ചൊവ്വാഴ്ച, ഫെബ്രുവരി 07, 2006

ജനിക്കും മുമ്പ്‌ രോഗി

ജനിക്കും മുമ്പ്‌ രോഗി
ഡോ. വി എസ്‌ ഗിരിജാ ലീല

മാതൃസംരക്ഷണത്തിനും ശിശുസംരക്ഷണത്തിനും ഇന്ന്‌ ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട്‌. ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ്‌ ഇതിനു പിന്നിലെ ലക്ഷ്യം. മുതിര്‍ന്നവരിലുണ്ടാകുന്ന പല രോഗാവസ്ഥകള്‍ക്കും കാരണം ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴുണ്ടായ വൈകല്യങ്ങളാണെന്നാണ്‌ ഡേവിഡ്‌ ബാര്‍ക്കര്‍ എന്ന ശാസ്‌ത്രജ്ഞന്റെ കണ്ടെത്തല്‍.
ജനിതക സ്വാധീനം മാത്രമല്ല, വളര്‍ച്ചയുടെ ആദ്യഘട്ടത്തിലുണ്ടാകുന്ന പരിസ്ഥിതി സ്വാധീനങ്ങളും ഇതിനു കാരണമാകുന്നു. ശിശുകോശങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ചില പ്രത്യേക ഘട്ടങ്ങളില്‍ മാത്രമേ ഈ പരിസ്ഥിതി ഘടകങ്ങള്‍ സ്വാധീനിക്കുന്നുള്ളൂ. ഇതുമൂലമുണ്ടാകുന്ന ക്ഷതം ജീവിതകാലം മുഴുവന്‍ പിന്‍തുടരുന്നു. ശ്വാസകോശരോഗങ്ങള്‍, ഹൃദ്‌രോഗങ്ങള്‍, ധമനീരോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, ടൈപ്പ്‌ 2 ഡയബെറ്റിസ്‌, അമിതവണ്ണം തുടങ്ങി പല രോഗങ്ങള്‍ക്കും കാരണം ഇതാണെന്നാണ്‌ ബാര്‍ക്കറിന്റെ പഠനങ്ങള്‍ തെളിയിക്കുന്നത്‌.
അല്‌പപോഷണവും അമിതപോഷണവും ഒരുപോലെ ദോഷം ചെയ്യുന്നു. പോഷണക്കുറവുമൂലം കുഞ്ഞിന്റെ വളര്‍ച്ച മുരടിക്കുകയും തൂക്കം കുറയുകയും ചെയ്യുന്നു. ഇത്‌ കോശങ്ങളുടെ ജൈവ പ്രവൃത്തിയില്‍ സ്ഥിരമായ വ്യതിയാനങ്ങള്‍ വരുത്തും. ഭാവിയില്‍ ഈ കുഞ്ഞിന്‌ പല രോഗങ്ങളും ബാധിക്കാനിടയുണ്ട്‌.
ഗര്‍ഭസ്ഥശിശു പലപ്പോഴും പോഷണക്കുറവിനെ അതിജീവിക്കാറുണ്ട്‌. സ്ഥിരമായ കെടുതി ഉണ്ടാകുമെന്ന്‌ മാത്രം. പക്ഷേ, അമിത പോഷണം വളരെ അപകടകാരിയാണ്‌. ഇതിന്റെ തിക്തഫലങ്ങളെ നേരിടാന്‍ പലപ്പോഴും ഗര്‍ഭസ്ഥശിശുവിനു കഴിയാതെ പോകുന്നു. ഗര്‍ഭാവസ്ഥയുടെ ആദ്യഘട്ടത്തിലാണ്‌ ഇതു സംഭവിക്കുന്നതെങ്കില്‍ ആ ശിശു ജനിക്കാതെ പോകാം. ജനിച്ചാല്‍ത്തന്നെ വൈകല്യങ്ങള്‍ക്കു സാദ്ധ്യതയുണ്ട്‌. ഗര്‍ഭാവസ്ഥയുടെ രണ്ടാംപകുതിയിലാണ്‌ സംഭവിക്കുന്നതെങ്കില്‍ അമിതപോഷണംമൂലം കുഞ്ഞിന്റെ വളര്‍ച്ചയും തൂക്കവും കൂടിവരുന്നു. ഇതിനെ മാക്രസോമിയ എന്നു പറയുന്നു. മാക്രസോമിയയുടെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്‌.
എന്തുകൊണ്ടാണ്‌ ഈ അവസ്ഥയുണ്ടാകുന്നത്‌? അമ്മയുടെ അമിതാഹാരവും വ്യായാമക്കുറവും ഒരു കാരണമാണ്‌. അതിലുപരിയായി ഗര്‍ഭത്തിനു മുന്‍പും ഗര്‍ഭസമയത്തും മാതാവിലുണ്ടാകുന്ന പ്രമേഹരോഗമാണ്‌ ഏറ്റവും പ്രധാനമായ കാരണം. ശിശുവിന്റെ കോശവളര്‍ച്ചയ്ക്ക്‌ ഏറ്റവും ആവശ്യമായ ഘടകമാണ്‌ ഗ്‌ളൂക്കോസ്‌. ശിശുവിന്‌ ഇത്‌ സ്വയം ഉല്‌പാദിപ്പിക്കാന്‍ ശേഷിയില്ല. അമ്മയുടെ രക്തത്തില്‍നിന്ന്‌ പ്‌ളസന്റയിലൂടെ കടന്നുചെല്ലുന്ന ഇന്‌ധനങ്ങളാണ്‌ കുഞ്ഞിന്റെ ഏക ആശ്രയം. നിരന്തരമായ ഗ്‌ളൂക്കോസ്‌ പ്രവാഹം ഉണ്ടാകുന്നതിനുവേണ്ടി ഗര്‍ഭകാലത്ത്‌ സ്‌ത്രീകളില്‍ ഗ്‌ളൂക്കോസ്‌ നിലവാരം എപ്പോഴും ഉയര്‍ന്നുനില്‍ക്കും. ഇത്‌ പ്രകൃതിദത്തമായ ഒരു സുരക്ഷാ നടപടിയാണ്‌. അമ്മ വിശന്നിരിക്കുകയോ മറ്റു രോഗങ്ങള്‍ക്കധീനമാകുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഗര്‍ഭസ്ഥശിശുവിന്‌ പോഷണക്കുറവുണ്ടാകാതിരിക്കുന്നതിനാണിത്‌.
പക്ഷേ, ഈ ഹൈപ്പര്‍ ഗ്‌ളൈസീമിക്‌ സ്ഥിതി അമ്മയില്‍ പ്രമേഹത്തിന്റെ ദോഷഫലങ്ങള്‍ ഉണ്ടാക്കാതിരിക്കണമെങ്കില്‍, അമ്മയുടെ ശരീരത്തിലെ ഗ്‌ളൂക്കോസ്‌ നിയന്ത്രണമാര്‍ഗ്‌ഗങ്ങള്‍ കുറ്റമറ്റതായിരിക്കണം. നല്ല പ്രവര്‍ത്തനശേഷിയുള്ള ആഗ്‌നേയഗ്രന്ഥിയും ധാരാളം ഇന്‍സുലിന്‍ സ്രോതസ്സും ഉണ്ടായിരിക്കണം. ഈ സംവിധാനത്തില്‍ പ്രശ്‌നമുണ്ടാകുമ്പോഴാണ്‌ ഇന്‌ധനങ്ങള്‍ അമിതമായി ഉല്‌പാദിപ്പിക്കപ്പെടുന്നതും അമ്മയില്‍ പ്രമേഹരോഗം പ്രത്യക്ഷപ്പെടുന്നതും.
ജനിതക കാരണങ്ങള്‍കൊണ്ടോ വൈറല്‍, ബാക്‌ടീരിയരോഗങ്ങള്‍ കൊണ്ടോ ആഗ്‌നേയ ഗ്രന്ഥിയിലെ ബീറ്റാസെല്ലുകള്‍ക്ക്‌ ക്ഷതം ഉണ്ടായാല്‍ ഇന്‍സുലിന്‍ പ്രവാഹം കുറയുന്നു. കൂടാതെ പ്‌ളസന്റയില്‍നിന്നുണ്ടാകുന്ന പല ഹോര്‍മോണുകളും ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷി കുറയ്ക്കുന്നു. ഇന്‍സുലിന്‍ കുറവും ഇന്‍സുലിന്റെ പ്രതിരോധവും കൂടിയാകുമ്പോള്‍ പ്രശ്‌നം അതിസങ്കീര്‍ണ്ണമാവുന്നു.
ഗര്‍ഭകാലത്തുമാത്രം പ്രത്യക്ഷപ്പെടുകയും പ്രസവത്തോടുകൂടി അപ്രത്യക്ഷമാകുകയും ചെയ്യുന്ന ഈ പ്രതിഭാസമാണ്‌ ഗസ്റ്റേഷണല്‍ ഡയബറ്റിസ്‌ മെലിറ്റസ്‌ അഥവാ ജി.ഡി.എം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്‌. ജി.ഡി.എം. മിക്കപ്പോഴും ഗര്‍ഭത്തിന്റെ രണ്ടാംപകുതിയിലാണ്‌ പ്രകടമാകുന്നത്‌. അബോര്‍ഷനും ജന്മവൈകല്യങ്ങളും സാധാരണ ഡയബറ്റിസ്‌ മെലിറ്റസ്‌ ഉള്ള അമ്മമാരിലാണ്‌ ഉണ്ടാകുന്നത്‌. ജി.ഡി.എം. മാതാക്കള്‍ക്ക്‌ അമിത ഭാരമുള്ള കുട്ടിയുണ്ടാകാനാണ്‌ സാദ്ധ്യത.
എങ്ങനെയാണ്‌ ഇത്‌ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുന്നത്‌? അമ്മയില്‍നിന്ന്‌ ഇന്‌ധനങ്ങള്‍ അമിതമായ അളവില്‍ പ്‌ളസന്റയിലൂടെ ശിശുവിലേക്ക്‌ കടന്നുചെല്ലുന്നു. പക്ഷേ, കൂടെ ഇന്‍സുലിനെ കടത്തിവിടുകയുമില്ല. ഇത്രയും ഇന്‌ധനങ്ങളെ കൈകാര്യം ചെയ്യുവാനുള്ള ശേഷി ശിശുവിന്റെ അവയവങ്ങള്‍ക്കുണ്ടാകില്ല. അപ്പോള്‍ ശിശുവിന്റെ ആഗ്‌നേയഗ്രന്ഥിതന്നെ ഈ ജോലി ഏറ്റെടുക്കുന്നു. മുതിര്‍ന്നവരിലേതുപോലെതന്നെ കുഞ്ഞിന്റെ ആഗ്‌നേയഗ്രന്ഥി വലുതാകുകയും ധാരാളം ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. ഗ്‌ളൂക്കോസ്‌ മാത്രമല്ല, അമിനോ ആസിഡ്‌സ്‌, ട്രൈഗ്‌ളിസറൈഡ്‌സ്‌, ഫാറ്റി ആസിഡ്‌സ്‌ എന്നിവയെല്ലാം ഇന്‌ധനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവയെ ഗ്‌ളൈക്കോജന്‍ ആക്കിമാറ്റി കുട്ടിയുടെ അവയവങ്ങളില്‍ ശേഖരിച്ചുവയ്ക്കുന്നതുമൂലം കരള്‍, പേശികള്‍, അഡിപ്പോസ്‌ ടിഷ്യു ഇവയുടെ വലിപ്പം കൂടുകയും കുട്ടിയ്ക്ക്‌ അമിതഭാരം ഉണ്ടാകുകയും ചെയ്യുന്നു. 3.75 കിലോഗ്രാമിനു മുകളില്‍ വലിപ്പമുള്ള കുട്ടികള്‍ മിക്കപ്പോഴും ജി.ഡി.എംന്റെ പരിണിതഫലമാകാനാണ്‌ സാദ്ധ്യത.
ഇത്രയും വലിയ കുട്ടിക്ക്‌ ആവശ്യമായ ഓക്‌സിജന്‍ പ്രദാനം ചെയ്യാന്‍ പ്‌ളസന്റയ്ക്ക്‌ കഴിഞ്ഞെന്നുവരില്ല. ഈ അവസ്ഥ ചിലപ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിനുതന്നെ ഇടയാക്കുന്നു. തന്നെയുമല്ല, ഇന്‍സുലിന്‍ പ്രതിരോധവും ഇന്‍സുലിന്‍ അപര്യാപ്‌തയുംമൂലമുണ്ടാകുന്ന മെറ്റബോളിക്ക്‌ വൈകല്യങ്ങളെ തരണംചെയ്യുവാനായി മറ്റു ഹോര്‍മോണുകള്‍ ഉണ്ടാകുന്നു. പ്രത്യേകിച്ച്‌ അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്നുള്ള അഡ്രീനല്‍ ഹോര്‍മോണുകള്‍. ഇവ ധമനികളുടെ ആന്തരിക ചര്‍മ്മത്തില്‍ വ്യതിയാനമുണ്ടാക്കുകയും കാലക്രമേണ രക്തസമ്മര്‍ദ്ദം, ധമനീരോഗങ്ങള്‍, ഹൃദ്‌രോഗങ്ങള്‍, ടൈപ്പ്‌ 2 ഡയബറ്റിസ്‌ എന്നീ രോഗങ്ങളുണ്ടാകുന്നതിന്‌ കാരണമാകുകയും ചെയ്യുന്നു.
ഈ കാരണങ്ങളാല്‍ ഗര്‍ഭിണിയിലുള്ള ഈ ഹൈപ്പര്‍ ഗ്ലൈസീമിക്‌ അവസ്ഥ നിയന്ത്രിക്കേണ്ടത്‌ വളരെ ആവശ്യമാണ്‌. ആദ്യഘട്ടത്തില്‍ ഭ്രൂണ വളര്‍ച്ചയെയും രണ്ടാംഘട്ടത്തില്‍ ശിശുവിന്റെതന്നെ വളര്‍ച്ചയെയും സാരമായി ബാധിക്കുന്നതാണ്‌. ഭ്രൂണ വളര്‍ച്ചയെ ബാധിക്കുന്നത്‌ ഗര്‍ഭത്തിന്റെ 5 മുതല്‍ 8 വരെ ആഴ്ച കാലഘട്ടത്തിലാണ്‌. എല്ലാ അമ്മമാരും ഏതാണ്ട്‌ ഈ ദശ കഴിഞ്ഞിട്ടായിരിക്കും വൈദ്യസഹായം തേടുക. അപ്പോഴേക്കും പ്രശ്‌നം ഉണ്ടായികഴിഞ്ഞിരിക്കും.
തനിക്ക്‌ പ്രമേഹ ലക്ഷണം ഉണ്ടെന്ന്‌ അമ്മയ്ക്ക്‌ അറിയുകയുമില്ല. ഇത്തരം സാഹചര്യത്തില്‍ അമ്മയ്ക്ക്‌ പരിശോധന ആവശ്യമാണ്‌.
ചികിത്സ കൊണ്ട്‌ രക്തത്തിലെ ഗ്ലൂക്കോസ്‌ നിയന്ത്രിച്ചശേഷം മാത്രമേ ഇവര്‍ ഗര്‍ഭധാരണത്തിന്‌ മുതിരാവൂ. തുടര്‍ന്നും കഠിനമായ നിയന്ത്രണങ്ങളും ചികിത്സയും വ്യായാമവും ഉണ്ടെങ്കില്‍ മാത്രമേ രോഗത്തില്‍നിന്ന്‌ വിമുക്തമായ ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ സാധിക്കൂ.
ആഹാരരീതി നിയന്ത്രിക്കുക എന്നുള്ളതാണ്‌ പരമപ്രധാനമായ ചികിത്സ. ആഹാരത്തിലെ അന്നജത്തെ ഗ്ലൂക്കോസാക്കി മാറ്റി രക്തത്തില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന്‌ സമയാസമയം മാറ്റുന്നതുമാണ്‌ ചികിത്സയുടെ ലക്ഷ്യം. എളുപ്പം സാധിക്കാവുന്ന മാര്‍ഗ്‌ഗം ആഹാരത്തില്‍ അന്നജത്തിന്റെ അളവു കുറയ്ക്കുക എന്നുള്ളതാണ്‌. ആവശ്യത്തിന്‌ പ്രോട്ടീനുകളും വളരെ കുറച്ച്‌ കൊഴുപ്പും കൂടുതല്‍ ഫൈബര്‍ ഉള്‍പ്പെട്ടതുമായ ആഹാരരീതി പരിശീലിക്കണം.
ഇതിലേറെ പ്രയോജനം ചെയ്യുന്നത്‌ നിത്യവും ക്രമവുമായ വ്യായാമമാണ്‌. ഗര്‍ഭിണിയിലും മിതമായ വ്യായാമമാകാം. വയറിലെ കൊഴുപ്പു കുറയ്ക്കാനും പേശികളിലെ ഗ്ലൂക്കോസ്‌ വാഹകരെ പ്രോത്സാഹിപ്പിക്കാനും രക്തചംക്രമണം കൂട്ടുന്നതിനും ഇതു സഹായിക്കുന്നു.
ഇന്‍സുലിന്‍ സെന്‍ഡിറ്റിവിറ്റി കൂട്ടുകയും ഗ്ലൂക്കോസ്‌ കുറയ്ക്കുകയും ചെയ്യുക വഴി ഹൃദയധമനികള്‍ക്ക്‌ സുരക്ഷ പ്രദാനം ചെയ്യുന്നു. മരുന്നുകള്‍ കുറച്ച്‌ ഗ്ലൂക്കോസ്‌ കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്‌ഗമാണ്‌ ക്രമമായ വ്യായാമവും ആഹാരനിയന്ത്രണവും.
ഇങ്ങനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്‍സുലിന്‍ ചികിത്സ തുടങ്ങണം. വളരെ കഠിനമായ നിയന്ത്രണം കൊണ്ടുമാത്രമേ ഇത്‌ സാദ്ധ്യമാകുകയുള്ളൂ. ആഹാരത്തിനു മുന്‍പ്‌ 90 ശഭ യും ആഹാരശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ 120 ശഭ യു മാണ്‌ നിര്‍ദ്ദിഷ്‌ട ഗ്ലൂക്കോസ്‌ നിലവാരം.
പ്രസവശേഷം ജി.ഡി.എം അപ്രത്യക്ഷമാകുന്നതായി കാണുന്നു. പ്‌ളസന്റയും ഹോര്‍മോണുകളും വിടവാങ്ങുന്നതാണ്‌ ഇതിനുകാരണം. വീണ്ടും രക്തം പരിശോധിക്കുകയും പ്രസവം കഴിഞ്ഞ്‌ രണ്ടു മാസത്തിനുശേഷം ജിറ്റിറ്റി ടെസ്റ്റ്‌ ചെയ്‌തു ഡയബറ്റിസ്‌ ഇല്ലെന്ന്‌ ബോധ്യം വരുത്തുകയും വേണം. തുടര്‍ന്നു വ്യായാമവും ആഹാരനിയന്ത്രണവും ഉണ്ടായാല്‍ ഭാവിയില്‍ പ്രമേഹരോഗമില്ലാതെ കഴിയാം.
അമിതഭാരമുള്ള കുട്ടി ആരോഗ്യവാനല്ല. നവജാത ദശയില്‍ വളരെയധികം പരിരക്ഷ വേണ്ടിവരും. ഭാവിയില്‍ ടൈപ്പ്‌ 2 ഡയബറ്റിസ്‌ ഉണ്ടാകാനുള്ള സാദ്ധ്യത ഇപ്പോഴേ ഉണ്ടായിരിക്കുന്നു. ശൈശവത്തില്‍തന്നെ സ്ഥൂല ശരീരപ്രകൃതിയായിരിക്കും. മറ്റു കുട്ടികളെ അപേക്ഷിച്ച്‌ കായികശക്തിയും മാനസികവളര്‍ച്ചയും കുറവായിരിക്കും.
പക്ഷേ, ഗര്‍ഭകാലത്ത്‌ ചിട്ടയും ക്രമവുമായ ആഹാരവും വ്യായാമവും മരുന്നുകളുമുപയോഗിച്ച്‌ നിയന്ത്രണ വിധേയയായ അമ്മയില്‍ കുഞ്ഞു പിറക്കുമ്പോള്‍ ആരോഗ്യവാനായിരിക്കും. ജനിതക സ്വാധീനത്തെപ്പോലും അവന്‍ അതിജീവിച്ചിരിക്കും. തുടര്‍ന്നുള്ള ജീവിതത്തിലും ഈ നിയന്ത്രണങ്ങള്‍ പാലിക്കുകവഴി ആരോഗ്യകരമായ ഒരു ജീവിതം കൈവരിക്കാം. അമിതപോഷണം കൊണ്ട്‌ അവനെ രോഗിയാക്കാതിരിക്കാന്‍ അമ്മ ശ്രദ്ധിക്കണം.
ഓസുള്ളിവന്‍, മഹന്‍ എന്നീ ശാസ്‌ത്രജ്ഞരാണ്‌, ഗര്‍ഭകാലത്തുണ്ടാകുന്ന ഗ്ലൂക്കോസ്‌ പ്രമേഹമായി പരിണമിക്കുന്നുവെന്ന്‌ നമുക്ക്‌ മനസ്സിലാക്കി തന്നത്‌.
ജി.ഡി.എം കണ്ടുപിടിക്കുകവഴി, ടൈപ്പ്‌ 2 ഡയബറ്റിസ്‌ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഇവരെ നാം തിരിച്ചറിയുന്നു. ഇവരില്‍ 80% പേരും 5-20 വയസ്സിനുള്ളില്‍ ഡയബറ്റിസ്‌ രോഗികളായി തീരുന്നു. ജീവിതരീതി ക്രമീകരിച്ചാല്‍ ഈ കാലയളവ്‌ നീട്ടിയെടുക്കാം. ചിലപ്പോള്‍ രോഗം വരാതെതന്നെ സൂക്ഷിക്കാം.
ഗര്‍ഭസ്ഥകാലത്തെ പരിചരണംകൊണ്ട്‌, ആരോഗ്യമുള്ള ഒരു കുഞ്ഞിന്റെ അമ്മയാവുകയും തുടര്‍ന്ന്‌ സ്വയം രോഗ വിമുക്തയാവുകയും ചെയ്യുകയെന്നുള്ളത്‌ സ്‌ത്രീകള്‍ക്ക്‌ കിട്ടിയിരിക്കുന്ന ഒരു അനുഗ്രഹം തന്നെയാണ്‌.

കടപ്പാട്‌ : കൌമുദി ഓണ്‍ലൈന്‍

അഭിപ്രായങ്ങളൊന്നുമില്ല: