ശനിയാഴ്‌ച, ഒക്‌ടോബർ 29, 2005

ചെമ്മീന്‌ 40 വയസ്സ്‌

ചെമ്മീന്‌ 40 വയസ്സ്‌
സി.പി. ശ്രീഹര്‍ഷന്‍

മലയാളത്തിന്‌ ചെമ്മീനിലൂടെ മികച്ച സിനിമയ്ക്കുളള ആദ്യദേശീയ പുരസ്കാരം ലഭിച്ചിട്ട്‌ നാല്‌പതുവര്‍ഷം തികയുന്നു

നീലക്കുയിലിന്റെയും മുടിയനായ പുത്രന്റെയും വിജയത്തിനുശേഷമാണ്‌ രാമു കാര്യാട്ട്‌ ചെമ്മീന്‍ ഒരുക്കിയത്‌. 1957-ല്‍ പ്രസിദ്ധീകരിച്ച തകഴിയുടെ ചെമ്മീന്‍ എന്ന ജനപ്രിയനോവലിന്റെ ഉദാത്തമായ ദൃശ്യാവിഷ്കാരമായിരുന്നു അത്‌. സംഭാഷണം രചിച്ചത്‌ എസ്‌. എല്‍. പുരം സദാനന്ദന്‍. നിര്‍മ്മാണം പ്രതിസന്‌ധിഘട്ടത്തിലായപ്പോള്‍ രാമുവിന്റെ സുഹൃത്ത്‌ എഡ്ഢി മാസ്റ്ററുടെ സുഹൃത്തായ ബാബു രക്ഷകനായെത്തി. കണ്‌മണി എന്ന ബാനറിലൂടെ ബാബു ചെമ്മീന്‍ നിര്‍മ്മിച്ചപ്പോള്‍ പിന്നീട്‌ അദ്ദേഹം കണ്‌മണി ബാബുവായി. ഛായാഗ്രഹണം മാര്‍ക്കസ്‌ ബര്‍ട്ട്‌ലി. സത്യനും മധുവും കൊട്ടാരക്കരയും എസ്‌.പി. പിള്ളയും ഷീലയും അടൂര്‍ ഭവാനിയുമെല്ലാം ചേര്‍ന്നുതീര്‍ത്ത നടനവിസ്‌മയം... അങ്ങനെ എല്ലാം കൊണ്ടും ചെമ്മീന്‍ ഒരു സംഭവമായിരുന്നു...

*
നാല്‌പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്ന സംഭവങ്ങള്‍ ഓര്‍മ്മിച്ചെടുക്കുകയാണ്‌ ചെമ്മീന്‍ എന്ന ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ശിവന്‍. ന്യൂസ്‌വീക്ക്‌, ലൈഫ്‌ മാഗസിനുകളുടെ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പേരെടുത്ത ശിവനെ കാണാന്‍ ചലച്ചിത്രകാരന്‍ രാമുകാര്യാട്ടും പ്രഗല്‍ഭനായ ഛായാഗ്രാഹകന്‍ മാര്‍ക്കസ്‌ ബാര്‍ട്ട്‌ലിയും തിരുവനന്തപുരത്തെ വസതിയില്‍ ചെന്നു. തിരക്കുള്ള ഒരു ദിവസമാണ്‌. ശിവന്‌ സഹോദരതുല്യനായ സുഹൃത്തായിരുന്നു രാമു.
ശിവന്‍, ഞാന്‍ കളറില്‍ ഒരു സിനിമ ചെയ്യാന്‍ പോകുന്നു. ബാര്‍ട്ട്‌ലിയാണ്‌ ഛായ. സ്റ്റില്‍ ഫോട്ടോഗ്രാഫി ശിവന്‍ ചെയ്യണം- രാമു ആഗമനോദ്ദേശം വ്യക്തമാക്കി.

പ്രസ്‌ ഫോട്ടോഗ്രാഫര്‍ എന്ന നിലയിലുള്ള തിരക്കുണ്ട്‌. എങ്കിലും വരാം, ഒരാഴ്ച വന്ന്‌ ഫോട്ടോകള്‍ എടുത്തുതരാമെന്ന്‌ ശിവന്‍ സമ്മതം മൂളി. രാമു കാര്യാട്ടിനോ മാര്‍ക്കസ്‌ ബാര്‍ട്ട്‌ലിക്കോ ഇതു സമ്മതമായിരുന്നില്ല. ശിവന്‍ ഞങ്ങളുടെ കൂടെ വേണം. സിനിമയുടെ ജോലിയിലുടനീളം- ഇതായിരുന്നു രാമുവിന്റെ നിലപാട്‌. സുഹൃത്തിന്റെ സ്‌നേഹപൂര്‍വ്വമുള്ള നിര്‍ബന്‌ധത്തിനു ശിവന്‍ എന്ന പ്രസ്‌ ഫോട്ടോഗ്രാഫര്‍ വഴങ്ങി. അങ്ങനെ ചെമ്മീന്‍ സിനിമയുടെ ചരിത്രത്തില്‍ ശിവനും ഒരു ഭാഗമായി, മലയാളസിനിമയുടെ തന്നെ ചരിത്രരേഖകളില്‍ ശിവന്‍ ഇടം നേടി. (ചലച്ചിത്രപ്രതിഭകളായ സന്തോഷ്‌ ശിവനും സംഗീത്‌ ശിവനും ശിവന്റെ മക്കളാണ്‌.)

"വ്യക്തിപരമായി ചെമ്മീന്‍ ഒരു വലിയ ഓര്‍മ്മയാണ്‌" ശിവന്‍ വാരാന്ത്യകൌമുദിയോടു പറഞ്ഞു. ആക്‌ടിന്റെ ആഭിമുഖ്യത്തില്‍ ചെമ്മീനിന്റെ നാല്‍പ്പതാം വാര്‍ഷികം തിരുവനന്തപുരത്ത്‌ കൊണ്ടാടുകയാണ്‌. ഒരു വലിയ കൂട്ടായ്‌മയുടെ സൃഷ്‌ടിയായിരുന്നു ചെമ്മീന്‍. അങ്ങനെയൊരു കൂട്ടായ്‌മ ഇന്ന്‌ ചലച്ചിത്രലോകത്തു കാണുന്നുണ്ടോ? നാല്‍പ്പതാം വാര്‍ഷികമൊക്കെ ആഘോഷിക്കാന്‍ കഴിയുന്നതും ഇതുകൊണ്ടൊക്കെതന്നെയാണെന്ന്‌ ശിവന്‍ പറയുന്നു. സ്‌നേഹത്തിന്റെ മയില്‍ക്കുറ്റിയായിരുന്നു ചെമ്മീന്‍.

ഇവിടെ ഓര്‍മ്മിക്കപ്പെടേണ്ടവര്‍ ഏറെയുണ്ട്‌. പ്രധാനമായും മണ്‍മറഞ്ഞുപോയവര്‍. സത്യന്‍ മാഷും കൊട്ടാരക്കരയും എസ്‌. പി. പിള്ളയും ബക്കറും എഡ്ഢിമാസ്റ്ററും സലില്‍ദായും (സലില്‍ ചൌധരി) ഒക്കെ... പിന്നെയുമുണ്ട്‌ , ഒരു ബദറുദ്ദീനുണ്ടായിരുന്നു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌, ബാബുവിന്റെ ബന്‌ധുവാണ്‌ (കണ്‌മണിബാബു). പിന്നെ, കുഞ്ഞിമൂസ. മധുവിന്റെ പരീക്കുട്ടിയെ ഇന്നും മനസ്സില്‍ നിന്നു മായ്ച്ചുകളയാനൊക്കുമോ?

ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം രാവിലെ രാമുവും ബാര്‍ട്ട്‌ലിയും ചേര്‍ന്ന്‌ എന്നെ കെട്ടിപ്പിടിക്കുന്നു, ഉമ്മ വയ്ക്കുന്നു- ഞാന്‍ അന്തംവിട്ടു. ഇവരെന്താ രാവിലെ തന്നെ രണ്ടെണ്ണം അകത്താക്കിയോ? പക്ഷേ, സംഗതി അതല്ലായിരുന്നു, ഞാന്‍ എടുത്ത സ്റ്റില്‍ഫോട്ടോകളുടെ പ്രിന്റ്‌ ബോംബെയില്‍ നിന്നെത്തിയതു കണ്ടപ്പോഴുണ്ടായ സന്തോഷമാണ്‌. ഇത്‌ സ്റ്റില്‍സ്‌ അല്ല, എല്ലാം ആക്ഷനാണ്‌- ബാര്‍ട്ട്‌ലി അഭിനന്ദിച്ചു.

ഷൂട്ടിംഗിനിടയില്‍ സത്യന്‍മാഷും ഞാനും കടലില്‍ പോകുമായിരുന്നു, വള്ളത്തില്‍.ഷൂട്ടിംഗിനിടയില്‍ തന്നെയാണ്‌ നാട്ടിക കടപ്പുറത്ത്‌ ഒരു ദിവസം ഒരു വലിയ സ്രാവ്‌ വന്ന്‌ കരയ്ക്കടിഞ്ഞത്‌. ചെമ്മീനിന്റെ ഷൂട്ടിംഗ്‌ ഒരു ഉത്സവമായിരുന്നു, നാട്ടിക കടപ്പുറത്തുകാര്‍ക്ക്‌. അവരും ഞങ്ങളുടെ ഭാഗമായി, കുടുംബാംഗങ്ങളെപ്പോലെ.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ്‌ ഞാന്‍ കൊടുങ്ങല്ലൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്ന വേളയില്‍ നാട്ടിക തീരത്ത്‌ വെറുതെ പോയി. പഴയ ഓര്‍മ്മകളുമായി... പ്രായമായവരെല്ലാം എന്നെ തിരിച്ചറിഞ്ഞു. അയ്യോ, ശിവന്‍സാര്‍, കയ്യില്‍ ക്യാമറയൊന്നുമില്ലേ?- അവര്‍ ചോദിച്ചു. സ്‌നേഹം കൊണ്ടവര്‍ വീര്‍പ്പുമുട്ടിച്ചു, എന്റെ കണ്ണുകള്‍ നിറഞ്ഞു... അതെ, ചെമ്മീന്‍ സുഖമുള്ള ഓര്‍മ്മ തന്നെയാണ്‌.

കടപ്പാട്‌: കേരളകൌമുദി.കോം

വെള്ളിയാഴ്‌ച, ഒക്‌ടോബർ 28, 2005

വികസനവും സന്തോഷവും

വികസനവും സന്തോഷവും
ഡോ. ടി.വി. മുരളീവല്ലഭൻ

വികസ്വര-വികസിത രാഷ്ട്രങ്ങളുടെ വേർതിരിവ്‌ നടത്തുവാൻ ആദ്യം ഉപയോഗിച്ചിരുന്ന മാനദണ്ഡം വരുമാനത്തിന്റേത്‌ മാത്രമായിരുന്നു. പിന്നീട്‌ ഐക്യരാഷ്ട്രസഭ ഈ മാനദണ്ഡത്തിൽ അൽപം ഭേദഗതി വരുത്തിക്കൊണ്ട്‌ വരുമാനത്തിന്റെ വിതരണക്രമത്തിൽ ശ്രദ്ധയൂന്നാൻ തുടങ്ങി. വികസനം പ്രകൃതിക്കിണങ്ങുന്ന വിധത്തിലായിരിക്കണമെന്ന പുതിയ മാനദണ്ഡം 1980 കളിൽ ലോകമാകെ അംഗീകരിക്കപ്പെട്ടു. സ്ഥായിയായ (സുസ്ഥിര) വികസനമെന്ന്‌ (സസ്റ്റൈനബിൾ ഡവലപ്‌മന്റ്‌) വികസനവിദഗ്ദ്ധർ പുതിയ രീതിയെ വിളിച്ചു. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയപ്പോൾ, വികസനത്തിന്റെ ആത്യന്തിക ലക്ഷ്യമാക്കിയിരിക്കുന്നത്‌ മനുഷ്യ മനസ്സിന്റെ സന്തോഷമാണ്‌. അതിവേഗം ആഗോള വ്യാപകമായി ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും കമ്പോളവൽക്കരണവും കച്ചവട താത്‌പര്യങ്ങളും പടർന്നുപിടിക്കുന്ന ഈ കാലഘട്ടത്തിൽ, വിലമതിക്കാനാകാത്തതും പണം കൊടുത്താൽ കിട്ടാത്തതുമായ ചില മൂല്യങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന്‌ ഏറ്റവും പുതിയ മാനദണ്ഡം നമ്മെ ഓർമപ്പെടുത്തുന്നു.

"അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി ജപ്പാനാണ്‌. പക്ഷേ, വികസിത രാഷ്ട്രങ്ങളിൽ വെച്ചേറ്റവും കൂടുതൽ ആത്മഹത്യാനിരക്കുള്ളതും ജപ്പാനിലാണ്‌. 1980-നുശേഷം ജപ്പാൻ ജനതയുടെ ജീവിതത്തിൽ കാര്യമായ പുരോഗതിയൊന്നും സംഭവിച്ചിട്ടില്ല. ഭൌതിക പുരോഗതിക്കൊപ്പം മാനസിക അസംതൃപ്തിയും കൂടിവരുന്നു" എന്നാണ്‌ മുൻ ലോക ബാങ്ക്‌ ധനശാസ്ത്രജ്ഞനും ജപ്പാനിലെ ഒസാക്കാ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ താകയോഷി കുസാഗോയുടെ അഭിപ്രായം. വർധിച്ചുവരുന്ന മാനസിക പിരിമുറുക്കങ്ങളും അസംതൃപ്തിയും യുവജനങ്ങളിലെ ഉത്തരവാദിത്വമില്ലായ്മയും വൃദ്ധജനങ്ങളിലെ സുരക്ഷാബോധത്തിന്റെ അഭാവവും മൊത്തത്തിൽ ജപ്പാൻ ജനതയെ പ്രശ്നക്കാരാക്കുന്നു. വർധിച്ചുവരുന്ന ആത്മഹത്യാനിരക്കിൽ പ്രതിഫലിക്കുന്നത്‌ സമൂഹത്തിലെ അസംതൃപ്തിയാണ്‌. അതുകൊണ്ട്‌ കുസാഗോ പറയുന്നത്‌, ഭൂട്ടാനിൽനിന്ന്‌ ജപ്പാന്‌ വളരെയധികം കാര്യങ്ങൾ പഠിക്കുവാനുണ്ടെന്നാണ്‌.

ഭൂട്ടാൻ മൊത്ത ദേശീയോൽപന്നത്തെക്കുറിച്ച്‌ വേവലാതിപ്പെടുന്നില്ല. മൊത്ത ദേശീയ സന്തോഷ (ഗ്രോസ്സ്‌ നാഷണൽ ഹാപ്പിനെസ്സ്‌) മാണ്‌ അവരുടെ വികസന ലക്ഷ്യം. വെറും 500 മില്യൺ ഡോളർ മാത്രം മൊത്ത ദേശീയോൽപന്നമുള്ള ഭൂട്ടാന്‌ എങ്ങനെ മൊത്തം ദേശീയ സന്തോഷം ജപ്പാനേക്കാൾ വർധിപ്പിക്കുവാൻ കഴിയുന്നു എന്നുള്ളതിനെക്കുറിച്ച്‌ ജപ്പാൻ വിദേശകാര്യ മന്ത്രാലയം ഒരു സിമ്പോസിയം നടത്തി. ജപ്പാനിലേക്കാൾ സ്ഥായിയായ, സമത്വാധിഷ്ഠിതമായ പരിസ്ഥിതിക്കിണങ്ങുന്ന, സംസ്കാരത്തിലൂന്നിയ സദ്ഭരണ നയങ്ങളാൽ, ഭൂട്ടാനിലെ ജനങ്ങൾ കൂടുതൽ സന്തുഷ്ടരും സന്തോഷവാന്മാരുമാണെന്നായിരുന്നു സിമ്പോസിയത്തിലെ വിലയിരുത്തൽ. പണക്കാർക്കും പാവപ്പെട്ടവർക്കും ഒരേപോലെ നേടാവുന്നതാണ്‌ സന്തോഷമെങ്കിലും പണംകൊടുത്ത്‌ വിപണിയിൽനിന്ന്‌ വാങ്ങിക്കാവുന്ന ചരക്കല്ല സന്തോഷമെന്നുള്ള തിരിച്ചറിവാണ്‌ ഭൂട്ടാനെ ഇത്തരത്തിലൊരു വികസന സങ്കൽപത്തിലേയ്ക്കു നയിച്ചത്‌.

വരുമാനത്തിലെയും ഉത്‌പ്പാദന-ഉപഭോഗത്തിലെയും വർധന മാത്രമല്ല, വികസനം. ഭൌതികാവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം തന്നെ, മനുഷ്യന്റെ ആധ്യാത്മികതലത്തെക്കൂടി സ്പർശിക്കുന്നതായിരിക്കണം യഥാർഥ വികസനം. മിതവും ന്യായവുമായ ആഗ്രഹങ്ങൾ മനുഷ്യമനസ്സിനെ ക്രിയാത്മകവും സുന്ദരവുമാക്കുന്നു. എന്നാൽ അനിയന്ത്രിതമായിട്ടുള്ള ആർത്തി മനുഷ്യമനസ്സിനെ നശീകരണാത്മകവും വികൃതവും അതുകൊണ്ടുതന്നെ അസന്തുലിതവുമാക്കുന്നു. ഈ അസന്തുലിതാവസ്ഥ പ്രകൃതിയെയും ബാക്കി ജീവജാലങ്ങളെയും ബാധിക്കുന്നു എന്നുള്ളതാണ്‌ ലോകത്തെമ്പാടുമുള്ള വികസനനയങ്ങളുടെ പരിണതഫലം. ക്രമാതീതമായ മലിനീകരണം, ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, ജലക്ഷാമം, ജീവജാലങ്ങളിലുണ്ടാകുന്ന പുതിയ രോഗങ്ങൾ, മനുഷ്യരിൽ വർധിച്ചുവരുന്ന മാനസികപ്രശ്നങ്ങൾ മുതലായവയെല്ലാം വിളിച്ചോതുന്നത്‌ ഇന്നത്തെ വികസനനയം തിരുത്തണമെന്നുതന്നെയാണ്‌.

ഇപ്പോൾ ഐക്യരാഷ്ട്ര വികസനസമിതി മുന്നോട്ടുവെച്ചിട്ടുള്ള മനുഷ്യവികസന സൂചിക (ഹുമൻ ഡെവലപ്‌മന്റ്‌ ഇൻഡക്സ്‌) വിശാലവും സമഗ്രവുമായ വികസനത്തിലേയ്ക്കുള്ള ശ്രദ്ധേയമായ കാൽവെയ്പാണ്‌. എന്നാൽ ആദ്യകാല വികസന മാതൃകകളിൽ മനുഷ്യന്റെ ആരോഗ്യവും വിദ്യാഭ്യാസവും ആയുർദൈർഘ്യവും ഉൾപ്പെട്ടിരുന്നില്ല.

ഐക്യരാഷ്ട്രസഭയുടെ 2005-ലെ മനുഷ്യവികസന റിപ്പോർട്ടിൽ, 177 രാഷ്ട്രങ്ങളിലെ വികസന പ്രക്രിയ വിലയിരുത്തിയപ്പോൾ 127-ാ‍മത്തെ സ്ഥാനമാണ്‌ ഭാരതത്തിനുള്ളത്‌. സാമ്പത്തികവികസനത്തിൽ നാം വളരെയധികം മുന്നോട്ടുപോയെങ്കിലും, വികസനത്തിന്റെ ഫലങ്ങൾ മുഴുവൻ ജനങ്ങളിലും എത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ഏതാനും ആഴ്ചകൾക്കു മുമ്പ്‌ ഒരു ബ്രിട്ടീഷ്‌ ഏജൻസി നടത്തിയ പഠനത്തിൽ മൊത്ത സന്തോഷ സൂചിക (ഗ്രോസ്സ്‌ ഹാപ്പിനെസ്സ്‌ ഇൻഡക്സ്‌)യിൽ ലോകത്തിൽ നാലാം സ്ഥാനമാണ്‌ ഇന്ത്യക്കുള്ളത്‌. ഇത്‌ ആശ്വാസപ്രദവും അത്ഭുതാവഹവുമാണ്‌. ആവശ്യത്തിന്‌ ഉണ്ണാനും ഉടുക്കാനും ഇല്ലാഞ്ഞിട്ടും എങ്ങനെ നമുക്കു മനസ്സു തുറന്നു ചിരിക്കാൻ സാധിക്കുന്നു എന്ന്‌ ചിന്തിക്കുമ്പോൾ മാത്രമാണ്‌ ഭൌതികാവശ്യങ്ങൾക്കതീതമായിട്ടുള്ള ആധ്യാത്മിക സംതൃപ്തിയെക്കുറിച്ച്‌ നാമറിയുന്നത്‌.

ഹിന്ദു ജീവിതാദർശമനുസരിച്ച്‌ ധർമ്മത്തിനു നിരക്കുന്ന രീതിയിൽ മാത്രമേ സമ്പത്താർജ്ജിക്കാവൂ എന്നും ആർജ്ജിക്കുന്ന സമ്പത്തിന്റെയൊരു ഭാഗം സ്വന്താവശ്യങ്ങൾക്കും (ആർത്തിക്കല്ല) ബാക്കിഭാഗം സമൂഹത്തിൽ നന്മയെ നിലനിർത്താനുള്ള ദാനധർമ്മങ്ങൾക്കും വേണ്ടി ചെലവഴിക്കണം എന്നുമാണ്‌.ബൈബിളിലെ ഉപദേശമനുസരിച്ച്‌ സർഗ്ഗരാജ്യം നീതിമാനുള്ളതാണ്‌ ധനവാനുള്ളതല്ല. ദൈവരാജ്യം വരണമെന്നുണ്ടെങ്കിൽ ഇല്ലാത്തവന്റെ ദുഃഖമകറ്റുവാൻ ഉള്ളവൻ ഊണും ഉടുപ്പും കൊടുത്ത്‌ സ്നേഹിച്ച്‌ സഹായിച്ച്‌ നല്ല അയൽക്കാരായി ജീവിക്കണം.ഇസ്‌ലാമിക ദർശനമനുസരിച്ച്‌ എല്ലാ സമ്പത്തിന്റെയും ഉടമസ്ഥത അള്ളാഹുവിനുള്ളതാണ്‌. സമ്പത്ത്‌ മിതമായി ഉപയോഗിക്കുവാനുള്ള അവസരമാണ്‌ മനുഷ്യന്‌ ലഭ്യമായിട്ടുള്ളത്‌. സമ്പത്ത്‌ കൈകാര്യം ചെയ്യുവാൻ വിദഗ്ദ്ധരായിട്ടുള്ളവരുടെ പക്കൽ കൂടുതൽ സ്വത്ത്‌ വന്നുചേർന്നിട്ടുണ്ടെങ്കിൽ അതില്ലാത്തവർക്ക്‌ വേണ്ടിയുള്ളതാണെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു.

സമ്പത്തും അധികാരവും വലിച്ചെറിഞ്ഞ്‌ ത്യാഗത്തിന്റെയും അഹിംസയുടെയും പാത തിരഞ്ഞെടുത്ത ശ്രീ ബുദ്ധന്റെ മതത്തിലും ആർത്തിക്ക്‌ സ്ഥാനമില്ല. ഉൽപന്നങ്ങൾക്കും വൻ ലാഭത്തിനും വേണ്ടി വിപണിയന്വേഷിക്കുന്ന ഇന്നത്തെ സാമ്പത്തിക മനുഷ്യന്‌ വിപണിയിൽ ക്രയവിക്രയം ചെയ്യാനാകാത്ത, ധനമൂല്യമില്ലാത്ത ആധ്യാത്മികത അപ്രധാനവും അപ്രസക്തവും അനാവശ്യവുമായിരിക്കാം. ജീവിതത്തിൽ സംതൃപ്തിയും സമാധാനവും സന്തോഷവും കാംക്ഷിക്കുന്നവർക്ക്‌ വിപണിയില്ലാത്ത ആധ്യാത്മിക മൂല്യങ്ങളിലൂന്നിയ വികസനമാണേറ്റവും പ്രധാനം.

കടപ്പാട്: മാതൃഭൂമി.കോം

ജൈവഇന്ധന നയത്തിന്റെ മറുവശം

ജൈവഇന്ധന നയത്തിന്റെ മറുവശം
പ്രൊഫ. കെ.പി. പ്രഭാകരൻ നായർ

ജത്രോഫ എണ്ണ സംസ്കരിക്കുന്ന വൻ നിലയങ്ങൾ പ്രവർത്തിപ്പിച്ച വാണിജ്യപരമായ പ്രായോഗിക പരിചയം ഇന്ന്‌ ലോകത്തിൽ ആർക്കുമില്ല. ജത്രോഫ എണ്ണയുടെ വില സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക്‌ ഉടനെ ആവശ്യക്കാർക്ക്‌ നൽകാൻ വൻതോതിൽ സംസ്‌കൃത എണ്ണ എവിടെയാണുള്ളത്‌? ഇന്ത്യയിൽ സംസ്കരിക്കുവാനുള്ള സംരംഭങ്ങൾ ഉണ്ടായിക്കഴിഞ്ഞിട്ടില്ല. ഈ സുപ്രധാനമായ പ്രശ്നത്തെക്കുറിച്ച്‌ പെട്രോളിയം മന്ത്രാലയം ചിന്തിച്ചിട്ടില്ലെന്നു തോന്നുന്നു. ചിന്താശൂന്യമായ ഈ ആസൂത്രണത്തിന്റെ ഫലം, ജത്രോഫ കർഷകനെ വിഷമത്തിലാക്കുക എന്നതാണ്‌. ഖജനാവിന്‌ വൻ ചെലവ്‌ വരുത്തിക്കൊണ്ട്‌ വലിയ അളവിൽ സംസ്കരിക്കപ്പെട്ട എണ്ണ ഇറക്കുമതി ചെയ്യേണ്ടതായും വരും. ഒടുവിൽ ഇന്ത്യൻ കർഷകന്‌ ജത്രോഫ കൃഷി നഷ്ടക്കച്ചവടമാവും. പതിവുപോലെ ഇന്ത്യൻ ആസൂത്രണത്തിന്‌ തുള വീണിരിക്കുന്നു

അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുകയറുന്ന സാഹചര്യത്തിൽ ഇന്ത്യ പെട്ടെന്നുണർന്ന്‌ മോട്ടോർ വാഹനങ്ങളിലും ട്രക്കുകളിലും ജൈവ ഇന്ധനം നിറയ്ക്കുവാനുള്ള സാധ്യത തേടിക്കൊണ്ടിരിക്കുകയാണ്‌. വീണ്ടുവിചാരമില്ലാതെ ജൈവ ഇന്ധനത്തിനുവേണ്ടി പായുന്നതിനുമുമ്പ്‌ രാജ്യം ചില സുപ്രധാന വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ട്‌. ജൈവ ഇന്ധനം ഉൽപ്പാദിപ്പിക്കാവുന്ന വസ്തുക്കളുടെ കൂട്ടത്തിൽ ജത്രോഫ (ഒരു തരം ആവണക്ക്‌) യുടെ പേരാണ്‌ ഏറെ പറഞ്ഞു കേൾക്കുന്നത്‌. ഛത്തീസ്ഗഢ്‌ പോലെയുള്ള സംസ്ഥാനങ്ങളിലെ എല്ലാ കർഷകരെയും ഈ സസ്യം വളർത്തുവാൻ പ്രേരിപ്പിക്കപ്പെടുന്നുണ്ട്‌. ജത്രോഫ എണ്ണ ഉൽപ്പാദകരിൽ നിന്ന്‌ ലിറ്ററിന്‌ 25 രൂപ നിരക്കിൽ വാങ്ങുവാൻ പൊതുമേഖലാഎണ്ണക്കമ്പനികളോട്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഇന്ത്യാ ഗവൺമെന്റ്‌ ജൈവ ഇന്ധനനയം നടപ്പിലാക്കുന്ന കാര്യത്തിൽ വലിയൊരു ചുവടുവെപ്പ്‌ നടത്തിയിരിക്കുകയാണ്‌. തീർച്ചയായും സർക്കാറിന്റേത്‌ സുപ്രധാനമായ ഒരു തീരുമാനമാണ്‌. പക്ഷേ, അടിയന്തരശ്രദ്ധ പതിയേണ്ട ചില കാര്യങ്ങൾ സർക്കാർ മനഃപൂർവമോ അല്ലാതെയോ പരിഗണിക്കുകയുണ്ടായിട്ടില്ല.

ഉപോൽപ്പന്നമായി ഉണ്ടാവുന്ന ഗ്ലിസറിൻ എന്തുചെയ്യുമെന്നതാണ്‌ പ്രഥമവും പ്രധാനവുമായ ചോദ്യം. ജത്രോഫ എണ്ണ ഡീസലുമായി കലർത്തുന്നതിനു മുമ്പായി അസംസ്‌കൃത എണ്ണ ഒരു പ്രത്യേക തരത്തിൽ സംസ്കരിക്കേണ്ടതുണ്ട്‌ (ട്രാൻസെസ്റ്റെറിഫൈ ചെയ്യേണ്ടതുണ്ട്‌.) ഈ സംസ്കരണത്തിനിടയിൽ ഉപോൽപ്പന്നമായി ഗ്ലിസറിൻ ഉണ്ടാവും. കൂടുതൽ അളവിൽ ഗ്ലിസറിൻ ഉൽപ്പാദിപ്പിക്കപ്പെട്ടാൽ അതിന്‌ ആഭ്യന്തര വിപണി കണ്ടെത്തുക പ്രയാസമായിരിക്കും. ഒരുതരത്തിലും ഗ്ലിസറിന്റെ ആഭ്യന്തര ആവശ്യം 50,000 ടണ്ണിലും കവിയുകയില്ല. അതിലധികം വരുന്ന ഗ്ലിസറിൻ എന്തുചെയ്യും? ഈ ഗൌരവമേറിയ പ്രശ്നത്തെക്കുറിച്ച്‌ പെട്രോളിയം മന്ത്രാലയത്തിലെ നയരൂപീകരണ ചുമതല വഹിക്കുന്നവരാരും ചിന്തിച്ചുവെന്ന്‌ തോന്നുന്നില്ല. ലോകത്തിന്റെ മറ്റ്‌ ഭാഗങ്ങളിൽ, ഉദാഹരണത്തിന്‌ അമേരിക്കയിലും യൂറോപ്പിലും ജൈവ ഇന്ധനം ഉൽപ്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ഉണ്ടാകുന്ന ഗ്ലിസറിൻ എന്തുചെയ്യുമെന്നത്‌ വലിയൊരു പ്രശ്നമായി നിലനിൽക്കുകയാണ്‌. ഗ്ലിസറിന്റെ പുതിയ ഉപയോഗങ്ങൾ കണ്ടെത്തി വികസിപ്പിക്കേണ്ടതിനെക്കുറിച്ച്‌ ഇന്ത്യാഗവൺമെന്റ്‌ മൌനം പാലിക്കുകയാണ്‌. പെട്രോളിയം ഉപോൽപ്പന്നങ്ങളെ അടിസ്ഥാനമാക്കി വ്യവസായങ്ങൾ തുടങ്ങിയതുപോലെ ഗ്ലിസറിൻ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുവാനുള്ള സാധ്യത കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന്നാവശ്യമായ ഗവേഷണങ്ങളെ തുടർന്നേ ജൈവ ഡീസൽ പദ്ധതി മുന്നോട്ട്‌ പോവുകയുള്ളൂ.

ജത്രോഫ, സൊയാബിൻ (അമേരിക്കയിലേതുപോലെ) റേപ്പ്‌ വിത്ത്‌ (യൂറോപ്പിൽ) തുടങ്ങിയ സസ്യഎണ്ണകളുടെ ഉപയോഗത്തിൽ സാമ്പത്തികവും ധാർമികവും ശാസ്ത്രീയവുമായ ചില പ്രശ്നങ്ങൾ അന്തർഭവിച്ചിട്ടുണ്ട്‌. ജൈവ-ഡീസലിന്റെ ആവശ്യം വർധിക്കുന്ന മുറയ്ക്ക്‌ മാനുഷിക ആവശ്യത്തിന്‌ ലോകത്തിൽ ഉപയോഗിച്ചുവരുന്ന സസ്യഎണ്ണകളുടെ ഒരു ഭാഗം ഊർജ ആവശ്യത്തിന്‌ ഉപയോഗിക്കപ്പെടും. ഇവിടെ ധാർമികതയുടെ ഒരു പ്രശ്നം ആവിർഭവിക്കുന്നു. വിശേഷിച്ചും ഇന്ത്യയിൽ ഭക്ഷ്യഎണ്ണയുടെ ക്ഷാമം എല്ലാ കാലത്തും നിലനിൽക്കുന്ന പ്രതിഭാസമാണ്‌. മനുഷ്യന്റെ നിത്യനൈമിഷിക ആവശ്യത്തിനുള്ള സസ്യഎണ്ണകൾ ഊർജ ആവശ്യത്തിന്‌ ഉപയോഗിക്കുന്നത്‌ ധാർമിക പരിഗണനകൾ വെച്ചു നോക്കുമ്പോൾ അഭിപ്രായവ്യത്യാസത്തിനിടവരും. അമേരിക്കയിലായാലും യൂറോപ്പിലായാലും സ്ഥിതി ഇതുതന്നെ. വിദഗ്‌ധന്മാരും മറ്റും വൻതോതിൽ സസ്യഎണ്ണ ഊർജ ആവശ്യത്തിന്‌ ഉപയോഗപ്പെടുത്തുവാൻ നിർദേശിക്കുന്നതിന്റെ ബലമായി ആഗോളതലത്തിൽത്തന്നെ സസ്യഎണ്ണയുടെ വില വൻതോതിൽ വർധിക്കും. കഴിഞ്ഞ വർഷം ലോകത്തിൽ ഉൽപ്പാദിപ്പിച്ച സസ്യഎണ്ണയുടെ മൂന്നു ശതമാനം (30 ലക്ഷം ടൺ) ജൈവ-ഡീസൽ ആവശ്യത്തിന്‌ ഉപയോഗപ്പെടുത്തിയതായാണ്‌ അറിവ്‌. അമേരിക്കയും യൂറോപ്യൻ യൂനിയനുമാണ്‌ ജൈവ ഡീസലിന്റെ മുഖ്യഉപയോക്താക്കൾ. രണ്ട്‌ വർഷമായി യൂറോപ്യൻ യൂനിയന്റെ ജൈവ-ഡീസൽ ഉപയോഗം വർഷത്തിൽ 30 ശതമാനം വർധിച്ചിട്ടുണ്ട്‌. അമേരിക്ക ആറു ലക്ഷം ടൺ സൊയാബിൻ ഈ ആവശ്യത്തിന്‌ ഉപയോഗിച്ചപ്പോൾ യൂറോപ്യൻ യൂനിയൻ ഉപയോഗപ്പെടുത്തിയത്‌ കടുകാണ്‌. അസംസ്കൃത എണ്ണ കമ്പോളത്തിൽ കുറേ മാസമായി എണ്ണവില കുത്തനെ ഉയർന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ ഇനിയുള്ള വർഷങ്ങളിൽ ജൈവ ഡീസലിന്റെ ആവശ്യം വർധിക്കുവാനാണ്‌ സാധ്യത. സസ്യഎണ്ണയുടെ ആഗോളക്കമ്പോളത്തിൽ ഇപ്പോഴേ കുശുകുശുപ്പ്‌ ആരംഭിച്ചിട്ടുണ്ട്‌. പാമോയിലിന്റെ ഉൽപ്പാദനം വർധിക്കുക കാരണവും എണ്ണക്കുരുക്കളുടെ ഉൽപ്പാദനം ഉയർന്നതിനാലും 2005-06 ൽ ലോകത്തിലെ സസ്യഎണ്ണ ഉൽപ്പാദനം 40 ലക്ഷം ടൺ കൂടി വർധിക്കുമെന്നാണ്‌ അനുമാനം. സസ്യഎണ്ണയുടെ മാനുഷിക ആവശ്യവും വർധിക്കും. നിലവിലുള്ള കണക്കനുസരിച്ച്‌ നടപ്പുവർഷം 10 ലക്ഷം ടൺ സസ്യഎണ്ണ ഊർജ ആവശ്യത്തിന്‌ ഉപയോഗിച്ചിട്ടുണ്ടായിരിക്കുകയില്ല. അമേരിക്കൻ കാർഷിക വകുപ്പിന്റെ (യു.എസ്‌.ഡി.എ) ഏറ്റവും പുതിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്‌, ആഗോള എണ്ണക്കുരു ഉൽപ്പാദനം 38.5 കോടി ടണ്ണിന്റെ പുതിയ ഉയരത്തിലെത്തണമെന്നും സൊയാബിന്റെ ഉൽപ്പാദനം വീണ്ടും ഉയർന്ന്‌ 8.07 കോടി ടണ്ണിലെത്തണമെന്നുമാണ്‌. ബ്രസീലിന്റെ ഉൽപ്പാദനം 6 കോടി ടണ്ണിലും അർജന്റീനയുടേത്‌ 4.05 കോടി ടണ്ണിലും ഒതുങ്ങുകയാണ്‌. റിപ്പോർട്ടിലെ ഉദ്ദേശ്യം നിറവേറിയാൽ ഊർജ ആവശ്യത്തിന്‌ ആവശ്യമായ സസ്യഎണ്ണ ലോകത്തിൽ ലഭ്യമാവും. മലയേഷ്യൻ പാം ഓയൽ ഉൽപ്പാദനം എത്രത്തോളം വർധിക്കുമെന്ന്‌ ചിന്തിക്കണം. ഒരു ടൺ അസംസ്‌കൃത പാം എണ്ണയ്ക്ക്‌ 1450 എം.വൈ.ആർ.(മലയേഷ്യൻ റിൻഗ്ഗിറ്റ്‌സ്‌ ആണ്‌ വില. അത്‌ 375-380 അമേരിക്കൻ ഡോളറിനു തുല്യമാണ്‌. സൊയാബിന്റെ വില ടണ്ണിന്‌ 475-480 അമേരിക്കൻ ഡോളറാണ്‌.

ഈ പശ്ചാത്തലത്തിൽ വേണം ജത്രോഫ കർഷകന്‌ ലിറ്റർ ഒന്നിന്‌ 25 രൂപ വാഗ്ദാനം ചെയ്ത ഇന്ത്യാ ഗവൺമെന്റിന്റെ നടപടിയെ വിലയിരുത്തുവാൻ. പരുത്തി, പിണ്ണാക്ക്‌ കാലിത്തീറ്റയായും ജൈവവളമായും ഉപയോഗിക്കാവുന്നതുപോലെ ജത്രോഫയുടെ പിണ്ണാക്ക്‌ ഉപയോഗിക്കാനാവുകയില്ല. അത്‌ വൈദ്യുതി ഉൽപ്പാദനത്തിന്‌ ഉപയോഗപ്പെടുത്താമെന്നുമാത്രം. ഈ പ്രശ്നങ്ങളെല്ലാം സംബന്ധിച്ച്‌ മുൻകൂട്ടി നടക്കേണ്ട പഠനങ്ങളൊന്നും നടന്നിട്ടില്ല.

വർഷത്തിൽ 30,000 ടൺ ജത്രോഫ സസ്യഎണ്ണയെങ്കിലും സംസ്കരിച്ചാലേ (ട്രാൻസെസ്റ്റെറിഫൈ) സംസ്കരണ നിലയം ലാഭകരമായി പ്രവർത്തിപ്പിക്കുവാൻ കഴിയുകയുള്ളൂ. നിരവധി കോടി രൂപ ആവശ്യമായ ബൃഹദ്‌പദ്ധതിയാണത്‌. ഈ പദ്ധതി ചെറുകിട സംരംഭമെന്ന നിലയ്ക്ക്‌ പ്രവർത്തിപ്പിക്കുക സാധ്യമല്ല. അത്‌ വൻകിടയോ ഇടത്തരമോ വ്യവസായമായി വേണം സ്ഥാപിക്കുവാൻ. ജത്രോഫ എണ്ണ സംസ്കരിക്കുന്ന വൻ നിലയങ്ങൾ പ്രവർത്തിപ്പിച്ച വാണിജ്യപരമായ പ്രായോഗിക പരിചയം ഇന്ന്‌ ലോകത്തിൽ ആർക്കുമില്ല. ജത്രോഫ എണ്ണയുടെ വില സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക്‌ ഉടനെ ആവശ്യക്കാർക്ക്‌ നൽകാൻ വൻതോതിൽ സംസ്‌കൃത എണ്ണ എവിടെയാണുള്ളത്‌? ഇന്ത്യയിൽ സംസ്കരിക്കുവാനുള്ള സംരംഭങ്ങൾ ഉണ്ടായിക്കഴിഞ്ഞിട്ടില്ല. ഈ സുപ്രധാനമായ പ്രശ്നത്തെക്കുറിച്ച്‌ പെട്രോളിയം മന്ത്രാലയം ചിന്തിച്ചിട്ടില്ലെന്നു തോന്നുന്നു. ചിന്താശൂന്യമായ ഈ ആസൂത്രണത്തിന്റെ ഫലം, ജത്രോഫ കർഷകനെ വിഷമത്തിലാക്കുക എന്നതാണ്‌. ഖജനാവിന്‌ വൻ ചെലവ്‌ വരുത്തിക്കൊണ്ട്‌ വലിയ അളവിൽ സംസ്കരിക്കപ്പെട്ട എണ്ണ ഇറക്കുമതി ചെയ്യേണ്ടതായും വരും. ഒടുവിൽ ഇന്ത്യൻ കർഷകന്‌ ജത്രോഫ കൃഷി നഷ്ടക്കച്ചവടമാവും. പതിവുപോലെ ഇന്ത്യൻ ആസൂത്രണത്തിന്‌ തുള വീണിരിക്കുന്നു.

കടപ്പാട്: മാതൃഭൂമി.കോമ്മ്

ബ്രെഡു കൊണ്ട്‌ ഉപ്പ്‌ മാവ്‌

ബ്രെഡു കൊണ്ട്‌ ഉപ്പ്‌ മാവ്‌
ഡോ. ലളിത അപ്പുക്കുട്ടൻ

മലയാളിക്ക്‌ മുഖ്യം അരിയാഹാരമാണ്‌. പക്ഷേ, അന്നജം കൂടുതൽ അടങ്ങിയിട്ടുള്ളതുകൊണ്ട്‌ പ്രമേഹരോഗികൾക്കും മറ്റും ദിവസവും രണ്ടുനേരമെങ്കിലും ഗോതമ്പുകൊണ്ടുള്ള ആഹാരം കഴിക്കേണ്ടിവരുന്നു. അരിയെ അപേക്ഷിച്ച്‌ പ്രോട്ടീൻ കൂടുതലുള്ള ആഹാരമാണ്‌ ഗോതമ്പ്‌.
പ്രമേഹരോഗികളുടെ പ്രധാന ആഹാരങ്ങളിലൊന്നാണ്‌ ബ്രെഡ്‌. ഇത്‌ രണ്ടിനമുണ്ട്‌. ഗോതമ്പ്‌ കൂടുതലായി അടങ്ങിയിട്ടുള്ള ആട്ടാ ബ്രെഡും മൈദ മാത്രമായുള്ള മൈദാ ബ്രെഡും.
ആട്ടാ ബ്രെഡാണ്‌ കഴിക്കാൻ കൂടുതൽ നല്ലത്‌. ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട്‌ കുടലിലെയും ആമാശയത്തിലെയും ക്യാൻസറിനെ ചെറുക്കുകയും മലബന്‌ധം ഇല്ലാതാക്കുകയും ചെയ്യും.
ഗോതമ്പിന്റെ എല്ലാ ഗുണങ്ങളും ആട്ടാ ബ്രെഡിലുണ്ട്‌. ഗോതമ്പ്‌ തൊലിയോടുകൂടി പൊടിക്കുന്നതിനാൽ ഗുണം നഷ്‌ടപ്പെടുന്നില്ല.
ബ്രെഡ്‌ മാത്രം കഴിച്ചു ശീലിച്ച പ്രമേഹരോഗികൾക്ക്‌ ബ്രെഡ്‌ കൊണ്ട്‌ ഉണ്ടാക്കാവുന്ന പുതുമയേറിയ ചില വിഭവങ്ങളാണ്‌ ഇത്തവണ.


ബ്രെഡ്‌ ടോസ്റ്റ്‌
ആവശ്യമുള്ളത്‌:
ആട്ടാ ബ്രെഡ്‌: നാലു കഷണം
മുട്ടയുടെ വെള്ള: നാല്‌
ഉരുളക്കിഴങ്ങ്‌ പുഴുങ്ങി പൊടിച്ചത്‌: കാൽ കപ്പ്‌
തക്കാളി ദശ: രണ്ട്‌
സവാള ചെറുതായി അരിഞ്ഞത്‌: കാൽ കപ്പ്‌
പച്ചമുളക്‌ കുരുകളഞ്ഞ്‌ ചെറുതായി അരിഞ്ഞത്‌:രണ്ട്‌
ഉപ്പ്‌: ഒരു നുള്ള്‌
കുരുമുളകു പൊടി: കാൽ ടീസ്‌പൂൺ
പാകം ചെയ്യുന്ന വിധം:
ബ്രെഡ്‌ ഒഴികെയുള്ള ചേരുവകൾ യോജിപ്പിച്ച്‌, അല്‌പം വെള്ളം ചേർത്ത്‌ നന്നായി കുഴച്ചെടുക്കുക. എന്നിട്ട്‌, ബ്രെഡിന്റെ ഒരു വശത്തു പുരട്ടി നോൺസ്റ്റിക്‌ തവയിൽ വച്ച്‌ മൊരിച്ചെടുക്കുക. മറുഭാഗവും ഈ മിശ്രിതം പുരട്ടി മൊരിച്ചെടുക്കണം.
പാചകസമയം പതിനഞ്ചു മിനിറ്റ്‌. മൈക്രോവേവ്‌ ഒവനിലാണെങ്കിൽ നാലു മിനിറ്റ്‌ മതിയാകും.


ബ്രെഡ്‌ ഉപ്പുമാവ്‌
ആവശ്യമുള്ളത്‌:
ബ്രെഡ്‌ മിക്‌സിയിൽ പൊടിച്ചെടുത്തത്‌: 200 ഗ്രാം
ഗ്രീൻപീസ്‌ വേവിച്ചത്‌: 50 ഗ്രാം
കാരറ്റ്‌ കൊത്തിയരിഞ്ഞത്‌: 50 ഗ്രാം
സവാള കൊത്തിയരിഞ്ഞത്‌: 50 ഗ്രാം
ഇഞ്ചി കൊത്തിയരിഞ്ഞത്‌: ഒരു ടീസ്‌പൂൺ
പച്ചമുളക്‌ അരിഞ്ഞത്‌: ഒരു ടീസ്‌പൂൺ
കറിവേപ്പില: ആവശ്യത്തിന്‌
ഉപ്പ്‌: ആവശ്യത്തിന്‌
എണ്ണ: രണ്ട്‌ ടീസ്‌പൂൺ
കടുക്‌: ഒരു ടീസ്‌പൂൺ
പാകം ചെയ്യുന്നവിധം:
ഒരു നോൺസ്റ്റിക്‌ പാനിൽ എണ്ണയൊഴിച്ച്‌ കടുക്‌ വറുത്തശേഷം സവാളയിട്ട്‌ വഴറ്റുക. സവാള മൂത്തു കഴിയുമ്പോൾ കാരറ്റു ചേർത്ത്‌ ഇളക്കുക. ഗ്രീൻപീസ്‌, ഇഞ്ചി, പച്ചമുളക്‌ എന്നിവ ചേർത്ത്‌ മണം മാറുന്നതുവരെ മൂപ്പിക്കുക. ഇതിലേക്ക്‌ ബ്രെഡ്‌ പൊടിച്ചത്‌ ചേർത്തിളക്കി ചൂടോടെ ഉപയോഗിക്കാം. പ്രഭാതഭക്ഷണമായും നാലുമണിപ്പലഹാരമായും കഴിക്കാൻ പറ്റിയ വിഭവമാണ്‌ ഇത്‌.


ബ്രെഡ്‌ ബജി
ആവശ്യമുള്ളത്‌:
ആട്ടാ ബ്രെഡ്‌: നാലു കഷണം
ഉരുളക്കിഴങ്ങ്‌ പുഴുങ്ങി പൊടിച്ചത്‌: അര കപ്പ്‌
വെള്ളക്കടല പുഴുങ്ങി ഉടച്ചെടുത്തത്‌: കാൽ കപ്പ്‌ (അല്ലെങ്കിൽ ചിക്കൻ എല്ലില്ലാതെ വേവിച്ച്‌ മിൻസ്‌ ചെയ്‌തത്‌: രണ്ട്‌ ടേബിൾ സ്‌പൂൺ)
ഇഞ്ചി കൊത്തിയരിഞ്ഞത്‌: അര ടീസ്‌പൂൺ
പച്ചമുളക്‌ അരിഞ്ഞത്‌ (എരിവനുസരിച്ച്‌): അഞ്ച്‌ എണ്ണം
മഞ്ഞൾപ്പൊടി: കാൽ ടീസ്‌പൂൺ
ഉപ്പ്‌: ആവശ്യത്തിന്‌
മല്ലിയില അരിഞ്ഞത്‌:രണ്ട്‌ ടീസ്‌പൂൺ
മൈദാ മാവ്‌: കാൽ ടീസ്‌പൂൺ
എണ്ണ: രണ്ട്‌ ടീസ്‌പൂൺ
പാകം ചെയ്യുന്നവിധം:
മൈദാമാവ്‌ ഒഴികെയുള്ള ചേരുവകളെല്ലാം കൂട്ടിയോജിപ്പിച്ച്‌ ദീർഘവൃത്താകൃതിയിൽ ഉരുളകളാക്കുക. മൈദയും അല്‌പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത്‌ ഇഡ്‌ഡലിമാവിന്റെ അയവിൽ കലക്കി, ഉരുളകൾ ഇതിൽ മുക്കിയെടുക്കുക.
മുക്കിയെടുത്ത ഉരുളകൾ ഒരു തവയിൽ നിരത്തി മൈക്രോവേവിൽ വച്ച്‌ ക്രിസ്‌പ്‌ രീതിയിൽ പത്തുമിനിറ്റ്‌ പാചകം ചെയ്യുക.
ഉരുളകൾക്കു മീതെ എണ്ണ തൂവിയതിനു ശേഷം രണ്ടു മിനിറ്റ്‌ ബാക്കിയുള്ളപ്പോൾ തിരിച്ചിടണം.

കടപ്പാട്‌: കേരളകൌമുദി ഓൺലൈൻ

നന്ദി, നിർമൽ വർമ്മ

നന്ദി, നിർമൽ വർമ്മ

ഹിന്ദി ഹൃദയഭൂമിക്ക്‌ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു ബുധനാഴ്ച അന്തരിച്ച നിർമൽ വർമ്മ. ഭീഷ്‌മസാഹ്‌നി, മോഹൻ രാകേഷ്‌, കമലേശ്വർ, അമർകാന്ത്‌ എന്നിവരുൾപ്പെട്ട നവീന ഹിന്ദി ഗദ്യശാഖയുടെ മുഖ്യശില്‌പികളിലൊരാളായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ഭാഷയായ ഹിന്ദിയെ അന്യഭാഷക്കാർക്ക്‌ അടുത്തറിയാനും നെഞ്ചോടടുപ്പിക്കാനും വർമ്മയുടെ രചനകൾ നൽകിയിട്ടുള്ള സംഭാവന വലുതാണ്‌. ഹിന്ദി സാഹിത്യത്തിൽ ആഗോളമായ ഒരാധുനിക മനസ്‌ ഉദ്ഘാടനം ചെയ്തത്‌ നിർമൽ വർമ്മയാണ്‌.

അഞ്ചു നോവലുകൾ, എട്ടു ചെറുകഥാസമാഹാരങ്ങൾ, ലേഖനങ്ങളും യാത്രക്കുറിപ്പുകളുമായി ഒൻപതു പുസ്തകങ്ങൾ... ഇതൊക്കെ ഹിന്ദിയിലാണ്‌ രചിച്ചതെങ്കിലും, യൂറോപ്യൻ ഉൾപ്പെടെയുള്ള അന്യഭാഷകളിലേക്ക്‌ ഇവ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. 1929 ഏപ്രിൽ മൂന്നിന്‌ സിംലയിലാണ്‌ നിർമൽ വർമ്മയുടെ ജനനം. ബ്രിട്ടീഷ്‌ ഇന്ത്യൻ സർക്കാരിന്റെ പ്രതിരോധ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ എട്ടു മക്കളിൽ അഞ്ചാമനായിരുന്നു. ഡൽഹി സർവകലാശാലയിൽ നിന്ന്‌ ചരിത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം കുറച്ചുകാലം അദ്ധ്യാപകനായി ജോലി നോക്കി. 1950കളുടെ തുടക്കത്തിൽ സെന്റ്‌സ്റ്റീഫൻസ്‌ കോളേജിലെ കുട്ടികളുടെ മാസികയിലാണ്‌ അദ്ദേഹം ആദ്യമായി കഥയെഴുതുന്നത്‌. 1959ൽ ആദ്യ രചനയായ 'പരിന്ദെ' (പറവകൾ) പ്രസിദ്ധീകരിച്ചതോടെ ഹിന്ദി നവകഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായി അദ്ദേഹം അറിയപ്പെട്ടു തുടങ്ങി. ഇത്‌ മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.

ഹിന്ദി സാഹിത്യത്തിലെ നവീനധാരയെ പ്രതിനിധാനം ചെയ്യുന്ന നിർമൽ വർമ്മയുടെ 'കൌവേ ഔർ കാലാപാനി' എന്ന കഥാസമാഹാരം 1985ലെ സാഹിത്യ അക്കാഡമി പുരസ്കാരം നേടിയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ 'മായാദർപ്പൺ' എന്ന കഥയെ ആസ്‌പദമാക്കി കുമാർ സാഹ്‌നി നിർമ്മിച്ച ചലച്ചിത്രത്തിന്‌ 1973ൽ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗത്വമുണ്ടായിരുന്ന അദ്ദേഹം, സോവിയറ്റ്‌ യൂണിയന്റെ ഹംഗേറിയൻ അധിനിവേശത്തിൽ പ്രതിഷേധിച്ച്‌ രാജിവച്ചു. ആധുനിക ഇന്ത്യൻ സാമൂഹികഘടനയിലെ സങ്കീർണ്ണതകളാണ്‌ അദ്ദേഹത്തിന്റെ രചനകളുടെ മുഖ്യധാര. കൂട്ടകുടുംബ വ്യവസ്ഥിതിയുടെ തകർച്ച, വ്യാവസായവത്കരണത്തിന്റെയും കുടിയേറ്റത്തിന്റെയും ഫലമായി മനുഷ്യബന്‌ധങ്ങളിൽ ഉണ്ടായ ശൈഥില്യം മാറുന്ന സദാചാരമൂല്യങ്ങൾ എന്നിവയാണ്‌ ഭാവതീവ്രമായി അദ്ദേഹം കോറിയിട്ടത്‌.

20-ാ‍ം നൂറ്റാണ്ടിലെ 'ഇൻഡിക്‌ ആർട്ടിനെ'ക്കുറിച്ചുള്ള പഠനമായ 'കാൽ കാ ജോഖിമ' സ്വന്തം ജീവിത്തിലെ പിന്നിട്ട പാതകളുടെ നൊമ്പരങ്ങൾ കുറിക്കുന്നു. അതുപോലെ ഹിന്ദി സാഹിത്യത്തിലെ ചലനങ്ങളെക്കുറിച്ചെഴുതിയ 'ദുണ്ട്‌ ദേ ഉത്താഥി ദൂൻ' ഇവ രണ്ടുമാണ്‌ അദ്ദേഹത്തിന്റെ കഥേതര രചനകളിൽ പ്രധാനം. തീൻ ഏകാന്ത്‌ എന്നൊരു നാടകവും വർമ്മ രചിച്ചിട്ടുണ്ട്‌.

'ഭാരത്‌ ഔർ യൂറോപ്പ്‌ : പ്രതിശ്രുതി കേ ക്ഷേത്ര' എന്ന പുസ്തകത്തിന്‌ ജ്ഞാനപീഠ മൂർത്തീദേവി പുരസ്കാരം ലഭിച്ചു. 1999ൽ ജ്ഞാനപീഠ പുരസ്കാരം നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു.
മനുഷ്യന്റെ ആന്തരിക ലോകത്തിന്റെ സ്‌പന്ദനങ്ങൾ പിടിച്ചെടുത്ത ഈ സാഹിത്യകാരന്റെ സംഭാവനകൾ ഹിന്ദി സാഹിത്യചക്രവാളത്തിലെ സൂര്യശോഭയാണ്‌.

കടപ്പാട്‌ : കേരളകൌമുദി ഓൺലൈൻ

ഒരു വാക്കും വിനയും

ഒരു വാക്കും വിനയും
ഡി. ദയാനന്ദൻ
(പുരാരേഖാ ഗവേഷകൻ സെൻട്രൽ ആർക്കൈവ്‌സ്‌, ഫോർട്ട്‌, തിരുവനന്തപുരം)

നൂറ്റിയിരുപത്തേഴ്‌ സംസ്ഥാനങ്ങൾ അടക്കിഭരിച്ചിരുന്ന രാജാവാണ്‌ അഹശ്വേരോശ്‌. 'ശൂശൻ' ആയിരുന്നു അദ്ദേഹത്തിന്റെ രാജധാനി.
മഹാപ്രതാപിയായ അഹശ്വേരോശ്‌ തന്റെ സ്ഥാനാരോഹണത്തിന്റെ മൂന്നാംവാർഷികം ആഘോഷിക്കാൻ തീരുമാനിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി തന്റെ അധികാരത്തിൻ കീഴിലുള്ള പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു സത്കാരവും അദ്ദേഹം ഏർപ്പെടുത്തി. ആഘോഷപരിപാടികൾ നൂറ്റിയെൺപതു ദിവസം നീണ്ടുനിന്നു!
രാജകീയ സത്കാരത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു വീഞ്ഞ്‌. രാജാക്കന്മാരും പ്രഭുക്കന്മാരും ധാരാളം വീഞ്ഞ്‌ കഴിച്ചു. സ്‌ത്രീകൾക്കു വേണ്ടി മാത്രമായി വസ്ഥി രാജ്ഞിയും ഒരു സത്കാരം സംഘടിപ്പിച്ചിരുന്നു.
കണക്കിലേറെ വീഞ്ഞുകുടിച്ച്‌ ലക്കുകെട്ടപ്പോൾ രാജാവിന്‌ ഒരു ആഗ്രഹം- തന്റെ ഭാര്യയായ വസ്ഥിയുടെ സൌന്ദര്യം എല്ലാവരെയും കാണിക്കണം! അദ്ദേഹം അന്ത:പുരത്തിലെ ഏഴു ഷണ്‌ഡന്മാരെ വിളിച്ച്‌, രാജ്ഞിയെ കിരീടം ധരിപ്പിച്ച്‌ രാജസന്നിധിയിലേക്ക്‌ ആനയിക്കാൻ ആജ്ഞ നൽകി.
സുന്ദരിയായ രാജ്ഞിക്ക്‌ അതത്ര രസിച്ചില്ല. തന്റെ സൌന്ദര്യം അന്യപുരുഷന്മാർക്കു മുന്നിൽ പ്രദർശിപ്പിക്കേണ്ടതല്ലെന്നായിരുന്നു അവരുടെ മനോഭാവം. അതുകൊണ്ട്‌ വസ്ഥിരാജ്ഞി രാജസന്നിധിയിലേക്കു പോയില്ല.
രാജ്ഞിയുടെ ധിക്കാരം അഹശ്വേരോശിന്‌ ഇഷ്‌ടപ്പെടുമോ? രാജകല്‌പന നിരസിച്ച വസ്ഥിക്ക്‌ എന്തു ശിക്ഷ നൽകണമെന്ന്‌ അദ്ദേഹം തന്നോടൊപ്പമുണ്ടായിരുന്ന ഏഴു പ്രഭുക്കന്മാരോട്‌ ആരാഞ്ഞു.
പെട്ടെന്നൊരു മറുപടി പറയാൻ അവർക്കു കഴിഞ്ഞില്ല. പക്ഷേ, മെമുഖാൻ എന്ന പ്രഭു എഴുന്നേറ്റുനിന്ന്‌ ഇപ്രകാരം പറഞ്ഞു:
"വസ്ഥിരാജ്ഞി അങ്ങയോടു മാത്രമല്ല, ക്ഷണിക്കപ്പെട്ട്‌ എത്തിയ എല്ലാ പ്രഭുക്കന്മാരോടും അന്യായം ചെയ്‌തിരിക്കുന്നു. രാജ്ഞിയുടെ ഈ പ്രവൃത്തി സകല സ്‌ത്രീകളും അറിയും. വസ്ഥിരാജ്ഞി ഭർത്താവിനെ അനുസരിക്കുന്നില്ലല്ലോ എന്ന ന്യായം പറഞ്ഞ്‌ അവരെല്ലാം സ്വന്തം ഭർത്താക്കന്മാരെ ധിക്കരിക്കും.
അതുകൊണ്ട്‌, ഇനിയൊരിക്കലും വസ്ഥിരാജ്ഞി അഹശ്വേരോശിന്റെ സന്നിധിയിൽ വരരുതെന്ന്‌ കല്‌പന പുറപ്പെടുവിക്കണം. കല്‌പന മാറ്റിക്കൂടാത്തവണ്ണം എല്ലാ സംസ്ഥാനങ്ങളിലും എഴുതിയറിയിക്കുകയും വേണം. അതും പോരാ, വസ്ഥിയേക്കാൾ അനുസരണശീലമുള്ള ഒരുവൾക്ക്‌ രാജ്ഞിസ്ഥാനം കൊടുക്കണം! അങ്ങയുടെ വിധി എല്ലായിടത്തും പരസ്യമാകുമ്പോൾ സകല ഭാര്യമാരും അവരവരുടെ ഭർത്താക്കന്മാരെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യും."
മെമുഖാന്റെ നിർദ്ദേശം രാജാവിനും പ്രഭുക്കന്മാർക്കും നന്നേ ബോധിച്ചു. താമസമുണ്ടായില്ല, വസ്ഥി രാജ്ഞിക്ക്‌ സ്ഥാനം നഷ്‌ടമായി.
മദ്യത്തിന്റെ ലഹരി വിട്ടുമാറിയപ്പോഴാണ്‌ താൻ ചെയ്‌ത പ്രവൃത്തിയെക്കുറിച്ച്‌ അഹശ്വേരോശിന്‌ വീണ്ടുവിചാരമുണ്ടായത്‌. വസ്ഥിയോടു കാണിച്ചത്‌ ക്രൂരതയായിപ്പോയി എന്ന്‌ അദ്ദേഹത്തിനു തോന്നി. പക്ഷേ, പറഞ്ഞിട്ടെന്തു ഫലം? തന്റെ കല്‌പന മാറ്റിക്കൂടാത്തതാണെന്ന്‌ എഴുതി ഒപ്പുവയ്ക്കുകയും, എല്ലാ സംസ്ഥാനങ്ങളിലും അറിയിക്കുകയും ചെയ്‌തുകഴിഞ്ഞല്ലോ!
രാജാവിന്‌ കുറ്റബോധമായി. വസ്ഥിയെപ്പറ്റിത്തന്നെ ചിന്തിച്ച്‌ രാജ്യകാര്യങ്ങളിൽ താത്‌പര്യമില്ലാതായിത്തീർന്ന അദ്ദേഹത്തോട്‌ സേവകന്മാർ ഉണർത്തിച്ചു:
"മഹാരാജൻ, ഇങ്ങനെ ദു:ഖിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ? രാജ്ഞിയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്‌. സുന്ദരികളായ കന്യകമാർക്കു വേണ്ടി എല്ലായിടത്തും അന്വേഷണത്തിന്‌ ആളെ വിടുക. അവർ കണ്ടെത്തുന്ന കന്യകമാരെ അന്ത:പുര വിചാരിപ്പുകാരനായ ഹേഗാവിയുടെ സംരക്ഷണയിലാക്കുക. എന്നിട്ട്‌, ആ കന്യകമാരിൽ നിന്ന്‌ യോഗ്യയായ ഒരുവളെ തിരഞ്ഞെടുക്കാമല്ലോ."
രാജാവിന്‌ ആ അഭിപ്രായം സ്വീകാര്യമായി തോന്നി. എല്ലാ സംസ്ഥാനങ്ങളിലേക്കും അന്നുതന്നെ അന്വേഷണസംഘം പുറപ്പെട്ടു. പുതിയ രാജ്ഞിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചടങ്ങുകൾ ഇപ്രകാരമായിരുന്നു:
വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ അന്വേഷകർ കണ്ടെത്തുന്ന കന്യകമാരെ അന്ത:പുരത്തിൽ താമസിപ്പിക്കും. ഒരു വർഷം നീളുന്ന ശുദ്ധീകരണ കർമ്മങ്ങൾക്കു ശേഷം ഓരോരുത്തരായി രാജസന്നിധിയിലേക്കു ചെല്ലണം. അന്ത:പുരത്തിൽ നിന്ന്‌ രാജധാനി വരെ തന്നോടൊപ്പം കൊണ്ടുപോകാൻ അവൾ എന്തെല്ലാം ചോദിക്കുന്നുവോ, അതെല്ലാം നൽകും.
ഒരു സന്‌ധ്യയ്ക്ക്‌ ഒരു സ്‌ത്രീ എന്ന കണക്കിനു വേണം രാജാവിനെ കാണാൻ പോകാൻ. പ്രഭാതത്തിൽ മടങ്ങിയെത്തുകയും വേണം. ഏതെങ്കിലും കന്യകയോട്‌ രാജാവിന്‌ ഇഷ്‌ടം തോന്നി, അദ്ദേഹം പേരുപറഞ്ഞു വിളിച്ചാലല്ലാതെ അവൾ പിന്നീട്‌ തിരുമുമ്പിൽപോകാൻ പാടില്ല!
രാജാവിന്റെ ഭാര്യാപദം കൊതിച്ച്‌ ധാരാളം കന്യകമാർ ഹേഗായിയുടെ സംരക്ഷണയിൽ കഴിഞ്ഞുകൂടി.
രാജാവിന്റെ സേവകനായി മൊർദ്ദെഖായി എന്നു പേരുള്ള ഒരു യഹൂദൻ ഉണ്ടായിരുന്നു. അയാളുടെ ചിറ്റപ്പന്റെ മകളായിരുന്നു സുന്ദരിയായ എസ്‌തേർ. അച്ഛനമ്മമാരില്ലാത്തതുകൊണ്ട്‌ എസ്‌തേറിനെ അയാൾ സ്വന്തം മകളെപ്പോലെ വളർത്തി.
കന്യകമാരെ അന്വേഷിച്ചുകൊണ്ടുള്ള രാജാവിന്റെ വിജ്ഞാപനത്തെക്കുറിച്ച്‌ അറിഞ്ഞപ്പോൾ, എസ്‌തേറിനെ എന്തുകൊണ്ട്‌ രാജസന്നിധിയിലേക്ക്‌ അയച്ചുകൂടാ എന്ന്‌ മൊർദ്ദെഖായിക്കു തോന്നി. എസ്‌തേറിനോട്‌ ചോദിച്ചപ്പോൾ അവൾക്കും അത്‌ സമ്മതമായിരുന്നു. അങ്ങനെ രാജ്ഞിപദം കൊതിച്ചുവന്ന യുവതികളുടെ കൂട്ടത്തിൽ എസ്‌തേറും സ്ഥാനംപിടിച്ചു.
രാജസന്നിധിയിലേക്ക്‌ ആനയിക്കപ്പെടുന്ന സ്‌ത്രീകൾ അവർക്കിഷ്‌ടപ്പെട്ട സൌന്ദര്യവർദ്ധക സാധനങ്ങളെല്ലാം ചോദിച്ചു വാങ്ങിയിരുന്നു. എസ്‌തേറിന്റെ ഊഴമെത്തിയപ്പോൾ അവൾ ഒന്നും ആവശ്യപ്പെട്ടില്ല. സ്വർല്ലോകസുന്ദരിയായ അവൾക്ക്‌ അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. മറ്റെന്തെങ്കിലും ചോദിച്ചുവാങ്ങാൻ തക്ക അത്യാഗ്രഹം അവൾക്കുണ്ടായിരുന്നുമില്ല.
എസ്‌തേറിനെ കണ്ടമാത്രയിൽത്തന്നെ രാജാവിന്‌ അവളെ വല്ലാതെ ഇഷ്‌ടപ്പെട്ടു. തന്റെ രാജ്ഞിയായിരിക്കാൻ അവൾ സർവ്വഥാ യോഗ്യയാണെന്ന്‌ രാജാവിനു തോന്നി. അദ്ദേഹം തന്റെ കിരീടം ഊരിയെടുത്ത്‌ എസ്‌തേറിന്റെ ശിരസ്സിൽ ചൂടിച്ചു. അങ്ങനെ അവൾ രാജ്ഞിയായി!
എസ്‌തേറിനെ രാജസന്നിധിയിലേക്ക്‌ ആനയിക്കുന്നതിനു മുമ്പ്‌ മൊർദ്ദെഖായി അവളോട്‌ ഒരു കാര്യം പറഞ്ഞിരുന്നു- ഒരിക്കലും ജാതി വെളിപ്പെടുത്തരുത്‌! എസ്‌തേർ അത്‌ അതേപടി അനുസരിച്ചു.
രാജ്ഞിയായതിനു ശേഷവും മൊർദ്ദെഖായി പറയുന്ന കാര്യങ്ങളെല്ലാം എസ്‌തേർ അക്ഷരംപ്രതി അനുസരിച്ചിരുന്നു. എങ്കിലും അവർ തമ്മിലുള്ള ബന്‌ധം ആരും അറിഞ്ഞിരുന്നില്ല.
ആയിടയ്ക്ക്‌, കൊട്ടാരം കാവൽക്കാരായ രണ്ടു ഷണ്‌ഡന്മാർ അഹശ്വേരോശ്‌ രാജാവിനെ കയ്യേറ്റം ചെയ്യാൻ ഒരു ഗൂഢപദ്ധതി തയ്യാറാക്കി. മൊർദ്ദെഖായി ഇക്കാര്യം മണത്തറിഞ്ഞ്‌ എസ്‌തേറിനെ അറിയിച്ചു. എസ്‌തേർ അപ്പോൾത്തന്നെ, മൊർദ്ദെഖായിയിൽനിന്നു കിട്ടിയ രഹസ്യമാണെന്നു പറഞ്ഞ്‌ അക്കാര്യം രാജാവിനെ അറിയിക്കുകയും ചെയ്‌തു. നിജസ്ഥിതി അറിയാൻ രാജാവ്‌ അന്വേഷണം നടത്തി. ഷണ്‌ഡന്മാരെ വിളിച്ച്‌ ചോദ്യംചെയ്‌തപ്പോൾ മൊർദ്ദെഖായി പറഞ്ഞത്‌ സത്യമാണെന്നു മനസ്സിലായി.
രാജാവ്‌ അപ്പോൾത്തന്നെ രണ്ടു ഷണ്‌ഡന്മാരെയും തൂക്കിലേറ്റാൻ ഉത്തരവു പുറപ്പെടുവിച്ചു. മൊർദ്ദെഖായിക്ക്‌ പാരിതോഷികമായി ഒന്നും കൊടുത്തതുമില്ല.
രാജാവിനെ സേവിച്ചു നിൽക്കുന്ന പ്രഭുക്കന്മാരിൽ ഒരാളായിരുന്നു ഹാമാൻ. തന്ത്രശാലിയായ ഹാമാൻ രാജാവിന്റെ പ്രീതി പിടിച്ചുപറ്റാൻ പലവിധത്തിൽ ശ്രമിച്ചിരുന്നു. അക്കാര്യത്തിൽ അയാൾ ഏറക്കുറെ വിജയിക്കുകയും ചെയ്‌തു. ഹാമാൻ രാജാവിന്‌ ഏറ്റവും പ്രിയപ്പെട്ടവനായി മാറുകയും കൊട്ടാരത്തിൽ ഒരു ഉന്നതപദവി നേടിയെടുക്കുകയും ചെയ്‌തു. അങ്ങനെ മറ്റു പ്രഭുക്കന്മാരുടെയെല്ലാം മുകളിലായി, ഹാമാന്റെ സ്ഥാനം.
ഹാമാനെ എല്ലാവരും കുമ്പിട്ടു നമസ്‌രിക്കണമെന്ന്‌ രാജാവ്‌ ചട്ടം പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. രാജഭൃത്യന്മാരെല്ലാം ഇത്‌ അക്ഷരംപ്രതി അനുസരിച്ചെങ്കിലും മൊർദ്ദെഖായി മാത്രം ഹാമാനെ വണങ്ങാൻ കൂട്ടാക്കിയില്ല. ഭൃത്യന്മാരെല്ലാം അതു ശ്രദ്ധിച്ചു. അവർ എത്ര നിർബന്‌ധിച്ചു പറഞ്ഞിട്ടും മൊർദ്ദെഖായി വഴങ്ങിയില്ല. ഒടുവിൽ വിവരം ഹാമാന്റെ ചെവിയിലുമെത്തി.
മൊർദ്ദെഖായിയെ എങ്ങനെയെങ്കിലും നശിപ്പിക്കുന്നതുകൊണ്ടു മാത്രം അടങ്ങുന്നതായിരുന്നില്ല ഹാമാന്റെ കോപം. മൊർദ്ദെഖായിയുടെ ജാതിക്കാരെ മുഴുവൻ നശിപ്പിക്കണമെന്നുതന്നെ അയാൾ തീരുമാനിച്ചു! മൊർദ്ദെഖായി യഹൂദനാണെന്ന കാര്യം അയാൾക്ക്‌ അറിയാമായിരുന്നു. അഹശ്വേരോശിന്റെ രാജ്യത്തുള്ള സകല യഹൂദരെയും കൊന്നൊടുക്കാൻ അയാൾ അവസരം പാർത്തിരുന്നു.
ഒരുദിവസം അഹശ്വേരോശും ഹാമാനും സംസാരിച്ചിരിക്കുന്നതിനിടെ ഹാമാൻ പറഞ്ഞു:
"അല്ലയോ മഹാരാജാവേ, അങ്ങയുടെ രാജ്യത്തെ പല ജാതികൾക്കിടയിൽ ഒരു ജാതി മാത്രം വേറിട്ടുനിൽക്കുന്നു. അവരുടെ ന്യായപ്രമാണങ്ങൾ മറ്റു ജാതികളുടേതിൽ നിന്ന്‌ വ്യത്യസ്‌തമാണ്‌. രാജാവായ അങ്ങയുടെ പ്രമാണങ്ങൾ അവർ അനുസരിക്കുന്നുമില്ല. അവരെ അങ്ങനെ വിടുന്നത്‌ യോഗ്യമല്ലല്ലോ. അതുകൊണ്ട്‌ അങ്ങയ്ക്കു സമ്മതമാണെങ്കിൽ അവരെ നശിപ്പിക്കാനുള്ള സന്ദേശം പുറപ്പെടുവിക്കണം. അങ്ങനെയെങ്കിൽ കൊട്ടാരം ഖജനാവിലേക്ക്‌ ഞാൻ പതിനായിരം താലത്ത്‌ വെള്ളി സംഭാവന നൽകാം."
ഹാമാൻ ഒരുകാര്യം പറഞ്ഞാൽ അതിനെപ്പറ്റി കൂടുതൽ ചിന്തിക്കുന്ന പതിവ്‌ അഹശ്വേരോശിന്‌ ഇല്ലായിരുന്നു. അതുകൊണ്ട്‌ ഹാമാന്റെ വാക്കുകൾ കേട്ടയുടൻ രാജാവ്‌ തന്റെ മോതിരം ഊരി ഹാമാനു കൊടുത്തിട്ട്‌ പറഞ്ഞു:
"ഞാൻ ആ ജാതിയെ നിനക്ക്‌ ദാനം ചെയ്യുന്നു. നിന്റെ ഇഷ്‌ടംപോലെ ചെയ്‌തുകൊള്ളുക!"
രാജാവിന്റെ സമ്മതം കിട്ടിയപ്പോൾ ഹാമാനുണ്ടായ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. അയാൾ കൊട്ടാരം ഉദ്യോഗസ്ഥരെ വിളിച്ച്‌ യഹൂദരെ ഒന്നടങ്കം നശിപ്പിക്കാൻ പോകുന്ന വിവരം രാജാവിന്റെ പേരിലെഴുതി, രാജാവിന്റെ മോതിരംകൊണ്ട്‌ മുദ്രവയ്‌പിച്ച്‌ ഓരോ സംസ്ഥാനത്തേക്കും അയച്ചു. പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി കുഞ്ഞുകുട്ടികളടക്കം സകല യഹൂദരെയും കൊന്നൊടുക്കി അവരുടെ മുതൽ കൊള്ളയടിക്കുമെന്നായിരുന്നു കല്‌പന!
അതിനുവേണ്ടി കാത്തിരിക്കാനുള്ള ആഹ്വാനവും അതിലുണ്ടായിരുന്നു. കല്‌പനയുടെ പകർപ്പ്‌ രാജധാനിയിലും പ്രദർശിപ്പിച്ചു. വിവരമറിഞ്ഞ മൊർദ്ദെഖായി സ്‌തംഭിച്ചുനിന്നുപോയി. രാജ്ഞിയായ എസ്‌തേർ യഹൂദവംശജയാണെന്ന കാര്യം രാജാവിന്‌ അറിയില്ലല്ലോ!

കടപ്പാട്‌: കേരളകൌമുദി ഓൺലൈൻ

നമ്മൾ നടന്നു കൊണ്ടിരിക്കുകയാണ്‌

നമ്മൾ നടന്നു കൊണ്ടിരിക്കുകയാണ്‌
ഡി. വിനയചന്ദ്രൻ

പാറ്റ്‌നയിൽ തീവണ്ടിയിറങ്ങുമ്പോൾ വേപ്പിൻ തണ്ടുകൾ വിൽക്കുന്നവരുടെ തിരക്ക്‌. പിന്നെ പണ്ടകളുടെ ഏജന്റുമാരായ കുതിരവണ്ടിക്കാരുടെയും റിക്ഷാക്കാരുടെയും തിരക്ക്‌. ആറ്റുകടവിലേക്കു നടന്നു. പുണ്യപുരാതനമായ ഫാൽഗുനദി ഉണങ്ങി വരണ്ടു തീട്ടക്കണ്ടമായി കിടക്കുന്നു. ശാപത്തിന്റെ അടയാളംപോലെ, കറുത്തുനീലിച്ച ഒരു അഴുക്കുചാൽ നാട മണലിനു നടുവിലുണ്ട്‌. ഒരു വലിയ സ്വപ്‌നഭംഗത്തിന്റെ ക്ഷീണവുമായി കിഴക്കൻ ആകാശച്ചരിവിനെ നോക്കി കുറച്ചവിടെ നിന്നു. മണിയനീച്ചപോലെ ബലികർമ്മം ചെയ്യാൻ ബലാൽക്കാരമായി പൊതിയുന്ന പണ്ടകൾ. അവരെ ഒഴിവാക്കി പുഴയുടെ നടക്കു തെളിനീരിനുവേണ്ടി ചാലുകീറുന്ന തൊഴിലാളികളുടെ അടുത്തേയ്ക്കു ചെന്നു. അഴുക്കുവെള്ളം ഉപയോഗിക്കാനായിരിക്കും ചെന്നതെന്നു കരുതി വെള്ളത്തിനു ഒരു രൂപ കൂലി ആവശ്യപ്പെട്ടു.
"ഫൽഗുനദി നിങ്ങളുടെ കുടുംബസ്വത്താണോ?"
എനിക്ക്‌ ദേഷ്യം വന്നു.
"ഞങ്ങൾ ബംഗാളിൽനിന്നും ബീഹാറിൽനിന്നും വരുന്ന പണക്കാരല്ല. സാധാരണ യാത്രികരാണ്‌. ഞാൻ അങ്ങു തെക്കേയറ്റത്തുള്ള കേരളത്തിൽ നിന്നാണു വരുന്നത്‌."
തൊഴിലാളികളുടെ മട്ടുമാറി.
"ഞങ്ങൾ പാവങ്ങളായതുകൊണ്ടുമാത്രം കാശു ചോദിച്ചതാണ്‌. പണ്ടകളല്ല."
കിണറു വെട്ടുവാൻ തമിഴ്‌നാട്ടിൽ നിന്നു വരുന്ന തൊഴിലാളികൾ ഉപയോഗിക്കുന്ന മൺവെട്ടികളേക്കാൾ നീണ്ട ഒരുതരം മൺവെട്ടി, എട്ടുപത്തുപേർ ഒരുമിച്ചു പിടിച്ചു മണ്ണുമാന്തുകയാണ്‌. ഞാൻ അവരുടെ കൂടെ ചേർന്നു. ഏകദേശം രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ മണ്ണിനിടയിൽനിന്ന്‌ കാരുണ്യംപോലെ തെളിനീർ പ്രത്യക്ഷപ്പെട്ടു. എന്റെ കൈയിലുണ്ടായിരുന്ന വറ്റലും എള്ളുണ്ടയും ഞാൻ അവർക്ക്‌ കൊടുത്തു. അവർ കട്ടൻചായ ഇട്ടുതന്നു. ഗ്രാമക്കഥകൾ പറയാൻ തുടങ്ങി.
വേദികളിൽ ഭക്തികച്ചവടം ചെയ്യുന്ന പണ്ടകൾ. പ്രശസ്‌തിക്കും പരസ്യത്തിനും വേണ്ടിയല്ലാതെ വിയർപ്പൊഴുക്കി നദിയെ പുനർജ്ജനിപ്പിക്കുന്ന വേലക്കാർ. നമ്മുടെ ഒട്ടുമിക്ക സാംസ്ക്കാരിക പ്രവർത്തനങ്ങളും പ്രഹസനങ്ങളാകുമ്പോൾ ജനസാമാന്യം ആരുടെയും പ്രീതിക്കും പുരസ്ക്കാരത്തിനും വേണ്ടിയല്ലാതെ പ്രയത്‌നിക്കുന്നു. അവരോടൊപ്പം അല്‌പനേരം മൺവെട്ടി പിടിച്ചപ്പോൾ ഒരു മഹാചരിത്രത്തിന്റെ ഭാഗമായതുപോലെ എനിക്കു തോന്നി. ഞാൻ പണ്ടേ എഴുതിയ 'ചരിത്രം', 'മൂർത്തി', 'കോലങ്ങൾ' എന്നീ കവിതകളിലെ കൊല്ലന്റെയും കുശവന്റെയും പാണന്റെയും വർഗ്‌ഗത്തിൽപ്പെട്ടവരാണ്‌ ആ പണിയാളർ.
ഈ ഫാൽഗുവിന്റെ തീരത്താണ്‌ പ്രവാസകാലത്ത്‌ ജാനകിയും രാമലക്ഷ്‌മണന്മാരും ദശരഥനു വേണ്ടി ബലിയിട്ടത്‌. കഠിനക്കായ ക്‌ളേശത്താൽ വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയ സിദ്ധാർത്ഥനു പിടിച്ചു കയറാൻ മഹാവൃക്ഷം ചില്ലകൾ നീട്ടിക്കൊടുത്തത്‌. തളർന്നു കരയ്ക്കെത്തിയ സിദ്ധാർത്ഥനു കഞ്ഞിവെള്ളം നൽകിയ സുജാത. ആട്ടിൻപാലു നൽകിയ ഇടയൻ. മധ്യവർഗ്‌ഗത്തെപ്പറ്റി സിദ്ധാർത്ഥനു ബോധോദയം നൽകിയ നാടോടി നർത്തകരും ഗായകരും. ഉണങ്ങിവരണ്ടു കിടന്ന നിരഞ്ജനയിൽ ഉണർന്നു വന്ന ജലസ്രോതസ്സ്‌ ഇപ്പോഴും എന്റെ ഉള്ളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു- മൈത്രി, മുദിത, കരുണ.
മായ
കാശിയിലെ ശവഗലിയും സതിയുടെ ചിതയുടെ തുടർച്ചയായി എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന ചിതകളും പുണ്യപാവനയായ ജാഹ്‌നവിയിലേക്കൊഴുകുന്ന ശവങ്ങളും. ഭയപ്പെടുത്തി, അക്കരെ നിരന്നിരിക്കുന്ന കഴുകന്മാർ. കലമ്പുന്ന വായസങ്ങളും ശ്വാക്കളും. ചട്ടമ്പികളായ പണ്ടകൾ. സ്‌മൃതിയിൽ ശ്രുതിയിട്ടു വരുന്ന കബീറിന്റെ വാക്കുകൾ. ഗംഗയുടെ ജീവനസംഗീതത്തിനനുപല്ലവിയായി മുഴങ്ങുന്ന വിദ്വൽസംഗീതധാരകൾ.
അവിടംവിട്ട്‌ ബുദ്ധവിഹാരമായ സാരനാഥിൽ എത്തുമ്പോൾ മൂകഗംഭീരമായ പുൽപ്പരപ്പ്‌. ബുദ്ധഗയയിലെ ആലിൽനിന്നു ശ്രീലങ്കയിൽ കൊണ്ടുപോയി വളർത്തിയ അശ്വത്ഥത്തിൽനിന്നു പിന്നെ സാരനാഥിൽ കൊണ്ടുവന്ന പിടിപ്പിച്ച അരയാൽ മൃഗതൃഷ്‌ണയുടെ നടുക്കു ബുദ്ധധർമ്മം പോലെ. ഓങ്കാരവും ശരണത്രയവും മനസ്സിൽ മുഴങ്ങി. ഇടവിട്ട്‌ വിഹാരത്തിലെ മണിമുഴക്കങ്ങൾ. ധർമ്മത്തിന്റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ജീവിതം. പൊടുന്നനെ ഒരു ടിബറ്റൻ സുന്ദരി എന്റെ മുന്നിലൂടെ. ശിഥില സമാധിയായ എന്നെ കാന്തം ഇരുമ്പെന്ന പോലെ അവൾ പിറകേ വലിച്ചുകൊണ്ടുപോയി. ഈ ദിവ്യലാവണ്യം ബുദ്ധനെ നേരിട്ട മാരന്റെ അവതാരമാണോ? ബോധിസത്വ പ്രഭാവവും മായാ മരീചികയും ഒപ്പത്തിനൊപ്പം എന്നെ അഭിമിഖീകരിക്കുകയാണോ? അവളുടെ കൈയിൽ ഞാൻ എന്തിനാണ്‌ ഉമ്മ വച്ചത്‌? അവൾ എന്നെ മാറോടു ചേർത്തുപിടിച്ചതെന്തിനാണ്‌? പ്രഭാപരിവേഷം നിറഞ്ഞ വനദേവതമാരുടെ ഒരു ആവാസ മധുരിമയിൽ നിന്നെന്നപോലെ ഞാനെപ്പോഴാണ്‌ പുറത്തുവന്ന്‌ നലാന്റയിൽ പോകാൻ വണ്ടികയറിയത്‌? അന്നു ഞാൻ കണ്ട പെണ്ണിന്റെ അതേ ഗാത്രശോഭയുള്ള ഒരു വനിതാസാന്നിദ്ധ്യം ഡൽഹിയിൽ ദലൈലാമ പ്രസംഗിക്കുന്നതിന്റെ മുൻവരിയിൽ പിന്നെ കണ്ടു. ഞാൻ ബുദ്ധനെ, നാഗാർജ്ജനനെ, അശ്വഘോഷനെ ഓർത്തോർത്ത്‌ ദു:ഖനിവാരണ പഥങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു.


ഉന്നതങ്ങളിലെ മാനസപുഷ്‌പങ്ങൾ
ഹരിദ്വാരിൽ നിന്നേ ഞാൻ ആളുകളോട്‌ ആരായുന്നുണ്ടായിരുന്നു.
"ഈ സീസണിൽ തപോവനത്തിലേക്കു പോകാൻ പറ്റുമോ?"
വിഷമമാണെന്ന്‌ എല്ലാവരും പ്രതിവചിച്ചു. ഇടയ്ക്കിടയ്ക്കു മഴയുണ്ട്‌. ചെറുചെറു ഭൂകമ്പങ്ങൾ. മണ്ണിടിച്ചിൽ.
ഉത്തരകാശിയിൽ എത്തിയപ്പോൾ ഞാൻ അല്‌പം മുമ്പേ നടന്നു. ഒറ്റക്കാടുപോലെ പടർന്നു പന്തലിച്ചുനിൽക്കുന്ന ചെമ്പകത്തിന്റെ പീഠത്തിൽ ഒരു സിദ്ധൻ ഇരിക്കുന്നു. ദേവീക്ഷേത്രത്തിൽ തൊഴാൻ വരുന്നവരൊക്കെ അദ്ദേഹത്തെ വന്ദിക്കുന്നു. അദ്ദേഹത്തിനു ദക്ഷിണ നൽകുന്നു. ഞാൻ അവിടെ എത്തി ദക്ഷിണ നൽകാൻ മുതിർന്നപ്പോൾ വേണ്ടെന്നു പറഞ്ഞു. എന്നോടു ഇരിക്കാൻ ആംഗ്യം കാണിച്ചു. എനിക്ക്‌ പഴവും ചെമ്പകത്തിന്റെ പൂമൊട്ടും തന്നു. ഞങ്ങൾ വർത്തമാനം തുടങ്ങി. കുഞ്ഞുനാളിൽ ഗംഗാമാതാവിനെ സ്വപ്‌നം കണ്ട്‌ വടക്കേ ഇന്ത്യയിലെ സ്വന്തം വാടിവിട്ട്‌ ഇവിടെ എത്തിയതാണ്‌. പുരാണപ്രസിദ്ധമായ ലാക്ഷാഗൃഹം തൊട്ടപ്പുറത്തായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. പുണ്യപൂമാന്റെ നാമം കേദാരഭാരതി! വ്യാസൻ, ഭാസൻ, ഭവഭൂതി എന്നൊക്കെ പറയുംപോലെ. എല്ലാവഴിയും സമർഖണ്‌ഡിലേക്കെന്ന ചൊല്ലുപോലെ എല്ലാ മാർഗ്‌ഗങ്ങളും കേദാരനാഥിലേക്കെന്ന നാടൻ പാട്ടുമുണ്ട്‌. ഞാൻ അറച്ചറച്ച്‌ അദ്ദേഹത്തോടു ചോദിച്ചു.
"തപോവനത്തിലേക്കു പോകാൻ പറ്റുമോ?"
ഒട്ടും ധൃതിയില്ലാതെ എന്നാൽ പൂർണ്ണവിശ്വാസത്തിൽ ദൃഢമായി അദ്ദേഹം പറഞ്ഞു.
"പറ്റും. പതുക്കെപ്പതുക്കെ."
ആ യാത്രയിൽ തപോവനത്തിൽ പോകാൻ പറ്റുമെന്നു പറഞ്ഞ ഒരേയൊരാൾ.
രണ്ടാംനാൾ ഗംഗോത്രിയിൽനിന്ന്‌ പന്തീരായിരം അടിയുള്ള ഒറ്റയടിപ്പാതയിലൂടെ ഗോമുഖിലേക്കു വേച്ചുവേച്ചു നടക്കുകയാണ്‌. പർവ്വതയാനത്തിന്റെ അനുക്ഷണവികസ്വരമായ മഹാനാടകവും മൌനനിറവും അനുഭവിച്ചുകൊണ്ട്‌. അപ്പോഴതാ ഒരു യുവസന്യാസി എതിരേ വരുന്നു. എന്റെ അടുത്തെത്തി ചോദിക്കുന്നു.
"വിനയചന്ദ്രൻ സാറല്ലേ?"പിന്നെത്തുടരുന്നു. " ഞാൻ വേണുജിയുടെ അനുജനാണ്‌. നെടുമങ്ങാട്ടുകാരൻ. കായികതാരവും ഫോട്ടോഗ്രാഫറുമായിരുന്ന ഞാൻ ഇപ്പോൾ സന്യാസിയാണ്‌. പറക്കുംസ്വാമിയുടെ ആശ്രമത്തിൽ. പേര്‌ ഹരി ഓം ആനന്ദ്‌. പണ്ടില്ലാത്തപോലെ ഇക്കൊല്ലം ഗിരിമുകളിൽ ധാരാളം പൂക്കൾ പ്രത്യക്ഷപ്പെട്ടതായി അറിഞ്ഞു. രണ്ടുകൊല്ലമായി ഇങ്ങോട്ടൊക്ക വന്നിട്ട്‌. പന്തീരായിരം അടി ഉയരം മുതലാണ്‌ ബ്രഹ്‌മസരോജം വിരിയുന്നത്‌."
പൂക്കളുടെ താഴ്‌വരയുടെ ഏതാണ്ടിങ്ങേ വശമായ ആ ഗോമുഖപഥത്തിലെ ഈ അഭിമുഖം എന്റെ മനസ്സിൽ ഒരു ദേവവസന്തം സൃഷ്‌ടിച്ചു. ഇടയ്ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകുമെങ്കിലും തപോവനത്തിൽ എത്തിച്ചേരുമെന്ന വിശ്വാസത്തിനു ആക്കം കൂട്ടുന്നതായിരുന്നു ആ കണ്ടുമുട്ടൽ. ഹിമാലയത്തിലെ അധിത്യകകളിൽ ദിവാകരയോഗിയെ കുമാരനാശാൻ നടത്തിച്ചത്‌ ഓർത്തു. ഓർമ്മകൾ വഴിമാറി മനസ്സിൽ പുതിയ പൂക്കൾ വിരിഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ പാദങ്ങൾ ഭാഗീരഥിയുടെ മുകൾതട്ടിലൂടെ ഗോമുഖിലേക്കു നീങ്ങിക്കൊണ്ടിരുന്നു.


മാനുഷികം
അശോക്‌ വാങ്ങ്‌പേയി ഭാരത്ഭവന്റെ സെക്രട്ടറി ആയിരുന്നപ്പോൾ ഭോപ്പാലിൽ ഞാൻ പലതണ പോയിട്ടുണ്ട്‌. സമ്മേളനത്തിന്റെ തിരക്കിനു മുമ്പു നാടുകാണാൻ കുറച്ചുനേരത്തേ പോകും. അങ്ങനെ ഒരു ഗസ്റ്റ്‌ ഹൌസിൽ താമസിക്കുമ്പോൾ ഭാരത്ഭവനിലെ സ്റ്റുഡിയോ ഉപയോഗിക്കാൻ നാഗ്‌പൂരിൽ നിന്നും എത്തിയ കുറച്ചു ചിത്രകലാവിദ്യാർത്ഥികളെ പരിചയപ്പെടാനിടയായി. അവരും ഞാനും മാത്രമേ ഗസ്റ്റ്‌ ഹൌസിലുള്ളൂ. എനിക്ക്‌ ഭാരത്ഭവന്റെ ഔദ്യോഗിക സന്നാഹങ്ങളുണ്ടെങ്കിലും ഞാൻ അവരുടെ കൂടെ ഭക്ഷണം കഴിക്കണമെന്ന്‌ നിർബന്‌ധമായി. അവർക്ക്‌ മറാഠിയേ അറിയൂ. എനിക്ക്‌ ഹിന്ദിപോലും നല്ല വശമില്ല. 'മേഘ' എന്ന വെളുത്തു കൊലുന്നനേയുള്ള ഒരു പെൺകുട്ടി സ്വയമേ എന്റെ ആളായി. എന്റെ ഭക്ഷണകാര്യങ്ങളൊക്കെ നോക്കാൻ കടപ്പെട്ടവളെപ്പോലെ. വർത്തമാനം കുറവ്‌. നിറഞ്ഞുതെളിയുന്ന ജന്മാന്തരസൌഹൃദം. കൂട്ടുകാർ മേഘയെ എനിക്കു വേണ്ടി ഒരുക്കി നിർത്തിയിരിക്കുന്നതുപോലെ.
മേഘ എന്റെ കൂടെ വീട്ടിൽ വരാൻ ആഗ്രഹിച്ചിരുന്നു. ഞാൻ യാത്ര ചോദിക്കുമ്പോൾ അവളെ മുൻനിർത്തി കൂട്ടുകാർ മൂകരായി. അവളുടെ മിഴികളിൽ പ്രകാശിക്കുന്ന കണ്ണീർ. ആ സ്‌നേഹകാതരത, നിരാലംബമായ വിത്തം ഇപ്പോഴും എന്റെ മനസ്സിലുണ്ട്‌. ദീപ്‌തസൌഹൃദത്തിന്റെ ബാഷ്‌പാവിലമായ ക്ഷണം ഇപ്പോഴും ജീവനോടെ. ദു:ഖം സ്വയം വരിച്ച എന്റെ സഹനങ്ങളിൽ മേഘയുടെ സ്‌മൃതി എപ്പോഴും വിഷാദസ്‌പർശമുള്ള സാന്ത്വനമാകുന്നു.

കടപ്പാട്‌ : കേരളകൌമുദി ഓൺലൈൻ

ഹീറോ സീറോ ആയാൽ

ഹീറോ സീറോ ആയാൽ
കെ സുദർശൻ

ഇന്ന്‌ ജീവിച്ചിരിപ്പുള്ള ഏറ്റവും വലിയ മാനേജുമെന്റ്‌ വിദഗ്ദ്ധനാണ്‌ പീറ്റർ ഡ്രക്കർ. മാനേജുമെന്റിനെക്കുറിച്ച്‌ ആധികാരികമായ ഒരു പുസ്‌തകം രചിക്കാൻ അദ്ദേഹം തീരുമാനിച്ചു.
നമ്മുടെ നാട്ടിൽ പുസ്‌തകം എഴുതാൻ തീരുമാനിച്ചാൽ എപ്പോൾ എഴുതിത്തീർന്നെന്ന്‌ ചോദിച്ചാൽ മതി. ഇവിടത്തെ പല വാഴ്ത്തപ്പെട്ട കൃതികളും വിശേഷാൽപ്രതികളുടെ സീസണിൽ വികാരം നിർബന്‌ധപൂർവ്വം കുത്തിവച്ചു പടച്ചുവിട്ടതാണ്‌.
പക്ഷേ, മറ്റു രാജ്യങ്ങളിൽ അങ്ങനെയല്ല. ഒരു നോവൽ എഴുതണമെന്നിരിക്കട്ടെ. കുറഞ്ഞപക്ഷം രണ്ടു വർഷമെങ്കിലും അതിന്റെ പഠനത്തിനായി അവർ ചെലവഴിക്കും. അതിനായി യാത്രകൾ ചെയ്യും. കഥ നടക്കുന്ന ഭൂപ്രദേശത്തു പോയി കുറേനാൾ ജീവിക്കും. ഓരോ കഥാപാത്രത്തിന്റെയും മിടിപ്പുകൾ നേരിട്ടറിയും. എന്നിട്ടേ എഴുതാനിരിക്കൂ.
അതിന്റെ വ്യത്യാസവും ആ കൃതികളിലുണ്ടാവും.
പീറ്റർ ഡ്രക്കർ മാനേജുമെന്റിനെക്കുറിച്ചാണ്‌ പുസ്‌തകം എഴുതാൻ പോകുന്നത്‌. അതിനുമുമ്പായി അദ്ദേഹം എട്ടു ലോകരാഷ്‌ട്രങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. എന്നിട്ട്‌ ഓരോരോ രാജ്യങ്ങൾ കാണാൻപോയി.
അവസാനം ഇന്ത്യയിലുമെത്തി.
അഹമ്മദാബാദിലെ ഒരു വസ്‌ത്രനിർമ്മാണ ശാലയാണ്‌ അദ്ദേഹം സന്ദർശിക്കാനായി തിരഞ്ഞെടുത്തത്‌. അതിനായി സാങ്കേതികമായ അനുമതിയും വാങ്ങി.
രാവിലെ പത്തുമണിക്കാണ്‌ സന്ദർശനസമയം നൽകിയിരുന്നത്‌. പക്ഷേ, ഡ്രക്കർ ഒൻപത്‌ മണിക്കുതന്നെ സ്ഥലത്തെത്തി.
ഇനിയും ഒരു മണിക്കൂർ ബാക്കിയുണ്ട്‌. വേണമെങ്കിൽ നേരത്തെ അകത്തുകയറാനുള്ള ഏർപ്പാടുണ്ടാക്കാം. പക്ഷേ, അദ്ദേഹം അതിനു തയ്യാറായില്ല.
പകരം, ഇങ്ങനെ ചോദിച്ചു:
"ഇവിടെ അടുത്തെവിടെയെങ്കിലും നമുക്കു പോകാൻ പറ്റിയ മറ്റേതെങ്കിലും സ്ഥലമുണ്ടോ?"
പെട്ടെന്നൊരാൾ പറഞ്ഞു:
"സർ, ഇവിടെ അടുത്തൊരു കത്തീഡ്രൽ പണിയുന്നുണ്ട്‌. നമുക്കു അങ്ങോട്ട്‌ പോയാലോ?"
ഡ്രക്കർ സമ്മതിച്ചു.
വലിയ പള്ളിക്കാണല്ലോ ഇംഗ്ലീഷിൽ കത്തീഡ്രൽ എന്നു പറയുന്നത്‌.
ചെല്ലുമ്പോൾ അവിടെ ഗ്രൌണ്ട്‌ വർക്ക്‌ നടക്കുന്നതേയുള്ളൂ.
ധാരാളം പണിക്കാർ...
പലർക്കും പലതരം ജോലികൾ....
ചിലർ മണ്ണെടുക്കുന്നു....
ചിലർ പാറപൊട്ടിക്കുന്നു.
ചിലർ കമ്പി കെട്ടുന്നു.....
അങ്ങനെ തകർത്തു നടക്കുകയാണ്‌ കാര്യങ്ങൾ.
ഡ്രക്കർ, മണ്ണു വെട്ടിക്കൊണ്ടിരുന്ന ഒരു തൊഴിലാളിയുടെ അടുത്തേക്കു ചെന്നു.
അയാൾ മുഖമുയർത്തി.
"സ്‌നേഹിതാ, നിങ്ങൾ എന്തു ചെയ്യുകയാണ്‌?"
"ഞാൻ മണ്ണു മാന്തിക്കൊണ്ടിരിക്കുകയാണ്‌. കണ്ടൂടെ?"
മറുപടി രൌദ്രം!
എങ്കിലും ഡ്രക്കർ ചിരിച്ചുകൊണ്ട്‌ പറഞ്ഞു:
"ശരി.... നടക്കട്ടെ...."
അപ്പോഴുണ്ട്‌, അയാളുടെ സമീപത്തുനിന്ന മറ്റൊരാൾ ഡ്രക്കറുടെ മുഖത്തേക്ക്‌ പ്രതീക്ഷാപൂർവ്വം നോക്കുന്നു.
എന്താ സാർ, എന്നോട്‌ ചോദിക്കുന്നില്ലേ എന്ന മട്ടിൽ!
അയാളുടെ 'ഉദ്ദേശശുദ്ധി' ഡ്രക്കർക്ക്‌ മനസ്സിലായി. അദ്ദേഹം ചോദിച്ചു.
"അല്ല, താങ്കളിവിടെ എന്തു ചെയ്യുന്നു?"
"അതു ശരി. അപ്പോൾ എന്നെ മനസ്സിലായില്ല."
"ഇല്ല?"
"മോശം മോശം. എന്നെ അറിയില്ലെന്ന്‌ പറഞ്ഞാൽ, ഒന്നും അറിയില്ലന്നർത്ഥം."
"ക്ഷമിക്കണം. അങ്ങ്‌ ആരാണെന്ന്‌ പറഞ്ഞില്ല."
"അതും ഞാൻ തന്നെ പറയണം അല്ലേ..... കഷ്‌ടം! ഞാനാണ്‌ ഇവിടത്തെ പ്രധാന കല്ലാശാരി. പേരുകേട്ട ഒരു ആശാരിഫാമിലിയിലുള്ളതാണ്‌ ഞാൻ. ഇവിടത്തെ കല്‌പണി ചെയ്യുന്നത്‌ ഞാനാ. എന്റെ അപ്പൂപ്പന്മാരാ ഇവിടത്തെ മിക്ക പള്ളികളുടെയും മീനാരങ്ങളുടെയും മെയിൻ പണി ചെയ്‌തത്‌."
"സോറി. ഞാൻ താങ്കളെ നേരത്തെ പരിചയപ്പെടേണ്ടതായിരുന്നു...."
"ഇനി വരുമ്പോൾ നിശ്ചയമായും നിങ്ങളെ വന്നു കാണും."
അയാൾക്ക്‌ തൃപ്‌തിയായി. എന്നിട്ട്‌ അഹന്തയോടെ സഹപ്രവർത്തകരെ ഒന്നു നോക്കി.
ആണുങ്ങൾക്ക്‌ ആണുങ്ങളെ അറിയാം എന്ന അർത്ഥത്തിൽ!
ഡ്രക്കർ മറ്റൊരു ഭാഗത്തേക്കു നടന്നു. പണി തകൃതിയായിട്ട്‌ നടക്കുകയാണെങ്ങും.
പൊടുന്നനെ ഡ്രക്കറുടെ ശ്രദ്ധ ഒരു വൃദ്ധനിൽ ചെന്നുപെട്ടു.
ആരവങ്ങളിൽ നിന്നും ഒഴിഞ്ഞ്‌ ശാന്തനായിരുന്ന്‌ കമ്പി മുറിക്കുകയാണയാൾ. ഡ്രക്കർ അയാളുടെ അടുത്തേക്കു ചെന്നു.
എത്ര ജാഗ്രതയോടെയാണ്‌ അയാൾ തന്റെ ജോലി ചെയ്യുന്നത്‌. എങ്ങനെ പോയാലും എൺപത്‌ വയസ്സിൽ കുറയില്ല. പക്ഷേ, അതിന്റെ അവശതയൊന്നും ജോലിയിൽ കാണാനില്ല.
മുന്നിൽ വന്നുനിൽക്കുന്നവരെ വൃദ്ധൻ അറിയുന്നില്ല. അദ്ദേഹത്തിന്റെ മനസ്സു മുഴുവൻ കമ്പിയിലും ചുറ്റികയിലുമാണ്‌.
"സുഹൃത്തേ, താങ്കൾ ഇവിടെ എന്ത്‌ ചെയ്യുകയാണ്‌?"
വൃദ്ധൻ ഞെട്ടി മുഖമുയർത്തി. എന്നിട്ട്‌ സാവകാശം പറഞ്ഞു:
"ഞാൻ ഈ കത്തീഡ്രൽ പണിയുകയാണ്‌."
അയാൾ വീണ്ടും പണിയിലേക്ക്‌ മടങ്ങി.
വിജ്ഞാനത്തിന്റെ വിശാലമേലാപ്പിലേക്ക്‌ ഒരു നവദർശനത്തിന്റെ പ്രകാശം വന്നു തൊട്ടതുപോലെ ഡ്രക്കർക്കു തോന്നി. അതിന്റെ അനുഭൂതിയും ആഹ്‌ളാദവും ആത്‌മാവിൽ ആവാഹിച്ചുകൊണ്ടാണ്‌ ഡ്രക്കർ തിരിച്ചുപോയത്‌.
ആ വൃദ്ധൻ പറഞ്ഞതു കേട്ടില്ലേ? എന്തെടുക്കുന്നു എന്നു ചോദിച്ചപ്പോൾ കമ്പി മുറിക്കുന്നു
എന്നല്ല അയാൾ പറഞ്ഞത്‌.
ഞാൻ ഈ പള്ളി പണിയുകയാണ്‌!
ആ സമഗ്ര ബോധം.
ആ കൂട്ടുത്തരവാദിത്വം....
അലഞ്ചലമായ ആ അഭിമാനം.
നമ്മുടെ നാട്ടിനും നമ്മുടെ നാട്ടുകാർക്കും ഇല്ലാതെ പോയിരിക്കുന്നതും അതുതന്നെ!
ഇവിടെ അൻപത്തഞ്ചാം വയസ്സിൽ റിട്ടയേർഡാകും, ആളുകൾ. അതോടെ, 'റിട്ടാർഡസും' ആകും.
പിന്നെ ഗ്രാറ്റുവിറ്റിയും വാങ്ങിക്കൊണ്ട്‌ ഒരു പോക്കാണ്‌, അനാഥാലയത്തിലേക്ക്‌....
അവർ ഒറ്റപ്പെട്ടുപോയി പോലും....
എല്ലാവർക്കും വേണ്ടാതായി പോലും...
ഇനി മരിച്ചാൽ മതി പോലും..
സത്യത്തിൽ എടുത്തിട്ട്‌ 'ഉരുട്ടേ'ണ്ടത്‌ ഇവരെയൊക്കെയാണ്‌.
പുറത്ത്‌, എൺപത്തഞ്ചു വയസ്സുകാരൻ പറയുന്നത്‌, ഞാൻ ജീവിതം തുടങ്ങാൻ പോകുന്നു എന്നാണ്‌.
എന്തിനു പുറത്തെ കാര്യം പറയുന്നു....
എൺപത്തഞ്ചു കഴിഞ്ഞിട്ടല്ലേ, നമ്മുടെ ഒരു നേതാവ്‌, ഈ അടുത്ത കാലത്ത്‌ 'അഴിച്ചാം കുഴിച്ചാം ഒന്നേന്ന്‌' പുതിയ പാർട്ടിയും കൊടിയും കൊടച്ചക്രവുമൊക്കെയായിട്ട്‌ രംഗത്തു വന്നിരിക്കുന്നത്‌!
അപ്പോൾ മനസ്സാണ്‌ ഹീറോ.
അതു സീറോ ആയിപ്പോയാൽ ആ രാജ്യവും സീറോ ആയതുതന്നെ!

കടപ്പാട്‌ : കേരളകൌമുദി ഓൺലൈൻ

വ്യാഴാഴ്‌ച, ഒക്‌ടോബർ 27, 2005

വയലാര്‍, മരണമില്ലാതെ

വയലാര്‍, മരണമില്ലാതെ
പി. ജയചന്ദ്രന്‍

ഈ മനോഹര തീരത്തോട്‌ വയലാര്‍ വിടപറഞ്ഞിട്ട്‌
ഇന്ന്‌ 30 വര്‍ഷം പൂര്‍ത്തിയാകുന്നു

പ്രണയം!
ജീവിതത്തില്‍ മാത്രമല്ല, ഭാഷയിലെ അക്ഷരങ്ങള്‍ക്കു തമ്മിലും പ്രണയമുണ്ട്‌.
മലയാള ഭാഷയുടെ മനോഹര തീരത്തിരുന്ന്‌ അക്ഷരങ്ങളെ കാമുകീ-കാമുകന്‌മാരാക്കി പരസ്‌പരം പ്രണയിപ്പിച്ച 'വയലാര്‍' എന്ന നാലക്ഷരം ഒരു കാലഘട്ടത്തിന്റെ ആത്‌മാവും ശ്വാസവുമായിരുന്നു.

ഭാഷയെ സ്‌നേഹിക്കുകയും അക്ഷരങ്ങളെ തമ്മില്‍ പ്രണയിപ്പിക്കുകയും ചെയ്‌ത വയലാര്‍ മലയാളത്തോട്‌ വിടപറഞ്ഞിട്ട്‌ നീണ്ട മുപ്പതുവര്‍ഷം തികയുന്നു. എന്നാല്‍ എന്റെ സംഗീത ജീവിതത്തിലിന്നുവരെ വയലാര്‍ രാമവര്‍മ്മയില്ലാതെ ഒരുദിവസം പോലും കടന്നുപോയിട്ടില്ല- അതുകൊണ്ടുതന്നെ വയലാര്‍ എനിക്ക്‌ ചിരഞ്ജീവിയാണ്‌!

വയലാര്‍ രാമവര്‍മ്മ എനിക്ക്‌ ആരായിരുന്നു? മൂത്ത ജ്യേഷ്ഠന്‍, സുഹൃത്ത്‌... അതോ അദ്ധ്യാപകനോ? പക്ഷേ, വയലാര്‍ ഇതെല്ലാമായിരുന്നു.ഗാനങ്ങള്‍ പാടിത്തുടങ്ങിയിരുന്ന ഞങ്ങളുടെ തലമുറ അദ്ദേഹത്തെ വിളിച്ചിരുന്നത്‌ 'കുട്ടേട്ടന്‍' എന്നാണ്‌. 'കുട്ടേട്ടന്‍' എന്ന വിളിയില്‍ സ്‌നേഹത്തോടൊപ്പം ഞങ്ങളുടെ ഭയവും ഭക്തിയും ബഹുമാനവും നിറഞ്ഞുനിന്നിരുന്നു. അഗാധമായ അറിവും പാണ്‌ഡിത്യവും അനുഭവസമ്പത്തുമുള്ള ആളാണെങ്കിലും 'കുട്ടേട്ടന്‍' ആര്‍ക്കുമുന്നിലും ഈ ഭാവങ്ങളൊന്നും പ്രദര്‍ശിപ്പിച്ചിരുന്നില്ല.

ഒരിക്കല്‍ എന്റെ മുഖത്തേക്ക്‌ സൂക്ഷിച്ചുനോക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു."നിനക്ക്‌ അഭിനയിക്കാന്‍ പറ്റുന്ന മുഖമാണ്‌" ഞാന്‍ ചിരിച്ചു. എന്റെ ചിരിയില്‍ അദ്ദേഹവും പങ്കുചേര്‍ന്നു. ഇവിടെ 'കുട്ടേട്ടനെ' ഞാന്‍ കാണുന്നത്‌ എന്റെ അടുത്ത സുഹൃത്തിനെപ്പോലെയാണ്‌.
മറ്റൊരവസരത്തില്‍ ഒരു പാട്ടിന്റെ റെക്കാഡിംഗ്‌ വേളയില്‍ എനിക്ക്‌ ചില ഉപദേശങ്ങള്‍ അദ്ദേഹം തന്നു."പാട്ടുപാടുമ്പോള്‍ ഗാനത്തില്‍ പൂര്‍ണ്ണമായും അലിഞ്ഞുചേര്‍ന്ന്‌ പാടണം. അക്ഷരങ്ങളിലെ വികാരം പുറത്തുകൊണ്ടുവരാന്‍ കഴിയുന്നത്‌ ഗായകര്‍ക്കാണ്‌"
ഇവിടെ 'കുട്ടേട്ടന്‍' ഉപദേശങ്ങള്‍ തരുന്ന അദ്ധ്യാപകനും, മൂത്ത ജ്യേഷ്ഠനുമൊക്കെയായി മാറുന്നു. ആ ഉപദേശങ്ങള്‍ ഇന്നും അനുസരിക്കുന്നതു കൊണ്ടാകണം എനിക്ക്‌ പാട്ടുകളില്‍ ഇന്നും വികാരം ഉള്‍ക്കൊണ്ട്‌ പാടാന്‍ കഴിയുന്നത്‌.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹങ്ങളിലൊന്ന്‌ നടന്ന്‌ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. ദേവരാജന്‍ മാസ്റ്ററും വയലാറുംകൂടി ഒരുമിച്ചിരുന്ന്‌ പാട്ട്‌ തയ്യാറാക്കുന്നത്‌ കാണുക എന്നതായിരുന്നു എന്റെ ജീവിതത്തിലെ അദമ്യമായ മോഹം. ഒരുപക്ഷേ, ഇതായിരിക്കണം എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടങ്ങളിലൊന്ന്‌.

ഉള്ളിലുള്ള അറിവ്‌, കഴിവ്‌ തുടങ്ങിയവ പുറത്തുകൊണ്ടുവരാന്‍ എല്ലാ കലാകാരന്‌മാര്‍ക്കും കഴിയില്ല. എന്നാല്‍ 'കുട്ടേട്ട'ന്റെ കാര്യത്തില്‍ അങ്ങനെയല്ലായിരുന്നു. മലയാളികള്‍ക്കുവേണ്ടി അദ്ദേഹത്തിനറിയാമായിരുന്ന എല്ലാ അറിവുകളും വളരെ ലളിതമായി കാവ്യങ്ങളാക്കി മാറ്റി. മഹാകവി കാളിദാസനും ഉണ്ണായിവാര്യരും പകര്‍ന്നുതന്ന കാവ്യബിംബങ്ങളെ സാധാരണക്കാരന്‍ പാടുന്ന പാട്ടാക്കി പകര്‍ന്നുതന്ന മഹാനാണ്‌ വയലാര്‍. അതുകൊണ്ടാണ്‌ അഭിജ്ഞാന ശാകുന്തളവും, 'സാമ്യമകന്നോരുദ്യാനവും' ഇന്നും സാധാരണക്കാര്‍ക്കുപോലും വഴങ്ങുന്നത്‌. വേദങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തുക്കള്‍ എന്നിവയില്‍ 'കുട്ടേട്ടന്‌' അപാരമായ ജ്ഞാനമുണ്ടായിരുന്നു. അതേസമയം 'ബൈബിള്‍' ഹൃദിസ്ഥമായിരുന്നതുകൊണ്ട്‌ ഏറ്റവും നല്ല ക്രിസ്‌തീയ ഭക്തിഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്‌.
'യരുശലേമിലെ സ്വര്‍ഗ്‌ഗ ദൂതാ...' (ചുക്ക്‌), വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഈ ക്രിസ്‌തീയ ഭക്തിഗാനം ഞാനും സുശീലാമ്മയും ചേര്‍ന്ന്‌ പാടിയതാണ്‌. നിന്ദിതരും പീഡിതരും മര്‍ദ്ദിതരുമായ ജീവിതങ്ങളുടെ ബിബ്‌ളിക്കല്‍ ഇമേജുകള്‍ എത്ര ഹൃദയ സ്‌പൃക്കായാണ്‌ അദ്ദേഹം ഈ പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്‌.

എനിക്ക്‌ ഏറ്റവും മികച്ച ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്‌ ആദ്യം കിട്ടിയതും കുട്ടേട്ടന്റെ ഗാനത്തിലൂടെയാണ്‌.
'നീലഗിരിയുടെ സഖികളേ.... സുപ്രഭാതം' സുപ്രഭാതത്തിന്റെ വാങ്ങ്‌മയ ചിത്രം വരച്ചുവച്ചതുപോലെയാണ്‌ ഈ ഗാനത്തിലെ ഓരോ വരിയും.'കുട്ടേട്ടന്റെ' വരികളെക്കുറിച്ച്‌ ദേവരാജന്‍ മാസ്റ്റര്‍ പറയാറുള്ളത്‌ ഈയവസരത്തില്‍ ഓര്‍മ്മിക്കുന്നു.
"വയലാറിന്റെ വരികളുടെ വാക്കുകള്‍ക്കിടയില്‍ ഓരോ ചിത്രമുണ്ട്‌. വരികള്‍ വായിക്കുമ്പോള്‍ തന്നെ ഈ ചിത്രം എന്റെ മനസ്സില്‍ തെളിയും. ഇത്‌ കണ്ടറിഞ്ഞ്‌ മനസ്സിലാക്കിയാണ്‌ ഞാന്‍ ആ വരികള്‍ക്ക്‌ സംഗീതം കൊടുക്കുന്നത്‌."

ഗാനമേളകളില്‍ പാടുമ്പോള്‍ സദസ്‌ ഇന്നും ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഗാനങ്ങളിലൊന്ന്‌ 'സുപ്രഭാതം' എന്ന പാട്ടാണ്‌. മനസ്സില്‍ ഞാന്‍ എപ്പോഴും മൂളുന്ന വയലാര്‍ ഗാനം 'മാനത്ത്‌ കണ്ണികള്‍ മയങ്ങും കയങ്ങള്‍' എന്ന പാട്ടാണ്‌. ഒരു ഗായകനെന്ന നിലയില്‍ 'മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി' (രചന പി. ഭാസ്കരന്‍) എന്ന പാട്ടിലൂടെയാണ്‌ ഞാന്‍ വരുന്നതെങ്കിലും എന്റെ ഭാവിയെ ഉയര്‍ത്തി ജനപ്രിയമാക്കിയ ഗാനം 'കുട്ടേട്ടന്റേ'താണ്‌.'ഇന്ദുമുഖീ........ ഇന്ദുമുഖീ'

മലയാളത്തിന്‌ വയലാര്‍ നഷ്‌ടമായിട്ട്‌ മുപ്പതുവര്‍ഷം പിന്നിട്ടെങ്കിലും അദ്ദേഹമെഴുതിയ വരികളിലൂടെ അക്ഷരങ്ങളിലൂടെ വയലാര്‍ ഇന്നും ജീവിക്കുകയാണ്‌. അതുകൊണ്ടുതന്നെ 'മരണമില്ലാത്ത മഹാകവി'യാണ്‌ വയലാര്‍. ഇന്നത്തെ ദൃശ്യമാദ്ധ്യമങ്ങളോ റേഡിയേയോ വയലാറിന്റെ പാട്ട്‌ സംപ്രേഷണം ചെയ്യാത്ത ഏതെങ്കിലും ഒരുദിവസമുണ്ടാകുമോ? ഒരു വയലാര്‍ ഗാനം മൂളാതെ വയലാര്‍ പാട്ട്‌ കേള്‍ക്കാതെ ഒരു സംഗീത പ്രേമിയും ഒരുദിവസംപോലും ജീവിക്കുന്നില്ല. അങ്ങനെ ഇന്നും വയലാര്‍ മലയാളവും സിനിമയും നിറഞ്ഞുനില്‍ക്കുകയാണ്‌.

ചലച്ചിത്രഗാനങ്ങളാകുന്ന ഇന്ദുമുഖിയായ ഇഷ്‌ടപ്രാണേശ്വരിക്ക്‌ പൂവും പ്രസാദവും നല്‍കി ഇനിയും വയലാറിന്റെ ഗാനങ്ങള്‍ സംഗീത പ്രേമികളിലേക്കൊഴുകും... ഇനിയും കുളിര്‍ കാറ്റോടിവരും... അതുകൊണ്ട്‌ വയലാറിന്‌ മരണമില്ല!

കടപ്പാട്‌: കേരളകൌമുദി ഓണ്‍ലൈന്‍

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2005

'പുതിയാപ്‌ള'ക്ക്‌ നോമ്പു തുറക്കാന്‍ പലഹാരക്കൂമ്പാരം

'പുതിയാപ്‌ള'ക്ക്‌ നോമ്പു തുറക്കാന്‍ പലഹാരക്കൂമ്പാരം
വി.പി. സമീന

"അപ്പത്തരങ്ങളെല്ലാം കൂമ്പാരമായ്‌....
മരുമോനെ വീട്ടില്‍ വിളിച്ചമ്മായി....."

പാട്ടുകാരികള്‍ ഈണത്തില്‍ പാടുന്ന ഈ മാപ്പിളപ്പാട്ടു കേട്ടിട്ടില്ലേ....? പാട്ടുകേട്ടാല്‍ത്തന്നെ വായില്‍ കപ്പലോടിക്കാന്‍ മാത്രം ഉമിനീര്‍ നിറയും. അത്രക്ക്‌ വിശേഷമാണ്‌ പുതിയാപ്‌ള സല്‍ക്കാരത്തിനൊരുക്കുന്ന വിഭവങ്ങളുടെ നിര.

സര്‍ബത്ത്‌, വിവിധതരം ജ്യൂസുകള്‍, തിരക്കഞ്ഞി തുടങ്ങി കുടിക്കാനുള്ളവ ഏറെ. കായട, മുട്ടമാല, മുട്ടസുര്‍ക്ക, മുട്ടക്കബാബ്‌, മുട്ടമറിച്ചത്‌ തുടങ്ങി മുട്ടത്തരങ്ങളുമേറെ.... കടുക്കനിറച്ചത്‌, സമോസ, കട്‌ലറ്റ്‌, തിരപ്പോള, ഉന്നക്കായ, പഴംപൊരിച്ചത്‌ തുടങ്ങിയ പലഹാരങ്ങളുടെ എണ്ണം പറഞ്ഞാല്‍ തീരില്ല. ഇറച്ചിത്തരങ്ങളുടെ കാര്യം പറയാനുമില്ല.

ഇതൊക്കെ ഒരുക്കി പാട്ടില്‍ പറഞ്ഞപോലെ "ഇങ്ങള്‌ തിന്നീ... ഇങ്ങള്‌ തിന്നീ.... ഇങ്ങള്‌ തിന്നീന്നും പറഞ്ഞു കൊണ്ട്‌ പുതുമാരനെ തീറ്റിക്കുന്ന പൊന്നമ്മായി..."യുടെ ഉത്‌സാഹം ഒന്ന്‌ മനസ്സില്‍ കണ്ടു നോക്കൂ. ഇത്‌ പാട്ടില്‍ മാത്രം വിസ്തരിക്കുന്ന കാര്യമല്ല. പുതിയാപ്‌ള (മലബാറുകാര്‍ പുതുമണവാളനെ ഇങ്ങനെയാണ്‌ വിളിക്കുക. കുറച്ചു കൂടി ചുരുക്കി പുയ്യാപ്‌ളയെന്നും വിളിക്കും) സല്‍ക്കാരത്തിന്‌ കോഴിക്കോട്‌ നഗരത്തിനകത്തെ കുണ്ടുങ്ങല്‍, കുറ്റിച്ചിറ, മുഖദാര്‍, പരപ്പില്‍ തുടങ്ങിയ പ്രദേങ്ങളിലെ വിശേഷമൊന്നു വേറെത്തന്നെയാണ്‌.

കല്ല്യാണം കഴിഞ്ഞയുടനെ തുടങ്ങുന്ന പുയ്യാപ്‌ള സത്കാരം റംസാന്‍ കാലത്ത്‌ വീണ്ടും സജീവമാകും. നോമ്പ്‌ മൂന്ന്‌ ദിവസം പിന്നിട്ടാല്‍ പിന്നെ പുയ്യാപ്‌ളയെ നോമ്പ്‌ തുറപ്പിക്കുന്ന ചടങ്ങുകളായി. ഓരോ വീട്ടുകാരും, തങ്ങളുടെ 'ബങ്കീശം' (ആര്‍ഭാടം) കാണിക്കാന്‍ അപ്പത്തരങ്ങളുടെ കൂമ്പാരമായിരിക്കും പുയ്യാപ്‌ളമാര്‍ക്കും ചങ്ങായി(ചങ്ങാതി) മാര്‍ക്കും നല്‍കുക.
ഭാര്യവീട്ടിലായിരിക്കും സ്ഥിരതാമസമെങ്കിലും പുയ്യാപ്‌ളമാര്‍ നോമ്പ്‌ തുറക്കുന്നത്‌ സ്വന്തം വീട്ടില്‍ നിന്നാണ്‌. ഭാര്യവീട്ടില്‍ നിന്നും റംസാന്‍ ആദ്യപത്തിന്‌ പുയ്യാപ്‌ളക്ക്‌ 'കോഴി ബിരിയാണി' കൊടുത്തയക്കും. ഇതിനും വിശേഷമേറെയുണ്ട്‌. ഒന്നോ രണ്ടോ ആള്‍ക്ക്‌ തിന്നാനുള്ള ബിരിയാണിയല്ല കൊടുക്കുക. ബിരിയാണിച്ചെമ്പ്‌ ദമ്മ്‌ പൊട്ടിക്കാതെ അതേപടി കൊടുത്തുവിടുകയാണ്‌ ചെയ്യുക. ഇത്‌ അയല്‍വാസികള്‍ക്കും, കുടുംബക്കാര്‍ക്കും വിതരണം ചെയ്യും.

ആദ്യത്തെ പത്ത്‌ തീരുന്നതിന്‌ മുമ്പ്‌ തന്നെ പുയ്യാപ്‌ളയെ ഭാര്യവീട്ടില്‍ നോമ്പ്‌ തുറപ്പിക്കും. പുതിയാപ്‌ളയുടെ ചങ്ങാതിമാരും, ബന്‌ധുക്കളായ ആണുങ്ങളുമടക്കം അമ്പതോളം പേര്‍ നോമ്പ്‌ തുറക്കാനുണ്ടാവും. ഭാര്യവീട്ടുകാര്‍ അവരുടെ 'മജ' (അന്തസ്സ്‌) ആവോളം കാണിക്കാന്‍ പല തരത്തിലുള്ള പലഹാരങ്ങള്‍ നോമ്പ്‌ തുറയ്ക്ക്‌ കൊടുക്കാറുണ്ട്‌.

'മഗ്‌രിബ്‌' ബാങ്ക്‌ കൊടുത്തുകഴിഞ്ഞാല്‍ സര്‍ബത്ത്‌, ജ്യൂസുകള്‍, തരിക്കഞ്ഞി (റവ പായസം), കായട, കല്ലുമ്മക്കായ പൊരിച്ചത്‌, മീന്‍ ഒറോട്ടി, ചട്ടിപ്പത്തിരി, മുട്ടമറിച്ചത്‌, മുട്ടമാല, മുട്ടസുര്‍ക്ക, മുട്ടകബാബ്‌, തരിപോള, കടുക്ക നിറച്ചത്‌, സമ്മോസ, കട്‌ലറ്റ്‌, പഴം നിറച്ചത്‌ തുടങ്ങിയ നൂറിലേറെ പലഹാരങ്ങള്‍ നോമ്പുതുറക്കാന്‍ കൊടുക്കും.
നമസ്കാരം കഴിഞ്ഞ്‌ വലിയ നോമ്പുതുറയ്ക്ക്‌ പത്തിരിയും കോഴിക്കറിയും, നെയ്ച്ചോര്‍, ബിരിയാണി, പൂരി, കണ്ണ്‌പത്തിരി, കോഴി നിറച്ചത്‌, ആട്‌ നിറച്ചത്‌ തുടങ്ങി പിന്നെയും അനവധി വിഭവങ്ങളുണ്ടാവും. പുതിയാപ്‌ളയോടൊപ്പം വന്നവര്‍ രാത്രി തിരിച്ചുപോവും. പുതിയാപ്‌ളയ്ക്ക്‌ പിന്നെ മുത്താഴമൊരുക്കലായി. മുത്താഴത്തിന്‌ ജീരകക്കഞ്ഞിയും പെരട്ട്കൂട്ടാനും മീന്‍ പൊരിച്ചതും നല്‍കുന്നു.

രണ്ടാമത്തെ പത്തായി കഴിഞ്ഞാല്‍ പുതിയാപ്‌ളയുടെ വീട്ടിലേക്ക്‌ പത്തിരിയും കോഴിക്കറിയും പഴങ്ങളും കൊടുത്തയക്കും. കോഴി നിറച്ചതും മീന്‍ പത്തിരിയും അങ്ങനെ അവരവരുടെ കഴിവനുസരിച്ച്‌ പുതിയാപ്‌ളയുടെ വീട്ടുകാര്‍ക്ക്‌ കൊടുക്കും. മൂന്നാമത്തെ പത്തിന്‌ എരിവുള്ളതും മധുരമുള്ളതുമായ അനവധി പലഹാരങ്ങള്‍ ഭാര്യവീട്ടില്‍ നിന്നും കൊടുത്തയക്കും. ഇതൊന്നും കൂടാതെ പുതിയാപ്‌ളയെ ബന്‌ധുക്കള്‍ ഓരോ ദിവസവും നോമ്പ്‌ തുറപ്പിക്കും.
പുതിയാപ്‌ള ഭാര്യവീട്ടിലേക്ക്‌ റംസാന്‍ ചെലവിനായി അവരവരുടെ കഴിവനുസരിച്ച്‌ ഒരു തുകയും മിക്‌സി, കുക്കര്‍ തുടങ്ങിയ അടുക്കള സാധനങ്ങളും റംസാന്‌ തൊട്ട്‌ മുമ്പ്‌ കൊണ്ടുവരും. ഇതിന്‌ 'ചെറിയ ഓശാരം' എന്ന്‌ പറയും.

നോമ്പ്‌ പത്ത്‌ കഴിഞ്ഞാല്‍ പുതിയാപ്‌ളയുടെ വീട്ടില്‍ നിന്ന്‌ 'ജാമാറ്റ്‌' കൊണ്ടുവരും. പെണ്ണിനും ബന്‌ധുക്കള്‍ക്കുമുള്ള പെരുന്നാള്‍കോടിയാണ്‌ ജാമാറ്റ്‌. പുതുപ്പെണ്ണിെ‍ന്‍റ സഹോദരിമാര്‍, ഉമ്മ, ഉപ്പ, ആങ്ങളമാര്‍, അമ്മായിമാര്‍ തുടങ്ങി എല്ലാ ബന്‌ധുക്കള്‍ക്കുമുള്ള വസ്ത്രങ്ങള്‍ ഇതിലുണ്ടാകും. ഈ 'ബങ്കീശം' കാണാന്‍ പെണ്ണിെ‍ന്‍റ വീട്ടുകാര്‍ അയല്‍വാസികളെയും ബന്‌ധുക്കളേയും വീട്ടിലേക്ക്‌ വിളിക്കും. ജാമാറ്റില്‍ നൂറിലേറെ വസ്ത്രങ്ങളുണ്ടാകും.

പെരുന്നാള്‍ രാവായിക്കഴിഞ്ഞാല്‍ പിന്നെയും പുതിയാപ്‌ളയെ സല്‍ക്കരിക്കലായി. 'പെരുന്നാള്‍ രാവ്‌ സല്‍ക്കാരം' കോഴിമുളകിട്ടതും പൊരിച്ചതും നെയ്ച്ചോറുമാണ്‌. പുതിയാപ്‌ള ഈ സല്‍ക്കാരത്തിന്‌ വരുമ്പോള്‍ അണ്ടിപ്പരിപ്പ്‌, അക്രോട്ട്‌, ആപ്രിക്കോട്ട്‌, അത്തിപ്പഴം മുതലായവും സുഗന്‌ധദ്രവ്യങ്ങളും കൊണ്ടായിരിക്കും വരിക. പെരുന്നാള്‍ രാവ്‌ സല്‍ക്കാരം കഴിഞ്ഞാല്‍ പുതിയാപ്‌ളയും പെണ്ണും പെരുന്നാളിന്‌ രാവിലെ പുതിയാപ്‌ളയുടെ വീട്ടിലേക്ക്‌ പോകുന്നു. സല്‍ക്കാരങ്ങള്‍ കഴിയുന്നില്ല. പെരുന്നാളിെ‍ന്‍റ സല്‍ക്കാരങ്ങള്‍ പിന്നെയും തുടരുകയായി.

പുതിയാപ്‌ള ചെലവിന്‌ കൊടുക്കുന്നുണ്ടെങ്കിലും ആര്‍ഭാടമായ ഈ സല്‍ക്കാരങ്ങള്‍ക്കായി പെണ്‍വീട്ടുകാര്‍ക്ക്‌ വരുന്ന ചെലവ്‌ കുറഞ്ഞതൊന്നുമല്ല. ജാമാറ്റ്‌ എടുക്കുന്ന വകയില്‍ പുതിയാപ്‌ളയ്ക്കും വന്‍ ചെലവാണുള്ളത്‌. പെണ്ണിെ‍ന്‍റ വീട്ടുകാര്‍ പറയുന്ന എല്ലാവര്‍ക്കും പുതിയാപ്‌ള ഡ്രസ്സെടുക്കേണ്ടതാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ മാമൂലുകളുടെ പേരില്‍ ഇരുകൂട്ടര്‍ക്കും ധനനഷ്‌ടം ഒരുപാടുണ്ടാകുന്നു. എങ്കിലും ഈ മാമൂലുകള്‍ കുടുംബബന്‌ധങ്ങള്‍ ദൃഢമാക്കുകയാണ്‌ ചെയ്യുന്നത്‌.

കടപ്പാട് : കേരളകൌമുദി.കോം

ഞായറാഴ്‌ച, ഒക്‌ടോബർ 16, 2005

മൂടിവച്ചുള്ള ഭരണം ഇനി നടക്കില്ല

മൂടിവച്ചുള്ള ഭരണം ഇനി നടക്കില്ല
വര്‍ക്കല രാധാകൃഷ്‌ണന്‍ എം.പി
ഒരു റേഷന്‍ കാര്‍ഡ്‌ അനുവദിച്ചുകിട്ടുന്നതിനുവരെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി കാലുതേയുന്നവരാണ്‌ നമ്മള്‍. അനുവദിച്ചു കിട്ടുന്നതോ പോട്ടെ, അത്‌ സംബന്‌ധിച്ച നടപടികള്‍ എങ്ങനെയായി, എവിടം വരെയായി എന്നൊന്നു ചോദിച്ചാല്‍ ഉദ്യോഗസ്ഥര്‍ നിസ്സാരമായി കൈ മലര്‍ത്തും. ഹര്‍ജിക്കാരന്‍ പാവപ്പെട്ടവനാണെങ്കില്‍ പറയുക വേണ്ട! ഒടുവില്‍ അതിനുള്ള ഉത്തരം നാട്ടിന്‍പുറങ്ങളില്‍ ഒരു ചൊല്ലായി മാറിയിട്ടുണ്ട്‌-"നടന്നുനടന്ന്‌ കാലുതേഞ്ഞാലും സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ." ഏതൊരു പൌരനും 'അറിയാനുള്ള അവകാശം' രാജ്യത്തെമ്പാടും ഒക്‌ടോബര്‍ 12-ാ‍ം തീയതി മുതല്‍ നിയമമായി നിലവില്‍ വന്നതോടെ ഇതിനൊരു സമൂലമാറ്റം വരികയാണ്‌. പക്ഷേ, സാക്ഷരതയിലും ബൌദ്ധികതയിലും മുന്നിട്ടുനില്‍ക്കുന്ന കേരളത്തില്‍ നിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മൌനം പാലിക്കുന്നത്‌ പ്രതിഷേധാര്‍ഹമാണ്‌. അതവിടെ നില്‍ക്കട്ടെ, നിയമത്തെപ്പറ്റി പറയാം.

'അറിയാനുള്ള അവ കാശ നിയമം' Right to information act എന്ന പേരിലാണ്‌ ഭരണ നടപടി കള്‍ അറിയാനുള്ള അവകാശം നിയമമായി നിലവില്‍ വന്നിരിക്കുന്നത്‌. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ പൌരന്‌മാര്‍ക്ക്‌ തങ്ങളുടെ ഭരണരംഗത്ത്‌ നടക്കുന്ന വിവരങ്ങള്‍ അറിയാനുള്ള അവകാശം മൌലികമാണ്‌. ഭരണഘടനയിലെ 19-ാ‍ം വകുപ്പ്‌ പ്രകാരം അത്‌ അടിവരയിട്ട്‌ പറഞ്ഞിട്ടുണ്ട്‌. ഗവണ്‍മെന്റ്‌ തീരുമാനങ്ങള്‍ പലതും എടുത്തിരുന്നത്‌ ഇതേവരെ അതീവ രഹസ്യമായി അണിയറയിലാണ്‌. ഉദ്യോഗസ്ഥ മേധാവിത്വത്തിന്‌ അത്‌ രഹസ്യമായിട്ടേ നടക്കാവൂ എന്ന നിര്‍ബന്‌ധ ബുദ്ധിയുമുണ്ട്‌. നിജസ്ഥിതികള്‍ ഒന്നും പുറത്തുവിടില്ല. ആയുസിന്റെ നല്ലൊരുഭാഗം ചെലവഴിച്ചാലും സാധാരണ പൌരന്‌ സര്‍ക്കാര്‍ നടപടികള്‍ ലഭ്യമായിരുന്നില്ല. ഒരു ഹര്‍ജി നല്‍കിയാല്‍ മറുപടി കിട്ടുക സാദ്ധ്യമായിരുന്നില്ല. ഇങ്ങനെ വിവരങ്ങള്‍ മറച്ചുപിടിക്കുന്നതുമൂലമാണ്‌ കൊടിയ അഴിമതികള്‍ നടക്കുന്നത്‌. അറിയാനുള്ള അവകാശം നിയമമായതോടെ ഇനി അത്‌ നടപ്പില്ല.

എല്ലാം സുതാര്യമായിരിക്കണം. വില്ലേജ്‌ ഓഫീസു മുതല്‍ ഹജൂര്‍ കച്ചേരിവരെ നടക്കുന്ന നടപടിക്രമങ്ങളും നിയമങ്ങളും ഏതൊരു സാധാരണക്കാരനും അറിയണം. ആരുടെയും ഓശാരമല്ല, അതവന്റെ അവകാശമാണ്‌. ആ അവകാശമാണ്‌ അറിയാ നുള്ള അവകാശ നിയമം ഉറപ്പുവരുത്തുന്നത്‌.
ജനാധിപത്യ വ്യവസ്ഥയില്‍ ഒന്നും മറച്ചുവയ്ക്കേണ്ടതില്ല. രാജ്യസുരക്ഷയെ ബാധിക്കുന്നതോ, കുറ്റാന്വേഷണ വിവരങ്ങളോ പൌരന്‌ ഉടനടി അറിയണമെന്നില്ല. എന്നാല്‍, അവസാന തീരുമാനം എടുക്കുമ്പോള്‍ അത്‌ വന്നവഴി വ്യക്തമായി അറിയാന്‍ അവന്‌ അവകാശമുണ്ട്‌.

അപേക്ഷ കൊടുക്കാതെ തന്നെ ജനങ്ങളെ അറിയിക്കേണ്ട കടമ ഏതൊരു ജനാധിപത്യ ഗവണ്‍മെന്റിനുമുണ്ട്‌. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക്‌ മാത്രം അതിനുള്ള അവകാശം നിഷേധിക്കപ്പെടരുത്‌. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഈറ്റില്ലം എന്ന്‌ അവകാശപ്പെടുന്ന ബ്രിട്ടന്‍ നാലുവര്‍ഷംമുമ്പ്‌ ഈ നിയമം പാസാക്കിയിരുന്നു. നമ്മുടെ ഭരണഘടനയിലും ഈ അവകാശം വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. പക്ഷേ, അതിനെ അടിസ്ഥാനമാക്കിയുള്ള നിയമ നിര്‍മ്മാണം നാളിതുവരെ നടത്തിയിട്ടില്ല. ഉദ്യോഗ നിയമനങ്ങള്‍, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍ തുടങ്ങി നിത്യജീവിതത്തെ ബാധിക്കുന്ന ഏതൊരു കാര്യവും സുതാര്യമായിരിക്കണം. ഏതൊരാളും അറിഞ്ഞിരിക്കണം. അണിയറയില്‍ പൂഴ്ത്തിവച്ച്‌ അഴിമതിക്ക്‌ വഴിയൊരുക്കരുത്‌. ഇതിനൊരു പരിഹാരം കാണാന്‍ വേണ്ടിത്തന്നെയാണ്‌ അറിയാനുള്ള അവകാശ നിയമം നിര്‍മ്മിച്ചിരിക്കുന്നത്‌. എന്നതുകൊണ്ട്‌, അഴിമതി പാടേ തുടച്ചുനീക്കാമെന്ന്‌ ഞങ്ങള്‍ക്ക്‌ അഭിപ്രായമില്ല. ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാം.

ഒരു പൌരനെ പിടിച്ച്‌ ലോക്കപ്പിലിട്ട്‌ ഉരുട്ടിക്കൊല്ലുന്ന രാജ്യമാണ്‌ നമ്മുടേത്‌. ഒരാളെ അറസ്റ്റ്‌ ചെയ്‌താല്‍ 48 മണിക്കൂറിനുള്ളില്‍ അറസ്റ്റിന്റെയും അറസ്റ്റ്‌ ചെയ്‌ത ആളിന്റെയും ചെയ്യപ്പെട്ട ആളിന്റെയും വിശദ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കണം. ഏത്‌ സ്റ്റേഷനിലാണോ അറസ്റ്റ്‌ നടന്നത്‌, ആ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അത്‌ അതറിയിക്കാന്‍ ബാദ്ധ്യസ്ഥനാണ്‌. മൂടിവയ്ക്കാന്‍ പാടില്ല. വിവരം അറിയാന്‍ ഹേബിയസ്‌ കോര്‍പസ്‌ പെറ്റിഷനുമായി കോടതി കയറിയിറങ്ങാന്‍ ഹര്‍ജിക്കാരന്‌ ഇടവരുത്തരുത്‌. അങ്ങനെയൊരു പെറ്റിഷന്‍ കൂടാതെ യഥാര്‍ത്ഥ കാര്യങ്ങളറിയാന്‍ നമുക്ക്‌ കഴിയണം. അതിനാണ്‌ 'അറിയാനുള്ള അവകാശ നിയമം' ഉണ്ടാക്കിയിരിക്കുന്നത്‌. അടിയന്തരാവസ്ഥയിലെ രാജന്‍ സംഭവങ്ങള്‍ പോലു ള്ളവ ഇനി ഉണ്ടാകരുത്‌. ഉരുട്ടിക്കൊല്ലരുത്‌. ഇത്‌ ജനാധിപത്യ രാജ്യമാണ്‌. അതിനെ നേര്‍വഴിക്ക്‌ കൊണ്ടുപോകാനാണ്‌ ഈ നിയമം.

മന്ത്രിസഭ ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ അതിന്റെ വിവരങ്ങളുടെ നിജസ്ഥിതി അറിയാനും നമുക്ക്‌ അവകാശമുണ്ട്‌. നമ്മുടെ രാജ്യത്ത്‌ 'ഒഫിഷ്യല്‍ സീക്രറ്റ്‌ ആക്‌ട്‌' എന്നൊരു നിയമമുണ്ട്‌. അത്‌ അറിയാനുള്ള അവകാശ നിയമത്തിന്റെ നടത്തിപ്പിന്‌ തടസ്സമാകാന്‍ പാടില്ല. അക്കാര്യം ഞാന്‍ പ്രത്യേകം എടുത്തുപറയുകയാണ്‌. ഈ ഔദ്യോഗിക രഹസ്യനിയമം ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിവച്ചതാണ്‌. പ്രസ്തുത നിയമം എത്രയുംപെട്ടെന്ന്‌ റദ്ദാക്കണമെന്ന്‌ ഞാന്‍ അടങ്ങുന്ന കമ്മിറ്റി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. രാജ്യസുരക്ഷയോ, രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന കാര്യങ്ങളോ ശത്രുക്കള്‍ അറിയാതെ സൂക്ഷിക്കണമെങ്കില്‍, പകരം വേറൊരു നിയമം ഉണ്ടാക്കിയാല്‍ പോരേ? നിയമ ഭേദഗതി ഉണ്ടാക്കിയാലും മതി.

രാജ്യത്തിന്റെ നയതന്ത്രകാര്യങ്ങള്‍ക്കും രാജ്യസുരക്ഷാകാര്യങ്ങള്‍ക്കും വേണ്ടിമാത്രം ക്രമപ്പെടുത്തിക്കൊണ്ടുവേണം ഔദ്യോഗിക രഹസ്യ നിയമം ഭേദഗതി ചെയ്യേണ്ടത്‌ എന്ന്‌ ഞാന്‍ പ്രത്യേകം എടുത്തുപറയുകയാണ്‌.

അറിയാനുള്ള അവകാശ നിയമം കൂടുതല്‍ സുതാര്യവും ജനകീയവുമാക്കാന്‍ ഓരോ സംസ്ഥാന ഗവണ്‍മെന്റും ശുഷ്കാന്തിയോടെ ചില നടപടികള്‍ സ്വീകരിക്കണം. ഗവണ്‍മെന്റ്‌ നടപടികള്‍ എല്ലാം വെബ്‌സൈറ്റില്‍ ആക്കുകയും ഇന്റര്‍നെറ്റ്‌ വഴി എവിടെയും ആര്‍ക്കും ലഭ്യമാക്കുകയും ചെയ്യണം. ഈ നിയമം നടപ്പാക്കുമ്പോള്‍ രണ്ടുമൂന്ന്‌ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരിക്കണം.

അറിയാനുള്ള അവകാശ നിയമപ്രകാരം ഇനി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷനും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മിഷനും നിലവില്‍വരും. മേറ്റ്ല്ലാ സംസ്ഥാനങ്ങളിലും ഇത്‌ നിലവില്‍ വന്നുകഴിഞ്ഞു. ഇത്‌ ബ്യൂറോക്രസിയുടെ കൈയില്‍ അകപ്പെടരുത്‌. ഇതിന്റെ ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ക്ക്‌ ചീഫ്‌ ഇലക്ഷന്‍ കമ്മിഷന്റെ പദവിയാണ്‌ നല്‍കിയിട്ടുള്ളത്‌. കേന്ദ്രത്തില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു കാബിനറ്റ്‌ മന്ത്രിയുമടങ്ങുന്ന സമിതിയാണ്‌ ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മിഷണറെ നിശ്ചയിക്കുന്നത്‌. അവര്‍ നല്‍കുന്ന ശുപാര്‍ശയിന്‌മേല്‍ പ്രസിഡന്റ്‌ നിയമനം നടത്തും. സംസ്ഥാനത്തിന്റേത്‌, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരു കാബിനറ്റ്‌ മന്ത്രിയും അടങ്ങുന്ന സമിതിയായിരിക്കും. ഈ സമിതി നല്‍കുന്ന ശുപാര്‍ശയിന്‌മേല്‍ ഗവര്‍ണറായിരിക്കും ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മിഷണറെ നിയമിക്കുന്നത്‌.

അറുപത്തിയഞ്ച്‌ വയസ്സുവരെയോ, 5 വര്‍ഷമോ ആയിരിക്കും ചീഫ്‌ ഇന്‍ഫര്‍മേ ഷന്‍ കമ്മിഷണറുടെ ഭരണ കാലാവധി. ഒരിക്കല്‍ ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായി റിട്ടയര്‍ ചെയ്‌താല്‍ വീണ്ടും അതേ സ്ഥാനത്ത്‌ വരാന്‍ പാടില്ലെന്ന്‌ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ആകെ പത്ത്‌ കമ്മിഷന്‍ അംഗങ്ങള്‍ ഉണ്ടായിരിക്കും.
ഒരു പൌരന്‍ നല്‍കുന്ന അപേക്ഷയിന്‌മേല്‍ തൃപ്‌തികരമായ മറുപടി നല്‍കാത്ത അവസ്ഥയിലോ കാലാവധി കഴിഞ്ഞിട്ടും നല്‍കാതിരിക്കുകയോ ചെയ്‌താല്‍, അയാള്‍ക്ക്‌, ആദ്യം ബന്‌ധപ്പെട്ട വകുപ്പ്‌ മേധാവിക്ക്‌ അപ്പീല്‍ കൊടുക്കാം. എന്നിട്ടും ശരിയായ മറുപടി കിട്ടിയില്ലെങ്കില്‍ ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ക്കായിരിക്കും പരാതി നല്‍കേണ്ടത്‌ 30 ദിവസത്തിനകം മറുപടി നല്‍കിയിരിക്കണം. അല്ലാത്തപക്ഷം വീഴ്ചവരുത്തിയ ഉദ്യോഗസ്ഥന്‍ പരാതിയുടെ ഗൌരവം കണക്കിലെടുത്ത്‌ പ്രതിദിനം 250 രൂപ മുതല്‍ 25,000 രൂപവരെ പിഴ നല്‍കാന്‍ ബാദ്ധ്യസ്ഥനാണ്‌. പുറമേ തന്റെ സര്‍വീസ്‌ ബുക്കില്‍ ഇക്കാര്യം രേഖപ്പെടുത്തുക മാത്രമല്ല, ശിക്ഷാനടപടികളും സ്വീകരിക്കും.

അറിയാനുള്ള അവകാ ശ നിയമം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഓരോ സംസ്ഥാനവും ഉറച്ച തീരുമാനങ്ങള്‍ എടുത്താല്‍ ഇതൊരു വിപ്‌ളവകരമായ കാല്‍വയ്‌പുതന്നെയായിരിക്കും. നിര്‍ഭാഗ്യവശാല്‍ കേരളം മാത്രം അക്കാര്യത്തില്‍ ഇപ്പോഴും വളരെ പിന്നിലാണ്‌. ഇത്‌ അക്ഷന്തവ്യമാണ്‌. പ്രതിഷേധാര്‍ഹമാണ്‌. ഒരു ജനാധിപത്യരാജ്യത്തിന്‌ ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ്‌ ഈ മൌനവും കാലതാമസവുമൊക്കെ. കേരള ഗവണ്‍മെന്റിന്റെ അടുത്ത കാലത്തുണ്ടായ ചില ഇടപാടുകള്‍ പുറത്തായിപ്പോകുമെന്ന്‌ ഭയപ്പെടുന്നതുകൊണ്ടാണോ? എന്തായാലും ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ച്‌ നിയമം ഫലപ്രദമായി നടത്തുമെന്ന്‌ പ്രത്യാശിക്കാം.
തയ്യാറാക്കിയത്‌ : അശ്വിനി

പ്രധാനമന്ത്രി പ്രശംസിച്ച 'വര്‍ക്കല ടച്ച്‌ '
ഒക്‌ടോബര്‍ 12-ാ‍ംതീയതി ഇന്ത്യയിലെങ്ങും നിയമമായി നിലവില്‍ വന്ന അറിയാനുള്ള അവകാശ ബില്ലിന്‌ ഒരു മുന്‍ ചരിത്രമുണ്ട്‌. ഇത്‌ നിയമമായി മാറുന്നതിനുമുമ്പ്‌ 13-ാ‍ം ലോക്‌സഭയില്‍ എന്‍.ഡി.എ ഗവണ്‍മെന്റ്‌ 'ഫ്രീഡം ഒഫ്‌ ഇന്‍ഫര്‍മേഷന്‍ ബില്‍ -2003' എന്ന പേരില്‍ മറ്റൊരു ബില്‍ അവതരിപ്പിച്ചിരുന്നു.
ബ്രിട്ടീഷ്‌ മാതൃക അവലംബമാക്കി കൊണ്ടുവന്ന ആ ബില്ലിന്‌ ഒട്ടേറെ പരിമിതികള്‍ ഉണ്ടായിരുന്നു. ബില്‍ പാര്‍ലമെന്റ്‌ പാസാക്കി എന്നുമാത്രമല്ല അതിന്‌ പ്രസിഡന്റിന്റെ അനുമതിയും കിട്ടി. എന്നാല്‍ ഗസറ്റിലൂടെയുള്ള പ്രഖ്യാപനം മാത്രം നടന്നില്ല. അതുകൊണ്ട്‌, അന്ന്‌ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടപ്പോള്‍ ആ നിയമം റദ്ദായിപ്പോകുകയായിരുന്നു. ഗസറ്റില്‍ പ്രസിദ്ധീകരിക്കാതിരുന്ന നടപടിയെ ഒരു പൊതുതാല്‍പര്യ ഹര്‍ജിയായി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുകവരെയുണ്ടായി. ഈ പശ്ചാത്തലത്തിലാണ്‌ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ നിലവില്‍ വന്ന യു.പി.എ ഗവണ്‍മെന്റ്‌ "റൈറ്റ്‌ ടു ഇന്‍ഫര്‍മേഷന്‍ ബില്‍-2004" എന്ന ഒരു പുതിയ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്നത്‌. വര്‍ക്കല രാധാകൃഷ്‌ണന്‍ എം.പി ഉള്‍പ്പെട്ട ലാ ആന്‍ഡ്‌ ജസ്റ്റിസ്‌ കമ്മിറ്റിക്കായിരുന്നു അത്‌ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാനുള്ള ചുമതല നല്‍കിയത്‌. വിശദമായ തെളിവെടുപ്പിനുശേഷമാണ്‌ അവസാന റിപ്പോര്‍ട്ട്‌ നല്‍കിയത്‌. നേരത്തെ അവതരിപ്പിച്ച ബില്ലില്‍നിന്ന്‌ വ്യത്യസ്തമായി നിരവധി ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. അത്‌ പാര്‍ലമെന്റ്‌ അംഗീകരിക്കുകയും പ്രസിഡന്റിന്റെ അനുമതിയോടെ അറിയാനുള്ള അവകാശനിയമമായി നിലവില്‍ വരികയുമായിരുന്നു.
പുതിയ ബില്ലിന്റെ രൂപപരിണാമങ്ങള്‍ക്ക്‌ വര്‍ക്കല നല്‍കിയ സഹകരണത്തെപ്പറ്റി കേന്ദ്ര നിയമമന്ത്രി പാര്‍ലമെന്റില്‍ പ്രത്യേകം ശ്ലാഘിച്ചിരുന്നു. ബില്‍ പാസായപ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ വര്‍ക്കലയെ ഒത്തിരി അനുമോദിച്ചിരുന്നു. ഇതൊരു ചരിത്രസംഭവമാണെന്ന്‌ അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു.

കടപ്പാട്: കേരളകൌമുദിഓൺലൈൻ.കോം

ബുധനാഴ്‌ച, ഒക്‌ടോബർ 12, 2005

നവരാത്രിസംഗീതം

നവരാത്രിസംഗീതം
- നിഷാ. കെ. നായർ

നാലു തൃക്കൈകളിലൊന്നിൽ സംഗീതസാഗരത്തെ കുടിയിരുത്തുന്നു ദേവി. സരസ്വതീ നമസ്‌തുഭ്യമെന്നു ചൊല്ലിപ്പഠിച്ച നാവുകളിൽ നാദസ്വരൂപമാകുന്നു. സംഗീതസാരസർവസ്വവുമായ സരസ്വതിക്ക്‌ സംഗീതാരാധന നടത്താനല്ലാതെ സപ്‌തസ്വരപുണ്യം മറ്റെന്തിനാണ്‌? ദേവിയെ സ്‌തുതിച്ച്‌ പാടാനുളള ഭാഗ്യം സമസ്‌തസൌഭാഗ്യങ്ങളിലും വലുത്‌. അതു തിരിച്ചറിയുന്നവരേ നാദോപാസനയാൽ ആത്മാവിൽ പൂർണത നേടുന്നുളളു. ഭാരതീയന്‌ സംഗീതരസങ്ങളിൽ പരമപ്രധാനം ഭക്‌തിരസം തന്നെയാണ്‌. നവരാത്രിയുടെ നവരസങ്ങൾ ഭാരതീയർക്ക്‌ സംഗീതപ്രധാനമാകുന്നതും മറ്റൊന്നുകൊണ്ടല്ല. ഒൻപതു പുണ്യദിനങ്ങൾ ദേവിക്ക്‌ സംഗീതാരാധനയ്ക്കായി അർപ്പിക്കുന്നു നിത്യഭക്‌തർ.

ദുർഗയെയും ലക്ഷ്മിയെയും സരസ്വതിയെയും പൂജിക്കാനുളള വേളയാണ്‌ നവരാത്രി. ദേവിക്ക്‌ നാദത്താൽ, ദീപത്താൽ, വർണത്താൽ, അക്ഷരായുധങ്ങളാൽ അർച്ചന നടത്തുന്ന നാളുകൾ. സംഗീതാർച്ചന സരസ്വതീപ്രധാനമാണ്‌.

സംഗീതമപി സാഹിത്യം സരസ്വത്യാം സ്‌തനദ്വയം എന്നു മന്ത്രതുല്യമായി നാം ഉരുവിടുന്നു..

ആപാദമധുരമായ സംഗീതത്തിന്റെ സമസ്‌തവും ദേവിയിൽ കുടികൊളളുന്നു. അതറിഞ്ഞു പാടി നവരാത്രികളെ സംഗീ താർച്ചിതമാക്കിയവരാണ്‌ കർണാടക സംഗീതത്തിലെ മഹാമേരുക്കളെല്ലാം തന്നെ. ത്യാഗരാജ സ്വാമികളും മുത്തുസ്വാമി ദീക്ഷിതരും രചിച്ചു ചിട്ടപ്പെടുത്തിയ ദേവീകൃതികൾ തൊട്ടു തുടങ്ങി സ്വാതിതിരുനാളിന്റെ ഭക്‌തിപൂർണമായ സരസ്വതീസാധന വരെ സരസ്വതീഭക്‌തിവിലയിതമാണ്‌.

നൃത്തസംഗീതങ്ങളുടെ ഉത്സവമായ നവരാത്രിക്ക്‌ ദേവിയെ സ്‌തുതിക്കാൻ കീർത്തനങ്ങൾ രചിക്കാത്ത മഹാസംഗീത ജ്ഞർ കുറയും. ഭക്‌തിഗീതങ്ങൾ, കീർത്തനങ്ങൾ,കൃതികൾ, ഭജൻ എന്നിവയിലൂടെ ദേവീഭക്‌തി കർണപുടങ്ങളെ അമൃതൂട്ടുന്നു. മുത്തുസ്വാമി ദീക്ഷിതരുടെ കമലാകാംബ നവവർണ കൃതികൾ, ശ്യാമശാസ്‌ത്രികളുടെ നവരത്നമാലിക, ഉതുക്കാട്‌ വെങ്കടസുബ്ബ അയ്യരുടെ കാമാക്ഷി നവവർണ കൃതികൾ, പിന്നെ സ്വാതിതിരുനാൾ മഹാരാജാവിന്റെ അമൂല്യങ്ങളിൽ അമൂല്യങ്ങളായ ദേവീ നവരാത്രി കീർത്തനങ്ങളും.

കടപ്പാട്‌ : മനോരമ ഓൺലൈൻ.കോം

നവരാത്രി മഹോത്‌സവം

നവരാത്രി മഹോത്‌സവം
പ്രൊഫ. ഡോ. ഷാജി പ്രഭാകരൻ
കന്നിമാസത്തിലെ കറുത്ത വാവിന്റെ പിറ്റേദിവസം തുടങ്ങി ഒൻപത്‌ ദിവസമാണ്‌ നവരാത്രിയായി ആഘോഷിക്കുന്നത്‌. ദശമി ആയ പത്താംദിവസം വിജയദശമി ആഘോഷപൂർവ്വം കൊണ്ടാടുന്നു. ഒൻപതാം ദിവസം മഹാനവമിയായും എട്ടാം ദിനമായ അഷ്‌ടമി - ദുർഗ്‌ഗാഷ്‌ടമിയായും കണക്കാക്കുന്നു.
കേരളത്തിൽ സാധാരണയായി ഒൻപതു ദിവസം വ്രതം അനുഷ്ഠിക്കുകയും അവസാന മൂന്നു ദിവസങ്ങൾ ആഘോഷമായി കൊണ്ടാടുകയും ചെയ്യുന്നു.
ഭാരതത്തിന്റെ ഇതര ഭാഗങ്ങളിൽ സരസ്വതീ പൂജയ്ക്കല്ല പ്രായേണ പ്രാധാന്യം കൊടുക്കുക. മറാഠികളും ഗുജറാത്തികളും മറ്റും ആയുധ പൂജയായിട്ടാണ്‌ കൊണ്ടാടുക. ദുർഗ്‌ഗ അഥവാ ഭവാനിയാണ്‌ അവിടെയെല്ലാം പൂജാർഹയായ ദേവി.

ബംഗാളിലും വിദ്യാദേവിക്കുള്ളതിനേക്കാൾ പ്രാധാന്യം കാളിക്കാണ്‌. മൈസൂറിൽ ചാമുണ്‌ഡിദേവിക്കാണ്‌ പൂജ നടത്തുന്നത്‌. എന്നാൽ, കേരളത്തിൽ സരസ്വതിക്കാണ്‌ പൂജ ചെയ്യുന്നത്‌. അതിനു മുന്നിൽ തങ്ങളുടെ പുസ്തകങ്ങൾ, ഗ്രന്ഥങ്ങൾ, പണിയായുധങ്ങൾ മുതലായവ വയ്ക്കുന്നു. ഈ സംരംഭത്തിന്‌ 'പൂജവയ്‌പ്‌' എന്നു പറയുന്നു. ഇങ്ങനെ പൂജ വച്ചു കഴിഞ്ഞാൽ പിന്നെ വിദ്യാർത്ഥികൾ എഴുത്തും വായനയും നിറുത്തുന്നു. പൂജ എടുക്കുന്നതുവരെ വിദ്യാർത്ഥികൾക്ക്‌ അവധി ദിവസങ്ങളാണ്‌.

പത്താം ദിവസമായ വിജയദശമി ദിനത്തിൽ രാവിലെ കുളിച്ച്‌ കുറിയും തൊട്ട്‌ പരിശുദ്ധിയോടെ പൂജകൾ നടത്തുന്നു. അന്നേദിവസം അവൽ, മലർ, ശർക്കര, പഴം, കരിമ്പ്‌, മുന്തിരിങ്ങ, തേങ്ങ തുടങ്ങിയ പദാർത്ഥങ്ങൾ വയ്ക്കുന്നു. ചിലർ പായസം, ത്രിമധുരം, മധുര പലഹാരങ്ങൾ എന്നിവയും പൂജയ്ക്ക്‌ ഉപയോഗിക്കുന്നു. പണിയായുധങ്ങളും മറ്റുമാണ്‌ പൂജ വച്ചിരിക്കുന്നതെങ്കിൽ അവ ഭക്തിയോടെ എടുത്ത്‌ ആരംഭം കുറിക്കുന്നു. അങ്ങനെ സർവ്വ വിദ്യകളുടെയും ആരംഭം കുറിക്കുന്ന ദിനമാണ്‌ വിശ്വാസികൾക്ക്‌ വിജയദശമി. ഈ ചടങ്ങിന്‌ 'പൂജ എടുപ്പ്‌' എന്നു പറയുന്നു.

ഈ ദിനത്തിൽ കൊച്ചുകുട്ടികളുടെ വിദ്യാരംഭവും നടത്തുന്നു. ആദ്യമായി നാക്കിൻ തുമ്പത്ത്‌ സ്വർണ്ണംകൊണ്ട്‌ എഴുതുകയും പറയിപ്പിക്കുകയും ചെയ്ത ശേഷം അരിയിൽ കുട്ടിയുടെ വിരൽകൊണ്ട്‌ ഗുരു എഴുതിക്കുന്നു. അങ്ങനെ എഴുത്തും വായനയുടെ ആരംഭവും ഒരു കുട്ടിയിൽ ആദ്യമായി കുറിക്കുന്നതും ഇന്നേ ദിവസമാണ്‌. ഗുരുവിന്‌ ദക്ഷിണ കൊടുത്ത്‌ ചടങ്ങ്‌ അവസാനിക്കുന്നു.

കടപ്പാട്: കേരളകൌമുദി ഓൺലൈൻ

എഴുത്തിനിരുത്ത്‌

എഴുത്തിനിരുത്ത്‌
സുകുമാർ
പത്രമാപ്പീസുകളിലും എഴുത്തിനിരുത്ത്‌. ഒരുപാടൊരുപാട്‌ പ്രലോഭനങ്ങൾ. എന്നിട്ടും ക്ഷേത്രമുറ്റങ്ങളിൽ കുറവില്ല. എല്ലാം ഈശ്വരാനുഗ്രഹം.
ഒരു പത്രസ്ഥാപനത്തിൽ തുഞ്ചത്താചാര്യന്റെ നേതൃത്വത്തിലാണ്‌ വിദ്യാരംഭമെങ്കിൽ, മറ്റൊന്നിൽ മേൽപത്തൂർ ഭട്ടതിരിപ്പാടാണ്‌ ആചാര്യർ. ഇനിയൊരിടത്ത്‌ പൂന്താനം നമ്പൂതിരിയാണ്‌ ഗുരുനാഥനെങ്കിൽ വേറൊരിടത്ത്‌ പുത്തൻകാവ്‌ മാത്തൻ തരകനാണ്‌ കുട്ടികൾക്ക്‌ ആദ്യാക്ഷരം എഴുതിക്കുന്നത്‌.
കുഞ്ചൻ നമ്പ്യാർ പലേടത്തും ചെന്ന്‌ ഗേറ്റിങ്കൽ നിന്നു. ആർക്കും വേണ്ട. അദ്ദേഹം പുഞ്ചിരിയോടെ മണ്ടി.

ഇത്‌ കണ്ടൂ, എഴുത്തച്ഛൻ. എഴുതിക്കൽ നിറുത്തി അദ്ദേഹം പിന്നാലെ നടന്ന്‌ വിളിച്ചു : " ഹേ, കുഞ്ചാ! കുഞ്ചാ! നിൽക്കൂ അവിടെ. ഞാനും വരുന്നുണ്ട്‌." നമ്പ്യാരുണ്ടോ പിന്തിരിയുന്നു! പിന്നാലെ നടന്നു നടന്ന്‌ ചെന്നപ്പോൾ അവിടെ കിള്ളിക്കുറുശ്ശിമംഗലത്തെ മുറ്റത്ത്‌ ഒരു കാഴ്ച കണ്ട്‌, ആചാര്യൻ അന്‌ധാളിച്ചു നിന്നുപോയി.

അവിടെ ഒരു വികൃതിക്കുട്ടിയെക്കൊണ്ട്‌ നമ്പ്യാർ പൂഴിയിൽ എഴുതിക്കുകയാണ്‌. "ഹരിഃശ്രീ ഗണപതയേ നമഃ"
കുട്ടി അതൊരിക്കലും നേരെ എഴുതുന്നില്ല. നമ്പ്യാർക്ക്‌ അസഹ്യമായ കോപം-പറഞ്ഞുകൊടുത്തതുപോലെയല്ല വികൃതി എഴുതുന്നത്‌.
കുട്ടി എഴുതുന്നതിങ്ങനെ-
" ഹരിഃ ശ്രീ ഞാനേ നമഃ"
നമ്പ്യാർ മുഖമുയർത്തി ആ ചെവിക്ക്‌ പിടിക്കാൻ ഭാവിക്കുമ്പോൾ ഗജാനനൻ ഇരുന്ന്‌ ചിരിക്കുന്നു!

കടപ്പാട്: കേരളകൌമുദി ഓൻലൈൻ

ഉടുക്കിന്റെ ഹരിശ്രീ

ഉടുക്കിന്റെ ഹരിശ്രീ
നെടുമുടി വേണു
ജീവിതത്തിന്റെ മദ്ധ്യാഹ്‌നത്തിൽ നിന്ന്‌ ഞാൻ ഒത്തിരി പിന്നോക്കം തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട്‌ തുടക്കങ്ങൾ ഓർത്തെടുക്കാനാവും. ഓർമ്മകൾ ഇങ്ങനെ പിടിച്ചു പിടിച്ചു പോയാൽ എന്റെ ജീവിതത്തിന്‌ നല്ല തുടക്കം കുറിച്ച ഒരു ആകസ്‌മിക നിമിത്തമുണ്ട്‌. ഒരു പുഷ്‌പസുഗന്‌ധംപോലെ, ഞാനതിനെ ഇന്നും എന്നും ഓർമ്മിക്കുകയും ഓർമ്മയിൽ ആരാധിക്കുകയും ചെയ്യുന്നു.

ആലപ്പുഴ എസ്‌.ഡി. കോളേജിൽ നിന്ന്‌ മലയാളം ബി.എ പൂർത്തിയാക്കി നാടകസ്വപ്‌നങ്ങളുമായി നിൽക്കുന്ന കാലമാണ്‌. ആലപ്പുഴ നഗരസഭാ ഹാളിൽ വച്ച്‌ അമച്വർ നാടക വേദികളുടെ നാടകമത്‌സരം അരങ്ങേറി. ഫാസിലിന്റെ ഒരു നാടകം ഞങ്ങൾ സഹപ്രവർത്തകരെല്ലാം ചേർന്ന്‌ അവതരിപ്പിച്ചു. കാവാലം നാരായണപണിക്കരായിരുന്നു ജഡ്ജ്‌. ഏറ്റവും നല്ല നാടകമായി ഞങ്ങളുടേത്‌ തിരഞ്ഞെടുക്കപ്പെട്ടു. നല്ല നടനുള്ള പുരസ്കാരവും ഞങ്ങളുടെ നാടകത്തിനായിരുന്നു. ചടങ്ങ്‌ എല്ലാം കഴിഞ്ഞപ്പോൾ കാവാലം പറഞ്ഞു : "നിങ്ങൾ നല്ല കലാവാസനയുള്ളവരാണ്‌." ഞാൻ പറയാൻ വരുന്നത്‌ ഇതൊന്നുമല്ല.

പിന്നീടൊരിക്കൽ അദ്ദേഹം തന്നെ എഴുതി സംവിധാനം ചെയ്ത മറ്റൊരു നാടകത്തിലും ഞാനും ഫാസിലുമൊക്കെ അഭിനയിച്ചു. നാടകം പക്ഷേ, അത്ര നന്നായില്ല. തുടർന്ന്‌ ഫാസിൽ പിന്മാറി. ഞാൻ കാവാലത്തെ വിട്ടുപോ യില്ല. കുറേനാൾ കഴിഞ്ഞ്‌, ഒരു ദിവസം സന്‌ധ്യാനേരം. അവിചാരിതമായി വഴിമദ്ധ്യേ കാവാലത്തിനെ കണ്ടുമുട്ടുന്നു. എന്നെയും കൂട്ടി അദ്ദേഹം എങ്ങോട്ടേക്കോ പോകുകയാണ്‌. എവിടേയ്ക്കാണെന്നൊന്നും എനിക്കറിയില്ല. ഒടുവിൽ ഒരു വീട്ടുമുറ്റത്തെത്തി. അകത്ത്‌ പ്രവേശിച്ചു. എന്റെ മുന്നിൽ നിൽക്കുന്നത്‌ ആരെന്നോ? മഹാപണ്‌ഡിതനും കോളേജിലെ എന്റെ അഭിവന്ദ്യഗുരുവുമായ രാമവർമ്മ തമ്പുരാൻ സാർ. തമ്പുരാൻ സാർ വാത്സല്യമുള്ള വലിയ മനുഷ്യനാണ്‌. ഞങ്ങളിരുന്നപ്പോൾ കാവാലം പിന്നെയും ഒന്നുകൂടി എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം ഒരു ഉടുക്ക്‌ എടുത്ത്‌ എന്റെ കൈയിൽ തന്നു. കൊട്ടാൻ പറഞ്ഞു. കാവാലം ഗണപതി താളം ചൊല്ലിത്തുടങ്ങി.

പിന്നെ, അത്‌ ഞാൻ തന്നെ ചൊല്ലാൻ പറഞ്ഞു. ചൊല്ലി. പിന്നെ കൊട്ടലും ചൊല്ലലും ഒന്നിച്ചു ചെയ്യാൻ പറഞ്ഞു. അതും ചെയ്തു. കുറേക്കഴി ഞ്ഞാണ്‌ ഞാൻ അറിയുന്നത്‌, സംഗതി കാവാലത്തിന്റെ 'ദൈവത്താർ' എന്ന നാടകത്തിന്റെ തുടക്കമായിരുന്നു എന്ന്‌. തികഞ്ഞ രംഗാവിഷ്കാരമുള്ള ഒരു നാടകം. അത്‌ നാടക പ്രസ്ഥാനത്തിനു തന്നെ എന്നും ഒരു അഭിമാനവുമായിരുന്നു. കാവാലം എഴുതി. കാവാലം സംവിധാനം ചെയ്ത നാടകം. ഞങ്ങൾ ആലപ്പുഴയിൽ തുടങ്ങി കേരളത്തിന്റെ അങ്ങോളമിങ്ങോളം ആ നാടകം കളിച്ചു. അതിലൂടെയാണ്‌ ഞാൻ എന്നും കാണാൻ കൊതിച്ചിരുന്ന ഒട്ടേറെ പ്രമുഖരെ കാണുന്നതും അവരുമായി അടുക്കുന്നതും, ഒടുവിൽ സിനിമയിൽ വരെ എത്തിച്ചേരുന്നതും താരമായി ഉയരുന്നതും.

അതോടെ, പാട്ടിലും കൊട്ടിലും അഭിനയത്തിലും നൃത്തത്തിലും ഒക്കെയുള്ള എന്റെ വാസന ഇതൾ വിരിഞ്ഞ്‌ സൌമ്യമായി എന്നെ തലോടിത്തുടങ്ങി. അവയൊക്കെ സമഗ്രവും സമർത്ഥവുമായി പ്രയോഗിക്കാനും എനിക്കായി. നോക്ക്‌, എത്രയെത്ര പ്രതിഭകളെയാണ്‌ എനിക്ക്‌ ആ നാടകത്തിലൂടെ കണ്ടുമുട്ടാ നായത്്‌. ഞാൻ എവിടെയെല്ലാം ചെന്നു. ഒരിടവേളയിൽ പത്രപ്രവർത്തകനായി കലാകൌമുദിയിലും. എല്ലാറ്റിനും തുടക്കമായത്‌ ആ നാടകമായിരുന്നു. ഗുരുഭൂതനായ തമ്പുരാൻ സാറിന്റെ അനുഗ്രഹവും. അപ്പോഴും ഞാൻ ഒരു കാര്യം പറഞ്ഞില്ല. എന്നെ എന്തിനാണ്‌ എന്റെ ഗുരുനാഥന്റെ മുമ്പിലേക്ക്‌ അന്ന്‌ കാവാലം ചേട്ടൻ കൊണ്ടുപോയത്‌. ആ, എനിക്കറിയില്ല, അതിപ്പോഴും എന്തിനാണെന്ന്‌ എനിക്കറിയില്ല. ആരോ അദൃശ്യമായി നമ്മളെയൊക്കെ ഓരോ ഭാഗത്ത്‌ കൊണ്ടെത്തിക്കുകയാണ്‌.

കടപ്പാട് : കേരളകൌമുദി ഓൺലൈൻ

തിരുവനന്തപുരം എന്ന തീരുമാനം

തിരുവനന്തപുരം എന്ന തീരുമാനം
സതീഷ്ബാബു പയ്യന്നൂർ
1989 ഡിസംബറിലെ ഒരു തണുത്ത വെളുപ്പാൻകാലത്താണ്‌ മെർക്കാറയിൽ വച്ച്‌ ഞാൻ ആദ്യമായി കഥാകൃത്തും സംവിധായകനുമായ പത്‌മരാജനെ പരിചയപ്പെടുന്നത്‌. 'ഇന്നലെ' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക്‌ ആ സിനിമയുടെ ഗാനരചയിതാവുകൂടിയായ കൈതപ്രം ദാമോദരേട്ടനോടൊത്ത്‌, പ്രത്യേകിച്ച്‌ പ്രതീക്ഷകളോ, ഉദ്ദേശ്യങ്ങളോ ഒന്നുമില്ലാതെ, ഒരപ്രതീക്ഷിത യാത്രയിൽ എത്തിച്ചേർന്നതായിരുന്നു ഞാൻ. പക്ഷേ, പപ്പേട്ടനെ പരിചയപ്പെട്ടതിനുശേഷമുള്ള ഏതാനും മണിക്കൂറുകൾ എന്നെയാകെ മാറ്റി മറിച്ചുകളഞ്ഞു. വലിയ ഉത്സാഹത്തോടെ, ആയിടെ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ചില കഥകളെക്കുറിച്ച്‌ ലൊക്കേഷനിലുണ്ടായിരുന്ന ജയറാമിനോടും ശ്രീവിദ്യയോടും ക്യാമറാമാൻ വേണുവിനോടും സഹസംവിധായകൻ ജോഷിമാത്യുവിനോടും ഒക്കെ ഷോട്ടുകളുടെ ഇടവേളകളിൽ പപ്പേട്ടൻ പറഞ്ഞു പരിചയപ്പെടുത്തുകയും ഒരന്‌ധാളിപ്പോടെ ചിത്രീകരണം കണ്ടുകൊണ്ടിരുന്ന എന്നോട്‌ 'ബാബുവിന്‌ വിഷ്വൽ സെൻസുള്ളതുകൊണ്ട്‌ ഇതൊന്നും ബോറടിക്കുന്നുണ്ടാവില്ല, അല്ലേ?' എന്ന്‌ പ്രോത്സാഹനപൂർവ്വം സംസാരിക്കുകയും ചെയ്തപ്പോൾ, കൈതപ്രം ദാമോദരേട്ടൻ അന്നുതന്നെ മടങ്ങിയിട്ടും ഞാൻ വീണ്ടും ദിവസങ്ങൾ ആ ലൊക്കേഷനിൽ കഴിഞ്ഞു.

തൊട്ടടുത്ത വർഷം, 1990 മേയ്‌ - 6നായിരുന്നു എന്റെ വിവാഹം. 'ഞാൻ ഗന്‌ധർവ്വ'ന്റെ തിരക്കുകളിലായിരുന്ന പപ്പേട്ടൻ ആശംസകളർപ്പിച്ച്‌ എനിക്കെഴുതി. 'ബാബുവിന്റെ ദൃശ്യങ്ങൾക്ക്‌ ഇനി കൂടുതൽ പൂർണ്ണത വരട്ടെ'. പപ്പേട്ടന്‌ ഞാനെഴുതുന്ന കത്തുകളിലൊക്കെ, അദ്ദേഹത്തിന്റെ സഹായിയായി കൂടെ നിൽക്കാനുള്ള ആഗ്രഹമാണെന്ന്‌ കണ്ട്‌ ഒരിക്കൽ അദ്ദേഹമെഴുതി. "ബാബുവിന്‌ തിരുവനന്തപുരത്തെ ബാങ്കിൽ ട്രാൻസ്ഫർ കിട്ടുമെങ്കിൽ ധൈര്യമായി വരിക. അത്രയൊന്നും വിശ്വസിക്കാൻ വയ്യാത്ത നഗരമാണെങ്കിലും കലാകാരന്മാർക്കു വളരാൻ പറ്റിയ ഒരന്തരീക്ഷം ഇവിടുണ്ട്‌. നീ വരിക. നമുക്കെന്തെങ്കിലുമൊക്കെ ചെയ്യാം."

വിവാഹം കഴിഞ്ഞ ദിവസങ്ങൾ. വീടിനു മുന്നിൽ, തൃക്കരിപ്പൂർ എസ്‌.ബി.ടിയിലേക്ക്‌ ഒരു ട്രാൻസ്ഫർ ലഭിച്ച്‌ ഞാനെത്തിയതേയുണ്ടായിരുന്നുള്ളൂ. ഭാര്യ വിളിപ്പാടകലെ, നീലേശ്വരം രാജാസ്‌ ഹൈസ്കൂളിൽ അദ്ധ്യാപിക. വീട്ടിൽ അച്ഛനും അമ്മയും ഒക്കെയായി സുഖജീവിതം. പുറമേ നിന്നു നോക്കുന്ന ഒരാൾക്ക്‌ സന്തോഷകരമായ ഒരന്തരീക്ഷമെന്ന്‌ തോന്നാമെങ്കിലും 'വിഷ്വൽ മീഡിയയുടെ നഗര'മായ തിരുവനന്തപുരത്തേക്ക്‌ ഒരു സ്ഥലംമാറ്റമായിരുന്നു എന്റെ മനസ്സിൽ തിളച്ചുമറിഞ്ഞിരുന്നത്‌. മനസ്സ്‌ മഥിക്കുമ്പോൾ മൂകാംബികയിലേക്കോടിയെത്തുക അന്നുമിന്നും എന്റെ ശീലമാണ്‌. ആ നവരാത്രിക്കാലത്ത്‌, ഭാര്യയുമൊത്തുള്ള എന്റെ ആദ്യത്തെ മൂകാംബികാ യാത്ര. ദർശനം കഴിഞ്ഞ്‌ ഞാനെന്റെ തീരുമാനം ഭാര്യയോട്‌ പറഞ്ഞു: " ഞാൻ തിരുവനന്തപുരത്തേക്ക്‌ ട്രാൻസ്ഫറിന്‌ അപേക്ഷിക്കുന്നു. നീ തടയരുത്‌!" അവളൊന്നും പറഞ്ഞില്ല. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. സ്ഥലംമാറ്റ ഉത്തരവ്‌ ലഭിക്കുന്നത്‌ 1991 ജനുവരി 10-നായിരുന്നു.

പപ്പേട്ടനില്ലാത്ത നഗരത്തിൽ, അദ്ദേഹം എങ്ങോ നിന്ന്‌ ഇന്നും പകർന്നു നൽകുന്ന ആത്‌മവിശ്വാസവും ഊർജ്ജവും ഉൾക്കൊണ്ട്‌ പതിന്നാല്‌ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ബാങ്കിന്റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ ചെലവഴിച്ച ആദ്യവർഷങ്ങൾതന്നെ എനിക്ക്‌ ഈ നഗരം ഒരുപാട്‌ വ്യക്തിബന്‌ധങ്ങളും സ്ഥായിയായ സൌഹൃദങ്ങളും നേടിത്തന്നു. പിന്നീട്‌ ബാങ്ക്‌ വിടേണ്ടിവന്നു. എനിക്ക്‌ ആഗ്രഹമുള്ളപോലെ ജോലി ചെയ്ത്‌, സ്വപ്‌നങ്ങൾ കണ്ട്‌, വലിയ പരിക്കുകൾ പറ്റാതെ ഞാൻ ഇവിടെ ജീവിക്കുന്നു. മൂകാംബികാ ദേവിയുടെ അനുഗ്രഹത്തോടെ തുടങ്ങിയ സംരംഭം ശരി മാത്രമായിരുന്നു.

കടപ്പാട് : കേരളകൌമുദി ഓൺലൈൻ

ബുധനാഴ്‌ച, ഒക്‌ടോബർ 05, 2005

വ്രതവിശുദ്ധിയുമായി റംസാന്‍ ദിനങ്ങള്‍

വ്രതവിശുദ്ധിയുമായി റംസാന്‍ ദിനങ്ങള്‍
കെ.പി.ഒ. റഹ്‌മത്തുല്ല

ഭക്തിയുടെ വിശുദ്ധവിതാനത്തിലേക്ക്‌ മനുഷ്യനെ എത്തിക്കുന്ന ശക്തമായ കര്‍മ്മമാണ്‌ നൊയമ്പ്‌.
"സത്യത്തില്‍ വിശ്വസിച്ചവരേ! നിങ്ങള്‍ടെ പൂര്‍വികരെപ്പോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്‌ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക്‌ നന്മ ഉണ്ടാകാന്‍വേണ്ടി (2:183) ശരീരമനസ്സുകളെ പാകപ്പെടുത്തി, ദുഷ്ചിന്താശീലങ്ങളില്‍നിന്ന്‌ തടഞ്ഞ്‌ നന്മകളില്‍ നിരതമാകുന്ന ഭക്തിയുടെ പാരമ്യത്തിലേക്ക്‌ വ്രതം മനുഷ്യനെ നയിക്കുന്നു."

നൊയമ്പിന്‌ ഖുര്‍ ആനിന്റെ ഭാഷയില്‍ 'സ്വിയാമ' എന്നാണ്‌ പേര്‌. 'സ്വിയാമ' അഥവാ 'സ്വൌമ' എന്ന അറബിപദത്തിന്‌ നിയന്ത്രണം എന്നാണര്‍ത്ഥം. ഉന്നതമായ ഒരു ലക്ഷ്യത്തിനുവേണ്ടി മനസ്സിനെയും ശരീരത്തെയും നിയന്ത്രിച്ചുനിറുത്തുന്ന ഏറെ ശ്രമകരമായ കര്‍മ്മം. പട്ടിണി കിടക്കുക എന്നത്‌ നൊയമ്പിന്റെ ആശയമല്ല. ആഹാരമുപേക്ഷിച്ചതുകൊണ്ടുമാത്രം വ്രതമാവുകയില്ല. നബി തിരുമേനി പറഞ്ഞത്‌ "എത്രയെത്ര നൊയമ്പുകാരാണുള്ളത്‌, പശിയും ദാഹവുമല്ലാതെ മറ്റൊന്നും നേടിയിട്ടില്ലാത്തവര്‍?"

ഈസാ നബിയുടെ മാതാവ്‌ മറിയമിന്റെ നോമ്പിനെപ്പറ്റി ഖുര്‍ ആനില്‍ പരാമര്‍ശമുണ്ട്‌. രോഷാകുലരായി തനിക്കെതിരെ ഇളകിവരുന്ന ജനങ്ങളോട്‌ എന്തു പറയണമെന്നറിയാതെ അവര്‍ കുഴങ്ങി. "ഞാന്‍ ഇതിനുമുമ്പേ മരിച്ചുപോയെങ്കില്‍ എത്ര നന്നായിരുന്നു...!" ചോരക്കുഞ്ഞിനെ നോക്കി അവര്‍ കരഞ്ഞു.

ഭക്തയായ ആ മഹതിയെ അല്ലാഹു ആശ്വസിപ്പിച്ചു. "നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക. വല്ല മനുഷ്യരെയും കണ്ടാല്‍ എനിക്ക്‌ നൊയമ്പാണ്‌, ഇന്ന്‌ ഞാന്‍ ആരുമായും സംസാരിക്കുന്നതല്ല എന്നു പറഞ്ഞേക്കുക" വിശുദ്ധ ഖുര്‍ ആന്‍ (19:26)
നൊയമ്പനുഷ്ഠിക്കുന്ന മറിയമിനോട്‌ ആഹാരം കഴിക്കാന്‍ അല്ലാഹുവിന്റെ കല്‍പന! അതായിരുന്നു മറിയമിന്റെ നൊയമ്പ്‌. നാവിനെ നിയന്ത്രിച്ച്‌ മൌനവ്രതമാചരിച്ചുകൊണ്ട്‌, തനിക്കെതിരെ ഇരമ്പിവരുന്ന ജനരോഷത്തെ ക്ഷമകൊണ്ട്‌ ജയിക്കുകയായിരുന്നു മറിയം.

മറ്റ്‌ ആരാധനാമുറകള്‍ക്കുപരി, സവിശേഷപ്രാധാന്യമുള്ള ഒരു മഹത്കര്‍മ്മമാണ്‌ വ്രതാനുഷ്ഠാനം. അതു തീരെ പ്രകടനപരമല്ല. നമസ്കാരം, ഹജ്ജ്‌, സകാത്ത്‌.... എല്ലാറ്റിനും കര്‍മ്മരൂപമുണ്ട്‌. മറ്റുള്ളവര്‍ക്ക്‌ അതറിയാന്‍ കഴിയും. നോമ്പ്‌ അങ്ങനെയല്ല. അത്‌ ദൈവവും ദാസനും തമ്മില്‍ നേരിട്ടുള്ള സ്വകാര്യബന്‌ധമാണ്‌. ബാഹ്യമായ രൂപവും ചലനവും അതിനില്ല. ആരെയും കാണിക്കാന്‍ സാധ്യമല്ല; അല്ലാഹുവിനെയല്ലാതെ - നബി (സ) പറഞ്ഞു: " അല്ലാഹു അറിയിച്ചിരിക്കുന്നു. നോമ്പ്‌ എനിക്കുള്ളതാണ്‌. ഞാന്‍ അതിനുള്ള പ്രതിഫലം നല്‍കുന്നതുമാണ്‌.

പ്രവാചക തിരുമേനി (സ)യുടെ മദീനാ പലായനത്തിന്റെ രണ്ടാം വര്‍ഷമാണ്‌ നോമ്പു നിര്‍ബന്‌ധിച്ചുകൊണ്ട്‌ വിധിയുണ്ടായത്‌. വിശുദ്ധ ഖുര്‍ ആന്റെ അവതരണം ആരംഭിച്ച റംസാന്‍ മാസത്തിലാണ്‌ അനുഷ്ഠിക്കേണ്ടത്‌. അതിനു കാരണമുണ്ട്‌. ഖുര്‍ ആന്‍ പാപബാധയെ സൂക്ഷിച്ച്‌ ജീവിക്കാന്‍ തയ്യാറുള്ള 'മുത്തഖി'കള്‍ക്കുവേണ്ടിയാണ്‌. ഭക്തന്മാര്‍ക്കാണ്‌ ഖുര്‍ ആന്‍ കൊണ്ട്‌ നേര്‍വഴി പ്രാപിക്കാന്‍ കഴിയുക (2:2)
"ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചുകാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും ഖുര്‍ ആന്‍ അവതീര്‍ണ്ണമായ മാസമാകുന്നു റംസാന്‍. അതുകൊണ്ട്‌ നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ, അവര്‍ വ്രതമാചരിക്കേണ്ടതാണ്‌." വി.ഖു-2:185)ദിവ്യസന്ദേശവുമായി പ്രവാചകന്മാരെ സമീപിക്കാറുള്ള മാലാഖ 'ജിബ്‌രീല്‍', റംസാനില്‍ നബി തിരുമേനിയെ മറന്നുകാണുക പതിവായിരുന്നു. ഖുര്‍ ആന്‍ ആദ്യാവസാനം നബി ചൊല്ലിക്കേള്‍പ്പിക്കും. ജിബ്‌രീല്‍ അത്‌ ശരിവയ്ക്കും. അവസാനവര്‍ഷം ഇത്‌ രണ്ടുതവണ ആവര്‍ത്തിക്കുകയുണ്ടായി.

മനുഷ്യര്‍ക്കാകമാനം മോക്ഷത്തിന്റെ വെളിച്ചമായി കാരുണ്യവാനായ ദൈവം നല്‍കിയ സന്ദേശമാണ്‌ ഖുര്‍ ആന്‍. മഹത്തായ ഈ അനുഗ്രഹത്തിനു നാന്ദിയായി ഖുര്‍ ആനിന്റെ വാര്‍ഷികമായിട്ടാണ്‌ റംസാനില്‍ വ്രതമാചരിക്കുന്നത്‌.'റംസാന്‍' എന്നാല്‍ കഠിനമായി തപിക്കുന്നത്‌. ഭക്തിയുടെ ഉഗ്രതാപത്താല്‍ പൈശാചികമായ ചിന്തകളെയും ശീലങ്ങളെയും കരിച്ചുകളയുന്ന മാസം. നബി തിരുമേനി പറഞ്ഞു: "റംസാന്‍ മാസം വന്നാല്‍ പിശാചുക്കള്‍ ബന്‌ധിക്കപ്പെടും, നരകത്തിന്റെ വാതിലുകള്‍ അടയും, സ്വര്‍ഗ്‌ഗകവാടങ്ങള്‍ തുറക്കപ്പെടും..."തെറ്റായ ചിന്തകളെയും സ്വാധീനങ്ങളെയും പിടിച്ചുകെട്ടി സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്താനും സ്വര്‍ഗ്‌ഗത്തിന്റെ വാതിലുകള്‍ തനിക്കുവേണ്ടി സ്വയം തുറക്കുവാനും പരിശീലിക്കുന്ന മാസം.വ്രതം തീവ്രമായ ഒരു പ്രയത്‌നമാണ്‌. ഉന്നതമായ ലക്ഷ്യത്തിനുവേണ്ടി വിശ്വാസി സ്വയം ഏറ്റെടുക്കുന്ന കഠിനമായ പരിശീലനം. പൈശാചികമായ ചിന്താശീലങ്ങള്‍ക്ക്‌ കടന്നുവരാന്‍ നൊയമ്പുകാരന്റെ ജീവിതത്തില്‍ പഴുതുകളില്ല. ദാഹിച്ചിട്ട്‌ വെള്ളംപോലും കുടിക്കാത്ത ഭക്തന്‍, സഹനത്തിന്റെ അപാരമായ ശക്തികൊണ്ട്‌ വ്രതവിശുദ്ധിയെ കളങ്കപ്പെടുത്തുന്ന എല്ലാ തിന്മകളെയും തകര്‍ത്തുകളയുന്നു.

നൊയമ്പുകാരന്‍ ദുര്‍ബലനല്ല. വ്രതമാചരിക്കുന്നവനുള്ള നിബന്‌ധനകളില്‍ നബി (സ) ഇങ്ങനെ പറയുന്നു: "ഇനി വല്ലവനും ശകാരിക്കുകയോ ദേഹോപദ്രവത്തിനു മുതിരുകയോ ചെയ്താല്‍ എനിക്ക്‌ നോമ്പാണ്‌ എന്നു മാത്രം അവനോടു പറയുക."
നൊയമ്പ്‌ വിശ്വാസിയെ കൂടുതല്‍ ശക്തനാക്കുകയാണ്‌. പ്രസിദ്ധമായ ബദര്‍ യുദ്ധം ഉദാഹരണം. ഇസ്ലാമിക ചരിത്രത്തിലെ തുല്യതയില്ലാത്ത വിജയം. സര്‍വസന്നാഹങ്ങളുമായി ഒരുങ്ങിപ്പുറപ്പെട്ട ആയിരത്തി മുന്നൂറ്‌ ഖുറൈശി യോദ്ധാക്കളോട്‌ നിരായുധരായ മുന്നൂറില്‍പ്പരം മുസ്ലീങ്ങള്‍ ഏറ്റുമുട്ടിയ മഹാസംഭവം! അസാധാരണമായ ഈ ശക്തിപ്രകടനവും വിജയവും നോമ്പിന്റെ ദിവസങ്ങളിലായിരുന്നു; റംസാന്‍ 17ന്‌.
കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇസ്ലാമില്‍ പ്രായശ്ചിത്തവും പ്രതിക്രിയയും ശിക്ഷാമുറകളുമുണ്ട്‌. കൊലചെയ്ത കുറ്റവാളിയോട്‌ പ്രായശ്ചിത്തമായി നിര്‍ദ്ദേശിച്ച കൂട്ടത്തില്‍ രണ്ടുമാസം തുടര്‍ച്ചയായി നൊയമ്പനുഷ്ഠിക്കാന്‍ വിധിച്ചിരുന്നു. ശപഥം ചെയ്തിട്ട്‌ അതു പാലിക്കാതെ പോയാല്‍ മൂന്നുദിവസം നോമ്പനുഷ്ഠിക്കണം.

ജീവിതത്തിലൊരിക്കല്‍ മാത്രം നിര്‍ബന്‌ധമുള്ള കര്‍മ്മമാണ്‌ ഹജ്ജ്‌. ഹജ്ജിന്റെ അനുഷ്ഠാനങ്ങളില്‍ വീഴ്ച വരുത്തിയവന്‍ പകരം നൊയമ്പനുഷ്ഠിക്കുകയാണ്‌ വേണ്ടത്‌.കര്‍മ്മങ്ങളില്‍ വരുന്ന കുറവു നികത്തി തെറ്റുകള്‍ ആവര്‍ത്തിക്കാതെ മനുഷ്യനെ നന്മകളില്‍ പിടിച്ചുനിറുത്താനും ദൈവപ്രീതിയുടെ ഉന്നതപദവിയിലേക്ക്‌ പിടിച്ചുയര്‍ത്താനും വ്രതാനുഷ്ഠാനംപോലെ സ്വാധീനമുള്ള കര്‍മ്മം വേറെയില്ല.
പ്രവാചക ശിഷ്യന്‍ അബൂ ഉമാമ (റ) നബിയോടു ചോദിച്ചു: "എനിക്ക്‌ സ്വര്‍ഗ്‌ഗത്തില്‍ പ്രവേശിക്കാനുതകുന്ന ഒരു കര്‍മ്മത്തെപ്പറ്റി പറഞ്ഞുതന്നാലും."അവിടന്ന്‌ അരുളി: "താങ്കള്‍ വ്രതമനുഷ്ഠിക്കുക, അതിനു തുല്യമായ മറ്റൊന്നില്ല."

കടപ്പാട് : കേരള കൌമുദി ഓൺലൈൻ