും ചെയ്യുന്ന ഇടം. ബൂലോഗ ക്ലബിന്റെ ആമുഖം ഇങ്ങനെ: സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ്‌ വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, അര്‍മ്മാദിക്കുക!മലയാളം ബ്ലോഗുകളില്‍ വലിയൊരു വിഭാഗം വിദേശമലയാളികളുടേതാണ്‌. അവരുടെ ആത്മപ്രകാശനവും പങ്കിടലും ബ്ലോഗുകളിലുണ്ട്‌. കേരളത്തില്‍നിന്നാകട്ടെ വീട്ടമ്മമാരും കുട്ടികളുംമുതല്‍ കൃഷിക്കാര്‍വരെ ഇന്റര്‍നെറ്റില്‍ ബ്ലോഗുകള്‍ തീര്‍ത്തിട്ടുണ്ട്‌. പാചകക്കുറിപ്പുകള്‍മുതല്‍ സ്പേസ്‌ സയന്‍സ്‌വരെ എന്തും. മലയാളത്തില്‍ എഴുത്തിന്റെയും വായനയുടെയും സമാന്തരലോകം തീര്‍ക്കുകയാണ്‌ ബൂലോഗ മലയാളികള്‍. ചില മലയാളം ബ്ലോഗുകള്‍: അക്ഷരക്കഷായം, അക്ഷരശ്ലോക സദസ്‌, അപ്പുക്കുട്ടന്റെ ലോകം, ഇടം, ഇടവപ്പാതി, ഉണ്ടാപ്രിയുടെ ലോകം, ഉറവ, എന്റെ ഗ്രാമം, എന്നെ കടിച്ച പട്ടി, എറുമ്പ്‌, കപ്പലണ്ടി മിഠായി, ചായം, തുറന്നിട്ട വാതില്‍, കര്‍ഷകന്‍, നളപാചകം, മണലെഴുത്ത്‌, മഞ്ഞക്കിളി, കുട്ട്യേടത്തി, ദ്വീപ്‌, കഥകളി, കള്ളുഷാപ്പ്‌, വയല്‍ക്കര വിശേഷം, സ്വന്തം ലോകം, വളപ്പൊട്ടുകള്‍, സൊറ പറയാം, വെറുതേ....ബ്ലോഗ്‌ എന്നാല്‍ബ്ലോഗ്‌ എന്നാല്‍ ഒന്നുമില്ല, വളരെ സിംപിള്‍. കടയില്‍പോയി ഒരു ഡയറി വാങ്ങി അതിന്റെ താളുകളില്‍ കുറിപ്പുകള്‍ എഴുതുന്നതു സങ്കല്‍പ്പിക്കുക. അതുപോലെ ഇന്റര്‍നെറ്റില്‍ ബ്ലോഗ്‌ ഹോസ്റ്റ്‌ ചെയ്യുന്ന ഒരു സൈറ്റില്‍പോയി സ്വന്തമായി ഒരു ഡയറി തുടങ്ങുന്നു. ഇവിടെ പൈസ കൊടുക്കേണ്ട. ഫ്രീയായി ഡയറി കിട്ടുന്ന ഇടങ്ങളുണ്ട്‌. ഡയറിക്ക്‌ നമുക്കിഷ്ടമുള്ള പേരിടാം. എന്നിട്ട്‌ അതില്‍ ഇഷ്ടമുള്ളതെന്തും എഴുതാം. സാധാരണ ഡയറിയില്‍നിന്നു വ്യത്യസ്‌തമായി ഇൌ‍ ഡയറി മറ്റുള്ളവര്‍ക്കും കാണാം. നമ്മള്‍ കുറിച്ചിട്ട കാര്യങ്ങളെക്കുറിച്ച്‌ അവര്‍ക്കു കമന്റുകള്‍ എഴുതുകപോലുമാകാം.

കടപ്പാട്‌: മനോരമ ഓണ്‍ലൈന്‍.കോം
ലേഖനം രചിച്ചത്‌: കെ.ടോണിജോസ്‌
ഈമെയില്‍: midukkantony1@manoramamail.com
ലേഖനത്തിന്റെ ലിങ്ക്