ബുധനാഴ്‌ച, ജൂലൈ 27, 2005

ചേരമാൻ പള്ളി - ചരിത്രവഴികളുടെ സംഗമസ്ഥാനം

ചേരമാൻ പള്ളി
ചരിത്രവഴികളുടെ സംഗമസ്ഥാനം
ഡോ.എം.എസ്‌. ജയപ്രകാശ്‌

കേരള സന്ദർശനവേളയിൽ
രാഷ്‌ട്രപതി എ.പി.ജെ അബ്‌ദുൾകലാം കൊടുങ്ങല്ലൂരിലെ ചേരമാൻപള്ളി
സന്ദർശിക്കുന്നു. ചരിത്ര പ്രവാഹങ്ങളുടെ മഹാസംഗമസ്ഥലമാണ്‌ ചേരമാൻ പള്ളി
കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി ഒരിക്കൽകൂടി ചരിത്രത്തിൽ ശ്രദ്ധാകേന്ദ്രമാകുകയാണ്‌. നമ്മുടെ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുൽകലാം കേരളത്തിൽ എത്തുമ്പോൾ ചേരമാൻ പള്ളി സന്ദർശിക്കണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചതാണ്‌ ഇപ്പോൾ പള്ളിക്ക്‌ വാർത്താപ്രാധാന്യമുണ്ടാവാൻ കാരണമായത്‌. ലോകചരിത്രത്തിൽതന്നെ ശ്രദ്ധേയമായ സ്ഥാനമുള്ള ചേരമാൻ പള്ളിക്ക്‌ കേരളചരിത്രത്തിൽ അനുപമമായ ഇടമാണുള്ളത്‌.

അനിസ്ലാമികമെന്ന്‌ ചില മുസ്ലിം കേന്ദ്രങ്ങളെങ്കിലും കരുതുന്ന ആചാരങ്ങൾ നടക്കുന്ന മുസ്ലിം ദേവാലയമാണ്‌ ഈ പള്ളി. അടുത്തകാലത്ത്‌ ഈ ആചാരങ്ങൾ വിവാദമുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ വിജയദശമിനാളിൽ ചേരമാൻ പള്ളിയിൽ കുട്ടികളെ എഴുത്തിനിരുത്തിയ സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നല്ലോ. ഹിന്ദുക്കളും മുസ്ലിങ്ങളും കുട്ടികളെ അവിടെ എഴുത്തിനിരുത്തുകയുണ്ടായി. ചില മുസ്ലിം കേന്ദ്രങ്ങൾ എതിർപ്പ്‌ പ്രകടിപ്പിച്ചെങ്കിലും കൊടുങ്ങല്ലൂരിലെ പ്രബുദ്ധരായ മുസ്ലിം സഹോദരങ്ങൾ ചടങ്ങിൽനിന്ന്‌ പിൻമാറിയില്ല. പഴയ ചരിത്രത്തിന്റെ ഒരു തിരുശേഷിപ്പാണിതെന്ന കാര്യം അധികമാരും അറിഞ്ഞിട്ടില്ല.

അതുപോലെതന്നെ, നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെതന്നെ ഏക മുസ്ലിം പള്ളിയാണ്‌ ചേരമാൻ പള്ളി. നിലവിളക്ക്‌ കൊളുത്തുന്നത്‌ നിഷിദ്ധമാണെന്ന ഇസ്ലാമിക സങ്കൽപത്തിന്‌ വിരുദ്ധമാണിത്‌. എന്നാലും നിലവിളക്ക്‌ ചേരമാൻ പള്ളിയുടെ സാംസ്കാരികചരിത്രത്തിന്റെ ഭാഗമായിത്തന്നെ നിലനിൽക്കുകയാണ്‌. പള്ളിസന്ദർശിക്കുന്നവർക്ക്‌ ഈ വിളക്കിലെ എണ്ണ പ്രസാദമായി നൽകുകയും ചെയ്യുന്നു. ഹിന്ദുവെന്നോ മുസൽമാനെന്നോ വ്യത്യാസമില്ലാതെയാണ്‌ ഈ എണ്ണ പ്രസാദമായി വാങ്ങാൻ കൊടുങ്ങല്ലൂർ നിവാസികൾ ഈ പള്ളിയിലെത്തുന്നത്‌. ഇസ്ലാമിക സംസ്കാരം എത്തുന്നതിനുമുമ്പുതന്നെയുള്ള ബുദ്ധമതപാരമ്പര്യത്തിന്റെ തുടർച്ചയാണ്‌ ഇപ്പോഴത്തെ ഈ ആചാരങ്ങൾ എന്നുകാണാൻ വിഷമമില്ല.

'പള്ളി' എന്ന പദം അറബിപദമല്ല. പാലി ഭാഷയിലെ പദമാണ്‌ 'പള്ളി.' മലയാളത്തിലും അത്‌ പള്ളിതന്നെ. പള്ളി എന്നാൽ ബുദ്ധവിഹാരം എന്നാണ്‌ അർത്ഥം. കേരളത്തിൽ മുസ്ലിം സഹോദരങ്ങളും ക്രൈസ്തവ സഹോദരങ്ങളും അവരുടെ ദേവാലയത്തിന്‌ ഒരേ പദമാണ്‌ ഉപയോഗിക്കുന്നത്‌. രണ്ടുകൂട്ടരും പള്ളിയിലാണ്‌ പോകുന്നത്‌. കേരളത്തിലല്ലാതെ ലോകത്ത്‌ മറ്റൊരിടത്തും ക്രൈസ്തവരും മുസ്ലിങ്ങളും ദേവാലയത്തിന്‌ ഒരേപദം ഉപയോഗിക്കാറില്ല. മുസ്ലിങ്ങൾക്ക്‌ ദേവാലയം മസ്ജിദാണ്‌. പക്ഷേ, കേരളീയരായ മുസ്ലിങ്ങൾക്ക്‌ പള്ളിയാണ്‌ ദേവാലയം. കരുനാഗപ്പള്ളി, പാരിപ്പള്ളി, കാർത്തികപ്പള്ളി, ചന്ദനപ്പള്ളി, പള്ളിക്കൽ, പള്ളിമൺ, പള്ളിപ്പുറം, പള്ളിവാസൽ എന്നിങ്ങനെ പള്ളി ശബ്‌ദമുള്ള സ്ഥലനാമങ്ങൾ ബുദ്ധവിഹാരകേന്ദ്രങ്ങളായിരുന്നു. നമ്മുടെ സ്കൂളുകൾക്ക്‌ പള്ളിക്കൂടമെന്ന പേരാണല്ലോ ഉണ്ടായിരുന്നത്‌. ശബരിമലയ്ക്ക്‌ കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നാണല്ലോ വിളിക്കുന്നത്‌. ഇതെല്ലാം തകർക്കപ്പെട്ട ബൌദ്ധപാരമ്പര്യത്തിന്റെ ഭാഗം തന്നെയാണ്‌.

ബുദ്ധവിഹാരങ്ങളായിരുന്ന പള്ളികൾ തകർക്കപ്പെട്ടതോടെ അവിടെ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയുണ്ടായി. അപ്പോൾ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ക്ഷേത്രത്തിൽ കയറ്റാതിരുന്നത്‌ അവർ പഴയ ബുദ്ധപാരമ്പര്യത്തിൽപ്പെട്ടവരായതുകൊണ്ടായിരുന്നു. ഇപ്രകാരം ജാതിവ്യവസ്ഥയിൽ മനുഷ്യാകവാശങ്ങൾ നിഷേധിക്കപ്പെട്ടവരാണ്‌ ഇസ്ലാമിക-ക്രൈസ്തവ മതപ്രസ്ഥാനങ്ങളിലുടെ മോചനം നേടിയത്‌. അവർക്ക്‌ ദേവാലയം ഉണ്ടാക്കിയപ്പോൾ 'പള്ളി' എന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പദം തന്നെ ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുകയാണ്‌ ഉണ്ടായത്‌. ഹിന്ദുക്കൾ ആ പദം ഉപയോഗിക്കാത്തതിന്റെയും ക്രൈസ്തവരും മുസ്ലിങ്ങളും ഉപയോഗിക്കുന്നതിന്റെയും കാരണമിതാണ്‌.

ഹൈന്ദവവൽക്കരണത്തിന്റെ ഭാഗമായ ക്ഷേത്രമാകാതെ ബുദ്ധപാരമ്പര്യത്തിൽനിന്നും നേരിട്ട്‌ ഇസ്ലാമികകേന്ദ്രമായതാണ്‌ ചേരമാൻപള്ളി. ബുദ്ധമത ധ്വംസനത്തിന്റെ ഭാഗമായി അരങ്ങേറിയ കൊലപാതകങ്ങളുടെയും തെറിവിളിയുടെയും പ്രതീകാത്‌മക ആചാരങ്ങൾ ഇന്നും കൊടുങ്ങല്ലൂരിൽ നടക്കുന്നുണ്ട്‌. ഈ പീഡനത്തിന്‌ വിധേയരായ അവിടത്തെ ജനത നഷ്‌ടപ്പെട്ട ബൌദ്ധപാരമ്പര്യത്തിന്റെ സ്ഥാനത്ത്‌ ഇസ്ലാമിക പാരമ്പര്യത്തെ പ്രതിഷ്ഠിച്ചു എന്നതാണ്‌ ചരിത്രസത്യം.

ചേരമാൻ പെരുമാളും പള്ളിവാണ പെരുമാളും
അവസാനത്തെ ചേരരാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച്‌ മെക്കയ്ക്ക്‌ പോയതായും അതിനെ തുടർന്ന്‌ കേരളത്തിൽ (കൊടുങ്ങല്ലൂർ) എത്തിയ മാലിക്‌ ഇബ്‌നുദിനാറാണ്‌ ഇന്നത്തെ ചേരമാൻ പള്ളി സ്ഥാപിച്ചതെന്നും പറയുന്നുണ്ട്‌. ചേരമാൻ പെരുമാളും പള്ളിവാണ പെരുമാളും ഒന്നാണോ അതോ വ്യത്യസ്തകാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്‌. എന്തായാലും മാലിക്‌ ദിനാറുമായി ബന്‌ധമുള്ള ഒരു ചേരരാജാവ്‌ ഉണ്ടെന്നത്‌ തർക്കമറ്റകാര്യമാണ്‌. ആ ചേരരാജാവ്‌ ഇസ്ലാംമതം സ്വീകരിച്ചിരിക്കാനും സാദ്ധ്യതയുണ്ട്‌. ബുദ്ധമത സംസ്കാരം തകർന്നതോടെ നല്ലൊരു വിഭാഗം ജനങ്ങൾ ഇസ്ലാമിൽ അഭയം പ്രാപിച്ചു എന്ന്‌ മുമ്പു സൂചിപ്പിച്ചുവല്ലോ. ചേരരാജാവും ഇപ്രകാരം ഇസ്ലാംമതം സ്വീകരിച്ചു എന്നുവേണം കരുതാൻ. ഇന്നത്തെ കൊടുങ്ങല്ലൂരിൽ ഇസ്ലാമിക സമൂഹം ശക്തമാണെന്നത്‌ ഇക്കാര്യം വെളിപ്പെടുത്തുന്നുമുണ്ട്‌.

നിഷ്കാസനം ചെയ്യപ്പെട്ട പള്ളിവാണ പെരുമാൾക്കുശേഷം വന്ന ചേരമാൻ പെരുമാൾ ബൌദ്ധസംസ്കാരം തുടരാൻ കഴിയാത്ത സാഹചര്യത്തിൽ ഇസ്ലാം മതത്തിലേക്ക്‌ മാർഗ്‌ഗം കൂടി എന്നതാണ്‌ മക്കത്തു പോയ പെരുമാളുടെ ചരിത്രം. മക്കത്തുപോയ പെരുമാളുടെ ചരിത്രവും കേരളോൽപത്തിയിൽ പറയുന്നുണ്ട്‌. കുലശേഖര പെരുമാൾ, ചേരമാൻ പെരുമാൾ എന്നീ രണ്ടു ചേരരാജാക്കന്മാർക്കുമുമ്പാണ്‌ പള്ളിവാണവർ ജീവിച്ചിരുന്നതെന്നും കേരളോൽപത്തി വെളിപ്പെടുത്തിയിട്ടുണ്ട്‌. ഈ ചേരമാൻ പെരുമാളാണ്‌ ഇസ്ലാംമതം സ്വീകരിച്ച അവസാന ചേരരാജാവ്‌ എന്ന നിഗമനത്തെ ശരിവയ്ക്കുന്നതാണ്‌ മേൽപറഞ്ഞ ചരിത്രരേഖകളിലെ വെളിപ്പെടുത്തൽ. ഇദ്ദേഹത്തിന്റെ കാലഘട്ടം എ.ഡി. 800-844 ആയിരിക്കാമെന്ന്‌ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നുമുണ്ട്‌ (ചില കേരളചരിത്ര പ്രശ്നങ്ങൾ, ഭാഗം 2, പുറം 57).

കൊടുങ്ങല്ലൂരിന്റെ ചരിത്രപ്പെരുമ
ചേരരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂർ ക്രിസ്തുവിന്‌ അനേകം നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ റോം, ഈജിപ്‌ത്‌, ഗ്രീസ്‌ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരബന്‌ധമുള്ള തുറമുഖ പട്ടണമായിരുന്നു. "യവനരുടെ (ഗ്രീക്കുകാരുടെ) വലിയ കപ്പലുകൾ ചേരരാജാവിന്‌ ചേർന്ന മനോഹരമായ പെരിയാറ്റിലെ നുരകളിളക്കിക്കൊണ്ടുവന്ന്‌ സ്വർണ്ണം കൊടുത്ത്‌ കുരുമുളകു വാങ്ങിക്കൊണ്ടുപോകുന്നു" എന്ന്‌ സംഘകാല കൃതിയായ അകനാനൂറിലെ 149-ാ‍ം ശ്ലോകത്തിൽ പറയുന്നു. കുരുമുളക്‌ കൂടാതെ മുത്ത്‌, പവിഴങ്ങൾ, രത്‌നക്കല്ലുകൾ, ആനക്കൊമ്പ്‌, പട്ടുതുണികൾ, പരുത്തി, വെറ്റില, അടയ്ക്ക, ആമത്തോട്‌ എന്നിവയും കൊടുങ്ങൂലിൽനിന്ന്‌ കയറ്റി അയച്ചിരുന്നു. ഇതിൽ ചില ചരക്കുകൾ പാണ്ടിനാട്ടിൽനിന്ന്‌ വന്നിരുന്നവയാണ്‌.

ചേരനാടായിരുന്നു മറ്റ്‌ തമിഴ്‌ രാജ്യങ്ങളെക്കാൾ കൂടുതൽ ഫലഭുയിഷ്ഠവും കൂടുതൽ സമാധാനനിരതവും പാശ്ചാത്യർക്ക്‌ എളുപ്പം എത്തിച്ചേരാൻ കഴിയുന്നതുമായ രാജ്യമെന്ന്‌ വാർമിംഗ്‌ടൺ തന്റെ 'ഇന്ത്യയും റോമുമായുള്ള വാണിജ്യബന്‌ധം' എന്ന കൃതിയിൽ പറയുന്നു. വളരെ നേർത്ത തുണിത്തരങ്ങളും കൊടുങ്ങല്ലൂരിൽനിന്നും കയറ്റി അയച്ചിരുന്നു. "കാറ്റുകൊണ്ട്‌ തുന്നിയുണ്ടാക്കുന്ന ഇഴകളിലൂടെ തങ്ങളുടെ സൌന്ദര്യത്തെ പുരുഷന്മാരുടെ മുമ്പിൽ പ്രദർശിപ്പിച്ചുനടന്ന റോമിലെ നാണംകെട്ട മാന്യസ്‌ത്രീകളെ പെട്രോണിയസ്‌ എന്ന റോമൻ നേതാവ്‌ കഠിനമായി ആക്ഷേപിക്കുകയുണ്ടായി." (പുരാതന ദക്ഷിണേന്ത്യയെപ്പറ്റിയുള്ള കൃഷ്‌ണസ്വാമി അയ്യങ്കാരുടെ കൃതി, വാല്യം 2, പുറം-680). ചേരനാട്ടിൽനിന്ന്‌ അയച്ചിരുന്ന വസ്തുക്കളുടെ സ്വതേയുള്ള വിലയുടെ നൂറിരട്ടി വിലയ്ക്കാണത്രേ അവ റോമിന്‌ വിറ്റിരുന്നത്‌. എ.ഡി ഒന്നാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരായിരുന്നു ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമെന്ന്‌ പ്‌ളിനി എന്ന റോമൻ ഗ്രന്ഥകാരൻ പറയുന്നത്‌ ശ്രദ്ധേയമാണ്‌. 'ഓസലിസ്‌' എന്ന സ്ഥലത്തുനിന്നും പുറപ്പെട്ടാൽ 'ഹിപ്പാലസ്‌' എന്ന തെക്കുപടിഞ്ഞാറൻ കാറ്റിന്റെ സഹായത്താൽ നാൽപതു ദിവസംകൊണ്ട്‌ റോമിൽ നിന്ന്‌ കൊടുങ്ങല്ലൂരിൽ എത്താമെന്നും പ്‌ളിനി പറയുന്നുണ്ട്‌.

ഈ ചേരപാരമ്പര്യവും ബൌദ്ധസംസ്കൃതിയും സമ്പൽസമൃദ്ധിയുമാണ്‌ ആര്യവൽക്കരണത്തോടെ തകർക്കപ്പെട്ടത്‌. ഈ നഷ്‌ടസ്വർഗ്‌ഗത്തിൽ നിന്നാണ്‌ 'ചേരമാൻ പള്ളി' എന്ന ഇസ്ലാമിക സംസ്കൃതിയുടെ പുതുവസന്തം കൊടുങ്ങല്ലൂരിലുണ്ടായത്‌. മഹത്തായ ഈ പാരമ്പര്യത്തിന്റെ ചരിത്രവഴികളിലേക്കാണ്‌ രാഷ്‌ട്രപതിയായ എ.പി.ജെ. അബ്‌ദുൾ കലാം പറന്നിറങ്ങുന്നത്‌.

തിങ്കളാഴ്‌ച, ജൂലൈ 25, 2005

അന്തിമ കാഹളം

അന്തിമ കാഹളം
ബൈ ലൈൻ: എം.ജെ. അക്ബർ

പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്‌ ബുദ്ധിശൂന്യനായിരുന്നെങ്കിൽ ആരും അത്ര കാര്യമാക്കില്ലായിരുന്നു. തെളിഞ്ഞ ബുദ്ധിയും അതിനെ തീക്ഷ്‌ണമാക്കുന്ന പരന്ന വായനയും അദ്ദേഹത്തിനുണ്ട്‌ എന്നതാണ്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന സംഗതി. ഉദ്യോഗതലത്തിൽനിന്ന്‌ 1991ൽ പൊടുന്നനെ ദേശീയ ശ്രദ്ധാകേന്ദ്രമായി ഉയർന്നതോടെ പ്രധാന വായന ഫയലുകളായി മാറിയെന്നത്‌ മറന്നുകൊണ്ടല്ല ഇതു പറയുന്നത്‌.

മന്ത്രിയുടെ സമയം കളയണമെങ്കിൽ ഉദ്യോഗസ്ഥർക്ക്‌ വളരെ ലളിതമായ വഴിയുണ്ട്‌. മന്ത്രിക്ക്‌ ഇഷ്‌ടമുള്ള സംഗതിക്ക്‌ അവർ സൌകര്യം ഒരുക്കിക്കൊടുക്കും. മൻമോഹൻ വായന ഇഷ്‌ടപ്പെടുന്ന ആളായതിനാൽ അദ്ദേഹത്തിന്‌ ചുറ്റുമുള്ള ഉദ്യോഗക്കൂട്ടം പുലർച്ചെ മുതൽ രാത്രി വൈകി തളർന്നുറങ്ങുന്നതുവരെ വേണ്ടത്ര ഫയലുകൾ എത്തിച്ചുകൊടുക്കാൻ ഉൽസാഹിക്കുമെന്ന്‌ തർക്കമില്ലാതെ പറയാൻ കഴിയും.

പ്രബലമായ ഒരു രാജ്യത്തിന്റെ ഭരണത്തലവന്റെ തിരക്കിട്ട ചുമതലകളുടെ ഭാഗമായി അടിക്കടി വിദേശയാത്ര നടത്തേണ്ടിവരിക ഒരു പ്രധാനമന്ത്രിയെ സംബന്‌ധിച്ചിടത്തോളം സ്വാഭാവികമാണ്‌. സമ്പന്ന രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ ജി-എട്ട്‌ ഉച്ചകോടിക്കായി കഴിഞ്ഞയാഴ്ച അദ്ദേഹം സ്കോട്ട്‌ലന്റിലായിരുന്നു.

പ്രൌഢോജ്വലമായ ആ സമ്മേളനത്തിനായി ചൈനീസ്‌പ്രധാനമന്ത്രി വെൻ ജിയാബാവോയും എത്തിയിരുന്നു എന്നത്‌ അതിന്റെ തിളക്കം കൂട്ടുകയാണ്‌ ചെയ്യുന്നത്‌. സമ്മേളനവേദിയായ ഗ്ലെൻഈഗിൾസിൽ ബ്രിട്ടീഷുകാരുടെ ആതിഥേയത്വം അപാരമായിരുന്നു. 10 കോടി പൌണ്ടാണ്‌ (ഉദ്ദേശം 760 കോടി രൂപ) ബ്രിട്ടീഷ്‌ സർക്കാർ ഉച്ചകോടിക്കായി ചെലവിട്ടതെന്നാണ്‌ വിശ്വസനീയവിവരം. ബ്രിട്ടീഷ്‌ ഭക്ഷണം എന്ന്‌ കേൾക്കുമ്പോഴേ ചീറ്റുന്ന ഫ്രഞ്ച്‌പ്രസിഡന്റ്‌ ജാക്‌ ഷിറാക്‌ ഒരു വിരുന്ന്‌ കഴിഞ്ഞപ്പോൾ എഴുന്നേറ്റ്‌ പാചകക്കാരനെ പ്രത്യേകം അഭിനന്ദിച്ചു എന്നുപറയുമ്പോൾ ഈ തുകയുടെ വലുപ്പംപോലും നിഷ്‌പ്രഭമാകും.

മൻമോഹന്റെ പ്രിയവിഭവങ്ങളുടെ പട്ടികയിൽ ഭക്ഷണത്തേക്കാൾ പ്രാധാന്യം അക്കാദമികകാര്യങ്ങൾക്കാണെന്ന്‌ അറിയുന്ന ബുദ്ധിമാന്മാരായ ബ്രിട്ടീഷുകാർ അതിനും അവസരമൊരുക്കിയിരുന്നു. സാമ്പത്തികശാസ്‌ത്രത്തിൽ താൻ ഡോക്‌ടറേറ്റ്‌ നേടിയ വിഖ്യാതമായ ഓക്‌സ്ഫഡ്‌ സർവകലാശാല ഓണററി ബിരുദംനൽകി ഡോ. സിംഗിനെ ആദരിച്ചു. ബഹുമതിയിൽ അങ്ങേയറ്റം ആഹ്ലാദവാനാണെന്ന്‌ അദ്ദേഹം തുറന്നുപറയുകയും ചെയ്‌തു. വിദ്യാധാത്രിയായ സ്ഥാപനത്തിൽ നിന്നുതന്നെ ഓണററി ബിരുദം ലഭിക്കുന്നിടത്തോളം അമൂല്യമായ ബഹുമതി മറ്റൊന്നുമില്ല. ഏറെ വിലമതിക്കുന്ന നിമിഷമാണിത്‌. ബിരുദം സ്വീകരിച്ച്‌ അദ്ദേഹം പറഞ്ഞു. അത്യാഹ്ലാദത്തിന്റെ ഈ സന്ദർഭത്തിലായിരുന്നു ആ പരാമർശമുണ്ടായത്‌. 'കോളനിഭരണത്തിനെതിരായ സമരത്തിന്റെ ഉച്ചസ്ഥായിയിൽപോലും സദ്ഭരണം എന്ന ബ്രിട്ടീഷ്‌ അവകാശവാദത്തെ ഞങ്ങൾ പൂർണമായി നിരാകരിച്ചിട്ടില്ല'.
കഴിഞ്ഞ ദിവസങ്ങളിൽ വാഷിംഗ്‌ടണിലുണ്ടായിരുന്ന പ്രധാനമന്ത്രി പ്രസിഡന്റ്‌ ജോർജ്‌ ബുഷിനെയും അത്യധികം ആഹ്ലാദിപ്പിക്കുന്ന രീതിയിലാണ്‌ സംസാരിച്ചത്‌. രണ്ടാഴ്ചക്കിടെ ലോകം ഭരിക്കുന്ന രണ്ട്‌ മനുഷ്യരുടെ മനസ്സിലും സിംഗ്‌ സ്ഥാനമുറപ്പിച്ചു. ഇതൊരു ചെറിയ കാര്യമല്ല. എങ്കിലും ഫയലുകളും പ്രസംഗങ്ങളും വായിക്കുന്നതിനിടെ ചുരുക്കം ചില പുസ്‌തകങ്ങൾ വായിക്കാനെങ്കിലും അദ്ദേഹം സമയം കണ്ടെത്തിയിരുന്നെങ്കിലെന്നാണ്‌ എന്റെ പ്രാർഥന.

വിഖ്യാത സാമ്പത്തികശാസ്‌ത്രജ്ഞൻ ഡോ. അമർത്യാസെൻ രചിച്ച 'ക്ഷാമവും ദാരിദ്യ്‌രവും' എന്ന പുസ്‌തകമാവും ഞാൻ അദ്ദേഹത്തിന്റെ മേശപ്പുറത്ത്‌ ആദ്യം വെക്കുക. വിദ്യാഭ്യാസ വിചക്ഷണരും പൊതുപ്രവർത്തകരും സാഹിത്യകാരന്മാരുമടക്കം (ഡോ. എസ്‌. രാധാകൃഷ്‌ണൻ, ഡോ. ബിമൽകൃഷ്‌ണ) ഇന്ത്യ-ബ്രിട്ടീഷ്‌ ബന്‌ധം സമ്പന്നമാക്കിയ പലരുടെയും പേരുകൾ മൻമോഹൻ പരാമർശിക്കുകയുണ്ടായി. എന്തിന്‌, സൽമാൻ റുഷ്‌ദിയെവരെ ആ പ്രസംഗം തൊട്ടുപോയി. (വിവാദ പുസ്‌തകം 'സാത്താന്റെ വചനങ്ങളു'ടെ നിരോധംനീക്കി വാക്കുകളിലെ മാന്യത അദ്ദേഹം പാലിച്ചിരുന്നെങ്കിൽ എന്നതു വേറെ) ക്ഷാമത്തിന്റെ കാര്യത്തിൽ പ്രകൃതിക്ക്‌ മനുഷ്യനോളം പങ്കില്ലെന്നു നിരീക്ഷിക്കുകയും പട്ടിണിയെക്കുറിച്ച പഠനത്തിന്‌ നോബൽസമ്മാനം നേടുകയും ചെയ്‌ത ഡോ. അമർത്യാസെന്നിനെ പക്ഷേ, ഇന്ത്യൻ പ്രധാനമന്ത്രി പരാമർശിച്ചില്ല. ഈ ഒഴിവാക്കലിന്‌ വ്യക്‌തമായ കാരണമുണ്ടാവും. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജിൽനിന്ന്‌ ബിരുദാനന്തര ബിരുദം നേടിയയാളാണ്‌ സെൻ. കേംബ്രിഡ്ജുകാരനെ പ്രശംസിച്ചു പറയുന്നത്‌ ഓക്‌സ്ഫഡിൽ എന്നും വിവാദമാണെന്നത്‌ ഏവർക്കും അറിയുന്നതാണ്‌. അതെന്തായാലും ഡോ. സെന്നിന്റെ പുസ്‌തകം ഓടിച്ചുനോക്കിയാൽ തന്നെ ബംഗാളിലെ വൻ ഭക്ഷ്യക്ഷാമത്തെ കുറിച്ച ആറാമധ്യായം ശ്രദ്ധയിൽ പെടാതിരിക്കില്ല.

സദ്ഭരണത്തിൽ ഭാസുരമായ ബ്രിട്ടീഷ്‌രാജിന്റെ അന്ത്യവർഷങ്ങളിൽ 35 ലക്ഷത്തിനും 38 ലക്ഷത്തിനും ഇടയിൽ ആളുകളാണ്‌ പട്ടിണിയിൽ മരിച്ചത്‌. ഇതിൽ ഭൂരിഭാഗവും 1943 മാർച്ചിനും നവംബറിനുമിടയിലായിരുന്നു. സാധാരണ മരണനിരക്ക്‌ വെച്ചുള്ള സംഖ്യ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്‌. സാധ്യമായതിൽ വെച്ചേറ്റവും നികൃഷ്‌ടവും വേദനാജനകവും അമാനുഷികവുമായ രീതിയിൽ 40 ലക്ഷത്തോളം ബംഗാളികളാണ്‌ പിടഞ്ഞുമരിച്ചത്‌. യുദ്ധംമൂലം ബർമയിൽനിന്ന്‌ അരി ഇറക്കുമതി നിലക്കുകയും ചുഴലിക്കാറ്റിൽ വിളനാശം ഉണ്ടാവുകയും ചെയ്‌തെങ്കിലും 1943ൽ ബംഗാളിൽ ഗുരുതരമായ ഭക്ഷ്യക്കമ്മി ഉണ്ടായിരുന്നില്ലെന്ന്‌ ഡോ. അമർത്യാസെൻ വ്യക്‌തമാക്കുന്നു. വസ്‌തുതകൾക്ക്‌ നിരക്കാത്ത നിഗമനങ്ങളിലെത്തിയ ഔദ്യോഗിക അന്വേഷണകമീഷൻ വരെ ഭക്ഷ്യവിതരണത്തിൽ കഷ്‌ടിച്ച്‌ ആറു ശതമാനം കുറവേ ഉണ്ടായിട്ടുള്ളൂ എന്ന്‌ സമ്മതിക്കുന്നുണ്ട്‌. അസാധാരണമായ ഈ ദുരന്തത്തിന്റെ വിശദാംശങ്ങളിലേക്ക്‌ കടക്കേണ്ടതില്ലെങ്കിലും പ്രധാനമന്ത്രിയുടെ അറിവിലേക്കായി ഡോ. സെന്നിന്റെ പുസ്‌തകത്തിലെ ഏതാനും വരികൾ ഉദ്ധരിക്കാം. 'ക്ഷാമം എങ്ങനെയുണ്ടായാലും അത്‌ പരിഹരിക്കാനുള്ള വഴി പൊതുവിതരണ സമ്പ്രദായത്തിലൂടെ സാധനങ്ങൾ യഥേഷ്‌ടം ലഭ്യമാക്കുകയാണ്‌' ഇത്‌ മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല. എന്നാൽ, ബ്രിട്ടീഷ്‌ രാജിന്റെ സദ്ഭരണം എന്താണ്‌ ചെയ്‌തത്‌?

'ഒരിക്കലും ഔദ്യോഗികമായി ക്ഷാമമായി പ്രഖ്യാപിക്കപ്പെട്ടില്ല എന്നതാണ്‌ ബംഗാൾ ക്ഷാമത്തിന്റെ വിചിത്രമായ വിശേഷം. അങ്ങനെയെങ്കിൽ 1883ലെ 'ക്ഷാമ വ്യവസ്ഥകൾ' പ്രകാരം ആശ്വാസപ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ട ബാധ്യത വരുമായിരുന്നു. ബംഗാൾ ഗവർണർ സർ ടി. റൂഥർഫോർഡ്‌ വൈസ്രോയിയോട്‌ വിശദീകരിച്ചു: 'നിശ്ചിത റേഷൻ വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്‌തുക്കൾ ഇല്ലാതിരുന്നതിനാൽ 'ക്ഷാമ വ്യവസ്ഥ' (Famine Code) ബാധകമാക്കിയില്ല'.

പൂഴ്ത്തിവെപ്പ്‌ മൂലമാണ്‌ ഭക്ഷ്യക്കമ്മിയുണ്ടായതെന്ന്‌ സർക്കാർ പിന്നീട്‌ പുറമേക്ക്‌ സമ്മതിച്ചു. ഇന്ത്യക്കാർ പൂഴ്ത്തിവെപ്പ്‌ നടത്തിയിട്ടുണ്ടാവാമെന്നത്‌ സത്യമാണ്‌. പക്ഷേ, സദ്ഭരണക്കാർ ഇടപെട്ടിരുന്നെങ്കിൽ ഭരണപരമായ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

ബ്രിട്ടീഷുകാരുടെ നിഷ്ക്രിയത്വം ഇതിലുമേറെ വഞ്ചനാപരമായിരുന്നു. 'ആറുലക്ഷം ടൺ ഗോതമ്പ്‌ ഇറക്കുമതി ചെയ്യാൻ അനുമതി തേടിയുള്ള അഭ്യർഥനപോലും ജനുവരി 16ന്‌ ലണ്ടൻ നിരാകരിച്ചു. ഏറ്റവുമധികം മരണമുണ്ടായ 1943ലായിരുന്നു ഇത്‌. വളരെ കുറഞ്ഞ അളവിൽ മാത്രമാണ്‌ ഇറക്കുമതി നടന്നത്‌' ഇതിന്റെ മറുഭാഗം അടിവരയിട്ടു വായിക്കേണ്ടതാണ്‌. '1943 ജനുവരി 26ന്‌ വൈസ്രോയി ഇന്ത്യയുടെ ചുമതലയുള്ള സെക്രട്ടറി ഓഫ്‌ സ്റ്റേറ്റിന്‌ എഴുതി; പ്രയാസങ്ങൾ എന്തുതന്നെയായാലും ബംഗാളിന്റെ ആവശ്യത്തിനുതന്നെ തികഞ്ഞില്ലെങ്കിൽകൂടി സിലോണിനുവേണ്ടി കുറച്ചുകൂടി അരി വിട്ടുതരണമെന്ന്‌ ഞാൻ അദ്ദേഹത്തോട്‌ (ബംഗാൾ പ്രധാനമന്ത്രി ഹുസൈൻ ശഹദ്‌ സുഹ്രവർദി) പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം അത്‌ ഒരു നിലക്കും അവഗണിക്കാനിടയില്ല. കുറച്ച്‌ അവിടെനിന്ന്‌ ഒപ്പിക്കാൻ കഴിയുമെന്നു തന്നെയാണ്‌ പ്രതീക്ഷ'.

നിങ്ങൾ ഞങ്ങളെ ഏറെ ഒപ്പിച്ചു, വൈസ്രോയി! 40 ലക്ഷം ബംഗാളികൾ പട്ടിണികിടന്നു മരിക്കുമ്പോഴാണ്‌ സദ്ഭരണക്കാർ ബംഗാളിൽനിന്ന്‌ സിലോണിലേക്ക്‌ അരി കയറ്റുമതി ചെയ്‌തത്‌.

ഇന്ത്യയിലെ പാതകങ്ങൾക്ക്‌ ഞാൻ ബ്രിട്ടീഷുകാരെ പഴിക്കില്ല. അത്‌ വങ്കത്തമാണ്‌. ക്ഷയിച്ചുപോയതിനാലാണ്‌ ഇന്ത്യ ബ്രിട്ടീഷുകാർക്ക്‌ മുന്നിൽ വീണുപോയത്‌. ആയിരങ്ങളിലൊതുങ്ങുന്ന സൈനികരുമായി എളുപ്പം കീഴടക്കാവുന്ന അവസ്ഥയിലായിരുന്നു ഇന്ത്യയെന്നാണ്‌ റോബർട്ട്‌ ക്ലൈവ്‌ പറഞ്ഞത്‌. ക്ലൈവ്‌ പറയുന്നതിൽ അത്യുക്‌തിയുണ്ടാവാമെങ്കിലും അധികമൊന്നുമില്ല. എന്നാൽ, സാമ്രാജ്യശക്‌തിയായ ബ്രിട്ടൻ ഇന്ത്യൻ താൽപര്യത്തേക്കാൾ സ്വാർഥതാൽപര്യം മുൻനിർത്തിയാണ്‌ പ്രവർത്തിച്ചത്‌. പല മേഖലകളിലും ഭരണം മെച്ചമായിരുന്നെങ്കിൽ അത്‌ ബ്രിട്ടീഷ്‌വാഴ്ച അരക്കിട്ടുറപ്പിക്കുന്നതിനു വേണ്ടി മാത്രമായിരുന്നു. അല്ലാതെ ഇന്ത്യക്കാരെ യാതനകളിൽനിന്ന്‌ കരകയറ്റുന്നതിനായിരുന്നില്ല.

ചരിത്രകാരനായ പോൾ കെന്നഡിയുടെ 'വൻശക്‌തികളുടെ ഉദയവും പതനവും' ആണ്‌ പ്രധാനമന്ത്രി വായിക്കേണ്ട രണ്ടാമത്തെ ഗ്രന്ഥം. ലോക സമ്പദ്‌വ്യവസ്ഥയിൽ 1700ൽ 22.6 ശതമാനമായിരുന്ന (ഏതാണ്ട്‌ യൂറോപ്പിന്‌ തുല്യം) ഇന്ത്യൻവിഹിതം 1952ൽ 3.8 ശതമാനമായി കൂപ്പുകുത്തിയതിനെപ്പറ്റി പ്രധാനമന്ത്രി പരാമർശിച്ചത്‌ ഏറെ സംഗതമായി. എന്തുകൊണ്ടിത്‌ സംഭവിച്ചെന്ന്‌ സാമ്പത്തികവിദഗ്‌ധനായ ഡോ. സിംഗ്‌ പറയേണ്ടതായിരുന്നു. ഈ അവസരത്തിൽ മറ്റൊരു കണക്ക്‌ പറയാം. അത്‌ കെന്നഡിയുടേതാണ്‌. 1750ൽ ലോകത്തിലെ ഉൽപന്നങ്ങളിൽ 24.5 ശതമാനവും ഇന്ത്യയുടേതായിരുന്നെങ്കിൽ ബ്രിട്ടന്റെ വിഹിതം 1.9 ശതമാനം മാത്രമായിരുന്നു. 1900ൽ ബ്രിട്ടന്റേത്‌ 18.5 ശതമാനമായപ്പോൾ ഇന്ത്യയുടേത്‌ 1.7 ശതമാനമായി ഇടിഞ്ഞു. ഈ പതനത്തിന്‌ ഒന്നിലേറെ കാരണങ്ങളുണ്ടായേക്കാമെങ്കിലും കൊളോണിയലിസത്തിന്‌ അതിൽ പങ്കില്ലെന്ന്‌ പറയാനാവുമോ?

'ക്ലൈവ്‌; ഒരു ബ്രിട്ടീഷ്‌ സമ്രാട്ടിന്റെ ജീവനും മരണവും' ആണ്‌ മൂന്നാമത്തെ ഗ്രന്ഥം. ഇതിൽനിന്നുള്ള ചെറിയൊരു ഉദ്ധരണിയോടെ അവസാനിപ്പിക്കാം. 'പ്ലാസിയുദ്ധ വിജയത്തിനുശേഷം മുർഷിദാബാദ്‌ നഗരത്തിലെത്തിയപ്പോൾ ക്ലൈവ്‌ നിരീക്ഷിച്ചു; മുർഷിദാബാദ്‌ ലണ്ടൻപോലെ വിശാലവും ജനനിബിഡവും സമ്പന്നവുമായ നഗരമാണ്‌. എന്നാൽ, ലണ്ടനിലെ സമ്പന്നരേക്കാൾ സമ്പന്നരാണ്‌ ഇവിടത്തെ സമ്പന്നർ'.

'മദമിളകിയ ആന നാടിനെ വിറപ്പിച്ചു'

'മദമിളകിയ ആന നാടിനെ വിറപ്പിച്ചു'
ഉണ്ണി നമ്പൂതിരി

'മദമിളകിയ ആന നാടിനെ വിറപ്പിച്ചു' എന്നത്‌ ഒരു വാർത്തയായി പലരും അറിയും. ആനപിണക്കവും ഇടച്ചിലും നേരിട്ടു കണ്ടിട്ടുള്ളവർ ചുരുക്കമായിരിക്കും. ഇടഞ്ഞ ആന മണിക്കൂറുകളോളം നാടിനെ വിറപ്പിച്ചു എന്നൊക്കെ കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആന വില്ലനായി മാറുന്നു. എന്തുകൊണ്ട്‌ ആന പിണങ്ങി എന്ന്‌ പലരും ചിന്തിക്കാറില്ല. അതിലേക്ക്‌ പിന്നീട്‌ വരാം. ഇടഞ്ഞ ആനയും മദയാനയും തമ്മിൽ വ്യത്യാസമുണ്ട്‌. എന്താണ്‌ ആനയുടെ മദകാലം. പ്രായപൂർത്തി യായ കൊമ്പന്‌ കൊല്ലത്തിൽ ഒരിക്കലുള്ള ശാരീരിക പ്രതിഭാസമാണ്‌ മദം. ചില ആനകൾക്ക്‌ രണ്ടുതവണ ഇത്‌ കണ്ടുവരാറുണ്ട്‌. മദകാലത്ത്‌ കന്നഗ്രന്ഥി (തലയുടെ രണ്ടു വശത്തും) തടിച്ചു വീർത്ത്‌ അതിൽ നിന്നു മദജലം ഒഴുകുന്നു. ശീത കാലത്താണ്‌ ആന ഇത്തരത്തിലൊരു ഉന്മാദ അവസ്ഥയിലേക്ക്‌ എത്തുന്നത്‌.

മദം പൊട്ടിയാൽ പിന്നെ കരിവീരന്റെ സ്വഭാവമാകെ മാറും. പാപ്പാന്മാരുടെ ആജ്ഞകൾ അനുസരിക്കില്ല. സ്വബോധമില്ലാത്ത രീതിയിലായിരിക്കും പെരുമാറ്റം. അടുത്ത്‌ എത്തുന്നവരെ ഓടിക്കാനും കുത്താനും തുനിയുകയും ചെയ്യും. മദകാലം ആരംഭിക്കുന്ന സമയത്ത്‌ തന്നെ ആനയെ ശരിയായ രീതിയിൽ ബന്ധിച്ചില്ലെങ്കിൽ അവ പല വിക്രിയകളും ചെയ്യുമെന്നുറപ്പാണ്‌. രണ്ടോ മൂന്നോ മാസത്തേക്ക്‌ ഈ അവസ്ഥ നീണ്ടു നിൽക്കുമെന്നതിൽ പ്രത്യേക സംവിധാനം തന്നെ ഒരുക്കണം.

മദജലം ശരിയായ രീതിയിൽ വാർന്നുപോകുന്നതാണ്‌ ആനയുടെ ആരോഗ്യത്തിനു തല്ലതെന്നു 'മാതംഗലീല'യിൽ പോലും പരാമർശമുണ്ട്‌. ഇക്കാലഘട്ടത്തിൽ ആനയുടെ ശൌരവും വീര്യവും കുറയ്ക്കാനായി അതിനു ശരിയായ രീതിയിൽ തീറ്റയോ വെള്ളമോ കൊടു ക്കാതിരിക്കുന്നത്‌ ശരിയല്ലെന്നു വിദഗ്ധർ പറയുന്നു.

ആനയുടെ തീറ്റക്കണക്ക്‌

ആനയുടെ തീറ്റക്കണക്ക്‌
ഉണ്ണി നമ്പൂതിരി

'ആനവായിൽ അമ്പഴങ്ങ' എന്നു കേട്ടിട്ടില്ലേ? ഈ പഴമൊഴിയിൽ തെല്ലും പതിരില്ല. കരയിലെ ഏറ്റവും വലിയ മൃഗമായ ആനക്ക്‌ അൽപമൊന്നും പോരാ തീറ്റ. കണക്ക്‌ കേൾക്കുമ്പോൾ ആരും അദ്ഭുതപ്പെട്ടുപ്പോകുമെന്നതാണ്‌ യാഥാർത്ഥ്യം. ആനയെ കണ്ടിട്ടുണ്ടെന്നല്ലാതെ അതിന്റെ തീറ്റക്കണക്ക്‌ ഒക്കെ ആരു നോക്കാൻ? എന്നാൽ അതിലുമുണ്ട്‌ കുറെ കാര്യങ്ങൾ. ഒരു ദിവസത്തിൽ 24 മണിക്കൂറാണ്‌ ഉള്ളതെങ്കിൽ അതിൽ 20 മണിക്കൂറും തീറ്റയിൽ വ്യാപൃതനാവാനാണ്‌ ഗജവീരനിഷ്ടം. നാരുള്ള ആഹാരങ്ങൾ കൂടുതലിഷ്‌ ടം. കാട്ടാന മരത്തൊലി, മരച്ചില്ല, പച്ച ഇലകൾ, ഇല്ലി, പുല്ല്‌ എന്നിവയൊക്കെ തിന്നുമ്പോൾ നാട്ടാന പനംപട്ട, തെങ്ങോല, കൈത, പനമരം, ചോളത്തണ്ട്‌, കരിമ്പ്‌ എന്നിവയൊക്കെ ഭക്ഷണമാക്കുന്നു.

തികച്ചും സസ്യഭുക്കായ ആനക്ക്‌ അതിന്റെ ശരീരഭാരത്തിന്റെ അഞ്ചുശതമാനം തൂക്കത്തിൽ നാരുള്ള ഭക്ഷണം വേണമെന്നാണു കണക്ക്‌. വാരിവലിച്ചു തിന്നുന്ന പ്രകൃതം. പക്ഷേ ഇതുമുഴുവൻ ദഹിക്കുന്നുണ്ടോ? ഇല്ല. തിന്നുന്നതിന്റെ 40% മാത്രമെ കുടലിൽ വച്ച്‌ ദഹിച്ച്‌ ശരീരം ആഗിരണം ചെയ്യുന്നുള്ളൂ. ബാക്കി എരണ്ടത്തിലൂടെ ദഹിക്കാതെ വിസർജിക്കപ്പെടുന്നു.

കേരളത്തിലെ ആനകളുടെ ഇഷ്ടഭോജ്യം പനംപട്ട തന്നെ. അതുകൊണ്ട്‌ നാട്ടിലിപ്പോൾ പനംപട്ട കിട്ടാനും വിഷമമാണ്‌. ഒരു പട്ടക്ക്‌ 10 രൂപയും മറ്റും നൽകിയാണ്‌ ഉടമസ്ഥർ തങ്ങളുടെ ഗജവീരനുവേണ്ടി അത്‌ വാങ്ങുന്നത്‌. തെങ്ങുംപട്ട ആനക്ക്‌ കൊടുക്കാമെങ്കിലും ചിലവ ഇതിനോടു താൽപര്യം കാണിക്കാറില്ല. അരി, നെല്ല്‌, മുതിര, റാഗി, ഗോതമ്പ്‌ എന്നിവ പാകപ്പെടുത്തി ആനക്കു കൊടുക്കാമെങ്കിലും പണച്ചെലവിന്റെ കാര്യമോർത്ത്‌ പലരും ഇതിനു മുതിരാറില്ല.

നാട്ടാനകളുടെ എണ്ണം വർധിച്ചതോടെ പനംപട്ടക്കു രൂക്ഷമായ ക്ഷാമമാണ്‌ ഇപ്പോൾ അനുഭവപ്പെടുന്നത്‌. നിലവിലുള്ള പനകൾ വെട്ടിനീക്കുകയും പുതിയവ വച്ചു പിടിപ്പിക്കാതിരിക്കുകയും ചെയ്യുമ്പോൾ കുറവിന്റെ അളവ്‌ കൂടുന്നു. ഈ സ്ഥിതി തുടർന്നാൽ തീറ്റക്ക്‌ വേറെ വഴി തേടേണ്ടി വരുമെന്നു ആനയുടമകൾ പറയുന്നു.

തീറ്റപോലെ തന്നെയാണ്‌ ആനക്ക്‌ വെള്ളവും. നാട്ടിലായാലും കാട്ടിലായാലും അവക്ക്‌ വെള്ളം ഏറെ ഇഷ്ടമാണ്‌. കുടിക്കാനും കുളിക്കാനും വെള്ളം ഏറെ വേണംതാനും. വിശപ്പിനും ദാഹത്തിനും വെള്ളം എന്നാണ്‌ ആനയുടെ പ്രമാണം. അതായത്‌ തീറ്റ അൽപം കുറഞ്ഞാലും സുഭിക്ഷമായി വെള്ളം കിട്ടിയാൽ ആന വേഗം ക്ഷീണിക്കില്ല.

ഒരു ദിവസം ആന 250 ലിറ്റർ വെള്ളം കുടിക്കും. പലതവണകളായിട്ടാണ്‌ ഇത്‌ അകത്തു ചെല്ലുക. തുമ്പിക്കൈ കൊണ്ട്‌ ഒരു തവണ വലിക്കുമ്പോൾ എട്ടുലിറ്റർ വെള്ളം അകത്ത്‌ എത്തുമെന്നാണ്‌ കണക്ക്‌. അങ്ങിനെ ഒരു തവണ എട്ടോ പത്തോ കൈ വെള്ളം കുടി ക്കും. ഇങ്ങിനെ ദിവസത്തിൽ മൂന്നു തവണ. തെളിഞ്ഞ വെള്ളമാണ്‌ ആനക്കിഷ്ടം. ദുർഗന്ധമോ നിറവ്യത്യാസമോ ഉണ്ടെങ്കിൽ കുടിക്കാൻ മടി കാണിക്കും. കിണറ്റിലെ വെള്ളം മാത്രം കുടിക്കുന്ന നാട്ടാനകൾ കേരളത്തിലുണ്ട്‌.

കാട്ടിലാണെങ്കിൽ ശുദ്ധജലം തേടി കിലോമീറ്ററുകളോളം നടക്കാൻ ആന തയ്യാറാവും. എവിടെയും ശുദ്ധജലം കിട്ടിയില്ലെങ്കിൽ പുഴയിലെ മണലിൽ കാലുകൊണ്ട്‌ കുത്തി കുഴിയുണ്ടാക്കി അതിൽ ഊറി വരുന്ന വെള്ളം ആന കുടിക്കുമത്രെ.
ഇരുനൂറ്റിയൻപത്‌ ലിറ്റർ വെള്ളം കുടിക്കുന്ന ആന ഒരു ദിവസം വിസർജിക്കുന്ന മൂത്രത്തിന്റെ അളവും രസകരമായ ഒരു കണക്കാണ്‌. ആരോഗ്യമുള്ള ആന ഒരു ദിവസം 50 ലിറ്റർ മൂത്രം വിസർജിക്കും. പത്ത്‌ പന്ത്രണ്ട്‌ തവണയായിട്ടാണ്‌ ഇത്രയും മൂത്രം പുറംതള്ളുന്നത്‌.

വൃത്തിയുള്ള ജീവിയാണ്‌ ആന. അതുകൊണ്ട്‌ തന്നെ ദിവസവും കുളിക്കണമെന്നു അതിനു നിർബന്ധമുണ്ട്‌. നാട്ടാനകൾക്കു വെള്ളത്തിൽ കിടന്നുള്ള കുളി അത്യാവശ്യമാണെന്നു വിദഗ്ധർ പറയുന്നു. മൂന്നും നാലും മണിക്കൂർ വെള്ളത്തിൽ കിടക്കാൻ ഇവയ്ക്ക്‌ മടിയില്ല.

ആനയും ആസുഖവും

ആനയും ആസുഖവും
ഉണ്ണി നമ്പൂതിരി
ആനമെലിഞ്ഞാലും തൊഴുത്തിൽ കെട്ടാറില്ലന്നതു പഴഞ്ചൊല്ലാണ്‌. ആന മെലിയാറുണ്ടോ? അസുഖം വന്നാൽ ആനയാണെങ്കിൽപ്പോലും കഷ്ടത്തിലാകുമെന്നതാണ്‌ യാഥാർത്ഥ്യം. ആനയുടെ അസുഖങ്ങൾ ഏതൊക്കെ? സാധാരണ ഒരു ആനപ്രേമിക്ക്‌ ഇതിന്റെ ഉത്തരങ്ങൾ അറിഞ്ഞിരിക്കണമെന്നില്ല. പക്ഷേ അസുഖം ഉള്ള ആനയെക്കണ്ടാൽ തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങളൊക്കെയുണ്ട്‌. അതിനെപ്പറ്റി പരാമർശിക്കുക രസകരമായിരിക്കും.

ഒരാനയെ കാണുന്നു.
ചെവികൾ രണ്ടു ആട്ടാതെ തുമ്പിക്കൈയ്യും വാലും ചലിപ്പിക്കാതെയാണ്‌ കരിവീരന്റെ നിൽപ്‌. കണ്ണു രണ്ടും ചിമ്മി ഉറക്കം തൂങ്ങി നിൽക്കുന്ന അതിനു എന്തോ അസുഖം ഉണ്ടെന്നുറപ്പ്‌. കാരണം ആരോഗ്യമുള്ള ഒരാന അതിന്റെ ചെവികൾ മുന്നിലേക്കും പിന്നിലേക്കും എപ്പോഴും ആട്ടും. തുമ്പിക്കൈ കൊണ്ടു മണ്ണുവാരി ദേഹത്തിടുക, എന്തെങ്കിലും ഒടിച്ചു തിന്നുകൊണ്ടിരിക്കുക. എന്നിവയൊക്കെ ആരോഗ്യമുള്ള ആനയുടെ ലക്ഷണങ്ങൾ തന്നെ ഇതിലൊന്നും താൽപര്യമില്ലാതെ തീറ്റയും വെള്ളവും എടുക്കാതെ നിന്നാൽ അസുഖമുണ്ടെന്നു തീർച്ച.

ആനപരിപാലനത്തിലും ചികിത്സയിലും വിദഗ്ധ പരിശീലനം നേടിയവർ പറയുന്നത്‌ ഇങ്ങിനെയാണ്‌. ആന ഇടയ്ക്കിടെ ഞെളിയുകയും കിടക്കുകയും പെട്ടെന്ന്‌ എഴുന്നേൽക്കുകയുമൊക്കെ ചെയ്യുന്നതു കണ്ടാൽ അതിനു വയറുവേദനയുണ്ടെന്നുറപ്പ്‌.

ആനയുടെ തൊലി നന്നായിരിക്കണമെന്നാണു ശാസ്‌ത്രം. ആരോഗ്യം കുറഞ്ഞ ആനയുടെ തൊലി ഉണങ്ങി വരണ്ടിരിക്കും. വായ, കണ്ണുകൾ, തുമ്പിക്കൈയുടെ ഉൾവശം, എരണ്ടവായ എന്നിവിടങ്ങളിലെ ഗേഷ്മസ്ഥരത്തിനു സാധാരണ കാണാറുള്ള ഇളംചുവപ്പ്‌ നിറത്തിനു പകരം വെളുത്തിരുന്നാൽ ലക്ഷണക്കേടാണ്‌. പരിചയസമ്പന്നനായ ഉടമ സ്ഥനും വിദഗ്ധനായ പാപ്പാനും രോഗലക്ഷണങ്ങൾ പെട്ടെന്ന്‌ മനസിലാകും.

രോഗങ്ങൾ പലതും മാരകമാണ്‌. വേണ്ട സമയത്ത്‌ വിദഗ്ധ ചികിത്സ കിട്ടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്നു ഡോക്ടർമാർ വിലയിരുത്തുന്നു. വിരബാധ, എരണ്ടക്കെട്ട്‌, പാദരോഗം, സറ, ക്ഷയം, 'ക്ഷയസന്നി, സന്ധിവീക്കം, വസൂരി, വെള്ളിക്കണ്ണ്‌, തിമിരം എന്നിവയാണ്‌ കേരളത്തിലെ ആനകളിൽ കൂടുതലും കണ്ടുവരുന്ന രോഗങ്ങൾ. അതിന്റെ വിശദാംശങ്ങൾ ഇനിയൊരിക്കൽ പറയാം.

ആനയെ ഇണക്കാൻ സ്നേഹത്തിന്റെ ഭാഷ

ആനയെ ഇണക്കാൻ സ്നേഹത്തിന്റെ ഭാഷ
- ഉണ്ണി നമ്പൂതിരി

മനുഷ്യനു മാത്രമെയുള്ളുവോ മനഃശാസ്‌ത്രം. അല്ല എന്നുത്തരം. മനുഷ്യരുടെയത്ര ചിന്താശേഷി ഇല്ലെങ്കിലും ആന ഉൾപ്പെടെ എല്ലാ മൃഗങ്ങളും ചിന്തിക്കുന്നു. മൃഗങ്ങളുടെ പെരുമാറ്റ രീതിയെപ്പറ്റി വിശദീകരിക്കുന്ന ശാസ്‌ത്രശാഖയാണ്‌ ഇത്തോളജി. ചില പ്രത്യേക ഘടകങ്ങൾ മൃഗത്തിന്റെ പെരുമാറ്റരീതിയെ വശീകരിക്കുന്നു.
നൈസർഗിക വാസന:കുട്ടിയെ പ്രസവിക്കുന്നതോടെയാണ്‌ മൃഗങ്ങളിൽ മാതൃവാത്സല്യം ഉണ്ടാകുന്നത്‌. ഇവയെ ആരും ഒന്നും പഠിപ്പിക്കുന്നില്ല. ഇങ്ങനെ നിരവധി സ്വഭാവ സവിശേഷതകളുണ്ട്‌ ഓരോ മൃഗത്തിനും. അവറ്റയുടെ ഭയവും മറ്റും പ്രത്യേക രീതിയിലാണ്‌. മനുഷ്യർ നിസാരമെന്നു കരുതുന്ന ചില വസ്‌തുക്കളെ കണ്ട്‌ ആനയെപ്പോലുള്ള വമ്പൻമൃഗങ്ങൾ പോലും പേടിക്കും. മഹാനായ അലക്സാണ്ടറുടെ ബ്യൂസിഫാലസ്‌ എന്ന കുതിരയെപ്പറ്റി കേട്ടിട്ടില്ലേ? ആർക്കും മെരുങ്ങിക്കൊടുക്കാത്തവനായിരുന്നു ബ്യൂസിഫാലസ്‌. ഒടുവിൽ അലക്സാണ്ടർ അവനെ കീഴ്പ്പെടുത്തി. സ്വന്തം നിഴൽ കണ്ടാൽ ബ്യൂസിഫാലസിനു ഭയമാണെന്നു അലക്സാണ്ടർ മനസിലാക്കി. അങ്ങനെ കീഴ്പ്പെടുത്തൽ എളുപ്പമാകുകയും ചെയ്‌തു.

ഇണക്കത്തിന്റെ കാര്യത്തിൽ നായ്ക്കളും ആനകളും ഏതാണ്ട്‌ ഒരുപോലെയാണെന്നു ഇത്തോളജി വിദഗ്ധർ പറയുന്നു. കൂട്ടമായി കഴിയുന്നതിനാൽ ആനകളെ പരിശീലിപ്പിക്കാൻ എളുപ്പമാണ്‌. പരിശീലകൻ അഥവാ പാപ്പാൻ ശരിയായ കാര്യങ്ങൾ ചെയ്യുമ്പോൾ ആന അനുസരിക്കുന്നു. ചിട്ടതെറ്റുന്നത്‌ ആനക്ക്‌ ഇഷ്ടമല്ല. കൂടുതൽ പണിയെടുപ്പിക്കുമ്പോൾ ആനയെ അധികം വേദനിപ്പിക്കുകയല്ല വേണ്ടത്‌. സ്നേഹത്തോടെ പെരുമാറണം. അല്ലെങ്കിൽ തിക്‌താനുഭവമാണ്‌ ഉണ്ടാവുകയെന്നു വിദഗ്ധർ പറയുന്നു.

ആനയെപ്പറ്റി കേട്ടിട്ടില്ലേ? യാഥാർത്ഥ്യമാണിത്‌. പഴയ അനുഭവങ്ങൾ മനസ്സിൽ സൂക്ഷിച്ചുവച്ച്‌ ആനകൾ പ്രതികരിക്കാറുണ്ട്‌. ഉദാഹരണത്തിന്‌ ഒരാനയ്ക്ക്‌ മദ്യത്തിന്റെ മണം ഒട്ടും ഇഷ്ടമല്ല. എന്താ കാരണം? കള്ളുകുടിയനായിരുന്നു അതിന്റെ പാപ്പാൻ. കള്ള്‌ അകത്ത്‌ ചെന്നാൽ പാപ്പാൻ ആനയെ അടിക്കും. അതുകൊണ്ടുതന്നെ ആന മദ്യത്തെ വെറുത്തു.

ആനക്കെന്തിനാണ്‌ ചങ്ങല?
ബന്ധനോദ്ദേശം മാത്രമെയുള്ളുവോ അതിന്‌. ഏറ്റവും അനുസരണയുള്ള, പ്രശ്നങ്ങളൊന്നുമുണ്ടാക്കാത്ത നാട്ടാനക്കു പോലുമുണ്ട്‌ ചങ്ങല. കാരണം ആനകളുടെ പെരുമാറ്റം പ്രവചിക്കാൻ വിഷമമാണ്‌. തരം കിട്ടിയാൽ സ്വതന്ത്രനാവാൻ ശ്രമിക്കും. അതുകൊണ്ടു തന്നെ ആനയുടെ മേൽ എപ്പോഴും ചങ്ങല വേണം. ആനക്കാരൻ ധൈര്യശാലിയും വിവേകമുള്ളവനും ആയിരിക്കണം. അല്ലെങ്കിൽ ആനപ്പണി എളുപ്പമാവില്ല. പാപ്പാന്റെ അശ്രദ്ധകൊണ്ടാണ്‌ ആനയുമായി ബന്ധപ്പെട്ട ഭൂരിപക്ഷം പ്രശ്നങ്ങളും ഉണ്ടാകുന്നത്‌. ആനയുടെ ബുദ്ധിശക്‌തിയെ വേണ്ടത്ര വിലമതിക്കില്ല. അതിന്റെ ഫലം ലഭിക്കുകയും ചെയ്യും. ആനയെ ഇണക്കാൻ സ്വീകരിക്കുന്ന മാർഗങ്ങളിലുമുണ്ട്‌ വ്യത്യാസങ്ങൾ. കേരളത്തിൽ ചട്ടംപഠിപ്പിക്കുന്നത്‌ കാഠിന്യത്തിന്റെ രൂപത്തിലാണെങ്കിൽ ഉത്തരേന്ത്യയിൽ ഇത്‌ മറിച്ചാണ്‌. അവിടെ ആനയെ ഇണങ്ങാൻ പാപ്പാന്മാർ തൊട്ടുതലോടലിന്റെ പാത സ്വീകരിക്കുന്നു. ചിലർ ആനയെ പാട്ടുപാടി കേൾപ്പിക്കാറുപോലുമുണ്ട്‌

ബഹിരാകാശം ഭൂമിയെ നോക്കുന്നു

ബഹിരാകാശം ഭൂമിയെ നോക്കുന്നു

അമ്പിളി അമ്മാവനെ പിടിച്ചുതരാമോ എന്ന്‌ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ മേധാവിയോട്‌ ഒരു കൊച്ചുകുട്ടി ചോദിച്ചാൽ 'നോ' എന്നായിരിക്കില്ല ഇനി മറുപടി. 'നോക്കട്ടെ, ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു' എന്നാവും ഉത്തരം.
ചന്ദ്രനിലെ മനുഷ്യവാസം എന്നത്‌ എക്കാലത്തെയും ബഹിരാകാശ ഗവേഷകരുടെ സ്വപ്‌നമാണ്‌. പതിറ്റാണ്ടുകളായി ഇതിനുവേണ്ടിയുള്ള ഗവേഷണങ്ങൾ പല രാജ്യങ്ങളിലും നടക്കുന്നുണ്ട്‌. മനുഷ്യനെ ചന്ദ്രനിൽ എത്തിച്ചുവരെ നാം പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. ഇതിലൊക്കെ ഇന്ത്യയുടെ സംഭാവന ചെറുതല്ലെങ്കിലും സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളേ നമുക്ക്‌ നടത്താൻ സാധിച്ചിട്ടുള്ളൂ. എന്നാലിപ്പോൾ ഐ.എസ്‌.ആർ.ഒയുടെ സാരഥിയുടെ നേതൃത്വത്തിൽ ചന്ദ്രനിലെ മനുഷ്യവാസത്തിന്റെ സാദ്ധ്യത ആരായാൻ, അവിടെ ജലം ഉണ്ടോ എന്ന്‌ പരിശോധിക്കാൻ, 2015 ൽ അമേരിക്ക ചന്ദ്രനിലേക്ക്‌ ആളെ അയയ്ക്കുമ്പോൾ അവർക്ക്‌ ചന്ദ്രനിലെ വിവരങ്ങൾ മുൻകൂട്ടി ശേഖരിച്ച്‌ നൽകാൻ ' ചന്ദ്രയാൻ - 1' എന്ന ഒരു ബൃഹത്ത്‌ പദ്‌ധതി നടപ്പാക്കുകയാണ്‌. 2007-08 ൽ നടപ്പിലാകുന്ന 'ചന്ദ്രയാൻ 1' പദ്‌ധതിയെക്കുറിച്ചും ഉപഗ്രഹ സാങ്കേതികവിദ്യ സമൂഹത്തിന്റെ താഴേതലത്തിലുള്ളവർക്ക്‌ എങ്ങനെ ഉപയോഗപ്രദമാക്കാൻ കഴിയുന്നു എന്നതിനെപ്പറ്റിയും ഐ.എസ്‌.ആർ.ഒ മേധാവി ഡോ.ജി. മാധവൻനായർ വിശദീകരിക്കുന്നു:
ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച്‌ പഠിക്കാനുള്ള പദ്‌ധതിയാണ്‌ ചന്ദ്രയാൻ 1. രണ്ടുവർഷമാണ്‌ പഠനകാലം. 2007 ൽ 500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം പി.എസ്‌. എൽ.വി ഉപയോഗിച്ച്‌ ചന്ദ്രനിലേക്ക്‌ അയയ്ക്കും. ചന്ദ്രോപരിതലം പഠിക്കാനുള്ള വിവിധ ഉപകരണങ്ങൾ ഉപഗ്രഹത്തിൽ ഘടിപ്പിക്കും. രണ്ടുവർഷംകൊണ്ട്‌ ചന്ദ്രനിലെ ലവണങ്ങൾ, ഹീലിയം - 3, കൂടാതെ ജലം എന്നിവയുടെ സാന്നിദ്ധ്യം ഉണ്ടോ എന്ന്‌ പഠിക്കും. ഇന്ത്യയുടെ ഈ ഗവേഷണ പദ്‌ധതിയുമായി അമേരിക്ക, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സഹകരിക്കുന്നുണ്ട്‌.

ബഹിരാകാശ ഗവേഷണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളുമായി ഐ.എസ്‌.ആർ.ഒ സഹകരിക്കുന്നുണ്ട്‌. ബഹിരാകാശ ഗവേഷണ രംഗത്തെ ആഗോള സഹകരണം ഇന്ന്‌ ഏറെ വിപുലമാണ്‌. റഷ്യ, ഫ്രാൻസ്‌, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി ഐ.എസ്‌.ആർ.ഒ തുടക്കം മുതൽ സഹകരിച്ചു വരുന്നു.

ഐ.എസ്‌.ആർ.ഒയുടെ ഉപഗ്രഹങ്ങൾ ഇന്ന്‌ സമൂഹത്തിലെ താഴേത്തട്ടുകാർക്ക്‌ സഹായമേകുന്നുണ്ട്‌. ഉപഗ്രഹങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ടെലിമെഡിസിൻ പദ്ധതി ഇത്തരത്തിൽ ഒന്നാണ്‌.

വൻ നഗരങ്ങളിലെ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി സൌകര്യങ്ങൾ ഗ്രാമങ്ങളിലുള്ളവർക്കും പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണിത്‌. കൊച്ചി, ബാംഗ്ലൂർ, കൊൽക്കൊത്ത, ദില്ലി തുടങ്ങിയ സ്ഥലങ്ങളിലെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ ഉപഗ്രഹം വഴി വിവിധ കേന്ദ്രങ്ങളുമായി ബന്‌ധിപ്പിച്ച്‌ വിദഗ്ദ്ധ ചികിത്സോപദേശം കൈമാറുന്നു.

ആൻഡമാൻ, ലക്ഷദ്വീപ്‌ തുടങ്ങിയ ദ്വീപുകളും വടക്കു കിഴക്കൻ പ്രദേശങ്ങളും കാശ്‌മീർ, കാർഗിൽ തുടങ്ങി പെട്ടെന്ന്‌ എത്തിപ്പെടാൻ വിഷമമുള്ള സ്ഥലങ്ങളിലും ടെലിമെഡിസിൻ സൌകര്യമെത്തിക്കലാണ്‌ ഇപ്പോഴത്തെ ലക്ഷ്യം. കേരളത്തിൽ ശബരിമലയിൽ തീർത്ഥാടകർക്ക്‌ രണ്ടുവർഷമായി ഈ സൌകര്യം ലഭ്യമാകുന്നുണ്ട്‌. കേരളത്തിലെ മെഡിക്കൽ കോളേജുകളെ ഗ്രാമങ്ങളിലുള്ള ആശുപത്രികളുമായി ഉപഗ്രഹം വഴി ബന്‌ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്ക്‌ തുടക്കം കുറിച്ചുകഴിഞ്ഞു. രണ്ട്‌ മാസത്തിനുള്ളിൽ പൂർത്തിയാകും. മെഡിക്കൽ കോളേജുകളിലെ വിദഗ്ദ്ധരായ പ്രൊഫസർമാരുടെയും ലക്ചർമാരുടെയും സേവനം അവർ നേരിട്ട്‌ എത്താതെ തന്നെ ഗ്രാമങ്ങളിൽ ഫലപ്രദമായി എത്തിക്കാൻ ഇത്‌ സഹായകമാണ്‌.

ഭൂമിയിൽ ജലത്തിന്റെ ലഭ്യത കണ്ടെത്താൻ ഇന്ന്‌ ഉപഗ്രഹങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്‌. കിണർ കുഴിച്ചാൽ വെള്ളം കിട്ടുമോ എന്ന കാര്യംപോലും മുൻകൂട്ടി അറിയാൻ ഇന്ന്‌ സംവിധാനമുണ്ട്‌.

രാജസ്ഥാൻ, മധ്യപ്രദേശ്‌, ഗുജറാത്ത്‌ തുടങ്ങിയ ജലദൌർലഭ്യമുള്ള പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്താൻ ഉപഗ്രഹങ്ങൾ സഹായിക്കുന്നു. ഉപഗ്രഹത്തിൽ നിന്നുള്ള വിവരമനുസരിച്ച്‌ കിണർ കുഴിച്ചാൽ 90 ശതമാനവും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാം. മറിച്ചാണെങ്കിൽ 30 ശതമാനമെ ഉറപ്പുള്ളൂ. ഇതുവഴി ഗ്രാമീണർക്ക്‌ 500 കോടി രൂപയോളം ലാഭമുണ്ടാകുന്നു. കൂടാതെ മൽസ്യസമ്പത്തുള്ള സ്ഥലങ്ങളെക്കുറിച്ച്‌ ഉപഗ്രഹത്തിൽ നിന്ന്‌ ലഭിക്കുന്ന വിവരങ്ങൾ മൽസ്യബന്‌ധനത്തിനു പോകുന്നവർക്ക്‌ ഒരനുഗ്രഹമാണ്‌. വിളകൾ, മണ്ണ്‌, രോഗങ്ങൾ, കാലാവസ്ഥ തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ കർഷകർക്കും പ്രയോജനപ്പെടുന്നുണ്ട്‌ - മാധവൻനായർ പറഞ്ഞു.
വാർത്താവിനിമയ രംഗത്തെ വിപ്ലവം
വാർത്താവിനിമയ രംഗത്ത്‌ രാജ്യത്ത്‌ വിപ്‌ളവമുണ്ടാക്കിയത്‌ ഐ.എസ്‌.ആർ.ഒയുടെ ഇൻസാറ്റ്‌ ഉപഗ്രഹങ്ങളാണ്‌. ഇൻസാറ്റ്‌ ഉപഗ്രഹങ്ങൾ ടിവി സംപ്രേഷണത്തെ രാജ്യംമുഴുവനും എത്തിക്കാൻ സഹായിച്ചു. ഇൻസാറ്റ്‌ നാലാം പരമ്പരയിലെ ആദ്യത്തെ ഉപഗ്രഹം ഇൻസാറ്റ്‌-4 എ വിക്ഷേപണത്തിന്‌ തയ്യാറായിക്കഴിഞ്ഞു. ഇതിനുശേഷം ഇൻസാറ്റ്‌-4 ബി വരുന്നു.
ടിവി സംപ്രേഷണത്തിനു പുറമെ വാണിജ്യാവശ്യങ്ങൾക്കുള്ള വി-സാറ്റും ഇൻസാറ്റിലുണ്ട്‌. ബാങ്കുകൾ, ഓഹരി വിപണി എന്നിവയുടെ ഉപയോഗത്തിനാണിത്‌.
ജി.എസ്‌.എൽ.വി
കമ്മ്യൂണിക്കേഷൻ, കാലാവസ്ഥ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ഉപഗ്രഹങ്ങളെ 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിങ്ക്രണസ്‌ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ജിയോസിങ്ക്രണസ്‌ ലോഞ്ച്‌ വെഹിക്കിൾ (ജി.എസ്‌. എൽ.വി) ഉപയോഗിക്കുന്നതിൽ ഐ.എസ്‌.ആർ.ഒയ്ക്ക്‌ കഴിവ്‌ തെളിയിക്കാൻ സാധിച്ചിട്ടുണ്ട്‌. 2004 സെപ്റ്റംബറിൽ ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പേസ്‌ സ്റ്റേഷനിൽ നിന്ന്‌ ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യുസാറ്റ്‌ വിക്ഷേപിച്ചത്‌ ജി.എസ്‌.എൽ.വി - എഫ്‌ 01 റോക്കറ്റ്‌ ഉപയോഗിച്ചാണ്‌. ജി. എസ്‌.എൽ.വിയുടെ ആദ്യ ഓപ്പറേഷണൽ വിക്ഷേപണം വിജയകരമായതോടെ 2000 കിലോഗ്രാം ഭാരമുള്ള ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള കഴിവ്‌ നമ്മൾ തെളിയിച്ചു.
ഇപ്പോൾ ജി.എസ്‌.എൽ.വി (എം.കെ-1)യിൽ ഉപയോഗിക്കുന്നത്‌ റഷ്യൻ നിർമ്മിത ക്രയോജനിക്‌ എഞ്ചിനാണ്‌. അടുത്ത ഘട്ടത്തിൽ (ജി. എസ്‌.എൽ.വി - എം.കെ-2) തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്‌ എഞ്ചിൻ(ക്രയോജനിക്‌ അപ്പർ സ്റ്റേജ്‌) റോക്കറ്റിൽ ഘടിപ്പിക്കാനാകും. ഈ എഞ്ചിൻ റോക്കറ്റിന്‌ 2000 മുതൽ 2500 വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷി നൽകും. പിന്നീട്‌ നമ്മൾക്ക്‌ റഷ്യൻ എഞ്ചിനുകളെ ആശ്രയിക്കേണ്ട ആവശ്യമില്ല. മാത്രമല്ല ക്രയോജനിക്‌ എഞ്ചിൻ തദ്ദേശീയമായി നിർമ്മിക്കാൻ കഴിഞ്ഞാൽ റോക്കറ്റ്‌ വിക്ഷേപണത്തിന്‌ വിദേശത്തുപോകേണ്ടതുമില്ല. നമ്മുടെ ആവശ്യങ്ങളെല്ലാം ജി. എസ്‌.എൽ.വി ഉപയോഗിച്ച്‌ നിറവേറ്റാം. സാമ്പത്തികമായി ഇ ത്‌ ഏറെ മെച്ചമുണ്ടാക്കും.
റിമോട്ട്‌സെൻസിംഗ്‌ ഉപഗ്രഹങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ ഐ.എസ്‌.ആർ.ഒയ്ക്ക്‌ നല്ല വരുമാനമാണ്‌. ഈ ചിത്രങ്ങൾ വഴി രാജ്യത്തിനുള്ളിൽ 54 ദശലക്ഷം ഡോളറും വിദേശത്തുനിന്ന്‌ അഞ്ച്‌ മില്ല്യൺ ഡോളറും ഐ.എസ്‌.ആർ.ഒയ്ക്ക്‌ ലഭിക്കുന്നു. ഉപഗ്രഹ വിക്ഷേപണം വഴി 15 ദശലക്ഷം ഡോളറാണ്‌ വരുമാനം. ഐ.എസ്‌.ആർ.ഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്‌സ്‌ കോർപറേഷൻ വഴി വർഷം 300 കോടി ഡോളർ ലഭിക്കുന്നുണ്ട്‌ - മാധവൻനായർ പറഞ്ഞു.

സിനിമയിലേതുപോലെ
ചില ഹോളിവുഡ്‌ സിനിമകളിൽ കാണുന്നതുപോലുള്ള ബഹിരാകാശ യാത്ര നടപ്പിലാകുമോ? തൽക്കാലം നടപ്പില്ലെന്നാണ്‌ മാധവൻനായർ പറയുന്നത്‌. "ബഹിരാകാശ യാത്ര ഇപ്പോൾ വളരെ ചിലവേറിയതാണ്‌. സ്ഥിരമായി ബഹിരാകാശത്തു പോയി വരാൻ തൽക്കാലം സാധ്യമാവാനിടയില്ല. എന്നാൽ വിദൂര ഭാവിയിൽ അത്‌ നടന്നുകൂടായ്കയില്ല. ചെലവുകുറഞ്ഞതും സുരക്ഷിതവുമാകണമെന്നു മാത്രം"-മാധവൻനായർ പറഞ്ഞു.

ബഹിരാകാശത്ത്‌ അയച്ച ശേഷം ഭൂമിയിൽ തിരിച്ചിറക്കാൻ സ്‌പേസ്‌ ഷട്ടിലുകൾ വികസിപ്പിക്കാൻ ഐ. എസ്‌.ആർ.ഒയും തയ്യാറെടുക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. "ഐ.എസ്‌.ആർ. ഒ റിക്കവറി പ്രൊജക്റ്റ്‌ എന്ന പദ്ധതി പ്രകാര അടുത്ത വർഷം 500 കിലോ ഭാരമുള്ള ഒരു മൊഡ്യൂൾ ഐ.എസ്‌. ആർ.ഒ വിക്ഷേപിക്കുന്നുണ്ട്‌. കാർട്ടോസാറ്റ്‌-2 ഉപഗ്രഹത്തിനൊപ്പം പി.എസ്‌.എൽ.വി ഉപയോഗിച്ച്‌ വിക്ഷേപിക്കുന്ന മൊഡ്യൂൾ ബഹിരാകാശത്ത്‌ കുറച്ച്‌ ദിവസം കഴിഞ്ഞ ശേഷം തിരിച്ച്‌ ഭൂമിയിലേക്ക്‌ വരും. ശ്രീഹരിക്കോട്ടയ്ക്ക്‌ സമീപം കടലിൽ പതിക്കുന്ന ഈ വാഹനം വീണ്ടും ഉപയോഗിക്കാനാവുമെന്നതാണ്‌ പ്രത്യേകത. ഭാവിയിൽ മനുഷ്യനെ ബഹിരാകാശത്ത്‌ അയയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ തുടക്കമായി ഇതിനെ കണക്കാക്കുന്നു".
തയ്യാറാക്കിയത്‌ : പ്രസൂൻ

മുരിക്കന്റെ കായൽ നിലങ്ങൾ കാലത്തിന്‌ കീഴടങ്ങുമ്പോൾ...

മുരിക്കന്റെ കായൽ നിലങ്ങൾ കാലത്തിന്‌ കീഴടങ്ങുമ്പോൾ...
കെ.കെ. സുരേന്ദ്രൻ
കോട്ടയം : കുട്ടനാട്ടിൽ ചിത്തിരക്കായലോരത്ത്‌ ഒരു നാടൻ പള്ളിയും ഉള്ളുപൊള്ളയായ രണ്ട്‌ കല്ലറകളും ചിറ്റോളങ്ങളെ സാക്ഷിയാക്കി കാലത്തിന്‌ കീഴടങ്ങുകയാണ്‌. ഒപ്പം, കായൽ നികത്തി നെൽപ്പാടമാക്കിയ ചിത്തിരയും റാണിയും.

മുരിക്കൻ എന്ന മുരിക്കുംമൂട്ടിൽ തൊമ്മൻ ജോസഫ്‌ പണികഴിപ്പിച്ച പള്ളി തനിക്കും പ്രിയതമയ്ക്കും അന്ത്യനിദ്രയ്ക്കായി തീർത്ത കല്ലറകൾക്കൊപ്പം ശോകമൂകമായി നിലകൊള്ളുന്നു. മനുഷ്യാധ്വാനത്തിന്റെ ചരിത്രമുറങ്ങുന്ന കായൽ നിലങ്ങളാകട്ടെ ആർക്കും വേണ്ടാതെ കായൽ തന്നെ തിരിച്ചെടുത്ത മട്ടിലാണ്‌.
തൊഴിലാളിവർഗ്‌ഗ കാഴ്ചപ്പാടിൽ മുരിക്കൻ കായൽരാജാവായ ശത്രുവായിരുന്നു. ചൂഷണത്തിന്റെ കിരാതമൂർത്തികളിൽ പ്രധാനിയുമായിരുന്നു. അത്‌ ഒരുകാലം. പക്ഷേ, നഷ്‌ടപ്പെടുന്ന നിലങ്ങളെയും ഭക്ഷ്യസ്വയംപര്യാപ്‌തതയെയും ഓർത്ത്‌ ആശങ്കപ്പെടുന്ന ഇക്കാലത്ത്‌ അന്ന്‌ മുരിക്കൻ ചെയ്‌തതൊക്കെയും ഒരു പുനർവായന ആവശ്യപ്പെടുന്നുണ്ട്‌.

കായൽ നികത്തിയെടുത്ത നിലങ്ങളായ ചിത്തിര 716 ഏക്കറും റാണി 568 ഏക്കറും മാർത്താണ്‌ഡം 674 ഏക്കറുമായിരുന്നു.

നെല്ലുല്‌പാദനം കൂട്ടാൻ കഴിയുമെന്നതിനാൽ രാജാവിന്റെ പ്രോത്സാഹനത്തോടെയായിരുന്നു മറ്റു പല കർഷകപ്രമുഖരെയും പോലെ മുരിക്കനും കായൽനികത്തിയത്‌. മനുഷ്യാദ്ധ്വാനവും മുതൽമുടക്കും ഏറെ ആവശ്യമായ ഒന്നായിരുന്നു കായൽനികത്തൽ. ബണ്ട്‌ നിർമ്മാണമാണ്‌ ആദ്യം. തെങ്ങിൻകുറ്റി 30 അടി നീളത്തിൽ മുറിച്ച്‌ നാലായി കീറി കൂർപ്പിച്ച ശേഷം കായലിന്റെ അടിത്തട്ടിലെ ചെളിയിൽ അടിച്ചുതാഴ്ത്തിയാണ്‌ ബണ്ടിന്റെ ഇരുവശവും ഭദ്രമാക്കുക. അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച്‌ അടി വീതിയുമാണ്‌ ബണ്ടിന്‌. തെങ്ങിൻകുറ്റികളുടെ നിരയുടെ ഉൾഭാഗത്ത്‌ മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടിയാണ്‌ ഭിത്തി നിർമ്മിക്കുക. ഭിത്തിക്കുള്ളിൽ ആദ്യം ഒരടി കനത്തിൽ കടപ്പുറം മണ്ണ്‌ വിരിക്കും. അതിന്‌ മുകളിൽ മൂന്നടി കനത്തിൽ കായലിൽനിന്നുള്ള ചെളിക്കട്ട. കുറ്റിച്ചെടികളും മരക്കൊമ്പുകളും കെട്ടിയുണ്ടാക്കുന്ന കറ്റകൾ ചെളിക്കട്ടകൾക്കുമുകളിൽ നിരത്തുന്നു. അതിനും മുകളിൽ കട്ടയും മണലുമിട്ട്‌ ചിറയാക്കുന്നു.

ആയിരക്കണക്കിന്‌ ദണ്‌ഡ്‌ ( ഒരു അളവ്‌) നീളമുള്ള ചിറയാണ്‌ മുരിക്കൻ നിർമ്മിച്ചത്‌. ഒരു ദണ്‌ഡ്‌ നീളത്തിൽ ചിറ കെട്ടാൻ 16 തെങ്ങിൻകുറ്റി, എട്ട്‌ മുളയുടെ ചെറ്റ, 500 കറ്റ, 16 ടൺ ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അദ്ധ്വാനം എന്നതാണ്‌ കണക്ക്‌.

ബോയിലറുകളിൽ മരക്കരിയിട്ട്‌ കത്തിച്ചുണ്ടാക്കുന്ന ആവിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ ഉപയോഗിച്ചാണ്‌ ചിറയ്ക്കുള്ളിലെ വെള്ളം വറ്റിക്കുക. എന്നിട്ട്‌ കട്ടി കുറഞ്ഞ ചെളിയിറക്കി കായൽ നികത്തിയെടുക്കുന്നു. 1940 ലായിരുന്നു ആദ്യ വിളവെടുപ്പ്‌. മുരിക്കന്റെ കൃഷിയും ചൂഷണത്തിന്റെ കഥകളും തുടർന്നു.

1973-ൽ രാജ്യരക്ഷാനിയമം ഉപയോഗിച്ച്‌ മുരിക്കന്റെ കായൽനിലങ്ങൾ സർക്കാർ ഏറ്റെടുത്തു. ആദ്യവർഷം സർക്കാർ കൃഷി ലാഭമുണ്ടാക്കി. അടുത്ത രണ്ടുവർഷവും നഷ്‌ടമായി. 76-ൽ കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും രക്ഷ കിട്ടിയില്ല. പിറ്റേവർഷം ഭൂരഹിത കർഷകത്തൊഴിലാളികൾക്ക്‌ അരഏക്കർ പാടം വീതം നൽകി കൂട്ടുകൃഷി നടത്തി. പിന്നീട്‌ പാട്ടക്കൃഷി പരീക്ഷിച്ചു. മാർത്താണ്‌ഡം മാത്രം പിടിച്ചുനിന്നു. ചിത്തിരയിലും റാണിയിലും അടിത്തട്ടിലെ കക്ക വാരാൻ തുടങ്ങിയതോടെ ബണ്ടുകൾ തകർന്നു.

തന്റെ പാടങ്ങൾ സർക്കാർ പിടിച്ചെടുക്കുമെന്ന്‌ അറിഞ്ഞപ്പോൾ മുരിക്കന്റെ പ്രതികരണം, അവരത്‌ തകർക്കും എന്നായിരുന്നു. ആ വാക്കുകൾ പ്രവചനം പോലെയായി. നിയമാനുസൃതം കിട്ടിയ 15 ഏക്കർ വീതം ഭൂമിയിൽ മുരിക്കന്റെ പിൻഗാമികളാകട്ടെ, ആദായകരമായി കൃഷി നടത്തി.

അവസാന കാലത്ത്‌ തിരുവനന്തപുരത്ത്‌ മകന്റെ വസതിയിലായിരുന്നു മുരിക്കൻ. തിരു. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ജനറൽ വാർഡിൽ തനി സാധാരണക്കാരനെപ്പോലെയായിരുന്നു അന്ത്യം. 74-ാ‍ം വയസ്സിൽ, 1972 ഡിസംബർ 9ന്‌. അന്ത്യനിദ്ര പട്ടം സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയിലായി. സ്വന്തം മണ്ണിലേക്ക്‌ മടങ്ങണമെന്ന അഭിലാഷം നടക്കാതെ പോയി. വാഹനഗതാഗതം അനുവദിക്കാത്ത ബന്തുദിനമായിരുന്നു അന്ന്‌.

ആനയ്ക്ക്‌ മാത്രമായി ഒരു ചന്ത

ആനയ്ക്ക്‌ മാത്രമായി ഒരു ചന്ത
- ഉണ്ണി നമ്പൂതിരി

ആനയെ വാങ്ങാനും വിൽക്കാനും മാത്രമായി ഒരു ചന്തയുണ്ട്‌ ഇന്ത്യയിൽ. ബീഹാറിലെ സോൻപൂർ മേള യിലാണ്‌ ആന വ്യാപാരം പൊടിപൊടിക്കുന്നത്‌. ഒരു കാലത്ത്‌ സഹ്യന്റെ മക്കളെ മാത്രം കണ്ടു ശീലിച്ച മലയാളി സോൻപൂർമേളയുടെ തുടക്കത്തോടെ ബീഹാറി ആനകളെയും പരിചയിച്ചു തുടങ്ങി. പക്ഷേ, കേരളത്തിലെ ആനയുടെയത്രസൌന്ദര്യം 'ഹിന്ദി' ഭാഷ കേട്ടു പരിചയിച്ച കരിവീരനില്ലെന്നത്‌ സത്യം.

കാട്ടിൽ വാരിക്കുഴികുത്തി നടത്തുന്ന ആനപിടുത്തം ഭാരത സർക്കാർ നിർത്തലാക്കുകയും അമ്പലം, പള്ളി, മരക്കമ്പനി, കൂപ്പ്‌ എന്നിവിടങ്ങൾ ഉൾപ്പെടെ പലയിടത്തും ആനകളുടെ ആവശ്യം വർധിക്കുകയും ചെയ്‌തതോടെ മലയാള നാട്ടിൽ നാട്ടാനകളുടെ എണ്ണം കൂടി. മറുനാടൻ ആന ഇവിടേക്ക്‌ യഥേഷ്ടം എത്തിത്തുടങ്ങുകയും ചെയ്‌തു. 1977 ലാണ്‌ സോൻപൂർ മേളയിൽ നിന്നു ആന ആദ്യമായി കേരളത്തിൽ എത്തിയത്‌.

വളരെക്കൊല്ലം ഈ പതിവ്‌ തുടർന്നു. പക്ഷേ, ഇപ്പോൾ പരദേശി ആനയുടെ വരവ്‌ നന്നേ കുറഞ്ഞിരിക്കുന്നു വെന്നു കണക്കുകൾ വ്യക്‌തമാക്കുന്നു. ലക്ഷണമൊത്ത ആനകളുടെ അഭാവം, വർധിച്ച വില എന്നിവയാണ്‌ സോൻപൂർ മേളയിൽ നിന്നു മലയാളിആനക്കമ്പക്കാരെ അകറ്റിയത്‌. പക്ഷേ കർണ്ണാടകം, അരുണാചൽ പ്രദേശ്‌ എന്നിവിടങ്ങളിലേക്ക്‌ അന്വേഷണം വ്യാപിപ്പിച്ച മലയാളി അവിടങ്ങളിൽ നിന്നു ആനയെ കൊണ്ടുവന്നു.

പരദേശ പ്രേമം കേരളത്തിന്റെ ഗജപാരമ്പര്യത്തിനും മുറിവേൽപിച്ചു. ആനചന്തമുള്ള ആനകളുടെ എണ്ണം കുറഞ്ഞു. ഇന്ന്‌ കേരളത്തിലുള്ള നാട്ടാനകളിൽ 65 മുതൽ 70 ശതമാനം വരെ ഭംഗികുറഞ്ഞ മറുനാടൻ ആനകളാണത്രെ.

ശനിയാഴ്‌ച, ജൂലൈ 23, 2005

നിങ്ങളുടെ ദശ കണ്ടുപിടിക്കാൻ...

നിങ്ങളുടെ ദശ കണ്ടുപിടിക്കാൻ...


ഓരോരുത്തർക്കും ഓരോ ദശാകാലത്തിനനുസരിച്ചാണു വിവിധ ഫലങ്ങൾ അനുഭവപ്പെടുന്നതെന്നു ജ്യോതിഷമതം. 120 കൊല്ലമാണ്‌ ഒരു മനുഷ്യായുസ്‌ ആയി കണക്കാക്കുന്നത്‌. ഈ കാലയളവിനെ ഒൻപതു ഗ്രഹങ്ങൾക്കുമായി വിഭജിച്ചുനൽകിയിരിക്കുകയാണ്‌. ഇതിൽ ഓരോ ഗ്രഹത്തിന്റെയും കാലയളവിനെ ആ ഗ്രഹത്തിന്റെ ദശ എന്നു പറയുന്നു. ആകെയുള്ള 120 കൊല്ലത്തിനെ എല്ലാ ഗ്രഹങ്ങൾക്കും തുല്യമായിട്ടല്ല വിഭജിച്ചിരിക്കുന്നത്‌. ചില ഗ്രഹങ്ങൾക്ക്‌ കുറച്ചു കാലം, മറ്റു ചില ഗ്രഹങ്ങൾ വളരെ കൂടുതൽ കാലം എന്നിങ്ങനെ വ്യത്യാസം ഉണ്ട്‌.

സൂര്യന്‌ 6 കൊല്ലമാണു ദശാകാലമുള്ളത്‌. ചന്ദ്രന്‌ 10, ചൊവ്വയ്ക്ക്‌ 7, രാഹുവിന്‌ 18, വ്യാഴത്തിന്‌ 16, ശനിക്ക്‌ 19, ബുധന്‌ 17, കേതുവിന്‌ 7, ശുക്രന്‌ 20 എന്നിങ്ങനെയാണു വിഭജിച്ചു നൽകിയിട്ടുള്ള വർഷങ്ങൾ. ഈ പറഞ്ഞ ക്രമത്തിലാണ്‌ ദശകൾ അനുഭവിക്കുകയും ചെയ്യുക.
ജനിക്കുന്ന ദശയിൽ മുഴുവൻ കൊല്ലവും കിട്ടില്ല. അത്‌ ജനനസമയത്ത്‌ ആ നക്ഷത്രത്തിൽ എത്ര നാഴിക കഴിഞ്ഞു എന്നതിനെ അടിസ്ഥാനമാക്കിയാണു തീരുമാനിക്കുക. വിവിധ നക്ഷത്രക്കാരുടെ ആദ്യത്തെ ദശ ചുവടെ:
അശ്വതി, മകം, മൂലം - കേതുദശ
ഭരണി, പൂരം, പൂരാടം - ശുക്രദശ
കാർത്തിക, ഉത്രം, ഉത്രാടം - സൂര്യദശ
രോഹിണി, അത്തം, തിരുവോണം - ചന്ദ്രദശ
മകയിരം, ചിത്തിര, അവിട്ടം - ചൊവ്വാദശ
തിരുവാതിര, ചോതി, ചതയം - രാഹുദശ
പുണർതം, വിശാഖം, പൂരുരുട്ടാതി - വ്യാഴദശ
പൂയം, അനിഴം, ഉത്തൃട്ടാതി - ശനിദശ
ആയില്യം, തൃക്കേട്ട, രേവതി - ബുധദശ

ജനിച്ച നക്ഷത്രത്തിൽ എത്ര നാഴിക വിനാഴിക ചെന്നിട്ടുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയുള്ള കണക്കിലൂടെയാണ്‌ ആദ്യത്തെ ദശ എത്ര കൊല്ലം (എത്ര വയസുവരെ) കിട്ടിയെന്നു മനസിലാക്കുന്നത്‌. ഇത്‌ കൃത്യമായി അറിയില്ലെങ്കിൽ പകുതി വച്ചു കൂട്ടുകയാണു ചെയ്യുന്നത്‌.
ഉദാഹരണത്തിന്‌ അശ്വതി നക്ഷത്രത്തിൽ ജനിച്ചയാൾക്ക്‌ ആദ്യത്തെ ദശ കേതുദശയായിരിക്കും. ഇത്‌ ആകെ 7 കൊല്ലമാണുള്ളത്‌. പക്ഷേ, നക്ഷത്രവശാൽ അയാൾക്ക്‌ ചിലപ്പോൾ ഒരു കൊല്ലമോ രണ്ടു കൊല്ലമോ ആയിരിക്കും കേതുദശ കിട്ടിയിരിക്കുന്നത്‌; ചിലപ്പോൾ ആറു കൊല്ലമോ ഏഴു കൊല്ലമോ ആകുകയും ചെയ്യാം. ഇത്തരം സാഹചര്യങ്ങളിൽ കേതുദശ മൂന്നര കൊല്ലം കിട്ടിയെന്നു കണക്കാക്കുകയാണു ചെയ്യുന്നത്‌.
അപ്പോൾ അശ്വതി നക്ഷത്രക്കാരന്‌ ഏകദേശം മൂന്നര വയസു വരെ കേതുദശ. പിന്നെ 20 കൊല്ലം -അതായത്‌ ഇരുപത്തിമൂന്നര വയസു വരെ- ശുക്രദശ. അതുകഴിഞ്ഞ്‌ ആറു കൊല്ലം (ഇരുപത്തി ഒൻപതര വയസു വരെ) സൂര്യദശ. പിന്നെ 10 കൊല്ലം ചന്ദ്രൻ, പിന്നെ ഏഴു കൊല്ലം ചൊവ്വ... അങ്ങനെ ദശകൾ കണക്കുകൂട്ടാം.
ദശകൾ കൃത്യമായി അറിയാൻ നക്ഷത്രഗത നാഴിക നോക്കി അറിയുക തന്നെ വേണം.

രാഹുകാലം കണ്ടുപിടിക്കാൻ എളുപ്പവഴി

ഏതു നല്ല കാര്യം ചെയ്യാനും രാഹുകാലം ഒഴിവാക്കുന്ന ശീലം ഇപ്പോൾ പരക്കേ ഉണ്ട്‌. നേരത്തേ കേരളീയർക്കിടയിൽ രാഹുകാലത്തിന്‌ ഇത്രയും പ്രചാരമില്ലായിരുന്നു. തമിഴ്നാട്ടിലാണു രാഹുകാലത്തിനു കൂടുതൽ പ്രചാരം ഉണ്ടായിരുന്നത്‌. തമിഴ്‌ സ്വാധീനം മൂലം രാഹുകാലം നോക്കൽ കേരളത്തിലും വ്യാപിച്ചു.
വിവാഹം ഉൾപ്പെടെയുള്ള ശുഭകാര്യങ്ങൾക്കു മുഹൂർത്തം നോക്കുമ്പോൾ രാഹുകാലം ഒഴിവാക്കണമെന്നു മുഹൂർത്തപദവി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട മുഹൂർത്തഗ്രന്ഥങ്ങളൊന്നും കാര്യമായി പറയുന്നില്ല. എങ്കിലും രാഹുകാലം ഇന്ന്‌ കേരളീയർക്കിടയിലും പിടിമുറുക്കിയിരിക്കുന്നു.
ഓരോ ദിവസവും ഒന്നര മണിക്കൂർ ആണു രാഹുകാലം. ഇത്‌ ഓരോ ആഴ്ചയും വ്യത്യസ്‌തമാണ്‌. ഞായർ മുതൽ ശനി വരെ ഓരോ ദിവസത്തെയും രാഹുകാലം നോക്കാനുള്ള എളുപ്പവഴിയായി ഒരു ഈരടി ഉണ്ട്‌.
"നാലര ഏഴര മൂന്നിഹ പിന്നെ
പന്ത്രണ്ടൊന്നര പത്തര നവമേ..." എന്നതാണ്‌ ആ ശ്ലോകാർധം.
ഇതനുസരിച്ച്‌ ഞായറാഴ്ച രാഹുകാലം തുടങ്ങുന്നത്‌ വൈകുന്നേരം 4.30-ന്‌.
തിങ്കളാഴ്ച രാവിലെ 7.30-ന്‌.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ 3.00-ന്‌.
ബുധനാഴ്ച ഉച്ചയ്ക്ക്‌ 12.00-ന്‌.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്‌ 1.30-ന്‌.
വെള്ളിയാഴ്ച രാവിലെ 10.30-ന്‌.
ശനിയാഴ്ച രാവിലെ 9.00-ന.
ഇതിൽ ഓരോ ദിവസവും പറഞ്ഞിരിക്കുന്ന സമയത്തു തുടങ്ങുന്ന രാഹുകാലം ഒന്നര മണിക്കൂറിനു ശേഷം സമാപിക്കും.
സൂര്യോദയവും അസ്‌തമയവും രാവിലെയും വൈകുന്നേരവും കൃത്യം 6.00 മണിക്കു നടക്കുന്ന ദിവസങ്ങളിലേക്കുള്ളതാണ്‌ ഈ കണക്ക്‌. ഉദയാസ്‌തമയ സമയങ്ങളിൽ മാറ്റം വരുന്നതിനനുസരിച്ച്‌ രാഹുകാലം തുടങ്ങുന്നതിലും മാറ്റം വരും.

ശംഖധ്വനിയുടെ രഹസ്യം

ക്ഷേത്രങ്ങളിൽ ദീപാരാധനയ്ക്കും നിവേദ്യമെടുക്കലിനും ശംഖധ്വനി മുഴക്കാറുണ്ട്‌. ശംഖനാദം ഓംകാരധ്വനിയാണെന്നാണു വിശ്വാസം. ദീർഘപ്രണവമായ ശംഖനാദം മുഴക്കുന്നത്‌ മംഗളകരമാണെന്നു പ്രാചീനർ കരുതിയിരുന്നു. പണ്ടു യുദ്ധരംഗത്തും ശംഖധ്വനിക്കു പ്രസക്‌തിയുണ്ടായിരുന്നു. രണവാദ്യങ്ങളിലും ശംഖിനു സ്ഥാനമുണ്ടായിരുന്നു. മഹാഭാരതത്തിൽ യുദ്ധം ആരംഭിക്കുന്നുവെന്നറിയിച്ച്‌ ശ്രീകൃഷ്ണൻ ശംഖു മുഴക്കുന്ന സാഹചര്യമുണ്ട്‌. ശബ്ദത്തിന്റെ ഊർജചലനങ്ങളുടെ പശ്ചാത്തലമായ ആകാശത്തെയാണു ശംഖ്‌ പ്രതിനിധാനം ചെയ്യുന്നത്‌. 'ശം' എന്നാൽ മംഗളമെന്നും 'ഖം' എന്നാൽ ആകാശം എന്നും അർഥം ഉണ്ട്‌. ശംഖനാദം എല്ലാ ശബ്ദസ്പന്ദനങ്ങളുടെയും ആദിമരൂപമായ പ്രണവധ്വനി തന്നെയാണ്‌. ശംഖുകൾ പല തരത്തിലുണ്ട്‌. വലംപിരി ശംഖ്‌, ഇടംപിരി ശംഖ്‌ തുടങ്ങിയ വ്യത്യസ്‌ത തരം ശംഖുകളുടെ ഫലങ്ങളും വ്യത്യസ്‌തമാണ്‌

മുഹൂർത്തത്തിലുമുണ്ടു കാര്യം

മുഹൂർത്തത്തിലുമുണ്ടു കാര്യം
കെ. മോഹൻലാൽ

സ്‌ത്രീയും പുരുഷനും തമ്മിൽ വിവാഹം കഴിക്കുമ്പോൾ ജാതകച്ചേർച്ച നോക്കണോ? പൊരുത്തം നോക്കുന്നതിന്‌ എത്രത്തോളം പ്രസക്‌തിയുണ്ട്‌? പസിദ്ധ ജ്യോതിഷപണ്ഡിതനായ എടപ്പാൾ ശൂലപാണി വാരിയരുമായി കെ. മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ രണ്ടാംഭാഗം. വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളേയും വിശ്വാസങ്ങളേയും പറ്റി ചിന്തിക്കുമ്പോൾ സുപ്രധാനമായ ചില കാര്യങ്ങളുണ്ട്‌. അവയെപ്പറ്റി ജ്യോതിഷത്തിന്റെ നിലപാട്‌ വ്യക്‌തമാണ്‌.

മുഹൂർത്തം തെറ്റിയാൽ എല്ലാം തെറ്റി
വിവാഹകാര്യത്തിൽ തീരുമാനമായാൽ പിന്നെ ഏറ്റവും പ്രാധാന്യം നൽകേണ്ട കാര്യമാണ്‌ മുഹൂർത്തം. ചിലരെങ്കിലും കരുതുന്നതു പോലെ നിസാരമായി തള്ളാവുന്നതല്ല മൂഹൂർത്തം. മുഹൂർത്തം ശരിയായതു കൊണ്ടുള്ള ഗുണങ്ങളും തെറ്റിയതു കൊണ്ടുള്ള ദോഷങ്ങളും എന്റെ അനുഭവത്തിൽ ധാരാളം.
എല്ലാം കൊണ്ടും ജാതകങ്ങൾ തമ്മിൽ യോജിപ്പുണ്ടെങ്കിലും മുഹൂർത്തം തെറ്റിയാൽ എല്ലാം തെറ്റി. മുഹൂർത്തം തെറ്റിയതു കൊണ്ടു ജീവിതം സുഖപ്രദമല്ലാതെയാവാം. ഭർതൃനാശത്തിനോ ഭാര്യാനാശത്തിനോ വരെ ഹേതുവായെന്നു വരാം.

അപ്പോൾ മുഹൂർത്തം നോക്കാതെ കല്യാണം കഴിച്ച്‌ സുഖമായി ജീവിക്കുന്നവരോ? അവർ വിവാഹം കഴിച്ച മുഹൂർത്തം ശരിയായിരുന്നെങ്കിലോ എന്ന മറുചോദ്യം മാത്രമേ ഉത്തരമുള്ളൂ.

രാത്രി ഏറ്റവും മികച്ച സമയം
പണ്ടൊക്കെ വിവാഹങ്ങൾ കൂടുതലും നടന്നിരുന്നത്‌ രാത്രിയായിരുന്നു. അതിന്‌ അടിസ്ഥാനമുണ്ട്‌. രാത്രിയാണ്‌ വിവാഹത്തിന്‌ ഏറ്റവും നല്ല സമയം. മനസിന്റെ കാരകത്വം ചന്ദ്രനാണ്‌. രാത്രി ചന്ദ്രരാശിയാണ്‌. അതിനാൽ രാത്രി വിവാഹത്തിന്‌ ഏറ്റവും പറ്റിയ സമയമാണ്‌. ഇന്ന്‌ സൌകര്യത്തിനാണല്ലോ കൂടുതൽ പ്രാധാന്യം പലരും നൽകുന്നത്‌. അതുകൊണ്ടുതന്നെ കല്യാണങ്ങളൊക്കെ പകലായി. പകൽ നടത്തുമ്പോൾ കൃത്യമായ മുഹൂർത്തം നോക്കണം എന്നേയുള്ളൂ.

സന്താനഭാഗ്യം
തമ്പുരാന്‌ ഉണ്ണി പിറന്നു. ഉണ്ണിയുടെ ജാതകം അറിയണമെന്ന്‌ തമ്പുരാന്‌ അതിയായ മോഹം. അതിപ്രശസ്‌തനായ ജ്യോതിഷിയായിരുന്നു തമ്പുരാന്‌ ഉണ്ടായിരുന്നത്‌. വാല്യക്കാരനെ ജ്യോതിഷിയെ കൊണ്ടുവരാനായി അയച്ചു. ഇതാ വരുന്നു എന്നു പറഞ്ഞ്‌ പണിക്കർ വാല്യക്കാരനെ മടക്കി. വന്നില്ല. വീണ്ടും തമ്പുരാൻ ആളെ വിട്ടു. പഴയ പല്ലവി ജ്യോതിഷി ആവർത്തിച്ചു. വരാനല്ലേ പറഞ്ഞത്‌ എന്ന്‌ തമ്പുരാൻ ക്ഷോഭിച്ചു. പിടിച്ചുകെട്ടി കൊണ്ടുവരാൻ പറഞ്ഞു. കൊണ്ടുവന്നപ്പോൾ ജ്യോതിഷി പറഞ്ഞു: രണ്ടു തമ്പുരാൻമാരുടെ ജാതകവുമായി വരാമെന്നു വച്ചു എന്ന്‌. ജനിച്ച കുട്ടിയുടേയും ഇനി ജനിക്കാനിരിക്കുന്ന കുട്ടിയുടേയും ജാതകം ജ്യോതിഷി തമ്പുരാന്‌ നൽകിയെന്ന്‌ കഥ.
സന്താനങ്ങൾ എത്രയുണ്ടാവും, അവരുടെ ഗുണഗണങ്ങൾ എന്തൊക്കെയാവും എന്നു പറയുന്ന ജ്യോതിഷമുണ്ട്‌. അത്രയും സ്വാധീനം ഗണിതത്തിലും ഫലനിർണയത്തിലും വേണം എന്നു മാത്രം.
പണ്ട്‌ വിവാഹം നോക്കാൻ വരുന്നവർ സന്താനഭാഗ്യം നോക്കിയിരുന്നു. 'ധാരാളം സന്താനങ്ങൾ ഉണ്ടാവുമോ വാര്യരേ...'എന്നായിരുന്നു ചോദ്യം.
പണ്ട്‌ സന്താനാർഥമായിരുന്നു വിവാഹം. വിഷയാസക്‌തിയായിരുന്നില്ല വിവാഹത്തിലേക്ക്‌ നയിച്ചിരുന്നത്‌. അതു കൊണ്ടുതന്നെ സന്താനഭാഗ്യമുണ്ടോ എന്ന്‌ വിവാഹത്തിനു മുമ്പ്‌ വിശദമായി പരിശോധിച്ചിരുന്നു. വിവാഹം തെറ്റിയാൽ സന്താനമില്ലാതെയായി എന്നു വരാം. ഒരു വിത്ത്‌ മരുഭൂമിയിൽ വീണതു കൊണ്ട്‌ എന്തു കാര്യം?
സന്താനങ്ങൾ ഇല്ലാതായാൽ പ്രായശ്ചിത്തം ചെയ്യേണ്ടി വരാം. പൂജകളും ദാനങ്ങളും ചെയ്യേണ്ടി വരും. ഇതൊക്കെ ജ്യോതിഷിയുടെ നിർദേശപ്രകാരം ചെയ്യേണ്ടതാണ്‌. എത്രയായാലും 1 -2 ശതമാനം പേർ പൂർണമായും സന്താനഭാഗ്യം ഇല്ലാത്തവരാവാം.

അമ്പലമോ വീടോ?
വിവാഹം ഒരു മംഗളകർമമാണ്‌. അത്‌ ഏതെങ്കിലും പ്രത്യേക സ്ഥലത്തുവച്ചു നടത്തണമെന്ന്‌ നിയമമേയില്ല. അമ്പലത്തിൽ വച്ചു വേണമെന്ന്‌ ഒരിടത്തു പറഞ്ഞിട്ടില്ല. ഇന്ന്‌ സൌകര്യം നോക്കി പലരും ഗുരുവായൂർ പോലുള്ള അമ്പലങ്ങളിൽ വിവാഹം നടത്തുന്നു. അമ്പലങ്ങളിൽ നടത്തുമ്പോൾ മുഹൂർത്തം നോക്കേണ്ടതില്ല എന്നു കരുതുന്നവരുണ്ട്‌. അതു വാസ്‌തവമല്ല. അമ്പലത്തിലായാലും മുഹൂർത്തം നോക്കണം. പലപ്പോഴും അമ്പലങ്ങളിൽ മുഹൂർത്തം അനുസരിച്ച്‌ നടത്താൻ കഴിയാറില്ല എന്നതാണ്‌ വാസ്‌തവം.
വിവാഹം നടത്താത്ത അമ്പലങ്ങളുമുണ്ട്‌. ഉദാഹരണം ഇരിങ്ങാലക്കുട കൂടൽ മാണിക്യം, കാടാമ്പുഴ ഭഗവതി ക്ഷേത്രം തുടങ്ങിയവ. കൂടൽമാണിക്യത്തിലെ ഭരതൻ സന്ന്യാസിയാണ്‌. അതുകൊണ്ട്‌ വിവാഹമോ മറ്റ്‌ ആർഭാടമോ അനുവദിക്കാറില്ല.
വിവാഹം നടത്താൻ അനുയോജ്യമായ അമ്പലങ്ങൾ ഏതൊക്കെ എന്നു ചോദിച്ചാൽ അങ്ങനെയൊന്നുമില്ല എന്നാണുത്തരം. വിവാഹത്തിന്‌ അമ്പലങ്ങളുമായി ബന്ധമില്ലാത്തതാണ്‌ കാരണം. വിവാഹം ഇന്ന ദിക്കിൽ നടത്തണമെന്ന്‌ ഒരിടത്തും പറഞ്ഞിട്ടില്ല.

ദൈവം കാർമികനാവണം
വിവാഹമെന്ന മംഗളകർമത്തിന്‌ ഇൌ‍ശ്വരൻ സാക്ഷിയാകണം. അതിന്‌ എന്തെങ്കിലും വയ്ക്കാം. എന്തെങ്കിലും എന്നാൽ ഇഷ്ടം പോലെ എന്തെങ്കിലും ഇൌ‍ശ്വരനെ സങ്കൽപിച്ച്‌ വയ്ക്കാം. വിളക്കോ ബിംബങ്ങളോ എന്തെങ്കിലും. ഇക്കാര്യത്തിനായി പ്രത്യേകിച്ച്‌ ദേവീ ദേവന്മാരൊന്നുമില്ല. സാക്ഷിയായി എന്തെങ്കിലും ചെയ്യാത്തവർ ഒരു സമുദായത്തിലുമില്ല എന്നതാണ്‌ വാസ്‌തവം.

വിവാഹം നടത്താത്ത കാലം
മീനം അവസാന പകുതി, കർക്കിടകം, കന്നി, കുംഭം, ധനു എന്നീ നാലര മാസം വിവാഹത്തിന്‌ അനുയോജ്യമല്ല. അതിനാൽ കല്യാണം നടത്താൻ പാടില്ലെന്ന്‌ മുഹൂർത്ത ശാസ്‌ത്രത്തിൽ പറയുന്നു. ബാക്കി മാസങ്ങളിൽ നടത്താം. നല്ല മാസങ്ങൾ എന്നു എടുത്തുപറയാനില്ല. ബാക്കി എല്ലാ മാസവും ഒരു പോലെ നല്ലതു തന്നെ.

വിവാഹം നടക്കാതെ വന്നാൽ
വിവാഹ സിദ്ധിക്ക്‌ പല പൂജകളും പ്രായശ്ചിത്തങ്ങളും നിർദേശിക്കാറുണ്ട്‌. എന്നാൽ ചൊവ്വാദോഷത്തിന്‌ പരിഹാരമില്ല. ദോഷമുള്ളയാളെ പങ്കാളിയായി കണ്ടെത്തുക മാത്രമേ മാർഗമുള്ളൂ.വിവാഹം നടക്കാത്തവർക്ക്‌ സാധാരണയായി ഉമാമഹേശ്വര പൂജ, മംഗല്യപൂജ എന്നിവ നിർദേശിക്കാറുണ്ട്‌. ഏതു ദേവനെ പൂജിക്കണം, ഏതു പൂജ നടത്തണം എന്നിവ 90 ശതമാനവും ഫലിക്കാറുണ്ട്‌ എന്നാണ്‌ അനുഭവം. ഇൌ‍ പൂജകൾ ക്ഷേത്രങ്ങളിൽ നടത്തണമെന്നില്ല. ക്ഷേത്രങ്ങൾക്ക്‌ ഇതിൽ പങ്കുമില്ല. ഇക്കാലത്ത്‌ പല ക്ഷേത്രങ്ങളും ഇൌ‍ പൂജകൾക്ക്‌ വേദിയാവുന്നു എന്നേയുള്ളൂ. ഇൌ‍ പൂജകളും ക്രിയകളും ചെയ്യുക എന്നതാണ്‌ കാര്യം.

യോജിച്ച വസ്‌ത്രം ധരിച്ച്‌ ഗ്രഹദോഷമകറ്റാം

ഗ്രഹദോഷങ്ങൾ പരിഹരിക്കാൻ വസ്‌ത്രങ്ങൾക്കും കഴിയുമെന്നു ചിലർ വിശ്വസിക്കുന്നു. ഓരോ കൂറിലും ജനിക്കുന്നവർക്ക്‌ അനുകൂലനിറത്തിലുള്ള വസ്‌ത്രങ്ങൾ ഉയർച്ചയുണ്ടാക്കുമെന്നാണു പറയുന്നത്‌. അശ്വതിയും ഭരണിയും കാർത്തിക കാൽ ഭാഗവും ഉൾപ്പെടുന്ന മേടക്കൂറുകാർ ചുവപ്പും മഞ്ഞയും ഉള്ള വസ്‌ത്രങ്ങൾ ധരിക്കുന്നതു നല്ലതാണ്‌. ഇടവക്കൂറുകാർ (കാർത്തിക അവസാനത്തെ മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി) kകറുപ്പും പച്ചയും നീലയും വെള്ളയും നിറങ്ങളുള്ള വസ്‌ത്രങ്ങൾ ധരിക്കുന്നതു നന്ന്‌. മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം എന്നീ നക്ഷത്രങ്ങൾ അടങ്ങിയ മിഥുനക്കൂറുകാർ പച്ചയും വെള്ളയും നിറങ്ങൾ അടങ്ങിയ വസ്‌ത്രങ്ങൾ കൂടുതലായി ധരിക്കുന്നതു നന്ന്‌. കർക്കടകക്കൂറുകാർക്ക്‌ (പുണർതം ആദ്യത്തെ കാൽഭാഗം, പൂയം, ആയില്യം) ചുവപ്പ്‌, മഞ്ഞ, ക്രീം, വെളുപ്പ്‌ നിറങ്ങളിലുള്ള വസ്‌ത്രങ്ങൾ ഗുണം ചെയ്യും.
ചുവന്നതും ഓറഞ്ച്‌ നിറത്തിലുള്ളതും കാവിനിറത്തിലുള്ളതുമായ വസ്‌ത്രങ്ങളാണു ചിങ്ങക്കൂറുകാർക്കു (മകം, പൂരം, ഉത്രം ആദ്യത്തെ കാൽഭാഗം) കൂടുതൽ നല്ലത്‌.
കന്നിക്കൂറുകാർക്ക്‌ (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി) പച്ചയും വെള്ളയും കൂടുതൽ ഗുണം ചെയ്യും.
തുലാക്കൂറ്‌ (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം) ജന്മരാശിയായിട്ടുള്ളവർക്ക്‌ കറുപ്പ്‌, നീല, പച്ച, വെളുപ്പ്‌ നിറങ്ങൾ നല്ലതാണ്‌. തുലാം ശനിയുടെ ഉച്ചരാശിയായതിനാൽ കറുപ്പ്‌ ഈ കൂറുകാർക്കു പ്രത്യേകം നിർദേശിക്കുന്നവരുണ്ട്‌.
വൃശ്ചികക്കൂറിൽ (വിശാഖം അവസാനത്തെ കാൽഭാഗം, അനിഴം, തൃക്കേട്ട) ജനിച്ചവർക്ക്‌ ക്രീം, മഞ്ഞ, ചുവപ്പു നിറങ്ങളും ധനുക്കൂറിൽ (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽഭാഗം) ജനിച്ചവർക്ക്‌ ചുവപ്പ്‌, മഞ്ഞ നിറങ്ങളും ആണു നല്ലതായി പറയപ്പെടുന്നത്‌.
മകരക്കൂറുകാർക്കും (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി) കുംഭക്കൂറുകാർക്കും (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം) നീല, വെള്ള, കറുപ്പ്‌ നിറങ്ങളാണു കൂടുതൽ നല്ലതായി പറയുന്നത്‌. മകരവും കുംഭവും ശനിയുടെ സ്വക്ഷേത്രങ്ങളായതിനാലാണിത്‌.
മീനക്കൂറിൽ (പൂരുരുട്ടാതി അവസാനത്തെ കാൽഭാഗം, ഉത്തൃട്ടാതി, രേവതി) ജനിച്ചവർക്ക്‌ മഞ്ഞയും ചുവപ്പും ക്രീമും നിറത്തിലുള്ള വസ്‌ത്രങ്ങൾ നല്ലതാണ്‌.
ഏഴരശ്ശനി, കണ്ടകശ്ശനി, ജന്മശ്ശനി തുടങ്ങിയ ശനിദോഷകാലങ്ങളിൽ കറുപ്പ്‌, നീല എന്നീ നിറങ്ങൾ കൂടുതലുള്ള വസ്‌ത്രങ്ങൾ ധരിക്കുന്നതു നല്ലതാണെന്നും പറയുന്നു.

ജന്മനക്ഷത്രങ്ങളുടെ സ്വഭാവപ്പൊരുത്തങ്ങൾ

പെട്ടെന്ന്‌ ദേഷ്യം വരുന്ന പ്രകൃതമാണോ നിങ്ങൾക്ക്‌? അത്‌ ഒരു പക്ഷേ, നിങ്ങളുടെ ജന്മനക്ഷത്രത്തിന്റെ സവിശേഷത കൊണ്ടാവാം.ജന്മനക്ഷത്രങ്ങൾ ഒരു വ്യക്‌തിയുടെ പൊതുസ്വഭാവം പ്രവചിക്കുന്നുണ്ടോ? ഉണ്ടെന്നാണ്‌ പ്രശസ്‌ത ജ്യോതിഷികൾ പറയുന്നത്‌. മറ്റു ഘടകങ്ങളെപ്പോലെ തന്നെ ജന്മനക്ഷത്രവും ഒരാളുടെ സ്വഭാവനിർണയത്തിൽ പ്രധാനഘടകമാകാമെന്ന്‌ ജ്യോതിഷം. ജന്മനക്ഷത്രങ്ങളെ വിശകലനം ചെയ്യുന്ന മാനദണ്ഡമാണ്‌ ഭാവങ്ങൾ. ഒന്നു മുതൽ പന്ത്രണ്ടുവരെ ഭാവങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സാധാരണ വിശകലനം നടക്കുന്നത്‌. അഞ്ചാം ഭാവം അടിസ്ഥാനപ്പെടുത്തിയാണ്‌ മനുഷ്യന്റെ 'സ്വഭാവനിർണയം" നടത്തുന്നത്‌. അതായത്‌ പ്രജ്ഞ, പ്രതിഭ, മേധ, വിവേകശക്‌തി, സൌമനസ്യം, ക്ഷമാശീലം തുടങ്ങിയ ഗുണങ്ങൾ അഞ്ചാം ഭാവത്തിൽ വരുന്നു. ഇവയുടെ ഏറ്റക്കുറച്ചിലാണ്‌ ഒരാളിന്റെ അടിസ്ഥാന സ്വഭാവത്തെ രൂപപ്പെടുത്തുന്നത്‌.

ജ്യോതിഷപ്രകാരം മനസിന്റെ കാരകനാണ്‌ (നിയന്ത്രിക്കുന്നവനാണ്‌) ചന്ദ്രൻ. അതുകൊണ്ട്‌ ചന്ദ്രന്റെ സ്ഥിതിക്ക്‌ അനുസരിച്ചായിരിക്കും നക്ഷത്രങ്ങൾ സ്വഭാവം രൂപപ്പെടുത്തുന്നതെന്ന്്‌ ജ്യോതിഷം പറയുന്നു. ഒരാളിന്റെ ജന്മനക്ഷത്രത്തിന്‌ അനുസരണമായി ചന്ദ്രന്‌ ഒരു നിലയുണ്ടായിരിക്കും. ചന്ദ്രന്റെ ആ നിലയാണ്‌ ഒരാളിന്റെ ബാഹ്യസ്വഭാവത്തെയും ആന്തരസ്വഭാവത്തെയും നിയന്ത്രിക്കുന്നതെന്ന്‌ ജ്യോതിഷം. എങ്കിലും ജന്മനക്ഷത്രങ്ങൾ പ്രവചിക്കുന്ന സ്വഭാവങ്ങൾ ആപേക്ഷികമാണെന്ന്‌ ജ്യോതിഷം പറയുന്നു. കാരണം ഒരു വ്യക്‌തിയുടെ സ്വഭാവം നിർണയിക്കുന്നത്‌ ബാഹ്യവും ആന്തരവുമായ ഒരുപാടുഘടകങ്ങൾ ചേർന്നാണ്‌. ചുറ്റുപാടുകൾ, സാമ്പത്തിക, സാമൂഹിക സ്ഥിതി, ശാരീരികാരോഗ്യം, രക്‌തഗ്രൂപ്പ്‌, ശീലങ്ങൾ തുടങ്ങിയ ബാഹ്യഘടകങ്ങളും ജനിതക സവിശേഷതകൾ, പാരമ്പര്യം തുടങ്ങിയ ആന്തരഘടകങ്ങളും ഒരാളിന്റെ സ്വഭാവത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്‌. ജന്മനക്ഷത്രവും അതിൽ ചന്ദ്രന്റെ നിലയുമെല്ലാം ഒരാളിന്റെ വ്യക്‌തിത്വത്തെ രൂപപ്പെടുത്തുന്ന അദൃശ്യഘടകങ്ങളാവാമെന്ന്‌ ആധുനിക ശാസ്‌ത്രവും വിലയിരുത്തുന്നു.

ജന്മനക്ഷത്രങ്ങൾ തമ്മിലുള്ള വിവാഹപ്പൊരുത്തം നോക്കുമ്പോൾ നക്ഷത്രങ്ങൾ വെളിപ്പെടുത്തുന്ന സ്വഭാവം ജ്യോതിഷം ഘടകമാക്കുന്നില്ല. പകരം ശരീരം തുടങ്ങിയ ബാഹ്യവസ്‌തുക്കളെയാണ്‌ ഘടകമാക്കുന്നത്‌. ശരീരങ്ങൾ തമ്മിലുള്ള ചേർച്ച ജ്യോതിഷപ്രകാരം പ്രധാനവുമാണ്‌. മാത്രമല്ല സ്വഭാവ നിർണയത്തിന്‌ ഒരാളുടെ ജനനസമയവും പ്രധാനമാണ്‌. എന്നാൽ ഗ്രഹനില നോക്കുമ്പോൾ നക്ഷത്രങ്ങൾ വെളിപ്പെടുത്തുന്ന സ്വഭാവം ഒരു പ്രധാനഘടകമായി ജ്യോതിഷം കണക്കിലെടുക്കുന്നു. വിവാഹം തുടങ്ങിയ പ്രധാന പൊരുത്തങ്ങൾക്ക്‌ ഇതും പ്രധാനമാണ്‌. അതിനാൽ സ്വഭാവം കൊണ്ട്‌ ഏതു പുരുഷനോട്‌ അഥവാ സ്‌ത്രീയോടാണ്‌ ചേർന്നുപോകാൻ പറ്റുന്നതെന്നു വിവാഹത്തിനു മുമ്പേ കണ്ടുപിടിച്ച്‌ തീരുമാനമെടുക്കാം.ജന്മനക്ഷത്രങ്ങളുടെ സ്വഭാവനിർണയത്തിൽ ഗണങ്ങൾക്കാണ്‌ പ്രാധാന്യം. അതുകൊണ്ട്‌ ഈ ഗണങ്ങളുടെ സ്വഭാവങ്ങളാവും വ്യക്‌തിയിലേക്കു കടന്നു വരുന്നത്‌.

ജ്യോതിഷ പണ്ഡിതനായ എടപ്പാൾ ശൂലപാണി വാര്യരും അദ്ദേഹത്തിന്റെ മകനും ജ്യോതിഷിയുമായ തലമുണ്ട വാര്യത്ത്‌ ഗോവന്ദൻ മാഷും ജന്മനക്ഷത്രങ്ങളുടെ പൊതുസ്വഭാവത്തെക്കുറിച്ച്‌ എഴുതുന്നു.

അശ്വതി
പുരുഷൻ: അശ്വതി നക്ഷത്രത്തിലുള്ള പുരുഷന്മാർ സൌന്ദര്യംകൊണ്ട്‌ സമ്പന്നരായിരിക്കും. ഭാഗ്യവും ഇവർക്കൊപ്പമായിരിക്കും. അവിശ്വസനീയമായ ശുഭപ്രതീക്ഷയുള്ളവരാണ്‌ അശ്വതിക്കാർ. മുന്നിൽ യാതൊരു വഴിയും കാണുന്നില്ലെങ്കിലും എല്ലാം നേരെയാവും എന്ന ഉൾവിളി അവരെ നയിച്ചുകൊണ്ടിരിക്കും. ശുഭപ്രതീക്ഷ ഇവരുടെ ടെൻഷൻ കുറയ്ക്കും. അതുകൊണ്ട്‌ പ്രവൃത്തി ഭംഗിയായി നടക്കും. ടെൻഷൻ മൂലം ജോലിയിലുണ്ടാകാവുന്ന ശ്രദ്ധക്കുറവും അപഭ്രംശങ്ങളും ഇത്തരക്കാരെ ബാധിക്കാറില്ല.
സ്‌ത്രീ: അശ്വതി നക്ഷത്രക്കാരായ സ്‌ത്രീകൾ പൊതുവെ മുൻകോപികളായാണ്‌ കണ്ടു വരുന്നത്‌. ഈ മുൻകോപം അവർക്ക്‌ ആജ്ഞാബലം നൽകുന്നു. മറ്റുള്ളവരെ പെട്ടെന്ന്‌ വെറുപ്പിക്കാൻ പോരുന്ന സ്വഭാവമാണ്‌ ഈ മുൻകോപത്തിന്റെ ഫലം. പൊതുവെ അന്തർമുഖരായിട്ടാണ്‌ അശ്വതി നക്ഷത്രക്കാരായ സ്‌ത്രീകളെ കാണാൻ കഴിയുന്നത്‌. ദേഹകാന്തി ഇവരുടെ പ്രത്യേകതയാണ്‌. അനാസക്‌തിയാണ്‌ എടുത്തു പറയേണ്ട മറ്റൊരു സ്വഭാവവിശേഷം.

ഭരണി
പുരുഷൻ: സത്യസന്ധതയാണ്‌ ഭരണി നക്ഷത്രക്കാരായ പുരുഷന്മാരുടെ സ്വഭാവഗുണം. ഈ സത്യസന്ധത അവരെ ആദർശപരിവേഷത്തിൽ എത്തിക്കുന്നു. സത്യത്തിനുവേണ്ടി വിട്ടുവീഴ്ചകൾ ചെയ്യാൻ ഇത്തരക്കാർ തയ്യാറല്ല. ആരോഗ്യപുഷ്ടിയാണ്‌ മറ്റൊരു പ്രത്യേകത. ആരോഗ്യസംരക്ഷണത്തിന്‌ ധാരാളം സമയം മാറ്റിവയ്ക്കും. എന്തുകാര്യം ചെയ്‌താലും അത്‌ കൃത്യമായിരിക്കണമെന്ന നിർബന്ധബുദ്ധി ഇത്തരക്കാർക്കുണ്ട്‌. അതുപോലെ ഭൌതിക സുഖങ്ങളോട്‌ വല്ലാത്ത ആഗ്രഹവുമുണ്ട്‌. സൌഹൃദങ്ങൾക്ക്‌ വില കൽപിക്കില്ല.
സ്‌ത്രീ: ഭരണിനക്ഷത്രക്കാരായ സ്‌ത്രീകൾ മാടപ്രാവിന്റെ സ്വഭാവഗുണമുള്ളവരാണെന്ന്‌ പൊതുവേ പറയാറുണ്ട്‌. സ്നേഹശീലകളാണ്‌ ഇത്തരക്കാർ. സ്നേഹിക്കുന്നവരോട്‌ വിധേയപ്പെടും. ഭക്‌തിയാണ്‌ മറ്റൊരു സ്വഭാവം. മറ്റുള്ളവരെ സ്നേഹിക്കുന്നപോലെ തിരിച്ചുകിട്ടണമെന്ന്‌ വാശിയുള്ളവരായിരിക്കും. പരിഭവവും പരാതിയും ഇത്തരക്കാർക്ക്‌ കൂടുതലായിരിക്കും. മറ്റുള്ളവരോടുള്ള അനുകമ്പ പലപ്പോഴും അപകടത്തിൽ കൊണ്ടെത്തിക്കും. കബളിപ്പിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്‌.

കാർത്തിക
പുരുഷൻ: പൊതുവെ മുൻകോപികളായിരിക്കും. ഈ മുൻകോപം വിനകൾ വരുത്തിവയ്ക്കാം. ആഡംബരപ്രിയമാണ്‌ മറ്റൊരു സ്വഭാവം. ഭൌതികാസക്‌തിയുണ്ടായിരിക്കും. അതുപോലെ പരസ്‌ത്രീകളിലും തൽപരരായിരിക്കും. വിവേകമില്ലായ്മായായിരിക്കും പലപ്പോഴും ഇത്തരക്കാരെ നയിക്കുന്നത്‌. എന്നാൽ പ്രശസ്‌തരും നല്ല തേജസ്സുറ്റ മുഖത്തിനും ആകർഷകമായ വ്യക്‌തിത്വത്തിനും ഉടമകളായിരിക്കും.
സ്‌ത്രീ: കാർത്തിക നക്ഷത്രത്തിലുള്ള സ്‌ത്രീകൾക്ക്‌ മറ്റുള്ളവരെ അടക്കി ഭരിക്കുന്ന സ്വഭാവമുണ്ട്‌. എന്നാൽ കുലീനമായ പെരുമാറ്റമായിരിക്കും ഇത്തരക്കാരിൽനിന്നും ഉണ്ടാകുന്നത്‌. അസാധാരണമായ ജ്ഞാനശക്‌തിയായിരിക്കും ഇത്തരക്കാർ പ്രകടിപ്പിക്കുന്നത്‌. ഭക്ഷണത്തോട്‌ അമിതമായ താൽപര്യം ഇത്തരക്കാരുടെ സ്വഭാവമാണ്‌. അതുപോലെ വ്യക്‌തിശുചിത്വബോധം കൂടുതലായിരിക്കും.

രോഹിണി
പുരുഷൻ: ബുദ്ധിഗുണമുള്ളവരാണ്‌ രോഹിണി നക്ഷത്രത്തിലെ പുരുഷന്മാർ. ബുദ്ധിയോടൊപ്പം സഹൃദയത്വവുമുണ്ടാകും. സാത്വികമായ വ്യക്‌തിത്വത്തിന്‌ ഉടമകളായിരിക്കും. നിയതമായ ന്യായബോധമായിരിക്കും ഇവരെ നയിക്കുന്നത്‌. എന്നാൽ ഇളക്കമുള്ള മനസിന്‌ ഉടമകളായിരിക്കും. അപക്വമായി പ്രതികരിക്കും. ധാർമ്മികമായ ഭീരുത്വം പ്രകടിപ്പിക്കും.
സ്‌ത്രീ: രോഹിണി നക്ഷത്രത്തിലുള്ള സ്‌ത്രീകളും ബുദ്ധിമതികളായിരിക്കും. സാത്വികമായ പെരുമാറ്റമാണ്‌ ഇത്തരക്കാരുടെ സ്വഭാവവിശേഷം. മറ്റുള്ളവരോട്‌ അനിഷ്ടം പറയാനും പ്രവർത്തിക്കാനും മടിയായിരിക്കും. കുടുംബപരിപാലനത്തിൽ വ്യഗ്രത. കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും ഇവർ തയ്യാറാവും.

മകയിരം
പുരുഷൻ: ആരെയും ആകർഷിക്കാൻ കഴിവുള്ള ബഹിർമുഖ വ്യക്‌തിത്വം. ശരീരം പുഷ്ടിയുള്ളതാക്കി ഇവർ ഒരു ആയുധമായി ഉപയോഗിക്കും. സംഭാഷണംകൊണ്ട്‌ മറ്റുള്ളവരെ കീഴ്പ്പെടുത്തും. നല്ല ചുറുചുറുക്കും പെട്ടെന്നൊന്നും ക്ഷീണിക്കാത്ത പ്രകൃതവുമായിരിക്കും. ആൾക്കൂട്ടത്തിൽ തിളങ്ങാൻ പ്രത്യേകം കഴിവുള്ളവരായിരിക്കും.
സ്‌ത്രീ: മകയിരം നക്ഷത്രമുള്ള സ്‌ത്രീകൾ പൊതുവെ സുന്ദരപ്രകൃതികളായിരിക്കും. സുന്ദരികളാണെന്ന ബോധ്യം ഇവരെ നയിച്ചുകൊണ്ടിരിക്കും. പ്രകടനപരതയും കൂടുതലായിരിക്കും. വർദ്ധിച്ച ഭോഗാസക്‌തിയാണ്‌ മറ്റൊരു പ്രത്യേകത. ഈ ആസക്‌തി പലപ്പോഴും അപകടങ്ങളിലേയ്ക്കു നയിക്കും. ഇത്തരക്കാർ ആൾക്കൂട്ടങ്ങൾ ഇഷ്ടപ്പെടും.

തിരുവാതിര
പുരുഷൻ: കടുംപിടുത്തമാണ്‌ തിരുവാതിരക്കാരുടെ പ്രത്യേകത. ഒരു കാര്യം നിനച്ചാൽ അതു നടക്കുന്നതുവരെ സമാധാനമില്ല. അതിനുവേണ്ടി പ്രതികൂല പരിതസ്ഥിതികളെ അതിജീവിക്കാനുള്ള കഴിവ്‌ ഇവർക്കുണ്ട്‌. വാചാലരായിരിക്കും. കാര്യങ്ങൾ സൂക്ഷ്മമായി ഗ്രഹിക്കുകയും അതിനനുസരിച്ച്‌ പ്രവർത്തിക്കുകയും ചെയ്യും. ഒന്നിനും പിന്നോട്ടില്ല. എപ്പോഴും കർമ്മനിരതരുമായിരിക്കും.
സ്‌ത്രീ: അലസതയാണ്‌ ഈ നക്ഷത്രത്തിലുള്ളവരുടെ സ്വഭാവ വിശേഷം. ഇത്‌ അവരുടെ വ്യക്‌തിത്വത്തെ ദോഷകരമായി ബാധിക്കും. കുടുംബഭരണത്തിൽ താൽപര്യക്കുറവും വിവാഹജീവിതത്തിലുള്ള അസന്തുഷ്ടിയുമായിരിക്കും ഇവർക്ക്‌. കൂടാതെ വർദ്ധിച്ച ഭോഗാസക്‌തിയുമുണ്ട്‌. ഇത്‌ ദീർഘമംഗല്യത്തെ ബാധിക്കാം. ഇത്തരക്കാർ അധികം ചിരിക്കാത്തവരും അന്തർമുഖരും ആയിരിക്കും.

പുണർതം:
പുരുഷൻ: സൌമ്യപ്രകൃതമാണ്‌ പുണർതം നക്ഷത്രക്കാർക്ക്‌. സദാചാരപൂർണമായ ജീവിതം നയിക്കുന്നവരായിരിക്കും. എന്തു ത്യാഗത്തിനും തയ്യാറാകുന്ന സ്വഭാവം. ഇവർക്ക്‌ ഉത്തരവാദിത്തബോധം കൂടുതലായിരിക്കും. അതു ചിലപ്പോഴൊക്കെ അബദ്ധങ്ങൾക്കും കാരണമാകും. പരിഭ്രമശീലം കൂടുതലായിരിക്കും. അനാവശ്യമായ പേടി പവൃത്തികളെ ദോഷകരമായി ബാധിക്കും.
സ്‌ത്രീ: പുണർതം നക്ഷത്രത്തിലുള്ള സ്‌ത്രീകൾ പൊതുവെ ദുഃഖപ്രകൃതികളായാണ്‌ കാണുന്നത്‌. അകാരണമായ വിഷാദം ഇവരെ വേട്ടയാടിക്കൊണ്ടിരിക്കും. ഇത്‌ സന്തോഷം കെടുത്തും. എങ്കിലും കുടുംബഭരണത്തിൽ തികഞ്ഞ പാടവം പ്രകടിപ്പിക്കും. ആഡംബരബോധവും ഇത്തരക്കാരുടെ സ്വഭാവമാണ്‌. വ്യക്‌തിശുചിത്വം പാലിക്കുന്നവരാണ്‌ ഇവർ.

പൂയം
പുരുഷൻ: അസാധാരണമായ മനോനിയന്ത്രണശേഷിയാണ്‌ പൂയം നക്ഷത്രക്കാരായ പുരുഷന്മാരുടെ പ്രത്യേകത. സമ്പത്തിന്റെ കാര്യത്തിൽ ഈ നക്ഷത്രക്കാർ ഭാഗ്യവാന്മാരാണ്‌. എന്നാൽ തികഞ്ഞ നർമ്മബോധമായിരിക്കും ഇവരെ നിയന്ത്രിക്കുന്നത്‌. ധൂർത്തിന്‌ ഇവർ എതിരായിരിക്കും. പൊതുവെ ഉൾവലിഞ്ഞ സ്വഭാവം.
സ്‌ത്രീ: കാപട്യമില്ലാത്ത പെരുമാറ്റവും, ആരെയും ആകർഷിക്കാൻ കഴിയുന്നപ്രകൃതവുമാണ്‌ പൂയം നക്ഷത്രക്കാരുടെ പ്രത്യേകത. ഏറെ സന്തോഷമുണ്ടായാലും ദുഃഖമുണ്ടായാലും അത്‌ പ്രകടിപ്പിക്കാതെ ഉള്ളിലൊതുക്കുന്നു ഇത്തരക്കാർ. മക്കളോട്‌ അങ്ങേയറ്റത്തെ സ്നേഹം ഇവർ പ്രകടിപ്പിക്കുന്നു.

ആയില്യം
പുരുഷൻ:നിഗൂഡസ്വഭാവക്കാരാണ്‌ ആയില്യം നക്ഷത്രക്കാർ. മറ്റാർക്കും പെട്ടെന്ന്‌ മനസിലാക്കാൻ പറ്റാത്ത വ്യക്‌തിത്വമായിരിക്കും ഇവർക്ക്‌. ധൂർത്ത്‌, ഒന്നിലും മനസുറയ്ക്കാത്ത പ്രകൃതം തുടങ്ങിയവയും ആയില്യക്കാരുടെ സ്വഭാവമാണ്‌. എന്നാൽ സ്വാതന്ത്യ്‌രബോധം സൂക്ഷിക്കുന്നവരായിരിക്കും ഇവർ. അതുകൊണ്ട്‌ പെട്ടെന്നാർക്കും സ്വാധീനിക്കാൻ കഴിയില്ല. അതുപോലെ അനിതസാധാരണമായ നർമ്മബോധവും കലാരസികതയും.
സ്‌ത്രീ: ഒന്നിലും തൃപ്‌തിവരാത്ത സ്വഭാവക്കാരായിരിക്കും ആയില്യം നക്ഷത്രക്കാരായ സ്‌ത്രീകൾ. ഇല്ലാത്ത വിപത്തുകൾ ഉണ്ടെന്നു വിചാരിക്കുകയും അതിന്റെ പേരിൽ ദുഃഖിക്കുകയും ചെയ്യുന്നത്‌ ഇത്തരക്കാരുടെ സ്വഭാവവൈകല്യമാണ്‌. മനഃസമാധാനം കുറയും. അതുകൊണ്ടു തന്നെ കുടുംബസുഖവും കുറയും. ഭക്ഷണപ്രിയരായിരിക്കും. ദൈവവിശ്വാസവും ദൈവഭയവും കൂടുതലായിരിക്കും.

മകം
പുരുഷൻ: തനിക്ക്‌ ശരിയെന്ന്‌ തോന്നുന്നതു ചെയ്യുന്ന സ്വഭാവമാണ്‌ മകം നക്ഷത്രത്തിൽ പിറന്ന പുരുഷന്മാർക്ക്‌. അതുകൊണ്ട്‌ തന്നിഷ്ടക്കാരൻ എന്ന അപശ്രുതി കേൾക്കേണ്ടിവരും. എങ്കിലും ഉത്സാഹശീലരും കർമ്മനിരതനുമായിരിക്കും. എപ്പോഴും എന്തെങ്കിലും പ്രവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്‌ ജന്മസ്വഭാവം. അതുകൊണ്ട്‌ സജ്ജനങ്ങളുടെ പ്രീതിക്ക്‌ പാത്രമാവും. സമ്പന്നനും ഉദാരശീലനുമായിരിക്കും.
സ്‌ത്രീ: എപ്പോഴും സന്തോഷത്തോടെയാണ്‌ മകം നക്ഷത്രക്കാരെ കാണാൻ കഴിയുന്നത്‌. ഭർത്താവിന്റെ പ്രീതിക്ക്‌ പാത്രമാവുന്ന സ്വഭാവവിശേഷങ്ങളായിരിക്കും ഇവർക്ക്‌. കാഴ്ചയിൽ സുന്ദരിയുമായിരിക്കും. വിജയകരമായ ദാമ്പത്യമായിരിക്കും ഇത്തരക്കാരുടേത്‌. അതുകൊണ്ട്‌ നിത്യദുരിതങ്ങളിൽനിന്നും ദുഃഖങ്ങളിൽനിന്നും ഇവർ വിമുക്‌തരായിരിക്കും. കുട്ടികളോട്‌ പ്രത്യേകമായ സ്നേഹമുണ്ടായിരിക്കും.

പൂരം
പുരുഷൻ: സാഹസികതയും ധൈര്യവും ഒത്തുചേർന്ന സ്വഭാവത്തിന്‌ ഉടമകൾ. ശക്‌തവുമായ അഭിപ്രായമുള്ളവരാണ്‌ ഇത്തരക്കാർ. അത്‌ പറയാനുള്ള ധൈര്യവും അവർക്കുണ്ട്‌. ഒരു ജോലി ചെയ്‌തു തീർക്കാനുള്ള സാമർത്ഥ്യം, ശ്രദ്ധ തുടങ്ങിയവയും ഇവരുടെ പ്രത്യേകതയാണ്‌. ഋജുവായ സമീപനം, വിശ്വാസ്യത, തീക്ഷ്ണമായ സ്നേഹശീലം ഇവയുമുണ്ടായിരിക്കും.
സ്‌ത്രീ: മറ്റുള്ളവരോടുള്ള ഉദാരസമീപനമാണ്‌ പൂരം നാളുകാരുടെ പ്രത്യേകത. മാത്രമല്ല ഇവർക്ക്‌ അഭിപ്രായസ്ഥിരതയും സ്വഭാവസ്ഥിരതയുമുണ്ട്‌. അതുകൊണ്ടു തന്നെ ഉന്നതജനങ്ങളുടെ പ്രീതിക്ക്‌ ഇവർ പെട്ടെന്ന്‌ പാത്രീഭവിക്കുന്നു. ഉദാരശീലം ഇവരെ പലപ്പോഴും അപകടങ്ങളിൽ ചാടിക്കും. കലാരസികതയാണ്‌ ഇത്തരക്കാരുടെ മറ്റൊരു സ്വഭാവവിശേഷം.

ഉത്രം
പുരുഷൻ: അധികാരഭാവമാണ്‌ ഉത്രംനാളുകാരുടെ പൊതുസ്വഭാവം. വിശാലമനസ്കതയും ബുദ്ധിഗുണവും കൊണ്ട്‌ ഇവർക്ക്‌ മറ്റുള്ളവരെ നയിക്കാൻ കഴിയും. മനസിന്റെ വലിപ്പം വിശാലമായി ചിന്തിക്കാനും മറ്റുള്ളവർക്ക്‌ മാപ്പുകൊടുക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിക്കാം. ഉയരക്കൂടുതലും ആകർഷകമായ വ്യക്‌തിത്വവും മറ്റൊരു പ്രത്യേകത.
സ്‌ത്രീ: ഉത്രം നക്ഷത്രത്തിലുള്ള സ്‌ത്രീകൾ സുന്ദരികളായിരിക്കും. ഈ സൌന്ദര്യം ഭൌതികനേട്ടങ്ങൾക്ക്‌ ഉപയോഗിക്കാനുള്ള മനസും ഇവർക്ക്‌ ഉണ്ടായിരിക്കും. തന്ത്രപൂർവമാണ്‌ ഇവർ ജീവിതത്തെ മുന്നോട്ടു നീക്കുന്നത്‌. അതിൽ മിക്കവാറും വിജയിക്കുകയും ചെയ്യും. അമിതമായ ഭോഗാസക്‌തിയും ഉത്രം നക്ഷത്രക്കാർ പ്രകടിപ്പിക്കും. എന്നാൽ സൌഹൃദങ്ങൾക്ക്‌ വില കൽപിക്കും.

അത്തം
പുരുഷൻ: ശുദ്ധനും കുലീനനും ആയിരിക്കും. എന്നാൽ കുശാഗ്രബുദ്ധി പ്രകടിപ്പിക്കും. ഓരോ കാര്യത്തെയും കൂർമ്മബുദ്ധിയോടെ സമീപിക്കുന്നവരായിരിക്കും. ബലിഷ്ഠതയാണ്‌ എടുത്തുപറയേണ്ട സ്വഭാവവിശേഷം. ശരിയെന്നു തോന്നുന്ന കാര്യത്തിലും അണുവിട മാറ്റമില്ലാതെ പ്രവർത്തിക്കും. രജോഗുണസ്വഭാവികളാണ്‌.
സ്‌ത്രീ: ശാന്തസ്വഭാവമാണ്‌. അത്തം നക്ഷത്രത്തിലെ സ്‌ത്രീകളുടെ പ്രത്യേകത. ആൾക്കൂട്ടങ്ങളിൽ നിന്ന്‌ അകന്ന്‌ നിൽക്കാനാണ്‌ ഇത്തരക്കാർക്ക്‌ താൽപര്യം. പാതിവ്രത്യനിഷ്ഠയ്ക്ക്‌ പ്രാധാന്യം കൊടുക്കുന്നുണ്ട്‌ ഇവർ. അതുപോലെ കുടുംബപരിപാലനത്തിൽ അമിതശ്രദ്ധയും. ഭർത്താവിന്റെ നിഴലായി നിൽക്കുന്നു ഇവർ.

ചിത്തിര
പുരുഷൻ: പരുഷമായി പെരുമാറുന്ന സ്വഭാവമാണ്‌. മറ്റുള്ളവരോട്‌ എപ്പോഴും കലഹിക്കാനാണ്‌ ഇവർക്ക്‌ താൽപര്യം. അഹങ്കാരം ഇവരുടെ മുഖമുദ്രയാണ്‌. എന്നാൽ തികഞ്ഞ വാക്സാമർത്ഥ്യമുണ്ടാവും. അതുകൊണ്ട്‌ മറ്റുള്ളവരെ തന്നിലേക്ക്‌ അടുപ്പിക്കാനും ഇവർക്ക്‌ കഴിയും. ഫലിതപ്രിയരായിരിക്കും ചിത്തിരനാളുകാർ.
സ്‌ത്രീ: സന്താനങ്ങൾക്കുവേണ്ടി ജീവിക്കുന്ന സ്വഭാവം. പൊതുവെ ചിത്തിരനാളുകാരായ സ്‌ത്രീകളുടെ അടിസ്ഥാനസ്വഭാവം ഇതാണ്‌. തന്റെ എല്ലാ ജീവിതസുഖങ്ങളും ഉപേക്ഷിച്ച്‌ മക്കൾക്കു പിന്നാലെ നടക്കുക. എന്നാൽ സുന്ദരികളായ ഇവർക്ക്‌ സ്വന്തം ശരീരത്തോട്‌ ഒരിഷ്ടമുണ്ടാവും. അതു സംരക്ഷിക്കാൻ വേണ്ടി ശ്രമിക്കും.

ചോതി
പുരുഷൻ: മുൻകോപമാണ്‌ ചോതിനാളുകാരുടെ പ്രത്യേകത. ഇവർ ക്ഷിപ്രപ്രസാദികളുമായിരിക്കും. പരോപകാരം ഏറ്റവും നിർമലമായ ഭാവമാണ്‌. നിയതമായ ധർമബോധമാണ്‌ ഇവരെ നയിക്കുന്നത്‌. എന്നാൽ പലപ്പോഴും ഇവർ ഭീരുത്വം പ്രകടിപ്പിക്കും. സുഖം ആഗ്രഹിക്കുന്നവരാണ്‌ ഇവർ. പങ്കാളിയോട്‌ സ്നേഹമായിരിക്കും.
സ്‌ത്രീ: സംശയാലുക്കളാണ്‌ ചോതി നക്ഷത്രക്കാ?യ സ്‌ത്രീകൾ. ഈ സംശയശീലം അവരെ പല അപകടങ്ങളിലേക്കും നയിക്കുന്നു. കലാരസികതയാണ്‌ ഇവരുടെ ഏറ്റവും നല്ല ഗുണം. അതുകൊണ്ട്‌ ഇത്തരക്കാർ സൃഷ്ടിപരമായ ജോലികളിൽ ഏർപ്പെടും. അതിൽ വിജയിക്കുകയും ചെയ്യും.

വിശാഖം
പുരുഷൻ: നിഗൂഢവ്യക്‌തിത്വമാണ്‌ വിശാഖക്കാരുടെ സ്വഭാവവിശേഷം. പിശുക്ക്‌, അന്യരോട്‌ അകാരണമായ വെറുപ്പ്‌ യാഥാസ്ഥിതിക മനോഭാവം എന്നിവയും ഇവരുടെ പ്രത്യേകതകളാണ്‌. എന്നാൽ നിയതമായ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനമായിരിക്കും ഇവർ കാഴ്ച വയ്ക്കുക. ജീവിതത്തിൽ ഉന്നതിയിലെത്തും.
സ്‌ത്രീ: കുടുംബസൌഖ്യത്തിന്‌ പ്രാധാന്യം കൊടുക്കുന്ന സ്വഭാവമാണ്‌ ഈ നാളുകാരായ സ്‌ത്രീകളുടെ പ്രത്യേകത. ഭർത്താവിനോട്‌ യഥാർത്ഥ പ്രീതിയായിരിക്കും ഇവർക്ക്‌. സന്താനങ്ങളിൽനിന്ന്‌ കിട്ടുന്ന പിന്തുണ മനഃസമാധാനം നൽകും. കൃഷിയോട്‌ താൽപര്യമുള്ള സ്വഭാവമായിരിക്കും.

അനിഴം
പുരുഷൻ: മഹത്വം കാംക്ഷിക്കുന്ന സ്വഭാവം. അതിനുവേണ്ടി എപ്പോഴും അസ്വസ്ഥനായി കാണപ്പെടും. പ്രസിദ്ധി, സ്വഭാവനിഷ്ഠ, സ്വാതന്ത്യ്‌രബോധം തുടങ്ങിയ കാര്യങ്ങളിലും ഇവർ ശ്രദ്ധാലുക്കളായിരിക്കും. ശത്രുക്കളോട്‌ വിട്ടുവീഴ്ചയില്ലാത്ത സ്വഭാവമായിരിക്കും ഇവർക്ക്‌.
സ്‌ത്രീ: പ്രായോഗിക ബുദ്ധിയോടെയാണ്‌ അനിഴം നാളുകാരായ സ്‌ത്രീകൾ പെരുമാറുന്നത്‌. ഇത്‌ ജീവിതവിജയത്തിന്‌ കാരണമാകും. എന്നാൽ ചപലമായ സ്വഭാവമായിരിക്കും ഇവർക്ക്‌. ഒന്നിലും സ്ഥിരാഭിപ്രായം ഉണ്ടാകില്ല. നല്ല കൈപ്പുണ്യമുള്ളവരായിരിക്കും.

തൃക്കേട്ട
പുരുഷൻ: സ്വഭാവത്തിൽ പ്രകടമായ വൈരുദ്ധ്യമുള്ളവരാണ്‌ തൃക്കേട്ട നാളുകാർ. തുറന്ന പെരുമാറ്റമായിരിക്കും ഇവർക്ക്‌. അതുകൊണ്ട്‌ ശത്രുക്കളും മിത്രങ്ങളും ധാരാളമുണ്ടാവും. കൂടുതൽ ഉയരത്തിലേക്കു പോകണമെന്ന ചിന്ത ഇത്തരക്കാരെ കൂടുതൽ ഊർജ്ജസ്വലരാക്കും. രജോഗുണപ്രധാനമായ വ്യക്‌തിത്വത്തിന്‌ ഉടമകളായിരിക്കും തൃക്കേട്ടനാളുള്ള പുരുഷൻ.
സ്‌ത്രീ: താൻപോരിമയാണ്‌ തൃക്കേട്ടയിൽ പിറന്ന സ്‌ത്രീയുടെ സ്വഭാവവിശേഷം. ഭദ്രമായ കുടുംബജീവിതം നയിക്കുന്നവരായിരിക്കും ഇവർ. സ്വാതന്ത്യ്‌രബോധമാണ്‌ ഇവരുടെ സ്വഭാവത്തിലെ മറ്റൊരു പ്രത്യേകത. അത്‌ വേണ്ട രീതിയിൽ മാത്രം വിനിയോഗിക്കാനും ഇവർക്കറിയാം. പാചകത്തിൽ ഇവർക്ക്‌ നല്ല വൈദഗ്ദ്ധ്യമുണ്ടായിരിക്കും. അതുകൊണ്ട്‌ മറ്റുള്ളവർ പ്രകീർത്തിക്കും.

മൂലം
പുരുഷൻ: ഉയർന്ന സാമൂഹ്യബോധവും അതിനനുസരണമായ സ്വഭാവവിശേഷവുമായിരിക്കും മൂലം നക്ഷത്രക്കാർക്ക്‌. ബുദ്ധിഗുണം കൊണ്ട്‌ വാക്കിൽ പോലും തികഞ്ഞ മിതത്വം പുലർത്തുന്നവരായിരിക്കും. തികഞ്ഞധർമനിഷ്ഠയും ഇവർക്ക്‌ ഉണ്ടായിരിക്കും. നിഗൂഢ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കും. അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കുന്ന സ്വഭാവം ഇവരെ കൂടുതൽ പക്വമതികളാക്കും.
സ്‌ത്രീ: ഔചിത്യബോധത്തോടെയുള്ള പെരുമാറ്റമാണ്‌ മൂലം നക്ഷത്രക്കാരായ സ്‌ത്രീകളുടെ സ്വഭാവം. നല്ല കർമ്മശേഷിയുടെ ഉടമകളായിരിക്കും ഇവർ. വാക്കിലും നോക്കിലും ശ്രദ്ധിക്കുന്ന ഇവർ നല്ല കുടുംബിനികളുമായിരിക്കും. ആകർഷണീയമായ പെരുമാറ്റമായിരിക്കും ഇവരുടേത്‌. എങ്കിലും ചെറിയ പ്രശ്നങ്ങൾ പോലും ഇവരെ വല്ലാതെ വിഷമിപ്പിക്കും.

പൂരാടം
പുരുഷൻ: മാന്യമായ പെരുമാറ്റംകൊണ്ട്‌ മറ്റുള്ളവരുടെ ആകർഷണകേന്ദ്രമാകാൻ കഴിയുന്ന വ്യക്‌തിത്വം. വിദ്യാസമ്പന്നത, പൊതുജനപ്രീതി തുടങ്ങിയവകൊണ്ട്‌ പൊതുവെ മാന്യരായിരിക്കുമെങ്കിലും സദാചാരനിഷ്ഠ കുറയും. ഇത്‌ സ്വഭാവത്തെ മോശമാക്കും. കുടുംബവുമായി നല്ല ബന്ധം സൂക്ഷിക്കും.
സ്‌ത്രീ: പൊങ്ങച്ചമാണ്‌ പൂരാടം നക്ഷത്രക്കാരായ സ്‌ത്രീകളുടെ സ്വഭാവവിശേഷം. ചെറുതിനെ വലുതാക്കിയും ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു പറഞ്ഞും ഇത്തരക്കാർ മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കാൻ ശ്രമിക്കും. മറ്റുള്ളവരുമായി എളുപ്പം പിണങ്ങുകയും അതുപോലെ ഇണങ്ങുകയും ചെയ്യും. പൊതുവെ ബുദ്ധിശൂന്യത പ്രകടമാക്കും.

ഉത്രാടം
പുരുഷൻ: ലക്ഷ്യം കാണുന്നതുവരെ അക്ഷീണം പ്രവർത്തിക്കുക ഉത്രാടം നക്ഷത്രക്കാരുടെ പൊതുസ്വഭാവമാണ്‌. കർമസാഫല്യത്തിന്‌ കുതന്ത്രങ്ങൾ ഇത്തരക്കാർ ശീലിക്കാറില്ല. ഉപകാരസ്മരണ, ധർമനിഷ്ഠ ക്രാന്തദർശിത്വം തുടങ്ങിയ കാര്യങ്ങളിൽ ഇവർ മുന്നിലായിരിക്കും. ഏതു കാര്യത്തിലും സാത്വികവും അതുപോലെ ശക്‌തവുമായ സമീപനമായിരിക്കും.
സ്‌ത്രീ: കഴിവുറ്റ വ്യക്‌തിത്വമാണ്‌ ഉത്രാടക്കാർക്ക്‌. കുടുംബഭരണത്തിൽ ശോഭിക്കാൻ തക്ക ശേഷി ഇവർ പ്രകടിപ്പിക്കും. അതുവഴി ഭർത്താവിന്റെയും മക്കളുടെയും പ്രീതിക്ക്‌ പാത്രമാവും. ബന്ധുജനങ്ങളിൽനിന്നും സ്നേഹം ലഭിക്കും. എപ്പോഴും സന്തോഷത്തോടെ കാണപ്പെടും. സ്വന്തം ദുഃഖങ്ങൾ മറ്റുള്ളവരെ അറിയിക്കാതിരിക്കും. ജീവിതത്തിൽ സഹനശേഷി കൂടും.

തിരുവോണം
പുരുഷൻ: ആത്മവിമർശനവും അതുവഴി ജീവിതവിജയവും നേടുന്ന സ്വഭാവമാണ്‌ തിരുവോണം നക്ഷത്രക്കാർക്ക്‌. സ്ഥിരോത്സാഹമാണ്‌ ഇക്കൂട്ടരുടെ ഏറ്റവും വലിയ പ്രത്യേകത. ചെറിയ സാഹചര്യങ്ങളെ മെച്ചപ്പെടുത്തി പുരോഗതിയിലേക്കു പോവുക എന്ന നയമാണ്‌ ഇവർ സ്വീകരിക്കുന്നത്‌. മിതവ്യയം ശീലിക്കുന്നവരായിരിക്കും തിരുവോണക്കാർ. ക്ഷമാശീലമാണ്‌ മറ്റൊരു സ്വഭാവഗുണം. സാഹചര്യങ്ങൾക്ക്‌ അനുസരണമായ പെരുമാറും.
സ്‌ത്രീ: സ്‌ത്രീകളിൽ പൊതുവെ കണ്ടുവരുന്ന പ്രകടനപരതയ്ക്ക്‌ തികച്ചും വിപരീതസ്വഭാവം പ്രകടിപ്പിക്കുന്നവരാണ്‌ തിരുവോണം നാളുള്ള സ്‌ത്രീകൾ. മാത്രമല്ല സദാചാരനിഷ്ഠയുള്ളവരായിരിക്കും ഇവർ. ഭക്‌തി , കുലീനത, ശ്രദ്ധ തുടങ്ങിയവയ്ക്ക്‌ ഈ നാളുകാർ ഏറെ പ്രാധാന്യം കൊടുക്കും. കുടുംബത്തിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും ഇവർ തയ്യാറാവും. പൊങ്ങച്ചക്കാരെയും അഹംഭാവികളെയും അകറ്റിനിർത്തും.

അവിട്ടം
പുരുഷൻ: പൊതുവെ കർക്കശക്കാരാണ്‌ അവിട്ടം നാളുകാർ. കലഹിക്കാൻ മടിക്കാത്ത സ്വഭാവക്കാരാണ്‌. തികഞ്ഞ അഭിമാനബോധമാണ്‌ ഇവരുടെ സ്വഭാവത്തിലെ ഒരു പ്രത്യേകത. ഇത്‌ ഇവരെ ദൃഢചിത്തരും ശ്രദ്ധാലുക്കളുമാക്കുന്നു. എന്നാൽ പ്രതികാരബുദ്ധി ഇത്തരക്കാർക്ക്‌ കൂടുതലായിരിക്കും. ആശ്രിതവത്സലത്വം പ്രകടിപ്പിക്കും. ഉദാരമനസ്കരായിക്കും.
സ്‌ത്രീ: കലയിൽ പ്രത്യേകിച്ച്‌ സംഗീതത്തിൽ പ്രാവീണ്യം പ്രകടിപ്പിക്കുന്ന നാളുകാരാണ്‌ അവിട്ടത്തിലെ സ്‌ത്രീകൾ. തികച്ചും ഉദാരശീലരുമായിരിക്കും ഇവർ. വീടിന്‌ പ്രാധാന്യം കൊടുക്കുന്ന പ്രകൃതക്കാരാണ്‌ ഇവർ. വീട്ടിലെ അംഗങ്ങൾക്ക്‌ എന്ന പോലെ വീടിനെയും ഒരു അംഗമായി കണ്ട്‌ ഇവർ പ്രവർത്തിക്കും. ഉൾക്കനമുള്ള ചിന്തകളായിരിക്കും ഇത്തരക്കാർ പ്രകടിപ്പിക്കുക.

ചതയം
പുരുഷൻ: ധാരാളം അനുയായികളെയും സുഹൃത്തുക്കളെയും സൃഷ്ടിക്കാൻ കഴിയുന്ന സ്വഭാവവിശേഷമാണ്‌ ഈ നാളുകാരുടെ പ്രത്യേകത. േ‍Р??ങ്ങളെ സഹിഷ്ണുതയോടെ നേരിടാനുള്ള കഴിവ്‌ ഇവർക്കു ജീവിതവിജയം നൽകും. സാഹസികമനസായിരിക്കും ഇവർക്ക്‌. കഠിനമായി അധ്വാനിക്കാനുള്ള ശേഷിയും ഇവർ പ്രകടിപ്പിക്കും. അതുകൊണ്ട്‌ ഇവർക്ക്‌ ശത്രുക്കളെ പെട്ടെന്ന്‌ തോൽപ്പിക്കാൻ കഴിയും.
സ്‌ത്രീ: ചതയം നാളിലുള്ള സ്‌ത്രീകൾ പൊതുവെ ദുഃഖപ്രകൃതികളായാണ്‌ കാണപ്പെടുന്നത്‌. അകാരണമായ വിഷാദം അവരെ നേരിടും. എങ്കിലും മറ്റുള്ളവരോട്‌ ഹൃദ്യമായ പെരുമാറ്റമായിരിക്കും. ഭർതൃപരിചരണത്തിൽ ഇവർക്ക്‌ തികഞ്ഞ ശ്രദ്ധയായിരിക്കും. മറ്റുള്ളവരുടെ മനസറിയാനുള്ള കഴിവ്‌ ഈ നാളിലുള്ള സ്‌ത്രീകൾക്ക്‌ കൂടുതലായിരിക്കും.

പൂരുരുട്ടാതി
പുരുഷൻ: മൂല്യങ്ങളെ അടിസ്ഥാനമാക്കി ജീവിക്കുന്ന സ്വഭാവമാണ്‌ പൂരുരുട്ടാതിക്കാർക്ക്‌. നല്ല നേതൃഗുണമുള്ളവരായിരിക്കും ഇത്തരക്കാർ. ശുഭപ്രതീക്ഷ, ആധ്യാത്മിക ചിന്ത, കാര്യഗ്രഹണശേഷി, ഉദാരത, സംഭാഷണപ്രിയത തുടങ്ങിയ സ്വഭാവവിശേഷങ്ങളാണ്‌ പൂരുരുട്ടാതി നക്ഷത്രക്കാരായ പുരുഷന്മാരുടെ പ്രത്യേകത. രജോഗുണമാണ്‌ പൂരുരുട്ടാതിക്കാർക്ക്‌.
സ്‌ത്രീ: താൻപോരിമയും തന്റേടവും പൂരുരുട്ടാതിക്കാരായ സ്‌ത്രീകളുടെ സ്വഭാവവിശേഷതയാണെങ്കിലും സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നവരാണ്‌ ഇത്തരക്കാർ. കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള കഴിവ്‌ ഇവർ പ്രകടിപ്പിക്കാറുണ്ട്‌. എങ്കിലും പൊതുവെ അസ്വസ്ഥ മനസോടെയാണ്‌ ഇവരെ കാണാൻ കഴിയുന്നത്‌.

ഉത്രട്ടാതി
പുരുഷൻ: തികഞ്ഞ സാത്വികതയും സജ്ജനസമ്പർക്കംമൂലമുള്ള ഉയർച്ചയും ആഗ്രഹിക്കുന്നവരാണ്‌ ഉത്രട്ടാതിക്കാരായ പുരുഷന്മാർ. മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ കഴിയുന്ന സംസാരമാണ്‌ ഇവരുടേത്‌. ഇത്‌ ബന്ധുജനങ്ങളിൽനിന്ന്‌ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞുകിട്ടാൻ ഇവരെ സഹായിക്കുന്നു. ധർമനിഷ്ഠ, വിവേകം, വിജ്ഞാനം തുടങ്ങിയവ ഉത്കൃഷ്ട വ്യക്‌തിത്വത്തിന്‌ ഇവരെ പ്രാപ്‌തരാക്കുന്നു.
സ്‌ത്രീ: മറ്റുള്ളവർക്ക്‌ ഇഷ്ടം തോന്നുന്ന രീതിയിലുള്ള സംഭാഷണം, മിതവ്യയശീലം, കലാരസികത, ഗുരുഭക്‌തി തുടങ്ങിയ ഉത്രട്ടാതിക്കാരുടെ സ്വഭാവവിശേഷമാണ്‌. കലാരസികതയും സ്നേഹത്തോടെയുള്ള പെരുമാറ്റവും മറ്റുള്ളവരുടെ പ്രീതിക്ക്‌ കാരണമാകും. ഭർത്താവിൽനിന്നും മക്കളിൽനിന്നും ഇവർക്ക്‌ നിർലോഭമായ സ്നേഹാദരങ്ങൾ കിട്ടും. സർവോപരി കുടുംബത്തിന്റെ സുഖസൌകര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന വ്യക്‌തിത്വം.

രേവതി
പുരുഷൻ: അപകർഷതാബോധവും അത്‌ മൂടിവയ്ക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന കുഴപ്പങ്ങളും രേവതിനക്ഷത്രക്കാർ നിരന്തരം നേരിടും. അനാവശ്യമായ കുറ്റബോധം ഇവരെ നിരാശരാക്കും. നല്ല ആരോഗ്യശേഷിയും ശ്രദ്ധയും കർമശേഷിയും ഇവർക്കുണ്ടായിരിക്കും.
സ്‌ത്രീ: അസംതൃപ്‌തയാണ്‌ രേവതി നക്ഷത്രക്കാരുടെ സ്വഭാവവൈകല്യം. എന്നാൽ മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കാൻ കഴിയുന്ന രീതിയിലുള്ള സംഭാഷണം, ഉത്തരവാദിത്തബോധം , വീട്ടുകാര്യങ്ങളിലുള്ള ശ്രദ്ധ തുടങ്ങിയവയുണ്ടാകും. ഭാഗ്യവതികളാണ്‌ രേവതി നക്ഷത്രക്കാർ.

ഫലിതപ്രിയരുടെ തിരുവാതിര

സരസ സംഭാഷണം, ആകർഷകമായ പെരുമാറ്റം, അതിരുവിട്ട അഭിമാനബോധം, ആത്മാർഥത, ലോകപരിജ്ഞാനം, ഉത്സാഹം തുടങ്ങിയവ തിരുവാതിര നാളുകാരുടെ സവിശേഷതകളാണ്‌. സഞ്ചാരപ്രിയരും ഫലിതപ്രിയരുമാണ്‌. ചിലർ നല്ല ഗവേഷകരാകും. അഭിപ്രായങ്ങൾ മാറിക്കൊണ്ടിരിക്കും. മറ്റുള്ളവരുടെ താഴെ ജോലി ചെയ്യുന്നതും വിധേയപ്പെടുന്നതും ഇഷ്ടമല്ല. ഇത്‌ പലപ്പോഴും പുരോഗതിക്കു വിഘാതമാകാം. അതിരുവിട്ട അഭിമാനംമൂലം ആരോടും സഹായം അഭ്യർഥിക്കില്ല. കൂർമബുദ്ധിയും വാക്സാമർഥ്യവുമുണ്ട്‌. നിരൂപകർ, അധ്യാപകർ, എഴുത്തുകാർ എന്നീ നിലകളിൽ ശോഭിക്കും.
ആത്മവിശ്വാസവും സാഹസികതയും നേതൃപാടവുമുണ്ട്‌ഠടസ്സങ്ങൾ തട്ടിനീക്കി മുന്നേറും. എന്തും തുറന്നടിച്ച്‌ സംസാരിക്കും. മാമൂലുകളിൽ വിശ്വാസമില്ല. നാടും വീടും വിട്ട്‌ താമസിക്കും. എതിർക്കുന്നവരോടും ചതിക്കുന്നവരോടും ശത്രുത പുലർത്തും. തരം കിട്ടിയാൽ പകരം വീട്ടും.

ദേവചൈതന്യവുമായി ഗംഗാതീരം

വേദമന്ത്രങ്ങളും ദേവഗീതങ്ങളും സാന്ദ്രമാക്കുന്ന ഗംഗാ തീരത്തെ വ്യസാശ്രമത്തിൽ ദേവനു നടത്തുന്ന സഹസ്രശാ ഭിഷേകം ആയിരങ്ങൾക്കു ദേവചൈതന്യം പകരുന്ന അനുഗ്രഹ വർഷമായി. ഗംഗാജലത്താൽ പവിത്രമാക്കിയ മണ്ഡപത്തിൽ ആവാഹിതദേവതാപൂജയോടെ യാണു ചടങ്ങുകൾ ആരംഭിച്ചത്‌. നവഗ്രഹപൂജയ്ക്കും മൃത്യുഞ്ജയ ഹോമത്തിനും ശേഷം വേദവ്യാസനെയും പുത്രനായ ശുകമുനിയെയും വ്യാസ ശിഷ്യരായ വൈശമ്പായനൻ, പൈലൻ, സുമന്തു, ജൈമിനി മഹർഷിമാരെയും ആരാധിച്ചു.

സപ്‌തർഷിപൂജയിൽ വസിഷ്ഠ, വിശ്വാമിത്ര, കശ്യപ, ഭരദ്വാജ, അത്രി, ഗൌതമ, ജമദഗ്നി മഹർഷിമാർക്കു മന്ത്രാർച്ചന നടത്തി. ഹരിദ്വാറിൽ ഗംഗ സപ്‌തശാഖിയായി പിരിഞ്ഞു സപ്‌തർഷി മാരുടെ തപസ്സിനു ദ്വീപുകളൊരുക്കി പുനഃസംഗമിച്ചൊഴുകിയെന്നാണ്‌ ഐതിഹ്യം. ലഘുപൂർണാഹുതി, ഗോപൂജ, ഗുരുഭിക്ഷ, ബ്രാഹ്മണ സന്ദർപ്പണം, വസന്തപൂജ എന്നിവയായിരുന്നു മറ്റു ചടങ്ങുകൾ.

ഗൌഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയഗുരുവും കാശിമഠാധിപതിയുമായ സ്വാമി സുധീന്ദ്ര തീർഥയുടെ 80ാ‍ം ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ്‌ അഞ്ചു ദിവസത്തെ സഹസ്ര ശംാ‍ഭിഷേകം നടത്തിയത്‌. ഏകാദശി ദിനത്തിൽ 508 ശംി‍ൽ ഗംഗാ ജലാഭിഷേകം നടന്നു. വൈകിട്ട്‌ ഗുരുവന്ദനച്ചടങ്ങിൽ സ്വാമികളെ വേദഘോഷങ്ങളുടെ അകമ്പടിയോടെ പൂർണകുംഭത്തോടെ സ്വീകരിച്ചാനയിച്ചു. വൈദിക പ്രാർഥന, പട്ടുകാണിക്ക സമർപ്പണം സ്വാമികളുടെ അനുഗ്രഹ പ്രഭാഷണം എന്നിവയുമുണ്ടായിരുന്നു.

ശീവേദവ്യാസ ജയന്തി ദിനത്തിൽ വ്യാസരഘുപതി വിഗ്രഹത്തിൽ അഷ്ടോത്തര സഹസ്രശം ക്ഷീരാഭിഷേകം നടന്നു. സ്വാമി സുധീന്ദ്രതീർഥ കാർമികത്വം വഹിച്ചു. വെള്ളി കെട്ടിയ 2772 ശംഖുകളാണ്‌ അഭിഷേകത്തിന്‌ ഉപയോഗിക്കുന്നത്‌. രാജ്യത്ത്‌ ആദ്യമായി നടന്ന ഇത്തരമൊരു ദൈവിക ചടങ്ങിന്‌ ഒരേവലുപ്പമുള്ള പ്രത്യേകം തയാറാക്കിയ ശംു‍കളാണ്‌ ഉപയോഗിക്കുന്നത്‌. കേരളം, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നായി 150 ഒാ‍ളം വൈദിക പ്രമുർ ചടങ്ങുകൾക്ക്‌ കാർമികത്വം വഹിച്ചു. നരസിംഹജയന്തിദിനത്തിൽ സ്വർണം കെട്ടിയതടക്കം 1008 ശംി‍ൽ ഗംഗാ ജലാഭിഷേകവും കനകാഭിഷേകവും നടന്നു.

ജ്യോതിഷ രഹസ്യങ്ങളുടെ കാണാപ്പുറങ്ങൾ

ജീവിതത്തിന്റെ പ്രതിസന്ധികളിൽ, എല്ലാ വഴികളും അടയുമ്പോൾ, പരിഹാരത്തി നായി ജ്യോതിഷത്തിന്റെ മാർഗം തേടു ന്നവരുടെ എണ്ണം ഇന്നു കൂടി വരികയാണ്‌. വെറും അന്ധവിശ്വാസം എന്നു ജ്യോതിഷ ത്തെ തള്ളിക്കളയുന്നവരുണ്ടാകാം. പക്ഷേ, ജ്യോത്സ്യന്മാരുടെ അനുഭവങ്ങൾ പറയുന്നത്‌ വിശദീകരിക്കാനാവാത്ത സത്യങ്ങളാണ്‌. ജ്യോതിഷവും ജീവിത പ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാണാപ്പുറ ങ്ങൾ തേടി, കേരളത്തിലെ പ്രഗൽഭ ജ്യോത്സ്യന്മാരുടെ അനുഭവങ്ങളിലൂടെ ഒരു യാത്ര. അതോടൊപ്പം, ജ്യോതിഷ ത്തിന്റെ പേരിലുള്ള തട്ടിപ്പുകളെക്കുറിച്ചും, ശകുനം, ഭാഗ്യ രത്നങ്ങൾ ഇവയുടെ പിന്നിലെ സത്യങ്ങളെക്കുറിച്ചും.

കാണിപ്പയ്യൂർ മനയുടെ പൂമുഖത്തുനിൽക്കുമ്പോൾ ഏതോ പുരാതനവിശ്വാസങ്ങളുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടു. രാശിപ്പലകയ്ക്കു മുന്നിൽ നിറഞ്ഞു കത്തുന്ന നിലവിളക്ക്‌. അതിന്റെ തിരിനാളങ്ങളിൽ തെളിയുന്ന വെളിച്ചത്തിൽ, ജ്യോതിഷത്തി ന്റെ അനന്തമായ പൈതൃകങ്ങളുടെ ഉൾക്കാഴ്ചകൾ. നൂറ്റാണ്ടുകളുടെ ജ്യോതിഷ പാരമ്പര്യമുള്ള, കേരളത്തിലെ അതിപ്രശസ്‌തമായ മന. ഇവിടുത്തെ രാശിക്കളങ്ങളിൽ എത്രയോ മനുഷ്യജന്മങ്ങളുടെ ഭാഗധേയങ്ങൾ നിഗൂഢതകളുടെ മറ നീക്കിയിട്ടുണ്ട്‌!
പൂമുഖത്ത്‌ ഈ മദ്ധ്യാഹ്നത്തിലും തിരക്കുണ്ട്‌. ഭാവിയുടെ വഴികളെക്കുറിച്ചറിയാൻ ഉൽക്കണ്ഠ അടക്കിപ്പിടിച്ചവർ.

ജീവിതത്തിന്റെ വഴിത്തിരിവുകളിൽ പകച്ച്‌ അതിന്റെ അർത്ഥങ്ങൾ തേടി വന്നവർ. രാശിക്കളങ്ങളിൽ നിരന്ന കവടികൾ തങ്ങളുടെ ജീവിതാനുഭവങ്ങളുടെ നിഗൂഢതകൾ നീക്കുമെന്ന്്‌ അവർ വിശ്വസിക്കുന്നു. ജ്യോതിഷിയുടെ ഉൾക്കാഴ്ചകളിൽ തെളിയുന്ന സത്യങ്ങളിൽ സമയദോഷങ്ങൾക്കുള്ള പരിഹാരങ്ങൾ വഴി തുറക്കുമെന്നും. "എല്ലാ ശാസ്‌ത്രങ്ങളുടെയും ലക്ഷ്യം സത്യത്തിനു വേണ്ടിയുള്ള അന്വേഷണമാണ്‌. ജ്യോതിഷവും അങ്ങനെ തന്നെ. സാങ്കേതിക പുരോഗതിയുടെ യുഗമാണെങ്കിലും ജ്യോതിഷത്തി ലുള്ള ആളുകളുടെ വിശ്വാസങ്ങൾ ഓരോ ദിവസവും കൂടിവരികയാണിന്ന്‌. ജീവിതം സങ്കീർണമായതോടെ ആളുകളുടെ പ്രശ്നങ്ങളും കൂടി വരുന്നതാകാം ഒരു കാരണം. മറ്റെല്ലാം മാർഗങ്ങളും പരീക്ഷിച്ച്‌ ഒടുക്കമാണ്‌ മിക്കപേരും ഇവിടേയ്ക്കു വരുന്നത്‌." കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെ വാക്കുകൾ.

ഇതു നമ്പൂതിരിപ്പാടിന്റെ മാത്രം അനുഭവമല്ല. കേരളത്തിലെ പേരുകേട്ടതും അത്ര പേരുകേട്ടിട്ടില്ലാത്തതുമായ മിക്കവാറും എല്ലാ ജ്യോതിഷികൾക്കും അവരുടെ ദിവസങ്ങൾ വിശ്രമരഹിതമാണ്‌. വിവാഹപ്പൊരുത്തങ്ങൾ നോക്കാനും ശുഭകാര്യങ്ങൾക്കു നല്ല സമയം കുറിക്കാനും സമയദോഷം മാറാനും മാത്രമല്ല ആളുകൾ ജ്യോതിഷികളെ തേടിയെത്തുന്നത്‌. ആഗ്രഹിച്ച ജോലി കിട്ടാൻ, കർമരംഗത്തെ തടസ്സങ്ങൾ മാറാൻ, ഡോക്ടർമാർ പരാജയപ്പെട്ട മാറാരോഗങ്ങൾക്കു പ്രതിവിധികൾ തേടി, ഒരു കുഞ്ഞിക്കാലു കാണാൻ വർഷങ്ങൾ കാത്തിരുന്നിട്ടും ഫലമില്ലാതെ ഒടുവിൽ, മരണത്തിന്റെ വക്കിൽനിന്നു ജീവിതത്തി ലേയ്ക്കു തിരിച്ചുവരാൻ ആഗ്രഹിച്ച്‌...........മറ്റെല്ലാ വഴികളും അടയുമ്പോൾ അവസാനത്തെ ആശ്രയമായി ജ്യോതിഷത്തിന്റെ വഴിതേടുന്നവർ അനവധി.

ജന്മാന്തരങ്ങളുടെ കർമഫലങ്ങൾ
മനുഷ്യന്റെ വിധിവിഹിതങ്ങളെ എങ്ങനെയാണു ജ്യോതിഷം മുൻകൂട്ടി പ്രവചിക്കുന്നത്‌? ജ്യോതിഷത്തിന്റെ വഴിയിൽ പരിഹാരങ്ങൾ തേടി വരുന്നവർക്കു പോലും ഇതേ ക്കുറിച്ചുള്ള ധാരണകൾ ഉണ്ടാവണം എന്നില്ല. പക്ഷേ, സംശയങ്ങൾക്കു കൃത്യമായ മറുപടികൾ ജ്യോതിഷം പറയുന്നുണ്ട്‌.പപഞ്ചത്തിലെ എല്ലാ സൃഷ്ടികളും പഞ്ചഭൂതാ ധിഷ്ഠിതമാണ്‌. (വായു, ജലം, അഗ്നി,മണ്ണ്‌, ആകാശം). നവഗ്രഹങ്ങളും ഗ്രഹങ്ങളു മെല്ലാം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്‌. ഗ്രഹങ്ങളുടെ നിരന്തരമായ ഭ്രമണം. ശക്‌തിയേറിയ വൈദ്യുതി കാന്തിരതരംഗങ്ങളെ ഇളക്കിവിടുന്നു. ഭൂമിയിലേയ്ക്കു പ്രസരിച്ചു കൊണ്ടിരിക്കുന്ന അവയുടെ പ്രഭാതം സമസ്‌തജീവജാലങ്ങളുടെയും ജനനം മുതൽ മരണംവരെ ബാധിക്കുന്നു.

ഇതിന്റെ പ്രത്യക്ഷമായ തെളിവുകൾ ചുറ്റുമുള്ള പ്രകൃതിയിലേയ്ക്കു കണ്ണോടിച്ചാൽ തന്നെ നമുക്കു കണ്ടെത്താൻ കഴിയും. സൂര്യോദയരശ്മികളേൽക്കുമ്പോൾ താമര വിടരുന്നു. ആമ്പൽ കൂമ്പുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയം അനുസരിച്ചാണു സമുദ്രത്തിൽ വേലി യേറ്റം. ചന്ദ്രന്റെ വൃദ്ധിക്ഷയമനുസരിച്ചു പൂച്ചയുടെ കണ്ണിലെ കൃഷ്ണമണി വലുതാവു കയും ചെറുതാവുകയും ചെയ്യാറുണ്ടത്രേ...അതുപോലെ മനുഷ്യരെയും ഗ്രഹങ്ങൾ സ്വാധീനിക്കുന്നുണ്ട്‌. മനുഷ്യന്റെ സ്വരവും ശരീരത്തിലെ സപ്‌തധാതുക്കളും ഗ്രഹങ്ങളുടെ സ്വാധീനത്തിനു വിധേയമാണത്രേ.

ഒരാളുടെ ജനനസമയത്തെ ഗ്രഹനില - ഗ്രഹങ്ങളുടെ സ്ഥാനം - ഈ ജന്മത്തിൽ അനുഭവിക്കേ ണ്ടതായ എല്ലാ കർമഫലങ്ങളെക്കുറിച്ചുള്ള സൂചന നൽകുന്നു. ഗഹബന്ധം കർമഫലം ശുഭാ ശുഭം സർവജന്തൂനാം എന്നാണു ജ്യോതിഷാചാര്യനായ വരാഹമിഹിരൻ അഭിപ്രായപ്പെട്ടിരിക്കുന്നത്‌. ജനനസമയത്തെ ഗ്രഹസ്ഥിതി സൂക്ഷ്മ മായി പരിശോധിച്ചാൽ ഒരാളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാനിരി ക്കുന്നു എന്നു മനസിലാക്കാൻ കഴിയും. മുൻജന്മത്തിൽ പുണ്യപാപങ്ങളായി അനുഷ്ഠിക്ക പ്പെട്ടിട്ടുള്ള കർമഫലത്തെയും ഗ്രഹനിലകൊണ്ടു മനസിലാക്കാൻ കഴിയും.

പുനർജന്മസിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയാണു ജ്യോതിഷം. ഈ ജന്മത്തിൽ നമ്മൾ അനുഭവിക്കുന്ന കാര്യങ്ങൾക്ക്‌, നമ്മുടെ പൂർവജന്മത്തിൽ ചെയ്‌ത നന്മയും ദോഷകാര്യങ്ങളുമായി ബന്ധമുണ്ടെന്നാണു ജ്യോതിഷം പറയുന്നത്‌. കർമഫലം അനുഭവിച്ചു തീർക്കാനായിട്ടാണു പ്രാണികൾ ജന്മം സ്വീകരിക്കുന്നത്‌. ഒരു ജന്മത്തിൽ അനുഭവിച്ച കർമഫലം ക്ഷയിക്കുമ്പോൾ ആ ശരീരത്തെ ഉപേക്ഷിച്ചു മറ്റൊരു ശരീരത്തെ ആശ്രയിച്ചു വീണ്ടും ജനിക്കുന്നു. കർമങ്ങൾ ചെയ്യുന്ന കാലത്തിന്റെ ശുഭാശുഭത്വം കൊണ്ടുകൂടി സുഖദുഃഖങ്ങൾ വരും.

ജ്യോതിഷത്തിൽ ജാതകം, പ്രശ്നം എന്നിങ്ങനെ രണ്ടു കാര്യങ്ങളുണ്ട്‌. ജാതകത്തിൽ ജീവിതം മുഴുവനുമുള്ള ഫലചിന്തയാണു വിഷയം. പ്രശ്നത്തിൽ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കർമഫലത്തെപ്പറ്റി അറിയാൻ കഴിയും? ജാതകത്തിൽ ലഗ്നരാശി, ഗ്രഹങ്ങൾ, ദൃഷ്ടികൾ, ഭാവങ്ങൾ, യോഗങ്ങൾ ഇവയെ അടിസ്ഥാനമാക്കി ഫലപ്രവചനം നടത്തുന്നു.

പരിഹാരങ്ങളുടെ അർത്ഥം
ജ്യോതിഷവിധിപ്രകാരം ഒരാളുടെ ജീവിതത്തിലെ സംഭവഗതികൾ ഏറെക്കുറെ മുൻകൂട്ടി നിർശ്ചയിക്ക പ്പെട്ടിരിക്കുന്നു. അപ്പോൾ അവയെപ്പറ്റി നേരത്തെ അറിഞ്ഞതുകൊണ്ട്‌ എന്തു പ്രയോജനം? ഇങ്ങനെ സംശയിക്കുന്നവരുണ്ട്‌. ജ്യോതിഷത്തെക്കുറിച്ചുള്ള അജ്ഞതയാണ്‌ ഈ സംശയത്തിനു പിന്നിൽ എന്നു ജ്യോത്സ്യന്മാർ.

"ഇന്നയിന്ന കാര്യങ്ങളൊക്കെ സംഭവിക്കാൻ സാധ്യതയുണ്ട്‌ എന്നതിന്റെ സൂചനയാണു ഗ്രഹ സ്ഥിതി നൽകുന്നത്‌. അതറിഞ്ഞിരുന്നാൽ ഒരാൾക്ക്‌ പരിഹാരക്രിയകൾ ചെയ്യാം. സ്വന്തം കർമത്തെ തന്നെ നിയന്ത്രിക്കാം. അല്ലാതെ തലേവരയുണ്ടെന്നു പറഞ്ഞ്‌ ഒരാൾ എല്ലാ കഷ്ടകാലങ്ങളും അനുഭവിച്ചുകൊള്ളണം എന്നില്ല." പ്രശസത ജ്യോതിഷ പണ്ഡിതൻ കുറ്റനാട്‌ രാഘവൻ നായർ അഭിപ്രായപ്പെടുന്നു.

ആയുസ്‌ നീട്ടിക്കിട്ടിയ അനുഭവങ്ങൾ
പരിഹാരക്രിയകൾ വഴി ആയുസു പോലും നീട്ടിക്കിട്ടിയ സംഭവങ്ങൾ രാഘവൻ നായരുടെ അനുഭവത്തിലുണ്ട്‌. "ഒരു മനുഷ്യജീവിതത്തിൽ നൂറു മരണമുണ്ടെന്നാണു സാധാരണ പറയുന്നത്‌. നൂറു തവണ വരെ, മരിക്കാൻ സാധ്യതയുള്ള അവസരങ്ങൾ വരാം എന്നാണ്‌ അതിന്റെയർത്ഥം.

ആയുസിനു ഭംഗം വരാൻ സാധ്യതയുള്ള ഘട്ടങ്ങളെപ്പറ്റി ദശാസന്ധികൾ സൂചന നൽകുന്നു. ഒരാളിന്റെ ജനനസമയം സസൂക്ഷ്മം പരിശോധിച്ചാൽ ദശാസന്ധികളെ മനസിലാക്കാൻ കഴിയും. ദശാസന്ധി സമയത്ത്‌ യഥാക്രമമുള്ള പൂജ ചെയ്‌ത്‌ മരണത്തെ മാറ്റിവിട്ട സംഭവങ്ങൾ ധാരാളമുണ്ട്‌." രാഘവൻ നായർ അത്തരം ഒരു അനുഭവം ഓർമിച്ചെടുത്തു.

"നാൽപത്തഞ്ചുകാരനായ കുടുംബനാഥൻ. ഭാര്യയും നാലു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഒരേയൊരാശ്രയം. മദ്രാസിലെ അപ്പോളോ ആശുപത്രിയിൽനിന്ന്‌ ഇനി രക്ഷയില്ലെന്നു പറഞ്ഞു ഡോക്ടർമാർ കൈയ്യൊഴിഞ്ഞ കേസായിരുന്നു. ആ ഘട്ടത്തിലാണ്‌ അയാളുടെ ബന്ധുക്കൾ കണ്ണീരോടെ ഇവിടെ എത്തിയത്‌. ഞാൻ ആ മനുഷ്യന്റെ ജനനസമയം പരിശോധിച്ചു. നോക്കുമ്പോൾ, ജാതകപ്രകാരം ഏറ്റവും ദോഷമുള്ള സമയമാണ്‌. ആയുസിനുപോലും ഹാനി സംഭവിക്കാവുന്ന സമയം. ആയുസു നീട്ടിക്കിട്ടാനുള്ള പരിഹാരമാണ്‌ ആദ്യം ചെയ്യേണ്ടതെന്നു ഞാൻ അയാളുടെ ബന്ധുക്കളോടു പറഞ്ഞു. ഏതു പരിഹാരക്രിയയും ചെയ്യാൻ സന്നദ്ധരായിരുന്നു അവർ. അവർ അന്യമതസ്ഥരായതിനാൽ പള്ളിയിൽ ഒരു പ്രത്യേക ചടങ്ങു നടത്തി. മൃത്യുഞ്ജയഹോമത്തിനു സമാനമായ ചടങ്ങ്‌. ഒരു മാസം കഴിഞ്ഞ്‌ അയാളുടെ ബന്ധുക്കൾ ഇവിടെ വന്നു. 'ആയുസു നീട്ടിക്കിട്ടി...ഡോക്ടർമാർ മരിക്കുമെന്നു പറഞ്ഞു തള്ളിക്കളഞ്ഞ ആൾ ഇപ്പോഴിതാ ജീവനോടെ എണീറ്റിരിക്കുന്നു. ഇനി രോഗശാന്തിക്കുള്ള പരിഹാരം കൂടി ജ്യോത്സ്യർ നിർദ്ദേശിക്കണം' എന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം."

സ്വന്തം അനുഭവത്തിൽ നിന്നു ജ്യോത്സ്യർ ഈ സംഭവം വിവരിക്കുമ്പോൾ, ശാസ്‌ത്രീയത യുടെ പേരിൽ ജ്യോതിഷത്തെ തള്ളിപ്പറയുന്നവർ, ഒരു പക്ഷേ, പുരികം ചുളിച്ചേക്കാം. പക്ഷേ, ജ്യോത്സ്യരുടെ വാക്കുകൾ നമുക്കു മുന്നിൽ നിരത്തുന്നതു മറ്റു ചില തെളിവുകളാണ്‌.

"രോഗങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്നതു ദുഷിച്ച ശക്‌തികളാണല്ലോ. എള്ള്‌, നെയ്യ്‌, തുടങ്ങിയ ഔഷധശക്‌തിയുള്ള വസ്‌തുക്കളാണു മൃത്യുഞ്ജയ ഹോമത്തിനുപയോഗിക്കുന്നത്‌. ഹോമം നടത്തുമ്പോൾ മന്ത്രങ്ങളുടെ ശക്‌തിയും ഔഷധശക്‌തിയുമെല്ലാം അന്തരീക്ഷത്തിലൂടെ വ്യക്‌തിയിലേക്കു പ്രവേശിക്കുകയാണു ചെയ്യുന്നത്‌. അന്തരീക്ഷത്തിൽ തന്നെ നമ്മളെ രക്ഷിക്കാനുള്ള പരമാണുക്കളുണ്ട്‌.

ഇവിടെ മൃത്യുഞ്ജയഹോമം ചെയ്‌താൽ അമേരിക്കയിൽ രോഗബാധിതനായി കിടക്കുന്ന ആൾ കിടക്ക വിട്ട്‌ എഴുന്നേൽക്കുന്ന സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്‌. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം. ഇതിന്റെ ശാസ്‌ത്രീയത എന്തെന്നു ചോദിക്കുന്നതിൽ നമുക്കു ഫോണിലൂടെ കേൾക്കാൻ കഴിയുന്നില്ലേ? ഗ്രഹങ്ങൾ നൽകുന്ന സൂചനകളെപ്പറ്റി മുൻകൂട്ടി അറിഞ്ഞാൽ നമ്മുടെ തന്നെ കർമ്മത്തെ നിയന്ത്രിച്ചു ദോഷങ്ങളെ അകറ്റി നിർത്താമല്ലോ. ഉദാഹരണത്തിന്‌, നാലിൽ സൂര്യനുണ്ടെങ്കിൽ ബന്ധുക്കളുമായി പ്രശ്നമുണ്ടാകാം എന്നു ജാതകം സൂചിപ്പിക്കുന്നു. അത്‌ മുൻകൂട്ടി അറിയുമ്പോൾ നമുക്കു നമ്മുടെ പ്രവൃത്തികളെ ദോഷങ്ങൾ വരാത്തവിധം നിയന്ത്രിക്കാം." രാഘവൻ നയർ.

ഗഹദോഷങ്ങൾക്കു പരിഹാരംഗഹദോഷങ്ങൾക്ക്‌ ജ്യോതിഷം പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്‌. ഇതിൽ മിക്കതും ദോഷശക്‌തികളെ അകറ്റാനുള്ള ദേവതാപൂജകളാണ്‌. "ശനി പിഴച്ചാൽ ശാസ്‌താവിനെ പൂജിക്കണം. വ്യാഴത്തിനു മഹാവിഷ്ണു ആദിത്യനു ശിവൻ.....എന്നിങ്ങനെയാണു പരിഹാര പൂജകൾ എന്നുവച്ച്‌ ഔഷധ സേവയില്ലാതെ ജ്യോതിഷത്തിലൂടെ മാത്രം രോഗം മാറുമെന്നല്ല അർത്ഥം. ഏതു രോഗവും ഔഷധം കൊണ്ടേ മാറൂ. അതിനു സഹായക മാവുകയേ ചെയ്യൂ. അർച്ചനകളും ദേവതാ പ്രാർത്ഥനകളും. എല്ലാ മതസ്ഥരും ഇക്കാലത്തു ജ്യോതിശാസ്‌ത്രപരമായ പരിഹാരങ്ങൾ തേടി വരുന്നുണ്ട്‌. അവരുടെ വിശ്വാസത്തിനുസരിച്ചുള്ള പരിഹാരങ്ങളാണു നിർദ്ദേശിക്കുന്നത്‌."

പയ്യന്നൂരിലെ പ്രശസ്‌തജ്യോത്സ്യൻ ജ്യോതിർഭൂഷണം പണ്ഡിറ്റ്‌ വി.പി.കെ.പൊതുവാളിന്റെ മകൻ സദനം നാരായണപ്പൊതുവാൾ ജ്യോതിഷത്തിലെ പരിഹാരമാർഗങ്ങളെക്കുറിച്ച്‌.

"ഗ്രഹങ്ങൾ എന്തൊക്കെ സൂചിപ്പിച്ചാലും നമ്മൾ ആ സൂചനകളോട്‌ എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ അനുഭവങ്ങൾ. പക്ഷേ, ഗ്രഹശാന്തിയിലൂടെ മാത്രം കർമഫലത്തെ ലഘൂകരിക്കാനാവില്ലെന്നു വ്യാസൻ പറയുന്നുണ്ട്‌:
നാ ഭൂക്‌തം ക്ഷീയതേ കർ
കൽപകോടിശതൈരപി
അവശ്യമേവഭോക്‌തവ്യം
കൃതം കർമ്മ ശുഭാശുഭം
(അനുഭവിച്ചു തീർക്കാതെ എത്ര നീട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചാലും കർമഫലത്തിനു കുറവു വരുന്നില്ല. ശുഭങ്ങളും അശുഭങ്ങളുമായ കർമങ്ങളുടെ ഫലങ്ങൾ അവശ്യം അനുഭവിക്കുക തന്നെ വേണം)."

ചില യോഗങ്ങൾ പരിഹാരങ്ങൾ വഴി ആർക്കും മാറ്റി വിടാൻ പറ്റാത്തതായി വരാമെന്നു കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്‌. ഉദാഹരണമായി അദ്ദേഹം വിവരിക്കുന്നതു സ്വന്തം കുടുംബത്തിൽ തന്നെ ഉണ്ടായ ഒരനുഭവമാണ്‌. "വർഷങ്ങൾക്കു മുമ്പു നടന്ന സംഭവമാണ്‌. ഞങ്ങളുടെ ഒരു മുത്തപ്പനെ പട്ടി കടിച്ചു. അച്ഛന്റെ അച്ഛന്റ അനുജൻ. പട്ടി കടിച്ചാൽ അന്ന്‌ ഇന്നത്തെപ്പോലെ ചികിത്സകളൊന്നും ഇല്ല. അടുത്ത പ്രദേശത്തുള്ള ആതിരിയേടം ഇല്ലത്ത്‌ ഒരു നമ്പൂതിരിയുണ്ടായിരുന്നു. വിഷ ചികിത്സയിൽ കേമനായിരുന്നു അദ്ദേഹം. ആതിരിയേടം വന്നു മുത്തപ്പനെ ചികിത്സിച്ചു. പോകാൻനേരം മുത്തപ്പൻ പറഞ്ഞൂത്രേ. ആതിരിയേടം, ചികിത്സ പിഴച്ചൂല്ലോ. നമ്മെ അകത്തെ മുറിയിൽ കെട്ടിയിട്ടോളൂ എന്നു. അതിനുശേഷം ആതിരിയേടം നമ്പൂതിരി ചികിത്സ നിർത്തിയത്രേ. ഇങ്ങനെ ചില യോഗങ്ങൾ മാറ്റിവിടാൻ പറ്റാത്തതായിരിക്കും. ആയുസിന്‌ അറുതി വരുന്ന ചില ഘട്ടങ്ങളിൽ ഒരു പരിഹാരക്രിയകൊണ്ടും ഫലമില്ലാതെ വന്നേക്കാം."

ശുഭാകാര്യങ്ങൾക്കു മുഹൂർത്തങ്ങൾ
ജ്യോതിഷപ്രകാരം, മുഹൂർത്തങ്ങൾ വളരെ പ്രധാനമാണെന്നാണു പണ്ഡിതന്മാരുടെ പക്ഷം. മുഹൂർത്തം നോക്കുന്നതിനു പിന്നിൽ ശാസ്‌ത്രീയത എത്രത്തോളമുണ്ട്‌ എന്നു ചിലരെങ്കിലും വാദിച്ചേക്കാം. പക്ഷേ, എന്തിനും ഏതിനും നല്ല സമയം നോക്കൽ നമ്മൾ മലയാളികളുടെ ശീലമാണ്‌.

"ജ്യോതിഷം ആവിർഭവിച്ചതു തന്നെ ശുഭകാലങ്ങളെ തിരിച്ചറിയാൻ വേണ്ടിയാണ്‌. ശുഭ മുഹൂർത്തത്തിൽ ഒരു കാര്യം ചെയ്‌താൽ കൂടുതൽ നല്ല ഫലം കൈവരും. വിഘ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകാൻ കഴിയും. ഗൃഹപ്രവേശം, വിവാഹം, കുഞ്ഞുങ്ങളുടെ ചോറൂണ്‌, കാതുകുത്ത്‌ എന്നിങ്ങനെ എല്ലാ നല്ല കാര്യങ്ങൾക്കും ശുഭമുഹൂർത്തങ്ങൾ പ്രധാനമാണ്‌." സദനം നാരായണപ്പൊതുവാൾ അഭിപ്രായപ്പെടുന്നു.

വിവാഹവും ജ്യോതിഷപ്പൊരുത്തവും
ജ്യോതിഷപ്രകാരം വിവാഹപ്പൊരുത്തം നോക്കുമ്പോൾ പ്രധാനമായും ആറു ഘടകങ്ങളാണു പരിഗണിക്കുന്നത്‌. ഇവ തമ്മിലുള്ള ചേർച്ചയാണു നോക്കുന്നത്‌. പക്ഷേ, പത്തിൽ പത്തു പൊരുത്തവും ഒത്തുചേരുന്നുവെന്നു ജ്യോത്സ്യന്മാർ പറയുന്ന വിവാഹങ്ങളും പരാജയപ്പെടുന്ന സംഭവങ്ങൾ ധാരാളമുണ്ട്‌.

ഇത്‌ ജ്യോതിഷത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലേ എന്നു തോന്നാം. പക്ഷേ, ഇതിനെക്കുറിച്ചും ജ്യോത്സ്യന്മാർക്കു മറുപടികളുണ്ട്‌. "ജാതകപ്പൊരുത്തം നോക്കിയിട്ടും ദാമ്പത്യത്തിൽ പരാജയം വരുന്ന സംഭവങ്ങൾ ഇല്ലാതില്ല. അതിനു പിന്നിൽ അവരുടെ മാനസികമായ ചില കാരങ്ങളാവാം കാരണം, പക്ഷേ, ഇങ്ങനെയുള്ളവരുടെ എണ്ണത്തെക്കാൾ വളരെ കൂടുതലാണ്‌ പൊരുത്തം നോക്കാതെ വിവാഹിതരായിട്ട്‌ ദാമ്പത്യത്തിൽ പ്രശ്നമുണ്ടാക്കുന്നവരുടേത്‌." കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്‌ സംസാരിക്കുന്നത്‌ തന്റെ ദീർഘകാലത്തെ അനുഭവസമ്പത്തിന്റെ വെളിച്ചത്തിലാണ്‌. ജ്യോത്സ്യർ ജാതകം നോക്കുന്ന സമയത്ത്‌ സംഭവിക്കുന്ന ചില നിമിത്തങ്ങളും പ്രധാനമത്രേ.

"ജാതകപ്രകാരം എല്ലാ പൊരുത്തങ്ങളുമുണ്ടാകാം. പക്ഷേ, ജ്യോത്സ്യർ പൊരുത്തം നോക്കുന്ന സമയത്ത്‌ എന്തെങ്കിലും അശുഭകരമായ നിമിത്തങ്ങൾ ഉണ്ടാകുന്നു ണ്ടോ എന്ന കാര്യത്തിലും ജാഗരൂകരായിരിക്കണം. പത്തു പൊരുത്തവും ഉണ്ടെങ്കിലും ആ സമയത്ത്‌ ആരെങ്കിലും മുറിയിലേക്കു കയറി വന്ന്‌ ഒരു കടലാസ്‌ കീറുകയാണെ ങ്കിൽ അത്‌ അശുഭകരമായ നിമിത്തമാണ്‌. കത്തിച്ചു വച്ച നിലവിളക്കു കെടുന്നത്‌, തുണി കീറുന്നത്‌ ഇതൊക്കെ അശുഭകരമാണ്‌. ഈ ജാതകങ്ങൾ തമ്മിൽ ചേർത്താൽ ദോഷഫലങ്ങളുണ്ടാകും എന്നു സൂചിപ്പിക്കുന്ന നിമിത്തം. ചിലപ്പോൾ നിമിത്തങ്ങൾ നൽകുന്ന സൂചനകൾ ജ്യോത്സ്യരുടെ ശ്രദ്ധയിൽപെട്ടില്ലെന്നു വരാം. പൊരുത്തം നോക്കി നടത്തുന്ന ചില വിവാഹങ്ങൾ പരാജയപ്പെടുന്നതിനു പിന്നിൽ ഈ സൂചനകളും കാണും.

ജാതകത്തിലില്ലാത്ത ചില ദോഷങ്ങൾ, ഉദാഹരണമായി, ഗുരുശാപം, കുടുംബശാപം, ഇവയൊക്കെ ചിലപ്പോൾ വിവാഹബന്ധത്തെ ബാധിച്ചേക്കാം. ഏതു കാര്യത്തിലും ജ്യോത്സ്യരുടെ ഉൾക്കാഴ്ച തന്നെ പ്രധാനം." സദനം നാരായണപ്പൊതുവാൾ.

അറബി(ക്ക്‌) ജ്യോതിഷസമ്പ്രദായം

എല്ലാ രാജ്യങ്ങളിലും അവരവരുടേതായ ജ്യോതിഷവിധികളും ആചാരങ്ങളുമുണ്ട്‌. മുസ്ലിം രാജ്യങ്ങളിലും ഭാരതത്തിലും പ്രചാരത്തിലുള്ള പ്രത്യേക ജ്യോതിഷ സമ്പ്രദായമാണ്‌ അറബി(ക്ക്‌) ജ്യോതിഷം. നൂറ്റാണ്ടുകൾ പഴക്കമുള്ള അറബി ജ്യോതിഷം കൂടോത്രം, ആഭിചാര കർമ്മങ്ങൾ എന്നിവയ്ക്കുള്ളതാണെന്ന്‌ പലരും തെറ്റിദ്ധരിക്കുന്നു. രോഗശാന്തിക്കും മാനവനന്മയ്്ക്കുമാണ്‌ അറബിജ്യോതിഷം ഉപയോഗിക്കുന്നതെന്നാണ്‌ പണ്ഡിതരായവർ അവകാശപ്പെടുന്നത്‌.

അറബി ജ്യോതിഷം പാരമ്പര്യമായി തുടർന്നു പോരുന്നതും ഗഹനവുമാണ്‌. അചഞ്ചലമായ ഈശ്വര ഭക്‌തിയും പ്രതിഫലേച്ഛ കൂടാതെയുള്ള സേവന സന്നദ്ധതയുമാണ്‌ പ്രമുഖ അറബി ജ്യോത്സ്യന്മാരുടെ പ്രത്യേകത. ഗൃഹ നിർമ്മാണം, കിണർകുഴിക്കൽ, കടബാധ്യതകൾ, സാമ്പത്തികാഭിവൃദ്ധി, രോഗങ്ങൾ, വിവാഹ സാധ്യത, തൊഴിൽമാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഏതായാലും അറബിജ്യോതിഷം പരിഹാരം നിർദ്ദേശിക്കുന്നു.

പേർഷ്യൻ, ഹീബ്രു, ഗ്രീക്ക്‌, റോമൻ ജ്യോതിഷശാസ്‌ത്രങ്ങളാൽ അറബി ജ്യോതിഷം ഒരു പരിധിവരെ സ്വാധീനമേൽക്കപ്പെട്ടിട്ടുണ്ട്‌. ഇവയോടുള്ള ഇടപഴകൽ അറബിജ്യോതിഷം കൂടുതൽ പുഷ്ടിപ്പെടാൻ ഇടയാക്കി. ഇസ്ലാമിക പാരമ്പര്യത്തിലേക്ക്‌ അറബിജ്യോതിഷം കടന്നു ചെന്നത്‌ പേർഷ്യ, ഇന്ത്യ, ഗ്രീസ്‌ എന്നീ മൂന്നു മാർഗങ്ങളിലൂടെയാണെന്നു കരുതപ്പെടുന്നു. അറബിഭാഷയിലേയ്ക്ക്‌ മൊഴിമാറ്റം ചെയ്‌ത ആദ്യ ജ്യോതിഷ ഗ്രന്ഥം ഇന്ത്യയിൽ നിന്നെത്തിയതായിരുന്നത്രേ.

'സിദ്ധാന്ത' എന്ന ഗ്രന്ഥം മൊഴിമാറ്റം ചെയ്‌ത്‌ ബാഗ്ാ‍ദിലെത്തി. അറബികൾ ഇതിനെ 'സിന്ഥിന്ത്‌' എന്നു വിളിച്ചു. എന്നാൽ അറബിജ്യോതിഷത്തിൽ ഗ്രീക്കു സംഭാവനയായിരുന്നു മുഖ്യം. അലക്സാണ്ടർ ചക്രവർത്തിയുടെ യുദ്ധപര്യടനങ്ങൾ ഇതിന്‌ കൂടുതൽ സഹായകമായി. പേർഷ്യയിലെയും ഇന്ത്യയിലെയും ജ്യോതിഷശാസ്‌ത്രത്തിലും ഇതേ ഗ്രീക്ക്‌ സ്വാധീനം കാണാവുന്നതാണ്‌. ലോകത്തിന്റെ അച്ചുതണ്ടെന്നുപോലും വിശേഷിപ്പിക്കപ്പെട്ട ഈജിപ്‌തിലെ അലക്സാണ്ടിയ അറബികൾ കീഴടക്കിയപ്പോൾ ആയിരക്കണക്കിന്‌ ജ്യോതിഷ ഗ്രന്ഥങ്ങളും രേഖകളും ഇസ്ലാമിക പണ്ഡിതന്മാരുടെ കൈവശം എത്തി ചേർന്നു.

അൽ-ബിറൂണിയുടെ ഒരു ഗ്രന്ഥമൊഴികെ പ്രാചീന അറബി ജ്യോതിഷ ഗ്രന്ഥങ്ങളുടെ വിവർത്തനങ്ങളധികവും മധ്യകാല ലാറ്റിൻ ഭാഷയിൽ ഉള്ളതായതുകൊണ്ട്‌ ജ്യോതിഷ ശാസ്‌ത്രജ്ഞ്മാർക്ക്‌ അവ മനസിലാക്കുവാൻ സാധിക്കുന്നില്ല. ഇസ്ലാം-ക്രിസ്‌ത്യൻ വിദ്വേഷം യൂറോപ്പിലെ ജ്യോതിഷികളുടെ എതിർപ്പ്‌ അറബി ജ്യോതിഷത്തിനോടു ണ്ടാകാനും കാരണമായി. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചുകൊണ്ടും കരുത്തോടെ മുന്നേറിയുമാണ്‌ അറബി ജ്യോതിഷം പുരോഗതി നേടിയത്‌.

മഴയുടെ വരവായി ഇടവപ്പാതി

ഇത്‌ ഇടവപ്പാതിയുടെ നാളുകൾ. മലയാളമണ്ണിന്‌ മഴയുടെ അനുഗ്രഹം കോരിച്ചൊരിയുന്ന കാലവർഷ ത്തിന്റെ നാളുകൾ. ജ്യോതിഷപരമായി മഴയും പ്രവചിക്കാൻ വഴികളുണ്ട്‌. ജ്യോതിഷമൊന്നും അറിയാത്തവർ തന്നെ ഞാറ്റുവേലയും മറ്റും നോക്കി മഴയുടെ വരവു കണക്കുകൂട്ടുന്നു. പഴയകാലത്ത്‌ മലയാളി മഴയെക്കുറിച്ച്‌ അറിയാൻ ആശ്രയിച്ചിരുന്നത്‌ ഞാറ്റുവേലക്കണക്കും മറ്റും തന്നെയാണ്‌. ഇപ്പോഴത്തെ കാലത്തേതു പോലെ ഉപഗ്രഹനിരീക്ഷണസൌകര്യങ്ങളോ റഡാർ സംവിധാനങ്ങളോ ഒന്നും ഇല്ലാതിരുന്ന കാലത്ത്‌ മനുഷ്യൻ അവനു സാധ്യമായ വഴികൾ ഉപയോഗിച്ചു പ്രകൃതിയെ പഠിക്കുകയായിരുന്നു.

ഇടവപ്പാതി എന്ന സങ്കൽപം അങ്ങനെ വന്നതാണ്‌. ഇടവം 15-നു കാലവർഷം തുടങ്ങും എന്നു പഴയ കാലത്തെ കാരണവൻമാർ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ്‌. പണ്ടൊക്കെ കാലവർഷം കണക്കു തെറ്റാതെ വരികയും പോകുകയും ചെയ്യുമായിരുന്നു. പിന്നെപ്പിന്നെ, കാടും പുഴയുമൊക്കെ മനുഷ്യൻ സ്വന്തം താത്പര്യത്തിനായി നശിപ്പിച്ചപ്പോൾ മഴയുടെ പോക്കുവരവിന്റെ കണക്കും തെറ്റി. തിരി മുറിയാതെ മഴ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയിലും ഇപ്പോൾ ചില കാലങ്ങളിൽ കൊടുംവരൾച്ചയാണ്‌.

ജ്യോതിഷത്തിൽ സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണു നവഗ്രഹ സമൂഹം. ഇവയുടെ സ്ഥിതി അനുസരിച്ച്‌ മഴയുടെ വരവും പോക്കും കണക്കാക്കാ മെന്നു ജ്യോതിഷവിദഗ്ധർ പറയുന്നു. ജലകാരകൻ ചന്ദ്രനാണ്‌. ചന്ദ്രന്റെ നിൽപിന്‌ ഇതിൽ ഏറെ പ്രസക്‌തിയുണ്ട്‌. ഇത്തവണ ഇടവപ്പാതി വരുന്നത്‌ മേയ്‌ 29-നാണ്‌.

ഇടവപ്പാതി എന്നു പറഞ്ഞാൽ, ഇതെന്തു പാതി എന്നു ചോദിക്കും പുതിയ തലമുറ. അത്രയേറെ അകന്നു, ഇടവപ്പാതി മലയാളിയിൽ നിന്ന്‌. ഇടവപ്പാതി, തുലാപ്പത്ത്‌, തിരുവാതിര ഞാറ്റുവേല തുടങ്ങി മലയാണ്മയുടെ സുകൃതം പേറുന്ന കുറെയേറെ വാക്കുകളുണ്ട്‌. അവയിൽ പലതും മലയാളത്തിന്‌ ഇന്ന്‌ അന്യമായിക്കൊണ്ടിരിക്കുന്നു.

മേടം, ഇടവം തുടങ്ങിയ മലയാളമാസങ്ങൾ മുഴുവൻ അറിയാവുന്ന മലയാളികൾ തന്നെ ചുരുക്കം. പിന്നെയല്ലേ, ഇടവപ്പാതിയും തുലാപ്പത്തുമൊക്കെ! പണ്ട്‌ കാർഷികകേരളം ഇടവ പ്പാതിക്കായി കാത്തിരിക്കുമായിരുന്നു. മുറ തെറ്റാതെ കാലവർഷം പെയ്‌തു കൊണ്ടിരുന്ന കാലം. കൃത്യം ഇടവം പതിനഞ്ച്‌ ആയാൽ കാലവർഷം തുടങ്ങുകയായി.

മലയാളത്തിന്റെ മണ്ണിലും മനസ്സിലും പുതുജീവന്റെ നാമ്പുകളുയരുന്ന മഴയുടെ വരവ്‌ പ്രകൃതിയുടെ അനുഗ്രഹവർഷമായി മലയാളി നെഞ്ചിലേറ്റി. മഴ വരുന്ന ആ സുദിനം (അതു പക്ഷേ, സംസ്കൃതക്കാരുടെ ദുർദിനമല്ല) മലയാളികൾ ശരിക്കും ആഘോഷിച്ചു. ഇടവം 15-നെ ഇടവപ്പാതിയെന്നു സ്നേഹത്തോടെ വിളിച്ചു. ഇടവപ്പാതി 'നൊട്ടന്റെ കുറിയുടെ ദിവസം' ആണെന്നും മറ്റുമുള്ള പലതരം കഥകൾ പഴയകാലത്ത്‌ നാട്ടിൻപുറങ്ങളിൽ പ്രചരിച്ചിരുന്നു.

ഇടവപ്പാതി മുതൽ കർക്കടകം തീരുവോളം കനത്ത മഴയായിരുന്നു പണ്ട്‌. ഇടവമാസത്തിന്റെ അവസാന നാളുകളിൽ വരുന്ന മകയിരം ഞാറ്റുവേലയും മിഥുനമാസത്തിലെ തിരുവാതിര ഞാറ്റുവേലയും പേമാരിയുടെ നാളുകളായിരുന്നു. 'തിരുവാതിര തിരി മുറിയാതെ' എന്ന ചൊല്ലു പോലും മലയാളത്തിൽ ഉണ്ടായത്‌ മലയാളിയുടെ സ്വന്തം അനുഭവങ്ങളിൽ നിന്നു തന്നെ. 'ഇടവം തൊട്ടു തുലാത്തോളം കുട കൂടാതെ നടക്കൊലാ' എന്നൊരു നാട്ടുപാട്ടും ഉണ്ടായിരുന്നു. ഇടവമാസം മുതൽ തുലാമാസം വരെ എന്നും എപ്പോഴും മഴയുണ്ടാകാമെന്നു പഴമക്കാരുടെ അനുഭവം. ഇന്നു പക്ഷേ, കാലം മാറി, കഥ മാറി. കാലവർഷത്തിന്റെ വരവും കാലം തെറ്റി. ഇക്കൊല്ലം പോലും തുലാവർഷം ഇടിയും മിന്നലുമായി എത്തിയത്‌ വേനലിനിടയിൽ. കുടിക്കാൻ പോലും വെള്ളമില്ലാത്ത കടുത്ത വേനൽ പിന്നെയും.

ഇടവപ്പാതി കഴിഞ്ഞ്‌ ആഴ്ചകൾ കഴിഞ്ഞാലും മഴയില്ലാത്ത കാലം! 'ഇടവപ്പാതിക്കും വിയർത്തോളല്ലേ...' എന്നു പണ്ടു കവി പാടിയത്‌, ഭാവനയിലായിരുന്നെങ്കിൽ, ഇന്ന്‌ അത്‌ അക്ഷരാർഥത്തിൽ ശരിയായ യാഥാർഥ്യം!

പൂജാമുറിയിലെ ചിട്ടകൾ

വീടിന്റെ ഏറ്റവും പ്രധാന ഭാഗമാണ്‌ പൂജാമുറി എന്ന ധാരണ വേണം. കോണിയുടെ ചുവടോ ഉപയോഗിക്കാൻ പറ്റാത്ത മറ്റു സ്ഥലമോ പൂജാമുറിയാക്കി മാറ്റരുത്‌. കന്നിരാശിയാണ്‌ ഉത്തമം. തെക്കും വടക്കും ഭാഗത്ത്‌ പൂജാമുറി പാടില്ല. പൂജാമുറി നിത്യേന വൃത്തിയാക്കി സൂക്ഷിക്കണം. ദേവീദേവൻമാരുടെ പടങ്ങളും അഷ്ടമംഗല വസ്‌തുക്കൾ, പുരാണ ഗ്രന്ഥങ്ങൾ എന്നിവ വേണം. സുഗന്ധം പരത്തുന്ന വസ്‌തുക്കൾ എന്നും പുകയ്ക്കണം. രണ്ടു നേരവും തിരിയിട്ട്‌ രണ്ടുഭാഗത്തേക്കും വിളക്ക്‌ കത്തിക്കണം. എള്ളെണ്ണയാണ്‌ ഉചിതം. ഒാ‍ട്ടുവിള ക്കു മാത്രമെ കത്തിക്കാവു.

എല്ലാ ദിവസവും എണ്ണനിറയെ ഒഴിക്കണം. എന്നും വിളക്ക്‌ തുടച്ച്‌ പുതിയ തിരിയും എണ്ണയും ആയിരിക്കണം. കാലത്ത്‌ ഗ്രന്ഥ പാരായണമാകാം. വൈകിട്ട്‌ നാമം ജപിക്കണം. വീടി ന്റെ എല്ലാ മുറിയിലും കൊണ്ടുപോയി വിളക്ക്‌ കാണിക്കണം. മാത്രമല്ല, മൃഗങ്ങൾക്കും ഗ്രന്ഥങ്ങൾക്കും കൂടി കാണിക്കണംഎന്നാണ്‌ വിധി. വീട്ടിലെ അംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന്‌ സന്ധ്യക്ക്‌ നാമം ജപിക്കണം.

പൂജാ മുറിയിലെ വിളക്ക്‌ ഒരിക്കലും തറയിൽ വയ്ക്കരുത്‌. വിളക്കിനായി പ്രത്യേക പീഠം ഉണ്ടാവുന്നത്‌ നന്ന്‌. മരിച്ച ആളുടെ ഫോട്ടോ പൂജാമുറിയിൽ വയ്ക്കരുത്‌. മാതാപിതാ ക്കളായാൽ പോലും ഫോട്ടോ പൂജാമുറിയിൽ പാടില്ല.

ശകുനങ്ങൾ പറയുന്നതെന്ത്‌?

മംഗളകാര്യത്തിന്‌ യാത്രയ്ക്കൊരുങ്ങുമ്പോൾ കുറ്റിച്ചൂലുമായി ഭാര്യ മുന്നിൽ. പത്തുമുപ്പതു വർഷങ്ങൾക്കു മുൻപാണെങ്കിൽ ഭാര്യയുടെ കഷ്ടകാലമെന്നു പറഞ്ഞാൽ മതി. ശകുനം നോക്കിയിറങ്ങുന്നയാളാണെങ്കിൽ ഇപ്പോഴും ഭർത്താവിന്റെ മുഖം കറുക്കും. യാത്രയ്ക്കിറങ്ങുമ്പോൾ പുറകിൽ നിന്നാരെങ്കലും വിളിച്ചാൽ നിങ്ങൾക്കെന്തു തോന്നും? പ്രത്യേകിച്ച്‌ ജോലിസംബന്ധമായോ സാമ്പത്തികമായോ യാത്രയ്ക്കു പ്രാധാന്യമുണ്ടെങ്കിൽ.. ശകുനത്തിൽ വിശ്വസിക്കാത്തയാളാണെങ്കിൽ പോലും അരോചകമുണ്ടാകില്ലേ?

ശകുനങ്ങളെ ആറായാണ്‌ തരം തിരിച്ചിരിക്കുന്നത്‌. ഇതിൽ ശുഭഫലസൂചകമാണ്‌ ദീപ്‌തം. ബാക്കിയുള്ളവ ശാന്തമെന്ന പൊതുനാമത്തിൽ ഉൾപ്പെടുന്നു. സമയം, ദിക്ക്‌, ശബ്ദം, കാരണം, ദേശം, ജാതി എന്നിങ്ങനെ ആറുതരത്തിൽ ദീപ്‌തത്തെ വേർതിരിക്കാം. ദീപ്‌തങ്ങൾ ശുഭസൂചകമാണെങ്കിലും പെട്ടെന്നു കാണുമ്പോൾ അത്‌ അശുഭകരമായി തെറ്റിദ്ധരിച്ചേക്കാം.

വീടിന്റെ പിൻഭാഗത്ത്‌ കാക്ക പച്ചമാംസം ഛർദ്ദിച്ചിട്ടാൽ സാമ്പത്തികലാഭവും ധനാഗമനവുമാണ്‌ സൂചിപ്പിക്കുന്നത്‌. യാത്രികന്റെ ഇടതുവശത്തുകൂടി കാക്ക പറന്നാൽ കാര്യലാഭവും വലതുവശത്തുകൂടി പറന്നുപോയാൽ വിഘ്നങ്ങളുമാണ്‌. യാത്രയ്ക്കായിറങ്ങുമ്പോൾ ഭവനത്തിലേക്ക്‌ കാക്കയെത്തിയാൽ ശുഭസൂചകമാണ്‌. യാത്ര ഫലവത്താകുമെന്നതിന്റെ സൂചനയാണത്‌.

അസ്ഥി, കയറ്‌ ഇവ കടിച്ചുകൊണ്ട്‌ എതിരെ പട്ടി വന്നാൽ യാത്ര അനുകൂമായിരിക്കി ല്ലെന്നു മാത്രമല്ല തടസങ്ങൾ പലതുമുണ്ടാകും. എന്നാൽ ചെരിപ്പ്‌, മാംസം ഇവയാണ്‌ കടിച്ചുകൊണ്ടു വരുന്നതെങ്കിൽ ശുഭസൂചകമാണു കാര്യങ്ങളെന്നാണ്‌ കരുതുന്നത്‌.

മദ്യം, നെയ്യ്‌, ചന്ദനം, വെളുത്ത പുഷ്പം, തൈര്‌, വേശ്യാസ്‌ത്രീ, രണ്ടു ബ്രാഹ്മണന്മാർ, ശൂദ്രൻ, പച്ചയിറച്ചി, തേൻ, കരിമ്പ്‌, മണ്ണ്‌, അഗ്നി, ഗജം, കയറിട്ട കാള അല്ലെങ്കിൽ പശു, വാഹനങ്ങൾ എന്നിവ നല്ല ശകുനങ്ങളാണ്‌. എന്നാൽ വിറക്‌, ചാരം, എണ്ണ, കഴുത, പാമ്പ്‌, പൂച്ച , വികലാംഗൻ, വിധവ, രോഗി, മഴു, ചൂല്‌, മുറം, കയറ്‌, തല മുണ്ഡനം ചെയ്‌തതോ വടി യുമായി വരുന്നയാളോ, പോത്ത്‌, കയറില്ലാതെ വരുന്ന കാള, ദർഭ, എള്ള്‌ തുടങ്ങിയവ ദുശ്ശകുനങ്ങളും.

വാദ്യാഘോഷങ്ങൾ കേൾക്കുന്നതും പക്ഷികളുടെ കളകളനാദവും പ്രാർഥന-വേദ ഗ്രന്ഥങ്ങളും പാരായം ശ്രവിക്കുന്നതുമെല്ലാം ശുഭസൂചകങ്ങളാണ്‌, യാത്ര പുറപ്പെടുമ്പോൾ 'പോകാതിരിക്കുകയാണു ഭേദം', 'പോയിട്ടെന്തു കാര്യം,' 'എന്തു പ്രയോജനം' തുടങ്ങിയ നിഷേധവാക്കുകളാണ്‌ ശ്രവിക്കേണ്ടി വരുന്നെങ്കിൽ അത്‌ അശുഭ സൂചകമായിരിക്കും. പിന്നിൽ നിന്നു വിളിക്കുക, ക്ഷണിക്കുക തുടങ്ങിയവയും ശുഭമാണ്‌. യാത്രയ്ക്കിറങ്ങുമ്പോൾ എവിടെങ്കിലും മുട്ടി പരിക്കുപറ്റുന്നതും കുടയും മറ്റും താഴെ വീഴുന്നതും ശുഭമല്ലെന്നു കരുതപ്പെടുന്നു.

ശകുനപിഴയാണു കാണുന്നതെങ്കിൽ പരിഹാരമായി ചെയ്യേണ്ട കാര്യങ്ങൾ പലതുണ്ട്‌. യാത്രയ്ക്കൊരു ങ്ങിയിറങ്ങുമ്പോൾ ദുഃശകുനം കണ്ടാൽ മടങ്ങിയെത്തി പതിനൊന്നുതവണയും വീണ്ടും ദുശകുനം കണ്ടാൽ മടങ്ങിയെത്തി പതിനാറു തവണയും പ്രാണയാമം ചെയ്യണമെന്നാണ്‌ വയ്പ്‌. അതിനുശേഷം യാത്ര പുനരാരംഭിക്കാം. വീണ്ടും ദുഃശ കുനമാണു കാണുന്നതെങ്കിൽ യാത്ര ഒഴിവാക്കുന്നതാണ്‌ ഉത്തമമെന്നു പണ്ഡിതർ പറയുന്നു. വിഷ്ണു സ്‌തുതികൾ ചൊല്ലുന്നതും ദുശകുനപരിഹാരമാർഗ്ഗമായി കരുതപ്പെടുന്നു.

ചൊവ്വാഴ്ച, ജൂലൈ 19, 2005

കിട്ടിയാൽ ഊട്ടി; ഇല്ലെങ്കിലും ചട്ടി

കിട്ടിയാൽ ഊട്ടി; ഇല്ലെങ്കിലും ചട്ടി

വടകര: കടത്തനാട്ടിലെ ഉൽസവങ്ങൾ കണ്ടു വരുന്നവരുടെ വിശേഷം ചോദിക്കുന്നതിനിടയിൽ ഒരു ചോദ്യം കൂടിയുണ്ടാകും. "ചട്ടികളിയുണ്ടായിരുന്നോ?.. പണമെറിഞ്ഞ്‌ പണം കൊയ്യാൻ ( കളയാനും) ഉൽസവപ്പറമ്പുകളിൽ ഇക്കുറിയും ചട്ടികളി സജീവം. ഇതൊരു ചൂതാട്ട മാണെന്ന്‌ കടത്തനാട്ടുകാർ പറയില്ല. കാരണം ഇവിടെ ഉൽസവവും തിറകളും തുടങ്ങിയ കാലം മുതൽ ചട്ടികളിയും ഉണ്ടായിരുന്നു. ലാഭ നഷ്ടങ്ങളുടെ കണക്കിനപ്പുറം വിനോദത്തിന്റെ തലത്തിൽ ഉൽസവപ്പറമ്പിൽ ആവേശം പകരുന്ന റോളിലാകു മ്പോൾ പലയിടത്തും പൊലീസ്‌ പോലും മൌനസമ്മതം നൽകും. കണ്ടില്ലെന്നു നടി ച്ചാലും ചട്ടികളിക്കാൻ വരുന്നവർ പ്രശ്നക്കാരായാൽ ്‌ ഇടപെടുകയും ചെയ്യും.

ഇതൊരു തുടർക്കളിയല്ല. ഉൽസവങ്ങളുടെ ആരവങ്ങളൊഴിഞ്ഞാൽ ചട്ടികളിക്കാർ രംഗം വിടുകയായി. പിന്നെ അടുത്ത വർഷം തിറകളും ഉൽസവങ്ങളും നടക്കുന്ന അമ്പലപ്പറമ്പു കളിലേക്കു വീണ്ടും. കളി നടത്തുന്നവനും കളിക്കാൻ വരുന്നവനും ഒരേ ലക്ഷ്യം. കിട്ടിയാൽ ഊട്ടി. ഇല്ലെങ്കിൽ....... പതിനായിരങ്ങൾ വില വരുന്ന ആനക്കൊമ്പു കൊണ്ടുള്ള പന്താണ്‌ ചട്ടികളിയുടെ പ്രധാന ആകർഷണം. വലിയൊരു തളികയിൽ കളങ്ങൾ വരച്ചു ചേർത്ത പന്ത്‌ ഉരുട്ടി തുടങ്ങുമ്പോൾ പുറത്ത്‌ വച്ച കളങ്ങളിൽ ആളു കൾ പണം ഇട്ടു തുടങ്ങും. അൻപത്‌ പൈസയായാലും അൻപതിനായിരമായാലും കളി കിട്ടുന്നവന്‌ അഞ്ചിരട്ടിയാണ്‌ നൽകേണ്ടത്‌.

തളികയിൽ താളാത്മകമായി ഉരുളുന്ന പന്ത്‌ അഞ്ചു മിനയറ്റ്ങ്കിലും കറങ്ങും. ഒടുവിൽ പന്ത്‌ മുകളിൽ വരുന്ന കളത്തിൽ പണം വച്ചവർക്ക്്‌ അഞ്ചിരട്ടി. മറ്റുള്ളവർ അടുത്ത കളത്തിൽ പണം വയ്ക്കുന്നു. വീണ്ടുമൊരു ഭാഗ്യ പരീക്ഷണത്തിനായി.മറ്റു ജോലികൾ ചെയ്‌തു വരുന്നവരാണ്‌ ഉൽസവകാലമായാൽ ചട്ടികളിക്കിറങ്ങുന്നവർ. ചട്ടികളി നടത്തിപ്പു കാർ മര്യാദയിലും ക്ഷമയിലും മറ്റാരേക്കാളും മുൻപന്തിയിലായിരിക്കും. 'കള്ളക്കൈ' കളെ തിരിച്ചറിഞ്ഞാലും അവർക്ക്്‌ മുന്നറിയിപ്പ്‌ നൽകുകയല്ലാതെ ഗുണ്ടായിസം കാണിക്കാൻ ഇവർ ഒരുക്കമല്ല.

വയ്ക്കാത്ത കളത്തിന്‌ പണം വാങ്ങാൻ മിടുക്കൻമാരായ പലരും കളിക്കാനെത്താറുണ്ട്‌. ഇവരോട്‌ ഇടഞ്ഞാൽ കളി മുടക്കേണ്ടി വരും. ഇതു കാരണം പലരും പിൻവാങ്ങുകയാണ്‌ പതിവ്‌. കളി നിർത്തിയാൽ നഷ്ടം ചട്ടികളിക്കാർക്കായതു കൊണ്ട്‌ ഇങ്ങനെയൊ ക്കെയേ ചെയ്യാൻ പറ്റൂ എന്ന്‌ കളി നടത്തി തഴക്കവും പഴക്കവും വന്ന ചട്ടികളിക്കാരി ലൊരാൾ പറഞ്ഞു. ആരെങ്കിലും വൻ തുക വച്ചാൽ കുഴങ്ങുന്നത്‌ ചട്ടികളിക്കാരനാ യിരിക്കും. കളി ഇയാൾക്ക്‌ അടിച്ചാൽ പാവം നടത്തിപ്പുകാരന്‌ അഞ്ചിരട്ടി നൽകാനാവില്ല.

ഇങ്ങനെ വരുമ്പോഴാണ്‌ 'ചട്ടി മറിക്കൽ' നടത്തുക. കളി നടക്കുമ്പോൾ പൊലീസെത്തിയാൽ ആളുകൾ പരക്കം പായുന്നതിനിടയിൽ ചട്ടികളിക്കാരുടെ പണവും തട്ടിയെടുത്ത്‌ മുങ്ങുന്നവരുണ്ട്‌. ഇതു തടയാൻ പഴയകാല കളിക്കാരിൽ ചിലർക്ക്‌ 'മുതലപ്പതി' വിദ്യയറിയാം. പണം ഇട്ട തുണിയിക്കു മീതെ ആർക്കും ഇളക്കി മാറ്റാൻ കഴിയാത്ത വിധമുള്ള കിടപ്പാണത്‌.

കളി നടക്കുന്ന സ്ഥലത്ത്്‌ മനഃപൂർവം കുഴപ്പമുണ്ടാക്കാൻ ചിലർ പൊലീസ്‌ എന്നു വിളിച്ചു കൂവി പ്രശ്നമുണ്ടാക്കുക പതിവാണ്‌. മുൻപു കണ്ടു പരിചയം പോലുമില്ലാത്ത വരായാൽ പോലും കളിയിൽ തുടർച്ചയായി തോൽക്കുന്നവർക്ക്‌ പണം കൊടുക്കലും ബീഡി നൽകലും കളിയിലെ സൌഹൃദത്തിന്റെ പ്രതീകമാണ്‌. കളി കാണാൻ മാത്രം കൂടുന്നവരാണു വേറൊരു കൂട്ടർ. അവർക്കതു മതി.

കടത്തനാട്ടിലെ ഉൽസവപ്പറമ്പുകളിൽ ചട്ടികളിയൊടൊപ്പം കാണുന്ന 'കുലുക്കിക്കുത്ത്‌', 'തിരിപ്പ്്‌', 'മുച്ചീട്ടുകളി', ' നാടകുത്ത്്‌' തുടങ്ങിയ കളികൾ മറ്റിടങ്ങളിലും കാണാമെങ്കിലും ചട്ടികളിയുടെ ആരവങ്ങൾ ഇവിടത്തുകാർക്ക്‌ മാത്രം സ്വന്തം. ആനക്കൊമ്പിൽ കളങ്ങൾ വരയ്ക്കുന്ന ചട്ടിയുടെ ഉണ്ട (പന്ത്‌) ഇന്ന്‌ അപൂർവ വസ്‌തുവാണ്‌. ഇതിന്‌ മുൻ കാലങ്ങളിൽ കാൽലക്ഷം രൂപ വരെയായിരുന്നു വില.

കുണ്ടുതോടിനടുത്ത്‌ ഒരാളുടെ കൈവശമുണ്ടായിരുന്ന ഉണ്ടയ്ക്ക്‌ നാൽപ്പതിനായിരം രൂപ വരെ വില പറഞ്ഞ സംഭവം അടുത്തയിടെ ഉണ്ടായി. വടകര ഭാഗത്തെ ഉൽസവപ്പറമ്പുകളിൽ കളിക്കാൻ മാത്രമായി പല ജില്ലകളിൽ നിന്നും പതിവായി എത്തുന്നവരുണ്ട്‌. പണം പോകുന്നതും കിട്ടുന്നതുമല്ല പ്രശ്നം. ചട്ടിയുണ്ട കറങ്ങിക്കറങ്ങി കളം തെളിയുന്ന കാഴ്ച...അതു തന്നെ ഒരു ഹരമാണ്‌.

ആരാണ്‌ ദരിദ്രൻ

ആരാണ്‌ ദരിദ്രൻ
മാതാ അമൃതാനന്ദമയി

ഭാരതം ദരിദ്രരാഷ്‌ട്രമാണോ? അങ്ങനെയാണെന്നാണ്‌ പാശ്ചാത്യർ പറഞ്ഞു പരത്തുന്നത്‌. ഭൌതികസമ്പത്തിൽ ഭാരതം ചില രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ദരിദ്രമാണ്‌.
എന്നാൽ, മന:ശ്ശാന്തിയിൽ ഭാരതം ഇന്നും സമ്പന്നംതന്നെ. പല പാശ്ചാത്യരാജ്യങ്ങളേക്കാൾ ഇവിടെ കുറ്റകൃത്യങ്ങൾ വളരെ കുറവാണ്‌. മനോരോഗികളുടെയും മയക്കുമരുന്നിനടിമകളായവരുടെയും എണ്ണം അത്ര കണ്ടു പെരുകുന്നില്ല. കാരണം, ഇവിടെ ആദ്ധ്യാത്‌മിക സംസ്ക്കാരം അവശേഷിച്ചിട്ടുണ്ട്‌.
ആദ്ധ്യാത്‌മികതത്വങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സമൂഹത്തിൽ ശാന്തി നിലനിർത്താൻ കഴിയൂ. സ്വയമാർജ്ജിച്ച സ്വത്തിൽ തനിക്കു ജീവിക്കാനുള്ളതുമാത്രം എടുത്തശേഷം ബാക്കി ദാനം ചെയ്യാനാണ്‌ ആദ്ധ്യാത്‌മികം ഉപദേശിക്കുന്നത്‌.
എന്നാൽ ഇന്നു അതാണോ നടക്കുന്നത്‌? മറ്റുള്ളവന്റെ സ്വത്തുകൂടി അപഹരിച്ചു അത്‌ ബാങ്കിലിടാനാണ്‌ ശ്രമിക്കുന്നത്‌. ജീവിതം എന്നാൽ പണം സമ്പാദിക്കാൻ മാത്രം എന്നാണ്‌ പലരുടെയും ധാരണ. എത്ര സമ്പത്തുണ്ടായിട്ടും ജീവിക്കുന്നതാകട്ടെ ദരിദ്രനായും. കാരണം, സമ്പത്തുണ്ടെങ്കിലും മന:ശ്ശാന്തിയില്ല.
ഒരു പിടി വറ്റാണെങ്കിലും അതു കുടുംബത്തിലെ എല്ലാവരും പങ്കിട്ടു കഴിച്ച്‌ സംതൃപ്‌തിയോടെ കിടന്നുറങ്ങുന്ന പാവപ്പെട്ടവനാണോ, അതോ അസുഖം കാരണം വയറു നിറച്ചുണ്ണാൻ കഴിയാതെ എയർകണ്ടീഷൻ മുറിയിൽ ഉറക്കം വരാതെ കിടന്നുരുളുന്ന ധനവാനോ, ആരാണ്‌ യഥാർത്ഥത്തിൽ ദരിദ്രൻ? അങ്ങനെ നോക്കിയാൽ തീർച്ചയായും ഭാരതം സമ്പന്നരാജ്യംതന്നെ.
ഭൌതികമായും ഭാരതം സമ്പന്നരാജ്യം തന്നെയായിരുന്നു. പിന്നീട്‌ ഇവിടെയുള്ളവരിൽ അഹങ്കാരം വർദ്ധിക്കാൻ തുടങ്ങി. 'എനിക്ക്‌ അവന്റേതുകൂടി വേണ'മെന്നായി. ഇതു ഭ്രാന്താണ്‌. സ്ഥാനമാനങ്ങൾക്കുവേണ്ടി പെരുതുന്നവൻ ഭ്രാന്തനാണ്‌. അസൂയയും അഹങ്കാരവും കൊണ്ട്‌ ഈശ്വരനെ മറക്കാൻ തുടങ്ങി. ധർമ്മം വെടിഞ്ഞു. പരസ്‌പരം കലഹം വർദ്ധിച്ചു. അങ്ങനെ ഐക്യവും ഭൌതികശക്തിയും നഷ്‌ടമായി.
ഇതു മറ്റുള്ള രാജ്യങ്ങൾക്ക്‌ ഇവിടെ ആധിപത്യം ഉറപ്പിക്കാൻ സഹായകമായി. എത്രയോ കാലം വിദേശീയർ ഭാരതത്തെ അടക്കി ഭരിച്ചു. അവർ നമ്മുടെ സമ്പത്തെല്ലാം ചോർത്തിക്കൊണ്ടു പോയി. രാജ്യത്തെ മരുഭൂമിക്ക്‌ തുല്യമാക്കി.
ഇന്നും ഭാരതത്തിന്റെ നിലനില്‌പിനു കാരണം, ഇവിടത്തെ ഭൌതികശക്തിയല്ല. അവശേഷിക്കുന്ന ആത്‌മീയശക്തി ഒന്നുമാത്രമാണ്‌. പക്ഷേ, ഇത്രയൊക്കെ അനുഭവങ്ങളുണ്ടായിട്ടും നമ്മൾ ശരിയായ പാഠം പഠിക്കാൻ തയ്യാറാകുന്നില്ല. രാജ്യത്തിന്റെ പുരോഗതിയേക്കാൾ വ്യക്തിലാഭമാണ്‌ പലരുടെയും ലക്ഷ്യം. ശരിയായ ഭൌതിക പുരോഗതി, ആദ്ധ്യാത്‌മികവിദ്യയിലൂടെ മാത്രമേ നേടിയെടുക്കാൻ കഴിയൂ. ഇന്നുള്ള ഭൌതികസമ്പത്തുതന്നെ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മതി നമ്മുടെ രാജ്യത്ത്‌ ദാരിദ്യ്‌രം ഇല്ലാതാകും.
അന്യരാജ്യക്കാർ തരിശു ഭൂമിയിൽപോലും കൃഷിയിറക്കുമ്പോൾ നമ്മൾ കൃഷിയിടങ്ങൾ കളിസ്ഥലങ്ങളും വ്യവസായശാലകളുമാക്കി തീർക്കുന്നു. പണം കൊണ്ടു വയറു നിറയ്ക്കാൻ കഴിയുമോ? പണം നൽകിയാലും വാങ്ങാൻ ആഹാരം വേണ്ടേ?
ഓരോ രാജ്യത്തിനും തനതായ പൈതൃകമുണ്ട്‌. അതിൽ വേരുറച്ചുനിന്നുകൊണ്ടുള്ള പരിഷ്ക്കാരം മാത്രമേ ആ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കൂ. ആത്‌മീയസംസ്ക്കാരം ഉൾക്കൊണ്ട്‌ ചെറുപ്പക്കാർ ഓരോ ഗ്രാമങ്ങളിലും ചെന്ന്‌ ജനങ്ങളെ ബോധവത്ക്കരിക്കണം. രാജ്യത്തെ സ്വന്തം വീടുപോലെ കാണുവാൻ അവരെ പഠിപ്പിക്കണം. കൃഷിഭൂമി കൃഷിക്കുമാത്രം ഉപയോഗിക്കാൻ അവരെ പ്രേരിപ്പിക്കണം.
വീടില്ലാത്തവർക്ക്‌ വീടുവച്ചുകൊടുക്കണം. ആഹാരമില്ലാത്തവർക്ക്‌ ആഹാരം എത്തിക്കണം. ഒപ്പം നമ്മുടെ സംസ്ക്കാരം കൂടി അവരെ പറഞ്ഞു മനസ്സിലാക്കിക്കണം. ഈ രാജ്യത്തിന്റെ സംസ്ക്കാരം മറന്നുകൊണ്ട്‌ ഇനിയും നമ്മൾ മുന്നോട്ടുപോയാൽ ഭാവിയിൽ ഇതിനേക്കാൾ ദു:ഖിക്കേണ്ടി വരുമെന്ന്‌ ഓർമ്മപ്പെടുത്തണം. ആദ്ധ്യാത്‌മികസംസ്ക്കാരം എന്നുനഷ്‌ടപ്പെടുന്നുവോ അന്നു തുടങ്ങും രാജ്യത്തിന്റെ പൂർണ്ണനാശം.
ആദ്ധ്യാത്‌മികം എന്നത്‌ ജീവിതത്തിൽനിന്ന്‌ വേറിട്ടൊരു വസ്‌തുവല്ല. അവനവനിലുള്ളതുതന്നെയാണ്‌. അതിനെ ബോധതലത്തിലേക്കു കൊണ്ടുവരാൻ ആചാരാനുഷ്ഠാനങ്ങൾ സഹായിക്കുന്നു എന്നു മാത്രം. പല്ലു തേയ്ക്കുന്നതും കുളിക്കുന്നതും എങ്ങനെ നമ്മുടെ സ്വഭാവമായി തീർന്നോ അതുപോലെയായി മാറേണ്ടതാണ്‌. ഈ തത്വങ്ങൾ ഉൾക്കൊള്ളാൻ അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ ഭൂരിപക്ഷം ആൾക്കാരുടെയും ജീവിതം ചലിക്കുന്ന യന്ത്രമനുഷ്യരുടേതുപോലെയാകുമായിരുന്നു. മതമില്ലാതെയും ജീവിക്കാം. അതുപക്ഷെ, ശവത്തിനു മേയ്ക്കപ്പിടുന്നതുപോലെയാണ്‌.

ഒരു പിടിച്ചോറിനായി യാചിച്ച ഗായകൻ

ഒരു പിടിച്ചോറിനായി യാചിച്ച ഗായകൻ
മെഹബൂബ്‌

കൊച്ചിയിലെ പള്ളുരുത്തിയ്ക്കടുത്തുള്ള പഴക്കംചെന്ന ഒരു ലോഡ്ജ്‌. സർക്കാർജീവനക്കാരായ കുറെ ഗുമസ്‌തന്മാരും സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരുമാണ്‌ അവിടത്തെ അന്തേവാസികൾ. ഇടിഞ്ഞു പൊളിയാറായ ആ ലോഡ്ജിൽ മുപ്പതോളം താമസക്കാരുണ്ട്‌.
അന്നൊരു ഞായറാഴ്ചയായിരുന്നു. കാലം 1970.
അവധിദിവസമായതുകൊണ്ട്‌ ലോഡ്ജിൽ എല്ലാവരുമുണ്ട്‌. ചിലർ വസ്‌ത്രങ്ങൾ കഴുകുന്നു. ചിലർ ആഹാരം പാകം ചെയ്യുന്നതിന്റെ തിരക്കിൽ. റമ്മികളിയുടെ ഹരത്തിലാണ്‌ വേറെ ചിലർ.
നേരം ഉച്ചയോടടുത്തിരുന്നു. അപ്പോൾ ലോഡ്ജിന്റെ മുന്നിൽ മുഷിഞ്ഞ വസ്‌ത്രധാരിയായ ഒരാൾ വന്നുനിന്നു. ക്ഷീണിച്ചു തളർന്ന മുഖം. ലോഡ്ജിലെ താമസക്കാരോട്‌ അയാൾക്ക്‌ എന്തോ ചോദിക്കണമെന്നുണ്ട്‌. പക്ഷേ, വല്ലാത്തൊരു പരുങ്ങലിലാണ്‌ അയാൾ.
കഴുകിയ വസ്‌ത്രങ്ങൾ അയയിൽ വിരിക്കാൻ പോയ ഒരാൾ, ലോഡ്ജിന്റെ മുന്നിൽ നിൽക്കുന്ന അപരിചിതനെ കണ്ടു. എന്താ കാര്യമെന്ന്‌ അയാൾ ചോദിച്ചു.
ആ ചോദ്യം അയാൾക്ക്‌ ധൈര്യം പകർന്നു. അയാൾ അടുത്തേയ്ക്കു ചെന്നു.
"എനിക്ക്‌ വിശപ്പു സഹിക്കാൻ കഴിയുന്നില്ല. എന്തെങ്കിലും കുറച്ച്‌ ആഹാരം തരണം. പകരം തരാൻ എന്റെ കൈയിലൊന്നുമില്ല. എനിക്ക്‌ പാടാനറിയാം. നിങ്ങൾക്ക്‌ ഇഷ്‌ടമാണെങ്കിൽ ഞാൻ പാടാം."
അതുകേട്ടപ്പോൾ അലക്കിയ വസ്‌ത്രങ്ങളിരുന്ന പാത്രം താഴെ വച്ചിട്ട്‌ അയാൾ കൂട്ടുകാരെ വിളിച്ചു.
"നിങ്ങളെല്ലാം ഒന്നിങ്ങു വന്നേ. ഒരാൾ പാടാൻ വന്നിരിക്കുന്നു. പകരം ആഹാരം കൊടുത്താൽ മതിയെന്ന്‌."
ഓരോരോ പണികളിൽ വ്യാപൃതരായിരുന്നവർ അതെല്ലാം നിറുത്തി. എല്ലാവരും പൂമുഖത്തേയ്ക്കു വന്നു. പുറത്തുനിൽക്കുന്ന അപരിചിതനെ ചിലർക്ക്‌ പരിചയമുള്ളതുപോലെ. എങ്ങോ കണ്ടുമറന്ന മുഖം!
ഒരാൾ പറഞ്ഞു.
"ശരി, ആഹാരം തരാം. പക്ഷേ നല്ലൊരു പാട്ടു പാടണം."
അപരിചിതനായ അയാൾ ലോഡ്ജിന്റെ പൊട്ടിപ്പൊളിഞ്ഞ കോലായിൽ കയറിയിരുന്നു. സംഭവം അറിഞ്ഞ്‌ ലോഡ്ജിലെ മറ്റു അന്തേവാസികളെല്ലാം അവിടെയെത്തി. കൈവരികളിലും വരാന്തയിലുമായി അവരെല്ലാം ഇരുന്നു.
അയാൾ പാടാൻ തുടങ്ങി.
"തോർന്നിടുമോ കണ്ണീർ
ഇതുപോലെൻ ജന്മം തീർന്നിടുമോ...."
വളരെ മനോഹരമായി അയാൾ പാടി. ആ മധുരശബ്‌ദത്തിൽ ലോഡ്ജിലെ താമസക്കാരെല്ലാം സ്വയം മറന്നിരുന്നു. വീണ്ടും അയാളുടെ പാട്ടു കേൾക്കണമെന്ന്‌ അവർക്കു തോന്നി. ഒരാൾ പറഞ്ഞു.
"ഊണുകഴിക്കാൻ ഇനിയും സമയമുണ്ട്‌. ഇന്നു നമ്മുക്കെല്ലാവർക്കും ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം. അതുകൊണ്ട്‌ ഒരു പാട്ടുകൂടി ആവാം."
അയാൾ വീണ്ടും കണ്ണുകളടച്ചു. ഏതോ പാട്ടിന്റെ വരികൾക്കുവേണ്ടിയുള്ള ധ്യാനം!
"അകാലെ ആരും കൈവിടും
നീതാനേ നിൻ സഹായം...."
പാട്ടു തീരുന്നതുവരെ ആരും ശബ്‌ദിച്ചില്ല. അത്രത്തോളം അവർക്ക്‌ ആ പാട്ട്‌ ഇഷ്‌ടപ്പെട്ടു. അവർ അതിശയിക്കുകയായിരുന്നു. ആരാണ്‌ ഇയാൾ? ഇത്ര മധുരമായി പാടുന്ന ഇയാൾ എന്തുകൊണ്ടാണ്‌ ആഹാരം യാചിച്ചു നടക്കുന്നത്‌?
അവർ വീണ്ടും നിർബന്‌ധിച്ചു, ഒരു പാട്ടുകൂടി പാടാൻ.
"നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ...."
ആ പാട്ട്‌ തീർന്നപ്പോൾ കൂട്ടത്തിലൊരാൾ ചോദിച്ചു.
"പാടിയ പാട്ടുകളൊക്കെയും ശോകമാണല്ലോ. താളമടിച്ചു രസിക്കാനുള്ള പാട്ടൊന്നും കൈയിലില്ലേ?"
അപ്പോൾ അയാൾ നിവർന്നിരുന്നു. ചെറുതായൊന്നു താളമടിച്ചു. ശ്രോതാക്കൾക്കും രസം കയറി. വിശപ്പെല്ലാം മറന്നു അയാൾ താളമടിച്ചു പാടാൻ തുടങ്ങി.
"പണ്ടു പണ്ടു നിന്നെ കണ്ട നാളയ്യാ
പാട്ടുപാടാനറിയാത്ത താമരക്കിളി നീ....."
ആ പാട്ടു തീർന്നപ്പോൾ അന്തേവാസികളിലൊരാളിനു സംശയം.
"നിങ്ങൾ പാടിയ പാട്ടുകളെല്ലാം ഒരു ഗായകന്റെതാണല്ലോ. അയാളോടുമാത്രം എന്താ ഇത്രയ്ക്കു ഇഷ്‌ടം? ഞങ്ങൾക്ക്‌ മറ്റുള്ളവരുടെ പാട്ടുകളും കേൾക്കണം. കമുകറ പുരുഷോത്തമന്റെ ഒരു പാട്ട്‌ കേൾക്കണം. അതൊന്നു പാടണം."
"അദ്ദേഹത്തിന്റെ പാട്ട്‌ ഞാൻ പാടില്ല."
"എങ്കിൽ വേണ്ട. എ. എം. രാജയുടെയോ ഉദയഭാനുവിന്റെയോ പാട്ടായാലും മതി."
"ഇല്ല, അവരുടെ പാട്ടും ഞാൻ പാടില്ല."
അയാൾ തീർത്തുപറഞ്ഞു.
വിട്ടുകൊടുക്കാൻ അവരും തയ്യാറായില്ല.
"അപ്പോൾ നിങ്ങൾ യേശുദാസിന്റെ പാട്ടു പാടുമായിരിക്കും."
"ഇല്ല, അതുമില്ല."
എല്ലാം കേട്ടിരുന്ന ഒരാൾക്ക്‌ ദേഷ്യം വന്നു.
"പിന്നെന്താ താൻ മെഹബൂബിന്റെ പാട്ടുകൾ മാത്രം പാടുന്നത്‌? അയാൾ തന്റെ ആരാ?"
മുഖം താഴ്ത്തി, ആരോടെന്നില്ലാതെ ഗായകൻ പറഞ്ഞു.
"എനിക്ക്‌ മെഹബൂബിന്റെ പാട്ടുകളെ പാടാൻ കഴിയൂ. കാരണം, ഞാനാണ്‌ മെഹബൂബ്‌!"
അവിടെ നിന്നവരെല്ലാം സ്‌തംഭിച്ചുപോയി. അനുഗൃഹീതനായ ഒരു ഗായകനാണല്ലോ തങ്ങളുടെ മുന്നിൽ ആഹാരത്തിനായി യാചിച്ചു നിൽക്കുന്നതെന്നറിഞ്ഞപ്പോൾ അവർക്ക്‌ വല്ലാത്ത വേദന തോന്നി.
മധുരങ്ങളായ ഒട്ടനവധി ഗാനങ്ങൾക്കൊണ്ട്‌ മലയാളികളെ സന്തോഷിപ്പിച്ചിട്ടുള്ള സിനിമാപിന്നണി ഗായകൻ മെഹബൂബിന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ഒരു സംഭവമാണ്‌ നിങ്ങൾ വായിച്ചത്‌. മെഹബൂബിന്റെ ജീവിതം എന്നും ഒരു ശോകഗാനമായിരുന്നു. നിരാലംബതയും നിസ്സഹായതയും മറക്കാൻ വേണ്ടിയായിരിക്കണം ഒരുപക്ഷേ, മെഹബൂബ്‌ പാടിത്തുടങ്ങിയത്‌. ആ ശബ്‌ദം തന്നെയായിരുന്നു മെഹബൂബിന്റെ ജീവിതം. ഒരുനേരത്തെ ആഹാരത്തിനുപോലും മറ്റുള്ളവരുടെ മുന്നിൽ യാചനയോടെ പാടേണ്ട ഗതികേടായിരുന്നു അദ്ദേഹത്തിന്‌.
ദരിദ്രമായ ചുറ്റുപാടിലാണ്‌ മെഹബൂബ്‌ ജനിച്ചത്‌. കുട്ടിക്കാലത്തുതന്നെ മെഹബൂബിനു മാതാപിതാക്കൾ നഷ്‌ടപ്പെട്ടു. പിന്നെ രക്തബന്‌ധം എന്നു പറയാൻ ഒരു സഹോദരൻ മാത്രം. അധികം വൈകിയില്ല. ആ സഹോദരനും മരിച്ചു. മെഹബൂബ്‌ ഒറ്റയ്ക്കായി. ആരുടെയൊക്കെയോ ഔദാര്യത്തിൽ മെഹബൂബ്‌ ആഹാരം കഴിച്ചു. കരൾ പിളർക്കുന്ന വേദന മറക്കാൻ മെഹബൂബ്‌ പാടി. എല്ലാം ശോകഗാനങ്ങൾ! സ്വന്തം ജീവിതമാണ്‌ മെഹബൂബ്‌ പാടി നടന്നത്‌.
മെഹബൂബിന്‌ പാടാനല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. തെരുവിലും കൂട്ടുകാർക്കിടയിലും പാടിനടന്നു. മെഹബൂബിനെ ആരും സംഗീതം പഠിപ്പിച്ചില്ല. പക്ഷേ, ഏതു രാഗവും ഒരു പ്രാവശ്യം കേട്ടാൽ മതി, പെട്ടെന്നത്‌ മനസ്സിൽ മായാതെ പതിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു.
ചെറുപ്പത്തിൽ 'ഖവാലി'യും ഗസലും പാടുന്നതിലായിരുന്നു മെഹബൂബിനു ഇഷ്‌ടം. അതിനു പ്രേരകമായത്‌ കൊച്ചിയിൽ അന്നുണ്ടായിരുന്ന ബംഗാളിയായ കമാന്റർ ദിലാവർ ഷാ ആണ്‌. മനോഹരമായി ഗസൽ പാടുമായിരുന്ന ഷാ, മെഹബൂബിനു തുണയായി.
ഏതു ഗാനമായാലും വളരെ പെട്ടെന്നുതന്നെ അതിനൊരു രാഗം കൊടുത്തു മറ്റുള്ളവരെ പാടി കേൾപ്പിക്കാനുള്ള മെഹബൂബിന്റെ കഴിവ്‌ അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുനേരത്തെ ആഹാരത്തിനായി അലഞ്ഞ മെഹബൂബിന്‌ അതൊരു വരമായിരുന്നു. അതുകൊണ്ടാണ്‌ കല്യാണവീടുകളിലും സംഗീതപരിപാടികളിലും പാടാനുള്ള അവസരം കിട്ടിയത്‌. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു മെഹബൂബിന്‌ ജീവിക്കാനുള്ള പ്രേരണ നൽകിയത്‌.
പങ്കജ്‌മല്ലിക്ക്‌ ഒരിക്കൽ മെഹബൂബിന്റെ പാട്ടു കേൾക്കാനിടയായി. അത്ഭുതത്തോടെയായിരുന്നു അദ്ദേഹം കേട്ടിരുന്നത്‌. പാടിക്കഴിഞ്ഞപ്പോൾ സന്തോഷത്തോടെ പങ്കജ്‌, മെഹബൂബിനെ വാരിപ്പുണർന്നു. മെഹബൂബിനെ സംബന്‌ധിച്ചിടത്തോളം അന്നത്‌ വലിയൊരു അംഗീകാരമായിരുന്നു. അല്ലെങ്കിൽത്തന്നെ കല്യാണവീടുകളിലും തെരുവിലും പാടിനടക്കുന്നവനെ ആരാണ്‌ അംഗീകരിക്കുന്നത്‌?
സിനിമയിൽ പാടിയതിനുശേഷമാണ്‌ മെഹബൂബ്‌ ശ്രദ്ധിക്കപ്പെടുന്നത്‌. പക്ഷേ, അതിനുമുമ്പ്‌ ശ്രുതിമധുരങ്ങളായ ഒട്ടനവധി ലളിതഗാനങ്ങൾ മെഹബൂബ്‌ മലയാളികൾക്ക്‌ സമ്മാനിച്ചിരുന്നു. തിരുനല്ലൂർ കരുണാകരന്റെ "കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ....", "ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണുവാരി കളിച്ചപ്പോൾ...", "നാളെത്തെ പൂക്കണി...", "കരളിൽ തീയെരിയുന്നു...", "നാടിനുവേണ്ടി...." തുടങ്ങി നിരവധി ലളിതഗാനങ്ങൾ അക്കൂട്ടത്തിൽപ്പെടുന്നു. മെഹബൂബിന്റെ തബലിസ്റ്റും പ്രസിദ്ധ ഗസൽ ഗായകനുമായ ഉമ്പായി, മെഹബൂബിനുള്ള ഗുരു ദക്ഷിണയായി ഈ ഗാനങ്ങൾ ഇപ്പോഴും പാടുന്നുണ്ട്‌.
1951ൽ കുഞ്ചാക്കോയും കോശിയും ചേർന്നു ഉദയാ സ്റ്റുഡിയോയ്ക്കുവേണ്ടി 'ജീവിതനൌക' എന്ന സിനിമ നിർമ്മിച്ചു. കെ. വെമ്പുവായിരുന്നു സംവിധായകൻ. തിക്കുറിശ്ശിയും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും ബി.എസ്‌.സരോജവുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.
ആ ചിത്രത്തിലെ മിക്ക പാട്ടുകളും പാടിയത്‌, പുതുമുഖ ഗായകനായ മെഹബൂബായിരുന്നു. ഹിന്ദിപാട്ടുകളുടെ ട്യൂണിന്റെ അനുകരണമായിരുന്നു അന്നത്തെ മലയാളഗാനങ്ങൾ. സംഗീതസംവിധായകർ അന്ന്‌ അറിയപ്പെട്ടിരുന്നത്‌ 'ഓർക്കസ്‌ട്രാ അറേഞ്ചുകാർ' എന്നായിരുന്നു.
'ജീവിതനൌക'യുടെ ഓർക്കസ്‌ട്രാ അറേഞ്ചർ വിഡക്ഷിണാമൂർത്തിയായിരുന്നു. സിനിമയ്ക്കുവേണ്ടി ഗാനങ്ങളെഴുതിയത്‌ അഭയദേവും.
'ജീവിതനൌക'യിലെ "വനഗായികേ വാനിൽ വരൂ നായികേ..." എന്ന ഗാനമാണ്‌ മെഹബൂബിന്റെ ആദ്യത്തെ സിനിമാഗാനം. "അകാലെ ആരും കൈവിടും..." എന്ന ഗാനവും കവിയൂർ രേവമ്മയുമായി ചേർന്നുപാടിയ "തോർന്നീടുമോ കണ്ണീരു..." എന്ന ഗാനവും അക്കാലത്ത്‌ ഏറെ പ്രശസ്തമായി. അതോടൊപ്പം മെഹബൂബും ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.
'ജീവിതനൌകയ്ക്കു'ശേഷം 1966 വരെ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾക്കുവേണ്ടി അനേകം പാട്ടുകൾ മെഹബൂബ്‌ പാടി. കെൃാഘവൻ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്‌,ദക്ഷിണാമൂർത്തി എന്നിവരുടെ സംഗീതസംവിധാനത്തിൽ മെഹബൂബ്‌ പാടിയ ഗാനങ്ങളെല്ലാം ഇന്നും മലയാളികൾ കേൾക്കാനിഷ്‌ടപ്പെടുന്നവയാണ്‌.
"മാനെന്നും വിളിക്കില്ല..."(നീലക്കുയിൽ), തപസ്സു ചെയ്തു തപസ്സു ചെയ്തു..."(മിന്നാമിനുങ്ങ്‌), "ഹാലു പിടിച്ചൊരു പുലിയച്ഛൻ....", "കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം..." (നായരു പിടിച്ച പുലിവാൽ), "വെളിക്കു കാണുമ്പം..." (ഉമ്മ), "നയാ പൈസയില്ല...", "ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ...", "നീയല്ലാതാരുണ്ടെന്നുടെ..."(നീലിസാലി),"കണ്ടം വെച്ചൊരു കോട്ടാണ്‌....", "ആട്ടെ പോട്ടെ ഇരിക്കട്ടെ ലൈലേ...", സിന്ദാബാദ്‌ സിന്ദാബാദ്‌ സ്വന്തംകാര്യം....(കണ്ടം വച്ച കോട്ട്‌), "അന്നത്തിനും പഞ്ഞമില്ല....", "കണ്ണിനകത്തൊരു കണ്ണുണ്ട്‌..."(ലൈലാ മജ്‌നു), "വണ്ടീ പുക വണ്ടീ....", "കേളെടി നിന്നെ ഞാൻ..."(ഡോക്‌ടർ), "എന്തൊരു തൊന്തരവ്‌..."(മൂടുപടം) തുടങ്ങി അനേകം ഗാനങ്ങളിലൂടെ മെഹബൂബ്‌ മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു!
'നീലക്കുയിൽ' എന്ന ചിത്രത്തിലെ "മാനെന്നും വിളിക്കില്ല..." എന്ന ഗാനം പാടി അഭിനയിച്ചത്‌ സത്യനായിരുന്നു. സത്യന്റെ ശബ്‌ദവുമായി ഏറെ ബന്‌ധമുള്ളതുകൊണ്ട്‌ ആ പാട്ട്‌ യഥാർത്ഥത്തിൽ പാടിയത്‌ അദ്ദേഹമായിരുന്നു എന്നാണ്‌ എല്ലാവരും കരുതിയത്‌. ഒരു ഗായകൻ എന്ന നിലയിൽ മെഹബൂബിന്റെ നേട്ടമായിരുന്നു അത്‌.
മെഹബൂബിനെക്കുറിച്ച്‌ ഒരിക്കൽ രാഘവൻ മാസ്റ്റർ പറഞ്ഞതാണ്‌ ഓർമ്മയിൽ വരുന്നത്‌.
"മെഹബൂബ്‌ ഒരത്ഭുതമാണ്‌. എത്ര പെട്ടെന്നാണെന്നോ അയാൾ രാഗങ്ങൾ മനസ്സിലാക്കുന്നത്‌. ഒരു പ്രാവശ്യം കേട്ടാൽ മതി. മനസ്സിലാക്കാനും ആലപിക്കാനുമുള്ള കഴിവ്‌ ഇത്രത്തോളം മറ്റാരിലും ഞാൻ കണ്ടിട്ടില്ല."
1981 ഏപ്രിൽ 22-ന്‌ മെഹബൂബ്‌ മരിച്ചു. അനാഥത്വമറിഞ്ഞാണ്‌ മെഹബൂബ്‌ വളർന്നത്‌. മരിക്കുമ്പോഴും അങ്ങനെത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹത്തിനുമുന്നിലിരുന്നു വിങ്ങിപ്പൊട്ടാൻ ഭാര്യയോ കുട്ടികളോ മെഹബൂബിനില്ലായിരുന്നു. ഒരു തുണ്ടു ഭൂമിപോലും സ്വന്തമായി ഇല്ലാതിരുന്ന മെഹബൂബ്‌ നമുക്ക്‌ സമ്മാനിച്ചത്‌ മാധുര്യം നിറഞ്ഞ ഒട്ടനവധി ഗാനങ്ങളായിരുന്നു.