വ്യാഴാഴ്‌ച, ഓഗസ്റ്റ് 25, 2005

ബ്ലൂ പ്രിന്റുകളില്ലാത്ത നിർമാണചാതുരി

ബ്ലൂ പ്രിന്റുകളില്ലാത്ത നിർമാണചാതുരി

വാക്കിലോ വരയിലോ വള്ളം നിർമാണത്തിന്റെ തച്ചു ശാസ്‌ത്രം ആരും എവിടെയും രേഖപ്പെടുത്തി വച്ചിട്ടില്ല. തലമുറകൾ കൈമാറി വന്ന കൈപ്പുണ്യവും മനോധർമ്മവും മാത്രമാണ്‌ ഇൌ‍ നിർമാണത്തിന്റെ കണക്കും കാര്യവും എൻജിനീയറിങ്ങും. ശിൽപിയുടെ മനസിൽ മാത്രമാണ്‌ വള്ളത്തിന്റെ ബ്ലൂപ്രിന്റ്‌. മൂപ്പെത്തിയ ആഞ്ഞിലിത്തടിയിലാണ്‌ വള്ളം നിർമിക്കുക. തടി കണ്ടെത്തുകയാണ്‌ നിർമാണത്തിന്റെ ആദ്യഘട്ടം. തടി കിട്ടിയാൽ വള്ളത്തിന്റെ അച്ചുണ്ടാക്കുന്നു. മാവിന്റെ പലക കൊണ്ടാണ്‌ സാധാരണ അച്ചുണ്ടാക്കുക. ഇതിനെ വള്ളത്തിന്റെ മൂശ എന്നു വിളിക്കാം. അറുത്തെടുത്ത ആഞ്ഞിലിത്തടി അഞ്ചു പലകകളായി അച്ചിൽ വയ്ക്കുന്നു. അടിയിലെ പലകയാണ്‌ ഏരാവു പലക. അവയ്ക്കു ഇരുവശവുമായി വരുന്ന പലകകളാണ്‌ മാതാവ്‌. പലയിടത്തും തടി വളച്ചു ചേർക്കേണ്ടതായി വരും.

തടിയിൽ ചാണകം പുരട്ടി തൊണ്ടും ചിരട്ടയും ഇട്ടു കത്തിച്ച കനലിലാണ്‌ തടി വളച്ചെടുക്കുന്നത്‌. വെളി ച്ചെണ്ണയും പഞ്ഞിയും ചെഞ്ചല്ല്യത്തോടു ചേർത്തരച്ചുണ്ടാക്കിയ പശ കൊണ്ടാണ്‌ പലകകൾ ഉറപ്പിക്കുന്നത്‌. ഇരുമ്പിന്റെയും ചെമ്പിന്റെയും ആണികളുമടിക്കും. ഇതിൽ തുരുമ്പെടുക്കാതിരിക്കാൻ പൊന്മെഴുകു പുരട്ടും. തടിയുടെ കനം വള്ളത്തിന്റെ രണ്ടു വശത്തും ഒരു പോലെയാകാൻ ചെത്തിമിനുക്കുകയും ചെയ്യും. വള്ളംപണി തുടങ്ങി ക്കഴിഞ്ഞാൽ തച്ചന്റെ ജീവിതം വള്ളപ്പുരയിൽ തന്നെയാണ്‌. എകാഗ്രവും പ്രാർഥനാ ഭരിതവുമായ മനസോടെ അവർ സൃഷ്ടിയിൽ ഏർപ്പെടുന്നു. ആറു മുതൽ എട്ടു മാസം വരെ സമയം വേണം വള്ളം പൂർത്തിയാക്കാൻ. ഇപ്പോൾ പതിനഞ്ചു ലക്ഷത്തോളം രൂപ ചെലവു വരും ഒരു വള്ളം പണിയാൻ.

ആധുനികകാലത്ത്‌ ചുണ്ടൻ വള്ളങ്ങളുടെ രാജശിൽപിയെന്നു വിശേഷിപ്പിക്കപ്പെടുന്നത്‌ എടത്വയിലെ കോഴിമുക്ക്‌ നാരായണൻ ആചാരിയാണ്‌. ഇന്നുള്ള മിക്കവാറും ചുണ്ടൻ വള്ളങ്ങളുടെ ശിൽപി നാരായണനാചാരിയാണ്‌. കാരിച്ചാൽ, കരുവാറ്റ, പായിപ്പാട്‌, കല്ലൂപ്പറമ്പൻ, ജവഹർ തായങ്കരി, ചമ്പക്കുളം, ചെറുതന, തുടങ്ങി നിരവധി ചുണ്ടൻ വള്ളങ്ങൾ അദ്ദേഹത്തിന്റെ കരവിരുതിൽ പിറന്നു, നീരണിഞ്ഞു. പിന്നോക്ക വിഭാഗക്കാർക്കു വേണ്ടി സർക്കാർ നേരിട്ടു നിർമിച്ച അംബേദ്കർ ചുണ്ടന്റെ നിർമാണം പൂർത്തിയാക്കവേയാണ്‌ നാരായണനാചാരി അന്തരിച്ചത്‌. അദ്ദേഹത്തിന്റെ മക്കൾ ഇന്നു രംഗത്തുണ്ട്‌.

നാരായണനാചാരിയുടെ മകൻ കോഴിമുക്ക്‌ ഉമാമഹേശ്വരൻ പറയുന്നു: അഞ്ചുവർഷം മിനക്കെട്ടാൽ ആർക്കും ഇപ്പോൾ എം.ബി.ബി.എസ്‌ വരെ കിട്ടും. ഡോക്ടറാകാം. പക്ഷെ വള്ളങ്ങളുടെ നിർമാണം അങ്ങനെ പഠിക്കാൻ പറ്റില്ല. അതിനു ജീവിതം തന്നെ അർപ്പിക്കണം. നോക്കി പഠിക്കാൻ പുസ്‌തകങ്ങളില്ല. വള്ളം നീറ്റിലിറക്കുമ്പോൾ തച്ചൻ അനുഭവിക്കുന്ന ടെൻഷന്‌ അതിരില്ല. വിയർക്കും. ഹൃദയമിടിപ്പേറും. പക്ഷെ നീറ്റിലൂടെ പായുന്ന വള്ളം കാണുമ്പോഴുള്ള സംതൃപ്‌തി അതിലുമേറെയാണ്‌.

കടപ്പാട്‌: മനോരമ ഓൺലൈൻ
ലിങ്ക്

ചട്ടമ്പി സ്വാമി ജയന്തി

ചട്ടമ്പി സ്വാമി ജയന്തി
അഭിലാഷ്‌ ജി. നായർ

കേരളത്തിന്റെ ആധ്യാത്മിക ആചാര്യൻമാരിൽ ശ്രദ്ധേയനായ ശ്രീ വിദ്യാധിരാജാ ചട്ടമ്പി സ്വാമികൾക്ക്‌ അദ്ദേഹത്തിന്റെ മാതാപിതാക്കൾ നൽകിയ പേര്‌ കുഞ്ഞൻപിള്ള എന്നായിരുന്നു. കൊല്ലവർഷം 1029-ചിങ്ങം 9ന്‌ (1853) തിരുവനന്തപുരം ജില്ലയിൽ കൊല്ലൂരിൽ വാസുദേവ ശർമ്മയുടെയും നങ്ങാദേവിയുടെയും മകനായി പിറന്ന കുഞ്ഞൻ പിള്ളയുടെ ബാല്യവും കൌമാരവുമെല്ലാം കൊടിയ ദാരിദ്രത്തിലായിരുന്നു. അന്നത്തിന്‌ വകയില്ലാതിരുന്ന കുഞ്ഞൻപിള്ളക്ക്‌ ഔപചാരിക വിദ്യാഭ്യാസം എന്നും ഒരു കിട്ടാക്കനിയായിരുന്നു.

വിധി തനിക്കെതിരായിരുന്നുവെങ്കിലും വിദ്യാഭ്യാസം നേടണമെന്ന ഒരു വാശി തന്നെ കുഞ്ഞൻപിള്ളയിൽ ഉണ്ടായിരുന്നു. അക്കാലത്ത്‌ കൊല്ലൂർ മഠത്തിലെ പോറ്റിയുടെ മകനെ ഒരു ശാസ്‌ത്രികൾ വേദങ്ങളും മറ്റു വിദ്യകളും പഠിപ്പിക്കുന്നത്‌ കുഞ്ഞൻപിള്ള ഒളിച്ചുനിന്നു ഹൃദിസ്ഥമാക്കി. ഇതുകണ്ട ശാസ്‌ത്രികൾ കുഞ്ഞൻപിള്ളയെ കൂടി കുട്ടിയുടെ കൂടെയിരുന്നു പഠിക്കാൻ അനുവദിച്ചു. ഗ്രഹണ ശക്‌തിയിലും ധാരാണാ ശക്‌തിയിലും മുമ്പനായ കുഞ്ഞൻപിള്ള ശാസ്‌ത്രികളിൽ നിന്നും കാവ്യങ്ങളും നാടകങ്ങളും പഠിച്ചു.

ഇതിനുശേഷം പേട്ടയിൽ രാമൻപിള്ളയാശാന്റെ പാഠശാലയിൽ പഠിക്കുമ്പോൾ Р??‍സിലെ മോണിട്ടർ ആയിരുന്ന കുഞ്ഞൻപിള്ള . അവിടുത്തെ മോണിട്ടർ എന്ന നിലയിലാണ്‌ 'ചട്ടമ്പി' എന്ന പേര്‌ ലഭിച്ചത്‌. പിൽക്കാലത്ത്‌ ഇത്‌ വിളിപ്പേരായി മാറി. വീടിനടുത്തുള്ള ദേവീ ക്ഷേത്രത്തിൽ രാത്രികാലങ്ങളിൽ പോയി ഏറെ നേരം പ്രാർത്ഥിക്കുമായിരുന്ന കുഞ്ഞൻപിള്ളയിൽ ബാല്യം മുതൽക്കുതന്നെ ഭക്‌തിയും ഈശ്വരചൈതന്യവും വളർ ന്നു വന്നു. സാഹിത്യം, സംഗീതം, ജ്യോതിശാസ്‌ത്രം, വൈദ്യശാസ്‌ത്രം, യോഗ വിദ്യ, വേദാന്ത ശാസ്‌ത്രം എന്നിവയിലെല്ലാം അദ്ദേഹത്തിന്‌ അഗാധ പാണ്ഡിത്യമുണ്ടാ യിരുന്നു. കേരളത്തിന്റെ ആധ്യാത്മിക നഭോമണ്ഡലത്തിൽ പൊൻപ്രഭ വിതറിയ കുഞ്ഞൻപിള്ള തിമില, ചെണ്ട എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിലും അനുഗ്രഹീതനായിരുന്നു.

യുവത്വത്തിലേക്ക്‌ കടന്ന കുഞ്ഞൻപിള്ള നിത്യവൃത്തിക്കായി നെയ്യാറ്റിൻകരയിൽ ആധാരമെഴുത്തുകാരനായി ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിൽകുറച്ചു കാലം സർക്കാർ ജോലിയും വഹിച്ചിട്ടുണ്ട്‌. അവിവാഹിതനായിരുന്നതിനാൽ കൂടുതൽ സമയവും തീർത്ഥയാത്രകളിലായിരുന്നു. ഈ നീണ്ട യാത്രകൾക്കിടയിൽ പല പണ്ഡിതൻമാരെയും പരിചയപ്പെട്ടു. അവരിൽ നിന്നും പല വിദ്യകളും അഭ്യസിച്ചു. സന്ന്യാസത്തിലും അദ്ദേഹത്തിന്‌ വിശേഷിച്ച്‌ ഒരു ഗുരുവില്ലായിരുന്നു. സന്ന്യാസി എന്ന നിലക്ക്‌ അദ്ദേഹം സ്വാമി ഷൺമുഖദാസൻ എന്ന പേര്‌ സ്വീകരിച്ചു. ലളിതജീവിതം അനുവർത്തിച്ചു പോന്ന അദ്ദേഹം ശുചിയായ ഭക്ഷണം എവിടെ നിന്ന്‌ ലഭിച്ചാലും കഴിക്കുമായിരുന്നു. ബഹുഭാഷാപണ്ഡിതനായിരുന്ന ചട്ടമ്പി സ്വാമികൾക്ക്‌ മലയാള ത്തിനു പുറമെ സംസ്കൃതം, തമിഴ്‌ എന്നീ ഭാഷകളിലും തികഞ്ഞ അവഗാഹമുണ്ടാ യിരുന്നു.
പാചീന മലയാളം, വേദാധികാര നിരൂപണം അദ്വൈത ചിന്താ പദ്ധതി, വേദാന്തസാരം എന്നീ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ പ്രധാനമാണ്‌. സമുദായ പരിഷ്കരണം, വേദാന്തം, ശാസ്‌ത്രങ്ങൾ, സ്‌ത്രീ പുരുഷ ബന്ധങ്ങൾ, സാഹിത്യാദി കലകൾ, ജന്തുസ്നേഹം, യോഗവിദ്യ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങൾ. കാഷായ വസ്‌ത്രവും രുദ്രാക്ഷവുമല്ല മറിച്ച്‌, സമഭാവനയും ലോകസ്നേഹവുമാണ്‌ സന്ന്യാസ ലക്ഷണങ്ങൾ എന്ന്‌ ലോകത്തോടരുളി ചെയ്‌ത ശ്രീ വിദ്യാധി രാജാ ചട്ടമ്പി സ്വാമികൾ കൊല്ലവർഷം 1099 മേടമാസം 23-ാ‍ം തീയതി പൽമന സി. പി. സ്മാരക ശാലയിൽ വച്ച്‌ ബൃമ പദം പ്രാപിച്ചു. ഇവിടെ ഇന്നും വിദ്യാധിരാജ സ്മാരകം നിലകൊള്ളുന്നു.

കടപ്പാട്: മനോരമ ഓൺലൈൻ.കോംലിങ്ക്

ഓർക്കുക വെളിയം ദാമോദരനെ

ഓർക്കുക വെളിയം ദാമോദരനെ
ഡോ. കെ. ശ്രീരംഗനാഥൻ, വെളിയം

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരിൽ ഏറ്റവും കൂടുതൽകാലം ഒളിവിൽ കഴിഞ്ഞ നേതാവ്‌ ഒരുപക്ഷേ വെളിയം ദാമോദരനായിരിക്കാം. പതിമ്മൂന്നുവർഷം! ഒളിവു ജീവിതമെന്നത്‌ ദാമോദരനെ സംബന്‌ധിച്ചിടത്തോളം ഏതെങ്കിലും സുരക്ഷിത സങ്കേതത്തിലെ സുരക്ഷിതമായ താമസമായിരുന്നില്ല.

ജനങ്ങളുടെ ഇടയിൽ അവരുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട്‌ പാർട്ടിയുടെ അടിത്തറ വിപുലീകരിക്കുകയായിരുന്നു ദാമോദരൻ ചെയ്‌തിരുന്നത്‌. ദാമോദരനെ ജീവനോടെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജഡമെങ്കിലും കൊട്ടാരക്കര മണികണ്ഠനാൽത്തറയിൽ വയ്ക്കുമെന്ന പൊലീസിന്റെ വാശി പക്ഷേ നടപ്പിലാക്കാനവർക്ക്‌ കഴിഞ്ഞില്ല. ജനങ്ങളുടെ സംരക്ഷണയിൽ ഒരു പോറലുപോലുമേൽക്കാതെ ഒളിവുജീവിതം തുടരാൻ ദാമോദരനുകഴിഞ്ഞത്‌ ഒരു കമ്മ്യൂണിസ്റ്റിന്റെ അസാമാന്യമായ ധീരതയൊന്നുകൊണ്ടുമാത്രമാണ്‌.

വെളിയത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ദാമോദരൻ വിദ്യാർത്ഥി കോൺഗ്രസിൽകൂടിയാണ്‌ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്‌. ക്രമേണ കമ്മ്യൂണിസ്റ്റാശയങ്ങളിൽ ആകൃഷ്‌ടനായി ഒരു മുഴുവൻസമയ പ്രവർത്തകനാവുകയായിരുന്നു. പുന്നപ്ര വയലാർ സംഭവത്തോടെ പൂർണ്ണമായും ഒളിവുജീവിതത്തിലേക്ക്‌ ദാമോദരൻ മാറിക്കഴിഞ്ഞിരുന്നു. ഒളിവുജീവിതം തുടരുന്നതിനനുസരിച്ച്‌ അദ്ദേഹത്തിന്റെ പേരിലുള്ള കേസുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരുന്നു. അസാമാന്യ ധീരതയുടെയും സാഹസികതയുടെയും കഥകൾ നിറഞ്ഞതാണ്‌ ആ ഒളിവുകാലങ്ങൾ. രാജൻ എന്ന പേരായിരുന്നു അന്ന്‌ കമ്മ്യൂണിസ്റ്റുകാർക്കിടയിൽ ദാമോദരനുണ്ടായിരുന്നത്‌.

മദ്ധ്യകേരള കമ്മ്യൂണിസ്റ്റുചരിത്രം വെളിയം ദാമോദരനെ കൂടാതെ എഴുതാനാകില്ല. ഗ്രാമങ്ങൾ സായുധപോരാട്ടത്തിലൂടെ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി വെളിയം ഭാർഗ്‌ഗവന്റെയും വെളിയം ദാമോദരന്റെയും നേതൃത്വത്തിൽ വെളിയത്തിന്റെ ഭരണം പിടിച്ചെടുക്കുകയും പ്രതീകാത്‌മകമായി വില്ലേജാഫീസിന്റെ താക്കോൽ ഏറ്റുവാങ്ങിക്കൊണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പതാക കെട്ടുകയും ചെയ്‌തത്‌ ഇന്നും പുളകത്തോടെയാണ്‌ പഴയ തലമുറ ഓർക്കുന്നത്‌.

കൊല്ലം ശ്രീനാരായണ കോളേജിൽ നിന്നും സാമ്പത്തിക ശാസ്‌ത്രത്തിൽ ഓണേഴ്‌സ്‌ ബിരുദം ഉന്നത നിലയിൽ പാസായ വെളിയം ഭാർഗ്‌ഗവൻ സിവിൽ സർവീസുൾപ്പടെ വരേണ്യവർഗ്‌ഗ സ്വപ്‌നങ്ങളായ ഉദ്യോഗങ്ങൾക്ക്‌ പോകാതെ സ്വന്തം ജീവൻപോലും അപകടത്തിലാകുന്ന പാർട്ടി പ്രവർത്തനത്തിന്‌ ദാമോദരനോടൊപ്പം ചേരുകയാണുണ്ടായത്‌. ഇവർ തമ്മിലുണ്ടായിരുന്ന സൌഹൃദം അസാധാരണമായ ഒരു ബന്‌ധമായിരുന്നു.
പൊലീസ്‌ വലയത്തിൽ നിന്നും അത്ഭുതകരമായി ദാമോദരൻ രക്ഷപ്പെട്ട കഥകൾ അവിശ്വസനീയങ്ങളാണ്‌.

1957-ൽ കമ്മ്യൂണിസ്റ്റുപാർട്ടി അധികാരത്തിൽ വന്നിട്ടും ദാമോദരന്‌ ഒളിവിൽ കഴിയേണ്ടിവന്നത്‌ കേരള പൊലീസിന്റെ വാശി ഒന്നുകൊണ്ടുമാത്രമാണ്‌. ഒടുവിൽ വെളിയം ഭാർഗ്‌ഗവന്റെ നേതൃത്വത്തിൽ പൊലീസിന്റെ മൂക്കിന്‌ കീഴിൽ സംഘടിപ്പിച്ച ഒരു വമ്പിച്ച പൊതുയോഗത്തിൽ സ്വീകരണം നൽകിക്കൊണ്ട്‌ ഒളിവുജീവിതം അവസാനിപ്പിക്കുകയായിരുന്നു. 1988 ആഗസ്റ്റ്‌ 25-ന്‌ 57-ാ‍ം വയസ്സിൽ മരണം ആകസ്‌മികമായി കീഴടക്കുമ്പോൾ പോലും ദാമോദരന്റെ പേരിൽ അമ്പതോളം കേസുകൾ പിൻവലിക്കപ്പെടാതെ കിടക്കുന്നുണ്ടായിരുന്നു.

ജീവിതകാലം മുഴുവൻ അധികാര രാഷ്‌ട്രീയത്തിൽ നിന്നൊഴിഞ്ഞുനിൽക്കാൻ താല്‌പര്യം കാണിച്ചിട്ടുള്ള ദാമോദരൻ ഒരു പഞ്ചായത്ത്‌ മെമ്പർപോലും ആയിരുന്നില്ല. അവിവാഹിതനായിരുന്നു. എഴുത്തുകാരൻ, സഹകാരി, ഗ്രന്ഥശാലാ പ്രവർത്തകൻ അഭിനേതാവ്‌ തുടങ്ങിയ നിലകളിലെല്ലാം തന്റെ സജീവ സാന്നിദ്ധ്യം നിലനിർത്താൻ മരണംവരെ ദാമോദരന്‌ കഴിഞ്ഞിരുന്നു.
ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങനെ ആയിരിക്കണമെന്ന്‌ സ്വജീവിതംകൊണ്ട്‌ കാണിച്ചുതന്ന ദാമോദരന്റെ 17ആം ചരമവാർഷികദിനമാണിന്ന്‌. (25 ആഗസ്റ്റ്‌ 2005)

കടപ്പാട്‌: കേരള കൌമുദി ഓൺലൈൻ

ശീ വിദ്യാധിരാജ ചട്ടമ്പി സ്വാമി-കാലതീതമായ ജ്യോതിസ്സ്‌

ശീ വിദ്യാധിരാജ ചട്ടമ്പി സ്വാമി -കാലതീതമായ ജ്യോതിസ്സ്‌
ആർ. രാമചന്ദ്രൻനായർ
മുൻ ചീഫ്‌ സെക്രട്ടറി

ലോകചരിത്രത്തിലും-അതുപോലെ ഓരോ ദേശത്തിന്റെ ചരിത്രത്തിലും-അഭൂതപൂർവ്വമായ പരിവർത്തനത്തിന്റെ കാലഘട്ടങ്ങൾ ഉദയം ചെയ്യാറുണ്ട്‌. അത്തരം സന്ദർഭങ്ങളിൽ പരിവർത്തനപ്രക്രിയയുടെ ലക്ഷ്യവും ദിശയും രൂപവും ഭാവവും നിർണ്ണയിക്കുന്നതിന്‌ പ്രാഗൽഭ്യമുള്ള യുഗപുരുഷന്മാർ രംഗത്ത്‌ പ്രത്യക്ഷപ്പെടുകയും പരിവർത്തനപ്രസ്ഥാനത്തിന്‌ പുരോഗമിക്കാനുള്ള പ്രയാണസരണി ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നതായി കാണപ്പെടാറുമുണ്ട്‌. പരിവർത്തന കാലഘട്ടം അതിന്റെ സ്വഭാവത്തിനിണങ്ങിയ യുഗപുരുഷന്മാരെ സൃഷ്‌ടിക്കുകയാണോ അതോ യുഗപുരുഷന്മാർ അവരുടെ സ്വഭാവത്തിനനുസൃതമായി പരിവർത്തന കാലഘട്ടത്തെ സൃഷ്‌ടിക്കുകയാണോ ചെയ്യുന്നത്‌ എന്നതിനെക്കുറിച്ച്‌ രണ്ടഭിപ്രായമുണ്ടാകാം. പരമാർത്ഥത്തിൽ മഹാന്മാർ കാലഘട്ടത്തെയും കാലഘട്ടം മഹാന്മാരെയും അന്യോന്യം സൃഷ്‌ടിക്കുന്നു എന്നുള്ളതാണ്‌ വാസ്തവം.
പത്തൊൻപതാം നൂറ്റാണ്ട്‌ (1801-1900) കേരളത്തിന്റെ ചരിത്രത്തിൽ മഹത്തായ ഒരു യുഗപരിവർത്തനത്തിന്‌ സാക്ഷ്യം വഹിക്കുകയുണ്ടായി എന്നുള്ളത്‌ സംശയാതീതമാണ്‌. പരശുരാമൻ സമുദ്രത്തിന്‌ മീതേ മഴുവെറിഞ്ഞു കേരളത്തെ ഉദ്ധരിച്ചെടുക്കുകയും അങ്ങനെ സൃഷ്‌ടിച്ച രാജ്യത്തെ ഒന്നാകെ നമ്പൂതിരി ബ്രാഹ്‌മണരുടെ മാത്രം സ്വൈരവിഹാരത്തിനായി നീക്കിവയ്ക്കുകയും ബ്രാഹ്‌മണരുടെ ദാസ്യവൃത്തി ഏറ്റെടുത്തുനടത്തി അവരെ പ്രീതരാക്കുക എന്ന ചുമതല മാത്രം അബ്രാഹ്‌മണർക്ക്‌ നൽകുകയും ചെയ്തു എന്ന വിചിത്രമായ കഥ അക്ഷരാർത്ഥത്തിൽത്തന്നെ വിശ്വസിച്ച്‌, ബ്രാഹ്‌മണരുടെ പാദസേവ നടത്തുന്നതിനെക്കാൾ പുണ്യകരമായ ഒരു പ്രവൃത്തി ഭൂമുഖത്തില്ല എന്നു കരുതി ജീവിക്കുന്നവരായിരുന്നു പത്തൊൻപതാം ശതകത്തിന്റെ പ്രാരംഭത്തിലെ സാധാരണക്കാരായ കേരളീയർ. വേദമന്ത്രങ്ങളെപ്പോലെ പരിപാവനമായി മറ്റു യാതൊന്നും പ്രപഞ്ചത്തിലില്ലെന്നും ആ വേദമന്ത്രങ്ങൾ കേൾക്കാനോ പഠിക്കാനോ ഉരുവിടാനോ ഉള്ള അവകാശം ബ്രാഹ്‌മണർക്ക്‌ മാത്രമുള്ള കുത്തകയാണെന്നും അന്നത്തെ കേരളീയർ പരക്കെ വിശ്വസിച്ചിരുന്നു. ഹൈന്ദവ ദർശനത്തിന്റെ ആധാരശിലകളിലൊന്നായ ഭഗവദ്‌ഗീത പഠിക്കാനും പകർത്താനും സ്വാംശീകരിക്കാനുമുള്ള അവകാശം ബ്രാഹ്‌മണരുടേതുമാത്രമാണെന്നും സാമാന്യജനങ്ങൾ അംഗീകരിച്ചിരുന്നു.

ദൈവാധീനം ജഗത്‌സർവം
മന്ത്രാധീനം തു ദൈവതം
തന്മന്ത്രം ബ്രാഹ്‌മണാധീനം
ബ്രാഹ്‌മണോ മമ ദൈവതം
എന്നുള്ളതായിരുന്നു അജ്ഞജനങ്ങളുടെ സമീപനരീതി.

ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികൾ അദ്ദേഹത്തിന്റെ 'പ്രാചീന മലയാളം' എന്ന ഗ്രന്ഥത്തിൽ ഭാരതീയരുടെ ആധികാരികമായുള്ള പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഒന്നും ഭാർഗവരാമൻ പരശുവിക്ഷേപണം കൊണ്ട്‌ സൃഷ്‌ടിച്ച ഭൂമിയാണ്‌ കേരളം എന്നൊരു കഥ കാണാനില്ലെന്നും നമ്പൂതിരി ബ്രാഹ്‌മണർ സമീപകാലത്ത്‌ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളിലാണ്‌ ആദ്യമായി ഈ കഥ പ്രത്യക്ഷപ്പെടുന്നതെന്നും തെളിവുസഹിതം വിശദമാക്കി. അതുപോലെ, വേദമന്ത്രങ്ങൾ കേൾക്കാനും പഠിക്കാനും ചൊല്ലാനുമുള്ള അവകാശം ജിജ്ഞാസുക്കളായ എല്ലാ മനുഷ്യർക്കുമുള്ളതാണ്‌ എന്ന്‌ 'വേദാധികാര നിരൂപണം' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം കാര്യകാരണ സഹിതം വ്യക്തമാക്കി. ബ്രാഹ്‌മണനല്ലാത്ത (യാദവനായ) ശ്രീകൃഷ്‌ണൻ ബ്രാഹ്‌മണനല്ലാത്ത (അർദ്ധക്ഷത്രീയനും അർദ്ധയാദവനുമായ) അർജുനന്‌ ഉപദേശിച്ച്‌ കൊടുത്തതും ബ്രാഹ്‌മണനല്ലാത്ത (മുക്കുവാനായ) വേദവ്യാസൻ രേഖപ്പെടുത്തിവച്ചതുമായ ഭഗവതദ്‌ഗീതയ്ക്കുമേൽ ബ്രാഹ്‌മണർക്ക്‌ എങ്ങനെയാണ്‌ ജന്മാവകാശം സിദ്ധിച്ചത്‌ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്‌ യുക്തിപൂർവ്വമായ മറുപടി നൽകുവാൻ യാതൊരാൾക്കും സാധിച്ചില്ല.

ശ്രീവിദ്യാധിരാജ സ്വാമികളുടെയും ശ്രീനാരായണഗുരുസ്വാമികളുടെയും മറ്റും വിപ്‌ളവാത്‌മകങ്ങളായ ആശയങ്ങൾക്ക്‌ പരിവർത്തന യുഗമായ പത്തൊൻപതാം ശതകത്തിലെ കേരളീയാന്തരീക്ഷം തന്നെയാണ്‌ ജന്മംനൽകിയത്‌ എന്നൊരാൾ വാദിച്ചാൽ അതിനെ പൂർണ്ണമായി നിഷേധിക്കാനാവുകയില്ല. ടിപ്പു സുൽത്താന്റെ പതനത്തിനുശേഷം മലബാർ-കൊച്ചി പ്രദേശങ്ങളിലെയും വേലുത്തമ്പിയുടെ ചരമത്തിനുശേഷം തിരുവിതാംകൂറിലെയും ഭരണസംവിധാനത്തിന്മേൽ ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രതിനിധികൾ പിടിമുറുക്കുകയുണ്ടായല്ലോ.

പാശ്ചാത്യലോകത്ത്‌ നിലവിൽവന്നുകഴിഞ്ഞിരുന്ന പ്രജായത്ത ഭരണവും സാമൂഹികവ്യവസ്ഥിതിയും വിദ്യാഭ്യാസ സമ്പ്രദായവും വിശ്വാസപ്രമാണങ്ങളും ശാസ്‌ത്രമുന്നേറ്റവും ഒക്കെ കേരളീയരുടെ മേൽ ശക്തമായ സ്വാധീനം ചെലുത്താതിരിക്കുക എന്നുള്ളത്‌ സംഭവ്യമായിരുന്നില്ല. സിദ്ധരൂപവും അമരകോശവും ശ്രീരാമോദന്തവും ശ്രീകൃഷ്‌ണ വിലാസവും മറ്റും പഠിച്ചു ഹൃദിസ്ഥമാക്കിയാൽ വിദ്യാഭ്യാസം പൂർണമായി എന്നു കരുതിപ്പോന്ന സ്ഥാനത്ത്‌ കേരളത്തിലെ വിദ്യാർത്ഥികൾ ഗണിതശാസ്‌ത്രം ഊർജ്ജതന്ത്രം, രസതന്ത്രം, ലോക ചരിത്രം, രാഷ്‌ട്രമീമാംസ ഇംഗ്‌ളീഷ്‌ ഭാഷയും സാഹിത്യവും എന്നിവയൊക്കെ പഠിച്ചുതുടങ്ങിയതോടെ അവരുടെ ചിന്താഗതികളിൽ മാറ്റമുണ്ടാകാതിരിക്കാൻ കഴിയുമായിരുന്നില്ല.

അച്ചടിയന്ത്രങ്ങളും അച്ചുകൂടങ്ങളും നിലവിൽ വന്നതോടെ ഗ്രന്ഥങ്ങൾ എല്ലാം കൈകൊണ്ടുതന്നെ ക്‌ളേശിച്ചു പകർത്തി എടുത്താലേ പഠിക്കാനാവൂ എന്ന അവസ്ഥയ്ക്കുമാറ്റം വന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ വാരികകളും മാസികകളും മലയാളത്തിൽ പ്രചാരമാർജ്ജിച്ചതോടെ ഒരുവിചാര വിപ്‌ളവത്തിന്‌ വഴി ഒരുങ്ങുകതന്നെ ചെയ്‌തു. ആ കാലഘട്ടത്തിൽ സംഭവിച്ച ഇമ്മാതിരിയുള്ള പരിവർത്തനങ്ങളാണ്‌ ശ്രീവിദ്യാധിരാജന്റെയും ശ്രീനാരായണ ഗുരുദേവന്റെയും മറ്റുചില പ്രഭാവശാലികളായ ഗുരുക്കന്‌മാരുടേയും ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചതെന്നുള്ളതിൽ സംശയമില്ല. പക്ഷേ, വിപ്‌ളവാത്‌മകങ്ങളായ ഇത്തരം പുതിയ ചിന്താധാരകൾക്ക്‌ ജനസാമാന്യത്തിന്റെ ഇടയിൽ പരക്കെ പ്രാചരവും അംഗീകാരവുമുണ്ടാക്കിത്തീർത്തത്‌ ഈ ഗുരുക്കന്‌മാു‍രടെ സ്വാധീനം കൊണ്ടുമാത്രമായിരുന്നു.

വിജ്ഞാന സമ്പന്നന്‌മാരും യുദ്ധവീരന്‌മാരും ഭരണ ധുരന്‌ധരന്‌മാരും വ്യവസായ പ്രമുഖന്‌മാരുമൊക്കെ ഭാരതീയരുടെ ആദരവിനും ശ്‌ളാഘയ്ക്കും വിഷയീഭവിക്കാറുണ്ടെങ്കിലും ത്യാഗികളും തപോനിധികളുമായ ആധ്യാത്‌മക ഗുരുക്കന്‌മാരെയാണ്‌ ഭാരതീയ ജനത ഏറ്റവുമേറെ ആരാധിച്ചുപോന്നിട്ടുള്ളത്‌. ഇന്ത്യൻ സ്വാതന്ത്യ്‌ര സമരത്തിന്റെ ചരിത്രം തന്നെ പരിശോധിക്കുക. ഗോപാൽ കൃഷ്‌ണഗോഖലേ, ലാലാലജ്‌പത്‌റായ്‌, സുരേന്ദ്രനാഥ്‌ ബാനർജി, മോത്തിലാൽ നെഹ്‌റു, ചിത്തരഞ്ജൻ ദാസ്‌ എന്നിങ്ങനെയുള്ള അതിപ്രഗൽഭന്‌മാരായ രാഷ്‌ട്രനേതാക്കന്‌മാർക്ക്‌ ഒരിക്കലും കൈവരിക്കാൻ സാധിക്കാത്ത സ്വാധീനശക്തിയാണ്‌ ഭാരതീയ ജനതയുടെ മേൽ മഹാത്‌മാഗാന്‌ധി എന്ന " അർദ്ധ നഗ്‌നനായ ഫക്കീർ" നേടിയെടുത്തത്‌ എന്നു നമുക്ക്‌ കാണാൻ കഴിയുന്നു.

കാരണം മഹാത്‌മാഗാന്‌ധി ഒരു രാഷ്‌ട്രീയ നേതാവുമാത്രമായിരുന്നില്ല; ദിവ്യ ചൈതന്യ സമന്വിതമായ ഒരു ആധ്യാത്‌മക തേജസ്സുകൂടിയായിരുന്നു. സബർമതിയിലെയോ വർദ്ധയിലേയോ പർണ്ണാശ്രമത്തിലിരുന്നുകൊണ്ട്‌ ഗാന്‌ധിജി ഒരു നിർദ്ദേശം നൽകിയാൽ ഭാരതത്തിലെ ജനകോടികൾ ഉടനടി ആ നിർദ്ദേശം ഏറ്റെടുത്തു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുവാൻ സന്നദ്ധരായിരുന്നു. ഗാന്‌ധിജിയുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായ ആദ്ധ്യാത്‌മിക പരിവേഷംതന്നെയായിരുന്നു അതിന്റെ ഹേതു. സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ച വീരശൂരന്‌മാരെയല്ല ഭൌതിക സമ്പത്തെല്ലാം വലിച്ചെറിഞ്ഞ്‌ ഉച്ഛവൃത്തി സ്വീകരിക്കാൻ സന്നദ്ധരായ സർവസംഗ പരിത്യാഗികളെയാണ്‌ ഇന്ത്യക്കാർ എന്നും മാനിച്ചിട്ടുള്ളത്‌. കേരളത്തിൽ അഭൂതപൂർവ്വമായുള്ള സാമൂഹിക പരിവർത്തനങ്ങൾക്ക്‌ ആരംഭം കുറിക്കുവാൻ ശ്രീവിദ്യാധിരാജ സ്വാമികൾക്കും ശ്രീനാരായണഗുരുദേവനും സാധിച്ചത്‌ അവരുടെ ആദ്ധ്യാത്‌മികമായ ഔന്നത്യം കൊണ്ടുതന്നെയായിരുന്നു എന്നുള്ളത്‌ നിസ്സന്ദേഹമായ സംഗതിയാണ്‌.

കാലികങ്ങളായ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വിഷയത്തിൽ മഹാഗുരുക്കന്‌മാർ നൽകിയിട്ടുള്ള സംഭാവനകൾ നിശ്ചയമായും പ്രശംസാർഹമാകുന്നു. പക്ഷേ, കാലം മുന്നോട്ടുപോകുന്നതനുസരിച്ച്‌ കാലികപ്രശ്‌നങ്ങളുടെ പ്രാധാന്യവും സാംഗത്യവും അപ്രത്യക്ഷമാകുക തന്നെ ചെയ്യും. ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളെപ്പോലെയുള്ള അദ്ധ്യാത്‌മിക ഗുരുക്കന്‌മാരുടെ വ്യക്തിപ്രഭാവത്തെ അത്തരത്തിലുള്ള താത്കാലികങ്ങളായ സാമൂഹിക പ്രശ്‌ന പരിഹാരങ്ങളുടെ മാനദണ്‌ഡം വച്ച്‌ മാത്രം അളക്കുന്നത്‌ ഒട്ടും സമജസമല്ല.

അഖണ്‌ഡമണ്‌ഡലാകാരം
വ്യാപ്‌തം യേന ചരാചരം
തത്‌പദം ദർശിതം യേന
തസ്‌മൈ ശ്രീ ഗുരവേ നമഃ
എന്നാണല്ലോ. അഖണ്‌ഡമണ്‌ഡലാകാരമായ പ്രപഞ്ച ചൈതന്യത്തിന്റെ ദിവ്യപ്രകാശം നമ്മുടെ നയനങ്ങൾക്ക്‌ പ്രത്യക്ഷമാക്കിത്തരുന്നതിൽ വിജയിച്ചിട്ടുള്ള ചുരുക്കം ചില മഹാപുരുഷന്‌മാരിൽ ഒരാളാണ്‌ ശ്രീവിദ്യാധിരാജൻ. അതിനാൽ കേരളഭൂമി നിലനിൽക്കുന്നിടത്തോളം കാലം അദ്ദേഹത്തെ വിസ്‌മരിക്കാനാവുകയില്ല.

കടപ്പാട്‌:കേരളകൌമുദി ഓൺലൈൻ

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2005

ഓർമ്മയിലെ ഓണം - മഹാകവി അക്കിത്തം

ഓർമ്മയിലെ ഓണം
മഹാകവി അക്കിത്തം

ഓണം നാളുകളിലെല്ലാം ഞങ്ങൾ കുട്ടികൾക്ക്‌, കളിയുടെ ദിവസങ്ങളായിരുന്നു. ഓണക്കാലത്ത്‌ പലവിധ കളികളുണ്ടായിരുന്നു. അതിൽ ഏറ്റവും വ്യത്യസ്‌തത നിറഞ്ഞതും ആവേശകരവുമായ ഒന്നാണ്‌ പകിട കളി.
എന്റെ അച്ഛന്റെ മരുമകനാണ്‌ (പൊറോത്തേട്ടൻ- ബ്രഹ്‌മദത്തൻ) ഈ കളി എനിക്കും എന്റെ സഹോദരങ്ങൾക്കും പഠിപ്പിച്ചുതന്നത്‌. പൊറോത്തേട്ടന്റെ കൈയിൽ ഓടിൽ വാർത്ത പകിട ഉണ്ടായിരുന്നു.
(നാല്‌ വശങ്ങളുള്ള അതിന്റെ ഒരുവശത്ത്‌ ഒരു കുഴിയും മറ്റൊരു വശത്ത്‌ മൂന്ന്‌ കുഴിയും മൂന്നാമതൊരു വശത്ത്‌ നാല്‌ കുഴിയും നാലാമത്തെ വശത്ത്‌ ആറ്‌ കുഴിയും ഉണ്ടാകും. ഇത്‌ ഉരുട്ടിയെറിഞ്ഞ്‌, മുകളിൽ കാണുന്ന വശത്ത്‌ കാണുന്ന കുഴിയുടെ എണ്ണം നോക്കി കരുനീക്കുന്ന കളിയാണ്‌ അത്‌.)
ഓണ ദിവസങ്ങളിൽ (ഉത്രാടം, തിരുവോണം, അവിട്ടം, ചതയം) തറവാടിന്റെ മുറ്റത്തും അമ്പലപ്പറമ്പിലും ആൽമരച്ചുവട്ടിലും പകിടകളി ചൂടുപിടിക്കും. മണിക്കൂറുകൾ നീണ്ട കളി സന്‌ധ്യമയങ്ങിയാലും നീണ്ടുപോകാറുണ്ട്‌. വർഗ്‌ഗ, സമുദായ, ജാതി, വ്യത്യാസമൊന്നുമില്ലാതെ എല്ലാവരും ഈ കളിയിൽ കൂടും.
ഓരോ ഓണം കടന്നുവരുമ്പോഴും ഓണകളിയോടൊപ്പം പൊറോത്തേട്ടനെയും ഓർമ്മവരും. കവിയായിരുന്ന അദ്ദേഹം 1994-ൽ അന്തരിച്ചു.

കടപ്പാട്‌: കേരളകൌമുദി ഓൺലൈൻ

സിനിമ വേറെ സാഹിത്യം വേറെ -സംവാദം

സിനിമ വേറെ സാഹിത്യം വേറെ

സാഹിത്യകൃതി ദൃശ്യാവിഷ്കാരത്തിനുള്ളതാണെന്ന ധാരണ അപകടകരമാംവിധം വ്യാപിക്കുകയാണോ? എഴുതുന്ന ഓരോ വരിയും ഒരു ദൃശ്യമാവണമെന്ന ചിന്തപോലും പുലർത്തുന്നവരുണ്ട്‌. സാഹിത്യത്തിന്‌ വികാരത്തിന്റെയും സംഭവത്തിന്റെയും തലമുണ്ട്‌. അതുപോലെതന്നെ മനനത്തിന്റെയും താത്വികതയുടെയും തലമുണ്ട്‌. ഉപനിഷത്തുമുതൽ ആധുനിക ശാസ്‌ത്രംവരെ സാഹിത്യത്തിന്റെ വിഷയമാകാറുണ്ട്‌. എന്നാൽ ദൃശ്യതയുടെ അനിവാര്യതയുണ്ടാവുന്നത്‌ മറ്റൊരു മാധ്യമത്തിലാണ്‌. കഥകളിയിൽ ദൃശ്യപരതയില്ലാതെ ഒന്നും സാദ്ധ്യമല്ല. നൃത്തത്തിൽ ദൃശ്യാത്‌മകത പ്രധാനമാണ്‌. സിനിമ ദൃശ്യാനുഭവമായിരിക്കണം. സാഹിത്യം അങ്ങനെയല്ല. അത്‌ ജൈവപരമായ അറിവും അനുഭവവുമാണ്‌.

വാസ്തവത്തിൽ ദൃശ്യപരമാക്കാൻ കഴിയാത്ത ഒരു മേഖല സാഹിത്യത്തിനുണ്ട്‌. അത്‌ അതിന്റെ ജീവനാണ്‌. ദൃശ്യതകൾക്കപ്പുറത്ത്‌, മാനസികവും ബൌദ്ധികവുമായ അതീത ലോകത്തെ പുൽകാൻ തുടിക്കുന്ന ഹൃദയമാണത്‌.

സാഹിത്യകൃതിയും ദൃശ്യാത്‌മകതയും തമ്മിലുള്ള ബന്‌ധത്തെപ്പറ്റി പ്രശസ്ത എഴുത്തുകാരായ മേതിൽ രാധാകൃഷ്‌ണനും കെ.പി. സുധീരയും സംവിധായകനായ ശ്യാമപ്രസാദും പ്രതികരിക്കുകയാണിവിടെ.

മേതിൽ രാധാകൃഷ്‌ണൻ
"സാഹിത്യമാണ്‌ സിനിമയെന്ന ധാരണ ഇവിടെ പ്രചരിച്ചിട്ടുണ്ട്‌. അബദ്ധമാണിത്‌. സാഹിത്യവും സിനിമയും രണ്ട്‌ വ്യത്യസ്ത മീഡിയകളാണ്‌. നല്ല കൃതികൾ ഉണ്ടാവാത്തതുകൊണ്ട്‌ സിനിമയെടുക്കാൻ കഴിയുന്നില്ലെന്ന്‌ ആരെങ്കിലും പറയുന്നെങ്കിൽ ഒട്ടും ബുദ്ധിപരമായ നിരീക്ഷണമല്ല ഇത്‌"-മേതിൽ രാധാകൃഷ്‌ണൻ പറയുന്നു.
സാഹിത്യത്തിൽനിന്ന്‌ സിനിമ എത്രത്തോളം അകലുന്നുവോ അത്രത്തോളം നല്ലതാണെന്ന നിലപാടാണ്‌ മേതിലിനുള്ളത്‌. "ചില സാഹിത്യ രചനകളിൽ നിന്ന്‌ നല്ല സിനിമകൾ ഉണ്ടായിട്ടുണ്ട്‌. ഉദാഹരണത്തിന്‌ പൊളാൻസ്കിയുടെ ഹാംലറ്റും ബാസ്‌ലെർമന്റെ 'റോമിയോ ആൻഡ്‌ ജൂലിയറ്റും'. ഷേക്‌സ്‌പിയറുടെ ഹാംലറ്റിൽനിന്ന്‌ വളരെ അകന്നുമാറിയാണ്‌ പൊളാൻസ്കിയുടെ ഹാംലറ്റിന്റെ നില്‌പ്‌. ഇതാണ്‌ നാം മനസ്സിലാക്കേണ്ടത്‌. 'റോമിയോ ആൻഡ്‌ ജൂലിയറ്റ്‌ കഴിഞ്ഞ രണ്ട്‌ ദശാബ്‌ദത്തിനിടയിലുണ്ടായ ഏറ്റവും നല്ല സിനിമയാണെന്ന്‌ ഞാൻ വിലയിരുത്തുന്നു. അപ്പോഴും അത്‌ സാഹിത്യത്തിൽ നിന്ന്‌ വളരെ ദൂരെയാണ്‌. എന്തുകൊണ്ടോ, നമ്മുടെ നാട്ടിൽ സാഹിത്യകൃതികൾ അതേപടി സിനിമയാക്കുന്നവരാണ്‌ അധികവും"-മേതിൽ പറയുന്നു.

കെ.പി. സുധീര
"നല്ല സാഹിത്യകൃതികൾ സിനിമയാക്കാതിരിക്കുന്നതാണ്‌ നല്ലത്‌. നിരാശ ഒഴിവാക്കാം"-കെ.പി. സുധീര പറഞ്ഞു.
വായിക്കുമ്പോൾ നമുക്ക്‌ കിട്ടുന്ന അനുഭൂതികൾ, പലപ്പോഴും കൃതികളുടെ ദൃശ്യാവിഷ്കാരം നൽകാറില്ലെന്നാണ്‌ സുധീരയുടെ അഭിപ്രായം.
"ശ്യാമപ്രസാദ്‌ 'മരണം ദുർബലം' ടെലിസീരിയലാക്കിയപ്പോൾ നല്ലതായി തോന്നി. അതേസമയം പെരുമ്പടവം ശ്രീധരന്റെ ' എന്റെ ഹൃദയത്തിന്റെ ഉടമ' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം പാളിപ്പോയി." സുധീര വിലയിരുത്തുന്നതിങ്ങനെയാണ്‌.

"വായിക്കുമ്പോൾ ഒരു പ്രക്രിയയുണ്ട്‌. പ്രശാന്തിയിൽ നിന്ന്‌ പ്രക്ഷുബ്‌ധാവസ്ഥയിലേക്കും പിന്നീട്‌ പ്രശാന്തിയിലേക്കുമാണ്‌ വായനാനുഭവം നീങ്ങുക. എന്നാൽ, ദൃശ്യരൂപങ്ങളായി കാണുമ്പോൾ അദ്ധ്വാനം കുറവാണ്‌. ശ്രദ്ധ കുറച്ചുമതി. സാഹിത്യം സിനിമയാക്കുമ്പോൾ പൊതുവെ കഥാതന്തുമാത്രമേ സ്വീകരിക്കാറുള്ളൂ. നാനാതരത്തിലുള്ള അനുഭൂതി വിശേഷങ്ങൾ ഉൾക്കൊള്ളുന്നതായി തോന്നുന്നില്ല"-സുധീര പറയുന്നു.

തന്റെ 'ഗംഗ' എന്ന നോവൽ ചലച്ചിത്രമാക്കാനുണ്ടായ ഉദ്യമങ്ങളെയും അവർ വിശദീകരിച്ചു. "ഗംഗ ഞാൻ വളരെ ശ്രദ്ധ ചെലുത്തി എഴുതിയതാണ്‌. ഒരു സംവിധായകൻ അതിൽ താല്‌പര്യം പ്രകടിപ്പിച്ചു. എന്നാൽ എന്റെ രചനയിൽ നിന്ന്‌ പ്രതികൂലമായി വ്യതിചലിക്കാനാണ്‌ സംവിധായകൻ ശ്രമിച്ചത്‌. 'ഗംഗ' വായിച്ചവർക്ക്‌ അതിന്റെ ദൃശ്യാവിഷ്കാരം ഇഷ്‌ടപ്പെടില്ലെന്ന്‌ മനസ്സിലാക്കികൊണ്ട്‌ ഞാൻ പിന്‌മാറി. സംവിധായകൻ എന്നെ വേറൊരു രീതിയിൽ തിരക്കഥ എഴുതാൻ പ്രേരിപ്പിച്ചു. എനിക്ക്‌ അത്‌ മറ്റൊരു രീതിയിൽ എഴുതുന്നത്‌ ദുസ്സഹമായി തോന്നി. സാഹിത്യം ആത്‌മാവിനെ കവരുന്നുണ്ട്‌, പല തലങ്ങളിൽ. എന്നാൽ ദൃശ്യാവിഷ്കാരങ്ങൾ അത്രയ്ക്കൊന്നും ഏശുന്നതായി തോന്നിയിട്ടില്ല".

ശ്യാമപ്രസാദ്‌
"സിനിമയിൽ സംഭാഷണങ്ങൾ ഉപയോഗിക്കുന്നത്‌ ഒരു പാപമാണെന്ന്‌ ഞാൻ കരുതുന്നില്ല. ഒരു സംവിധായകനെന്ന നിലയിൽ ഞാൻ നീതി പുലർത്തുന്നത്‌ സിനിമയോടാണ്‌. സാഹിത്യകൃതിയോടല്ല" ശ്യാമപ്രസാദ്‌ പറഞ്ഞു.

നാടകങ്ങളും നോവലുകളും ഉപജീവിച്ച്‌ സിനിമയെടുത്തിട്ടുള്ള ശ്യാമപ്രസാദ്‌ ഒരു സാഹിത്യകൃതിയുടെ വായനക്കാരനെ സിനിമയിലൂടെ തൃപ്‌തിപ്പെടുത്തേണ്ട ബാദ്ധ്യതയില്ലെന്ന്‌ വിശ്വസിക്കുന്നു.
"സിനിമയ്ക്ക്‌ സാഹിത്യരചന പ്രചോദനമാകാം. പക്ഷേ, അതിലപ്പുറമില്ല. സിനിമ സംവിധായകന്റെ മാത്രം സ്വന്തമാണ്‌. സാഹിത്യകൃതിയുടെ ശൈലിയോ കാലഘട്ടമോ ഒന്നും സംവിധായകന്‌ ഭാരമാവരുത്‌.
സംഭാഷണങ്ങൾ തീരെ ഉപയോഗിക്കാതിരുന്ന നവ സിനിമയുടെ പതനം ഞാൻ കണ്ടതാണ്‌. മനുഷ്യരുടെ ലോകത്ത്‌ സംഭാഷണം പ്രധാനമാണ്‌. ദൃശ്യാവിഷ്കാരത്തിന്റെ മികവിന്‌ സംവിധായകൻ അത്‌ ഉപയോഗിക്കുന്നുവെന്നേയുള്ളു. സിനിമയ്ക്ക്‌ ശക്തിപകരാൻ അതിന്‌ കഴിയുമെങ്കിൽ"-ശ്യാമപ്രസാദ്‌ പറഞ്ഞു.

കടപ്പാട്‌: കേരളകൌമുദി ഓൺലൈൻ

ശുദ്ധീകരിക്കാനായി അംബായാഗം

ശുദ്ധീകരിക്കാനായി അംബായാഗം
ഡോ. വെള്ളായണി അർജുനൻ

ഭീകരമായ സാംസ്കാരിക അധഃപതനവും ദാരുണമായ ധർമ്മച്യുതിയും വികൃതവും വികലവുമായ ഹീനവാസനകളും കൊടികുത്തിവാഴുന്ന ആധുനിക കാലഘട്ടത്തിൽ, മാനുഷിക മൂല്യങ്ങളുടെ നിലനില്‌പിനും മനുഷ്യസ്‌നേഹത്തിന്റെ വികസനത്തിനും വേണ്ടി വമ്പിച്ച ഒരു ശുദ്ധീകരണ പരിശ്രമം അനിവാര്യമായിത്തീർന്നിരിക്കുന്നു. എന്തിനെയും ഹിംസിച്ചെറിഞ്ഞുകൊണ്ട്‌ സ്വാർത്ഥതയുടെ പൂർത്തീകരണത്തിനുവേണ്ടി കടുത്ത വ്യഗ്രത കാണിക്കുന്ന ഇന്നത്തെ മനുഷ്യനെ യഥാർത്ഥ മാനവമഹത്വത്തിന്റെ സന്ദേശവാഹകനാക്കിത്തീർക്കുവാൻ വേണ്ടിയുള്ള ഒരു കർമ്മപരിപാടി ഇന്ന്‌ അനുപേക്ഷണീയം തന്നെയാണ്‌. ഈ സാഹചര്യത്തിലാണ്‌ 'അംബായാഗം' എന്ന മഹനീയ യാഗകർമ്മത്തിന്റെ മഹത്വം വ്യക്തമാകുന്നത്‌.

അയ്യായിരത്തിലധികം വർഷങ്ങൾക്കുമുമ്പ്‌ വ്യാസമഹർഷി, പാണ്‌ഡവരാജവംശത്തിന്റെ പുണ്യത്തിനുവേണ്ടി അംബായാഗം നടത്തിയതായും അന്ന്‌, പാപപങ്കിലമായിത്തീർന്നിരുന്ന നിരവധി ജീവിതങ്ങൾ പവിത്രീകരിക്കപ്പെട്ടതായും ദേവീഭാഗവതം തുടങ്ങിയ വിശിഷ്‌ട ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചു കാണുന്നു. ശൃംഗിമുനിയുടെ ശാപം നിമിത്തം തക്ഷകന്റെ കടിയേറ്റ്‌ അകലാമൃത്യു വരിച്ച പരീക്ഷിത്ത്‌ രാജാവിന്റെ പുത്രൻ ജനമേജയൻ സർപ്പവംശത്തെ മുഴുവൻ സംഹരിക്കുവാൻവേണ്ടി അതിവിപുലമായ രീതിയിൽ ഒരു സർപ്പയാഗം നടത്തുകയും തൽഫലമായി സർപ്പശാപമേറ്റ ജനമേജയൻ കുഷ്ഠരോഗിയായിത്തീരുകയും ആ രാജവംശം മുഴുവൻ ഘോരപാപത്തിലാണ്ട്‌ ദുരിതമനുഭവിക്കുകയും ചെയ്ത ഘട്ടത്തിലാണ്‌ വ്യാസമഹർഷി അവിടെ എത്തിച്ചേരുകയും അംബായാഗം നടത്തി എല്ലാ കളങ്കിതജീവിതകളെയും പവിത്രീകരിച്ച്‌ പുണ്യാത്‌മാക്കളായി മാറ്റുകയും ചെയ്തത്‌. സാമൂഹികജീവിതത്തിന്റെയും സാംസ്കാരിക വികാസത്തിന്റെയും മനുഷ്യജന്മശുദ്ധീകരണത്തിന്റെയും മഹായജ്ഞമാണ്‌ അംബായാഗം.

ജനമേജയന്റെ വംശത്തെ മുഴുവൻ പവിത്രീകരിക്കുവാൻ സാധിച്ച അംബായാഗം, മനുഷ്യരാശിയുടെ മുഴുവൻ പവിത്രതയ്ക്കും ജീവിതഭദ്രതയ്ക്കും പുരോഗതിക്കും പുണ്യലബ്‌ധിക്കും വേണ്ടി ശാസ്‌ത്രവിധിപ്രകാരം നടത്തുവാൻ തിരുവനന്തപുരത്തെ 'ഈശവിശ്വപ്രജ്ഞാന ട്രസ്റ്റ്‌' തീരുമാനിച്ചിരിക്കുന്നു. ജഗത്‌ഗുരു സ്വാമി ഈശാതൃപ്പാദങ്ങളുടെ ദിവ്യസാന്നിദ്ധ്യത്തിലാണ്‌ യാഗം നടത്തുവാൻ പദ്ധതിയിട്ടിരിക്കുന്നത്‌. 2005 ഒക്‌ടോബർ 4 മുതൽ 12 വരെ തിരുവനന്തപുരത്ത്‌ 'മണിദ്വീപിൽ' വച്ചായിരിക്കും ഈ യജ്ഞപരിപാടി നടത്തുന്നത്‌. സാക്ഷാൽ അംബയുടെ വാസസ്ഥാനമാണ്‌ മണിദ്വീപ്‌. അതുകൊണ്ടാണ്‌ ഈ യാഗഭൂമിക്ക്‌ ആ പേരുതന്നെ നൽകിയിരിക്കുന്നത്‌.

അശ്വമേധയാഗം, രാജസൂയയാഗം, സോമയാഗം തുടങ്ങിയ നിരവധി യാഗങ്ങളെപ്പറ്റി മുമ്പു നാം കേട്ടിട്ടുണ്ട്‌. അവയെല്ലാം ദ്രവ്യയാഗങ്ങളാണ്‌. സമ്പന്നതയ്ക്കുവേണ്ടിയുള്ള യാഗങ്ങളാണവ. അംബായാഗമാകട്ടെ, ദ്രവ്യവും പുണ്യവും ധന്യവുമായ നവചൈതന്യവും സമൂഹത്തിന്‌ പ്രദാനം ചെയ്യുവാൻ പര്യാപ്‌തവും ബഹുഗുണസാന്ദ്രവുമായ യജ്ഞമാണ്‌. ഈ യാഗത്തിൽ പണ്‌ഡിതപാമരഭേദം കൂടാതെ ആർക്കും പങ്കുകൊള്ളുവാനും മഹത്തായ ജീവിതതത്വങ്ങൾ സ്വീകരിക്കുവാനും സാധിക്കും.

ഈശാസ്വാമിയുമായി അംബായാഗത്തിന്റെ ലക്ഷ്യങ്ങളെപ്പറ്റി ചർച്ചനടത്തിയപ്പോൾ അദ്ദേഹത്തിൽ നിന്നും ലഭിച്ച താത്വികമായ നിർദ്ദേശങ്ങളും സാത്വികമായ സന്ദേശങ്ങളും ജീവിതത്തിന്‌ വളരെയധികം വെളിച്ചം നൽകുന്നവയാണെന്ന്‌ എനിക്ക്‌ ബോദ്ധ്യമായി. മനുഷ്യനെ യഥാർത്ഥ മാനുഷിക ബോധത്തിലേക്ക്‌ ഉയർത്തുവാനും സ്വസ്ഥതയെ അനുഭൂതിയാക്കി മാറ്റുവാൻ ഉപകരിക്കുന്ന രീതിയിൽ ശരീരത്തെ ക്രമീകരിക്കുവാനും മനുഷ്യചിന്തയെ സംശുദ്ധമാക്കി സൌമ്യമായ ഏകാഗ്രത അനുഭവിക്കുവാനും വിക്ഷോഭകാരികളായ അഹിതവികാരങ്ങൾ അലട്ടുന്ന മനുഷ്യമനസ്സിനെ നിയന്ത്രിച്ച്‌ പവിത്രീകരിക്കുവാനും അഹങ്കാരത്തിന്റെ അന്‌ധകാരത്തിൽനിന്ന്‌ ഔൽകൃഷ്‌ട്യത്തിന്റെ പ്രകാശത്തിലേക്ക്‌ മനുഷ്യനെ നയിക്കുവാനും അംബായാഗത്തിലൂടെ സാധ്യമായിത്തീരും എന്നാണ്‌ പൂർവാചാര്യന്മാരോടൊപ്പം ഈശാസ്വാമികളും പ്രസ്താവിക്കുന്നത്‌.

ഭക്തിവേദി, യോഗവേദി, ജ്ഞാനവേദി, മന്ത്രവേദി, തന്ത്രവേദി, യന്ത്രവേദി, ധ്യാനവേദി, മാനസയാഗവേദി, ദ്രവ്യയാഗവേദി എന്നിങ്ങനെ ഒൻപത്‌ മഹത്തായ ക്രമീകരണങ്ങളിലൂടെ പുതിയൊരു അനുഭൂതിതലം സൃഷ്‌ടിക്കുവാൻ സാധിക്കുന്നതാണ്‌.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും അനേകം വേദപണ്‌ഡിതന്മാരും യജ്ഞപണ്‌ഡിതന്മാരും ശാസ്‌ത്രജ്ഞന്മാരും സാഹിത്യകാരന്മാരും കലാകാരന്മാരും താന്ത്രികന്മാരും എല്ലാവിധത്തിലുമുള്ള വിജ്ഞാനകുതുകികളും ഈ യാഗസമാരംഭങ്ങളിൽ പങ്കാളികളാകുവാൻ സന്നദ്ധരായി മുമ്പോട്ടുവന്നിട്ടുണ്ട്‌.
എല്ലാ വിജ്ഞാനകുതുകികളുടെയും ബുദ്ധിജീവികളുടെയും സംസ്കാരസ്‌നേഹികളുടെയും ശാന്തിസന്ദേശവാഹകന്മാരുടെയും സമ്പൂർണ്ണ സഹകരണം ഈ പ്രസ്ഥാനത്തിന്റെ വിജയത്തിന്‌ നൽകണമെന്ന്‌ ഈശവിശ്വപ്രജ്ഞാന ട്രസ്റ്റിന്റെ പ്രതിനിധി എന്ന നിലയിൽ ഞാൻ അഭ്യർത്ഥിക്കുന്നു.

കടപ്പാട്‌: കേരളകൌമുദി ഓൺലൈൻ

ശനിയാഴ്‌ച, ഓഗസ്റ്റ് 20, 2005

'അന്ന'ത്തിൽ നിന്ന്‌ തുടങ്ങുമ്പോൾ

'അന്ന'ത്തിൽ നിന്ന്‌ തുടങ്ങുമ്പോൾ
എം.വി. ദേവൻ
അരുവിപ്പുറം പ്രതിഷ്ഠയ്ക്കും കുറച്ചുകൊല്ലം മുൻപാണ്‌ മഹാനായ വിവേകാനന്ദസ്വാമി കേരളം സന്ദർശിക്കുന്നത്‌. ഇന്ത്യയെന്ന ഭാരതത്തിലെ ആസേതുഹിമാചലദേശങ്ങളെല്ലാം ചുറ്റിക്കണ്ടതിന്‌ ശേഷമാണ്‌ അദ്ദേഹം കേരളത്തിൽ കാലുകുത്തുന്നത്‌. ഷൊർണ്ണൂർ വരെ തീവണ്ടിയിലും (അക്കാലത്ത്‌ ഷൊർണൂർ - എറണാകുളം തീവണ്ടിപ്പാത നിലവിൽ വന്നിരുന്നില്ല). പിന്നീട്‌ മറ്റു വാഹനങ്ങളിലും സഞ്ചരിച്ചാണ്‌ അദ്ദേഹം കേരളത്തിൽ - അഥവാ കൊച്ചി, തിരുവിതാംകൂർ ദേശത്തെത്തുന്നത്‌. ഈ ദേശം 'ഒരു ഭ്രാന്താലയ'മാണെന്ന സർട്ടിഫിക്കറ്റാണ്‌ അദ്ദേഹം നൽകുന്നത്‌. മദിരാശിയിൽ വച്ച്‌ നടത്തിയ അതിപ്രസിദ്ധമായ പ്രസംഗത്തിലാണ്‌ കേരളം ഭ്രാന്താലയമാണെന്ന പ്രഖ്യാപനമുണ്ടാകുന്നത്‌. ബീഹാറിലും ഉത്തർപ്രദേശിലും ഹിമാലയ സാനുക്കളിലും ബംഗാളിലും പഞ്ചാബിലും കർണ്ണാടകത്തിലും തമിഴ്‌, തെലുങ്ക്‌ ദേശങ്ങളിലും കാണാത്ത ഭ്രാന്ത്‌ കേരളത്തിൽ അദ്ദേഹം കണ്ടു. കണ്ടത്‌ അദ്ദേഹം കലവറയില്ലാതെ വിളിച്ചുപറഞ്ഞു.
ഈ ഭ്രാന്താലയത്തിലാണ്‌ നാരായണഗുരുവിന്‌ ജനിക്കേണ്ടിവന്നത്‌. ഈ 'ഭ്രാന്ത്‌' മാറ്റാനുള്ള 'വൈദ്യൻ' താനാണെന്ന്‌ ഗുരു സ്വയം സങ്കൽപിച്ചിരുന്നോ? എന്തോ അറിയില്ല. ഏതായാലും ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ മുതൽ പിന്നീടുള്ള കർമ്മങ്ങൾ അനുസന്‌ധാനം ചെയ്യുന്ന ഒരാൾക്ക്‌ ബോദ്ധ്യപ്പെടുക ഗുരുവിന്‌ ഈ ലക്ഷ്യമുണ്ടായിരുന്നുവെന്ന്‌ തന്നെയാണ്‌.

മൂവായിരമോ, ആറായിരമോ കൊല്ലത്തെയെങ്കിലും പാരമ്പര്യവും സാംസ്കാരിക മഹത്വവുമുള്ള ഒരു ജനപഥം എങ്ങനെ മൂല്യച്യുതിയുടെയും ജീർണ്ണതയുടെയും അഴുക്കുചാലിൽ മുങ്ങിപ്പൊങ്ങി വീർപ്പുമുട്ടുന്ന അവസ്ഥയിൽ ചെന്നുപെട്ടു? ഗുരുവിനെ അലട്ടിയ ഈ ചോദ്യത്തിന്‌, വിവേകാനന്ദനെക്കൊണ്ട്‌ 'ഭ്രാന്താലയം'. എന്നു വിളിപ്പിച്ച ഈ അവസ്ഥയ്ക്ക്‌, എന്തു പരിഹാരം എന്നതായിരുന്നു ഗുരുവിന്റെ അന്വേഷണം. 'അന്ന'ത്തിൽ നിന്ന്‌ തുടങ്ങുന്ന മനുഷ്യജീവിതം പടികൾ കടന്ന്‌ 'ആനന്ദ'ത്തിൽ ചെന്ന്‌ ലയിക്കുമെന്നറിയാവുന്ന ഗുരുവിന്‌ ഓരോ പടിയും 'ഉള്ളതാ'യിരുന്നു. അവ ഒന്നും 'മായ'യായിരുന്നില്ല. ആ പടികൾ ഓരോന്നും ചവിട്ടിക്കടന്നു ചെന്നാലേ 'ആനന്ദ'ത്തിലെത്താൻ (മോചനം) സാധിക്കൂ എന്ന്‌ ഗുരുവിന്‌ നല്ല നിശ്ചയമുണ്ടായിരുന്നു.

'സ്വാഭിമാന'മുള്ള 'സ്വത്വ' ബോധമുള്ള വ്യക്തികൾ ചേർന്ന ആരോഗ്യകരമായ ഒരു സമൂഹത്തെയാണ്‌ ഗുരു മനക്കണ്ണിൽ ഉപദർശിച്ചിരുന്നത്‌. സ്വന്തം കൈകൊണ്ട്‌ തൊഴിൽ ചെയ്ത്‌ അന്യർക്ക്‌ ഭാരമാകാതെ എന്നാൽ, അന്യർക്ക്‌ ഉപകാരത്തിനെത്തുമാറ്‌ (അവനവനാത്‌മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ്‌ വരേണം) ജീവിക്കുന്ന ആദർശശുദ്ധിയുള്ള പൌരന്മാരും പൌരികളും നിറഞ്ഞ ഒരു നാട്‌ അറിവിന്റെ വെളിച്ചം കെട്ടുപോകാതെ, അറിവിനുമപ്പുറത്ത്‌ അറിവല്ലാതെ മറ്റൊന്നുമില്ലെന്നറിഞ്ഞു ജീവിക്കുന്ന ആദർശ ധീരന്മാരുടെ ഒരു നാട്‌. അതാണോ ഇന്നത്തെ കേരളം? അഥവാ ഭാരതം?

ഇരുട്ടിൽ നിന്ന്‌ പതുക്കെ പ്രകാശത്തിലേക്ക്‌ ഭാരതീയർ നീങ്ങുന്നത്‌ പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്‌. വഴികാട്ടികൾ അങ്ങ്‌ ബംഗാളിലാണ്‌ പിറവിയെടുത്തത്‌. 'ഹിന്ദു'മതത്തിലെ 'സതി' മുതലായ അനാചാരങ്ങൾക്കെതിരായി ധീരമായി ശബ്‌ദിച്ചുകൊണ്ട്‌ രംഗത്തുവന്ന രാജാറാം മോഹൻറോയി, ഈശ്വരചന്ദ്ര വിദ്യാസാഗർ, കേശവ്‌ദേവ്‌ സെൻ, ദേവേന്ദ്രനാഥ ടാഗോർ, ശരത്ചന്ദ്ര ചാറ്റർജി, അരവിന്ദഘോഷ്‌ ഇങ്ങനെ ഒരുപറ്റം ബംഗാളി ഗുരുക്കന്മാരുടെ വരവോടെയാണ്‌ നമ്മുടെ നാട്ടിൽ മൂന്നാം 'നവോത്ഥാന'ത്തിന്‌ തിരശ്ശീല ഉയർന്നത്‌. രാമകൃഷ്‌ണ പരമഹംസരും അദ്ദേഹത്തിന്റെ വിശിഷ്‌ട ശിഷ്യനായ വിവേകാനന്ദനും ഈ പ്രസ്ഥാനത്തിലെ ഉജ്ജ്വലദീപശിഖകളായിരുന്നു.

ബംഗാളിൽ തുടങ്ങിയ ഈ നവോത്ഥാനത്തോട്‌ ഭാവൈക്യമാർന്നു വളർന്ന പ്രസ്ഥാനം എന്തുകൊണ്ടോ കേരളത്തിലാണ്‌ വേരുറച്ചതും പടർന്നുപന്തലിച്ചതും പ്രോജ്ജ്വലിച്ചതും. അതിന്റെ കാരണപുരുഷൻ നാരായണഗുരുവല്ലാതെ മറ്റാരുമായിരുന്നില്ല. അരുവിപ്പുറം പ്രതിഷ്ഠയും അതിനുശേഷം കേരളത്തിലങ്ങോളമിങ്ങോളമുണ്ടായ അഭൂതപൂർവ്വമായ സാമൂഹ്യചലനവും തദ്വാരാ സംഭവിച്ച മാറ്റവും ഒരു നവോത്ഥാനത്തിന്റെ തെളിവുകളായി - ശകലീഭൂതമായ തെളിവുകളായെങ്കിലും - അവശേഷിക്കുന്നു. അതിൽ നിന്നാണ്‌ 'കേരള മോഡൽ' അഥവാ 'കേരള മാതൃക'യെന്ന പ്രയോഗം നിലവിൽ വന്നത്‌. കേരള മോഡലിനെ ചൂണ്ടി 'സങ്ങതി അറിഞ്ഞാ, സങ്ങതി അറിഞ്ഞാ, അത്‌ ഞമ്മളാ' എന്നവകാശപ്പെടുന്ന എട്ടുകാലി മമ്മൂഞ്ഞുമാർ ഇവിടെ അസംഖ്യമുണ്ടെന്നതും നാം കാണാതിരിക്കരുത്‌. 'ബംഗാൾ മോഡൽ' എന്ന്‌ പ്രയോഗിച്ച്‌ കണ്ടിട്ടുണ്ടോ? എന്തുകൊണ്ട്‌ എന്ന്‌ നാം അന്വേഷിച്ചോ? അന്വേഷിക്കേണ്ടതാവശ്യമല്ലേ?

യഥാർത്ഥത്തിൽ ബംഗാളിൽ സംഭവിക്കേണ്ടത്‌ ഇവിടെ കേരളത്തിലാണ്‌ സംഭവിച്ചത്‌ എന്നത്‌ ഗൌരവത്തോടെ നാം ചിന്താവിഷയമാക്കേണ്ടതാകുന്നു. കേരളത്തിലും ബംഗാളിലും പല കാര്യങ്ങളിലും സാദൃശ്യമുണ്ട്‌. കേരളീയർക്ക്‌ ബംഗാൾ എന്നും ആദർശവും ലക്ഷ്യസ്ഥാനവുമായിരുന്നു. അതുകൊണ്ടാണ്‌ നാരായണഗുരുവിന്റെ വത്സല ശിഷ്യനും നമ്മുടെ മഹാകവിയുമായ കുമാരനാശാൻ, കേരള പുത്രൻ രാജരാജവർമ്മ എന്ന 'കേരളപാണിനി'യുടെ ചരമത്തിൽ അതീവ ദുഃഖിതയായി അലമുറയിടുന്ന 'മലയാണ്‌മ'യെ ആശ്വസിപ്പിക്കാൻ വിശ്വമഹാകവി കാളിദാസനെ രംഗത്തവതരിപ്പിച്ച്‌ അദ്ദേഹത്തെക്കൊണ്ടീവണ്ണം ഉദീരണം ചെയ്യിക്കുന്നത്‌. 'വംഗദ്വേവിലുദിച്ച' രവിയെ സ്‌നേഹിച്ച വിശ്വംഭരേ' എന്ന്‌. രവീന്ദ്രനാഥടാഗോറെന്ന കവിയുണ്ടല്ലോ നമുക്കാശ്വസിക്കാൻ എന്ന്‌.

ഇങ്ങനെയൊക്കെയായിരുന്നിട്ടും ബംഗാളിന്‌ എന്തുകൊണ്ട്‌ വർത്തമാനകാലത്ത്‌ ഒരു 'മാതൃക'യാവാൻ സാധിച്ചില്ല? 'കേരള മോഡൽ' പോലെ ഒരു 'ബംഗാൾ മോഡൽ' എന്തുകൊണ്ടില്ലാതെ പോയി?

എന്റെ നിഗമനം പൂർണ്ണമായി ശരിയായിക്കൊള്ളണമെന്നില്ല; എന്നാലും ശങ്കയോടെയെങ്കിലും പറയട്ടെ: ബംഗാളിലെ നവോത്ഥാന നായകന്മാരെല്ലാവരും സമുദായശ്രേണിയിലെ ' ഉന്നത'രായിരുന്നു. അവരുടെ വാക്കും കർമ്മവും ഒരുമിച്ച്‌ 'മഹദ്വചനങ്ങ'ളാവുകയല്ലാതെ കർമ്മകാണ്‌ഡത്തിലേക്ക്‌ കാര്യമായി കടന്നുചെന്നില്ല. സമൂഹത്തെ സമൂലം ഇളക്കിമറിക്കുന്ന പ്രസ്ഥാനമായവ കരുപ്പിടിച്ചില്ല. വാക്ക്‌ കർമ്മമായി രൂപാന്തരപ്പെട്ടില്ല. സമൂഹസൌധത്തിന്റെ മേൽ വിതാനങ്ങളിൽ അടിച്ചുവീശിയത്‌ വലിയ കാറ്റുതന്നെ. പക്ഷേ, ആ കാറ്റ്‌ ഭൂമിയിലെ ചെറുതരുലതാദികളെയോ കറുകപ്പുല്ലിനെയോ തഴുകിയില്ല. 'ഗ്രാസ്സ്‌ റൂട്ടി'ലേക്ക്‌ മേൽപ്പടവിലെ ചലനങ്ങൾ വേണ്ടത്ര ശക്തിയോടെ ഇറങ്ങിച്ചെന്നില്ല. 'വചന'ത്തിന്‌ വശ്യതയില്ലാത്തതുകൊണ്ടല്ല; മാഹാത്‌മ്യമില്ലാത്തതുകൊണ്ടല്ല - മേലും കീഴും തമ്മിലുള്ള അകൽച്ച കുറയ്ക്കാനോ ദൂരങ്ങളെ വെട്ടിത്തള്ളാനോ ആ പ്രയത്‌നങ്ങൾക്ക്‌ സാധിക്കാതെ പോയി.

എന്നാൽ, ഇവിടെ കേരളത്തിൽ 'നവോത്ഥാന'ത്തിന്റെ മുള പൊട്ടിയത്‌ ഉന്നതശ്രേണിയിലെ വരേണ്യർക്കിടയിലായിരുന്നില്ല, സമുദായത്തിലെ അടിപ്പടലകളിലെ 'അസ്‌പൃശ്യർക്കിട'യിലായിരുന്നു. ഭാരതീയ സംസ്കൃതിയുടെ ഉൾച്ചൂരും ദ്രാവിഡക്കരുത്തും നവീന നാഗരികതയുടെ വികിരണശക്തിയുമാർജ്ജിച്ച ആ അടിയാളന്മാരുടെ 'വചനം' പെട്ടെന്ന്‌ കർമ്മമായി രൂപാന്തരപ്പെട്ടു. ആ വചനങ്ങൾ വെറും ' ഉദ്ധാരണ'ത്തിനുള്ള വാക്കുകളല്ലായിരുന്നു. കർമ്മവ്യഗ്രതയുണർത്തുന്ന ചാട്ടവാറടികളായിരുന്നു. അതേശേണ്ട സ്ഥാനത്ത്‌ ഏശുകയും ചെയ്തു. എന്നാൽ, സമാധാനമോ, ശാന്തിയോ ഭഞ്ജിക്കാതെ, മൌനമായ മന്ത്രോച്ചാരണംപോലെ, ഉണങ്ങിയ വിറകിൽ തീ പോലെ (ശുഷ്കേന്‌ധനേ അഗ്‌നിവത്ത്‌) യാണ്‌ അത്‌ പ്രവർത്തിച്ചതെന്ന്‌ വേണമെങ്കിൽ പറയാം.

നാരായണഗുരുവും അയ്യങ്കാളിയും വൈകുണ്ഠസ്വാമിയും പൊയ്കയിൽ യോഹന്നാനും ചട്ടമ്പിസ്വാമികളും പൽപുവും കുമാരനാശാനും സഹോദരൻ അയ്യപ്പനും എല്ലാം സമുദായത്തിലെ അടിപ്പടലയിൽ നിന്നോ അതോട്‌ തൊട്ടുനിൽക്കുന്ന അടരുകളിൽ നിന്നോ വന്നവരാണ്‌. ശാപഗ്രസ്തവും ജീർണ്ണവുമായ ബ്രാഹ്‌മണ്യത്തിന്റെ നശീകരണ ശക്തിയെ അതിജീവിക്കാനും മാനവമഹത്വത്തെ ഉയർത്തിക്കാട്ടാനും ഈ മനീഷികൾക്കും അവരോടൊപ്പമുള്ളവർക്കും അനുചരന്മാർക്കും നിഷ്‌പ്രയാസം സാധിച്ചു. 'ആട്ടിടയനും ആടുകളും' എന്ന അവസ്ഥ മാറി 'ആടുകൾ തന്നെ സ്വയം മേയുകയോ' 'ആട്ടിൻ കുലമായി പൊറുതി കൊള്ളുകയോ' എന്നസ്ഥിതി വന്നു. (ജോർജ്‌ ഓർവെല്ലിന്റെ 'ആനിമൽ ഫാം' ഓർക്കുക). സമൂഹത്തെ സമൂലം ഉടച്ചുവാർക്കുകയും 'മനുഷ്യനാണ്‌ മാനദണ്‌ഡ'മെന്ന ഉയർന്ന മൂല്യബോധം പരാഗണം നിർവ്വഹിക്കുകയും ചെയ്യുന്നതിന്‌ മുമ്പേ നവോത്ഥാന പ്രക്രിയയ്ക്ക്‌ ദിശാബോധം നഷ്‌ടപ്പെട്ടു.

ദേശത്തിന്റെ സ്വാതന്ത്യ്‌രപ്രാപ്‌തിയും അതോടെ ആരംഭിച്ച 'അധികാര പരിരംഭണഭ്രമ'വുമാണ്‌ 'നവോത്ഥാന'ത്തിന്‌ കോടാലിയായിത്തീർന്നത്‌. 'ജനായത്ത സമ്പ്രദായം' (ഡെമോക്രസി) ജീവിതത്തിൽ ഒരിക്കലും ആചരിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിൽ ജനായത്ത സമ്പ്രദായത്തിലുള്ള കക്ഷികളും അവയുടെ രൂപീകരണവും അവർ തമ്മിലുള്ള തെരഞ്ഞെടുപ്പ്‌ മത്സരവും ഒരുതരം പൊറാട്ടു നാടകമായി കലാശിച്ചു. അകാലത്തിലുള്ള ഈ സംഭവ വികാസമാണ്‌ നമ്മുടെ 'നവോത്ഥാന'ത്തെ 'ചാപിള്ള'യോ അല്ലെങ്കിൽ 'അംഗവൈകല്യം ബാധിച്ച ശിശുവോ' ആക്കിത്തീർത്തത്‌. കുറ്റം മറ്റാരുടേതുമല്ല. നമ്മുടേതുതന്നെ.

കടപ്പാട്‌: കേരളകൌമുദി ഓൺലൈൻ

തിങ്കളാഴ്‌ച, ഓഗസ്റ്റ് 15, 2005

സത്യത്തിന്റെ പ്രതീകമായി ദേശീയ ചിഹ്നം

സത്യത്തിന്റെ പ്രതീകമായി ദേശീയ ചിഹ്നം

ഉത്തർപ്രദേശിലെ വാരണാസിയിലുള്ള സാരാനാഥിലെ സിംഹപ്രതിമയാണ്‌ നമ്മുടെ ദേശീയ ചിഹ്നം. ബി. സി. നാലാം നൂറ്റാണ്ടിൽ അശോകചക്രവർത്തിയാണ്‌ ഈ പ്രതിമ സ്്ഥാപിച്ചത്‌. ലോകത്തിന്റെ നാലു ഭാഗങ്ങളോടായി ശ്രീബുദ്ധൻ ഉപദേശിച്ചു നൽകിയ ശാന്തിയുടെയും മുക്‌തിയുടെയും അനുസ്മരണമാണീ പ്രതിമ.

അശോക ചിഹ്നത്തിൽ നാലു സിംഹങ്ങൾക്കു സ്ഥാനം നൽകിയിരിക്കുന്നു. ഇവ ഓരോന്നും ധീരത, ശക്‌തി, ആത്മവിശ്വാസം ഇവ തമ്മിലുള്ള പരസ്പരബന്ധം എന്നിവയെ പ്രതിനിധീകരിക്കുന്നു. നാലു ദിശകളുടെയും സംരക്ഷകരായി നാലു മൃഗങ്ങളെയും അശോകസ്‌തംഭത്തിൽ ചിത്രീകരിച്ചിട്ടുണ്ട്‌. സിംഹം- വടക്ക്‌, ആന- കിഴക്ക്‌, കുതിര - തെക്ക്‌, കാള- പടിഞ്ഞാറ്‌ എന്നിങ്ങനെ. പൂർണമായി വിടർന്ന താമരയിലാണ്‌ ഈ സ്‌തംഭത്തിന്റെ സ്ഥാനം. ജീവന്റെയും നൈസർഗിക പ്രചോദനത്തിന്റെയും ഉറവിടമായി ഇതിനെ കണക്കാക്കുന്നു.

'സത്യമേവ ജയതേ' - എന്ന മുദ്രവാക്യം ദേവനാഗിരി ലിപിയിൽ ഇതിൽ കൊത്തിവച്ചിട്ടുണ്ട്‌. അന്തിമ വിജയം സത്യത്തിനു മാത്രമാണ്‌ എന്നാണ്‌ ഇതർഥമാക്കുന്നത്‌.

ഭാരതത്തിലെ ദേശീയ പ്രസ്ഥാനങ്ങൾക്കു ഉത്തേജനം നൽകുന്നതായിരുന്നു ദേശീയ ഗാനവും . രവീന്ദ്രനാഥ ടാഗോർ എഴുതി ചിട്ടപ്പെടുത്തിയ 'ജനഗണമന'യെ ദേശീയ ഗാനമായി 1950 ജനുവരി 24-ന്‌ ഭരണ ഘടന നിർമ്മാണ സമിതി അംഗീകരിച്ചു. അതിനു മുമ്പ്‌ , ബങ്കിംചന്ദ്ര ചാറ്റർജിയുടെ 'വന്ദേമാതരം' ആയിരുന്നു ദേശീയഗാനമായി കരുതിയിരുന്നത്‌. എന്നാൽ 'വന്ദേമാതര'വും 'ജനഗണമന'ക്കൊപ്പം പ്രാധാന്യമുള്ളതാണെന്ന്‌ സമിതി പ്രഖ്യാപിച്ചു.ഇവയ്ക്കൊപ്പം, ഉറുദു കവിയായ മുഹമ്മദ്‌ ഇഖ്ബാലിന്റെ 'സാരേ ജഹാംസെ അച്ഛാ' സ്വാതന്ത്യ്‌ര സമരപോരാളികൾക്കു വിപ്ലവവീര്യം പകർന്നു നൽകിയിരുന്നു.

കടപ്പാട്‌: മനോരമ ഓൺലൈൻ

ലിങ്ക്‌:http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=
1123786927868&c=MalArticle&p=1015299284311&
colid=1015308017604&channel=mmFestival&count=7&rel=y

ഭാരതീയന്റെ അഭിമാനമായി ദേശീയ പതാക

ഭാരതീയന്റെ അഭിമാനമായി ദേശീയ പതാക
ബീനാ സെബാസ്റ്റ്യൻ

ഓരോ ഭാരതീയന്റെയും അഭിമാനമാണ്‌ നമ്മുടെ ദേശീയ പതാക. പിങ്കാലി വെങ്കയ്യയാണ്‌ ഇതിന്റെ ഉത്ഭവത്തിന്‌ കാരണക്കാരൻ. ആന്ധ്രപ്രദേശിലെ മിച്ചലിപുരം സ്വദേശിയായിരുന്ന പിങ്കാലി വെങ്കയ്യ. ലോകമെമ്പാടുമുള്ള മുപ്പതിലധികം രാജ്യങ്ങളുടെ ദേശീയ പതാകകളെ പഠിച്ചശേഷമാണ്‌ ഇന്ത്യൻ പതാകയ്ക്കു അദ്ദേഹം രൂപം നൽകിയത്‌. വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കുശേഷം 1916-21 കാലഘട്ടത്തിലാണ്‌ ഇന്ത്യയുടെ ദേശീയ പതാക എന്ന ആഗ്രഹം സഫലമായത്‌. അക്കാലത്തു കത്തി നിന്നിരുന്ന 'വന്ദേമാതരം' പ്രസ്ഥാനത്തിന്‌ ശക്‌തി പകരുന്നതായിരുന്നു ദേശീയ പതാകയുടെ ആവിർഭാവം.

പങ്കാലിയ്ക്കു മുൻപേ നിരവധിയാളുകൾ ദേശീയ പതാക ഒരു യഥാർഥ്യമാക്കുന്നതിനു പരിശ്രമിച്ചിരുന്നു. ചുവപ്പ്‌, മഞ്ഞ, പച്ച എന്നീ നിറങ്ങൾ ചേർന്നതായിരുന്നുആദ്യ പതാക. എട്ട്‌ വെള്ള താമരകളെയും ഇതിൽ ചിത്രീകരിച്ചിരുന്നു. പതാകയുടെ മഞ്ഞ ഭാഗത്ത കടും നീല നിറത്തിൽ ദേവനാഗിരി ലിപിയിൽ 'വന്ദേമാതരം' എന്ന്‌ എഴുതിയിരിക്കുന്നു. 1906 ഓഗസ്റ്റ്‌ ഒന്നിന്‌ കൽക്കത്തയിലെ പാഴ്സി ബഗാൻ സ്ക്വയറിൽ (ഗ്രീൻ പാർക്ക്‌) ഈ പതാക ഉയർത്തി. ഭാരതത്തിന്റെ പതാക ആദ്യമായി ഉയരുന്ന സന്ദർഭമായിരുന്നു അത്‌.

1907-ലാണ്‌ പതാകയുടെ പരിഷ്കരിച്ച രൂപം പ്രത്യക്ഷപ്പെടുന്നത്‌. മാസം കാമായുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഈ പതാക ആദ്യമായി ഉയർന്നത്‌ പാരീസിലാണ്‌. ആദ്യപതാകയുമായി നിരവധി സാമ്യങ്ങളുണ്ടായിരുന്നു. എങ്കിലും ആദ്യ പതാകയിലെ എട്ടു താമരകൾക്കു പകരം ഈ പതാകയിൽ ഒരു താമരയെയും ഏഴു നക്ഷ്രങ്ങളെയുമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. സപ്‌തർഷികളെയായിരുന്നു ഏഴു നക്ഷത്രങ്ങൾ പ്രതിനിധീകരിച്ചത്‌. ബർലിനിൽ നടന്ന സോഷ്യലിസ്റ്റു സമ്മേളനത്തിലും ഈ പതാക ഉയർന്നു.

1917-nൽ നിരവധി രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലായിരുന്നു പതാകയുടെ മൂന്നാം ഘട്ടം. ആനി ബസന്റും ബാല തിലകും നേത്യത്വം നൽകിയ ഹോം റൂൾ പ്രസ്ഥാനത്തിനു ശക്‌തി പകരാൻ ഇതിനു കഴിഞ്ഞെങ്കിലും ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശീയപ്രസ്ഥാനം ശക്‌തമായ ശേഷം 1921-ലാണ്‌ ത്രിവർണ പതാകയ്ക്കു അന്തിമരൂപം ഉണ്ടായത്‌.

1921-ൽ ആന്ധ്രാപ്രദേശിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ താൻ രൂപം നൽകിയ പതാകയുമായി പിങ്കാലി കടന്നുവന്നു. പതാക അദ്ദേഹം ഗാന്ധിജിക്കു നൽകി. ചുവപ്പ്‌, പച്ച എന്നീ രണ്ടു നിറങ്ങളിലായിരുന്നു ഈ പതാക. രാജ്യത്തെ രണ്ടു പ്രധാന സമുദായങ്ങളെയാണ്‌ ഇതുവഴി പിങ്കാലി ഉദ്ദേശിച്ചത്‌. എന്നാൽ ഇതിനെ ഔദ്യോഗികമായി അംഗീകരിക്കാൻ ഐ.ഐ.സി.സിക്ക്‌ കഴിഞ്ഞില്ല. ഗാന്ധിജി നൽകിയ അംഗീകാരം ധാരാളമായിരുന്നു. ന്യൂനപക്ഷ സമുദായങ്ങളെ പ്രതിനിധീകരിച്ച്‌ വെള്ളനിറം കൂടി ചേർത്ത്‌ ഗാന്ധിജി ഈ പതാകയെ ഭേദഗതി ചെയ്‌തു. ജലാന്ററിലെ ഹാൻസ്‌ രാജിന്റെ നിർദ്ദേശമനുസരിച്ച്‌ സാധാരണക്കാരുടെയും പുരോഗതിയുടെയും പ്രതീകമായ ചക്രവും പതാകയിൽ ഇടം നേടി.

പതാകയുടെ നിറങ്ങൾക്കു നൽകിയ വ്യാഖ്യാനം പല വിമർശനങ്ങൾക്കും ഇടയാക്കി. തുടർന്ന്‌ 1931-ൽ കറാച്ചിയിൽ നടന്ന ഐ.ഐ.സി.സി സമ്മേളനത്തിൽ വ്യക്‌തമായ വ്യാഖ്യാനം നിലവിൽവന്നു. കുങ്കുമനിറം ധീരതയുടെയും വെളുപ്പ്‌ സത്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമെന്നു വിലയിരുത്തി. പതാകയുടെ മധ്യത്തിലെ നീല നിറത്തിലുള്ള ചക്രം അശോക ചക്രവർത്തി സാരാനാഥിൽ സ്ഥാപിച്ച 'ധർമ്മ ചക്ര'ത്തെയും പ്രതിനിധീകരിച്ചു.

നിരവധി പരിഷ്കാരങ്ങൾക്കും വ്യാഖ്യാനങ്ങൾക്കുമൊടുവിൽ 1947 ജൂലൈ 22ന്‌ ഭരണഘടന നിർമ്മാണ സമിതി ഇന്നത്തെ പതാകയുടെ രൂപരേഖ അംഗീകരിച്ചു.

കടപ്പാട്‌: മനോരമ ഓൺലൈൻ.
ലിങ്ക്‌: http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=
1123786927715&c=MalArticle&p=1015299284311&channel=
mmFestival&count=7&colid=1015308017604

വ്യാഴാഴ്‌ച, ഓഗസ്റ്റ് 11, 2005

ചോറൂണ്‌

കുട്ടിക്ക്‌ ആദ്യമായി ചോറുകൊടുക്കുന്നതു സംബന്ധിച്ച ചടങ്ങാണ്‌ ചോറൂണ്‌. കേരളീയർക്ക്‌ ഏറെ പ്രാധാന്യമുള്ള ഈ ചടങ്ങ്‌ ശിശുവിന്റെ ജനനശേഷം 149 ദിവസങ്ങൾ കഴിഞ്ഞുള്ള 32 ദിവസങ്ങൾക്കിടയിലെ ശുഭദിനത്തിലാണ്‌ നടത്താറള്ളത്‌. അതിനുശേഷമുള്ള 30 ദിവസം ശുഭമല്ലെന്നു കരുതപ്പെടുന്നു. എന്നാൽ പിന്നീടുവരുന്ന ഏതു ശുഭദിനവും ചോറൂണു നടത്താം. വീട്ടിലോ ക്ഷേത്രത്തിലോ വച്ചാണ്‌ ചോറൂണു നടത്തുക.

ചോറൂണിനുള്ള മുഹൂർത്തം നിശ്ചയിക്കുന്നത്‌ ജ്യോത്സ്യനാണ്‌. ചോറു കൊടുക്കാനുള്ള കുട്ടിയെ കുളിപ്പിച്ച്‌ ചെറിയൊരു നേര്യതുടുപ്പിച്ച്‌ മുത്തച്ഛന്റെയോ, അച്ഛന്റെയോ, അമ്മാവന്റെയോ മടിയിലിരുത്തി കത്തിച്ചുവച്ച നിലവിളക്കിനു മുമ്പിൽ തുമ്പിലയിട്ട്‌ ചോറൂ വിളമ്പുന്നു. ചോറുകൊടുക്കുന്നയാൾ ഉപ്പും മുളകും പുളിയും ചേർത്ത്‌ അൽപമെടുത്ത്‌ കുട്ടിയുടെ നാവിൽ പുരട്ടുന്നു. പിന്നീട്‌ രണ്ടു മൂന്ന്‌ വറ്റ്‌ ഞരടി കുട്ടിക്കു നൽകുന്നു. ഒടുവിൽ പഞ്ചസാരയും കൊടുക്കുന്നു. ക്ഷേത്രത്തിലാണെങ്കിൽ നിവേദിച്ച ചോറോ പായസമോ ആണ്‌ ഉപയോഗിക്കാറുള്ളത്‌. ബന്ധുക്കൾ ആഭരണങ്ങളും മറ്റും നൽകുന്നതും ചടങ്ങിന്‌ നാദസ്വരമേളം നടത്തുന്നതും പതിവാണ്‌. അന്നപ്രാശം, കുഞ്ഞൂണ്‌ എന്നീ പേരുകളിലും ചോറൂണ്‌ അറിയപ്പെടുന്നു.

കടപ്പാട്‌: മനോരമ ഓൺലൈൻ
ലിങ്ക്‌: http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&
cid=1032960784840&c=MalArticle&p=1015320781126&colid=
1015308017608&channel=mmFestival

ഈശ്വരസാന്നിധ്യം നിറയേണ്ട തൃസന്ധ്യ

പരമ്പരാഗതമായിത്തന്നെ കേരളീയർക്കിടയിൽ തൃസന്ധ്യാസമയത്തേക്കുറിച്ച്‌ വ്യക്‌തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഈശ്വരപ്രാർത്ഥനയ്ക്കുള്ള സമയമായാണ്‌ നമ്മുടെ പൂർവികർ തൃസന്ധ്യയെ കണ്ടിരുന്നത്‌. ആ സമയം അനുഷ്ഠിക്കേണ്ടതും അരുതാത്തതുമായ പലകാര്യങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നു. ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ വിളക്ക്‌ തെളിക്കണം. അടുക്കളയിൽ നിന്നാണ്‌ ഇതു കത്തിച്ചുകൊണ്ടു വരേണ്ടത്‌. ആ സമയം 'ദീപം... ദീപം...' എന്നു ചൊല്ലുകയും ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം.

തൃസന്ധ്യയ്ക്കു ഭക്ഷണം, അതിഥികളെ സൽക്കരിക്കൽ, പണം നൽകൽ, ധാന്യമോ തൈലമോ കൊടുക്കൽ എന്നിവയരുതെന്നാണ്‌ കാലങ്ങളായുള്ള വിശ്വാസം. വായനയ്ക്കും വിനോദത്തിനും തൃസന്ധ്യാസമയം ഉപയോഗിക്കരുത്‌. ഗൃഹങ്ങളിൽ കലഹമോ കളിയോ പാടില്ല. വീട്ടിൽ നിന്ന്‌ തൃസന്ധ്യയ്ക്ക്‌ പുറത്തോട്ടു പോകുകയുമരുത്‌.

ഈശ്വരനാമജപത്തിനായിത്തന്നെ തൃസന്ധ്യ ചിലവഴിക്കണം. ഹൈന്ദവഗൃഹങ്ങളിൽ അംഗശുദ്ധി വരുത്തി ശുഭ്രവസ്‌ത്രം ധരിച്ച്‌ നാമം ജപിക്കണം. അതിഥികളായെത്തുവരെയും ഈശ്വരപ്രാർത്ഥനയിൽ പങ്കെടുപ്പിക്കണം. നാമം ചൊല്ലുമ്പോൾ ഋതുമതികളായ സ്‌ത്രീകൾ കൂട്ടത്തിലിരിക്കരുതെന്നാണ്‌ മുതിർന്നവർ നിഷ്കർഷിക്കുന്നത്‌.
പാർത്ഥനയാണ്‌ കേരളീയർ ജാതിമതഭേദങ്ങളില്ലാതെ തൃസന്ധ്യാസമയം നീക്കിവച്ചിരിക്കുന്നത്‌. തൃസന്ധ്യയ്ക്കായി പണ്ടുകാലം മുതൽക്കെ അലിഖിതമെങ്കിലും അനുഷ്ഠിച്ചുപോരുന്ന പ്രമാണങ്ങൾ കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം.

കടപ്പാട്‌: മനോരമ ഓൺലൈൻ
ലിങ്ക്‌:
http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=
1086850262215&c=MalArticle&p=1015320781126&colid
=1015308017608&channel=mmFestival

ബുധനാഴ്‌ച, ഓഗസ്റ്റ് 10, 2005

പതിനെട്ടടവുകളുടെ കളരിപ്പയറ്റ്‌

പതിനെട്ടടവുകളുടെ കളരിപ്പയറ്റ്‌

'..പാവാട തന്നെ വിരിക്കുന്നുണ്ട്‌ പാവാട മുകളിൽ തളികവച്ച്‌ തളിക നിറവോളം വെള്ളരിയും വെള്ളരിമീതെയൊരു നാളികേരം നാളീകേരത്തിനുമേൽ ചെമ്പഴുക്ക മുകളിലൊരു കോഴിമുട്ട കോഴിമുട്ടമേൽ ദൂശിനാട്ടി ചുരിക മുനമേൽ മറിഞ്ഞുനിന്നു." അതായിരുന്നു ചേകോൻമാരുടെ മെയ്‌ വഴക്കവും കളരിപ്പയറ്റിന്റെ കരുത്തും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയോധന കലയെന്ന ്‌ അഭിമാനിക്കാവുന്ന കളരിപയറ്റ്‌ കേരളത്തിന്റെ തനതായ പൈതൃകം പേറുന്ന ആയോധനവിദ്യയാണ്‌. സംസ്കൃതത്തിലെ 'ഖലൂരിക' എന്ന വാക്കിൽ നിന്നുമാണ്‌ കളരി എന്ന പദം ഉത്ഭവിച്ചത്‌. കളരി എന്നാൽ വ്യായാമം ചെയ്യുവാനുള്ള ഇടമെന്നർത്ഥം.

ഐതിഹ്യപ്രകാരം പരശുരാമൻ തീരപ്രദേശങ്ങളിൽ 108 ദേവീക്ഷേത്രങ്ങളും മധ്യദേശത്ത്‌ 108 ശിവാലയങ്ങളും മലയോരങ്ങളിൽ ശാസ്‌താക്ഷേത്രങ്ങളും സ്ഥാപിച്ചതോടൊപ്പം 42 കളരികളും തുടങ്ങി. ഭാരതീയ ശാസ്‌ത്രങ്ങളുടെയെല്ലാം അടി സ്ഥാനപ്രമാണമായ തന്ത്രശാസ്‌ത്രമാണ്‌ കളരിയുടെയും അടിത്തറ. ധ്യാനവും പ്രാർത്ഥനയും വണക്കങ്ങളും കളരിവിദ്യയുടെ അവിഭാജ്യഘടകങ്ങളാണ്‌. വലതുകാൽവച്ചു കളരിയിലിറങ്ങി, കളരി വണങ്ങി, കളരി ദേവതകളെ തൊഴുതാണു തുടക്കം. കളരിയുടെ പ്രധാനഭാഗങ്ങൾ പൂത്തറ, ഗുരുത്തറ, ഗണപതിത്തറ എന്നിവയാണ്‌. പൂത്തറയിലും ഗുരുത്തറയിലും പുഷ്പാരാധന നടത്തിയാണു ദിവസവും പരിശീലനം തുടങ്ങുക.

മെയ്യഭ്യാസമുറകൾക്കു പുറമെ ഉദ്വർത്തനം, ഉൽസാദനം, സംവാഹനം (ഉഴിച്ചിൽ, തടവൽ) തുടങ്ങിയ ചികിത്സകളും കളരിയുടെ ഭാഗമാണ്‌. യഥാർത്ഥത്തിൽ രണ്ടായി കാണാനാകില്ലെങ്കിലും കളരിപ്പയറ്റ്‌ വടക്കൻ സമ്പ്രദായത്തിന്റെയും ആഗസ്‌ത്യ മഹർഷി ഉപജ്ഞാതാവായുള്ള അടിതട തെക്കൻ സമ്പ്രദായത്തിന്റെയും പ്രത്യേകതയായി വ്യാഖ്യാനിക്കപ്പെടുന്നു. തെക്കൻ സമ്പ്രദായത്തിൽ സ്വയംപ്രതിരോധമാണ്‌ ആധാരം. വടക്കൻ സമ്പ്രദായം യുദ്ധ സമ്പ്രദായമാണ്‌. മെയ്യഭ്യാസവും (മെയ്ത്താരി) വടിത്തല്ലും (കോൽത്താരി) അങ്കത്താരിയും ഇതിൽ പെടുന്നു. ധനുർവേദസംഹിതയാണ്‌ വടക്കൻ സമ്പ്രദായത്തിന്റെ അടിത്തറ. പ്രധാനമായും നാലുഭാഗങ്ങളായാണ്‌ കളരിയഭ്യാസത്തെ തിരിച്ചരിക്കുന്നത്‌ മെയ്പ്പയറ്റാണ്‌ ഇതിൽ ആദ്യത്തേത്‌. 'ഉത്തടി' എന്നാണ്‌ കളരിയിലെ ആദ്യ അഭ്യാസത്തിനു പറയുക. ഒരു ശിശു പിച്ചവച്ചു തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ളതാണിത്‌. മെയ്യഭ്യാസങ്ങളാണ്‌ മെയ്പ്പയറ്റിൽ. രണ്ടാമതായി വരുന്നത്‌ കോൽത്താരിയാണ്‌. മരംകൊണ്ടുള്ള ആയുധങ്ങൾ, വടി എന്നിവയാണ്‌ കോൽത്താരിയിൽ ഉപയോഗിക്കുക. മൂന്നാമതായി വരുന്ന അങ്കത്താരിയിൽ ലോഹങ്ങൾ കൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നു. നാലാമത്തെ ഭാഗമായിട്ടുള്ളതാണ്‌ വെറുംകൈ എന്ന ആയുധരഹിത പയറ്റുമുറകൾ. കരാട്ടെ,കുങ്ങ്ഫൂ തുടങ്ങിയ പ്രസിദ്ധങ്ങളായ ആയോധനമുറകൾ ഈ അഭ്യാസമുറകളിൽനിന്നു രൂപം കൊണ്ടതാണെന്നു പറയപ്പെടുന്നു.

ഓതിരം,കടകം, ചടുലം, മണ്ഡലം, വൃത്തചക്ര, സുഖംകാളം, വിജയം, വിശ്വമോഹനം, അന്യോന്യം, സുരഞ്ജയം, സൌഭദ്രം, പാടലം, പുരഞ്ജയം, കായവൃത്തി, സിലാഘണ്ഡം, ഗദാശാസ്‌ത്രം, അനുത്തമം, ഗദായഘട്ടം, എന്നങ്ങനെ പതിനെട്ടടവുകൾ കളരിയിൽ കാണാവുന്നതാണ്‌. അറപ്പിൽ കൈയൻ, പിള്ളതാങ്ങി, ദ്രോണമ്പള്ളി, വള്ളുവനാടൻ, വട്ടോൻ തിരുപ്പൻ, ഒടിമുറശാരി എന്നിങ്ങന ആറുശൈലികളാണ്‌ കേരളത്തിൽ പ്രചരിച്ചത്‌. വേണ്ടത്ര പ്രോത്സാഹനവും പരിപോഷണവുമില്ലാതെ കളിയഭ്യാസം ഇന്നു ക്ഷയിക്കുകയാണെങ്കിലും കളരിയിലെ പാരമ്പര്യ ചികിത്സാമുറകളിൽ ഇന്ന്‌ ഏറെപ്പേർ ആകൃഷ്ടരാണ്‌. ഉഴിച്ചിൽ, പിഴിച്ചിൽ, ഞവരക്കിഴി, ധാര, വസ്‌തി തുടങ്ങിയ ചികിത്സാവിധികൾ വിദേശികളെപ്പോലും ആകർഷിക്കുന്നു. ഇന്നും കടത്തനാട്ടിലെ മണൽത്തരികൾ കളരിപ്പയറ്റിന്റെ വീര്യവും കരുത്തും ഓർമ്മവയ്ക്കുന്നുണ്ടാവണം. കാറ്റിൽ വായ്ത്താരികൾ കേൾക്കാൻ കഴിഞ്ഞേക്കും. "വലതുകാൽ തൂക്കി വലതു കൊണ്ട്‌ നീക്കിച്ചവിട്ടി കൈനേരേ കൂപ്പിത്തൊഴുത്‌, ഇടതുകാൽ തൂക്കി ഇടതുകൊണ്ട്‌ നീക്കിച്ചവിട്ടി കൈനേരെ കൂപ്പിത്തൊഴുത്‌..."

കടപ്പാട്‌: മനോരമ ഓൺലൈൻ
ലിങ്ക്‌: http://www.manoramaonline.com/servlet/
ContentServerpagename=manorama/MalArticle/
Malfullstory&cid=1025168123221&c=MalArticle
&p=1015299284311&channel=mmFestival&count=
7&colid=1015308017604

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2005

രാമൻ: സംയമനത്തിന്റെ മൂർത്ത രൂപം

രാമൻ: സംയമനത്തിന്റെ മൂർത്ത രൂപം
ഡോ. ചേരാവള്ളി ശശി

ആരെയും പ്രകോപിപ്പിക്കുന്നവിധം പെരുമാറുന്ന ശൈലി ചിലർക്കു ജൻമസിദ്ധമാണ്‌. മുള്ളും മുനയും വച്ച, വിഷം പുരട്ടിയ വാക്കുകൾ മറ്റുള്ളവരുടെ നെഞ്ചിലേക്ക്‌ അവർ തൊടുത്തുവിടും. ക്രോധംകൊണ്ട്‌ എന്തിനും തയാറെടുത്തു നിൽക്കുന്ന അവരുടെ മുൻപിൽ ആത്മസംയമനത്തോടെ പെരുമാറാനും അവരെ ശമപ്പെടുത്താനും എത്രപേർക്കു കഴിയും? അതിനു ധീരതയ്ക്കൊപ്പം ക്ഷമയും വിവേകവും പക്വതയും വേണം. വാല്മീകിയുടെ രാമനെവ്യത്യസ്‌തനാക്കുന്നത്‌ ഇവയെല്ലാമടങ്ങിയ അസാധാരണ വ്യക്‌തിത്വ വിശേഷമാണ്‌.

രാമായണത്തിലെ ഒട്ടേറെ കഥാസന്ദർഭങ്ങൾ രാമന്റെ ആത്മസംയമനത്തെ വെളിപ്പെടുത്തുന്നു. സീതാസ്വയംവരാനന്തരം മടങ്ങുന്ന ശ്രീരാമാദികളെ വഴിയിൽ തടയുന്ന 'കൈലാസംപോലെ ദുർദ്ധഷനും കാലാഗ്നിപോലെ ദുസ്സഹ'നുമായ പരശുരാമന്റെ മന്റെ കയ്യിൽ പടവില്ലും ഘോരാസ്‌ത്രങ്ങളും തോളിൽ വെൺമഴുവുമുണ്ടായിരുന്നു. രാമൻ എന്ന ചെറുബാലൻ ശൈവചാപം ഒടിച്ചു സീതയെ വേട്ടതറിഞ്ഞ്‌ അദ്ഭുതസ്‌തിമിതനും അസഹിഷ്ണുവുമായിത്തീർന്ന ഭാർഗവരാമൻ, ശ്രീരാമൻ വെറും നിസ്സാരനാണെന്നു ബന്ധുജന മധ്യത്തിൽ, ബോധ്യപ്പെടുത്താൻ എത്തിയതാണ്‌. ചെന്നപാടെ കയ്യിലിരുന്ന വൈഷ്ണവചാപം നീട്ടി രാമനെ വെല്ലുവിളിച്ചു: "കുലയ്ക്കുക ശരോപേതം കാട്ടിത്തരിക നിൻ ബലം" എന്ന്‌.

സംഹാരാത്മകമായ ആ പുറപ്പാടുകണ്ടു ഭീതിപൂണ്ട ദശരഥൻ കേണു: "പൈതങ്ങളാമെൻ പുത്രർക്കഭയം നൽകീടേണമേ..., ഇരിക്കാ രാമനൊരുവൻ മരിച്ചാൽ ഞങ്ങളാരുമേ..." പക്ഷേ, പരശുരാമൻ ആ വാക്കുകൾക്ക്‌ ഒട്ടും വില കൽപ്പിച്ചില്ല. "ക്ഷാത്രധർമത്തെ മുൻനിർത്തി രാമാ, നീ വാങ്ങുകുത്തമം..." എന്നു ധിക്കാരപൂർവം പറഞ്ഞു വില്ലുകാട്ടി പുച്ഛത്തോടെ നിന്നതേയുള്ളൂ. പിതാവിന്റെയും സർവബന്ധുക്കളുടെയും, പ്രത്യേകിച്ചു നവവധുവിന്റെ മുന്നിൽവച്ച്‌ ഒരാൾ പ്രകോപനപരമായി ഇങ്ങനെ വെല്ലുവിളിച്ചു നിസ്സാരനാക്കുമ്പോൾ, ഏതൊരാൾക്കും ക്രോധം ജ്വലിച്ചു പോകും. പക്ഷേ, ശ്രീരാമൻ ആത്മസംയമനം പാലിക്കുകയാണു ചെയ്‌തത്‌. മുഗ്ധഭാവം കൈവിടാതെ വിവേകമതിയായിത്തീരുന്നു. "താതാദരാൽ ഒതുക്കത്തിൽ..." ഭൃഗുനന്ദ നനോടു മറുപടി പറയാനാണു രാമൻ തുനിയുന്നത്‌.

മറുപടി ആത്മവിശ്വാസം നിറഞ്ഞ ധീരന്റേതുതന്നെ. "ക്ഷത്രിയധർമത്തിന്‌ അശക്‌തനും നിർവീര്യനുമായി കരുതി അങ്ങ്‌ എന്റെ മനസ്സിനെ പുച്ഛിച്ചുതള്ളുന്നു. അല്ലേ? എന്നാൽ, കാൺകിന്നെന്റെ കെൽപ്‌ ഭാർഗവാ..." എന്നാണു രാമന്റെ മൊഴി.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ, രാമന്റെ സൌമ്യഭാവം മാറി. മാത്രകൊണ്ട്‌ അദ്ദേഹം ക്ഷത്രിയവിക്രമനായി. ഭൃഗുരാമൻ കൊടുത്ത വില്ല്നിസ്സാരമായി കുലച്ചു ശരം തൊടു ത്തപ്പോൾ ഭൃഗുരാമൻ ശ്രീരാമതേജസ്സിന്റെ മുന്നിൽ നിർവീര്യനായി മരവിച്ചുനിന്നു പോയി. വീരസ്യം പറഞ്ഞുവന്നശേഷം "പൊയ്ക്കൊള്ളാം മഹേന്ദ്രമലയ്ക്കു ഞാൻ..." എന്നു സമ്മതിച്ചുകൊണ്ടുള്ള പോക്ക്‌ ഒന്നു കാണേണ്ടതുതന്നെ. ലക്ഷ്മണകോപം ശമിപ്പിക്കുന്നിടത്ത്‌ ശ്രീരാമന്റെ ഇൌ‍ ആത്മസംയമനം വീണ്ടും നമുക്കു കാണാം. ഇവിടെയെല്ലാം രാമൻ നേതാക്കന്മാർക്കെന്നല്ല, സാധാരണക്കാർക്കു പോലും മാതൃകയായിത്തീരുന്നു.

കടപ്പാട്‌ : മനോരമ ഓൺലൈൻ
ലിങ്ക്‌: http://www.manoramaonline.com/servlet/
ContentServer?pagename=manorama/MalArticle/Malfullstory&
cid=1122931514750&c=MalArticle&p=1015299284311&channel
=mmFestival&count=7&colid=1015308017604

വ്യാഴാഴ്‌ച, ഓഗസ്റ്റ് 04, 2005

കർക്കടകവാവ്‌

അനന്തതയുടെ വിഹായസിൽ നിറചൈതന്യമായി തലമുറകളിലേക്ക്‌ അനുഗ്രഹം ചൊരിയുകയാണു പിതൃക്കൾ. ആ പിതൃക്കൾക്ക്‌ പുണ്യത്തിന്റെ ബലിപിണ്ഡവുമായി ഒരു നാൾ - കർക്കടകവാവ്‌. ഭാരതീയവിശ്വാസമനുസരിച്ച്‌ ഏറെ പ്രസക്‌തിയുണ്ട്‌ കർക്കടകമാസത്തിലെ കറുത്ത വാവിന്‌. മരിച്ചുപോയ ആത്മാക്കൾക്ക്‌ ബലിയർപ്പിച്ച്‌ പുതുതലമുറ സായുജ്യം നേടുന്ന കർക്കടകവാവ്്‌. ഇന്ന്‌ മുഴുവൻ സമയവും കർക്കടകവാവ്‌ (അമാവാസി) ഉണ്ട്‌. പിറ്റേന്ന്‌ 5 നാഴിക 43 വിനാഴിക വരെ കൂടി അമാവാസി ഉണ്ട്‌.

കേരളത്തിൽ കർക്കടകവാവിനു കൂടുതൽ പ്രാധാന്യമുണ്ട്‌. സംസ്ഥാനത്തെ പ്രശസ്‌തമായ തീർഥങ്ങളിൽ നൂറുകണക്കിന്‌ ആളുകൾ കർക്കടകവാവിനു ബലിയിടാനെത്തും. കേരളത്തിന്റെ തെക്കെന്നോ വടക്കെന്നോ വ്യത്യാസമില്ലാതെ ആലുവയിലും തിരുനാവായിലും തിരുവല്ലത്തുമെല്ലാം പിതൃസ്മരണയിൽ നിരവധി പേർ ഒത്തുചേരും.

പെരിയാറിലും ഭാരതപ്പുഴയിലുമുള്ള വിവിധ തീർഥഘട്ടങ്ങളിൽ ഒട്ടേറെ പേർ ഓരോ വർഷവും കർക്കടകവാവുദിവസം ബലിയിടാനെത്താറുണ്ട്‌. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി ശ്രാദ്ധം തുടങ്ങിയ കർമങ്ങൾ ചെയ്യാം. എന്നാൽ, കർക്കടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്‌.

അമാവാസി ദിവസം വ്രതം അനുഷ്ഠിച്ചാൽ പിതൃപ്രീതിയുണ്ടാകുമെന്നാണു വിശ്വാസം. സമ്പത്ത്‌, ആരോഗ്യം, സന്താനങ്ങൾക്ക്‌ അഭിവൃദ്ധി തുടങ്ങിയ ഗുണഫലങ്ങൾ അമാവാസി വ്രതം കൊണ്ട്‌ ഉണ്ടാകുമെന്നു പറയുന്നു. ഈ ദിവസം രാത്രി ഭക്ഷണം ഒഴിവാക്കണം. പിതൃക്കൾക്കായി ശ്രാദ്ധമൂട്ടണം. സ്ഥാലീപാകത്തിന്റെ തലേ ദിവസമാണ്‌ അമാവാസി വ്രതവും പൌർണമിവ്രതവും ആചരിക്കേണ്ടതെന്നു ജ്യോതിഷഗ്രന്ഥങ്ങൾപറയുന്നു. സന്ധ്യയ്ക്കു മുമ്പ്‌ മൂന്നേമുക്കാൽ നാഴിക (ഒന്നര മണിക്കൂർ) പ്രഥമയുള്ള ദിവസമാണ്‌ സ്ഥാലീപാകദിനമായി കണക്കാക്കുന്നത്‌.

കർക്കടകവാവു തീരുന്നതോടെ ശ്രാവണമാസവും വർഷഋതുവും ആരംഭിക്കുകയായി. ഓഗസ്റ്റ്‌ ആറിന്‌ ആണ്‌ ശകവർഷത്തിലെ ശ്രാവണമാസം ആരംഭിക്കുന്നത്‌. മലയാളിയുടെ പൊന്നിൻ ചിങ്ങമാസം തന്നെ ശകവർഷത്തിലെ ശ്രാവണം. പക്ഷേ, ചിങ്ങംപിറക്കാൻ കുറച്ചു ദിവസം കൂടി കഴിയണമെന്നു മാത്രം. ശ്രാവണമാസം തുടങ്ങുന്ന ദിവസം തന്നെ ഗ്രീ ഷ്മഋതു കഴിഞ്ഞുള്ള വർഷഋതുവും ആരംഭിക്കും.

കടപ്പാട്‌ - മനോരമ ഓൺലൈൻ (ലിങ്ക്‌: http://www.
manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=1
122697099905&c=MalArticle&p=1008011212252&channel=
MalAstrology&count=6&colid=1008325541398
)