ഞായറാഴ്‌ച, ഒക്‌ടോബർ 08, 2006

ജയപ്രകാശ്‌ നാരായണ്‍ 104(പാറശ്ശാല ശിവാനന്ദന്‍)

ജയപ്രകാശ്‌ നാരായണ്‍ 104
പാറശ്ശാല ശിവാനന്ദന്‍

സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ വക്താവായിരുന്ന ജയപ്രകാശ്‌ നാരായണന്റെ 104-ാ‍മത്‌ ജന്മവാര്‍ഷിക ദിനമാണ്‌ ഇന്ന്‌. ഗാന്ധിയില്‍ നിന്ന്‌ മാര്‍ക്‌സിലേക്കും മാര്‍ക്‌സില്‍ നിന്ന്‌ ഗാന്ധിയിലേക്കും സഞ്ചരിച്ച അദ്ദേഹത്തിന്റെ അപൂര്‍വമഹിമയാര്‍ന്ന ജീവിതത്തിലൂടെ
ഇരുപതാംനൂറ്റാണ്ട്‌ സംഭാവന ചെയ്‌ത മഹാരഥന്‍മാരായ രാഷ്‌ട്രീയ ചിന്തകരില്‍ പ്രമുഖനായ ജയപ്രകാശ്‌ നാരായണന്റെ നൂറ്റിനാലാമത്‌ ജന്‌മവാര്‍ഷിക ദിനമാണിന്ന്‌. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്കെതിരായി ചിന്തിക്കുകയും പാര്‍ട്ടി വ്യവസ്ഥയെയും ബാലറ്റ്‌ പെട്ടിയിലൂടെ അധികാരം കൈയാളുന്നതിനെയും എതിര്‍ക്കുകയും ചെയ്‌തിരുന്ന ആളാണ്‌ ജെ.പി. രാഷ്‌ട്രീയവും സാമ്പത്തികവുമായ അധികാരകേന്ദ്രീകരണം സോഷ്യലിസം എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഒരു വിലങ്ങുതടിയാണെന്ന്‌ അദ്ദേഹം വിശ്വസിച്ചു. മാനവപുരോഗതിക്കും സ്വാതന്ത്യ്‌രത്തിനും വേണ്ടിയുള്ള ഒരു രാഷ്‌ട്രീയ ചിന്തയുടെ നിരന്തരമായ അന്വേഷണമായിരുന്നു ജെ.പിയുടെ ജീവിതം.

ജയപ്രകാശിന്റെ ജീവിതം ഇന്ത്യയിലെ സാധാരണക്കാരനുവേണ്ടിയുള്ള സേവനത്തിന്റെയും സമ്പൂര്‍ണ സമര്‍പ്പണത്തിന്റെയും ചരിത്രമാണ്‌. മാര്‍ക്‌സിസത്തില്‍നിന്ന്‌ സോഷ്യലിസത്തിലേക്കും സോഷ്യലിസത്തില്‍നിന്ന്‌ 'സര്‍വോദയ'ത്തിലേക്കും അവസാനം സമ്പൂര്‍ണ വിപ്‌ളവത്തിലേക്കുമായിരുന്നു ജെ.പിയുടെ ചിന്തയും പ്രവൃത്തിയും പ്രയാണം നടത്തിക്കൊണ്ടിരുന്നത്‌.
1902 ഒക്‌ടോബര്‍ 11ന്‌ ബീഹാറിലെ സിതബ്‌ദിയ ഗ്രാമത്തില്‍ ജനിച്ച ജെ.പിയുടെ രാഷ്‌ട്രീയ ജീവിതമാരംഭിക്കുന്നത്‌ ഒരു 'ദേശീയവാദി'യായിട്ടായിരുന്നു. ഗോപാലകൃഷ്‌ണ ഗോഖലെയായിരുന്നു അദ്ദേഹത്തെ ആദ്യം സ്വാധീനിച്ച ദേശീയ നേതാവ്‌. എന്നാല്‍ ജയപ്രകാശിനെ ഏറെ ആകര്‍ഷിച്ചിരുന്നത്‌ ഗാന്‌ധിജിയുടെ ലാളിത്യമാര്‍ന്ന ജീവിതശൈലിയാണ്‌. ഗാന്‌ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിലാകൃഷ്‌ടനായി കോളേജ്‌ വിദ്യാഭ്യാസം ഉപേക്ഷിച്ച ജെ.പി പിന്നീട്‌ ഇന്റര്‍മീഡിയറ്റ്‌ പാസായി ഉപരിപഠനത്തിനായി അമേരിക്കയിലേക്ക്‌ പോവുകയും ചെയ്‌തു. പഠനച്ചെലവിന്‌ കാശ്‌ കണ്ടെത്താനായി ഫാക്‌ടറികളിലും പാടങ്ങളിലും ഹോട്ടലുകളിലുമെല്ലാം പണിയെടുത്തിരുന്നു. 1929-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രധാന സ്ഥാപകനേതാവായി.

വ്യക്തിയുടെ നന്‌മ സാമൂഹ്യവളര്‍ച്ചയ്ക്ക്‌ അനുപേക്ഷണീയമാണെന്ന്‌ വിശ്വസിച്ചിരുന്ന ജെ.പി. ഭൗതിക വാദത്തിനുമപ്പുറത്തുള്ള ഒരു പന്ഥാവിലൂടെ സമൂഹനന്‌മയെ ലക്ഷ്യമാക്കിയാണ്‌ സഞ്ചരിച്ചിരുന്നത്‌. ഗാന്‌ധിസത്തിനുവേണ്ടി വൈരുദ്ധ്യാത്‌മക ഭൗതികവാദം അദ്ദേഹം ഉപേക്ഷിക്കുകയാണുണ്ടായത്‌. 1954-ല്‍ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന്‌ വിരമിച്ച ജെ.പി തന്റെ ജീവിതം ഭൂദാന്‍ പ്രസ്ഥാനത്തിന്‌ സമര്‍പ്പിക്കുകയും പിന്നീട്‌ 1956-ല്‍ 'സര്‍വോദയ' ആശ്രമം സ്ഥാപിക്കുകയും ചെയ്‌തു. ജനാധിപത്യ സോഷ്യലിസത്തിന്റെ ഉദാത്തവും യഥാര്‍ത്ഥവുമായ രൂപമായിരുന്നു സര്‍വോദയ.

1975-ല്‍ ഇന്ദിരാഗാന്‌ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജെ.പി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ തടങ്കലിലായി. ജനതാപാര്‍ട്ടി സ്ഥാപിച്ചുകൊണ്ട്‌ തന്റെ ജീവിതാവസാന കാലങ്ങളില്‍ വീണ്ടും പാര്‍ട്ടിയിലും അധികാരരാഷ്‌ട്രീയത്തിലും ജെ.പി പ്രവേശിച്ചത്‌ അടിയന്തരാവസ്ഥയ്ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട്‌ പ്രതിപക്ഷകക്ഷികളെ ഒന്നിപ്പിച്ചുനിറുത്താനുള്ള ആഗ്രഹത്തോടെയായിരുന്നു. 1977 മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോള്‍ അതിനുവേണ്ടി സജീവമായി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തിരുന്നു.
നാഗന്‍മാരുടെ സ്വയംഭരണാവകാശത്തെ അംഗീകരിച്ചുകൊണ്ട്‌ നാഗാലാന്‍ഡ്‌ സംസ്ഥാനം രൂപവത്കരിക്കാനും ബംഗ്‌ളാദേശിലെ ജനങ്ങള്‍ സ്വാതന്ത്യ്‌രത്തിനായി പൊരുതിയപ്പോള്‍ അവര്‍ക്ക്‌ പിന്തുണ നല്‍കാനും ആദ്യം ശബ്‌ദമുയര്‍ത്തിയത്‌ ജെ.പി യായിരുന്നു. ഷേക്‌ അബ്‌ദുള്ളയെ തടവിലാക്കിയപ്പോള്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന്‌ സര്‍ക്കാരിനോടാവശ്യപ്പെട്ട ജയപ്രകാശിന്റെ മുന്നിലാണ്‌ 1972 ഏപ്രില്‍ 16-ന്‌ ചമ്പല്‍ക്കൊള്ളത്തലവനും കൂട്ടരും ആയുധം വച്ച്‌ കീഴടങ്ങിയത്‌. 1979 ഒക്‌ടോബര്‍ 8ന്‌ അന്തരിച്ച ജെ.പിയുടെ സമ്പൂര്‍ണ വിപ്‌ളവത്തിന്റെ കാതല്‍ ഗാന്‌ധിയന്‍ സത്യഗ്രഹംതന്നെയായിരുന്നു. പുതിയ ഒരു സാമൂഹ്യക്രമത്തിനുവേണ്ടിയുള്ള യത്‌നത്തില്‍ അമൂല്യമായ ഒരു രാഷ്‌ട്രീയ മീമാംസയുടെ കരടുരേഖ അവശേഷിപ്പിച്ചുകൊണ്ടാണ്‌ ജയപ്രകാശ്‌ നാരായണ്‍ യാത്രയായത്‌.
കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍.കോം

ശനിയാഴ്‌ച, ഒക്‌ടോബർ 07, 2006

വേദനകളെ മുത്താക്കുവാന്‍(ഡോ. എം.വി. പിള്ള)

വേദനകളെ മുത്താക്കുവാന്‍
ഡോ. എം.വി. പിള്ള

രോഗം ഭേദമാക്കാനുള്ള വ്യഗ്രത രോഗിയെത്തന്നെ ഇല്ലാ താക്കുന്നു. ആധുനികവൈദ്യശാസ്‌ത്രത്തിനെതിരെ നിലവിലുള്ള ശക്തമായ വിമര്‍ശനങ്ങളിലൊന്നാണിത്‌. സ്‌പെഷ്യലിസ്റ്റുകളും സൂപ്പര്‍ സ്‌പെഷ്യലിസ്റ്റുകളും അവയവങ്ങളെയും രോഗങ്ങളെയും മാത്രം ലക്ഷ്യമിടുന്നുവെന്നും അവയുടെ താവളമായ മനുഷ്യനെന്ന വ്യക്തിയുടെ സമഗ്രതയില്‍ ശ്രദ്ധിക്കുന്നില്ലെന്നുമാണ്‌പരാതി. ആയിരം മരം ചേര്‍ന്നാലും വനം ആകില്ലെന്ന പഴമൊഴി പരാതിക്കാര്‍ ഉദ്ധരിക്കുന്നു.

മാറാരോഗങ്ങളോ മാരകരോഗങ്ങളോ പിടിപെടുന്നവരില്‍ രോഗവിമുക്തി അസാദ്ധ്യമാണെന്നുറപ്പായിക്കഴിഞ്ഞാ ല്‍ അവര്‍ക്ക്‌ നല്‍കേണ്ടത്‌ സമഗ്രമായ സാന്ത്വനപരിചരണമാണ്‌. ഈ പരിചരണത്തിന്റെ ശാസ്‌ത്രമാണ്‌ പാലിയേറ്റീവ്‌ കീയര്‍.
വികസിതരാജ്യങ്ങളിലെ ആധുനിക ചികിത്സാസംവിധാനങ്ങളുടെ ഏറ്റവും ശക്തമായ ശാഖയായി സാന്ത്വനചികിത്സാ സേവനരംഗം വളര്‍ന്നുര്‍വരുന്നു. രോഗലക്ഷണങ്ങളുടെ അടിസ്ഥാനമായ രോഗം ഭേദപ്പെടുത്താന്‍ കഴിയാതെ വരുമ്പോള്‍ രോഗത്തിന്റെ സര്‍വലക്ഷണങ്ങളെയും അതുനിമിത്തമുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളെയും ഫലപ്രദമായി മൂടിവയ്ക്കുന്നതാണ്‌ ഈ ചികിത്സാരീതിയുടെ ലക്ഷ്യം. Palliate or cloak എന്ന വാക്കില്‍ നിന്നുദ്ഭവിച്ച സാന്ത്വനചികി ത്സ മലയാളത്തിന്റെ പ്രിയപ്പെട്ട കവിയുടെ വാക്കുകളിലുണ്ട്‌.
"മൂടുകഹൃദന്തമേ
മുഗ്ദ്ധഭാവനയാലീ
മൂകവേദനകളെ
മുഴുവന്‍ മുത്താകട്ടെ..."
(ജി)

വിശ്വവിഖ്യാതരായ മൂന്ന്‌ വനിതാഡോക്‌ടര്‍മാരാണ്‌ പാശ്ചാത്യരാജ്യങ്ങളില്‍ ഇന്നുനിലവിലുള്ള ആധുനിക പാലിയേറ്റീവ്‌ കീയറിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലുകള്‍. 1940 കളില്‍ ലണ്ടനിലെ സെയ്ന്റ്‌ ലൂക്ക്‌സ്‌ ഹോസ്‌പീസില്‍ നഴ്‌സായി സന്നദ്ധസേവനമനുഷ്ഠിച്ച സിസിലിസാണ്ടേഴ്‌സ്‌ ആസന്നമരണരായി കഴിയുന്ന രോഗികളെ പരിചരിച്ചതില്‍നിന്ന്‌ നേടിയ അനുഭവപരിജ്ഞാനവും ആത്‌മസംതൃപ്‌തിയുമാണ്‌ ഇതിന്‌ തുടക്കംകുറിച്ചത്‌. ഇതേ കാലഘട്ടത്തില്‍ ചിക്കാഗോയില്‍ മനോരോഗവിദഗ്ദ്ധയായിരുന്ന ഡോ. എലിസബ ത്ത്‌ കൂബ്‌ളര്‍ റോസ്‌ ആസന്നമരണരായി കഴിയുന്ന രോഗികളുടെ മനോനിലയെപ്പറ്റി പ്രസിദ്ധീകരിച്ച പഠനങ്ങള്‍ ശാസ്‌ത്രലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റുകയായിരുന്നു. മാരകരോഗങ്ങളുടെ സാന്ത്വനചികിത്സയില്‍ ഈ നിരീക്ഷണങ്ങള്‍ക്കുള്ള സ്വാധീനം പില്‍ക്കാലത്ത്‌ നിര്‍ണായകമായിത്തീര്‍ന്നു.

നിലവിലുള്ള പാലിയേറ്റീവ്‌ കീയര്‍ സംവിധാനങ്ങളിലെ പ്രമുഖഘടകമായ സമഗ്രവേദന നിവാരണത്തിന്‌ ഗവേഷണയത്‌നങ്ങളിലൂടെ വിലയേറിയ സംഭാവനകള്‍ നല്‍കിയ മറ്റൊരു വനിതാഡോക്‌ടറുണ്ട്‌. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിലെ ഡോ. കാത്തലീന്‍ഫോളി. വേദനയുടെ ചികിത്സയില്‍ ലോകത്തെ മികച്ച വിദഗ്ദ്ധയായി അറിയപ്പെടുന്ന ഡോ. ഫോളി കേരളത്തിലെ പാലിയേറ്റീവ്‌ കീയര്‍ സംരംഭങ്ങളുടെ അഭ്യുദയകാംക്ഷിയും മാര്‍ഗ്‌ഗദര്‍ശിയും കൂടിയാണ്‌.

പാലിയേറ്റീവ്‌ കീയര്‍ പ്രത്യേകപരിശീലനം ലഭിച്ച ഒരുസംഘം വിദഗ്ദ്ധരുടെ കൂട്ടായ പ്രവര്‍ത്തനമാണ്‌. മികവുറ്റ സമഗ്രപരിചരണത്തിലൂടെ ജീവിതാന്ത്യംവരെ സ്വസ്ഥവും സജീവവുമായ ദിനചര്യ പുലര്‍ത്താന്‍ രോഗിയെ പ്രാപ്‌തനാക്കുന്നതുകൂടാതെ, രോഗിയെ ശുശ്രൂഷിക്കുന്ന ബന്‌ധുമിത്രാദികളുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും രോഗിയുടെ നിര്യാണത്തെത്തുടര്‍ന്ന്‌ കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന മാനസികാസ്വാസ്ഥ്യങ്ങള്‍ പരിഹരിക്കാനും പാലിയേറ്റീവ്‌ കീയര്‍ ശ്രദ്ധിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഈ ചികിത്സാരംഗത്തുണ്ടായ പുരോഗതി അദ്ഭുതാവഹമായിരിക്കുന്നു. അമേരിക്കയിലെ ഏഴ്‌ സ്‌പെഷ്യാലിറ്റി ബോര്‍ഡുകള്‍ ഈ ശാസ്‌ത്രശാഖയ്ക്ക്‌ ഔദ്യോഗിക അംഗീകാരം നല്‍കുകയും ഇതിനെ സിലബസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. ലോകപ്രശസ്തിനേടിയ 20 കാന്‍സര്‍ സെന്ററുകള്‍ ഒത്തുചേര്‍ന്നാരംഭിച്ച നാഷണല്‍ കോംബ്രിഹെന്‍സീവ്‌ കാന്‍സര്‍ നെറ്റ്‌വര്‍ക്ക്‌ (എന്‍.സി.സി.എന്‍) സമഗ്രമായ പാലിയേറ്റീവ്‌ കീയറിനുള്ള ഏറ്റവും പുതിയ മാര്‍ഗ്‌ഗനിര്‍ദ്ദേശങ്ങള്‍ 2006 സെപ്‌തംബറില്‍ പുറത്തിറക്കി.

പാലിയേറ്റീവ്‌ കീയര്‍ നാളെ
കാന്‍സര്‍രോഗികളുടെ വേദനനിവാരണത്തിനും സമഗ്രമായ സാന്ത്വനപരിചരണത്തിനും ആരംഭിച്ച പാലിയേറ്റീവ്‌ കീയര്‍ പുതിയ മേഖലകളിലേക്ക്‌ നീങ്ങുന്ന ദൃശ്യമാണ്‌ നാളെയുടെ സവിശേഷത. എല്ലാത്തരം മാറാരോഗങ്ങളുടെയും സമഗ്രചികിത്സയില്‍ പാലിയേറ്റീവ്‌ കീയറിനുള്ള സ്ഥാനം പ്രകടമായിത്തുടങ്ങിയിരിക്കുന്നു.

ജീവിതാന്ത്യംവരെ നീക്കിവയ്ക്കാതെ, ചികിത്സിച്ചുഭേദമാക്കാന്‍ കഴിയാത്ത രോഗങ്ങളുടെ ശുശ്രൂഷയില്‍ തുടക്കം മുതല്‍ പാലിയേറ്റീവ്‌ കീയര്‍ ടീമിനെക്കൂടി ഉള്‍പ്പെടുത്തുന്നതാണ്‌ പുത്തന്‍പ്രവണത.

വിദഗ്ദ്ധപരിശീലനം ലഭിച്ച ഡോക്‌ടര്‍, മനോരോഗവിദഗ്ദ്ധര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്‌, ഡയേറ്റെഷ്യന്‍ സോഷ്യല്‍വര്‍ക്കര്‍ തുടങ്ങിയവരുള്‍പ്പെട്ട പാലിയേറ്റീവ്‌ കീയര്‍ ടീം മാറാരോഗങ്ങളുടെ ചികിത്സയില്‍ തുടക്കംമുതല്‍ സജീവമായി ഇടപെടുകയാണെങ്കില്‍ ചികിത്സയുടെ മുഖ്യചുമതലയുള്ള ഡോക്‌ടറുടെയും നഴ്‌സിന്റെയുമൊക്കെ അദ്ധ്വാനഭാരവും പരിചരിക്കുന്ന ബന്‌ധുമിത്രാദികളുടെ ആയാസവും പിരിമുറുക്കവും മറ്റും ഗണ്യമായി ഒഴിവാക്കാമെന്നും സാന്ത്വനം കൂടുതല്‍ ഫലപ്രദമാകുമെന്നും ആധുനികപഠനങ്ങള്‍ വെളിവാക്കുന്നു.

കേരളത്തില്‍
സ്വന്തം നേട്ടങ്ങളുടെ തടവറയില്‍ ബന്‌ധനസ്ഥനാവുന്നവന്റെ വിധിവൈപരീത്യമാണ്‌ കേരളത്തിലെ വൃദ്‌ധരെ കാത്തിരിക്കുന്നത്‌. വര്‍ദ്ധിച്ചുവരുന്ന ആയുര്‍ദൈര്‍ഘ്യം മാറാരോഗങ്ങളോടുമല്ലടിക്കുന്ന വലിയൊരു ജനവിഭാഗത്തെ സൃഷ്‌ടിച്ചിരിക്കുന്നു. നിരവധി രോഗങ്ങള്‍ക്കടിപ്പെട്ട്‌ നിത്യദുരിതമനുഭവിക്കുന്നവരുടെ സംഖ്യ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതേയുള്ളൂ. മരണം അതിന്റെ സ്വാഭാവികമായ ആഗമനം അറിയിക്കുന്നതുവരെ രോഗിക്ക്‌ സമഗ്രവും ഫലപ്രദവുമായ സാന്ത്വനചികിത്സയും പരിചരണവും നല്‍കുകയാണ്‌ കേരളത്തിലെ പാലിയേറ്റീവ്‌ കീയര്‍ പ്രവര്‍ത്തകരുടെ ദൗത്യം.

വികസിതരാജ്യങ്ങള്‍ക്കൊപ്പം പാലിയേറ്റീവ്‌ കീയറിന്‌ ഇന്ത്യയില്‍ നാന്ദികുറിച്ചത്‌ കേരളം ആണെന്നതില്‍ നമുക്ക്‌ അഭിമാനിക്കാം. കോഴിക്കോട്ട്‌ പ്രവര്‍ത്തിക്കുന്ന പ്രസ്തുതകേന്ദ്രം ഏഷ്യയിലെ മികച്ച സംവിധാനങ്ങളിലൊന്നായി ലോകാരോഗ്യസംഘടനയുടെ പ്രശംസനേടിയിട്ടുണ്ട്‌.
ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ പാലിയേറ്റീവ്‌ കീയര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഈ കേന്ദ്രം നേതൃത്വം നല്‍കി. ഇന്ത്യയൊട്ടാകെ ലോകോത്തരനിലവാരത്തിലുള്ള പാലിയേറ്റീവ്‌ കീയര്‍ സംവിധാനങ്ങള്‍ നിലനിറുത്താന്‍ രൂപംകൊണ്ട 'പാലിയം ഇന്ത്യ'യുടെ വേരുകളും മലയാളമണ്ണില്‍ത്തന്നെ.

കടപ്പാട്‌: കേരളകൗമുദി ഓണ്‍ലൈന്‍

വ്യാഴാഴ്‌ച, സെപ്റ്റംബർ 28, 2006

ഭാരതത്തെ അറിയുക (പി. പരമേശ്വരന്‍ )

ഭാരതത്തെ അറിയുക
പി. പരമേശ്വരന്‍

നിലവിലുള്ള ഏറ്റവും പ്രാചീന രാഷ്‌ട്രമാണ്‌ ഭാരതം. ഭാരതത്തിന്‌ തനതായ രാഷ്‌ട്രസങ്കല്‌പം ഉണ്ട്‌. ആധുനിക, പാശ്ചാത്യരാഷ്‌ട്ര സങ്കല്‌പത്തിന്റെ മാനദണ്‌ഡംവച്ച്‌ അതിനെ അളക്കേണ്ടതില്ല. രാഷ്‌ട്രം, നേഷന്‍ ഇവ പര്യായപദങ്ങളല്ല. ബ്രിട്ടീഷ്‌ ഭരണം സ്ഥാപിക്കപ്പെടുകയും ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നിലവില്‍ വരികയും ചെയ്തതിനുശേഷം രണ്ടിനെയും സമാനാര്‍ത്ഥങ്ങളായി ഉപയോഗിക്കാറുണ്ട്‌. സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദന്‍ തുടങ്ങിയവരും അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഭാരതീയ രാഷ്‌ട്രസങ്കല്‌പത്തിന്റെ അന്തഃസത്ത വിവേചിച്ചറിഞ്ഞവരായിരുന്നു അവര്‍. എന്നാല്‍, പാശ്ചാത്യരീതിയില്‍ മാത്രം ചിന്തിക്കാന്‍ പരിശീലിപ്പിക്കപ്പെട്ട ബുദ്ധിജീവികള്‍ ഈ വ്യത്യാസം മനസ്സിലാക്കാതെപോയി. ഭാരതീയ രാഷ്‌ട്രസങ്കല്‌പം വികൃതമായി കണക്കാക്കപ്പെട്ടു. പടിഞ്ഞാറന്‍ മുഴക്കോല്‍വച്ച്‌ ഭാരതം ഒരു രാഷ്‌ട്രമേ ആയിരുന്നില്ലെന്ന്‌ വിലയിരുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. അതിന്റെ ഫലമായി നിര്‍മ്മാണാവസ്ഥയിലിരിക്കുന്ന ഒരു നവരാഷ്‌ട്രമാണ്‌ ഭാരതം എന്ന വിശ്വാസം ഊട്ടിയുറപ്പിക്കപ്പെട്ടു. അത്‌ ഭാരതവിഭജനത്തില്‍ കലാശിച്ചു. സ്വാതന്ത്യ്‌രപ്രാപ്‌തിക്കുശേഷവും അവ്യക്തത തുടരുന്നു. നാമിന്ന്‌ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഈ അവ്യക്തതയാണ്‌.ഭാരതീയ രാഷ്‌ട്രസങ്കല്‌പം വൈദികമാണ്‌. അതിന്റെ ഏറ്റവും സ്‌പഷ്‌ടമായ നിര്‍വചനം അഥര്‍വവേദത്തില്‍ കാണാം. പൃഥ്വീസൂക്തം അതിന്റെ സമഗ്രമായ വിവരണവുമാണ്‌.

ലോകമംഗളം കാംക്ഷിച്ചുകൊണ്ട്‌ ജ്ഞാനികളായ ഋഷിമാര്‍ അനുഷ്ഠിച്ച തപസ്സിന്റെ ഫലമായിട്ട്‌ ബലസമ്പന്നവും ഓജസ്സ്വ‍ിയുമായ രാഷ്‌ട്രം നിലവില്‍ വന്നു. രാഷ്‌ട്രവിധാതാക്കള്‍ ഋഷിമാരായിരുന്നു. രാഷ്‌ട്രത്തിന്റെ ഊര്‍ജ്ജം അവര്‍ തപസ്സിലൂടെ നേടിയതാണ്‌. അവരുടെ ലക്ഷ്യം ലോകമംഗളമായിരുന്നെന്ന്‌ ഈ മന്ത്രം വ്യക്തമാക്കുന്നു. പാശ്ചാത്യ രാഷ്‌ട്രസങ്കല്‌പത്തില്‍ നിന്ന്‌ തികച്ചും വിഭിന്നമാണിത്‌. ഋഷിമാരല്ല, വിജേതാക്കളാണ്‌ പാശ്ചാത്യ രാഷ്‌ട്രങ്ങളുടെ നിര്‍മ്മാതാക്കള്‍. തപസ്സിലൂടെയല്ല, വെട്ടിപ്പിടിത്തത്തിലൂടെയാണവര്‍ അതിനു രൂപംനല്‍കിയത്‌. അവരുടെ ലക്ഷ്യം ലോകമംഗളമായിരുന്നില്ല, അധികാര പ്രമത്തതയായിരുന്നു. ധ്രുവങ്ങള്‍ തമ്മിലുള്ള ഈ അന്തരം ഈ സങ്കല്‌പങ്ങളില്‍ കാണാം.

നാലു പതിറ്റാണ്ടിലേറെ പഴക്കമില്ലാത്ത പാശ്ചാത്യ രാഷ്‌ട്രസങ്കല്‌പത്തില്‍നിന്ന്‌ വിഭിന്നവും തികച്ചും ഭാവാത്‌മകവും വിശ്വമംഗള ചിന്തയില്‍ അധിഷ്ഠിതവും ആണ്‌ ഭാരതീയ രാഷ്‌ട്രസങ്കല്‌പം. ഈ രാഷ്‌ട്രസങ്കല്‌പം ഉള്‍ക്കൊള്ളാന്‍ കേവലം പാണ്‌ഡിത്യം കൊണ്ടുമാത്രം സാദ്ധ്യമല്ല. പാശ്ചാത്യമായ പഠനപദ്ധതിയും പര്യാപ്‌തമല്ല. ഭാരതത്തിന്റെ ആത്‌മാവിഷ്കാരശൈലിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച കൂടിയേ കഴിയൂ. ഇവിടെയാണ്‌ ചരിത്രകാരന്മാര്‍ പലപ്പോഴും വഴിതെറ്റിപ്പോകുന്നത്‌.

ഇത്ര വിശാലവും വൈവിദ്ധ്യപൂര്‍ണവുമായ ഭൂപ്രദേശം മുഴുവന്‍ ഒരു മൂശയില്‍ വാര്‍ത്തെടുത്തതുപോലെ ഏകതാനമായി വളര്‍ന്നുവന്നില്ല എന്നത്‌ സ്വാഭാവികം മാത്രമല്ല അനുഗ്രഹം കൂടിയായിരുന്നു. ഭരണപരമായ ഏകത എളുപ്പമായിരുന്നില്ല എന്നു പറയേണ്ടതില്ലല്ലോ. ഭരണപരമായ ഏകത രാഷ്‌ട്രസങ്കല്‌പത്തിന്റെ മുഖ്യഘടകമായി കാണുന്ന പാശ്ചാത്യശൈലി സ്വായത്തമാക്കിയവര്‍ക്ക്‌ ഭാരതം ഒരു രാഷ്‌ട്രമായിരുന്നു എന്ന്‌ അംഗീകരിക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍, ഭാരതീയ ദൃഷ്‌ടിയില്‍ ഭരണപരമായ ഏകതയെക്കാള്‍ പ്രധാനം സാംസ്കാരികമായ ഏകതയായിരുന്നു. അത്‌ വളര്‍ത്താനും ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ എല്ലാക്കാലവും തുടര്‍ന്നുപോന്നു. ഋഷിമാരും ആദ്ധ്യാത്‌മിക ആചാര്യന്മാരും ആയിരുന്നു അതിന്‌ മുന്‍കൈയെടുത്തത്‌. കവികളും കലാകാരന്മാരും അത്‌ പിന്തുടര്‍ന്നു. തീര്‍ത്ഥയാത്രകളും പുണ്യക്ഷേത്രങ്ങളും വേദേതിഹാസങ്ങളും സാര്‍വത്രികമായി ഈ ഏകീകരണപ്രക്രിയയ്ക്ക്‌ ചൈതന്യം പകര്‍ന്നു. അങ്ങനെ ഏകഭാരതം എന്ന സങ്കല്‌പം അഖണ്‌ഡമായിത്തുടര്‍ന്നു.

ഈ പശ്ചാത്തലത്തില്‍ ഭരണപരമായ സങ്കല്‌പങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പൊതുവായ രൂപങ്ങളും ഭാവങ്ങളും ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു. വ്യത്യസ്ത ഭരണക്രമങ്ങളുണ്ടായിരുന്നെങ്കിലും രാജവാഴ്ചപോലും ഏകാധിപത്യപരമായിരുന്നില്ല. ധര്‍മ്മത്തിനായിരുന്നു മേല്‍ക്കോയ്‌മ. എല്ലാവരും അതനുസരിക്കാന്‍ ബാദ്ധ്യസ്ഥരുമായിരുന്നു.

ഭാരതം ഹിന്ദുരാഷ്‌ട്രമാണ്‌ എന്നതിന്‌ അര്‍ത്ഥം മതരാഷ്‌ട്രമാണ്‌ എന്നല്ല. ധര്‍മ്മരാഷ്‌ട്രമാണ്‌ എന്നാണ്‌. വൈദികധര്‍മ്മം, സനാതനധര്‍മ്മം എന്നിവയെ പര്യായമായി പില്‍ക്കാലത്ത്‌ ഉപയോഗിക്കപ്പെട്ടതാണ്‌ ഹിന്ദുധര്‍മ്മം എന്ന പദം. അത്‌ മതത്തിന്റെ പേരല്ല. ധര്‍മ്മത്തിന്റെ വിശാലസങ്കല്‌പത്തില്‍ ഒരംശമേ ആകുന്നുള്ളു മതം. ഇംഗ്ലീഷില്‍ ഝഫവയഭയസഷ എന്നുപയോഗിക്കുന്നതിന്‌ തുല്യമായി മതത്തെ കാണുകയാണെങ്കില്‍ അനേകം മതങ്ങളുടെ കൂട്ടായ്‌മയാണ്‌ ഹിന്ദുധര്‍മ്മം എന്നുപറയാം. ആ അര്‍ത്ഥത്തില്‍ മതം ഉപാസനാസമ്പ്രദായമാണ്‌. അവയ്ക്കെല്ലാം തുല്യമായ അംഗീകാരം ഭാരതം നല്‍കിയിരുന്നു. ഭരണകൂടം മതകാര്യങ്ങളില്‍ പക്ഷം പിടിക്കുകയോ ഇടപെടുകയോ ചെയ്തിരുന്നില്ല. ഭരണകര്‍ത്താവിന്റെ മതം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിരുന്നില്ല. ഇതിന്‌ ഏക അപവാദം ഒരുപക്ഷേ, അശോകചക്രവര്‍ത്തി മാത്രമായിരുന്നു. വിദ്യാഭ്യാസം, കൃഷി, വ്യവസായം തുടങ്ങിയ പൊതുജീവിതമേഖലകളെ ഒന്നും തന്നെ ഭരണകര്‍ത്താവിന്റെ മതനിഷ്ഠ സ്വാധീനിച്ചില്ല. തക്ഷശില, നലാന്റ മുതലായ സര്‍വകലാശാലകള്‍ ഹിന്ദു-ബൗദ്ധ ഭരണകൂടം മാറിവന്നപ്പോഴും ഒരുപോലെ സംരക്ഷിക്കപ്പെട്ടു. ഭാരതത്തിനു വെളിയില്‍നിന്നുവന്ന അക്രമകാരികളാണ്‌ അവയെ നശിപ്പിച്ചത്‌. നലാന്റ നശിപ്പിച്ചത്‌ ബക്ത്യാര്‍ ഖില്‍ജി ആയിരുന്നു.

ഓരോ രാഷ്‌ട്രത്തിനും അതിന്റെ തനിമ ഉണ്ട്‌. 'ചിതി' എന്ന്‌ അതിനെ ദീനദയാല്‍ജി വിളിച്ചു. ഭാരതത്തിന്റെ ആത്‌മാവ്‌ ആത്‌മീയതയിലാണെന്ന്‌ വിവേകാനന്ദന്‍ ചൂണ്ടിക്കാണിച്ചു. ആത്‌മീയത ഭൗതികതയുടെ നിഷേധമല്ല. ഭാരതീയരാഷ്‌ട്രത്തെ നിലനിറുത്തുന്നതും സംയോജിപ്പിക്കുന്നതും ഹിന്ദുധര്‍മ്മവും അതിന്റെ ആവിഷ്കാരമായ സംസ്കാരവുമാണ്‌. കാലദേശാവസ്ഥകള്‍ക്കനുസരിച്ച്‌ ആവിഷ്കാരശൈലിയില്‍ വൈരുദ്ധ്യമുണ്ടാകാമെങ്കിലും മൗലികമായി സംസ്കാരം ഒന്നാണ്‌. ഭാരതഭൂമിയോടുള്ള സമീപനം, ധര്‍മ്മത്തിലുള്ള നിഷ്ഠ, പാരമ്പര്യത്തിലുള്ള അഭിമാനം, സാംസ്കാരികമായ ഏകത ഇവ ഭാരതത്തെ ഏകരാഷ്‌ട്രമാക്കുന്നു. രാഷ്‌ട്രസങ്കല്‌പം, രാഷ്‌ട്രഭക്തി, രാഷ്‌ട്രധര്‍മ്മം എന്നിവയില്‍ സമാനതയുള്ളവരെ ഇവിടത്തെ ദേശീയസമൂഹമായി കണക്കാക്കാം. മതമോ ഭാഷയോ എന്തെന്നത്‌ പ്രശ്നമല്ല. ഈ വിശാലാര്‍ത്ഥത്തിലാണ്‌ ഹിന്ദുരാഷ്‌ട്രം എന്ന പദം ഉപയോഗിക്കപ്പെടുന്നത്‌.

സമീപകാലത്തായി രാഷ്‌ട്രങ്ങളുടെ സ്വത്വം നിര്‍വചിക്കാനുള്ള പുതിയ ശ്രമങ്ങള്‍ നടന്നുവരുന്നു. ഏക ധ്രുവലോകം നിലവില്‍ വന്നതിനുശേഷം നാഗരികതകളുടെ സംഘര്‍ഷം ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി. നാഗരികതകളെ മതവുമായി ബന്‌ധപ്പെടുത്തി നിര്‍വചിക്കപ്പെട്ടു. പുതിയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്‌ സാമുവല്‍ ഹണ്ടിംഗ്‌ടണ്‍ ആണ്‌. "who are we" എന്ന പുതിയ ഗ്രന്ഥത്തില്‍ അമേരിക്കയുടെ സ്വത്വത്തെ നിര്‍വചിക്കാന്‍ അദ്ദേഹം മുതിരുന്നു. ആംഗ്ലോ സാക്‌സന്‍ പ്രൊട്ടസ്റ്റന്റ്‌ പാരമ്പര്യമുള്‍ക്കൊള്ളുന്ന രാഷ്‌ട്രം (ഡബ്‌ള്യൂ.എ.എസ്‌.പി) എന്ന ചുരുക്കെഴുത്തിലേക്ക്‌ അദ്ദേഹം ഒതുങ്ങുന്നു. എല്ലാ രാഷ്‌ട്രങ്ങളുംതന്നെ മതാധിഷ്ഠിത ദേശീയസങ്കല്‌പത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണ്‌-അദ്ദേഹം സമര്‍ത്ഥിക്കുന്നു.

ഹിന്ദുരാഷ്‌ട്രമെന്ന നമ്മുടെ സങ്കല്‌പം ഇതില്‍നിന്ന്‌ വിഭിന്നവും എത്രയോ അധികം വിശാലവുമാണ്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഭാരതീയ ദേശീയതയെ സങ്കുചിതമായ സങ്കല്‌പങ്ങളിലേക്ക്‌ വലിച്ചിഴയ്ക്കാന്‍ ശ്രമങ്ങള്‍നടന്നു. മതാടിസ്ഥാനത്തിലുള്ള ലീഗിന്റെ ദ്വിരാഷ്‌ട്രവാദം അതില്‍ ഒന്നായിരുന്നു. എന്നാല്‍, നിറം, നിരീശ്വരത്വം, വംശം ( Black, Etheist, Dravidian ) എന്ന രാഷ്‌ട്രസങ്കല്‌പം ഇടക്കാലത്ത്‌ ഏറെ ശക്തിയാര്‍ജിച്ചെങ്കിലും സ്വയം ഉപേക്ഷിക്കേണ്ടിവന്നു. മാര്‍ക്‌സിസ്റ്റ്‌ ഭാഷാ രാഷ്‌ട്രവാദവും തിരസ്കരിക്കപ്പെട്ടു.

ഹിന്ദുവിന്റെ നിര്‍വചനം പൗരാണികമായിത്തന്നെ മതവുമായി ബന്‌ധപ്പെടുത്തിയായിരുന്നില്ല.
'ആ സിന്‌ധു സിന്‌ധു പര്യന്താ യസ്യ ഭാരതഭൂമികാ
പിതൃഭുഃ പുണ്യഭൂശ്ചൈവ സവൈ ഹിന്ദുരിസ്‌മൃത: എന്ന നിര്‍വചനം ഇതിന്‌ തെളിവാണ്‌.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍.കോം

പനവിളയിലെ വീടും , പഴവിഴയുടെ മനസ്സും(ഇന്ദ്രബാബു)

പനവിളയിലെ വീടും , പഴവിഴയുടെ മനസ്സും
പഴവിള രമേശന്‍

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പഴവിള രമേശന്‍ താമസിച്ചിരുന്ന പനവിളയിലെ വീട്‌ വിറ്റു. രണ്ടുദിവസം ആരോരുമറിയാതെ പഴവിള രമേശനും ഭാര്യ രാധയും അബോധാവസ്ഥയില്‍ കിടന്ന വീടായിരുന്നു പനവിളയിലേത്‌. അവിടെ ബഹുനിലമന്ദിരം പണിയാനൊരുങ്ങുമ്പോള്‍ കവി വേദനിക്കുന്നില്ല. പക്ഷേ...

"ഹലോ"
അണ്ണാ ഞാനാ.
"നീ അവിടെ എന്തെടുക്കുവ; ഇവിടെ മൊബെയിലിന്‌ റേഞ്ചില്ല. ലാന്‍ഡ്‌ നമ്പരില്‍ വിളിക്ക്‌. 2724266 ആണ്‌ പുതിയ നമ്പര്‌. നലാന്റയിലെ എന്‍. എന്‍. ആര്‍. എ 78 ആണ്‌ വീട്ടുനമ്പര്‍."
?എന്നാ താമസം മാറ്റിയത്‌.
" ബുധനാഴ്ച"
ഞാനങ്ങോട്ടു വരികയാണ്‌.
വ പ്രശസ്ത കവി പഴവിള രമേശന്‍ കഴിഞ്ഞ കാല്‍നൂറ്റണ്ടായി താമസിച്ചിരുന്ന തിരുവനന്തപുരം പനവിള ജംഗ്ഷനിലെ വീടുവിറ്റു. നന്തന്‍കോട്‌ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ സമീപം പുതിയ വീട്‌ വാങ്ങി. മലയാളത്തിലെ സാഹിത്യ സാംസ്കാരിക രാഷ്‌ട്രീയ രംഗങ്ങളിലെ എല്ലാ പ്രമുഖരും പല സന്ദര്‍ഭങ്ങളില്‍ എത്തിയിട്ടുള്ള വീടായിരുന്നു പനവിളയിലേത്‌. സ്‌നേഹ സൗഹൃദങ്ങളുടെ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു അത്‌. അത്‌ വിട്ടുപോയതില്‍ പഴവിള രമേശിന്‌ ദുഃഖമുണ്ടോ? ഇല്ലെന്നാണ്‌ അദ്ദേഹത്തിന്റെ ഉത്തരം.
വ എന്താ കാരണം? പഴവിളയോടുതന്നെ ചോദിക്കാം.

"ദേശമംഗലം മനയും ഷൊര്‍ണൂരിലെ കവളപ്പാറ തറവാടും കുളനടയിലെ നമ്പൂതിരി ഇല്ലങ്ങളും എല്ലാം നഷ്‌ടമായപ്പോള്‍ മലയാളത്തിലെ സാംസ്കാരിക നായകന്‍മാര്‍ പരിതപിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. പക്ഷേ ആ തറവാടുകള്‍ വില്‍ക്കേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ച്‌ അവരുടെ കണ്ണീരിനെക്കുറിച്ച്‌ ഇവര്‍ ഓര്‍ക്കാറുണ്ടോ? കൊച്ചുവീടായാലും കൊട്ടാര സദൃശ്യമായ വീടായാലും വീട്‌ വീടാണ്‌. മക്കളെ പഠിപ്പിക്കാന്‍വേണ്ടി കേറിക്കിടക്കാടം വിറ്റ എത്രപേരാണ്‌ നമ്മുടെ നാട്ടിലുള്ളത്‌. 56 -നുശേഷം കുടികിടപ്പായി കിട്ടിയ ഒരു സെന്റ്‌ സ്ഥലംപോലും വിറ്റ എത്രയോപേര്‍ നമ്മുടെ നാട്ടിലുണ്ട്‌. അവരെക്കുറിച്ച്‌ നമ്മുടെ സാംസ്കാരിക നായകന്‍മാര്‍ പരിതപിക്കാത്തതെന്തുകൊണ്ടാണ്‌. ഞാന്‍ എന്റെ വീട്‌ വിറ്റ്‌ മറ്റൊരുവീടുവാങ്ങി. ചിലപ്പോള്‍ ഇതും വില്‍ക്കും. ഇതിനെക്കാള്‍ ചെറുതോ വലുതോ ആയ മറ്റൊരുവീട്‌ വാങ്ങിയെന്നെരിക്കും."
വ എങ്കിലും പനവിളയിലെ വീട്‌ വിറ്റത്‌....?

"നിനക്കറിയുമോ രണ്ടുദിവസം ഞാനും എന്റെ രാധയും അവിടെ സ്വബോധം നഷ്‌ടപ്പെട്ടുകിടന്നിരുന്നു. ആരുമറിഞ്ഞില്ല. അര്‍ദ്ധബോധാവസ്ഥയില്‍ നിലത്തുകിടന്ന്‌ ഞാന്‍ വിളിച്ചത്‌ രാധ കേട്ടില്ല. രാധയ്ക്ക്‌ പൂര്‍ണമായും ബോധം നഷ്‌ടപ്പെട്ടിരുന്നു. ചിക്കുന്‍ ഗുനിയ ആയിരുന്നു ഞങ്ങള്‍ക്ക്‌. രണ്ടു ദിവസം കഴിഞ്ഞ്‌ കൊറിയര്‍ കൊണ്ടുവന്ന ഒരാളാണ്‌ എന്റെ വിളികേട്ട്‌ അയലത്തുള്ളവരെ അറിയിച്ചത്‌. രണ്ടുമാസംമുന്‍പാണ്‌, അയല്‍ക്കാര്‍വന്ന്‌ വീടുകുത്തിത്തുറന്ന്‌ എന്നെയും രാധയെയും ഒരു ജീപ്പ്പില്‍ കയറ്റി പാളയത്തെ ജൂബിലി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആ ദിവസങ്ങളില്‍ അവിടെ കിടന്നുകൊണ്ട്‌ കൈകാലുകള്‍ ചലിപ്പിനാവാതെ, ഫോണെടുത്ത്‌ ആരെയെങ്കിലുമൊന്നു വിളിക്കാനാവാതെ, ഞാനനുഭവിച്ച മനോവേദന ഒരു വീടിനും എനിക്ക്‌ പകരം തരാനാവില്ല. അന്നവിടെ കിടന്നുകൊണ്ട്‌ ഞാന്‍ വിചാരിച്ചതാണ്‌ വീട്‌ വില്‍ക്കണമെന്ന്‌. ആറുവര്‍ഷംമുന്‍പ്‌ കടം കയറിയതിനാല്‍ വീട്‌ വില്‍ക്കുന്നതിനെക്കുറിച്ച്‌ ഞാനൊരു കവിത എഴുതിയിരുന്നു. അത്‌ വായിച്ച്‌ കടമ്മനിട്ടയുടെ കണ്ണ്‌ നിറഞ്ഞുപോയി. കടമ്മനിട്ടയ്ക്ക്‌ ഞാനും എന്റെ വീടുമായി അത്ര അടുപ്പമുണ്ട്‌. അങ്ങനെ എത്രപേര്‍ക്ക്‌ ഞാനുമായി അടുപ്പമുണ്ട്‌. അവര്‍ എന്റെ ആത്‌മമിത്രങ്ങളാണ്‌. അവര്‍ക്കെല്ലാം വരാനും എനിക്ക്‌ കിടക്കാനും ഒരു ഇടംവേണം. അതാണ്‌ എന്റെ വീട്‌".

വ നാലാന്റയിലെ (നാലാന്റയാണ്‌ പറഞ്ഞു പറഞ്ഞ്‌ നലാന്റയായത്‌) ഇന്നത്തെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ സമീപം ഒരു വീട്‌ വാങ്ങാനായതില്‍ പഴവിള രമേശിന്‌ പ്രത്യേകമായ സന്തോഷമുണ്ട്‌. കാരണം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ അവിടെ സ്ഥാപിതമായതിനുപിന്നിലും പഴവിള രമേശന്റെ മനസ്സുണ്ട്‌. കേരളകൗമുദി എഡിറ്റോറിയല്‍ അഡ്വൈസര്‍ എന്‍. രാമചന്ദ്രന്‍, മരാമത്ത്‌ മന്ത്രിയായിരുന്ന ടി.കെ. ദിവാകരന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന കാലം. അന്ന്‌ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രവര്‍ത്തിച്ചിരുന്നത്‌ ഡി.പി.ഐക്ക്‌ സമീപമുള്ള സീതി സാഹിബ്‌ മെമ്മോറിയല്‍ ബില്‍ഡിംഗിലായിരുന്നു. 20 പേര്‍ക്കുപോലും ഇരിക്കാന്‍ അവിടെ ഇടമുണ്ടായിരുന്നില്ല. അന്ന്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടറായിരുന്ന എന്‍.വി. കൃഷ്‌ണവാര്യര്‍ പഴവിളയോട്‌ പറഞ്ഞു: ഈ വാടകക്കെട്ടിടത്തില്‍നിന്ന്‌ സര്‍ക്കാരിന്റെ സ്വന്തം കെട്ടിടത്തിലേക്ക്‌ ഈ സാംസ്കാരിക സ്ഥാപനത്തെ മാറ്റാന്‍ പഴവിള വേണ്ടത്‌ ചെയ്യണമെന്ന്‌. ഇന്‍സ്റ്റിറ്റിയൂട്ടിലെ ഉദ്യോഗസ്ഥനായിരുന്ന പഴവിളയ്ക്ക്‌ മന്ത്രിയുമായും എന്‍. രാമചന്ദ്രനുമായും വളരെ അടുപ്പം ഉണ്ടായിരുന്നു. അന്ന്‌ പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന അനന്തകൃഷ്‌ണന്റെ എതിര്‍പ്പിനെ അതിജീവിച്ചാണ്‌ മന്ത്രി ടി.കീയുടെ അനുവാദത്തോടെ എന്‍. രാമചന്ദ്രന്‍, മന്ത്രിമന്ദിരമായിരുന്ന നാലാന്റ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ നല്‍കാന്‍വേണ്ട ഏര്‍പ്പാട്‌ ഉണ്ടാക്കിയത്‌. അവിടെ കാലാകാലങ്ങളില്‍ ഉദ്യോഗം ഭരിച്ച പലരും ഇക്കാര്യം മറന്നെങ്കിലും പഴവിള രമേശന്‍ സ്വകാര്യ സന്തോഷത്തോടെ അതിപ്പോഴും ഓര്‍മ്മിക്കുന്നു.

വ "ചന്ദ്ര ചേട്ടന്‍ അന്ന്‌ ടി.കീയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്നതുകൊണ്ട്‌ മാത്രമാണ്‌ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ നാലാന്റയിലെ കെട്ടിടം ലഭിച്ചതും അതിന്‌ ഇന്നുകാണുന്ന വികസനം ഉണ്ടായതും. കേരളത്തിലെ ഇതുപോലുള്ള ഒരു സാംസ്കാരിക സ്ഥാപനത്തിനും അതിനുമുന്‍പ്‌ സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നില്ല." പഴവിള രമേശന്‍ തുടര്‍ന്നു: പനവിളയിലെ എന്റെ വീട്‌ നില്‍ക്കുന്നിടത്ത്‌ അത്‌ പൊളിച്ച്‌ നാലുനില ഫ്‌ളാറ്റ്‌ കെട്ടാനുള്ള ആഗ്രഹമായിരുന്നു ഇളയ മരുമകനുണ്ടായിരുന്നത്‌. പക്ഷേ ആരെയും അറിയിക്കാതെ ഞാനത്‌ വിറ്റു. മൂത്തമകള്‍ സൂര്യയോട്‌ ഡല്‍ഹിയില്‍ വിളിച്ച്‌ ഇക്കാര്യം സൂചിപ്പിക്കുക മാത്രംചെയ്‌തു." ഏത്‌ കാര്യത്തിലും പഴവിളയുടേതായ തീരുമാനമുണ്ട്‌. അതില്‍ മറ്റൊരാളും കൈകടത്തുന്നത്‌ പഴവിളയ്ക്ക്‌ ഇഷ്‌ടമല്ല. പലപ്പോഴും വൈകാരികത തീരേ ഇല്ലാത്ത ഒരാളെന്ന്‌ അദ്ദേഹത്തെക്കുറിച്ചു എനിക്ക്‌ തോന്നിയിട്ടുണ്ട്‌. പക്ഷേ പഴവിള രമേശന്റെ വാക്കുകള്‍... "കേറിക്കിടക്കാന്‍ ഒരിടം. അവിടെക്കിടന്നാല്‍ കൂട്ടുകാരെ കാണണം. വീട്ടുകാരോട്‌ അടുപ്പമുണ്ടാകണം. നാടിനെ എന്റെ കിടക്കയിലേക്ക്‌ കൊണ്ടുവരണം. ഇത്രയൊക്കെയേ ആഗ്രഹമുള്ളൂ. ഈ ആഗ്രഹം ഒട്ടും ചെറുതല്ല എന്ന്‌ എനിക്കറിയാം."

* തിക്കോടിയനും കടമ്മനിട്ട രാമകൃഷ്‌ണനും രാമുകാര്യാട്ടും ഹരിപോത്തനും ശോഭനാപരമേശ്വരനും അരവിന്ദനും അടൂര്‍ ഗോപാലകൃഷ്‌ണനും പട്ടത്തുവിള കരുണാകരനും പി. ഗോവിന്ദപ്പിള്ളയും തച്ചടി പ്രഭാകരനും വയലാര്‍ രവിയും എന്‍.പി. മുഹമ്മദും വെളിയം ഭാര്‍ഗ്‌ഗവനും പി.കെ.വിയുമെല്ലാം സഹോദരതുല്യം ഇടപഴകിയിട്ടുള്ള വീടാണ്‌ പനവിളയിലേത്‌. ആ വീട്‌ നഷ്‌ടമാകുമ്പോള്‍ ഒരു സാംസ്കാരിക കേന്ദ്രമാണ്‌ മലയാളത്തിന്‌ നഷ്‌ടമാകുന്നത്‌. മലയാളത്തിലെ ഈ തലമൂത്ത കാരണവര്‍മാര്‍ മാത്രമല്ല ഏറ്റവും ഇളം തലമുറയില്‍പെട്ടവരും കലാസാംസ്കാരിക ജീവിതത്തില്‍ ഒന്നുമായിട്ടില്ലാത്തവരുമെല്ലാം എത്തുന്ന വീടായിരുന്നു പനവിളയിലെ പഴവിള അണ്ണന്റെ വീട്‌. അത്‌ നഷ്‌ടമായതില്‍ പഴവിള രമേശന്‍ ദുഃഖിക്കുന്നില്ല. കാല്‍നൂറ്റാണ്ടുമുന്‍പ്‌ ഫോറസ്റ്റ്‌ ഉദ്യോഗസ്ഥനായിരുന്ന ഒരാളുടെ മകനില്‍നിന്നു വാങ്ങിയ ആ വീടിന്‌ ഇപ്പോള്‍ ഒരുനൂറ്റാണ്ടോളം പഴക്കമുണ്ട്‌. എസ്‌.പി ഗ്രൂപ്പാണ്‌ അതിപ്പോള്‍ വാങ്ങിയത്‌. അവര്‍ അതിടിച്ചുനിരത്തുമ്പോള്‍ സഹൃദയനായ ഓരോ മലയാളിയുടെ നെഞ്ചിലൂടെയും ഒരു ബുള്‍ഡോസറിന്റെ ചക്രം കയറിയിറിങ്ങിയില്ലെങ്കില്‍ നമ്മള്‍ ഇന്നുവരെ വായിച്ച എല്ലാ സാഹിത്യ സൃഷ്‌ടികളുടെയും ശക്തി ശൂന്യതയില്‍ ഇല്ലാതായിപ്പോകും.

ഇന്ദ്രബാബു

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

ഞായറാഴ്‌ച, സെപ്റ്റംബർ 24, 2006

നവരാത്രി മണ്‌ഡപത്തിലെ പൂര്‍ണസരസ്വതി (ഡോ. എം.ജി. ശശിഭൂഷണ്‍)

നവരാത്രി മണ്‌ഡപത്തിലെ പൂര്‍ണസരസ്വതി
ഡോ. എം.ജി. ശശിഭൂഷണ്‍

തിരുവനന്തപുരത്തെ നവരാത്രി ദിനങ്ങള്‍ ഭക്തിസാന്ദ്രമാക്കി നവരാത്രി മണ്‌ഡപത്തില്‍ വാഗീശ്വരിയായ പൂര്‍ണസരസ്വതിയുടെ ദിവ്യസാന്നിദ്ധ്യം. കൂട്ടിന്‌ കുമാരസ്വാമിയും കുണ്ടണിമങ്കയും.
തിരുവിതാംകൂര്‍ രാജവംശത്തില്‍നിന്ന്‌ കമ്പരാമായണത്തിന്റെ രചയിതാവായ കമ്പറിലേക്ക്‌ നീളുന്ന ചരിത്രസ്‌മൃതികളിലേക്കുള്ള തിരനോട്ടം കൂടിയാണ്‌ തിരുവനന്തപുരത്തെ നവരാത്രി ആഘോഷം. കമ്പര്‍ പൂജിച്ചിരുന്ന സരസ്വതി വിഗ്രഹമാണ്‌ നവരാത്രി മണ്‌ഡപത്തില്‍ ദര്‍ശനപുണ്യം പകരുന്ന സരസ്വതി അമ്മന്‍.
സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ്‌ നവരാത്രി സദസ്‌ സ്ഥിരമായി തിരുവനന്തപുരത്താകുന്നത്‌.
തിരുവിതാംകോട്‌ (പില്‍ക്കാലത്ത്‌ തിരുവിതാംകൂര്‍) രാജാവായിരുന്ന കുലശേഖരപെരുമാളിന്റെ സാന്നിദ്ധ്യത്തിലാണ്‌ നവരാത്രി സദസുകള്‍ ആദ്യം നടന്നത്‌. സരസ്വതിവിഗ്രഹം പ്രതിഷ്ഠിച്ചതു പദ്‌മനാഭപുരത്തായതിനാല്‍ (കല്‍കുളം) നവരാത്രി മണ്‌ഡപവും സരസ്വതിദേവാലയത്തിനുമുന്നിലായി. കുലശേഖരപ്പെരുമാളിന്‌ പദ്‌മനാഭപുരത്ത്‌ എത്താന്‍ കഴിയാതെവരുമ്പോള്‍ സരസ്വതിവിഗ്രഹം രാജാവിന്റെ ആസ്ഥാനത്തേക്കുകൊണ്ടുവരും. ശുചീന്ദ്രത്തും തിരുവനന്തപുരത്തും മാവേലിക്കരയിലും നവരാത്രിമണ്‌ഡപങ്ങള്‍ അങ്ങനെയാണുണ്ടായത്‌.
സ്വാതിതിരുനാളിന്റെ കാലത്ത്‌ ആസ്ഥാനവിദ്വാന്മാരുടെ എണ്ണം കൂടി. നവരാത്രി കാലത്ത്‌ ഇവരെ പദ്‌മനാഭപുരത്തുകൊണ്ടുപോയി ഊട്ടിപാര്‍പ്പിക്കാന്‍ ക്‌ളേശമുണ്ടായതിനാല്‍ സംഗീതസദസ്‌ തിരുവനന്തപുരത്ത്‌ നടക്കട്ടെ എന്ന്‌ മഹാരാജാവ്‌ കല്‍പിച്ചിരിക്കാം.

പുറത്തേക്കു എഴുന്നള്ളിക്കുമ്പോള്‍ സരസ്വതിഅമ്മനെ അനുഗമിക്കുവാന്‍ വെള്ളിക്കുതിരപ്പുറത്ത്‌ കുമാരകോവിലിലെ വേലായുധസ്വാമിയും പണ്ടുമുതലേ ഉണ്ടായിരുന്നു. മുന്നൂറ്റിമങ്ക തോഴിയാകട്ടെ എന്ന്‌ തീരുമാനിച്ചത്‌ സ്വാതിതിരുനാളായിരിക്കണം. വള്ളിയെന്ന കാട്ടുജാതിക്കാരിയെ തിരുമണം നടത്താന്‍ വേലായുധസ്വാമിക്ക്‌ പദ്‌മനാഭപ്പെരുമാളില്‍നിന്ന്‌ അനുവാദം വാങ്ങിത്തരാം എന്നുപറഞ്ഞാണ്‌ മുന്നൂറ്റിമങ്ക ശുചീന്ദ്രത്തുനിന്ന്‌ പുറപ്പെട്ടത്‌. വഴിനീളെ പൂജയും വഴിപാടുകളും സ്വീകരിച്ച്‌ ദേവീദേവന്മാര്‍ മൂന്നാംദിവസമാണ്‌ തിരുവനന്തപുരത്ത്‌ എത്തുന്നത്‌. തിരുവനന്തപുരത്തു എത്തുമ്പോള്‍ വിവാഹക്കാര്യം പറയാനെന്ന വ്യാജേനെ പദ്‌മനാഭസ്വാമിയുടെ അടുത്തെത്തുന്ന മുന്നൂറ്റിമങ്ക വള്ളിയെന്ന കുറത്തിയെ തിരുമണം നടത്താന്‍ വേലായുധസ്വാമിക്ക്‌ അനുവാദം നല്‍കരുതെന്നു പദ്‌മനാഭസ്വാമിയോടു ഏഷണി പറയും. മുന്നൂറ്റിമങ്കയെ തിരുവനന്തപുരത്തുകാര്‍ കുണ്ടണിമങ്ക എന്നുപറയുന്നതിന്റെ കാരണം ഇതാണ്‌. കുണ്ടണി എന്നാല്‍ ഏഷണി എന്നര്‍ത്ഥം.

യാത്രയിലെ അശുദ്ധി പത്‌മതീര്‍ത്ഥത്തില്‍ നീരാടിയാണ്‌ സരസ്വതിയമ്മന്‍ മാറ്റുന്നത്‌. അതുകഴിഞ്ഞ്‌ കുലശേഖരപ്പെരുമാള്‍ നേരിട്ടുവന്ന്‌ ദേവിയെ സ്വീകരിച്ച്‌ നവരാത്രി മണ്‌ഡപത്തിലേക്ക്‌ ആഘോഷപൂര്‍വം ആനയിക്കും. മുന്നൂറ്റിമങ്ക ചെന്തിട്ടയിലെ ക്ഷേത്രത്തിലും വേലായുധസ്വാമി ആര്യശാല ക്ഷേത്രത്തിലും പിന്നീട്‌ വിശ്രമിക്കും.
ഒരടിയോളം ഉയരമുള്ള സരസ്വതിദേവിയുടെ പഞ്ചലോഹവിഗ്രഹത്തെയാണ്‌ പിന്നീടുള്ള ഒന്‍പതുദിവസവും തിരുവനന്തപുരത്തുകാര്‍ ആരാധിക്കുന്നത്‌. ഈ സരസ്വതിവിഗ്രഹം സാക്ഷാല്‍ കമ്പര്‍പൂജിച്ചതാണെന്നാണ്‌ ഐതിഹ്യം. രാമായണം തമിഴില്‍ വിരചിക്കുമ്പോള്‍ നേരിട്ട തടസ്സങ്ങളെല്ലാം കമ്പര്‍ക്കു പരിഹരിച്ചുകൊടുത്തത്‌. സരസ്വതി അമ്മനാണെന്നുകൂടി തമിഴര്‍ പറയും. കമ്പര്‍ക്കുശേഷം അദ്ദേഹത്തിന്റെ മകന്‍ അംബികാപതിയായിരുന്നു വിഗ്രഹത്തിന്റെ സംരക്ഷകന്‍. വിഗ്രഹം തിരുവിതാംകോടിന്‌ ലഭിച്ചത്‌ സംഗ്രാമധീര രവിവര്‍മ്മ (1299 - 1314)യുടെ കാലത്തായിരുന്നുവത്രേ. ഉദയമാര്‍ത്താണ്‌ഡവര്‍മ്മയുടെയോ (1314 - 1344) സര്‍വംഗനാഥ ആദിത്യവര്‍മ്മയുടെയോ (1376 - 1383) കാലത്താകാം വിഗ്രഹം പദ്‌മനാഭപുരത്തു എത്തിയത്‌.

വിഗ്രഹശാസ്‌ത്ര ലക്ഷണങ്ങള്‍വച്ച്‌ നോക്കുമ്പോഴും ഒട്ടേറെ സവിശേഷതകള്‍ ഈ സരസ്വതി അമ്മനുണ്ട്‌. അര്‍ക്ഷമാലയ്ക്കും അമൃതുനിറച്ച ജലപാത്രത്തിനും പകരം ശംഖും ചക്രവുമാണ്‌ സരസ്വതിഅമ്മന്റെ പിന്‍കൈകളില്‍. മുന്‍കൈകള്‍ അഭയവരദമുദ്രകളിലും. വരദമുദ്രയോടുകൂടിയ കൈയില്‍ ഗ്രന്ഥവും ഉണ്ട്‌. സരസ്വതിഅമ്മന്‍ എന്നുഭക്തന്മാര്‍ പറയുമെങ്കിലും ലക്ഷ്‌മിയും സരസ്വതിയും ദുര്‍ഗ്‌ഗയും ദേവിയില്‍ സമന്വയിക്കുന്നതായി വിഗ്രഹത്തിന്റെ ചിഹ്‌നങ്ങള്‍ സൂചിപ്പിക്കുന്നു. ധ്യാനമന്ത്രങ്ങളിലെ വാഗീശ്വരിയാണ്‌ ഈ സരസ്വതി. വാഗീശ്വരിയായ സരസ്വതിയെ പൂര്‍ണസരസ്വതി എന്നും പറയാം. ശൈവചൈതന്യമാണ്‌ ഈ സരസ്വതിക്ക്‌. ബ്രഹ്‌മാവിന്റെ പത്‌നിയില്‍നിന്ന്‌ വ്യത്യസ്തമായ ഈ ദേവീസങ്കല്‍പത്തെയാണ്‌ കൊല്ലൂരിലെ മൂകാംബികാക്ഷേത്രത്തില്‍ ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച്‌ പൂജിച്ചതും. തമിഴ്‌ശൈലിയിലാണ്‌ വിഗ്രഹത്തിന്റെ നിര്‍മ്മാണം. പില്‍ക്കാലചോഴശൈലി എന്നും പറയാം. കമ്പര്‍ പൂജിച്ചിരുന്ന വിഗ്രഹമെന്ന ഐതിഹ്യത്തിന്‌ ചരിത്രത്തിന്റെ പിന്‍ബലവുമുണ്ട്‌.വിജയദശമി കഴിഞ്ഞുവരുന്ന ദിവസമാണ്‌ ദേവീദേവന്മാര്‍ നാഞ്ചിനാട്ടേക്ക്‌ മടങ്ങുന്നത്‌. ദുഃഖത്തോടെയാണ്‌ മടക്കയാത്ര. പദ്‌മനാഭസ്വാമി പിരിയുന്നതാണ്‌ ദുഃഖകാരണം.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍.കോം

നമിക്കുക ബോധാനന്ദസ്വാമിയെ(സച്ചിദാനന്ദസ്വാമി)

നമിക്കുക ബോധാനന്ദസ്വാമിയെ
സച്ചിദാനന്ദസ്വാമി

ശ്രീനാരായണഗുരുവിന്റെ സന്യസ്തശിഷ്യന്മാരില്‍ പ്രമുഖനായ ദിവ്യശ്രീ ബോധാനന്ദസ്വാമികളുടെ 79-ാ‍മത്‌ മഹാസമാധിദിനം ഇന്ന്‌ അധികം ആരും അറിയാതെ കടന്നുപോകുകയാണ്‌. 1104 കന്നി 5 ന്‌ ഗുരുസമാധി, കന്നി 8 ന്‌ ബോധാനന്ദസമാധിയും. ഗുരുസമാധി മികവോടെ ആചരിച്ച ഗുരുഭക്തര്‍ ബോധാനന്ദസമാധിയെ സ്‌മരിക്കാറേയില്ല. ശ്രീനാരായണസൂര്യന്റെ ജാജ്വല്യമാനമായ യശോരാശിയില്‍ ബോധാനന്ദചന്ദ്രിക മുങ്ങിപ്പോയി എന്നതാണ്‌ സത്യം.

തൃശൂരിലെ ചിറക്കലില്‍ സാമാന്യം ഭേദപ്പെട്ട ഒരു തറവാട്ടില്‍ ജനിച്ച ആ പുണ്യപുരുഷന്‍ 18-ാ‍ംവയസ്സില്‍ സത്യാന്വേഷണനിരതനായും സര്‍വസംഗപരിത്യാഗിയായും ഇറങ്ങിത്തിരിച്ച ചരിത്രം ആരിലും രോമാഞ്ചച്ചാര്‍ത്തണിയിക്കുന്ന ദീപ്‌തമായ ഒരേടാണ്‌. ഭാരതമെമ്പാടും ചുറ്റിസഞ്ചരിച്ച ആ തപോധനന്‍ ഭാരതാരാമത്തിലെ പൂര്‍വരായ ഋഷീശ്വരന്മാരെപ്പോലെ ഹിമാലയസാനുക്കളില്‍ കഠിനമായ തപശ്ചര്യയില്‍ മുഴുകുകയും ഒടുവില്‍ സത്യസാക്ഷാത്കാരം നേടി ജീവന്മുക്തിപദത്തില്‍ ആരൂഢനാകുകയും ചെയ്തു. ശങ്കരാചാര്യ പരമ്പരയില്‍നിന്ന്‌ സന്യാസദീക്ഷ സ്വീകരിച്ച്‌ ബോധാനന്ദസ്വാമികളായി മാറി, കേരളത്തില്‍ മടങ്ങിയെത്തിയ സ്വാമികള്‍ അയിത്തവും അനാചാരവും ജാതിജന്യമായ അനീതിയും ദൂരീകരിക്കുവാന്‍ വേണ്ടി ഒരു വിപ്‌ളവപ്രസ്ഥാനത്തിന്‌ രൂപം നല്‍കി. കേരളം അതിനുമുന്‍പോ, അതിനുശേഷമോ ദര്‍ശിക്കാത്ത ഒരു വിപ്‌ളവപ്രസ്ഥാനമായിരുന്നു അത്‌. ധര്‍മ്മഭടസംഘം അഥവാ രഹസ്യസംഘം എന്നായിരുന്നു അതിന്റെ പേര്‌. വരേണ്യവര്‍ഗ്‌ഗത്തിന്റെ കരബലകല്‍പിതമാണ്‌ ജാതിഭേദമെന്ന്‌ സ്വാമികള്‍ കണ്ടിരുന്നു. അതിനെ നേരിടാന്‍ അതേപോലെ കരബലമാര്‍ജ്ജിക്കുക, പൊരുതുക ഇതായിരുന്നു ധര്‍മ്മഭടസംഘത്തിന്റെ മാര്‍ഗ്‌ഗം. കായികപരിശീലനം നേടിയ ഒരു ഡസന്‍ വരുന്ന യുവാക്കളെ തിരഞ്ഞെടുത്ത്‌ അര്‍ദ്ധരാത്രി സമയത്ത്‌ മിന്നിത്തിളങ്ങുന്ന നിലവിളക്കിന്റെ മുന്‍പില്‍ കുളിച്ച്‌ ഈറനായി തറ്റുടുത്ത്‌ കഠാരകൊണ്ട്‌ കൈമുറിച്ച്‌ രക്തംതൊട്ട്‌ സത്യം ചെയ്യുന്നു. "ജാതിയില്‍ ഞാന്‍ ആരുടെയും പിന്നിലല്ല. ജാതിഭേദത്തെ ഇല്ലായ്‌മ ചെയ്യുവാന്‍ ഞാന്‍ എന്റെ ജീവനെ ബലിയര്‍പ്പിക്കുന്നു".

ധര്‍മ്മഭടാംഗങ്ങള്‍ പഴയ കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ ധാരാളം യൂണിറ്റുകള്‍ ധര്‍മ്മഭടസംഘത്തിനുണ്ടാക്കി. കൊച്ചിയിലും മലബാറിലും സഞ്ചാരസ്വാതന്ത്യ്‌രം നേടിയെടുക്കുവാന്‍ വലിയ ത്യാഗവും സേവനവുമാണ്‌ ധര്‍മ്മഭടസംഘം നിര്‍വഹിച്ചത്‌. അനവധി സന്യാസിശിഷ്യന്മാരും ഗൃഹസ്ഥശിഷ്യന്മാരുമടങ്ങിയ ബോധാനന്ദസംഘം ഒരു വിപ്‌ളവ കൊടുങ്കാറ്റായി കേരളമെങ്ങും ചീറിയടിച്ച കാലത്താണ്‌ വിധി നിയോഗമെന്നോണം ആ പ്രസ്ഥാനം ശ്രീനാരായണഗുരുദേവപ്രസ്ഥാനത്തില്‍ വിലയംപ്രാപിച്ചത്‌. അന്ന്‌ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ചട്ടമ്പിസ്വാമികള്‍, വാഗ്ഭടാനന്ദന്‍, ബ്രഹ്‌മാനന്ദശിവയോഗി തുടങ്ങിയ കേരളീയ നവോത്ഥാനനായകന്മാരായ ആദ്ധ്യാത്മികാചാര്യന്മാരുടെ ഗണനയില്‍ ബോധാനന്ദസ്വാമികളും സ്‌മരിക്കപ്പെടുമായിരുന്നു.

ശിവഗിരി ശാരദാമഠം പ്രതിഷ്ഠാവേളയില്‍ ഗുരുദേവശിഷ്യ പരമ്പരയില്‍ വിലയംപ്രാപിച്ച ബോധാനന്ദസ്വാമികള്‍ അതേ ശാരദാമഠത്തില്‍വച്ചുതന്നെ ഗുരുദേവന്റെ അനന്തരഗാമിയായി ഗുരുദേവനാല്‍ അഭിഷിക്തനാകുകയും ചെയ്തു. ആ വേളയില്‍ ശ്രീസഹോദരന്‍ അയ്യപ്പന്‍ സ്വാമികള്‍ക്ക്‌ സമര്‍പ്പിച്ച മംഗളപത്രത്തില്‍
സാക്ഷാല്‍ ജ്ഞാനദയാസിന്‌ധുവ
കുഗുരുമൂര്‍ത്തിതന്‍
അനഘം ഗുണസംജാതം പകരും സ്വാമി
അങ്ങയില്‍
അങ്ങേടെയാജ്ഞാവാഹകന്മാര്‍ സ്വാമിന്‍! ഞങ്ങളശേഷവും
എന്നാണ്‌ സ്‌മൃതി അര്‍പ്പിച്ചത്‌.

തിരുവിതാംകൂര്‍ എസ്‌.എന്‍.ഡി.പി യോഗത്തിന്റെ സ്ഥാപകനായി ഗുരുദേവന്‍ അറിയപ്പെടുമ്പോള്‍ കൊച്ചി എസ്‌. എന്‍.ഡി.പി യോഗത്തിന്റെ സ്ഥാപകന്‍ (അന്ന്‌ കൊച്ചി തിയമഹാസഭ) ബോധാനന്ദസ്വാമികളാണ്‌. നീണ്ട 13 വര്‍ഷക്കാലം സ്വാമികള്‍ തന്നെയായിരുന്നു യോഗത്തിന്റെ പ്രസിഡന്റ്‌. ഗുരുദേവസ്ഥാപനങ്ങളോടും ക്ഷേത്രങ്ങളോടും ചേര്‍ന്ന്‌ ഗുരുദേവപ്രതിമ സ്ഥാപിക്കണമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ്‌ ബോധാനന്ദസ്വാമികളാണ്‌. ആ പ്രതിമ ശ്രീമൂര്‍ക്കോത്തുകുമാരന്റെ നേതൃത്വത്തില്‍ തലശ്ശേരി ജഗന്നാഥക്ഷേത്രാങ്കണത്തില്‍വച്ച്‌ ഗുരുദേവന്‍ സശരീരനായിരിക്കവെ ബോധാനന്ദസ്വാമികള്‍ തന്നെ സ്ഥാപിക്കുകയും ചെയ്തു. സാധുക്കളുടെ വിദ്യാഭ്യാസം, ഉദ്യോഗം, ജീവിതവൃത്തി എന്നിവയെ സഹായിക്കുന്നതിനുവേണ്ടി ആദ്യമായി ഒരു ബാങ്ക്‌ - കൊച്ചി നാഷണല്‍ ബാങ്ക്‌ സ്ഥാപിച്ചതും ബോധാനന്ദസ്വാമികള്‍ തന്നെ. ഗുരുദേവസന്ദേശങ്ങളുടെ സാക്ഷാത്കാരത്തിനും സ്വതന്ത്രചിന്തയ്ക്കുംവേണ്ടി ഒരു "ശ്രീനാരായണമതം" തന്നെ സ്വാമികള്‍ സ്ഥാപിക്കുവാനൊരുങ്ങി. എന്നാല്‍ സര്‍വമത സമന്വയമൂര്‍ത്തിയായ ഗുരുദേവന്റെ കല്‍പനപ്രകാരം സ്വാമികള്‍ മതസ്ഥാപന പ്രവൃത്തികളില്‍നിന്ന്‌ പിന്‍വാങ്ങി.

1928 ല്‍ ശിവഗിരിമഠം കേന്ദ്രമാക്കി ശ്രീനാരായണധര്‍മ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിക്കുവാന്‍ നേതൃത്വം കൊടുത്തതും സ്വാമികളാണ്‌. അദ്ദേഹം സ്ഥാപിച്ച തൃശൂര്‍ - കൂര്‍ക്കഞ്ചേരി ശ്രീനാരായണഭക്തപരിപാലനയോഗം അദ്വൈതാശ്രമം, മഹേശ്വരക്ഷേത്രാങ്കണത്തില്‍വച്ച്‌ സ്ഥാപിതമായ ശ്രീനാരായണധര്‍മ്മസംഘത്തിന്റെ ആദ്യ അദ്ധ്യക്ഷനായി ഗുരുദേവന്‍ നിയോഗിച്ചനുഗ്രഹിച്ചത്‌ ബോധാനന്ദസ്വാമികളെയാണ്‌. ഗുരുദേവന്റെ അനന്തരഗാമിയെന്നനിലയില്‍ 1926 ല്‍ എസ്‌. എന്‍.ഡി.പി യോഗത്തിന്റെ 23-ാ‍ം വാര്‍ഷികയോഗത്തില്‍ സ്വാമികളെയാണ്‌ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്‌. ആ യോഗത്തില്‍വച്ച്‌ ബോധാനന്ദസ്വാമികളെ എസ്‌. എന്‍.ഡി.പി യോഗത്തിന്റെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. സ്ഥിര അദ്ധ്യക്ഷന്‍ ഗുരുദേവന്‍ ആയിരുന്നുവല്ലോ. ഗുരുദേവന്റെ മഹാപരിനിര്‍വാണത്തിനുശേഷം അനന്തരഗാമി യോഗത്തിന്റെയും സ്ഥിരാദ്ധ്യക്ഷനാകുക ഇതായിരുന്നു അന്നത്തെ സങ്കല്‍പം. എന്നാല്‍ ആ മഹാഭാഗ്യം അനുഭവിക്കുവാന്‍ ശ്രീനാരായണപ്രസ്ഥാനത്തിനു സാധിച്ചില്ല. അതിനുള്ള കാരണങ്ങള്‍ ഇവിടെ പ്രതിപാദിക്കുന്നില്ല. ഗുരുദേവന്‍ മഹാസമാധി പ്രാപിച്ചതിന്റെ മൂന്നാംനാള്‍ സ്വാമികളും മഹാസമാധിസ്ഥനായല്ലോ.

ശ്രീനാരായണഭക്തലോകം ഗുരുദേവന്റെ ഈ അനന്തരഗാമിയെ വിസ്‌മരിക്കുവാന്‍ പാടില്ലാത്തതാണ്‌. "ബോധാനന്ദനോളം ത്യാഗം നമുക്കില്ലല്ലോ" എന്ന ഗുരുദേവവചനം നാമിവിടെ ഓര്‍ക്കുക. 1926 ല്‍ സ്വാമികള്‍ എസ്‌.എന്‍.ഡി.പി യോഗവാര്‍ഷികത്തില്‍ ചെയ്ത പ്രസംഗം സ്വാമികളെക്കുറിച്ചറിയുവാന്‍ ഒരു ആധികാരികരേഖയാണ്‌. അത്‌ ഒപ്പം ചേര്‍ക്കുന്നു.

രക്ഷാസൈന്യമായി പുറപ്പെടുക
ബോധാനന്ദസ്വാമികള്‍

കൊല്ലവര്‍ഷം 1101 മേടം 26-ാ‍ം തീയതി നടന്ന എസ്‌. എന്‍.ഡി.പി യോഗത്തിന്റെ 23-ാ‍ം വാര്‍ഷിക സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട്‌ ദിവ്യശ്രീബോധാനന്ദസ്വാമികള്‍ ചെയ്‌ത പ്രസംഗം: 78 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ സ്വാമികള്‍ മുന്നോട്ടുവച്ച ആശയങ്ങളുടെ പ്രസക്തി ഇന്നും വളരെ വലുതാണ്‌.
സ്വാമിതൃപ്പാദങ്ങളുടെ പാവനനാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഈ യോഗത്തിനു 23 വയസ്സുതികഞ്ഞിരിക്കുന്നു. നവയൗവനത്തിന്റെ സകലപ്രസരിപ്പുകളും നിരങ്കുശമായി പ്രകടിപ്പിക്കുന്നതിനുള്ള പ്രായത്തിലാണ്‌ യോഗം ഇപ്പോള്‍ എത്തിയിരിക്കുന്നത്‌. യോഗത്തിന്റെ വളര്‍ച്ചയ്ക്കൊത്ത്‌ സമുദായത്തിന്റെ വളര്‍ച്ചയുണ്ടായിട്ടില്ലാത്തതിനാലാണെന്നു തോന്നുന്നു യോഗം പ്രവര്‍ത്തകന്‍മാര്‍ ആഗ്രഹിക്കുന്ന വേഗത്തിലും ആവശ്യപ്പെടുന്ന ഒതുക്കത്തോടുകൂടിയും സമുദായം മുന്നോട്ടു കടന്നുവന്ന്‌ യോഗോദ്ദേശ്യങ്ങളെ നിറവേറ്റുവാന്‍ വിളംബിക്കുന്നത്‌. ഈ ശോച്യാവസ്ഥയ്ക്കുള്ള ഹേതുവെന്തെന്ന്‌ ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു.

യോഗം ആരംഭിച്ചത്‌ ഏതാണ്ട്‌ കാല്‍നൂറ്റാണ്ടുമുമ്പാണല്ലോ. അന്നത്തെ സമുദായസ്ഥിതിയും, സാമുദായികാദര്‍ശങ്ങളും ഇന്നു തുലോം ഭേദപ്പെട്ടുപോയിരിക്കുന്നു. ജാതിമതാദികാര്യങ്ങളില്‍ ഈഴവര്‍ അന്ന്‌ നിര്‍ബന്‌ധമുള്ള സമുദായക്കാരായിരുന്നു. മിശ്രഭോജനത്തിന്റെയോ മിശ്രവിവാഹത്തിന്റെയോ ശബ്‌ദം അന്ന്‌ ഈഴവര്‍ക്ക്‌ കര്‍ണശല്യങ്ങളായിരുന്നു. മതസിദ്ധാന്തങ്ങളില്‍ നല്ല സംശയവുമുണ്ടായി. അതുപുറത്തു മിണ്ടിപ്പോയാല്‍ അതൊരു മഹാപരാധമായി കരുതിവന്നു. കുടുമ മുറിക്കുന്നത്‌ കുറവുമാത്രമായിട്ട്‌ മാത്രമല്ല കുറ്റമായിട്ടും കരുതിവന്നു. മതസ്ഥാപനങ്ങളും മതാചാരങ്ങളും സവര്‍ണഹിന്ദുക്കളുടെ മൂശയില്‍ത്തന്നെ നാം വാര്‍ത്തെടുത്തുകൊണ്ടിരിക്കുന്നു. സവര്‍ണ ഹിന്ദുക്ഷേത്രങ്ങളില്‍ ഈഴവര്‍ പ്രവേശിച്ചാല്‍ ക്ഷേത്രത്തിന്‌ അശുദ്ധിയുണ്ടാകുന്നതുപോലെതന്നെ, പറയന്‍, പുലയന്‍ മുതലായ ജാതിക്കാര്‍ പ്രവേശിച്ചാല്‍ ഈഴവക്ഷേത്രങ്ങള്‍ക്കും അശുദ്ധംഭവിക്കുമെന്ന്‌ വിശ്വസിച്ചിരുന്നു. ഇങ്ങനെ ലോകത്തുള്ള മറ്റു മനുഷ്യ സമുദായങ്ങളോടൊന്നിനും തങ്ങള്‍ ലയിക്കാതേയും മറ്റു സമുദായങ്ങളെ തങ്ങളില്‍ ലയിപ്പിക്കാതേയും ഒരു പ്രത്യേക സമുദായമായി കഴിഞ്ഞുകൂടണമെന്നുള്ള ജാതി ജഡമായ ബുദ്ധിയും അതിനൊത്ത അഭിപ്രായങ്ങളും ആദര്‍ശങ്ങളുമായിരുന്നു അന്ന്‌ സമുദായത്തിനുണ്ടായിരുന്നത്‌. അതുകൊണ്ട്‌ അന്നുണ്ടായിരുന്ന എസ്‌. എന്‍.ഡി.പി യോഗം ഈഴവ സമുദായത്തിന്റെ മതം, വിദ്യാഭ്യാസം, ധനസ്ഥിതി, സമുദായാചാരം ഇവയെ പരിഷ്കരിച്ചുനന്നാക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള ഒരു പ്രത്യേക സാമുദായിക യോഗമായി രജിസ്റ്റര്‍ ചെയ്‌തതും ശ്രീനാരായണഗുരു സ്വാമി തൃപ്പാദങ്ങള്‍ അങ്ങനെയുള്ള ഒരു യോഗത്തിന്റെ സ്ഥിരാദ്ധ്യക്ഷസ്ഥാനം കൈയേറ്റു പ്രവൃത്തികള്‍ ആരംഭിച്ചതും അദ്ഭുതമല്ല.

സ്വാമി തൃപ്പാദങ്ങളുടെയും സമുദായത്തിന്റെയും ഇന്നത്തെ സാമുദായികാദര്‍ശങ്ങളും മതാദര്‍ശങ്ങളും അന്നത്തേതുതന്നെയോ? കഴിഞ്ഞ 25 സംവത്സരകാലത്തിനകം ലോകത്തിന്‌ ആകപ്പാടെ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ അദ്ഭുതകരങ്ങളാണ്‌. അദ്ഭുതകരങ്ങളല്ലെങ്കിലും സാരങ്ങളായ പല മാറ്റങ്ങളും സമുദായത്തില്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. മനുഷ്യരെ ജാതികളായി അകറ്റിനിറുത്തുന്ന കൃത്രിമവേലികള്‍ ലോകത്തിന്‌ അനര്‍ത്ഥകാരികളെന്ന്‌ ബുദ്ധിമാന്‍മാര്‍ സിദ്ധാന്തിക്കുന്നതിനെ ഈഴവസമുദായം വിശ്വസിച്ചുകഴിഞ്ഞിരിക്കുന്നു. തീണ്ടലും തൊടീലും കാരണഭൂതമായ ജാതിയെത്തന്നെ നശിപ്പിക്കണമെന്ന്‌ സമുദായവും യോഗവും ഇപ്പോള്‍ ആദര്‍ശലക്ഷ്യമായി അംഗീകരിച്ചിരിക്കുന്നത്‌. അന്യരുടെ അമ്പലവാതിലുകള്‍ തങ്ങള്‍ക്ക്‌ തുറന്ന്‌ തരണമെന്ന്‌ പ്രക്ഷോഭണം നടത്തുന്നതോടുകൂടി ഈഴവര്‍, തങ്ങളുടെ അമ്പലവാതിലുകള്‍ സമസ്തജാതിക്കാര്‍ക്കും നിര്‍ബാധം തുറന്നുകൊടുക്കുകയും ചെയ്‌തിരിക്കുന്നു. മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനുംകൂടി ഉത്സാഹം നടന്നുകൊണ്ടിരിക്കുന്നു. കുടുമ മുറിക്കുകയോ താടി വളര്‍ത്തുകയോ സ്വല്‌പം മേല്‍മീശമാത്രം വയ്ക്കുകയോ ചെയ്‌തുകണ്ടാല്‍ അതെല്ലാം അവനവന്റെ രുചിഭേദം പോലെയെന്നു സമാധാനപ്പെടത്തക്ക സഹനശക്തി സകലര്‍ക്കും ഇപ്പോള്‍ വന്നുകഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ അതിനെ പ്രവൃത്തിരൂപമായി പ്രത്യക്ഷപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ കൂട്ടത്തില്‍ ഹിന്ദുമത വിശ്വാസികളും ബുദ്ധമതവിശ്വാസികളും ആര്യസമാജക്കാരും ബ്രഹ്‌മസമാജക്കാരും ബ്രഹ്‌മവിദ്യാസംഘക്കാരും ഉണ്ട്‌. ഇവയെല്ലാറ്റിനെയുംകാള്‍ ക്രിസ്‌തുമതം നന്നെന്നും, മുഹമ്മദുമതം നന്നെന്നും അഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്നവരും ഉണ്ട്‌. വല്ല മതവും വേണമോ എന്നു സംശയിക്കുന്നവരും ഇല്ലാതില്ല. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ ഇങ്ങേയറ്റം വിഗ്രഹാരാധന മുതല്‍ അങ്ങേയറ്റം ബ്രഹ്‌മജ്ഞാനംവരെയുള്ള ഭിന്നരീതി വിശ്വാസങ്ങള്‍ക്കെല്ലാം മനുഷ്യസമുദായത്തില്‍ ഇടം കൊടുക്കാതെ നിര്‍വാഹമില്ലെന്ന്‌ നിങ്ങള്‍ സമ്മതിക്കുകയും നിങ്ങളുടെ ആ സമ്മതം പ്രവൃത്തിയില്‍ പ്രത്യക്ഷപ്പെടുത്തി തുടങ്ങുകയും ചെയ്‌തിരിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ്‌ ഒരുജാതി, ഒരുമതം, ഒരുദൈവം, മനുഷ്യന്‌ എന്നുള്ള മഹാദര്‍ശം സ്വാമിതൃപ്പാദങ്ങള്‍ പ്രഖ്യാപനം ചെയ്‌തിരിക്കുന്നത്‌. തൃപ്പാദങ്ങളുടെ ഈ ആദര്‍ശത്തിന്‌ വിരോധം പറയുവാന്‍ ഇതേവരെയുള്ള ഞങ്ങളുടെ പ്രസംഗങ്ങളും പ്രവൃത്തികളും നിമിത്തം നിങ്ങള്‍ക്ക്‌ വാദതടസ്സം നേരിട്ടിട്ടുണ്ട്‌. എന്നാല്‍ തത്വാവധാരണത്തിനുള്ള സംരംഭങ്ങളില്‍ മുന്‍പുപറഞ്ഞതും ചെയ്‌തതുമൊന്നും വാദതടസ്സമായി തീരുവാന്‍ പാടുള്ളതല്ല. അതിനാല്‍ ഈ "ഒരുജാതി, ഒരുമതം" എന്നുള്ള പ്രമാണത്തില്‍ അടങ്ങിയിരിക്കുന്ന തത്വത്തെയും ആ തത്വത്തിന്റെ പ്രായോഗികതയെയും കുറിച്ച്‌ നാം സാവധാനമായി ചിന്തിച്ചുനോക്കുവാനുള്ളതാകുന്നു.

ഒരുജാതി

ഭൂഗോളത്തിലുള്ള ബഹുകോടി ജനങ്ങളുടെയിടയില്‍ ഇന്നു പ്രചാരത്തില്‍ ഇരിക്കുന്നത്‌ മുഖ്യമായി നാലുമതങ്ങളാണ്‌. ജനസംഖ്യയുടെ കൂടുതല്‍ കുറവനുസരിച്ച്‌ ഇവയെ ക്രിസ്‌തുമതം, ബുദ്ധമതം, മുഹമ്മദുമതം, ഹിന്ദുമതം എന്നുക്രമീകരണം ചെയ്യാവുന്നതാകുന്നു. എല്ലാറ്റിലും ജനസംഖ്യ കുറഞ്ഞ ഹിന്ദുമതത്തില്‍ ഇന്ന്‌ 25 കോടി ജനങ്ങളുണ്ട്‌. നൂറില്‍പ്പരം കോടികളുള്ള ശേഷം മൂന്നുമതക്കാരും ജാതിവിഭാഗം അംഗീകരിക്കാത്ത മതക്കാരാകുന്നു. ജാതിവിഭാഗം അംഗീകരിച്ചിരിക്കുന്ന ഏകമതക്കാര്‍ ഹിന്ദുമതക്കാര്‍ മാത്രമാണ്‌. അവരില്‍ മാത്രമാണ്‌ അധഃകൃതരെന്നും അയിത്തജാതിക്കാരെന്നും അവര്‍ണരെന്നും ഒരു പ്രത്യേക വിഭാഗമായി നിന്നുകൊള്ളുവാന്‍ തക്കവണ്ണം പുറന്തള്ളപ്പെട്ടവരായി ഒരു മനുഷ്യവിഭാഗത്തെ നാം കാണുന്നത്‌. പരിശുദ്ധമായ ഹിന്ദുമതത്തില്‍ ജാതി ഇല്ലെന്ന പ്രഖ്യാപനം ചെയ്യുന്ന പണ്‌ഡിതന്‍മാര്‍ ഇപ്പോഴുമുണ്ട്‌. അവര്‍ പറയുന്നതായിരിക്കും ശരി. ഹിന്ദുമതക്കാരില്‍ ജാതിയുണ്ടെന്നുള്ളതിന്‌ സംശയമില്ല. ഹിന്ദുമതത്തെക്കാള്‍ സംഖ്യയിലും ശക്തിയിലും പ്രചാരത്തിലും മികച്ചുനില്‍ക്കുന്ന മറ്റു മൂന്നുവലിയ മതങ്ങളിലും ഇല്ലാത്തതാണെന്നും വേണ്ടാത്തതാണെന്നും പ്രഖ്യാപനം ചെയ്യുവാന്‍ നാം ലേശം മടിച്ചിട്ടാവശ്യമില്ല".

ഒരുമതം

ഒരു മതമെന്നുള്ള സ്വാമിതൃപ്പാദങ്ങളുടെ ആദര്‍ശവാക്യം മേല്‍പ്പറഞ്ഞ നാലുമതക്കാരും സമ്മതിക്കുന്നതല്ല. അതിനാല്‍ ഈ ഏകമതാദര്‍ശം കേവലം തൃപ്പാദങ്ങളുടെ ഒരു ദിവാസ്വപ്‌നമാണെന്നും അങ്ങനെ ഒരു കൃതയുഗാവസ്ഥ കലിമുറ്റിവരുന്ന ഭാവിയില്‍ സംഭവ്യമല്ലെന്നും സംശിക്കുന്നവര്‍ ധാരാളമുണ്ടെന്നും എനിക്കറിയാം. ലോകത്തില്‍ ഇന്നു പരിഷ്കാരലക്ഷണങ്ങളായി കാണുന്നവയെല്ലാം ഓരോ കാലത്ത്‌ ശാസ്‌ത്രജ്ഞന്‌മാരുടെയും തത്വചിന്തകന്‌മാരുടെയും ദിവാസ്വപ്‌നങ്ങള്‍ ഫലത്തില്‍ വന്നവ തന്നെയാണ്‌. ആകാശത്തില്‍ക്കൂടി കപ്പലോടിക്കാമെന്നും കമ്പിയില്ലാതെതന്നെ കമ്പിത്തപാല്‍ അയയ്ക്കാം എന്നും ബ്രിട്ടീഷ്‌ പാര്‍ലമെന്റിലെ പ്രസംഗങ്ങളും ലണ്ടന്‍ തിയേറ്ററില്‍ നാടകാഭിനയത്തില്‍ നടക്കുന്ന സംഗീതങ്ങളും സംഭാഷണങ്ങളും ചിരികളും കൈകൊട്ടുകളും ബ്രോഡ്കാസ്റ്റിംഗ്‌ വഴി കൊളമ്പിലും കൊല്‍ക്കത്തയിലുമുള്ള അവരവരുടെ ബംഗ്‌ളാവിലിരുന്നു സുഖമായി കേട്ടുരസിക്കാമെന്നും ഒരിക്കല്‍ ദിവാസ്വപ്‌നം കണ്ടിരുന്നത്‌ ഇന്ന്‌ യഥാര്‍ത്ഥ സംഭവങ്ങളായിത്തീര്‍ന്നില്ലേ? അതുപോലെതന്നെ ശ്രീനാരായണഗുരുസ്വാമി തൃപ്പാദങ്ങളുടെ ദിവാസ്വപ്‌നവും ഫലിച്ചേ തീരൂ.

സംഘടന, സമ്പത്ത്‌, സരസ്വതിപൂജ ഈ മൂന്നു സകാരങ്ങളാണ്‌ ഇന്നു ലോകത്തെ ഭരിക്കുന്നത്‌. സംഘടനകൊണ്ട്‌ സാമ്രാജ്യങ്ങള്‍ കീഴടക്കാമെന്ന്‌ ഈസ്റ്റിന്ത്യാ കമ്പനിക്കാര്‍ സംഘടനയില്ലാത്ത നമ്മുടെ സാമ്രാജ്യം പിടിച്ചടക്കി തെളിയിച്ചിരിക്കുന്നു. നമുക്ക്‌ ആരുടെയും സാമ്രാജ്യം പിടിച്ചടക്കണ്ട. സംഘടനയില്ലാത്ത തരം നോക്കി നമ്മുടെ സാമ്രാജ്യത്തില്‍ ആരും കൈയേറാതെ സൂക്ഷിച്ചുകൊണ്ടാല്‍ മതി. ആയിരത്തിനുമപ്പുറം എണ്ണാന്‍ തന്നെ നമ്മില്‍ പലര്‍ക്കും നിശ്ചയമില്ല. ലക്ഷമെന്നും കോടിയെന്നും കേട്ടാല്‍ തലചുറ്റും. തിരുവിതാംകൂര്‍ ഗവണ്‍മെന്റിനു രണ്ടുകോടി രൂപ മുതലെടുപ്പുണ്ട്‌. കണ്ണന്‍ദേവന്‍ മലകള്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ രണ്ടു കോടികള്‍ക്കപ്പുറമാണ്‌. നോക്കുക, സംഘടനയുടെ ശക്‌തി സമ്പത്തിനെ സഞ്ചയിക്കുന്ന വിധങ്ങള്‍. എന്നാല്‍ സംഘടനയും സംഘടനമുഖേന സമ്പത്തും ഉണ്ടാകണമെങ്കില്‍ ബാല്യം മുതല്‍ക്കെ നിരന്തരമായ സരസ്വതീപൂജ സ്‌ത്രീപുരുഷഭേദമെന്യേ നടത്തണം. ശാരദാപ്രതിഷ്ഠകൊണ്ട്‌ സങ്കല്‌പ രൂപമായി സ്വാമിതൃപ്പാദങ്ങള്‍ അതും നമുക്ക്‌ കാണിച്ചുതന്നു. ഒന്നുകൂടി തെളിയിച്ച്‌ അതിനെ പ്രവൃത്തിരൂപമായി കാണിച്ചുതരുവാന്‍ ഒരു മാതൃകാപാഠശാലയ്ക്ക്‌ ശിവഗിരിയില്‍ സന്നാഹങ്ങള്‍ കൂട്ടിവരുന്നു. സ്വാമിതൃപ്പാദങ്ങള്‍ കാണിച്ചുതന്ന സംഘടനയുടെയും സരസ്വതീപൂജയുടെയും സഹായത്തോടുകൂടി സമ്പല്‍ സഞ്ചയത്തിന്‌ ഒരു ബാങ്ക്‌ നമുക്ക്‌ ആരംഭിക്കാം. ജാതിബാധയാല്‍ പീഡിതരായ മനുഷ്യരെല്ലാം നമ്മോടു ചേരട്ടെ. ഈ വിധത്തില്‍ നമുക്ക്‌ ശക്‌തിയും ലോകത്തിന്‌ ശാന്തിയും വര്‍ദ്‌ധിപ്പിക്കുവാന്‍ ശ്രീനാരായണ പരമഹംസന്റെ കൊടിക്കീഴില്‍ ഒരു പുതിയ രക്ഷാസൈന്യമായി അണിനിരന്നു പുറപ്പെടാം.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍.കോം

ചൊവ്വാഴ്ച, സെപ്റ്റംബർ 19, 2006

ചൈനയെ വെള്ളം കുടിപ്പിക്കുന്ന ഒരക്ഷരം:E (അജയ്‌ മുത്താന)

ചൈനയെ വെള്ളം കുടിപ്പിക്കുന്ന ഒരക്ഷരം: E
അജയ്‌ മുത്താന

ഇതാ വരുന്നു ചൈന എന്ന്‌ കുറച്ചുകാലമായി കേള്‍ക്കുന്നു. ചൈന വന്ന്‌ ഇന്ത്യന്‍ വിപണിയെ കീഴടക്കുമെന്നും ഇവിടത്തെ നിര്‍മ്മാണ കമ്പനികളൊക്കെ പൂട്ടിപ്പോവുമെന്നും നാം കേട്ടു. ഇതേ ഭയത്തിലായിരുന്നു (ഭയത്തിലാണ്‌) വിയറ്റ്‌നാമും ദക്ഷിണ കൊറിയയും മുതല്‍ അമേരിക്ക വരെ. പക്ഷേ, ചൈന ഇനിയും വന്നിട്ടില്ല, എന്തുകൊണ്ട്‌?

മൂന്നു നാലുവര്‍ഷം മുന്‍പ്്‌ ഇന്ത്യയിലേക്ക്‌ വിലകുറഞ്ഞ കുറെ ചൈനീസ്‌ ഉത്‌പന്നങ്ങള്‍ ഒഴുകിവന്നു. നാടൊട്ടുക്ക്‌ ചൈനീസ്‌ ഷോപ്പുകള്‍ വന്നു. പക്ഷേ, വന്നതിലും വേഗത്തില്‍ അവ പൂട്ടുകയും ചെയ്‌തു. ഇന്ന്‌ നമ്മുടെ നാട്ടില്‍ ചൈനീസ്‌ ഉത്‌പന്നങ്ങള്‍ എന്നു പറഞ്ഞ്‌ വില്‍ക്കുന്നതിലധികവും കുന്നംകുളത്തോ ഡല്‍ഹിയിലോ ഒക്കെ നിര്‍മ്മിച്ച ഉത്‌പന്നങ്ങളാണ്‌. മിക്ക രാജ്യങ്ങളിലും ' ചൈനീസ്‌ അധിനിവേശം' ഇങ്ങനെ ഇല്ലാതാവുകയാണ്‌.

നടപ്പു സാമ്പത്തികവര്‍ഷം ചൈനയുടെ സാമ്പത്തിക വളര്‍ച്ച 10 ശതമാനത്തിനു മുകളിലായിരിക്കുമെന്ന്‌ അന്താരാഷ്‌ട്ര നാണയനിധി കണക്കുകൂട്ടുന്നു. വികസന പാതയില്‍ കുതിച്ചു പാഞ്ഞിരുന്ന മിക്ക രാജ്യങ്ങള്‍ക്കും ഈ വളര്‍ച്ചാ നിരക്ക്‌ ഒരു സ്വപ്‌നം മാത്രമാണ്‌. എന്നിട്ടും ചൈന 'പറന്നു പൊങ്ങുന്നില്ല.'

പ്രസിഡന്റ്‌ ഹുജിന്റാവോ തന്നെ ചൈനയുടെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ്‌ സമ്മതിച്ചിട്ടുണ്ട്‌. "ഞങ്ങള്‍ ഒരു വലിയ വാണിജ്യ രാഷ്‌ട്രമാണ്‌. പക്ഷേ, ഒരു വാണിജ്യ ശക്‌തിയല്ല" എന്നാണ്‌ ഹു പറഞ്ഞത്‌.ചൈനയുടെ പരാധീനതകള്‍ പലതാണ്‌. ഗുണമേന്മയില്ലാത്ത ഉത്‌പന്നങ്ങളാണ്‌ ചൈനയുടേതെന്ന്‌ പരക്കെ ധാരണ പരന്നിരിക്കുന്നു. അതു മാറ്റുക ഏറെ ദുഷ്കരമായിരിക്കും.

ലോക പൊലീസ്‌ ചമയുന്ന അമേരിക്ക ഇന്ന്‌ ഏറ്റവും ശ്രദ്ധിക്കുന്നത്‌ ഏഷ്യന്‍ രാജ്യങ്ങളെയാണ്‌. ഇറാനും ഇറാക്കുമൊക്കെ എണ്ണ ഊറ്റുന്നതിനും ആയുധങ്ങളുടെ ശേഷി പ്രദര്‍ശിപ്പിച്ച്‌ വില്‍ക്കുന്നതിനുമൊക്കെയുള്ള പരിമിത ലക്ഷ്യത്തോടെയുള്ള ലക്ഷ്യസ്ഥാാ‍ത്രമാണ്‌. ചൈനയാണ്‌ അമേരിക്കയുടെ യഥാര്‍ത്ഥ ഉന്നം. അതിനായി ഇന്ത്യ, തയ്‌വാന്‍, ജപ്പാന്‍ തുടങ്ങി പാകിസ്ഥാന്‍ വരെയുള്ള രാജ്യങ്ങളെ അമേരിക്ക സ്വാധീനിക്കുകയാണ്‌. ഇന്ത്യയെ തന്ത്രപരമായ പങ്കാളിയാക്കി മാറ്റുമ്പോള്‍ പാകിസ്ഥാനെ നാറ്റോ ഇതര സഖ്യ രാഷ്‌ട്രമാക്കിയിരിക്കുന്നു. ജപ്പാനും തയ്‌വാനും സൈനിക സാമ്പത്തിക സഹായങ്ങള്‍ വാരിക്കോരി നല്‍കുന്നു. തങ്ങളുടെ ലക്ഷ്യം സാധിക്കാനാണ്‌ അമേരിക്ക ഏഷ്യയില്‍ ഇത്രയേറെ താത്‌പര്യമെടുക്കുന്നതെങ്കിലും ഏഷ്യന്‍ രാജ്യങ്ങള്‍ അവസരം നന്നായി മുതലെടുക്കുകയാണ്‌. ചൈനയെ പിന്നിലാക്കുക എന്ന ലക്ഷ്യം വച്ചാണ്‌ ഇന്ത്യയെ പങ്കാളിയാക്കാന്‍ ബുഷ്‌ ഭരണകൂടം തീരുമാനിച്ചത്‌. ഊര്‍ജ രംഗത്ത്‌ വന്‍ കുതിച്ചുചാട്ടത്തിന്‌ ഇത്‌ ഇന്ത്യയ്ക്ക്‌ അവസരമൊരുക്കും. പാകിസ്ഥാനാണ്‌ ഇക്കാര്യത്തില്‍ ഏറ്റവുമധികം ഗുണംപറ്റുന്നത്‌. പണ്ടുപണ്ടേയുള്ള സൗഹൃദം വരെ ഉയര്‍ത്തിക്കാട്ടി അമേരിക്കയില്‍ നിന്ന്‌ പാകിസ്ഥാന്‍ ഏറെ ഗുണം പറ്റുന്നു. മറുവശത്ത്‌ ഇന്ത്യയുടെ പേരുപറഞ്ഞ്‌ ചൈനയുടെ ഉറ്റസുഹൃത്താകാനും പാകിസ്ഥാനു കഴിഞ്ഞിരിക്കുന്നു.

അമേരിക്കന്‍ കുതന്ത്രങ്ങളെയും മേഖലയിലെ ശക്‌തികളെയും അതിജീവിച്ച്‌ ഒരു ശക്‌തിയായി മാറാന്‍ ഏറെക്കാലം ചൈനയ്ക്ക്‌ അദ്ധ്വാനിക്കേണ്ടിവരും. 70കളില്‍ വിയറ്റ്‌നാം യുദ്ധാനന്തരം ഏഷ്യയില്‍ അമേരിക്കന്‍ സ്വാധീനം കുറയുകയും സോവിയറ്റ്‌ യൂണിയന്‍ പുതിയ സ്വാധീനശക്‌തിയായി വരികയും ചെയ്‌തു. സോവിയറ്റ്‌ വസന്തം വളരെ കുറച്ചു കാലത്തേക്കേ നിലനിന്നുള്ളൂ. 80- കളില്‍ പറഞ്ഞുകേട്ടത്‌ ജപ്പാന്റെ 'വ്യാപാര അധിനിവേശ'ത്തെക്കുറിച്ചാണ്‌. മലപോലെ വന്ന ജപ്പാനും എലിപോലെ പോയി. ഇപ്പോള്‍ ചൈനയാണ്‌ ലൈംലൈറ്റില്‍. സോവിയറ്റ്‌ യൂണിയനെ തകര്‍ക്കാന്‍ ചെലവഴിച്ചതിലേറെ ഊര്‍ജ്ജം ചൈനയെ വീഴ്ത്താന്‍ അമേരിക്ക പ്രയോഗിക്കുന്നുണ്ട്‌. അതിനൊപ്പം ചൈനയുടേതായ ചില പരാധീനതകളും പിടിവാശികളും അവരുടെ വളര്‍ച്ചയ്ക്കു വിഘാതമാവുകയാണ്‌.
സാമ്പത്തിക ലക്ഷ്യത്തിലുപരി ചൈനീസ്‌ സേനയെ ലോകത്തെ ഏറ്റവും മികച്ച ശക്‌തിയാക്കാനാണ്‌ ജിയാങ്ങ്‌ സെമിനും ഹുജിന്റാവോയുമൊക്കെ ശ്രമിച്ചതും ശ്രമിക്കുന്നതും. പ്രതിവര്‍ഷം കോടിക്കണക്കിന്‌ ഡോളറാണ്‌ ഇതിനായി ചെലവഴിക്കപ്പെടുന്നത്‌. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാന്‍ സുശക്‌തമായൊരു സേന വേണമെന്ന്‌ അമേരിക്കയെക്കണ്ട്‌ ചൈന പഠിച്ചിരിക്കുന്നു. വികസന - വാണിജ്യ രംഗങ്ങളില്‍ ചെലവഴിക്കേണ്ട ധനമാണ്‌ സൈനികാവശ്യങ്ങള്‍ക്കായി ഒഴുകുന്നത്‌. (ഇക്കാര്യത്തില്‍ ഇന്ത്യയും പിന്നിലല്ല). രാജ്യസുരക്ഷയാണ്‌ ഇതിന്‌ ഉപോദ്ബലകമായി പറയുന്നത്‌.

ചൈനയുടെ കയറ്റുമതിയില്‍ പകുതിയും ഏഷ്യന്‍ രാജ്യങ്ങളുമായിട്ടാണ്‌. ആഗോളതലത്തില്‍ വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ ചൈനയ്ക്കു ഇനിയും കഴിഞ്ഞിട്ടില്ല. ഇതും ചൈനയെ പിന്നില്‍ നിറുത്തുന്ന ഘടകമാണ്‌.മധുരമനോജ്ഞ ചൈന കമ്മ്യൂണിസത്തില്‍നിന്ന്‌ പതുക്കെപ്പതുക്കെ മുതലാളിത്തത്തിലേക്ക്‌ ചുവടുമാറിക്കൊണ്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ 'ഇ' എന്ന ഇംഗ്ലീഷ്‌ അക്ഷരം എങ്ങനെ നിര്‍വചിക്കണമെന്നറിയാതെ വിഷമിക്കുകയാണ്‌ ചൈനീസ്‌ നേതൃത്വം. കമ്മ്യൂണിസമെന്നോ ക്യാപ്പിറ്റലിസമെന്നോ നിര്‍വചിക്കാം. മുതലാളിത്തം ഏറിയേറി വരുമ്പോള്‍ തെരുവാധാരമാക്കപ്പെടുന്നത്‌ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന കര്‍ഷകരാണ്‌. 400 ദശലക്ഷം പേരാണ്‌ കൃഷിയിലൂടെ ഇവിടെ ഉപജീവനം കഴിക്കുന്നത്‌. വാണിജ്യ-വ്യാപാര മേഖലകളില്‍ കുതിച്ചുചാട്ടത്തിന്‌ രാജ്യം ഒരുങ്ങുമ്പോള്‍ കര്‍ഷകര്‍ അനുദിനം പട്ടിണിയിലേക്കു പോവുകയാണെന്ന്‌ ചൈനയിലെ അക്കാഡമിക്‌ വിദഗ്ദ്ധര്‍തന്നെ രഹസ്യമായി സമ്മതിക്കുന്നു.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍.കോം

ഞായറാഴ്‌ച, സെപ്റ്റംബർ 17, 2006

കാന്‍സറിനു പ്രതിവിധി- പാട്ട്‌, പത്രം, വീണ (ഡി. വിജയമോഹന്‍)

കാന്‍സറിനു പ്രതിവിധി- പാട്ട്‌, പത്രം, വീണ
ഡി. വിജയമോഹന്‍

കാന്‍സറിനെ എങ്ങനെ ചെറുത്തു തോല്‍പ്പിക്കാം - ചെയ്യുന്ന ജോലി തുടരാനുള്ള ദൃഢനിശ്ചയംവഴി, സംഗീതംവഴി, തോല്‍ക്കാന്‍ എനിക്കു മനസ്സില്ല എന്ന ഉള്‍ക്കരുത്തുവഴി, ചിട്ടയായ ജീവിതംവഴി - കെ. പി. കെ. കുട്ടിയുടെ കഥ അതാണ്‌. ഡല്‍ഹിയിലെ പ്രശസ്‌ത പത്രപ്രവര്‍ത്തകനും ഇന്‍ഡോ ഏഷ്യന്‍ ന്യൂസ്‌ സര്‍വീസ്‌ ഡയറക്ടറും ചീഫ്‌ മെന്ററുമായ കാവശ്ശേരി പരശുരാമ ശാസ്‌ത്രി കൃഷ്ണന്‍കുട്ടി ക്യാന്‍സറിനോടു പൊരുതിയ കഥ പറയുമ്പോള്‍...

രോഗം അറിഞ്ഞപ്പോള്‍

2005 ഫെബ്രുവരിയിലായിരുന്നു തുടക്കം. വയറിനു വേദന തുടര്‍ച്ചയായി തോന്നിയിരുന്നു. ഏപ്രില്‍ 24-നാണ്‌; രാത്രി തുടര്‍ച്ചയായ വയറിളക്കം. ഉറങ്ങിയില്ല. അടുത്ത ദിവസം അപ്പോളോയില്‍ പരിശോധനയ്ക്കു പോയി. ആദ്യം സ്ക്രീനിംഗ്‌ നടത്തി. വയറ്റില്‍ അല്‍പം ഫ്‌ളൂയിഡ്‌ ഉണ്ട്‌. ടി. ബി യാണെന്നു തോന്നുന്നു എന്നായിരുന്നു പരിശോധന നടത്തിയ ലേഡി ഡോക്ടര്‍ പറഞ്ഞത്‌. എന്നാല്‍ ടിവി സ്ക്രീനില്‍ ഈ പരിശോധന നടക്കവേ അതുവഴി വന്ന ഡോ. ഹര്‍ഷ്‌ റസ്‌തോഗി പറഞ്ഞു: ആ രോഗിയെ വിടരുത്‌; എന്റെ സമീപത്തേക്ക്‌ അയയ്ക്കൂ. ഒന്നുകൂടി പരിശോധന വേണം. ആ പരിശോധന കഴിഞ്ഞ്‌ അദ്ദേഹം പറഞ്ഞു - ഇത്‌ കാന്‍സറാണ്‌. ഇന്റസ്റ്റയിനിന്റെ പുറത്ത്‌ 5റ്റ 4റ്റ 3 സെന്റീമീറ്റര്‍ അതു വളര്‍ന്നുകഴിഞ്ഞു. കീമോ തെറപ്പിയല്ലാതെ വേറെ വഴിയില്ല. ആറു സെഷന്‍ വേണ്ടിവരും എന്നും പറഞ്ഞു. ചിട്ടയായ ജീവിതം നയിച്ചിരുന്ന, തികച്ചും സസ്യാഹാരിയായ എനിക്ക്‌ ഇതെങ്ങനെ വന്നു എന്നായിരുന്നു മക്കളുടെ അദ്ഭുതം. ഞാന്‍ പുകവലിക്കാറുണ്ട്‌. എന്നാല്‍ അതിനും ഇതിനുമായി ബന്ധമില്ല എന്നും ഡോക്ടര്‍ പറഞ്ഞു. നോണ്‍-ഹോഡ്കിന്‍സ്‌ ലിംഫോമാ എന്നാണ്‌ ഇതിന്റെ പേര്‌. ബാക്ടീരിയവഴി വന്നതാണിത്‌.

തയാറെടുപ്പുകള്‍

ഏപ്രില്‍ 29-ന്‌ ആദ്യത്തെ കീമോ തെറപ്പി നടന്നു - കാന്‍സര്‍ സ്പെഷലിസ്റ്റ്‌ ഓങ്കോളജിസ്റ്റ്‌ ഹര്‍ഷ്‌ ദുവയുടെ മേല്‍നോട്ടത്തില്‍. ഡോക്ടര്‍ എന്നോടു ചോദിച്ചു - ഒരു കാര്യം അറിയണമെന്നുണ്ട്‌; ഈ രോഗത്തിന്‌ ഒരു പുതിയ മരുന്ന്‌ അമേരിക്കയില്‍ കണ്ടുപിടിച്ചിട്ടുണ്ട്‌ - റോച്ചേ കമ്പനി പുറത്തിറക്കുന്ന മെബ്ത്തേര (mebthera). ഒരു വയലിന്‌ (50 മില്ലി) ഒരുലക്ഷം രൂപ വില വരും. ഇത്‌ ഉപയോഗിക്കാമോ? ഇത്രയും ചെലവു വഹിക്കാമോ? ഞാന്‍ തിരിച്ചു പറഞ്ഞു - എന്റെ വീട്ടില്‍ എന്റെ കുട്ടികളുണ്ട്‌, ഒാ‍ഫിസില്‍ സഹപ്രവര്‍ത്തകരുണ്ട്‌. അവരോടു ചോദിക്കുക. കിട്ടാവുന്ന ഏറ്റവും നല്ല മരുന്ന്‌ ഉപയോഗിക്കുക.

ഒരു കീമോ തെറപ്പി 22 മണിക്കൂറാണ്‌. രാവിലെ 11 മണിക്കു തുടങ്ങിയാല്‍ അടുത്തദിവസം ഒന്‍പതുമണിവരെയാണ്‌. മരുന്നുകള്‍ മാറി മാറി ഡ്രിപ്പ്‌ വഴി നല്‍കും. ഞാന്‍ പലപ്പോഴും മയക്കത്തില്‍ വീഴാന്‍ തുടങ്ങുമ്പോള്‍ ടെലിവിഷന്‍ ഒാ‍ണ്‍ ചെയ്യും. അതില്‍ എന്തെങ്കിലും വാര്‍ത്ത കണ്ടാല്‍ ഓഫിസില്‍ തരുണ്‍ ബസുവിനെ വിളിക്കും - ഈ വാര്‍ത്ത നമ്മള്‍ക്കും കൊടുക്കണ്ടേ എന്നു ചോദിക്കും. കീമോ തെറപ്പി നടത്തുമ്പോള്‍ മോശപ്പെട്ട കോശങ്ങളുടെകൂടെ നല്ല കോശങ്ങളും നശിക്കും. പിന്നെ സ്റ്റിറോയിഡ്സും ഉണ്ട്‌. അതിനെ ചെറുത്തുനില്‍ക്കാന്‍ ഉയര്‍ന്ന പ്രോട്ടീനുള്ള ഭക്ഷണവും വേണം. എല്ലാ 21 ദിവസം കൂടുമ്പോഴും കീമോ തെറപ്പി ആവര്‍ത്തിക്കണം. ഡോക്ടര്‍ക്ക്‌ അദ്‌
ഭുതമായിരുന്നു - ഞാന്‍ കീമോ തെറപ്പി കഴിഞ്ഞാല്‍ അടുത്തദിവസം ഓ‍ഫിസില്‍ പോകും. ആദ്യമായാണ്‌ ഇങ്ങനെ ഒരു രോഗിയെ കാണുന്നതെന്നു പറയും. പലരും ഇങ്ങനെ വന്നാല്‍ കിടപ്പിലാകും. കാന്‍സര്‍ രോഗിയാണ്‌ എന്ന ചിന്ത തന്നെ തളര്‍ത്തും. ഞാന്‍ അതിനു തയാറായില്ല. ഓ‍ഫിസില്‍ മുഴുവന്‍ സമയവും ഇരിക്കുന്നത്‌ അല്‍പം കുറച്ചുവെന്നു മാത്രം. രാവിലെ 9.15-ന്‌ ഓ‍ഫിസിലെത്തിയാല്‍ രാത്രിവരെ ഇരിക്കുന്ന ഞാന്‍ അല്‍പം നേരത്തെ വീട്ടിലേക്കു മടങ്ങാന്‍ തുടങ്ങി എന്നു മാത്രം.

ഒരു പ്രവചനംപോലെ

അസുഖം വരുന്നതിനും മുന്‍പാണ്‌. ഓ‍ഫിസില്‍ തരുണ്‍ ബസുവുമായി സംസാരിച്ചിരിക്കവേ ഒരു ദിവസം ഞാന്‍ പറഞ്ഞു - ആര്‍ക്കറിയാം നമുക്ക്‌ എന്തു സംഭവിക്കുമെന്ന്‌. ഒരുപക്ഷേ ഞാന്‍ കാന്‍സര്‍ കാരണം വീണുപോയെന്നുവരാം. ഞാന്‍ പക്ഷേ അങ്ങനെ പറഞ്ഞത്‌ മറന്നുപോയിരുന്നു. അസുഖമായപ്പോള്‍ തരുണ്‍ പെട്ടെന്ന്‌ അതോര്‍ത്തു. എനിക്ക്‌ അപ്പോള്‍ 72 വയസായിരുന്നു. ജീവിതത്തില്‍ ചെയ്യേണ്ടതൊക്കെ ചെയ്‌തു എന്ന സംതൃപ്‌തിയുണ്ട്‌. പത്രപ്രവര്‍ത്തനത്തില്‍ 46 വര്‍ഷം പൂര്‍ത്തിയാക്കി. രണ്ടു ആണ്‍കുട്ടികളാണെനിക്ക്‌ - വിജയും അജയും. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു. വിജയ്‌ ഒരു ഡോക്യുമെന്ററി നിര്‍മാതാവാണ്‌. അജയിന്റെ ഭാര്യ ചിത്ര. ഡല്‍ഹിയില്‍ ഞങ്ങള്‍ ഒരുമിച്ചാണു താമസം. രണ്ടാമത്തെ മകന്‍ അജയും ഭാര്യ അനിതയും ന്യൊാസെലന്‍ഡിലാണ്‌. അജയ്‌ ബാങ്ക്‌ ഒാ‍ഫ്‌ ന്യൊാസെലന്‍ഡിലാണ്‌. കുടുംബത്തില്‍ ആര്‍ക്കും കാന്‍സര്‍ വന്നിട്ടില്ല. എന്റെ ഭാര്യ 1992-ല്‍ മരിച്ചത്‌ ഡയബറ്റിക്‌ രോഗം മൂര്‍ച്ഛിച്ചാണ്‌ - ഒരു ദീപാവലിയുടെ തലേന്ന്‌. മരിക്കുമ്പോള്‍ 48 വയസേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴും ദീപാവലി വരുമ്പോള്‍ ഞങ്ങള്‍ക്ക്‌ ആ മരണം വേദനിപ്പിക്കുന്ന ഒാ‍ര്‍മയാണ്‌. ഭാര്യയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ എന്നോടു പറഞ്ഞതാണ്‌ - ഏറിയാല്‍ ആറുമാസം. എന്നാല്‍ അതിനുശേഷവും രാജലക്ഷ്മി ഒരു വര്‍ഷവും ഏഴു മാസവും ജീവിച്ചു.

രോഗവുമായി മുഖാമുഖം

കാന്‍സറാണെന്ന്‌ ഉറപ്പായതോടെ ഞാനും മരുമകള്‍ ചിത്രയും ഈ രോഗത്തെക്കുറിച്ചു കിട്ടാവുന്ന വിവരങ്ങള്‍ മുഴുവന്‍ തേടിപ്പിടിച്ചു. ഇന്റര്‍നെറ്റിലൂടെ കിട്ടാവുന്ന വിശദാംശങ്ങള്‍ മുഴുവന്‍ നോക്കി. എന്തു ചെയ്യണം, എന്തു ചെയ്യരുത്‌, എന്തൊക്കെ ചെയ്‌താലും എത്ര ഫലം എന്നൊക്കെ മനസ്സിലായി. ചിത്രയുടെ അച്ഛന്‍ കൊച്ചി അമൃതാ ആശുപത്രിയിലെ ഡോക്ടറാണ്‌ - ബ്രിഗേഡിയര്‍ വി. അനന്ത നാരായണയ്യര്‍. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും ചിത്ര തേടിയിരുന്നു. ഡോക്ടര്‍ ഹര്‍ഷ്‌ ദുവ കര്‍ശനമായ വിലക്കുകള്‍ കൊണ്ടുവന്നു - പുകവലിക്കരുത്‌. അന്നുമുതല്‍ ഇന്നുവരെ സിഗരറ്റ്‌ തൊട്ടിട്ടില്ല. ഭക്ഷണം വേവിക്കാതെ കഴിക്കരുത്‌ - അതായത്‌, പഴങ്ങള്‍പോലും വേവിക്കണം. ഹായ്‌ പ്രോട്ടീന്‍ വേണം - അതേസമയം ഒന്നും പാകം ചെയ്യാതെ കഴിക്കാനും പാടില്ല. തൈര്‌ എനിക്ക്‌ ഏറെ ഇഷ്ടമായിരുന്നു - തൈര്‌ വിലക്കില്‍പ്പെട്ടു. ഫ്രിഡ്ജില്‍ വച്ച ഒരു സാധനവും കഴിക്കരുതെന്നായി. ചിത്രയാണ്‌ ഭക്ഷണത്തിന്റെ മുഴുവന്‍ കാര്യവും നോക്കിയത്‌. രോഗം പൂര്‍ണമായും ഭേദമാകുമെന്നു ഡോക്ടര്‍ പറഞ്ഞത്്‌ ഞാന്‍ അവിശ്വസിച്ചില്ല. വൈകാരികമായ ഒരു സമീപനംകൊണ്ടു കാര്യമില്ല എന്ന്‌ എനിക്കു മനസ്സിലായി. മൂന്നു കീമോ തെറപ്പി കഴിഞ്ഞപ്പോള്‍ ഫലം കണ്ടുതുടങ്ങി. 5റ്റ4റ്റ3 സെന്റിമീറ്റര്‍ ആയി വ്യാപിച്ചിരുന്ന ക്യാന്‍സര്‍ 1.3 സെന്റിമീറ്ററിലേക്കു ചുരുങ്ങി. ഇനി കീമോ തെറപ്പി നിര്‍ത്തിക്കൂടേ എന്നു ഞാന്‍ ഡോക്ടറോടു ചോദിച്ചു. ഇല്ല, പറ്റില്ല എന്നായി ഡോക്ടര്‍. ആറു കീമോയും ചെയ്‌തേപറ്റൂ. അതു കഴിഞ്ഞ്‌ എവിടെ രോഗം തുടങ്ങിയോ ആ ഭാഗം റേഡിയേഷനിലൂടെ കരിച്ചുകളയുകയും വേണമെന്നായി ഡോക്ടര്‍. ഇതൊക്കെ ചെയ്‌താലും രോഗം വീണ്ടും വരാം. വീണ്ടും വരാത്ത ഒരു കാന്‍സറുമില്ല.

സംഗീതം നല്‍കിയ പിന്തുണ

സംഗീതം എന്റെ ജീവനാണ്‌. ഈ കഴിഞ്ഞ 73 വര്‍ഷം സംഗീതം എന്റെകൂടെയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഈ കാണുന്ന ഞാനാവില്ലായിരുന്നു. അച്ഛന്‍ കാവശേരി ഊട്ടുപുര അഗ്രഹാരത്തില്‍ പരശുരാമ ശാസ്‌ത്രികള്‍ക്ക്‌ നല്ല സംഗീതജ്ഞാനമുണ്ടായിരുന്നു. 40 വര്‍ഷം പാലക്കാട്ട്‌ പരക്കാട്ട്‌ ഭഗവതി ക്ഷേത്രത്തില്‍ ദേവീമാഹാത്മ്യം വായിച്ചിരുന്നു. പോറക്കുളം ഗണപതി ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു അദ്ദേഹം. വീട്ടില്‍ ഒട്ടേറെ കുട്ടികളെ സംഗീതം പഠിപ്പിച്ചിരുന്നു. എന്റെ സഹോദരിയും ഞാനും കുഞ്ഞുന്നാള്‍മുതല്‍ വീണ പഠിച്ചതാണ്‌. എന്റെ ചേച്ചി മഞ്ഞപ്ര അനന്തരാമഭാഗവതരുടെ ശിഷ്യയാണ്‌. ചേച്ചിയും കല്യാണ കൃഷ്ണ ഭാഗവതരുമാണ്‌ അദ്ദേഹത്തില്‍നിന്ന്‌ ഒരേസമയം വീണ പഠിച്ചിരുന്നത്‌. ചേച്ചിയില്‍നിന്നു ഞാന്‍ പഠിച്ചു. അച്ഛന്‍ ചെമ്പൈയുടെ കൂട്ടുകാരനായിരുന്നു. സംഗീതവുമായി അത്രയേറെ ഇഴുകിച്ചേര്‍ന്നുപോയി. ഇന്ന്‌ പലര്‍ക്കുമറിയില്ല - ഡല്‍ഹിയിലെ പ്രസിദ്ധമായ ലോട്ടസ്‌ ടെംപിള്‍ 1987ല്‍ ഉദ്ഘാടനം ചെയ്‌ത ദിവസം എന്റെ സംഗീതക്കച്ചേരിയായിരുന്നു നടത്തിയത്‌. ഒട്ടേറെ ലളിതഗാനങ്ങള്‍ക്കു സംഗീതം നല്‍കി. ഇപ്പോഴും സംഗീതം പറഞ്ഞുകൊടുക്കുന്നുണ്ട്‌. മലയാള കീര്‍ത്തനങ്ങള്‍ ഞാന്‍ പ്രത്യേകം ശേഖരിക്കുകയും പാടുകയും ചെയ്യുന്നു - സ്വാതി തിരുനാളിന്റെയും ഇരയിമ്മന്‍ തമ്പിയുടെയും കെ. സി. കേശവപിള്ളയുടെയും കുഞ്ഞിക്കുട്ടി തങ്കച്ചിയുടെയും കൃതികള്‍. ഈ കീര്‍ത്തനങ്ങള്‍ പഠിക്കാന്‍ പലരും വരും. രണ്ടുപേര്‍ ഇപ്പോഴും വരുന്നുണ്ട്‌. കന്നഡക്കാരിയായ സുജാത - നന്നായി പഠിച്ചവരാണ്‌. പുതിയ കീര്‍ത്തനങ്ങള്‍ പഠിക്കാന്‍ വരും. മറ്റൊരു ഗായിക ആകാശവാണിയില്‍ പാടുന്ന രാജി രാജഗോപാലാണ്‌. മലയാള കീര്‍ത്തനങ്ങള്‍ പഠിക്കാന്‍ വരുന്നതാണ്‌. അസുഖം വന്നിട്ടും ഞാന്‍ ഇവര്‍ക്കു പറഞ്ഞുകൊടുക്കുന്നതു തുടര്‍ന്നു. ഇപ്പോഴും മണിക്കൂറുകളോളം വീണ വായിക്കുന്നു. സംഗീതം പറഞ്ഞുകൊടുക്കാന്‍ എളുപ്പം വീണയിലൂടെയാണ്‌. സ്വരസ്ഥാനങ്ങള്‍ തെറ്റില്ല. വീണയ്ക്കു തെറ്റു പറ്റില്ല. ഗമകങ്ങള്‍ ഏറ്റവും നന്നായി പറഞ്ഞുകൊടുക്കാന്‍ വീണയിലൂടെ കഴിയും. സംഗീതവും മരുമകള്‍ ചിത്രയുടെ ശുശ്രൂഷയുമാണ്‌ ഈ രോഗത്തില്‍നിന്ന്‌ എന്നെ കരകയറാന്‍ സഹായിച്ചത്‌ എന്നു പറയാം.

പത്രപ്രവര്‍ത്തനം സഹായിച്ചത്‌

പത്രപ്രവര്‍ത്തനം എനിക്കു സത്യസ്ഥിതിയെ നേരിടാനുള്ള കഴിവുണ്ടാക്കി. കാരണം, സത്യസ്ഥിതി വിട്ടാല്‍ പിന്നെ പത്രപ്രവര്‍ത്തനം സാധ്യമല്ല. വസ്‌തുതകള്‍ ശരിയായിരിക്കണം, അല്ലെങ്കില്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പറ്റില്ല. യു. എന്‍. ഐ.യിലെ കര്‍ശനമായ ചിട്ട - വാര്‍ത്തകള്‍ മുഴുവനും വസ്‌തുതാപരമായി ശരിയായിരിക്കണം എന്ന നിഷ്കര്‍ഷ - അത്‌ എന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്‌. പത്രപ്രവര്‍ത്തനത്തിലൂടെ നാം എല്ലാം കാണുകയാണ്‌. പിന്നെ പത്രപ്രവര്‍ത്തനം നല്‍കിയ മറ്റൊരു ഗുണം ഞാന്‍ മനുഷ്യരുമായി ഇടപെടുന്നത്‌ ആസ്വദിക്കുന്ന വ്യക്‌തിയായി എന്നതാണ്‌. മനുഷ്യരെ വളരെ ഇഷ്ടമാണെനിക്ക്‌. ഒന്‍പതര വര്‍ഷം ഞാന്‍ ഡല്‍ഹി മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. നാല്‍പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. എത്രയോ പ്രസിഡന്റുമാരോടൊപ്പവും പ്രധാനമന്ത്രിമാരോടൊപ്പവും സഞ്ചരിച്ചു. ചുരുക്കത്തില്‍ അസുഖം എന്താണ്‌, അതിനെ വസ്‌തുതാപരമായി നേരിടുക എന്ന ഒരു മനോഭാവം ലഭിച്ചത്‌ പത്രപ്രവര്‍ത്തനത്തില്‍നിന്നാണ്‌.

ഈശ്വര വിശ്വാസം

തീര്‍ച്ചയായിട്ടും. ഈ സംഗീതം, കീര്‍ത്തനങ്ങളിലെല്ലാം എന്താണ്‌ - ഈശ്വരനെ പ്രകീര്‍ത്തിക്കുകയല്ലേ? ഈശ്വരനെ വിശ്വസിക്കേണ്ട എന്നുള്ള ഒരു നില ചിന്തിക്കാന്‍പോലുമാവില്ല. പൂജാരിയുടെ മകനല്ലേ? പാടുന്നതു മുഴുവന്‍ കീര്‍ത്തനങ്ങളല്ലേ? കാര്യമായി ജീവിതത്തില്‍ അപകടങ്ങളുണ്ടായില്ല. തെറ്റുകള്‍ ചെയ്യാന്‍ ഈശ്വരന്‍ എന്നെ അനുവദിച്ചിട്ടില്ല. വളരെ നേര്‍മയോടെ ജീവിച്ചു. ജീവിതത്തിലെ വളര്‍ച്ചയില്‍ ഞാന്‍ സന്തുഷ്ടനാണ്‌. എല്ലാം ദൈവാനുഗ്രഹം.

പറയാനുള്ളത്‌

ഇങ്ങനെ ഒരസുഖം വന്നാല്‍ വളരെ അച്ചടക്കത്തോടെ ജീവിക്കാന്‍ പഠിക്കുക. ജീവിതത്തില്‍ അതുവരെ ഡിസിപ്ലിന്‍ ഇല്ലാതിരുന്നുവെങ്കില്‍ അതു തുടങ്ങുക, എല്ലാറ്റിലും. ആ ബോധം നേരത്തേ ഉള്ളവര്‍ക്ക്‌ എളുപ്പമാണ്‌. ജീവിതശൈലി എങ്ങനെ മാറ്റണം എന്നു പറഞ്ഞാലും മാറ്റാന്‍ തയാറാവുക. ചികിത്സയ്ക്കുവേണ്ടി അതു നിര്‍ബ്ബന്ധപൂര്‍വം ചെയ്യുക. അസുഖത്തിന്റെ ചികിത്സ ആറു മാസം, അല്ലെങ്കില്‍ ഒരു കൊല്ലമേ ഉണ്ടാവൂ. അതുവരെ കര്‍ശനമായി ഈ അച്ചടക്കം പാലിക്കുക. വിജയം കൈവരും.

ഒറ്റനോട്ടത്തില്‍

ഒറ്റനോട്ടത്തില്‍ അസുഖത്തെ ഞാന്‍ കണ്ടത്‌ ധര്‍മ്മപുത്രര്‍ യാത്ര പോയപ്പോള്‍ കൂടെ പോയ നായയെപ്പോലെയാണ്‌. ധര്‍മ്മപുത്രരുടെ യാത്ര സ്വര്‍ഗത്തിലേക്കായിരുന്നു. ഒരു നായ കൂടെ കൂടി. അതുപോലെയാണ്‌ അസുഖം എന്നോടൊപ്പം കൂടിയത്‌ എന്നേ കരുതുന്നുള്ളൂ.

കടപ്പാട്‌ : മനോരമ ഓണ്‍ലൈന്‍
ലിങ്ക്‌

ബുധനാഴ്‌ച, സെപ്റ്റംബർ 13, 2006

സാലറി. കോമിലെ രാമദാസ്‌ വൈദ്യന്മാര്‍ - തോമസ്‌ ജേക്കബ്‌

സാലറി. കോമിലെ രാമദാസ്‌ വൈദ്യന്മാര്‍
തോമസ്‌ ജേക്കബ്‌

കോഴിക്കോടിന്റെ ചിരിയായിരുന്നു രാമദാസ്‌ വൈദ്യര്‍. കലാ-സാഹിത്യകാരന്‍ മാരുടെയെല്ലാം ബന്ധുവായിരുന്ന ആ ബഹുരസി കനേക്കുറിച്ച്‌ മുമ്പൊരിക്കല്‍ ഈ പംക്‌തിയില്‍ എഴുതിയിരുന്നു. ആ വൈദ്യരോട്‌ ദാമ്പത്യത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഭാര്യ നിര്‍മല ചോദിച്ചു:
- ഞാന്‍ 25 വര്‍ഷമായി നിങ്ങളെ സേവിക്കുന്നു. നിങ്ങള്‍ എനിക്കെന്തു തരുന്നു?
രാമദാസ്‌ വൈദ്യര്‍ ഗാഢചിന്തയുടെ കഷായം കുടിച്ച്‌ ഇത്തിരി നേരം കണ്ണടച്ചപ്പോള്‍ നിര്‍മലയുടെ ചോദ്യത്തിന്‌ അസ്സലൊരു ഉത്തരം കിട്ടി. അദ്ദേഹം ഭാര്യയെ അരികില്‍ വിളിച്ചു പറഞ്ഞു:
- ഭാര്യേ, നിനക്ക്‌ ഞാന്‍ പെന്‍ഷന്‍ അനുവദിച്ചിരിക്കുന്നു. പ്രശസ്‌ത സേവനത്തിനുള്ള പെന്‍ഷന്‍! മാസം ആയിരം രൂപ.
അങ്ങനെ വിശിഷ്ട സേവനത്തിനു ഭര്‍ത്താവില്‍നിന്ന്‌ പെന്‍ഷന്‍ സ്വീകരിക്കുന്ന, ഒരു പക്ഷേ ലോകത്തിലെതന്നെ, ആദ്യ വനിതയായി നിര്‍മല. ആദ്യ അഞ്ചു വര്‍ഷത്തേക്കാണ്‌ ആയിരം രൂപ. അതുകഴിഞ്ഞ്‌, പെന്‍ഷന്‍ വര്‍ധനയുണ്ടാകും. ഒരു ലക്ഷം രൂപ വൈദ്യര്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമായിട്ടു. പാസ്ബുക്കും ചെക്ക്‌ ബുക്കും ഭാര്യയുടെ കയ്യില്‍കൊടുത്തിട്ടു പറഞ്ഞു:
- ഇതിന്റെ പലിശ മാസാമാസം കൃത്യമായി വാങ്ങിക്കൊള്ളണം. ആ ആയിരം രൂപയാണ്‌ പെന്‍ഷന്‍.
(രാമദാസ്‌ വൈദ്യര്‍ മറ്റേ ലോകത്തേക്കു പോയതിനാല്‍ പെന്‍ഷന്‍ വര്‍ദ്ധനയുണ്ടായില്ലെന്നു മാത്രമല്ല, ബാങ്കുപലിശ കുറഞ്ഞതിനാല്‍ ഉള്ള പെന്‍ഷനില്‍ത്തന്നെ പാറ്റ വീഴുകയും ചെയ്‌തു.)
ഈ പെന്‍ഷന്‍കാര്യം മാളോര്‌ അറിഞ്ഞപ്പോള്‍ പൊല്ലാപ്പായെന്നും വൈദ്യര്‍ പറഞ്ഞിട്ടുണ്ട്‌. കല്യാണം കഴിക്കാമോയെന്നു ചോദിച്ചുകൊണ്ട്‌ വരാന്‍ തുടങ്ങി, പെണ്ണുങ്ങളുടെ കത്തുകള്‍.
"നിങ്ങള്‍ കല്യാണം കഴിച്ചാല്‍ ഞങ്ങള്‍ക്കും കിട്ടുമല്ലോ പെന്‍ഷന്‍" എന്നായിരുന്നുവത്രെ പെണ്‍ന്യായങ്ങള്‍!
വൈദ്യരുടെ "ചങ്ങായി" മാരും പ്രശ്നമുണ്ടാക്കിത്തുടങ്ങി. അവരുടെ ഭാര്യമാര്‍ പെന്‍ഷന്‍ ഡിമാന്‍ഡ്‌ വച്ച്‌ വീട്ടില്‍ സമരം തുടങ്ങിയത്രെ!
പത്തുകൊല്ലം മുമ്പുനടന്ന ഈ പെന്‍ഷന്‍ തമാശ ഇപ്പോള്‍ ഓര്‍ത്തെടുത്തതിനു കാരണം അമേരിക്കയിലെ മാസച്ചുസെറ്റ്സില്‍ പ്രവര്‍ത്തിക്കുന്ന സാലറി. കോം നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ടാണ്‌. വീട്ടമ്മമാരുടെ ജോലിഭാരം കണക്കാക്കി അവരുടെ ശമ്പളം നിര്‍ണയിക്കുകയാണ്‌ സാലറി. കോം ചെയ്‌തത്‌. അതുവരെ ലോകമാലോചിക്കാത്ത (കോഴിക്കോട്ടെ ആ രസികന്‍ വൈദ്യരൊഴിച്ച്‌) ഒരു സംഗതിയാണല്ലോ അത്‌!
ഒന്നാലോചിച്ചു നോക്കിയാല്‍ കാര്യം ശരിയാണെന്ന്‌ നമുക്കും ബോധ്യപ്പെടേണ്ടതാണ്‌. വീട്ടമ്മയുടെ ജോലിയുടെ യഥാര്‍ഥഭാരമെന്തെന്ന്‌ വീട്ടമ്മയല്ലാത്ത ആര്‍ക്കും മനസ്സിലാവില്ല എന്നതാണ്‌ അക്കാര്യത്തിന്റെയൊരു ദുരന്തം. ഒരു വേഷത്തില്‍, ഒരേ ദിവസം എന്തൊക്കെ വേഷങ്ങളാണ്‌ ആ അമ്മ വീട്ടില്‍ ആടുന്നത്‌! ആ വീടൊരു ഓഫിസായി സങ്കല്‍പ്പിക്കാമെങ്കില്‍ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസറും ജനറല്‍ മാനേജരും ഹ്യൂമന്‍ റിസോഴ്സസ്‌ മാനേജരും, അക്കൗണ്ടന്റും മുതല്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററും പ്രൈവറ്റ്‌ സെക്രട്ടറിയും പ്യൂണുമൊക്കെ ആ ഒറ്റയാള്‍ മാത്രമല്ലേ? വീട്ടുനോട്ടക്കാരിയുടെയും അധ്യാപികയുടെയും അലക്കുകാരിയുടെയും പാചകക്കാരിയുടെയുമൊക്കെ വേഷങ്ങള്‍ എത്ര നൊടിയിടയ്ക്കുള്ളിലാണ്‌ വീട്ടമ്മ മാറിമാറിയണിയുന്നത്‌. പരിഭവമോ പരാതിയോ ഇല്ലാതെ, തിരിച്ച്‌ സ്നേഹവും കരുതലുമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാതെ....
സാലറി. കോമിലെ രാമദാസ്‌ വൈദ്യന്മാര്‍ ചിന്തിച്ചപ്പോള്‍ വീട്ടമ്മമാര്‍ പ്രതിഫലം അര്‍ഹിക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടു. എങ്കില്‍ ആ പ്രതിഫലം എത്രയായിരിക്കണം? അവര്‍ കാര്യമായ സര്‍വേ നടത്തിയപ്പോള്‍, പത്തു ജോലികളെങ്കിലും വീട്ടമ്മ തനിച്ചു ചെയ്യുന്നുണ്ടെന്നു മനസ്സിലാക്കി. അങ്ങനെയെങ്കില്‍ ആ ജോലികളുടെ മൊത്തം ശമ്പളം വീട്ടമ്മയ്ക്ക്‌ ലഭിക്കേണ്ടതാണെന്നും അവര്‍ തീരുമാനിച്ചു. അതു പ്രകാരം വീട്ടമ്മയ്ക്കു ലഭിക്കേണ്ട പ്രതിവര്‍ഷ ശമ്പളം....
(എന്റെ സുഹൃത്തുക്കളെ, പുരുഷകേസരികളെ, ഭര്‍തൃശിങ്കങ്ങളെ, സ്വന്തം കീശയില്‍ അമര്‍ത്തിപ്പിടിച്ച്‌ കാര്യമായൊന്നു ഞെട്ടാന്‍ തയ്യാറെടുത്തോളൂ.)
.. 61, 69, 566 രൂപ! അഥവാ ഒരു വര്‍ഷം 1, 34, 121 ഡോളര്‍.
ഇനി നമ്മുടെ ഈ ശമ്പളക്കാരി വീട്ടമ്മ വീട്ടിനു പുറത്തെവിടെങ്കിലും ഉദ്യോഗസ്ഥ കൂടിയാണെങ്കില്‍ പ്രതിവര്‍ഷ ശമ്പളത്തില്‍ തകര്‍പ്പന്‍ വര്‍ധനയുണ്ട്‌. എത്രയെന്നോ? 39, 50, 296 രൂപ കൂടി! അതായത്‌ നമ്മള്‍ കൊടുക്കേണ്ട ശമ്പളം 1, 01, 19, 862. അത്രയും കൊടുക്കുമ്പോള്‍ അതില്‍ ഒരു കോടി എടുത്തിട്ട്‌ ഭാര്യ നമ്മളോട്‌ ഒരു വി. കെ. എന്‍ കഥാപാത്രത്തിന്റെ സ്റ്റെയിലില്‍ പറയും: ആ ചില്ലറ കയ്യില്‍ വച്ചോളൂ. കീപ്പ്‌ ദ ചേഞ്ച്‌.
(കണക്കുകളെല്ലാം അമേരിക്കന്‍ നിരക്കിലാണേ! ഇവിടെയാവുമ്പോള്‍ ശ്ശി കുറയും)
അമേരിക്കന്‍ സര്‍വേക്കാരുടെ കണക്കു പ്രകാരം ഉദ്യോഗസ്ഥവനിതകള്‍ ആഴ്ചയില്‍ ശരാശരി 44 മണിക്കൂര്‍ ഓഫിസില്‍ ജോലി ചെയ്യുമ്പോള്‍ വീട്ടില്‍ ജോലിചെയ്യുന്നത്‌ 49.8 മണിക്കൂറാണ്‌. അതേ സമയം, മുഴുവന്‍ സമയ വീട്ടമ്മ ജോലി ചെയ്യുന്നത്‌ ആഴ്ചയില്‍ ശരാശരി 91.6 മണിക്കൂര്‍! ഇതുപ്രകാരമാണ്‌ ശമ്പളം കണക്കാക്കിയത്‌. അമേരിക്കയില്‍ മണിക്കൂറു കണക്കിനാണല്ലോ ശമ്പളം.
ഈ സര്‍വേയ്ക്കു വേണ്ടി സാലറി. കോം 400 വീട്ടമ്മമാരുടെ അഭിപ്രായം ശേഖരിച്ചു. ഒരുപാട്‌ കണക്കുകൂട്ടി. (ആണുങ്ങളുടെ തെറി കുറെ കേട്ടുകാണാനും വഴിയുണ്ട്‌.)
കഥക്കൂട്ടു വായിക്കുന്ന വീട്ടമ്മമാരെ, നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഭര്‍ത്താവ്‌ തരേണ്ട ശമ്പളം കണക്കുകൂട്ടാനൊരുങ്ങുകയാണോ? ബുദ്ധിമുട്ടേണ്ട. സാലറി. കോം തയ്യാറാക്കിയ www.mom.salary.com എന്ന വെബ്സൈറ്റ്‌ സന്ദര്‍ശിച്ചാല്‍ മതി. എത്ര കുട്ടികള്‍, എവിടെ താമസിക്കുന്നു, ജോലിഭാരം തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആ സൈറ്റില്‍ നിന്ന്‌ സ്വശമ്പളം കണക്കുകൂട്ടിയറിയാന്‍ എളുപ്പമാണത്രെ. ആ ശമ്പളത്തുകയ്ക്ക്‌ ഒരു സാങ്കല്‍പ്പിക ചെക്കും സൈറ്റില്‍ നിന്ന്‌ ലഭിക്കും.
വിശാലഹൃദയനായ ഒരു ഭര്‍ത്താവിന്റെ ആത്മഗതം ഇപ്പോള്‍ത്തന്നെ എനിക്കു കേള്‍ക്കാം.
- അതു പോലെ എത്ര ചെക്ക്‌ വേണം നിനക്ക്‌, ഭാര്യേ... ഇതാ പിടി. ഒരു ഡസന്‍ വണ്ടിച്ചെക്കുകള്‍.
ഇങ്ങനെയുള്ള ,"സ്നേഹസമ്പന്ന" ഭര്‍ത്താക്കന്‍മാരുടെ പഴ്സില്‍ നിന്ന്‌ പലപ്പോഴായി കാശടിച്ചു മാറ്റുന്ന കലയില്‍ ഡോക്ടറേറ്റ്‌ ഉള്ള എത്രയോ വീട്ടമ്മമാര്‍ നമുക്കു ചുറ്റുമുണ്ടല്ലോ. എന്നിട്ട്‌ നാലഞ്ചു മാസം കഴിഞ്ഞ്‌ സ്വന്തം വീട്ടിലേക്കൊരു യാത്ര നടത്തി, തിരിച്ചുവരുമ്പോള്‍ "എന്റെ അമ്മച്ചി തന്നതാ കേട്ടോ, ഇങ്ങോട്ടു പോരുമ്പോള്‍" എന്നും പറഞ്ഞ്‌ അതേ രൂപ "വൈറ്റ്‌" ആക്കി പരസ്യപ്പെടുത്താനും അറിയാവുന്നവര്‍ അവര്‍!
ചുമ്മാതാണോ, രാമദാസ്‌ വൈദ്യര്‍ അങ്ങനെയൊരു ലൈനെടുത്തത്‌ കണക്കുകൂട്ടിയപ്പോള്‍ ലാഭം പെന്‍ഷന്‍ കൊടുക്കുന്നതാണെന്നു തോന്നിക്കാണും വൈദ്യര്‍ക്ക്‌.

(മലയാള മനോരമയുടെ എഡിറ്റോറിയില്‍ ഡയറക്ടറാണ്‌ ലേഖകന്‍)

കടപ്പാട് : മനോരമ ഓണ്‍ലൈന്‍

രാഷ്‌ട്രീയനന്മകളടെ സഹയാത്രികന്‍ - എം.ബി. ദിവാകരന്‍

രാഷ്‌ട്രീയനന്മകളടെ സഹയാത്രികന്‍
എം.ബി. ദിവാകരന്‍

തിരുവനന്തപുരത്തെത്തുന്നവര്‍ വെള്ളയമ്പലം സ്ക്വയര്‍ ചുറ്റുമ്പോള്‍ ആരാധനയോടെ നോക്കിപ്പോകുന്ന ഒരു പ്രതിമയുണ്ട്‌. പ്രൗഡോജ്ജ്വല തേജസ്സോടെ വെള്ളയമ്പലം സ്ക്വയറില്‍ നില്‍ക്കുന്ന അയ്യന്‍കാളിയുടെ പ്രതിമ.

ഒരു ഒറ്റയാന്‍ പട്ടാളത്തില്‍ തുടങ്ങി പിന്നീട്‌ ബഹുജന പ്രസ്ഥാനമായി വളര്‍ന്ന കഥയാണ്‌ ഈ പ്രതിമാ സ്ഥാപനത്തിന്റേത്‌.
അന്നത്തെ ആ ഒറ്റയാള്‍ പട്ടാളം ഇന്ന്‌ 90- ാ‍ംജന്മദിനത്തിന്റെ സമ്പൂര്‍ണ്ണതയില്‍ നെടുമങ്ങാട്‌ പൊന്നറശ്രീധര്‍ ഹൗസിംഗ്‌ ബോര്‍ഡ്‌ കോളനിയിലെ രാഗാ നിവാസില്‍ പേരക്കുട്ടി ഒരു വയസ്സുകാരന്‍ സേതുവിന്റെ കുസൃതികള്‍ കണ്ട്‌ രസിക്കുന്നു. കാട്ടുമനമ്പിയില്‍ പപ്പു മകന്‍ മാധവന്‍ എന്ന കെ.പി. മാധവന്‍.

24-ാ‍ംവയസ്സില്‍ സിംഗപ്പൂരിലെത്തി ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗില്‍ അണിചേര്‍ന്ന്‌ രണ്ടാം ലോക മഹായുദ്‌ധത്തിന്റെ കരിനിഴലില്‍ പതറാതെ അടിയുറച്ച സമരാവേശവുമായി സ്വാതന്ത്യ്‌ര സമര പ്രസ്ഥാനത്തിലേയ്ക്ക്‌ പദമൂന്നിയ കെ.പി. മാധവന്‌ ഇപ്പോഴും വിശ്രമമില്ല. സ്വാതന്ത്യ്‌ര സമര പ്രസ്ഥാനങ്ങളുടെയും ഐ.എന്‍.എയുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും ഭാരതീയ അധഃകൃത വര്‍ഗ്‌ഗ ലീഗിന്റേയുമെല്ലാം സഹയാത്രികനായി ഇപ്പോഴും അദ്ദേഹം കര്‍മ്മോത്‌സുകതയില്‍ മുഴുകുന്നു.

സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സില്‍ ആവേശം പൂണ്ട്‌ സര്‍ സി.പിക്കെതിരെ നിരന്തര പ്രക്ഷോഭമിളക്കിവിട്ട മാധവന്‍ എന്ന ഇരുപതുകാരനെ പൊലീസും, സ്വാമിഭക്‌തരും, സ്വാമിസേവകരും ചേര്‍ന്ന്‌ നിരന്തരം വേട്ടയാടിയതോടെ വീട്ടുകാര്‍ക്ക്‌ മറ്റൊന്നാലോചിക്കേണ്ടി വന്നില്ല. 1941 ല്‍ മാധവനെ നിര്‍ബന്‌ധപൂര്‍വ്വം വീട്ടുകാര്‍ സിംഗപ്പൂരിലേക്കയച്ചു. അവിടെയെത്തി ഐ.ഐ.എല്ലില്‍ അണിചേര്‍ന്ന മാധവന്റെ ദേശഭ്ക്‌തി ഒന്നുകൂടി ഉണര്‍ത്താന്‍ ഒരു നിയോഗം പോലെ തൊട്ടടുത്ത കൊല്ലം സിംഗപ്പൂരിലെത്തിയ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ സന്ദര്‍ശനം നിമിത്തമായി.

ഐ.എന്‍.എയില്‍ ചേര്‍ ന്ന മാധവന്‍ ജോഹര്‍ ക്യാമ്പിലേയും ഈപ്പോ ക്യാമ്പിലേയും പരിശീലനം കഴിഞ്ഞ്‌ നായിക്‌ റാങ്കോടെ ശക്‌തനായ സ്വാതന്ത്യ്‌രസമര പടയാളിയായി. തുടക്കത്തില്‍ തായ്‌ലാന്‍ഡിന്റെ ഭാഗമായ ചേമ്പോങ്ങിലും തുടര്‍ന്ന്‌ ബര്‍മ്മയുടെ ഭാഗമായ മുറിഗോയിലും റംഗൂണിനടുത്തുള്ള മാംഗ്‌ളോ ടോണിലുമൊക്കെയായിരുന്നു താവളം. തുടര്‍ച്ചയായ ബോംബേറിംഗിനു ശേഷം ഫ്രോം വഴി മിയാംഗ്‌യാലിലെ യുദ്‌ധഭൂമിയിലും പിന്നീട്‌ ഐരാവതി ഫ്രോമിലുമെത്തി. ഇതിനിടെ മിലിട്ടറി പൊലീസിന്റെ അറസ്റ്റിലായി. സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങി കാല്‍ നടയായി 1945 ഡിസംബര്‍ 31 നു ഇന്ത്യന്‍ അതിര്‍ത്തിയായ ബുതധ്‌ടാഗിലെത്തി. അവിടെ നിന്ന്‌ ജനുവരി 23 ന്‌ കല്‍ക്കത്തയില്‍ നേതാജിയുടെ ജന്മദിന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്ക്‌.

1946 ഫെബ്രുവരി 2 ന്‌ ജന്മനാടായ ചിറയിന്‍കീഴ്‌ വെട്ടൂര്‍ വില്ലേജിലെ വിളബ്ഭാഗത്തെത്തിയ മാധവന്‍ പിന്നെ മുഴുവന്‍ സമയ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനായി. 1957 ല്‍ ഡി.സി.സി എക്‌സിക്യുട്ടീവ്‌ അംഗമായി വര്‍ക്കല, കിളിമാനൂര്‍, നിയോജകമണ്‌ഡലങ്ങളുടെ ചുമതലയേറ്റ മാധവന്‌, എന്നും ചുവപ്പിനെ വരിച്ച വര്‍ക്കല, കിളിമാനൂര്‍ മണ്‌ഡലങ്ങളില്‍ ത്രിവര്‍ണ്ണ പതാക നാട്ടാന്‍ മൂന്നുകൊല്ലത്തെ പരിശ്രമേ വേണ്ടിവന്നുള്ളൂ.

1975 ല്‍ ഭാരതീയ അധഃകൃത വര്‍ഗ്‌ഗലീഗിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ പിന്നോക്ക ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍ സമയവും മാറ്റി വയ്ക്കുകയായിരുന്നു.

അയ്യന്‍കാളി പ്രതിമയുടെ ഉദയവും സ്ഥാപനവും ഇക്കാലത്താണ്‌. അക്കഥ മാധവന്‍ പറയുന്നു: "അയ്യന്‍കാളിയുടെ ഒരു സ്‌മാരകം ഉണ്ടാക്കുക എന്നത്‌ എന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുന്ന കാലം ഇതിനൊരു അവസരമായി ഞാന്‍ കരുതി. ഒരു കമ്മിറ്റി വിളിച്ചു കൂട്ടി അയ്യന്‍കാളി പ്രതിമ സ്ഥാപിക്കണമെന്ന്‌ തീരുമാനിച്ചു. ഇതിനു വേണ്ടി 77 ഡിസംബര്‍ 25 നു തിരുവനന്തപുരത്തെ പൗരപ്രമുഖന്‍മാരെ വിളിച്ചുകൂട്ടി ഹിന്ദുമത ഗ്രന്ഥശാലാ ഹാളില്‍ യോഗം ചേര്‍ന്നു. ഞാന്‍ കണ്‍വീനറായി പ്രതിമാ നിര്‍മ്മാണ കമ്മിറ്റി രൂപീകരിച്ചു.

വെള്ളയമ്പലം സ്ക്വയര്‍ പ്രതിമ സ്ഥാപിക്കുന്നതിന്‌ വിട്ടുതരണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി എ.കെ. ആന്റണിക്ക്‌ നിവേദനം നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ വെള്ളയമ്പലം സ്ക്വയര്‍ വിട്ടു തന്നു. മദ്രാസ്സിലായിരുന്നു പ്രതിമയുടെ നിര്‍മ്മാണം. 80 ഒക്‌ടോബര്‍ 26 നു ചലച്ചിത്ര നടന്‍ പ്രേംനസീര്‍ പ്രതിമയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ കേരളത്തിലേക്കുള്ള പ്രതിമായാത്ര ആരംഭിച്ചു. 28 നു കേരളാതിര്‍ത്തിയായ വാളയാറില്‍ പ്രതിമാഘോഷയാത്രയെത്തുമ്പോള്‍ അതൊരു വന്‍ സംഭവമായി മാറിക്കഴിഞ്ഞിരുന്നു. പ്രതിമാഘോഷയാത്രയെ വരവേല്‍ക്കാനും സ്വീകരിക്കാനും ലക്ഷോപലക്ഷങ്ങള്‍. എവിടെയും ഉത്‌സവ പ്രതീതി.
നവംബര്‍ 10 ന്‌ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, മുന്‍മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, കെ. കരുണാകരന്‍, പി.കെ. വാസുദേവന്‍ നായര്‍ തുടങ്ങിയവരുടെ സാന്നിദ്‌ധ്യത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്‌ധി വെള്ളയമ്പലം സ്ക്വയറില്‍ അയ്യന്‍കാളി പ്രതിമ അനാഛാദനം ചെയ്യുമ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട്‌ വിതുമ്പിപ്പോയി."

ഒരു കാലത്ത്‌ തിരുവനന്തപുരത്തെ വിറപ്പിച്ച 'ചെങ്കല്‍ചൂള' എന്ന കോളനിയുടെ ഇന്നത്തെ നവീകൃത മുഖത്തിനു പിന്നിലും കെ.പി. മാധവന്റെ സന്മനസ്സുണ്ട്‌.അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയെക്കണ്ട്‌ കോളനി നിവാസികള്‍ക്ക്‌ പുതിയ വീടുകള്‍ വേണമെന്ന്‌ നിവേദനം നല്‍കിയതിന്റെ 39 ാ‍ംദിവസം 1977 ഒക്‌ടോബര്‍ 2 നു ഗാന്‌ധി ജയന്തി ദിനത്തില്‍ കോളനി നവീകരണ പ്രക്രിയക്ക്‌ തറക്കല്ലിട്ടു. ചെറിയ സംഭവങ്ങള്‍ പോലും വമ്പന്‍ വാര്‍ത്തകളാക്കുന്ന ഇക്കാലത്ത്‌ സമരവടുക്കള്‍ നിറഞ്ഞ കെ.പി. മാധവന്റെ നവദശാബ്‌ദ ജീവിതം അര്‍ഹതപ്പെട്ട വാര്‍ത്തകളായിത്തീരാത്തതില്‍ അദ്ദേഹത്തിന്‌ പരിഭവമേയില്ല.

പക്ഷെ, മനസ്സിലൊരു നൊമ്പരം. ഇപ്പോഴുമത്‌ മായാതെ നില്‍ക്കുന്നു. സ്വാതന്ത്യ്‌ര സമരസേനാനിക്ക്‌ അര്‍ഹതപ്പെട്ട ഭൂമിയേ ചോദിച്ചുള്ളൂ. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി തോന്നയ്ക്കല്‍ കോളനൈസേഷന്‍ സ്കീം പ്രകാരം തോന്നയ്ക്കലില്‍ 50 സെന്റ്‌ ഭൂമി അനുവദിക്കുകയും ചെയ്‌തു. എന്നാല്‍ പിന്നീട്‌ വന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അത്‌ റദ്ദാക്കി. എനിക്ക്‌ നെടുമങ്ങാട്ട്‌ മൂന്നര സെന്റ്‌ ഭൂമിയും വീടും ഉണ്ടെന്ന ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്മേലായിരുന്നു അത്‌. എനിക്ക്‌ സ്വന്തമായി ഒരിഞ്ച്‌ ഭൂമിയില്ല. എന്റെ ഭാര്യ ശങ്കരി മരിച്ചു. മൂത്ത മകനും മരിച്ചു. മറ്റ്‌ മൂന്ന്‌ മക്കള്‍ മൂന്നിടത്തായി കഴിയുന്നു. ഞാനിപ്പോള്‍ എന്റെ രണ്ടാം ഭാര്യ കെ. രാധായോടൊപ്പമാണ്‌ താമസം. വായ്‌പയെടുത്ത്‌ സ്വന്തമാക്കിയ മൂന്നര സെന്റ്‌ സ്ഥലവും വീടുമാണ്‌ അവര്‍ക്കുള്ളത്‌. സ്വന്തമായി ഒരു തുണ്ട്‌ ഭൂമിയില്ലാത്ത എനിക്ക്‌ വീടും ഭൂമിയുമുണ്ടെന്ന്‌ തെറ്റിദ്‌ധരിപ്പിച്ച ഉദ്യോഗസ്ഥനാരാണ്‌? അത്‌ വ്യക്തമായി അന്വേഷിക്കാതെ അനുവദിക്കപ്പെട്ട ഭൂമി റദ്ദാക്കിയതെന്തിന്‌?

ആന്റണിയോടും കരുണാകരനോടും തെന്നലയോടുമെല്ലാം തോളുരുമ്മി നിന്ന കെ.പി. മാധവനെന്ന സ്വാതന്ത്യ്‌ര സമര സേനാനി കൃതാര്‍ത്ഥനാണ്‌; എങ്കിലും ഖിന്നനാണ്‌.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

ചൊവ്വാഴ്ച, സെപ്റ്റംബർ 12, 2006

പരിപൂര്‍ണ കലാനിധി - പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ

പരിപൂര്‍ണ കലാനിധി
പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ

എഴുപതില്‍പ്പരം സംവത്സരക്കാലം കേരളത്തിലെ സാംസ്കാരികാന്തരീക്ഷത്തെ ജ്വലിപ്പിച്ച പരിപൂര്‍ണ കലാനിധിയായിരുന്നു ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍. സ്വന്തം ആത്‌മാവിന്റെ ശില്‌പശാലയെ പ്രപഞ്ച സീമയോളം വികസ്വരമാക്കാന്‍ ആ ദിവ്യപുരുഷന്റെ ജീവിതത്തിനു സാധിച്ചു. വേദാന്ത സമ്പ്രദായത്തിലും സിദ്ധാന്ത സമ്പ്രദായത്തിലുമുള്ള ശാസ്‌ത്രങ്ങളില്‍ അഗാധവൈദുഷ്യം. യോഗമാര്‍ഗ്‌ഗത്തില്‍ നിര്‍വികല്‌പ സമാധിവരെയുള്ള സിദ്ധി. 'അദൃഷ്‌ട ശ്രുതപൂര്‍വനാമാവായ' ഏതോ ഒരു അവധൂത ഗുരുവില്‍നിന്ന്‌ 'ദൃഷ്‌ടിദീക്ഷാ' പൂര്‍വകമായ ആത്‌മോപദേശം. ശ്രീചട്ടമ്പിസ്വാമി തിരുവടികള്‍ സിദ്ധാന്ത സമ്പ്രദായത്തിലെ പരമാചാര്യനായിരുന്നു. അതുകൊണ്ടാണ്‌ അവിടുത്തേക്ക്‌ സന്യാസത്തിന്റെ ബാഹ്യലക്ഷണങ്ങളായ കാഷായം, കമണ്‌ഡലു, മുതലായവ ഇല്ലാതിരുന്നത്‌. ബാഹ്യചടങ്ങുകളിലൊന്നും ശ്രദ്ധിക്കാതെ 'ജ്ഞാനം സന്യാസലക്ഷണം' എന്ന തത്വത്തെ പ്രായോഗികമാക്കിയ യതിവര്യനാണ്‌ ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍.

നാഗര്‍കോവിലിനടുത്ത്‌ പടിവീശ്വരം എന്ന സ്ഥലത്തുവച്ച്‌ പ്രാകൃതനായ ഒരവധൂതന്‍ മഹാവാക്യതത്വമോതി ശ്രീചട്ടമ്പിസ്വാമി തിരുവടികളെ അനുഗ്രഹിച്ചു-
ദിദ്യതേ ഹൃദയഗ്രന്ഥി:
ഛിദ്യന്തേ സര്‍വസംശയാ:
ക്ഷീയന്തേ ചാസ്യകര്‍മ്മാണി- എന്ന സ്‌മൃതിവാക്യത്തിന്റെ പൊരുള്‍ അവിടുന്ന്‌ അനുഭവിച്ചറിഞ്ഞു. "ജഗദഖിലമഹം' എന്ന ഭാവത്തില്‍ അവിടുന്ന്‌ എത്തിച്ചേര്‍ന്നു. അങ്ങനെ വിദ്യാധിരാജനായി- ചട്ടമ്പിസ്വാമിയായി. ജ്ഞാനലബ്‌ധിക്ക്‌ കാരണമായ സാധനാചതുഷ്‌ടയ സമ്പത്ത്‌ ഇരുപത്തെട്ടാമത്തെ വയസ്സില്‍ത്തന്നെ സ്വാമി തിരുവടികള്‍ നേടിക്കഴിഞ്ഞിരുന്നു. ബ്രഹ്‌മം മാത്രമേ സത്യവും നിത്യവുമായിട്ടുള്ളൂ എന്നും മറ്റുള്ളതെല്ലാം അസത്യവും അനിത്യവും ആണെന്നറിയുന്നതാണ്‌ സാധനാ ചതുഷ്‌ടയത്തിലെ ഒന്നാമത്തേതായ നിത്യാനിത്യ വസ്തുവിവേകം. വൈരാഗ്യം, ശമാദിഷള്‍ക്കം, മുമുക്ഷുത്വം എന്നിവയാണ്‌ സാധനാചതുഷ്‌ടയത്തിലെ മറ്റ്‌ മൂന്നുപാധികള്‍. ഇവ വേണ്ടവണ്ണം നേടിക്കഴിയുമ്പോള്‍ വസ്തുബോധരൂപമായ ജ്ഞാനം പൂര്‍ണമാകുന്നു. അതുകൊണ്ടാണ്‌ അദ്ദേഹം വിദ്യാധിരാജനും പരിപൂര്‍ണ കലാനിധിയും ആയത്‌. വിജ്ഞാനത്തിന്റെ എല്ലാ മണ്‌ഡലങ്ങളെയും സ്വാംശീകരിക്കുവാന്‍ സ്വാമി തിരുവടികള്‍ക്ക്‌ കഴിഞ്ഞുവെന്നത്‌ ഒരപൂര്‍വസിദ്ധിയാണ്‌.

മുപ്പതാമത്തെ വയസ്സില്‍ ശിഷ്യര്‍ക്ക്‌ മഹാവാക്യതത്വോപദേശം നല്‍കത്തക്കവണ്ണം ചട്ടമ്പി സ്വാമികളുടെ ബ്രഹ്‌മജ്ഞാനം പൂര്‍ണത പ്രാപിച്ചിരുന്നുവെന്നാണ്‌ നമ്മള്‍ മനസ്സിലാക്കേണ്ടത്‌. ഈ ഒരു ജന്മം കൊണ്ടുമാത്രം നേടിയെടുത്ത ഒരു സിദ്ധി വിശേഷമല്ല അത്‌. കഴിഞ്ഞ പല ജന്മങ്ങളില്‍ തുടര്‍ന്നുപോന്ന മനസ്സിന്റെ ഋഷിത്വം ഈ ജന്മത്തില്‍ മൂന്നു പതിറ്റാണ്ടുകൂടിക്കഴിഞ്ഞപ്പോള്‍ പൂര്‍ണത നേടി എന്നതാണ്‌ സത്യം. അതുകൊണ്ടുതന്നെയായിരിക്കണം ചട്ടമ്പി സ്വാമികളുടെ സമാധിയെ അനുസ്‌മരിച്ച്‌ ശ്രീനാരായണഗുരു "ശുകവര്‍ത്‌മനാ ആഭാതി', 'പരമവ്യോമ്‌നി' എന്ന്‌ രേഖപ്പെടുത്തിയത്‌:സന്യാസികള്‍ അണിയുന്ന കാഷായം, കൈയിലേന്തുന്ന കമണ്‌ഡലു, ജലപാത്രം തുടങ്ങി മറ്റുതരത്തിലുള്ള വേഷാദികള്‍ കൊണ്ട്‌ പ്രകടമാക്കുന്ന യമിഭാവമല്ല ചട്ടമ്പിസ്വാമികളുടേത്‌. മറിച്ച്‌ ആര്‍ഷാദിയാണ്‌ മുനിമാര്‍ക്ക്‌ ഭൂഷണമെന്ന്‌ തെളിയിച്ച മഹാനാണ്‌ സ്വാമി തിരുവടികള്‍. ആര്‍ഷം, ദൈവം, പൗരുഷം എന്ന്‌ തത്വജ്ഞാനം മൂന്നു തരത്തിലുണ്ട്‌.

ദേവന്മാരുടെ അനുഗ്രഹംമൂലം ലഭിക്കുന്ന തത്വജ്ഞാനം ആണ്‌ 'ദൈവം'. ഗുരുനാഥന്മാരില്‍ നിന്നും ശാസ്‌ത്രാഭ്യാസനത്തില്‍ നിന്നും ലഭിക്കുന്ന തത്വജ്ഞാനം 'പൗരുഷം'. യോഗീശ്വരന്മാരുടെ സമാധിയില്‍ നിന്ന്‌ ഉണ്ടാകുന്ന ബുദ്ധിയുടെ ചൈതന്യ വിശേഷത്താല്‍ സിദ്ധിക്കുന്ന തത്വജ്ഞാനം 'ആര്‍ഷ'വും. ഇതിന്‌ 'പ്രാതിഭം' എന്നും പേരുണ്ട്‌. പ്രാതിഭജ്ഞാനം സര്‍വജ്ഞതയ്ക്ക്‌ കാരണമാകും. "പ്രാതിഭത്വാദ്‌ സര്‍വം" എന്ന്‌ പതഞ്ജലി സൂതം.

മിക്ക സന്യാസിമാര്‍ക്കും പൗരുഷജ്ഞാനമാണുണ്ടാവുക. ചട്ടമ്പിസ്വാമികള്‍ക്കുണ്ടായിരുന്നത്‌ ആര്‍ഷജ്ഞാനമാണ്‌. തന്മൂലമാണ്‌ അദ്ദേഹം സര്‍വജ്ഞനായിത്തീര്‍ന്നതും. 'സര്‍വജ്ഞം' എന്ന്‌ ശ്രീനാരായണഗുരു വിശേഷിപ്പിച്ചിരിക്കുന്നത്‌ ഇവിടെ സ്‌മര്‍ത്തവ്യമാണ്‌. കായത്തില്‍ കാഷായവും കൈയില്‍ കമണ്‌ഡലവുമായി യമിഭാവത്തില്‍ നടക്കുന്നതല്ല സന്യാസമെന്നും ആര്‍ഷാദികളായ തത്വജ്ഞാന ലബ്‌ധിയാണ്‌ സന്യാസിക്കുണ്ടായിരിക്കേണ്ടതെന്നും സ്വാമി തിരുവടികള്‍ തെളിയിച്ചു. ബാഹ്യമായ സന്യാസവേഷമല്ല, ആന്തരികമായ തത്വജ്ഞാനമായിരുന്നു സ്വാമികളുടെ സന്യാസത്തിന്റെ അടിത്തറ. ചോദകന്‍, മോദകന്‍, മോക്ഷദന്‍ എന്ന്‌ സന്യാസി ഗുരുക്കന്മാര്‍ മൂന്നുതരത്തിലാണ്‌. അദ്ധ്യാത്‌മ മാര്‍ഗ്‌ഗത്തിലേക്ക്‌ ശിഷ്യനെ പ്രചോദിപ്പിക്കുന്ന ഗുരുവാണ്‌ ചോദകന്‍. ബ്രഹ്‌മതത്ത്വം ഉപദേശിച്ച്‌ അദ്ധ്യാത്‌മമാര്‍ഗ്‌ഗത്തിലേക്ക്‌ ശിഷ്യന്‌ സന്തോഷം ജനിപ്പിക്കുന്ന ഗുരു മോദകന്‍. മന്ത്രോപദേശംകൊണ്ട്‌ ബ്രഹ്‌മസാക്ഷാത്കാരം ബോധ്യപ്പെടുത്തി മായാബന്‌ധങ്ങളില്‍ നിന്ന്‌ ശിഷ്യനെ മുക്തനാക്കുന്ന ഗുരു മോക്ഷദന്‍. ചട്ടമ്പിസ്വാമികള്‍ മോക്ഷദനായ ഗുരുവാണ്‌.

ചട്ടമ്പിസ്വാമികള്‍ എങ്ങനെയാണ്‌ ദുഷ്‌ടമൃഗങ്ങളെയും മറ്റു തിര്യക്കുകളെയും സ്വാധീനമാക്കുന്നതെന്ന്‌ പലരും അദ്ഭുതപ്പെട്ടിട്ടുണ്ട്‌. പലരും സ്വാമി തിരുവടികളോട്‌ ചോദിച്ചിട്ടും ഉണ്ട്‌. ഇതില്‍ ഒരു രഹസ്യവും അദ്ഭുതവും ഇല്ലെന്ന്‌ സ്വാമി തിരുവടികള്‍ അവരോടൊക്കെ പറയുകയും ചെയ്തിട്ടുണ്ട്‌. അവയെ നാം സ്‌നേഹിക്കുന്നുവെന്ന്‌ അവയ്ക്ക്‌ ബോധ്യം വരണം. എങ്കില്‍ അവയും നമ്മെ സ്‌നേഹിക്കും. പ്രപഞ്ചമൊന്നാകെ ഒറ്റ മനസ്സാണെന്നും മനസ്സിനും മനസ്സിനും ഇടയ്ക്ക്‌ ശൂന്യമായ അന്തരീക്ഷമില്ലെന്നും സ്‌നേഹഭാവം തിര്യക്കുകള്‍ക്കും മനസ്സിലാകും എന്നുമായിരുന്നു സ്വാമിതിരുവടികള്‍ പറഞ്ഞുതന്നത്‌. അഹിംസാസിദ്ധിയുള്ളവരുടെ മുന്‍പില്‍ ജന്മനാ വൈരികളായ ദുഷ്‌ടമൃഗങ്ങള്‍ പോലും വിരോധം മറന്ന്‌ ശാന്തമനസ്കരായിത്തീരും. "അഹിംസാ പ്രതിഷ്ഠായാം തല്‍സന്നിധൗവൈരര്യാഗം" എന്ന്‌ അഹിംസാ സിദ്ധിയുടെ ഫലത്തെപ്പറ്റി യോഗശാസ്‌ത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ അഹിംസാ സിദ്ധിയെ പ്രാപിച്ച സ്വാമിതിരുവടികളുടെ മുന്‍പില്‍ കീരി, പാമ്പ്‌, പൂച്ച, എലി, പശു, പുലി മുതലായ ജാത്യാ പരസ്‌പര വൈരമുള്ള ജന്തുക്കള്‍പോലും തങ്ങളുടെ വൈരത്തെ മറന്ന്‌ സൗഭ്രാത്ര നിര്‍വിശേഷമായ സൗഹാര്‍ദ്ദത്തോടുകൂടി വര്‍ത്തിച്ചത്‌. സര്‍വ്വജ്ഞനായ സ്വാമി തിരുവടികളുടെ മുന്‍പില്‍ ആജന്മശത്രുക്കളായ എല്ലാ ജീവജാലങ്ങളും ബന്‌ധുക്കളായി മാറുന്നു.

കാവിമുണ്ടുടുക്കാതെയും യോഗദണ്‌ഡെടുക്കാതെയും ഒരു സാധാരണക്കാരനെപ്പോലെ ജീവിച്ച അസാധാരണ യോഗിയായിരുന്നു ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍

തിങ്കളാഴ്‌ച, സെപ്റ്റംബർ 11, 2006

'സഹന' സത്യാഗ്രഹത്തിന്‌ ഇന്ന്‌ നൂറാം പിറന്നാള്‍

'സഹന' സത്യാഗ്രഹത്തിന്‌ ഇന്ന്‌ നൂറാം പിറന്നാള്‍

മുംബയ്‌ (സെപ്‌തംബര്‍ 11): മഹാത്‌മാഗാന്‌ധി ആത്‌മശക്തിയാല്‍ ഉയിരേകിയ 'സത്യാഗ്രഹം' എന്ന സഹനസമര സിദ്ധാന്തത്തിന്റെ ശതാബ്‌ദിയാണിന്ന്‌.

നൂറുവര്‍ഷം മുന്‍പ്‌ ഇതേദിവസമാണ്‌ ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗ്‌ എന്ന പട്ടണത്തില്‍ 'സത്യാഗ്രഹം' ഒരു സമരമുറയായി ഗാന്‌ധിജി അവതരിപ്പിത്‌. സത്യം, അഹിംസ, ത്യാഗം - ഗാന്‌ധിജിയുടെ ഈ ജീവിതദര്‍ശനങ്ങള്‍ തന്നെയായിരുന്നു സത്യാഗ്രഹം എന്ന ധര്‍മ്മസമരമുറയുടെ ആധാരശിലകള്‍. അഹിംസാമാര്‍ഗ്‌ഗത്തിലൂടെ സത്യത്തിനുവേണ്ടി നിലകൊള്ളുക. അതിനായി ജീവന്‍പോലും ത്യജിക്കുക.

ദക്ഷിണാഫ്രിക്കയിലെ ജീവിതകാലത്ത്‌ വര്‍ണവെറിയന്‍മാരായ വെള്ളക്കാരില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളില്‍ നിന്നാണ്‌ നിശ്ശബ്‌ദമായ ഈ സമരമുറ ഗാന്‌ധിജിയുടെ മനസ്സില്‍ രൂപംകൊണ്ടത്‌.

1906 സെപ്‌തംബര്‍ 11ന്‌ ജോഹാനസ്ബര്‍ഗിലെ ഇംപീരിയല്‍ തിയേറ്ററിലാണ്‌ 'സത്യാഗ്രഹ'ത്തിന്റെ പിറവി. ട്രാന്‍സ്വാളിലെ ഏഷ്യക്കാര്‍ക്ക്‌ കര്‍ശനമായ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ട്രാന്‍സ്വാള്‍ ഏഷ്യാറ്റിക്‌ നിയമഭേദഗതി ഉത്തരവിനെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം പുകയുന്ന സമയമായിരുന്നു. ട്രാന്‍സ്വാളില്‍ താമസിക്കുന്ന എട്ടുവയസ്സിനുമുകളിലുള്ള ഏഷ്യക്കാര്‍ രജിസ്റ്റര്‍ ചെയ്ത്‌ പാസ്‌ കൊണ്ടു നടക്കണം, അതിന്‌ വിരലടയാളം നല്‍കണം, അവരുടെ ജോലിസ്ഥലവും താമസസ്ഥലവും വേര്‍തിരിക്കണം, പുതുതായി ഏഷ്യന്‍ കുടിയേറ്റക്കാര്‍ ട്രാന്‍സ്വാളിലേക്ക്‌ വരരുത്‌, യുദ്ധകാലത്ത്‌ പോയവരും തിരിച്ചുവരാന്‍ പാടില്ല എന്നീ വ്യവസ്ഥകളായിരുന്നു ആ ഉത്തരവില്‍. പാസില്ലാതെ നടക്കുന്നവരെ ജയിലിലടയ്ക്കാനും പിഴചുമത്താനും നാടുകടത്താനുമുള്ള വ്യവസ്ഥകളുണ്ടായിരുന്നു.

ഈ കിരാതനിയമത്തിനെതിരെ മൂവായിരത്തിലേറെ ഇന്ത്യക്കാരുടെ സമ്മേളനം അന്ന്‌ (സെപ്‌തംബര്‍ 11) ഇംപിരിയല്‍ തിയേറ്ററില്‍ കൂടി. നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന വെള്ളക്കാരായ ഉദ്യോഗസ്ഥരെ വെടിവച്ചുകൊല്ലുമെന്നുവരെ യോഗത്തില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു. തിളയ്ക്കുന്ന രോഷത്തിന്റെ ആ അന്തരീക്ഷത്തിലാണ്‌ ഗാന്‌ധിജി പ്രസംഗിക്കാന്‍ എഴുന്നേറ്റത്‌. സഹനസമരത്തിനുള്ള ഗാന്‌ധിജിയുടെ ആദ്യത്തെ ആഹ്വാനം അവിടെ മുഴങ്ങി - " എന്റെ മുന്‍പില്‍ ഒറ്റ വഴിയേ ഉള്ളൂ. മരിക്കേണ്ടിവന്നാലും അപമാനകരമായ നിയമത്തിനു കീഴടങ്ങാതിരിക്കുക" - 'സത്യാഗ്രഹ'സമരത്തിന്റെ ആദ്യത്തെ പ്രഖ്യാപനമായിരുന്നു അത്‌. തങ്ങളുടെ എതിര്‍പ്പ്‌ വകവയ്ക്കാതെ നിയമം നടപ്പാക്കിയാല്‍ അതിനു വഴങ്ങില്ലെന്നും, അതിന്റെ പേരില്‍ എന്തു ശിക്ഷയും അനുവഭവിക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറാണെന്ന്‌ പ്രഖ്യാപിക്കുന്ന പ്രമേയവും സമ്മേളനം പാസാക്കി.

ഇന്ത്യക്കാര്‍ സത്യാഗ്രഹസമരം നടത്തിയെങ്കിലും ആ നിയമം പ്രാബല്യത്തില്‍ വന്നു. എങ്കിലും സത്യാഗ്രഹം വിവേചനത്തിനെതിരെയുള്ള ഒരു സമരമുറയായി പ്രചാരം നേടി. 1913ല്‍ നേറ്റാളില്‍ ഇന്ത്യന്‍ കല്‍ക്കരിത്തൊഴിലാളികള്‍ ആ സമരമുറ ഏറ്റെടുത്തു. വര്‍ണവിവേചനത്തിനെതിരെ 1912ല്‍ രൂപംകൊണ്ട ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും ഈ സമരസിദ്ധാന്തം സ്വാധീനിച്ചു. 1960കളില്‍ വരെ ആ പാര്‍ട്ടി സഹനസമരപാത പിന്തുടരുകയും ചെയ്തു.

അമേരിക്കയിലെ കറുത്തവരുടെ സ്വാതന്ത്യ്‌രപ്പോരാളിയായിരുന്ന മാര്‍ട്ടിന്‍ലൂഥര്‍ കിംഗും സത്യാഗ്രഹത്തെ ധാര്‍മ്മികതയുടെ കരുത്തുള്ള സമരമുറയായി സ്വീകരിച്ചിരുന്നു.

ഇന്ന്‌ ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും സത്യാഗ്രഹത്തിന്റെ ശതാബ്‌ദിയോടനുബന്‌ധിച്ച്‌ ഒട്ടേറെ ചടങ്ങുകള്‍ നടക്കുകയാണ്‌. വജ്രായുധത്തിന്റെ ശക്തിയോടെ സഹനസമരം പിറന്ന ഈ ദിവസം (9/11) തന്നെയാണ്‌ ന്യൂയോര്‍ക്കിലെ ലോക വ്യാപാരകേന്ദ്രം ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചുകയറ്റി തകര്‍ത്തതും. ഇന്ന്‌ ആ ദുരന്തത്തിന്റെ അഞ്ചാംവാര്‍ഷികവുമാണ്‌.


കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍.കോം

അലെന്‍ഡെ: ഓര്‍മ്മദിനം - അഡ്വ. എ. സമ്പത്ത്‌ (എക്‌സ്‌. എം.പി)

അലെന്‍ഡെ: ഓര്‍മ്മദിനം
അഡ്വ. എ. സമ്പത്ത്‌ (എക്‌സ്‌. എം.പി)

"അവര്‍ക്കെന്റെ ശവം മാത്രമേ കൊണ്ടുപോകാന്‍ കഴിയൂ". ചിലിയുടെ വിമോചകനും വിപ്‌ളവകാരിയുമായിരുന്ന സാല്‍വഡോര്‍ അലന്‍ഡെയുടെ അവസാന വാക്കുകളാണിത്‌. തന്റെ സുഹൃത്തുക്കളോട്‌ ഈ വാക്കുകള്‍ പറയുമ്പോഴും അലന്‍ഡെയും കൂട്ടരും ജനറല്‍ അഗസ്റ്റോപിനോഷെ അഗാര്‍ട്ടോയുടെ നേതൃത്വത്തിലുള്ള പട്ടാള മേധാവിത്വത്തോട്‌ ധീരമായി പൊരുതുകയായിരുന്നു. ജീവന്റെ ചെറുതുടിപ്പ്‌ അവശേഷിക്കുവോളം ശത്രുവിന്‌ കീഴടങ്ങാന്‍ കൂട്ടാക്കാത്ത അലന്‍ഡെ ഒടുവില്‍ 13 വെടിയുണ്ടകള്‍ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വഹിച്ചു. 1973 സെപ്‌തംബര്‍ 11ന്‌ രാവിലെ ചിലിയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ അരങ്ങേറിയ ആ രക്തസാക്ഷിത്വത്തിന്റെ വിപ്‌ളവ സ്‌മരണകള്‍ ഉണര്‍ത്തുന്ന ദിവസമാണിന്ന്‌.

സെപ്‌തം. 11ന്‌ ചരിത്രത്തിന്‌ ഓര്‍മ്മപ്പെടുത്താന്‍ മറ്റനേകം സംഭവങ്ങള്‍ കൂടിയുണ്ടായിരിക്കാം. എന്നാല്‍ സാല്‍വഡോര്‍ അലെന്‍ഡെ എന്ന ധീര രക്തസാക്ഷിയുടെ സ്‌മരണകള്‍ക്ക്‌ അനന്യമായ മറ്റൊരു സവിശേഷതകൂടി അടിവരയിട്ട്‌ പറയാനുണ്ട്‌. അമേരിക്കന്‍ ഭൂഖണ്‌ഡത്തില്‍ എന്നല്ല ലോകത്തുതന്നെ ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയില്‍ നടന്ന വോട്ടെടുപ്പിലൂടെ അധികാരത്തില്‍ എത്തിയ ആദ്യ മാര്‍ക്‌സിസ്റ്റ്‌ സഖ്യ പ്രസിഡന്റുകൂടിയാണ്‌ അലന്‍ഡെ എന്ന വിപ്‌ളവകാരി. അലന്‍ഡെയുടെ ചരിത്രം ചിലിയുടെ വിമോചന ചരിത്രവുമാണ്‌.
പഴയ സ്‌പാനിഷ്‌ കോളനിയായിരുന്ന ചിലി 1810 ലാണ്‌ സ്വതന്ത്രമാവുന്നത്‌. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭകാലം മുതല്‍ക്കേ അമേരിക്കന്‍ വ്യവസായ കുത്തകകള്‍ അതിസമ്പന്നമായ ചിലിയോട്‌ അതിതാത്‌പര്യം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു.

ചിലിയിലെ സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ ചെറുക്കാനായി 1933 ലാണ്‌ 'പോപ്പുലര്‍ യൂണിറ്റി' രൂപീകരിച്ചത്‌. 1952 ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ഡോ. സാല്‍വഡോര്‍ അലന്‍ഡെ ആദ്യമായി മത്സരിച്ചു, പരാജയപ്പെട്ടു. വലതുപക്ഷ സഖ്യത്തിന്റെ കാര്‍ലോസ്‌ ഇബാനെസ്‌ വിജയിയായി. 6 കൊല്ലത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജോര്‍ജ്‌ അലെസാന്ദ്രിറോഡ്രിഗ്‌സിനോട്‌ വെറും 32,000 വോട്ടുകള്‍ക്കാണ്‌ അലന്‍ഡെ തോറ്റത്‌ പോപ്പുലര്‍ യൂണിറ്റിയുടെ വളര്‍ച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കണ്ണിലെ കരടായി മാറി. 1964 ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ക്രിസ്‌ത്യന്‍ ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥിയായ എഡ്വേര്‍ഡ്‌ ഫ്രീക്കായിരുന്നു വിജയിയെങ്കിലും യഥാര്‍ത്ഥമത്സരം 'പോപ്പുലര്‍ യൂണിറ്റി'യും യു. എസ്‌. സാമ്രാജ്യത്വ താത്‌പര്യങ്ങളും തമ്മിലായിരുന്നു. ഒരുകോടി ഡോളര്‍ ആ തിരഞ്ഞെടുപ്പിലേക്കായി സി. ഐ. എ ഒഴുക്കി.

70 ലെ തിരഞ്ഞെടുപ്പില്‍ ഡോ. സാല്‍വഡോര്‍ അലന്‍ഡെ (നാലാമത്തെ) മത്സരത്തിനെത്തിയപ്പോള്‍ അലന്‍ഡെ വിരുദ്ധ ശക്തികളെ യോജിപ്പിച്ചു നിറുത്താനായി യു.എസ്‌. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സബ്‌ കമ്മിറ്റിയായ "40 കമ്മിറ്റി"യുടെ ഒരു പ്രത്യേകയോഗംതന്നെ അന്നത്തെ സെക്രട്ടറി ഒഫ്‌ സ്റ്റേറ്റ്‌ ആയിരുന്ന ഹെന്‍റി കിസിംഗര്‍ വിളിച്ചുകൂട്ടി.

ചിലിയില്‍ സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ല്‌ അക്ഷരാര്‍ത്ഥത്തില്‍ യു. എസ്‌ കുത്തകകളുടെ കൈയിലായിരുന്നു.
1928 മുതല്‍ 70 വരെ വെറും 30 ദശലക്ഷം ഡോളറിന്റെ നിക്ഷേപം കൊണ്ട്‌ 4,100 ദശലക്ഷം ഡോളറിന്റെ ലാഭമാണ്‌ ചെമ്പ്‌ ഖാനന വ്യവസായങ്ങളിലേര്‍പ്പെട്ട യു. എസ്‌ കുത്തകകള്‍ കൊയ്‌തത്‌. എത്രമാത്രം ഖാനനം ചെയ്യണമെന്നും വിലയും കൂലിയും എത്രയായിരിക്കണമെന്നും അവരാണ്‌ തീരുമാനിച്ചിരുന്നത്‌. അവരായിരുന്നു "സൂപ്പര്‍ ഗവണ്‍മെന്റ്‌".
70 സെപ്‌തം. 4ന്‌ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ അലന്‍ഡെ 36 ശതമാനം വോട്ട്‌ നേടി മുന്നിലെത്തി. നാഷണല്‍ പാര്‍ട്ടിയുടെ ജോര്‍ജ്‌ അലെസാന്ദ്രിക്ക്‌ 35 ശതമാനവും. തിരഞ്ഞെടുപ്പില്‍ പകുതിയിലേറെ വോട്ട്‌ ഒരു സ്ഥാനാര്‍ത്ഥിയും നേടാത്തതുകൊണ്ട്‌ കോണ്‍ഗ്രസ്‌ (ചിലിയന്‍ പാര്‍ലമെന്റ്‌) ചേര്‍ന്ന്‌ ഏറ്റവും കൂടുതല്‍ വോട്ട്‌ ലഭിച്ച രണ്ടുപേരില്‍ നിന്ന്‌ ഒരാളെ പ്രസിഡന്റായി അവരോധിക്കണമെന്നാണ്‌ ചട്ടം. സാധാരണഗതിയില്‍ ഏറ്റവും കൂടുതല്‍ വോട്ട്‌ നേടിയ ആളെത്തന്നെ പ്രസിഡന്റായി പ്രഖ്യാപിക്കും- അങ്ങനെയല്ലാതെ ഒരു സംഭവം ചിലിയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. 200 അംഗ കോണ്‍ഗ്രസില്‍ പോപ്പുലര്‍ യൂണിറ്റി സഖ്യത്തിന്‌ 88 അംഗങ്ങളുണ്ടായിരുന്നു. ഭൂരിപക്ഷത്തിന്‌ 13 പേരുടെ കുറവ്‌. അപ്പോള്‍ സി. ഐ. എ വലതുപക്ഷ പാര്‍ലമെന്റംഗങ്ങളെ വിലയ്ക്കെടുക്കാനായി ശ്രമം. എന്നാല്‍ അലന്‍ഡെയെ അംഗീകരിക്കാന്‍ തന്നെ ക്രിസ്‌ത്യന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഐകകണ്ഠ്യേന തീരുമാനിച്ചതോടെ നവംബര്‍ 4ന്‌ അദ്ദേഹം പ്രസിഡന്റായി അവരോധിതനാകുമെന്ന്‌ ഉറപ്പായി. തുടര്‍ന്ന്‌ സൈന്യത്തിനുള്ളില്‍ കലാപം സൃഷ്‌ടിക്കാനായി പരിശ്രമം. കരസേനാധിപനായ ജനറല്‍ റെനേഷ്‌ നിഡറിനെ ഒക്‌ടോബറില്‍ കൊലപ്പെടുത്തി. ഒക്‌ടോബര്‍ 24ന്‌ ചിലിയന്‍ കോണ്‍ഗ്രസ്‌ അലന്‍ഡെയെ പ്രസിഡന്റായി അംഗീകരിച്ചതോടെ 90,000 പേര്‍ വരുന്ന സൈന്യത്തിലെ "തിരഞ്ഞെടുക്കപ്പെട്ട ചില വ്യക്തികളുമായി" ബന്‌ധം സ്ഥാപിച്ച്‌ ഒരു അട്ടിമറി നടത്താനായി സി.ഐ. എയുടെ അടുത്ത ഉന്നം.


അലന്‍ഡെ അധികാരമേല്‍ക്കുന്ന സമയത്ത്‌ 57 ശതമാനം ഭൂമി 626 വന്‍കിട എസ്റ്റേറ്റ്‌ ഉടമകളുടെ കൈയിലായിരുന്നു. 790000 വരുന്ന ചെറുകിട കര്‍ഷകര്‍ക്കാകട്ടെ വെറും 0.6 ശതമാനം കൃഷി ഭൂമിയും. ആകെ ദേശീയ സമ്പത്തിന്റെ 20 ശതമാനവും ഏറ്റവും പണക്കാരായ 5 ശതമാനം കൈയടക്കിയിരുന്നപ്പോള്‍ ഏറ്റവും പാവപ്പെട്ട 20 ശതമാനത്തിന്‌ 5 ശതമാനംപോലും ലഭിച്ചിരുന്നില്ല. അമേരിക്കന്‍ താത്‌പര്യങ്ങള്‍ ഹനിക്കപ്പെടുന്നതും ചിലി എന്ന 'സ്വര്‍ണഖനി' നഷ്‌ടപ്പെടുന്നതും യു. എസ്‌ ഗവണ്‍മെന്റിന്‌ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

വലതുപക്ഷ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക്‌ സി. ഐ. എ പരസ്യമായി സഹായങ്ങള്‍ നല്‍കി. അങ്ങനെ സൈനിക മേധാവികളെ പാട്ടിലാക്കാനായി. 1973 ജൂണില്‍ ഒരു അട്ടിമറിശ്രമം നടന്നുവെങ്കിലും പരാജയപ്പെട്ടു. ആഗസ്റ്റില്‍ ഒരു ദശലക്ഷം ഡോളര്‍കൂടി ചെലവഴിച്ചുകൊള്ളാന്‍ സി. ഐ. എക്ക്‌ അനുമതി കിട്ടി. തുടര്‍ന്ന്‌ സെപ്‌തംബര്‍ ആദ്യം മുതലേ അട്ടിമറിക്കുള്ള എല്ലാ പടക്കോപ്പുകളും ഒരുക്കിത്തുടങ്ങി.

സെപ്‌തംബര്‍ 9ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ നിക്‌സണ്‌, ചിലിയില്‍ നടക്കാന്‍ പോകുന്ന അട്ടിമറിയുടെ പ്‌ളാനുകളെ സംബന്‌ധിച്ച്‌ വിവരം ലഭിച്ചു. സെപ്‌തംബര്‍ 11ന്‌ അട്ടിമറിക്കുള്ള അരങ്ങേറ്റം കുറിക്കുകയായി.

രാവിലെതന്നെ യുദ്ധ പ്രതീതിയായിരുന്നു തലസ്ഥാനത്ത്‌. ചീറിപ്പാഞ്ഞുപോകുന്ന യുദ്ധവിമാനങ്ങളും റോക്കറ്റുകളും. ടാങ്കറുകള്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക്‌ ഇരച്ചുനീങ്ങി. ബോംബുസ്ഫോടനങ്ങള്‍. ഇടനാഴികളില്‍ സൈനികര്‍ പ്രത്യക്ഷപ്പെട്ടു. ഏഴര മണിയോടെ ജനറല്‍ പിനോഷെ അലന്‍ഡെയുടെ കൊട്ടാരത്തിലേക്ക്‌ ഫോണ്‍ ചെയ്‌ത്‌ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. "ഞാന്‍ രാജിവയ്ക്കുകയില്ല; വേണ്ടിവന്നാല്‍ മരണത്തെ വരിക്കാനും തയ്യാറാണ്‌". അലന്‍ഡെ മറുപടി നല്‍കി. തുരുതുരെ ശത്രുസൈന്യം ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടേയിരുന്നു. ചെറുത്തുനില്‌പുകള്‍ക്കൊടുവില്‍ അലന്‍ഡെ തന്റെ അടുത്ത സുഹൃത്തുക്കളെ അവസാനമായി വിളിച്ചറിയിച്ചു: "അവര്‍ക്കെന്റെ ശവം മാത്രമേ കൊണ്ടുപോകാന്‍ കഴിയൂ." അവസാനംവരെ അലന്‍ഡെയോടൊപ്പം 40 ചെറുപ്പക്കാരും ചങ്കുറപ്പോടെ പൊരുതിനിന്നു. അവരില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വെടിയുണ്ടകള്‍ ഒന്നൊന്നായി ഏറ്റുവാങ്ങി ആ രാഷ്‌ട്രത്തലവന്‍ രക്തസാക്ഷിത്വം വരിച്ചു. ആ വീരരക്തസാക്ഷിത്വത്തിന്‌ ഇന്ന്‌ 33 വര്‍ഷം തികയുകയാണ്‌.


കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍.കോം

ആവശ്യമുണ്ട്‌: കഥാകൃത്തിനെ - സലിന്‍ മാങ്കുഴി

ആവശ്യമുണ്ട്‌: കഥാകൃത്തിനെ
സലിന്‍ മാങ്കുഴി

ഓണം വിശേഷാല്‍പ്രതി എന്നാല്‍, മുഖ്യമായും കഥകളുടെ വിശേഷാല്‍പ്രതിയാണ്‌ നാം മലയാളികള്‍ക്ക്‌. കഥയെ നമ്മുടെ ഏറ്റവും വലിയ ആഘോഷമായ ഓണവുമായി ബന്‌ധിപ്പിക്കാന്‍ കെ. ബാലകൃഷ്‌ണനെപ്പോലെയുള്ള മലയാളത്തിലെ പ്രതിഭാധനന്മാരായ എഡിറ്റര്‍മാര്‍ പണ്ടുപണ്ടേ തീരുമാനിച്ചു. ഓണപ്പതിപ്പില്‍ കഥയെഴുതുകയെന്നത്‌ എഴുത്തിന്റെ വളര്‍ച്ചയ്ക്കുള്ള അംഗീകാരമായും നാഴികക്കല്ലായും നമ്മുടെ എഴുത്തുകാര്‍ കാണുകയും ചെയ്തു.

ഓണപ്പതിപ്പില്‍ അച്ചടിച്ച, വായിച്ച ഒരു കഥയെങ്കിലും എഴുത്തുകാരന്റെയും വായനക്കാരന്റെയും മനസ്സില്‍ പറ്റിച്ചേര്‍ന്നു കിടപ്പുണ്ടാകും. ഓണം അതിനാല്‍ ഓണപ്പതിപ്പിലെ കഥകളുടെയും കൂടി ഒരു സ്വകാര്യ അനുഭവമാണ്‌. ഒന്നാലോചിച്ചാല്‍ ഓണം തന്നെ മനോഹരവും ഭാവനാപൂര്‍ണവുമായ ഒരു കഥയല്ലേ? മഹാബലി ലക്ഷണം തികഞ്ഞ ദുരന്തകഥാപാത്രമല്ലേ?
പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം? ഓണപ്പതിപ്പുകളുടെ പൂക്കളമായിരുന്ന കഥകളോട്‌ വിടപറഞ്ഞ്‌ ചില പ്രമുഖ ഓണപ്പതിപ്പുകള്‍ ഇക്കുറി ആദ്യമായി ഓണം ആഘോഷിച്ചു. 'മാതൃഭൂമി'യുടെയും 'മലയാള'ത്തിന്റെയും ഓണപ്പതിപ്പുകളില്‍ കഥയില്ല. ഏതാനും മാസം മുന്‍പിറങ്ങിയ 'ഭാഷാപോഷിണി' വിശേഷാല്‍പ്രതിയും കഥകള്‍ക്കുമുന്നില്‍ 'നോ എന്‍ട്രി' ബോര്‍ഡ്‌ തൂക്കി.


കഥയില്ലെങ്കിലും കഥാകൃത്തുക്കള്‍ മറ്റുചില കുറിപ്പുകളുമായി അണിനിരക്കാറുണ്ട്‌. പുതിയ പരീക്ഷണം. വളരെ 'ടച്ചിംഗാ'യുള്ള അനുഭവക്കുറിപ്പുകളും ഉണ്ട്‌. കഥയില്ലെങ്കിലും (?) കഥയോട്‌ അടുക്കാന്‍ ശ്രമിച്ചതു കൊണ്ടാണവ ടച്ചിംഗ്‌ ആയത്‌. എന്താണിങ്ങനെയൊരു മാറ്റം?

ഏത്‌ കഥയുടെ ഡി.എന്‍.എ ടെസ്റ്റ്‌ നടത്തിയാലും അനുഭവത്തിന്റെ പിതൃത്വം തെളിയിക്കാനാവും. പക്ഷേ, ഇക്കുറി പത്രാധിപന്മാര്‍ കഥാകാരന്മാരോട്‌ ആവശ്യപ്പെട്ടത്‌ ആ ബീജം അതേപടിയിങ്ങ്‌ തന്നാല്‍ മതിയെന്നാണ്‌. കഥാകാരന്മാര്‍ കൊടുക്കുകയും ചെയ്തു. അനുഭവങ്ങളെ കഥയാക്കി കുളമാക്കണ്ടെന്നുള്ള ഒരു സൂചനയല്ലേ പത്രാധിപന്മാര്‍ പ്രകടിപ്പിച്ചത്‌? അങ്ങനെയാണെങ്കില്‍ അതില്‍ പ്രതിസ്ഥാനത്ത്‌ നമ്മുടെ ബഹുമാന്യ കഥാകാരന്മാര്‍ തന്നെയല്ലേ? നല്ല ഒരു കഥ അയച്ചാല്‍ പത്രാധിപര്‍ക്കെന്നല്ല സാക്ഷാല്‍ ബ്രഹ്‌മന്‍ വിചാരിച്ചാലും അത്‌ ചവറ്റുകൊട്ടയില്‍ ഇടാന്‍ സാധിക്കില്ല. അതാണ്‌ കഥയുടെ മാജിക്കല്‍ റിയലിസം.

"കഴിഞ്ഞ വര്‍ഷം ഞാനയച്ച ഓണക്കഥ ഓണപ്പതിപ്പിനുശേഷം ആഴ്ചപ്പതിപ്പിലെ കവര്‍സ്റ്റോറിയായി അച്ചടിച്ചു. അത്‌ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഓണപ്പതിപ്പില്‍ അടിച്ചിരുന്നെങ്കില്‍ അത്‌ കൂട്ടത്തില്‍പ്പെട്ട്‌, ആരുമറിയാതെ പോകുമായിരുന്നു. എഡിറ്ററാണ്‌ അങ്ങനെയൊരു ഉചിതമായ തീരുമാനം എടുത്ത്‌ കഥയെ രക്ഷിച്ചത്‌"-കഥാകൃത്ത്‌ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ഈ അനുഭവം പറയുന്നത്‌ ഓണപ്പതിപ്പിലെ കഥവെള്ളപ്പാച്ചിലില്‍ നല്ല കഥകള്‍പെട്ട്‌ ഒഴുകാതിരിക്കുന്നതാണ്‌ കഥയ്ക്കും കഥാകാരനും ഗുണമെന്നാണ്‌.

"പുതിയ എഴുത്തുകാര്‍ വളരെക്കുറച്ചുമാത്രമേ എഴുതുന്നുള്ളൂ. അതും ടൈംബൗണ്ടായി എഴുതാന്‍ പറ്റുന്നുമില്ല. അപ്പോള്‍ എന്തെങ്കിലും തട്ടിക്കൂട്ടി എഴുതി ഓണപ്പതിപ്പില്‍ അച്ചടിക്കുന്നതിനെക്കാള്‍ നന്ന്‌ എഴുതാതിരിക്കുന്നതല്ലേ? നല്ല കഥകളെ കണ്ടെത്താനും അവതരിപ്പിക്കാനുമാകാത്തത്‌ പലപ്പോഴും നല്ല എഡിറ്റര്‍മാരില്ലാത്തതുകൊണ്ടാണ്‌"-സന്തോഷ്‌ പറഞ്ഞു.

"നല്ല കഥകള്‍ മുന്നറിയിപ്പുകളില്ലാതെ ഇനിയും വരും. ഒറ്റയ്ക്ക്‌ നില്‍ക്കുകയും ചെയ്യും. എന്തായാലും ഇക്കുറി ഞാന്‍ ഓണപ്പതിപ്പിലേക്ക്‌ കഥകളൊന്നും അയച്ചില്ല. അത്‌ നന്നായെന്നു തോന്നുന്നു"-സന്തോഷ്‌ ഏച്ചിക്കാനം പറഞ്ഞു.
ഓണപ്പതിപ്പുകളില്‍നിന്ന്‌ കഥകളെ ഒഴിവാക്കിയതിനെ 'ഭീകരപ്രശ്ന'മായി കഥാകാരി കെ.എ. ബീനയും കാണുന്നില്ല.
"ഓണപ്പതിപ്പില്‍ വരുന്ന കഥകള്‍ ഇന്ന്‌ സീരിയസായി വായിക്കപ്പെടുന്നില്ല. ഏഴും എട്ടും കഥകള്‍ നിശ്ചിത സമയത്തിനുള്ളില്‍ എഴുതേണ്ടിവരുമ്പോള്‍ എത്ര ക്രിയേറ്റീവായ എഴുത്തുകാരനാണെങ്കിലും കഥ പലപ്പോഴും തട്ടിക്കൂട്ടലാകും. അതിനെ കഥയുടെ അപചയമായി വ്യാഖ്യാനിക്കപ്പെടുകകൂടി ചെയ്യുമ്പോള്‍ എഴുതാതിരിക്കുന്നതല്ലേ ഉചിതം"-കെ.എ. ബീന ചോദിക്കുന്നു.

പ്രശ്നവുമായി ഈ ലേഖകന്‍ സമീപിച്ചപ്പോള്‍ പല അള്‍ട്രാ മോഡേണ്‍ കഥാകൃത്തുക്കളും കിടന്ന്‌ ഉരുണ്ടുകളിച്ചു. കഥ എഴുതിക്കലിന്റെ പത്രാധിപന്മാര്‍ക്ക്‌ തങ്ങളെ വേണ്ടാതായി എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ അവരില്‍ ചിലര്‍ അന്നുരാത്രി രണ്ടു ലാര്‍ജ്‌ കൂടുതല്‍ വിഴുങ്ങിക്കാണും. അതിനുംമുന്‍പേ വായനക്കാര്‍ക്കാണ്‌ തങ്ങളെ വേണ്ടാതായത്‌ എന്നറിയാതെ അവര്‍ സുഖമായി ഉറങ്ങിക്കാണും.

ഓണപ്പതിപ്പുകളില്‍നിന്ന്‌ കഥകളെ ഒഴിവാക്കിയതുപോലെ വരുംവര്‍ഷത്തില്‍ കവിതകളെയും ഒഴിവാക്കിയെന്നിരിക്കും. കഥയും കവിതയും ഒഴിവാക്കപ്പെട്ടാലും ഓണപ്പതിപ്പ്‌ പതിവിന്‍പടി പുറത്തിറങ്ങും. പൊന്നു കഥാകൃത്തുക്കളേ, കവികളേ എഴുതിയെഴുതി വായനക്കാരന്റെ ഹൃദയത്തിലേക്ക്‌ കയറുന്നില്ലെങ്കില്‍ നിങ്ങളുടെ കഞ്ഞിയില്‍ പാറ്റ വീണതുതന്നെ!

കൂട്ടത്തില്‍പ്പെട്ട്‌ നല്ല കഥകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നു പറയുന്നവരോട്‌ തിരിച്ചു ചോദിക്കാനുള്ളത്‌ കൂട്ടത്തില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള കെല്‌പും ഗരിമയും അല്ലേ നല്ല സൃഷ്‌ടികളുടെ സാമുദ്രികലക്ഷണം? അതോ, താരതമ്യേന 'സേഫ്‌' ആയ സീസണില്‍ കഥ 'റിലീസ്‌' ചെയ്ത്‌ ശ്രദ്ധിക്കപ്പെടുന്നതോ? ഓണപ്പതിപ്പിലെ കഥകള്‍ ആരും വായിക്കുന്നില്ലെന്നു പറയുന്നതാണോ അതോ പുതിയ വിഷയങ്ങളൊന്നും കഥയില്‍ വരാത്തതുകൊണ്ട്‌ വായനക്കാരന്‍ പേജുകള്‍ വെറുതേ മറിച്ചു മടക്കിവയ്ക്കുന്നുവെന്ന്‌ സമ്മതിക്കുന്നതോ ഉചിതം?

എന്തായാലും ഓണപ്പതിപ്പുകള്‍ നാലാം ഓണം കഴിയുമ്പോള്‍ മലയാളികള്‍ വലിച്ചെറിയില്ലെന്ന്‌ പലരുടെയും ബുക്ക്‌ ഷെല്‍ഫില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന പഴയ ഓണപ്പതിപ്പുകള്‍ നട്ടെല്ലുറപ്പോടെ പറയുന്നു. മലയാളത്തിലെ പല പ്രമുഖ കഥകളും ഓണപ്പതിപ്പിലൂടെ വായിച്ച ഒരു സാഹിത്യചരിത്രം മലയാളിക്കുണ്ട്‌. അപ്പോള്‍ നല്ല കഥകള്‍ കൊടുക്കാന്‍ കഴിയാത്ത കഥാകാരന്മാരെ ഇക്കുറി ചില പത്രാധിപന്മാര്‍ രക്ഷിക്കുകയല്ലേ ഉണ്ടായത്‌.

മലയാളിക്ക്‌ കഥ മടുത്തിട്ടില്ല. ഒരു സിനിമ കാണുമ്പോള്‍ എന്തെല്ലാം ഹൈഡെഫനിഷന്‍ സാങ്കേതികവിദ്യയുണ്ടെങ്കിലും അതിനിടയില്‍ ഒരു കഥ അന്വേഷിക്കുന്നവനാണ്‌ മലയാളി. കഥമാത്രം അന്വേഷിച്ച്‌ അന്‍പതിനടുത്ത്‌ ടെലിവിഷന്‍ സീരിയലുകള്‍ ദിനേന കണ്ടുവിടുന്ന സമൂഹമാണ്‌ നമ്മുടേത്‌. എന്തിന്‌ ഒരു പത്രവാര്‍ത്ത പോലും സൂക്ഷ്‌മമായി നോക്കിയാല്‍ അതില്‍ കഥയുടെ 'സ്‌ട്രക്ചര്‍' ഇല്ലേ? കല്യാണക്കാസറ്റ്‌ എഡിറ്റ്‌ ചെയ്യുമ്പോള്‍പ്പോലും കഥയുടെ ഒരു 'ഫോര്‍മാറ്റ്‌' പിന്തുടരുന്ന മലയാളിക്ക്‌ യഥാര്‍ത്ഥ കഥയോട്‌ ഒരു 'അവര്‍ഷന്‍' തോന്നാനുള്ള കാരണം ആരാണുണ്ടാക്കിയത്‌? കഥാകാരന്മാരോ പത്രാധിപന്മാരോ വായനക്കാരോ? ഉത്തരം ഒരു ക്‌ളൂവും ഇല്ലാതെ ആരും പറയും.

നല്ല കഥകള്‍ ഇല്ലെന്നു പറഞ്ഞ്‌ ഓണപ്പതിപ്പുകള്‍ക്ക്‌ അവയെ ഒഴിവാക്കാന്‍ എളുപ്പമാണ്‌. നല്ല കഥ ഇല്ലെന്നു കഥാകാരന്മാര്‍പോലും സമ്മതിക്കുമ്പോള്‍ അതുമാത്രമേയുള്ളൂ പോംവഴി. ഫീച്ചറോ ചരിത്രമോ അനുഭവമോ അച്ചടിക്കാന്‍ കഥയുടെ അതിരുതോണ്ടി സ്ഥലം കണ്ടെത്തിയാലും അതത്ര എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്ത്‌ സ്വന്തം പേരില്‍ പോക്കുവരവ്‌ സംഘടിപ്പിക്കാന്‍ പറ്റില്ല സാര്‍. എളുപ്പത്തില്‍ പൊളിച്ചുമാറ്റാവുന്ന ഒന്നല്ല മലയാളിയുടെ ജീവിതത്തിലുള്ള കഥയുടെ അടിത്തറ.

ഒന്നുതീര്‍ച്ച: പരസ്‌പരം കൂടിയാലോചിക്കാതെ വ്യത്യസ്തകേന്ദ്രങ്ങളിലിരുന്ന്‌ ചില പ്രമുഖ പത്രാധിപന്മാര്‍ ഇത്തവണ ഓണപ്പതിപ്പിന്‌ കഥകള്‍ വേണ്ടെന്നോ പേരിനുമതിയെന്നോ തീരുമാനിക്കുമ്പോള്‍ വ്യക്തമാവുന്നത്‌ നമ്മുടെ കഥാകൃത്തുക്കളുടെ റീഡബിലിറ്റിയില്‍ അവര്‍ക്കുള്ള വിശ്വാസമില്ലായ്‌മ തന്നെയാണ്‌. കഥയെ ആധുനികവും ഉത്തരാധുനികവും ഉത്തരോത്തരാധുനികവും ആക്കുന്നതിന്റെ ഭാഗമായി അതിനെ ആദ്യം ലേഖനപ്പരുവത്തിലാക്കി. പിന്നെ ആ ലേഖനത്തെത്തന്നെ മുഴുനീള ബോറടിയാക്കി. ഇറങ്ങിപ്പോയിനെടാ എന്ന്‌ പത്രാധിപന്മാര്‍ പറയുകയും ചെയ്തു. ഇതല്ലേ ഉണ്ടായത്‌? ഒന്നുതീര്‍ച്ച: നല്ലൊന്നാന്തരം കൊട്ടാണ്‌ കഥയില്ലാത്ത കഥാകൃത്തുക്കള്‍ക്ക്‌ പത്രാധിപന്മാര്‍ കൊടുത്തിരിക്കുന്നത്‌. ചുട്ടുപൊള്ളുന്ന ഒരു മുന്നറിയിപ്പ്‌.

എന്നുവച്ച്‌ കഥ മരിക്കുമോ? ഒരിക്കലുമില്ല. കഥയില്ലാതെ പിന്നെന്തു ജീവിതം? സാഹിത്യം, കല, പ്രപഞ്ചം എല്ലാം കഥയല്ലേ?

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍.കോം

ചൊവ്വാഴ്ച, സെപ്റ്റംബർ 05, 2006

കണ്ണീരോടെ വിട: ആന്ദ്രേ അഗാസി വിരമിച്ചു

കണ്ണീരോടെ വിട: ആന്ദ്രേ അഗാസി വിരമിച്ചു

ന്യൂയോര്‍ക്ക്‌: അതേ സ്വര്‍ണത്തലമുടി. അതേ നീലക്കണ്ണുകള്‍. അതേ 'അടിപൊളി' വസ്‌ത്രവിതാനം.
പക്ഷേ രണ്ടു പതിറ്റാണ്ടു മുന്‍പ്‌ കാലിഫോര്‍ണിയയിലെ ഒരു ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ട്‌ മത്സരം കളിക്കാനിറങ്ങിയ പതിനാറുകാരന്‍ പയ്യന്റെ കളിയില്‍ ഗാലറികളെ അമ്പരപ്പിക്കാന്‍ പോന്ന യാതൊന്നുമുണ്ടായിരുന്നില്ല- കണ്ണുകളിലെ ആ കുസൃതിച്ചിരിയൊഴികെ.

ഞായറാഴ്ച രാത്രി ആര്‍തര്‍ ആഷ്‌ സ്റ്റേഡിയത്തില്‍ അതേ പയ്യന്‍ കൈകളില്‍ മുഖമൊളിപ്പിച്ച്‌ വിതുമ്പിയപ്പോള്‍, നിറഞ്ഞ ഗാലറികള്‍ ഒപ്പം വിതുമ്പി. ഒരു യുഗസമാപ്‌തിക്ക്‌ സാക്ഷ്യം വഹിക്കുകയായിരുന്നു അവര്‍. ടെന്നിസിനെ കോര്‍ട്ടിന്റെ നാലതിരുകള്‍ക്കപ്പുറത്ത്‌ ജനഹൃദയങ്ങളില്‍ കുടിയിരുത്തിയ ഒരു സ്റ്റെയിലിഷ്‌ കളിക്കാരന്റെ വിടവാങ്ങല്‍.
ആന്ദ്രെ അഗാസിയായിരുന്നു ആ നിത്യഹരിതനായകന്‍. ജര്‍മ്മന്‍കാരനായ ബഞ്ചമിന്‍ ബെക്കര്‍ എന്ന ' അജ്ഞാത'നോട്‌ അഞ്ചു സെറ്റ്‌ നീണ്ട മാരത്തോണ്‍ പോരാട്ടത്തില്‍ കീഴടങ്ങി 36 കാരന്‍ അഗാസി കോര്‍ട്ട്‌ വിട്ടപ്പോള്‍ സ്റ്റേഡിയത്തിലെ മണ്‍തരികള്‍പോലും ഒരു നൊമ്പരം ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കാം. എത്രയെത്ര ആവേശകരമായ പോരാട്ടങ്ങളാണ്‌ ഈ മൈതാനത്ത്‌ അഗാസി കാഴ്ചവച്ചിട്ടുള്ളത്‌.

വികാരനിര്‍ഭരമായിരുന്നു അഗാസിയുടെ വിടവാങ്ങല്‍. "സ്കോര്‍ബോര്‍ഡില്‍ നിങ്ങള്‍ കാണുക എന്റെ തോല്‍വിയായിരിക്കാം. സത്യത്തില്‍ ഞാന്‍ ജയിക്കുകയായിരുന്നു. ഇരുപതുവര്‍ഷം ഒരേ അളവില്‍ നിങ്ങള്‍ എനിക്ക്‌ കോരിച്ചൊരിഞ്ഞുതന്ന സ്‌നേഹം എന്നെ ഒരു ജേതാവാക്കി മാറ്റിയിരിക്കുന്നു." അഗാസി പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു.
" എനിക്ക്‌ നന്ദിയുണ്ട്‌. മരണംവരെ നിങ്ങളുടെ ഓര്‍മ്മകള്‍ എന്നോടൊപ്പമുണ്ടാകും. ഈ സ്‌നേഹവും"- ഒന്നടങ്കം എഴുന്നേറ്റുനിന്ന്‌ ഹര്‍ഷാരവം മുഴക്കിയ പ്രേക്ഷകവൃന്ദത്തെ നോക്കി അഗാസി പറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ അഗാസിയുടെ വാക്കുകള്‍ കേട്ടുനിന്നവരില്‍ ഭാര്യ സ്റ്റെഫിഗ്രാഫുമുണ്ടായിരുന്നു.

മത്സരം കഴിഞ്ഞ്‌ ലോക്കര്‍ റൂമില്‍ തിരിച്ചെത്തിയ അഗാസിയെ സഹകളിക്കാര്‍ എഴുന്നേറ്റുനിന്നു കൈയടിച്ച്‌ സ്വീകരിച്ചു. "എന്റെ ജീവിതത്തില്‍ എനിക്ക്‌ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഞാനിതിനെ കാണുന്നു"- എട്ടു ഗ്രാന്‍സ്‌ളാം കിരീടങ്ങള്‍ നേടിയ ചരിത്രമുള്ള അഗാസി പറഞ്ഞു. "നാളെ ഞാന്‍ ഉറക്കമുണരുന്നത്‌ പുതിയൊരു പുലരിയിലേക്കായിരിക്കും. തിരിഞ്ഞുനോക്കുമ്പോള്‍ ഓര്‍ക്കാന്‍ ഏറെയുണ്ടാകും. ഇതുപോലുള്ള രോമാഞ്ചമുണര്‍ത്തുന്ന അനുഭവങ്ങള്‍."

7-5, 6-7 (4-7), 6-4, 7-5 നാണ്‌ ബഞ്ചമിന്‍ ബെക്കര്‍ അഗാസിയെ കീഴ്പ്പെടുത്തിയത്‌. "ഈ വിജയം എനിക്ക്‌ വളരെ വിലപ്പെട്ടത്‌. ടെന്നിസില്‍ അഗാസിക്ക്‌ തുല്യനായി അഗാസി മാത്രം"- ബെക്കര്‍ പറഞ്ഞു.

കടപ്പാട്‌ : കേരളകൗമുദി ഓണ്‍ലൈന്‍ - 5 സെപ്റ്റംബര്‍ 2006

മനോരമ ഓണ്‍ലൈന്‍ ഓണക്കാഴ്‌ച്ച - എം.കെ.വിനോദ്കുമാര്‍

മാവേലി നാടുവാണിടുംകാലം
എം.കെ.വിനോദ്കുമാര്‍

ആ കാലം എന്നായിരുന്നിരിക്കാം? ആയിരത്താണ്ടുകള്‍ക്കപ്പുറത്തുനിന്ന്‌ ഒരോര്‍മ്മയുടെ നാളം നന്മയുടെ പ്രകാശം പകര്‍ന്ന്‌ നമ്മിലൂടെയും കടന്നുപോകുന്നു. മഹാബലി എന്ന രാജാവിന്റെ ഭരണകാലം കേരളനാട്ടില്‍ നിറച്ച ഐശ്വര്യസമൃദ്ധിയെപ്പറ്റി തലമുറകള്‍ക്കു പാടി മതിയാവുന്നില്ല ഇപ്പോഴും.
"മാവേലി നാടുവാണിടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും;
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം;
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല."
എന്നതാണ്‌ ഇപ്പോഴത്തെ തലമുറയില്‍ ഏറെ പ്രചരിച്ചുനില്‍ക്കുന്ന കവിവചനം.

ആ ഐശ്വര്യഭരണത്തില്‍ അസൂയപൂണ്ട ദേവന്മാര്‍ക്കുവേണ്ടി വാമനന്‍ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതും തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ മഹാബലി ആണ്ടിലൊരിക്കലെത്തുന്നതും മലയാളനാട്‌ എത്ര തലമുറകളിലേക്കു പകര്‍ന്ന കഥയാണ്‌.

മാവേലിയെത്തുന്ന ഓ‍ണ നാളുകളുടെ ആഹ്ലാദത്തെപ്പറ്റി ഏറെ പുരാതനമെന്നു കരുതുന്ന മഹാബലിചരിതം ഓണപ്പാട്ടില്‍ ഇങ്ങനെ വര്‍ണിക്കുന്നു:
"ഇല്ലങ്ങള്‍തോറുമലങ്കരിച്ചു
ചെത്തിയടിച്ചു മെഴുകിത്തേച്ചു
നല്‍ത്തറയിട്ടു കളമെഴുതി
തുമ്പമലരാദി പുഷ്പങ്ങളു-
മന്‍പോടണിയറതന്നില്‍ ചാര്‍ത്തി
പത്തുനാള്‍മുമ്പുവന്നത്തംതൊട്ട-
ങ്ങെത്രയും ഘോഷങ്ങളെന്നേ വേണ്ടൂ
ആര്‍ത്തുവിളിച്ചുമലങ്കരിച്ചും
ഉത്രാടമസ്‌തമിച്ചീടുംനേരം
മഹാദേവനെയുമെഴുന്നള്ളിച്ചു
നാമോര്‍ വൃദ്ധന്‍മാര്‍ മറ്റുള്ളോരും
ആകെക്കുളിച്ചവരൂണ്‍കഴിഞ്ഞൂ."
ജീവിത രീതികളുടെ ഭാഗമായി ആഘോഷച്ചടങ്ങുകളില്‍ വ്യത്യാസങ്ങള്‍ പലതു വന്നിട്ടുണ്ടാകാമെങ്കിലും ആചാര സങ്കല്‍പ്പങ്ങളിലും ഒത്തുചേരലുകളുടെ ആഹ്ലാദത്തിലും ഒാ‍ണം ഇന്നും ഒാ‍ണമായിത്തന്നെ നിലകൊള്ളുന്നു.

വെറും ഊണല്ല; ഇത്‌ ഓ‍ണസദ്യ
എം.കെ.വിനോദ്കുമാര്‍

കാണംവിറ്റും ഓണം ഉണ്ണണം എന്നാണു ചൊല്ല്‌. ഓ‍ണത്തിന്റെ ഊ‍ണ്‌ വെറും ഉൌ‍ണല്ല. വിഭവങ്ങള്‍ ഇരുപതിനടുത്തുവരും. ചോറ്‌, പരിപ്പ്‌, നെയ്യ്‌, പച്ചടി, കിച്ചടി, അവിയല്‍, സാമ്പാര്‍, കാളന്‍, ഓലന്‍, തോരന്‍, എരിശേരി, നാരങ്ങ, മാങ്ങ, ഇഞ്ചി, ഉപ്പേരി, പപ്പടം, പഴം, പ്രഥമന്‍, പാല്‍പ്പായസം, മോര്‌, പഴം നുറുക്ക്‌ എന്നിങ്ങനെ പോകുന്നു ഓണസദ്യയുടെ വിഭവങ്ങള്‍. ഉപ്പേരി നാലു തരമുണ്ടാവണം. ശര്‍ക്കര പുരട്ടിയുംവെള്ള ഉപ്പേരിയും(ഏത്തയ്ക്കാ)നിര്‍ബന്ധം. പപ്പടം വലുതും ചെറുതുമുണ്ടാവണം. പഴംപ്രഥമന്‍ പലേടത്തും ഒഴിവാക്കാനാവാത്ത വിഭവമാണ്‌. അതില്ലെങ്കില്‍ അടയോ, പാലടയോ വേണം.

കാളന്‍
ഓണത്തിനു കാളനുണ്ടാക്കുമ്പോള്‍ കുറുകിയിരിക്കണം. ഇല്ലെങ്കില്‍ അതു പുളിശേരിയായിപ്പോകും. പശുവിന്‍പാലുകൊണ്ടുള്ള തൈര്‌, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ്‌, പച്ചമുളക്‌, കറിവേപ്പില, ജീരകം, നാളികേരം, ഏത്തക്കായ്‌, ചേന എന്നിവയൊക്കെ കുറുക്കു കാളനില്‍ ഉണ്ടാവണം. കടുകു വറക്കുമ്പോള്‍ നെയ്യുതന്നെ ഉപയോഗിക്കണം.വടക്കന്‍ ചിട്ടയനുസരിച്ചാണുകാളന്‍ നന്നായി കുറുകേണ്ടത്‌. എറിഞ്ഞാല്‍ ചുമരില്‍ പറ്റിയിരിക്കണമെന്നത്രേ തത്വം. തെക്കന്‍ചിട്ടയില്‍ കാളന്‍ ഇത്രയും കുറുക്കേണ്ട. തിരുവിതാംകൂറില്‍ കാളനെ പുളിശ്ശേരിയാക്കുന്നവരും ഉണ്ട്‌.

ഓ‍ലന്‍
വിഭവങ്ങളിലെ 'മിതവാദി'യാണ്‌ ഓ‍ലന്‍. ശരിക്കും മലയാളി. കാളന്റെ ശക്‌തി കുറയ്ക്കാനാണ്‌ ഓ‍ലനെന്നു പഴമക്കാര്‍ പറയും. മറ്റൊരു കറിയുടെ രുചി അറിയണമെങ്കില്‍ ഓ‍ലന്‍ അല്‍പം കൂട്ടി നാക്കു ശുദ്ധിയാക്കണമത്രേ. വെള്ളരിക്കയും മത്തങ്ങയുമൊക്കെ ഓ‍ലനുണ്ടാക്കാന്‍ ഉപയോഗിക്കാം. നേര്‍ത്ത രീതിയില്‍ നുറുക്കിയ കഷണത്തില്‍ വെളിച്ചെണ്ണ മാത്രം ഒഴിച്ചു വേവിക്കുക. അങ്ങനെയായിരുന്നു ആദ്യകാലത്ത്‌. പില്‍ക്കാലത്ത്‌ ഓ‍ലനില്‍ വന്‍പയറും തേങ്ങാപ്പാലുമൊക്കെ ചേര്‍ന്നു തുടങ്ങി.

പഴം നുറുക്ക്‌
പഴം നുറുക്കാണ്‌ ഉത്രാട പാച്ചിലില്‍ പലരും മറന്നുപോകുന്ന ഇനം. ഏത്തപ്പഴം രണ്ടോ മൂന്നോ ആയി മുറിച്ച്‌ ആവിയില്‍ വേവിച്ച്‌ അല്‍പം ശര്‍ക്കര മുകളില്‍ വിതറിയാല്‍ പഴം നുറുക്കു റെഡി.വടക്കന്‍ചിട്ടയനുസരിച്ചുള്ളതാണ്‌ ഈ‍ ഇനം. പഴംനുറുക്കു മുണ്ടിലിട്ടു വീശി വെള്ളം കളഞ്ഞാല്‍ തിന്നാന്‍ പാകമാവും. അത്‌ ഉപ്പേരിക്കൊപ്പം കൂട്ടിക്കുഴച്ച്‌....തേനും നെയ്യും മേമ്പൊടിയാക്കുന്നവരും കുറവല്ല.

അവിയല്‍
അവിയലില്‍ ഏത്തക്കായ്‌, ചേന, പടവലങ്ങ, പച്ചപ്പയര്‍, വഴുതനങ്ങ, വെള്ളരി, മുരിങ്ങക്ക, പച്ചമാങ്ങ, പച്ചമുളക്‌, കറിവേപ്പില, ജീരകം, നാളികേരം, വെളിച്ചെണ്ണ എന്നിവ ചേരണം. പച്ചമാങ്ങ ഇല്ലെങ്കില്‍ തൈരായാലും മതി.

എരിശേരി
എരിശേരിയില്‍ ഏത്തക്കായ്‌, ചേന, കുരുമുളകു പൊടി, മുളകുപൊടി, ഉപ്പ്‌, മഞ്ഞള്‍പ്പൊടി, നാളികേരം, വെളിച്ചെണ്ണ, നെയ്യ്‌, ജീരകം, കടുക്‌, മുളക്‌, കറിവേപ്പില എന്നിവയുണ്ടാകണം.

പഴം പ്രഥമന്‍
ഏത്തപ്പഴം, ശര്‍ക്കര, നാളികേരം, നെയ്യ്‌, ജീരകപ്പൊടി, ഏലക്കാപ്പൊടി, പശുവിന്‍ പാല്‍ എന്നിവയാണു പഴം പ്രഥമന്റെ ചേരുവകള്‍ .

വിളമ്പിന്റെ രീതി
വിഭവങ്ങള്‍ തയ്യാറായാല്‍ മാവേലി മന്നനു വിളക്കുവച്ച്‌ വിളമ്പുകയാണ്‌ ആദ്യം ചെയ്യുക. വിളമ്പുന്നതിന്റെ രീതി പല പ്രദേശങ്ങളിലുംപലതരത്തിലാണ്‌. ഉണ്ണാന്‍ ആവണപ്പലകയില്‍ കിഴക്കോട്ടു തിരിഞ്ഞ്‌ ഇരിക്കണമെന്നാണു പഴമക്കാരുടെ ചിട്ട. ഇലയുടെ നാക്ക്‌ ഇടത്തോട്ടു വേണം.ഇലയുടെ ഇടതുവശത്തുനിന്നു വലത്തോട്ടുവേണം വിളമ്പ്‌. ഉപ്പ്‌, നാരങ്ങ, മാങ്ങ, ഇഞ്ചി, തോരന്‍, ഓലന്‍, അവിയല്‍,കിച്ചടി, പച്ചടി, എന്നിങ്ങനെ.ഇലയുടെ ഇടതുവശത്തു താഴെ ഉപ്പേരികള്‍, പഴം, പപ്പടം, പഴം നുറുക്‌ക്‍എന്നിവയും. ചോറ്‌, പരിപ്പ്‌, നെയ്യ്‌, സാമ്പാര്‍, കാളന്‍, പ്രഥമന്‍, പാല്‍പ്പായസം, മോര്‌ എന്നിങ്ങനെയാണ്‌ ഉൌ‍ണിന്റെയൊരു രീതി.ചില സ്ഥലത്തു സാമ്പാറു കഴിഞ്ഞാല്‍ പ്രഥമന്‍ വിളമ്പാറുണ്ട്‌. മറ്റു ചിലയിടങ്ങളില്‍ പരിപ്പു കഴിഞ്ഞാല്‍ കാളന്‍, സാമ്പാര്‍ എന്നാണു രീതി.ഓ‍രോ സ്ഥലത്തും വ്യത്യസ്‌തമാണ്‌ ഓ‍ണസദ്യ.കൊല്ലംപ്രദേശങ്ങളില്‍ ഓ‍ണത്തിനു മരച്ചീനി വറുക്കും. എള്ളുണ്ടയും അരിയുണ്ടയും ഉണ്ടാക്കും. കളിയടയ്ക്ക എന്ന പ്രത്യേക വിഭവവും കൊല്ലം, ഓ‍ണാട്ടുകര, മധ്യതിരുവിതാംകൂര്‍ മേഖലകളിലുണ്ട്‌.മധ്യതിരുവിതാംകൂറില്‍ ഓണത്തിന്‌ അടയുണ്ട്‌. നേദിച്ച പൂവടയുടെ സ്വാദ്‌ ഒന്നു വേറേതന്നെയാണെന്ന്‌ ആരും സമ്മതിക്കും. അത്തം മുതല്‍ ഓ‍ണസദ്യയൊരുക്കുന്ന പാരമ്പര്യം ചിലരെങ്കിലും തുടരുന്നുണ്ട്‌. അത്തം മുതല്‍ പത്തുനാളും വിഭവസമൃദ്ധമായ സദ്യ ഒരുക്കിയ സ്ഥാനത്ത്‌ ഇപ്പോള്‍ തിരുവോണസദ്യമാത്രമാണു മിക്കയിടത്തും.അച്ചാറുകള്‍ക്കു പുറമേ പച്ചടി, ഇഞ്ചിക്കറി മുതലായ ഇനങ്ങളും ഭരണികളില്‍ നിറഞ്ഞിരുന്ന കാലവും അതോടെ ഇല്ലാതായി.

ഓ‍ണത്തെപ്പറ്റി ഒട്ടേറെ ഐതീഹ്യങ്ങള്‍
എം.കെ.വിനോദ്കുമാര്‍

ഒരു കാലത്തു കൊച്ചിക്കടുത്തുള്ള തൃക്കാക്കര വാണിരുന്ന മഹാബലി പെരുമാള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാള്‍ ആഘോഷിക്കുന്നതിനായി ചിങ്ങത്തിലെ അത്തം നാളില്‍ ജനങ്ങളെ ക്ഷേത്രസന്നിധിയില്‍ വിളിച്ചുവരുത്തുകയും ആഘോഷങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നുവത്രെ. ഇന്നും കൊച്ചി രാജാവ്‌ നടത്തി പ്പോരുന്ന അത്തച്ചമയം ഇതാണെന്നു കരുതപ്പെടുന്നു. ഈ ഉത്സവാ ഘോഷമാണു പിന്നീടു തിരുവോണമായി പരക്കെ ആഘോഷിച്ചു തുടങ്ങിയതത്രെ.

ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ചിങ്ങമാസത്തിലെ ആഘോഷം ക്രമേണ ദേശീയോത്സവമായി വളര്‍ന്നുവെന്നാണ്‌ മറ്റൊരു വിശ്വാസം.എന്നാല്‍, തിരുവോണം വിളവെടുപ്പ്‌ ഉത്സവം ആണെന്ന്‌ ചില സാമൂഹിക ശാസ്‌ത്രജ്ഞര്‍ കരുതുന്നു.
ജന്മിമാരും അടിയാന്മാരും വ്യത്യാസങ്ങള്‍ മറന്നു സമഭാവനയോടുകൂടി കഴിയുകയും, പരസ്പരം സ്നേഹസന്ദര്‍ശനങ്ങള്‍
നടത്തുകയും ഒരേ വേദിയില്‍ ഒത്തുചേരുകയും ചെയ്യുവാന്‍ ഉപകരിച്ചിരുന്ന ഈ കാര്‍ഷികോത്സവ പരിപാടി ക്രമേണ
ദേശീയോത്സവമായി എന്നതാണ്‌ ഇവരുടെ നിഗമനം. 'ഓ‍ണം' എന്ന ശബ്ദം 'ശ്രാവണം' എന്ന സംസ്കൃത പദത്തിന്റെ സംക്ഷിപ്‌ത രൂപമാണെന്ന്‌ ചില പണ്ഡിതന്മാര്‍ കരുതുന്നു..'ശ്രാവണം' ചിങ്ങമാസമാണ്‌. പക്ഷേ, ഇതിനു ബുദ്ധമതവുമായി സുദൃഢബന്ധം ഉണ്ടെന്നു ചരിത്രപണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. ബുദ്ധഭിക്ഷുക്കളായ ശ്രവണന്മാരെ സംബന്ധിച്ചുള്ളതാണ്‌ ശ്രാവണം. ബുദ്ധഭിക്ഷുവായി ദീക്ഷ സ്വീകരിച്ചു ശ്രവണന്മാരായി മാറുന്ന യുവഭിക്ഷുക്കള്‍ക്ക്‌ അവരുടെ ദീക്ഷയുടെ പ്രതീകമായി ഒരു മഞ്ഞവസ്‌ത്രംകൂടി നല്‍കുക പതിവുണ്ടായിരുന്നു.ഈ സംഭവത്തെ അനുസ്മരിക്കുന്നതാണ്‌ ഓ‍ണക്കാലത്തു കുട്ടികള്‍ ഉടുക്കുന്ന മഞ്ഞക്കോടിയെന്നും വാദമുണ്ട്‌.

സമഭാവനയുടെ ഓ‍ണസങ്കല്‍പം
എം.കെ.വിനോദ്കുമാര്‍

മലയാളിയുടെ ദേശീയോല്‍സവത്തിനു മലയാളദേശത്തുതന്നെ വ്യത്യസ്‌ത ആഘോഷ രീതികളാണ്‌.ഒാ‍ണക്കളികളും ചടങ്ങുകളും സദ്യയും എല്ലാം വൈവിധ്യമയം. മാവേലി പ്രജകളെ കാണാന്‍ വരുന്നുവെന്ന വിശ്വാസമാണ്‌ ഇൌ‍ വൈവിധ്യങ്ങളെ കോര്‍ത്തു നിര്‍ത്തുന്ന വള്ളി. സമസ്‌ത ജീവജാലങ്ങളെയും സമഭാവനയോടെ കാണുന്നതാണ്‌ ഒാ‍ണസങ്കല്‍പ്പത്തിന്റെ മുഖ്യസൗന്ദര്യം. തിരുവിതാംകൂറില്‍ തിരുവോണനാളില്‍ കാലികളെ എണ്ണ തേച്ചു കുളിപ്പിച്ച്‌ അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ത്ത മിശ്രിതം കൊണ്ടുണ്ടാക്കിയ പൊട്ട്‌ തൊടുവിക്കും. അരി വറുത്തു തേങ്ങയും ശര്‍ക്കരയും ചേര്‍ത്തു തിരുമ്മി തൂശനിലയില്‍ വീടിന്റെ നാലുമൂലയിലും വച്ച്‌ കുട്ടനാട്ടുകാര്‍ ഉറുമ്പുകളെ ഉൌ‍ട്ടും. അരിമാവില്‍ കൈമുക്കി കതകിലും ജനലിലും പതിപ്പിച്ചു പല്ലിക്ക്‌ ഒാ‍ണസമ്മാനംനല്‍കുന്നത്‌ മധ്യ തിരുവിതാംകൂറിലെ ചടങ്ങുകളില്‍ പെടുന്നു. .ഉത്രാടം മുതല്‍ ഏഴുനാളിലാണു കുട്ടനാട്ടുകാരുടെ ഒാ‍ണം.

ഹനുമാന്‍ പണ്ഡാരം
തിരുവിതാംകൂറിലെ തിരുവോണ നാളിലെ കൗതുകമായിരുന്ന ഹനുമാന്‍ പണ്ഡാരം ഇപ്പോള്‍ ഏതാണ്ട്‌ അപ്രത്യക്ഷമാ യിരിക്കുന്നു. ഹനുമാന്റെ വേഷമണിഞ്ഞെത്തുന്ന പണ്ഡാരത്തിന്റെ മുഖ്യലക്ഷ്യം കുട്ടികളെ പേടിപ്പിച്ചു വരുതി പഠിപ്പിക്കുകയാണ്‌.

കുട്ടികളുടെ കുസൃതികളും മറ്റും അച്ഛനമ്മമാര്‍ നേരത്തേതന്നെ പണ്ഡാരവേഷം കെട്ടുന്നയാളോടു പറഞ്ഞുകൊടുക്കും. രാവിലെ ഇലത്താളവുമായി വേഷവുമണിഞ്ഞ്‌ എത്തുന്ന പണ്ഡാരം കുട്ടികളുടെ അനുസരണക്കുറവ്‌ വിളിച്ചുപറയും വിട്ടുകാര്‍ നല്‍കുന്ന ദക്ഷിണയും വാങ്ങി പണ്ഡാരം പോയാല്‍ കുട്ടിക്ക്‌ ആശ്വസിക്കാം. (അല്‍പ്പസമയം കഴിഞ്ഞു വികൃതി പിന്നേയും തുടങ്ങാം ഇനി അടുത്ത ഒാ‍ണത്തിനല്ലേ പണ്ടാരം വരു.....)

നന്തുണിപ്പാട്ട്‌
അത്തം നാളില്‍ നന്തുണിപ്പാട്ടിന്റെ ഇൌ‍ണം നിറയുമായിരുന്നു, തെക്കന്‍ തിരുവിതാംകൂറിലെ ഗ്രാമങ്ങളില്‍. പുലര്‍ച്ചെ തന്നെ നാടന്‍ ശീലുകളുടെ ശ്രുതിമാധുര്യവുമായി, കയ്യില്‍ കാഴ്ച താംബുലവും ഒരുക്കി നന്തുണിപ്പാട്ടുകാരനെത്തും. ഒപ്പം ഏറ്റുപാട്ടക്കാരനുമുണ്ടാവും. വീടുകളിലെ കാരണവന്‍മാര്‍ക്കു കെട്ടുവെറ്റിലയും പുകയിലയും കാഴ്ചവച്ചു തിരിയിട്ട വിളക്കിനു മുന്നില്‍ കിഴക്കോട്ടിരുന്നാണ്‌ പാട്ട്‌. മുറം നിറയെ നെല്ലും രണ്ടു നാളികേരവും ദക്ഷിണയായി വെള്ളിനാണയവും ചിലര്‍ കോടിമുണ്ടും നല്‍കും. ഇപ്പോള്‍ നന്തുണിപ്പാട്ടും പോയ്മറഞ്ഞിരിക്കുന്നു.

ദക്ഷിണ കേരളത്തിലെ ആദിവാസികള്‍ അത്തത്തിനു മലദൈവങ്ങള്‍ക്കു പൂവും ചന്ദനവും ചോതിക്കു കാലാട്ടു തമ്പുരാനു കരനെല്ലുകുത്തി വെള്ളനിവേദ്യവും സമര്‍പ്പിക്കും. പൂവിളിയും തുമ്പി തുള്ളലും, ചാട്‌ എയ്ത്തും, സ്‌ത്രീകള്‍ക്കു വള്ളികളില്‍ ഉൌ‍ഞ്ഞാല്‍ കെട്ടിയാട്ടവും പുരുഷന്‍മാര്‍ക്കു തോറ്റംപാട്ടുമൊക്കെയായി ഒാ‍ണം വന്നുനിറയും. വട്ടോല തെറ്റി കുട കെട്ടി തേനും തിനയും നാട്ടരചനു കാഴ്ചയുമായി എല്ലാവരും ഒന്നിച്ചു കിടന്നുറങ്ങും. അരചനെ മുഖംകാട്ടി ഒാ‍ണക്കാഴ്ച വച്ചാല്‍ പിന്നെ കൈ നിറയെ വെള്ളിപ്പണം. ഉൌ‍രുകാര്‍ക്കു കോടി, വയറുനിറയെ ശാപ്പാട്‌....കോഴിക്കോട്ടെ പ്രാന്തപ്രദേശങ്ങളിലെ ഒാ‍ണാഘോഷത്തില്‍ അമ്പെയ്ത്ത്‌ എന്നൊരു വിനോദവും ഉള്‍പ്പെടുന്നു. അത്തം മുതല്‍ പത്തുനാള്‍ ആണ്‌ ഇൌ‍ കായിക വിനോദം. പച്ചമുളകൊണ്ടു നിര്‍മിച്ച വില്ലും തെങ്ങോല കൊണ്ടുണ്ടാക്കിയ അമ്പും വാഴത്തടയുടെ ചെപ്പുംഉപയോഗിച്ചാണ്‌ ഇൌ‍ കളി. ഏതെങ്കിലും ഒഴിഞ്ഞ പറമ്പില്‍ എയ്ത്തുകളം. ഇരുചേരികളായി പിരിഞ്ഞ്‌, ഇരുഭാഗത്തിനും ലഭിച്ച അമ്പ്‌ തൂക്കിനോക്കി വിജയിയെ നിശ്ചയിക്കും.

കുമ്മാട്ടി
തൃശൂരിലെ ഒാ‍ണദിനങ്ങള്‍ക്കു നിറം പകരുന്നതു കുമ്മാട്ടിയാണ്‌. വടക്കുംനാഥനെ സ്‌തുതിച്ച്‌ അമ്പലത്തില്‍ തേങ്ങ ഉടച്ചാണ്‌ കുമ്മാട്ടി കളിക്കിറങ്ങുക. ഇവര്‍ ദേഹം മുഴുവന്‍ കുമ്മാട്ടിപ്പുല്ല്‌ അല്ലെങ്കില്‍ പര്‍പ്പടകപുല്ല്‌ എന്ന പ്രത്യേക പുല്ലുമെടഞ്ഞു ദേഹം മുഴുവന്‍ പൊതിയും. വളരെ രഹസ്യമായിട്ടാണ്‌ ഇതു ചെയ്യുന്നത്‌. ആളെ തിരിച്ചറിയാതിരിക്കനാണിത്‌. കുമ്മാട്ടിക്കു പല മുഖങ്ങളുണ്ട്‌. തള്ള, കാട്ടാളന്‍, കൃഷ്ണന്‍, ഹനുമാന്‍ എന്നിങ്ങനെ....ശിവന്റെ ഭൂതഗണങ്ങളുമായാണ്‌ ഇവരുടെ വരവെന്നാണ്‌ വിശ്വാസം.

തുമ്പിതുള്ളല്‍
തൃശൂരിലെ മറ്റൊരു ഒാ‍ണക്കളിയാണ്‌ തുമ്പിതുള്ളല്‍. പെണ്‍കുട്ടികള്‍ മാത്രം മുടിയഴിച്ചിട്ട്‌ ആടിത്തുള്ളി സ്വതന്ത്രമായി പറക്കുന്ന തുമ്പിയുടെ പ്രതീകമാണിത്‌. മുടിയാട്ടത്തിന്റെ രൂപഭേദം. തുമ്പിതുള്ളല്‍ പല രൂപത്തില്‍ തിരുവിതാംകൂര്‍ ഉള്‍പ്പെടെ കേരളത്തില്‍ ഒട്ടുമിക്ക പ്രദേശങ്ങളിലും പ്രചാരത്തിലുണ്ട്‌.

പുലിക്കൂട്ടം
തൃശൂരില്‍ നാലാം ഒാ‍ണത്തിനു നഗരത്തിലിറങ്ങുന്ന പുലിക്കൂട്ടം നഗരത്തെ കാടാക്കും. വരയന്‍പുലികളുടെ വേഷംകെട്ടി ദേഹം നിറയെ ചായംതേച്ചു പുലികള്‍ നിരത്തിലിറങ്ങും. കൊട്ടിനൊപ്പം പാടിത്തിമര്‍ക്കും. ഉത്തരേന്ത്യയില്‍നിന്നു കേരളത്തിലേക്ക്‌ എത്തിയ പഠാണികളാണ്‌ പുലിക്കളി ഇവിടെ എത്തിച്ചതെന്നു കരുതപ്പെടുന്നു. അവരുടെ പഞ്ചയെടുക്കല്‍ എന്ന കളിയുമായി ഇതിന്‌ അത്രയേറെ സാമ്യമുണ്ട്‌.

ഒാ‍ണപ്പൊട്ടന്‍
ഉത്തര കേരളത്തിലെ ഒാ‍ണത്താറും ഒാ‍ണപ്പൊട്ടനുമെക്കെ ഒാ‍ണദിനങ്ങളിലെ അതിഥികള്‍. ദൈവത്തിന്റെ പ്രതീകവും ദൈവദാസനുമൊക്കെയെന്നു വിശ്വസിക്കപ്പെടുന്ന ഇൌ‍ അതിഥികള്‍ക്കൊപ്പം, ചിലയിടങ്ങളില്‍ പാട്ടിന്റെ ഇൌ‍രടി, ചിലമ്പൊലി ഒക്കെയുണ്ടാകും. എന്നാലും ഒാ‍ണപ്പൊട്ടന്‍ കമാന്ന്‌ ഒരക്ഷരം ഉച്ചരിക്കില്ല.

കന്നുതെളി
കൊയ്ത്തു കഴിഞ്ഞു നിരപ്പാക്കിയ പാടത്ത്‌ അവിട്ടം ദിനത്തില്‍ കര്‍ഷകര്‍ പരിപോഷിപ്പിച്ചു മിടുക്കരാക്കിയ കന്നുകളെ ഇറക്കി നടത്തുന്ന കന്നുതെളി മത്സരം പ്രധാനമായും പാലക്കാടിന്റെ ഒാ‍ണാഘോഷത്തിലെ സവിശേഷതയാണ്‌. കാളകളെ ഒാ‍ടിക്കാന്‍ വിദഗ്ധനായ ഒരു കന്നുതെളിക്കാരനുമുണ്ടാകും. വിജയികള്‍ക്കു സമ്മാനവും. കരിമ്പനയുടെ ഇളമ്പോല കൊണ്ടുണ്ടാക്കിയ തലപ്പന്തും പാലക്കാടിന്റെ മറ്റൊരു സവിശേഷതയാണ്‌. പനയോലത്തണ്ട്‌ ചീകിയെടുത്ത്‌ ഉള്ളില്‍ കല്ലുവെച്ച്‌, അപ്പച്ചെടിയുടെ ഇലകളുംവെച്ച്‌ കനംകൂട്ടി ഉണ്ടാക്കുന്ന തലപ്പന്ത്‌ തലയ്ക്കു ചുറ്റും വലംകൈ കൊണ്ട്‌ വീശി ആകാശത്തേക്ക്‌ എറിയും. പോയിന്റുകള്‍ കണക്കാക്കി വിജയിയെ നിശ്ചയിക്കും.

ഒാ‍ണത്തല്ല്‌
കുന്നംകുളത്തുകാരുടെ ഒാ‍ണവിനോദങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ ഒാ‍ണത്തല്ല്‌. ഒാ‍ണസദ്യ കഴിഞ്ഞ്‌ കയ്യാങ്കളിക്കെത്തുന്ന ഒാ‍ണത്തല്ലുകാരന്‍ മെയ്യനക്കി ഹയ്യത്തടാ' എന്നു വിളിച്ചുകൂവി നിലത്തുചാടി ഗോദയിലെത്തുന്നു. പിന്നെ തല്ല്‌. പറഞ്ഞെതുക്കാനും പിടിച്ചുമാറ്റാനും റഫറിമാര്‍ (ചായിക്കരന്‍മാര്‍). തല്ലി ജയിക്കുന്നവന്‍ വിജയി എന്നു പ്രത്യേകം പറയേണ്ടല്ലോ. ചാവക്കാട്ടും ഒാ‍ണത്തല്ലുണ്ട്‌.

കൈകൊട്ടിക്കളി
കൈകൊട്ടിക്കളി സ്‌ത്രീകളുടെ സ്വന്തമാണ്‌. ദേശഭേദമില്ലാതെ മിക്കയിടത്തും ഇതുണ്ട്‌. വീടുകളിലെ അകത്തളങ്ങളിലോ മുറ്റത്തു പൂക്കളത്തിനു ചുറ്റുമോ വട്ടത്തില്‍നിന്നു സ്‌ത്രീകള്‍ ചുവടുവെച്ചു പാട്ടുപാടി കൈകൊട്ടിക്കൊണ്ടു കളിക്കുന്നതാണിത്‌. പാര്‍വതീ പരമേശ്വര സംവാദമോ നളദമയന്തിക്കഥയോ ഒക്കെ നിറഞ്ഞ പദങ്ങളില്‍ ആവേശത്തോടെ ആടിത്തിമര്‍ക്കുന്നു. ഇതിനു പ്രാദേശികഭേദമില്ല.വടംവലി, തണുങ്ങിനു പിടുത്തം, തുടങ്ങിയ ഒാ‍ണക്കാലവിനോദങ്ങള്‍ക്കും പ്രാദേശികഭേദമില്ല.വര്‍ഷത്തില്‍ ഒരു സീസണില്‍ മാത്രം ചീട്ടുകളിക്കുന്നവരുടെ ഒാ‍ണക്കളിയും കേരളത്തിലെവിടെയും ഒരുപോലെതന്നെ. ഒാ‍ണാഘോഷത്തിലെ പ്രാദേശിക ഭേദങ്ങളുടെ അതിര്‍വരമ്പുകളലിഞ്ഞ്‌ ഇപ്പോള്‍ എല്ലാം എല്ലായിടത്തും, അല്ലെങ്കില്‍ എന്തെങ്കിലും എവിടെയെങ്കി ലു മൊക്കെ എന്നായിട്ടുണ്ട്‌.

വഞ്ചിപ്പാട്ടിന്റെ ഓ‍ണത്താളം
എം.കെ.വിനോദ്കുമാര്‍

വഞ്ചിപ്പാട്ടിന്റെ 'നതോന്നത'യില്ലാതെ മധ്യതിരുവിതാംകൂറില്‍ ഒാ‍ണത്താളം മുറുകില്ല. ചമ്പക്കുളം മൂലം വള്ളംകളിയോടെ തുടങ്ങുന്ന ജല വിനോദം മാലക്കര, ഇറപ്പുഴ, പാണ്ടനാട്‌-തിരുവന്‍വണ്ടൂര്‍ എന്നിങ്ങനെ ഒാ‍ണനാളുകളില്‍ അതിന്റെ പാരമ്യത്തിലെത്തി ഉതൃട്ടാതി നാളില്‍ ആറന്മുളയിലെ ജലോല്‍സവത്തോടെ സമാപിക്കും. ആറന്മുള പാര്‍ഥ സാരഥിയുടെ പള്ളിയോടങ്ങള്‍ പമ്പയിലൂടെ പാടിത്തുഴഞ്ഞു നീങ്ങുന്ന തു കാണാതെ എന്ത്‌ ഒാ‍ണം?! തിരുവോണ നാള്‍ പുലരുമ്പോള്‍ കാട്ടൂര്‍ ഇല്ലത്തുനിന്നു ഭഗവാനുള്ള കാഴ്ചകളുമായി ക്ഷേത്രക്കടവിലെത്തുന്ന തിരുവോണത്തോണിയെ വരവേല്‍ക്കാന്‍ പള്ളിയോടങ്ങളുള്ള എല്ലാ കരകളില്‍നിന്നും ആളുകള്‍ എത്തും; ചുണ്ടന്‍വള്ളങ്ങളില്‍ തിരുവോണ ത്തോണിക്ക്‌ അകമ്പടി സേവിച്ചും കരയില്‍ കാഴ്ചക്കാരായും.

വള്ളസദ്യ
ഒാ‍ണക്കാലം ആറന്മുളയില്‍ വള്ളസദ്യകളുടെയും കാലമാണ്‌. ഭഗവാനുള്ള വഴിപാടായി ആളുകള്‍ പള്ളിയോടങ്ങള്‍ക്കു നല്‍കു ന്നതാണ്‌ വള്ളസദ്യ.ചുണ്ടന്‍വള്ളം തുഴഞ്ഞെത്തുന്ന കരക്കാരെ ദക്ഷിണനല്‍കി സ്വീകരിച്ച്‌ ഭഗവല്‍സന്നിധിയില്‍ സദ്യവിളമ്പി ആദരിക്കുന്ന ചടങ്ങാണിത്‌. കൊടിയും കുടയും അമരച്ചാര്‍ത്തും മാലയും കന്നക്കുമിളയും ഒക്കെയണിഞ്ഞ്‌ പള്ളിയോടങ്ങള്‍ പാടിത്തുഴഞ്ഞെത്തുന്ന കാഴ്ചയില്‍ മനംനിറഞ്ഞ്‌ മധ്യതിരുവിതാംകൂര്‍ ഒാ‍ണത്തെ വരവേല്‍ക്കുന്നു. അലങ്കാരപൂര്‍ണതയില്‍ പള്ളിയോടം പ്രപഞ്ചത്തിന്റെ പ്രതീകംതന്നെയെന്നാണു സങ്കല്‍പ്പം.അമരത്തിനിരുവശവുമുള്ള കന്നക്കുമിളകള്‍ (പള്ളിയോട ത്തിന്റെ കര്‍ണാഭരണം) സൂര്യചന്ദ്രന്മാരാണ്‌.അമരച്ചാര്‍ത്തിലെ ഒന്‍പതു കുമിളകള്‍ നവഗ്രഹങ്ങള്‍.അമരക്കാര്‍ നാലുപേര്‍ വേദങ്ങളെ പ്രതിനിധീകരിക്കുന്നു.അണിയത്ത്‌ എട്ടു പ്രധാന തുഴക്കാര്‍ അഷ്ടദിക്പാലരെയും.ശുഭ്രവസ്‌ത്രധാരികളായ നില ക്കാരും തുഴച്ചില്‍ക്കാരും തലയില്‍ക്കെട്ടും താളവുമായി പമ്പയിലൂടെയങ്ങനെ എത്തുമ്പോള്‍ പ്രപഞ്ചം അവരുടെ കാല്‍ക്കീഴില്‍ തന്നെ. ഒാ‍ണത്തിന്റെ ഒാ‍ളവും അവിടെത്തന്നെ.

ഊഞ്ഞാല്‍
എം.കെ.വിനോദ്കുമാര്‍

ഊ‍ഞ്ഞാലിനരികില്‍ ഊ‍ഴംകാത്തുനില്‍ക്കുന്ന കാലമൊക്കെ പോയെങ്കിലും ഉൌ‍ഞ്ഞാല്‍ ഇന്നും ഒാ‍ണാഘോഷത്തിലെ അവശ്യ ഘടകമാണ്‌.ചുണ്ണാമ്പുവള്ളി എന്നുകൂടി അറിയപ്പെട്ടിരുന്ന ഉൌ‍ഞ്ഞാല്‍ വള്ളികള്‍ ഉപയോഗിച്ചിരുന്നു പണ്ടൊക്കെ.അതിന്റെ സ്ഥാനത്തു ചകിരിക്കയറും കഴിഞ്ഞ്‌ പ്ലാസ്റ്റിക്ക്‌ കയറുകള്‍ സ്ഥാനം പിടിച്ചു തുടങ്ങിയിരിക്കുന്നു.ഉൌ‍ഞ്ഞാലിലെ ഇരിപ്പിടമായി തെങ്ങിന്റെ മടല്‍ ഉപയോഗിക്കുന്നതും ഇപ്പോള്‍ അപൂര്‍വകാഴ്ചയായിരിക്കുന്നു. ഉൌ‍ഞ്ഞാല്‍പ്പടിയില്‍ ഒരാള്‍ ഇരുന്നും മറ്റൊരാള്‍നിന്നും ഇരട്ട(പെട്ട) യാടുന്ന കാഴ്ച ഇപ്പോഴെവിടെയുണ്ട്‌? ഉൌ‍ഞ്ഞാല്‍പ്പടിയിലെ ഇരിപ്പില്‍ നിന്ന്‌ ആട്ടം നിര്‍ത്താതെതന്നെ നില്‍പ്പിലേക്കു മാറാനുള്ള വൈദഗ്ധ്യം ഇപ്പോള്‍ എത്ര കുട്ടികള്‍ക്കുണ്ട്‌?പിന്നില്‍നിന്ന്‌ ഉൌ‍ഞ്ഞാലാട്ടുന്നയാള്‍ ഇരിക്കുന്നയാളിനെ മടലോടെ പൊക്കി ക്കൊണ്ട്‌ ഉൌ‍ഞ്ഞാല്‍ ക്കീഴിലൂടെ മുന്നിലേക്കോടുന്ന ദൃശ്യം പഴയകാലത്തെ ഒാ‍ണത്തിന്റേതായി മാറിക്കഴിഞ്ഞു.പുഷ്പമാലകളാല്‍ അലംകൃതമായ ഒാ‍ണഉൌ‍ഞ്ഞാലുകളുടെ സ്ഥാനത്ത്‌ ഇരുമ്പുസ്റ്റാന്‍ഡില്‍ തൂങ്ങിയാടുന്ന സ്ഥിരം ചങ്ങലയൂഞ്ഞാലുകളാണു പലേടത്തും. ഫ്ലാറ്റിന്റെ മച്ചില്‍ രണ്ടു കൊളുത്തുണ്ടെങ്കില്‍ മരച്ചില്ലപോലും വേണ്ടല്ലോ ഉൌ‍ഞ്ഞാലാട്ടത്തിന്‌.സങ്കല്‍പ്പങ്ങള്‍ കീഴ്മേല്‍ മറിയുന്നു; ഉൌ‍ഞ്ഞാല്‍ ചൊരുക്കി തലകറങ്ങുമ്പോഴത്തെ ഭ്രമക്കാഴ്ചകള്‍പോലെ...

വസന്തം നിറയും പൂക്കളം
എം.കെ.വിനോദ്കുമാര്‍

ഒാ‍ണം നിറങ്ങളുടെ വസന്തമാണ്‌; നിറമേഴും നിറയുന്ന തുമ്പയുടെ തൂവെണ്മ , ചെമ്പരത്തിച്ചോപ്പ്‌.... പിന്നെ കണ്ണിനുകണ്ടുനിറയാന്‍ നിറങ്ങളുടെ ഉല്‍സവമൊരുക്കി അരളി, മുക്കുറ്റി, മന്ദാരം, പിച്ചി, തെച്ചി, ശംഖുപുഷ്പം, താമര...അങ്ങനെയങ്ങനെ...തൊടിയിലും വേലിയിലും പ്രകൃതി വിളമ്പുന്നഒാ‍ണപ്പൂക്കള്‍ തേടിപ്പോകാന്‍ പൂവിളി ഉയരുകയാ യി.അതിനകമ്പടിയായി ഇളംവെയിലില്‍ ചിറകു തിളക്കി ഒാ‍ണത്തുമ്പികളുടെ തുള്ളല്‍ . അത്തം മുതല്‍ പത്തുനാള്‍ മുറ്റം അലങ്കരിക്കുന്ന പൂക്കളത്തിനായി കുന്നുകളും താഴ്‌വരകളും കുറ്റിക്കാടുകളും ഇടത്തോടുകളുംകടന്ന്‌... പൂവേ... പൊലി പൂവേ.....ഒാ‍ണത്തിനായുള്ള അണിഞ്ഞൊ രുങ്ങലോ അലങ്കാരമോ മാത്രമല്ല പൂക്കളം. ഒാ‍ണത്തപ്പനെ കളത്തിനു നടുവില്‍ കുടിയിരുത്തി ഭക്‌തിപൂര്‍വം ചെയ്യുന്ന പൂജ കൂടിയാണ്‌. പൂക്കളത്തിന്റെ സങ്കല്‍പ്പത്തിലും സംവിധാനത്തിലും പ്രാദേശിക ഭേദങ്ങളേറെയാണ്‌.

ദേശവ്യത്യാസമില്ലാതെ മിക്കയിടത്തും അത്തംനാളില്‍ ചെറിയ പൂക്കളത്തില്‍ തുടങ്ങി തിരുവോണത്തിലേക്കു ക്രമേണ കളത്തിന്റെ വലിപ്പമേറുന്ന രീതിയാണുള്ളത്‌. തുമ്പക്കുടവും മുക്കുറ്റിയുമാണ്‌ ആദ്യദിവസത്തെ കളത്തിനു കൂടുതലായും ഉപയോഗിക്കുക. ഒാ‍രോ ദിവസവും ഇടുന്ന കളത്തിനു പ്രത്യേക ദേവസങ്കല്‍പ്പവുമുണ്ട്‌. ശിവന്‍, വിഷ്ണു, ബ്രഹ്മാവ്‌ എന്നിങ്ങനെ....മൂലം ദിവസം മൂല തിരിച്ചിടണം എന്നൊരു ചൊല്ലുണ്ട്‌ വടക്കന്‍ കേരളത്തില്‍. കോണ്‍- ത്രികോണ ആകൃതികളിലാവും അന്നത്തെ കളം. ശംഖുപുഷ്പം, കുരുത്തോല, ചെത്തി, കോളാമ്പി എന്നിങ്ങനെ തൊടിയില്‍ ലഭ്യമാകുന്നവ മാത്രം ഉപയോഗിച്ചിരുന്നിടത്ത്‌ തൊടികളും തോടുകളും ജൈവവേലികളും ഇല്ലാതായതോടെ അത്തരം നിര്‍ബ്ബന്ധങ്ങളെ കാലം അസാധ്യമാക്കുന്നു.നഗരങ്ങളില്‍ ചായപ്പൊടികളാല്‍ കളംതീര്‍ക്കുന്നതും ഇപ്പോള്‍ കാണാം. ഗ്രാമപ്രദേശങ്ങളില്‍പോലും നിറംചേര്‍ത്ത ഉപ്പുപരലുകളും മറ്റും കളത്തിനായി ഉപയോഗിക്കുന്നു.പൂക്കള്‍ കിട്ടാത്ത നാട്ടിലും പൂക്കളത്തിന്റെ സങ്കല്‍പ്പത്തെ സാക്ഷാത്കരിച്ച്‌ മലയാളി നാടിന്റെ സുഗന്ധ സുകൃതങ്ങള്‍ മനസ്സില്‍ നിറയ്ക്കുന്നു.ഒാ‍ണം വര്‍ണച്ചിറകുകള്‍ വിടര്‍ത്തിയെത്തുന്ന ചിങ്ങമാസശലഭവുമാണ്‌.

കടപ്പാട്‌ : മനോരമ ഓണ്‍ലൈന്‍