ചൊവ്വാഴ്ച, ഓഗസ്റ്റ് 29, 2006

വെള്ളമേഘങ്ങള്‍

വെള്ളമേഘങ്ങള്‍

അയ്യപ്പപ്പണിക്കര്‍

വെള്ളമേഘങ്ങള്‍ പെയ്യാറില്ലത്രേ!
അവ ആകാശത്ത്‌ അലസമായി സഞ്ചരിക്കാറുള്ളൂ പോലും!

കറുത്ത മേഘങ്ങള്‍ മഴ പെയ്‌ത്‌ മണ്ണിന്‌ ഈര്‍പ്പം നല്‍കുന്നു.
ഇടി വെട്ടി ഭൂമിക്ക്‌ പുളകം ചാര്‍ത്തുന്നു.
മിന്നല്‍പിണര്‍ വീശി ആകാശം ജ്വലിപ്പിക്കുന്നു.
കറുത്ത മേഘങ്ങളെ കടല്‍ കൈ കൂപ്പി തൊഴുന്നു.

എങ്കിലും ആ വെണ്‍പഞ്ഞിത്തുണ്ടുകള്‍
നീലാകാശത്തിനെതിരെ ഊര്‍ന്നു നീങ്ങുമ്പോള്‍
എന്തൊരു ഭംഗിയാണു നാം കാണുന്നത്‌!
നോക്കിയങ്ങനെ നിന്നുപോകും.
ആ വെളുപ്പിന്റെ അഴക്‌ വേറേ എവിടെ കാണാനാകും?

(അയ്യപ്പപ്പണിക്കര്‍ അവസാനമായി എഴുതിയ കവിത (2006 ജൂലൈ))

കടപ്പാട്‌ : മനോരമ ഓണ്‍ലൈന്‍
ലിങ്ക്‌ :

പോലീസും പേശിവലിവും

പോലീസും പേശിവലിവും
എന്‍. ഹരിദാസ്‌
മുന്‍ ജില്ലാ ജഡ്ജി

ഈയിടെ നമ്മുടെ ആഭ്യന്തര മന്ത്രി പൊലീസ്‌ കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഒന്ന്‌ ഉയര്‍ത്തി നിശ്ചയിച്ചാലെന്തെന്ന അഭിപ്രായം പറയുകയുണ്ടായി.

പൊലീസിന്റെ അടിസ്ഥാന ശക്‌തി ഇന്നും എന്നും അവരുടെ കായിക ശക്‌തിയാണ്‌. ആ കായികശക്‌തിയുടെ ആവശ്യം അക്രമരംഗങ്ങളെയും പ്രക്ഷുബ്‌ധരംഗങ്ങളെയും കായികമായി നേരിടുവാനുള്ള അവരുടെ തടിബലവും ചങ്കൂറ്റവുമാണ്‌. എന്നാല്‍, ഇന്ന്‌ എഴുത്തുപരീക്ഷയെന്ന കടമ്പ കടന്നാല്‍ മാത്രമേ കോണ്‍സ്റ്റബിളായിട്ടുപോലും തിരഞ്ഞെടുക്കപ്പെടൂ. എഴുത്തുപരീക്ഷയില്‍ ജയിക്കുന്നത്‌ കൂടുതല്‍ അറിവുള്ള വ്യക്‌തിയായിരിക്കും. അപ്പോള്‍ ഡിഗ്രിയുള്ളയാളും ബിരുദാനന്തര ബിരുദക്കാരനും മുന്‍പന്തിയിലെത്തുകയും പഠിപ്പുകുറഞ്ഞവന്‍ പിന്തള്ളപ്പെടുകയും ചെയ്യുന്നത്‌ സ്വാഭാവികം. ഇങ്ങനെ പിന്തള്ളപ്പെടുന്നവരുടെ കൂടെ നല്ല തടിമിടുക്കുള്ള ഭൂരിപക്ഷമാളുകളും പുറന്തള്ളപ്പെടുന്നുവെന്നതാണ്‌ ഇന്നത്തെ കോണ്‍സ്റ്റബിള്‍ തിരഞ്ഞെടുപ്പുരീതിയുടെ ഏറ്റവും വലിയ പോരായ്‌മ. പൊലീസിന്റെ താഴെത്തട്ടില്‍ ബുദ്ധിമാന്മാരെയല്ല - ശക്‌തന്മാരെയാണാവശ്യം. ഈ കോണ്‍സ്റ്റബിള്‍മാരെ നയിക്കുന്ന ഓഫീസര്‍മാര്‍ ബുദ്ധിമാന്മാരായിരുന്നാല്‍ മതി. കോണ്‍സ്റ്റബിള്‍ നിയമനത്തിന്‌ ഇന്നുനടത്തുന്ന എഴുത്തുപരീക്ഷപോലും പാടില്ലെന്നാണ്‌ ഈ ലേഖകന്റെ അഭിപ്രായം.

പൊലീസിന്റെ പ്രവര്‍ത്തനം എന്നും പട്ടാളത്തിന്റെ പ്രവര്‍ത്തനംപോലെ തന്നെ സാഹസവും അപകടവും നിറഞ്ഞതാണ്‌. നിയമസമാധാന പാലനത്തില്‍ ബുദ്ധിക്കെന്നപോലെ സാഹസത്തിനും പ്രാധാന്യമുണ്ട്‌. അഴിഞ്ഞാടുന്ന ഒരക്രമിയെക്കണ്ട്‌ ഒരുപാട്‌ ആലോചിച്ചുനിന്നിട്ട്‌ പ്രയോജനമില്ല. ആ രംഗത്ത്‌ ബുദ്ധിയില്ലാത്ത സാഹസികതയ്ക്കാണ്‌ ബുദ്ധികൂടുതല്‍. അക്രമിയെ അതിവേഗം കീഴ്പ്പെടുത്തുവാനുള്ള പ്രധാന ഘടകം കായികശക്‌തി തന്നെയാണല്ലോ. വിദ്യാഭ്യാസമെന്ന ബുദ്ധിവ്യാപാരത്തില്‍ ദീര്‍ഘകാലം ഏര്‍പ്പെടുമ്പോള്‍ കായികശക്‌തി ക്ഷയിച്ചുപോവുക സ്വാഭാവികമാണ്‌. ഇന്നും പട്ടാളക്കാരനെ തിരഞ്ഞെടുക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയ്ക്കല്ല കായികശക്‌തിക്കുതന്നെയാണ്‌ പ്രാധാന്യം. ഒരു സാധാരണ പട്ടാളക്കാരനെ 15 വര്‍ഷത്തെ സേവനത്തിനുശേഷം പിരിച്ചുവിടുന്നു - കാരണം അവന്റെ കായികക്ഷമത കുറഞ്ഞുവരുന്ന കാലമാണ്‌ പിന്നീട്‌. എന്നാല്‍, സൈനികത്തലവന്മാര്‍ 45 മുതല്‍ 60 വയസ്സുവരെ തുടരുകയും ചെയ്യുന്നു. ആരോഗ്യം ഒന്നാംതരമായി നിലനിറുത്തുന്ന ഒരു യുവാവിന്‌ ബുദ്ധിപരമായ പ്രവര്‍ത്തനത്തിന്‌ സമയം കാണുകയില്ല - താത്‌പര്യവും കാണുകയില്ല. ഒളിമ്പിക്‌സിന്‌ ഇനി ബിരുദക്കാരും ബിരുദാനന്തര ബിരുദക്കാരും മാത്രം ഓടുവാന്‍ പോയാല്‍ മതിയെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എങ്ങനെയിരിക്കും നമ്മുടെ പ്രകടനം? ഇപ്പോള്‍ എഴുത്തുപരീക്ഷ കാരണം തടിമിടുക്കുള്ള നല്ലൊരു ശതമാനമാളുകളെ പൊലീസിന്‌ നഷ്‌ടമാകുന്നു. ഇനി ഉന്നത വിദ്യാഭ്യാസ യോഗ്യത കൂടിവന്നാല്‍ കായികശേഷിയുള്ള കോണ്‍സ്റ്റബിള്‍മാര്‍ വളരെ കുറയും.

മുന്‍കാലങ്ങളില്‍ കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത എഴുത്തും വായനയും നല്ല തടിബലവുമായിരുന്നു. ഇന്നും കായികക്ഷമത നോക്കുന്നുണ്ട്‌ - ഏറ്റവും കുറഞ്ഞ കായികക്ഷമത - എന്നാല്‍ ഏറ്റവും കുറഞ്ഞ കായികക്ഷമതയും ഏറ്റവും കൂടിയ കായികക്ഷമതയും തമ്മില്‍ വലിയ അന്തരമുണ്ട്‌. ഒരു കാര്യം നമുക്ക്‌ വളരെ പ്രത്യക്ഷമായി കാണാം - അതായത്‌ ഒരു 30 വര്‍ഷം മുന്‍പ്‌ നമ്മുടെ പൊലീസ്‌ സേനയിലുണ്ടായിരുന്ന ശക്‌തന്മാരെ ഇന്നു കാണുവാനുണ്ടോ? അന്നൊക്കെ നിക്കറും കാക്കിയുടുപ്പുമിട്ട്‌ ബാറ്റനുമായി തിരക്കുള്ള ജംഗ്ഷനുകളില്‍ നില്‍ക്കുന്ന പൊലീസ്‌ ഇന്‍സ്‌പെക്‌ടറുടെ തയ്യാറുള്ള രൂപം ഇന്നു കാണുവാനുണ്ടോ? എന്റെ നാട്ടിലെ ചന്തയില്‍ വൈകുന്നേരം നിരീക്ഷണത്തിന്‌ വന്നുനില്‍ക്കുന്ന ആറടിയിലധികം പൊക്കവും തടിയുമുള്ള ആജാനുബാഹുവായ ആ കോണ്‍സ്റ്റബിളിനെ ഞാനോര്‍ക്കുന്നു - അയാള്‍ അവിടെ നിന്നാല്‍ മതി ശല്യക്കാരെല്ലാം ഓടിമറയും. ഒരിക്കല്‍ നെയ്യാറ്റിന്‍കര ക്രിമിനല്‍ കോടതിയില്‍പ്പോയി ഡ്യൂട്ടി കഴിഞ്ഞു വരുന്ന നാല്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ റോഡില്‍ നിരന്ന്‌ നടന്നുവരുന്ന കാഴ്ചകണ്ട്‌ ഒരാള്‍ പറയുകയാണ്‌ - ഹോ! ആ നാലുപേരും മതി നെയ്യാറ്റിന്‍കര താലൂക്ക്‌ മുഴുവന്‍ അടിച്ചൊതുക്കുവാന്‍! പൊലീസിന്റെ താഴെത്തലത്തില്‍ ശക്‌തന്മാര്‍ക്കായിരിക്കണം സ്ഥാനം - ബുദ്ധിമാന്മാര്‍ക്കും പണ്‌ഡിതന്മാര്‍ക്കുമല്ല. പൊലീസ്‌ സേനയിലെ കായികശക്‌തിക്ഷയം ഇന്നൊരു യാഥാര്‍ത്ഥ്യമാണ്‌. ബുദ്ധിപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബുദ്ധിയില്‍ മുന്നിലാണെങ്കിലും കായികക്ഷമതയില്‍ പിന്നിലായിരിക്കും. നിയമസമാധാന പാലനത്തില്‍ പൊലീസ്‌ സേനയുടെ രൂപത്തിനും ഭാവത്തിനും അതിപ്രധാനമായ സ്വാധീനമുണ്ടെന്നുള്ള കാര്യം അധികാരികള്‍ അവഗണിക്കുവാന്‍ പാടില്ല.
ഇപ്പോള്‍ ഉന്നതമായ പല ഉദ്യോഗങ്ങള്‍ക്ക്‌ അപേക്ഷിക്കുവാന്‍ ഒന്നാംക്‌ളാസ്‌ ഡിഗ്രിയോ അതില്‍ കൂടുതല്‍ മാര്‍ക്കോ വേണമെന്ന്‌ നിഷ്കര്‍ഷിക്കുന്ന പരസ്യങ്ങള്‍ കാണാം. എന്നാല്‍, ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌ (ഐ.എ.എസ്‌) പരീക്ഷയ്ക്കുള്ള കുറഞ്ഞ യോഗ്യത വെറും ഒരു ബിരുദമാണ്‌. അതായത്‌, ക്‌ളാസില്‍ പരീക്ഷയ്ക്ക്‌ മാര്‍ക്കു കുറഞ്ഞാലും അവര്‍ക്കിടയില്‍ അതിസമര്‍ത്ഥന്മാര്‍ പലരുമുണ്ടാകുമെന്ന പ്രായോഗിക നിഗമനമാണ്‌ ആ തീരുമാനത്തിനു പിന്നില്‍. ക്‌ളാസുപരീക്ഷയെ അവഗണിക്കുന്ന എത്രയോ മിടുമിടുക്കന്മാര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ട്‌. കോണ്‍സ്റ്റബിള്‍ തിരഞ്ഞെടുപ്പില്‍ ഈ ന്യായം ഒന്നുമറിച്ചിട്ടു നോക്കിയാല്‍ മതി. അവിടെ കായികശക്‌തിക്കു പ്രാധാന്യം കൊടുത്തുകൊണ്ട്‌ വിദ്യാഭ്യാസ യോഗ്യത പഴയതുപോലെ എഴുത്തും വായനയുമായി അഥവാ, പ്രൈമറി വിദ്യാഭ്യാസമായി പുനഃക്രമീകരിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ഉന്നതബിരുദവും എഴുത്തുപരീക്ഷയും സബ്‌ ഇന്‍സ്‌പെക്‌ടര്‍മുതല്‍ മുകളിലോട്ടുള്ളവര്‍ക്കായി മാത്രം നിര്‍ബന്‌ധമാക്കുക.

പൊലീസിനെ പേടിയില്ലാതെ ഗുണ്ടാ സംഘങ്ങളും മറ്റും വിലസുന്നതിന്‌ രാഷ്‌ട്രീയ ഇടപെടലുകള്‍ തുടങ്ങി പല കാരണങ്ങള്‍ പറയാമെങ്കിലും ഒരു പ്രധാന കാരണം പൊലീസ്‌ സേനയില്‍ വന്നിട്ടുള്ള കായികശക്‌തിക്ഷയം തന്നെയാണ്‌. അക്രമിയെ മല്‍പ്പിടിത്തത്തില്‍ നിന്ന്‌ കീഴ്പ്പെടുത്തുവാനുള്ള പൊലീസ്‌ ഉദ്യോഗസ്ഥന്റെ - പ്രത്യേകിച്ചും കോണ്‍സ്റ്റബിളിന്റെ കായിക ശക്‌തിക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ഒരു തിരഞ്ഞെടുപ്പു രീതി ഉണ്ടാവണം. കുറ്റം ചെയ്‌ത കുറ്റവാളികളെ കോടതിയില്‍ വിചാരണ നടത്തി ശിക്ഷിക്കുന്നത്‌ നിയമസമാധാന പാലനത്തിന്റെ ഒരുവശം മാത്രമാണ്‌ - ഇത്‌ സുഖക്കേടു വന്നശേഷം ചികിത്‌സിക്കുന്നതുപോലെയാണ്‌. എന്നാല്‍, കുറ്റം ചെയ്യാതെ തടയുന്നതാണ്‌ പൊലീസിന്റെ കാര്യക്ഷമതയുടെ കൂടുതല്‍ പ്രധാന വശം. അവിടെയാണ്‌ പൊലീസ്‌ സേനയുടെ കായികശക്‌തിയുടെയും സാഹസികതയുടെയും പ്രസക്‌തി. ഒരു യുദ്ധരംഗത്തിന്റെ കഥകൂടിപ്പറയട്ടെ. മുന്‍പ്‌ നടന്ന ഒരു അറബ്‌ - ഇസ്രയേലി യുദ്ധത്തില്‍ ഇസ്രയേലിന്റെ മുന്നൂറോളം ടാങ്കുകള്‍ ഈജിപ്‌ത്‌ അതിര്‍ത്തിയില്‍ പെട്ടെന്നു നിന്നു. മുന്നില്‍ മുഴുവന്‍ കുഴിബോംബുകള്‍ - മറ്റൊരു വശത്തുകൂടി ശത്രുസൈന്യം ഇവരെ അതിവേഗം വളയുകയാണ്‌ - മിനിട്ടുകള്‍പോലും നിര്‍ണായകം. എത്ര പെറുക്കിയിട്ടും ബോംബുകള്‍ തീരുന്നില്ല - കൂടുതല്‍ കാത്തു നില്‍ക്കുന്നത്‌ ഏറ്റവും അപകടകരം. സാഹസികനായ സൈന്യാധിപന്‍ ആജ്ഞാപിച്ചു - ടാങ്കുകള്‍ മുന്നോട്ട്‌ - എല്ലാ ടാങ്കുകളും മുന്നോട്ടുപാഞ്ഞു. കുറെയെണ്ണം കുഴിബോംബുകള്‍പൊട്ടി തകര്‍ന്നുപോയി. എന്നാല്‍ ബാക്കിയുള്ളവ മതിയായിരുന്നു യുദ്ധം ജയിക്കുവാന്‍. മണ്ടത്തരമെന്നു തോന്നുന്ന സാഹസികതയ്ക്കായിരുന്നു ആ രംഗത്ത്‌ ബുദ്ധി കൂടുതല്‍. കായികശക്‌തിയില്ലെങ്കില്‍ പിന്നെന്തു സാഹസികത?

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

തിങ്കളാഴ്‌ച, ഓഗസ്റ്റ് 28, 2006

അക്ഷരമുദ്രയുടെ അകംപൊരുള്‍

അക്ഷരമുദ്രയുടെ അകംപൊരുള്‍
ബി. ജയചന്ദ്രന്‍

എഴുതുകയും അത്രമേല്‍ തീവ്രമായി എഴുത്തിനുള്ളിലെ ജീവിതം തിരശീലയില്‍ കാട്ടിത്തരികയും ചെയ്‌ത കലാകാരന്‍ ഒന്നേയുള്ളൂ മലയാളത്തില്‍. വിശാലമായ കഥാലോകവും വികാരസാന്ദ്രമായ ദൃശ്യവിരുന്നുകളും ഒരുക്കിയ ആ പ്രതിഭയെ കുറിക്കാന്‍ രണ്ടക്ഷരം മതി. മേലെ തെക്കേപ്പാട്ട്‌ എന്ന തറവാട്ടു പേരിന്റെ ചുരക്കെഴുത്ത്‌- എം.ടി. മലയാളി നഷ്ടപ്പെടുത്തിയതെല്ലാം എം.ടി.തന്റെ രചനകളിലൊതുക്കി സൂക്ഷിച്ചിട്ടുണ്ട്‌. അക്ഷരത്തെ ഉപാസിച്ച എഴുത്തുകാരന്‍ അക്ഷര ദേവതയുടെ സന്നിധിയിലെത്തിയ ധന്യ മൂഹൂര്‍ത്തം വര്‍ണങ്ങളിലും വാക്കുകളിലും.

.

എം. ടി. വാസുദേവന്‍ നായര്‍ക്ക്‌ വയസ്‌ 73. 1933-ല്‍ ജനനം. കര്‍ക്കടകത്തിലെ ഉതൃട്ടാതി. എല്ലാ വര്‍ഷവും കഴിയുമെങ്കില്‍ ജന്മദിനത്തിനു മുകാംബികാ ദര്‍ശനം പതിവാണ്‌. മറ്റ്‌ ആഘോഷങ്ങളില്ല. രേവതി കഴിഞ്ഞ്‌ അശ്വതി- പുത്രി അശ്വതിയുടെയും ജന്മനാള്‍. ഇത്തവണ മകള്‍ക്കു വരാന്‍ പറ്റിയില്ല. ഭാര്യ സരസ്വതിയും അവരുടെ സഹോദരപത്നി വസന്തയും ഒപ്പമുണ്ടായിരുന്നു. വിദ്യാദേവതയുടെ സന്നിധിയിലേക്കുള്ള തീര്‍ഥയാത്രയില്‍ എഴുത്തിന്റെ മലയാള മഹിമയെ അനുഗമിച്ച്‌ പകര്‍ത്തിയ അപൂര്‍വ ചിത്രങ്ങളും യാത്രാനുഭവവും.

..

ഒരു രഹസ്യം സൂക്ഷിക്കാന്‍ കിട്ടിയതില്‍ ആഹ്‌ളാദം. വാര്‍ധക്യത്തിന്റെ പരാധീനതകള്‍ മറന്നു മാസ്റ്റര്‍ അഡിഗളുടെ ലോഡ്ജിനു നേരെ പ്രസരിപ്പോടെ നടന്നു. അമ്പലങ്ങളിലെ പൂജയുടെ ഭാഗമായി നഗാരയുടെ ശബ്ദം മുഴങ്ങി. മനസ്സില്‍ പറഞ്ഞു: "എല്ലാം അമ്മ നിശ്ചയിച്ചതാണ്‌. നേരത്തെ നിശ്ചയിച്ചതാണ്‌".

ക്യാമറയ്ക്കു വേണ്ടി "വാനപ്രസ്ഥ"ത്തിന്റെ അവസാന വരികള്‍ വായിച്ച്‌ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി. മൂകാംബികാ ദര്‍ശന സാഫല്യമടഞ്ഞ്‌ മടക്കത്തിനു കാറിലേക്കു കയറി. അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു ക്ഷേത്രത്തില്‍ നിന്നുള്ള നഗാരയുടെയും മണിയുടെയും ശബ്ദം.

എം.ടിക്ക്‌ വയസ്‌ 73. 1933-ല്‍ ജനനം. കര്‍ക്കടകത്തിലെ ഉതൃട്ടാതി. എല്ലാ വര്‍ഷവും കഴിയുമെങ്കില്‍ ജന്മദിനത്തിനു മുകാംബികാ ദര്‍ശനം പതിവാണ്‌. മറ്റ്‌ ആഘോഷങ്ങളില്ല. രേവതി കഴിഞ്ഞ്‌ അശ്വതി- പുത്രി അശ്വതിയുടെയും ജന്മനാള്‍. സാധാരണ മകളും ഒപ്പം കൂടാറുണ്ട്‌. ഇത്തവണ അസൗകര്യമായി. ഭാര്യ സരസ്വതിയും അവരുടെ സഹോദരപത്നി വസന്തയുമുണ്ടായിരുന്നു.

ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്ന അന്തരിച്ച സുബ്രായ അഡിഗയുടെ "ഭാഗീരഥി" ലോഡ്ജ്‌. നേരത്തെ അറിയിച്ചതനുസരിച്ച്‌ അവിടെയായിരുന്നു താമസം. പ്രതിഷ്ഠയുടെ തെക്കുകിഴക്കേ മൂലയിലെ ഗണപതി പ്രതിഷ്ഠയോടു ചേര്‍ന്ന ഇടവഴിയിലൂടെ 150 മീറ്റര്‍ നടന്നാല്‍ സൗപര്‍ണികാ നദിയുടെ കൈവഴികളിലൊന്നായി. അതിന്റെ തീരത്താണ്‌ "ഭാഗീരഥി."

ഇത്തവണയും മാറ്റമില്ല. കോഴിക്കോട്ടു നിന്നും രാവിലെ 7.40 നു തിരിക്കുന്ന ഒന്നാം മെയില്‍ വണ്ടിയിലായിരുന്നു ടിക്കറ്റ്‌ .

ഒാ‍ഗസ്റ്റ്‌ 12. ഏഴരയോടെ എത്തേണ്ട വണ്ടി ആദ്യം ഒന്നര മണിക്കൂര്‍ വൈകിയോടുന്നതായി അറിയിപ്പ്‌. പിന്നെയും രണ്ടര മണിക്കൂര്‍. കോഴിക്കോട്ട്‌ മൂന്നു ദിവസമായി കര്‍ക്കടക പെരുമഴ തകര്‍ത്തു പെയ്യുന്നുണ്ട്‌. റയില്‍വേ സ്റ്റേഷനും പരിസരവും തോരാത്ത മഴയില്‍ തണുത്തുമൂടിനില്‍ക്കുന്നു. പതിനൊന്നു മണിയോടെ എം.ടിയും ഭാര്യ കലാമണ്ഡലം സരസ്വതിയും ഒരു തീര്‍ത്ഥാടനത്തിന്റെ തയാറെടുപ്പോടെ സ്റ്റേഷനിലെത്തി. ഒന്നാം പ്‌ളാറ്റ്ഫോമില്‍ ആളൊഴിഞ്ഞ തെക്കേ ഭാഗത്തേക്കു നടന്നു. അവിടെ ഒതുങ്ങിനിന്നു. ചിന്നിച്ചിതറി കാറ്റത്തു ശരീരത്തിലേക്കു വീഴുന്ന മഴത്തുള്ളികളെ ആസ്വദിച്ചു മൗനത്തില്‍ മുഴുകി നിന്നിരുന്ന എം.ടിയുടെ മുഖത്തു നിള നിറഞ്ഞൊഴുകുന്ന പ്രസരിപ്പ്‌.

യാത്രയാക്കാനെത്തിയ ഭാര്യാസഹോദരന്‍ ശ്രീറാമിന്റെ പുത്രന്‍ വിഘ്നേഷ്‌ എം.ടിയുടെ കൈവിരലുകളില്‍ നുള്ളി കുസൃതി കാട്ടുന്നുണ്ട്‌. അവന്റെ തലയില്‍ കൈവച്ചു ലാളിക്കുന്നുമുണ്ട്‌ ഇടയ്ക്കിടെ. പ്‌ളാറ്റ്ഫോമിലുണ്ടായിരുന്ന മാടമ്പ്‌ കുഞ്ഞിക്കുട്ടന്‍ അടുത്തേയ്ക്ക്‌ ചെന്നു. യാത്രാലക്ഷ്യം പറഞ്ഞപ്പോള്‍ മാടമ്പ്‌ കണക്കുകൂട്ടി. ഉച്ചയ്ക്ക്‌ വണ്ടി കോഴിക്കോട്‌ വിട്ടാല്‍ അത്താഴപൂജകള്‍ക്കുമുന്‍പു കൊല്ലൂരെത്തുക പ്രയാസമാകും. എന്തായാലും ഭാഗ്യമുണ്ട്‌. നടയടയ്ക്കും മുന്‍പ്‌ എത്തും. ഇന്ന്‌ 12 ശനി. ഉതൃട്ടാതി സമയം ഒന്‍പതു മണി 28 മിനിട്ട്‌ കഴിഞ്ഞു ഞായറാഴ്ച ഉദിച്ച്‌ രണ്ടു നാഴിക പന്ത്രണ്ട്‌ വിനാഴിക അതായത്‌ ഏഴു മണി പന്ത്രണ്ട്‌ മിനിട്ടുവരെ തൊഴാം. നാളെ രാവിലെ പൂജകള്‍ ചെയ്‌താലും മതി.

പതിനൊന്നര കഴിഞ്ഞപ്പോള്‍ ട്രെയിന്‍ എത്തി. പിന്നിലെ ഒന്നാം ക്‌ളാസ്‌ കമ്പാര്‍ട്ട്മെന്റില്‍ കയറിക്കൂടി. ബോഗിയിലെ എല്ലാ മുറികളും നിറഞ്ഞ്‌ യാത്രക്കാര്‍. എം.ടിയും ഭാര്യ സരസ്വതിയും വസന്തയും ഒരുവിധത്തില്‍ ഇരിപ്പുറപ്പിച്ചു. പുറത്ത്‌ ടി.ടി. ബാലസുബ്രഹ്മണ്യന്‍ ഒന്നാം ക്‌ളാസില്‍ യാത്രചെയ്യുന്ന മദിരാശിയില്‍ നിന്നുള്ള റയില്‍വേ ഉദ്യോഗസ്ഥര്‍ക്കു ബിസ്‌ലേരി വാട്ടര്‍ ഓര്‍ഡര്‍ ചെയ്യുന്ന തിരക്കിലായിരുന്നു.

എ.സി കംപാര്‍ട്ട്മെന്റിലെ മെക്കാനിക്ക്‌ പയ്യന്നൂര്‍ക്കാരന്‍ കുഞ്ഞുരാമന്‍ മുറിത്തമിഴില്‍ ടിടിയെ ഓ‍ര്‍മിപ്പിക്കുന്നുണ്ടായിരുന്നു “നമ്മ മലയാളത്തിലെ പെരിയ എഴുത്തുകാരനാക്കും, എം.ടി. വാസുദേവന്‍ നായര്‍. അവരുക്ക്‌ സീറ്റ്‌ കൊടുപ്പാ. തലശ്ശേറി എത്തുമ്പോ അന്ത എച്ച്‌ കൂപ്പ ഒഴിയും. അതേ കൊടുക്കാം.“ ബാലസുബ്രഹ്മണ്യം വിനയത്തോടെ പോയി ഫസ്റ്റ്‌ ക്‌ളാസ്‌ ടിക്കറ്റിനുള്ള അധിക പണം വാങ്ങി സീറ്റ്‌ മാര്‍ക്ക്‌ ചെയ്‌തു കൊടുത്തു. ധര്‍മ്മടം പാലം കഴിഞ്ഞ്‌ തലശേരിയെത്തിയപ്പോള്‍ സ്വയം ബാഗ്‌ എടുത്ത്‌ ഒഴിഞ്ഞ മുറിയിലേക്ക്‌ കയറിപ്പറ്റി എം.ടിയും കുടുംബവും.

പുറത്ത്‌ അപ്പോഴും മഴ തോരാതെ പെയ്യുന്നുണ്ട്‌. ജനാലകള്‍ക്കിടയിലൂടെ മഴക്കാറ്റ്‌ അടിച്ചുകയറുന്നുണ്ട്‌. ഒപ്പം മഴച്ചാറ്റും. പക്ഷേ എന്തോ ഗ്ലാസ്‌ താഴ്ത്തിയിടാന്‍ എം.ടി. തയാറാകുന്നില്ല. ഒന്നും ഉരുവിടാതെ മൗനം ആഘോഷമാക്കി മഴത്തുള്ളികളെ ആസ്വദിക്കുന്നപോലെ. കോരപ്പുഴയും മൂരാടും നിറഞ്ഞെഴുകുന്ന നിറവ്‌. “ഭക്ഷണം കഴിക്കാറായി“- സരസ്വതി ഓര്‍മിപ്പിച്ചപ്പോള്‍ “ആയിക്കോട്ടെ“ എന്ന മറുപടിയും. പ്‌ളാസ്റ്റിക്‌ കവറില്‍ നിന്നും ചെറിയ ചോറ്റുപാത്രം തുറന്നു നല്‍കി. പുളിയിന്‍ചോറായിരുന്നു പാത്രത്തില്‍. ജന്മദിന സദ്യയുണ്ണുന്ന സ്വാദോടെ കഴിച്ച്‌ ഇരിപ്പടം ഒതുക്കി നിവര്‍ന്നൊന്നു കിടന്നു. ഭക്ഷണശേഷം സരസ്വതി കാല്‍ക്കല്‍ ഒരു പുസ്‌തകം തുറന്ന്‌ ജനാലയ്ക്കരുകില്‍ വായനയില്‍ മുഴുകി. കാറ്റിന്റെ ഭയങ്കര ശബ്ദവും അകത്തേക്കു കയറുന്ന മഴത്തുള്ളികളും കാരണം എം.ടി മയങ്ങിയശേഷം ഗ്ലാസ്‌ താഴ്ത്തിയിട്ടു. ചില്ലുകള്‍ക്കു പുറത്തു ജലകണങ്ങള്‍ നിരനിരയായി വീണുകൊണ്ടേയിരുന്നു. നാലരയോടെ വണ്ടി മംഗലാപുരത്തെത്തി.

സ്റ്റേഷനില്‍ സമുഖനായ മധ്യവയസ്കനും കുടുംബവും കാത്തുനില്‍പ്പുണ്ടായിരുന്നു. വീട്ടില്‍ പോയി കൊല്ലൂരേക്കു തിരിക്കാന്‍ സമയമില്ല. നടയടയ്ക്കും മുന്‍പ്‌ അവിടെയെത്താന്‍ ഇപ്പോള്‍ തിരിച്ചാലേ സാധിക്കൂ. വന്നപാടെതന്നെ എം.ടി പറഞ്ഞൊഴിഞ്ഞു. നാളെ മടക്കത്തില്‍ കയറാം. സ്റ്റേഷനു പുറത്തെ കാറില്‍ കയറി കൊല്ലൂരേക്ക്‌ യാത്രതിരിച്ചു.

കര്‍ണാടകയിലും മഴ. കൊല്ലൂരേക്കുള്ള റോഡ്‌ പലഭാഗത്തും തകര്‍ന്നു കിടക്കുകയായിരുന്നു. എട്ടരയോടെ മൂകാംബിക ക്ഷേത്രസന്നിധിയിലെത്തുമ്പോഴും ഇടവിട്ട്‌ മഴ. തുള്ളികള്‍ക്കു ശക്‌തി കുറവെന്നുമാത്രം. തണുത്ത കാറ്റും. നേരെ ഭാഗീരഥി ലോഡ്ജില്‍ മുറി എടുത്തശേഷം തെരക്കിനിടയിലൂടെ ദര്‍ശനം നടത്തിയെന്നു വച്ചു. അത്താഴപൂജയ്ക്കു നടയടച്ചു ഭക്‌തജനങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കില്‍ എം.ടിയും അലിഞ്ഞു.

ലോഡ്ജില്‍ തിരിച്ചെത്തി. പിറ്റേ ദിവസത്തെ പൂജയ്ക്കു സംവിധാനങ്ങള്‍ ചെയ്യാനായി സ്വീകരണമുറിയിലെ ഇരിപ്പിടത്തില്‍ പൂജാരിയേയും കാത്ത്‌ എം.ടി. ഒതുങ്ങി ഇരിപ്പുറപ്പിച്ചു. ഒന്‍പതര മണിയോടെ ഒരു തട്ടത്തില്‍ നിവേദ്യവും പ്രസാദവുമായി ക്ഷേത്രത്തിലെ നരസിംഹ അഡിഗളുടെ ഇളയ സഹോദരന്‍ പരമേശ്വര അഡിഗ എത്തി. മൂകാംബികയിലെത്തുന്ന മലയാളികള്‍ മുന്‍കാലങ്ങളില്‍ ഏതെങ്കിലും ക്ഷേത്ര പൂജാരികളുടെ ആതിഥ്യം സ്വീകരിക്കാറായിരുന്നു പതിവ്‌. അവിടെ ഭക്ഷണവും അവരുടെ പൂജാവിധികളുമനുസരിച്ചു ദര്‍ശനവും കഴിഞ്ഞാവും മടക്കം. ഇപ്പോഴതു ലോഡ്ജ്‌ രൂപത്തിലായെന്നുമാത്രം.

പരമേശ്വര അഡിഗ വന്നതോടെ ചുറ്റും കൂടിയര്‍ക്കു ക്ഷേത്രത്തിലെ പ്രധാന പൂജാനിവേദ്യമായ കഷായം ചെറിയ കിണ്ടിയില്‍ നിന്നും സ്പൂണില്‍ പകര്‍ന്നു ചെറുതുള്ളികളായി നല്‍കി. അവസാനം എം.ടിക്കും ലഭിച്ചു. പരമേശ്വര അസിഗ പിറ്റേന്നത്തെ പൂജകള്‍ക്കായി വിവരങ്ങള്‍ കുറിച്ചെടുത്തു. വാസുദേവന്‍ നായര്‍ ഉതൃട്ടാതി നക്ഷത്രം, അശ്വതി - അശ്വതി നക്ഷത്രം ... പിന്നെ മറ്റു കുടുംബാംഗങ്ങള്‍. അവര്‍ക്കായി സര്‍വൈശ്വര്യ പൂജ, ദമ്പതീപൂജ അഭിഷേകം, അര്‍ച്ചന, ദീപാരാധന തുടങ്ങി നൈവേദ്യം വരെ.

പിറ്റേന്ന്‌ ഞായറാഴ്ച. രാവിലെ ഏഴു മണിക്കു മുന്‍പു തന്നെ പരമേശ്വര അഡിഗ പൂജാതാലങ്ങളുമായി ലോഡ്ജിനു മുന്നില്‍ കാത്തുനിന്നു. കൃത്യം 6.55 ആയപ്പോള്‍ എം.ടി കുടയുമായി പുറത്തേക്കു വന്നു. വേഷ്ടിയുടെ പുറത്ത്‌ നേര്യതും മൂടി. പിന്നില്‍ ഭാര്യ സരസ്വതിയും പിന്നെ വസന്തയും. മഴ ചാറുന്നുണ്ടായിരുന്നു. അവധിദിവസമായതിനാല്‍ ഭക്‌തജനങ്ങളുടെ വലിയ തിരക്ക്‌. ഒട്ടുമുക്കാലും കേരളീയര്‍ തന്നെ. അഡിഗളുടെ പിന്നാലെ നടന്നുനീങ്ങുന്ന എം.ടിയെ കണ്ടവരുടെ മുഖത്ത്‌ ആരാധനാഭാവം. പിറുപിറുക്കലുകള്‍; “അത്‌ എം.ടി.യാണ്‌.“

ഉതൃട്ടാതി കൂറ്‌ തീരുന്നതിനു മുന്‍പുതന്നെ ചുറ്റമ്പലത്തില്‍ നിന്നും വടക്കേ കവാടത്തിലൂടെ ശ്രീകോവിലിലേക്കു കടന്നു. തൊഴുതു വണങ്ങി മുഖമണ്ഡപത്തില്‍ നടന്ന എല്ലാവിധ പൂജാവിധികള്‍ക്കും ശേഷം എട്ടരയോടെ ചുറ്റമ്പലത്തിലേക്കു തിരിച്ചെത്തിയ എം.ടിയെ കാത്ത്‌ ആരാധകര്‍. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ എം.ടിയെക്കൊണ്ട്‌ അനുഗ്രഹം വാങ്ങുന്നുണ്ടായിരുന്നു. പലരും പാദങ്ങളിലേക്കു വീണു. സരസ്വതീ മണ്ഡപത്തിനു മുന്നിലൂടെ രണ്ടുതവണ കോരിച്ചൊരിയുന്ന മഴയത്തു പ്രദക്ഷിണംവച്ചു. ദര്‍ശനത്തിനു ക്യൂ നില്‍ക്കുന്നവരുടെയെല്ലാം നോട്ടം തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനിലേക്കായിരുന്നു.

ആള്‍ത്തിരക്കിനിടയിലൂടെ ഒഴിഞ്ഞു മാറി ഒരുവിധത്തില്‍ എം.ടി. കിഴക്കേ കവാടത്തിലെത്തി. മുന്നില്‍ കുടജാദ്രിമലകള്‍. മുന്നിലെ മഴക്കാറു നിറഞ്ഞ ആകാശത്തിനു കീഴെ മൂടല്‍മഞ്ഞ്‌ പകുതി മറച്ച മലനിരകള്‍ നോക്കി ഏകാഗ്രധ്യാനത്തില്‍ എം. ടി. തിരുനടയില്‍ നിന്നു. പരിസരബോധം വീണുകിട്ടിയപോലെ ചുറ്റിലും നോക്കി. ശ്രീകോവിലിനു പുറത്തിറങ്ങിയപ്പോഴേക്കും കൂടുതല്‍ ഭക്‌തര്‍ എം.ടിയെ വളഞ്ഞുകഴിഞ്ഞിരുന്നു. അവര്‍ തിരക്ക്‌ കൂട്ടിയപ്പോള്‍ ഭാര്യ സരസ്വതി പിന്നിലേക്കു തള്ളപ്പെട്ടു. കണ്ണ്‌ പല ദിക്കിലേക്കും പരതുന്നുണ്ടായിരുന്നു. “ഞാനിവിടുണ്ട്‌“ എന്ന സരസ്വതി പിന്നില്‍ നിന്നും പറയുമ്പോള്‍ തിരിഞ്ഞുനോക്കി മൂളി മുന്നിലെ പടിയിറങ്ങി.

ലോഡ്ജിലെത്തി പ്രഭാത ഭക്ഷണശേഷം മുറിക്കു പിന്നിലെ ടെറസില്‍ കസേരയില്‍ ഇരുന്ന്‌ ഒരു ബീഡിക്കു തീകൊളുത്തി. താഴെ സൗപര്‍ണികയിലേക്കു പതിക്കുന്ന ചെറുനദി നിറഞ്ഞുപതഞ്ഞൊഴുകുന്നു.

പിന്നിലേക്കു നോക്കി എം.ടി. പറഞ്ഞു-“ദാ, ആ കാണുന്ന മലനിരകള്‍ക്കപ്പുറമാണു കുടജാദ്രി. പണ്ട്‌ ആചാര്യ സ്വാമികള്‍ തപസിരുന്ന സ്ഥലം. ധ്യാനിച്ചിരിക്കാന്‍ സര്‍വജ്ഞപീഠവും ചിത്രമൂലയുമുണ്ടിവിടെ. അവിടുന്നാണീ വെള്ളം ഒഴുകിയെത്തുന്നത്‌.“

നടന്നെത്താന്‍ പതിനാറു കിലോമീറ്റര്‍. ജീപ്പ്പിലാണെങ്കില്‍ 34 - 40. വര്‍ഷങ്ങള്‍ക്കു മുന്‍പു ജീപ്പ്പിലാണു ഞാന്‍ ആദ്യം പോയത്‌. ഇന്നുള്ള ഗസ്റ്റ്‌ ഹൗസൊന്നുമില്ലവിടെ. പരമേശ്വര ഭട്ട്‌രെയും കുടുംബവുമാണിവിടെ ആഥിത്യമരുളിയത്‌. അവര്‍ തന്നെ ഭക്ഷണവും മറ്റു പൂജയ്ക്കുള്ള ഏര്‍പ്പാടും ചെയ്യും. വിരികള്‍ വിരിച്ചു കിടക്ക അവര്‍തന്നെ തരപ്പെടുത്തും. രണ്ടു കൊല്ലം മുന്‍പു വരെ ഞാനവിടെ പോയിരുന്നു. ഇപ്പോഴും അവരവിടെയുണ്ട്‌. കുടജാദ്രിയിലെ പ്രകൃതി, അന്തരീക്ഷം, ദൃശ്യഭംഗി ഇവയൊക്കെയാണു “വാനപ്രസ്ഥം“ എഴുതാന്‍ പ്രേരിപ്പിച്ചത്‌. സന്ധ്യയായിക്കഴിഞ്ഞാല്‍ വല്ലാത്തൊരു ഭാവം. നിശബ്ദതയില്‍ അറിയാതെ വീണുപോകും. അവിടെ പോയി രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞാന്‍ വാനപ്രസ്ഥം എഴുതുന്നത്‌. അവിടെ ചെന്നുപെടുന്ന രണ്ടുപേര്‍. അവരുടെ വിചാരങ്ങള്‍. കുട്ടികളെ കല്യാണം കഴിപ്പിച്ചയച്ചു ബാധ്യതകളൊക്കെ മാറിയ ഒരു പ്രായംചെന്ന അധ്യാപകന്‍ മാസ്റ്റര്‍- അത്‌ എന്റെ തന്നെ അംശമാണ്‌. പിന്നെ വിനോദിനി. ഞാന്‍ ട്യൂട്ടോറിയല്‍ കോളജില്‍ പഠിപ്പിച്ചിരുന്ന കാലത്ത്‌ അവിടെയുണ്ടായിരുന്ന ഒരു കുട്ടിയുടെ രൂപം- അതാണു വിനോദിനിയായി മാറിയത്‌. അവള്‍ മറ്റുള്ളവര്‍ക്കിടയില്‍ രാജകുമാരി ആയിരുന്നു. എന്നെ വളരെയധികം ആകര്‍ഷിച്ചിരുന്ന ധനികനായ ഒരു രാഷ്ട്രീയനേതാവിന്റെ പുത്രി. കാലവും അവസ്ഥയും മാറി. എല്ലാ വര്‍ഷവും അവള്‍ എനിക്ക്‌ ആശംസകള്‍ നേര്‍ന്നുകൊണ്ടു പുതുവര്‍ഷ കാര്‍ഡ്‌ അയയ്ക്കുമായിരുന്നു. മദ്രാസിലെ ഏതോ പ്രൈവറ്റ്‌ സ്കൂളില്‍ അധ്യാപികയായി കുറഞ്ഞ ശമ്പളത്തില്‍ ജോലി നോക്കുകയായിരുന്നു. അവശതയും ദാരിദ്യ്‌രവും അവളിലും കടന്നുകൂടി. അമ്മയ്ക്കു മരുന്നു വാങ്ങാന്‍ അയയ്ക്കാനെങ്കിലും പണം തരപ്പെടുത്തുന്നത്‌ ആ ജോലികൊണ്ടായിരുന്നു. അവളുടെ ദൈന്യതയാണ്‌ ആ കഥാപാത്രത്തിലൂടെ ഞാന്‍ അവതരിപ്പിച്ചത്‌.

ഞാനെഴുതി വര്‍ഷങ്ങള്‍ക്കു ശേഷം ആരോ പറഞ്ഞ്‌ അവളതറിഞ്ഞു. വളരെ സന്തോഷത്തോടെ ഞങ്ങള്‍ തമ്മില്‍ കണ്ടു. കഥയിലും ഞാന്‍ വന്നിരിക്കുന്നല്ലോ എന്നവള്‍ പ്രതികരിച്ചു. ഇവിടത്തെ പ്രകൃതിയുടെ വശ്യത എന്നെ എല്ലാക്കൊല്ലവും ഇവിടെ എത്തിക്കുന്നു.- മൂകാംബിക- വിദ്യാദേവത എന്നതിനേക്കാള്‍ ഒരു കാനനദേവതയായി ഞാന്‍ കാണുന്നു.

വാനപ്രസ്ഥം - സന്യാസത്തിനു തൊട്ടുമുന്‍പുള്ള ഒരു അവസ്ഥ.

എം.ടി. നടന്നുനീങ്ങി. ഇനി വീണ്ടും അടുത്ത കര്‍ക്കടകത്തിലെ ഉതൃട്ടാതി നക്ഷത്രംനാള്‍.


കടപ്പാട്‌: മനോരമ ഓണ്‍ലൈന്‍

അരമനരഹസ്യം ഇനി അങ്ങാടിപ്പാട്ട്‌

അരമനരഹസ്യം ഇനി അങ്ങാടിപ്പാട്ട്‌

ലെനിന്‍ ചന്ദ്രന്‍

ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം അനുവദിക്കാമോ ഇല്ലയോ എന്ന വിഷയത്തില്‍ ചര്‍ച്ച സജീവമാകുന്നതിനു കൃഷ്ണപുരം നിവാസികള്‍ എതിരല്ല. കാരണം സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നിഷേധിച്ചിരുന്ന ഒരു കൊട്ടാരം അവരുടെ കണ്‍മുന്നിലുണ്ട്‌.

കൊട്ടാരത്തിന്റെ അധിപന്‍മാരായിരുന്ന കായംകുളം, തിരുവിതാംകൂര്‍ രാജവംശങ്ങള്‍ സ്‌ത്രീകളെ മാനിച്ചിരുന്നെങ്കിലും ഈ കൊട്ടാരത്തിന്റെ ഗര്‍ഭഗൃഹത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. സ്‌ത്രീകള്‍ക്ക്‌ രഹസ്യം സൂക്ഷിക്കാന്‍ കഴിയില്ലെന്ന്‌ കായംകുളം രാജാവ്‌ ഉറച്ചു വിശ്വസിച്ചിരുന്നു.

തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ സ്‌ത്രീ ജനങ്ങളുടെ ചുണ്ടുകളില്‍ നിന്നു മനപൂര്‍വമല്ലാതെങ്കിലും പുറത്തേക്കൊഴുകിയാലോ എന്ന്‌ അദ്ദേഹം ഭയപ്പെട്ടു. തുടര്‍ന്ന്‌ രാജ്യം കീഴടക്കിയ മാര്‍ത്താണ്ഡവര്‍മയും ഈ രീതി പിന്തുടര്‍ന്നതാണെന്നു കരുതുന്നതായി കൊട്ടാരം ഡോക്യുമെന്റേഷന്‍ അസിസ്റ്റന്റ്‌ ആര്‍. വിജയകുമാര്‍ അറിയിച്ചു.

ഗജേന്ദ്രമോക്ഷം ചുമര്‍ ചിത്രത്തിലൂടെ പ്രശസ്‌തമാണ്‌ ആലപ്പുഴ ജില്ലയുടെ തെക്കേ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന കൃഷ്ണപുരം കൊട്ടാരം. ഇവിടെ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നിഷിദ്ധമായിരുന്നെന്ന കാര്യം പ്രദേശവാസികള്‍ക്കും ചരിത്ര ഗവേഷകര്‍ക്കും അപ്പുറം അധികമാര്‍ക്കും അറിയില്ല. ആ രഹസ്യം ഇനി അങ്ങാടിയില്‍ പാട്ടാവട്ടെ...

കൃഷ്ണപുരം കൊട്ടാരം നിര്‍മാണ ചരിത്രം

പ്രാചീന തിരുവിതാംകൂറിലെ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത്‌ 1750 നും ��53 നും ഇടയ്ക്ക്‌ പണി ആരംഭിച്ചെന്നും �61 നും �64 നും ഇടയ്ക്ക്‌ വിപുലീകരിച്ചുമെന്നുമാണ്‌ പറയപ്പെടുന്നത്‌. തിരുവിതാംകൂറിന്റെ ആസ്ഥാന കൊട്ടാരമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിന്റെ മാതൃകയില്‍ പണിതീര്‍ത്ത പതിനാറു കെട്ട്‌. മാര്‍ത്താണ്ഡവര്‍മയ്ക്ക്‌ കായംകുളത്തെത്തുമ്പോള്‍ തങ്ങുന്നതിനും യുദ്ധ തന്ത്രങ്ങള്‍ മെനയുന്നതിനുമായിരുന്നു കൊട്ടാരം. ഇവിടെ മാസങ്ങളോളം മാര്‍ത്താണ്ഡവര്‍മ താമസിച്ചിട്ടുണ്ട്‌.

പൂര്‍വ ചരിത്രം

കൃഷ്ണപുരത്ത്‌ ആദ്യം കൊട്ടാരം നിര്‍മിച്ചത്‌ കായംകുളം രാജാവായിരുന്ന വീര രവിവര്‍മനായിരുന്നു. ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത യുദ്ധ തന്ത്രങ്ങള്‍ കായംകുളം രാജാവിന്റെ പ്രത്യേകതയായിരുന്നു. ഇരുതല മൂര്‍ച്ചയുള്ള വാള്‍ രാജാവിന്റെ കണ്ടുപിടിത്തം. അതു പിന്നീട്‌ പ്രശസ്‌തമായ കായംകുളം വാളായി മാറി. കൊട്ടാരത്തില്‍ ഇപ്പോഴും ഈ വാള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. കൃഷ്ണപുരം കൊട്ടാരമായിരുന്നു ആസ്ഥാനമെങ്കിലും ഇവിടെ സ്‌ത്രീകളെ പാര്‍പ്പിക്കാന്‍ രാജാവ്‌ ഇഷ്ടപ്പെട്ടിരുന്നില്ല. അല്ലെങ്കില്‍ അങ്ങനെ ഒരു കീഴ്‌വഴക്കം ഇല്ലായിരുന്നു.

ഓടനാട്‌ രാജവംശം നേരും നെറിയും ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ്‌ പഴമക്കാര്‍ക്ക്‌ തലമുറ നല്‍കിയ അറിവ്‌. കുറച്ചകലെയുണ്ടായിരുന്ന എരുവ കൊട്ടാരത്തിലാണ്‌ കൊട്ടാരവനിതകള്‍ പാര്‍ത്തിരുന്നത്‌. റാണിക്കു മുഖം കാണിക്കണമെന്ന്‌ അറിയിക്കുമ്പോള്‍ രാജാവ്‌ എരുവയിലേക്ക്‌ എഴുന്നള്ളുകയായിരുന്നു പതിവ്‌. രാജഭരണം കൃഷ്ണപുരത്തും പള്ളിയുറക്കം എരുവയിലും.

കായംകുളം രാജാവിനെ തോല്‍പ്പിക്കാന്‍ പടയോട്ടം നടത്തിയ മാര്‍ത്താണ്ഡവര്‍മ, തന്റെ മന്ത്രി ആയിരുന്ന രാമയ്യന്‍ ദളവയുടെ സഹായത്തോടെ ചതിയുദ്ധം നടത്തി വധിക്കുകയായിരുന്നു എന്ന്‌ ചരിത്രകാരന്‍മാര്‍. കായംകുളം രാജാവിന്റെ കൊട്ടാരവും മാര്‍ത്താണ്ഡവര്‍മ തകര്‍ത്തു തരിപ്പണമാക്കി. എരുവ കൊട്ടാരത്തിലെ സ്‌ത്രീകള്‍ ജീവരക്ഷാര്‍ഥം പലായനം ചെയ്‌തു. കൊട്ടാരത്തിന്റെ പൊടിപോലും അവശേഷിപ്പിക്കാതെ നശിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌ ഇവിടെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഹ്രസ്വരൂപം നിര്‍മിക്കാന്‍ കല്‍പിച്ചു.

ശീലം മാറിയില്ല

അടങ്ങാത്ത പക തീര്‍ക്കുംപോലെ കൃഷ്ണപുരം കൊട്ടാരം തരിപ്പണമാക്കിയെങ്കിലും പുതുതായി നിര്‍മിച്ച കൊട്ടാരം വാസ്‌തുവിദ്യയില്‍ മുന്നിട്ടു നിന്നു. കായംകുളത്തിന്റെ മുഖം മാറ്റിയെങ്കിലും രാജാവിന്റെ ശീലം മാറ്റാന്‍ മാര്‍ത്താണ്ഡവര്‍മ തയാറായില്ല. കൊട്ടാരത്തില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനനിഷേധനം തുടര്‍ന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ സ്‌ത്രീകളാരും കൃഷ്ണപുരം കൊട്ടാരത്തില്‍ എത്തിയില്ല.

കാലം മാറി

രാജഭരണം ജനാധിപത്യത്തിനു വഴിമാറി. കൊട്ടാരം റവന്യുവകുപ്പ്‌ ഏറ്റെടുത്തു. 1960 ല്‍ പുരാവസ്‌തു വകുപ്പിനു കൈമാറി. റവന്യു വകുപ്പ്‌ ഏറ്റെടുത്തതോടെ സ്‌ത്രീകള്‍ കൊട്ടാരത്തില്‍ പ്രവേശിക്കാനാരംഭിച്ചു. കല്ലു പിളര്‍ക്കുന്ന കല്‍പന ഭയന്ന്‌ പിന്നീടാരും വരാതിരുന്നിട്ടില്ല.

ഇപ്പോള്‍...

പുരാവസ്‌തു വകുപ്പ്‌ ഏറ്റെടുത്ത ശേഷം മോടി പിടിപ്പിച്ച കൊട്ടാരം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു. രാവിലെ മുതല്‍ വൈകിട്ടു വരെ കൊട്ടാരത്തില്‍ സ്‌ത്രീ-പുരുഷ ഭേദമെന്യെ ആര്‍ക്കും പ്രവേശിക്കാം. സ്‌ത്രീകളെ പടിപ്പുരയ്ക്കു പുറത്തു നിര്‍ത്തിയ രാജഭരണത്തിന്റെ തിരുശേഷിപ്പുകള്‍ കണ്ടു മടങ്ങാം.

ഗജേന്ദ്രമോക്ഷം

കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ഒറ്റ ചുമര്‍ ചിത്രം. തേവാരപുരയില്‍ തീര്‍ത്തിട്ടുള്ള �ഗജേന്ദ്രമോക്ഷം� മഹാഭാരതത്തിലെ അഷ്ടമസ്കന്ധം കഥയാണ്‌. 154 ചതുരശ്ര അടി വിസ്‌തീര്‍ണം. പച്ചിലച്ചാറ്‌, പഴച്ചാറ്‌, മഞ്ഞള്‍പ്പൊടി, ചുണ്ണാമ്പ്‌, ഇഷ്ടികപ്പൊടി, പനച്ചക്കയുടെ പശ, കള്ളിമുള്ളിന്റെ നീര്‌ എന്നിവയാണ്‌ വരയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്‌. 1750 നും �53 നും ഇടയില്‍ വരച്ചതാണെന്നു കരുതുന്നു. ഋതുമ തടാകത്തില്‍ ഗജേന്ദ്രനു വിഷ്ണുമോക്ഷം നല്‍കുന്നതാണ്‌ സന്ദര്‍ഭം.

സഞ്ചാരികളുടെയും കാഴ്ചക്കാരുടെയും പ്രിയ കേന്ദ്രമായി കൃഷ്ണപുരം കൊട്ടാരം ഇന്നു ഗരിമയോടെ നിലനില്‍ക്കുന്നു; ജനായത്ത ഭരണം വനിതകള്‍ക്കു നല്‍കിയ പ്രവേശനവാതില്‍ തുറന്നിട്ടുകൊണ്ട്‌.

കടപ്പാട്‌: മനോരമ ഓണ്‍ലൈന്‍

ചരിത്രത്തിന്റെ വില്ലുവണ്ടിയില്‍ വന്ന അയ്യങ്കാളി

ചരിത്രത്തിന്റെ വില്ലുവണ്ടിയില്‍ വന്ന അയ്യങ്കാളി
ആറന്മുള ശശി

ആരാലും തമസ്കരിക്കാനാവാത്തവിധം ജ്വലിച്ചുയര്‍ന്ന പ്രതിഭാശാലിയായ വിപ്‌ളവകാരിയായിരുന്നു മഹാനായ അയ്യങ്കാളി. ഇന്ത്യയുടെ പ്രഗല്‍ഭയായ പ്രധാനമന്ത്രി ഇന്ദിരാഗാന്‌ധി പറഞ്ഞതുപോലെ 'ഭാരതത്തിന്റെ മഹാനായ പുത്ര'നാണദ്ദേഹം. പ്രകൃതിമനോഹരമായ വെങ്ങാന്നൂര്‍ ഗ്രാമത്തില്‍ 1863 ആഗസ്റ്റ്‌ 28ന്‌ അവിട്ടം നക്ഷത്രത്തില്‍ അയ്യന്റെയും മാലയുടെയും മകനായി അയ്യങ്കാളി ജനിച്ചു.

പതിന്നാലു വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും അവരില്‍നിന്ന്‌ തലക്കരവും മുലക്കരവും ഈടാക്കണമെന്നുമുള്ള ശാസനകള്‍ കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്‌. നിസ്സ്വ‍രും നിരാലംബരുമായ മണ്ണിന്റെ മക്കള്‍ക്ക്‌ അന്ന്‌, മരിച്ചാല്‍ സംസ്കരിക്കാന്‍ സ്വന്തമായി മണ്ണുപോലുമില്ലായിരുന്നു.
അന്ന്‌ അധഃസ്ഥിത സ്‌ത്രീകള്‍ക്ക്‌ മാറുമറയ്ക്കാനവകാശമുണ്ടായിരുന്നില്ല. സവര്‍ണര്‍ക്കുമുന്‍പില്‍ മാറിലെ വസ്‌ത്രമെടുത്തുമാറ്റി വിനയം കാണിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരായിരുന്നു. കത്തുന്ന കണ്‍മുനകളില്‍നിന്നു രക്ഷനേടാന്‍ കൈകള്‍ കൊണ്ട്‌ മാറിടം മറച്ചുനിന്ന കുറ്റത്തിന്‌ പല സഹോദരിമാരുടെയും മുലയറുത്തെറിഞ്ഞ്‌ വരേണ്യവര്‍ഗ്‌ഗം ജാതി ശാസനകള്‍ നിലനിറുത്തി.

ഇത്തരമൊരു സാമൂഹ്യവ്യവസ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ടാണ്‌ അയ്യങ്കാളി ഉയര്‍ന്നുവന്നത്‌. നാട്ടില്‍ പ്രഭുക്കള്‍ക്കുമാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത്‌, വില്ലുവണ്ടി വിലയ്ക്കുവാങ്ങി, തങ്ങള്‍ക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ട പൊതുനിരത്തിലൂടെ വെള്ളബനിയനും തലയില്‍ വട്ടക്കെട്ടും കെട്ടി വില്ലുവണ്ടിയില്‍ സഞ്ചരിച്ച്‌ നൂറ്റാണ്ടുകളായി നിലനിന്ന ബ്രാഹ്‌മണ ശാസനകളെ വെല്ലുവിളിച്ചു. വില്ലുവണ്ടിയിലെ കാളകളുടെ കഴുത്തില്‍ നിന്നുയര്‍ന്ന മണിമുഴക്കം ജാതിവ്യവസ്ഥയുടെ കോട്ടകൊത്തളങ്ങളില്‍ത്തട്ടി പ്രതിധ്വനിച്ചു.

എന്തും നേരിടാനുള്ള കരളുറപ്പോടെയാണ്‌ 1889-ല്‍ തന്റെ അനുയായികളുമൊത്ത്‌ അയ്യങ്കാളി ആറാലുമ്മൂട്‌ ചന്തയിലൂടെ നടത്തിയ കാല്‍നടയാത്ര. ബാലരാമപുരം ചാലിയത്തെരുവില്‍വച്ച്‌ ജാഥയ്ക്കുനേരേ നടത്തിയ ആക്രമണത്തെ വീറോടെ പൊരുതിത്തോല്‌പിച്ച്‌ അയ്യങ്കാളി മുന്നേറി.

അയിത്തത്തിനെതിരായി ആത്‌മീയരംഗത്തു പ്രവര്‍ത്തിച്ച ഉല്‌പതിഷ്‌ണുക്കളുടെ സേവനവും അയ്യങ്കാളി പ്രയോജനപ്പെടുത്തി. ജാതി ചിന്തയ്ക്കെതിരെ ആത്‌മീയ ശക്തി ഉപയോഗിച്ചു പൊരുതിയ ശ്രീനാരായണ ഗുരുവുമായും സദാനന്ദസ്വാമികളുമായും തൈക്കാട്‌ അയ്യാവുസ്വാമികളുമായും അദ്ദേഹം നിരന്തരം ബന്‌ധപ്പെട്ടുകൊണ്ടിരുന്നു. നൂറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക തിന്മകളോട്‌ പ്രതികരിക്കാന്‍ അദ്ദേഹം അനുയായികളോട്‌ ആവശ്യപ്പെട്ടു. അധഃസ്ഥിത വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ അയ്യങ്കാളി നടത്തിയ പ്രക്ഷോഭഫലമായാണ്‌ സര്‍ക്കാര്‍ സ്കൂളില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം അനുവദിച്ചുകൊണ്ട്‌ സര്‍ക്കാര്‍ വിളംബരമുണ്ടായത്‌.

ജാതിയുടെ പേരില്‍ വിദ്യ നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട്‌ അയ്യങ്കാളി പറഞ്ഞു: "ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും." ആരും പണിക്കിറങ്ങിയില്ല. ഒട്ടിയവയറും ഉജ്ജ്വല സ്വപ്‌നങ്ങളുമായി ഒരുവര്‍ഷം നീണ്ടുനിന്ന സമരത്തിനൊടുവില്‍ അയ്യങ്കാളിയുമായുണ്ടാക്കിയ ഒരുടമ്പടിയിലൂടെ വിദ്യാഭ്യാസ വിളംബരം സാര്‍ത്ഥകമായി.

1911-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക്‌ നിയമസഭാ സാമാജികനായി അയ്യങ്കാളിയെ നോമിനേറ്റ്‌ ചെയ്തുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവുണ്ടായി. തുടര്‍ന്ന്‌ 25 വര്‍ഷം അദ്ദേഹം നിയമസഭാ സാമാജികനായിരുന്നു. അധഃസ്ഥിതരുടെ ഇടയില്‍ പരിഷ്കരണ പ്രവര്‍ത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തി. ആദിഗോത്രജനതയില്‍പ്പെട്ട സ്‌ത്രീകള്‍ മാറുമറയ്ക്കരുതെന്നും അടിമത്വത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണക്കാര്‍ ഒരു ധിക്കാരമായി അതിനെക്കരുതി. പ്രത്യേകിച്ച്‌ കൊല്ലം പെരിനാട്ടില്‍.

പാവപ്പെട്ടവര്‍ വേട്ടയാടപ്പെട്ടു. സഹോദരിമാര്‍ ധരിച്ചിരുന്ന റൗക്കകള്‍ വലിച്ചുകീറി. പലരുടെയും മുലകള്‍ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരന്റെയും മുന്നിലിട്ട്‌ ഭീകരമായി മര്‍ദ്ദിച്ചു. മര്‍ദ്ദിതന്റെ മനോവീര്യം ഉണര്‍ന്നെണീറ്റു. പ്രതിരോധിക്കാനും പ്രത്യാക്രമിക്കാനും അവരും തയ്യാറായി. രക്തരൂഷിത കലാപമായതുമാറി. കലാപത്തെത്തുടര്‍ന്ന്‌ നാടും വീടും വിട്ടവര്‍ കൊല്ലം പീരങ്കി മൈതാനത്ത്‌ എത്തിച്ചേരാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു.
നോട്ടീസോ, മൈക്ക്‌ അനൗണ്‍സ്‌മെന്റോ ഇല്ലാതെ കാതോട്‌ കാതോരം കേട്ടറിഞ്ഞ്‌ പതിനായിരക്കണക്കിന്‌ ആളുകള്‍ കൂലംകുത്തി പതഞ്ഞൊഴുകുന്ന കാട്ടരുവിപോലെ മൈതാനത്ത്‌ എത്തിച്ചേര്‍ന്നു. മൈതാനം മനുഷ്യമഹാസമുദ്രമായി മാറി. "നാനാജാതി മതസ്ഥരുടെ സംഗമവേദിയായ ഇവിടെവച്ച്‌ ഈ മുഹൂര്‍ത്തത്തില്‍ കല്ലുമാല അറുത്തുകളയണമെന്നും അതിന്‌ സവര്‍ണര്‍ സഹകരിക്കണമെന്നും" അയ്യങ്കാളി ആവശ്യപ്പെട്ടു. യോഗാദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള എഴുന്നേറ്റ്‌ "മിസ്റ്റര്‍ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സില്‍വച്ച്‌ നമ്മുടെ സഹോദരിമാര്‍ കല്ലുമാല അറുത്തുകളയുന്നതിന്‌ ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണ സമ്മതമാണ്‌." എന്നു പറയുകയുണ്ടായി. സദസ്സില്‍ നീണ്ട കരഘോഷമുണ്ടായി. 'അടിമത്വത്തിന്റെ അടയാളം അറുത്തെറിയുവിന്‍' അയ്യങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം പിന്നില്‍ തിരുകിയിരുന്ന കൊയ്ത്തരിവാള്‍ എടുത്ത്‌ സഹോദരിമാര്‍ അവരുടെ കഴുത്തിലണിഞ്ഞിരുന്ന കല്ലുമാലകള്‍ അറുത്തെടുത്ത്‌ സ്റ്റേജിലിട്ടു. നാലടി ഉയരത്തില്‍ കല്ലുമാലക്കൂമ്പാരം ദൃഷ്‌ടിഗോചരമായി.
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ചെങ്കോലും കിരീടവും തെറിപ്പിച്ച മാഹാത്‌മാഗാന്‌ധി വെങ്ങാനൂരിലെത്തി ശ്രീ അയ്യങ്കാളിയെക്കാണുന്നത്‌ 1937 ജനുവരിയിലാണ്‌. 'മിസ്റ്റര്‍ അയ്യങ്കാളി.... ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യണം?' എന്ന ഗാന്‌ധിജിയുടെ ചോദ്യത്തിന്‌, അയ്യങ്കാളി പറഞ്ഞ മറുപടിയിതായിരുന്നു: "എന്റെ വര്‍ഗ്‌ഗത്തില്‍നിന്ന്‌ പത്തു ബി.എക്കാരെ കണ്ടിട്ടുവേണം എനിക്ക്‌ മരിക്കാന്‍." ഇത്രയും ആത്‌മാര്‍ത്ഥതയുള്ള മനുഷ്യനുണ്ടോ എന്ന്‌ ഗാന്‌ധിജി അതിശയിക്കുകയായിരുന്നു. അതാണ്‌ അധഃസ്ഥിതരുടെ ആത്‌മാവായ അയ്യങ്കാളി.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ അദ്ദേ ഹം 1941 ജൂണ്‍ 18ന്‌ താന്‍ സ്ഥാപിച്ച സരസ്വതീ മന്ദിരത്തില്‍ വച്ച്‌ ദിവംഗതനായി.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

തൊട്ടടുത്ത സീറ്റിലെ ബോംബ്‌

തൊട്ടടുത്ത സീറ്റിലെ ബോംബ്‌
ഡി. ബാബുപോള്‍

ഒരുമാസം മുന്‍പാണ്‌. ജനശതാബ്‌ദി എക്‌സ്‌പ്രസിലെ ചെയര്‍കാര്‍. ഞാന്‍ നേരത്തേ എത്തി എന്റെ സീറ്റില്‍ ഇരുന്നു. വണ്ടി വിടാറായപ്പോള്‍ ഒരു സ്‌ത്രീ അടുത്ത സീറ്റില്‍ ഇരുന്നു. വണ്ടി വിട്ടു. ഏറെ വൈകാതെ ഗര്‍ഭസ്ഥശിശുവിന്റെ മാതിരി ചുരുണ്ടുകൂടാന്‍ ശ്രമിച്ചു അയലത്തെ സ്ഥൂലഗാത്രി. ആ നിദ്രാനമസ്കാരശ്രമത്തിനിടയില്‍ അവരുടെ നിതംബം എന്റെ വലതുതുടയില്‍ അമര്‍ന്നു. നിദ്രാഭംഗം വരാതെ സൂക്ഷിച്ച്‌ ഞാന്‍ കാല്‍ ഇടത്തോട്ടു മാറ്റി. സൈഡ്‌ കൊടുത്തു എന്നര്‍ത്ഥം. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ എഴുന്നേറ്റു. എന്റെ തൊട്ടടുത്ത സീറ്റില്‍ അങ്ങനെ ഉറങ്ങിയാല്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന തിരിച്ചറിവാണോ എന്നറിയില്ല, അവര്‍ ടിക്കറ്റ്‌ എക്‌സാമിനറെപ്പോലെ തീവണ്ടിമുറിയില്‍ നടന്ന്‌ മറ്റേതോ സ്ഥലം കണ്ടുപിടിച്ചു. ഞാനും അയല്‍ബാധകൂടാതെ ഉറങ്ങി. മറിച്ചായിരുന്നെങ്കിലോ? ഞാന്‍ ഉറക്കം ഭാവിച്ച്‌ എന്റെ നിതംബം അയലത്തെ പെണ്ണിനെ അപമാനിക്കാനുള്ള ആയുധമാക്കി എന്ന്‌ അവര്‍ പറയുമായിരുന്നോ? ഇല്ലെന്ന്‌ കരുതാനാണ്‌ എനിക്ക്‌ ഇഷ്‌ടം. എന്നാല്‍, ചില ചില പ്രായത്തില്‍ ചില ചില സ്‌ത്രീകള്‍ക്ക്‌ ഉണ്ടാകാവുന്ന വിഭ്രാന്തികളെക്കുറിച്ച്‌ വായിച്ചിട്ടുള്ളതില്‍ പകുതിയെങ്കിലും ശരിയായിരുന്നാല്‍ ആ സാദ്ധ്യത തള്ളിക്കളഞ്ഞുകൂടാ. കുന്തിപ്പുഴയിലെ വെള്ളം വിരലുകള്‍ക്കിടയിലൂടെ ചോരുന്നതിനെക്കുറിച്ച്‌ ഒളപ്പമണ്ണ എഴുതിയതുപോലെ യൗവ്വനത്തിന്റെ അന്തിച്ചോപ്പ്‌ ഉണര്‍ത്തുന്ന ആകുലതകളില്‍ പിടയുന്ന ഒരു സ്‌ത്രീമനസ്സ്‌ സ്‌പര്‍ശിക്കാതെതന്നെ ബഹളം വച്ചുകൂടായ്കയില്ല. കാല്‌ മുറിച്ചുകളഞ്ഞ ഏതെങ്കിലും ഹതഭാഗ്യനോട്‌ ചോദിക്കുക, 'ഫാന്റം പെയ്ന്‍' എന്നൊന്ന്‌ പറഞ്ഞുതരും. മുറിച്ചുമാറ്റിയ പാദത്തില്‍ ചൊറിയണമെന്ന്‌ തോന്നാം. ഒരു ഇംഗ്‌ളീഷ്‌ നോവലില്‍ ഹൃദയസ്‌പൃക്കായ ഒരു രംഗം വിവരിച്ചിട്ടുണ്ട്‌. ആശുപത്രിയില്‍ സന്ദര്‍ശിച്ച സുഹൃത്തിനോട്‌ (അതോ നഴ്‌സിനോടോ?) രോഗി കെഞ്ചുന്നു; ആ മുറിച്ചെടുത്തത്‌ തപ്പി ഒന്ന്‌ ചൊറിഞ്ഞേക്കുമോ നീ? നിതംബസ്‌പര്‍ശത്താല്‍ എന്നെ അനുഗ്രഹിച്ച ആ സ്‌ത്രീയുടെ സന്മനസ്സിനെ വാഴ്ത്തുന്നു ഞാന്‍.

ഈ കഥ ഓര്‍ക്കാന്‍ കാരണം നമ്മുടെ മന്ത്രി പി.ജെ. ജോസഫിനെ ചുറ്റിപ്പറ്റി അപവാദങ്ങള്‍ കേള്‍ക്കുന്നതുകൊണ്ടാണ്‌.
മൂന്നു വ്യാഴവട്ടം കഴിയുന്നു വിദ്വാന്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങിയിട്ട്‌. അസമയത്ത്‌ പാട്ട്‌ പാടും എന്നതൊഴിച്ചാല്‍ വ്യക്തിപരമായ അപഖ്യാതി ഒന്നും കേട്ടിട്ടില്ല. ആന്റണി രാജുവിനെ അച്ചടക്കം പഠിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതൊഴിച്ചാല്‍ ഭരണപരമായ അപഖ്യാതികളും അന്യം. അങ്ങനെയൊരാള്‍ ഒരു 'കുട്ടി'യെ അപമാനിച്ചുവെന്ന കഥ പ്രഥമശ്രവണത്തില്‍ അവിശ്വസനീയമായി തോന്നുക സ്വാഭാവികം.

അതിനുമപ്പുറം ആലോചിച്ചാലോ? കുട്ടി ബഹളം വച്ചു, സീറ്റ്‌ മാറി, പരാതി എഴുതിക്കൊടുത്തു. തെളിഞ്ഞ വസ്തുതകള്‍ ഇവിടെ അവസാനിക്കുന്നു. മുഖംമൂടിയ പുരുഷന്‍ വിവരിച്ച സാഹചര്യങ്ങള്‍വച്ചു നോക്കിയാല്‍ പി.ജെ. ജോസഫ്‌ പോയിട്ട്‌ കെ.എം. മാണിയോ പി.സി. ജോര്‍ജോ എം.എം. ഹസ്സനോ സാക്ഷാല്‍ കുഞ്ഞാലി തന്നെയോ വിചാരിച്ചാലും വിരലൊന്ന്‌ മുട്ടിച്ച്‌ വീണ മീട്ടാന്‍ കഴിയുകയില്ലെന്ന്‌ വിമാനത്തില്‍ യാത്ര ചെയ്തിട്ടുള്ള ആരും സമ്മതിച്ചുപോകും. വിമാനം പറന്നുയരുമ്പോള്‍ വെളിച്ചം അരണ്ടതാവുമെങ്കിലും വിമാനത്തിനകത്ത്‌ കുറ്റാക്കുറ്റിരുട്ടൊന്നുമല്ല. വായിക്കാനുള്ള ലൈറ്റ്‌ പകുതിപ്പേരെങ്കിലും കത്തിച്ചിട്ടുമുണ്ടാവും. സമയമാണെങ്കില്‍ സന്‌ധ്യ മയങ്ങുന്നതേയുള്ളൂ. നാട്ടുവെളിച്ചം മറയാന്‍ നേരം ആയിട്ടില്ല. ഇക്കോണമി ക്‌ളാസിലെ സീറ്റുകള്‍ നമ്മുടെ എ.സി. ചെയര്‍കാറിലെ സീറ്റുകള്‍പോലെയല്ലേ? വിമാനം ഉയരുമ്പോള്‍ മുന്‍വശത്തെ സീറ്റിന്റെ വശത്ത്‌ എത്രയോ യാത്രക്കാര്‍ പിടിക്കാറുണ്ട്‌? അങ്ങനെ ഒരു സ്‌പര്‍ശസാദ്ധ്യത ഉണ്ട്‌. എന്നാല്‍, ആ നേരത്ത്‌ അതിനപ്പുറത്തുള്ള വീണാവാദനം ജോസഫ്‌ അല്ല, യേശുദാസ്‌ ഉള്‍പ്പെടെയുള്ള ഏതു ഗായകനായാലും അസാദ്ധ്യംതന്നെ.

സ്‌ത്രീകളുടെ സംരക്ഷണത്തിന്‌ നിയമവും സുപ്രീംകോടതിയും നല്‍കുന്ന പ്രാധാന്യം പുരുഷന്മാരില്‍ അരക്ഷിതാവസ്ഥ സൃഷ്‌ടിക്കാന്‍ ദുരുപയോഗപ്പെടുത്തരുത്‌. പണ്ട്‌, ഉമ്മന്‍ചാണ്ടി ഒരു പെണ്ണിന്റെ പുറത്ത്‌ വീണെന്നോ മറ്റോ ഒരു കഥ ഉണ്ടായില്ലേ? നഫീസത്ത്‌ ബീവി മുതല്‍ ഷാനിമോള്‍ ഉസ്‌മാന്‍ വരെ പല സ്‌ത്രീകളുടെയും പേരുകള്‍ അമ്മാനമാടിയ ജനം ആ സ്‌ത്രീ ഞാന്‍തന്നെ എന്ന്‌ ബാവാതിരുമേനി (മറിയാമ്മ ഉമ്മന്‍ചാണ്ടി) തിരുവായ്‌മൊഴിഞ്ഞപ്പോഴാണ്‌ അടങ്ങിയത്‌.
സ്‌ത്രീകള്‍ ധാരാളമായി ഒറ്റയ്ക്ക്‌ യാത്ര ചെയ്യുന്ന കാലമാണ്‌. അവര്‍ക്ക്‌ വേറെ തീവണ്ടിമുറിയും വേറെ വിമാനവും വേണം എന്ന്‌ വരരുത്‌. പുരുഷന്മാര്‍ സ്‌ത്രീകളെ ബഹുമാനിക്കണം. സ്‌ത്രീകള്‍ ഇക്കോണമി ക്‌ളാസിലോ ചെയര്‍കാറിലോ അടുത്ത സീറ്റിലിരിക്കുന്ന പുരുഷനെതിരെ പരാതിപ്പെടുന്നതിനു മുന്‍പ്‌ യാദൃച്ഛിക സംഭവവും ബോധപൂര്‍വമായ നടപടിയും വേര്‍തിരിച്ചറിയാനുള്ള ക്ഷമയും പക്വതയും വിവേകവും കാണിക്കണം. അത്‌ കഴിയുകയില്ലെങ്കില്‍ 'അമ്മൂമ്മമാര്‍' വീട്ടിലിരിക്കയോ മുഖംമൂടാത്ത ഭര്‍ത്താക്കന്മാരുടെ അകമ്പടിയോടെ മാത്രം യാത്ര ചെയ്യുകയോ ആണ്‌ ഭേദം.
ജോസഫിന്റെ പേരിലുള്ള ആരോപണം ഒരു സന്‌ധ്യയ്ക്ക്‌ അപമര്യാദ കാട്ടി എന്നതാണല്ലോ. അത്‌ നേരോ എന്നറിയാന്‍ ഐ.ജി. സന്‌ധ്യയെത്തന്നെ നിയോഗിച്ച വി.എസിന്റെ നര്‍മ്മബോധത്തെ അഭിനന്ദിക്കാതെ വയ്യ. ഇരുട്ട്കീറുന്ന വജ്രസൂചിയാവട്ടെ സന്‌ധ്യയുടെ അന്വേഷണം. ജോസഫ്‌ തെറ്റുകാരനെങ്കില്‍ ദാക്ഷിണ്യം അരുത്‌; നിരപരാധിയും ആരുടെയെങ്കിലും മാനസികവിഭ്രാന്തിയുടെ രക്തസാക്ഷിയും ആണെങ്കില്‍ അക്കാര്യവും സന്‌ധ്യാദീപത്തില്‍ തെളിയണം. സ്‌ത്രീകള്‍ക്കും ജീവിക്കണം. പുരുഷന്മാര്‍ക്കും ജീവിക്കണം. ഒരേ വണ്ടിയില്‍ യാത്ര ചെയ്യുകയും വേണം. ജസ്റ്റിസ്‌ ശ്രീദേവി ഏതോ ചാനലില്‍ പറഞ്ഞതുപോലെ പക്വതയാര്‍ന്ന സമീപനം ആണ്‌ ഇരുപക്ഷത്തുനിന്നും ഉണ്ടാകേണ്ടത്‌.

കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍

ചൊവ്വാഴ്ച, ഓഗസ്റ്റ് 22, 2006

ഉസ്‌താദ്‌ ബിസ്‌മില്ലാഖാന്‍- സംഗീത മഹാഗുരു

ഉസ്‌താദ്‌ ബിസ്‌മില്ലാഖാന്‍- സംഗീത മഹാഗുരു

ഡോ.കെ. രാജീവ്‌

ഷെഹ്‌നായ്‌ എന്നാല്‍ ബിസ്‌മില്ലാഖാനാണ്‌; ബിസ്‌മില്ലാഖാന്‍ എന്നാല്‍ ഷെഹ്‌നായ്‌ ആണ്‌.

ഉസ്‌താദ്ബിസ്‌മില്ലാഖാന്‍ ഷെഹ്‌നായ്‌ വായിക്കുമ്പോള്‍ ആ കരിങ്കുഴലിലൂടെ ഒഴുകിയെത്തുന്നത്‌ അദ്ദേഹത്തിന്റെ വ്യക്‌തിത്വമാണ്‌. പ്രസാദത്താല്‍ വികസ്വരമായ മുഖം, പ്രസന്നശീലം, ബാല്യകൗതുകം തിളങ്ങുന്ന നോട്ടം, ആഹ്‌ളാദം തുളുമ്പുന്ന നാടന്‍വര്‍ത്തമാനശൈലി - ഇതൊക്കെക്കലര്‍ന്ന ആ കുഴലൂത്തുകാരനെയും അദ്ദേഹത്തിന്റെ സംഗീതത്തെയും ഒരിക്കലെങ്കിലും കാണുകയും കേള്‍ക്കുകയും ചെയ്‌തവര്‍ക്ക്‌ സ്‌നേഹിക്കാതെ വയ്യ. ശിശുസഹജമായ ആര്‍ജവവും ആത്‌മാര്‍ത്ഥമായ വിനയവും ഒത്തിണങ്ങിയ ആ വ്യക്‌തിത്വം മണ്‍മറഞ്ഞ ഒരു മഹാസംസ്കാരത്തിന്റെ സുഗന്‌ധം ചൊരിയുന്നു.

ഇന്ത്യയിലെന്നല്ല വിദേശരാജ്യങ്ങളിലും സംഗീതവേദികളില്‍ ഷെഹ്‌നായിക്കു സ്ഥാനക്കയറ്റം നേടിക്കൊടുത്തതിന്റെ ബഹുമതി പൂര്‍ണമായും ബിസ്‌മില്ലാഖാനുള്ളതാണ്‌. അര്‍ദ്ധശാസ്‌ത്രീയ സംഗീതത്തിന്റെ അനന്തനിധിയാണ്‌ ബിസ്‌മില്ല. ധുന്‍, തുമൃ തുടങ്ങിയവ അവതരിപ്പിക്കുമ്പോള്‍ ബിസ്‌മില്ലയുടെ ഷെഹ്‌നായ്‌ അത്യപൂര്‍വമായ ആവേശവും ചൈതന്യവും കൈവരിക്കുന്നു. മണ്ണിന്റെ ഊര്‍ജം കലര്‍ന്നതാണ്‌ ആ വാദനം. തുമൃയിലെ ബനാറസ്‌ അംഗ്‌ എന്നറിയപ്പെടുന്ന ശൈലിയുടെ അംഗീകൃത ഗുരുക്കന്‍മാരില്‍ ഒരാളാണ്‌ ബിസ്‌മില്ലാഖാന്‍.

1916- ല്‍ ബീഹാറില്‍ ഷെഹ്‌നായ്‌ വാദകരുടെ ഒരു കുടുംബത്തിലാണ്‌ ബിസ്‌മില്ല പിറന്നത്‌. അമറുദ്ദീന്‍ എന്നായിരുന്നു കുഞ്ഞിന്‌ പിതാക്കള്‍ നല്‍കിയ പേര്‌. ബസ്‌മില്ല എന്നത്‌ പിന്നീട്‌ സ്വയം സ്വീകരിച്ച പേരാണ്‌. ധുമറൂണിലെ രാജസേവകനായിരുന്ന ബിസ്‌മില്ലയുടെ പിതാവ്‌ ഒരു നല്ല ഷെഹ്‌നായ്‌ വാദകനായിരുന്നു. കുടുംബാംഗങ്ങള്‍ പലരും ഷെഹ്‌നായ്‌ വാദകരായിരുന്ന ആ കുടുംബത്തില്‍ പിറന്നുവീണതു മുതല്‍ ബിസ്‌മില്ല ശ്രവിച്ചത്‌ കുഴലിന്റെ അനുസ്യൂതമായ മധുരസംഗീതമാവണം. അതിനാല്‍ത്തന്നെ ആ ബാലന്‍ തിരഞ്ഞെടുത്തതും ഷെഹ്‌നായിയുടെ വഴി തന്നെയായി.

ബിസ്‌മില്ലയുടെ അമ്മാവനായ അലിബക്ഷ്‌ കാശിവിശ്വനാഥ ക്ഷേത്രത്തിലെ ആസ്ഥാനവിദ്വാനായിരുന്നു. അദ്ദേഹമാണ്‌ ബിസ്‌മില്ലയെ ഷെഹ്‌നായിയിലെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചത്‌. ശിഷ്യനെ അദ്ദേഹം വായ്പ്പാട്ടും അഭ്യസിപ്പിച്ചു. വാദ്യസംഗീതത്തില്‍ പൂര്‍ണത നേടുവാന്‍ വായ്പ്പാട്ട്‌ നന്നായി അഭ്യസിക്കേണ്ടതുണ്ടെന്ന്‌ ബിസ്‌മില്ല അമ്മാവനില്‍ നിന്ന്‌ മനസ്സിലാക്കി.

പ്രായത്തില്‍ കവിഞ്ഞ ആത്‌മാര്‍ത്ഥതയോടെ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയ ബിസ്‌മില്ലയ്ക്ക്‌ എതിര്‍പ്പു നേരിടേണ്ടിവന്നത്‌ സ്വന്തം അച്ഛനില്‍ നിന്നുതന്നെയായിരുന്നു. സംഗീതംമൂലം മകന്റെ സ്കൂള്‍ പഠിപ്പു മുടങ്ങുന്നത്‌ ഇഷ്‌ടപ്പെടാത്ത അച്ഛന്‍ യാഥാസ്ഥിതിക വിദ്യാഭ്യാസത്തിന്റെ വഴിയിലേക്കു പുത്രനെ കൊണ്ടുവരാന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷേ, നിര്‍ബന്‌ധബുദ്ധിയായ ബാലന്‍ കുഴലിന്റെ വഴിവിട്ട്‌ മാറി ഒഴുകാന്‍ ഒട്ടും കൂട്ടാക്കിയില്ല. ഉത്തമസംഗീതജ്ഞനാവുക എന്ന ലക്ഷ്യത്തിലേക്ക്‌ മനസ്സുതിരിച്ചു വിട്ടുകഴിഞ്ഞ കുട്ടിയെ സാധാരണ വിദ്യാഭ്യാസത്തിന്റെ കുറ്റിയില്‍ കെട്ടാന്‍ സാദ്ധ്യമല്ലെന്ന്‌ ആ പിതാവ്‌ മനസ്സിലാക്കി. ബിസ്‌മില്ലയുടെ സ്കൂള്‍ പഠിപ്പ്‌ അങ്ങനെ അവസാനിച്ചു. പിന്നീടുള്ള വര്‍ഷങ്ങള്‍ സംഗീത സാധനയ്ക്കായി ഉഴിഞ്ഞുവച്ചതായിരുന്നു. ഗംഗയുടെ കരയില്‍ കഴിച്ചുകൂട്ടിയ ബാല്യവും കൗമാരവുമൊക്കെ റിയാസിന്റെ - സാധനയുടെ - കാലഘട്ടമായിരുന്നു. വാരാണസിയിലെ പ്രസിദ്ധ സംഗീതസമ്മേളനങ്ങള്‍ക്കെത്തുന്ന മഹാസംഗീതജ്ഞരുടെ പാട്ടുകേള്‍ക്കുക, സ്വയം സാധന ചെയ്യുക - ഇതുതന്നെയായിരുന്നു ബിസ്‌മില്ലയുടെ നിത്യയജ്ഞം. പലപ്പോഴും ഗംഗയുടെ കരയില്‍ ഒരു പള്ളിയില്‍ തനിച്ചിരുന്ന്‌ ബിസ്‌മില്ല ഗാനസാധകം നടത്തി. ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും സംഗീതമെന്നു തിരിച്ചറിഞ്ഞ ആ ഉപാസകന്‍ എന്നും സന്‌ധ്യയ്ക്കു കാശിയിലെ വിശ്വനാഥക്ഷേത്രത്തില്‍ നാദാര്‍ച്ചനയ്ക്കെത്തിയിരുന്നു. ഭക്‌തിയുടെ ഈറ്റില്ലമായ ഈ പുണ്യനഗരം ബിസ്‌മില്ലയുടെ അടിസ്ഥാന വീക്ഷണങ്ങളെ ബാല്യം മുതല്‍ വളരെയേറെ സ്വാധീനിച്ചു. വ്യത്യസ്‌ത വിശ്വാസങ്ങളുടെ നേര്‍ക്ക്‌ ഉദാരമായ സൗഹാര്‍ദ്ദം പുലര്‍ത്താനും അതിന്റെ ഫലമായി മാത്രം ഉണ്ടാകുന്ന ശാന്തി ഉള്ളുനിറച്ച്‌ അനുഭവിക്കാനും ബിസ്‌മില്ലയ്ക്ക്‌ കഴിഞ്ഞു.

ആദ്യകാലത്ത്‌ സഹോദരനായ ഷംസുദ്ദീന്‍ ഖാനോടൊപ്പം ആയിരുന്നു ബിസ്‌മില്ല കച്ചേരികള്‍ നടത്തിയിരുന്നത്‌. അവിചാരിതമായി ജ്യേഷ്ഠനെ മരണം അപഹരിച്ചപ്പോള്‍ നൊന്തുപോയ അനുജന്റെ കൊച്ചുമനസ്സ്‌ സംഗീതത്തില്‍ നിന്നുപോലും ഉള്‍വലിഞ്ഞുപോയി. കാലം പക്ഷേ, ആ മുറിവുണക്കിയ ശേഷമാണ്‌ ബിസ്‌മില്ല വീണ്ടും ഷെഹ്‌നായി കൈയിലെടുത്തത്‌.

പ്രശസ്‌തി മെല്ലെ ആ കുഴലൂത്തുകാരനെ തേടിയെത്തി. സ്വദേശത്തും വിദേശത്തും ബിസ്‌മില്ലാഖാന്റെ കച്ചേരികള്‍ക്ക്‌ സംഗീതപ്രിയര്‍ കാത്തിരിക്കാന്‍ തുടങ്ങി. എഡിന്‍ബറോയിലെ സംഗീതോത്സവം, ലിവര്‍പൂളിലെ കോമണ്‍വെല്‍ത്ത്‌ സംഗീത സമ്മേളനം തുടങ്ങിയ അന്താരാഷ്‌ട്ര സംഗീതസമ്മേളനങ്ങള്‍ ബിസ്‌മില്ലയെ ക്ഷണിച്ചുകൊണ്ടുപോയി. അവിടൊക്കെ ഖാന്‍ സാഹബിന്റെ ഷെഹ്‌നായ്‌ അതിന്റെ മാസ്‌മരിക മാധുര്യത്താല്‍ ശ്രോതാക്കളെ ഹര്‍ഷപുളകിതരാക്കി.

ബിസ്‌മില്ലയുടെ വാദനം സൗമ്യവും മൃദുലവും സാന്ത്വനക്ഷമവുമാണ്‌. അഭിനന്ദനീയമായ ശ്വാസ നിയന്ത്രണം സ്വരങ്ങളെ സൂക്ഷ്‌മതയോടെ അവതരിപ്പിക്കാനുള്ള കഴിവിനെ അങ്ങേയറ്റം ഫലപ്രദമാക്കുന്നു. അനായാസമാണ്‌ അദ്ദേഹത്തിന്റെ വാദനരീതി. തികഞ്ഞ കൈയടക്കത്തോടെയാണ്‌ അദ്ദേഹം ആലാപും സ്വരപ്രസ്‌താരവും താനുകളും അവതരിപ്പിക്കുന്നത്‌. ഭംഗിയും ചിട്ടയുമുള്ള അടുക്ക്‌ അവയ്ക്കുണ്ട്‌. വ്യാപ്‌തിയിലും വൈദഗ്ദ്ധ്യത്തിലും ഒന്ന്‌ മറ്റൊന്നിനെ നിഷ്‌പ്രഭമാക്കാതെ, വസ്‌തുനിഷ്ഠമായ ഒരടുക്ക്‌. ചാരുതയേറിയ ഭാവവും കാച്ചിക്കുറുക്കിയ മധുരിമയും ചേര്‍ന്ന കാവ്യാത്‌മകത തുളുമ്പി നില്‍ക്കുന്ന ഒരു ശൈലി

'ഭാരത രത്‌നം' വരെയുള്ള അംഗീകാരത്തിന്റെ മഹാ കുംഭാഭിഷേകങ്ങള്‍ ഏറെ നടന്നിട്ടും അതൊന്നും ബിസ്‌മില്ലാഖാന്‍ എന്ന മനുഷ്യനെയോ കലാകാരനെയോ തെല്ലും ബാധിച്ചില്ല. വാരാണസിയിലെ ഇടുങ്ങിയ തെരുവുകളുടെ മദ്ധ്യത്തിലെ പഴയ വീട്ടില്‍ നിന്നു മാറിപ്പാര്‍ക്കുന്നതിനെപ്പറ്റി ഓര്‍ക്കാന്‍പോലും ബിസ്‌മില്ലയ്ക്കു കഴിഞ്ഞില്ല. ആ, വലിയ മനുഷ്യന്റെ വേരുകള്‍ ഈ മണ്ണിന്റെ ആഴങ്ങളിലേക്കു പടര്‍ന്നിരുന്നു.

കേരളകൌമുദിയില്‍ വന്ന വാര്‍ത്തകള്‍:

ഉസ്താദ്‌ ബിസ്‌മില്ലാഖാന്‍ രാഗരത്നം മിഴിയടച്ചു
വാരാണസി: ഭാരതം ലോക സംഗീതത്തിന്‌ സമര്‍പ്പിച്ച മഹാവാദ്യത്തിന്റെ ഹൃദയം നിലച്ചു. ഷെഹ്‌നായിയെ മനുഷ്യന്റെ തീവ്രവികാരങ്ങളും സംഗീതത്തിന്റെ അലൗകികഭാവങ്ങളും പ്രതിഫലിപ്പിക്കുന്ന വാദ്യമാക്കിയ ഉസ്താദ്‌ ബിസ്‌മില്ലാഖാന്‍ നാദപ്രപഞ്ചത്തിന്റെ അപാരതകളിലേക്ക്‌ മറഞ്ഞു.
വാരാണസിയില്‍ ഇന്നലെ പുലര്‍ച്ചെ ഹൃദയസ്തംഭനംമൂലം അന്തരിക്കുമ്പോള്‍ 91 വയസ്സായിരുന്നു അദ്ദേഹത്തിന്‌.
പ്രായത്തിന്റെ അവശതകള്‍ അലട്ടിയിരുന്ന ഉസ്താദ്‌ ബിസ്‌മില്ലാഖാനെ കഴിഞ്ഞ വ്യാഴാഴ്ചയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പിന്നീട്‌ നില അല്‌പം മെച്ചപ്പെട്ടെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ അദ്ദേഹം ഗുരുതരാവസ്ഥയിലായി. ഒന്നേമുക്കാല്‍ മണിയോടെ ഉണ്ടായ ഹൃദയസ്തംഭനം സംഗീതത്തിലെ ആ മഹാഗുരുവിന്റെ ജീവിതത്തിനു വിരാമമിട്ടു.ഭൗതികദേഹം വാരാണസിയിലെ ഹരസരായിയിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചു. അവിടെ ബിസ്‌മില്ലാഖാന്‌ അന്ത്യപ്രണാമം അര്‍പ്പിക്കാന്‍ ആരാധകരും സാധാരണക്കാരും പ്രവഹിച്ചു.
ഇന്നലെ വൈകിട്ട്‌ ഭൗതികദേഹം ദുഃഖസാന്ദ്രമായ അന്തരീക്ഷത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ഉസ്താദ്‌ ബിസ്‌മില്ലാഖാന്‌ അഞ്ചു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ട്‌. അദ്ദേഹത്തോടുള്ള ആദരസൂചകമായി കേന്ദ്ര ഗവണ്‍മെന്റ്‌ ഇന്നലെ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

സരസ്വതിയില്‍ ലയിച്ച സംഗീതം
ക്ഷേത്രനഗരമായ കാശിയും പുണ്യനദിയായ ഗംഗയും വാഗ്‌ദേവി സരസ്വതിയും ഉസ്താദ്‌ ബിസ്‌മില്ലാഖാന്റെ ആത്‌മാവില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. ബീഹാറിലെ പഴയ നാട്ടുരാജ്യമായ ധുംറാവോയിലെ പുരാതന മുസ്ലിം കുടുംബത്തില്‍ ജനിച്ച ബിസ്‌മില്ലാഖാനെ കാശിയിലെത്തിച്ചത്‌ സംഗീതമാണ്‌. കൊട്ടാരം സംഗീതജ്ഞരുടെ കുടുംബത്തില്‍ 1916 മാര്‍ച്ച്‌ 21ന്‌ ജനനം. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഷെഹ്‌നായി വാദകനായിരുന്ന അമ്മാവന്‍ അലിബക്‌സ്‌ വിലായത്തിന്റെ അടുത്ത്‌ സംഗീതം അഭ്യസിക്കാനാണ്‌ ബിസ്‌മില്ലാഖാന്‍ വാരാണസിയിലെത്തിയത്‌. പിന്നെ സംഗീതത്തിന്റെ ഗംഗാ പ്രവാഹത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
ഷെഹ്‌നായി എന്ന വാദ്യത്തെ കല്യാണ മണ്‌ഡപത്തില്‍നിന്ന്‌ ക്‌ളാസിക്കല്‍ കച്ചേരിയുടെ ആഢ്യത്വത്തിലേക്ക്‌ അദ്ദേഹം ഉയര്‍ത്തി. ആ ഉപാസനയും തപസും അംഗീകാരത്തിന്റെ നിരവധി മുദ്രകള്‍ ബിസ്‌മില്ലാഖാന്‌ ചാര്‍ത്തിക്കൊടുത്തു. പദ്‌മശ്രീ, പദ്‌മഭൂഷണ്‍, പദ്‌മവിഭൂഷണ്‍, ഭാരതരത്‌നം- നാലു സിവിലിയന്‍ ബഹുമതികളും നല്‍കി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചു. ഭാരതരത്‌നം ലഭിച്ച മൂന്നു സംഗീതജ്ഞരില്‍ ഒരാള്‍ ബിസ്‌മില്ലാഖാനാണ്‌. പണ്‌ഡിറ്റ്‌ രവിശങ്കറും എം.എസ്‌. സുബ്ബലക്ഷ്‌മിയുമാണ്‌ മറ്റു രണ്ടുപേര്‍.
പക്ഷേ ഈ പ്രശസ്തിയും സംഗീതത്തിലൂടെ കൈവരുമായിരുന്ന ഭൗതികസമൃദ്ധിയും സരസ്വതി ഭക്തനായ ബിസ്‌മില്ലാഖാനെ പ്രലോഭിപ്പിച്ചില്ല. സൈക്കിള്‍ റിക്ഷയായിരുന്നു ഇഷ്‌ട വാഹനം. അമേരിക്കയില്‍ ചെല്ലാന്‍ അവിടെ ബനാറസ്‌ തന്നെ സൃഷ്‌ടിച്ചുതരാം എന്ന്‌ വാഗ്‌ദാനം വന്നപ്പോള്‍ "എന്റെ ഗംഗയെ അവിടെക്കൊണ്ടുവരാന്‍ നിങ്ങള്‍ക്ക്‌ കഴിയില്ലല്ലോ" എന്നായിരുന്നു ആ സംഗീത താപസന്റെ മറുപടി.

അവസാന ആഗ്രഹം നിറവേറ്റാതെ...
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ചുവപ്പു കോട്ടയും അവിടെ തടിച്ചുകൂടിയ ജനങ്ങളും ഒരിക്കല്‍ ബിസ്‌മില്ലാഖാന്റെ ഷെഹ്‌നായി സംഗീതത്തിന്റെ മാസ്‌മരികതയില്‍ ലയിച്ചുപോയി.... ഇന്ത്യയുടെ ആദ്യ സ്വാതന്ത്യ്‌രദിനത്തില്‍.
അതുപോലെ ഇന്ത്യാഗേറ്റില്‍ ഷെഹ്‌നായി വായിക്കണമെന്നത്‌ ബിസ്‌മില്ലാഖാന്റെ വലിയൊരു അഭിലാഷമായിരുന്നു. ഒരുപക്ഷേ, അവസാനത്തെ ആഗ്രഹം...
ഇന്ത്യന്‍ ജനതയെ തലമുറകളായി ഷെഹ്‌നായിയുടെ മാന്ത്രികതയ്ക്കു കീഴ്പ്പെടുത്തിയ അദ്ദേഹത്തിന്‌ ഇന്ത്യാഗേറ്റിലെ ഷെഹ്‌നായി വായന അവിസ്‌മരണീയമാക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ആ ആഗ്രഹം നിറവേറ്റാനാവാതെയാണ്‌ അദ്ദേഹം വിടവാങ്ങിയത്‌. ആഗസ്റ്റ്‌ 9ന്‌ തീരുമാനിച്ചിരുന്ന ആ പരിപാടി സുരക്ഷാകാരണങ്ങളാല്‍ ഒഴിവാക്കുകയായിരുന്നു.
എന്നാല്‍ താന്‍ മുസല്‍മാനായതുകൊണ്ട്‌ ഇന്ത്യാഗേറ്റില്‍ ഷെഹ്‌നായി വാദനത്തിനുള്ള അവസരം നിഷേധിച്ചു എന്ന്‌ അദ്ദേഹം സങ്കടം പറഞ്ഞിരുന്നു. പിന്നീട്‌ അദ്ദേഹം അത്‌ തിരുത്തിപ്പറയുകയും ചെയ്‌തു.
"സംഗീതത്തിന്‌ ജാതിയില്ല. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും എനിക്ക്‌ സ്‌നേഹം മാത്രമേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ അഞ്ചു ദശകങ്ങള്‍ക്കിടയില്‍ ഉന്നതമായ നാലു സിവിലിയന്‍ പുരസ്കാരങ്ങളും നല്‍കി രാഷ്‌ട്രം എന്നെ ആദരിച്ചു. മുസ്ലിം എന്ന നിലയില്‍ എനിക്ക്‌ യാതൊരു വേര്‍തിരിവും അനുഭവിക്കേണ്ടിവന്നിട്ടില്ല", എന്നാണദ്ദേഹം പറഞ്ഞത്‌.

കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍

ഞായറാഴ്‌ച, ഓഗസ്റ്റ് 20, 2006

രാമായണസന്ധ്യകളേ വിട

രാമായണസന്ധ്യകളേ വിട

രാമായണകഥയുമായി സാമ്യമുള്ള സന്ദര്‍ഭങ്ങള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ ഉണ്ടായിട്ടുണ്ട്‌.
ഇപ്പോഴത്തെ മഹാരാജാവായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാമായണമാസം പൂര്‍ത്തിയാകവെ
ആ സുവര്‍ണ സ്‌മരണകളില്‍ മുഴുകുന്നു

കൊട്ടാരത്തില്‍ ഒരു കുഞ്ഞുണ്ടായാല്‍ 56-ാ‍മത്തെ ദിവസം ആ കുഞ്ഞിനെ പത്‌മനാഭസ്വാമി ക്ഷേത്രത്തില്‍ കൊണ്ടുപോകും. അവിടെ ഒറ്റക്കല്‍മണ്‌ഡപത്തില്‍ തുണിയൊന്നും വിരിക്കാതെ വെറുതേ കിടത്തും. അവനവിടെ ഉരുണ്ടും കളിച്ചുമൊക്കെയിരിക്കും. അന്നു തുടങ്ങുന്നതാണ്‌ ക്ഷേത്രവുമായിട്ടുള്ള ആ കുഞ്ഞിന്റെ ബന്‌ധം.

പത്‌മനാഭസ്വാമിയെ തൊഴുതുകഴിഞ്ഞാല്‍ പിന്നെ തൊഴുന്നത്‌ ശ്രീരാമനെയാണ്‌ പിന്നെ നിര്‍മ്മാല്യമൂര്‍ത്തി, നരസിംഹമൂര്‍ത്തി, വേദവ്യാസന്‍, ശ്രീകൃഷ്‌ണന്‍ ഇങ്ങനെയാണ്‌ ഞങ്ങള്‍ തൊഴുന്ന രീതി.
ശ്രീരാമനും ശ്രീകൃഷ്‌ണനും മാത്രമാണ്‌ പൂര്‍ണ അവതാരങ്ങള്‍. മറ്റ്‌ അവതാരങ്ങള്‍ അവതാരോദ്ദേശ്യം നടത്തി മടങ്ങിപ്പോയപ്പോള്‍ ശ്രീരാമനും ശ്രീകൃഷ്‌ണനും ഒരു പുരുഷായുസ്സ്‌ മുഴുവനും ഇവിടെ ജീവിച്ചു. മഹാഭാരത യുദ്ധസമയത്ത്‌ ശ്രീകൃഷ്‌ണന്‌ 103 വയസ്സായിരുന്നു. അര്‍ജ്ജുനന്‌ 88- ഉം.
ഈ രാമായണ മാസത്തില്‍ ഞാനിതൊക്കെ പറയുന്നത്‌ പുരാണങ്ങളിലെ കഥകള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെ നന്നായി സ്വാധീനിച്ചിട്ടുള്ളതുകൊണ്ടാണ്‌. അതാണ്‌ ഞാന്‍ പറഞ്ഞുവരുന്നത്‌. ഈ കുടുംബത്തിന്‌ രാമായണമെന്നു പറഞ്ഞാല്‍ മധുപര്‍ക്കം പോലെയാണ്‌. ഒത്തിരി ബന്‌ധമുണ്ട്‌ രാമായണവുമായിട്ട്‌. നാലുകെട്ട്‌ എന്ന സങ്കല്‍പം നടപ്പിലാക്കിയത്‌ തിരുവിതാംകൂര്‍ രാജാക്കന്മാരാണ്‌, നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌. ഇത്‌ രാമായണകഥയില്‍ നിന്ന്‌ രൂപപ്പെട്ടതാണ്‌. രാമനെ തിരികെ കൂട്ടിക്കൊണ്ടുവരാന്‍ ഭരതനും അമ്മമാരും പതിനായിരം ഭടന്മാരുമാണ്‌ പോകുന്നത്‌. ഭരദ്വാജാശ്രമം കടന്നുവേണം ഇവര്‍ക്ക്‌ പോകാന്‍. തന്റെ ആതിഥ്യം സ്വീകരിക്കണമെന്ന്‌ ഭരദ്വാജന്‍ അവരോടു പറഞ്ഞു. ഇത്രയും പേര്‍ക്ക്‌ ആശ്രമത്തില്‍ സൗകര്യം കൊടുക്കാന്‍ പറ്റില്ലല്ലോ. മുനി യജ്ഞശാലയില്‍ ചെന്ന്‌ കൈയില്‍ വെള്ളമെടുത്ത്‌ ധ്യാനിച്ച്‌ വിശ്വകര്‍മ്മാവിനെ വിളിച്ചു. പതിനായിരം ഭടന്മാര്‍ക്കു താമസിക്കാന്‍ സൗകര്യമുള്ള മണിമന്ദിരവും ഭരതന്‌ താമസിക്കാന്‍ പ്രത്യേകം ഒരു മാളികയും ഒരുക്കാന്‍ ആവശ്യപ്പെട്ടു. അന്ന്‌ വിശ്വകര്‍മ്മാവ്‌ ചതുരാകൃതിയില്‍ ഭടന്മാര്‍ക്കും മധ്യത്തില്‍ ഭരതനും താമസസൗകര്യമുള്ള ഒരു മന്ദിരമാണുണ്ടാക്കിയത്‌. ഈ സങ്കല്‍പത്തില്‍ നിന്നുണ്ടായതാണ്‌ നാലുകെട്ട്‌. ഇത്‌ ഒരു രാമായണബന്‌ധം.

ഭരതന്‍ എത്ര നിര്‍ബന്‌ധിച്ചിട്ടും ശ്രീരാമന്‍ വഴങ്ങാതെ വന്നപ്പോള്‍ രാമന്റെ മെതിയടി വാങ്ങി അത്‌ ശിരസ്സിലേറ്റി അയോദ്ധ്യയില്‍ കൊണ്ടുവന്ന്‌ സിംഹാസനത്തില്‍ വച്ച്‌ പൂജിച്ച്‌ അതിന്റെ ദാസനായിട്ടായിരുന്നല്ലോ ഭരതന്‍ രാജഭരണം നടത്തിയത്‌. ഞങ്ങളും അതുപോലെയല്ലേ ചെയ്തത്‌? 1750-ല്‍ രാജ്യം ഞങ്ങള്‍ പത്‌മനാഭസ്വാമിക്ക്‌ സമര്‍പ്പിച്ചില്ലെ? ഉടവാള്‍ ഞങ്ങള്‍ ആ കാല്‍ക്കല്‍ വച്ച്‌ പത്‌മനാഭദാസന്മാരായിട്ടല്ലെ രാജ്യം ഭരിച്ചത്‌? ഇതും ഒരു രാമായണബന്‌ധം.
ഞങ്ങളുടെ രാജ്യത്ത്‌ രാമന്‍ വന്നു എന്ന്‌ പുരാണങ്ങള്‍ തന്നെ പറയുന്നുണ്ട്‌. ശബരിമലയില്‍ രാമന്‍ വന്നുവെന്നും ശബരിക്ക്‌ മോക്ഷം നല്‍കിയെന്നും വായിച്ചിട്ടില്ലേ, അതുപോലെ രാമന്‍ അയ്യപ്പനെ കണ്ടു എന്നും ആ ദിവസമാണ്‌ മകരവിളക്കെന്നും പറയുന്നുണ്ടല്ലോ. ഇതൊക്കെ രാമായണവുമായി ഞങ്ങളുടെ കുടുംബത്തിന്റെ ബന്‌ധം അറിയിക്കുന്ന കാര്യങ്ങളാണ്‌.

ഞാന്‍ ആദ്യമായി രാമായണകഥ കേള്‍ക്കുന്നത്‌ മുത്തശ്ശിയുടെ മടിയില്‍ കിടന്നാണ്‌. വാലില്‍ തീ പിടിച്ച ഹനുമാന്‍ ലങ്കയിലൂടെ ചാടിച്ചാടി പോകുന്നതും ഒക്കെ അന്ന്‌ അമ്മേടെ അമ്മ പറഞ്ഞു തന്നത്‌ അതുപോലെ നില്‍ക്കുന്നു മനസ്സില്‍. രാമായണമാസത്തില്‍ മാത്രമല്ല, കൊട്ടാരത്തില്‍ രാമായണ പാരായണം എല്ലാ ദിവസവും ഉണ്ട്‌. രാമായണം മാത്രമല്ല, ഭാഗവതം തുടങ്ങി പലതും പാരായണം ചെയ്യാറുണ്ട്‌. അന്ന്‌ പാരായണം കൂടാതെ രാമായണ മാസത്തില്‍ കഥകളി പോലുള്ള കലാരൂപങ്ങളിലൂടെ രാമായണകഥ കൊട്ടാരത്തില്‍ വച്ച്‌ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്‌. ഞങ്ങളുടെ കുടുംബാംഗമാണ്‌ പലദൈവങ്ങളുടെയും രൂപം വരയിലൂടെ ജനങ്ങള്‍ക്ക്‌ കാട്ടിക്കൊടുത്തത്‌. എന്റെ മുത്തശ്ശീടെ അച്ഛനാണ്‌ രാജാരവിവര്‍മ്മ. സ്വാതിതിരുനാളിന്റെ ദേവീശ്ലോകത്തില്‍, ലക്ഷ്‌മീദേവിയെ വര്‍ണ്ണിക്കുന്നത്‌ ഉള്‍ക്കൊണ്ടാണ്‌ വെള്ളസാരി ഉടുത്ത്‌ താമരയില്‍ നില്‍ക്കുന്നതും ഇരുവശത്തും തുമ്പിക്കൈയില്‍ മാലയുമായി ഓരോ ആന നില്‍ക്കുന്നതുമായ ലക്ഷ്‌മീദേവിയുടെ രൂപം അദ്ദേഹം വരച്ചതെന്ന്‌ മുത്തശ്ശി പറയാറുണ്ടായിരുന്നു.

രാമായണത്തില്‍ എന്നെ സ്വാധീനിച്ചിട്ടുള്ള കഥാപാത്രം രാമന്‍ തന്നെയാണ്‌. പിന്നീട്‌ ലക്ഷ്‌മണനും. ലക്ഷ്‌മണന്‌ വനവാസത്തിനു പോകുംമുമ്പു സുമിത്ര നല്‍കുന്ന ഉപദേശം എത്രയോ ഹൃദയസ്‌പര്‍ശിയാണ്‌. ജ്യേഷ്ഠന്‍ തിരുമനസ്സിനോട്‌ (ശ്രീചിത്തിരതിരുനാള്‍) എനിക്കും ലക്ഷ്‌മണന്‌ രാമനോടുള്ളതുപോലെ ആദരവും സ്‌നേഹവും ഒക്കെയായിരുന്നു. ഞങ്ങളെ രാമലക്ഷ്‌മണന്മാരെന്ന്‌ പലരും വിശേഷിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു വിശേഷദിവസം ബാംഗ്ലൂരിലെ ഞങ്ങളുടെ ഒരു ഫാക്‌ടറിയിലെ തൊഴിലാളികളെ എല്ലാം ഇവിടെ തിരുവിതാംകൂറില്‍ കൊണ്ടുവന്ന്‌ സല്‍ക്കരിച്ചു. അവരാണ്‌ രാമല ക്ഷമണന്‍മാര്‍ എന്ന്‌ ആദ്യം വിശേഷിപ്പിച്ചത്‌. ഇന്നും ഞാനോര്‍ക്കുന്നു ഒത്തിരി സന്തോഷിച്ച ആ നിമിഷം.
രാമായണം ഞാന്‍ പലപ്രാവശ്യം വായിച്ചിട്ടുണ്ട്‌. സുന്ദരകാണ്‌ഡമൊക്കെ ആവര്‍ത്തിച്ച്‌ വായിച്ചിട്ടുണ്ട്‌.
ഒരുപാട്‌ നല്ല കാര്യങ്ങളുണ്ട്‌ രാമായണത്തില്‍. ഇതൊക്കെ പാഠമാക്കണം. ജീവിതത്തില്‍ നടപ്പാക്കണം. രാമരാജ്യം എന്ന ഒരു ഉത്തമമാതൃക മുന്നിലുള്ളപ്പോള്‍ എന്തിന്‌ പിന്നിലേക്ക്‌ പോണം. നല്ല നാളേക്ക്‌ രാമായണത്തിലെ നന്മ ഉള്‍ക്കൊണ്ടുകൊണ്ട്‌ നമുക്ക്‌ ജീവിക്കാം.


കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

ബ്ലോഗുലകം - സി.പി.ബിജു (മാതൃഭൂമി ഓണ്‍ലൈന്‍‌)

ബ്ലോഗുലകം

വിദേശത്തു ജീവിക്കുന്ന മലയാളിയുടെ പുതിയ തലമുറ മാതൃഭാഷയ്ക്ക്‌ പുനര്‍ജന്മം നല്‍കുകയാണ്‌. ഇല്ല, മലയാളം മരിക്കുന്നില്ല,
മരിക്കുകയുമില്ല. അതിവേഗം പടര്‍ന്നുപിടിക്കുന്ന 'ബ്ലോഗുകള്‍' എന്ന പുതിയ മാധ്യമത്തില്‍ മലയാളം സ്ഥാനം നേടിക്കഴിഞ്ഞു. സൈബര്‍
ലോകത്ത്‌ സ്വന്തമായി വേദിയുണ്ടാക്കി ആത്മാവിഷ്ക്കാരം നല്‍കുന്ന പുതിയ കാലത്തിന്റെ 'ബുലോഗ' വാസികളെ പരിചയപ്പെടുക

സി.പി.ബിജു

കാക്കത്തൊള്ളായിരം ഡിജിറ്റല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരുപാട്‌ കമ്പ്യൂട്ടറുകളില്‍ അങ്ങിങ്ങായി കിടന്നിരുന്ന ബിറ്റ്‌സുകളെയും ബൈറ്റ്‌സുകളെയും കണ്ടപ്പോള്‍ ദൈവത്തിന്‌ ഒരു കൗതുകം. എന്നാല്‍, ഇവര്‍ക്കു കൂട്ടുകാരെ കൊടുത്താലോ, ദൈവം ചിന്തയിലാണ്ടു. 'ഇ മെയിലുകള്‍ ഉണ്ടാവട്ടെ!' ദൈവത്തിന്റെ ഗര്‍ജനം കേട്ട്‌ കമ്പ്യൂട്ടര്‍ ഡിസ്കുകള്‍ കിടുങ്ങി. അങ്ങനെ ആദ്യത്തെ ഇ മെയില്‍ പോലൊരു മെസ്സേജ്‌ 1965-ല്‍ ഒരു കമ്പ്യൂട്ടറില്‍നിന്നു മറ്റൊന്നിലേക്ക്‌ ചീറിപ്പാഞ്ഞു.
ആല്‍മരത്തില്‍നിന്നു വേരുകള്‍ ഇറങ്ങിവരുംപോലെ ഒരു കമ്പ്യൂട്ടറില്‍ അനവധി കമ്പ്യൂട്ടറുകള്‍ ഘടിപ്പിച്ച അതികായന്‍ കമ്പ്യൂട്ടറായിരുന്നു മെയിന്‍ ഫ്രെയിമുകള്‍.
ഈ മെയിന്‍ ഫ്രെയിമുകള്‍ 'ബുദ്ധി' സ്വന്തമാക്കിവെച്ചിരുന്നു. അതില്‍ ഘടിപ്പിച്ച ബുദ്ധിയില്ലാ കമ്പ്യൂട്ടറുകള്‍, കുറച്ചു വിവരം തരുമോ എന്നുചോദിച്ച്‌ അയച്ച
സനേ്ദശങ്ങളാണത്രെ ആദ്യത്തെ ഇ മെയില്‍ സനേ്ദശങ്ങള്‍...

ബ്ലോഗിങ്ങിന്റെ ഉത്‌പത്തിയും വികാസവും വിവരിക്കുന്ന ഒരു ബ്ലോഗ്‌ പോസ്റ്റിന്റെ തുടക്കമാണിത്‌. കുഞ്ഞിപ്പെണ്ണ്‌ എന്ന പേരില്‍ മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്ന ഇവര്‍ അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറായി ജോലിചെയ്യുന്നു.

ഇന്റര്‍ നെറ്റ്‌ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ അതിവേഗം പടര്‍ന്നു വ്യാപിക്കുന്ന മാധ്യമ തരംഗമാണ്‌ ബ്ലോഗിങ്‌. മലയാളം ബ്ലോഗിങ്ങും ഏറെ ശക്തവും വ്യാപകവുമായിക്കഴിഞ്ഞു.

എന്താണ്‌ ബ്ലോഗിങ്‌ എന്നു മനസ്സിലാക്കണമെങ്കില്‍ ഇന്റര്‍ നെറ്റിനെയും ഇ മെയിലിനെയും കുറിച്ചുള്ള പ്രാഥമിക ജ്ഞാനമെങ്കിലും വേണം. ഇന്റര്‍ നെറ്റിലൂടെ സാധിക്കുന്ന ഒരു ആശയവിനിമയ, പ്രസിദ്ധീകരണ രീതിയാണ്‌ ബ്ലോഗിങ്‌. അത്‌ ആത്മാവിഷ്കാരത്തിനുള്ള ഒരുപാധിയാണ്‌. അനന്തമായ സൈബര്‍ പ്രപഞ്ചത്തിലേക്കു തുറന്നുവെച്ച ഒരു സ്വകാര്യ ഡയറിയാണ്‌. ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനുമുള്ള ഒരു മാധ്യമവും വേദിയുമാണ്‌. ഇന്റര്‍ നെറ്റ്‌ കണക്ഷനുണ്ടെങ്കില്‍ ഒരു പൈസപോലും ചെലവാക്കാതെ ഇതൊക്കെ സാധ്യമാവുന്നു.

ഇന്റര്‍ നെറ്റിലൂടെ പ്രാപിക്കാനാവുന്ന അതീത ലോകത്ത്‌ നമുക്കോരോരുത്തര്‍ക്കും സ്വന്തം ഇടമുണ്ടാക്കാനും അവിടെ ആത്മപ്രകാശനം നടത്താനുമുള്ള രീതിയാണ്‌ ബ്ലോഗിങ്‌. അതിനു കാര്യമായ സാങ്കേതികജ്ഞാനമൊന്നും ആവശ്യമില്ല. ഇ മെയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആര്‍ക്കും ബ്ലോഗുചെയ്യാനുമാവും. ഇ മെയില്‍ രജിസ്റ്റര്‍ ചെയ്ത്‌ സ്വന്തം വിലാസം സ്ഥാപിച്ചെടുക്കുന്നതുപോലെ ആര്‍ക്കും എളുപ്പത്തില്‍ ബ്ലോഗ്‌ തുടങ്ങാവുന്നതേയുള്ളൂ. ബ്ലോഗര്‍, യാഹു തുടങ്ങി ബ്ലോഗ്‌ രജിസ്റ്റര്‍ ചെയ്യാവുന്ന സൈറ്റുകള്‍ അനവധിയുണ്ട്‌. ഒന്നോ രണ്ടോ മിനിറ്റുകൊണ്ട്‌ ആര്‍ക്കും സ്വന്തമായി ബ്ലോഗു തുടങ്ങാം. ഒരാള്‍ക്ക്‌ നിരവധി ഇ മെയില്‍ ഐഡികള്‍ ഉണ്ടാക്കാവുന്നതുപോലെ നിരവധി ബ്ലോഗുകളും തുടങ്ങാം. സ്വന്തം പേരുവിവരങ്ങള്‍ വെളിപ്പെടുത്താനോ മറച്ചുവെക്കാനോ സ്വാതന്ത്ര്യമുണ്ട്‌. മലയാളത്തില്‍ ബ്ലോഗുചെയ്യുന്ന പ്രമുഖരായ വക്കാരിമഷ്ടാ, കുഞ്ഞിപ്പെണ്ണ്‌ തുടങ്ങി പലരും അജ്ഞാതരായി കഴിയാന്‍ ഇഷ്ടപ്പെടുന്നവരാണ്‌. അതേസമയം ഉമേഷ്‌, സിബു, അരവിന്ദന്‍, ജ്യോതിര്‍മയി, അതുല്യ തുടങ്ങിയവരൊക്കെ സ്വന്തം പേരില്‍ത്തന്നെ ബ്ലോഗുചെയ്യുന്നു. വിശാലമനസ്കന്‍, പെരിങ്ങോടന്‍, ശനിയന്‍,
കുറുമാന്‍, കല്ലേച്ചി തുടങ്ങി ഒട്ടേറെപ്പേര്‍ കളിപ്പേരുകളിലാണ്‌ ബ്ലോഗുചെയ്യുന്നതെങ്കിലും തികഞ്ഞ അജ്ഞാതവാസക്കാരല്ല.

സ്വന്തമായി ബ്ലോഗു തുടങ്ങിക്കഴിഞ്ഞാല്‍ സൈബര്‍ ലോകത്ത്‌ നാമൊരു വേദി സ്വന്തമാക്കിക്കഴിഞ്ഞു. അവിടെ ആത്മപ്രകാശനത്തിനായി എന്തും ചെയ്യാം. കഥകള്‍ പറയാം, കവിതകളെഴുതാം, പാട്ടുകള്‍ പാടാം, ചിത്രങ്ങള്‍ വരയ്ക്കാം, ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാം, വീഡിയോ ദൃശ്യങ്ങളവതരിപ്പിക്കാം, ചര്‍ച്ചകള്‍ നടത്താം അങ്ങനെയങ്ങനെ. ബ്ലോഗില്‍ നമ്മുടെ രചനകള്‍ നല്‍കുന്നതിന്‌ 'പോസ്റ്റ്‌' എന്നു പറയുന്നു.

പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ അമേരിക്കയില്‍ ബ്ലോഗിങ്‌ ശക്തമായിത്തുടങ്ങിയത്‌. അവിടെ സ്വാത്‌മോര്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന
ജസ്റ്റിന്‍ ഹാള്‍ ആദ്യത്തെ ബ്ലോഗര്‍മാരിലൊരാളാണ്‌. ബ്രാഡ്‌ഫിറ്റ്‌സ്‌ പാര്‍ക്ക്‌, ജോണ്‍ കാര്‍മാക്ക്‌ തുടങ്ങിയവരും ആദ്യകാല ബ്ലോഗര്‍മാരില്‍പ്പെടുന്നു. അമേരിക്കയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബ്ലോഗര്‍മാര്‍ കാര്യമായ സ്വാധീനം ചെലുത്തിയതോടെയാണ്‌ ബ്ലോഗിങ്ങിന്റെ സാധ്യതകളെയും പ്രാധാന്യത്തെയും കുറിച്ച്‌ ലോകം കൂടുതലറിഞ്ഞത്‌.മുംബൈ സ്ഫോടനങ്ങള്‍ക്കു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത്‌ ബ്ലോഗുകള്‍ക്കു നിരോധനമേര്‍പ്പെടുത്തിയിരുന്നു. 153 ഇന്റര്‍ നെറ്റ്‌ സേവനദാതാക്കള്‍ 17 വെബ്‌ സൈറ്റുകള്‍ തടഞ്ഞു. ഈ സംഭവം വന്‍ പ്രതിഷേധമുയര്‍ത്തി. ബ്ലോഗിങ്ങിന്‌ രാജ്യത്തു കൂടുതല്‍ പ്രചാരം കിട്ടാനും ഈ നിരോധനം സഹായിച്ചു. എല്ലാ നിരോധനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമപ്പുറത്ത്‌ സ്വാതന്ത്ര്യത്തിന്റെ ഒരു പുതുലോകമുയര്‍ത്തുകയാണ്‌ ബ്ലോഗിങ്‌. മിക്കയിടത്തും ബ്ലോഗര്‍മാര്‍ സഭ്യതയുടെയും ആത്മനിയന്ത്രണത്തിന്റെയും തികഞ്ഞ മര്യാദകള്‍ പാലിക്കുന്നുണ്ട്‌. സ്വയം നിയന്ത്രണത്തിന്റെയും സൗഹൃദത്തിന്റെയും ഒരു സുരഭില ലോകമാണ്‌ മലയാളികളുടെ ബ്ലോഗുലകം. ടെലിവിഷന്‍ ചാനലായാലും പത്ര പ്രസിദ്ധീകരണങ്ങളായാലും വെബ്‌പോര്‍ട്ടലുകളായാലും അതിനൊക്കെ എഡിറ്റര്‍മാരും
നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ ബ്ലോഗിങ്ങില്‍ ഇത്തരമൊരു കേന്ദ്രീകൃത നിയന്ത്രണമില്ല. നമ്മുടെ ബ്ലോഗില്‍ നമുക്കിഷ്ടമുള്ള എന്തും പ്രസിദ്ധീകരിക്കാം. അത്‌ വാര്‍ത്തയോ വിമര്‍ശനമോ ആകാം, കഥയോ കവിതയോ ആകാം, ജ്യോതിഷമോ ടെക്‌നോളജിയോ ആകാം. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന സമാനഹൃദയര്‍ അവിടേക്ക്‌ എത്തിച്ചേരും. ബ്ലോഗുവായിക്കുന്ന സന്ദര്‍ശകര്‍ക്ക്‌ കമന്റുകള്‍ രേഖപ്പെടുത്താനും അവസരമുണ്ട്‌. നമ്മുടെ ബ്ലോഗില്‍ ഒരാളെഴുതിയ കമന്റ്‌ നമുക്കിഷ്ടപ്പെട്ടില്ലെങ്കില്‍ അതു നീക്കം ചെയ്യാനും കമന്റുകള്‍ നിയന്ത്രിക്കാനും കഴിയും. ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ മാധ്യമ പ്രസ്ഥാനമായ ഗൂഗ്ല്‌ ആണ്‌ ബ്ലോഗര്‍മാര്‍ക്കു പ്രോത്സാഹനവും സൗകര്യവും നല്‍കുന്നത്‌. ഏറ്റവും വലിയ പ്രസ്ഥാനമായിരിക്കുമ്പോള്‍ കുത്തകയുടെ സ്വഭാവം ഒട്ടു പ്രകടിപ്പിക്കാതിരിക്കുകയും കുത്തകകളെ തകര്‍ക്കുകയും ചെയ്യുന്ന ഗൂഗ്‌ളിന്റെ ബ്ലോഗര്‍ എന്ന സംവിധാനമാണ്‌ ലോകത്തേറ്റവുമധികം ബ്ലോഗര്‍മാര്‍ ഉപയോഗിക്കുന്നത്‌.

'ബ്ലോഗര്‍ ഡോട്ട്‌ കോം' എന്ന സൈറ്റില്‍ സൈന്‍ അപ്ചെയ്താല്‍ മൂന്നു സ്റ്റെപ്പുകളിലൂടെ ആര്‍ക്കും ഒരു ബ്ലോഗ്‌ ഉണ്ടാക്കാം. ഇന്റര്‍നെറ്റില്‍ വരമൊഴി ഡൗണ്‍ ലോഡ്‌ ചെയ്താല്‍ മലയാളത്തില്‍ കമ്പോസുചെയ്യാനും കഴിയും. മലയാളം ബ്ലോഗിങ്‌ തുടങ്ങാന്‍ ഇത്രയേ വേണ്ടൂ. എന്തെങ്കിലും സംശയങ്ങളുണ്ടായാല്‍ അതു പരിഹരിക്കാന്‍ സഹായഹസ്തങ്ങളുമായി മുതിര്‍ന്ന ബ്ലോഗര്‍മാര്‍ ബൂലോഗത്ത്‌ എപ്പോഴുമുണ്ട്‌. നാളത്തെ പ്രസിദ്ധീകരണങ്ങളും മാധ്യമങ്ങളുമായി വികസിക്കാനിടയുള്ള ബ്ലോഗുകളുടെ ലോകം നവാഗതര്‍ക്കായി കാത്തിരിക്കുകയാണ്‌.

ഇറാഖ്‌ യുദ്ധകാലത്ത്‌ ബാഗ്ദാദില്‍നിന്ന്‌ റിവര്‍ബെന്‍ഡ്‌ എന്ന പേരില്‍ 24 കാരിയായൊരു യുവതി ബാഗ്ദാദ്‌ ബേണിങ്‌ എന്നൊരു ബ്ലോഗ്‌ തുടങ്ങിയിരുന്നു. മറ്റൊരു
മാധ്യമത്തിലും വരാത്ത ഒട്ടനവധി വിവരങ്ങള്‍ ആ ബ്ലോഗിലൂടെ പുറത്തുവന്നിരുന്നു. ഈ അജ്ഞാത യുവതിയുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ വായിക്കാന്‍ ലോകമെമ്പാടുമുള്ളവര്‍ ഇന്റര്‍നെറ്റിലെത്തിയിരുന്നു.

സുനാമി ഉണ്ടായപ്പോള്‍ മുംബൈയിലെ മൂന്നുപേര്‍ ചേര്‍ന്ന്‌ 'സുനാമി ഹെല്‍പ്പ്‌' എന്നൊരു ബ്ലോഗ്‌ തുടങ്ങി. സുനാമി വാര്‍ത്തകള്‍ നല്‍കുക, ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, സഹായങ്ങള്‍ എത്തിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. മറ്റൊരു മാധ്യമത്തിനും സാധിക്കാത്ത വിധം അതിവിപുലമായ വിധത്തില്‍ സുനാമി വാര്‍ത്തകള്‍ നല്‍കാന്‍ ആ ബ്ലോഗിനു കഴിഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പേരാണ്‌ ആ ബ്ലോഗിലെത്തിയത്‌.

ഇപ്പോള്‍ ഇസ്രായേല്‍ ലെബനനില്‍ നടത്തുന്ന കടന്നാക്രമണങ്ങളെക്കുറിച്ച്‌ കാര്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്‌ ബ്ലോഗുകള്‍. ലബനനില്‍ കഴിയുന്ന നിരവധി സാധാരണക്കാര്‍ സ്വന്തം ബ്ലോഗുകളിലൂടെ ദുരിതവിവരണങ്ങള്‍ നല്‍കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഇത്ര വിപുലമായി പ്രവര്‍ത്തിക്കാനാവില്ല. ലബനനില്‍ യുദ്ധദുരിതമനുഭവിക്കുന്ന സനാ അല്‍ഖലീല്‍ എന്ന ചിത്രകാരിയുടെ ബ്ലോഗില്‍നിന്നുള്ള വിവരങ്ങള്‍ മലയാളത്തിലെ പ്രസിദ്ധീകരണങ്ങളില്‍പ്പോലും വന്നുകഴിഞ്ഞു.

ദുരന്ത കേന്ദ്രങ്ങളില്‍നിന്നു വാര്‍ത്തയെത്തിക്കാനുള്ള സംവിധാനമല്ല ബ്ലോഗ്‌. മുഖ്യമായും അത്‌ ഒരു ആത്മാവിഷ്കാര മാധ്യമമാണ്‌. സൈബര്‍ സ്പേസിലെ ഇന്ത്യന്‍ സംഗീത കൂട്ടായ്മയായ 'ബ്ലോഗ്‌സ്വര' നല്ലൊരുദാഹരണം. ലോകത്തിന്റെ പല ഭാഗങ്ങളിലായി കഴിയുന്ന സംഗീത പ്രേമികളുടെ ഇന്റര്‍നെറ്റ്‌ കൂട്ടായ്മയാണ്‌ ബ്ലോഗ്‌സ്വര. മലയാളിയായ പ്രദീപ്‌ സോമസുന്ദരമാണ്‌ ബ്ലോഗ്‌സ്വരയിലെ ഒരു പ്രമുഖന്‍. അദ്ദേഹത്തിന്റെ ബ്ലോഗ്‌ 'പ്രദീപ്‌ കി ആവാസ്‌ സുനോ'. തമിഴ്‌നാട്ടുകാരനായ സെന്തിലും പ്രദീപുമാണ്‌ ബ്ലോഗ്‌ സ്വരയുടെ തുടക്കക്കാര്‍. ലോകത്തിന്റെ ഒരു ഭാഗത്തിരുന്ന്‌ ഒരാള്‍ പാട്ടെഴുതി ബ്ലോഗില്‍
പോസ്റ്റുചെയ്യുന്നു. മറ്റേതോ ലോകത്തിരുന്ന്‌ അതു വായിക്കുന്നയാള്‍ സംഗീതം പകരുന്നു. ഇതുരണ്ടും കൂട്ടിച്ചേര്‍ത്ത്‌ ചിട്ടപ്പെടുത്തുന്നത്‌ മൂന്നാമതൊരാള്‍. ഇനിയും, അത്‌ സ്വന്തം വീട്ടിലിരുന്നു പാടി റെക്കോഡ്‌ ചെയ്ത്‌ ബ്ലോഗിലിടുന്നത്‌ നാലാമതൊരാളാവും.

കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇപ്പോഴും ഭയന്നുനില്‍ക്കുന്നവരുണ്ട്‌. സാങ്കേതിക വൈദഗ്ദ്ധ്യവും അനായാസം ഇംഗ്ലീഷ്‌ കൈകാര്യം
ചെയ്യാന്‍ കഴിവുമുണ്ടെങ്കിലേ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാനാവൂ എന്ന്‌ അവര്‍ ഭയക്കുന്നു. ടെലിവിഷനോ മൊബെയില്‍ ഫോണോ ഉപയോഗിക്കാന്‍ വേണ്ട സാങ്കേതിക ജ്ഞാനമേ ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്‌ ആവശ്യമുള്ളൂ. ഇന്റര്‍നെറ്റിന്റെ സ്വാഭാവിക ഭാഷ ഇംഗ്ലീഷ്‌ തന്നെ. എങ്കിലും ഇന്ന്‌ മലയാളമുള്‍പ്പെടെ മിക്ക ലോകഭാഷകളും അതിനു വഴങ്ങും. ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും ഭാഷാപണ്ഡിതരും ചേര്‍ന്ന്‌ ഉണ്ടാക്കിയ യൂണികോഡ്‌ സംവിധാനത്തിനു വഴങ്ങുന്ന ഫോണ്ടില്‍ മലയാളം ടൈപ്പുചെയ്യണമെന്നുമാത്രം. മലയാളം കീബോര്‍ഡ്‌ വഴങ്ങാത്തവര്‍ക്ക്‌ ഇംഗ്ലീഷ്‌ കീബോര്‍ഡിലും മലയാളം എഴുതാം. ചാലക്കുടിയിലെ തലോറില്‍ നിന്ന്‌ അമേരിക്കയിലെത്തി ജോലി ചെയ്യുന്ന സിബു സി.ജെ. രൂപം നല്‍കിയ വരമൊഴി സോഫ്റ്റ്‌ വെയര്‍ ഉപയോഗിച്ചാണ്‌ ഇംഗ്ലീഷ്‌ കീബോര്‍ഡില്‍ മലയാളം ടൈപ്പുചെയ്യുന്നത്‌. മലയാളം ബ്ലോഗുകാര്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത്‌ വരമൊഴിയാണ്‌.

ഇന്റര്‍നെറ്റ്‌ ഒരുക്കുന്ന അതീത സൈബര്‍ലോകത്ത്‌ നമുക്കോരോരുത്തര്‍ക്കും ഓരോ ഡയറി നീക്കി വെച്ചിരിക്കുന്നതാണ്‌ ബ്ലോഗ്‌ എന്നു പറയുന്നത്‌. ഈ ഡയറിയില്‍ നമുക്കു സര്‍ഗാവിഷ്കാരം നടത്താം. സമാനഹൃദയര്‍ നമ്മുടെ ഡയറി സന്ദര്‍ശിച്ച്‌ വായിച്ചുകൊള്ളും. അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കും. പ്രോത്സാഹിപ്പിക്കും. കുറ്റവും കുറവുകളും തിരുത്തി നിര്‍ദേശങ്ങള്‍ തരും.

മലയാളം ബ്ലോഗുകള്‍ പ്രചാരത്തിലായിട്ട്‌ ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. അമേരിക്കയിലും ഗള്‍ഫിലുമുള്ള കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാരാണ്‌ മലയാളം ബ്ലോഗിങ്ങിനെ താലോലിച്ചു വളര്‍ത്തുന്നത്‌. ബ്ലോഗിങ്ങിന്റെ ലോകം ഇംഗ്ലീഷില്‍ ബ്ലോഗോസ്ഫിയര്‍ എന്നാണറിയപ്പെടുന്നത്‌. മലയാളത്തിലാകട്ടെ ഇത്‌ 'ബുലോഗ'മാണ്‌. അവിടെ 'ബ്ലോഗുന്ന'വരെ 'ബ്ലോഗ'ന്മാരെന്നും 'ബ്ലോഗിനി'കളെന്നും വിളിക്കുന്നു. അഞ്ഞൂറില്‍ താഴെ ബ്ലോഗര്‍മാരേ ഉള്ളൂവെങ്കിലും വിഷയ വൈവിധ്യം കൊണ്ടും സ്നേഹസൗഹൃദങ്ങള്‍ കൊണ്ടും അതിസമ്പന്നമാണ്‌ 'ബുലോഗം'.

കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാര്‍, ആര്‍ട്ടിസ്റ്റുകള്‍, ഗവേഷണ വിദ്യാര്‍ഥികള്‍, ജേണലിസ്റ്റുകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, കര്‍ഷകര്‍
എന്നിങ്ങനെ 'ബുലോഗത്തെ' പ്രജാവൈവിധ്യവും ശ്രദ്ധേയം തന്നെ. ആഗസ്ത്‌ ആദ്യവാരത്തിലെ നിരീക്ഷണമനുസരിച്ച്‌ നിത്യേന നാലഞ്ചുപേരെങ്കിലും ബൂലോഗത്ത്‌ ഹരിശ്രീ കുറിക്കുന്നു.

'വക്കാരിമഷ്ടാ' എന്ന പേരില്‍ മലയാളത്തില്‍ ബ്ലോഗുന്നത്‌ ജപ്പാനിലുള്ള ഒരു ഗവേഷണ വിദ്യാര്‍ഥിയാണ്‌. തന്നെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ 'വക്കാരി' വെളിപ്പെടുത്തുന്നില്ല. "ജപ്പാനിലെത്തി കുറെക്കാലത്തേക്ക്‌ ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ കുറേശ്ശെ മനസ്സിലായിത്തുടങ്ങി... വക്കാരിമഷ്ടാ" ജാപ്പനീസ്‌ ഭാഷയില്‍ വക്കാരിമഷ്ടാ എന്നു പറഞ്ഞാല്‍ 'മനസ്സിലായി' എന്നര്‍ഥം. ബുലോഗത്തെ സജീവ സാന്നിധ്യങ്ങളിലൊന്നാണ്‌ വക്കാരിയുടേത്‌. സ്വന്തം ബ്ലോഗില്‍ എഴുതുന്നതിനേക്കാള്‍ കമന്റുകളെഴുതുന്നതാണ്‌ ഏറെ പ്രിയം. അതുകൊണ്ട്‌ ബുലോഗത്തെവിടെയുമുണ്ട്‌ വക്കാരിയുടെ സാന്നിധ്യം.

പത്തനംതിട്ടയിലെ ഇലന്തൂരില്‍നിന്ന്‌ അമേരിക്കയിലെ ഒറിഗോണിലെത്തി ജോലിചെയ്യുന്ന കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍ ഉമേഷ്‌ പി. നായര്‍ക്ക്‌ ബുലോഗത്ത്‌ ഒരു ആചാര്യന്റെ സ്ഥാനമാണുള്ളത്‌. ഭാരതത്തിന്റെ ശാസ്ത്ര പൈതൃകത്തെപ്പറ്റി അഭിമാനിക്കുന്ന ഉമേഷ്‌ അതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഗുരുകുലം എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. ഭാരതീയ ഗണിതം, ജ്യോതിശ്ശാസ്ത്രം, ഛന്ദശ്ശാസ്ത്രം തുടങ്ങി പലതും. അതിവിപുലമായ ഒരു അക്ഷരശ്ലോകസമാഹാരവുമുണ്ട്‌ ഗുരുകുലത്തില്‍. സുഭാഷിതത്തില്‍ സംസ്കൃത, മലയാള ശ്ലോകങ്ങള്‍ അര്‍ഥം വിശദീകരിച്ച്‌ പ്രസിദ്ധീകരിക്കുന്നു. കാളിദാസന്റേതുള്‍പ്പെടെയുള്ള ശ്ലോകങ്ങള്‍ക്ക്‌ നാലും അഞ്ചും പരിഭാഷകളാണ്‌ കമന്റുകളായി എത്തുന്നത്‌. റഷ്യനില്‍നിന്നും ഇംഗ്ലീഷില്‍നിന്നുമുള്ള കവിതാവിവര്‍ത്തനങ്ങളുമുണ്ട്‌ ഉമേഷിന്റെ ബ്ലോഗില്‍.

'ദേവരാഗം' എന്ന പേരില്‍ ബ്ലോഗുചെയ്യുന്ന ദേവാനന്ദ്‌ പിള്ള കുണ്ടറ സ്വദേശിയാണ്‌. 'ആയുരാരോഗ്യം' എന്ന ബ്ലോഗില്‍ വൈദ്യശാസ്ത്ര സംബന്ധമായലേഖനങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുന്നു. 'തണുപ്പന്‍' എന്ന ബ്ലോഗര്‍ റഷ്യയില്‍നിന്നാണ്‌ ബുലോഗത്തെത്തുന്നത്‌. പാലക്കാട്ടുനിന്ന്‌ പുണെയിലെത്തി ജോലി ചെയ്യുന്ന ഷിജു അലക്സിന്റെ 'അനന്തം അജ്ഞാതം അവര്‍ണനീയം' എന്ന ബ്ലോഗില്‍ അതിസങ്കീര്‍ണമായ ജ്യോതിശ്ശാസ്ത്ര വിവരങ്ങള്‍ വളരെ ലളിതമായി ചിത്രങ്ങളുടെയും ഗ്രാഫിക്കുകളുടെയും സഹായത്തോടെ വിവരിക്കുന്നു.

നെയ്യാറ്റിന്‍കരയിലെ കര്‍ഷകനായ ചന്ദ്രശേഖരന്‍ ബുലോഗത്തെ മുതിര്‍ന്ന അംഗങ്ങളിലൊരാളാണ്‌. റബ്ബറും തെങ്ങും ഉള്‍പ്പെടെ കേരളത്തിലെ കാര്‍ഷിക
മേഖലയെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ ഇവിടെയുണ്ട്‌.

പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍ എന്ന ബ്ലോഗില്‍ മലയാളത്തിലെ വിവിധ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളെ കണിശമായി വിശകലനം ചെയ്യുന്നു. ഉമേഷ്‌, മഞ്ജിത്ത്‌,
കുട്ട്യേടത്തി, ഏവൂരാന്‍, കുറുമാന്‍, വക്കാരിമഷ്ടാ എന്നിവരാണ്‌ ഈ ബ്ലോഗിലെ മുഖ്യ സഹകാരികള്‍. 'കറിവേപ്പില' എന്ന പേരില്‍ രുചികരമായ പാചകക്കുറിപ്പുകള്‍ എഴുതി ചിത്രം സഹിതം പ്രസിദ്ധീകരിക്കുന്നത്‌ കണ്ണൂരിലെ ഒരു വീട്ടമ്മ. ബാംഗ്ലൂരില്‍ അധ്യാപികയായ ജ്യോതിര്‍മയിയുടെ 'ജ്യോതിര്‍ഗമ' എന്ന ബ്ലോഗില്‍ സംസ്കൃത ശ്ലോകങ്ങളും കവിതകളുമാണ്‌ ഏറെ. ഡല്‍ഹിയില്‍നിന്നു ബ്ലോഗ്‌ ചെയ്യുന്ന പാര്‍വതിയുടെ 'മഴവില്ലും മയില്‍പ്പീലിയും' എന്ന ബ്ലോഗില്‍ നിറയെ കഥകളും കവിതകളുമാണ്‌.

പത്രപ്രവര്‍ത്തകനായ എന്‍.പി.രാജേന്ദ്രന്റെ ബ്ലോഗില്‍ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങള്‍ വായിക്കാം.

കലേഷ്‌കുമാറിന്റെ 'സാംസ്കാരികം' എന്ന ബ്ലോഗില്‍ മലയാളത്തിലെ പത്രമാധ്യമങ്ങളില്‍നിന്നുള്ള പ്രമുഖ ലേഖനങ്ങളും കുറിപ്പുകളും മറ്റും ഉദ്ധരിക്കുന്നു. ബൂലോഗത്തെ സൂപ്പര്‍ഹിറ്റുകള്‍ വിശാലമനസ്കന്റെയും അരവിന്ദന്റെയും പോസ്റ്റുകളാണ്‌. തൃശ്ശൂര്‍ കൊടകരയില്‍നിന്ന്‌ ദുബായിലെത്തി ജോലിചെയ്യുന്ന സജീവ്‌
എടത്താടനാണ്‌ വിശാലമനസ്കന്‍ എന്ന പേരില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നത്‌. പത്തനംതിട്ടയിലെ വെണ്ണിക്കുളത്തുനിന്ന്‌ ഗള്‍ഫിലെത്തി ജോലിചെയ്യുന്നു അരവിന്ദന്‍. സ്വന്തം ഗ്രാമത്തില്‍നിന്നും ജീവിതത്തില്‍നിന്നുമുള്ള അതീവ രസകരമായ ചെറു സംഭവങ്ങളാണ്‌ അത്യാകര്‍ഷകമായ ഭാഷയില്‍ തികഞ്ഞ ആഖ്യാനപാടവത്തോടെ ഇവര്‍ അവതരിപ്പിക്കുന്നത്‌. പലപ്പോഴും ഇവരുടെ പ്രയോഗങ്ങളും നര്‍മഭാവനകളും വി.കെ.എന്‍. സാഹിത്യത്തോടു കിടപിടിക്കുന്നു. വിശാല മനസ്കന്റെ ബ്ലോഗില്‍ ഏറ്റവും ചുവടെ കാണുന്നതിങ്ങനെ: "എടത്താടന്‍ മുത്തപ്പന്‍ ഈ ബ്ലോഗിന്റെ നാഥന്‍!"

വിശാലമനസ്കന്റെ 'കൊടകര പുരാണം' ബുലോഗത്തിനു പുറത്തും ഇന്റര്‍നെറ്റില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്‌. ബുലോഗ ഗ്രന്ഥശാലയില്‍ ഇപ്പോള്‍ രണ്ടു പുസ്തകങ്ങളുണ്ട്‌. പെരിങ്ങോടന്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന നീട്ടിയത്തു രാജ്‌നായരുടെ 'പെരിങ്ങോടന്റെ കഥകളും' 'കൊടകര പുരാണവും'. ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ സമാഹാരമാണ്‌ ഇതു രണ്ടും.

ഇന്റര്‍നെറ്റിന്റെ അതിവിശാല പ്രപഞ്ചത്തില്‍ അവിടവിടെ ചിതറിക്കിടക്കുന്ന മലയാളം ബ്ലോഗുകളെ തപ്പിയെടുത്ത്‌ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനുള്ള ശ്രമങ്ങളാണ്‌ കേരള ബ്ലോഗ്‌ റോള്‍, തനി മലയാളം ബുലോഗചുരുള്‍ തുടങ്ങിയവ. അമേരിക്കയിലുള്ള ഏവൂരാന്‍, ശനിയന്‍ എന്നീ ബ്ലോഗര്‍മാര്‍, ഗള്‍ഫിലെ അനിലന്‍ തുടങ്ങിയവരാണ്‌ ഇത്തരം ഏകീകരണത്തിനു വേണ്ട സാങ്കേതിക പ്രവൃത്തികള്‍ ചെയ്യുന്നത്‌. ഗള്‍ഫില്‍ ജോലിചെയ്യുന്ന തൃശ്ശൂര്‍ സ്വദേശി വിശ്വപ്രഭ, കൊച്ചിയിലെ അതുല്യ തുടങ്ങിയവരും ബുലോഗ കൂട്ടായ്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി കാര്യമായി പ്രവര്‍ത്തിക്കുന്നു.

ഇന്റര്‍നെറ്റില്‍ മലയാളം എഴുതാം എന്ന താത്‌പര്യമാണ്‌ മിക്ക ബ്ലോഗര്‍മാരെയും ഇവിടേക്ക്‌ ആകര്‍ഷിച്ചത്‌. ചിക്കാഗോയില്‍നിന്നു ബ്ലോഗെഴുതുന്ന 'സൊലീറ്റയുടെ
മമ്മി'യും ഡാഡിയും ഉള്‍പ്പെടെ മിക്കവരുടെയും പ്രചോദനം മലയാളത്തോടുള്ള സ്നേഹംതന്നെ. മലയാളം മരിച്ചു, മരിക്കും എന്നൊക്കെയുള്ള വിലാപങ്ങള്‍ക്കു ചുട്ട മറുപടിയാണ്‌ ലോകമെമ്പാടുമുള്ള മലയാളികള്‍, പ്രത്യേകിച്ച്‌ യുവാക്കള്‍ നമ്മുടെ ലിപിയോടും ഭാഷയോടും പ്രകടിപ്പിക്കുന്ന സ്നേഹം. മൈക്രോസോഫ്റ്റും മോട്ടോറോളയുമൊക്കെപ്പോലുള്ള വന്‍സ്ഥാപനങ്ങളില്‍ ജോലിചെയ്ത്‌ എല്ലാ സുഖസമ്പത്തുകളോടുംകൂടി ഗള്‍ഫിലും അമേരിക്കയിലും കഴിയുന്നവരാണു മിക്കവരും. കടുത്ത ജോലിത്തിരക്കുകളും ടെന്‍ഷനുകളുമുള്ളവര്‍. അതിനിടയില്‍ അവര്‍ സമയം കണ്ടെത്തി മലയാളത്തില്‍ ബ്ലോഗെഴുതുന്നു. കാളിദാസകൃതികള്‍ വായിച്ചു ചര്‍ച്ചചെയ്യുന്നു. മലയാളം ശരിയായി പ്രയോഗിക്കേണ്ടതെങ്ങനെ എന്നു സംശയം വരുമ്പോള്‍ കുട്ടികൃഷ്ണമാരാരുടെ പുസ്തകം തേടിപ്പിടിച്ചു വായിക്കുന്നു. ബുലോഗ മലയാളികള്‍ക്കു സംശയം തീര്‍ക്കാനായി മാരാരുടെ കൃതിയില്‍നിന്ന്‌ വിപുലമായി ഉദ്ധരിക്കുന്നു. നാട്ടില്‍നിന്ന്‌ ഏറെയകന്ന്‌ ഭാഷയോടോ സാഹിത്യത്തോടോ പുലബന്ധം പോലുമില്ലാത്ത, ജോലിചെയ്ത്‌ തിരക്കിട്ട ജീവിതം നയിക്കുന്ന കമ്പ്യൂട്ടര്‍ പ്രൊഫഷനലുകളും സാങ്കേതിക വിദഗ്ദ്ധരുമൊക്കെയാണ്‌ ബൂലോഗത്തിന്റെ
ശക്തിസ്രോതസ്സുകള്‍.

തികഞ്ഞ അനൗപചാരികതയും സ്വാതന്ത്ര്യവും പരസ്പര ബഹുമാനവും സ്നേഹവുമാണ്‌ ബുലോഗത്തു സൗരഭ്യം ചൊരിയുന്നത്‌. ആ സ്നേഹസൗഹൃദങ്ങളാണ്‌ ലോകത്തെമ്പാടും ബൂലോഗസംഗമങ്ങള്‍ നടത്താന്‍ 'ബുലോഗവാസി'കളെ പ്രചോദിപ്പിച്ചത്‌. ചിക്കാഗോയിലും ഷാര്‍ജയിലും ദുബായിലും ഹൈദരാബാദിലും ബാംഗ്ലൂരിലും കൊച്ചിയിലുമൊക്കെ ബുലോഗ സംഗമങ്ങള്‍ നടന്നുകഴിഞ്ഞു. പരമാവധി സ്വാതന്ത്ര്യവും പരമാവധി സ്വകാര്യതയും ഒരേ സമയത്ത്‌ അനുവദിക്കുന്ന ഒരു ധീര നൂതന ലോകമായി ബ്ലോഗുകളുടെ പ്രപഞ്ചം വികസിക്കുകയാണ്‌.

ശ്രദ്ധയാകര്‍ഷിച്ച ഏതാനും മലയാളം ബ്ലോഗ്ഗുകള്‍

http://kodakarapuranams.blogspot.com http://malayalam.usvishakh.net/blog
http://arkjagged.blogspot.com http://suryagayatri.blogspot.com
http://jyothisasthram.blogspot.com http://sakshionline.blogspot.com
http://boologaclub.blogspot.com/

വിവിധവിഷയങ്ങള്‍ സംബന്ധിച്ച ബ്ലോഗ്ഗുകള്‍

കഥകള്‍: http://kathakal.blogspot.com
അക്ഷരശ്ലോകം:http://aksharaslokam.blogspot.com
കാര്‍ട്ടൂണ്‍: http://kumarnm.blogspot.com/
പ്രവാസിജീവിതം: http://sgkalesh.blogspot.com/
ടെക്നോളജി:http://linux-n-malayalam.blogspot.com/
നോസ്റ്റാള്‍ജിയ: http://thulasid.blogspot.com/
നോവല്‍ : http://anazkk.spaces.live.com/
കൃഷി: http://kaarshikam.blogspot.com/
ഭാഷാഗവേഷണം: http://varamozhi.blogspot.com/
പുസ്തകപരിചയം: http://indulekha.blogspot.com/
ദേവാലയചരിത്രം: http://stmarysprakkanam.blogspot.com/
ആരോഗ്യം:http://arogyam.blogspot.com/
വാര്‍ത്താവിമര്‍ശനം:http://visvaasyatha.blogspot.com/


കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍

തിങ്കളാഴ്‌ച, ഓഗസ്റ്റ് 14, 2006

ഹോട്ടല്‍ മുറി, സെക്‌സ്‌, പൊലീസ്‌

ഹോട്ടല്‍ മുറി, സെക്‌സ്‌, പൊലീസ്‌
അഡ്വ.എസ്‌.ഐ. ഷാ

ഹോട്ടല്‍ മുറികളിലോ ലോഡ്ജിലോ റെയ്‌ഡ്‌ നടത്തി പുരുഷനെയും സ്‌ത്രീയെയും അറസ്റ്റ്‌ ചെയ്ത്‌, 'അനാശാസ്യ പ്രവര്‍ത്തനത്തിന്‌ അറസ്റ്റ്‌' എന്ന വലിയ തലക്കെട്ട്‌ വാര്‍ത്തയുണ്ടാക്കിക്കുക പൊലീസിന്റെ ദൗര്‍ബല്യമാണ്‌. പല ദൗര്‍ബല്യങ്ങളില്‍ ഒന്ന്‌. ഈ റെയ്‌ഡും അറസ്റ്റുകളും ഒക്കെ മുക്കാല്‍ ചക്രം വാടകയുള്ള ഹോട്ടലുകളിലേ നടക്കൂ എന്നത്‌ മറ്റൊരു ദൗര്‍ബല്യം.

പ്രായപൂര്‍ത്തിയെത്തിയ പുരുഷനും പ്രായപൂര്‍ത്തിയായ സ്‌ത്രീയും സ്വേച്ഛപ്രകാരം ലൈംഗിക വേഴ്ചയിലേര്‍പ്പെട്ടാല്‍ അത്‌ കുറ്റമാണോ? അതിലിടപെടാന്‍ പൊലീസിനധികാരമുണ്ടോ? രണ്ടു ചോദ്യത്തിനും ഉത്തരം 'ഇല്ല' എന്നതാണ്‌. ലൈംഗികവേഴ്ച ഹോട്ടല്‍ മുറിയില്‍ വച്ചാണെങ്കിലോ? അപ്പോഴും ഉത്തരം അതുതന്നെ. പ്രായപൂര്‍ത്തി എത്തിയ സ്‌ത്രീപുരുഷന്മാര്‍ തമ്മിലുള്ള ശാരീരികവേഴ്ച ഒരു നിയമപ്രകാരവും നിരോധിച്ചിട്ടില്ല.

മൂക്കത്ത്‌ വിരല്‍ ചേര്‍ത്തുവച്ച്‌ ചിലരെങ്കിലും മന്ത്രിക്കുന്നുണ്ടാകും: അപ്പോള്‍ വ്യഭിചാരം കുറ്റമല്ലെന്നോ? എന്നല്ല മേല്‍ പ്രസ്താവിച്ചതിന്റെ സാരം. സ്വേച്ഛപ്രകാരമുള്ള ലൈംഗികവേഴ്ച കുറ്റകരമല്ലെന്നേ പറഞ്ഞുള്ളൂ. അത്‌ വ്യഭിചാരവൃത്തിയുടെ ഭാഗമാണെങ്കില്‍ ചില സാഹചര്യങ്ങളില്‍ കുറ്റകരമാകും.

1956-ലെ അനാശാസ്യ പ്രവൃത്തി (തടയല്‍) നിയമം (The Immoral Traffic prevention Act ) ആണ്‌ വ്യഭിചാരം കുറ്റകരമാക്കുന്നത്‌. വ്യക്തികളില്‍ ബിസിനസ്‌ താത്‌പര്യത്തോടെ നടത്തപ്പെടുന്ന ലൈംഗിക ചൂഷണമോ, ദുരുപയോഗം ചെയ്യലോ ആണ്‌ 'വ്യഭിചാരം' എന്നാണ്‌ നിയമം പറഞ്ഞിരിക്കുന്നത്‌. ഇങ്ങനെ വ്യഭിചാരം നടത്തുന്നത്‌ മൂന്നുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌. സംഗതിക്കുപയോഗിക്കുന്നത്‌ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയെയാണെങ്കില്‍ അതിനു കാരണക്കാരനായ കുറ്റവാളിക്ക്‌ പത്തുകൊല്ലം വരെ തടവുശിക്ഷ ലഭിക്കാം.


ഈ ഏര്‍പ്പാടിനായി ഒരാളെ തരപ്പെടുത്തല്‍, 'ബിസിനസി'ല്‍ നിന്നു ലഭിക്കുന്ന പണം കൈപ്പറ്റല്‍, ഇതിനായി 'ശാല' നടത്തല്‍ തുടങ്ങിയവയെല്ലാം കുറ്റകരം തന്നെ. വ്യത്യസ്ത ശിക്ഷകളും ഉണ്ട്‌.വേഴ്ചയല്ല, അതിനായി പണം കൈമാറല്‍ മാത്രമാണ്‌ കുറ്റകരമാക്കിയിരിക്കുന്നത്‌. അതായത്‌ ഇരുപതു വയസ്സുകാരി രമണിയും ഇരുപത്തിഒന്നുകാരന്‍ രമണനും പരസ്‌പരം തീരുമാനിച്ച്‌ സ്വകാര്യതയ്ക്കായി ലോഡ്ജില്‍ മുറിയെടുത്ത്‌ വിനോദത്തിലേര്‍പ്പെടുമ്പോള്‍, പൊലീസ്‌ പാഞ്ഞെത്തുന്നത്‌ ശുദ്ധഭോഷ്കാണ്‌. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നാക്രമണമാണ്‌. ഇവിടെ രമണനും രമണിയും കുറ്റക്കാരാകാം. രമണന്‍ പണം നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രം!

സമീപകാലത്ത്‌ ശബരിമല തന്ത്രിയുമായി ബന്‌ധപ്പെട്ട ചില ലൈംഗികാപവാദ വാര്‍ത്തകള്‍ പുറത്തുവന്നുവല്ലോ. ശാന്തയെന്നോ മറ്റോ പേരുള്ള സ്‌ത്രീയുമായി ശാരീരികമായി ബന്‌ധപ്പെട്ടുവത്രേ തന്ത്രി. ആരോപണം ശരിയാകട്ടെ, തെറ്റാകട്ടെ. തന്ത്രി, ശാന്തയ്ക്ക്‌ പണം അവളുടെ ശരീരത്തിന്‌ കൂലിയായി നല്‍കിയിട്ടില്ലെങ്കില്‍ കുറ്റം നടന്നിട്ടില്ല. തന്ത്രിയെ ന്യായീകരിക്കലോ തള്ളലോ അല്ല ഇവിടെ ലക്ഷ്യം. ആ പ്രത്യേകസംഭവം പരാമര്‍ശിച്ചുവെന്നേയുള്ളൂ. മറ്റുപല കുറ്റങ്ങളും തന്ത്രിയുടെമേല്‍ സ്ഥാപിക്കുകയുമാകാം.

വായനക്കാരന്റെ ന്യായമായ ഒരു ചോദ്യം ഞാന്‍ കേള്‍ക്കാതിരുന്നുകൂടാ. "അപ്പോള്‍ രമണനും രമണിയും എന്തു ചെയ്യണം?" എന്ന ചോദ്യം. "സ്റ്റാലിനെ വിമര്‍ശിക്കാം, അമേരിക്കന്‍ പ്രസിഡന്റിനെ പുലഭ്യം പറയാം. ലോക്കല്‍ എസ്‌.ഐയെ വിമര്‍ശിക്കുന്നത്‌ ശരീരത്തിനു ഹാനി ഉണ്ടാക്കും"- എന്നുപറഞ്ഞത്‌ കേശവദേവല്ലേ?
ലോഡ്ജ്‌മുറിയില്‍ നിന്ന്‌ പിടിച്ചിറക്കി കക്ഷികളെ നിറുത്തിയിട്ട്‌, വിജയഭാവം ചാര്‍ത്തിനില്‍ക്കുന്ന എസ്‌.ഐയെ കാണുമ്പോള്‍ കേശവദേവിന്റെ ഉപദേശം ആരും ഓര്‍ത്തുപോകും. പക്ഷേ, സുരക്ഷിതമായി ചെയ്യാവുന്ന കാര്യങ്ങളുണ്ട്‌. 'ദുരുദ്ദേശ്യത്തോടെയുള്ള കുറ്റാരോപണ'ത്തിന്‌ പൊലീസുകാരനെ പ്രതിയാക്കി ക്രിമിനില്‍ കേസ്‌ നല്‍കുക എന്നത്‌ അതില്‍ പ്രധാനം. നിയമവിരുദ്ധമായി രജിസ്റ്റര്‍ചെയ്ത ക്രൈം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാം. പൊലീസിനെതിരെ നഷ്‌ടപരിഹാരവും ആവശ്യപ്പെടാം.

വിവാഹേതരവും ധാര്‍മ്മിക ബോധമേതുമില്ലാത്തതുമായ ലൈംഗികവേഴ്ചകള്‍ക്ക്‌ അനുകൂലമായ വക്കാലത്ത്‌ പറച്ചിലാണിവയെന്നു വായനക്കാര്‍ ധരിച്ചേക്കരുതേ. സാന്ദര്‍ഭികമായി, ഖുശ്‌വന്ത്‌സിംഗ്‌ പറഞ്ഞ തമാശയാണ്‌ ഓര്‍മ്മ വരുന്നത്‌.
ചോദ്യം: "താങ്കള്‍ ശാരീരിക വേഴ്ചയ്ക്കിടയില്‍ ഭാര്യയോട്‌ സംസാരിക്കാറുണ്ടോ?"
ഉത്തരം: "ചിലപ്പോള്‍. ഫോണ്‍ അടുത്തുണ്ടെങ്കില്‍."കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

മലയാളം എന്നൊരു ഭാഷയുണ്ടായിരുന്നു

മലയാളം എന്നൊരു ഭാഷയുണ്ടായിരുന്നു
വര്‍ക്കല ഗോപാലകൃഷ്‌ണന്‍

മൃതഭാഷയെന്ന്‌ കണക്കാക്കപ്പെട്ടിരുന്ന 'ഹീബ്രു' ഇന്നൊരു ജീവല്‍ഭാഷയാണ്‌. ബൈബിള്‍ എഴുതപ്പെട്ട ഭാഷയെന്ന മാഹാത്‌മ്യമുള്ള 'ഹീബ്രു' യഹൂദജനത ലോകമെമ്പാടും ചിതറിപ്പോയതോടെ നാശോന്മുഖമാവുകയുണ്ടായി. ഭാഷാചരിത്രവും ഭാഷാശാസ്‌ത്രവും അതിനെ മൃതഭാഷയെന്ന്‌ ഗണിച്ചത്‌ അങ്ങനെയാണ്‌.


എന്നാല്‍, വിവിധ രാജ്യങ്ങളിലായി കഴിയേണ്ടിവന്ന ജൂതജനത തങ്ങള്‍ എത്തിപ്പെട്ട രാജ്യങ്ങളിലെ ഭാഷകള്‍ സ്വായത്തമാക്കിയപ്പോഴും മാതൃഭാഷയുടെ വിത്തുകള്‍ ഉണങ്ങിപ്പോകാതെതന്നെ സൂക്ഷിച്ചു. 1948-ല്‍ ഇസ്രയേല്‍ രാഷ്‌ട്രം നിലവില്‍ വന്നതോടെ നൂറ്റാണ്ടുകളായി പ്രവാസജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടിരുന്നവര്‍ ഒരിടത്ത്‌ കേന്ദ്രീകരിക്കപ്പെട്ടു. അതോടെ 'ഹീബ്രു' ഭാഷ പുനര്‍ജനിക്കുകയായിരുന്നു.
ഒരു ഗവണ്‍മെന്റിന്റെയും ജനതയുടെയും തീവ്രമായ അഭിലാഷത്തിന്റെ ഫലമാണ്‌ 'ഹീബ്രു' ഭാഷയുടെ രണ്ടാം ജന്മം. എങ്കിലും നിയമത്തിന്റെ പ്രേരണാശക്തികൂടി അതിന്റെ പിന്നിലുണ്ടെന്നുള്ളത്‌ വിസ്‌മരിച്ചുകൂടാ. ഇസ്രയേലില്‍ ഇന്ന്‌ ഹീബ്രുഭാഷ നിര്‍ബന്‌ധവും അത്‌ പഠിക്കാതിരിക്കുന്നത്‌ ശിക്ഷാര്‍ഹവുമാണ്‌. ഇരുപതുവര്‍ഷം കഴിയുമ്പോഴേക്കും ഹീബ്രു ഭാഷ അറിയാത്തവരായി ഒരാള്‍പോലും ഇസ്രയേലില്‍ ഉണ്ടായിരിക്കുകയില്ലെന്ന്‌ അവര്‍ തീര്‍ത്തും അവകാശപ്പെടുന്നു. ആത്‌മാര്‍ത്ഥതയും ഇച്ഛാശക്തിയുമുള്ള ഒരു ഗവണ്‍മെന്റ്‌ സ്വന്തം മണ്ണിന്റെയും രക്തത്തിന്റെയും ഗന്‌ധമറിയാവുന്ന ഒരു ഭാഷയുടെ ജീവനാളത്തെ സംരക്ഷിക്കുന്നത്‌ ഇങ്ങനെയാണ്‌.


ഇനി മലയാളഭാഷയുടെ കാര്യമെടുക്കുക. ശരിയായ കണക്കെടുത്താല്‍ 'ഹീബ്രു' ഭാഷയെക്കാള്‍ പഴക്കവും പാരമ്പര്യവും അവകാശപ്പെടാനാവുന്ന ഭാഷയാണ്‌ മലയാളം. തമിഴകത്തിന്റെ അതിപുരാതന സാഹിത്യസമ്പത്തായ സംഘസാഹിത്യത്തിന്റെ നല്ലൊരു ഭാഗം കേരളനാട്ടില്‍വച്ചാണ്‌ എഴുതപ്പെട്ടത്‌. ചേരനാട്ട്‌ രാജാക്കന്മാരെക്കുറിച്ചുമാത്രമുള്ള വീരാപദാനങ്ങളാണ്‌ 'പതിറ്റുപ്പത്ത്‌' എന്ന കൃതിയുടെ ഉള്ളടക്കം. 'പതിറ്റുപ്പത്തി'ലെ ഭാഷ അന്നത്തെ കേരളഭാഷയാണ്‌. ബി.സി മൂവായിരത്തിനും മുന്‍പേതന്നെ സൈന്‌ധവനാഗരികതയുമായും സുമേരിയന്‍ സംസ്കാരവുമായും കേരളീയര്‍ക്ക്‌ വിപുലമായ വ്യാപാരബന്‌ധങ്ങളുണ്ടായിരുന്നു. യഹൂദരുടെ ആദിപിതാവായ അബ്രഹാം കല്‍ദയരുടെ പട്ടണമായ 'ഊറി'ല്‍ നിന്ന്‌ (ഇന്നത്തെ ഇറാക്ക്‌) വാഗ്‌ദത്ത ഭൂമിയിലേക്ക്‌ പുറപ്പെടുന്നത്‌ ബി.സി 2100-ലാണെന്ന്‌ ഡോ. ബാബുപോള്‍ 'വേദശബ്‌ദരത്‌നാകരം' എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നോര്‍ക്കണം. ബി.സി ആയിരാമാണ്ടില്‍ യരുശലേം ഭരിച്ചിരുന്ന 'ശാലോമോന്‍' (സോളമന്‍) രാജാവിന്റെ കൊട്ടാരത്തിലേക്ക്‌ കേരളത്തില്‍നിന്ന്‌ കയറ്റിയയച്ചിരുന്ന വസ്തുക്കളെപ്പറ്റി ബൈബിള്‍ പഴയ നിയമത്തില്‍ 'രാജാക്കന്മാര്‍' എന്ന ഭാഗത്ത്‌ പറഞ്ഞിരിക്കുന്നത്‌ "ഓഫീരില്‍ നിന്ന്‌ പൊന്നുകൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകള്‍ ഓഫീരില്‍നിന്ന്‌ അനവധി ചന്ദനവും രത്‌നവുംകൊണ്ടുവന്നു. രാജാവ്‌ ചന്ദനംകൊണ്ട്‌ യഹോവയുടെ ആലയത്തിനും രാജധാനിക്കും അഴികളും സംഗീതക്കാര്‍ക്ക്‌ കിന്നരങ്ങളും വീണകളും ഉണ്ടാക്കി. അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ (അതായത്‌ ബൈബിള്‍ ആദ്യമായി എഴുതുന്നതുവരെ) വന്നിട്ടില്ല, കണ്ടിട്ടുമില്ല... രാജാവിന്‌ സമുദ്രത്തില്‍ ഹീരാമിന്റെ കപ്പലുകളോടുകൂടെ തര്‍ശീശ്‌ കപ്പലുകള്‍ ഉണ്ടായിരുന്നു. തര്‍ശീശ്‌ കപ്പലുകള്‍ മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ പൊന്ന്‌, വെള്ളി, ആനക്കൊമ്പ്‌, കുരങ്ങ്‌, മയില്‍ എന്നിവകൊണ്ടുവന്നു."
'ഓഫീര്‍' തെക്കന്‍ കേരളത്തിലെ 'പൂവാര്‍' ആണെന്നും അതല്ല 'ബേപ്പൂര്‍' ആണെന്നും ചരിത്രകാരന്മാര്‍ക്ക്‌ അഭിപ്രായങ്ങളുണ്ട്‌. അതെന്തായാലും കയറ്റി അയയ്ക്കപ്പെട്ട വിഭവങ്ങള്‍ തനി കേരളീയമാണെന്ന്‌ സംശയിക്കേണ്ടതില്ല. മൂന്നുവര്‍ഷം എന്നത്‌ അന്നത്തെ കടല്‍സാഹചര്യങ്ങളില്‍ യരുശലേമില്‍നിന്ന്‌ കേരളത്തില്‍ വന്നുപോകാനുള്ള സ്വാഭാവിക കാലാവധിയാണ്‌. ഇത്രയും വിപുലമായ വാണിജ്യം ഉണ്ടാവണമെങ്കില്‍ ക്ഷമതയും ശക്തിയുറ്റതുമായ ഒരു ഭാഷയുടെ അടിത്തറയും ഉണ്ടാവണം.
1948-നുശേഷം അമ്പതുവര്‍ഷംകൊണ്ട്‌ 'ഹീബ്രു' ഭാഷ പുനര്‍ജനിച്ചുവെങ്കില്‍ 1947-നുശേഷം മലയാള ഭാഷയുടെ അവസ്ഥയെന്താണ്‌? ആഗോളവത്കരണംമൂലം മറയാന്‍ സാദ്ധ്യതയുള്ള ഭാഷകളില്‍ ഒന്നാണ്‌ മലയാളമെന്നു പറയപ്പെടുന്നു. അടുത്ത ഇരുപതുവര്‍ഷത്തിനുള്ളില്‍ 'ഹീബ്രു' അറിയാത്തവരായി ഒരു വ്യക്തിപോലും ഇസ്രയേലില്‍ ഉണ്ടായിരിക്കുകയില്ലെന്ന ഉറച്ച വിശ്വാസം അവര്‍ക്കുള്ളപ്പോള്‍ അന്ന്‌ നമ്മുടെ വരുംതലമുറയില്‍ എത്രപേര്‍ക്ക്‌ മലയാളം അറിയാമായിരിക്കുമെന്ന്‌ കണ്ടറിയണം.

എന്തുകൊണ്ട്‌ മലയാളഭാഷ നിര്‍ബന്‌ധമാക്കുന്നില്ല എന്ന പഴയ ചോദ്യം ആവര്‍ത്തിക്കാം. ഉത്തരവാദപ്പെട്ടവരെയും വേണ്ടപ്പെട്ടവരെയും ആരാണ്‌ തടയുന്നത്‌? മാതൃഭാഷയുടെ കാര്യത്തില്‍ അങ്ങനെയൊരു തടയല്‍ ഉണ്ടാവാന്‍ പാടുണ്ടോ? ഒരേയൊരു മണിക്കൂര്‍കൊണ്ട്‌ ഏകകണ്ഠമായി പാസാക്കാവുന്നതല്ലേയുള്ളൂ കേരളത്തിലെ സകലവിദ്യാര്‍ത്ഥികളും പത്താം ക്‌ളാസ്‌ വരെ ഒന്നാം ഭാഷയായി മലയാളം പഠിച്ചിരിക്കണം എന്ന നിയമം? കഴിഞ്ഞ അമ്പതുവര്‍ഷമായി എന്തുകൊണ്ട്‌ അതിനു കഴിയുന്നില്ല? സ്വാതന്ത്യ്‌രംകിട്ടി ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍തന്നെ ഭരിക്കാന്‍ തുടങ്ങിയതാണോ മലയാളഭാഷയുടെ ദുരന്തമായി തീര്‍ന്നത്‌?

മലയാളഭാഷ മരിച്ചുപോവുമല്ലോ എന്ന്‌ ഒ.വി. വിജയന്‍ സങ്കടപ്പെട്ടപ്പോള്‍, ഒരിക്കലും മരിക്കില്ലെന്ന്‌ എം. കൃഷ്‌ണന്‍നായര്‍ സാന്ത്വനപ്പെടുത്തിയിട്ടുണ്ട്‌. തൊഴിലാളികളും സാധാരണക്കാരും ഉള്ളകാലംവരെ മലയാളം മരിക്കില്ലെന്ന്‌ ബാലചന്ദ്രന്‍ ചുള്ളിക്കാടും ആശ്വാസം കൊള്ളുന്നു. പക്ഷേ, ചരിത്രം അനുകൂലമല്ല. ക്ഷമയോടും ചിട്ടയോടും പ്രവര്‍ത്തിച്ച്‌ വര്‍ഷങ്ങള്‍കൊണ്ട്‌ നാഗന്മാരുടെ മാതൃഭാഷ ഇല്ലാതാക്കുകയും പകരം ഇംഗ്ലീഷിനെ കുടിയിരുത്തി ഉറപ്പിച്ചെടുക്കുകയും ചെയ്ത അനുഭവം നമ്മുടെ കണ്‍മുന്നിലുണ്ട്‌. എഴുപതു ശതമാനം ജനങ്ങള്‍ ഒരു ഭാഷ സംസാരിക്കാന്‍ തുടങ്ങിയാല്‍ ബാക്കി മുപ്പതു ശതമാനം അറിയാതെതന്നെ അടിപ്പെട്ടുപോവും. 'ഒരു കവിത' എന്നത്‌ 'oru kavitha' എന്നെഴുതിക്കാണുമ്പോള്‍ തീര്‍ച്ചയായും നാം ആശങ്കപ്പെടണം. ലിപിസമ്പ്രദായത്തെ അട്ടിമറിക്കാനുള്ള ഏര്‍പ്പാടാണത്‌.
മലയാളം എന്നൊരു ഭാഷയുണ്ടായിരുന്നു എന്നു നമുക്ക്‌ പറയേണ്ടിവരുമോ?

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

ഞായറാഴ്‌ച, ഓഗസ്റ്റ് 13, 2006

വിമാനക്കമ്പനിക്കാരുടെ ആകാശകൊള്ള

വിമാനക്കമ്പനിക്കാരുടെ ആകാശകൊള്ള

ഗള്‍ഫ്‌ രാജ്യങ്ങളിലെ തൊഴില്‍ രംഗം തുറന്നുകിട്ടിയ കാലംമുതല്‍ നമ്മുടെ വിമാനക്കമ്പനികള്‍ അങ്ങോട്ടുപോകുന്ന യാത്രക്കാരെ കൊള്ളയടിക്കുകയാണ്‌. ഈ കൊള്ള കഴിഞ്ഞും മിച്ചംവയ്ക്കാന്‍ കഴിയുന്ന ഒരു ചെറിയ ശതമാനമുണ്ടാകും. ബഹുഭൂരിപക്ഷവും വലിയ വിദ്യാഭ്യാസമില്ലാത്തവരും പലതരം തൊഴിലുകള്‍ ചെയ്‌തുജീവിക്കുന്നവരുമാണ്‌. പാസ്‌പോര്‍ട്ടും വിസയും കരസ്ഥമാക്കുമ്പോഴും വിമാന ടിക്കേറ്റ്ടുക്കുമ്പോഴും ഇവര്‍ പലതരം പീഡനങ്ങള്‍ക്ക്‌ വിധേയരാകാറുണ്ട്‌.

കോഴികളെക്കണ്ട കുറുക്കന്റെ പരവേശത്തോടുകൂടിയാണ്‌ വിമാനക്കമ്പനിക്കാര്‍ എന്നും ഗള്‍ഫ്‌ യാത്രക്കാരെ കണ്ടിരുന്നത്‌. അതിന്റെ ഫലമായി ഗള്‍ഫ്‌ മേഖല എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റേയും വരുമാനത്തിന്റെ പ്രധാന സ്രോതസ്സായിത്തീര്‍ന്നു. ഏറ്റവും കൂടുതല്‍ ലാഭം കുത്തിവാരുന്നതും ഈ മേഖലയില്‍ നിന്നാണ്‌. ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള വിമാനക്കൂലി തോന്നുമ്പോഴൊക്കെ തോന്നുന്ന രീതിയില്‍ വര്‍ദ്ധിപ്പിക്കും.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളി രണ്ടുവര്‍ഷം മിച്ചംവയ്ക്കുന്നുവെങ്കിലേ വീട്ടിലെത്താനുള്ള വിമാനക്കൂലിയും ഭാര്യയ്ക്ക്‌ സാരിയും കുട്ടികള്‍ക്ക്‌ കുഞ്ഞുടുപ്പുകളും വാങ്ങാനുള്ള പണം സമ്പാദിക്കാന്‍ കഴിയുകയുള്ളു. ആ അവസ്ഥയില്‍ യാത്രക്കൂലിയില്‍ നൂറ്റമ്പത്‌ ശതമാനംവരെ വര്‍ദ്ധനവ്‌ വരുത്തിയാല്‍ മനസ്സു നൊന്തുപിരാകുകയല്ലാതെ എന്തുചെയ്യും- ഓണം, ക്രിസ്‌മസ്‌, ബക്രീദ്‌ മുതലായ ഉത്സവകാലത്തും പള്ളിക്കൂടങ്ങളിലെ ഒഴിവുകാലത്തുമാണ്‌ വിമാനക്കമ്പനികള്‍ മുന്തിയറുപ്പിന്‌ ഇറങ്ങുന്നത്‌. എല്ലാ ചക്കടാ വിമാനങ്ങളുടേയും നിരക്ക്‌ വര്‍ദ്ധിപ്പിക്കും.

സ്വന്തം കമ്പനികള്‍ സ്വന്തം നാട്ടുകാരുടെ നെഞ്ചുപിളര്‍ന്ന്‌ ചോര കുടിക്കുമ്പോള്‍ വിദേശ കമ്പനികള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുമോ? അവരും ഗള്‍ഫ്‌ യാത്രക്കൂലി കുത്തനെകൂട്ടി.മറുരാജ്യങ്ങളില്‍ ഒരു വിമാനത്തിന്‌ 10 ജീവനക്കാരുള്ളപ്പോള്‍ ഇന്ത്യയിലെ കുത്തക പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്‌ നാല്‌പതില്‍പ്പരം പേരുണ്ടാകും. രാഷ്‌ട്രീയക്കാരുടെ സ്വന്തക്കാര്‍ക്കും സുഹൃത്തുക്കളുടെ മക്കള്‍ക്കുംവേണ്ടി തസ്തികകള്‍ സൃഷ്‌ടിക്കുന്നതാണ്‌ പൊതുമേഖലയിലെ പതിവ്‌. അവരെയൊക്കെ തീറ്റിപ്പോറ്റാന്‍ മണലാരണ്യങ്ങളില്‍ വിയര്‍പ്പൊഴുക്കുന്ന പാവങ്ങള്‍ പണം നല്‍കണം. അവര്‍ ചോദിക്കാനും പറയാനും ഉടമസ്ഥരില്ലാത്ത അശരണരാണല്ലോ.
ഗള്‍ഫ്‌ യാത്രക്കൂലിയില്‍ 150 ശതമാനംവരെ വര്‍ദ്ധനവ്‌ വരുത്തിയിട്ട്‌ എത്ര രാഷ്‌ട്രീയ കക്ഷികള്‍ പ്രതിഷേധിച്ചു? എല്ലാവരും ഊറ്റംകൊള്ളുന്ന കേരള മോഡല്‍ സാദ്ധ്യമായത്‌ വിദേശമലയാളികള്‍ പണം ഒഴുക്കിയതുകൊണ്ടാണെന്നറിയണം. അവര്‍ നിര്‍ദ്ദയം ചൂഷണം ചെയ്യപ്പെടുമ്പോള്‍ അത്‌ കാണാതിരിക്കാന്‍ മുഖം തിരിക്കുന്നത്‌ നന്ദികേടാണ്‌.

ബോട്ടുകൂലി അരയണ വര്‍ദ്ധിപ്പിച്ചതിന്‌ നീണ്ടുനിന്ന സമരം ചെയ്‌തു വിദ്യാര്‍ത്ഥി നേതാക്കന്‌മാരും മന്ത്രിമാരുമായവരുണ്ട്‌.
കെ. എസ്‌. ആര്‍.ടി.സിക്ക്‌ ഒരാണ്ടത്തെ നഷ്‌ടം 190 കോടി രൂപയാണ്‌. സ്വകാര്യ ബസുടമകളും നഷ്‌ടം സഹിച്ചുകൊണ്ടാണ്‌ സര്‍വീസുകള്‍ നടത്തുന്നത്‌. ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റുകള്‍ക്ക്‌ ധൈര്യമില്ല. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ റദ്ദാക്കണമെന്ന്‌ സ്വകാര്യബസ്‌ ഉടമകള്‍ ആവശ്യപ്പെടാറുണ്ട്‌. അത്‌ നടക്കുകയില്ലെന്ന്‌ അവര്‍ക്കറിയാം.ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിച്ചാല്‍ കല്ലേറും വഴിതടയലും നടക്കും. ഗള്‍ഫ്‌ യാത്രക്കൂലി വര്‍ദ്ധിപ്പിച്ച്‌ പാവങ്ങളുടെ ചട്ടിയില്‍ കൈ യിട്ടുവാരിയാല്‍ പ്രതിഷേധിക്കാനും കല്ലെറിയാനും ആളുകളുണ്ടാകുകയില്ല.

സംസ്ഥാന ഗവണ്‍മെന്റും നമ്മുടെ എം.പിമാരും വിമാനക്കമ്പനിക്കാരുടെ കൊള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം. കൂലി കുറയ്ക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ആവശ്യമാണ്‌. പ്രതിഷേധിക്കാന്‍ രാഷ്‌ട്രീയ കക്ഷികള്‍ സമയം കണ്ടെത്തണം. ഗള്‍ഫുകാരെ എന്തിനും സംഭാവന പിരിക്കാനുള്ള കറവപ്പശുക്കളായി കണ്ടാല്‍ പോരാ.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

യുദ്ധം ബഹിരാകാശത്തേക്ക്‌ - നിയന്ത്രണം തിരുവനന്തപുരത്ത്‌

യുദ്ധം ബഹിരാകാശത്തേക്ക്‌ നിയന്ത്രണം തിരുവനന്തപുരത്ത്‌
വി.ഡി. ശെല്‍വരാജ്‌

തിരു : ഉപഗ്രഹം വഴി നിയന്ത്രിക്കുന്ന യുദ്ധമുറയ്ക്ക്‌ ഇന്ത്യന്‍ വ്യോമസേന തയ്യാറെടുക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായി ഇതിനു വേണ്ടിയുള്ള സ്‌പേസ്‌ കമാന്‍ഡ്‌ പ്രവര്‍ത്തനം ആരംഭിച്ചു. ഐ.എസ്‌.ആര്‍.ഒയില്‍ സൈനികര്‍ ഉപ ഗ്രഹം വഴിയുള്ള യുദ്ധ തന്ത്രങ്ങളില്‍ പരിശീലനം നേടിവരികയാണ്‌. ഇതോടെ ലോകത്തിന്റെ പ്രതിരോധഭൂപടത്തില്‍ തിരുവനന്തപുരം പ്രത്യേക പ്രാധാന്യം നേടും.
ദക്ഷിണവ്യോമകമാന്‍ഡ്‌ മേധാവി എസ്‌.വൈ. സവൂര്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതാണ്‌ ഇക്കാര്യം.
അമേരിക്കയുടെ സ്‌പേസ്‌ കമാന്‍ഡാണ്‌ ഇന്ത്യയും മാതൃകയാക്കുന്നത്‌. വ്യോമസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അമേരിക്കയില്‍ പോയി പരിശീലനം നേടിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ ബഹിരാകാശത്ത്‌ ആധിപത്യം പുലര്‍ത്തുന്നവരായിരിക്കും കരയിലും കടലിലും ആകാശത്തും യുദ്ധം ജയിക്കുന്നത്‌. ഇത്‌ മുന്നില്‍ കണ്ടാണ്‌വ്യോമസേന ആകാശത്ത്‌ നിന്ന്‌ ബഹിരാകാ ശത്തേക്ക്‌ നീങ്ങുന്നത്‌. അഫ്‌ഗാനിസ്ഥാനിലും ഇറാക്കിലും അമേരിക്ക നടത്തിയ ആക്രമണം ഉപഗ്രഹശൃംഖലകളുടെ സഹായത്തോടെ അമേരിക്കയില്‍ ഇരുന്നുകൊണ്ടുതന്നെയായിരുന്നു നിയന്ത്രിച്ചത്‌.
"മനുഷ്യന്‍ മുതല്‍ മിസെയില്‍വരെ ഇന്ത്യയുടെ പരിധിയിലേക്കുള്ള ഏതു കടന്നുകയറ്റവും നിരീക്ഷിച്ച്‌ പ്രത്യാക്രമണത്തിന്‌ തയ്യാറാകാന്‍ ഉടന്‍ നിര്‍ദ്ദേശം നല്‍കുകയാണ്‌ ഉപഗ്രഹ ശൃംഖലയുടെ ദൗത്യം. കുതിച്ചുയരുന്ന ശത്രു മിസെയിലിനെ കണ്ടറിഞ്ഞ്‌ അതിനെ തകര്‍ക്കാനുള്ള സംവിധാനത്തെ ഞൊടിയിടയ്ക്കുള്ളില്‍ പ്രയോഗിക്ഷമമാക്കാന്‍ ഉപഗ്രഹത്തിനാകും" - സവൂര്‍ വ്യക്തമാക്കി.
ഭൂമിയില്‍ 60 സെന്റീമീറ്റര്‍വരെ വലിപ്പമുള്ള വസ്തുക്കള്‍ ബഹിരാകാശത്തു നിന്ന്‌ തിരിച്ചറിയാന്‍ ശേഷിയുള്ള ഉപഗ്രഹമാണ്‌ വ്യോമസേനയ്ക്ക്‌ ആവശ്യം. ഒരാളിന്റെ ചലനംവരെ അറിയാന്‍ ഈ ഉപഗ്രഹങ്ങള്‍ വഴി കഴിയും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹങ്ങളാണ്‌ വ്യോമസേന ഇതിനുപയോഗിക്കുന്നത്‌. ഇത്‌ ഏത്‌ ഉപഗ്രഹമാണെന്ന്‌ പറയാന്‍ സവൂര്‍ വിസമ്മതിച്ചു. പോര്‍വിമാനങ്ങളുപയോഗിച്ചുള്ള രഹസ്യവിവരശേഖരണത്തിന്റെ കാലം പോയെന്നും ഇക്കാര്യത്തില്‍ ലോകത്തിന്റെ ഗതിയനുസരിച്ച്‌ ഇന്ത്യയും നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും ഉപഗ്രഹസംവിധാനമുണ്ടായിട്ടും പാകിസ്ഥാനിലെ ഭീകരപരിശീലന ക്യാമ്പുകള്‍ അമേരിക്കന്‍ ഉപഗ്രഹമാണല്ലോ കണ്ടെത്തിയതെന്ന ചോദ്യത്തിന്‌, നമ്മുടെ ഉപഗ്രഹത്തിന്റെശേഷി തെളിവുനിരത്തി പാകിസ്ഥാനെ ബോധ്യപ്പെടുത്തേണ്ട എന്ന തന്ത്രത്തിന്റെ ഭാഗമായി നാം വിട്ടുനിന്നതാണെന്ന്‌ സവൂര്‍ പറഞ്ഞു.
ദക്ഷിണവ്യോമകമാന്‍ഡിന്റെ വികസനത്തിന്‌ ശംഖുംമുഖത്തെ ഫ്‌ളൈയിംഗ്‌ സ്റ്റേ ഷന്‍ വികസിപ്പിക്കുമെന്നും റണ്‍വേയുടെ നീളം കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

ശനിയാഴ്‌ച, ഓഗസ്റ്റ് 12, 2006

ദൈവത്തിനും മുകളില്‍?

ദൈവത്തിനും മുകളില്‍?
സ്വാമി സൂക്ഷ്മാനന്ദ

ശബരിമലയിലെ 'അഷ്‌ടമംഗല്യപ്രശ്നവും തുടര്‍ന്നുള്ള സംഭവങ്ങളും ഒരു 'മെഗാസീരിയലായി' പരിണമിച്ചിരിക്കുകയാണ്‌. ദിവസവും പുതിയ കണ്ടെത്തലുകളും പുതിയ കഥാപാത്രങ്ങളും വേണ്ടുവോളം കടന്നുവരുന്നതിനാല്‍ തുടര്‍ 'എപ്പിസോഡുകള്‍'ക്കായി എല്ലാ കേന്ദ്രങ്ങളിലും ആളുകള്‍ വളരെ ആകാംക്ഷയോടെയാണ്‌ കാത്തിരിക്കുന്നത്‌.

കോടിക്കണക്കിന്‌ ജനങ്ങള്‍ തങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരവും ശാന്തിയും തേടിയെത്തുന്ന അയ്യപ്പസന്നിധാനം ഇപ്പോള്‍ പ്രശ്‌നപൂര്‍ണമാണ്‌. പൊതുവില്‍ പ്രശ്‌നങ്ങളില്ലാതിരുന്ന സമയത്ത്‌ നടത്തിയ പ്രശ്‌നപരിഹാര ക്രിയകളാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്‌ധികള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുള്ളത്‌. കാര്യങ്ങള്‍ ഇങ്ങനെപോയാല്‍ അയ്യപ്പ സന്നിധിയിലേക്ക്‌ പോകുന്ന ഭക്തജനങ്ങള്‍ പ്രശ്‌നപരിഹാരങ്ങള്‍ക്കായി ഇനി ജ്യോതിഷ സന്നിധാനം തേടി നടക്കേണ്ടിവരുമെന്നാണു തോന്നുന്നത്‌. എന്നാല്‍, ജ്യോത്സ്യനെ കാണുംമുന്‍പ്‌ അദ്ദേഹത്തിന്റെ ബന്‌ധുക്കളില്‍ ആരെങ്കിലും സമീപനാളുകളില്‍ മരിച്ചിട്ടുണ്ടോ എന്നത്‌ കൃത്യമായി അന്വേഷിച്ചറിയേണ്ടതുണ്ട്‌. കാരണം, മരണമുണ്ടായിട്ടുണ്ടെങ്കില്‍ അവിടെ 'പുല ബ്രാന്‍ഡില്‍'പ്പെട്ട അശുദ്ധിയുണ്ടാകാന്‍ ഇടയുള്ളതുകൊണ്ട്‌ പോകുന്നവര്‍കൂടി അശുദ്ധമാകുമെന്നല്ലാതെ ജ്യോത്സ്യരെ കാണുന്നതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഒരു കാര്യവുമില്ല. അരവണയും ഉണ്ണിയപ്പവും വാങ്ങി പടിയിറങ്ങാമെന്നേയുള്ളൂ.

മുന്‍കാല പ്രാബല്യത്തോടെ പൂര്‍വശുദ്ധി പുനഃസ്ഥാപിക്കുന്ന പ്രഗല്‍ഭരായ തന്ത്രിമാര്‍ ഉള്ളപ്പോള്‍ സ്‌ത്രീകള്‍ക്ക്‌ ശബരിമലയിലും അഹിന്ദുക്കള്‍ക്ക്‌ തളിപ്പറമ്പ്‌ ക്ഷേത്രത്തിലും പ്രവേശിക്കുന്നതിനും പുലയുള്ള ജ്യോത്സ്യനെ അയ്യപ്പസന്നിധാനത്തിലെത്തി പ്രശ്‌നപരിഹാരക്രിയകള്‍ നടത്തുന്നതിനും എന്തിന്‌ അനുവദിക്കാതിരിക്കണം എന്ന ഒരു സംശയമുണ്ട്‌. കാരണം, തന്ത്രിമാര്‍ ശുദ്ധികലശം നടത്തിയാല്‍ എല്ലാം ശുദ്ധമാകുമെങ്കില്‍ നിത്യവും അത്താഴപൂജയ്ക്കുശേഷം തന്ത്രിമാരുടെ ഈ ശുദ്ധികലശക്രിയകള്‍കൂടി നിത്യപൂജയിലെ അവസാന ഇനമായി ഉള്‍പ്പെടുത്തിയാല്‍ പോരേ?

ദൈവവും ദൈവസന്നിധിയില്‍ എത്തുന്ന ഭക്തജനങ്ങളും ഒഴികെ മറ്റുള്ള കക്ഷികള്‍ എല്ലാം ആത്യന്തികമായി ലക്ഷ്യമിടുന്നത്‌ ക്ഷേത്രവരുമാനമാണല്ലോ. ശബരിമലയില്‍ത്തന്നെ എല്ലാ പ്രശ്‌നങ്ങള്‍ക്കും യഥാര്‍ത്ഥ പ്രശ്‌നമായിരിക്കുന്നത്‌ അവിടത്തെ വരുമാനവുമായി ബന്‌ധപ്പെട്ട സംഗതികളാണെന്നാണ്‌ പറയപ്പെടുന്നത്‌. അല്ലാതെ അഷ്‌ടമംഗല്യപ്രശ്‌നമല്ല. വരുമാനത്തെ സംബന്‌ധിച്ച്‌ ക്ഷേത്രഭാരവാഹികള്‍ക്കും തന്ത്രിമാര്‍ക്കും ഒരു 'മതാതീത' കാഴ്ചപ്പാടാണുള്ളതെന്നത്‌ തീര്‍ച്ചയായും വലിയ കാര്യംതന്നെ. ഒരു മതേതര രാജ്യമായ ഭാരതത്തില്‍ 'മതാതീത വരുമാനം' എന്ന ആശയം ആദ്യമായി കണ്ടെത്തിയത്‌ തന്ത്രിമാരാണെന്ന്‌ തോന്നുന്നു. ഒരുപക്ഷേ, ഈ ആശയം ശരിക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുകൊണ്ടാവാം ഒരു ചലച്ചിത്രനടിക്ക്‌ തളിപ്പറമ്പിലെ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ പ്രവേശിക്കാനും അതുവഴി 'അശുദ്ധി' ഉണ്ടാക്കാനും അവസരം നല്‍കാന്‍ ബന്‌ധപ്പെട്ടവര്‍ക്ക്‌ കഴിഞ്ഞത്‌.

വ്യക്തിയുടെ നല്ലകാലവും ദോഷകാലവും നിര്‍ണയിക്കാനും വ്യക്തിയുടെ പൊതുവിലുള്ള കാര്യങ്ങള്‍ പറയാനും ജ്യോതിഷത്തിന്‌ കുറച്ചൊക്കെ കഴിയുന്നുണ്ടെന്നത്‌ വസ്തുതയാണ്‌. ഈ വസ്തുതയുടെ ബലത്തില്‍ ദൈവത്തിന്റെ അതൃപ്‌തിയും ഇഷ്‌ടാനിഷ്‌ടങ്ങളും പറയുന്ന 'പ്രശ്‌നപദ്ധതി' ഇവിടെയല്ലാതെ ലോകത്ത്‌ മറ്റ്‌ എവിടെയെങ്കിലും നിലനില്‍ക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടില്ല.
ദൈവത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പറയുന്ന ജ്യോത്സ്യന്മാരും ദൈവത്തെ പരിശുദ്ധരാക്കുന്ന തന്ത്രിമാരും ദൈവത്തിനു മുകളിലാണെന്ന ഒരു തോന്നല്‍ വലിയ അദ്ധ്വാനമൊന്നും കൂടാതെ സാധാരണക്കാരനില്‍ അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കുന്നുണ്ട്‌. ഇതാണ്‌ അവര്‍ രഹസ്യമായി ലക്ഷ്യമിടുന്നതെങ്കില്‍ അത്‌ നിലവിലുള്ള ദൈവസങ്കല്‍പത്തിന്‌ വളരെ വിനാശകരമാണ്‌. കാരണം ദൈവം അകവും പുറവും തിങ്ങിവിങ്ങുന്നതാണ്‌. അത്‌ സര്‍വതിനും മുകളിലാണ്‌ - മുകളിലായിരിക്കണം. ജ്യോത്സ്യന്മാര്‍ ദൈവത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പറയുകയും തന്ത്രിമാര്‍ ദൈവത്തെ പരിശുദ്ധന്മാരാക്കുകയും ചെയ്യുമ്പോഴുള്ള അപകടമിതാണ്‌. ദൈവം സര്‍വതിലും മുകളിലാണെന്ന സങ്കല്‍പത്തിനുപകരം ജ്യോത്സ്യന്മാരും തന്ത്രിമാരും ദൈവത്തിനു മുകളിലാണെന്ന തോന്നലാണുണ്ടാക്കുന്നത്‌. ഇത്‌ ദാര്‍ശനികമായി കുറ്റകരമാണ്‌. എന്നാല്‍, ഇതൊക്കെ ലീഗലായും മോറലായും കുറ്റമായി കാണാനുള്ള വികാസം നമ്മുടെ സമൂഹത്തിലുണ്ടാവാന്‍ ഇനിയും കാത്തിരിക്കണം.

ഒരേ തരത്തിലുള്ള ഗ്രഹനിലയ്ക്ക്‌ പത്തു ജ്യോത്സ്യന്മാര്‍ പത്തുരീതിയിലാണ്‌ ഫലം പറയുക. ഉദാഹരണത്തിന്‌ ശനി രണ്ടാംഭാവത്തില്‍ നിന്നാല്‍ കൈകളില്‍ ലോഹങ്ങള്‍ വരുമെന്നാണ്‌ ഒരു ഫലം. ഇവിടെ ലോഹമെന്നാല്‍ സ്വര്‍ണ്ണവും വെള്ളിയുമെന്നാണ്‌ പരക്കെയുള്ള ഒരു ഭാഷ്യം. എന്നാല്‍, അങ്ങനെയല്ല, കൈകളില്‍ വിലങ്ങ്‌ വീഴുമെന്നാണ്‌ മറ്റൊരു ഭാഷ്യം. ചുരുക്കത്തില്‍ രണ്ടിലെ ശനിക്ക്‌ പരസ്‌പരവിരുദ്ധങ്ങളായ നിരവധി ഫലങ്ങളാണ്‌ ഓരോരുത്തരും പ്രവചിക്കുന്നത്‌.
2+2 എന്നത്‌ ലോകത്ത്‌ എവിടെയും ഏതു മതവിശ്വാസി കൂട്ടിയാലും 4 എന്നുതന്നെയായിരിക്കും ഉത്തരം. എന്നാല്‍, രണ്ടാംഭാവത്തില്‍ നില്‍ക്കുന്ന ശനിയുടെ ഫലം അപ്രകാരം ലോകസമ്മതമല്ലായെന്നുളളത്‌ ജ്യോത്സ്യന്മാര്‍ക്കുപോലും അറിവുള്ള വസ്തുതയാണ്‌. ഈ വസ്തുതകള്‍കൊണ്ടാണ്‌ ജ്യോതിഷത്തിന്‌ അത്‌ ശാസ്‌ത്രമാണെന്ന അംഗീകാരം നഷ്‌ടമാകുന്നത്‌.

മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ദൈവത്തെ ബാധിക്കുന്നതല്ല. ബാധിക്കാന്‍ പാടുള്ളതുമല്ല. ഇത്‌ ദൈവത്തെ സംബന്‌ധിച്ച കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബാലപാഠമാണ്‌. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യനെയാണ്‌ ബാധിക്കുക. ശബരിമലയിലെ സാഹചര്യങ്ങളുമായി ബന്‌ധപ്പെട്ട്‌ നോക്കിയാല്‍ ഒരുപക്ഷേ, ഒരു വിഭാഗം മനുഷ്യരുടെ പ്രവര്‍ത്തനം മറ്റൊരു വിഭാഗം മനുഷ്യരുടെ വരുമാനത്തെ ബാധിച്ചെന്നിരിക്കും. അതു ദൈവത്തെ, സാക്ഷാല്‍ അയ്യപ്പനെ ബാധിക്കുന്നതല്ല. ദൈവത്തെ അതിലേക്ക്‌ വലിച്ചിഴയ്ക്കുന്നതും നീതീകരിക്കാനാവുന്നതല്ല. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ ദൈവത്തെ ബാധിക്കുകയാണെങ്കില്‍ പിന്നെന്തു ദൈവം?
ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വാസ്തവത്തില്‍ പ്രശ്‌നമല്ല. പ്രശ്‌നങ്ങളുടെ പരിഹാരമാണ്‌ ഏറ്റവും വലിയ പ്രശ്‌നം. ഇന്ന്‌ മനുഷ്യന്‍ അഭിമുഖീകരിക്കുന്നത്‌ ഈ പരിഹാരപ്രശ്‌നങ്ങളെയാണ്‌. ഇപ്പോള്‍ ശബരിമലയും.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

ഗൂഢാലോചനയുടെ രസതന്ത്രം

ഗൂഢാലോചനയുടെ രസതന്ത്രം

ലണ്ടന്‍ : വിപണിയില്‍ യഥേഷ്‌ടം ലഭ്യമാകുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ വിമാനത്തെ വീഴ്ത്താവുന്ന സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനാകും. സ്ഫോടകവസ്തു മുന്‍കൂട്ടി നിര്‍മ്മിക്കണമെന്നില്ല. രാസവസ്തുക്കള്‍ വിമാനത്തില്‍ വെവ്വേറെ എത്തിച്ചശേഷം സംയോജിപ്പിച്ചാല്‍ മതി.
ബ്രിട്ടനില്‍ വിമാനങ്ങള്‍ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ ഭീകരര്‍ ആസൂത്രണം ചെയ്ത പദ്ധതിയനുസരിച്ച്‌ സ്ഫോടകവസ്തു വലിയ അളവില്‍പ്പോലും ആവശ്യമില്ല. വിമാനം അപ്പാടെ തകര്‍ക്കുന്ന സ്ഫോടനമല്ല അവര്‍ ലക്ഷ്യമിട്ടിരുന്നത്‌ എന്നാണ്‌ സൂചന. വിമാനത്തില്‍ ഒരു ദ്വാരം സൃഷ്‌ടിക്കാന്‍ കഴിയുന്ന ചെറിയ സ്ഫോടനമേ അവരുടെ അജന്‍ഡയിലുണ്ടായിരുന്നുള്ളൂ. ചെറിയ ഒരു ദ്വാരം മതി അതിവേഗം സഞ്ചരിക്കുന്ന വിമാനം നിലംപതിക്കാന്‍. പുറത്തെ വായൂപ്രവാഹത്തിന്റെ ശക്തിയില്‍ വിമാനത്തിലെ മര്‍ദ്ദവും ജീവവായുവും ആ ദ്വാരത്തിലൂടെ നഷ്‌ടമാകും. ആകാശത്തേക്ക്‌ പൊങ്ങിയ ബലൂണില്‍ ഒരു ദ്വാരം വീണാലുള്ള അവസ്ഥയിലാകും വിമാനം. ഏതെങ്കിലും ഒരു നഗരത്തിനു മുകളില്‍വച്ച്‌ വിമാനം വീഴ്ത്തിയാല്‍ അങ്ങനെയുമുണ്ടാകും വന്‍നാശം.
സ്ഫോടകവസ്തുക്കള്‍ കണ്ടെത്താന്‍ വിമാനത്താവളങ്ങളില്‍ പരിശോധനയുണ്ട്‌. എന്നാല്‍, യാത്രയ്ക്കിടയില്‍ ഉപയോഗിക്കാനുള്ള സാധനങ്ങളെന്ന വ്യാജേന യാത്രക്കാര്‍ കൈവശം വയ്ക്കുന്ന വസ്തുക്കള്‍ കടുത്ത പരിശോധനയ്ക്ക്‌ വിധേയമാക്കാറില്ല. മദ്യമെന്നോ സുഗന്‌ധലേപനമെന്നോ പഞ്ചസാരയെന്നോ തോന്നിപ്പിക്കുംവിധം രാസവസ്തുക്കള്‍ വിമാനത്തില്‍ എത്തിക്കാനാകും.
നിറമില്ലാത്ത ഏതു ദ്രവഇന്‌ധനവും മിനറല്‍ വാട്ടര്‍ എന്ന വ്യാജേന വിമാനത്തില്‍ എത്തിക്കാം. ഒപ്പം പഞ്ചസാരയെന്ന്‌ തോന്നിപ്പിക്കുംവിധം അമോണിയം നൈട്രേറ്റും എത്തിച്ചാല്‍ മതി, വിമാനത്തില്‍ ഒരു ദ്വാരം സൃഷ്‌ടിക്കാന്‍ ആവശ്യമായ സ്ഫോടനം നടത്താം.
സള്‍ഫ്യൂറിക്കാസിഡും ഹൈഡ്രജന്‍ പെറോക്‌സൈഡും അസറ്റോണുമുണ്ടെങ്കില്‍ 'ട്രൈ അസറ്റോണ്‍ ട്രൈപെറോ ക്‌സൈഡ്‌' എന്ന സ്ഫോടകവസ്തു നിര്‍മ്മിക്കാം. ഹെയര്‍ഡൈയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡുണ്ട്‌. സര്‍ഫ്യൂറിക്കാസിഡും അസറ്റോണും യഥേഷ്‌ടം ലഭ്യമാകും.
സള്‍ഫ്യൂറിക്കാസിഡില്‍ ആവശ്യത്തിന്‌ നിറം ചേര്‍ത്ത്‌ ഒരു സ്കോച്ച്‌ വിസ്കിയുടെ കുപ്പിയില്‍നിറച്ച്‌ അതുമായി യാത്രയ്ക്ക്‌ ചെല്ലുന്ന ഒരാളെ ബ്രിട്ടനിലെ ഒരു വിമാനത്താവളത്തിലും സംശയിക്കുകയില്ല. ബ്രിട്ടന്റെ മദ്യമാണ്‌ സ്കോച്ച്‌. വിമാനയാത്രക്കാര്‍ സ്കോച്ച്‌ കൈയില്‍ കരുതാറുണ്ട്‌.
നൈട്രോഗ്ലിസറിനോ നൈട്രോമീതൈനോ കോണ്ടാക്‌ട്‌ ലെന്‍സ്‌ സൂക്ഷിക്കാനുള്ള ദ്രാവകം പോലെ വിമാനത്തില്‍ കടത്താനാകും.
ചൂടോ തീപ്പൊരിയോ ആഘാതമോ മതി സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കാന്‍. ഇലക്‌ട്രോണിക്‌ ഉപകരണങ്ങളിലെ ബാറ്ററി ഉപയോഗിച്ച്‌ തീപ്പൊരി സൃഷ്‌ടിക്കാനാകും.
ബ്രിട്ടീഷ്‌ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി പൊളിച്ചത്‌ ഭീകര ഗൂഢാലോചനയുടെ രസതന്ത്രം കൂടിയാണ്‌. ലോകത്തെ മറ്റ്‌ വിമാനത്താവളങ്ങളിലെ സുരക്ഷാ വിഭാഗക്കാര്‍ക്കും ഇത്‌ ഒരു മുന്നറിയിപ്പാണ്‌. കനത്ത സുരക്ഷാ സന്നാഹങ്ങളെ കടത്തിവെട്ടുന്ന ഭീകരരുടെ തന്ത്രം കണ്ടെത്തിയിരുന്നില്ലെങ്കില്‍ ലോകം വന്‍ ദുരന്തങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കേണ്ടിവന്നേനേ.
രാസായുധങ്ങളില്‍ ഉപയോഗിക്കാറുള്ള 'സരിന്‍' വിപണിയില്‍ ലഭ്യമല്ല. പക്ഷേ, 'അല്‍ ക്വ ഇദ'യെപോലുള്ള ഒരു സംഘടനയ്ക്ക്‌ സരിന്‍ ലഭിക്കാന്‍ മാര്‍ഗ്‌ഗങ്ങളുണ്ട്‌. നിറവും ഗന്‌ധവുമില്ലാത്ത ദ്രാവകമാണ്‌ സരിന്‍. അന്തരീക്ഷവുമായി സമ്പര്‍ക്കത്തിലായാല്‍ സരിന്‍ ബാഷ്‌പമാകാന്‍ തുടങ്ങും. അതീവ മാരകമാണ്‌ സരിന്‍ ബാഷ്‌പം. വിശേഷിച്ച്‌, അടച്ചുപൂട്ടിയ ഒരു ഇടമാണെങ്കില്‍. സരിന്‍ ഉപയോഗിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നോയെന്ന്‌ വ്യക്തമല്ല.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

വ്യാഴാഴ്‌ച, ഓഗസ്റ്റ് 10, 2006

പലിശ കൂടുമ്പോഴും കുറയുമ്പോഴും

പലിശ കൂടുമ്പോഴും കുറയുമ്പോഴും
ഡോ.എം. ജയപ്രകാശ്‌

മുമ്പൊക്കെ റിസര്‍വ്‌ ബാങ്ക്‌ ധനവായ്‌പാനയം പ്രഖ്യാപിച്ചിരുന്നത്‌ വര്‍ഷത്തിലൊരു തവണയായിരുന്നു. എന്നാലിപ്പോള്‍ മൂന്നുമാസത്തിലൊരിക്കല്‍ നയവ്യതിയാനങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്ര ബാങ്ക്‌ നിര്‍ബന്‌ധിതമായിത്തീര്‍ന്നിരിക്കുന്നു. കാരണം വളരെ വ്യക്തം. ഇന്ത്യന്‍ സമ്പദ്ഘടന ലോക സമ്പദ്‌വ്യവസ്ഥയുമായി കാര്യമായി കൊളുത്തിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ആഗോളതലത്തില്‍ ധന-മൂലധന വിപണികളിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ക്ക്‌ അനുസരണമായി നമ്മുടെ നാണ്യവ്യവസ്ഥിതിയിലും ക്രമഭേദങ്ങള്‍ വരുത്തിയില്ലെങ്കില്‍ നഷ്‌ടം നമുക്കുതന്നെയായിരിക്കും.

ഈ പശ്ചാത്തലത്തില്‍വേണം, താഴ്‌ന്ന നിലയില്‍ ഒതുക്കിനിറുത്തിയിരുന്ന ബാങ്ക്‌ പലിശനിരക്ക്‌ അല്‌പം ഉയരാന്‍ ഇടയാക്കുന്ന റിസര്‍വ്‌ ബാങ്കിന്റെ 2006-07 വര്‍ഷത്തെ ആദ്യമൂന്നുമാസം കഴിഞ്ഞുള്ള ധന-വായ്‌പ നയത്തെ വിലയിരുത്താന്‍.അതിനുമുന്‍പ്‌ പലിശനിരക്ക്‌ എങ്ങനെയാകണമെന്നതിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ നന്നായിരിക്കും. നിരക്ക്‌ എപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കണമെന്നും അതല്ല താഴ്‌ന്നാണ്‌ നില്‍ക്കേണ്ടതെന്നുമുള്ള വ്യത്യസ്തമെങ്കിലും ഒരേ ഗണത്തില്‍പ്പെടുത്താവുന്ന സമീപനമാണ്‌ ആദ്യത്തേത്‌. എന്നാല്‍ രാജ്യത്ത്‌ ഉരുത്തിരിഞ്ഞുവരുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ക്ക്‌ അനുസൃതമായി നിരക്ക്‌ കൂട്ടുകയോ കുറയ്ക്കുകയോ ആണ്‌ വേണ്ടതെന്ന സമീപനമാണ്‌ രണ്ടാമത്തേത്‌.

നിരക്ക്‌ ഉയര്‍ത്താന്‍
ഉയര്‍ന്ന നിരക്കുതന്നെ വേണമെന്ന്‌ ശഠിക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന വാദമുഖങ്ങള്‍ ഇനിപ്പറയുന്നവയാണ്‌.കുറഞ്ഞ പലിശ സമ്പാദ്യശീലത്തെ പ്രതികൂലമായി ബാധിക്കും. അങ്ങനെവന്നാല്‍ നിക്ഷേപം നടത്താനുള്ള വിഭവം കുറയും. അത്‌ സാമ്പത്തിക വളര്‍ച്ചയെ പിന്നോക്കം പായിക്കും. അതുപോലെതന്നെ, നമ്മുടെ നാട്ടില്‍ പലിശ വരുമാനംകൊണ്ട്‌ കഴിഞ്ഞുകൂടുന്ന ഒരുപാട്‌ പേരുണ്ട്‌. പ്രത്യേകിച്ച്‌ ജീവിത സായാഹ്‌നത്തിലെത്തിനില്‍ക്കുന്നവര്‍ ജീവിതം വിയര്‍പ്പാക്കി സമ്പാദിച്ച തുക ബാങ്കിലിട്ട്‌ അതിന്റെ പലിശകൊണ്ട്‌ ജീവിക്കുന്ന പെന്‍ഷന്‍കാരെപ്പോലുള്ളവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കാന്‍ കുറഞ്ഞനിരക്ക്‌ കാരണമാകും.

നിരക്ക്‌ താഴ്‌ന്നാല്‍
ഇതിനു വിരുദ്ധമായി നിരക്ക്‌ താഴ്‌ന്നിരിക്കണമെന്ന്‌ വാദിക്കുന്നവര്‍ ഉന്നയിക്കുന്ന ന്യായങ്ങള്‍ ഇനിപ്പറയുന്നവയാണ്‌. കുറഞ്ഞനിരക്ക്‌ വ്യാവസായിക സംരംഭകരെയും മറ്റും കൂടുതല്‍ വായ്‌പ എടുക്കാനും നിക്ഷേപം വര്‍ദ്ധിപ്പിക്കാനും പ്രേരണ നല്‍കും. ഇത്‌ ഉത്‌പാദന വര്‍ദ്ധനയ്ക്കും തൊഴിലവസരങ്ങള്‍ ഉയര്‍ത്താനും വഴിയൊരുക്കും. കുറഞ്ഞനിരക്ക്‌ സമ്പാദ്യം കുറയ്ക്കാന്‍ കാരണമാക്കുമെന്ന വാദം വര്‍ത്തമാനകാല അനുഭവങ്ങള്‍ നിരത്തി ഖണ്‌ഡിക്കാനാവും. അടുത്തകാലത്തായി പലിശനിരക്ക്‌ കാര്യമായി കുറഞ്ഞെങ്കിലും ബാങ്കുകളില്‍ സമ്പാദ്യം കുമിഞ്ഞുകൂടുകയായിരുന്നു. അതുകാരണം ഭവനം നിര്‍മ്മിക്കുന്നവര്‍ക്കും വാഹനം വാങ്ങുന്നവര്‍ക്കും നിര്‍ലോഭം വായ്‌പ കൊടുക്കാനുള്ള തത്രപ്പാടിലായിരുന്നു ബാങ്കുകള്‍.

ഇപ്രകാരം, സമ്പാദ്യം നടത്തുന്നവരും അത്‌ പ്രോത്സാഹിപ്പിക്കണമെന്ന്‌ വിശ്വസിക്കുന്നവരും ഉയര്‍ന്ന പലിശയ്ക്കുവേണ്ടി വാദിക്കുമ്പോള്‍, നിക്ഷേപം നടത്തുന്നവരും അത്‌ പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന്‌ വിശ്വസിക്കുന്നവരും താഴ്‌ന്ന പലിശയ്ക്കായി ശബ്‌ദമുയര്‍ത്തുന്നു. ഈ രണ്ടുവാദങ്ങളും ഓരോപക്ഷം പിടിച്ചുള്ള സമീപനമാണ്‌. അതുകൊണ്ടാണ്‌ ഇവ രണ്ടും ഒരേ ഗണത്തില്‍പ്പെടുന്നതായി കരുതുന്നത്‌. രാജ്യത്തിന്റെ മൊത്തത്തിലുള്ള ധനപരമായ ആവശ്യങ്ങളോട്‌ പ്രതികരിക്കാന്‍ ഈ സമീപനം ഉതകില്ല. രാജ്യത്തിനകത്തും പുറത്തും നിലനില്‍ക്കുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ക്ക്‌ ഇണങ്ങുന്ന തരത്തില്‍ പലിശനിരക്ക്‌ നിശ്ചയിക്കണമെന്ന വസ്തുനിഷ്ഠമായ നിലപാടുതന്നെയാണ്‌ കൂടുതല്‍ സ്വീകാര്യം.

അടുത്തകാലംവരെ ലോകത്തെ മിക്ക വികസിത രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. ഇതില്‍നിന്നുള്ള ഒരു രക്ഷാമാര്‍ഗ്‌ഗമായി അവര്‍ പരീക്ഷിച്ചത്‌ പലിശനിരക്ക്‌ താഴ്ത്തിനിറുത്തുകയെന്നതായിരുന്നു. ഉദാഹരണമായി ലോകത്തെ രണ്ടാംനമ്പര്‍ സാമ്പത്തിക ശക്തിയായ ജപ്പാന്‍ കഴിഞ്ഞ ആറുവര്‍ഷമായി പലിശ പൂജ്യം നിരക്കില്‍ നിലനിറുത്തുകയായിരുന്നു.അമേരിക്കയിലും മറ്റും ശരാശരി പലിശനിരക്ക്‌ നാലു ശതമാനത്തില്‍ത്താഴെ തളച്ചിട്ടിരിക്കുകയായിരുന്നു. പക്ഷേ, ആഗോളീകരിക്കപ്പെട്ട ലോക സമ്പദ്ഘടന ആകയാല്‍ നിരക്ക്‌ കുറഞ്ഞ ഇടങ്ങളില്‍ നിന്ന്‌ താരതമ്യേന കൂടിയ പ്രദേശങ്ങളിലേക്കുള്ള മൂലധന ഒഴുക്കിന്‌ ഇതു വഴിതെളിച്ചു. അതിലൊരു പങ്ക്‌ നമ്മുടെ രാജ്യത്തേക്കും പ്രവഹിച്ചു. അത്‌ ഇവിടത്തെ മൂലധന വിപണിയെ സജീവമാക്കി. ഓഹരി വിലകള്‍ ഓടിക്കയറാന്‍ ഇടയാക്കി; രൂപയുടെ വിദേശ വിനിമയമൂല്യം ഉയര്‍ത്തി.

നിക്ഷേപം വഴിമാറുന്നു
ഇങ്ങനെ നമുക്ക്‌ അനുകൂലമായ സാഹചര്യം നിലനിന്നുവരികയാണ്‌, വികസിത രാജ്യങ്ങളെ ഗ്രസിച്ചിരുന്ന സാമ്പത്തിക മാന്ദ്യത്തിന്‌ അയവുവരാന്‍ തുടങ്ങിയത്‌. അതിന്റെ തുടര്‍ച്ചയെന്നോളം അവിടങ്ങളിലെ പലിശനിരക്ക്‌ ഉയരാനും തുടങ്ങി. ഉദാഹരണമായി കഴിഞ്ഞ ആറുവര്‍ഷമായി പൂജ്യം നിരക്കിലായിരുന്ന ജപ്പാനിലെ നിരക്ക്‌ 0.25 ശതമാനമായി. അമേരിക്കയിലേത്‌ 5.25 ശതമാനവുമായി. സ്വാഭാവികമായി ഈ പ്രദേശങ്ങളിലേക്ക്‌ ഇന്ത്യയില്‍ നിന്നുംമറ്റും മൂലധനത്തിന്റെ തിരിച്ചൊഴുക്ക്‌ ഉണ്ടാകാന്‍ തുടങ്ങി. തല്‍ഫലമായി ഇവിടത്തെ ഓഹരി വിപണിയുടെ ഉന്‌മേഷത്തിന്‌ മങ്ങലേല്‍ക്കാനും ഓഹരി വിലകളുടെ ചാഞ്ചാട്ടത്തിനും ഇടയായി. ഇന്ത്യയില്‍നിന്ന്‌ മൂലധനം തിരിച്ചുപോകണമെങ്കില്‍ അത്‌ ഡോളറോ യൂറോയോ ആക്കിയേതീരൂ. ഇതുകാരണം വിദേശ കറന്‍സികളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കാനും അതുകാരണം അവയുടെ മൂല്യം ഉയരാനും രൂപയുടേത്‌ ഇടിയാനും തുടങ്ങി. നമ്മുടെ കറന്‍സിയുടെ വിനിമയമൂല്യം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിലയിലാണ്‌ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്‌.

നിയന്ത്രണം കൂടിയേ തീരൂ
ഈയൊരു സാഹചര്യത്തില്‍ ഇന്ത്യയില്‍ പലിശനിരക്ക്‌ ഉയര്‍ത്തേണ്ടതുതന്നെ. അതുപോലെ വിലക്കയറ്റത്തിന്റെ തോതിനെക്കുറിച്ച്‌ അധികാരികള്‍ എന്ത്‌ സ്ഥിതിവിവരക്കണക്ക്‌ നല്‍കിയാലും ശരി, സാധനവിലകള്‍ കുതിച്ചുയരുന്നുവെന്നത്‌ ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുകയാണ്‌. ഈ സാഹചര്യത്തില്‍ സമ്പദ്ഘടനയിലേക്കുള്ള പണത്തിന്റെ 'പമ്പിംഗ്‌' നിയന്ത്രിച്ചേ തീരൂ. ഉയര്‍ന്ന പലിശനിരക്ക്‌ വായ്‌പയുടെ അളവും പണത്തിന്റെ ലഭ്യതയും നിയന്ത്രിക്കും.

ഇക്കാരണങ്ങളാല്‍ പലിശ ഉയര്‍ത്തുന്നതരത്തിലുള്ള കേന്ദ്ര ബാങ്കിന്റെ പുതിയ ധനനയം ശരിയായ ദിശയിലുള്ളതുതന്നെ. എന്നാല്‍ പലിശനിരക്ക്‌ ചെറിയതോതില്‍ ഉയര്‍ത്താനേ ഇപ്പോഴത്തെ നടപടികള്‍ക്കാവൂ. രാജ്യത്തെ അടിയന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുറെക്കൂടി ഉയര്‍ന്ന പലിശനിരക്ക്‌ വേണ്ടിയിരിക്കുന്നു.

കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍

ബുധനാഴ്‌ച, ഓഗസ്റ്റ് 09, 2006

വാര്‍ത്തയ്ക്കും വിജയത്തിനും മദ്ധ്യേ

വാര്‍ത്തയ്ക്കും വിജയത്തിനും മദ്ധ്യേ
രാ‍ജേശ്വരി മോഹന്‍
പ്രോഗ്രാം എക്‌സിക്യൂട്ടീവ്‌, ആകാശവാണി

1985-ല്‍ ആണ്‌ ആദ്യമായി ഞാന്‍ ദൂരദര്‍ശനില്‍ വാര്‍ത്ത വായിച്ചത്‌. അന്ന ത്തെ അനുഭവം ഇപ്പോഴും ഓര്‍മ്മയിലുണ്ട്‌. അതിഭയങ്കര ടെന്‍ഷനായിരുന്നു. സ്റ്റുഡിയോ നിറച്ചും ആളുകള്‍. എങ്ങനെയെങ്കിലും വായിച്ചുതീര്‍ത്താല്‍ മതിയെന്നായിരുന്നു. കൃഷ്‌ണന്‍നായര്‍ സാറായിരുന്നു ന്യൂസ്‌ എഡിറ്റര്‍. ഒരുവിധം വായിച്ചുതീര്‍ത്തു. ഒരു വാചകം വായിക്കാന്‍ വിട്ടുപോയി. എന്നാല്‍ അത്‌ പ്രേക്ഷകര്‍ അറിയാതെ ഒപ്പിച്ചു. വായന കഴിഞ്ഞ്‌ അക്കാര്യം കൃഷ്‌ണന്‍ നായര്‍ സാര്‍ ചോദിച്ചു. "എന്തുവാടോ? ഏതായാലും താന്‍ ഒപ്പിച്ചു."
ആ ഒരു സംഭ്രമം ഇപ്പോഴുമുണ്ട്‌ ഇത്രയേറെ ന്യൂസ്‌ ബുള്ളറ്റിനുകള്‍ വായിച്ച അനുഭവമുള്ളപ്പോഴും. ലക്ഷക്കണക്കിന്‌ ആളുകള്‍ ഒരേസമയം നമ്മളെത്തന്നെ കാണുകയും കേള്‍ക്കുകയും ചെയ്യുകയല്ലേ. സാരി നേരേയാണോ, തലമുടി കെട്ടിയത്‌ ശരിയായോ അങ്ങനെ ചെറുതും വലുതുമായ സംശയങ്ങള്‍. അത്‌ അങ്ങനെ വേണംതാനും. എന്നാലല്ലേ ഒരു 'ഇന്‍വോള്‍മെന്റ്‌' ഉണ്ടാകൂ? ന്യൂസ്‌ 'ലൈവ്‌' ആകൂ?
ഇത്തരം സമ്മര്‍ദ്ദങ്ങളെ സമ്മര്‍ദ്ദമായല്ല 'ത്രില്‍' ആയാണ്‌ ഞാന്‍ കാണുന്നത്‌. അങ്ങനെ കണ്ടാലേ ഏതു ജോലിയും നന്നായി ചെയ്യാനാകൂ.

1979-ല്‍ ഞാന്‍ ആകാശവാണിയില്‍ ചേരുമ്പോള്‍ ഒരു 'ബിഗ്‌ സീറോ' ആയിരുന്നു. സ്വന്തം ശബ്‌ദം റേഡിയോയിലൂടെ കേള്‍പ്പിക്കണമെന്ന ആഗ്രഹം കൊണ്ട്‌ ആകാശവാണിയില്‍ എത്തിച്ചേര്‍ന്നതാണ്‌. റേഡിയോ ആയിരുന്നു അന്ന്‌ ഹീറോ. അവിടെ ഞാന്‍ അനേകമനേകം സ്ക്രിപ്റ്റുകള്‍ വായിച്ച്‌ പൊതു കാര്യങ്ങള്‍ അറിയാന്‍ ശ്രമിച്ചു. അപ്പോഴാണ്‌ ദൂരദര്‍ശനിലേക്ക്‌ അപേക്ഷ അയച്ചത്‌. ഇന്റര്‍വ്യൂവിന്‌ മുമ്പ്‌ വാര്‍ത്ത വായിക്കുന്നത്‌ ഒരു സ്റ്റുഡിയോയില്‍ ഷൂട്ട്‌ ചെയ്‌ത്‌ കണ്ടുനോക്കി. എന്തൊക്കെ മാറ്റം വേണമെന്ന്‌ ആകാശവാണിയിലെ മുതിര്‍ന്നവര്‍ പറഞ്ഞുതന്നു. അന്നൊരു റോള്‍ മോഡല്‍ ഇല്ലായിരുന്നു. അതുകൊണ്ടാവാം സ്വന്തമായൊരു ശൈലിയുണ്ടാക്കാന്‍ കഴിഞ്ഞത്‌. എന്തെന്ത്‌ കാര്യങ്ങളാണ്‌ വാര്‍ത്ത വായനയ്ക്കിടയിലുള്ള 15 മിനിട്ടിനുള്ളില്‍! സംഭവങ്ങളുടെ ഒരു നിരതന്നെ ഉണ്ടായേക്കാം. അതെല്ലാം ഫ്‌ളാഷ്‌ ആയി വരുമ്പോള്‍ 'കണ്ണുമടച്ച്‌' വായിക്കേണ്ടിവരും. ഇത്തരം ടെന്‍ഷന്‍ മറികടക്കാന്‍ ഞാന്‍ ഇപ്പോഴും പത്രങ്ങളൊക്കെ വീട്ടിലിരുന്ന്‌ ഉറക്കെ വായിക്കാറുണ്ട്‌. നല്ലൊരു അഭിനേതാവിനെപ്പോലെയാണ്‌ വാര്‍ത്ത വായനക്കാരും. നമ്മുടെ സ്വകാര്യ ദുഃഖങ്ങളും സന്തോഷങ്ങളും പ്രതിഫലിക്കാതെ വായിക്കാന്‍ കഴിയണം. ആത്‌മനിയന്ത്രണം വേണം. മാര്‍ ഗ്രിഗോറിയസ്‌ തിരുമേനി കുട്ടിക്കാലത്ത്‌ എന്റെ കോണ്‍വെന്റില്‍ വന്നപ്പോള്‍ ഞാന്‍ അനുഗ്രഹം വാങ്ങിയിരുന്നു. അദ്ദേഹം കാലംചെയ്‌ത വാര്‍ത്ത ഞാനാണ്‌ വായിച്ചത്‌. അതുപോലെ ബന്‌ധുവും സുഹൃത്തുമായിരുന്ന സംവിധായകന്‍ പദ്‌മരാജന്‍ മരിച്ചപ്പോള്‍ അതും ഞാന്‍ തന്നെ വായിക്കേണ്ടിവന്നു. വല്ലാത്ത സങ്കടമുണ്ടായിരുന്നു. അടുത്തിടെ ഇന്ത്യയുടെ മിസെയില്‍ പരീക്ഷണം പരാജയപ്പെട്ട വാര്‍ത്ത വായിച്ചപ്പോഴും വിഷമം തോന്നി.

അതുപോലെ ഒരു വാര്‍ത്ത തന്നെ വായിക്കാന്‍ വിട്ടുപോയതുപോലുള്ള അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്‌. ചുമകൊണ്ട്‌ വായന നിറുത്തിവയ്ക്കേണ്ടിവന്നിട്ടുണ്ട്‌. ചുമച്ച്‌ തീര്‍ന്നശേഷം ക്ഷമചോദിച്ച്‌ തുടരുകയായിരുന്നു. സ്റ്റുഡിയോയില്‍ കടന്നുകൂടിയ ഈച്ച മൂക്കിലും നെറ്റിയിലുമൊക്കെ വന്നിരുന്ന്‌ ഉണ്ടാക്കിയ പൊല്ലാപ്പാണ്‌ ഏറെ രസകരം. 'എന്റെ പൊന്ന്‌ ഈച്ചയല്ലേ ഒന്നു പോയിത്തരുമോ' എന്നൊക്കെ എത്രനേരം നിശ്ശബ്‌ദമായി പറഞ്ഞുനോക്കിയെങ്കിലും ഈച്ച പോകുന്നില്ല. കണ്ടിരുന്നവര്‍ വിചാരിച്ചത്‌ ടി.വി. സ്ക്രീനിലാണ്‌ ഈച്ചയെന്ന്‌. അതുപോലെ മൈക്ക്‌ സാരിയില്‍ ഫിറ്റ്‌ ചെയ്യാനാകാതെ ഒരു കൈകൊണ്ട്‌ അതുംപിടിച്ചിരുന്ന്‌ വായിച്ചിട്ടുണ്ട്‌. യോഗ ചെയ്യുന്നതുകൊണ്ടാകാം ആ സമയത്തൊന്നും മനസ്സ്‌ 'വിടാതെ' വായിക്കാന്‍ കഴിഞ്ഞത്‌.
ഒരു ഓട്ടപ്രദക്ഷിണം പോലെ വാര്‍ത്ത വായിക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല. ഒരു കലാരൂപം പോലെയാണത്‌. കേള്‍ക്കുന്നവരിലേക്ക്‌ ആശയങ്ങള്‍ നന്നായി പകര്‍ത്താന്‍ കഴിയണം. അല്ലാതെ ഒരു ഗ്‌ളാമറസ്‌ ജോലിയായി വാര്‍ത്ത വായനയെ കാണരുത്‌.
ഗ്‌ളാമറസ്‌ പ്രതിച്ഛായ, പ്രശസ്‌തി, പണം ഇതിനൊക്കെ വേണ്ടി എന്തും ചെയ്യുന്ന നിലയിലേക്ക്‌ പെണ്‍കുട്ടികള്‍ എത്തിയിട്ടുണ്ട്‌. എന്നിട്ട്‌ ചൂഷണമെന്ന പരാതിയും. വളയാന്‍ തയ്യാറായി നിന്നാല്‍ വളയ്ക്കാന്‍ ആളുണ്ടാവും. പല മാതാപിതാക്കളും ഇതിനൊക്കെ കണ്ണടച്ചു കൊടുക്കുന്നുമുണ്ട്‌. മറ്റുള്ളവര്‍ ചെയ്യുന്നതെല്ലാം തനിക്കും ചെയ്യണം എന്ന്‌ വാശിപിടിക്കരുത്‌. സ്വയം വിലയിരുത്തണം. ആഡംബരങ്ങള്‍ വേഗം നേടണമെന്ന്‌ തോന്നുമ്പോള്‍ എന്തിന്റെയും പിറകേ പോകാന്‍ തോന്നും. ചൂഷണം ചെയ്യപ്പെട്ടു എന്ന്‌ പിന്നീട്‌ വിലപിച്ചിട്ടു കാര്യമില്ല. പ്രതിസന്‌ധികള്‍ കണ്ട്‌ പിന്മാറാതെ അതിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ കഴിയണം.

ഒത്തിരി പ്രശ്‌നങ്ങള്‍ നേരിട്ടും ചരടുവലികള്‍ കണ്ടുമാണ്‌ ഞാന്‍ ആകാശവാണിയിലും ദൂരദര്‍ശനിലും ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടത്‌. തളര്‍ന്നു പോകാതെ പിന്തുണ തന്നത്‌ ഭര്‍ത്താവ്‌ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌ മാനേജരായ സി. മോഹനാണ്‌ പിന്നെ മകള്‍ ദേവിനയും. മാവേലിക്കര ബിഷപ്പ്‌ മൂര്‍ കോളേജില്‍ പഠിക്കുമ്പോഴാണ്‌ മോഹനെ പരിചയപ്പെട്ടത്‌.

ഞാന്‍ ഭയങ്കര ഈശ്വരവിശ്വാസിയാണ്‌. വിഷമംവരുമ്പോള്‍ വിളിക്കാറുള്ളത്‌ ഭഗവാന്‍ ശ്രീകൃഷ്‌ണനെയാണ്‌. കഴിഞ്ഞ നാലഞ്ചു മാസത്തിനിടെ മൂന്ന്‌ അപകടങ്ങളില്‍ നിന്നാണ്‌ ഭഗവാനെന്നെ രക്ഷിച്ചത്‌. കായംകുളത്ത്‌ ജനിച്ച്‌ പാട്ടുകാരിയാകാന്‍ മോഹിച്ച്‌ നടന്ന എന്നെ ഈ തലസ്ഥാനനഗരിയില്‍ കൊണ്ടുവന്ന്‌ ഇത്രയുമൊക്കെ ആക്കിയത്‌ എന്റെ കണ്ണനാണ്‌. പുതിയ ന്യൂസ്‌ റീഡേഴ്‌സിനെ ഒരു ഇംഗ്‌ളീഷ്‌ പത്രം ഇന്റര്‍വ്യൂ ചെയ്‌തപ്പോള്‍ കൂടുതല്‍ ഇഷ്‌ടമുള്ള വാര്‍ത്തവായനക്കാരിയായി പലരും എന്റെ പേരാണ്‌ പറഞ്ഞത്‌. അസാധാരണമായ അംഗീകാരമായി ഞാനതു കാണുന്നു. സംതൃപ്‌തയാണ്‌ ഞാന്‍. ഇനിയൊരു ജന്‌മം പോലും വേണമെന്നില്ല.

കടപ്പാട് :കേരളകൌമുദി ഓണ്‍ലൈന്‍

സങ്കല്‍പവും യാഥാര്‍ത്ഥ്യവും

സങ്കല്‍പവുംയാഥാര്‍ത്ഥ്യവും
കെ സുദര്‍ശന്‍

പ്‌ളസ്‌ വണ്ണിനു പഠിക്കുന്ന ഒരു പയ്യന്‍ ഈയിടെ അവന്റെ അച്ഛനോട്‌ ചോദിച്ചു:
"യാഥാര്‍ത്ഥ്യവും സങ്കല്‍പവും തമ്മിലുള്ള വ്യത്യാസമെന്താണ്‌? അച്ഛനറിയാമോ?" അച്ഛന്‍ ആദ്യമൊന്നു പരുങ്ങി. പിന്നെ, ലളിതമായിട്ട്‌ പറഞ്ഞുകൊടുത്തു.
"യാഥാര്‍ത്ഥ്യം എന്നു പറഞ്ഞാല്‍ ശരിക്കും ഉള്ളത്‌. സങ്കല്‍പം എന്നു പറഞ്ഞാല്‍, നമ്മള്‍ വിചാരിക്കുന്നത്‌."
"ശരിക്കും ഉള്ളതു തന്നെയാണ്‌ നമ്മള്‍ വിചാരിക്കുന്നതുമെങ്കിലോ?
പയ്യന്‍ സീരിയസ്സായിട്ട്‌ നില്‍ക്കുകയാണ്‌. ഉപായത്തില്‍ രക്ഷപ്പെടാമെന്ന്‌ വിചാരിക്കണ്ട. അച്ഛന്‍ ഒരു നിമിഷം ആലോചിച്ചിട്ടു പറഞ്ഞു.
"മോന്‍ പോയി അമ്മയോട്‌ പറയണം; മോന്റെ സ്കൂളില്‍ പുതിയതായി വന്ന ഇംഗ്ലീഷ്‌ സാറ്‌ സ്‌മാര്‍ട്ടാണെന്ന്‌. കാണാന്‍ ഫിലിം സ്റ്റാറിന്റെ കൂട്ടിരിക്കുമെന്ന്‌. എന്നിട്ടു പറയണം, അമ്മയോട്‌ സംസാരിക്കണമെന്ന്‌. ആ സാറ്‌ പറഞ്ഞുവെന്ന്‌!
അതിനുശേഷം ഇതേ കാര്യം തന്നെ ചേച്ചിയോടും അവതരിപ്പിക്കണം. നമുക്കവരുടെ പ്രതികരണം എങ്ങനെയുണ്ടെന്ന്‌ നോക്കാം."
ആദ്യം അമ്മയുടെ അടുത്തേക്കാണ്‌ മകന്‍ പോയത്‌. ഭംഗിയായിത്തന്നെ കാര്യങ്ങള്‍ അവതരിപ്പിച്ചു. അതുകേട്ടതും, അമ്മ അങ്ങ്‌ പൂത്തുലഞ്ഞ ഇലഞ്ഞിപോലെയായി.
"സത്യം?"
"സത്യം."
"എന്നെ കാണണമെന്ന്‌ സാറ്‌ പറഞ്ഞോ?"
"പറഞ്ഞെന്നേ....."
"സംസാരിക്കണമെന്നു പറഞ്ഞോ?"
"യേസ്‌."
"അപ്പോള്‍, ഞാന്‍ ഉദ്ദേശിക്കുന്ന ആളുതന്നെ! പുള്ളി ഇടയ്ക്കിടയ്ക്ക്‌ എന്നെ നോക്കുന്നുണ്ടായിരുന്നു!"
അമ്മയുടെ മുഖത്തിപ്പോള്‍ നാണത്തിന്റെ ചെമ്പരത്തി.
"എവിടെ താമസിക്കുന്നു പുള്ളി?"
"ങാ....!"
"കല്യാണം കഴിച്ച ആളല്ലെന്ന്‌ തോന്നുന്നു...."
"അതൊന്നും അറിയില്ല. എന്തായാലും അമ്മയെ കാണണമെന്ന്‌ പറയുന്നതു കേട്ടു."
പയ്യന്‍ വല്ലവിധവും അവിടന്ന്‌ രക്ഷപ്പെടുകയായിരുന്നു.
അടുത്ത ഊഴം ചേച്ചിയുടേതാണ്‌. അമ്മയുടെയല്ലേ മോള്‌!
സാറ്‌ കാണണമെന്ന്‌ പറഞ്ഞതായി അറിയിച്ചതേയുള്ളൂ.
വിപ്രലംഭ ശൃംഗാരമായിരുന്നു. പിന്നെ വയലാറു പറഞ്ഞതുപോലെ.
"റിയലി?"
"റിയലി?"
"പ്രോമിസ്‌"
"പ്രോമിസ്‌."
"ഞാന്‍ എന്‍ജിനീയറിംഗിന്‌ പഠിക്കുവാണെന്ന്‌ പറഞ്ഞോ നീ?"
"പറഞ്ഞു."
"പ്‌ളസ്‌ ടൂവിന്‌ എ പ്‌ളസ്‌ ഉണ്ടായിരുന്നെന്ന്‌ പറഞ്ഞോ?"
" അതു പറഞ്ഞില്ല."
" എനിക്ക്‌ ഇംഗ്ലീഷ്‌ എന്നു പറഞ്ഞാല്‍ ഭ്രാന്താണെന്ന്‌ പറഞ്ഞോ?"
" അതും പറഞ്ഞില്ല."
"ഛേ! അതൊക്കെ പറയണ്ടേ...."
" എന്തിന്‌?"
" ഒരു ഇംപ്രഷന്‍ ബില്‍ഡ്‌ ചെയ്യാന്‍. പോട്ടെ. ആ സാറ്‌ കാറിലാണോ വരുന്നത്‌?"
" സാറ്‌ ഫോര്‍ഡ്‌ ഐക്കോണിലാണ്‌ വരുന്നത്‌." പയ്യനും വിട്ടുകൊടുത്തില്ല.
"ഹായ്‌! അപ്പോള്‍ നല്ല രസമായിരിക്കും!"
ഒരു ചുമ കേട്ടു. ചുമച്ചുപോയതാണ്‌. ഗത്യന്തരമില്ലാതെ. തുടര്‍ന്ന്‌ അച്ഛന്‍ അടുത്ത മുറിയിലേക്ക്‌ പോകുന്നതും കണ്ടു.
ഭാര്യയുടെയും മകളുടെയും ആകാംക്ഷാഭരിതമായ അന്വേഷണങ്ങള്‍ ' ആസ്വദിച്ചുകൊണ്ട്‌' അപ്പുറത്ത്‌ നില്‍ക്കുകയായിരുന്നു അദ്ദേഹം.
തൃപ്‌തിയായി!
മകന്‍ വീണ്ടും അച്ഛന്റെയടുത്തെത്തി.
അച്ഛന്‍ മിണ്ടുന്നില്ല.
മുഖത്ത്‌ ഗൗരവം കൂടുകെട്ടിയിരിക്കുന്നു. പെട്ടെന്ന്‌ അദ്ദേഹം മുഖമുയര്‍ത്തി.
" ഇപ്പോള്‍ മനസ്സിലായോ സങ്കല്‍പവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം?"
മകന്‍ പിതാവിനെ സൂക്ഷിച്ചുനോക്കി. അതിന്റെ പൊരുള്‍ തിരിയാത്തതുപോലെ.....
അച്ഛന്‍ ഒന്നുകൂടി വിശദീകരിച്ചു.
"ഞാന്‍ ഇത്ര നാളും സങ്കല്‍പിച്ചിരുന്നതെന്താ?"
വിശ്വസ്തയായ ഒരു ഭാര്യയും വിദ്യാസമ്പന്നയായ ഒരു മകളും എനിക്കുണ്ടെന്ന്‌. അവര്‍ അങ്ങേയറ്റം സംസ്കാരമുള്ളവരാണെന്ന്‌ അല്ലേ... എന്നാല്‍ യാഥാര്‍ത്ഥ്യമെന്താ?
നമ്മളോടൊപ്പം ഈ വീട്ടിലുള്ളത്‌ രണ്ട്‌ 'വഷളു'കളാണ്‌!
രണ്ട്‌ അറുവഷളുകള്‍.
ഇതാണ്‌ യാഥാര്‍ത്ഥ്യവും സങ്കല്‍പവും തമ്മിലുള്ള വൈരുദ്ധ്യം!
രണ്ടും രണ്ട്‌ 'ഭൂഖണ്‌ഡ'ങ്ങളാണ്‌. അവ ഒരു കാലത്തും പൊരുത്തപ്പെടില്ല.
ഇഷ്‌ട കാമുകന്‍ പിന്നീട്‌ ഭര്‍ത്താവായി വരുമ്പോള്‍ സംഭവിക്കുന്നത്‌ ഇതു തന്നെ.
സിനിമാ നിരൂപകന്‍ പിന്നീട്‌ സ്വന്തമായിട്ട്‌ സിനിമ എടുക്കുമ്പോള്‍ സംഭവിക്കുന്നതും ഇതുതന്നെ.
സമരത്തലവന്മാര്‍ ഭരണത്തലവന്മാരാകുമ്പോഴും ഇതു തന്നെയാണിഷ്‌ടാ സംഭവിക്കുന്നത്‌!
ഇതൊന്നും ഇവരുടെയാരുടെയും കുറ്റമല്ല.
'സങ്കല്‍പ'ത്തിന്റെ കുഴപ്പമാണ്‌. ചിലര്‌ പറയുന്നത്‌ കേട്ടിട്ടില്ലേ....
"ഞാന്‍ നിങ്ങളെക്കുറിച്ച്‌ ഇങ്ങനെയല്ല വിചാരിച്ചത്‌."
നമ്മളു പറഞ്ഞോ അയാളോട്‌ ' ഇങ്ങനെ' വിചാരിക്കാന്‍.
എനിക്ക്‌ ഈയിടെ ഒരു ലോണ്‍ എടുക്കേണ്ടിവന്നു.
മൂന്നു സഹപ്രവര്‍ത്തകരുടെ ജാമ്യം വേണം തുക കിട്ടാന്‍. അതൊരു പ്രശ്നമായിട്ടു തോന്നിയേയില്ല. എത്രയോ പേര്‍ക്ക്‌ ഞാന്‍ ജാമ്യം നിന്നിരിക്കുന്നു. ചില ' അപകടകാരി' കള്‍ക്കുപോലും നിന്നിട്ടുണ്ട്‌. ഒരു അനിഷ്‌ട സംഭവവും ഉണ്ടായിട്ടില്ല. പക്ഷേ, സ്വന്തം കാര്യം വന്നപ്പോഴാണ്‌ കളി കാര്യമായത്‌.
പലര്‍ക്കും 'ക്വാട്ട' കഴിഞ്ഞുപോയത്രെ.
ചിലര്‍ക്ക്‌ ഇനി ജാമ്യം നിന്നൂടപോലും. ഡോക്‌ടര്‍ പറഞ്ഞുകാണും! വേറെ ചിലര്‍ക്ക്‌ 'പിടിത്തം' ഉണ്ടെന്ന്‌. ഒന്ന്‌ രണ്ടുപേര്‍ വയസ്സുകൂട്ടിപ്പറഞ്ഞും രക്ഷപ്പെട്ടു.
വിദഗ്‌ദ്‌ധമായിട്ട്‌ ഒഴിയുകയാണ്‌ ഓരോരുത്തരും....
ജാമ്യം മാത്രമല്ല, ചോദിച്ചാല്‍ കിഡ്‌നി വരെ തരുമെന്ന്‌ വിചാരിച്ചിരുന്നവരാണ്‌ ഈ 'ഞഞ്ഞാപിഞ്ഞ' പറയുന്നത്‌.
ഒടുവില്‍, ഒരു പ്രതീക്ഷയുമില്ലായിരുന്ന ചിലരാകട്ടെ, സഹായിക്കുകയും ചെയ്തു.
അതുകൊണ്ട്‌ സഹായിക്കുമെന്ന്‌ പ്രതീക്ഷയുള്ളവരോട്‌ ഒരിക്കലും സഹായം ചോദിക്കരുത്‌. ആ പ്രതീക്ഷയില്‍ സത്യത്തിന്റെ തന്മാത്രയെങ്കിലുമുണ്ടെങ്കില്‍ അവര്‍ ചോദിക്കാതെ സഹായിച്ചിരിക്കും. ഇല്ലെങ്കില്‍ പഴയ പ്രതീക്ഷ അങ്ങനെ നിന്നോട്ടെ. ചോദിച്ചിരുന്നെങ്കില്‍ സഹായിക്കുമായിരുന്നു എന്ന്‌ ആശങ്കപ്പെട്ടുകൊണ്ട്‌. അതാണ്‌ ചങ്ങമ്പുഴ പറഞ്ഞത്‌.
" എങ്കിലും ചന്ദ്രികേ, നമ്മള്‍ കാണും
സങ്കല്‍പലോകമല്ലീയുലകം!"

കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍